
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന് പത്തുവയസ്സ് തികഞ്ഞതും, ഭൂമുഖത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവിയായി ഇന്ത്യക്കാരനായ സത്യ നാദെല്ല തിരഞ്ഞെടുക്കപ്പെട്ടതും ഒരേ ദിവസമാണ് - 2014 ഫെബ്രുവരി നാലിന്.
ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും, മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവി നാദെല്ലയും അന്ന് ഓരോ കത്തുകള്‍ പ്രസിദ്ധീകരിച്ചു. സക്കര്‍ബര്‍ഗിന്റെ കത്ത് ഫെയ്‌സ്ബുക്ക് അംഗങ്ങളെ അംഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നുവെങ്കില്‍, മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കായി തയ്യാറാക്കിയതായിരുന്നു നാദെല്ലയുടെ കത്ത്.
വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത ടാര്‍ജറ്റ് ഗ്രൂപ്പിന് പോസ്റ്റ് ചെയ്യപ്പെട്ട ആ രണ്ട് കത്തിലും പൊതുവായിട്ടുള്ള ഒരു സംഗതിയുണ്ടായിരുന്നു. അത് അടുത്ത പത്തുവര്‍ഷത്തേക്ക് നേരിടാന്‍ പോകുന്ന വെല്ലുവിളികളെക്കുറിച്ചുള്ളതായിരുന്നു.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ സംഖ്യ - 123 കോടി! പത്തുവര്‍ഷംമുമ്പ്, ഹാര്‍വാഡിലെ ഹോസ്റ്റല്‍മുറിയില്‍വെച്ച് നാല് സഹപാഠികള്‍ക്കൊപ്പം ഫെയ്‌സ്ബുക്കിന് തുടക്കമിടുമ്പോള്‍, ഈ നിലയ്ക്ക് ലോകംകീഴടക്കുന്ന പ്രതിഭാസമായി അത് മാറുമെന്ന് സക്കര്‍ബര്‍ഗ് കരുതിയിട്ടുണ്ടാകുമോ?
കഴിഞ്ഞ ഫിബ്രുവരി നാലിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത കത്തില്‍ സക്കര്‍ബര്‍ഗ് അതിന് മറുപടി പറയുന്നത് ഇങ്ങനെ: 'ഇല്ല. ഫെയ്‌സ്ബുക്ക് തുറന്ന ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ പിസ കഴിക്കാന്‍ പോയത് ഞാനോര്‍ക്കുന്നു. കോളേജ് വിദ്യാര്‍ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന കാര്യം ആവേശമുണര്‍ത്തുന്നതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു'.

എന്നുവെച്ചാല്‍, സക്കര്‍ബര്‍ഗിന്റെ പോലും പ്രതീക്ഷയ്ക്കപ്പുറത്തേക്കാണ് ഫെയ്‌സ്ബുക്ക് വളര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെക്കാളും തന്നെ ആവേശംകൊള്ളിക്കുന്നത് വരുന്ന പത്തുവര്‍ഷങ്ങളാണെന്ന് സക്കര്‍ബര്‍ഗ് കത്തില്‍ പറഞ്ഞു. തീര്‍ച്ചയായും അത് വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നുറപ്പ്.
'നെറ്റ്‌വര്‍ക്കിനെ ചുവടുപ്പിക്കുന്നതിനുള്ളതായിരുന്നു ആദ്യപത്തുവര്‍ഷങ്ങള്‍'. പ്രാധാന്യമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇപ്പോള്‍ നമുക്കുണ്ട്. 'പങ്കുവെയ്ക്കലിനാണ് ഇപ്പോള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നതെങ്കില്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും, സങ്കീര്‍ണപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാകും അടുത്ത ദശകത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ശ്രമിക്കുക'.
നിലവില്‍ അനുഭവങ്ങള്‍ പങ്കിടാന്‍ നമുക്ക് മുന്നില്‍ പരിമിതമായ ഏതാനും മാര്‍ഗങ്ങളേയുള്ളൂ. എന്നാല്‍, വരുംദശകത്തില്‍ പുതിയ അനുഭവങ്ങള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടാന്‍ സാങ്കേതികവിദ്യ നവീന വഴികള്‍ തുറക്കുമെന്നും സക്കര്‍ബര്‍ഗ് പ്രത്യാശിക്കുന്നു.
ഫെയ്‌സ്ബുക്കല്ല മൈക്രോസോഫ്റ്റ്. അതിനാല്‍, ഫെയ്‌സ്ബുക്ക് മേധാവിയുടെ ആശങ്കകളല്ല മൈക്രോസോഫ്റ്റ് മേധാവി നാദെല്ല പങ്കിടുന്നത്. ഭാവിയിലെ കമ്പ്യൂട്ടിങിനെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ചിന്തകള്‍. ഒരോ വീട്ടിലും ഓരോ ഡെസ്‌കിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് മൈക്രോസോഫ്റ്റിന് തുടക്കത്തിലുണ്ടായിരുന്നതെന്ന കാര്യം നാദെല്ല തന്റെ കത്തില്‍ ഓര്‍മിപ്പിക്കുന്നു.
ഇന്ന് കഥ മാറിയിരിക്കുന്നു. വ്യത്യസ്തമായ ഒട്ടേറെ ഉപകരണങ്ങളി്ല്‍ നമ്മുടെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് മേധാവി പറയുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന് സംഭവിക്കുന്ന രൂപപരിണാമം വഴി, ഡെസ്‌ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്മാര്‍ട്ട്‌വാച്ച് പോലെ ശരീരത്തിലണിയാവുന്ന ഉപകരണങ്ങള്‍ക്കും വഴിമാറുന്നതിനാണ് കഴിഞ്ഞ ദശകം സാക്ഷ്യംവഹിച്ചത്.
സ്വാഭാവികമായും അതിന്റെ പ്രതിധ്വനി ഭാവിയെക്കുറിച്ചുള്ള നാദെല്ലയുടെ ആശങ്കകളില്‍ പ്രതിധ്വനിക്കുക സ്വാഭാവികം. അടുത്ത ദശകത്തില്‍ കമ്പ്യൂട്ടിങ് സര്‍വ്വവ്യാപിയാകും. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പ്യൂട്ടിങിനും നെറ്റ്‌വര്‍ക്കിങിനും ശക്തിപകരും -നാദെല്ല ചൂണ്ടിക്കാട്ടുന്നു.
'സോഫ്റ്റ്‌വേറിന്റെയും ഹാര്‍ഡ്‌വേറിന്റെയും സഹപരിണാമം വഴി, ബിസിനസിലും ജീവിതത്തിലും നമ്മുടെ ലോകത്തും ഇതുവരെ സാധ്യമാകാതിരുന്ന ഒട്ടേറെ സംഗതികള്‍ ഡിജിറ്റല്‍രൂപത്തിലാക്കാന്‍ സാധിക്കും' - കത്തില്‍ നാദെല്ല പറയുന്നു. പരസ്പരബന്ധിത ഉപകരണങ്ങളുടെയും ക്ലൗഡ് വഴി വര്‍ധിച്ചുവരുന്ന കമ്പ്യൂട്ടിങ് ശേഷിയുടെയും വന്‍തോതിലുള്ള ഡേറ്റായില്‍നിന്ന് ലഭിക്കുന്ന ഉള്‍ക്കാഴ്ച്ചയുടെയും മെഷീന്‍ ലേണിങ്ങിന്റെയും സഹായത്തോടെയാകും ഇത് സാധ്യമാവുകയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
സോഫ്റ്റ്‌വേറിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ലോകമാകും നാളെത്തേത്. നമ്മുടെ ലോകത്തെ ഇതുവരെ സാധ്യമാകാത്ത വിധം കാണാനും പ്രകടിപ്പിക്കാനും പങ്കിടാനും കഴിയുന്ന വിധം, സുഹൃത്തുക്കളും കൂടുംബാംഗങ്ങളുമായി നമ്മള്‍ ബന്ധിപ്പിക്കപ്പെടുന്ന കാലമാണ് വരുന്നത്. ബിസിനസ് രംഗത്ത് ഉപയോക്താക്കളുമായി കൂടുതല്‍ അര്‍ഥവത്തായ വിധം ഇടപെടാന്‍ വഴി തെളിയും-നാദെല്ല പറയുന്നു.
-----
ടെക്‌ലോകത്തെ നിയന്ത്രിക്കുന്ന രണ്ട് വന്‍കിട കമ്പനികളുടെ മേധാവികള്‍ ഒരേ ദിവസം പുറത്തുവിട്ട കത്തുകളില്‍, ഭാവിയെക്കുറിച്ച് ഏതാണ്ട് സമാനമായ സംഗതികളാണ് കടന്നുവരുന്നതെന്നത് കൗതുമുണര്‍ത്തുന്നു.
യഥാര്‍ഥത്തില്‍ സക്കര്‍ബര്‍ഗും നാദെല്ലയും പ്രവചിക്കുന്നതുപോലെയാകുമോ അടുത്ത പത്തുവര്‍ഷങ്ങള്‍. 2025 ആകുമ്പോഴേക്കും ലോകം ഇവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പരിണമിക്കുമോ. ഉറപ്പില്ല. കാരണം, ഭാവി പ്രവചിക്കുകയെന്നത് വളരെ റിസ്‌ക്കുള്ള ഏര്‍പ്പാടാണ്. നിലവിലെ സൂചനകള്‍ പ്രകാരം ലോകം ഭാവിയില്‍ എങ്ങനെയാകുമെന്ന് ഏതാണ്ട് കൃത്യമായി പ്രവചിക്കാന്‍ വളരെ ചുരുക്കംപേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ.
ഭാവി പ്രവചിക്കുന്നതിന് പകരം 'ഭാവി കണ്ടുപിടിക്കാന്‍' ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിനെപ്പോലുള്ളവര്‍ ശ്രമിച്ചത് അതുകൊണ്ടാണ് !

പത്തുവര്‍ഷംമുമ്പ്, അന്നത്ത സ്ഥിതിഗതികള്‍ക്കനുസരിച്ച് ഭാവി പ്രവചിക്കാന്‍ സ്റ്റീവ് ജോബ്‌സ് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഐഫോണോ ഐപാഡോ ആപ്പിള്‍ പുറത്തിറക്കില്ലായിരുന്നു. അത്തരം ഉപകരണങ്ങള്‍ ലോകംകീഴടക്കാന്‍ പോകുന്നുവെന്ന കാര്യമായ സൂചനകളൊന്നും 2004 ല്‍ ഉണ്ടായിരുന്നില്ല. അന്നത്തെ സൂചനകള്‍ക്കനുസരിച്ചാണെങ്കില്‍, ഐപോഡ് എന്ന മ്യൂസിക് ഉപകരണം കൂടുതല്‍ കൂടുതല്‍ പരിഷ്‌ക്കരിച്ച് ആപ്പിള്‍ ഇന്നും കഴിച്ചുകൂട്ടിയേനെ!
മൊബൈല്‍ കമ്പ്യൂട്ടിങില്‍ ടാബ്‌ലറ്റ് യുഗം ആരംഭിച്ചത് 2010 ല്‍ ആപ്പിളിന്റെ ഐപാഡ് രംഗത്തെത്തിയതോടെയാണ്. ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലേക്ക് തള്ളിയിട്ടുകൊണ്ട്, 2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച ശേഷമാണ് ആപ്പിളും സ്റ്റീവും ഐപാഡിലേക്ക് തിരിഞ്ഞത് എന്നാണ് പലരും കരുതുന്നത്. പക്ഷേ, അത് തെറ്റാണെന്ന് സ്റ്റീവിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ സാക്ഷ്യപ്പെടുത്തുന്നു.
ഐഫോണ്‍ എന്ന ആശയം വരുന്നതിന് വളരെ മുമ്പേ, 2002 ല്‍ ഐപാഡ് പ്രോജക്ട് ആപ്പിള്‍ ആരംഭിച്ചിരുന്നുവത്രേ. സ്റ്റൈലസില്ലാതെ ഉപയോഗിക്കാവുന്ന ഒരു ടാബ്‌ലറ്റ് വേണമെന്നാണ് സ്റ്റീവ് തന്റെ വിശ്വസ്തരെ 2002 ല്‍ അറിയിച്ചത്. ഉപകരണത്തിന്റെ സ്‌പെസിഫിക്കേഷന്‍ സ്റ്റീവ് നല്‍കിയത് എങ്ങനെയായിരുന്നുവെന്ന്, അന്ന് ആ പ്രോജക്ടില്‍ ഉള്‍പ്പെട്ട ആപ്പിള്‍ എഞ്ചിനിയറെ ഉദ്ധരിച്ച് ഫ്രെഡ് വൊഗല്‍സ്റ്റീന്‍ ('Dogfight'(2013) എന്ന ഗ്രന്ഥത്തില്‍) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: 'കക്കൂസിലിരിക്കുമ്പോഴും ഈമെയില്‍ നോക്കാന്‍ കഴിയണം'!
ഇടയ്ക്ക് ഐഫോണ്‍ പ്രോജക്ടിന് അടിയന്തര പ്രാധാന്യം ലഭിച്ചതിനാല്‍, ഐപാഡ് പദ്ധതി ആപ്പിള്‍ നിര്‍ത്തിവെച്ചു. ഐപാഡിനായി അതിനകം രൂപപ്പെടുത്തിയ പല സങ്കേതങ്ങളും (മള്‍ട്ടിടച്ച് പോലുള്ളവ) ഐഫോണിനായി ഉപയോഗിക്കപ്പെട്ടു. 2007 ല്‍ ഐഫോണ്‍ പുറത്തിറങ്ങി. അതിന് ശേഷം സ്റ്റീവും ആപ്പിളും ഐപാഡിലേക്ക് പൂര്‍ണശ്രദ്ധ തിരിച്ചു.
ഒരു സ്‌ക്രീന്‍ മാത്രമുള്ള കമ്പ്യൂട്ടറെന്ന് ഐപാഡിനെ വിശേഷിപ്പിക്കാം. അത്തരമൊരു കമ്പ്യൂട്ടര്‍ ലോകത്തിന് ആവശ്യമുണ്ടെന്നും, ലോകമെമ്പാടും ആളുകള്‍ ഡെസ്‌ക്‌ടോപ്പിനും ലാപ്‌ടോപ്പിനും പകരം ടാബുകളെ നെഞ്ചിലേറ്റുമെന്നും ഒരു സൂചനയും സ്റ്റീവിനോ ഐപാഡ് സൃഷ്ടിക്കാന്‍ അധ്വാനിച്ചവര്‍ക്കോ അന്ന് ലഭിച്ചിരുന്നില്ല.
അതേസമയം, ആളുകള്‍ അതിഷ്ടപ്പെടും എന്ന കാര്യത്തില്‍ സ്റ്റീവിന് സംശയമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് അത് അനായാസം ഉപയോഗിക്കാന്‍ കഴിയണം എന്നകാര്യത്തിലും തര്‍ക്കവുമുണ്ടായിരുന്നില്ല. ഈ കാഴ്ചപ്പാടോടെ സ്റ്റീവ് യഥാര്‍ഥത്തില്‍ ഭാവിയെ കണ്ടുപിടിക്കുകയായിരുന്നു. വരുംകാലം മൊബൈല്‍ കമ്പ്യൂട്ടിങ്ങിന്റേതായിരിക്കുമെന്ന് പറയുമ്പോള്‍, ലോകം അതിലേക്കെത്തിയതില്‍ വലിയ തോതില്‍ കടപ്പെട്ടിരിക്കുന്നത് 'ഭാവി കണ്ടുപിടിച്ച' സ്റ്റീവിനോടാണ്.
യഥാര്‍ഥത്തില്‍ അടുത്ത ദശകം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന ചോദ്യം, അടുത്ത ദശകത്തിലെ സ്റ്റീവ് ജോബ്‌സ് ആരായിരിക്കുമെന്നാണ്. അത്തരത്തില്‍ ഭാവി കണ്ടുപിടിക്കാന്‍ ശേഷിയുള്ള പ്രതിഭകള്‍ രംഗത്തെത്തിയാല്‍, ഫെയ്‌സ്ബുക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ മേധാവികള്‍ കരുതുന്നതുപോലെ ആയിക്കൊള്ളണം കാര്യങ്ങള്‍ എന്നില്ല.
പ്രശസ്ത അമേരിക്കന്‍ ബിസിനസ് ജേര്‍ണലിസ്റ്റ് കെന്‍ ഔലേറ്റ ('Googled' (2009) എന്ന ഗ്രന്ഥത്തില്‍) വിവരിച്ചിട്ടുള്ള സംഗതി പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. 1998 ല്‍ വാഷിങ്ടണില്‍ റെഡ്‌മോണ്ടിലുള്ള മൈക്രോസോഫ്റ്റ് ക്യാമ്പസില്‍വെച്ച് അന്നത്തെ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സുമായി നടത്തിയ കൂടിക്കാഴ്ച്ചയാണത്.
കൂടിക്കാഴ്ച്ചയ്ക്കിടെ ഔലേറ്റ ചോദിച്ചു : 'താങ്കള്‍ ഏറ്റവുമധികം ഭയപ്പെടുന്ന വെല്ലുവിളി എന്താണ്?'

അല്‍പ്പസമയത്തെ ആലോചന വേണ്ടിവന്നു ബില്‍ ഗേറ്റ്‌സിന് മറുപടി നല്‍കാന്‍. ഐടി രംഗത്ത് അന്ന് മൈക്രോസോഫ്റ്റിന്റെ മുഖ്യഎതിരാളികളായിരുന്ന നെറ്റ്‌സ്‌കഫെ, ഒറാക്കിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെയൊന്നും പേര് അദ്ദേഹം പറഞ്ഞില്ല. പകരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : 'ഏതോ ഒരു ഗ്യാരേജില്‍ തികച്ചും പുതുമയാര്‍ന്ന ഒന്ന് ആരോ വാര്‍ത്തെടുക്കുന്നത്!' ഇന്നവേഷനാണ് ഏത് വ്യവസ്ഥാപിത ബിസിനസിന്റെയും ശത്രുവെന്ന് ബില്‍ ഗേറ്റ്‌സിന് നന്നായി അറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പേടിസ്വപ്നം.
ആ അഭിമുഖത്തിന്റെ സമയത്ത് സിലിക്കണ്‍ വാലിയിലെ ഒരു ഗ്യാരേജില്‍ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന്, ബില്‍ ഗേറ്റ്‌സിന്റെ പേടിസ്വപ്‌നത്തിന് 'ഗൂഗിള്‍' എന്നപേരില്‍ മൂര്‍ത്തീഭാവം നല്‍കുകയായിരുന്നുവെന്ന കാര്യം ഔലേറ്റ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ ഫെയ്‌സ്ബുക്കും മൈക്രോസോഫ്റ്റും ഭാവിയെക്കുറിച്ച് ആശങ്കയോടെയുള്ള പ്രവചനങ്ങള്‍ നടത്തുമ്പോള്‍, ആ പ്രവചനങ്ങള്‍ക്കിടെ 16 വര്‍ഷംമുമ്പ് ബില്‍ ഗേറ്റ്‌സ് സൂചിപ്പിച്ച പെടിസ്വപ്‌നത്തെ നമുക്ക് വായിച്ചെടുക്കാനാകും (ചിത്രങ്ങള്‍ കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്‍)
- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
1 comment:
യഥാര്‍ഥത്തില്‍ അടുത്ത ദശകം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന ചോദ്യം, അടുത്ത ദശകത്തിലെ സ്റ്റീവ് ജോബ്‌സ് ആരായിരിക്കുമെന്നാണ്. അത്തരത്തില്‍ ഭാവി കണ്ടുപിടിക്കാന്‍ ശേഷിയുള്ള പ്രതിഭകള്‍ രംഗത്തെത്തിയാല്‍, ഫെയ്‌സ്ബുക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ മേധാവികള്‍ കരുതുന്നതുപോലെ ആയിക്കൊള്ളണം കാര്യങ്ങള്‍ എന്നില്ല.
Post a Comment