Tuesday, June 05, 2007

ഓഫ്‌ലൈനിലും ഇനി ഒണ്‍ലൈന്‍

ചുവരില്ലാതെ ചിത്രമെഴുതാന്‍ കഴിയുമോ? ഇല്ലെന്ന സഹജമായ മറുപടി വരുംമുമ്പ്‌ പറഞ്ഞുകൊള്ളട്ടെ, വേണമെങ്കില്‍ അതും കഴിയും എന്ന്‌ തെളിയിക്കാന്‍ പോവുകയാണ്‌ ഇന്റര്‍നെറ്റ്‌ ഭീമനായ 'ഗൂഗിള്‍'. നെറ്റ്‌കണക്ഷന്‍ ഇല്ലാത്തപ്പോഴും (ഓഫ്‌ലൈനിലും) നെറ്റ്‌ പ്രയോഗങ്ങള്‍ സാധ്യമാക്കാന്‍ പോവുകയാണ്‌ ഗൂഗിള്‍! ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ പരിമിതി ഇല്ലാതാകാന്‍ പോകുന്നുവെന്നു സാരം.

-മെയില്‍, വേഡ്‌ പ്രോസസിങ്‌, കലണ്ടറുകള്‍, സ്‌പ്രെഡ്‌ഷീറ്റുകള്‍ തുടങ്ങി ഒട്ടേറെ പ്രയോഗങ്ങള്‍ (applications) നെറ്റ്‌ കണക്ഷനുണ്ടങ്കിലേ നടക്കൂ. ഇതാണ്‌ ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ പോരായ്‌മ. ഓഫ്‌ലൈനില്‍ ഈ പ്രയോഗങ്ങളൊക്കെ അസാധ്യം. എന്നാല്‍, ഓണ്‍ലൈന്‍ പ്രയോഗങ്ങള്‍ ഓഫ്‌ലൈനിലും സാധ്യമാക്കാന്‍ 'ഗൂഗിള്‍ ഗിയേഴ്‌സ്‌'(Google Gears) എന്ന പുതിയ സംവിധാനം സഹായിക്കും. വെബിനെ സംബന്ധിച്ചിടത്തോളം ഇത്‌ അര്‍ത്ഥവത്തായ മുന്നേറ്റമാണെന്ന്‌, ഫയര്‍ഫോക്‌സ്‌ ബ്രൗസറിന്‌ പിന്നിലുള്ള മോസില്ല കോര്‍പ്പറേഷന്റെ ചീഫ്‌ ടെക്‌നോളജി ഓഫീസര്‍ ബ്രെന്‍ഡാന്‍ ഈക്‌ പറയുന്നു.

അടുത്തയിടെ 'ഗ്ലോബല്‍ ഡവലപ്പര്‍ ഡേ'(global developer day) ആചരണത്തിലാണ്‌ പുതിയ ഉത്‌പന്നം ഗൂഗിള്‍ അവതരിപ്പിച്ചത്‌. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ്‌ തുടങ്ങിയ ബ്രൗസറുകള്‍ക്കുള്ള ഒരിനം 'ഓപ്പണ്‍സോഴ്‌സ്‌ സഹായികള്‍' (open source plug-in) ആയാണ്‌ ഗൂഗിള്‍ ഗിയേഴ്‌സ്‌ പ്രവര്‍ത്തിക്കുക. സാധാരണഗതിയില്‍ വെബ്‌ സെര്‍വറുകളില്‍ സംഭരിച്ചുവെക്കുന്ന ഓണ്‍ലൈന്‍ ഡേറ്റ, ഇനി മുതല്‍ കമ്പ്യൂട്ടറുകളില്‍ തന്നെ സൂക്ഷിക്കാനും വീണ്ടും ഘടിപ്പിക്കുമ്പോള്‍ നെറ്റുമായി താദാമ്യം പ്രാപിക്കാനും ഈ സംവിധാനം സഹായിക്കും.

"ഓണ്‍ലൈനും ഓഫ്‌ലൈനുമായി വേര്‍തിരിവില്ലാത്ത ഒരനുഭവം സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം"-ഗൂഗിള്‍ ഗിയേഴ്‌സ്‌ പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്ന എഞ്ചിനിയര്‍ ക്രിസ്‌ പ്രിന്‍സ്‌ പറഞ്ഞു. ഗ്ലോബല്‍ ഡവലപ്പര്‍ ഡേയുടെ ഭാഗമായി ലണ്ടനില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റ്‌ മഹത്തരമാണ്‌. പക്ഷേ, എല്ലായ്‌പ്പോഴും അതിലേക്ക്‌ പ്രവേശിക്കാന്‍ നമുക്ക്‌ കഴിയാറില്ല. ആ വിടവ്‌ നികത്താന്‍ ഈ സംവിധാനം സഹായിക്കും-ഗൂഗിളിലെ എഞ്ചിനിയറിങ്‌ വിഭാഗത്തിന്റെ വൈസ്‌ പ്രസിഡന്റ്‌ ജെഫ്‌ ഹ്യുബെര്‍ പറഞ്ഞു.

തുടക്കമെന്ന നിലയ്‌ക്ക്‌ ന്യൂസും ബ്ലോഗുകളും വായിക്കാന്‍ പാകത്തില്‍ ഗൂഗിളിന്റെ ആര്‍.എസ്‌.എസ്‌ (RSS) ഫീഡ്‌ റീഡര്‍ നെറ്റ്‌ബന്ധമില്ലാതെ പ്രവര്‍ത്തിക്കും. അതിനുശേഷം മറ്റ്‌ പ്രോഗ്രാമുകളെയും ഇതേപോലെ ഓഫ്‌ലൈനില്‍ ലഭ്യമാക്കാനാകുമെന്നാണ്‌ കമ്പനിയുടെ കണക്കു കൂട്ടല്‍. ഫയര്‍ഫോക്‌സ്‌, ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ തുടങ്ങിയ മിക്ക ബ്രൗസറുകളിലും ഗൂഗിള്‍ ഗിയേഴ്‌സ്‌ പ്രവര്‍ത്തിക്കും. സഫാരി, ഒപ്ര തുടങ്ങിയവയ്‌ക്ക്‌ യോജിക്കുന്ന വകഭേദങ്ങളും താമസിയാതെ രംഗത്തെത്തും.

ഓഫ്‌ലൈനില്‍ കമ്പ്യൂട്ടറിലെ പ്രവൃത്തികള്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ മൈക്രോസോഫ്‌ടിന്റെ കുത്തകയാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. മൈക്രോസോഫ്‌ടിന്റെ ഈ ആധിപത്യം ഒറ്റയടിക്ക്‌ തകര്‍ക്കുകയാണ്‌ പുതിയ സംവിധാനത്തിലൂടെ ഗൂഗിള്‍ എന്നു വിശ്വസിക്കുന്നവരുണ്ട്‌. ഐ.ടി.ലോകത്തെ ഈ ഭീമന്‍മാര്‍ തമ്മിലുള്ള മത്സരത്തിന്റെ പുതിയ മുഖമാണിതത്രേ.

'ഗൂഗിള്‍ മാപ്പ്‌ലെറ്റ്‌സ്‌ '(Google Mapplets) ആണ്‌ ഗൂഗിള്‍ കുടുംബത്തില്‍ നിന്ന്‌ പുറത്തു വരുന്ന പുതയ ഉത്‌പ്പന്നം. ഗൂഗിള്‍ മാപ്പുകളെ അതാത്‌ സ്ഥലത്തെ വാര്‍ത്തകളും കാലാവസ്ഥയും വീടുകളുടെ വിലയും കുറ്റകൃത്യങ്ങളുടെ കണക്കുമെല്ലാം ഉള്‍പ്പെടുത്തി നവീകരിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്‌. ഡേറ്റാക്ക്‌ ഭൂമിശാസ്‌ത്രപരമായി മികച്ച പ്രാതിനിധ്യം നല്‍കി അവതരിപ്പിക്കാന്‍ ഇത്‌ അവസരമൊരുക്കുന്നു. ഒരു 'ജിയോ-വെബ്‌'(geo-web) രൂപപ്പെടുത്തുകയാണ്‌ ഗൂഗിളിന്റെ ലക്ഷ്യമെന്ന്‌, ലണ്ടനിലെ സെമിനാറില്‍ കമ്പനിയുടെ വിദഗ്‌ധന്‍ എഡ്‌ പാര്‍സന്‍സ്‌ പറയുകയുണ്ടായി. അതിലേക്കുള്ള ചുവടുവെപ്പാണ്‌ 'ജിയോ-വെബ്‌'.(കടപ്പാട്‌: എ.എഫ്‌.പി, ബിബിസി ന്യൂസ്).

Sunday, June 03, 2007

മുറിവുണക്കാന്‍ 'സൂപ്പര്‍വെള്ളം'

വെള്ളംകൊണ്ട്‌ മുറിവുണക്കാന്‍ കഴിയുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. എന്തനുഗ്രഹമായിരിക്കും അതല്ലേ. ബാക്ടീരിയയും വൈറസുകളും പോലുള്ള സൂക്ഷ്‌മാണുക്കളെ കൊല്ലാന്‍ സഹായിക്കുന്നു ഒരിനം 'സൂപ്പര്‍വെള്ളം' രൂപപ്പെടുത്തിയിരിക്കുകയാണ്‌ അമേരിക്കയിലെ ഒരു സ്ഥാപനം. പ്രമേഹബാധിതരുടെ കാല്‍പാദങ്ങളിലും മറ്റുമുള്ള വ്രണങ്ങള്‍ ഭേദമാക്കാന്‍ ഈ വെള്ളത്തിന്‌ സാധിക്കുമെന്ന കാര്യം ലക്ഷക്കണക്കിനാളുകള്‍ക്ക്‌ പ്രീതീക്ഷ നല്‍കുന്നു.
ശക്തിയായി ഓക്‌സീകരിച്ച വെള്ളത്തിനാണ്‌ മുറിവുണക്കാന്‍ കഴിയുന്നതായി കണ്ടെത്തിയത്‌. വെള്ളത്തെ ലവണപാട(salt membrane) യിലൂടെ അരിച്ചാണ്‌ അതിനെ ഔഷധശേഷിയുള്ളതാക്കി മാറ്റുന്നത്‌. 'ഒകുലസ്‌'(Oculus) എന്ന കാലിഫോര്‍ണിയാ കമ്പനി രൂപപ്പെടുത്തിയ ഈ സൂപ്പര്‍വെള്ളം പ്രമേഹരോഗികളില്‍ പരീക്ഷിച്ചപ്പോള്‍ നല്ലഫലമാണ്‌ കിട്ടിയതെന്ന്‌ 'ന്യൂ സയന്റിസ്‌റ്റ്‌' വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പറയുന്നു.

ഈ വെള്ളത്തിന്‌ ഔഷധശേഷി നല്‍കുന്നത്‌ 'മൈക്രോസൈന്‍'(Microcyn) എന്ന ഓക്‌സിക്ലോറിന്‍ അയോണുകള്‍ (oxychlorine ions) ആണ്‌. ചാര്‍ജുള്ള തന്മാത്രകളോ ആറ്റങ്ങളോ ആണ്‌ അയോണുകള്‍. കോശഭിത്തികളിലൂടെ കടന്നു പോകാന്‍ ശേഷിയുള്ളവയാണിവ. അണുമുക്തമാക്കി ശുദ്ധീകരിച്ച വെള്ളം സോഡിയം ക്ലോറൈഡ്‌ (കറിയുപ്പ്‌) പാടയിലൂടെ കടത്തിവിടുമ്പോള്‍ അതില്‍ ഓക്‌സിക്ലോറിന്‍ അയോണുകള്‍ ഉണ്ടാകുന്നു. രോഗാണുക്കളെ മാത്രമേ ഈ വെള്ളം ആക്രമിക്കൂ, മനുഷ്യകോശങ്ങള്‍ക്ക്‌ ദോഷം ചെയ്യില്ല എന്ന പ്രത്യേകതയുമുണ്ട്‌.

പ്രമേഹരോഗികളുടെ ശരീരത്തിലെ, പ്രത്യേകിച്ചും കാല്‍പാദങ്ങളിലെ വ്രണങ്ങള്‍ ഭേദമാക്കുകയെന്നത്‌ ഇപ്പോഴും വലിയ പ്രശ്‌നമായി തുടരുകയാണ്‌. 15ശതമാനം പേരിലും കാല്‍മുറിച്ചു മാറ്റേണ്ട സ്ഥിതിയുണ്ടാകുന്നു. സൂപ്പര്‍വെള്ളമുപയോഗിച്ച്‌ ചികിത്സിച്ചപ്പോള്‍, പ്രമേഹരോഗികളുടെ വ്രണങ്ങള്‍ ഉണങ്ങാനുള്ള സമയം കുറഞ്ഞതായി കണ്ടു. സാധാരണ ചികിത്സകൊണ്ട്‌ വ്രണമുണങ്ങാന്‍ ശരാശരി 55 ദിവസം വേണ്ടിടത്ത്‌, സൂപ്പര്‍വെള്ളമുപയോഗിച്ചു ചികിത്സിച്ചപ്പോള്‍ ഇത്‌ 43 ദിവസമായതായി കണ്ടു.

ബ്ലീച്ചിങിനെ അതിജീവിക്കാന്‍ ശേഷി നേടിയ ബാക്ടീരിയയുടെ പത്ത്‌ വകഭേദങ്ങളെ ഈ വെള്ളത്തിന്‌ നശിപ്പിക്കാന്‍ കഴിയുമെന്ന്‌, അമേരിക്കയില്‍ ഇത്‌ പരീക്ഷച്ചപ്പോള്‍ വ്യക്തമായി. പ്രതീക്ഷനല്‍കുന്ന കണ്ടെത്തലാണ്‌ സൂപ്പര്‍വെള്ളത്തിന്റേതെന്ന്‌, ഇത്‌ ബ്രിട്ടനില്‍ ആദ്യം പരീക്ഷിച്ചവരില്‍ ഒരാളായ മാഞ്ചെസ്‌റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയിലെ പ്രൊഫ. ആന്‍ഡ്രു ബൗള്‍ട്ടന്‍ പറയുന്നു. മോന്റെ കാര്‍ലോയില്‍ അടുത്തയിടെ നടന്ന 'ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍' ബയോമെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച പരീക്ഷണഫലങ്ങള്‍ അവതരിപ്പിക്കപ്പെട്ടു (കടപ്പാട്‌: ന്യൂ സയന്റിസ്റ്റ്‌, ബിബിസി ന്യൂസ്‌, മാതൃഭൂമി)

Friday, June 01, 2007

ബുഷിന്റെ കലാവസ്ഥാനിര്‍ദ്ദേശം 'വിഷഗുളിക'യെന്ന്‌ ആരോപണം

ആഗോളതാപനം ചെറുക്കാന്‍ ലോകം ആശങ്കയോടെ ശ്രമം തുടങ്ങിയിട്ട്‌ ഒന്നര പതിറ്റാണ്ട്‌ കഴിയുന്നു. ഇക്കാലമത്രയും ആ ശ്രമങ്ങളോട്‌ പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു അമേരിക്ക. അമേരിക്കയുടെ ധിക്കാരപൂര്‍വമായ നിലപാട്‌ ലോകത്തെ സര്‍വനാശത്തിലേക്ക്‌ തള്ളിവിടുകയാണെന്ന്‌ ആരോപണവുമുയര്‍ന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം വലിയൊരു ഭീഷണിയാണെന്ന്‌ ജോര്‍ജ്‌ ബുഷിന്‌ പെട്ടന്നു ബോധോദയം വന്നിരിക്കുന്നു. അത്‌ ചെറുക്കാനുള്ള നേതൃത്വം സ്വയം ഏറ്റെടുക്കാന്‍ അമേരിക്ക മുന്നോട്ടുവരികയും ചെയ്‌തിരിക്കുന്നു

കാലാവസ്ഥാവ്യതിയാനം ചെറുക്കാന്‍ യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍, ഇക്കാര്യത്തിലുള്ള യു.എന്‍.ശ്രമങ്ങള്‍ അട്ടിമറിക്കാനുദ്ദേശിച്ചുള്ള 'വിഷഗുളിക'യാണെന്ന്‌ ആക്ഷേപം. ആഗോളതാപനം ചെറുക്കാനുള്ള യു.എന്‍.ശ്രമങ്ങള്‍ തടയുന്നതിനൊപ്പം യൂറോപ്യന്‍ നിലപാടിനെ അപായപ്പെടുത്താനും അമേരിക്കന്‍ നീക്കം കാരണമായേക്കാമെന്ന്‌ ആരോപിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച്‌ സുപ്രധാന ചര്‍ച്ചകള്‍ അടുത്തയാഴ്‌ച ജര്‍മനിയില്‍ സമ്പന്നരാഷ്ട്ര (ജി-എട്ട്‌) ഉച്ചകോടിയില്‍ നടക്കാനിരിക്കെയാണ്‌, ഈ മേഖലയിലാകെ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടുള്ള ബുഷിന്റെ പ്രഖ്യാപനം.

ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹവാതക വ്യാപനം കുറയ്‌ക്കാന്‍ 'പുതിയോരു ആഗോളചട്ടക്കൂടി'ന്‌ രൂപം നല്‍കാനുള്ള നിര്‍ദ്ദേശമാണ്‌ ബുഷ്‌ കഴിഞ്ഞ ദിവസം (മെയ്‌ 31) മുന്നോട്ടുവെച്ചത്‌. ഇക്കാര്യത്തിലുള്ള യു.എന്‍. ശ്രമങ്ങള്‍ക്ക്‌ പകരമായാണ്‌ ബുഷിന്റെ നിര്‍ദ്ദേശം. അടുത്ത വര്‍ഷം അവസാനത്തോടെ അമേരിക്കയും മറ്റ്‌ രാഷ്ട്രങ്ങളും ചേര്‍ന്ന്‌ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, ഇന്ത്യയും ചൈനയും ഉള്‍പ്പടെ ഏറ്റവുമധികം ഹരിതഗൃഹവാതകവ്യാപനം നടത്തുന്ന രാജ്യങ്ങളുടെ തുടര്‍ച്ചയായ യോഗങ്ങള്‍ അമേരിക്കന്‍ മേല്‍നോട്ടത്തില്‍ വിളിച്ചുചേര്‍ത്ത്‌ ലക്ഷ്യം കൈവരിക്കുക-ഇതാണ്‌ നിര്‍ദ്ദേശങ്ങളുടെ കാതല്‍.

ഹരിതഗൃഹവാതകവ്യാപനം 2050 ആകുമ്പോഴേക്കും പകുതിയായി കുറയ്‌ക്കാനുള്ള യൂറോപ്യന്‍ നിര്‍ദ്ദേശം അടുത്തയാഴ്‌ച ജി-എട്ട്‌ ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യാനിരിക്കുകയാണ്‌. ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീരുന്നതിനാല്‍ അതിന്‌ തുടര്‍ച്ചയായി ഏതുതരത്തിലുള്ള അന്താരാഷ്ട്ര സംവിധാനത്തിന്‌ രൂപം നല്‍കണം എന്നകാര്യം ലോകമാകെ ചര്‍ച്ചചെയ്യുന്ന സമയമാണിത്‌. ബാലിയില്‍ ഡിസംബറില്‍ നടക്കുന്ന യു.എന്‍.കാലാവസ്ഥാ സമ്മേളനത്തില്‍ ഇതിനുള്ള നടപടിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അന്തരീക്ഷതാപനിലയിലെ വര്‍ധന രണ്ടുഡിഗ്രി സെല്‍സിയസില്‍ പരിമിതപ്പെടുത്താന്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ കടുത്ത ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലുമാക്കിയിരിക്കുകയാണ്‌ ബുഷിന്റെ നിര്‍ദ്ദേശങ്ങള്‍.

ലോകത്ത്‌ ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യമാണ്‌ അമേരിക്ക. അന്തരീക്ഷത്തിലെ വാതകവ്യാപനത്തില്‍ കാല്‍ഭാഗത്തിനും അമേരിക്കയാണ്‌ ഉത്തരവാദി. എന്നാല്‍, പ്രസിഡന്റ്‌ ബുഷ്‌ അധികാരത്തിലെത്തി ആദ്യമെടുത്ത തീരുമാനം തന്നെ ക്യോട്ടോഉടമ്പടിയില്‍ നിന്ന്‌ അമേരിക്ക പിന്‍മാറുന്നു എന്നായിരുന്നു. അമേരിക്കയുടെ താത്‌പര്യങ്ങള്‍ക്ക്‌ ആ ഉടമ്പടി എതിരാണെന്ന്‌ ബുഷ്‌ ന്യായീകരിച്ചു. ആ പിന്തിരിപ്പന്‍ നിലപാട്‌ തന്നെയാണ്‌ ബുഷ്‌ഭരണകൂടം ഇപ്പോഴും പുലര്‍ത്തുന്നതെന്ന്‌ പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നതായി പരിസ്ഥിതി വിദഗ്‌ധര്‍ പറയുന്നു.

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പക്ഷേ, ബുഷിന്റെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്‌തു. ആഗോളതാപനത്തിന്റെ കാര്യത്തില്‍ അമേരിക്ക ആദ്യമായി താത്‌പര്യം കാട്ടുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്‌തു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ബുഷിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്‌തു. എന്നാല്‍, ഗ്രീന്‍പീസ്‌ പോലുള്ള അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകള്‍ ബുഷിന്റെ നിര്‍ദ്ദേശത്തെ 'വിഷമഗുളിക' എന്നാണ്‌ വിശേഷിപ്പിച്ചത്‌. അപകടകരമായ ഒരു തന്ത്രമാണ്‌ അമേരിക്കയുടേതെന്ന്‌ അവര്‍ കുറ്റപ്പെടുത്തുന്നു.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശ്രമങ്ങളില്‍ യു.എന്നിന്റെ നേതൃത്വം ചോദ്യംചെയ്യപ്പെടാന്‍ പാടില്ലെന്ന്‌, കാലാവസ്ഥാചര്‍ച്ചകളില്‍ ജര്‍മനിയെ പ്രതിനിധീകരിക്കുന്ന ബെര്‍ന്‌ഡ്‌ ഫഫെന്‍ബാക്‌ പറഞ്ഞു. ആഗോളതാപനം ചെറുക്കാനുള്ള ജി-എട്ട്‌ ശ്രമങ്ങളെയും യു.എന്‍.നീക്കങ്ങളെയും അപകടപ്പെടുത്താനുള്ള ശ്രമമാണ്‌ അമേരിക്കയുടേത്‌. കാലാവസ്ഥാചര്‍ച്ചകളുടെ നേതൃത്വം അമേരിക്ക ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിന്‌ സമമാണ്‌ പുതിയ നിര്‍ദ്ദേശങ്ങള്‍-അദ്ദേഹം പറഞ്ഞു. "ഒറ്റ നീക്കത്തിന്‌ നിങ്ങള്‍ യു.എന്നിനോട്‌ ഗുഡ്‌ ബൈ പറയുന്നു"-അദ്ദേഹം ഓര്‍മിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്‌ ഇക്കാര്യത്തില്‍ പുതിയ പ്രക്രിയ ആരംഭിക്കേണ്ട കാര്യമില്ല, കാരണം ഒന്നിവിടെ ഇപ്പോള്‍ തന്നെയുണ്ട്‌- ഗ്രീന്‍പീസിലെ ഡാനിയേല്‍ മിറ്റ്‌ലെര്‍ പറഞ്ഞു. ആഗോളതാപനം ചെറുക്കാനുള്ള യു.എന്‍.ശ്രമങ്ങളെ മെല്ലെയാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ ബുഷിന്റേത്‌- അദ്ദേഹം ആരോപിച്ചു.

രണ്ടു ഡിഗ്രി സെല്‍സിയസില്‍ ആഗോളതാപനില പരിമിതപ്പെടുത്തണമെന്നും, ഹരിതഗൃഹവാതകവ്യാപനം തടയാന്‍ നിയമപരമായി രാജ്യങ്ങളെ ബാധ്യതപ്പെടുത്തണമെന്നുമുള്ള യൂറോപ്യന്‍ നിര്‍ദ്ദേശങ്ങളെ അമേരിക്ക അനുകൂലിക്കുന്നില്ല. അതിനു പകരം സന്നദ്ധതയോടെ രാജ്യങ്ങള്‍ വാതകവ്യാപനം കുറയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്‌ ബുഷിന്റെ നിര്‍ദ്ദേശത്തിലുള്ളത്‌. ഇത്‌ അപ്രായോഗികമാണെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. (കടപ്പാട്‌: ഗാര്‍ഡിയന്‍).

Thursday, May 31, 2007

വിഷാദമകറ്റാന്‍ പുകവലി ഉപേക്ഷിക്കുക

ഇതുവരെ അറിവായ കാര്യങ്ങള്‍ കൊണ്ടൊന്നും പുകവലിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങള്‍ അവസാനിക്കുന്നില്ല. പുകവലിക്കാര്‍ക്ക്‌ കടുത്ത വിഷാദം ബാധിക്കാന്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതല്‍ സാധ്യതയെന്ന്‌ പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു

വിഷാദത്തിന്റെ പിടിയില്‍നിന്ന്‌ രക്ഷനേടാനും മനസ്സിനെ ഉണര്‍ത്താനും സിഗരറ്റ്‌ വലിച്ചാല്‍ മതിയെന്നു സമാധാനിക്കുന്നവര്‍ ഏറെയുണ്ട്‌. അത്തരക്കാര്‍ ഓര്‍ക്കുക കടുത്ത വിഷാദരോഗത്തിലേക്കും ഒരുപക്ഷേ, അതുവഴി ആത്മഹത്യയിലേക്കമാകാം നിങ്ങളുടെ പോക്ക്‌. ഈ രോഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന്‌ കരകയറാന്‍ പുകവലി പൂര്‍ണമായും ഉപേക്ഷിച്ചേ മതിയാവൂ-പുതിയൊരു പഠനം നല്‍കുന്ന മുന്നറിയിപ്പാണിത്‌. ഇതുവരെ അറിവായതു കൊണ്ടൊന്നും പുകവലിയുടെ ദൂഷ്യവശങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ്‌ ഈ പഠനം വ്യക്തമാക്കുന്നത്‌.

ഇരട്ടകളായ നാലായിരം പുരുഷന്മാരുടെയും അയ്യായിരം സ്‌ത്രീകളുടെയും പുകവലിശീലവും ആരോഗ്യപ്രശ്‌നങ്ങളും 15 വര്‍ഷം നിരീക്ഷിച്ചാണ്‌ ഫിന്നിഷ്‌ ഗവേഷകര്‍ തങ്ങളുടെ നിഗമനത്തിലെത്തിയത്‌. തുടര്‍ച്ചയായി പുകവലിക്കുന്നവര്‍ക്ക്‌, പുകവലിക്കാത്തവരെ അപേക്ഷിച്ച്‌ കടുത്ത വിഷാദരോഗം വരാന്‍ സാധ്യത കൂടുതലെന്നായിരുന്നു കണ്ടെത്തല്‍. പുകവലി നിര്‍ത്തുന്നവരില്‍ സമീപനാളുകളില്‍ വിഷാദത്തിന്റെ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, പിന്നീടവര്‍ രോഗത്തില്‍ നിന്ന്‌ പൂര്‍ണമായി മുക്തരാകുന്നതായി ഗവേഷകര്‍ കണ്ടു. ഹെല്‍സിങ്കി സര്‍വകലാശാലയിലെ പബ്ലിക്‌ ഹെല്‍ത്ത്‌ വിഭാഗമാണ്‌ പഠനം നടത്തിയത്‌.

'പരോക്ഷപുകവലി'(പാസീവ്‌ സ്‌മോക്കിങ്‌) ക്കെതിരെ ശക്തമായ താക്കീതുമായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ) ഇത്തവണ പുകയിലവിരുദ്ധദിനം (മെയ്‌ 31) ആചരിക്കുന്ന വേളയിലാണ്‌, പുകവലിയുടെ അറിയപ്പെടാത്ത മറ്റൊരു ദുരന്തഫലം പുറത്തുവന്നിരിക്കുന്നത്‌. വീടുകളും ജോലിസ്ഥലങ്ങളും പൊതുസ്ഥലങ്ങളും നൂറുശതമാനം 'പുകവിമുക്തമാക്കാന്‍' നിയമം പാസാക്കാന്‍ ഡബ്ല്യു.എച്ച്‌.ഒ. ലോകരാഷ്ട്രങ്ങളോട്‌ ആവശ്യപ്പെടുന്നു. ലോകത്താകെയുള്ള കുട്ടികളില്‍ പകുതിപ്പേര്‍ (70 കോടി) മുതിര്‍ന്നവരുടെ പുകവലി മൂലം പരോക്ഷപുകവലിക്ക്‌ ഇരയാകുന്നു എന്നാണ്‌ കണക്ക്‌.

ലോകത്താകെ മരിക്കുന്ന പ്രായപൂര്‍ത്തിയായവരില്‍ പത്തുശതമാനം പേര്‍ക്കും അതു സംഭവിക്കുന്നത്‌, പുകവലിയുടെയോ പുകയില ഉപയോഗത്തിന്റെയോ ഫലമായാണെന്ന്‌ ഡബ്യു.എച്ച്‌.ഒ.പറയുന്നു. പ്രായപൂര്‍ത്തിയാ 54 ലക്ഷം പേരാണ്‌ ഇത്തരത്തില്‍ വര്‍ഷം തോറും മരിക്കുന്നത്‌. 2030 ആകുമ്പോഴേക്കും ഈ സംഖ്യ പ്രതിവര്‍ഷം 83 ലക്ഷമാകുമെന്നാണ്‌ മുന്നറിയിപ്പ്‌. യു.എന്നിനു കീഴിലെ അന്താരാഷ്ട്രതൊഴില്‍സംഘടന (ഐ.എല്‍.ഒ)യുടെ കണക്കു പ്രകാരം, ജോലിസ്ഥലത്തെ പരോക്ഷപുകവലി മൂലം വര്‍ഷംതോറും അകാലചരമമടയുന്ന തൊഴിലാളികളുടെ സംഖ്യ രണ്ടുലക്ഷമാണ്‌.

പരോക്ഷപുകവലി തടയുകയെന്നന്നത്‌ ഒരു നിരോധനത്തിന്റെ പ്രശ്‌നമല്ലെന്ന്‌, ഡബ്യു.എച്ച്‌.ഒ.യുടെ പുകയിലവിരുദ്ധ വിഭാഗം മേധാവി അര്‍മാന്‍ഡോ പെരൂഗ പറയുന്നു. എവിടെ പുകവലിക്കണം എവിടെ പാടില്ല എന്നുള്ള പൊതുസമൂഹത്തിന്റെ തീരുമാനമാണത്‌. ഇക്കാര്യത്തില്‍ വിജയകരമായ നടപടിയെടുത്ത രണ്ട്‌ പ്രദേശങ്ങള്‍ അയര്‍ലന്‍ഡും ഉറൂഗ്വായുമാണ്‌. അവയുടെ മാതൃക പിന്തുടരാനാണ്‌ ഈ ദിനത്തില്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നത്‌(അവലംബം: ഹെല്‍സിങ്കി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, ലോകാരോഗ്യസംഘടന, കടപ്പാട്‌: മാതൃഭൂമി).

Wednesday, May 30, 2007

സൗരയൂഥത്തിന്‌ വെളിയില്‍ 28 പുതിയ ഗ്രഹങ്ങള്‍

സൗരയൂഥത്തിന്‌ വെളിയില്‍ 28 പുതിയ ഗ്രഹങ്ങളെ ഗവേഷകര്‍ കണ്ടെത്തി. 'കാലിഫോര്‍ണിയ ആന്‍ഡ്‌ കാര്‍നെജി പ്ലാനെറ്റ്‌ സെര്‍ച്ച്‌ ടീം', 'ആംഗ്ലോ -ഓസ്‌ട്രേലിയന്‍ പ്ലാനെറ്റ്‌ സെര്‍ച്ച്‌' സംഘം എന്നിവയുടെ സംയുക്ത നിരീക്ഷണമാണ്‌ ഈ കണ്ടെത്തലിന്‌ പിന്നില്‍. പരാജയപ്പെട്ട്‌ തവിട്ടുകുള്ളന്‍മാരായി മാറിയ ഏഴു നക്ഷത്രങ്ങളെയും കണ്ടെത്തിയിട്ടുണ്ട്‌.

ഹൊണോലൂലുവില്‍ നടക്കുന്ന അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ്‌, പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പ്രസ്‌താവിക്കപ്പെട്ടത്‌. ഇതോടെ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ സംഖ്യ 236 ആയി. ആകെ 37 ഗോളാന്തരവസ്‌തുക്കളെയാണ്‌ ഗവേഷകര്‍ നിരീക്ഷിച്ചത്‌. അവയില്‍ 28 എണ്ണം ഗ്രഹങ്ങളും ഏഴെണ്ണം തവിട്ടുകുള്ളന്‍മാരും ആണ്‌. അവശേഷിക്കുന്ന രണ്ടെണ്ണം ഗ്രഹങ്ങളാണോ തവിട്ടുകുള്ളന്‍മാരാണോ എന്ന്‌ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

"എത്ര കൂടുതല്‍ നിരീക്ഷിക്കുന്നോ, അത്രയും കൂടുതല്‍ ഗ്രഹങ്ങളെ നമുക്ക്‌ കണ്ടെത്താന്‍ കഴിയും"-ആംഗ്ലോ-ഓസ്‌ട്രേലിയന്‍ പ്ലാനെറ്റ്‌ സെര്‍ച്ച്‌ സംഘത്തിന്റെ മേധാവിയും ന്യൂസൗത്ത്‌ വേല്‍സ്‌ സര്‍വകലാശാലയിലെ വാനശാസ്‌ത്രജ്ഞനുമായ പ്രൊഫ. ടിന്നെയ്‌ പറയുന്നു. സൗരയൂഥത്തിലേതു പോലെ, മാതൃനക്ഷത്രത്തെ ഒന്നിലേറെ ഗ്രഹങ്ങള്‍ ചുറ്റുംവിധമുള്ള നാല്‌ പുതിയ ഗ്രഹസംവിധാനങ്ങളും പുതിയ കണ്ടെത്തലില്‍ പെടുന്നു.

പക്ഷേ, പുതിയ ഗ്രഹങ്ങളിലൊന്നു പോലും ഭൂമിയെപ്പോലെ ചെറുതോ ജിവന്റെ നിലനില്‍പ്പിനെ പിന്തുണയ്‌ക്കാന്‍ ശേഷിയുള്ളതോ അല്ല. വ്യഴത്തെയോ അതിനെക്കാളേറെയോ വലിപ്പമുള്ള 'വാതകഭീമന്‍മാര്‍' ആണ്‌ പുതിയതായി കണ്ടെത്തിയവയെല്ലാം. കുറഞ്ഞത്‌ പതിനഞ്ച്‌ ശതമാനത്തോളം നക്ഷത്രങ്ങളെ ഇത്തരം വാതകഭീമന്‍മാര്‍ പ്രദിക്ഷണം വെയ്‌ക്കുന്നുണ്ടെന്ന്‌ കരുതാമെന്ന്‌ പ്രൊഫ. ടിന്നെയ്‌ പറയുന്നു.

ഭൂമിയില്‍ നിന്ന്‌ 20.5 പ്രകാശവര്‍ഷം അകലെ ലിബ്ര നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന 'ഗ്ലീസ്‌581' എന്ന നക്ഷത്രത്തെ ഭൂമിക്കു സമാനമായ ഒരു ഗ്രഹം ചുറ്റുന്നതായി അടുത്തയിടെ കണ്ടെത്തിയിരുന്നു. സൗരയൂഥത്തിന്‌ വെളിയില്‍ തിരിച്ചറിയുന്ന ഏറ്റവും ചെറിയ ഗ്രഹമായിരുന്നു അത്‌. അവിടെ ജലസാന്നിധ്യത്തിന്‌ സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പക്ഷേ, അത്തരം ചെറിയ ഗ്രഹങ്ങളൊന്നും പുതിയവയുടെ കൂട്ടത്തിലില്ല.(അവലംബം: കാലിഫോര്‍ണിയ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, ബിബിസി ന്യൂസ്‌)
കാണുക: സൗരയൂഥത്തിന്‌ വെളിയില്‍ ഒരു 'സൂപ്പര്‍ഭൂമി'