Friday, March 07, 2014

കാല്‍പ്പാട് നോക്കി ആളെ തിരിച്ചറിയുന്നവര്‍ (സിനിമയിലല്ല!)

ജിത്തു ജോസഫിന്റെ 'മെമ്മറീസ്' എന്ന സിനിമയില്‍, കൊലപാതകിയുടെ ഒരു കാലിന് അല്‍പ്പം നീളംകുറവാണെന്ന് നായകനും കുടിയനുമായ പോലീസ് ഓഫീസര്‍ പറയുന്ന രംഗമുണ്ട്. മണ്ണില്‍ പതിഞ്ഞ കാലടികള്‍ പരിശോധിച്ചിട്ട്, പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആ ഓഫീസര്‍ അത് പറയുമ്പോള്‍ സ്വാഭാവികമായും ഷെര്‍ലക് ഹോംസിലേക്ക് നമ്മളെത്തും.

കാല്‍പ്പാട് നോക്കി കുറ്റവാളികളുടെ പ്രത്യേകത വിവരിക്കുന്ന എത്രയോ രംഗങ്ങള്‍ ഷെര്‍ലക് ഹോംസ് കഥകളിലുണ്ട്! അതില്‍ എന്റെ ഫേവറൈറ്റ്, 'കാണാതായ കുട്ടി' ( The Priory School ) എന്ന കഥയില്‍ , സ്‌കൂളില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ കാളകളുടെ ലാടമിട്ട കുതിരയെ ഉപയോഗിച്ച വില്ലന്റെ ബുദ്ധിയാണ്. ചതുപ്പിലൂടെ കുതിര പോയിട്ടുണ്ടെന്ന് ആരുമറിയില്ല. അവിടെ പതിഞ്ഞിട്ടുള്ളത് കാലികള്‍ പോയ അടയാളം മാത്രം. പക്ഷേ, കളി ഷെര്‍ലക് ഹോംസിനോടാകുമ്പോള്‍ കഥ മാറുമെന്ന് വില്ലന്‍ ഓര്‍ത്തിരിക്കില്ല!!

പറയാന്‍ വന്നത് ഡിറ്റക്ടീവ് സ്റ്റോറിയല്ല; കാല്‍പ്പാട് നോക്കി കള്ളന്‍മാരെ കുടുക്കാന്‍ പരമ്പരാഗതമായി വൈദഗ്ധ്യം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തെക്കുറിച്ചാണ്. രാജസ്ഥാനിലെ കച്ച് മേഖലയില്‍് അതിര്‍ത്തി ഗ്രാമമായ റാപ്പാറില്‍വെച്ച് അത്തരക്കാരെ താന്‍ പരിചയപ്പെട്ട കാര്യം, ആത്മകഥയായ 'The Fall of a Sparrow' യില്‍ വിഖ്യാത പക്ഷിനിരീക്ഷകന്‍ ഡോ.സാലിം അലി വിവരിച്ചിട്ടുണ്ട്. അത്തരക്കാര്‍ പ്രാദേശികമായി അറിയപ്പെട്ടിരുന്നത് 'puggee' എന്നാണ്.
സാലിം അലി അവരെ വിശേഷിപ്പിച്ചിട്ടുള്ളത് 'hereditary trackers' എന്നും.

മരുഭൂമിയാണ്. എല്ലാവരുടെയും കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിട്ടുണ്ടാകും. 'ഒരു ഗ്രാമത്തിലെ ഓരോരുത്തരുടെയും കാല്‍പ്പാടുകള്‍, അവരുടെ മുഖം പോലെ തന്നെ puggee കള്‍ക്ക് പരിചിതമായിരുന്നു'-സാലിം അലി എഴുതുന്നു. അതുപോലെ തന്നെ, ആ ഗ്രാമത്തിലെ ഒട്ടകങ്ങളുടെ കാലടികളും ഹൃദിസ്ഥമാണ്.

1940 കളില്‍ കച്ച് മേഖലയില്‍ പക്ഷി സര്‍വ്വേയ്ക്ക് പോയപ്പോഴാണ് 'കാല്‍പ്പാട് വിദഗ്ധ'രെ സാലിം അലി ആദ്യം കാണുന്നത്. അത്തരം ഒന്നോരണ്ടോ വിദഗ്ധരെ എല്ലാ പോലീസ് സ്‌റ്റേഷനിലും അധികൃതര്‍ നിയമിച്ചിട്ടുള്ള കാര്യവും അദ്ദേഹം ശ്രദ്ധിച്ചു. പോലീസ് സ്‌റ്റേഷനിലെ puggee കളുടെ ഏക ജോലി, രാവിലെയും വൈകുന്നേരവും ഗ്രാമത്തിലൂടെ ചുറ്റിനടന്ന് കാല്‍പ്പാടുകള്‍ നോക്കുക എന്നത് മാത്രമാണ്. അപരിചിതരാരെങ്കിലും ഗ്രാമത്തില്‍ കടക്കുകയോ, പുറത്തുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരത് കൃത്യമായി മനസിലാക്കും. അതുപോലെ തന്നെ, ഗ്രാമത്തിലെ ഒട്ടകങ്ങള്‍ പുറത്തുപോയിട്ടുണ്ടെങ്കിലും അവര്‍ കണ്ടെത്തും.

അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒട്ടകങ്ങള്‍ മോഷണംപോകുന്നത് അക്കാലത്ത് പതിവായിരുന്നു. അതിനാല്‍ , കാല്‍പ്പാട് വിദഗ്ധരുടെ സേവനം പോലീസിന് വലിയ ആശ്വാസമായിരുന്നു.

മണലില്ലാത്ത സ്ഥലത്തുകൂടി പോയതിനാല്‍, ഒരു ഗ്രാമത്തില്‍നിന്ന് മോഷണം പോയ ഒട്ടകത്തെ അവിടുത്തെ puggee യ്ക്ക് പിന്തുടരാന്‍ കഴിഞ്ഞില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന വഴിക്ക് ആ ഒട്ടകത്തിന്റെ കാല്‍പ്പാട് കണ്ട്, അത് പിന്തുടര്‍ന്ന് അയാള്‍ ഒട്ടകത്തെ കണ്ടെത്തിയ കാര്യം ഒരു പോലീസ് ഓഫീസര്‍ പറഞ്ഞത് സാലിം അലി വിവരിച്ചിട്ടുണ്ട്.

പില്‍ക്കാലത്ത് പോലീസ് ആധുനിക കുറ്റാന്വേഷണമാര്‍ഗങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയതോടെ puggee കളുടെ പ്രധാന്യം കുറയുകയും, ആ പരമ്പരാഗത വൈദഗ്ധ്യംതന്നെ അസ്തമിക്കാന്‍ ആരംഭിക്കുകയും ചെയ്തുവത്രേ.

Saturday, March 01, 2014

ഇന്ത്യ പോളിയോ വിമുക്തം - ചൊവ്വാദൗത്യത്തെക്കാള്‍ മഹത്തായ വിജയം

മൂന്നര വയസ്സുള്ളപ്പോഴാണ് എനിക്ക് പോളിയോ ബാധിച്ചത്. ഇടതുവശം പാടെ തളര്‍ന്നു. അന്ന് വളരെയേറെ ത്യാഗങ്ങള്‍ സഹിച്ച് എന്റെ വീട്ടുകാര്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ എന്നെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചു. കിഴിയിടീലുമൊക്കെ കൊണ്ടാകണം, 59-ാം ദിവസം ഞാന്‍ സ്വന്തംകാലില്‍ എണീറ്റു നടന്നു. ഇന്നും നടക്കുന്നു...!

ശരിക്കു പറഞ്ഞാല്‍ പോളിയോ (അക്കാലത്ത് ഇളംപിള്ളവാതം എന്ന് നാട്ടുമൊഴി) വന്നിട്ട് എണീറ്റ് നടക്കാന്‍ പറ്റിയെന്നത് ചെറിയ കാര്യമല്ലെന്ന് പിന്നീടെനിക്ക് മനസിലായി. അക്കാലത്ത് വൈകുന്നേരം അമ്പൂരി സ്‌കൂള്‍ വിടുമ്പോള്‍ മുടന്തിയും ഇഴഞ്ഞും വടിയൂന്നിയുമൊക്കെ അരഡസനോളം ദൗര്‍ഭാഗ്യര്‍ സ്‌കൂളിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് വന്നിരുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും. കേരളത്തിലെ ഏത് സ്‌കൂളിന് മുന്നില്‍ നിന്നാലും, പോളിയോ മൂലം അംഗവൈകല്യം വന്ന കുട്ടികളെ കാണാമായിരുന്നു അക്കാലത്ത്.

ജോനാസ് സാല്‍ക്ക് എന്ന മഹാനായ ശാസ്ത്രജ്ഞന്‍ 1950 കളുടെ അവസാനം കണ്ടുപിടിച്ച പോളിയോ പ്രതിരോധ മരുന്ന് നമ്മുടെ നാട്ടില്‍ പ്രചാരത്തിലെത്തിയ ശേഷമാണ്, ദുഖപൂര്‍ണമായ ആ കാഴ്ചയ്ക്ക് ശമനമുണ്ടാകുന്നത്. ഇന്ന് കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നില്‍ പോലും പോളിയോ മൂലം വികലാംഗനായ അല്ലെങ്കില്‍ വികലാംഗയായ ഒരു വിദ്യാര്‍ഥിയുമില്ല. അതിന് നമ്മള്‍ നന്ദി പറയേണ്ടത്, പോളിയോ പ്രതിരോധ പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കിയ ശാസ്ത്രത്തിനോടും, അത് പ്രാവര്‍ത്തികമാക്കിയ ആരോഗ്യപ്രവര്‍ത്തകരോടുമാണ്.

2011 ജനവരി 13 നാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തത്. (പശ്ചിമ ബംഗാളിലെ റുഷയെന്ന ആ കുട്ടിയുടെ ചിത്രമാണ് ഇതോടൊപ്പം). ഇപ്പോള്‍ ഇന്ത്യ പോളിയോ വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ചരിത്രത്തില്‍ വസൂരിയോട് മനുഷ്യന്‍ നടത്തിയ പോരാട്ടത്തിന് സമമായിരുന്നു പോളിയോയുടെ കാര്യത്തിലും നടന്നത്. വസൂരിയുടെ കാര്യത്തിലെന്ന പോലെ, പല കോണുകളില്‍നിന്നും എതിര്‍പ്പുയര്‍ന്നു. മുന്‍വിധികള്‍ കൊണ്ട് ഇതിനെ എതിര്‍ത്തവരുണ്ട്, അജ്ഞതമൂലം വേറെ ചിലര്‍ എതിര്‍ത്തു...ആ എതിര്‍പ്പുകളെ മറികടന്നാണ് പോളിയോ നിര്‍മാര്‍ജന യജ്ഞം ഇന്ത്യയില്‍ വിജയിച്ചിരിക്കുന്നത്....ഒരുപക്ഷേ, ചൊവ്വാദൗത്യത്തെക്കാളും നമുക്ക് അഭിമാനിക്കാവുന്ന നേട്ടം.
(ഈ വിഷയത്തില്‍ ഡോ. എം .മുരളീധരന്‍ എഴുതിയ ലേഖനം വായിക്കുക :http://goo.gl/OpaQEX )

#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

മൂക്കന്‍ തവള - അണ്ടര്‍ഗ്രൗണ്ടിലെ ഗായകന്‍ !!

കോട്ടയം ജില്ലയിലൊരിടത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്നാണ് പ്രശസ്ത ഉഭയജീവി ഗവേഷകനായ ഡോ.എസ്.ഡി.ബിജു 1999 ല്‍ ആ മൂക്കന്‍ തവളയെ ആദ്യം കണ്ടത്. Nasikabatrachus sahyadrensis എന്ന ആ തവളയെ കണ്ടെത്തിയ വിവരം 2003 ല്‍ നേച്ചര്‍ ജേര്‍ണലിലൂടെ ലോകമറിഞ്ഞു. ആ കണ്ടെത്തല്‍ വെറുമൊരു തവളയിനത്തിന്റേതായിരുന്നില്ല; പുതിയൊരു തവള കുടുംബത്തിന്റെയായിരുന്നു. 

Nasikabatrachidae എന്ന തവളകുടുംബത്തിലാണ് 'ഇന്ത്യന്‍ പര്‍പ്പിള്‍ തവള'യെന്ന് വിളിപ്പേര് കിട്ടിയ മൂക്കന്‍ തവള ഉള്‍പ്പെടുന്നത്. ഭൂമുഖത്ത് പുതിയൊരു തവളകുടുംബത്തെ 1926 ന് ശേഷം ആദ്യമായി കണ്ടെത്തുകയായിരുന്നു. തവളകുടുംബങ്ങളുടെ എണ്ണം 29 ആയിരുന്നത്, മൂക്കന്‍ തവളയുടെ കണ്ടെത്തലോടെ 30 ആയി (http://goo.gl/JF1zRl).

13 കോടി വര്‍ഷത്തെ പരിണാമകഥ ഡിഎന്‍എ യില്‍ പേറി നടക്കുന്ന മൂക്കന്‍ തവളയെ, 'ജീവിക്കുന്ന ഫോസില്‍' എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ആ തവളയുടെ ജനിതകബന്ധുക്കള്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സെയ്‌ഷെല്‍ ദ്വീപിലാണുള്ളതെന്നത് ഗവേഷകരെ അമ്പരപ്പിച്ചു. ഒരുകാലത്ത് ഇന്ത്യയും സെയ്‌ഷെല്‍ ദ്വീപുകളും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ തെളവുകൂടിയായി മൂക്കന്‍ തവളയുടെ കണ്ടെത്തല്‍ .

ഇപ്പോഴിതാ ഡോ.ബിജുവും സംഘവും മൂക്കന്‍ തവളയുടെ കൂടുതല്‍ വിവരങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ചെറിയൊരു സമയത്തേക്ക് ഇണചേരാനായി മാത്രമേ ഇവ പുറത്തിറങ്ങാറുള്ളൂ. വര്‍ഷത്തില്‍ ബാക്കി സമയം മുഴുവന്‍ ഇവ മണ്ണിന്നടിയിലാണ് കഴിയുക (അണ്ടര്‍ഗ്രൗണ്ടിലായതിനാലാണ് ഈ കക്ഷികളെ അധികമാരും കാണാത്തത്). കത്രികപോലെ മൂര്‍ച്ചയേറിയ വിരലുകള്‍കൊണ്ട് 12 അടി താഴ്ച്ച വരെ മണ്ണ് കുഴിച്ചെത്താന്‍ ഇവറ്റകള്‍ക്കാകുമത്രേ!

മണ്ണിന്നടിയില്‍ നിന്നുതന്നെ ഉച്ചത്തില്‍ വിളിച്ച് ഇണകളെ ആണ്‍തവളകള്‍ ആകര്‍ഷിക്കുന്നുവെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇണകളെ ആകര്‍ഷിക്കാന്‍ മൂക്കന്‍ തവളകള്‍ പൊഴിക്കുന്ന സംഗീതം ആദ്യമായി റിക്കോര്‍ഡ് ചെയ്യാനും ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇടുക്കിയില്‍ കുളമാവിനടുത്ത് മേത്തോട്ടിയില്‍നിന്നാണ് മൂക്കന്‍ തവളയുടെ സംഗീതം റിക്കോര്‍ഡ് ചെയ്തത് (PLOS ONE ജേര്‍ണലില്‍ ഇതെപ്പറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കാണുക : http://goo.gl/xz6AOk ).
(ചിത്രം കടപ്പാട് : എസ്.ഡി.ബിജു, ഡെല്‍ഹി യൂണിവേഴ്‌സിറ്റി. മൂക്കന്‍ തവളയുടെ സംഗീതവീഡിയോ ചുവടെയുള്ള ലിങ്കില്‍) http://goo.gl/iFQ0OW

യുട്യൂബ് വീഡിയോ കാണുക
#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

സ്‌ട്രൊമാറ്റോലൈറ്റ് എന്ന പ്രാചീനജീവരൂപം

പശ്ചിമ ഓസ്‌ട്രേലിയയിലെ ജാക്ക് ഹില്‍ മേഖലയില്‍നിന്ന് കിട്ടിയ ഒരു സിര്‍കോണ്‍ പരലിന്റെ പഴക്കം 440 കോടി വര്‍ഷമാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു (http://www.news.wisc.edu/releases/18407). ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമാണെന്നോര്‍ക്കുക. അപ്പോള്‍, ഭൂമിയുള്‍പ്പടെ സൗരയൂഥം ഉണ്ടായിട്ട് വെറും 16 കോടി വര്‍ഷമേ ആയിരുന്നുള്ള ആ പരല്‍ക്കഷണം രൂപപ്പെട്ടപ്പോള്‍! ഭൂമിയുടെ പുറംപാളിയുടെ അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കമുള്ള തുണ്ട് അതാണെന്ന് ഗവേഷകര്‍ നിഗമനത്തി. 

ഈ വാര്‍ത്ത കണ്ടപ്പോഴാണ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഷാര്‍ക്ക് ബേ ( Shark Bay ) തീരത്തുള്ള മറ്റൊരു അത്ഭുതത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ യാത്രാവിവരണമായ 'Down Under' ല്‍ ബില്‍ ബ്രൈസണ്‍ വിവരിച്ചിട്ടുള്ള കാര്യം ഓര്‍ത്തത്.

പശ്ചിമ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍നിന്ന് 800 കിലോമീറ്റര്‍ വടക്കോട്ട് തീരദേശ ഹൈവേയിലൂടെ യാത്രചെയ്താല്‍ ഷാര്‍ക്ക് ബേയിലെത്താം. 350 കോടി വര്‍ഷംമുമ്പ് ഭൂമുഖത്ത് കാണപ്പെട്ടിരുന്ന ജീവരൂപമായ സ്‌ട്രൊമാറ്റലൈറ്റ് ( Stromatolite ) ഇപ്പോഴും 'ജീവനോടെയുള്ള' ഭൂമുഖത്തെ ഏകസ്ഥലമാണ് ഷാര്‍ക് ബേ എന്ന് ബ്രൈസണ്‍ പറയുന്നു.

തീരക്കടലിലെ സ്‌ട്രൊമാറ്റലൈറ്റ് ശേഖരം നേരിട്ട് കണ്ട് ബ്രൈസണ്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെ : 'Stromatolites are not easy to describe. They are of so primitive a nature that they don't even adopt regular shapes in the way, say, crystals do. Stomatolites just, as it were blob out. Nearer the shore they formed large, slightly undulant platforms - rather like very old asphalt. Further out they were arrayed as individual clumps that brought to very large cow-pats, or perhaps the dung of a particularly troubled elephant. Most books refer to them as club-shaped or cauliflower shaped or even columnar. In fact, they are shapeless grey-black blobs, without character or lustre.'

വടക്ക്-പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പില്‍ബാറയിലെ ഊഷരമായ കുന്നുകളില്‍ പര്യവേക്ഷണം നടത്തുകയായിരുന്ന സ്റ്റാന്‍ ഓറാമിക് എന്ന ഭൗമശാസ്ത്രജ്ഞന്‍, അവിടെ ഫോസിലുകളാല്‍ സമ്പന്നമായ ഒരു പാറക്കെട്ട് കണ്ടെത്തുകയുണ്ടായി. 350 കോടി വര്‍ഷം പഴക്കമുള്ള സ്‌ട്രൊമാറ്റലൈറ്റ് ഫോസിലുകളാണ് ആ പാറക്കെട്ടുകളെ നിധിതുല്യമാക്കിയത്. അതില്‍ ചില സാമ്പിളുകളുമായി അദ്ദേഹം പോന്നു. പിന്നീട് ശാസ്ത്രീയമായി പഠിക്കാന്‍ പില്‍ബാറയിലെത്തിയ ഓറാമികിന്റെ സംഘത്തിന് ആ ഫോസില്‍ മേഖല കണ്ടെത്താനായില്ല്. അതിപ്പോഴും, വീണ്ടും കണ്ടെത്താനായി വിശാലമായ ഓസ്‌ട്രേലിയന്‍ തരിശുകളില്‍ കാത്തുകിടക്കുകയാണെന്ന് ബ്രൈസന്‍ പറയുന്നു.

ഫോസില്‍ ശേഖരം വീണ്ടും കണ്ടെത്താനായില്ലെ
ങ്കിലും, അധികം വൈകുംമുമ്പ് ഷാര്‍ക്ക് ബേയില്‍ സ്‌ട്രൊമാറ്റലൈറ്റ് ജീവനോടെയുള്ള കാര്യം ഗവേഷകര്‍ക്ക് കണ്ടെത്താനായി. ലോക പൈതൃകകേന്ദ്രമായി യുണെസ്‌കോ പ്രഖ്യാപിച്ച സ്ഥലമാണ് ഇപ്പോള്‍ ഷാര്‍ക്ക് ബേ.

പിന്‍കുറിപ്പ് : ഭൂമിയുടെ പുറന്തോടിന്റെ ഏറ്റവും പഴക്കമുള്ള കഷണവും, ഭൂമുഖത്ത് ഇപ്പോഴുള്ള ജീവരൂപങ്ങളില്‍ ഏറ്റവും പ്രാചീനമായതും ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്താണ് കണ്ടെത്തിയതെന്ന കാര്യം തീര്‍ച്ചയായും പ്രധാനപ്പെട്ടതല്ലേ!!

(ഷാര്‍ക്ക് ബേയിലെ സ്‌ട്രൊമാറ്റലൈറ്റ് പ്രദേശമാണ് ചിത്രത്തില്‍. ചിത്രം കടപ്പാട് : വിക്കിപീഡിയ)

#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

Friday, February 28, 2014

റിക്കോര്‍ഡ് ചെയ്യപ്പെടുന്ന ലോകം

ഇന്ത്യന്‍ പക്ഷിനിരീക്ഷകരുടെ ആചാര്യനായ സാലിം അലി, പക്ഷികളുടെ ശാസ്ത്രീയനാമം ഓര്‍ത്തുവെയ്ക്കാന്‍ കഷ്ടപ്പെടുന്ന ശിഷ്യര്‍ക്ക് ഉപദേശിച്ചിരുന്ന ഒരു വിദ്യയുണ്ട്. ബസിലോ തീവണ്ടിയിലോ യാത്ര ചെയ്യുമ്പോള്‍, അല്ലെങ്കില്‍ എവിടെയെങ്കിലും നടക്കുന്ന വേളയില്‍ ഒരു കാക്ക കണ്ണില്‍പെട്ടെന്നിരിക്കട്ടെ. ഉടന്‍ 'ഇതാ ഒരു കാക്ക' എന്ന് ചിന്തിക്കുന്നതിന് പകരം അതിന്റെ ശാസ്ത്രീയനാമം ഓര്‍ക്കുക. കാക്കയെ കാണുമ്പോള്‍, അത് ബലിക്കാക്കയാണെങ്കില്‍ 'ഇതാ ഒരു കോര്‍വസ് മാക്രോറൈന്‍കസ് (Corvus macrorhynchos)' എന്ന് ചിന്തിക്കുക!

'മറ്റ് സാധാരണ പക്ഷികളെ കാണുമ്പോഴും ഇതേ രീതി പിന്തുടര്‍ന്നാല്‍, പക്ഷികളുടെ ശാസ്ത്രീയനാമം എന്നത് കീറാമുട്ടിപ്രശ്‌നം അല്ലാതാകുമെന്ന് സാലിം അലി പറഞ്ഞിരുന്നു'' - സാലിം അലിയുടെ ശിഷ്യനും തട്ടേക്കാട് 'സാലിം അലി പക്ഷി സങ്കേതത്തി'ലെ ശാസ്ത്രജ്ഞനുമായ ഡോ.ആര്‍.സുഗതന്‍ അടുത്തിയിടെ ഈ ലേഖകനോട് ഒരു അഭിമുഖവേളയില്‍ പറഞ്ഞു. പക്ഷിനിരീക്ഷകരെ സംബന്ധിച്ച് തീര്‍ച്ചയായും ഇതൊരു വിലപ്പെട്ട ഉപദേശം തന്നെയാണ്.

ഈ പ്രശ്‌നത്തെ ആധുനികസാങ്കേതികവിദ്യയുടെ വശത്തുനിന്ന് ഒന്ന് പരിഗണിച്ചാലോ. 'ഗൂഗിള്‍ ഗ്ലാസ്' പോലുള്ള പുത്തന്‍ സങ്കേതത്തിന്റെ സഹായത്തോടെ ഇക്കാര്യത്തിന് പരിഹാരം താരതമ്യേന എളുപ്പമാണ്.

കണ്ണടപോലെ ധരിച്ചുകൊണ്ട് ഓണ്‍ലൈന്‍ ലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്. അതിലെ ക്യാമറയും വലത് കണ്ണിന് മുകളില്‍ ചതുരാകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന സുതാര്യ പ്രൊജക്ഷനും അത് ധരിക്കുന്നയാളെ ഓണ്‍ലൈന്‍ ലോകവുമായി ഇടപഴകാന്‍ സഹായിക്കുന്നു.

പക്ഷിനിരീക്ഷകരെ സഹായിക്കാനൊരു ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഗ്ലാസിലുണ്ടായാല്‍ മതി...കണ്‍മുന്നിലൊരു പക്ഷി പ്രത്യക്ഷപ്പെട്ടാല്‍, ക്യാമറ സെന്‍സര്‍ അത് കാണുകയും, ഓണ്‍ലൈന്‍ സ്രോതസ്സുകളുടെ സഹായത്തോടെ ഏത് പക്ഷിയാണത്, അതിന്റെ ശാസ്ത്രീയനാമമെന്ത് തുടങ്ങിയ കാര്യങ്ങളൊക്കെ നൊടിയിടയില്‍ കണ്ണിന് മുന്നില്‍ തെളിയുകയും ചെയ്യും. സംഭവം റിക്കോര്‍ഡ് ചെയ്താല്‍ പിന്നീടത് പരിശോധിച്ച് സംശയനിവാരണം വരുത്തുകയുമാകാം.

ഭാവിയിലെ ഒരു സാധ്യതയാണ് മുകളില്‍ വിവരിച്ചത്. സാലിം അലി പറഞ്ഞ ഉപായം, സാങ്കേതികവിദ്യയുടെ കാചത്തിലൂടെ കടത്തിവിട്ടെത്താവുന്ന ഒരു പരിഹാരം.

ഇത് അപ്രതീക്ഷിതമായി കണ്‍മുന്നിലെത്തുന്ന പക്ഷിയെ തിരിച്ചറിയാനുള്ള ഭാവിസാധ്യത. ഇനി മറ്റൊരു സംഭവം പരിഗണിക്കുക. രണ്ടുവര്‍ഷംമുമ്പ് ലോകമെങ്ങും ലക്ഷക്കണക്കിനാളുകള്‍ തത്സമയം കണ്ട ഒരു പക്ഷികുടുംബമുണ്ട്; ഒരു പരുന്ത് കുടുംബം. അമേരിക്കയില്‍ വടക്കുകിഴക്കന്‍ അയോവയിലെ ഒരു പരുത്തിമരത്തില്‍ 80 അടി മുകളില്‍ കൂടുകെട്ടി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങളെ പോറ്റിയിരുന്ന ആ പരുന്ത് കുടുംബം ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റായത്, ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് വഴിയാണ്.

'റാപ്ടര്‍ റിസോഴ്‌സ് പ്രോജക്ട്' എന്ന പരിസ്ഥിതി ഗ്രൂപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായുള്ള വീഡിയോ സ്ട്രീമിങ് കമ്പനിയായ 'യുസ്ട്രീമി' (UStream) ന്റെ സഹായത്തോടെ പരുന്ത് കൂട്ടില്‍ വെബ്ബ്ക്യാം സ്ഥാപിച്ച് 24 മണിക്കൂറും അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. കൂട്ടില്‍ മുട്ടവിരിയുന്നതും കുഞ്ഞുങ്ങളുണ്ടാകുന്നതും ആണ്‍പക്ഷിയും പെണ്‍പക്ഷിയും ചേര്‍ന്ന് കുഞ്ഞുങ്ങളെ പോറ്റുന്നതും, ലോകമെങ്ങും ലക്ഷക്കണക്കിനാളുകള്‍ ഉറക്കമിളച്ചിരുന്ന് ലൈവായി നിരീക്ഷിച്ചു!

പക്ഷികള്‍ക്കേ ആരാധകരുള്ളൂ എന്ന് കരുതരുത്. അമേരിക്കയില്‍ മിഷിഗണിലെ ഗ്രോസ് പോയന്റ് വുഡ്‌സില്‍ 'ലൂസ് പെറ്റ് ഷോപ്പി'ല്‍ ഫ്രാങ്കിയെന്ന ആമയാണ് താരം! 17 വയസ്സ് പ്രായമുള്ള ഫ്രാങ്കിയുടെ തോടിന് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 'ഡ്രോപ്പ്ക്യാം' ക്യാമറ വഴി, 'ആമക്കണ്ണിലൂടെയുള്ള ലോകം' ഇടതടവില്ലാതെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുകയാണ് (കാണുക : http://www.louspetshop.com/franky-cam).

ഫ്രാങ്കിയുടെ സംപ്രേക്ഷപണം പ്രതിമാസം പതിനായിരം പേരെ ആകര്‍ഷിക്കുന്നു. അമേരിക്കയില്‍ മാത്രമല്ല, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പോലും ഫ്രാങ്കിക്ക് ആരാധകരുണ്ട്.

ആമയ്ക്കാകാമെങ്കില്‍ മനുഷ്യനായിക്കൂടേ! അയര്‍ലന്‍ഡില്‍ ഡബ്ലിന്‍ സിറ്റി സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ഗവേഷകനായ കാഥല്‍ ഗുരിന്‍ ഏഴ് വര്‍ഷമായി തന്റെ ജീവിതം റിക്കോര്‍ഡ് ചെയ്തുന്ന വ്യക്തിയാണ്. കഴുത്തില്‍ ധരിക്കാവുന്ന ഒരു വൈഡ് ആംഗിള്‍ ക്യാമറയുപയോഗിച്ച് തന്റെ ദൃഷ്ടിപഥത്തിലെ ദൃശ്യങ്ങള്‍ ഓരോ മിനിറ്റിലും അദ്ദേഹം പകര്‍ത്തുന്നു. ഓരോ ചിത്രത്തിന്റെയും ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ അതിനൊപ്പം സൂക്ഷിക്കപ്പെടുന്നു.

ഇതിനകം ഗുരിന്‍ സ്വന്തം ജീവിതത്തിലെ 120 ലക്ഷം ദൃശ്യങ്ങളുടെ ശേഖരം ഉണ്ടാക്കിക്കഴിഞ്ഞു. ഒരോ വര്‍ഷവും ഓരോ ടെറാബൈറ്റ് (teradbyte) ഡേറ്റ വീതമാണ് ഇതുവഴി സൃഷ്ടിക്കുന്നത് (50 വര്‍ഷംമുമ്പ് ലോകത്താകെ ലഭ്യമായിരുന്ന മൊത്തം കമ്പ്യൂട്ടര്‍ മെമ്മറിക്ക് തുല്യമാണിത്!). ഒരു ഇമേജ് സ്‌കാനിങ് സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ, ആ ആര്‍ക്കൈവ് സെര്‍ച്ച് ചെയ്യാവുന്ന 70,000 'സംഭവങ്ങള്‍' ആയി മാറ്റാന്‍ ഗുരിനും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞു.

സ്വജീവിതം റിക്കോര്‍ഡ് ചെയ്യുക മാത്രമല്ല, സെര്‍ച്ച് ചെയ്യാനും പറ്റുന്ന രൂപത്തിലാക്കിയിരിക്കുകയാണ് ആ കമ്പ്യൂട്ടര്‍ ഗവേഷകന്‍! രണ്ടുവര്‍ഷംമുമ്പ് ഒരു സ്ഥലത്ത് പോയപ്പോള്‍ താന്‍ എന്തുതരം വീഞ്ഞാണ് കഴിച്ചതെന്നറിയാന്‍, സ്വന്തം ജീവിതത്തിന്റെ ആര്‍ക്കൈവില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ മാത്രം മതി (ഏതായാലും അദ്ദേഹം ടോയ്‌ലറ്റ് റിക്കോര്‍ഡ് ചെയ്യുന്നില്ല!!).

മേല്‍സൂചിപ്പിച്ച ഉദാഹരണങ്ങളിലെല്ലാം പൊതുവായിട്ടുള്ള സംഗതി റിക്കോര്‍ഡിങ് ആണ്. മുമ്പെങ്ങുമില്ലാത്ത വിധം എല്ലാ സംഗതികളും (ജീവിതം പോലും) റിക്കോര്‍ഡ് ചെയ്യപ്പെടുന്ന ലോകമാണിപ്പോള്‍. അടുത്തകാലംവരെ ഊഹിക്കാന്‍പോലും കഴിയാതിരുന്ന തരത്തിലാണ് ഇപ്പോള്‍ ആ ട്രെന്‍ഡ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.

മനുഷ്യജീവിതവും പ്രകൃതിയും വീടുകളും ഓഫീസ് മുറികളും ട്രാഫിക് സംവിധാനങ്ങളും ഭൂപ്രതലവുമെല്ലാം ക്യാമറകള്‍ക്ക് മുന്നിലാണ്. മൊബൈല്‍ ക്യാമറകളും പോലീസിന്റെ സുരക്ഷാക്യാമറകളും മുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ വരെ അതിനുപയോഗിക്കപ്പെടുന്നു.

ക്യാമറകളുടെ വലിപ്പം അസാധാരണമായി കുറഞ്ഞതും, ഡിജിറ്റല്‍ സ്‌റ്റോറേജിന്റെ ചെലവുകുറഞ്ഞതുമാണ് കാര്യങ്ങള്‍ ഇന്നത്തെ നിലയ്ക്ക് എത്തിച്ചത്. യുട്യൂബിലിപ്പോല്‍ ഓരോ മിനിറ്റിലും അപ്‌ലോഡ് ചെയ്യപ്പെടുന്നത് 100 മണിക്കൂര്‍ പ്ലേ ചെയ്യാവുന്ന വീഡിയോ ആണ്. ഫ്രാങ്കി എന്ന ആമയുടെ പുറത്തെ വെബ്ബ്ക്യാം നിര്‍മിച്ച 'ഡ്രോപ്പ്ക്യാം' കമ്പനി ഓരോ മിനിറ്റിലും ആയിരം മണിക്കൂര്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു. ഒരുവര്‍ഷം മുമ്പത്തെ കണക്കുവെച്ച് 500 ശതമാനം കൂടുതലാണിതെന്ന് കമ്പനി അറയിക്കുന്നു. ഇതുകൂടാതെ ഓരോ മിനിറ്റിലും 1500 മണിക്കൂര്‍ വീഡിയോ ലൈവായി പ്രേക്ഷകര്‍ കാണുന്നു, അത് റിക്കോര്‍ഡ് ചെയ്യുന്നില്ല.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള അനാവശ്യ വീഡിയോ റിക്കോഡിങിന്റെയും ഫോട്ടോഗ്രാഫിയുടെയും പോല്ലാപ്പ് ഒരുവശത്ത് വര്‍ധിക്കുമ്പോള്‍ തന്നെ, സാങ്കേതികവിദ്യ തുറന്നുതരുന്ന പുതിയ സാധ്യതകള്‍ ഉപേക്ഷിക്കാന്‍ ലോകം തയ്യാറാകുന്നുമില്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.



അമേരിക്കയില്‍ 150 ലക്ഷം ഭവനങ്ങളില്‍ സ്വകാര്യസുരക്ഷാക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതായി, ഗവേഷണസ്ഥാപനമായ 'പാര്‍ക്ക്‌സ് അസോസിയേറ്റ്‌സ്' പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം 50 ലക്ഷം ഭവനങ്ങളിലാണ് പുതിയതായി ക്യാമറകള്‍ സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ ഇത്തരം ക്യാമറകളുടെ ലക്ഷ്യം മോഷണം തടയല്‍ മാത്രമല്ല. തങ്ങളുടെ ഓമനമൃഗങ്ങളെ ഓഫീസിലിരുന്ന് നിരീക്ഷിക്കാന്‍ ചിലര്‍ ഇതുപയോഗിക്കുന്നു. കുഞ്ഞുങ്ങളെ നോക്കാനും പ്രായമായവര്‍ എന്തുചെയ്യുന്നു എന്ന് നിരീക്ഷിക്കാനുമൊക്കെ പലര്‍ക്കും ക്യാമറകള്‍ തുണയ്‌ക്കെത്തുന്നു. വീടുകളില്‍ സ്ഥാപിക്കുന്നവയെ ഇപ്പോള്‍ വെറും സുരക്ഷാക്യാമറ എന്ന് വിളിക്കാമോ എന്നാണ് സംശയം.

ഗൂഗിള്‍ മാപ്‌സ് സര്‍വീസിന്റെ ഭാഗമായ 'സ്ട്രീറ്റ് വ്യൂ' (Google Street View) റോഡുകളും നഗരങ്ങളും കാടും മേടും മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. 2012 ജൂണിലെ കണക്കുവെച്ച് 80 ലക്ഷം കിലോമീറ്റര്‍ ദൂരം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ ക്യാമറാവാഹനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. 39 രാജ്യങ്ങളിലായി 3000 നഗരങ്ങള്‍ ഓണ്‍ലൈനിലെത്തിക്കാനും കഴിഞ്ഞു.

റിസര്‍ച്ച് സ്ഥാപനമായ എ.ബി.ഐ (ABI) യുടെ കണക്ക് പ്രകാരം, 2012 ല്‍ മാത്രം മൊബൈല്‍ ഫോണുകളിലൂടെയും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വഴിയും ലോകമെങ്ങുമെത്തിയത് 100 കോടി ക്യാമറകളാണ്. ഫെയ്‌സ്ബുക്കില്‍ മാത്രം ഓരോ ദിവസവും ചേര്‍ക്കപ്പെടുന്ന 30 കോടി ഫോട്ടോകളില്‍ നല്ലൊരുപങ്കും ഇത്തരം മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുന്നതാണ്.

ഇതിനെയൊക്കെ കടത്തിവെട്ടുന്ന സാധ്യതയാണ് ഗൂഗിള്‍ ഗ്ലാസ് മുന്നോട്ടുവെയ്ക്കുന്നത്. വീഡിയോ പിടിത്തവും ഫോട്ടോയെടുക്കലും ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കുവെയ്ക്കലും എല്ലാം കൈയുടെ സഹായമില്ലാതെ ഗൂഗിള്‍ ഗ്ലാസില്‍ സാധ്യമാകും, ശബ്ദനിര്‍ദേശം മതി. പുതിയ സാധ്യതകള്‍പോലെ, സങ്കീര്‍ണമായ സ്വകാര്യതാപ്രശ്‌നങ്ങള്‍ക്കും ഇത്തരം ഉപകരണങ്ങളുടെ വരവ് കാരണമാകും.

ക്യാമറകളും വീഡിയോ സ്ട്രീമിങും ഓണ്‍ലൈനിലെത്തിയത്, സൈബര്‍ ക്രിമിനലുകള്‍ക്ക് പുതിയ വേദികളൊരുക്കുകയാണ്. ഹാക്കിങ് വഴി ഇത്തരം ഓണ്‍ലൈന്‍ സംവിധാനത്തെ തകിടംമറിക്കാന്‍ എളുപ്പമാണെന്നോര്‍ക്കുക.

മൊബൈല്‍ ക്യാമറകളുടെ ദുരുപയോഗം ഇപ്പോള്‍ തന്നെ വലിയൊരു സാമൂഹിക പ്രശ്‌നമായിരിക്കുന്ന നമ്മുടെ നാട്ടില്‍, പുതിയ സാങ്കേതികസംവിധാനങ്ങള്‍ ഏതൊക്കെ പരിധികളാണ് ലംഘിക്കുക എന്ന് പറയാനാകില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് കാര്യമായ ബോധവത്ക്കരണവും, സാങ്കേതികവിദ്യകളെ ശരിയായ വിധത്തിലുപയോഗിക്കാനുള്ള സാമൂഹിക പ്രേരണയും ഉണ്ടായേ തീരൂ.

ഓര്‍ക്കുക, ജോര്‍ജ് ഓര്‍വെല്‍ എല്ലാം നിരീക്ഷിക്കുന്ന ഒരു 'വല്യേട്ടനെ'ക്കുറിച്ചാണ് പറഞ്ഞത്. ലോകത്തിപ്പോള്‍ അതിന് പകരം നൂറുകോടി 'ചെറിയേട്ടന്‍മാര്‍' എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു!

(കടപ്പാട് : 1. The People's Panopticon, The Economist, Nov 16, 2013; 2. Webcams See All (Tortoise, Watch Your Back), by Quentin Hardy, The New York Timesd, Jan 7, 2014;  3. ഗൂഗിള്‍ ഗ്ലാസ് അത്ഭുതലോകം ഒരുക്കുമ്പോള്‍, by ഉണ്ണികൃഷ്ണന്‍ എസ്, മാതൃഭൂമി് ഓണ്‍ലൈന്‍, May 26, 2013; 4. Wikipedia)

-കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' മാര്‍ച്ച് 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.