Saturday, March 01, 2014

മൂക്കന്‍ തവള - അണ്ടര്‍ഗ്രൗണ്ടിലെ ഗായകന്‍ !!

കോട്ടയം ജില്ലയിലൊരിടത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്നാണ് പ്രശസ്ത ഉഭയജീവി ഗവേഷകനായ ഡോ.എസ്.ഡി.ബിജു 1999 ല്‍ ആ മൂക്കന്‍ തവളയെ ആദ്യം കണ്ടത്. Nasikabatrachus sahyadrensis എന്ന ആ തവളയെ കണ്ടെത്തിയ വിവരം 2003 ല്‍ നേച്ചര്‍ ജേര്‍ണലിലൂടെ ലോകമറിഞ്ഞു. ആ കണ്ടെത്തല്‍ വെറുമൊരു തവളയിനത്തിന്റേതായിരുന്നില്ല; പുതിയൊരു തവള കുടുംബത്തിന്റെയായിരുന്നു. 

Nasikabatrachidae എന്ന തവളകുടുംബത്തിലാണ് 'ഇന്ത്യന്‍ പര്‍പ്പിള്‍ തവള'യെന്ന് വിളിപ്പേര് കിട്ടിയ മൂക്കന്‍ തവള ഉള്‍പ്പെടുന്നത്. ഭൂമുഖത്ത് പുതിയൊരു തവളകുടുംബത്തെ 1926 ന് ശേഷം ആദ്യമായി കണ്ടെത്തുകയായിരുന്നു. തവളകുടുംബങ്ങളുടെ എണ്ണം 29 ആയിരുന്നത്, മൂക്കന്‍ തവളയുടെ കണ്ടെത്തലോടെ 30 ആയി (http://goo.gl/JF1zRl).

13 കോടി വര്‍ഷത്തെ പരിണാമകഥ ഡിഎന്‍എ യില്‍ പേറി നടക്കുന്ന മൂക്കന്‍ തവളയെ, 'ജീവിക്കുന്ന ഫോസില്‍' എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ആ തവളയുടെ ജനിതകബന്ധുക്കള്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സെയ്‌ഷെല്‍ ദ്വീപിലാണുള്ളതെന്നത് ഗവേഷകരെ അമ്പരപ്പിച്ചു. ഒരുകാലത്ത് ഇന്ത്യയും സെയ്‌ഷെല്‍ ദ്വീപുകളും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ തെളവുകൂടിയായി മൂക്കന്‍ തവളയുടെ കണ്ടെത്തല്‍ .

ഇപ്പോഴിതാ ഡോ.ബിജുവും സംഘവും മൂക്കന്‍ തവളയുടെ കൂടുതല്‍ വിവരങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ചെറിയൊരു സമയത്തേക്ക് ഇണചേരാനായി മാത്രമേ ഇവ പുറത്തിറങ്ങാറുള്ളൂ. വര്‍ഷത്തില്‍ ബാക്കി സമയം മുഴുവന്‍ ഇവ മണ്ണിന്നടിയിലാണ് കഴിയുക (അണ്ടര്‍ഗ്രൗണ്ടിലായതിനാലാണ് ഈ കക്ഷികളെ അധികമാരും കാണാത്തത്). കത്രികപോലെ മൂര്‍ച്ചയേറിയ വിരലുകള്‍കൊണ്ട് 12 അടി താഴ്ച്ച വരെ മണ്ണ് കുഴിച്ചെത്താന്‍ ഇവറ്റകള്‍ക്കാകുമത്രേ!

മണ്ണിന്നടിയില്‍ നിന്നുതന്നെ ഉച്ചത്തില്‍ വിളിച്ച് ഇണകളെ ആണ്‍തവളകള്‍ ആകര്‍ഷിക്കുന്നുവെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇണകളെ ആകര്‍ഷിക്കാന്‍ മൂക്കന്‍ തവളകള്‍ പൊഴിക്കുന്ന സംഗീതം ആദ്യമായി റിക്കോര്‍ഡ് ചെയ്യാനും ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇടുക്കിയില്‍ കുളമാവിനടുത്ത് മേത്തോട്ടിയില്‍നിന്നാണ് മൂക്കന്‍ തവളയുടെ സംഗീതം റിക്കോര്‍ഡ് ചെയ്തത് (PLOS ONE ജേര്‍ണലില്‍ ഇതെപ്പറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കാണുക : http://goo.gl/xz6AOk ).
(ചിത്രം കടപ്പാട് : എസ്.ഡി.ബിജു, ഡെല്‍ഹി യൂണിവേഴ്‌സിറ്റി. മൂക്കന്‍ തവളയുടെ സംഗീതവീഡിയോ ചുവടെയുള്ള ലിങ്കില്‍) http://goo.gl/iFQ0OW

യുട്യൂബ് വീഡിയോ കാണുക
#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

2 comments:

Joseph Antony said...

മണ്ണിന്നടിയില്‍ നിന്നുതന്നെ ഉച്ചത്തില്‍ വിളിച്ച് ഇണകളെ ആണ്‍തവളകള്‍ ആകര്‍ഷിക്കുന്നുവെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇണകളെ ആകര്‍ഷിക്കാന്‍ മൂക്കന്‍ തവളകള്‍ പൊഴിക്കുന്ന സംഗീതം ആദ്യമായി റിക്കോര്‍ഡ് ചെയ്യാനും ഗവേഷകര്‍ക്ക് കഴിഞ്ഞു.

Viswaprabha said...

13 കോടി വർഷങ്ങളിൽനിന്നും പത്തുലക്ഷം വർഷങ്ങളിലേക്കുള്ള ദൂരം ഇല്ലാതാക്കാൻ നമുക്കു് ഏറിയാൽ പത്തിരുപതു വർഷമേ വേണ്ടൂ.

മൂക്കൻ‌തവളകളുടേതിനേക്കാൾ നീണ്ട മൂക്കുകളും മൂർച്ചയേറിയ വിരലുകളുമുള്ള പുതിയ തവളകൾ ഇപ്പോൾ പശ്ചിമഘട്ടം അപ്പാടെ കുഴിച്ചുകൊണ്ടിരിക്കുന്നുണ്ടു്. അതിനാൽ അധികം താമസിയാതെ അവയും നമ്മളും ഒരേ തലത്തിലും നിലവാരത്തിലും എത്തിക്കോളും.