Sunday, March 02, 2008

കഴുകേണ്ട; വസ്‌ത്രങ്ങള്‍ ഇനി സ്വയംവൃത്തിയായിക്കൊള്ളും

'സ്വയംവൃത്തിയാക്കല്‍' എന്നത്‌ അധികം വൈകാതെ വസ്‌ത്രങ്ങളുടെ മുഖ്യ ഗുണമാകും. സൂര്യപ്രകാശമേറ്റാര്‍ സ്വയംശുചിയാകുന്ന വസ്‌ത്രനാരുകള്‍ വികസിപ്പിച്ച ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ നേട്ടം അതിന്റെ തുടക്കമായി വിലയിരുത്തപ്പെടുന്നു.

അലക്കുന്നതിനു പകരം മുഷിഞ്ഞ വസ്‌ത്രങ്ങള്‍ വെറുതെ വെയിലത്തിട്ടു നടന്നാല്‍ മതി, 'അലക്കിയെടുത്തതുപോലെ' വൃത്തിയാകാന്‍ എന്നകാര്യം സങ്കല്‍പ്പിച്ചു നോക്കൂ. വീട്ടമ്മമാര്‍ക്കാകും അത്‌ ഏറെ അനുഗ്രഹമാകുക. വാഷിങ്‌മെഷീനുകള്‍ വേണ്ടിവരില്ല. വൈദ്യുതിയും വെള്ളവും ഡിറ്റര്‍ജന്റും സോപ്പും ലാഭം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള ജൈവമാലിന്യങ്ങളും ബാക്ടീരിയ പോലുള്ള സൂക്ഷ്‌മാണുക്കളെയും വിഘടിപ്പിച്ച്‌ സ്വയം വൃത്തിയാകാന്‍ കഴിവുള്ള വസ്‌ത്രനാരുകള്‍ വികസിപ്പിച്ചിരിക്കുകയാണ്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. 'സ്വയംവൃത്തിയാക്കല്‍' എന്നത്‌ ഭാവിയില്‍ വസ്‌ത്രങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഗുണമാകുമെന്ന്‌ ഗവേഷകര്‍ പറയുന്നു.

ടൈറ്റാനിയം ഡയോക്‌സൈഡിന്റെ നാനോപരലുകള്‍ വസ്‌ത്രനാരുകളില്‍ പൂശുന്നതിനുള്ള സങ്കേതം, ഓസ്‌ട്രേലിയയില്‍ വിക്ടോറിയയിലെ മൊനാഷ്‌ സര്‍വകലാശാലാ ഗവേഷകര്‍ വികസിപ്പിച്ചതാണ്‌ ഇക്കാര്യത്തില്‍ മുന്നേറ്റമായത്‌. ഇത്തരം അദൃശ്യ നാനോപരലുകള്‍ പൂശിയ വസ്‌ത്രനാരുകള്‍, സൂര്യപ്രകാശം തട്ടുമ്പോള്‍ ഭക്ഷ്യാവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും വിഘടിപ്പിച്ചു കളയുന്നതായി അവര്‍ കണ്ടു. അഴുക്കിനോപ്പം താവളമുറപ്പിക്കുന്ന രോഗാണുക്കളും വിഘടിച്ചു നശിക്കും. ഇത്തരത്തില്‍ ശുചിത്വം സ്വയം ഉറപ്പാക്കുന്ന വസ്‌ത്രങ്ങള്‍ ആസ്‌പത്രികളിലും ചികിത്സാരംഗത്തും വലിയ അനുഗ്രഹമാകും.

മൊനാഷ്‌ സര്‍വകലാശാലയിലെ ഗവേഷകനായ വാലിഡ്‌ ഡൗദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുതിയ മുന്നേറ്റത്തിന്‌ പിന്നില്‍. കമ്പിളി, പട്ട്‌ തുടങ്ങിയ വസ്‌ത്രനാരുകളില്‍ ടൈറ്റാനിയം ഡയോക്‌സയിഡിന്റെ അദൃശ്യപാളി പൂശാന്‍ അവര്‍ക്കായി. "ടൈറ്റാനിയം ഡയോക്‌സയിഡിന്റെ നാനോപരലുകള്‍ വസ്‌ത്രനാരുകളെ വിഘടിപ്പിക്കില്ല. ചര്‍മത്തിനും ഈ രാസവസ്‌തു ദോഷം ചെയ്യില്ല"-വാലിഡ്‌ ഡൗദ്‌ അറിയിക്കുന്നു. നാരുകളിലേത്‌ അദൃശ്യപാളിയായതിനാല്‍ വസ്‌ത്രത്തിന്റെ ഭംഗിക്കോ നിറത്തിനോ ഒരു കോട്ടവും സംഭവിക്കുകയുമില്ല-'കെമിസ്‌ട്രി ഓഫ്‌ മെറ്റീരിയല്‍സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

സണ്‍സ്‌ക്രീനുകളിലും ടൂത്ത്‌പേസ്റ്റുകളിലും ചായങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്‌തുവാണ്‌ ടൈറ്റാനിയം ഡയോക്‌സയിഡ്‌. ഇതൊരു മികച്ച ഫോട്ടോഉത്‌പ്രേരകം (photocatalyst) കൂടിയാണ്‌. എന്നുവെച്ചാല്‍, സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ പ്രകാശത്തിന്റെയും ജലബാഷ്‌പത്തിന്റെയും സാന്നിധ്യത്തില്‍ ഹൈഡ്രോക്‌സില്‍ റാഡിക്കലുകള്‍ (hydroxyl radicals) രൂപപ്പെടുത്താന്‍ അതിനാകും. ഈ റാഡിക്കലുകളാണ്‌ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച്‌ ഇല്ലാതാക്കുക.

ഒരു വസ്‌തുവിനെ കത്തിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ നിങ്ങള്‍ അതിനെ ഓക്‌സീകരണത്തിന്‌ വിധേയമാക്കുകയാണ്‌ ചെയ്യുന്നത്‌-പര്‍ദ്യൂ സര്‍വകലാശാലയിലെ മെറ്റീരിയല്‍സ്‌ എന്‍ജിനിയറിങ്‌ പ്രൊഫസര്‍ ജഫ്‌റി യങ്‌ബ്ലഡ്‌ അറിയിക്കുന്നു. എണ്ണയെ അകറ്റി സ്വയം വൃത്തിയാക്കുന്ന വസ്‌തുക്കള്‍ രൂപപ്പെടുത്തുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ്‌ യങ്‌ബ്ലഡ്‌. അന്തരീക്ഷ ഊഷ്‌മാവില്‍, പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ജൈവവശിഷ്ടങ്ങളെ കത്തിച്ചുകളയുകയാണ്‌ ടൈറ്റാനിയം ഡയോക്‌സയിഡ്‌ യഥാര്‍ഥത്തില്‍ ചെയ്യുന്നത്‌-അദ്ദേഹം പറയുന്നു.

പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ബാക്ടീരിയ പോലുള്ള അണുക്കളുടെ കോശഭിത്തി തകര്‍ത്ത്‌ അവയെ നശിപ്പിക്കാനും ടൈറ്റാനിയം ഡയോക്‌സയിഡിന്‌ ശേഷിയുണ്ട്‌. ചികിത്സാ ആവശ്യങ്ങള്‍ക്കുമുള്ള തുണിയും മറ്റും സ്വയംശുചീകരണശേഷിയോടെ നിര്‍മിക്കാന്‍ ഈ ഗുണം അനുഗ്രഹമാകും. വസ്‌ത്രങ്ങളുടെ പ്രതലത്തില്‍ കുറഞ്ഞത്‌ മൂന്നുമാസം വരെ രോഗാണുക്കള്‍ക്ക്‌ നിലനില്‍ക്കാനാകുമെന്നാണ്‌ കണക്ക്‌. ആ നിലയക്ക്‌ രോഗാണുബാധ ചെറുക്കുന്നതില്‍ പുതിയയിനം വസ്‌ത്രങ്ങള്‍ക്ക്‌ കാര്യമായ പങ്ക്‌ വഹിക്കാനാകുമെന്ന്‌ ഡൗദ്‌ വിശ്വസിക്കുന്നു.

സ്വയംശുചീകരണശേഷിയുള്ള വസ്‌തുക്കള്‍ നിര്‍മിക്കാന്‍ ടൈറ്റാനിയം ഡയോക്‌സയിഡ്‌ ഉപയോഗിക്കുക എന്നത്‌ പുത്തന്‍ ആശയമല്ല. ചായങ്ങളില്‍ ഈ രാസവസ്‌തു ഉപയോഗിക്കുന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ സ്വയംശുചീകരണമാണ്‌. സ്വയംവൃത്തിയാക്കുന്ന ജനാലപ്പാളികള്‍ നിര്‍മിക്കാന്‍ ടൈറ്റാനിയം ഡയോക്‌സയിഡിന്റെ അദൃശ്യപാളി ഗ്ലാസിന്റെ പ്രതലത്തില്‍ സൃഷ്ടിക്കാറുണ്ട്‌. ഈ രാസവസ്‌തുവിന്റെ നാനോപരലുകള്‍ ഉപയോഗിച്ച്‌ സ്വയംവൃത്തിയാക്കുന്ന പരുത്തി (കോട്ടണ്‍) നാരുകള്‍ മുമ്പുതന്നെ രൂപപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

കമ്പിളി, പട്ട്‌ തുടങ്ങിയവയില്‍ ഈ രാസവസ്‌തു ഉപയോഗിക്കാന്‍ പക്ഷേ, ഇതുവരെയും സാധിച്ചിരുന്നില്ല. കാരണം, ഇവയുടെ നാരുകള്‍ 'കെരാറ്റിന്‍' എന്നറിയപ്പെടുന്ന പ്രോട്ടീനിനാല്‍ നിര്‍മിതമാണ്‌. അതിനാല്‍ നാരുകളുടെ പ്രതലത്തില്‍, ടൈറ്റാനിയം ഡയോക്‌സയിഡുമായി പ്രതിപ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഒരു രാസസംയുക്തവുമില്ല. അതുകൊണ്ടുതന്നെ, ടൈറ്റാനിയം ഡയോക്‌സയിഡ്‌ ഇത്തരം നാരുകളുടെ പ്രതലത്തില്‍ പൂശാന്‍ കഴിയില്ല.

ഈ പ്രശ്‌നത്തിനാണ്‌ ഡൗദും സംഘവും പരിഹാരം കണ്ടത്‌. നാരുകളുടെ പ്രതലത്തില്‍ ടൈറ്റാനിയം ഡയോക്‌സയിഡിന്‌ പറ്റിപ്പിടിച്ചിരിക്കാന്‍ പാകത്തില്‍ രാസപരിഷ്‌ക്കരണം നടത്തുകയാണ്‌ അവര്‍ ചെയ്‌തത്‌. കാര്‍ബോക്‌സിലിക്‌ ഗ്രൂപ്പുകള്‍ (carboxylic groups) എന്നറിയപ്പെടുന്ന രാസഗ്രൂപ്പകുളുടെ സഹായത്തോടെ നാരുകളെ പരിഷ്‌ക്കരിച്ചാണ്‌ അക്കാര്യം സാധിച്ചത്‌.

സാധാരണഗതിയില്‍ തുണിയില്‍ പറ്റിയാല്‍ നീക്കംചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള കറയാണ്‌ ചുവന്നവീഞ്ഞ്‌ വീണുണ്ടാകുന്നത്‌. പുതിയയിനം നാരുകള്‍കൊണ്ടുള്ള തുണിയില്‍നിന്ന്‌ വീഞ്ഞിന്റെ കറ, സൂര്യപ്രകാശം തട്ടി 20 മണിക്കൂര്‍കൊണ്ട്‌ നിശ്ശേഷം അപ്രത്യക്ഷമായി. മറ്റ്‌ കറകള്‍ പക്ഷേ, വളരെ വേഗം അപ്രത്യക്ഷമാകും. കാപ്പിക്കറ മാറാന്‍ വെറും രണ്ട്‌ മണിക്കൂര്‍ മാറി. എന്നാല്‍, നീലമഷി പറ്റിയത്‌ ഒഴിവാക്കാന്‍ 17 മണിക്കൂര്‍ എടുത്തു.

സ്വയംവൃത്തിയാക്കുന്ന തുണികള്‍ക്ക്‌ സൂര്യപ്രകാശം തട്ടണം എന്നത്‌, കമ്പിളി നിര്‍മാതാക്കളെ നിരാശപ്പെടുത്തിയിട്ടില്ലെന്ന്‌ ഡൗദ്‌ അറിയിക്കുന്നു. പല പ്രമുഖ വസ്‌ത്രനിര്‍മാണ കമ്പനികളും തങ്ങളെ ഇതിനകം സമീപിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിക്കുന്നു. പരീക്ഷണഘട്ടം പിന്നിട്ട്‌ രണ്ടുവര്‍ഷത്തിനകം സ്വയംവൃത്തിയാക്കുന്ന കമ്പളികള്‍ വിപണിയിലെത്തുമെന്ന്‌ ഡൗദ്‌ പ്രതീക്ഷിക്കുന്നു. (അവലംബം: കെമിസ്‌ട്രി ഓഫ്‌ മെറ്റീരിയല്‍സ്‌, കടപ്പാട്‌: മാതൃഭൂമി).

4 comments:

Joseph Antony said...

അലക്കുന്നതിനു പകരം മുഷിഞ്ഞ വസ്‌ത്രങ്ങള്‍ വെറുതെ വെയിലത്തിട്ടു നടന്നാല്‍ മതി, 'അലക്കിയെടുത്തതുപോലെ' വൃത്തിയാകാന്‍ എന്നകാര്യം സങ്കല്‍പ്പിച്ചു നോക്കൂ. വീട്ടമ്മമാര്‍ക്കാകും അത്‌ ഏറെ അനുഗ്രഹം. വാഷിങ്‌മെഷീനുകള്‍ വേണ്ടിവരില്ല. വൈദ്യുതിയും വെള്ളവും ഡിറ്റര്‍ജന്റും സോപ്പും ലാഭം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള ജൈവമാലിന്യങ്ങളും ബാക്ടീരിയ പോലുള്ള സൂക്ഷ്‌മാണുക്കളെയും വിഘടിപ്പിച്ച്‌ സ്വയം വൃത്തിയാകാന്‍ കഴിവുള്ള വസ്‌ത്രനാരുകള്‍ വികസിപ്പിച്ചിരിക്കുകയാണ്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. സ്വയംശുചിയാകുന്ന വസ്‌ത്രങ്ങള്‍ അധികം അകലെയല്ലെന്ന്‌ സാരം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പോസ്റ്റിനു നന്ദി.
സ്വയം വൃത്തിയാകാന്‍ കഴിവുള്ള വസ്ത്രം - രസകരം തന്നെ. ശാസ്ത്രം പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഏതായാലും നനക്കാതെ കഴിച്ചുകൂട്ടാം. ഇനി കുളിക്കാതിരിക്കാനും ഒരു മാര്‍ഗ്ഗം - സൂര്യപ്രകാശത്തില്‍ സ്വയം വൃത്തിയാകാന്‍ കഴിവുള്ളൊരു ശരീരം വിദൂരമായ ഭാവിയിലെങ്കിലും യാഥാര്‍ത്ഥ്യമാകുമായിരിക്കാം. സൌരോര്‍ജ്ജം സ്വീകരിച്ച് ഭക്ഷണവും വെള്ളവുമില്ലാതെ വളരെ നാള്‍ കഴിയാം എന്നൊരു തീയറി ‘ഹീര രത്തന്‍ മാനേക്’ എന്നൊരാള്‍ മുന്നൊട്ടു വച്ചിട്ടുണ്ടല്ലൊ. http//:solarhealing.com എന്ന സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. ശാസ്ത്രം നമുക്കു മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍ അനന്തമാണ്. അതു പ്രയോജനപ്പെടുത്തുവാനുള്ള സമയം കാണാതെ, കപട ഭക്തിയുടേയും, അന്ധവിശ്വാസങ്ങളുടേയും പുറകേ അലഞ്ഞു നടന്ന് പരിഹാസ്യരായിത്തീരുകയാണ് നാം.

ഒരു “ദേശാഭിമാനി” said...

ജൈവമാലിന്യങ്ങളും ബാക്റ്റീരിയയും വിഘടിപ്പിക്കുന്ന ഈ കണ്ടുപിടിത്തം, നമുക്കു തലവേദന ആയിക്കൊണ്ടിരിക്കുന്ന മാലിന്യ നിര്‍മ്മര്‍ജ്ജന രംഗത്തു ഒന്നു പരീക്ഷിക്കരുതോ? നമ്മുടെ ചുണക്കുട്ടന്‍മാരായ ജൈവശാത്രശാഖയിലെ കുട്ടികള്‍ക്കു അര കൈ നോക്കി കൂടെ?

krish | കൃഷ് said...

അപ്പോ വാഷിംഗ് മെഷിന്‍, ഡിറ്റര്‍ജന്റ് കാരുടെ കമ്പനി പൂട്ടേണ്ടി വരുമോ.


നല്ല ലേഖനം.