
പ്രാരംഭഘട്ടത്തില്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമാണെന്നു കണ്ടിട്ടുള്ള ബീറ്റാകറ്റേനിന്‍ എന്ന പ്രോട്ടീന്‍ആണ്, ഭീതിയുണര്‍ത്തുന്ന കാര്യങ്ങള്‍ മനസില്‍ റിക്കോര്‍ഡ് ചെയ്‌ത് സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതായി തെളിഞ്ഞതെന്ന്, 'നേച്ചര്‍ ന്യൂറോസയന്‍സി'ന്റെ ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഓര്‍മ വര്‍ധിപ്പിക്കാനും കുറയ്‌ക്കാനും കഴിയുന്ന ഇടപെടലുകള്‍ക്കും ചികിത്സകള്‍ക്കും ബീറ്റാകറ്റേനിന്‍ ഭാവിയില്‍ അവസരമൊരുക്കുമെന്നാണ് വിലയിരുത്തല്‍. ആ നിലയ്‌ക്ക് അമിതഭയം ഒഴിവാക്കാന്‍ മാത്രമല്ല, സ്‌മൃതിനാശരോഗം (അള്‍ഷൈമേഴ്‌സ് രോഗം), പ്രജ്ഞാനാശം (ഡിമെന്‍ഷ്യ) തുടങ്ങിയവയുടെ ചികിത്സയ്‌ക്കും ഈ പ്രോട്ടീന്‍ തുണയായിക്കൂടെന്നില്ല.
ഇമൊറി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ കെറി റെസ്സ്‌ലറും കിംബെര്‍ലി മഗുസ്‌ചാക്കും ചേര്‍ന്നാണ് ബീറ്റാകറ്റേനിന്‍ പ്രോട്ടീന്‍ ഭീതിയുണര്‍ന്ന ഓര്‍മയില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി എലികളില്‍ പഠനം നടത്തിയത്. മസ്‌തിഷ്‌കത്തില്‍ വൈകാരികമായ ഓര്‍മകളുടെ താവളം എന്നു കരുതുന്ന 'അമിഗ്‌ഡാല'(amygdala) കേന്ദ്രീകരിച്ചായിരുന്നു പഠനം. മാനസികരോഗ ചികിത്സിയില്‍ ഉപയോഗിക്കുന്ന ലിഥിയം(lithium) എന്ന ഔഷധത്തിന്റെ സഹായത്തോടെ മസ്‌തിഷ്‌കത്തില്‍ പ്രോട്ടീനിന്റെ അളവ് സ്ഥിരപ്പെടുത്തിയും, ഒരു വൈറസ് കുത്തിവെച്ച് ബീറ്റാകറ്റേനിന് നിദാനമാകുന്ന ജീനിനെ നീക്കം ചെയ്‌തുമായിരുന്നു ഗവേഷണം.
ഒരു പ്രത്യേക ശബ്ദം കേള്‍പ്പിച്ച ശേഷം എലികളെ ഷോക്കടിപ്പിച്ചായിരുന്ന പരീക്ഷണം. ക്രമേണ ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ എലികള്‍ ഭയപ്പെടുന്ന അവസ്ഥയെത്തി. ഒരു പ്രത്യേക വൈറസ് കുത്തിവെച്ച് ബീറ്റാകറ്റേനിന് കാരണമായ ജീനിനെ സിരാകോശങ്ങളില്‍നിന്ന് നീക്കംചെയ്‌തപ്പോള്‍, എലികള്‍ ഭയപ്പെടുന്നത് പൂര്‍ണമായി ഒഴിവായില്ലെങ്കിലും അതിന്റെ തീവ്രത കുറഞ്ഞതായി മഗുസ്‌ചാക്ക് അറിയിക്കുന്നു. അതേസമയം, ലിഥിയം ലവണമുപയോഗിച്ച് ആ പ്രോട്ടീനിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിച്ചപ്പോള്‍ എലികള്‍ വല്ലാതെ ഭയപ്പെടാന്‍ ആരംഭിക്കുകയും ചെയ്‌തു.
അമിതഭീതി, ഉത്‌ക്കണ്‌ഠ, സ്‌മൃതിനാശം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാന്‍ ബീറ്റാകറ്റേനിന്‍ ഒരു പ്രധാന ലക്ഷ്യമാണെന്ന് ഈ ഗവേഷണം വ്യക്തമാക്കി. ഉദാഹരണത്തിന് അപകടത്തില്‍ മുറിവേറ്റോ, ആഘാതം മൂലം മനസു തളര്‍ന്നോ കഴിയുന്നവരില്‍ നിന്ന് അകാരണഭയവും ഉത്‌ക്കണ്‌ഠയും ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ രോഗശമനം വേഗത്തിലാകും. അത്തരം സമീപനത്തിന് ഈ പഠനത്തില്‍ സാധ്യതയുണ്ട്. ലിഥയം ഒഴികെ ഈ പ്രോട്ടീനെ ലക്ഷ്യം വെയ്‌ക്കുന്ന ഔഷധങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. പുതിയ ഔഷധങ്ങള്‍ക്ക് ഈ ഗവേഷണം പ്രേരണയായേക്കും. (അവലംബം: നേച്ചര്‍ ന്യൂറോസയന്‍സ്, ഇമൊറി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്:മാതൃഭൂമി).
കാണുക: സ്‌തനാര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ മാര്‍ഗം
4 comments:
ഭീതിജനകമായ ഓര്‍മകളെ മസ്‌തിഷ്‌ക്കത്തില്‍ ആഴത്തില്‍ പതിച്ചുവെയ്‌ക്കുന്ന ഒരു പ്രോട്ടീനിന്റെ കണ്ടെത്തല്‍, അമിതഭയത്തിന്റെ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് ഭാവിയില്‍ തുണയായേക്കും. അമിതഭയം ഒഴിവാക്കാനും, അപകടങ്ങള്‍ക്ക് ശേഷം മനസിനുണ്ടാകുന്ന അകാരണ ഉത്‌ക്കണ്‌ഠകള്‍ പരിമിതപ്പെടുത്താനും ഇമൊറി സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ സഹായിച്ചേക്കും.
മതൃഭൂമിയില്‍ ഇതു വയിച്ചപ്പോഴേ താങ്കളെഴുതിയതാണെന്നു തോന്നിയിരുന്നു.
വളരെ നല്ല അറിവുകള്‍.
നല്ല അറിവുകള്‍
thank u kurinji
Post a Comment