Friday, June 29, 2007

ചാര്‍ജറുകള്‍ വിടചൊല്ലാനൊരുങ്ങുന്നു

ചാര്‍ജറുകളുടെ തീരാദുരിതത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ വഴി തെളിയുന്നു. വയറില്ലാതെ വൈദ്യുതിയെത്തിക്കാനുള്ള മാര്‍ഗ്ഗം പ്രാവര്‍ത്തികമാകുകയണ്‌. ഇതുസംബന്ധിച്ച ആദ്യവിജയം ഒരുസംഘം ഗവേഷകര്‍ കൈവരിച്ചു കഴിഞ്ഞു. (ഈ ലേഖനത്തിന്റെ പശ്ചാത്തലം അറിയാന്‍ കാണുക: വയറില്ലാതെ വൈദ്യുതി)

ഴിഞ്ഞ ജൂണ്‍ 23-ന്‌ കേരളത്തിലുണ്ടായ മഴക്കെടുതി വിവരിക്കാന്‍ കഴിയില്ല. പേമാരിയും കാറ്റും. ഒട്ടേറെപ്പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. ഇത്രയേറെ മരങ്ങള്‍ മറിഞ്ഞു വീഴുകയോ, ഒടിഞ്ഞു വീഴുകയോ ചെയ്‌ത അനുഭവം അടുത്തകാലത്തൊന്നും കേരളീയര്‍ കണ്ടിരിക്കാനിടയില്ല. വൈദ്യുത വിതരണസംവിധാനം പാടെ താറുമാറായി. ഞങ്ങളുടെ കോളനിയിലും വൈദ്യുതിയുടെ കാര്യം വ്യത്യസ്‌തമായിരുന്നില്ല. ആദ്യദിവസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നം രൂക്ഷമായി. വെളിച്ചമോ ടിവിയോ ഇല്ലാത്തതു മാത്രമല്ല. അതിലും ഗുരുതരമായ ചില കാര്യങ്ങള്‍ക്ക്‌ അടിയന്തര പരിഹാരം കാണേണ്ടി വന്നു. മൊബൈലിലെ ചാര്‍ജു തീര്‍ന്നു, ലാപ്‌ടോപ്പ്‌ കാഴ്‌ചവസ്‌തുവായി. വൈദ്യുതിയോ ഇല്ല, എങ്കില്‍ മഴയുടെ ചിത്രമെങ്കിലും പകര്‍ത്താമെന്നു കരുതി നോക്കുമ്പോള്‍ ക്യാമറബാറ്ററിയിലെ ചാര്‍ജ്ജും തഥൈവ!

നഗരത്തിന്റെ മറ്റൊരു കോണില്‍ താമസിക്കുന്ന ചങ്ങാതി അറിയിച്ചു, അവിടെ വൈദ്യുതിയെത്തി. ഉപകരണങ്ങളും ബാറ്ററിയുമെല്ലാം കൊണ്ടുവരൂ, ചാര്‍ജ്‌ ചെയ്‌ത്‌ പോകാം. ചങ്ങാതിയുടെ വീട്ടില്‍ പോകാന്‍ നോക്കുമ്പോഴാണ്‌ ശരിക്കുള്ള പ്രശ്‌നം. ഉപകരണങ്ങള്‍ മാത്രം പോര, അവയുടെയെല്ലാം ചാര്‍ജറുകളും, ചാര്‍ജറുകളുടെ ത്രിപ്പിന്‍ സംവിധാനത്തെ പിന്തുണയ്‌ക്കുന്ന ത്രിപ്പിന്നുകളും എല്ലാം കൊണ്ടുപോകണം. അങ്ങനെ ആക്രിക്കച്ചവടക്കാരുടെ അവസ്ഥയില്‍ അത്തരമൊരു ചുമടുമായി ഈയുള്ളവന്‍ ചങ്ങാതിയുടെ വീട്ടിലേക്ക്‌ യാത്രതിരിച്ചു. ചങ്ങാതി ചെറിയൊരു ഫ്‌ളാറ്റിലാണ്‌ സകുടുംബം താമസം. ഉപയോഗിക്കാന്‍ പാകത്തിലുള്ള ത്രിപ്പിന്‍ പ്ലഗ്‌ ഒന്നേയുള്ളൂ അവിടെ. അതില്‍വെച്ച്‌ എത്രനേരം കൊണ്ട്‌ ചാര്‍ജിങ്‌ നടത്താനാകും. ഒരു മനുഷ്യന്‌ ജീവിക്കാന്‍ ഇത്രയേറെ ചാര്‍ജറുകള്‍ ആവശ്യമുണ്ടോ, ഞാന്‍ രോക്ഷത്തോടെ ചിന്തിച്ചു. അങ്ങനെ ചാര്‍ജറുകളുടെ പെരുമഴ ആദ്യമായി ദുരിതപര്‍വം തീര്‍ക്കുന്നത്‌ അനുഭവിച്ചറിഞ്ഞു.

ഈ അനുഭവം മനസിലേല്‍പ്പിച്ച കയ്‌പ്പ്‌ മാറുംമുമ്പാണ്‌ പ്രൊഫ. മറിന്‍ സോള്‍യാജീകും സംഘവും നടത്തിയ പരീക്ഷണം വിജയിച്ചു എന്നു വായിക്കുന്നത്‌. അതറിഞ്ഞപ്പോള്‍ മനസിലൊരു സുഖം. അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (MIT)യിലെ ഗവേഷകനായ പ്രൊഫ. സോള്‍യാജീക്‌, വയറില്ലാതെ വൈദ്യുതി കൊണ്ടുപോകാനുള്ള ശ്രമത്തില്‍ ആദ്യവിജയം നേടിയ വിവരം അടുത്തയിടെ 'സയന്‍സ്‌' ഗവേഷണ വാരികയാണ്‌ റിപ്പോര്‍ട്ടു ചെയ്‌തത്‌. നാലുവര്‍ഷം നീണ്ട കഠിന പ്രയത്‌നമാണ്‌ ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്‌. ലാപ്‌ടോപ്പ്‌, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ചാര്‍ജറോ പ്ലഗുകളോ കൂടാതെ വയര്‍ലെസ്‌ ആയി ചാര്‍ജുചെയ്യാവുന്ന കാലമാണ്‌ വരുന്നത്‌ എന്നാണ്‌ ഇതു നല്‍കുന്ന ശുഭസൂചന. 'വയര്‍ലെസ്‌ ഇലക്ട്രിസിറ്റി' എന്നതിന്റെ ചുരുക്കമായി 'വിട്രിസിറ്റി'(WiTricity) എന്നാണ്‌ പുതിയ സങ്കേതത്തിന്‌ നല്‍കിയിട്ടുള്ള പേര്‌. വൈദ്യുതിയുടെയും ഇലക്ട്രിക്‌ ബള്‍ബിന്റെയും കണ്ടുപിടിത്തത്തിന്‌ ശേഷം ഈ മേഖലയിലെ പുതിയൊരു നാഴികക്കല്ലാണ്‌ 'വിട്രിസിറ്റി'യുടെ വരവ്‌.

രണ്ടുമീറ്ററിലേറെ (ഏഴ്‌ അടി) അകലെ സ്ഥിതിചെയ്യുന്ന വൈദ്യുതസ്രോതസ്‌ ഉപയോഗിച്ച്‌ വയറില്ലാതെ 60 വാട്ട്‌ ബള്‍ബ്‌ കത്തിച്ചാണ്‌ എം.ഐ.ടി.സംഘം ചരിത്രം സൃഷ്ടിച്ചത്‌. ഈ കണ്ടുപിടിത്തത്തിന്റെ സൈദ്ധാന്തികവശങ്ങള്‍ 2006-ല്‍ തന്നെ പ്രൊഫ.സോള്‍ജാസിക്കും സംഘവും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അത്‌ പ്രായോഗികമായി സാധ്യമാണെന്നു തെളിയിക്കുന്നത്‌ ആദ്യമായാണ്‌. "ഞങ്ങളാവിഷ്‌ക്കരിച്ച സിദ്ധാന്തത്തില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. പക്ഷേ, അത്‌ പ്രയോഗത്തില്‍ വരുത്തുക എന്നതാണ്‌ പ്രശ്‌നം"-പ്രൊഫ. സോള്‍യാജീക്‌ പറയുന്നു.

അറുപത്‌ സെന്റീമീറ്റര്‍ വീതം വ്യാസമുള്ള രണ്ടു ചെമ്പുചുരുളുകളാണ്‌ പരീക്ഷണത്തിന്‌ ഉപയോഗിച്ചത്‌. അവയിലൊന്ന്‌ വൈദ്യുത പ്രസരണി (transmitter) ആയും രണ്ടാമത്തേത്‌ സ്വീകരണി (receiver) ആയും പ്രവര്‍ത്തിച്ചു. പ്രസരണിയായി പ്രവര്‍ത്തിക്കുന്ന ചെമ്പുചുരുളിനെ ഒരു വൈദ്യുതസ്രോതസ്സുമായി ഘടിപ്പിച്ചു. രണ്ടുമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സ്വീകരണിയായ കമ്പിച്ചുരുളുമായി ബള്‍ബും ഘടിപ്പിച്ചു. പ്രസരണിയില്‍ വൈദ്യുതിയെത്തിയപ്പോള്‍, ഭൗതീകമായ ഒരു ബന്ധവും ഇല്ലാതെ രണ്ടുമീറ്റര്‍ അകലെ സ്വീകരണിയില്‍ ഘടിപ്പിച്ചിരുന്ന ബള്‍ബ്‌ കത്തി. 40 ശതമാനം ക്ഷമതയോടെ ഈ സംവിധാനത്തില്‍ വൈദ്യുതി പ്രവഹിക്കുന്നു എന്നാണ്‌ പരിശോധനകളില്‍ വ്യക്തമായത്‌. "വളരെ പ്രോത്സാഹജനകമായ ഫലമാണിത്‌"-പ്രൊഫ. സോള്‍യാജീക്‌ പറയുന്നു. ഇത്‌ തുടക്കമാണ്‌. ഈ രണ്ടുമീറ്റര്‍ അകലമെന്നത്‌ ഇനിയും വര്‍ധിപ്പിക്കാമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, വൈദ്യുതക്ഷമതയും കൂട്ടാനാകും. പക്ഷേ, ഒരു മുറിക്കുള്ളിലെ അകലത്തില്‍ കൂടുതല്‍ ഇത്തരത്തില്‍ വൈദ്യുതി കൊണ്ടുപോകുന്നത്‌ പ്രായോഗികമാകുമോ എന്ന്‌ സംശയമുണ്ട്‌.

'അനുനാദം' (resonance) എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെയാണ്‌ വയറില്ലാവൈദ്യുതി യാഥാര്‍ത്ഥ്യമാകുന്നത്‌. ഒരു പ്രത്യേക ആവര്‍ത്തി(frequency)യിലുള്ള ഊര്‍ജ്ജം ചെലുത്തുമ്പോള്‍ ഒരു വസ്‌തു കമ്പനം (vibration) ചെയ്യാനിടയാക്കുന്ന പ്രതിഭാസമാണ്‌ അനുനാദം. സംഗീതോപകരണങ്ങളില്‍ ഈ പ്രതിഭാസം സാധാരണമാണ്‌. ഒന്നില്‍ ഒരു പ്രത്യേക ഈണം മീട്ടുമ്പോള്‍, അതേ ശബ്ദാനുനാദമുള്ള മറ്റൊരു സംഗീതോപകരണം ആ ഈണം ആവാഹിച്ചെടുത്ത്‌ കമ്പനം ചെയ്യാനാരംഭിക്കും. ഇത്തരം ശബ്ദകമ്പനങ്ങള്‍ക്കു പകരം, വളരെ താഴ്‌ന്ന ആവര്‍ത്തിയിലുള്ള വൈദ്യുതകാന്തികതരംഗങ്ങളുടെ അനുനാദം പ്രയോജനപ്പെടുത്താനുള്ള മാര്‍ഗ്ഗമാണ്‌ എം.ഐ.ടി.സംഘം ആവിഷ്‌ക്കരിച്ചത്‌. പരീക്ഷണവേളയില്‍ ഓരോ ചെമ്പുചുരുളും കമ്പനം ചെയ്‌തത്‌ 10 മെഗാഹെര്‍ട്‌സ്‌ (Mhz) ആവര്‍ത്തിയിലായിരുന്നു. അങ്ങനെ കമ്പനം ചെയ്യുമ്പോള്‍, ഒരു 'ഊര്‍ജവാല്‍' ഇരുചുരുളുകളെയും ബന്ധിപ്പിക്കുകയും, അതിലൂടെ വൈദ്യുതി പ്രവഹിക്കുകയും ചെയ്യുകയാണുണ്ടായത്‌. കമ്പിച്ചുരുളുകളല്ലാതെ സമീപത്തെ മറ്റൊരു വസ്‌തുവും ഇതേ ആവര്‍ത്തിയില്‍ കമ്പനം ചെയ്യാത്തതിനാല്‍, അതിനെയൊന്നും (മനുഷ്യനെയുള്‍പ്പടെ) വൈദ്യുതി പ്രവാഹം ബാധിക്കുകയേ ഇല്ല.

ഏതാനും വര്‍ഷം മുമ്പ്‌ അര്‍ധരാത്രിക്കു ശേഷമൊരു യാമത്തിലായിരുന്നു തുടക്കം. സെല്‍ഫോണിന്റെ ബീപ്‌ ബീപ്‌ ശബ്ദം കേട്ടുണര്‍ന്ന പ്രൊഫ. സോള്‍യാജീക്‌ വിഷണ്ണനായി കണ്ണുതിരുമ്മി നിന്നു. "ഒരു മാസത്തിനുള്ളില്‍ ഒരുപക്ഷേ, ആറാംതവണയാകണം എന്നെ സെല്‍ഫോണ്‍ ഉണര്‍ത്തുന്നത്‌, അതിനെ ചാര്‍ജ്‌ ചെയ്യാന്‍ ഞാന്‍ മറന്നിരിക്കുന്നു എന്നകാര്യം ഓര്‍മിപ്പിക്കാന്‍"-പ്രൊഫ.സോള്‍യാജീക്‌ ഓര്‍ക്കുന്നു. ആ സെല്‍ഫോണിന്‌ ആവശ്യമുള്ളപ്പോള്‍ സ്വയംചാര്‍ജ്‌ ചെയ്യാനായാല്‍ അതൊരു മഹത്തായ സംഗതിയായിരിക്കുമെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. അക്കാര്യം സാധ്യമാകണമെങ്കില്‍ വയര്‍ലെസ്സായി ചാര്‍ജ്ജു ചെയ്യപ്പടാന്‍ സെല്‍ഫോണിനാകണം. വയറില്ലാതെ വൈദ്യുതി പ്രവഹിക്കണം. അതിനെന്തു മാര്‍ഗ്ഗമെന്നായി പ്രൊഫസറുടെ ആലോചന. തന്റെ ഈ ആഗ്രഹം ഏത്‌ ഭൗതീകശാസ്‌ത്ര പ്രതിഭാസം കൊണ്ട്‌ സാധിക്കാം എന്നായി ചിന്ത.

വയര്‍ലെസ്സായി വൈദ്യുതി വിതരണം ചെയ്യാന്‍ ഒട്ടേറെ ശ്രമങ്ങള്‍ പോയ കാലത്ത്‌ നടന്നിട്ടുണ്ട്‌. റേഡിയോ തരംഗങ്ങളുടെ രൂപത്തില്‍ അത്‌ സാധ്യമാക്കുകയെന്നതാണ്‌ ഏറ്റവും എളുപ്പം. വാര്‍ത്താവിനിയമത്തിന്‌ ആ മാര്‍ഗ്ഗം അനുയോജ്യമാണെങ്കിലും, വൈദ്യുതി വിതരണത്തിന്‌ അതത്ര അനുയോജ്യമല്ല. കാരണം, റേഡിയേഷന്‍ അതിന്റെ ആന്റിനയില്‍നിന്ന്‌ എല്ലാവശത്തേക്കും വ്യാപിക്കും. വൈദ്യുതിയില്‍ സിംഹഭാഗവും നഷ്ടമാകും. അങ്ങനെയാണ്‌ അനുനാദമെന്ന പ്രതിഭാസത്തെ ചൂഷണം ചെയ്യുന്നതിലേക്ക്‌ എത്തിയത്‌. വൈദ്യുതകാന്തികതരംഗങ്ങളിലെ 'വൈദ്യുത'ഭാഗത്തിന്‌ പകരം 'കാന്തിക'ഭാഗം (non-radiative part) വഴി ഊര്‍ജ്ജവിതരണം സാധ്യമാക്കുന്ന രീതിയാണ്‌ പ്രൊഫ. സോള്‍യാജീകും സംഘവും വികസിപ്പിച്ചത്‌. വൈദ്യുതമണ്ഡലത്തെ അപേക്ഷിച്ച്‌ കാന്തികമണ്ഡലങ്ങള്‍ ജീവനുള്ള വസ്‌തുക്കളുമായി, പ്രത്യേകിച്ചും മനുഷ്യരടക്കമുള്ള ജീവികളുമായി, വളരെക്കുറച്ചു മാത്രമേ പ്രതികരിക്കാറുള്ളൂ. അതിനാല്‍, പുതിയ രീതിയിലുള്ള വൈദ്യുതിപ്രവാഹം താരതമ്യേന സുരക്ഷിതമായിരിക്കും.

വൈദ്യുതകാന്തികതരംഗത്തിലെ കാന്തികഭാഗത്തിന്‌ പ്രാമുഖ്യം നല്‍കുന്ന അനുനാദസ്വഭാവമുള്ള വസ്‌തുവിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍, അത്‌ വായുവിലേക്ക്‌ നഷ്ടപ്പെടില്ല. പകരം ഒരു ഊര്‍ജ്ജ'വാല്‍' പോലെ വസ്‌തുവിന്റെ അഗ്രത്ത്‌ ഞാന്നു കിടക്കും. ഇങ്ങനെയുള്ള ഊര്‍ജ്ജവാലിന്‌ മീറ്ററുകളോളം നീളമുണ്ടായിരിക്കും. ആ വസ്‌തുവിന്റെ അതേ ആവൃത്തിയുള്ള മറ്റൊരു അനുനാദവസ്‌തുവിനെ ഊര്‍ജ്ജവാലിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവന്നാല്‍, വൈദ്യുതോര്‍ജ്ജം അതിലേക്ക്‌ സുഗമമായി പ്രവഹിക്കും. സുസ്ഥിര അനുനാദസ്വഭാവത്തോടുകൂടി രൂപകല്‍പ്പന ചെയ്‌ത ചെമ്പുകൊണ്ടുള്ള ആന്റീന മുറിയുടെ മേല്‍ത്തട്ടില്‍ വൈദ്യുതവിതരണ ശൃംഗലയുമായി ബന്ധിപ്പിച്ച നിലയില്‍ പതിപ്പിച്ചിരുന്നാല്‍, ആ മുറിയിലിരിക്കുന്ന ഒരു ലാപ്‌ടോപ്പിലെ അതേ ആവര്‍ത്തിയുള്ള ആന്റിനയിലേക്ക്‌ വൈദ്യുതി ഒഴുക്കാന്‍ കഴിയും; വയറോ കേബിളോ വേണ്ട. 6.4 മെഗാഹെര്‍ട്ട്‌സ്‌(MHz) ആവര്‍ത്തിയില്‍ അനുനാദം നടത്തുന്ന ചെമ്പ്‌ ആന്റിനയില്‍ നിന്നുള്ള തരംഗങ്ങള്‍, അതേ ആവര്‍ത്തിയുള്ള ലാപ്‌ടോപ്‌ ആന്റിന ആഗിരണം ചെയ്യും. ലാപ്‌ടോപ്പിലെ ബാറ്ററി റീചാര്‍ജ്ജ്‌ ചെയ്യപ്പെടും. മനുഷ്യരോ മറ്റു വസ്‌തുക്കളോ 6.4 Mhz ആവര്‍ത്തിയില്‍ കമ്പനം ചെയ്യാത്തതിനാല്‍ ഊര്‍ജ്ജപ്രവാഹം അവയെ ബാധിക്കുകയുമില്ല. കമ്പ്യൂട്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ 'വയര്‍ലസ്സ്‌' ആകും.
വളരെ സുപരിചിതമായ പ്രതിഭാസമാണ്‌ 'വിട്രിസിറ്റി'യുടെ കണ്ടെത്തലിന്‌ പ്രൊഫ. സോള്‍യാജീകും സംഘവും പ്രയോജനപ്പെടുത്തിയത്‌. അങ്ങനെയെങ്കില്‍, ഇത്രകാലവും ആരും ഈ ദിശയിലൊരു ശ്രമം നടത്താത്തതെന്താണെന്നു തോന്നാം. ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവെന്ന്‌ പറയാറില്ലേ, അതുതന്നെ പ്രശ്‌നം. ഇത്രകാലവും, ഇത്രയേറെ ചാര്‍ജറുകള്‍ മനുഷ്യജീവിത്തില്‍ ഇടംതേടിയിരുന്നില്ല. ചാര്‍ജുചെയ്‌ത്‌ ഉപയോഗിക്കേണ്ട ഉപകരണങ്ങളുടെ വിസ്‌ഫോടനത്തിനാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷമായി ലോകം സാക്ഷിയായത്‌. മൊബൈല്‍ഫോണുകളില്‍ തന്നെ ഓരോ കമ്പനിയുടെ ഫോണിന്‌ ഓരോ ചര്‍ജര്‍ വേണം എന്നതാണ്‌ സ്ഥിതി. ലാപ്‌ടോപ്പുകളുടെ കാര്യവും വ്യത്യസ്‌തമല്ല. എം.പി3 പ്ലെയറുകള്‍, റോബോട്ടുകള്‍, കളിപ്പാട്ടങ്ങള്‍ ഒക്കെ ചാര്‍ജ്‌ ചെയ്‌തുതന്നെ ഉപയോഗിക്കേണ്ടവയാണ്‌. ആ നിലയ്‌ക്ക്‌ കാലത്തിന്റെ ചുമരെഴുത്തിന്‌ അനുയോജ്യമായ ഒന്നാണ്‌ വയര്‍ലെസ്സ്‌ വൈദ്യുതി. (അവലംബം: എം.ഐ.ടി.യുടെ വാര്‍ത്താക്കുറിപ്പ്‌, സയന്‍സ്‌ ഗവേഷണ വാരിക)

Thursday, June 28, 2007

കേടായ പല്ലും ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ മമ്മിയും

ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ്‌ കണ്ടെത്തിയ കേടയ ഒരു പല്ല്‌. നൂറുവര്‍ഷം പഴക്കമുള്ള മമ്മി. ആധുനിക ഡി.എന്‍.എ.സങ്കേതം. സാഹി ഹവാസ്സ്‌ എന്ന പുരവസ്‌തു ഗവേഷകന്റെ ഒരുവര്‍ഷത്തെ പ്രയത്‌നം-പുരാതന ഈജിപ്‌തുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നിഗൂഡകളിലൊന്നിന്‌ അറുതി വരുത്താന്‍ വേണ്ടിവന്നത്‌ ഇത്രയുമാണ്‌.

ഈജിപ്‌ത്‌ കണ്ട ഏറ്റവും ശക്തയായ സ്‌ത്രീഫറവോയുടെ മമ്മി എവിടെ എന്ന ചോദ്യത്തിനാണ്‌ ഉത്തരം ലഭിച്ചത്‌ അങ്ങനെയാണ്‌. നൂറുവര്‍ഷം മുമ്പ്‌ 'രാജാക്കന്‍മാരുടെ താഴ്‌വര'യില്‍ കണ്ടെത്തിയ മമ്മി ഫറവോ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടേതാണെന്ന്‌ സ്ഥിരീകരിക്കപ്പെട്ടു. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ഈജിപ്‌തില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ കണ്ടെത്തലായി മാറി ആ ഉത്തരം. 1922-ല്‍ ടുട്ടന്‍ഖാമുന്‍ ഫറവോയുടെ ശവക്കല്ലറയുടെ കണ്ടെത്തലിന്‌ ശേഷം കണ്ടുപിടിത്തത്തിന്റെ മറ്റൊരു ചരിത്രമുഹൂര്‍ത്തം.

3500 വര്‍ഷം മുമ്പാണ്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞി ഈജിപ്‌ത്‌ ഭരിച്ചിരുന്നത്‌. പുരാതന ഈജിപ്‌തില്‍ ക്ലിയോപാട്ര, നെഫെര്‍റ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു അവര്‍. കൃത്രിമ താടിമീശവെച്ച്‌ പുരുഷവേഷം കെട്ടി, 21 വര്‍ഷക്കാലം സര്‍വ പ്രതാപത്തോടുംകൂടി രാജ്യം ഭരിച്ച അവരുടെ മമ്മി എവിടെയാണെന്ന നിഗൂഢതയാണ്‌ പുതിയ കണ്ടെത്തലോടെ നീങ്ങുന്നത്‌. തടിച്ച ശരീരപ്രകൃതിയായിരുന്ന ഹാഷെപ്‌സുറ്റ്‌, അവരുടെ അമ്പതുകളില്‍ പ്രമേഹവും അര്‍ബുദവും ബാധിച്ചാകാം മരിച്ചതെന്ന്‌ ഗവേഷകര്‍ കരുതുന്നു.

പില്‍ക്കാലത്ത്‌ ടുട്ടന്‍ഖാമുന്റെ ശവക്കല്ലറ കണ്ടെത്തുക വഴി ചരിത്രം സൃഷ്ടിച്ച, പ്രശസ്‌ത പുരാവസ്‌തുഗവേഷകന്‍ ഹൊവാര്‍ഡ്‌ കാര്‍ട്ടറാണ്‌ 1903-ല്‍ ലക്‌സറിലെ 'രാജാക്കന്‍മാരുടെ താഴ്‌വര'യെന്ന്‌ അറിയപ്പെടുന്ന സ്ഥലത്തെ ശവകുടീരത്തില്‍നിന്ന്‌ രണ്ട്‌ സ്‌ത്രീ മമ്മികള്‍ കണ്ടെത്തയത്‌. അതിലൊന്ന്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ പരിചാരക സിട്രെയിനിന്റേതാണെന്ന്‌ ഗവേഷകര്‍ നിഗമനത്തിലെത്തിയെങ്കിലും, രണ്ടാമത്തെ സ്‌ത്രീ ആരാണെന്ന്‌ ഒരു പിടിയും കിട്ടിയില്ല.

നൈല്‍ തീരത്ത്‌ ഹാഷെപ്‌സുറ്റ്‌ പണികഴിപ്പിച്ച ഡെയര്‍ എല്‍ ബഹരി ക്ഷേത്രത്തിലാവണം അവരെ സംസ്‌ക്കരിച്ചിട്ടുള്ളതെന്ന്‌ പലരും കരുതി. പക്ഷേ, ആ ക്ഷേത്രത്തില്‍ അവരുടെ മമ്മി കണ്ടെത്താനാകാത്തത്‌ ദുരൂഹതയായി തുടര്‍ന്നു. അവിടെ നിന്ന്‌ ഫറവോ ഹാഷെപ്‌സുറ്റിന്റെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881-ല്‍ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ്‌ ഈജിപ്‌ഷ്യന്‍ പുരാവസ്‌തു ഗവേഷകനായ സാഹി ഹവാസ്സിന്‌ തുണയായത്‌.
1903-ല്‍ കണ്ടെത്തിയ സ്‌ത്രീമമ്മിയുടെ പല്ല്‌ നഷ്ടപ്പെട്ടിരിക്കുന്നതായും, ഫറവോയുടെ മുദ്ര പതിച്ച പെട്ടിയിലെ പല്ല്‌ ആ മമ്മിക്ക്‌ ശരിക്ക്‌ ഇണങ്ങുന്നതായും പരിശോധനയില്‍ തെളിഞ്ഞു. കെയ്‌റോയിലെ ഈജിപ്‌ഷ്യന്‍ മ്യൂസിയത്തില്‍ 'ഡിസ്‌കവറി ചാനല്‍' അടുത്തയിടെ സ്ഥാപിച്ച ഡി.എന്‍.എ.ലാബില്‍, ആ സ്‌ത്രീമമ്മിലുടെ ഇടുപ്പെല്ല്‌, തുടയെല്ല്‌ എന്നിവിടങ്ങളില്‍ നിന്നെടുത്ത ഡി.എന്‍.എ. വിശകലനം ചെയ്യാനും ഹാവസ്സിനും സംഘത്തിനുമായി.

മമ്മിയുടെ ജനിതകഘടന ഹാഷെപ്‌സുറ്റിന്റെ മുത്തശ്ശി അഹമോസ്‌ നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങീ. രാജ്ഞിയുടെ മമ്മി അതുതന്നെ. "ഇത്‌ ഹാഷെപ്‌സുറ്റിന്റെ മമ്മിയാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ നൂറുശതമാനം ഉറപ്പാണ്‌"-ഹവാസ്സ്‌ പറയുന്നു. 1903-ല്‍ കണ്ടെത്തയത്‌ ഹാഷെപ്‌സുറ്റ്‌ ഫറവോയുടെ മമ്മിയാകാമെന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അമേരിക്കന്‍ ഈജിപ്‌തോളജിസ്‌റ്റായ എലിസബത്ത്‌ തോമസ്‌ അഭിപ്രായപ്പെട്ടത്‌ ഇപ്പോള്‍ ശരിയായിരിക്കുകയാണ്‌.

പുരാതന ഈജിപ്‌തിലെ ഈടുറ്റ ഒരധ്യായമായാണ്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്‌. ബി.സി.1504-1484 കാലത്ത്‌ ഈജിപ്‌ത്‌ ഭരിച്ച ടുത്‌മോസിസ്‌ ഒന്നാമന്‍ ഫറവോയുടെ നിയമപിന്തുണയുള്ള ഏകമകളായിരുന്നു ഹാഷെപ്‌സുറ്റ്‌. തന്റെ ഭര്‍ത്താവും അര്‍ധസഹോദരനുമായ ടുത്‌മോസിസ്‌ രണ്ടാമന്‍ മരിച്ചപ്പോഴാണ്‌ രാജ്ഞി അധികാരം ഏറ്റെടുത്തത്‌. മറ്റൊരു സ്‌ത്രീയില്‍ ഭര്‍ത്താവിന്‌ പിറന്ന മകന്‍ ടുത്‌മോസിസ്‌ മൂന്നാമന്‌ അന്ന്‌ പ്രായപൂര്‍ത്തിയായിരുന്നില്ല.

ബി.സി.1479 മുതല്‍ 1458 വരെ ഹാഷെപ്‌സുറ്റ്‌ രാജ്യം ഭരിച്ചു. ഇപ്പോഴത്തെ ഇറാഖ്‌ മുതല്‍ സുഡാന്‍ വരെ അവര്‍ പടയോട്ടം നടത്തി. ഈജിപ്‌തിനെ സംബന്ധിച്ചിടത്തോളം പൊതുവെ സമൃദ്ധമായ കാലമായിരുന്ന സ്‌ത്രീഫറവോയുടെ ഭരണകാലമെന്ന്‌ കരുതുന്നു. തന്റെ പക്കല്‍നിന്ന്‌ ഹാഷെപ്‌സുറ്റ്‌ അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി, അവരുടെ മരണശേഷം ടുത്‌മോസിസ്‌ മൂന്നാമന്‍ ശിലാലിഖിതങ്ങളില്‍ നിന്നെല്ലാം അവരുടെ പേര്‌ നീക്കംചെയ്‌തു. ചരിത്രത്തില്‍നിന്ന്‌ എന്നിട്ടും അവര്‍ മാഞ്ഞുപോകാതെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്‌; പുതിയ കണ്ടെത്തലോടെ.(അവലംബം: എ.എഫ്‌.പി, എ.പി, ഗാര്‍ഡിയന്‍)

Tuesday, June 26, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-18: മേഘനാഥ്‌ സാഹ

ജനപക്ഷത്തു തന്നെയാണ്‌ ശാസ്‌ത്രജ്ഞന്‍ നിലകൊള്ളേണ്ടതെന്ന്‌ സ്വജീവിതംകൊണ്ട്‌ തെളിയിച്ചയാളാണ്‌ മേഘനാഥ്‌ സാഹ. ദരിദ്രചുറ്റുപാടില്‍ ജനിച്ച്‌ കഠിനാധ്വാനത്തിലൂടെ അസ്‌ട്രോഫിസിക്‌സിന്റെ ഉന്നതങ്ങളിലെത്തിയ അദ്ദേഹം, നക്ഷത്രങ്ങളുടെ ആന്തര രഹസ്യത്തെക്കുറിച്ച്‌ തല പുകയ്‌ക്കുമ്പോഴും ഭൂമിയിലെ മനുഷ്യരെ മറന്നില്ല


രു മൂലകത്തെ ഉന്നത ഊഷ്‌മാവില്‍ ചൂടാക്കുമ്പോള്‍, അതിന്റെ ആറ്റത്തിലെ ഇലക്ട്രോണുകള്‍ അധിക ഊര്‍ജം സ്വായത്തമാക്കി സ്വതന്ത്രമാകും. ഈ പ്രക്രിയയ്‌ക്ക്‌ 'താപഅയണീകരണം'(Thermal ionisation) എന്നാണ്‌ പേര്‌. നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ അയണീകരണതോത്‌, അവയുടെ ഊഷ്‌മാവിന്‌ നേര്‍അനുപാതത്തിലായിരിക്കുമെന്ന്‌ തെളിയിച്ച ശാസ്‌ത്രജ്ഞനാണ്‌ മേഘനാഥ്‌ സാഹ. ഇരുപതാംനൂറ്റാണ്ടില്‍ അസ്‌ട്രോഫിസിക്‌സിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി ഈ കണ്ടുപിടിത്തം വിലയിരുത്തപ്പെടുന്നു. നക്ഷത്രങ്ങളുടെ ആന്തരഘടന ശരിയായി മനസിലാക്കാന്‍ സഹായിക്കാന്‍ ശാസ്‌ത്രലോകത്തെ ഈ കണ്ടെത്തല്‍ സഹായിച്ചു.

സൂര്യനുള്‍പ്പടെയുള്ള നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശത്തിന്റെ വര്‍ണരാജി (spectra)യില്‍ കാണപ്പെടുന്ന രേഖകള്‍, അവയിലെ മൂലകങ്ങളുടെ മാത്രം സൂചനയായിക്കൊള്ളണം എന്നില്ല എന്നാണ്‌ സാഹ തെളിയിച്ചത്‌. വര്‍ണരാജിയില്‍ കാണപ്പെടുന്ന ചില അസാധാരണരേഖകള്‍ ലോഹആറ്റങ്ങളുടെ താപഅയണീകരണത്തിന്റെ തോതിനെയാണ്‌ സൂചിപ്പിക്കുകയെന്ന്‌ അദ്ദേഹം സമര്‍ത്ഥിച്ചു. ഇക്കാര്യം നക്ഷത്രത്തിന്റെ താപനിലയുമായി നേരിട്ടു ബന്ധപ്പെട്ട ഒന്നാണ്‌. ഇതുപ്രകാരം നക്ഷത്രങ്ങളിലെ താപഅയണീകരണത്തിന്റെ തോത്‌ മനസിലാക്കാന്‍ അദ്ദേഹം ഒരു സമവാക്യത്തിനും രൂപം നല്‍കി. 'സാഹ സമവാക്യം'(Saha's equation)എന്നാണത്‌ അറിയുന്നത്‌.

ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ നക്ഷത്രങ്ങളുടെ പ്രകാശതീവ്രതയും പിണ്ഡവും തമ്മില്‍ ബന്ധം വ്യക്തമാക്കാന്‍, പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ആര്‍തര്‍ എഡിങ്‌ടണ്‍ രൂപംനല്‍കിയ 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡലി'ന്‌, സാഹ നടത്തിയ കണ്ടുപിടിത്തം വെല്ലുവിളി ഉയര്‍ത്തി. സാഹയുടെ സമവാക്യം അനുസരിച്ച്‌ സൂര്യനില്‍ മറ്റേത്‌ മൂലകത്തെക്കാളും കോടിക്കണക്കിന്‌ മടങ്ങ്‌ കൂടുതല്‍ ഉള്ളത്‌ ഹൈഡ്രജനാണ്‌. ഇക്കാര്യം എഡിങ്‌ടന്റെ സിദ്ധാന്തംകൊണ്ട്‌ വിശദീകരിക്കാനാവത്ത സംഗതിയായിരുന്നു. എഡിങ്‌ടനെപ്പോലെ, അസ്‌ട്രോഫിസിക്‌സിലെ കിരീടംവെയ്‌ക്കാത്ത രാജാവായ ഒരാളുടെ നിഗമനം തെറ്റാണെന്നു സമര്‍ത്ഥിക്കുന്ന ഒരു സിദ്ധാന്തം ശരിയാണെന്നു അംഗീകരിക്കപ്പെടുക എളുപ്പമായിരുന്നില്ല.

സാഹയുടെ സമവാക്യമുപയോഗിച്ച്‌ എഡിങ്‌ടന്റെ മുന്‍വിദ്യാര്‍ത്ഥിയായ സെസിലിയ പെയ്‌ന്‍ എന്ന ഗവേഷക സൂര്യനില്‍ ഏറിയപങ്കും ഹൈഡ്രജനാണെന്ന്‌ 1925-ല്‍ കണ്ടെത്തിയെങ്കിലും, എഡിങ്‌ടന്റെ പ്രഭാവം മൂലം അക്കാര്യം അന്ന്‌ പുറത്തു വന്നില്ല. എന്നാല്‍, 1932 ആയപ്പോഴേക്കും ഡാനിഷ്‌ അസ്‌ട്രോഫിസിസ്റ്റ്‌ ബെങ്‌ട്‌ സ്‌ട്രോംഗ്രെന്‍ ഉള്‍പ്പടെയുള്ളയുള്ള ഗവേഷകര്‍ സ്വതന്ത്രമായ നിലയില്‍ സാഹയുടെ കണ്ടെത്തലാണ്‌ ശരിയെന്ന്‌ അസന്നിഗ്‌ധമായി തെളിയിച്ചു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സുബ്രഹ്മണ്യം ചന്ദ്രശേഖരുടെ വിധി സാഹയ്‌ക്കും വന്നുകൂടായ്‌കയില്ലായിരുന്നു. (വെളുത്തകുള്ളന്‍മാരെ (white dwarf)പ്പറ്റിയും നക്ഷത്രങ്ങളുടെ അന്ത്യത്തെക്കുറിച്ചും ചന്ദ്രശേഖര്‍ നടത്തിയ സുപ്രധാന കണ്ടെത്തല്‍ എഡിങ്‌ടണ്‍ എതിര്‍ത്തതുകൊണ്ടു മാത്രം ശാസ്‌ത്രലോകം അംഗീകരിക്കാന്‍ നാലു പതിറ്റാണ്ടെടുത്തു എന്നകാര്യം ഓര്‍ക്കുക. അതുകൊണ്ടു മാത്രം റേഡിയോ അസ്‌ട്രോണമിയുടെ വളര്‍ച്ച 40 വര്‍ഷം തടയപ്പെട്ടു എന്നത്‌ ശാസ്‌ത്രചരിത്രം).

പ്രസിദ്ധ ശാസ്‌ത്രജ്ഞന്‍ ജയന്ത്‌ വി.നര്‍ലിക്കറുടെ അഭിപ്രായത്തില്‍, ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും മഹത്തായ പത്ത്‌ ശാസ്‌ത്രമുന്നേറ്റങ്ങളിലൊന്നാണ്‌ സാഹയുടെ കണ്ടെത്തല്‍; നോബല്‍ പുരസ്‌കാരത്തിന്‌ യോഗ്യമായ ഒന്ന്‌. എന്നാല്‍, സത്യേന്ദ്രനാഥ ബോസിനെപ്പോലെ, എല്ലാ ആര്‍ഹതയുമുണ്ടായിട്ടും, സാഹയ്‌ക്കും ആ ബഹുമതി ലഭിച്ചില്ല. അസ്‌ട്രോഫിസിക്‌സില്‍ മാത്രമല്ല സാഹ തന്റെ പ്രാവിണ്യം തെളിയിച്ചത്‌, സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ ശാസ്‌ത്രഗവേഷണമേഖലയുടെ വളര്‍ച്ചയ്‌ക്കും കാതലായ സംഭാവന അദ്ദേഹം നല്‍കി. ശാസ്‌ത്രജ്ഞനെന്നാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ജനകീയ പ്രശ്‌നങ്ങളിലും നിന്ന്‌ മാറിനില്‍ക്കേണ്ടവനല്ല എന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ തെളിയിക്കുകയും ചെയ്‌തു അദ്ദേഹം. ഇല്ലായ്‌മയുടെ ദുരിതപര്‍വം കടന്ന്‌ ശാസ്‌ത്രത്തിന്റെ ഉന്നതസരണിയിലെത്തിയപ്പോഴും, താന്‍ ഉള്‍പ്പെടുന്ന സമൂഹത്തെ അദ്ദേഹം മറന്നില്ല. ശാസ്‌ത്രജ്ഞന്‍ നല്ലൊരു സാമൂഹ്യജീവി കൂടിയാകണം എന്നാണ്‌ സാഹ തന്റെ ജീവിതം കൊണ്ട്‌ തെളിയിച്ചത്‌.

ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ശിവതരാളി ഗ്രാമത്തില്‍ (ധാക്ക ജില്ല), ചെറിയൊരു പീടികക്കാരനായ ജഗന്നാഥ്‌ സാഹയുടെ മകനായി 1893 ഒക്‌ടോബര്‍ ആറിന്‌ മേഘനാഥ്‌ സാഹ ജനിച്ചു. മക്കളില്‍ അഞ്ചാമന്‍. ദാരിദ്ര്യം നിറഞ്ഞ ബാല്യം. സ്‌കോളര്‍ഷിപ്പും സൗമനസ്സുകളുടെ സഹായവുമായിരുന്നു പഠനത്തിന്‌ ആധാരം. 1905-ല്‍ ധാക്ക കൊളീജിയേറ്റ്‌ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും, സ്വദേശിപ്രസ്ഥാനത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പ്‌ റദ്ദാക്കപ്പെട്ടു, സ്‌കൂളില്‍നിന്ന്‌ പുറത്തു പോകേണ്ടിയും വന്നു. പിന്നീട്‌ കിഷോരിലാല്‍ ജൂബിലി സ്‌കൂളില്‍ ചേര്‍ന്നാണ്‌ ആദ്യകാല പഠനം പൂര്‍ത്തിയാക്കിയത്‌. 1911-ല്‍ കൊല്‍ക്കത്തയിലെത്തി പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. സര്‍ ജെ.സി.ബോസ്‌, സര്‍ ആചാര്യ പി.സി.റോയ്‌, പ്രൊഫ. ഡി.എന്‍.മല്ലിക്‌ തുടങ്ങിയ പ്രഗത്ഭമതികളാണ്‌ ആ വിദ്യാര്‍ത്ഥിയെ ശാസ്‌ത്രത്തിന്റെ വിശാലലോകത്തേക്ക്‌ ആനയിച്ചത്‌.

ഗണിതശാസ്‌ത്രമാണ്‌ പഠിച്ചതെങ്കിലും, ഭൗതീകശാസ്‌ത്ര പ്രൊഫസറായിരുന്ന പി.സി.റോയിയുടെ സ്വാധീനം സാഹയുടെ ഗതി തിരിച്ചുവിട്ടു. പി.സി.റോയിയുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായും സഹായിയുമായി സാഹ മാറി. ഗണിതശാസ്‌ത്രത്തില്‍ ഓണേഴ്‌സ്‌ ബിരുദം നേടിയ സാഹയെ, 1916-ല്‍ കല്‍ക്കത്ത സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ അഷുതോഷ്‌ മുഖര്‍ജി, കൊല്‍ക്കത്തയില്‍ പുതിയതായി നിലവില്‍വന്ന കോളേജ്‌ ഓഫ്‌ സയന്‍സിലെ 'ഫിസിക്‌സ്‌ ആന്‍ഡ്‌ മിക്‌സഡ്‌ മാത്തമാറ്റിക്‌സ്‌' വകുപ്പില്‍ ലക്‌ചററായി നിയമിച്ചു. സത്യേന്ദ്രനാഥ ബോസും 1917-ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അധ്യാപകനായി. അധ്യാപനം കൂടാതെ മറ്റെന്തെങ്കിലും കാര്യമായി ചെയ്യണമെന്ന ബോസിന്റെയും സാഹയുടെയും ഉറച്ച തീരുമാനം അവരെയെത്തിച്ചത്‌, ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്റെയും മാക്‌സ്‌ പ്ലാങ്കിന്റെയുമൊക്കെ ശാസ്‌ത്ര പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്യുന്നതിലേക്കാണ്‌. അങ്ങനെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പേരില്‍ ഐന്‍സ്റ്റയിന്‍ അത്ര പ്രശസ്‌തനാകും മുമ്പു തന്നെ സാഹയും ബോസുമൊക്കെ അദ്ദേഹത്തിന്റെ ആരാധകരായി.

1918-ലായിരുന്നു സാഹയുടെ വിവാഹം. രാധികാ റാണിയായിരുന്നു വധു. അതിനടുത്ത വര്‍ഷം അദ്ദേഹത്തിന്‌ ഗവേഷണ ബിരുദം ലഭിച്ചു. ആ വര്‍ഷമാണ്‌ 'Selective Radiation Pressure and its Application to the Problems of Astrophysics' എന്ന പ്രബന്ധം സാഹ രചിച്ചത്‌. അസ്‌ട്രോഫിസിക്‌സിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തെ ഇത്‌ കുറിക്കുന്നു. രണ്ടു സ്‌കോളര്‍ഷിപ്പുകളുടെ പിന്തുണയോടെ 1920-ല്‍ സാഹ വിദേശത്തേക്ക്‌ പുറപ്പെട്ടു. ലണ്ടനില്‍ ഇംപീരിയല്‍ കോളേജില്‍ പ്രൊഫ. ആല്‍ഫ്രഡ്‌ ഫൗളറുടെ കീഴില്‍ കുറച്ചു നാള്‍ ഗവേഷണം നടത്തി. അവിടെവെച്ചാണ്‌ തന്റെ ഏറ്റവും പ്രശസ്‌തമായ 'Thermal Ionisation of Gases' എന്ന പ്രബന്ധം തയ്യാറാക്കുന്നത്‌. നക്ഷത്രങ്ങളിലെ താപഅയണീകരണത്തിന്‌ സുവ്യക്തമായ വിശദീകരണമായിരുന്ന സാഹയുടെ സിദ്ധാന്തം.'ഫിലോസഫിക്കല്‍ മാഗസിനി'ല്‍ ആ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു.

ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി ഒബ്‌സര്‍വേറ്ററിയിലെ സര്‍ ലോക്കിയറും പ്രൊഫ.പിക്കെറിങും ചേര്‍ന്ന്‌ രണ്ടുലക്ഷത്തോളം നക്ഷത്രങ്ങളെ നിരീക്ഷിച്ചു കണ്ടെത്തിയ വിവരങ്ങള്‍ക്ക്‌ കൃത്യമായ വിശദീകരണം നല്‍കാന്‍ സാഹയുടെ സിദ്ധാന്തം സഹായിച്ചു. അങ്ങനെ ആ സിദ്ധാന്തം അസ്‌ട്രോഫിസിക്‌സില്‍ വഴിത്തിരിവായി. തന്റെ സിദ്ധാന്തം പരീക്ഷണം വഴി പരിശോധിക്കാനായി 1921-ല്‍ സാഹ ബെര്‍ലിനില്‍ പ്രൊഫ. ഡ്‌ബ്ല്യു.നെണ്‍സ്റ്റിന്റെ ലബോറട്ടറിയിലെത്തി. ഐന്‍സ്റ്റയിനുമായി പരിചയപ്പെടാനും അവിടെവെച്ച്‌ അദ്ദേഹത്തിന്‌ സാധിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ സാഹ തിരികെയെത്തിയെങ്കിലും, തന്റെ സിദ്ധാന്തം തെളിയിക്കാനാവശ്യമായ പരീക്ഷണത്തിന്‌ ഒരു ലബോറട്ടറി അവിടെ സ്ഥാപിക്കാന്‍ ശ്രമിച്ച പരാജയപ്പെട്ട അദ്ദേഹം 1923-ല്‍ അലഹബാദ്‌ സര്‍വകലാശാലയില്‍ ഭൗതീകശാസ്‌ത്ര പ്രൊഫസറായി ചേര്‍ന്നു. 1938 വരെ അവിടെ തുടര്‍ന്നു.

അതിനിടെ, സാഹയുടെ സിദ്ധാന്തത്തെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പ്രിന്‍സെറ്റന്‍ സര്‍വകലാശാലയിലെ പ്രശസ്‌ത അസ്‌ട്രോഫിസിസ്റ്റ്‌ ഹെന്‍ട്രി നോറിസ്‌ റസ്സലായിരുന്നു അതില്‍ പ്രമുഖന്‍. (സാഹയുടെ സമവാക്യമുപയോഗിച്ചാണ്‌ സൂര്യനിലെ ഹൈഡ്രജന്റെ അളവ്‌ 1929-ല്‍ റസ്സല്‍ കണക്കാക്കിയത്‌; കണക്കുകൂട്ടല്‍ പൂര്‍ണമായി ശരിയായില്ലെങ്കിലും). കേംബ്രിഡ്‌ജിലെ ഗവേഷണവിദ്യാര്‍ത്ഥികളായിരുന്ന ആര്‍.എച്ച്‌.ഫൗളറും ഇ.എ.മില്‍നെയും ചേര്‍ന്ന്‌ സാഹയുടെ സിദ്ധാന്തത്തെ കുറച്ചു കൂടി പരിഷ്‌ക്കരിക്കുകയും, അതിന്‌ പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു.(സൂര്യന്റെ വികിരണമര്‍ദ്ദവും ഗുരുത്വാകര്‍ഷണബലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സാഹ തയ്യാറാക്കി 'നേച്ചര്‍' വാരികയ്‌ക്ക്‌ അയച്ചു കൊടുത്ത കുറിപ്പുപയോഗിച്ച്‌ മില്‍നെ സ്വന്തം പേരില്‍ സിദ്ധാന്തം രൂപപ്പെടുത്തിയതായി ആരോപണമുണ്ട്‌). ആല്‍ഫ്രഡ്‌ ഫൗളറാണ്‌ 1925-ല്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പിന്‌ സാഹയുടെ പേര്‌ ശുപാര്‍ശ ചെയ്യുന്നത്‌. 1927-ല്‍ അദ്ദേഹത്തിന്‌ ഫെലോഷിപ്പ്‌ ലഭിച്ചു. അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ്‌ ഫ്രാന്‍സിന്റെ ആയുഷ്‌കാല അംഗത്വവും സാഹയ്‌ക്കു ലഭിച്ചു.

അലഹബാദ്‌ സര്‍വകലാശാലയില്‍ ചേര്‍ന്ന ശേഷവും ഈടുറ്റ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ സാഹ പ്രസിദ്ധീകരിച്ചു. 1938 വരെ അദ്ദേഹം അലഹബാദില്‍ തുടര്‍ന്നു. ആ ഒന്നര പതിറ്റാണ്ട്‌ കാലംകൊണ്ട്‌, സഹപ്രവര്‍ത്തകരുടെ സഹായത്തോടെ വളരെ സജീവമായ ഒരു ഗവേഷണകേന്ദ്രം അദ്ദേഹം അവിടെ രൂപപ്പെടുത്തി. ഗവേഷണാര്‍ത്ഥമുള്ള ആവശ്യങ്ങള്‍ക്ക്‌ മാത്രമല്ല, ആവശ്യത്തിന്‌ ഫണ്ട്‌ ലഭിക്കാനും ഗവേഷണ സംരംഭങ്ങള്‍ക്ക്‌ ബഹുജന പിന്തുണ ആര്‍ജ്ജിക്കാനുമായി ശാസ്‌ത്രസമൂഹത്തെ സംഘടിപ്പിക്കാനും സാഹ മുന്‍കൈയെടുത്തു. 'ഇന്ത്യന്‍ സയന്‍സ്‌ അക്കാദമി' രൂപവത്‌ക്കരിക്കാനുള്ള നിര്‍ദ്ദേശം സാഹയാണ്‌ മുന്നുട്ടുവച്ചത്‌; 1934-ല്‍. ദേശീയ ഗവേഷണ കമ്മറ്റിക്കു രൂപംനല്‍കാനും അതില്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാനും സയന്‍സ്‌ അക്കാദമി സര്‍ക്കാരിനെ പ്രേരിപ്പിക്കണമെന്നും സാഹ നിര്‍ദ്ദേശിച്ചു. കൊല്‍ക്കത്ത കേന്ദ്രമാക്കി 1935-ല്‍ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ സയന്‍സസ്‌ ഓഫ്‌ ഇന്ത്യ' രൂപവത്‌ക്കരിക്കപ്പെടാന്‍ സാഹയുടെ പ്രയത്‌നം സഹായിച്ചു.(പിന്നീടത്‌ 'ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി'യെന്ന്‌ പുനര്‍നാമകരണം ചെയ്യുകയും, ന്യൂഡല്‍ഹിയിലേക്ക്‌ ആസ്ഥാനം മാറ്റുകയും ചെയ്‌തു).

അതിനിടെ, മറ്റ്‌ രണ്ട്‌ ശാസ്‌ത്രസംഘനകളുടെ പിറവിക്കും സാഹ മുന്‍കൈയെടുത്തു-ഇന്ത്യന്‍ ഫിസിക്കല്‍ സൊസൈറ്റി (1933), ഇന്ത്യന്‍ സയന്‍സ്‌ ന്യൂസ്‌ അസോസിയേഷന്‍(1935) എന്നിവ. ആ ന്യൂസ്‌ അസോസിയേഷനാണ്‌ മുപ്പതുകളുടെ പകുതി മുതല്‍ 'സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍' എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്നത്‌. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ്‌ അത്‌ ചര്‍ച്ച ചെയ്‌തിരുന്നത്‌. ദേശീയ ആസൂത്രണ പ്രക്രിയയില്‍ ശാസ്‌ത്രത്തിന്റെ സാധ്യതകള്‍ കണക്കിലെടുക്കണമെന്ന്‌ സാഹ നിര്‍ദ്ദേശിച്ചു. ദേശീയനിര്‍മാണ പ്രക്രിയയില്‍ ശാസ്‌ത്രസാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്ന്‌ സുഭാഷ്‌ ചന്ദ്രബോസ്‌ (പ്രസിഡന്‍സി കോളേജില്‍ ബോസ്‌, സാഹയുടെ ജൂനിയര്‍ ആയിരുന്നു) 1930-ലെ പ്രശസ്‌തമായ 'ലണ്ടന്‍ തീസിസി'ല്‍ പറഞ്ഞകാര്യം സാഹ ചൂണ്ടിക്കാട്ടി. 1938-ല്‍ ജവഹര്‍ലാല്‍ നെഹൃവിന്റെ അധ്യക്ഷതയില്‍ ദേശീയ ആസൂത്രണകമ്മറ്റി നിലവില്‍ വന്നപ്പോള്‍ സാഹ അതിലെ പ്രമുഖ അംഗമായി.

1938-ല്‍ സാഹ കല്‍ക്കത്ത സര്‍വകലാശാലയില്‍ വീണ്ടുമെത്തി; പാലിറ്റ്‌ പ്രൊഫസര്‍ പദവിയില്‍. 1953 വരെ അവിടെ തുടര്‍ന്നു. ആണവഗവേഷണത്തിന്റെ സാധ്യത മനസിലാക്കി ഇന്ത്യയില്‍ ആദ്യമായി ആ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്‌ സാഹയാണ്‌. അദ്ദേഹം മുന്‍കൈയെടുത്ത്‌ 1948-ല്‍ കൊല്‍ക്കത്തയില്‍ 'ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്‌' എന്ന ഗവേഷണ സ്ഥാപനം ആരംഭിച്ചു. സാഹയുടെ മരണശേഷം ആ സ്ഥാപനം 'സാഹ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്‌' എന്നറിയപ്പെട്ടു. അതിനിടെ, രാജ്യത്ത്‌ 'ആണവോര്‍ജ കമ്മീഷന്‍' സ്ഥാപിക്കണം എന്ന്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞനായ ഹോമി ഭാഭ നിര്‍ദ്ദേശിച്ചതിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ 1948-ല്‍ സാഹയോട്‌ വിശദീകരണം ചോദിച്ചു. അതിന്‌ സമയമായിട്ടില്ല എന്നായിരുന്ന സാഹയുടെ അഭിപ്രായം. രാജ്യത്തിന്‌ സ്വാതന്ത്ര്യം ലഭിച്ചതേയുള്ളൂ. ആണവോര്‍ജ കമ്മീഷന്‍ പോലൊന്ന്‌ പ്രവര്‍ത്തിക്കാനാവശ്യമായ പശ്ചാത്തല സൗകര്യവും വാണിജ്യസംവിധാനവും രാജ്യത്ത്‌ നിലവിലില്ല എന്ന്‌ അദ്ദേഹം പറഞ്ഞു. സാഹയുടെ അഭിപ്രായം അവഗണിച്ച്‌ സര്‍ക്കാര്‍ മുന്നോട്ടു പോയി. നെഹൃവുമായി സാഹ അകലാനാരംഭിക്കുന്നത്‌ അങ്ങനെയാണ്‌.

എങ്കിലും, സാഹ തന്റെ ജേര്‍ണലിലൂടെ മുന്നോട്ടു വെച്ച പല സംഗതികള്‍ക്കും ദേശീയ രാഷ്ട്രീയഅജണ്ടയില്‍ സ്ഥാനം നേടാനായി. പ്രളയവും വരള്‍ച്ചയും നേരിനുള്ള ശ്രമങ്ങളിലും സാഹയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമായി. 'ദാമോദര്‍ വാലി' കോര്‍പ്പറേഷന്‍ സാഹയുടെ കൂടി ശ്രമഫലമായാണ്‌ നിലവില്‍ വന്നത്‌. രാഷ്ട്രീയ പ്രക്രിയയില്‍നിന്ന്‌ ഒരിക്കലും അദ്ദേഹം വിട്ടു നിന്നില്ല. 1947-ലെ വിഭജനത്തെ തുടര്‍ന്ന്‌ പലായനം ചെയ്‌ത ലക്ഷക്കണക്കിനാളുകളെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ സാഹ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. പുനരധിവാസ പ്രവര്‍ത്തനം ചിട്ടയോടെ നടത്താനായി 'ബംഗാള്‍ റിലീഫ്‌ കമ്മറ്റി'ക്ക്‌ രൂപംനല്‍കാന്‍ സാഹക്ക്‌ കഴിഞ്ഞു.

ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ട്‌ അധികാരികളിലെത്തിക്കാന്‍ ഏറ്റവു നല്ല വേദി നിയമനിര്‍മാണസഭകളാണെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം, 1951-ല്‍ രാഷ്ട്രീയത്തിലിറങ്ങി. സ്വതന്ത്രനായി പാര്‍ലമെന്റിലേക്ക്‌ മത്സരിച്ച സാഹ, എതിരാളിയായ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. 1954-ന്‌ ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. ജനപക്ഷത്തു തന്നെയാണ്‌ ശാസ്‌ത്രജ്ഞന്‍ നിലകൊള്ളേണ്ടതെന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ തെളിയിച്ച ആ പ്രതിഭ, 1956 ഫിബ്രവരി 16-ന്‌ അന്തരിച്ചു. ആസൂത്രണ കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു വിയോഗം. (കാണുക: എസ്‌.കെ.മിത്ര)

(ഈ പരമ്പരയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നവ കൂടാതെ, 'Banglapedia'-യില്‍ വന്ന മേഘനാഥ്‌ സാഹയുടെ ജീവചരിത്രം, ജയന്ത്‌ വി. നര്‍ലിക്കര്‍ രചിച്ച 'Scientific Edge: The Indian Scientist from Vedic to Modern Times', ആര്‍തര്‍ മില്ലറുടെ 'Empire of the Stars', Cambridge Dictionary of Scientists തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങളും ഈ ലേഖനരചനയ്‌ക്ക്‌ അവലംബിച്ചിട്ടുണ്ട്‌)

Monday, June 25, 2007

വരുന്നത്‌ പെരുമഴക്കാലം

ഇപ്പോഴത്തെ മഴ തന്നെ സഹിക്കാനാവുന്നില്ല. നാശത്തിന്റെയും ദുരിതത്തിന്റെയും പെരുമഴയാണ്‌ പെയ്യുന്നത്‌. ഓരോവര്‍ഷം കഴിയുന്തോറും മഴയുടെ സംഹാരശേഷി കൂടുകയും ചെയ്യുന്നു. വരുംവര്‍ഷങ്ങളില്‍ മഴയുടെ പ്രഹരശേഷി ഇനിയും വര്‍ധിക്കാന്‍ പോവുകയാണത്രെ-പുതിയൊരു ഗവേഷണം നല്‍കുന്ന മുന്നറിയിപ്പ്‌


ഭൂമിക്ക്‌ ചൂടുകൂടുകയാണ്‌. ആഗോളതാപനമാണ്‌ കാരണം. ചൂടുകൂടുന്നതിനൊപ്പം മഴയുടെ തോതും അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിക്കുകയാണത്രേ. ഭൂമുഖത്ത്‌ വരും വര്‍ഷങ്ങളില്‍ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും കെടുതി രൂക്ഷമാകാന്‍ ആഗോളതാപനം ഇടയാക്കും- പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയില്‍ കനത്ത മഴയുടെ തോത്‌ വര്‍ധിക്കുകയാണെന്നും വരുംനാളുകളില്‍ അത്‌ കൂടുതല്‍ വര്‍ധിക്കാനാണ്‌ സാധ്യതെയെന്നും കഴിഞ്ഞ ഡിസംബറില്‍ ഗവേഷകര്‍ പ്രവചിച്ചിരുന്നു. അതിന്‌ പിന്നാലെയാണ്‌ പുതിയ പഠനഫലം പുറത്തുവന്നിരിക്കുന്നത്‌.

ചൂടാകുന്നതിനൊപ്പം ഭൂമി കൂടുതല്‍ ആര്‍ദ്രമാകുകയും ചെയ്യുന്നു എന്നാണ്‌ പുതിയ ഗവേഷണം പുറത്തു കൊണ്ടുവന്നിട്ടുള്ള വിവരം. കാലിഫോര്‍ണിയയിലെ സാന്റ റോസയില്‍ 'റിമോട്ട്‌ സെന്‍സിങ്‌ സിസ്‌റ്റംസി'(RSS)ലെ ഫ്രന്‍ക്‌ വെന്റ്‌സും സംഘവും കഴിഞ്ഞ 20 വര്‍ഷത്തെ ഉപഗ്രഹവിവരങ്ങള്‍ വിശകലനം ചെയ്‌ത്‌, കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ നടത്തിയ പഠനമാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അന്തരീക്ഷതാപനിലയിലെ വര്‍ധന അതേപടി മഴയുടെ രൂക്ഷതയില്‍ പ്രതിഫലിക്കില്ല എന്നാണ്‌ മുമ്പ്‌ മിക്ക മാതൃകാപഠനങ്ങളും പറഞ്ഞിരുന്നത്‌. അത്തരം നിഗമനങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌ പുതിയ ഫലമെന്ന്‌, അടുത്തയിടെ 'സയന്‍സ്‌' മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

കാലാവസ്ഥ സംബന്ധിച്ച ഉപഗ്രഹവിവരങ്ങള്‍ ലഭ്യമായിത്തുടങ്ങിയത്‌ 1987-ലാണ്‌. അന്നു മുതലുള്ള ഉപഗ്രഹഡേറ്റയും, കാലവസ്ഥ സംബന്ധിച്ച്‌ നിലവിലുള്ള കമ്പ്യൂട്ടര്‍മാതൃകള്‍ നല്‍കുന്ന വിവരങ്ങളും താരതമ്യം ചെയ്‌തായിരുന്നു വെന്റ്‌സിന്റെയും സംഘത്തിന്റെയും പഠനം. അന്തരീക്ഷ ഊഷ്‌മാവിലെ വര്‍ധന കമ്പ്യൂട്ടറുകള്‍ ശരിയായി പ്രവചിച്ചു. എന്നാല്‍, അത്തരം മാതൃകകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത്‌ പ്രവചിക്കുന്നതില്‍ അത്ര കൃത്യത പാലിക്കുന്നില്ല എന്ന്‌ ഗവേഷകര്‍ കണ്ടു. അതുകൊണ്ടുതന്നെ നിലവിലുള്ള കമ്പ്യൂട്ടര്‍ മാതൃകകള്‍ മഴയുടെ രൂക്ഷത വര്‍ധിക്കുന്നത്‌ അത്ര കൃത്യമായല്ല പ്രവചിക്കുന്നതെന്ന തീരുമാനത്തില്‍ ഗവേഷകര്‍ എത്തുകയായിരുന്നു.

മാതൃകാപഠനങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനയോ, ശാന്തസമുദ്രമേഖലയെ ചൂടുപിടിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസത്തെയോ മഴയുടെ രീതിയിലെ മാറ്റമോ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതില്‍ അത്ഭുതമില്ലെന്ന്‌ വെന്റ്‌സ്‌ പറയുന്നു. ആഗോളതാപനത്തിനാണ്‌ ഏറെ ശ്രദ്ധ നല്‍കപ്പെട്ടത്‌; അതാണ്‌ മറ്റ്‌ വസ്‌തുതകള്‍ വേണ്ടത്ര കണക്കാക്കപ്പെടാതെ പോയത്‌. എന്നാല്‍, പുതിയ പഠനം വ്യക്തമാക്കുന്നത്‌ താപനിലയും മഴയുടെ രൂക്ഷതയും ഒരേ തോതിലാണ്‌ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി വര്‍ധിക്കുന്നത്‌ എന്നാണ്‌. വരുംവര്‍ഷങ്ങളിലും ഈ പ്രവണത തുടരാനാണ്‌ സാധ്യതയത്രേ.

വെന്റ്‌സിന്റെയും സംഘത്തിന്റെയും പഠനത്തോട്‌ ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു ഗവേഷണഫലം കഴിഞ്ഞ ഡിസംബര്‍ ഒന്നിന്‌ 'സയന്‍സ്‌' വാരികയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയില്‍ കാലവര്‍ഷത്തിന്റെ കാഠിന്യം വര്‍ഷംതോറും വര്‍ധിക്കുകയാണെന്നും, മണ്‍സൂണ്‍ കെടുതികളുടെ രൂക്ഷത ഏറുന്നതിന്റെ സൂചനയാണ്‌ കാണുന്നതെന്നും ആ പഠനം മുന്നറിയിപ്പു നല്‍കിയിരുന്നു. 1951 മുതല്‍ ദിവസവുമുള്ള മഴയുടെ തോത്‌ പരിശോധിച്ചാണ്‌ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരിയോളജി'യിലെ ബി.എന്‍.ഗോസ്വാമിയും സംഘവും ഇക്കാര്യത്തില്‍ നിഗമനത്തിലെത്തിയത്‌.

മധ്യ ഇന്ത്യയിലെ 1803 കേന്ദ്രങ്ങളിലെ 1951 മുതല്‍ 2000 വരെയുള്ള വര്‍ഷപാതത്തിന്റെ തോത്‌ ഗോസ്വാമിയും സംഘവും പരിശോധിച്ചു. പത്തു സെന്റീമീറ്ററോ അതിലധികമോ മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം, 1951-ന്‌ ശേഷം ഓരോ പതിറ്റാണ്ടിലും പത്തുശതമാനം വീതം വര്‍ധിച്ചുവെന്ന്‌ പഠനത്തില്‍ വ്യക്തമായി. 15 സെന്റീമീറ്ററോ അതിലേറെയോ മഴപെയ്യുന്ന ദിവങ്ങളുടെ എണ്ണം ഇരട്ടിയായതായും കണ്ടു. ജൂണ്‍ മുതല്‍ സപ്‌തംബര്‍ വരെയുള്ള കാലത്ത്‌ മിതമായോ മെല്ലെയോ മഴ ലഭിക്കുന്ന ദിവസങ്ങള്‍ കുറയുന്നതായും പഠനത്തില്‍ തെളിഞ്ഞു.

മിതമായി മഴ പെയ്‌താലുള്ള ഗുണം വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടാകില്ല എന്നതാണ്‌. പേമാരിയാണ്‌ ഉണ്ടാകുന്നതെങ്കില്‍ ഇത്തരം കെടുകളുടെ രൂക്ഷത വര്‍ധിക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലവര്‍ഷക്കെടുതി ഒഴിയാബാധയായി മാറാന്‍ പോകുന്നു എന്നാണ്‌, വര്‍ഷപാതത്തിലെ വ്യതിയാനം നല്‍കുന്ന മുന്നറിയിപ്പെന്ന്‌ പുതിയ പഠനം പറയുന്നു. 2005-ല്‍ ജൂലായിലെ ഒറ്റ ദിവസം മുംബൈയെ ഗ്രസിച്ചത്‌ 94 സെന്റീമീറ്റര്‍ മഴയാണ്‌. കേരളത്തിലാകെ ഒരുവര്‍ഷം പെയ്യുന്നത്‌ 300 സെന്റീമീറ്റര്‍ മഴയാണ്‌. എന്നുവെച്ചാല്‍, കേളത്തില്‍ ഒരുവര്‍ഷം പെയ്യുന്ന മഴയുടെ ഏതാണ്‌ മൂന്നിലൊന്ന്‌ ഒറ്റദിവസം കൊണ്ട്‌ മുംബൈയെ അതിന്റെ ഏറ്റവും വലിയ ദുരിതത്തില്‍ പെടുത്തുകയായിരുന്നു.

മുംബൈയുടെ അനുഭവം ഭാവിയുടെ സൂചനയെന്നാണ്‌ മനസിലാക്കേണ്ടത്‌. ആഗോളതാപനം കാലാവസ്ഥയെ തകിടം മറിക്കുകയാണെന്നത്‌ സ്ഥിരീകരിക്കപ്പെട്ട വസ്‌തുതയാണ്‌. അതിന്റെ ഏറ്റവും വലിയ കെടുതി, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും രൂപത്തിലാവാം പ്രത്യക്ഷപ്പെടുന്നതെന്ന്‌ മുംബൈ സൂചന നല്‍കുന്നു. ആഗോളതാപനത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക ദരിദ്രരാഷ്ട്രങ്ങളും, ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നവരുമായിരിക്കുമെന്ന യു.എന്‍.റിപ്പോര്‍ട്ട്‌ പുറത്തു വന്നിട്ട്‌ രണ്ടുമാസം കഴിയുന്നതേയുള്ളു.(അവലംബം: സയന്‍സ്‌, നേച്ചര്‍ ഗവേഷണ വാരികകള്‍).

Saturday, June 23, 2007

സംസാരിക്കുന്ന കടലാസ്‌

സംസാരിക്കുന്ന ഗ്രീറ്റിങ്‌ കാര്‍ഡിനെക്കുറിച്ച്‌ സങ്കല്‍പ്പിച്ചു നോക്കൂ. ജന്മദിനത്തിന്‌ കിട്ടിയ കാര്‍ഡ്‌ കൈയിലെടുക്കുമ്പോള്‍ തന്നെ അതയച്ച സുഹൃത്തിന്റെ ശബ്ദത്തില്‍ ആശംസ കേള്‍ക്കാന്‍ കഴിഞ്ഞാലോ. സ്വയം സംസാരിക്കാന്‍ കഴിയുന്ന പരസ്യബോര്‍ഡുകളുടെ കാര്യമോ.

അസംഭാവ്യം എന്നു കരുതാവുന്ന ഇത്തരം സംഗതികള്‍ അധികം വൈകാതെ യാഥാര്‍ത്ഥ്യമായേക്കാം. സംസാരിക്കുന്ന ഒരിനം കടലാസിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ മിഡ്‌ സ്വീഡന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പ്രിന്റ്‌ ചെയ്‌തു ചേര്‍ത്തിട്ടുള്ള സ്‌പീക്കറുകള്‍ ആണ്‌ കടലാസിന്‌ 'സംസാരശേഷി' നല്‍കുക. റിക്കോര്‍ഡ്‌ ചെയ്‌ത ശബ്ദം സ്‌പര്‍ശിക്കുമ്പോള്‍ പുറത്തു വരാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്‌ത പരസ്യക്കടലാസാണ്‌ ഗവേഷകര്‍ രൂപപ്പെടുത്തിയത്‌. ഭാവിയില്‍ ഒട്ടേറെ ഉപയോഗങ്ങള്‍ ഈ ഉത്‌പന്നത്തിന്‌ കണ്ടെത്തനാകും എന്നാണ്‌ പ്രതീക്ഷ.

വൈദ്യുത ചാലകശേഷിയുള്ള മഷി കൊണ്ട്‌ എഴുതിയിട്ടുള്ള കടലാസാണത്‌. മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അതിനോട്‌ പ്രതികരിക്കാന്‍ മഷിക്കു കഴിയും. "ബീച്ചിന്റെ ചിത്രമുള്ള കാര്‍ഡില്‍ നിങ്ങളുടെ കൈ പതിയുമ്പോള്‍ ആ ബീച്ചിനെക്കുറിച്ചുള്ള ശബ്ദവിവരണം കേള്‍ക്കാന്‍ കഴിയും"-ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ മൈക്കല്‍ ഗ്യുല്ലിക്‌സന്‍ പറഞ്ഞു. പായ്‌ക്ക്‌ ചെയ്യാന്‍ ഇത്തരം കടലാസ്‌ ഉപയോഗിച്ചാല്‍, പാക്കറ്റ്‌ കൈയിലെടുക്കുമ്പോള്‍ തന്നെ കടലാസ്‌ പറഞ്ഞു തരും അകത്തെ ഉത്‌പന്നത്തിന്റെ വിശേഷങ്ങള്‍.

സിഗരറ്റ്‌ പാക്കറ്റായി ഈ കടലാസ്‌ ഉപയോഗിച്ചാല്‍, പുകവലിയുടെ ദൂഷ്യവശങ്ങളും നിയമപരമായ മുന്നറിയുപ്പുകളും പാക്കറ്റിന്‌ കേള്‍പ്പിക്കാനാകില്ലേ-ഗ്യുല്ലിക്‌സന്‍ ചോദിക്കുന്നു. ഇലക്ട്രോണിക്‌സ്‌ സംവിധാനങ്ങള്‍ സൂക്ഷ്‌മമായി ഘടിപ്പിച്ച ഡിജിറ്റല്‍ പേപ്പറാണ്‌ സംസാരിക്കുന്ന കടലാസിന്റെ അടിസ്ഥാനം. ചാലകശേഷിയുള്ള മഷി എഴുത്തിന്‌ ഉപയോഗിക്കുമ്പോള്‍ റിക്കോര്‍ഡ്‌ ചെയ്‌ത ശബ്ദഫയലുകള്‍ ഒരു സൂക്ഷ്‌മ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നു. ശൂന്യമായ രന്ധ്രത്തിന്‌ പുറത്തുള്ള കടലാസ്‌, സ്‌പീക്കറിലെ ഡയഫ്രമായി പ്രവര്‍ത്തിക്കും. ഇത്തരം സ്‌പീക്കറുകള്‍ കടലാസില്‍ പ്രിന്റ്‌ ചെയ്‌തു ചേര്‍ക്കുകയാണ്‌ ചെയ്യുക.

സംസാരിക്കുന്ന കടലാസിന്റെ അടിസ്ഥാനം ഈ ഡിജിറ്റല്‍ പേപ്പറാണ്‌. അത്‌ ബലമുള്ള കാര്‍ഡ്‌ബോര്‍ഡ്‌ ഷീറ്റിനും പരസ്യം അച്ചടിച്ചിട്ടുള്ള പേപ്പറിനും ഇടയിലാണ്‌ സ്ഥിതിചെയ്യുക. ഡോ. ഗ്യുല്ലിക്‌സനും സംഘവും രൂപപ്പെടുത്തിയ കടലാസ്‌ അല്‍പ്പം ചെലവേറിയതാണ്‌. അതുപയോഗിച്ച്‌ പരസ്യബോര്‍ഡുകളോ പാക്കറ്റ്‌ കടലാസുകളോ ഉണ്ടാക്കുക ലാഭകരമാവില്ല. എന്നാല്‍, കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി ഇതിന്റെ ചെലവ്‌ താങ്ങാവുന്ന നിലയ്‌ക്ക്‌ കൊണ്ടുവരാനാകും എന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.(കടപ്പാട്‌: ബിബിസി ന്യൂസ്‌)