ഈ നൂറ്റാണ്ടിലെ ആദ്യകുറിഞ്ഞിപ്പൂക്കാലം വിടവാങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്തത്ര തിരക്കാണ് നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ ഇടുക്കിജില്ലയിലെ മൂന്നാറില്‍ ഇത്തവണയുണ്ടായത്. കുറഞ്ഞത് അഞ്ചുലക്ഷം പേര്‍ മൂന്നാറിലെ രാജമലയില്‍ മാത്രം ടിക്കേറ്റ്ടുത്ത് കുറിഞ്ഞികാണാന്‍ എത്തി. അതില്‍ വിദേശികളും ഇതരസംസ്ഥാനക്കാരുമുണ്ടായിരുന്നു. ആയിരങ്ങള്‍ തിരക്കുമൂലം തിരികെ പോയി. രാജമലയിലെ തിരക്ക് സഹിക്കാനാവാതെ കാന്തല്ലൂരിലും ടോപ് സ്റ്റേഷനിലുമെത്തി കുറിഞ്ഞി കണ്ട് മടങ്ങിയവരും ധാരാളം. ഒരു ചെടി ഇത്രയേറെ ആളുകളെ ആകര്‍ഷിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാകണം. ഇനി 2018 വരെ കാക്കണം നീലക്കുറിഞ്ഞിക്കാടുകള്‍ പൂത്തുലയാന്‍. എന്തായിരിക്കാം കുറിഞ്ഞിക്കാടുകളിലെത്തിയവര്‍ കണ്ടിരിക്കുക.


3. മലഞ്ചെരുവുകളെ നീലപ്പട്ടുടുപ്പിക്കുന്നു കുറിഞ്ഞിപ്പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. അകലെനിന്നു നോക്കമ്പോഴാണ് കുറിഞ്ഞിപ്പൂക്കള്‍ നീലയായി തോന്നുക. നീലഗിരിക്കുന്നുകള്‍ക്ക് ആ പേര് വന്നതുതന്നെ നീലക്കുറിഞ്ഞിയില്‍ നിന്നാണെന്നു കരുതുന്നു. പക്ഷേ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കുറിഞ്ഞിക്കാടുകള്‍ പ്ലാന്റേഷനുകള്‍ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ നീലഗിരിനിരകളിലെ കുറിഞ്ഞിക്കാടുകള്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായി.
4. മനസുനിറയുന്ന കുറിഞ്ഞിപ്പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. വളര്‍ച്ച പൂര്‍ത്തിയാക്കി പന്ത്രണ്ടാമത്തെ വര്‍ഷം നീലക്കുറിഞ്ഞി പൂക്കുന്നു. അതോടെ ആ ചെടി അടുത്ത തലമുറയ്ക്ക് വിത്തായി വഴിമാറുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി മുകളിലുള്ള ചോലപുല്‍മേടുകളിലാണ് നീലക്കുറിഞ്ഞി വളരുന്നത്. രാജമല ഉള്‍പ്പെടുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ മാത്രം നീലക്കുറിഞ്ഞി ഉള്‍പ്പെടെ 15 ഇനം കുറിഞ്ഞികളെ കണ്ടെത്തിയിട്ടുണ്ട്.
5. വിത്തിലേക്കു വഴിമാറുന്ന പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. കുറിഞ്ഞിപ്പൂക്കള്‍ പറിച്ചെടുത്ത് കടക്കുന്നവര്‍ ഓര്‍ക്കുന്നില്ല; പന്ത്രണ്ട് വര്‍ഷത്തിന് ശേഷം കുറിഞ്ഞി പൂക്കാതിരിക്കാന്‍ തങ്ങള്‍ വഴിയൊരുക്കുകയാണെന്ന്. കുറിഞ്ഞിപൂക്കുന്ന പുല്‍മേടുകളില്‍ ഇത്തവണ കാട്ടുതീയുണ്ടായാലും പ്രശ്നമാണ്. കുറിഞ്ഞിവിത്തുകള്‍ പാടെ നശിക്കും.
6. ആകാശത്തേക്ക് നീളുന്ന കുറിഞ്ഞിത്തലപ്പുകള്‍. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരം അടി മുകളിലെത്തുന്നതോടെ കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ മറ്റമുണ്ടാകും. ഒരോ കുന്നിലും സൂക്ഷ്മതലത്തില്‍ കാലവസ്ഥ മാറുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍, ഓരോ സ്ഥലത്തെയും നീലക്കുറിഞ്ഞിച്ചെടികള്‍ക്ക് ഘടനാപരമായി വ്യത്യാസമുണ്ടാകും.
7. നീലാകാശക്കീറിന് കീഴെ നീലക്കുറിഞ്ഞി. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. മൂന്നു മുതല്‍ 14 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂക്കുന്ന കുറിഞ്ഞികളുണ്ട്. അവയില്‍ ഏറ്റവും മുഖ്യം 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കാലം സമ്മാനിക്കുന്ന നീലക്കുറിഞ്ഞിയാണ്.



ചിത്രങ്ങള്‍: ജോസഫ് ആന്റണി
2 comments:
കണ്ടു. വായിച്ചു. സന്തോഷമായി :) നന്ദി.
കുറിഞ്ഞികളെ കുറിച്ചുള്ള വിവരണവും ചിത്രങ്ങളും നന്നായിരിക്കുന്നു. ഇനി 2018-ല്‍ കുറിഞ്ഞി പൂക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ തരുമല്ലോ..
നീലക്കുറിഞ്ഞികള്‍ പൂത്തു.. നീലഗിരിക്കുന്നിന്‍ മേലെ.. എന്ന ഗാന ഓര്‍മ്മയിലെത്തുന്നു..
കൃഷ് | krish
Post a Comment