Monday, June 05, 2017

ജീവന്റെ പ്രാചീന അടയാളങ്ങള്‍

ഭൂമിയില്‍ ജീവന്റെ ഉത്ഭവം സംബന്ധിച്ച കണക്കുകളെയാകെ തെറ്റിക്കുകയാണ് പുതിയ ഫോസില്‍ തെളിവുകള്‍ 



ഭൂമി രൂപപ്പെട്ടിട്ട് 450 കോടി വര്‍ഷമായെന്ന് ഭൗമശാസ്ത്രജ്ഞര്‍ക്കറിയാം. എന്നാല്‍, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് എത്രകാലമായി? കൃത്യമായ ഉത്തരം ഇനിയും കിട്ടാത്ത ചോദ്യമാണിത്. ഏതാനും ആഴ്ച മുമ്പുവരെ ഈ ചോദ്യത്തിന്റെ ഉത്തരം 370 കോടി വര്‍ഷം എന്നായിരുന്നു. കാരണം, ഗ്രീന്‍ലന്‍ഡില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജിവികളടങ്ങിയ സ്‌ട്രോമറ്റോലൈറ്റ് ഫോസിലുകളുടെ പ്രായം അതായിരുന്നു. 

അടുത്തയിടെ കാനഡയില്‍ നിന്നും ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ രണ്ട് ജൈവഫോസിലുകള്‍, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് എത്രകാലമായി, ഇവിടെ സസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുതുക്കിയിരിക്കുന്നു. 

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകന്‍ മാത്യു ഡോഡും സംഘവും കാനഡയില്‍ വടക്കന്‍ ക്യുബക്കിലെ ഹഡ്‌സണ്‍ ബേ തീരത്തെ ശിലാഅടരുകളില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവികളുടെ ഫോസിലാണ് പുതിയ ഉത്തരം നല്‍കുന്നത്. ആ ജൈവഫോസിലിന്റെ പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണെന്ന് 'നേച്ചര്‍' ജേര്‍ണലില്‍  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നുവെച്ചാല്‍, ഭൂമിക്ക് വെറും 20 കോടി വര്‍ഷം മാത്രം പഴക്കമുള്ള സയമത്ത് സൂക്ഷ്മരൂപത്തിലാണെങ്കിലും ഇവിടെ ജീവന്‍ നിലനിന്നിരുന്നു എന്നര്‍ഥം. 

സമുദ്രാന്തര്‍ഭാഗത്ത് ചൂടുറവകള്‍ പ്രത്യക്ഷപ്പെടുന്ന വിള്ളലുകളില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ട്. അവയുമായി സാമ്യമുള്ളതാണ് കാനഡയിലെ ഫോസിലുകളില്‍ ഉള്ളവ. ഭൂമിയുണ്ടായി അധികം വൈകാതെ സമുദ്രാന്തര്‍ഭാഗത്തെ അത്തരം വിള്ളലുകളില്‍ ജീവന്റെ ആദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

അതേസമയം, മധ്യഇന്ത്യയില്‍ ചിത്രകൂട് പട്ടണത്തിന് സമീപത്തെ ശിലാപാളികളില്‍ നിന്നാണ് സ്വീഡിഷ് ഗവേഷക വിദ്യാര്‍ഥി തെരേസ്സ് സാള്‍സ്‌ടെഡ്ത് പ്രാചീന ആല്‍ഗെ ഫോസില്‍ തിരിച്ചറിഞ്ഞത്. ആ ഫോസിലിന്റെ പഴക്കം 160 കോടിയാണെന്ന് 'പ്ലോസ്' (PLOS) ജേര്‍ണലില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ സസ്യഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണിത്. കരുതിയതിലും 40 കോടി വര്‍ഷം മുമ്പ് ഇത്തരം ജീവരൂപങ്ങള്‍ ഭൂമുഖത്ത് നിലനിന്നിരുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം സൂചിപ്പിക്കുന്നത്. 



ഇത്രയും വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം, ഇതുപോലുള്ള പ്രാചീന ജീവരൂപങ്ങള്‍ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് കാണുന്നത് കോടിക്കണക്കിന് വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കുംപോലുള്ള അനുഭവമാകില്ലേ എന്ന്!  

ഈ ആഗ്രഹമുള്ളവരോട് പറയാനുള്ളത് ഇതാണ്: നിരാശ വേണ്ട, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വിജനതീരമായ ഷാര്‍ക്ക് ബേ വരെ പോകാന്‍ കഴിഞ്ഞാല്‍ മേല്‍സൂചിച്ച ടൈം ട്രാവല്‍ നിങ്ങള്‍ക്ക് നടത്താം. പ്രാചീനജീവരൂപങ്ങളെ ജീവനോടെ കാണാം. ഷാര്‍ക്ക് ബേയില്‍ ജീവനോടെയുള്ള സ്‌ട്രോമറ്റോലൈറ്റുകളുടെ (Stromatolites) പ്രായം 350 കോടി വര്‍ഷമാണ്. അവ രൂപപ്പെടുമ്പോള്‍ ഭൂമിക്ക് പ്രായം വെറും 100 കോടി വര്‍ഷം മാത്രമായിരുന്നു! 

ഷാര്‍ക്ക് ബേ തീരത്ത് അമൂല്യമായ ഈ ജീവരൂപങ്ങള്‍ നിലനില്‍ക്കുന്ന കാര്യം പുറംലോകമറിഞ്ഞിട്ട് അധികകാലമായിട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പില്‍ബാര എന്ന വിശാല വിജനമരുഭൂവില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ സ്‌ട്രോമറ്റോലൈറ്റുകളുടെ വലിയൊരു ഫോസില്‍ ശേഖരം ഭൗമശാസ്ത്രജ്ഞന്‍ സ്റ്റാന്‍ ഔരാമിക് കണ്ടെത്തുകയുണ്ടായി. 350 കോടി വര്‍ഷം പഴക്കമുള്ള അവ ഭൂമുഖത്ത് അക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ജൈവഫോസിലുകളായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് തിരികെ എത്താനായി കുറച്ച് ഫോസില്‍ സാമ്പിളുമെടുത്ത് ഔരാമിക് മടങ്ങി. തുടരന്വേഷണത്തിന് വീണ്ടും പില്‍ബാരയിലെത്തിയ ഔരാമികിനും സംഘത്തിനും പക്ഷേ, ആ ഫോസില്‍ ശേഖരം എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഇന്നും ഓസ്‌ട്രേലിയയുടെ വിജനവിശാലതയില്‍ അവ വീണ്ടും കണ്ടെത്തപ്പെടാനായി കാത്തുകിടപ്പാണ്!



എന്നാല്‍, 1954 ല്‍ പില്‍ബാരയ്ക്ക് സമീപ പ്രദേശത്ത് അത്ഭുതകരമായ മറ്റൊരു കണ്ടെത്തല്‍ ഗവേഷകര്‍ നടത്തി. ഷാര്‍ക്ക് ബേയില്‍ സ്‌ട്രോമറ്റോലൈറ്റുകള്‍ ഇപ്പോഴും ജീവനോടെയുണ്ട് എന്നായിരുന്നു ആ കണ്ടെത്തല്‍! പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ 12,500 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്തിന്റെ ഒരു കോണില്‍ ആരും ശ്രദ്ധിക്കാതെ ജീവനുള്ള സ്‌ട്രോമറ്റോലൈറ്റുകള്‍ അത്രകാലവും കഴിയുകയായിരുന്നു!

ഭൂമിയിലെ ജീവന്റെ പ്രാരംഭദശയിലുണ്ടായിരുന്ന ഏകകോശജീവികളായ 'സയനോബാക്ടീരിയ' (Cyanobacteria) ആണ് സ്‌ട്രോമറ്റോലൈറ്റുകളിലുള്ളത്. സ്‌ട്രോമറ്റോലൈറ്റുകളെ വിവരിക്കുക എളുപ്പമല്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബില്‍ ബ്രൈസണ്‍ തന്റെ ഓസ്‌ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under') കുറിക്കുന്നു. അവ 'വളരെ പ്രാചീനസ്വഭാവമുള്ളവയാണ്. പരലുകള്‍ പോലെ ക്രമമായ ആകൃതി അവയ്ക്കില്ല....തീരത്തിനടുത്തുള്ള സ്‌ട്രോമറ്റോലൈറ്റ് കൂട്ടങ്ങള്‍ ഏതോ പ്രാചീന അക്ഷരമാലകളെ ഓര്‍മിപ്പിക്കും. അതിനപ്പുറം വലിയ ചാണകക്കൂട്ടങ്ങള്‍ പോലെ, അല്ലെങ്കില്‍ ആശയക്കുഴപ്പം ബാധിച്ച ഒരു ആനയുടെ പിണ്ടംപോലെ കാണപ്പെടും. മിക്ക പുസ്തകങ്ങളും അവയെ ക്വാളിഫഌവര്‍ പോലുള്ള ഘടനകളെന്നാണ് വിവരിക്കുന്നത്. യഥാര്‍ഥത്തില്‍ അവ ആകൃതിയില്ലാത്ത കറുത്ത ഘടനകളാണ്, സവിശേഷ സ്വഭാവമോ ആകര്‍ഷണീയതയോ ഇല്ല'-ബ്രൈസണ്‍ വിവരിക്കുന്നു. 

പവിഴപ്പുറ്റുകള്‍ പോലെയാണ് സ്‌ട്രോമറ്റോലൈറ്റുകളും. ജീവനുള്ളത് അവയുടെ ബാഹ്യപ്രതലത്തിലാണ്. പോയ തലമുറകളുടെ ജഢശേഖരമാണ് ബാക്കി മുഴുവനും. ഏകകോശജീവികളായ സയനോബാക്ടീരിയയാണ് ബാഹ്യപ്രതലത്തില്‍ ജീവിക്കുന്നത്. ഓരോ സയനോബാക്ടീരിയയും ഒരു കാര്‍ബണ്‍ഡയോക്‌സയിഡ് തന്മാത്രയും സൂര്യനില്‍ നിന്ന് ചെറിയൊരളവ് ഊര്‍ജവും സ്വീകരിച്ചാണ് നിലനില്‍ക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായി വളരെ ചെറിയൊരളവ് ഓക്‌സിജന്‍ അവ പുറത്തുവിടും.

ഇതെത്ര നിസ്സാരമെന്ന് തോന്നാം. പക്ഷേ, നിസ്സാരമായ സ്‌ട്രോമറ്റോലൈറ്റുകള്‍ക്കും ലോകത്തെ മാറ്റാനാകും, ആവശ്യത്തിന് എണ്ണവും വേണ്ടത്ര സമയവും ഉണ്ടെങ്കില്‍. ഭൗമചരിത്രത്തില്‍ ഏതാണ്ട് 200 കോടിവര്‍ഷത്തോളം ഇവിടെയുണ്ടായിരുന്ന മുഖ്യജീവരൂപം ഇവയായിരുന്നു. ആ സമയംകൊണ്ട് അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സ്‌ട്രോമറ്റോലൈറ്റുകള്‍ക്ക് കഴിഞ്ഞു! ഭൂമിയില്‍ മറ്റ് സങ്കീര്‍ണ ജീവരൂപങ്ങള്‍ ഉടലെടുക്കാന്‍ വഴിയൊരുക്കിയത് അതാണ്. 

ഒന്നോര്‍ത്താല്‍, സ്‌ട്രോമറ്റോലൈറ്റുകളോട് നമ്മള്‍ ശരിക്കും കടപ്പെട്ടിരിക്കുന്നു! 

ചിത്രവിവരണം: 1.കാനഡയില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവിയുടെ ഫോസിലിന് പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണ്. ചിത്രം: റോയിട്ടേഴ്‌സ്; 2. ഇന്ത്യയില്‍ ചിത്രകൂടിന് സമീപത്തെ ശിലാഅടരുകളില്‍ കണ്ടെത്തിയ 160 കോടി വര്‍ഷം പഴക്കമുള്ള സസ്യഫോസില്‍. ചിത്രം കടപ്പാട്: സ്റ്റീഫന്‍ ബെന്‍ഗ്സ്റ്റണ്‍; 3.ഓസ്‌ട്രേലിയയില്‍ ഷാര്‍ക്ക് ബേയിലെ ജീവനുള്ള സ്‌ട്രോമറ്റോലൈറ്റുകള്‍. 350 കോടി വര്‍ഷം പഴക്കമുള്ള ജീവരൂപമാണിത്. ചിത്രം കടപ്പാട്: പോള്‍ ഹാരിസണ്‍/ വിക്കി കോമണ്‍സ്. 

- ജോസഫ് ആന്റണി

* മാതൃഭൂമി നഗരം പേജില്‍ 2017 മാര്‍ച്ച് 21ന് പ്രസിദ്ധീകരിച്ചത്

No comments: