Saturday, June 07, 2014

മുംബൈ - ഒരു വ്യത്യസ്ത ചിത്രം


മുംബൈയിലേക്കുള്ള ആദ്യ യാത്ര ഒരു സമരത്തില്‍ പങ്കെടുക്കാനായിരുന്നു; 1992 ജൂണ്‍ ആദ്യം. നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഷട്ടറടയ്ക്കുമ്പോള്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന മണിബേലിയിലെ ഗ്രാമീണര്‍ക്കൊപ്പം ജലസമധിക്ക് മേഥാ പാദ്ക്കര്‍ ഒരുങ്ങി. സര്‍ക്കാര്‍ അവിടെ 144 പ്രഖ്യാപിച്ചു. മേഥയും കൂട്ടരും മുംബൈയില്‍ ചര്‍ച്ച്‌ഗേറ്റിലേക്ക് സത്യഗ്രഹം മാറ്റി. ആ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പോയ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറംഗസംഘത്തില്‍ തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായിരുന്നു ഞാന്‍.

മുംബൈയെന്നാല്‍ വെറും അംബരചുംബികളും ചേരികളും ചേര്‍ന്ന കോണ്‍ക്രീറ്റ് വനം മാത്രമാണെന്ന മുന്‍വിധി മറ്റ് പലരെയുംപോലെ എന്നെയും പിടികൂടിയിരുന്നു. കോണ്‍ക്രീറ്റ് വനം തന്നെ. പക്ഷേ, പശ്ചിമഘട്ടത്തിന്റെ ചെരുവുകളിലൂടെ വളരുന്ന, അറബിക്കടലിന്റെ തീരത്തെ ഈ മഹാനഗരം നേരില്‍ കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്.

രണ്ടുവര്‍ഷംമുമ്പ് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി മുംബൈയില്‍ വരികയുണ്ടായി. അന്ന് താമസിച്ച കിഴക്കന്‍ അന്ധേരിയിലെ അതേ ഹോട്ടലിലായിരുന്നു ഇത്തവണയും താമസം. എത്തിയതിന്റെ പിറ്റേന്ന് രാവിലെ നടക്കാനിറങ്ങി. തിരക്കുപിടിച്ച മാര്‍ക്കറ്റ് കവലയില്‍നിന്ന് പൊടി നിറഞ്ഞ മരോള്‍ മരോഷി റോഡിലൂടെ നടക്കുമ്പോള്‍, പ്രഭാത നടത്തവും വ്യായാമവും കഴിഞ്ഞുവരുന്ന ഒട്ടേറെപ്പേരെ കണ്ടു. എല്ലാ പ്രായക്കാരുമുണ്ട് അക്കൂട്ടത്തില്‍. ആണും പെണ്ണും. കാതില്‍ പാട്ട് വെച്ച് നടക്കുന്നവര്‍, തിന്നാവുന്ന മുഴുവന്‍ തിന്നിട്ട് അത് കിതപ്പോടെ ഓടിത്തീര്‍ക്കുന്നവര്‍, നടത്തയ്‌ക്കൊപ്പം അമ്പലദര്‍ശനം നടത്തുന്നവര്‍. കലോറിക്കെതിരെ പടവെട്ടി ജയിച്ചും പരാജയപ്പെട്ടും വരുന്നവര്‍.

'പാവങ്ങള്‍, ഈ പൊടിയേറ്റാണല്ലോ നടക്കേണ്ടത്' - മനസിലോര്‍ത്തു. മൊബൈലിലെ കാലാവസ്ഥാ വിവരം അനുസരിച്ച്, രാവിലെ 7 മണിയ്ക്ക് തന്നെ ചൂട് 32 ഡിഗ്രി സെല്‍സ്യസ്, അന്തരീക്ഷത്തിലെ ഈര്‍പ്പം 76 ശതമാനം. മൂടിക്കെട്ടിക്കിടക്കുകയാണ് ആകാശം. ജൂണ്‍ 2 ന് മണ്‍സൂണിന്റെ ഓര്‍മപ്പെടുത്തല്‍ പോലെ. അന്തരീക്ഷത്തിലെ വീര്‍പ്പുമുട്ടല്‍ നടത്തിനിറങ്ങിയവരുടെ മുഖത്ത് വിയര്‍പ്പായി ഒഴുകുന്നുണ്ട്.


കുറച്ചുദൂരം പോയി ഒരു വളവ് കഴിഞ്ഞപ്പോള്‍, ഏതോ മഹാത്ഭുതത്താലെന്നവണ്ണം റോഡ് ഒരു കാട്ടിന് നടുവിലേക്ക് പ്രവേശിച്ചു! മുംബൈ നഗരത്തിലായിരുന്ന ഞാന്‍ ഒറ്റയടിക്ക് വയനാട്ടിലെ മുത്തങ്ങ വനത്തിലെത്തിയ പ്രതീതി! ഇരുവശത്തും കാടാണെങ്കിലും, റോഡില്‍ തിരക്ക് തന്നെയാണ്. ഫാക്ടറികളില്‍ ജോലിക്ക് പോകുന്നവരാണ് നിരത്ത് കൈയടക്കിയിരിക്കുന്നത്. അരേയ് മില്‍ എന്ന സ്ഥലത്തേക്കുള്ളതാണ് ആ റോഡെന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു.

സാന്ദര്‍ഭികവശാല്‍ പറയട്ടെ, പുതിയ പുസ്തകത്തില്‍ ഡോ.സാലിം അലിയെക്കുറിച്ചുള്ള ഭാഗത്തിന്റെ രചനയിലാണ് ഞാനിപ്പോള്‍. അതിന്റെ ഭാഗമായി കുറച്ചു മാസങ്ങളായി സാലിം അലിയെക്കുറിച്ച് വായിക്കുകയും ചെയ്യുന്നുണ്ട്. മഹാനായ ആ ശാസ്ത്രജ്ഞന്റെ കാര്യത്തില്‍ ഏറ്റവും വിചിത്രമായി തോന്നാവുന്ന സംഗതി മുംബൈയാണ് അദ്ദേഹത്തെ പക്ഷിനിരീക്ഷകനാക്കിയത് എന്നതാണ്. തീര്‍ച്ചയായും ഒരാള്‍ക്ക് അങ്ങനെ അല്ലാതാകാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് മുംബൈയെന്ന് തോന്നാം.

ആ സംശയത്തിനുള്ള ഉത്തരമായിരുന്നു എന്റെ ജൂണ്‍ രണ്ടിലെ പ്രഭാതനടത്തം. ഇതോടൊപ്പമുള്ള ചിത്രം കാണൂ. നടത്തത്തിനിടെ മൊബൈലില്‍ പകര്‍ത്തിയതാണ്. മുംബൈയില്‍ ഇന്നും ഇതുപോലുള്ള പച്ചപ്പും കാടുമുണ്ടെങ്കില്‍, ഒരു നൂറ്റാണ്ടുമുമ്പ് സാലിം അലി നിരീക്ഷണം ആരംഭിക്കുന്ന കാലത്തെ മുംബൈ എന്തായിരുന്നിരിക്കണം. തന്റെ ആത്മകഥയില്‍ അദ്ദേഹം അത് വിവരിക്കുന്നുണ്ട്. മുംബൈ എത്ര മാറിയെന്നതിന്റെ മികച്ച വിവരണമുള്ളത് ആ ഗ്രന്ഥത്തിലാണ്.

രാവിലെ കാട്ടിന് നടുവിലൂടെ പോയ കാര്യം പറഞ്ഞപ്പോള്‍ മാതൃഭൂമി മുംബൈ മാനേജര്‍ ജോര്‍ജ് സെബാസ്റ്റിയന്‍ ആശ്വസിപ്പിച്ചു. 'പോട്ടെ, ഇത്രയുമല്ലേ സംഭവിച്ചുള്ളൂ. പുലി പിടിക്കാത്തത് ഭാഗ്യമെന്ന് കരുതൂ'.

(വാല്‍ക്കഷണം: നടത്തം കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തി ആ ദിവസത്തെ Mumbai Mirror ല്‍ വായിച്ച പ്രധാന വാര്‍ത്തകളിലൊന്ന് - Leopard makes Powai hill its favourite spot).

അഞ്ചുവര്‍ഷം മുമ്പ് മുംബൈ സന്ദര്‍ശിച്ചപ്പോഴത്തെ അനുഭവങ്ങള്‍ ചുവടെ - 

Saturday, May 31, 2014

'നിശബ്ദരായ' ചീവീടുകള്‍ !!

ഹാവായിയിലെ രണ്ട് ദ്വീപുകളില്‍ ചീവീടുകള്‍ ചിലപ്പ് നിര്‍ത്തി നിശബ്ദരായിരിക്കുന്നു. ഒരിനം കൊലയാളി ഈച്ചയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണത്രേ ചീവീടുകള്‍ ശബ്ദം ഉപേക്ഷിച്ചത്. 2003 മുതല്‍ 20 തലമുറ ചീവീടുകളെ നിരീക്ഷിച്ച ഗവേഷകരെത്തിയ നിഗമനമാണിത്. അതിജീവനത്തിന് ചേര്‍ന്ന വിധത്തില്‍ പരിണാമം സംഭവിക്കുന്നതിന് മികച്ച ഉദാഹരണമാണിതെന്ന് 'ജേര്‍ണല്‍ ഓഫ് കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ആണ്‍ ചീവീടുകള്‍ അവയുടെ ചിറകുകള്‍ വേഗത്തില്‍ ചലിപ്പിച്ച് ശബ്ദമുണ്ടാക്കിയാണ് ഇണകളെ ആകര്‍ഷിക്കാറ്. ഹാവായിയില്‍ 100 കിലോമീറ്റര്‍ അകലത്തിലുള്ള Kaual, Oahu എന്നീ ദ്വീപുകളില്‍ ചീവീടുകളുടെ ചിറകുകള്‍ക്ക് ശബ്ദമുണ്ടാക്കാന്‍ കഴിയാത്ത വിധം മാറ്റം സംഭവിക്കുന്നത് ഗവേഷകര്‍ നിരീക്ഷിച്ചു. (Kauai ദ്വീപില്‍ 2003 ലാണ് ആദ്യം ഇക്കാര്യം ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്).

അതിന്റെ കാരണം തേടിയപ്പോഴാണ് കൊലയാളി ഈച്ചകളുടെ സാന്നിധ്യം കണ്ടത്. ശബ്ദം തിരിച്ചറിഞ്ഞെത്താന്‍ വിരുതരാണ് ആ ഈച്ചകള്‍. ഗര്‍ഭിണിയായ ഈച്ച പറന്നെത്തി ചീവീടിന് മേല്‍ ലാര്‍വകളെ സ്‌പ്രേ ചെയ്യും. ഒരാഴ്ച കൊണ്ട് ലാര്‍വകള്‍ ചീവീടിനെ ഭക്ഷണമാക്കും! ഗുരുതരമായ ഈ ഭീഷണി നേരിടാന്‍ ചീവീടുകള്‍ക്ക് പരിണാമം വഴി മാറ്റം സംഭവിക്കുകയായിരുന്നു.

ശബ്ദമില്ലാത്ത ചീവീടുകള്‍ ഒരു ദ്വീപില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള രണ്ടാമത്തെ ദ്വീപിലേക്ക് എങ്ങനെയോ എത്തി എന്നാണ് ആദ്യം ഗവേഷകര്‍ കരുതിയത്. എന്നാല്‍, ഇരുദ്വീപിലെയും ചീവീടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അവയുടെ ചിറകുകളിലെ മാറ്റം ഒരേ തരത്തിലല്ല എന്നുകണ്ടു. മാത്രമല്ല, ഇരുദ്വീപിലും ഏതാണ്ട് ഒരേ സമയത്താണ് മാറ്റം സംഭവിച്ചിരിക്കുന്നതും.

മാറ്റംസംഭവിച്ച (മ്യൂട്ടന്റ്) ചീവീടുകളെ ജനിതകവിശകലനത്തിന് വിധേയമാക്കിയപ്പോള്‍, ഗവേഷകര്‍ക്ക് ഒരു സംഗതി വ്യക്തമായി- അവയുടെ എക്‌സ് ക്രോമസൊമിലെ ഒരു ജീനില്‍ സംഭവിച്ച മാറ്റമാണ്, ഇരു വിഭാഗം ചീവീടുകളെയും 'നിശബ്ദരാക്കിയ'ത്!
(ചിത്രം കടപ്പാട് : David G Forbes / BBC ). ഇതെപ്പറ്റി ബിബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് കാണുക :  http://goo.gl/aR2XOK

Friday, May 02, 2014

മാര്‍കേസ് - പ്രണയം, മരണം, മാന്ത്രികത

 
കോഴിക്കോട്ടുള്ള ഒരു മാര്‍കേസ് വായനക്കാരനെക്കുറിച്ച് എന്റെയൊരു സുഹൃത്താണ് പറഞ്ഞത്. മലബാര്‍ പാലസില്‍ ഇടയ്ക്ക് സ്മാളടിക്കാന്‍ പോകാറുള്ളയാളാണ്  സുഹൃത്ത്. ബാറിലെത്തി ഒരു പെഗ്ഗ് സിഗ്നേച്ചറില്‍ വെള്ളമോ സോഡയോ ചേര്‍ക്കാതെ ഐസിട്ട് അലിഞ്ഞുവരുംവരെ കാക്കുന്നതിനിടെ ഒരിക്കല്‍ സഹൃദയനായ ബാര്‍ ജീവനക്കാരനെ പരിചയപ്പെട്ടു. അത്യാവശ്യം വായനയുടെ അസുഖമുള്ള അയാളോട് മാര്‍കേസ് ആരാധകനായ സുഹൃത്ത് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെ'ക്കുറിച്ച് സംസാരിച്ചു. അടുത്ത തവണ സുഹൃത്ത് ബാറിലെത്തുമ്പോഴേക്കും, ആ ഗ്രന്ഥത്തിന്റെ മലയാളം പതിപ്പ് ബാര്‍ജീവനക്കാരന്‍ വാങ്ങിക്കഴിഞ്ഞിരുന്നു.

അക്കാര്യമറിഞ്ഞപ്പോള്‍, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് കേമം. മാര്‍കേസ് തന്നെ പറഞ്ഞിട്ടുള്ളത്, ഗ്രിഗറി റബാസ്സയുടെ വിവര്‍ത്തനം തന്റെ സ്പാനിഷ് മൂലകൃതിയെ കടത്തിവെട്ടുമെന്നാണ്'' - സുഹൃത്ത് പറഞ്ഞു.

അക്കാര്യം പറഞ്ഞ നിമിഷം, അടുത്തൊരു സീറ്റില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം വന്നു : 'അത് ശരിയല്ല, സ്പാനിഷ് തന്നെയാണ് നല്ലത്''

അമ്പരപ്പോടെ സുഹൃത്ത് ആ പ്രതികരണത്തിന്റെ ഉടമയോട് തിരക്കി : 'സാര്‍, മാര്‍കേസിനെ സ്പാനിഷില്‍ വായിച്ചിട്ടുണ്ടോ'.

ഗ്ലാസില്‍നിന്ന് ഒരു സിപ്പ് കൂടി എടുത്തിട്ട്, ക്ഷണിക്കാതെ സംഭാഷണത്തിനെത്തിയ അദ്ദേഹം അറിയിച്ചു : 'ഞാന്‍ സ്പാനിഷ് പഠിച്ചത് മാര്‍കേസിനെ വായിക്കാനാണ്'.

കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ മനസിലായി, മധ്യവയസ്‌ക്കനായ ആ മനുഷ്യന്‍ മാര്‍കേസ് ആരാധകന്‍ മാത്രമല്ല, ഒരു എന്‍ജിനിയറിങ് പ്രൊഫസറാണ്; കര്‍ണാടക സംഗീതത്തില്‍ സാമന്യം ധാരണയുള്ള സഹൃദയനാണ്, അങ്ങനെ പലതുമാണ്!

-------

ആ മാര്‍കേസ് വായനക്കാരനെക്കുറിച്ച് കേട്ടപ്പോഴാണ്, കെണിയിലകപ്പെടുന്നതുപോലെ ഈയുള്ളവന്‍ എങ്ങനെ മാര്‍കേസിന്റെ പിടിയില്‍പെട്ടുവെന്ന് ആലോചിച്ചത്.

ഇപ്പോഴുമോര്‍ക്കുന്നു. 26 വര്‍ഷംമുമ്പായിരുന്നു അത്. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട് എന്ന സ്ഥലത്തെ ഒരു പാരലല്‍ കോളേജ് മുറിയില്‍വെച്ച്, ഉച്ചച്ചൂടിന്റെ വറുതി വകവെയ്ക്കാതെ നടന്ന സംഭാഷണത്തില്‍ നിന്നായിരുന്നു തുടക്കം. വായിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥം തന്റെ അന്ത്യവിധിയാണെന്നും, അത് വായിച്ചുതീരുന്നതോടെ താനിരിക്കുന്ന സ്ഥലവും ആ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന നഗരവും നിലംപൊത്തുമെന്നും, ആ മുറിവിട്ട് താന്‍ പുറത്തുപോകില്ലെന്നുമുള്ള ഭ്രമാത്മകമായ തിരിച്ചറിവോടെ തിടുക്കത്തില്‍ വായിച്ചുതീര്‍ക്കേണ്ടിവരുന്ന 'ഹതഭാഗ്യരാ'ണ് മാര്‍കേസിന്റെ വായനക്കാരെന്ന്, എന്നോട് അവിടെവെച്ചാണ് അനില്‍കുമാര്‍ എന്ന ചങ്ങാതി പറയുന്നത്.

എന്നോടത് പറയുമ്പോഴും, തലേന്ന് വായിച്ചുതീര്‍ത്ത 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ചുഴലിക്കാറ്റിലകപ്പെടുത്തിയ അയാളുടെ ഹൃദയത്തിന് ശാന്തത തിരിച്ചുകിട്ടിയിരുന്നില്ല. 'വീട് മുഴുവന്‍ ഒരു പെരുങ്കാറ്റിലകപ്പെട്ടതുപോലെ തോന്നി. അവസാന പേജുകളെത്തിയപ്പോള്‍ എന്റെ തന്നെ വിധിയാണതെന്ന് അനുഭവപ്പെട്ടു'-അയാള്‍ ഭീതിയോടെ സാക്ഷ്യപ്പെടുത്തി.

പ്രൊഫ.എം.കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'ത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന മാര്‍കേസും, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും', അതിലെ മഞ്ഞപ്പൂക്കളുടെ മഴയും, ബെഡ്ഷീറ്റില്‍ കയറിയുള്ള റമഡിയോസ് സുന്ദരിയുടെ സ്വര്‍ഗാരോഹണവും, മഞ്ഞ ശലഭങ്ങള്‍ അകമ്പടി സേവിക്കുന്ന ഇലക്ട്രീഷ്യനും, മെല്‍ക്വിഡിയാസിന്റെ സംസകൃതത്തിലുള്ള കൈയഴുത്ത് രേഖയും അങ്ങനെയാണ് എന്നെയും പിടികൂടുന്നത്. പിന്നീട് ആഹ്ലാദത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു: എന്റെ പ്രായമാണ് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്കെന്ന്. ആ നോവല്‍ മാര്‍കേസ് പൂര്‍ത്തിയാക്കിയ 1966 ല്‍ തന്നെയാണ് ഞാനും പിറന്നത്.

യഥാര്‍ഥത്തില്‍ എന്ത് ആഭിചാരക്രിയകൊണ്ടാണ് മാര്‍കേസ് തന്റെ വായനക്കാരെ ഒരിക്കലും വിടാതെ പിന്തുടരുന്നത് എന്നകാര്യം 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' പുറത്തുവന്ന 1967 മെയ് 30 മുതല്‍ നിരൂപകരും പുസ്തകപ്രേമികളും ഒരേപോലെ അന്വേഷിക്കുന്ന സംഗതിയാണ്. കൃത്യമായി അതിനൊരു ഉത്തരം ആര്‍ക്കും കണ്ടെത്താനായിട്ടില്ല. ഒരുകാര്യം വ്യക്തമാണ്. അദ്ദേഹം പ്രണയത്തെയും മരണത്തെയും ഏകാന്തതയെയും അധികാരത്തെയും വാര്‍ധക്യത്തെയും സ്മൃതിനാശത്തെയുമൊക്കെ കുറിച്ച് അതീവ ഹൃദ്യവും രസകരവുമായി എഴുതി. മറ്റാര്‍ക്കും കഴിയാത്ത ഒരു സവിശേഷ ഭാവുകത്വം അദ്ദേഹം വായനക്കാരന് സമ്മാനിച്ചു. മാര്‍കേസ് എഴുതിയതിലും ഭംഗിയായി എങ്ങനെ എഴുതുമെന്നത്, ഭാവി എഴുത്തുകാര്‍ക്കെല്ലാം വെല്ലുവിളിയായി.

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വായനക്കാരിലുളവാക്കിയ അമ്പരപ്പും അതിശയവും മാര്‍കേസിന്റെ കാര്യത്തില്‍ ഒരിക്കലും അവസാനിച്ചില്ല എന്നിടത്താണ് ആ മാന്ത്രികന്റെ വിജയം. അദ്ദേഹത്തിന്റെ ഓരോ ഗ്രന്ഥവും പുറത്തുവരുന്നത് ലോകമെങ്ങും ആരാധകര്‍ ആകാംക്ഷയോടെ കാത്തു. പുസ്തകത്തിന്റെ കെട്ടുകള്‍ കയറ്റിയ ലോറികള്‍ കൊളംബിയയുടെ പര്‍വ്വതമേഖലകളില്‍ കൊള്ളയടിക്കപ്പെട്ടു. പുതിയ പുസ്തകം എത്തുന്നതും കാത്ത് അമേരിക്കയിലും യൂറോപ്പിലും കടകള്‍ക്ക് മുമ്പില്‍ വായനക്കാര്‍ തലേന്നെത്തി ക്യൂ നിന്നു. മറ്റൊരു മാന്ത്രികനായ സ്റ്റീവ് ജോബ്‌സിന്റെ കാര്‍മികതത്വത്തില്‍ രൂപപ്പെടുത്തിയ ആപ്പിളിന്റെ ഐഫോണുകള്‍ സ്‌റ്റോറിലെത്തുന്നതും കാത്തായിരിക്കണം ആരാധകര്‍ പില്‍ക്കാലത്ത് ഇതുപോലെ സ്‌റ്റോറുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്നിട്ടുള്ളത്.

സാധാരണഗതിയില്‍ ഒരു നോവലിസ്റ്റിന്റെ അക്കൗണ്ടില്‍ ഒരു മാസ്റ്റര്‍പീസ് മാത്രമേ കാണാറുള്ളൂ. എന്നാല്‍, മാര്‍കേസിന്റെ അക്കൗണ്ടില്‍ ഒന്നിലേറെ മാസ്റ്റര്‍പീസുകളുണ്ട്. 1982 ല്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'കോളറാക്കാലത്തെ പ്രണയം' അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. 1990 കളില്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ പുതിയ പതിപ്പിന്റെ കവര്‍പേജില്‍, 'കോളറാക്കാലത്തെ പ്രണയ'ത്തിന്റെ കര്‍ത്താവ് എന്ന് ഗ്രന്ഥകാരനെ പരിചയപ്പെടുത്തിയത് കണ്ട മാര്‍കേസ് പറഞ്ഞു: 'ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷം'.

സര്‍ഗാത്മകത മാത്രമല്ല, കഠിനാധ്വാനവും പൂര്‍ണമായ സര്‍മപ്പണവും കൂടിയാണ് മാര്‍കേസിന്റെ വിജയം നിശ്ചയിച്ചത്. ഓരോ ഗ്രന്ഥത്തിന്റെയും പ്രമേയത്തിന് മുകളില്‍ അദ്ദേഹം പതിറ്റാണ്ടുകളോളം അടയിരുന്നു. എഴുതാനുള്ള സമയമായി എന്ന് തോന്നിയപ്പോള്‍ മാത്രം എഴുതി. വെറുതെ എഴുതുകയായിരുന്നില്ല, കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ, അതീവഹൃദ്യമായി എഴുതി. എഴുതിയത് തൃപ്തമായി എന്ന് ബോധ്യമായപ്പോള്‍ മാത്രം പ്രസിദ്ധീകരിച്ചു. ഹെമിംങ്‌വേ ആകണം ഇക്കാര്യത്തില്‍ മാര്‍കേസിന്റെ ഗുരു.

മാര്‍കേസിന് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്ത 'ഏകാന്തതയുടെ നൂറുവര്‍ഷ'ങ്ങളുടെ കാര്യമെടുക്കാം. 'Many years later, as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice' എന്ന സ്ഥലകാലഭ്രമം സൃഷ്ടിക്കുന്ന തുടക്കവാചകം മാര്‍കേസിന്റെ തലയിലേക്ക് ഡൗണ്‍ലോഡ് ചെയ്‌തെത്തിയത് 1965 മധ്യത്തില്‍ അകാപുല്‍കോ എന്ന മെക്‌സിക്കന്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ്. 'ദി ഹൗസ്' എന്ന പേരില്‍ ചെറുപ്പത്തില്‍ ആരംഭിച്ച ഒരു രചനാപദ്ധതിയാണ്, 18 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു തുടക്കത്തോടെ തലയിലേക്കെത്തിയത്. 18 വര്‍ഷമായി ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കായുള്ള യാതനകളിലായിരുന്നു ആ എഴുത്തുകാരന്‍ എന്നര്‍ഥം. ആദ്യവാചകം തലയിലേക്കെത്തിയ ശേഷം തിരിച്ച് മെക്‌സിക്കോ സിറ്റിയിലെ വാടകവീട്ടിലെത്തിയ താന്‍ 18 മാസം പുറത്തിറങ്ങാതെയിരുന്ന് 'നൂറുവര്‍ഷങ്ങള്‍' പൂര്‍ത്തിയാക്കിയെന്നാണ് മാര്‍കേസ് പില്‍ക്കാലത്ത് പറഞ്ഞിട്ടുള്ളത്. എന്നാല്‍, 1965 ജൂലായില്‍ ആരംഭിച്ച നോവല്‍ രചന, 1966 ജൂലായിലോ ആഗസ്ത് ആദ്യമോ പൂര്‍ത്തിയായിയെന്ന് മാര്‍കേസിന്റെ ജീവചരിത്രകാരനായ ജെറാള്‍ഡ് മാര്‍ട്ടിന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏതായാലും ആ കാലത്ത് മാര്‍കേസ് കുടുംബം കടുത്ത വറുതിയിലായിരുന്നു. ബുവേണ്ടിയ കുടുംബത്തിന്റെ നാലുതലമുറകളുടെ അത്ഭുതകഥയിലൂടെ മക്കാണ്ടോയുടെ മാന്ത്രികചരിത്രം രേഖപ്പെടുത്താന്‍ ഗൃഹനാഥന്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുമ്പോള്‍, വീട്ടുച്ചെലവിന് പണംകണ്ടെത്താന്‍ പെടാപ്പാട് പെടുകയായിരുന്നു വീട്ടമ്മയായ മേഴ്‌സിഡസ്. നിത്യവൃത്തിക്കായി കാറടക്കം ഓരോന്നായി വില്‍ക്കേണ്ടി വന്നു. ഇറച്ചിക്കടക്കാരനോടും വാടകയുടെ കാര്യത്തില്‍ വീട്ടുടമയോടും തുടര്‍ച്ചയായി എക്‌സ്‌ക്യൂസ് പറയേണ്ടിവന്നു. 'ഗ്രന്ഥരചനയെന്നത് ആത്മഹത്യാപരമായ തൊഴിലാണെ'ന്ന്, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' പൂര്‍ത്തിയാക്കിയ ശേഷം ആദ്യമെഴുതിയ ലേഖനത്തില്‍ മാര്‍കേസ് പ്രഖ്യാപിച്ചു. 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കാ'യി 1300 പേജ് താനെഴുതിയെന്നും, അതില്‍ 490 പേജ് നിലനിര്‍ത്തിയെന്നും, ആ 'ആത്മഹത്യാശ്രമ'ത്തിനിടെ 30,000 സിഗരറ്റുകള്‍ വലിച്ചുതീര്‍ത്തെന്നും, 120,000 പെസോയുടെ ബാധ്യത വരുത്തിയെന്നും ഗ്രന്ഥകര്‍ത്താവ് പില്‍ക്കാലത്ത് വെളിപ്പെടുത്തി.

ബ്യൂണസ് അയേഴ്‌സിലെ Sudamericana യായിരുന്നു 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ പ്രസാധകര്‍. 1966 ആഗസ്തില്‍ മേഴ്‌സിഡസിനെയും കൂട്ടി മാര്‍കേസ് പോസ്‌റ്റോഫിസിലെത്തി. 'ഒരു ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട രണ്ട് ആത്മാക്കളെപ്പോലെ ഇരുവരും കാണപ്പെട്ടു' (ജെറാള്‍ഡ് മാര്‍ട്ടിന്‍). ടൈപ്പ് ചെയ്ത 490 പേജാണ് നോവലിന്റെ മനുസ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. ബ്യൂണസ് അയേഴ്‌സിലേക്ക് അതയയ്ക്കാന്‍ 82 പെസോ വേണമെന്ന് പോസ്‌റ്റോഫീസില്‍ നിന്നറിയിച്ചു. മെഴ്‌സിഡസിന്റെ പേഴ്‌സില്‍ അവശേഷിച്ചിരുന്നത് 50 പെസോ മാത്രം. മാര്‍കേസ് ആ കൈയെഴുത്തുപ്രതിയുടെ അവസാനത്തെ പകുതി ചീന്തിയെടുത്തു. കൈയിലുള്ള കാശിന് ആദ്യപകുതി പോസ്റ്റ് ചെയ്തു. ഇതുവരും തിരിച്ച് വീട്ടിലെത്തി ഹെയര്‍ഡ്രൈയര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിറ്റ് ബാക്കി നോവല്‍ഭാഗം പ്രസാധകന് അയച്ചു!

പ്രസാധകരുടെ പക്കല്‍ നോവലിന്റെ കൈയെഴുത്തുപ്രതിയെത്തി എന്ന് ഉറപ്പാക്കിയപ്പോള്‍ മാര്‍കേസും മേഴ്‌സിഡസും ആദ്യം ചെയ്ത പണി, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്കായി തയ്യാറാക്കിയ കുറിപ്പുകളും ചാര്‍ട്ടുകളും റഫറന്‍സ് നോട്ടുകളുമടങ്ങുന്ന 40 കോളേജ് നോട്ട്ബുക്കുകള്‍ മുറ്റത്തിട്ട് കത്തിച്ച്, ആ ഗ്രന്ഥത്തിന്റെ രചനാവഴികളുടെ സര്‍വ്വതെളിവും നശിപ്പിക്കുകയെന്ന കര്‍മമാണ്. കുറ്റകൃത്യം ചെയ്തിട്ട് അതിന്റെ തെളിവുകള്‍ ഇല്ലാതാക്കുന്നതുപോലൊരു സംഗതിയായിരുന്നു അത്. അതിന്റെ കാരണം മാര്‍കേസ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്- 'എന്റെ അണ്ടര്‍വെയറിനുള്ളില്‍ മറ്റുള്ളവര്‍ പരതുന്നത് ഇഷ്ടമുള്ള കാര്യമല്ല'.

ഒട്ടും അനായാസമായിരുന്നില്ല ആ നോവലിന്റെ രചനയെന്ന്, കത്തിച്ചുകളഞ്ഞ 40 കോളേജ് നോട്ട്ബുക്കുകള്‍ വ്യക്തമാക്കുന്നു. അത്രമാത്രം ഗൃഹപാഠം അതിന് വേണ്ടിവന്നിട്ടുണ്ട്. മാര്‍കേസിന്റെ വിജയത്തിന്റെ രഹസ്യത്തിലേക്കുള്ള താക്കോല്‍ തന്നെയാണ് ഈ സമര്‍പ്പണം.

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എഴുതാന്‍ നടത്തിയ സമര്‍പ്പണത്തിന്റെ ഫലം എന്തായിരുന്നുവെന്ന് ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നാഴ്ചയാകുമ്പോള്‍, 1967 ജൂണ്‍ 19 ന് ബ്യൂണസ് അയേഴ്‌സില്‍ എത്തിയ മാര്‍കേസും മേഴ്‌സിഡസും അനുഭവിച്ചറിഞ്ഞു. അര്‍ജന്റീനന്‍ സാംസ്‌കാരിക ജീവിതത്തിന്റെ ചാലകകേന്ദ്രമെന്ന് കരുതാവുന്ന Instituto Di Tella യിലെ തിയേറ്ററില്‍ ഇരുവരും വൈകുന്നേരം എത്തുമ്പോള്‍, താന്‍ മുന്‍കൂട്ടിയെഴുതിയ ഒരു കഥയില കഥാപാത്രമായി മാര്‍കേസ് സ്വയം മാറിയിരുന്നു. അന്നവിടെ ഉണ്ടായിരുന്ന ടോമസ് ഇലോയി മാര്‍ട്ടിനെസ് അത് വിവരിച്ചത് ജെറാള്‍ഡ് മാര്‍ട്ടിന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഓഡിറ്റോറിയം മുഴുവന്‍ നിഴലിലായിരുന്നു. മാര്‍കേസും മെഴ്‌സിഡസും സ്‌റ്റേജിന് നേരെ നീങ്ങുമ്പോള്‍, എന്തോ കാരണത്താല്‍ സ്‌പോട്ട്‌ലൈറ്റ് അവര്‍ക്ക് പിന്നാലെ ചലിച്ചു. ഇരുവരും തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ തുടങ്ങുമ്പോള്‍, ആരോ ഉച്ചത്തില്‍ വിളിച്ചുകൂവി - 'ബ്രേവോ'. തുടര്‍ന്ന് ഉച്ചത്തിലുള്ള കൈയടി. ഒരു സ്ത്രീശബ്ദം വിളിച്ചുപറഞ്ഞു : 'നിങ്ങളുടെ നോവലിന് വേണ്ടി'. തീയേറ്ററിലെ മുഴുവന്‍ പേരും ആദരപൂര്‍വ്വം എണീറ്റുനിന്നു. 'ആ നിമിഷത്തില്‍ റമഡിയോസ് സുന്ദരിയെപ്പോലെ, ബെഡ്ഷീറ്റില്‍ ആകാശത്തുനിന്ന് പ്രശസ്തി താഴേക്കിറങ്ങി ഗബ്രിയേല്‍ മാര്‍കേസിനെ വിലയം ചെയ്യുന്നത് കാണാമായിരുന്നു' - മാര്‍ട്ടിനെസ് രേഖപ്പെടുത്തി. 40 വര്‍ഷം ഇല്ലായ്മയിലും അലച്ചിലിലും കഴിയാന്‍ വിധിക്കപ്പെട്ട ആ ദമ്പതിമാരുടെ ജീവിതം, അവര്‍ അപ്പോള്‍ മനസിലാക്കിയതിലും എത്രയോ അധികം മാറിക്കഴിഞ്ഞിരുന്നു ആ നോവല്‍ പ്രസിദ്ധീകരിച്ച് വെറും മൂന്നാഴ്ച ആകുമ്പോഴേക്കും!

എല്ലാ വിശദാംശങ്ങളും അതിന്റെ പൂര്‍ണതയില്‍, അധികമാര്‍ക്കും സാധിക്കാത്ത വിധത്തില്‍ സമ്മേളിപ്പിക്കാനുള്ള ശ്രമമാണ് മാര്‍കേസിന്റെ രചനയിലാകെ കാണാന്‍ കഴിയുക. വിശദാംശങ്ങള്‍ക്ക് വേണ്ടിയുള്ള ഈ വ്യഗ്രത മാര്‍കേസിന് സമ്മാനിച്ചത് അദ്ദേഹത്തിനുള്ളിലെ പത്രപ്രവര്‍ത്തകനാകണം. സാധാരണഗതിയില്‍ ഒരാള്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, സര്‍ഗ്ഗരചനയ്ക്കുള്ള വഴികള്‍ അടയുന്നതായാണ് കാണാറ്. മാര്‍കേസിന്റെ കാര്യത്തില്‍ അദ്ദേഹം അവസാനം വരെയും പത്രപ്രവര്‍ത്തകനായിരുന്നു. മയക്കുമരുന്ന് മാഫിയ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ സാക്ഷ്യപത്രം 'News of a Kidnapping' എന്ന പേരില്‍ പുസ്തകമാക്കുമ്പോള്‍ മാര്‍ക്വേസിന്റെ പ്രായം 68 വയസ്സ്. റിപ്പോര്‍ട്ടിങിന്റെ എക്കാലത്തേക്കുമുള്ള സാക്ഷ്യപത്രമായാണ് ആ ഗ്രന്ഥം 1996 ല്‍ പുറത്തുവന്നതും വായനക്കാരെ വിസ്മയിപ്പിച്ചതും.

സാഹിത്യരചനയില്‍ പത്രപ്രവര്‍ത്തനത്തെ മാര്‍ക്വേസ് രണ്ട് തരത്തില്‍ പ്രയോജനപ്പെടുത്തി. മുകളില്‍ സൂചിപ്പിച്ച തരത്തില്‍ സൂക്ഷ്മവിശദാംശങ്ങള്‍ തേടാനും, വായനക്കാരനെ ആകര്‍ഷിക്കുന്ന സംഗതികള്‍ ഹൈലൈറ്റ് ചെയ്യാനും അത് അവസരം സൃഷ്ടിച്ചതാണ് ഒന്നാമത്തെ സംഗതി. 'ഗേറ്റ് കീപ്പിങ്' എന്ന് പത്രപ്രവര്‍ത്തനത്തില്‍ പറയാറുള്ള, ഏറെ വിവരങ്ങളില്‍നിന്ന് വായനക്കാരന്‍ അറിയേണ്ടതെന്താണെന്ന് നിശ്ചയിക്കുന്ന, ആ പ്രക്രിയ മാര്‍കേസിന്റെ രചനാതന്ത്രത്തിലുടനീളം കാണാനാകും. കുറഞ്ഞ സ്ഥലത്ത് പരമാവധി വിവരങ്ങള്‍ ആകര്‍ഷകമായി ഒരുക്കിവെയ്ക്കുകയെന്നതാണല്ലോ ജേര്‍ണലിസത്തിന്റെ ഒരു വിദ്യ. അത് മാര്‍ക്വേസിന്റെ രചനയിലുടനീളം കാണാം. ഒരുപക്ഷേ, മറ്റൊരു സാഹിത്യകാരനും കിട്ടാത്തത്ര സ്വീകാര്യതയും പ്രശസ്തിയും അദ്ദേഹത്തിന് നേടിക്കൊടുക്കുന്നതില്‍ ഈ സംഗതി ഏറെ നിര്‍ണായകമായി. മാര്‍കേസിന് ഇക്കാര്യം നല്ല ബോധ്യമുണ്ടായിരുന്നു എന്നുവേണം കരുതാന്‍. സര്‍ഗശേഷിയുടെയും സാഹിത്യമൂല്യത്തിന്റെയും കാര്യത്തില്‍ ഏറെ ഉയരെയാണെങ്കിലും എന്തുകൊണ്ട് മിലാന്‍ കുന്ദേര മാര്‍കേസിനോളം പ്രശസ്തനാകുന്നില്ല എന്ന് ഒരിക്കല്‍ വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ മാര്‍കേസ് നല്‍കിയ ഉത്തരം ശ്രദ്ധേയമാണ്: 'ദൈര്‍ഭാഗ്യവശാല്‍ അദ്ദേഹമൊരു പത്രപ്രവര്‍ത്തകനല്ല!'

കൊളംബിയന്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ചില സംഭവങ്ങളാണ് പില്‍ക്കാലത്ത് തന്റെ നോവലുകളുടെ പ്രമേയമായി മാര്‍കേസ് രൂപപ്പെടുത്തിയത് എന്നതാണ് രണ്ടാമത്തെ സംഗതി. 'Chronicle of a Death Foretold' (1981), 'Of Love and Other Demons' (1994) എന്നിവ ഉദാഹരണം.

കൊളംബിയന്‍ പട്ടണമായ ബാരന്‍ക്വിയയിലെ 'എല്‍ ഹിരാള്‍ഡോ' പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് 1951 ജനവരിയിലാണ്, കായെറ്റാനോ ജെന്റില്‍ എന്ന തങ്ങളുടെ നാട്ടുകാരനായ സുഹൃത്തിനെ അവന്റെ കാമുകിയുടെ സഹോദരങ്ങള്‍ കുത്തിക്കൊന്ന വിവരം മാര്‍കേസ് അറിയുന്നത്. തന്റെ ഭാവി വധു മെഴ്‌സിഡെസ് ആണ് അക്കാര്യം കുറിപ്പുവഴി മാര്‍കേസിനെ അറിയിച്ചത്. അക്കാലത്ത് സുക്രെ എന്ന ചെറുപട്ടണത്തിലാണ് മാര്‍കേസിന്റെ കുടുംബം താമസിച്ചിരുന്നത്. സമ്പന്നനും സുഭഗനും സ്ത്രീലമ്പടനുമായ കായെറ്റാനോ ഒരു ദിവസം സുന്ദരിയായ അധ്യാപികയെ മുന്നിലിരുത്തി പട്ടണഹൃദയത്തിലൂടെ കുതിരപ്പുറത്ത് പോകുന്നത് കണ്ട മാര്‍കേസും കൂട്ടരും അപകടം മണത്തിരുന്നു. കാരണം, മറ്റൊരു സാമൂഹിക ശ്രേണിയില്‍പെട്ട കുടുംബമായിരുന്നു ആ അധ്യാപകയുടേത്.

കായെറ്റാനോയെ അവര്‍ കൊല്ലാന്‍ കത്തിയുമായി എത്തിയ ദിവസം, അക്കാര്യമറിഞ്ഞ് പരിഭ്രമിച്ച അവന്റെ അമ്മ ഡോണ ജൂലീറ്റ ചിമെന്റോ, മകന്‍ വീട്ടിനുള്ളില്‍ സുരക്ഷിതമായി എത്തിയെന്നു കരുതി തിടുക്കപ്പെട്ടെത്തി ഗേറ്റ് പൂട്ടുകയും, കായെറ്റാനോയ്ക്ക് അകത്ത് കടക്കാനാകാതെ വരികയും, കത്തിക്കിരയാവുകയും ചെയ്തു. ഈ സംഭവം മാര്‍കേസിലെ എഴുത്തുകാരനെ അസാധാരണമായി സ്പര്‍ശിച്ചു. അത് തന്റെ പത്രത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം ഒരുങ്ങി. പക്ഷേ, അമ്മ ലൂയിസ സാന്റിയാഗ അതിന് മകനെ അനുവദിച്ചില്ല. മാര്‍കേസിന്റെ എട്ടാമത്തെ സഹോദരന്‍ ഹെര്‍നാന്‍ഡോയുടെ തലതൊട്ടമ്മ (ഗോഡ്മദര്‍) ആയിരുന്നു ഡോണ ജൂലീറ്റ. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ കായെറ്റാനോയെക്കുറിച്ച് എഴുതുന്നത്, ആ അമ്മയ്ക്ക് മനോവേദനയുണ്ടാക്കുമെന്നാണ് ലൂയിസ വാദിച്ചത്. ആ വാദം അവഗണിച്ച് എഴുതുന്നത്, അമ്മയെ അവമതിക്കുന്നതാകുമെന്ന് മാര്‍കേസ് മനസിലാക്കി. എഴുതാനുള്ള അഭിവാഞ്ച മനസിലൊതുക്കി. എങ്കിലും, 'ആ കഥയെഴുതാനുള്ള പ്രേരണയാല്‍ വേട്ടയാടപ്പെടാത്ത ഒരു ദിവസം പോലും പിന്നീട് ജീവിതത്തിലുണ്ടായിട്ടില്ല'-ആത്മകഥയായ 'Living to Tell the Tale' ല്‍ അദ്ദേഹം കുമ്പസാരിച്ചു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം, അപ്പോള്‍ സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള മകനെ ലൂയിസ ഫോണ്‍ ചെയ്തു. ഡോണ ജൂലീറ്റ അന്തരിച്ച സങ്കടവാര്‍ത്ത അറിയിച്ചതിനൊപ്പം അവര്‍ മാര്‍കേസിനോട് ഇങ്ങനെ പറഞ്ഞു: 'എന്റെ സ്വന്തം മകനെപ്പോലെ കായെറ്റാനോയെ പരിഗണിക്കുക!'

രണ്ടുവര്‍ഷം കഴിഞ്ഞ് പ്രസിദ്ധീകരിച്ച 'Chronicle of a Death Foretold' വായിക്കുന്ന ആര്‍ക്കും, അതില്‍ സാന്റിയാഗോ നാസര്‍ ആയി മാറിയിരിക്കുന്ന കായെറ്റാനോയെ എത്ര ആദരവോടെയാണ് മാര്‍കേസ് കൈകാര്യം ചെയ്തിരിക്കുന്നുവെന്നും, അമ്മയുടെ വാക്കിനെ അദ്ദേഹം എങ്ങനെ ശിരസ്സാവഹിച്ചുവെന്നും മനസിലാക്കാവുന്നതേയുള്ളൂ. നിലവിലുള്ള എല്ലാ കഥപറച്ചില്‍ രീതികളെയും അപ്രസക്തമാക്കുന്ന തരത്തിലായിരുന്ന ആ നോവലിന്റെ ക്രാഫ്റ്റ്. ഇതിലും നാടകീയമായി ഒരു കഥ പറയാനാകില്ലെന്ന അത്ഭുതമാണ് വായനക്കാരില്‍ മാന്ത്രികാനുഭവമായി മാറിയത്. സാന്റിയാഗോ നാസറിനെ അവര്‍ കൊല്ലാന്‍ പോകുന്ന കാര്യം ആദ്യവാചകത്തില്‍ തന്നെ എഴുത്തുകാരന്‍ പ്രഖ്യാപിക്കുന്നു. മുഴുവന്‍ പട്ടണത്തിനും, എന്തിന് അവന്റെ അമ്മയ്ക്ക് പോലുമറിയാം അക്കാര്യം. പക്ഷേ, സാന്റിയാഗോ നാസര്‍ മാത്രം അതറിഞ്ഞില്ല! സ്വന്തം കുടല്‍മാലയും കൈയിലെടുത്തുകൊണ്ട്, വീടിന് ചുറ്റും നടന്ന അവന്റെ ദയനീയത വായനക്കാരെ എക്കാലത്തേക്കും വേട്ടയാടാന്‍ പോവുകയായിരുന്നു!

ഒറ്റയടിക്ക് ഇത്രയേറെ വിറ്റുപോയ മറ്റൊരു നോവല്‍ ഒരുപക്ഷേ, ലോകസാഹിത്യത്തില്‍ തന്നെ വേറെയുണ്ടാകില്ല. സ്ഥിതിവിവരക്കണക്കുകള്‍ നോക്കുക: സ്‌പെയിന്‍, കൊളംബിയ, അര്‍ജന്റീന, മെക്‌സിക്കോ എന്നീ നാല് രാജ്യങ്ങളില്‍ 'Chronicle of a Death Foretold' ഒരേസമയം പ്രസിദ്ധീകരിച്ചു. 1981 ജനവരി 23 നായിരുന്നു അത്. ലാറ്റിനമേരിക്കന്‍ സാഹിത്യചരിത്രത്തില്‍ ആദ്യപതിപ്പില്‍ ഏറ്റവുമധികം കോപ്പികള്‍ അച്ചടിച്ച ഗ്രന്ഥമാണത്. നാല് രാജ്യങ്ങളിലും കൂടി 20 ലക്ഷം കോപ്പി! പുസ്തകത്തിന്റെ അത്രയും കോപ്പികള്‍ അച്ചടിക്കാന്‍ വേണ്ടിയിരുന്നത് 200 ടണ്‍ പേപ്പറും 1600 കിലോ മഷിയുമാണ്. 45 ബോയിങ് 7278 വിമാനങ്ങള്‍ വേണ്ടിയിരുന്നു അത് വഹിച്ചുകൊണ്ടുപോകാന്‍!

1947 ല്‍ ബാരന്‍ക്വിയയില്‍വെച്ച് പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് മാര്‍കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ്,  47 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന 'Of Love and Other Demons' എന്ന നോവലിന് ആധാരമായത്. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കാനായി, പില്‍ക്കാലത്ത് ആസ്പത്രിയായി പരിണമിച്ച സാന്റാ ക്ലാര കോണ്‍വെന്റും ബിഷപ്പുമാരുള്‍പ്പടെയുള്ളവരെ അടക്കിയിട്ടുള്ള പള്ളിയും പൊളിച്ചുനീക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു മാര്‍കേസ്. അവിടെ ഒരു കല്ലറയില്‍ 200 വര്‍ഷംമുമ്പ് അടക്കം ചെയ്തതെന്ന് കരുതുന്ന ഒരു 12 കാരിയുടെ, ചെമ്പിന്റെ നിറവും 22 മീറ്റര്‍ 11 സെന്റീമീറ്റര്‍ നീളവുമുള്ള അഴകാര്‍ന്ന കൂന്തലും, അത് വളര്‍ന്നുകൊണ്ടിരുന്ന തലയോട്ടിയുടെ ഭാഗവും മാര്‍കേസ് കണ്ടു. പേപ്പട്ടി കടിച്ച് രോഗബാധിതയാവുകയും പിശാചുബാധയെന്ന് കരുതി ഒരു കോണ്‍വെന്റിന്റെ തടവറയിലകപ്പെടുകയും ചെയ്യുന്ന 12 കാരിയും, അവളുടെ ബാധയൊഴിപ്പിക്കാനെത്തുന്ന ചെറുപ്പക്കാരനായ വൈദികനും തമ്മിലുള്ള അസാധാരണ പ്രണയകഥയായി മാര്‍കേസ് ആ പ്രമേയം വികസിപ്പിച്ചു. സാന്റിയാഗോ നാസര്‍ എന്ന കഥാപാത്രത്തിന് ആധാരമായ കായെറ്റാനോയുടെ പേരാണ്, ഈ നോവലില്‍ ചെറുപ്പക്കാരനായ വൈദികന് നോവലിസ്റ്റ് നല്‍കിയത്!

തന്റെ കഥാപാത്രങ്ങളുടെ പേരുകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ ഈ കുസൃതി  മാര്‍കേസ് പലയിടത്തും ആവര്‍ത്തിച്ചിട്ടുണ്ട്. കൊളംബിയയില്‍ റിയോഹച്ചയ്ക്ക് സമീപമുള്ള തന്റെ പൂര്‍വികദേശങ്ങളില്‍ ഒരു പുസ്തക കമ്പനിയുടെ പ്രതിനിധിയായി 1950 കളുടെ അവസാനം നടത്തിയ പര്യടനം ആത്മകഥയില്‍ മാര്‍കേസ് വിവരിച്ചിട്ടുണ്ട്. അവിടെ മനോര്‍ എന്ന ചെറുപട്ടണത്തില്‍വെച്ചാണ് 'മരം പോലുള്ള' ആ ചെറുപ്പക്കാരന്‍ മാര്‍കേസിനെ പരിചയപ്പെടാനെത്തിയത്. ബെല്‍ട്ടില്‍ മിലിറ്ററി റിവോള്‍വര്‍ തൂങ്ങിയാടുന്നത് കാണാമായിരുന്നു. പട്ടണത്തിലെ ഏക ബിയര്‍ പാര്‍ലറില്‍ തണുത്ത ബിയര്‍ നുണയുകയായിരുന്നു മാര്‍കേസും സുഹൃത്തും.

വന്നപാടെ, അയാള്‍ കരംകൊടുത്തിട്ട് കൈയില്‍നിന്ന് വിടാതെ മാര്‍കേസിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു : 'കേണല്‍ നിക്കോളാസ് മാര്‍കേസുമായി താങ്കള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ'.

'ഞാന്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്' -മാര്‍കേസ് മറുപടി നല്‍കി.

'അപ്പോള്‍', അയാള്‍ പറഞ്ഞു, 'നിങ്ങളുടെ മുത്തച്ഛനാണ് എന്റെ മുത്തച്ഛനെ കൊന്നത്'.

ആരകാറ്റക്കയെന്ന ചെറുപട്ടണത്തിലേക്ക് മാര്‍കേസിന്റെ അമ്മയുടെ പിതാവ് കേണല്‍ നിക്കോളാസ് സംഘവും കുടിയേറുന്നത്, ദിന്ദ്വയുദ്ധത്തില്‍ ഒരാളെ വധിച്ച ശേഷമാണ്. കൊല്ലപ്പെട്ടയാളുടെ പേര് മെദാര്‍ഡോ പച്ചേക്കോ എന്നായിരുന്നു. പച്ചേക്കോയുടെ ചെറുമകന്‍ ജോസ് പ്രൂഡെന്‍ഷ്യോ അഗ്വിലാര്‍ ആയാരുന്നു മാര്‍ക്വേസിന് മുന്നിലെത്തിയ ആ ചെറുപ്പക്കാരന്‍. ഒന്ന് പരിഭ്രമിക്കാന്‍ പോലും അവസരം കൊടുക്കാതെ, ഒരു മുത്തച്ഛന്‍ മറ്റേയാളെ വധിച്ചവഴിക്ക് തങ്ങള്‍ രക്തബന്ധമുള്ളവരാണെന്ന മട്ടില്‍ പ്രുഡെന്‍ഷ്യോ മാര്‍കേസിനെ സ്വീകരിച്ചു. കള്ളക്കടത്ത് തൊഴിലാക്കിയ അയാളുടെ ട്രക്കില്‍ ബ്രാന്‍ഡി കുടിച്ച്, ആട്ടിറച്ചിയും തിന്ന് മൂന്നുദിവസം സഞ്ചരിച്ച കാര്യം ആഹ്ലാദപൂര്‍വമാണ് മാര്‍കേസ് വിവരിക്കുന്നത്. അതിനുള്ള നന്ദി സൂചനയായി പത്തുവര്‍ഷം കഴിഞ്ഞ് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' രചിച്ച വേളയില്‍, മക്കാണ്ടോ പട്ടണത്തിന്റെ സ്ഥാപകന്‍ ജോസ് അക്കാര്‍ഡിയോ ബുവേണ്ടയ കുന്തം കഴുത്തില്‍ പ്രയോഗിച്ച് കൊല്ലുകയും, പിന്നീട് ആ മുറിവ് കഴുകിക്കൊണ്ട് ജോസ് അക്കാര്‍ഡിയോയുടെ മുന്നില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന കഥാപാത്രത്തിന് പ്രൂഡെന്‍ഷ്യോയുടെ പേര് മാര്‍കേസ് നല്‍കി!

മാര്‍കേസിന്റെ ഏറ്റവും പ്രശസ്ത കൃതി 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ആയിരിക്കാം. ആ എഴുത്തുകാരന്റെ ഏറ്റവും മികച്ച കൃതി പക്ഷേ, അതല്ല. 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എഴുതി ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച 'കോളറാക്കലത്തെ പ്രണയ'മാണത്. മാര്‍കേസിന് മാത്രം എഴുതാന്‍ കഴിയുന്ന നോവലെന്ന് അതിനെ വിശേഷിപ്പിച്ചാലും അതിശയോക്തിയാവില്ല. 'പ്രണയത്തിന്റെ അവസാന വാക്കെ'ന്ന് നിരൂപകര്‍ വാഴ്ത്തിയ ആ ഗ്രന്ഥം, കൗമാരം വാര്‍ധക്യം യവ്വനം എന്നിങ്ങനെ വിവിധ മനുഷ്യാവസ്ഥകളിലൂടെ പരിണമിക്കുന്ന പ്രണയത്തിന്റെ മാന്ത്രികാനുഭവമാണ് വായനക്കാരന് സമ്മാനിക്കുന്നത്. 'The Autumn of the Patriarch' പോലെ അധികാരത്തിന്റെ അവസ്ഥാന്തരങ്ങള്‍ക്ക് പകരം, പ്രണയത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചെഴുതുന്ന പുതിയ മാര്‍കേസിനെ വായനക്കാര്‍ പുതിയ നോവലില്‍ കണ്ടു. നൊബേല്‍ പുരസ്‌കാരം ഒരു എഴുത്തുകാരന്റെ സര്‍ഗശേഷി വറ്റിയ ശേഷമാണ് നല്‍കപ്പെടാറുള്ളതെന്ന ധാരണ, 'കോളറാക്കാലത്തെ പ്രണയ'ത്തിലൂടെ തിരുത്താനും മാര്‍കേസിനായി. നൊബേല്‍ ലഭിച്ച് മുന്നുവര്‍ഷം കഴിഞ്ഞ്, 1985 ലാണ് ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

 'ആരകാറ്റക്കയിലെ ദരിദ്ര ടെലഗ്രാഫ് ഓപ്പറേറ്ററുടെ 16 മക്കളിലൊരാള്‍ മാത്ര'മെന്ന് തന്നെ സ്വയം വിശേഷിപ്പിച്ചിരുന്ന മാര്‍കേസ്, തന്റെ പിതാവ് ഗബ്രിയേല്‍ എലിജിയോയുടെയും മാതാവ് ലൂയിസ് സാന്റിയാഗയുടെയും പ്രണയകഥയാണ് 'കോളറാക്കാലത്തെ പ്രണയ'ത്തിന്റെ അസംസ്‌കൃതവസ്തുവായി സ്വീകരിച്ചത്. ഡോക്ടര്‍ ജുവനല്‍ ഉര്‍ബിനോ, ഷിപ്പിങ് കമ്പനി ക്ലാര്‍ക്ക് ഫ്‌ളോറെന്റിനോ അരിസ, ഫെര്‍മിന ഡാസ എന്നിവരാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. കൗമാരത്തില്‍ തന്റെ ഹൃദയം കവര്‍ന്ന ഫെര്‍മിനയെ ഡോക്ടര്‍ ഉര്‍ബിനോ വിവാഹം കഴിച്ചെങ്കിലും, ഫെര്‍മിനയോടുള്ള പ്രണയവുമായി ജീവിതം മുഴുവന്‍ കാത്തിരിക്കുന്ന ഫ്‌ളോറെന്റിനോയാണ് കഥയിലെ നായകന്‍. ഒടുവില്‍ വാര്‍ധക്യത്തില്‍ ഡോക്ടര്‍ ഉര്‍ബിനോയുടെ മരണത്തിന് ശേഷമാണ് ആ കമിതാക്കള്‍ വീണ്ടും ഒന്നിക്കുന്നത്.

'കോളറാക്കാലത്തെ പ്രണയം' പ്രസിദ്ധീകരിക്കുന്നതിന്റെ തലേവര്‍ഷം, 1984 ലാണ് എണ്‍പത്തിനാലാ വയസ്സില്‍ മാര്‍കേസിന്റെ പിതാവ് ഗബ്രിയേല്‍ എലിജിയോ അന്തരിക്കുന്നത്. മകനെപ്പോലെ താങ്കള്‍ക്ക് ഒരു നോവലെഴുതിക്കൂടേ എന്ന്, മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് ഗബ്രിയേല്‍ എലിജിയോയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. 'ഞാനൊരു നോവലിന് പദ്ധതിയിട്ടിരുന്നു. ഒരു ദിവസം മകന്‍ എന്നെ ഫോണ്‍ചെയ്ത്, പെട്ടന്ന് സന്ദേശങ്ങളെത്തിക്കാന്‍ പണ്ട് ടെലഗ്രാഫ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിച്ചിരുന്ന സൂത്രവിദ്യയ്ക്ക് പറഞ്ഞിരുന്ന പേര് എന്താണെന്ന് ചോദിച്ചു. 'പെഗ്ഗിങ്' എന്ന് ഞാനവനോട് പറഞ്ഞ നിമിഷം എനിക്കുറപ്പായി, ഞാന്‍ പദ്ധതിയിട്ട നോവല്‍ മകന്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്ന്!' പക്ഷേ, മകന്‍ ആ നോവല്‍ പുറത്തിറക്കുംമുമ്പ് ഗബ്രിയേല്‍ എലിജിയോ യാത്രയായി (ലൂയിസ് സാന്റിയാഗോയുമായി ചെറുപ്പത്തില്‍ കൊടിയ പ്രണയത്തിലായിരുന്ന സമയത്ത്, ഗബ്രിയേല്‍ എലിജിയോ ആരകാറ്റക്കയില്‍ ടെലഗ്രാഫ് ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുകയാണ്. ആ പ്രണയം പൊളിക്കാന്‍ ലൂയിസിനെ വിദൂരപട്ടണങ്ങളില്‍ അവളുടെ മാതാവ് പര്യടനത്തിന് കൊണ്ടുപോയ വേളയില്‍, ഈ ടെലഗ്രാഫ് സങ്കേതമുപയോഗിച്ചാണ് ആ കാമുകന്‍ അവള്‍ക്ക് രഹസ്യസന്ദേശങ്ങള്‍ എത്തിച്ചിരുന്നത്!).

സാഹിത്യേതരമായ മറ്റൊരു സവിശേഷത കൂടി 'കോളറാക്കാലത്തെ പ്രണയ'ത്തിനുണ്ട്. 1980 കളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിത്തുടങ്ങിയ കാലത്താണ് മാര്‍കേസ് ആ കൃതി രചിക്കുന്നത്. ആദ്യത്തെ കുറെഭാഗം പഴയതുപോലെ ടൈപ്പ്‌റൈറ്ററില്‍ തയ്യാറാക്കുകയാണുണ്ടായത്. അപ്പോഴേക്കും കമ്പ്യൂട്ടര്‍ വന്നു. അതുവരെ എഴുതിയത് മുഴുവന്‍ ഒരു കമ്പോസിറ്ററെ വെച്ച് കമ്പ്യൂട്ടറില്‍ എഴുതിച്ചേര്‍ത്തു. നോവലിന്റെ ബാക്കഭാഗം മുഴുവന്‍ കമ്പ്യൂട്ടറിലാണ് മാര്‍കേസ് എഴുതിയത്. ഒരു ചെറിയ തിരുത്തല്‍ വന്നാല്‍ പോലും എഴുതിയത് മുഴുവന്‍ ഉപേക്ഷിക്കുന്ന മാര്‍കേസിനെപ്പോലൊരു എഴുത്തുകാരന് കമ്പ്യൂട്ടര്‍ നല്‍കിയ ആശ്വാസവും ആവേശവും ചില്ലറയല്ല. മാത്രമല്ല, താന്‍ എങ്ങനെയാണ് നോവല്‍ രചിച്ചതെന്നതിന്റെ ഒരു അവശേഷിപ്പും ഉണ്ടാകാതെ നോക്കാനും കമ്പ്യൂട്ടര്‍ സഹായിക്കുമെന്നതും അദ്ദേഹത്തെ ആകര്‍ഷിച്ചു. കുറിപ്പുകള്‍ തയ്യാറാക്കാനും പിന്നീട് തീയിട്ട് നശിപ്പിക്കാനും നോട്ട്ബുക്കുകളുടെ ആവശ്യവുമില്ല! ഒരുപക്ഷേ, കമ്പ്യൂട്ടറില്‍ എഴുതപ്പെട്ട ആദ്യ പ്രമുഖ നോവലാണ് 'കോളറക്കാലത്തെ പ്രണയം'.

എഴുതിയത് തൃപ്തിയായില്ലെങ്കില്‍ അത് ഉപേക്ഷിക്കുകയായിരുന്നു മാര്‍കേസിന്റെ പതിവ്. മാര്‍കേസിന്റെ ചില പ്രശസ്തമായ കഥകള്‍, സ്വയം തൃപ്തിവരാതെ അദ്ദേഹം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവയാണ്. സുഹൃത്തുക്കള്‍ അവിടെനിന്ന് കണ്ടെടുത്ത് അവ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ തൃപ്തിവരാത്തതിനാല്‍ പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാണ് മാര്‍കേസ് യാത്രയായതെന്ന സംഗതിയാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. 2014 ഏപ്രില്‍ 17 ന്, എണ്‍പത്തിഏഴാം വയസ്സില്‍ അദ്ദേഹം അന്തരിച്ചതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. മാത്രമല്ല, സ്‌പെയിനിലെ La Vanguardia പത്രം ആ കൈയെഴുത്തുപ്രതിയുടെ ഒരു ഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഒരു കരീബിയന്‍ ദ്വീപില്‍ സ്വന്തം മാതാവിന്റെ ശവക്കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാനെത്തുന്ന അന്ന മഗ്ദലേനയെന്ന 52-കാരിയുടെ അനുഭവമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആ ഭാഗത്ത് പറയുന്നത്. ഭര്‍തൃമതിയായ ആ സ്ത്രീ കഴിഞ്ഞ 20 വര്‍ഷമായി അവിടെ ഏകയായി എത്തുന്നു. എല്ലാ ആഗസ്ത് 16 നും ഒരേ കടത്തുബോട്ടില്‍ എത്തുകയും ഒരേ ടാക്‌സിയില്‍ സഞ്ചരിക്കുകയും ഒരേ ഹോട്ടല്‍ മുറിയില്‍ കഴിയുകയും ചെയ്യുന്ന അവര്‍ക്ക്, ഇരുപതാമത്തെ വര്‍ഷം ഹോട്ടലില്‍വെച്ചുണ്ടാകുന്ന ബന്ധമാണ്, ഊഷ്മളവും പ്രണയാതുരവുമായ ഭാഷയില്‍ മാര്‍കേസ് വിവരിക്കുന്നത്. പരപുരുഷഗമനവും രതിയുമെല്ലാം വിഷയമാകുന്നതാണ് അധ്യായം. എന്നാല്‍, 'We'll See Each Other in August' (En Agosto Nos Vemos) എന്ന് താത്ക്കാലിക നാമം നല്‍കിയിട്ടുള്ള ആ ഗ്രന്ഥം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നകാര്യം മാര്‍കേസിന്റെ കുടുംബമാണ് തീരുമാനിക്കേണ്ടത്.

ആ ഗ്രന്ഥം പ്രസിദ്ധീകരിച്ചില്ലെങ്കിലും കുഴപ്പമില്ല,. കാരണം എത്രയോ തലമുറകളിലേക്ക് പടര്‍ന്നുകയറാന്‍ പാകത്തിലുള്ള ഇന്ദ്രജാലം ഒരുക്കിവെട്ടിട്ടാണ് മാര്‍കേസ് എന്ന മാന്ത്രികന്‍ വിടവാങ്ങിയത്.

* * * * *

ചിത്രവിവരണം: The Autum of the Patriarch എന്ന നോവലിന്റെ രചനാവേളയില്‍ മാര്‍കേസ്-1970 കളില്‍ മകന്‍ റോഡ്രിഗോ പകര്‍ത്തിയത്. ചിത്രം ജെറാള്‍ഡ് മാര്‍ട്ടിന്റെ ഗ്രന്ഥത്തില്‍നിന്നുള്ളത്.

(കടപ്പാട്, അവലംബം: മാര്‍കേസിന്റെ അത്മകഥാഭാഗമായ Living To Tell the Tale (2003); ജെറാള്‍ഡ് മാര്‍ട്ടിന്‍ രചിച്ച മാര്‍കേസിന്റെ ജീവചരിത്രം Gabriel García Márquez: A Life (2008); മാര്‍കേസിന്റെ നോവലുകളായ One Hundred Years of Solitude (1970); Chronicle of a Death Foretold (1082); Of Love and Other Demons (1994) തുടങ്ങിയവയും മാര്‍കേസിനെപ്പറ്റി വായിച്ചിട്ടുള്ള ഒട്ടെറെ ലേഖനങ്ങളും ഇതെഴുതാന്‍ സഹായകമായിട്ടുണ്ട്)

by ജോസഫ് ആന്റണി 

Sunday, April 13, 2014

'മാഹീത്തെ പെമ്പിള്ളേരും' വാട്ട്‌സ്ആപ്പും


2013 ല്‍ സോഷ്യല്‍ മീഡിയ താരമാക്കിയ മലയാളിയെ മിക്കവര്‍ക്കുമറിയാം. പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കരയ്ക്കടുത്തുള്ള കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ ചന്ദ്രലേഖ. 'ചമയം' എന്ന സിനിമയില്‍ ചിത്ര പാടിയ 'രാജഹംസമേ....' എന്ന് തുടങ്ങുന്ന പ്രശസ്തഗാനം, മകന്‍ ശ്രീറാമിനെയും ഒക്കത്തുവെച്ച് അനായാസമായി പാടുമ്പോള്‍, ദരിദ്രയായ ആ വീട്ടമ്മയോ, അത് മൊബൈലില്‍ റിക്കോര്‍ഡുചെയ്ത ഭര്‍ത്തൃസഹോദരന്‍ ദര്‍ശനോ ഓര്‍ത്തിരിക്കില്ല, ലോകമെങ്ങുമുള്ള മലയാളികള്‍ നിറഞ്ഞ മനസോടെ ഏറ്റെടുക്കാന്‍ പോകുന്ന ഗാനമായിരിക്കുമതെന്ന്.

വടശ്ശേരിക്കരയിലെ തേച്ചുമിനുക്കാത്ത അടുക്കള ചുമരിനുള്ളില്‍ അവസാനിക്കേണ്ടിയിരുന്ന ചന്ദ്രലേഖയുടെ ഗാനം 2012 ല്‍ ദര്‍ശന്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെങ്കിലും, 2013 ലെ മലയാളികളുടെ സോഷ്യല്‍ മീഡിയ ആഘോഷത്തിനായി കാലം കരുതിവെച്ച ഒന്നായി അത് പരിണമിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്കില്‍ ആരോ അത് ഷെയര്‍ ചെയ്യുന്നതോടെയാണ്, ആ യൂട്യൂബ് വീഡിയോയുടെ നിയോഗം മാറ്റിയെഴുതപ്പെടുന്നത്. ചന്ദ്രലേഖയുടെ ഗാനം കാട്ടുതീ പോലെ ഫെയ്‌സ്ബുക്കില്‍ പടര്‍ന്നു. നിര്‍ധനയായ ആ വീട്ടമ്മ ഏവരുടെയും വേദനയും പ്രാര്‍ഥനയുമായി മാറി. സാക്ഷാല്‍ ചിത്ര തന്നെ അവരെ തേടിയെത്തി. ചലച്ചിത്ര പിന്നണിഗാന രംഗത്ത് ചന്ദ്രലേഖയെത്തേടി അവസരങ്ങളെത്തി.

ഫെയ്‌സ്ബുക്കും അജ്ഞാതരായ ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് മലയാളികളും ചേര്‍ന്ന് ചന്ദ്രലേഖയെന്ന വീട്ടമ്മയുടെ ശിരോലിഖിതം മാറ്റിയെഴുതുകയായിരുന്നു. മിലന്‍ ജലീല്‍ നിര്‍മിച്ച് എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന 'ലൗ സ്‌റ്റോറി' എന്ന ചിത്രത്തിനായി ചന്ദ്രലേഖ ആലപിച്ച 'കണ്‍കളാലൊരു...' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ വന്‍ഹിറ്റാകുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

തീര്‍ച്ചയായും 2013 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളി ചന്ദ്രലേഖ തന്നെയായിരുന്നു. അങ്ങനെയെങ്കില്‍, 2014 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളിതാരം ആരായിരിക്കും!

അതിന് 2014 തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് തോന്നാം. ശരിയാണ്, തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, ഈ ലേഖകന്റെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വര്‍ഷത്തെ മലയാളി താരം അല്ലെങ്കില്‍ താരങ്ങള്‍ ഇതിനകം പിറന്നുകഴിഞ്ഞു. 'മാഹീത്തെ പെമ്പിള്ളേരാ'ണത്!!

വടക്കന്‍ മലബാര്‍ ശൈലിയില്‍ ആരോ പാടിയ പാട്ട്, പാലയാട് ക്യാമ്പസിലെ എല്‍ എല്‍ ബി സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ഥികളായ അസ്‌നി, റംലത്ത്, റാഷ എന്നീ മൂവര്‍സംഘം 'മാഹീത്തെ പെമ്പിള്ളേരെ കണ്ട്ക്കാ' എന്ന് റീമേക്ക് ചെയ്ത് വാട്ട്‌സ്ആപ്പ് വഴി പുറത്തിറക്കിയത് ആഷിക്ക് അബുവിന്റെ പുതിയ സിനിമയ്ക്കുള്ള വിഷയം വരെ ആയിരിക്കുന്നു.

വാട്ട്‌സ്ആപ്പിലൂടെ നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്തതോടെയാണ് 'മാഹീത്തെ പെമ്പിള്ളേര്‍' താരമായത്. ഇവിടെ ശ്രദ്ധിക്കുക, 2013 പോലെ പാട്ട് പാടിയ ആളല്ല താരമായത്, പകരം പാട്ടില്‍ പ്രതിഫലിക്കുന്ന പെണ്‍കരുത്താണ് താരപദവി നേടിയത്! 'മാഹീത്തെ പെമ്പിള്ളേരു'ടെ ഡസണ്‍ കണക്കിന് പാരഡികള്‍ യുട്യൂബിലും ഫെയ്‌സ്ബുക്കിലും ദിവസങ്ങള്‍ക്കകം നിറഞ്ഞത്, ആ പാട്ടിന് ലഭിച്ച വമ്പിച്ച പ്രതികരണത്തിന്റെ തെളിവായി.

ഇത്രകാലവും 'നാവില്ലാത്തവരുടെ ശബ്ദ'മെന്നാണ് മാധ്യമങ്ങള്‍ അറിയപ്പെട്ടിരുന്നതെങ്കില്‍, ആരാലുമറിയപ്പെടാതെ കിടക്കുന്ന തീപ്പൊരികള്‍ ആളിക്കത്തിക്കുന്ന അപ്രതീക്ഷിത ഊര്‍ജപ്രവാഹമായി നവമാധ്യമങ്ങള്‍ മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

2013 ല്‍ നിന്ന് 2014 ലേക്കെത്തുമ്പോള്‍, മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണാവുന്ന ഒരു പ്രധാന മാറ്റം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന വ്യത്യാസമാണ്. 2013 ല്‍ ഫെയ്‌സ്ബുക്കാണ് ചന്ദ്രലേഖയെ താരമാക്കിയതെങ്കില്‍, 'മാഹീത്തെ പെമ്പിള്ളേര്‍' താരമായത് വാട്ട്‌സ്ആപ്പിലൂടെയാണ്.

ഒരര്‍ഥത്തില്‍ 2014 ല്‍ താരമായി മാറിയത് 'മാഹീത്തെ പെമ്പിള്ളേര്‍' മാത്രമല്ല; വാട്ട്‌സ്ആപ്പും (WhatsApp) കൂടിയാണ്. വാട്ട്‌സ്ആപ്പ് താരമായത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാരണത്താലാണെന്ന് മാത്രം. ടെക്ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. അങ്ങനെയാണ് വാട്ട്‌സ്ആപ്പിന് താരപദവി ലഭിച്ചത്.

കേള്‍ക്കുമ്പോള്‍ തലചുറ്റലുണ്ടാക്കാന്‍ പോന്നത്ര ഭീമമായൊരു തുക (1900 കോടി ഡോളര്‍, എന്നുവെച്ചാല്‍ 117800 കോടി രൂപ) നല്‍കി സ്വന്തമാക്കാന്‍ പോന്നത്ര വലിയ പ്രലോഭനമായി ഫെയ്‌സ്ബുക്കിന് വാട്ട്‌സ്ആപ്പ് മാറിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരുത്തരം 'മാഹീത്തെ പെമ്പിള്ളേര്‍' നല്‍കും!

1992 ല്‍ ആരംഭിച്ച മൊബൈല്‍ 'ഷോര്‍ട്ട് മെസേജ് സര്‍വീസ്' അഥവാ എസ് എം എസിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന വാട്ട്‌സ്ആപ്പ്, സോഷ്യല്‍ മെസേജിങ് രംഗത്ത് നടത്തുന്ന മുന്നേറ്റമാണ് ടെക്‌ലോകത്തെ പുതിയ താരമാക്കി അതിനെ മാറ്റിയത്.

2014 ജനവരിയില്‍ പുറത്തുവന്ന കണക്ക് പ്രകാരം, 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിനിമയം ചെയ്യപ്പെടുന്നത് ശരാശരി 5000 കോടി സന്ദേശങ്ങളാണ്! ടെക്‌സ്റ്റും ഫോട്ടോയും വീഡിയോയും ഗ്രാഫിക്‌സുമൊക്കെ ഇതില്‍ പെടുന്നു. മാത്രമല്ല, ഓരോ മാസവും പത്തുലക്ഷം യൂസര്‍മാര്‍ വീതം വാട്ട്‌സ്ആപ്പില്‍ കൂടുതലായി ചേരുന്നു.

'സീക്രട്ട്' (Secret), 'കിക്' (Kik), 'വി ചാറ്റ്' (WeChat), 'ലൈന്‍' (Line), 'കകാവൊടോക്ക്' (KakaoTalk), 'സ്‌നേപ്പ്ചാറ്റ്' (Snapchat) എന്നിങ്ങനെ പാശ്ചാത്യലോകത്ത് സ്വാധീനമുള്ള സന്ദേശസര്‍വീസുകള്‍ പലതുമുണ്ടെങ്കിലും, അവയ്‌ക്കൊന്നും ജനപ്രീതിയുടെ കാര്യത്തില്‍ വാട്ട്‌സ്ആപ്പിന്റെ ഏഴയലത്ത് എത്താനായിട്ടില്ല. എന്തിന്, ഫെയ്‌സ്ബുക്കിന്റെ മെസേജ് സര്‍വീസായ മെസഞ്ചറിന് പോലും സോഷ്യല്‍ മെസേജിങ് രംഗത്ത് വാട്ട്‌സ്ആപ്പിന് വെല്ലുവിളിയാകാന്‍ സാധിച്ചില്ല.

യാഹൂവിലെ രണ്ട് മുന്‍ജീവനക്കാരായ ജാന്‍ കൗണ്‍, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്ന് 2009 ല്‍ സ്ഥാപിച്ച വാട്ട്‌സ്ആപ്പ്, ആഗോളതലത്തില്‍ ഇത്രവലിയ സൂപ്പര്‍ഹിറ്റാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല.

ശരിക്കു പറഞ്ഞാല്‍, 2009 ജനവരിയില്‍ ജാന്‍ കൗണിന്റെ പക്കലെത്തിയ പുതിയ ഐഫോണില്‍നിന്നാണ് വാട്ട്‌സ്ആപ്പിന്റെ കഥ തുടങ്ങേണ്ടത്. അതിന് ഒന്‍പത് മാസംമുമ്പ് ആപ്പിള്‍ ആരംഭിച്ച ആപ്പ് സ്റ്റോര്‍, പുതിയൊരു തൊഴില്‍മേഖല സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ആ വിജയഗാഥയിലെ ആദ്യ മുന്നേറ്റ നിമിഷം. അതുപ്രകാരം പുതിയൊരു ആപ്പ് സൃഷ്ടിക്കാനും കമ്പനി സ്ഥാപിക്കാനും ബ്രിയാന്‍ ആക്ടണിനൊപ്പം ജാന്‍ കൗണ്‍ നടത്തിയ നീക്കം, ടെക്ചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുകയായിരുന്നു.

'എക്സ്റ്റന്‍സിബിള്‍ മെസേജിങ് ആന്‍ഡ് പ്രെസന്‍സ് പ്രോട്ടോക്കോളി' (XMPP) ന്റെ ഒരു കസ്റ്റമറൈസ് ചെയ്ത വേര്‍ഷനാണ് വാട്ട്‌സ്ആപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. യൂസര്‍നാമമായി നമ്മുടെ ഫോണ്‍ നമ്പറാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുക. ഐഫോണ്‍ ആപ്പ് ആയിട്ടാണ് ആദ്യം വാട്ട്‌സ്ആപ്പ് തുടങ്ങിയതെങ്കിലും, ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, വിന്‍ഡോസ് ഫോണ്‍ തുടങ്ങി എല്ലാ പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമിലും വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കും.

25 എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെ വെറും 55 ജീവനക്കാരുള്ള വാട്ട്‌സ്ആപ്പ് അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ച നേട്ടം ഏതര്‍ഥത്തിലും അതിശയിപ്പിക്കുന്നതാണ്. 1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഏറ്റെടുക്കുന്നതായി 2014 ഫെബ്രുവരി 19 ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത് ആ അതിശയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍, വാട്ട്‌സ്ആപ്പ് സിഇഒ ജാന്‍ കൗണ്‍ 680 കോടി ഡോളറും, സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ 300 കോടി ഡോളറും സമ്പാദ്യമുള്ളവരായി മാറി. മുമ്പ് ജോലി നല്‍കാതെ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ച വ്യക്തികൂടിയാണ് ആക്ടണ്‍. ആ നിലയ്ക്ക് വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തപ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറ്റപ്പെട്ടത്.

ടെക് ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ തുകയ്ക്കുള്ള രണ്ട് ഏറ്റെടുക്കലുകള്‍ നടത്തിയത് ഗൂഗിളും മൈക്രോസോഫ്റ്റുമാണ്. രണ്ടുവര്‍ഷംമുമ്പ് മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുത്തത് 1250 കോടി ഡോളര്‍ മുടക്കിയാണ് (അടുത്തയിടെ മോട്ടറോളയെ 291 കോടി ഡോളറിന് ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് ഗൂഗിള്‍ വിറ്റു). ഇന്റര്‍നെറ്റ് ടെലിഫോണി കമ്പനിയായ സ്‌കൈപ്പിനെ 850 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്വന്തം ചിറകിന്‍ കീഴിലാക്കിയത്.

അതിനെയൊക്കെ കടത്തിവെട്ടി വന്‍തുക മുടക്കി വാട്ട്‌സ്ആപ്പിനെ എന്തുകൊണ്ട് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു എന്ന ചോദ്യം പ്രസക്തമാണ്. അതിനോട് ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്, ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സും ഇന്‍സ്റ്റഗ്രാമും യൂട്യൂബും പോലുള്ള സോഷ്യല്‍ മീഡിയ സര്‍വീസുകള്‍ക്കിടയ്ക്ക് വാട്ട്‌സ്ആപ്പ് പോലൊരു സ്വകാര്യ സന്ദേശ സര്‍വീസിന് എങ്ങനെ ഇത്രവലിയ വിജയമാകാന്‍ സാധിച്ചു എന്നകാര്യം.

അവിടെയാണ് വ്യക്തിപരമായ ആശയവിനിമയത്തിന് ഓരോരുത്തരുടെയും ജീവിതത്തിലുള്ള പ്രസക്തിയും പ്രാധാന്യവും കടന്നുവരുന്നത്. നിങ്ങള്‍ പുരപ്പുറത്തുകയറി വിളിച്ചുപറയുന്നതും, ഒരാളോട് നേരിട്ട് സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഫെയ്‌സ്ബുക്കിലെ പോസ്റ്റിങ് ശരിക്കും പുരപ്പുറത്തു കയറിയുള്ള അലമുറയിടീലാണ്. അതേസമയം, വാട്ട്‌സ്ആപ്പിലൂടെയുള്ളത് നേര്‍ക്കുനേരെയുള്ള കമ്മ്യൂണിക്കേഷനും.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകളുടെ അടിസ്ഥാന ദൗത്യം ആളുകളെ തമ്മില്‍ കണക്ട് ചെയ്യുകയെന്നതാണ്. ഫെയ്‌സ്ബുക്കില്‍ 500 സുഹൃത്തുക്കളുള്ള ഒരാള്‍ ഒരു പോസ്റ്റിടുമ്പോള്‍, ആ 500 പേര്‍ക്ക് മുന്നിലേക്കാണ് അതെത്തുന്നത്. അതില്‍ എത്രപേര്‍ എങ്ങനെയൊക്കെ അത് സ്വീകരിക്കുമെന്ന് പോസ്റ്റിടുന്നയാള്‍ക്ക് ഉറപ്പില്ല.

 'ഡിജിറ്റല്‍ യുഗത്തിലെ ഇത്തരം കമ്മ്യൂണിക്കേഷന്‍ ഒരര്‍ഥത്തില്‍ തിരക്കേറിയ ഒരു തീയേറ്ററില്‍നിന്ന് വിളിച്ചുകൂവുന്ന അവസ്ഥയിലേക്ക് അധപതിച്ചിരിക്കുകയാണ്'-ഒരു വട്ട്‌സ്ആപ്പ് യൂസര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ. എന്നാല്‍, വാട്ട്‌സ്ആപ്പില്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ബന്ധങ്ങളുടെ ദൃഢത ഊട്ടിയുറപ്പിക്കുംവിധമുള്ള വ്യക്തിപരമായ ആശയവിനിമയത്തിന്റെ ഭാവിസാധ്യത ശരിവെയ്ക്കുകയാണ്, വന്‍തുക മുടക്കി വാട്ട്‌സ്ആപ്പ് ഏറ്റെടുക്കുക വഴി ഫെയ്‌സ്ബുക്ക് ചെയ്തത്. (കടപ്പാട് : വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍, വിക്കിപീഡിയ)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

ഭാവി കണ്ടുപിടിക്കാനുള്ള വഴികള്‍

 
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന് പത്തുവയസ്സ് തികഞ്ഞതും, ഭൂമുഖത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവിയായി ഇന്ത്യക്കാരനായ സത്യ നാദെല്ല തിരഞ്ഞെടുക്കപ്പെട്ടതും ഒരേ ദിവസമാണ് - 2014 ഫെബ്രുവരി നാലിന്.

ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും, മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവി നാദെല്ലയും അന്ന് ഓരോ കത്തുകള്‍ പ്രസിദ്ധീകരിച്ചു. സക്കര്‍ബര്‍ഗിന്റെ കത്ത് ഫെയ്‌സ്ബുക്ക് അംഗങ്ങളെ അംഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നുവെങ്കില്‍, മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കായി തയ്യാറാക്കിയതായിരുന്നു നാദെല്ലയുടെ കത്ത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത ടാര്‍ജറ്റ് ഗ്രൂപ്പിന് പോസ്റ്റ് ചെയ്യപ്പെട്ട ആ രണ്ട് കത്തിലും പൊതുവായിട്ടുള്ള ഒരു സംഗതിയുണ്ടായിരുന്നു. അത് അടുത്ത പത്തുവര്‍ഷത്തേക്ക് നേരിടാന്‍ പോകുന്ന വെല്ലുവിളികളെക്കുറിച്ചുള്ളതായിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ സംഖ്യ - 123 കോടി! പത്തുവര്‍ഷംമുമ്പ്, ഹാര്‍വാഡിലെ ഹോസ്റ്റല്‍മുറിയില്‍വെച്ച് നാല് സഹപാഠികള്‍ക്കൊപ്പം ഫെയ്‌സ്ബുക്കിന് തുടക്കമിടുമ്പോള്‍, ഈ നിലയ്ക്ക് ലോകംകീഴടക്കുന്ന പ്രതിഭാസമായി അത് മാറുമെന്ന് സക്കര്‍ബര്‍ഗ് കരുതിയിട്ടുണ്ടാകുമോ?

കഴിഞ്ഞ ഫിബ്രുവരി നാലിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത കത്തില്‍ സക്കര്‍ബര്‍ഗ് അതിന് മറുപടി പറയുന്നത് ഇങ്ങനെ: 'ഇല്ല. ഫെയ്‌സ്ബുക്ക് തുറന്ന ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ പിസ കഴിക്കാന്‍ പോയത് ഞാനോര്‍ക്കുന്നു. കോളേജ് വിദ്യാര്‍ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന കാര്യം ആവേശമുണര്‍ത്തുന്നതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു'.

എന്നുവെച്ചാല്‍, സക്കര്‍ബര്‍ഗിന്റെ പോലും പ്രതീക്ഷയ്ക്കപ്പുറത്തേക്കാണ് ഫെയ്‌സ്ബുക്ക് വളര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെക്കാളും തന്നെ ആവേശംകൊള്ളിക്കുന്നത് വരുന്ന പത്തുവര്‍ഷങ്ങളാണെന്ന് സക്കര്‍ബര്‍ഗ് കത്തില്‍ പറഞ്ഞു. തീര്‍ച്ചയായും അത് വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നുറപ്പ്.

'നെറ്റ്‌വര്‍ക്കിനെ ചുവടുപ്പിക്കുന്നതിനുള്ളതായിരുന്നു ആദ്യപത്തുവര്‍ഷങ്ങള്‍'. പ്രാധാന്യമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇപ്പോള്‍ നമുക്കുണ്ട്. 'പങ്കുവെയ്ക്കലിനാണ് ഇപ്പോള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നതെങ്കില്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും, സങ്കീര്‍ണപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാകും അടുത്ത ദശകത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ശ്രമിക്കുക'.

നിലവില്‍ അനുഭവങ്ങള്‍ പങ്കിടാന്‍ നമുക്ക് മുന്നില്‍ പരിമിതമായ ഏതാനും മാര്‍ഗങ്ങളേയുള്ളൂ. എന്നാല്‍, വരുംദശകത്തില്‍ പുതിയ അനുഭവങ്ങള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടാന്‍ സാങ്കേതികവിദ്യ നവീന വഴികള്‍ തുറക്കുമെന്നും സക്കര്‍ബര്‍ഗ് പ്രത്യാശിക്കുന്നു.

ഫെയ്‌സ്ബുക്കല്ല മൈക്രോസോഫ്റ്റ്. അതിനാല്‍, ഫെയ്‌സ്ബുക്ക് മേധാവിയുടെ ആശങ്കകളല്ല മൈക്രോസോഫ്റ്റ് മേധാവി നാദെല്ല പങ്കിടുന്നത്. ഭാവിയിലെ കമ്പ്യൂട്ടിങിനെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ചിന്തകള്‍. ഒരോ വീട്ടിലും ഓരോ ഡെസ്‌കിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് മൈക്രോസോഫ്റ്റിന് തുടക്കത്തിലുണ്ടായിരുന്നതെന്ന കാര്യം നാദെല്ല തന്റെ കത്തില്‍ ഓര്‍മിപ്പിക്കുന്നു.

ഇന്ന് കഥ മാറിയിരിക്കുന്നു. വ്യത്യസ്തമായ ഒട്ടേറെ ഉപകരണങ്ങളി്ല്‍ നമ്മുടെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് മേധാവി പറയുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന് സംഭവിക്കുന്ന രൂപപരിണാമം വഴി, ഡെസ്‌ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്മാര്‍ട്ട്‌വാച്ച് പോലെ ശരീരത്തിലണിയാവുന്ന ഉപകരണങ്ങള്‍ക്കും വഴിമാറുന്നതിനാണ് കഴിഞ്ഞ ദശകം സാക്ഷ്യംവഹിച്ചത്.

സ്വാഭാവികമായും അതിന്റെ പ്രതിധ്വനി ഭാവിയെക്കുറിച്ചുള്ള നാദെല്ലയുടെ ആശങ്കകളില്‍ പ്രതിധ്വനിക്കുക സ്വാഭാവികം. അടുത്ത ദശകത്തില്‍ കമ്പ്യൂട്ടിങ് സര്‍വ്വവ്യാപിയാകും. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പ്യൂട്ടിങിനും നെറ്റ്‌വര്‍ക്കിങിനും ശക്തിപകരും -നാദെല്ല ചൂണ്ടിക്കാട്ടുന്നു.

'സോഫ്റ്റ്‌വേറിന്റെയും ഹാര്‍ഡ്‌വേറിന്റെയും സഹപരിണാമം വഴി, ബിസിനസിലും ജീവിതത്തിലും നമ്മുടെ ലോകത്തും ഇതുവരെ സാധ്യമാകാതിരുന്ന ഒട്ടേറെ സംഗതികള്‍ ഡിജിറ്റല്‍രൂപത്തിലാക്കാന്‍ സാധിക്കും' - കത്തില്‍ നാദെല്ല പറയുന്നു. പരസ്പരബന്ധിത ഉപകരണങ്ങളുടെയും ക്ലൗഡ് വഴി വര്‍ധിച്ചുവരുന്ന കമ്പ്യൂട്ടിങ് ശേഷിയുടെയും വന്‍തോതിലുള്ള ഡേറ്റായില്‍നിന്ന് ലഭിക്കുന്ന ഉള്‍ക്കാഴ്ച്ചയുടെയും മെഷീന്‍ ലേണിങ്ങിന്റെയും സഹായത്തോടെയാകും ഇത് സാധ്യമാവുകയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സോഫ്റ്റ്‌വേറിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ലോകമാകും നാളെത്തേത്. നമ്മുടെ ലോകത്തെ ഇതുവരെ സാധ്യമാകാത്ത വിധം കാണാനും പ്രകടിപ്പിക്കാനും പങ്കിടാനും കഴിയുന്ന വിധം, സുഹൃത്തുക്കളും കൂടുംബാംഗങ്ങളുമായി നമ്മള്‍ ബന്ധിപ്പിക്കപ്പെടുന്ന കാലമാണ് വരുന്നത്. ബിസിനസ് രംഗത്ത് ഉപയോക്താക്കളുമായി കൂടുതല്‍ അര്‍ഥവത്തായ വിധം ഇടപെടാന്‍ വഴി തെളിയും-നാദെല്ല പറയുന്നു.

-----

ടെക്‌ലോകത്തെ നിയന്ത്രിക്കുന്ന രണ്ട് വന്‍കിട കമ്പനികളുടെ മേധാവികള്‍ ഒരേ ദിവസം പുറത്തുവിട്ട കത്തുകളില്‍, ഭാവിയെക്കുറിച്ച് ഏതാണ്ട് സമാനമായ സംഗതികളാണ് കടന്നുവരുന്നതെന്നത് കൗതുമുണര്‍ത്തുന്നു.

യഥാര്‍ഥത്തില്‍ സക്കര്‍ബര്‍ഗും നാദെല്ലയും പ്രവചിക്കുന്നതുപോലെയാകുമോ അടുത്ത പത്തുവര്‍ഷങ്ങള്‍. 2025 ആകുമ്പോഴേക്കും ലോകം ഇവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പരിണമിക്കുമോ. ഉറപ്പില്ല. കാരണം, ഭാവി പ്രവചിക്കുകയെന്നത് വളരെ റിസ്‌ക്കുള്ള ഏര്‍പ്പാടാണ്. നിലവിലെ സൂചനകള്‍ പ്രകാരം ലോകം ഭാവിയില്‍ എങ്ങനെയാകുമെന്ന് ഏതാണ്ട് കൃത്യമായി പ്രവചിക്കാന്‍ വളരെ ചുരുക്കംപേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ.

ഭാവി പ്രവചിക്കുന്നതിന് പകരം 'ഭാവി കണ്ടുപിടിക്കാന്‍' ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിനെപ്പോലുള്ളവര്‍ ശ്രമിച്ചത് അതുകൊണ്ടാണ് !

പത്തുവര്‍ഷംമുമ്പ്, അന്നത്ത സ്ഥിതിഗതികള്‍ക്കനുസരിച്ച് ഭാവി പ്രവചിക്കാന്‍ സ്റ്റീവ് ജോബ്‌സ് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഐഫോണോ ഐപാഡോ ആപ്പിള്‍ പുറത്തിറക്കില്ലായിരുന്നു. അത്തരം ഉപകരണങ്ങള്‍ ലോകംകീഴടക്കാന്‍ പോകുന്നുവെന്ന കാര്യമായ സൂചനകളൊന്നും 2004 ല്‍ ഉണ്ടായിരുന്നില്ല. അന്നത്തെ സൂചനകള്‍ക്കനുസരിച്ചാണെങ്കില്‍, ഐപോഡ് എന്ന മ്യൂസിക് ഉപകരണം കൂടുതല്‍ കൂടുതല്‍ പരിഷ്‌ക്കരിച്ച് ആപ്പിള്‍ ഇന്നും കഴിച്ചുകൂട്ടിയേനെ!

മൊബൈല്‍ കമ്പ്യൂട്ടിങില്‍ ടാബ്‌ലറ്റ് യുഗം ആരംഭിച്ചത് 2010 ല്‍ ആപ്പിളിന്റെ ഐപാഡ് രംഗത്തെത്തിയതോടെയാണ്. ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലേക്ക് തള്ളിയിട്ടുകൊണ്ട്, 2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച ശേഷമാണ് ആപ്പിളും സ്റ്റീവും ഐപാഡിലേക്ക് തിരിഞ്ഞത് എന്നാണ് പലരും കരുതുന്നത്. പക്ഷേ, അത് തെറ്റാണെന്ന് സ്റ്റീവിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഐഫോണ്‍ എന്ന ആശയം വരുന്നതിന് വളരെ മുമ്പേ, 2002 ല്‍ ഐപാഡ് പ്രോജക്ട് ആപ്പിള്‍ ആരംഭിച്ചിരുന്നുവത്രേ. സ്റ്റൈലസില്ലാതെ ഉപയോഗിക്കാവുന്ന ഒരു ടാബ്‌ലറ്റ് വേണമെന്നാണ് സ്റ്റീവ് തന്റെ വിശ്വസ്തരെ 2002 ല്‍ അറിയിച്ചത്. ഉപകരണത്തിന്റെ സ്‌പെസിഫിക്കേഷന്‍ സ്റ്റീവ് നല്‍കിയത് എങ്ങനെയായിരുന്നുവെന്ന്, അന്ന് ആ പ്രോജക്ടില്‍ ഉള്‍പ്പെട്ട ആപ്പിള്‍ എഞ്ചിനിയറെ ഉദ്ധരിച്ച് ഫ്രെഡ് വൊഗല്‍സ്റ്റീന്‍ ('Dogfight'(2013) എന്ന ഗ്രന്ഥത്തില്‍) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: 'കക്കൂസിലിരിക്കുമ്പോഴും ഈമെയില്‍ നോക്കാന്‍ കഴിയണം'!

ഇടയ്ക്ക് ഐഫോണ്‍ പ്രോജക്ടിന് അടിയന്തര പ്രാധാന്യം ലഭിച്ചതിനാല്‍, ഐപാഡ് പദ്ധതി ആപ്പിള്‍ നിര്‍ത്തിവെച്ചു. ഐപാഡിനായി അതിനകം രൂപപ്പെടുത്തിയ പല സങ്കേതങ്ങളും (മള്‍ട്ടിടച്ച് പോലുള്ളവ) ഐഫോണിനായി ഉപയോഗിക്കപ്പെട്ടു. 2007 ല്‍ ഐഫോണ്‍ പുറത്തിറങ്ങി. അതിന് ശേഷം സ്റ്റീവും ആപ്പിളും ഐപാഡിലേക്ക് പൂര്‍ണശ്രദ്ധ തിരിച്ചു.

ഒരു സ്‌ക്രീന്‍ മാത്രമുള്ള കമ്പ്യൂട്ടറെന്ന് ഐപാഡിനെ വിശേഷിപ്പിക്കാം. അത്തരമൊരു കമ്പ്യൂട്ടര്‍ ലോകത്തിന് ആവശ്യമുണ്ടെന്നും, ലോകമെമ്പാടും ആളുകള്‍ ഡെസ്‌ക്‌ടോപ്പിനും ലാപ്‌ടോപ്പിനും പകരം ടാബുകളെ നെഞ്ചിലേറ്റുമെന്നും ഒരു സൂചനയും സ്റ്റീവിനോ ഐപാഡ് സൃഷ്ടിക്കാന്‍ അധ്വാനിച്ചവര്‍ക്കോ അന്ന് ലഭിച്ചിരുന്നില്ല.

അതേസമയം, ആളുകള്‍ അതിഷ്ടപ്പെടും എന്ന കാര്യത്തില്‍ സ്റ്റീവിന് സംശയമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് അത് അനായാസം ഉപയോഗിക്കാന്‍ കഴിയണം എന്നകാര്യത്തിലും തര്‍ക്കവുമുണ്ടായിരുന്നില്ല. ഈ കാഴ്ചപ്പാടോടെ സ്റ്റീവ് യഥാര്‍ഥത്തില്‍ ഭാവിയെ കണ്ടുപിടിക്കുകയായിരുന്നു. വരുംകാലം മൊബൈല്‍ കമ്പ്യൂട്ടിങ്ങിന്റേതായിരിക്കുമെന്ന് പറയുമ്പോള്‍, ലോകം അതിലേക്കെത്തിയതില്‍ വലിയ തോതില്‍ കടപ്പെട്ടിരിക്കുന്നത് 'ഭാവി കണ്ടുപിടിച്ച' സ്റ്റീവിനോടാണ്.

യഥാര്‍ഥത്തില്‍ അടുത്ത ദശകം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന ചോദ്യം, അടുത്ത ദശകത്തിലെ സ്റ്റീവ് ജോബ്‌സ് ആരായിരിക്കുമെന്നാണ്. അത്തരത്തില്‍ ഭാവി കണ്ടുപിടിക്കാന്‍ ശേഷിയുള്ള പ്രതിഭകള്‍ രംഗത്തെത്തിയാല്‍, ഫെയ്‌സ്ബുക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ മേധാവികള്‍ കരുതുന്നതുപോലെ ആയിക്കൊള്ളണം കാര്യങ്ങള്‍ എന്നില്ല.

പ്രശസ്ത അമേരിക്കന്‍ ബിസിനസ് ജേര്‍ണലിസ്റ്റ് കെന്‍ ഔലേറ്റ ('Googled' (2009) എന്ന ഗ്രന്ഥത്തില്‍) വിവരിച്ചിട്ടുള്ള സംഗതി പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. 1998 ല്‍ വാഷിങ്ടണില്‍ റെഡ്‌മോണ്ടിലുള്ള മൈക്രോസോഫ്റ്റ് ക്യാമ്പസില്‍വെച്ച് അന്നത്തെ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സുമായി നടത്തിയ കൂടിക്കാഴ്ച്ചയാണത്.

കൂടിക്കാഴ്ച്ചയ്ക്കിടെ ഔലേറ്റ ചോദിച്ചു : 'താങ്കള്‍ ഏറ്റവുമധികം ഭയപ്പെടുന്ന വെല്ലുവിളി എന്താണ്?'

അല്‍പ്പസമയത്തെ ആലോചന വേണ്ടിവന്നു ബില്‍ ഗേറ്റ്‌സിന് മറുപടി നല്‍കാന്‍. ഐടി രംഗത്ത് അന്ന് മൈക്രോസോഫ്റ്റിന്റെ മുഖ്യഎതിരാളികളായിരുന്ന നെറ്റ്‌സ്‌കഫെ, ഒറാക്കിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെയൊന്നും പേര് അദ്ദേഹം പറഞ്ഞില്ല. പകരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : 'ഏതോ ഒരു ഗ്യാരേജില്‍ തികച്ചും പുതുമയാര്‍ന്ന ഒന്ന് ആരോ വാര്‍ത്തെടുക്കുന്നത്!' ഇന്നവേഷനാണ് ഏത് വ്യവസ്ഥാപിത ബിസിനസിന്റെയും ശത്രുവെന്ന് ബില്‍ ഗേറ്റ്‌സിന് നന്നായി അറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പേടിസ്വപ്നം.

ആ അഭിമുഖത്തിന്റെ സമയത്ത് സിലിക്കണ്‍ വാലിയിലെ ഒരു ഗ്യാരേജില്‍ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന്, ബില്‍ ഗേറ്റ്‌സിന്റെ പേടിസ്വപ്‌നത്തിന് 'ഗൂഗിള്‍' എന്നപേരില്‍ മൂര്‍ത്തീഭാവം നല്‍കുകയായിരുന്നുവെന്ന കാര്യം ഔലേറ്റ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ഫെയ്‌സ്ബുക്കും മൈക്രോസോഫ്റ്റും ഭാവിയെക്കുറിച്ച് ആശങ്കയോടെയുള്ള പ്രവചനങ്ങള്‍ നടത്തുമ്പോള്‍, ആ പ്രവചനങ്ങള്‍ക്കിടെ 16 വര്‍ഷംമുമ്പ് ബില്‍ ഗേറ്റ്‌സ് സൂചിപ്പിച്ച പെടിസ്വപ്‌നത്തെ നമുക്ക് വായിച്ചെടുക്കാനാകും (ചിത്രങ്ങള്‍ കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്‍) 

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം