Monday, June 05, 2017

ജീവന്റെ പ്രാചീന അടയാളങ്ങള്‍

ഭൂമിയില്‍ ജീവന്റെ ഉത്ഭവം സംബന്ധിച്ച കണക്കുകളെയാകെ തെറ്റിക്കുകയാണ് പുതിയ ഫോസില്‍ തെളിവുകള്‍ 



ഭൂമി രൂപപ്പെട്ടിട്ട് 450 കോടി വര്‍ഷമായെന്ന് ഭൗമശാസ്ത്രജ്ഞര്‍ക്കറിയാം. എന്നാല്‍, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് എത്രകാലമായി? കൃത്യമായ ഉത്തരം ഇനിയും കിട്ടാത്ത ചോദ്യമാണിത്. ഏതാനും ആഴ്ച മുമ്പുവരെ ഈ ചോദ്യത്തിന്റെ ഉത്തരം 370 കോടി വര്‍ഷം എന്നായിരുന്നു. കാരണം, ഗ്രീന്‍ലന്‍ഡില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജിവികളടങ്ങിയ സ്‌ട്രോമറ്റോലൈറ്റ് ഫോസിലുകളുടെ പ്രായം അതായിരുന്നു. 

അടുത്തയിടെ കാനഡയില്‍ നിന്നും ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ രണ്ട് ജൈവഫോസിലുകള്‍, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് എത്രകാലമായി, ഇവിടെ സസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുതുക്കിയിരിക്കുന്നു. 

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകന്‍ മാത്യു ഡോഡും സംഘവും കാനഡയില്‍ വടക്കന്‍ ക്യുബക്കിലെ ഹഡ്‌സണ്‍ ബേ തീരത്തെ ശിലാഅടരുകളില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവികളുടെ ഫോസിലാണ് പുതിയ ഉത്തരം നല്‍കുന്നത്. ആ ജൈവഫോസിലിന്റെ പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണെന്ന് 'നേച്ചര്‍' ജേര്‍ണലില്‍  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നുവെച്ചാല്‍, ഭൂമിക്ക് വെറും 20 കോടി വര്‍ഷം മാത്രം പഴക്കമുള്ള സയമത്ത് സൂക്ഷ്മരൂപത്തിലാണെങ്കിലും ഇവിടെ ജീവന്‍ നിലനിന്നിരുന്നു എന്നര്‍ഥം. 

സമുദ്രാന്തര്‍ഭാഗത്ത് ചൂടുറവകള്‍ പ്രത്യക്ഷപ്പെടുന്ന വിള്ളലുകളില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ട്. അവയുമായി സാമ്യമുള്ളതാണ് കാനഡയിലെ ഫോസിലുകളില്‍ ഉള്ളവ. ഭൂമിയുണ്ടായി അധികം വൈകാതെ സമുദ്രാന്തര്‍ഭാഗത്തെ അത്തരം വിള്ളലുകളില്‍ ജീവന്റെ ആദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

അതേസമയം, മധ്യഇന്ത്യയില്‍ ചിത്രകൂട് പട്ടണത്തിന് സമീപത്തെ ശിലാപാളികളില്‍ നിന്നാണ് സ്വീഡിഷ് ഗവേഷക വിദ്യാര്‍ഥി തെരേസ്സ് സാള്‍സ്‌ടെഡ്ത് പ്രാചീന ആല്‍ഗെ ഫോസില്‍ തിരിച്ചറിഞ്ഞത്. ആ ഫോസിലിന്റെ പഴക്കം 160 കോടിയാണെന്ന് 'പ്ലോസ്' (PLOS) ജേര്‍ണലില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ സസ്യഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണിത്. കരുതിയതിലും 40 കോടി വര്‍ഷം മുമ്പ് ഇത്തരം ജീവരൂപങ്ങള്‍ ഭൂമുഖത്ത് നിലനിന്നിരുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം സൂചിപ്പിക്കുന്നത്. 



ഇത്രയും വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം, ഇതുപോലുള്ള പ്രാചീന ജീവരൂപങ്ങള്‍ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് കാണുന്നത് കോടിക്കണക്കിന് വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കുംപോലുള്ള അനുഭവമാകില്ലേ എന്ന്!  

ഈ ആഗ്രഹമുള്ളവരോട് പറയാനുള്ളത് ഇതാണ്: നിരാശ വേണ്ട, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വിജനതീരമായ ഷാര്‍ക്ക് ബേ വരെ പോകാന്‍ കഴിഞ്ഞാല്‍ മേല്‍സൂചിച്ച ടൈം ട്രാവല്‍ നിങ്ങള്‍ക്ക് നടത്താം. പ്രാചീനജീവരൂപങ്ങളെ ജീവനോടെ കാണാം. ഷാര്‍ക്ക് ബേയില്‍ ജീവനോടെയുള്ള സ്‌ട്രോമറ്റോലൈറ്റുകളുടെ (Stromatolites) പ്രായം 350 കോടി വര്‍ഷമാണ്. അവ രൂപപ്പെടുമ്പോള്‍ ഭൂമിക്ക് പ്രായം വെറും 100 കോടി വര്‍ഷം മാത്രമായിരുന്നു! 

ഷാര്‍ക്ക് ബേ തീരത്ത് അമൂല്യമായ ഈ ജീവരൂപങ്ങള്‍ നിലനില്‍ക്കുന്ന കാര്യം പുറംലോകമറിഞ്ഞിട്ട് അധികകാലമായിട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പില്‍ബാര എന്ന വിശാല വിജനമരുഭൂവില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ സ്‌ട്രോമറ്റോലൈറ്റുകളുടെ വലിയൊരു ഫോസില്‍ ശേഖരം ഭൗമശാസ്ത്രജ്ഞന്‍ സ്റ്റാന്‍ ഔരാമിക് കണ്ടെത്തുകയുണ്ടായി. 350 കോടി വര്‍ഷം പഴക്കമുള്ള അവ ഭൂമുഖത്ത് അക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ജൈവഫോസിലുകളായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് തിരികെ എത്താനായി കുറച്ച് ഫോസില്‍ സാമ്പിളുമെടുത്ത് ഔരാമിക് മടങ്ങി. തുടരന്വേഷണത്തിന് വീണ്ടും പില്‍ബാരയിലെത്തിയ ഔരാമികിനും സംഘത്തിനും പക്ഷേ, ആ ഫോസില്‍ ശേഖരം എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഇന്നും ഓസ്‌ട്രേലിയയുടെ വിജനവിശാലതയില്‍ അവ വീണ്ടും കണ്ടെത്തപ്പെടാനായി കാത്തുകിടപ്പാണ്!



എന്നാല്‍, 1954 ല്‍ പില്‍ബാരയ്ക്ക് സമീപ പ്രദേശത്ത് അത്ഭുതകരമായ മറ്റൊരു കണ്ടെത്തല്‍ ഗവേഷകര്‍ നടത്തി. ഷാര്‍ക്ക് ബേയില്‍ സ്‌ട്രോമറ്റോലൈറ്റുകള്‍ ഇപ്പോഴും ജീവനോടെയുണ്ട് എന്നായിരുന്നു ആ കണ്ടെത്തല്‍! പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ 12,500 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്തിന്റെ ഒരു കോണില്‍ ആരും ശ്രദ്ധിക്കാതെ ജീവനുള്ള സ്‌ട്രോമറ്റോലൈറ്റുകള്‍ അത്രകാലവും കഴിയുകയായിരുന്നു!

ഭൂമിയിലെ ജീവന്റെ പ്രാരംഭദശയിലുണ്ടായിരുന്ന ഏകകോശജീവികളായ 'സയനോബാക്ടീരിയ' (Cyanobacteria) ആണ് സ്‌ട്രോമറ്റോലൈറ്റുകളിലുള്ളത്. സ്‌ട്രോമറ്റോലൈറ്റുകളെ വിവരിക്കുക എളുപ്പമല്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബില്‍ ബ്രൈസണ്‍ തന്റെ ഓസ്‌ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under') കുറിക്കുന്നു. അവ 'വളരെ പ്രാചീനസ്വഭാവമുള്ളവയാണ്. പരലുകള്‍ പോലെ ക്രമമായ ആകൃതി അവയ്ക്കില്ല....തീരത്തിനടുത്തുള്ള സ്‌ട്രോമറ്റോലൈറ്റ് കൂട്ടങ്ങള്‍ ഏതോ പ്രാചീന അക്ഷരമാലകളെ ഓര്‍മിപ്പിക്കും. അതിനപ്പുറം വലിയ ചാണകക്കൂട്ടങ്ങള്‍ പോലെ, അല്ലെങ്കില്‍ ആശയക്കുഴപ്പം ബാധിച്ച ഒരു ആനയുടെ പിണ്ടംപോലെ കാണപ്പെടും. മിക്ക പുസ്തകങ്ങളും അവയെ ക്വാളിഫഌവര്‍ പോലുള്ള ഘടനകളെന്നാണ് വിവരിക്കുന്നത്. യഥാര്‍ഥത്തില്‍ അവ ആകൃതിയില്ലാത്ത കറുത്ത ഘടനകളാണ്, സവിശേഷ സ്വഭാവമോ ആകര്‍ഷണീയതയോ ഇല്ല'-ബ്രൈസണ്‍ വിവരിക്കുന്നു. 

പവിഴപ്പുറ്റുകള്‍ പോലെയാണ് സ്‌ട്രോമറ്റോലൈറ്റുകളും. ജീവനുള്ളത് അവയുടെ ബാഹ്യപ്രതലത്തിലാണ്. പോയ തലമുറകളുടെ ജഢശേഖരമാണ് ബാക്കി മുഴുവനും. ഏകകോശജീവികളായ സയനോബാക്ടീരിയയാണ് ബാഹ്യപ്രതലത്തില്‍ ജീവിക്കുന്നത്. ഓരോ സയനോബാക്ടീരിയയും ഒരു കാര്‍ബണ്‍ഡയോക്‌സയിഡ് തന്മാത്രയും സൂര്യനില്‍ നിന്ന് ചെറിയൊരളവ് ഊര്‍ജവും സ്വീകരിച്ചാണ് നിലനില്‍ക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായി വളരെ ചെറിയൊരളവ് ഓക്‌സിജന്‍ അവ പുറത്തുവിടും.

ഇതെത്ര നിസ്സാരമെന്ന് തോന്നാം. പക്ഷേ, നിസ്സാരമായ സ്‌ട്രോമറ്റോലൈറ്റുകള്‍ക്കും ലോകത്തെ മാറ്റാനാകും, ആവശ്യത്തിന് എണ്ണവും വേണ്ടത്ര സമയവും ഉണ്ടെങ്കില്‍. ഭൗമചരിത്രത്തില്‍ ഏതാണ്ട് 200 കോടിവര്‍ഷത്തോളം ഇവിടെയുണ്ടായിരുന്ന മുഖ്യജീവരൂപം ഇവയായിരുന്നു. ആ സമയംകൊണ്ട് അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സ്‌ട്രോമറ്റോലൈറ്റുകള്‍ക്ക് കഴിഞ്ഞു! ഭൂമിയില്‍ മറ്റ് സങ്കീര്‍ണ ജീവരൂപങ്ങള്‍ ഉടലെടുക്കാന്‍ വഴിയൊരുക്കിയത് അതാണ്. 

ഒന്നോര്‍ത്താല്‍, സ്‌ട്രോമറ്റോലൈറ്റുകളോട് നമ്മള്‍ ശരിക്കും കടപ്പെട്ടിരിക്കുന്നു! 

ചിത്രവിവരണം: 1.കാനഡയില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവിയുടെ ഫോസിലിന് പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണ്. ചിത്രം: റോയിട്ടേഴ്‌സ്; 2. ഇന്ത്യയില്‍ ചിത്രകൂടിന് സമീപത്തെ ശിലാഅടരുകളില്‍ കണ്ടെത്തിയ 160 കോടി വര്‍ഷം പഴക്കമുള്ള സസ്യഫോസില്‍. ചിത്രം കടപ്പാട്: സ്റ്റീഫന്‍ ബെന്‍ഗ്സ്റ്റണ്‍; 3.ഓസ്‌ട്രേലിയയില്‍ ഷാര്‍ക്ക് ബേയിലെ ജീവനുള്ള സ്‌ട്രോമറ്റോലൈറ്റുകള്‍. 350 കോടി വര്‍ഷം പഴക്കമുള്ള ജീവരൂപമാണിത്. ചിത്രം കടപ്പാട്: പോള്‍ ഹാരിസണ്‍/ വിക്കി കോമണ്‍സ്. 

- ജോസഫ് ആന്റണി

* മാതൃഭൂമി നഗരം പേജില്‍ 2017 മാര്‍ച്ച് 21ന് പ്രസിദ്ധീകരിച്ചത്

ചായമന്‍സ: ഒരു മെക്‌സിക്കന്‍ അപാരത

മനുഷ്യന്‍ കൃഷിയാരംഭിച്ച പ്രാചീനകേന്ദ്രങ്ങളിലൊന്നായ മെക്‌സിക്കോയില്‍ നിന്നാണ് ചായമന്‍സയുടെയും വരവ്. ഒരു കേരളീയ ഇലക്കറിയാകാന്‍ എല്ലാ യോഗ്യതയും മായന്‍മാരുടെ ഈ അത്ഭുതസസ്യത്തിനുണ്ട് 



'ഇതൊരു മെക്‌സിക്കന്‍ സസ്യമാണ്, പേര് ചായമന്‍സ. നല്ല സ്വാദുള്ള ഇലക്കറി, മികച്ച പോഷകഗുണവുമുണ്ട്. നമ്മുടെ നാട്ടിലും ഇത് നന്നായി വളരും'-ഒരുവര്‍ഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് ആ ചെടിയുടെ കമ്പ് കടലാസില്‍ പൊതിഞ്ഞ് ഏല്‍പ്പിക്കുമ്പോള്‍ അഡ്വ.ആര്‍.സജു എന്നോട് പറഞ്ഞു. 'അധികം വെള്ളക്കെട്ടില്ലാത്ത, വെയില്‍ കിട്ടുന്ന എവിടെ നട്ടാലും മതി. പ്രത്യേക പരിചരണം ആവശ്യമില്ല. കീടങ്ങള്‍ ആക്രമിക്കില്ല; അതുകൊണ്ട് കീടനാശിനിയുടെ ആവശ്യവുമില്ല'. 

പരിസ്ഥിപ്രവര്‍ത്തകനായ അഡ്വ. സജുവിന് ഒരു സുഹൃത്തുണ്ട്, ആയുര്‍വേദചികിത്സകനായ ഡോ.എം.ആര്‍.വിജയന്‍. 'ബോഡിട്രീ ഫൗണ്ടേഷന്റെ' സ്ഥാപകന്‍. വംശീയവൈദ്യത്തില്‍ തത്പരനായ അദ്ദേഹത്തിന് ഒരു സുഹൃത്ത് മുഖേനയാണ് ഈ മെക്‌സിക്കന്‍ സസ്യത്തിന്റെ തണ്ട് കിട്ടിയത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഈ ഇലക്കറി തികച്ചും സൗജന്യമായി കേരളമെങ്ങും പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അഡ്വ.സജുവും തിരുവനന്തപുരത്ത 'ശാന്തിഗ്രാം' പോലുള്ള സന്നദ്ധസംഘടനകളും. 

കുറ്റിച്ചെടിപോലെ വളരുന്ന സസ്യമാണ് ചായമന്‍സ, 'മരച്ചീര'യെന്നും പേരുണ്ട്. ചോളം ഉള്‍പ്പടെ ഒട്ടേറെ കാര്‍ഷികസസ്യങ്ങള്‍ പ്രാചീനമനുഷ്യന്‍ മെരുക്കിയെടുത്ത മെക്‌സിക്കോയില്‍ നിന്നാണ് ചായമന്‍സയുടെയും വരവ്. നൂറ്റാണ്ടുകളായി മധ്യഅമേരിക്കയിലെ മായന്‍ വര്‍ഗ്ഗക്കാര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പോഷകസമൃദ്ധമായ സസ്യമാണിത്. ജൈവവേലിയുണ്ടാക്കാനും അലങ്കാരസസ്യവുമൊക്കെയായി മെക്‌സിക്കോയില്‍ ഈ ചെടി ഉപയോഗിക്കുന്നു. 

ചായമന്‍സയുടെ ഇലകളാണ് കറിവെയ്ക്കുക. സാധാരണ ചീര പോലെ തോരന്‍വെയ്ക്കാം; ഉപ്പേരി, കട്‌ലറ്റ് അങ്ങനെ അനേകം വിഭവങ്ങളുമുണ്ടാക്കാം. ഒറ്റ കുഴപ്പമേയുള്ളൂ: വേവിക്കാതെ കഴിക്കരുത്. കപ്പയിലേതുപോലെ അല്‍പ്പം കട്ട് ചായാമന്‍സയിലുണ്ട്-ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം, അതുകൊണ്ടാകാം കീടങ്ങള്‍ ആക്രമിക്കാത്തത്. ചൂടാക്കുമ്പോള്‍ കട്ട് പോകും. അതിനാല്‍ പത്തുപതിനഞ്ച് മിനിറ്റ് നേരം വേവിച്ച് മാത്രമേ ചായമന്‍സ ഉപയോഗിക്കാവൂ. ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട. 

ഒരിക്കല്‍ ചായമന്‍സയുടെ സ്വാദറിഞ്ഞാല്‍ ആരും അതിനെ ഉപേക്ഷിക്കില്ലെന്ന് മാത്രമല്ല, ആ സസ്യത്തെപ്പറ്റി കൂടുതല്‍ അറിയാനും നട്ടുവളര്‍ത്താനും ശ്രമിക്കും. ഈ ലേഖകന്റേയും അനുഭവം മറിച്ചായിരുന്നില്ല. അങ്ങനെയാണ്, 'മായന്‍മാരുടെ അത്ഭുതസസ്യ'മെന്നറിയപ്പെടുന്ന അതിന്റെ ശാസ്ത്രീയനാമം Cnidoscolus aconitifolius ആണെന്നും, പോഷകഗുണത്തിന്റെ കാര്യത്തില്‍ നിലവിലുള്ള ഏത് ഇലക്കറിയെയും ചായമന്‍സ കടത്തിവെട്ടുമെന്നും മനസിലായത്. വിറ്റാമിന്‍ സി, ബീറ്റ-കരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബോഫ്‌ളേവിന്‍ എന്നിങ്ങനെയുള്ള പോഷകഘടകങ്ങള്‍ ചായമന്‍സയില്‍ മികച്ച രീതിയില്‍ അടങ്ങിയിരിക്കുന്നു. തുല്യതൂക്കം ഓറഞ്ചും ചായമന്‍സ ഇലകളുമെടുത്താല്‍, ഓറഞ്ചിലേതിനെക്കാള്‍ പത്തുമടങ്ങ് വിറ്റാമിന്‍ സി ചായമന്‍സയിലുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ചായമന്‍സയുടെ മികച്ച സ്വാദിന് കാരണം അതിലടങ്ങിയ പ്രോട്ടീനാണ്. 100 ഗ്രാം ചായമന്‍സയിലയില്‍ നിന്ന് ഒരു മുട്ടയില്‍ അടങ്ങിയ അത്രയും പ്രോട്ടീന്‍ ലഭിക്കും. 

ചായമന്‍സ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹവും രക്തസമ്മര്‍ദ്ദവും വിളര്‍ച്ചയും മുതല്‍ അസ്ഥിക്ഷയം വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശമനമേകാന്‍ സഹായിക്കും. മാത്രമല്ല, വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചായാമന്‍സ ഭക്ഷിക്കുന്നത് സഹായിക്കുമെന്ന്, 'മെഡിക്കല്‍ പ്ലാന്റ് റിസര്‍ച്ച് ജേര്‍ണല്‍' 2011 ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

ചായമന്‍സയുടെ തണ്ട് (കമ്പ്) മുറിച്ചാണ് നടുക. 'വരള്‍ച്ചയെ അതിജീവിക്കുന്ന ചെടിയാണിത്. നട്ടാല്‍ ആറ് മാസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. ഏതെങ്കിലും പ്രത്യേക സീസണില്‍ മാത്രമല്ല, വര്‍ഷം മുഴുക്കെ വിളവു കിട്ടും'-അഡ്വ.സജു അറിയിക്കുന്നു. നിലവില്‍ ഏതാണ്ട് 30,000 സസ്യയിനങ്ങളെ ഭക്ഷ്യാവശ്യത്തിന് മനുഷ്യന്‍ ആശ്രയിക്കുന്നു എന്നാണ് കണക്ക്. ചായമന്‍സ അതിലൊന്നാണ്.



സസ്യങ്ങളെ മെരുക്കി കൃഷിയാരംഭിച്ചതാണ് ആധുനികമനുഷ്യന്‍ നേടിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടയ്ക്കാണത് സംഭവിച്ചത്. നവശിലായുഗ വിപ്ലവത്തിന്റെ ഭാഗമായി ലോകത്ത് ഏഴിടങ്ങളില്‍-ചൈന, പശ്ചിമേഷ്യ, ന്യൂഗിനി, ആന്‍ഡീസ്, ആമസോണ്‍ തടം, മെക്‌സിക്കോ, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളില്‍-സ്വതന്ത്രമായ രീതിയില്‍ കൃഷി തുടങ്ങിയെന്നാണ് നിഗമനം. ശാസ്ത്രം ഇത്ര പുരോഗമിച്ചെങ്കിലും, ഇന്നും മനുഷ്യന്റെ കലോറി ആവശ്യത്തില്‍ 90 ശതമാനവും നിര്‍വഹിക്കുന്നത് 3500 ബി.സി-9000 ബി.സിക്കിടെ മെരുക്കിയെടുത്ത ഒരുപിടി സസ്യങ്ങളില്‍ നിന്നാണ്; ഗോതമ്പ്, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മില്ലറ്റ്, ബാര്‍ലി എന്നിവയില്‍ നിന്ന്. ഇക്കാര്യത്തില്‍ നമ്മളിപ്പോഴും ശിലായുഗത്തിലാണ് സാരം!

മനുഷ്യന്‍ കൃഷിയാരംഭിച്ച പ്രാചീനകേന്ദ്രങ്ങളിലൊന്നാണ് മെക്‌സിക്കോ ഉള്‍പ്പെട്ട മധ്യഅമേരിക്ക. അവിടെയാണ് മായന്‍ ജനത പതിനായിരം വര്‍ഷംമുമ്പ് ചോളം മെരുക്കി കൃഷി തുടങ്ങിയത്. ബീന്‍സും തക്കാളിയും ആ മേഖലയിലാണ് ആദ്യം 'കണ്ടെത്തിയത്'. 'മീസോഅമേരിക്ക' (Mesoamerica) എന്നറിയപ്പെടുന്ന ആ പ്രദേശത്തുനിന്നാണ് ചായമന്‍സയുടെയും വരവ്. മെക്‌സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപിലാണ് ചായമന്‍സയുടെ ഉത്ഭവം എന്ന് കരുതുന്നു. ഗ്വാട്ടിമാല, ഹോണ്ടൂറാസ് തുടങ്ങിയ മറ്റ് മീസോഅമേരിക്കന്‍ മേഖലയിലേക്ക് അത് പിന്നീട് വ്യാപിച്ചു. ഇപ്പോള്‍ ചായമന്‍സ കേരളത്തിലും എത്തിയിരിക്കുന്നു. 

ചായമന്‍സ ഒരു വിദേശസസ്യമല്ലേ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം. അവരുടെ അറിവിലേക്കായി പറയട്ടെ: ലോകമെങ്ങും ഇന്ന് 50 കോടി ആളുകളുടെ വിശപ്പടക്കുന്ന കപ്പ അഥവാ മരച്ചീനി ഒരിക്കല്‍ വടക്കന്‍ ബ്രസീലിലെ പ്രാചീനവര്‍ഗ്ഗക്കാല്‍ മാത്രം ഉപയോഗിച്ചിരുന്ന വിളയാണ്. സ്പാനിഷുകാരും പോര്‍ച്ചുഗീസുകാരുമാണ് അത് പുറംലോകത്തെത്തിച്ചത്. നമ്മുടെ നാട്ടില്‍ ഇന്ന് കപ്പയുടെ സ്ഥാനമെന്തെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. കേരളത്തിലും സുലഭമായ പപ്പായ വന്നത് ചായമന്‍സയുടെ ജന്മദേശമായ മീസോഅമേരിക്കയില്‍ നിന്നാണ്. പച്ചമുളകും മെക്‌സിക്കോ സ്വദേശിയാണ്. തെക്കന്‍ പെസഫിക് ദ്വീപുകളില്‍ ആദിമനിവാസികള്‍ കൃഷിചെയ്തിരുന്ന ശീമച്ചക്ക (കടച്ചക്ക) എങ്ങനെ കേരളത്തിലും ഭക്ഷ്യവിഭവമായി എന്നാലോചിച്ച് നോക്കുക. ഇന്‍ഡൊനീഷ്യയിലെ മൊളുക്കാ ദ്വീപില്‍ നിന്നുള്ള ഇലുമ്പന്‍ പുളി (പുളിച്ചിക്ക) ഇന്ന് കേരളത്തിലെ തൊടികളിലും നന്നായി വളരുന്നില്ലേ. അത്തരത്തിലൊരു കേരളീയ കൃഷിയിനമാകാന്‍ എല്ലാ യോഗ്യതയുമുള്ള ഒന്നാണ് ചായമന്‍സയും (കടപ്പാട്: അഡ്വ.ആര്‍.സജു, ഐടിഇസി). 

ചിത്രം: 1. ചായമന്‍സ ചെടി. ചിത്രം: ലേഖകന്‍; 2. ചായമന്‍സയുടെ ഉത്ഭവകേന്ദ്രം എന്ന് കരുതപ്പെടുന്ന മെക്‌സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപ്
- ജോസഫ് ആന്റണി

* ചായമന്‍സ ലഭിക്കുന്ന സ്ഥലങ്ങളും പോഷകഗുണങ്ങളും 
* മാതൃഭൂമി നഗരം പേജില്‍ 2017 ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ചത് 

ടൈപ്പ് റൈറ്റിങും ഷോര്‍ട്ട്ഹാന്‍ഡും!

ഒരുകാലത്ത് കേരളത്തില്‍ ഏത് നാട്ടിന്‍പുറത്തുമെന്ന പോലെ ഒരു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ട് അമ്പൂരിയിലുമുണ്ടായിരുന്നു-'പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ട്'. ഇപ്പോള്‍ പല മലയോര പ്രദേശങ്ങളിലും 'ഫോറന്‍സിക് സയന്‍സി'ന് നല്ല സ്‌കോപ്പാ' (കോപ്പാ!) എന്ന് പ്രചരിപ്പിക്കും പോലെ, അക്കാലത്ത് പറഞ്ഞിരുന്നത് 'ടൈപ്പ് റൈറ്റിങും ഷോട്ട്ഹാന്‍ഡും പഠിച്ചാല്‍ ജോലി ഉറപ്പാ' എന്നായിരുന്നു! 

നാട്ടിലെ പത്താംക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികളില്‍ മിക്കവരും അവിടെ വരും എന്നതായിരുന്നു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ടുകളുടെ പ്രത്യേക. അതുകൊണ്ട് തന്നെ, കൗമാരപ്രായക്കാരായ ഞങ്ങളുടെ മനസില്‍ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അവിടെ പഠിക്കാന്‍ പോകുന്നത് മിക്ക ചെറുപ്പക്കാരും സ്വപ്‌നം കണ്ടു. 

എന്റെ കാര്യത്തില്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായത് പത്താംക്ലാസ് കഴിയുന്ന വേളയിലാണ്. പക്ഷേ, മൂന്നാഴ്ച കൊണ്ട് സ്വപ്‌നം പൊലിഞ്ഞു. വില്ലനായത് ഷോര്‍ട്ട്ഹാന്‍ഡ് ആണ്. ടൈപ്പ് റൈറ്റിങ് ഒരുവിധം സഹിക്കാം, ഗൂഢഭാഷയായ ഷോട്ട്ഹാന്‍ഡ് സഹിക്കാനുള്ള ശേഷി എനിക്കില്ല എന്ന് വേഗം പിടികിട്ടി. മൂന്നാഴ്ച കൊണ്ട് മതിയാക്കി. ഒരുമാസത്തെ ഫീസ് കൊടുത്തതുകൊണ്ട്, നാലാമത്തെ ആഴ്ച അമ്പൂരിയില്‍ എനിക്ക് വീട്ടുകാരറിയാതെ ഒളിവില്‍ കഴിയേണ്ടിവന്നു! 

പ്രീഡിഗ്രിക്ക് ചേര്‍ന്ന ശേഷം വീണ്ടും ഭാഗ്യം പരീക്ഷിച്ചു. ഇത്തവണ ഷോട്ട്ഹാന്‍ഡ് ഒഴിവാക്കിയായിരുന്നു പഠനം. പക്ഷേ, ഏതാനും ആഴ്ചകൊണ്ട് സംഭവം അവസാനിപ്പിക്കേണ്ടിവന്നു. പ്രീഡിഗ്രി കഴിഞ്ഞ ശേഷം ഞാനെന്റെ 'ടൈപ്പ് റൈറ്റിങ് പരീക്ഷകള്‍ മൂന്നാംഭാഗ'ത്തിന് വിധേയനായി. ഇത്തവണ ഒരു മാസത്തിലേറെ പഠനം നീളുകയും സ്പീഡ് ടെസ്റ്റിന് വിധേയനാകാന്‍ പാകത്തില്‍ പരിശീലനം നേടുകയും ചെയ്തു. ഇംഗ്ലീഷ് അക്ഷരമാലയെ മുന്നോട്ടുംപിന്നോട്ടും അനായാസം ഹിംസിക്കുന്നത് എനിക്ക് ഹരംപകര്‍ന്നു. എങ്കിലും ഫീസ് കെട്ടിവെച്ച് പരീക്ഷയ്ക്ക് തയ്യാറാവാതെ പിന്‍വാങ്ങി!

കാര്യങ്ങള്‍ അവിടെ അവസാനിച്ചു എന്നാണ് കരുതിയത്. കലചക്രം ഉരുണ്ടു (അതാണല്ലോ സ്‌റ്റൈല്‍!), വര്‍ഷങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് വഴിമാറി. 23 വര്‍ഷം കഴിഞ്ഞ് കോഴിക്കോട് മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റായ എനിക്ക് കൈകൊണ്ട് എഴുതാന്‍ വയ്യെന്ന സ്ഥിതി വന്നു. ഒരു ആയുര്‍വേദ ഡോക്ടര്‍ നല്‍കിയ ഉപദേശപ്രകാരം, കനമുള്ള മഷിപ്പേന ഉപയോഗിച്ചുനോക്കി (മിഠായി തെരുവിലെ കൃഷ്ണ ഓപ്ടിക്കല്‍സില്‍ നമ്മുടെ ആവശ്യപ്രകാരം മഷിപ്പേന ഉണ്ടാക്കിത്തരുമായിരുന്നു. ഒരു എസ് ഐയ്ക്ക് ലാത്തിയുടെ വലുപ്പവും ആകൃതിയുമുള്ള പേനയാണ് അവര്‍ നല്‍കിയത്). ഒരുവര്‍ഷം അങ്ങനെ അഡ്ജസ്റ്റ് ചെയ്തു. അപ്പോഴേക്കും മഷിപ്പേനയും പറ്റാതെ വന്നു. 

അവസാനം കമ്പ്യൂട്ടറില്‍ എഴുതുകയല്ലാതെ നിവൃത്തിയില്ല എന്ന ഘട്ടമായി. 2005 ലായിരുന്നു അത്. തീരുമാനമെടുത്ത് ആദ്യദിനം തന്നെ ഒരു വാര്‍ത്ത വലിയ ബുദ്ധിമുട്ടില്ലാതെ മലയാളത്തില്‍ കമ്പോസ് ചെയ്യാനായത് എന്നെ അത്ഭുതപ്പെടുത്തി. അതോടൊപ്പം, അതിശയകരമായ ഒരുകാര്യം എനിക്ക് മനസിലായി, 23 വര്‍ഷം മുമ്പ് അമ്പൂരിയിലെ പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് അഭ്യസിച്ച ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് പാഠങ്ങളാണ്, ഒറ്റ ദിവസംകൊണ്ട് എന്നെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പ്രാപ്തനാക്കിയത്. 12 വര്‍ഷമായി ഞാന്‍ കമ്പ്യൂട്ടറില്‍ മലയാളം എഴുതുന്നു. Typeit! എന്ന മലയാളം എഡിറ്ററാണ് ഏറെക്കാലമായി എന്റെ തുണ. 

എന്ത് സംഗതിയായിക്കോട്ടെ, ഏത് പഠനമായിക്കോട്ടെ. അതിന്റെ ഗുണം എന്നായാലും നമ്മളെ തേടിവരും എന്ന വലിയ പാഠമാണ് ഇതെനിക്ക് നല്‍കിയത്. 

Friday, May 26, 2017

ഫെങ് ഷാങ് - ജീവശാസ്ത്രത്തിലെ സൂപ്പര്‍സ്റ്റാര്‍!

ജീന്‍ എഡിറ്റിങ് ടെക്‌നോളജിയായ ക്രിസ്‌പെര്‍-കാസ്9 നെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് അടുത്തയിടെ ഫെങ് ഷാങ് (Feng Zhang) എന്ന കിടിലന്‍ കക്ഷിയിലേക്ക് എത്തുന്നത്. ചൈനീസ് വംശജനായ അമേരിക്കന്‍ ഗവേഷകനാണ്. 2012ല്‍ ക്രിസ്‌പെര്‍ ( CRISPR ) വിദ്യ മനുഷ്യകോശങ്ങളില്‍ പ്രയോഗിക്കാന്‍ വഴിതുറന്ന ഗവേഷകന്‍.
ജീവശാസ്ത്രത്തിലെ നിര്‍ണായകമായ കണ്ടുപിടുത്തമാണ് ക്രിസ്‌പെര്‍ വിദ്യയുടേത്. ഭാവിയെ മാറ്റിമറിക്കാന്‍ പോന്ന മുന്നേറ്റം. ആ സുപ്രധാന കണ്ടുപിടുത്തം നടത്തിയവരില്‍ പ്രധാനി എന്നത് മാത്രമല്ല ഷാങിന്റെ സവിശേഷതയായി എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി നമ്മുടെ സി.വി.രാമനെ അനുസ്മരിപ്പിക്കുന്നു എന്നതും എന്നെ ആകര്‍ഷിച്ചു! പുതിയ ആശയങ്ങളും ക്രിയാത്മകതയും പോലെ തന്നെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ശാസ്ത്രഗവേഷണത്തില്‍ പ്രധാനമാണ് എന്ന പാഠമാണ് രാമന്‍ നല്‍കുന്നത്. സാഹചര്യങ്ങള്‍ പ്രതികൂലമാകാം, കഠിനാധ്വാനം വഴി അത് അനുകൂലമാക്കി മാറ്റാമെന്ന് രാമന്‍ തെളിയിച്ചു. പ്രധാനപ്പെട്ടതെന്ന് തോന്നുന്ന ഒരു ആശയം കിട്ടിയാല്‍ വെച്ചുതാമസിയാതെ അതിലേക്ക് ഊളിയിടുക, പകല്‍ സമയം തികയുന്നില്ലെങ്കില്‍ രാത്രി മുഴുവന്‍ ലാബില്‍ അധ്വാനിക്കുക, പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഒരു താമസവും വരുത്താതിരിക്കുക. ഇതൊക്കെ രാമന്റെ രീതികളായിരുന്നു. ഷാങും ഏതാണ്ട് ഇങ്ങനെ തന്നെയെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
35 വയസ്സ് കഴിയുന്നതേയുള്ളൂ ഈ ഗവേഷകന്. ഇതിനകം രണ്ട് നൊബേലിനുള്ള വക ഷാങിന്റെ ക്രഡിറ്റില്‍ എത്തിക്കഴിഞ്ഞു. ആധുനിക ന്യൂറോസയന്‍സില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന 'ഓപ്‌ടോജനറ്റിക്‌സ്' (optogenetics) ആണ് അതിലൊന്ന്. ജീവശാസ്ത്രത്തിന്റെയും, ഒപ്പം മനുഷ്യവര്‍ഗത്തിന്റെയും ഭാവി നിര്‍ണയിക്കാന്‍ ശേഷിയുള്ള 'ക്രിസ്‌പെര്‍-കാസ്9' (CRISPR-Cas9) ജീന്‍ എഡിറ്റിങ് വിദ്യയാണ് രണ്ടാമത്തേത്. ഈ രണ്ട് മുന്നേറ്റങ്ങളുടെ വെളിച്ചത്തില്‍, 'ജീവിച്ചിരിക്കുന്നതില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബയോളജിസ്റ്റുകളിലൊരാള്‍' ആയി ഷാങിനെ മാധ്യമങ്ങള്‍ പ്രതിഷ്ഠിക്കുന്നു. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (MIT) യുടെ ജിനോമിക് റിസര്‍ച്ച് സെന്ററായ 'ബ്രോഡ് ഇന്‍സ്റ്റിട്ട്യൂട്ടി'ലെ എട്ട് 'കോര്‍ ഫാക്കല്‍റ്റി'യില്‍ ഒരാളാണ് (https://goo.gl/xuLByD). ഷാങിന്റെ പല പോസ്റ്റ് ഡോക്ടറല്‍ ഫെലോകളും ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികളും അദ്ദേഹത്തെക്കാള്‍ പ്രായമുള്ളവരും!
പതിനൊന്ന് വയസ്സുള്ളപ്പോള്‍ അമ്മ ഷുജുന്‍ ഷോവുവിനൊപ്പം ചൈന വിട്ട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു ഷാങ്. അയോവയിലെ ഡെ മോയ്‌നിലാണ് താമസമുറപ്പിച്ചത്. ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറായിട്ടും ഷാങിന്റെ അമ്മയ്ക്ക് കുടിയേറിയ രാജ്യത്ത് കിട്ടിയത് മോട്ടല്‍ ഹൗസ്‌കീപ്പര്‍ പോലുള്ള ജോലികളായിരുന്നു. ഷാങിന്റെ പിതാവ് പിന്നീടാണ് ചൈനയില്‍ നിന്നെത്തി കുടുംബത്തിനൊപ്പം ചേരുന്നത്.
ഡേ മോയ്‌നിലെ മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ശനിയാഴ്ച തോറും ജീവതന്മാത്രാശാസ്ത്രത്തില്‍ നടത്താറുള്ള പ്രത്യേക പ്രോഗ്രാമിന് ആ വിദ്യാര്‍ഥി ചേര്‍ന്നു. അവിടെ അധ്യാപകര്‍ ക്ലാസെടുത്ത് കുട്ടികളെ ബോറടിപ്പിക്കുന്നതിന് പകരം, 'ജുറാസിക് പാര്‍ക്ക്' കാട്ടിക്കൊടുത്തു. എന്നോ വംശമറ്റുപോയ ദിനോസറുകളെ പുനരുജ്ജീവിപ്പിക്കാന്‍, ദിനോസറിന്റെയും തവളയുടെയും ഡിഎന്‍എ സമ്മേളിപ്പിക്കുകയാണ് 1993ലെ ആ ചിത്രത്തില്‍ ഗവേഷകര്‍ ചെയ്യുന്നത്. ഇത് കൗമാരപ്രായക്കാരനായ ഷാങിന്റെ ഭാവനയെ ഉണര്‍ത്തി. അച്ഛനും അമ്മയും കമ്പ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാകയാല്‍, പ്രോഗ്രാമിങ്ങില്‍ ചെറുപ്പത്തിലേ അവന് താത്പര്യമുണ്ട്. ആ സിനിമ കണ്ടത് അത്തരമൊരു ചിന്തയിലേക്ക് അവനെ എടുത്തിട്ടു, 'ബയോളജിയും പ്രോഗ്രാം ചെയ്യാവുന്ന ഒരു സംവിധാനം ആയിരിക്കും!' എന്നായിരുന്നു ആ ചിന്ത. തന്റെ മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ കോഡ് തയ്യാറാക്കുന്നതുപോലെ, ഒരു ജീവിയുടെ ജനിതകനിര്‍ദ്ദേശങ്ങള്‍ മാറ്റിയെഴുതിയാല്‍ അതിന്റെ സ്വഭാവം മാറുമെന്ന കാര്യം അവന്റെ മനസില്‍ പതിഞ്ഞു.
1995ല്‍ വെറും 16 വയസുള്ളപ്പോള്‍, ജീവികളില്‍ പ്രോഗ്രാമിങ് നടത്താനുള്ള അവസരം ഷാങിനുണ്ടായി. അവന്‍ പഠിക്കുന്ന തിയോഡോര്‍ റൂസ്‌വെല്‍റ്റ് ഹൈസ്‌കൂളിന് സമീപമാണ് മെഥേഡിസ്റ്റ് ഹോസ്പിറ്റല്‍. അവിടെയുള്ള ജീന്‍ തെറാപ്പി ലാബില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കാനുള്ള അവസരം അവന് ലഭിച്ചു. ലാബിന്റെ മേധാവി ഡോ.ജോണ്‍ ലെവി അവനെ പ്രോത്സാഹിപ്പിച്ചു. മോളിക്യുലാര്‍ ബയോളജിയുടെ ബാലപാഠങ്ങളെല്ലം ഡോ.ലെവി അവന് പകര്‍ന്നു നല്‍കി. അതെല്ലാം അവന്‍ വളരെ വേഗം സ്വായത്തമാക്കി. ടെക്‌നിക്കുകളും വശത്താക്കി. അങ്ങനെയാണ്, ജെല്ലിഫിഷിലെ ഫ് ളൂറസെന്റ്
ജീനുകള്‍ വൈറസുകളുടെ സഹായത്തോടെ ട്യൂമര്‍ കോശങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള പ്രോജക്ട് കിട്ടിയത്. ദിനോസറുകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന പരിപാടി ആയിരുന്നില്ല അതെങ്കിലും, ഒരു ജീവിയുടെ കോശങ്ങളില്‍ മറ്റൊരു ജീവിയുടെ ജീനുകള്‍ പ്രവര്‍ത്തന നിരതമാകാന്‍ പാകത്തില്‍ സെല്‍ എഞ്ചിനിയറിങ് നടത്താന്‍ അവന്‍ പഠിച്ചു. ഫ് ളൂറസെന്റ് ജീനുകളുപയോഗിച്ചുള്ള പഠനം പിന്നെയും തുടര്‍ന്നു.
ഡോ.ലെവിയുടെ കീഴില്‍ ചെയ്ത മറ്റൊരു പ്രോജക്ട് അവന്, 2000 ലെ ഇന്റല്‍ സയന്‍സ് ടാലന്റ് സേര്‍ച്ചില്‍ ദേശിയതലത്തില്‍ മൂന്നാംസ്ഥാനവും അമ്പതിനായിരം ഡോളര്‍ സ്‌കോളര്‍ഷിപ്പും നേടിക്കൊടുത്തു. എച്ച് ഐ വി മാറ്റാനുള്ള ചികിത്സ കണ്ടെത്താന്‍ ആ പ്രോജക്ട് അവന് പ്രേരണ നല്‍കി. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ മോഹത്തിന് പക്ഷേ, പരിധിയുണ്ടല്ലോ.
സ്‌കൂള്‍ കഴിഞ്ഞ ശേഷം, ഫുള്‍ സ്‌കോളര്‍ഷിപ്പോടെ ഷാങ് ഹാര്‍വാഡില്‍ പ്രവേശിച്ചു. അവിടെ കെമിസ്ട്രിയും ഫിസിക്‌സും പഠിച്ച ആ വിദ്യാര്‍ഥിയുടെ ഗവേഷണം ഇതായിരുന്നു: ഫ് ളൂ വൈറസ് എങ്ങനെ കോശങ്ങളില്‍ കടന്നുകൂടുന്നു. അയോവയിലെ ജീന്‍ തെറാപ്പി ലാബില്‍ അവന്‍ കൈകാര്യം ചെയ്ത ജെല്ലിഫിഷിന്റെ ഫ് ളൂറസെന്റ്
പ്രോട്ടീനാണ് അവനെ ഹാര്‍വാഡിലെ ഗവേഷണത്തില്‍ രക്ഷിച്ചത്. ഷാങിന്റെ പ്രബന്ധം ലോകത്തെ നമ്പര്‍ വണ്‍ ശാസ്ത്രജേര്‍ണലായ 'നേച്ചര്‍' പ്രസിദ്ധീകരിച്ചു (https://goo.gl/mUfqza).
കഠിനമായ വിഷാദരോഗം ബാധിച്ച ഒരു സഹപാഠിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ ഹാര്‍വാഡില്‍ വെച്ച് ഷാങിന് ഏറെ സമയം ചെലവിടേണ്ടി വന്നു. വേദനാജനകമായ ആ അവസ്ഥ ഷാങിനെ തിരിച്ചുവിട്ടത് ന്യൂറോസയന്‍സിലേക്കാണ്. മസ്തിഷ്‌കരോഗം ബാധിച്ചവരെ സഹായിക്കാന്‍ പുതിയ ടെക്‌നോളജികള്‍ വികസിപ്പിക്കാന്‍ അവന്‍ ആഗ്രഹിച്ചു. 2004 ജൂണല്‍ ഹാര്‍വാഡില്‍ നിന്ന് ബിരുദം നേടി ആ ഗവേഷകന്‍ നേരെ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെത്തി ന്യൂറോയന്‍സ് പ്രൊഫസര്‍ കാള്‍ ദീസ്സെറോത്തിന് കീഴില്‍ ഗവേഷണം തുടങ്ങി. ഷാങും സഹപാഠിയായ എഡ് ബോയ്ദനും പ്രൊഫസര്‍ ദീസ്സെറോത്തും ചേര്‍ന്നാണ്, മസ്തിഷ്‌ക്കപഠനത്തിനുള്ള അത്യന്താധുനിക വിദ്യയായ 'ഓപ്‌ടോജനറ്റിക്‌സ്' സങ്കേതം വികസിപ്പിക്കുന്നത്. മസ്തിഷ്‌കത്തിലെ നിശ്ചിത ന്യൂറോണ്‍ ഭാഗങ്ങളെ പ്രകാശിപ്പിക്കാനുള്ള വിദ്യയാണത്. പ്രകാശത്തോട് പ്രതികരിക്കുന്ന പ്രോട്ടീനുകളുടെ സഹായത്തോടെയാണ്, പ്രത്യേക ന്യൂറല്‍ സര്‍ക്കീട്ടുകളെ പ്രകാശിപ്പിക്കുക. കോശങ്ങളുടെ തലത്തില്‍ മാനിസികരോഗങ്ങളുടെ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന ടെക്‌നോളജിയാണിത്. മാനിസികരോഗങ്ങളും മസ്തിഷ്‌ക്കതകരാറുകളും ചികിത്സിക്കാന്‍ പുതിയൊരു പാത തുറക്കുകയാണ് ഇതുവഴി. ഈ വിദ്യ രൂപപ്പെടുത്തുന്നതില്‍ ഷാങ് നിര്‍ണായക പങ്ക് വഹിച്ചു.
അങ്ങനെ, സ്റ്റാന്‍ഫഡില്‍ നിന്ന് ഡോക്ടറേറ്റ് നേടി. അപ്പോഴേയ്ക്കും ഷാങിന്റെ ചിന്തകളില്‍ മറ്റൊരു സംഗതി കടന്നുകൂടിയിരുന്നു. 'എങ്ങനെ ജീവികളിലേക്ക് എളുപ്പത്തില്‍ ജീനുകള്‍ സന്നിവേശിപ്പിക്കാം'. ഓപ്‌ടോജനറ്റിക്‌സ് വിദ്യ വികസിപ്പിച്ചപ്പോള്‍, അതില്‍ വൈറസുകളുടെ സഹായത്തോടെയാണ് പ്രകാശജീനുകളെ ഷാങ് സിരാകോശങ്ങളിലെത്തിച്ചത്. അത് വളരെ ശ്രമകരമായ പണിയാണ്. അതിന് പകരം ഏത് തരം ജീനും ഏത് ജീവിയിലേക്കും എങ്ങനെ എളുപ്പത്തില്‍ സന്നിവേശിപ്പിക്കാം, അതിനുള്ള ടെക്‌നോളജി എങ്ങനെ വികസിപ്പിക്കാം. ഇതായി ചിന്ത മുഴുവന്‍. ജീന്‍ എഡിറ്റിങ് വഴിയാണ് ഇത് സാധ്യമാവുക. അന്ന് നിലവിലുള്ള ഒരു ജീന്‍ എഡിറ്റിങ് വിദ്യ 'zinc fingers' സങ്കേതമായിരുന്നു. പ്രോട്ടീന്‍ അധിഷ്ഠിതമായ സങ്കീര്‍ണമായ ഒരു ടെക്‌നോളജിയായതിനാല്‍ ഈ സങ്കേതം പ്രയോഗിക്കുക എളുപ്പമായിരുന്നില്ല. 2009ല്‍ ഗവേഷകര്‍ 'TALEs' എന്നൊരു പുതിയ ജീന്‍ എഡിറ്റിങ് ടെക്‌നോളജി വികസിപ്പിച്ചു. അതും പ്രോട്ടീന്‍ അധിഷ്ഠിതവും സങ്കീര്‍ണതയേറിയതുമായിരുന്നു. ഈ രണ്ട് വിദ്യയിലും ഷാങ് പ്രാഗത്ഭ്യം നേടി. എങ്കിലും, ഇതിലും ലളിതമായി ജീന്‍ എഡിറ്റിങ് നടത്താന്‍ കഴിയും എന്ന ചിന്ത ഷാങിനെ പിന്തുടര്‍ന്നു.
ബ്രോഡ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചേര്‍ന്ന ഷാങ്, അവിടെ വെച്ച് 2011 ഫെബ്രുവരിയില്‍ ഒരു ഗവേഷകന്‍ 'ക്രിസ്‌പെര്‍' സങ്കേതത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം കേള്‍ക്കാനിടയായി. അത് ജിജ്ഞാസ ഉണര്‍ത്തി. ക്രിസ്‌പെറിനെക്കുറിച്ച് ആ ഗവേഷകന് അന്ന് ഒന്നുമറിയില്ലായിരുന്നു. അതെപ്പറ്റി ഗൂഗിള്‍ ചെയ്ത ഷാങ് ആവേശഭരിതനായി. ഏതാനും ദിവസം കഴിഞ്ഞ് ഒരു ശാസ്ത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മിയാമിയിലെത്തിയ ഷാങ്, സമ്മേളനഹാളില്‍ പോകാതെ ഹോട്ടല്‍ റൂമില്‍ അടച്ചിരുന്ന് ക്രിസ്‌പെര്‍ സങ്കേതവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഴുവന്‍ ഗവേഷണ പ്രബന്ധങ്ങളും വായിച്ചുതീര്‍ത്തു. അതിക്രമിച്ച് കയറുന്ന വൈറസുകളെ നശിപ്പിക്കാന്‍ ബാക്ടീരിയ പ്രയോഗിക്കുന്ന സൂത്രവിദ്യയാണ് ക്രിസ്‌പെര്‍ സങ്കേതത്തിന്റെ കാതല്‍. അത് മനുഷ്യകോശങ്ങളില്‍ പ്രയോഗക്ഷമമാകുമോ എന്ന് പരിശോധിക്കാനുള്ള ഉറച്ച തീരുമാനത്തോടെയാണ് ഷാങ് അവിടം വിട്ടത്. തന്റെ ഗ്രഡ്വേറ്റ് വിദ്യാര്‍ഥി ലി കോങിനെയാണ് ഇക്കാര്യത്തില്‍ അദ്ദേഹം കൂട്ടുപിടിച്ചത്.
ഷാങും കോങും രാത്രിയെ പകലാക്കിയുള്ള ഗവേഷണം ആരംഭിച്ചു. മറ്റ് ഗവേഷകരും ഈ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നീ വനിതാഗവേഷകര്‍, 2012 ജൂണില്‍ സുപ്രധാനമായ ഒരു പ്രബന്ധം ഇതെപ്പറ്റി പ്രസിദ്ധീകരിച്ചു. ക്രിസ്‌പെര്‍ സങ്കേതമുപയോഗിച്ച് ഡി.എന്‍.എ.ഭാഗങ്ങള്‍ കൃത്യമായി മുറിച്ചുനീക്കാന്‍ കഴിഞ്ഞു എന്നായിരുന്നു അവരുടെ പ്രബന്ധം (https://goo.gl/5kCys7). പ്രോഗ്രാം ചെയ്ത ആര്‍.എന്‍.എ.യുടെ സഹായോത്തോടെ ടെസ്റ്റ്ട്യൂബിനുള്ളിലാണ് ഇത് സാധിച്ചത്.
പക്ഷേ, ഷാങ് പതറിയില്ല. ടെസ്റ്റ്ട്യൂബിലല്ല തന്റെ ഗവേഷണം, മനുഷ്യകോശങ്ങളിലാണ്. ടെസ്റ്റ്ട്യൂബില്‍ നടക്കുന്ന പലതും കോശങ്ങളില്‍ സാധിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് കാര്‍പ്പെന്റിയറും ദൗഡ്‌നയും തന്നെ കടത്തിവെട്ടിയതായി ഷാങിന് തോന്നിയില്ല.
ക്രിസ്‌പെര്‍-കാസ്9 ടെക്‌നോളജി എന്നത് നിശ്ചിത ഡി.എന്‍.എ.ഭാഗം കൃത്യവും സൂക്ഷ്മവുമായി മുറിച്ചുനീക്കാനും കൂട്ടിച്ചേര്‍ക്കാനും സഹായിക്കുന്ന ജീന്‍ എഡിറ്റിങ് വിദ്യയാണ്. മൂന്ന് ഭാഗങ്ങളാണ് അതിലുള്ളത്-ക്രിസ്‌പെര്‍ എന്ന ഡി.എന്‍.എ.ശ്രേണി, അത് പുറപ്പെടുവിക്കുന്ന ഒരു ഗൈഡ് ആര്‍.എന്‍.എ, കാസ്-9 എന്ന രാസാഗ്നി (എന്‍സൈം). ഇതില്‍ ഗൈഡ് ആര്‍.എന്‍.എ.യാണ് എഡിറ്റുചെയ്യേണ്ട നിശ്ചിത ഡി.എന്‍.എ.ഭാഗം സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്ന വഴികാട്ടി. പ്രോഗ്രാം ചെയ്യപ്പെടുന്നത് പ്രകാരം കൃത്യമായി ഡി.എന്‍.എ ശ്രേണി മുറിച്ചുമാറ്റുന്ന കത്രികയാണ് കാസ്-9 രാസാഗ്നി. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ പോലെ കൃത്യമായി പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാം എന്നതാണ് ക്രിസ്‌പെര്‍ ടെക്‌നോളജിയുടെ സവിശേഷത. അതിന്റെ സാധ്യതയും അതുതന്നെയാണ് (ക്രിസ്‌പെര്‍ ലേഖനം വായിക്കുക: https://goo.gl/VfX1fn).
മനുഷ്യകോശങ്ങളില്‍ ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യ ഉപയോഗിക്കുന്നതെങ്ങനെ എന്നുള്ള ഷാങിന്റെയും സംഘത്തിന്റെയും സുപ്രധാന പ്രബന്ധം (https://goo.gl/fop7IL) 2013 ജനുവരിയില്‍ സയന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു. അതോടെ മോളിക്യുലാര്‍ ബയോളജി രംഗത്ത് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഷാങ് ഉയര്‍ന്നു. ക്രിസ്‌പെര്‍ രംഗത്ത് ഏറ്റവുമധികം സൈറ്റേഷന്‍ ലഭിച്ച പ്രബന്ധമായി ഷാങിന്റേത്.
ഇന്ന് ലോകമെങ്ങും നൂറുകണക്കിന് ലാബുകളില്‍ ക്രിസ്‌പെര്‍ ടെക്‌നോളജിയില്‍ ഗവേഷണം നടക്കുന്നു. എച്ച്. ഐ.വി.ക്ക് ചികിത്സ കണ്ടെത്താനുള്ള ഷാങിന്റെ ബാല്യകാല ആഗ്രഹം ഇന്ന് അദ്ദേഹം കണ്ടെത്തിയ ജീന്‍ എഡിറ്റിങ് വിദ്യയുടെ സഹായത്തോടെ സഫലമായേക്കും എന്ന ഘട്ടത്തിലാണ്. ക്രിസ്‌പെര്‍ വിദ്യയുപയോഗിച്ച് എലികളില്‍ എച്ച്.ഐ.വി.ബാധ തടയുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചത് അടുത്തയിടെയാണ്. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടിയും, കാര്‍ഷിക വിളകള്‍ മെച്ചപ്പെടുത്താനുമൊക്കെ ക്രിസ്‌പെര്‍ ഗവേഷണം പുരോഗമിക്കുകയാണ്.
ക്രിസ്‌പെര്‍-കാസ്9 ടെക്‌നോളജിയുടെ ചരിത്രത്തില്‍ പക്ഷേ, ഒരു കറുത്ത അധ്യായമുണ്ട്. ആ അധ്യായത്തില്‍ വില്ലന്റെ വേഷം കെട്ടേണ്ടിവന്നത് ഷാങിനാണ്. ഈ ടെക്‌നോളജിയുടെ പേറ്റന്റ് നേടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഷാങിന്റെ മാതൃസ്ഥാപനമായ എം.ഐ.ടി.യാണ് പേറ്റന്റ് കരസ്ഥമാക്കിയത്. ഷാങ് ആണ് അതിന്റെ മുഖ്യഉപജ്ഞാതാവ്. ഇക്കാര്യത്തില്‍ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവരുടെ വാദങ്ങള്‍ തഴയപ്പെട്ടത്, ഷാങിനെതിരെ ശാസ്ത്രസമൂഹത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മനുഷ്യകോശത്തില്‍ ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് പ്രയോഗിക്കാനുള്ള വിദ്യ വികസിപ്പിച്ചത് തങ്ങളാണെന്ന ഷാങിന്റെ വാദം യുഎസ് അധികൃതര്‍ അംഗീകരിക്കുകയായിരുന്നു.

- ജോസഫ് ആന്റണി
ചിത്രം കടപ്പാട്: കാതറിന്‍ ടെയ്‌ലര്‍/ STAT
(ഈ കുറിപ്പിന് മുഖ്യമായും ആശ്രയിച്ച ലേഖനം: https://www.statnews.com/2015/11/06/hollywood-inspired-scientist-rewrite-code-life/)

Thursday, April 13, 2017

ചായമന്‍സ ലഭിക്കുന്ന സ്ഥലങ്ങളും, പോഷകഗുണങ്ങളും


രുചികരവും പോഷകസമൃദ്ധവുമായ ഒരു മെക്‌സിക്കന്‍ ഇലക്കറിയാണ് ചായമന്‍സ. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കുന്ന ഇതിന് 'മരച്ചീര' എന്നും പേരുണ്ട്. 

കുറ്റിച്ചെടി പോലെ 20 അടി ഉയരം വരെ വളരുന്ന സസ്യമാണ് ചായമന്‍സ. പക്ഷേ, അതിന്റെ ചില്ലകളും തണ്ടും ബലം കുറഞ്ഞതാകയാല്‍, ഒന്നര മീറ്റര്‍ ഉയരത്തില്‍ മാത്രം വളരാന്‍ അനുവദിക്കുകയാണ് ഉചിതം. 

മരച്ചീനി പോലെ, ചെടിയുടെ കമ്പ് (തണ്ട്) ആണ് മുറിച്ച് നടുക. വേഗം വളരുന്ന ചെടിയാണെങ്കിലും നട്ട് ആദ്യമാസങ്ങളില്‍ വളര്‍ച്ച സാവധാനത്തിലായിരിക്കും. നട്ട് ആറുമാസംകൊണ്ട് വിളവെടുപ്പ് ആരംഭിക്കാം. അധികം വെള്ളം ആവശ്യമില്ലാത്ത ഈ ചെടി വര്‍ഷം മുഴുവന്‍ വിളവ് നല്‍കും. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് നട്ടാല്‍ മതി. കീടങ്ങള്‍ അങ്ങനെ ആക്രമിക്കില്ല, അതിനാല്‍ പ്രത്യേകം പരിചരണം ആവശ്യമില്ല. 

പോഷകങ്ങളുടെ കലവറയായ ചായമന്‍സയുടെ ഇലകളാണ് കറിവെയ്ക്കാന്‍ ഉപയോഗിക്കുന്നത്. 

കപ്പയിലേതുപോലെ അല്‍പ്പം കട്ട് ചായാമന്‍സയിലുണ്ട്-ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം, അതുകൊണ്ടാകാം കീടങ്ങള്‍ ആക്രമിക്കാത്തത്. ചൂടാക്കുമ്പോള്‍ കട്ട് പോകും. അതിനാല്‍ പത്തുപതിനഞ്ച് മിനിറ്റ് നേരം വേവിച്ച് മാത്രമേ ചായമന്‍സ ഉപയോഗിക്കാവൂ. ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട.

ചായമന്‍സ പ്രചരിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്ന തിരുവനന്തപുരത്തെ 'ശാന്തിഗ്രാം' സമാഹരിച്ച വിവരങ്ങള്‍ പ്രകാരം, നടാനുള്ള ചായമന്‍സ കമ്പുകള്‍ സൗജന്യമായി ലഭിക്കാന്‍ ചുവടെയുള്ള സ്ഥാപനങ്ങളെയോ വ്യക്തികളെയോ ബന്ധപ്പെടാം

1. ഡോ.വിജയന്‍, ബോഡിട്രീ ഫൗണ്ടേഷന്‍, കല്ലാര്‍, നെടുമങ്ങാട്, തിരുവനന്തപുരം. ഫോണ്‍: 9497569993

2. അഡ്വ.ആര്‍.സജു, ഐടിഇസി. എംപയര്‍ ടവര്‍, ധര്‍മ്മാലയം റോഡ് തിരുവനന്തപുരം. ഫോണ്‍: 9400366017

3. എസ്. സുജ, ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം. ഫോണ്‍: 9249482511, 04712269780

4. സജീവന്‍ കാവുങ്കര, കതിരൂര്‍, തലശ്ശേരി, കണ്ണൂര്‍ ജില്ല. ഫോണ്‍: 9495947554

5. സണ്ണി പൈകട, കൊന്നക്കാട്, പരപ്പ (വഴി), കാസര്‍ഗോഡ് ജില്ല. ഫോണ്‍: 9446234997

6. പി.കെ.ലാല്‍, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്. ഫോണ്‍: 9847030564

7. ഡേവിസ് വളര്‍ക്കാവ്, ഗ്രീന്‍ഹോം, പൊന്നൂക്കര പി.ഒ, തൃശൂര്‍ 680 306. ഫോണ്‍: 9895148998

8. ഇന്ദിര ലോറന്‍സ്, കൊടകര, തൃശൂര്‍. ഫോണ്‍: 9496246519

9. ആര്‍. മധുസൂദനന്‍, എം.എസ്.ഇലക്‌ട്രോണിക്‌സ്, തെക്കേമല പി.ഒ, കോഴഞ്ചേരി, പത്തനംതിട്ട. ഫോണ്‍: 8891603644

10. കെ.റ്റി. അബ്ദുള്ള ഗുരുക്കള്‍/ചെടിയമ്മ ഹൈലൈഫ് ആയുര്‍വേദ ആശുപത്രി, മുക്കം.പി.ഒ, കോഴിക്കോട്. ഫോണ്‍: 9447338173, 9947578632

11. പി.ഇന്ദിരാദേവി, വെട്ടിക്കാട്ടില്‍, കടയിരുപ്പ്, കോലഞ്ചേരി, എറണാകുളം 682311. ഫോണ്‍: 9497144570

12. സുലൈമാന്‍ അസ്ഹറലി, രാജാ മസ്ജിത്, ചാവക്കാട്, തൃശൂര്‍. ഫോണ്‍: 9846363719

13. കെ.എസ്.ഷൈന്‍, സജ്ഞീവനി, കട്ടച്ചിറ, കോട്ടയം. ഫോണ്‍: 8547201249

14. വി.കെ. ശ്രീധരന്‍, സേര്‍ച്ച്, അണ്ണല്ലൂര്‍, തൃശൂര്‍. ഫോണ്‍: 9497073324

15. എക്കോഷോപ്പ്, കാര്‍ഷിക കര്‍മ്മസേന, കൃഷിഭവന്‍, കുടപ്പനകുന്ന്, തിരുവനന്തപുരം. ഫോണ്‍: 9447005998

16. എസ്.ജെ.സജ്ഞീവ്, ബയോ ടിപ്‌സ്, തിരുവനന്തപുരം. ഫോണ്‍: 9847878502

17. ഡോ.സാബു.റ്റി, വൃന്ദാവനം, പമ്മത്തല ക്ഷേത്രത്തിന് സമീപം, ഏണിക്കര, കരകുളം. ഫോണ്‍: 9447342377

18. കെ.ശ്രീധരന്‍, ശ്രീല ഇന്‍ഡസ്ട്രീസ്, കൊച്ചുവേളി, തിരുവനന്തപുരം. ഫോണ്‍: 9847878502

19. ജയിംസ്, കാട്ടില്‍ഹൗസ്, കാട്ടുകാമ്പാല്‍ പി.ഒ, നടുമുറി,കുന്നംകുളം, തൃശ്ശൂര്‍ . ഫോണ്‍: 9400476236, 04885 276236

20. ഹരീന്ദ്രന്‍ മാസ്റ്റര്‍, കാഞ്ചീപുരം, മൊകേരി പി.ഒ, പാനൂര്‍, കണ്ണൂര്‍. ഫോണ്‍: 9447391901

21. എം.എ.ജോണ്‍സണ്‍, ദര്‍ശനം സാംസ്‌ക്കാരിക വേദി, Kalandithazham, Chelavoor P.O, Kozhikkode-673571. ഫോണ്‍: 0495-2730091, 9447030091 ഈമെയില്‍: johnson.ma123@gmail.com

ചായമന്‍സയുടെ പോഷകഗുണങ്ങള്‍ 

100 ഗ്രാം ചായമന്‍സ ഇലയില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം-

* പ്രോട്ടീന്‍ 6.2-7.4 g : പേശികളുടെ അഥവാ മസിലുകളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം വേണ്ടതാണ് പ്രോട്ടീന്‍. 100 ഗ്രാം ചായമന്‍സയില്‍ ഒരു മുട്ടയിലേതിന് തുല്യമായ അളവ് പ്രോട്ടീനുണ്ട് (ചായമന്‍സയുടെ മികച്ച് സ്വാദിന് അടിസ്ഥാനവും പ്രോട്ടീനാണ്).

* കാല്‍സ്യം 200-300 mg : ബലമുള്ള എല്ലിനും പല്ലിനും മുടിക്കും കാല്‍സ്യം കൂടിയേ തീരൂ. മറ്റേത് പച്ചക്കറിയില്‍ നിന്ന് ലഭിക്കുന്നതിലും കൂടുതല്‍ കാല്‍സ്യം ചായമന്‍സയില്‍ നിന്ന് കിട്ടും. 

* ഇരുമ്പ് 9.3-11.4 mg : വിളര്‍ച്ചയകറ്റാന്‍ ഇരുമ്പ് കൂടിയേ തീരൂ. മറ്റേത് ചീരിയില്‍ ഉള്ളതിലും ഇരട്ടി ഇരുമ്പ് ചായാമന്‍സയില്‍ അടങ്ങിയിട്ടുണ്ട്.

* വിറ്റാമിന്‍ എ 1357 IU : കാഴ്ചശക്തിക്കും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ യുടെ നല്ലൊരു സ്രോതസ്സാണ് ചായമന്‍സ.

* വിറ്റാമിന്‍ ബി 165-205 mg : എല്ലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും ഇരുമ്പ് സ്വീകരിക്കാനും വിറ്റാമിന്‍ ബി കൂടിയേ തീരൂ. 

ചായമന്‍സയില്‍ അടങ്ങിയ പ്രധാന പോഷകങ്ങളാണ് മേല്‍സൂചിപ്പിച്ചത്. ഇവ കൂടാതെ ആരോഗ്യത്തിന് ഗുണകരമായ മറ്റനേകം ധാതുക്കളും പോഷകഘടകങ്ങളും ചായമന്‍സയിലുണ്ട്. 

ചായമന്‍സ ഉത്ഭവിച്ച സ്ഥലമെന്ന് കരുതുന്ന മെക്‌സിക്കോയിലെ യുകാറ്റന്‍ ഉപദ്വീപിലുപയോഗിക്കുന്ന 137 ഇനം പച്ചക്കറികളുടെ പോഷകഗുണങ്ങള്‍ താരതമ്യം ചെയ്ത് 1952 ല്‍ ഒരു പഠനം നടക്കുകയുണ്ടായി. ആ പഠനത്തില്‍ ചായമന്‍സ ബീറ്റ-കരോട്ടിനിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തും, വിറ്റാമിന്‍ സിയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തും, കാല്‍ത്സ്യത്തിന്റെ കാര്യത്തില്‍ അഞ്ചാംസ്ഥാനത്തും, ഇരുമ്പിന്റെ  കാര്യത്തില്‍ ആറാംസ്ഥാനത്തും എന്നാണ് കണ്ടത്. ചൂടാക്കുമ്പോള്‍ വിറ്റാമിന്‍ സി നല്ലൊരു പങ്ക് നഷ്ടപ്പെടുമെങ്കിലും, ശരിയായി പാകംചെയ്ത 25 ഗ്രാം ചായമന്‍സയില്‍ നിന്ന് ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ സി കിട്ടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

(വിവരങ്ങള്‍ക്ക് കടപ്പാട്: 'ചായാമന്‍സ-പോഷകസമൃദ്ധമായ കറിഇല', by അഡ്വ.ആര്‍.സജു. പ്രസാദകര്‍: ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം, തിരുവനന്തപുരം. ഫോണ്‍: 9249482511, 04712269780)