പതിവുപോലെ ഒരു ട്വിറ്റര്‍ അപ്‌ഡേറ്റ് വഴിയാണ് യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ഞായറാഴ്ച ലോകത്തെ ആ വിവരമറിയിച്ചത്. ലെഡ് അയണുകള്‍ കൂട്ടിയിടിപ്പിച്ചുള്ള പരീക്ഷണം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) ആരംഭിച്ചിരിക്കുന്നു. ശനിയാഴ്ച രാത്രിയാണ് ലെഡ് അയണുകള്‍ തമ്മിലുള്ള കൂട്ടിയിടി തുടങ്ങിയത്.
മറ്റ് വിശദീകരണമൊന്നും ആ ട്വിറ്റര്‍ അപ്‌ഡേറ്റിലില്ലെങ്കിലും, കാര്യത്തിന്റെ സാരമിതാണ്-ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 'മിനി ബിഗ്ബാങ്' എന്ന് വിശേഷിപ്പിക്കുന്ന പരീക്ഷണത്തിനാണ് തുടക്കമായിരിക്കുന്നത്. പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരിമിതമായ തോതില്‍ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള താക്കോലാകും മിനി ബിഗ്ബാങുകള്‍ എന്നാണ് പ്രതീക്ഷ.
പുതിയ ഘട്ടം എല്‍.എച്ച്.സിയില്‍ ആരംഭിച്ച വിവരം, പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബ്രിട്ടീഷ് ഗവേഷകരും വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. 'ഞങ്ങള്‍ ത്രില്ലടിച്ചിരിക്കുകയാണ്'-ബ്രിട്ടനില്‍ ബിര്‍മിന്‍ഹാം സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ.ഡേവിഡ് ഇവാന്‍സ് പറയുന്നു. 'ആ കൂട്ടിയിടികള്‍ മിനി ബിഗ്ബാങുകളാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല, ഇതുവരെ ഒരു പരീക്ഷണത്തിലും സാധ്യമാകാത്തത്ര ഉയര്‍ന്ന താപനിലയും സാന്ദ്രതയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു'.
ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണത്തിനാണ് എല്‍.എച്ച്.സി.വേദിയാകുന്നത്. കഴിഞ്ഞ ഏഴുമാസം എല്‍.എച്ച്.സിയില്‍ കണികാകൂട്ടിയിടികള്‍ നടന്നു. പക്ഷേ, പ്രോട്ടോണുകളുപയോഗിച്ചുള്ള പരീക്ഷണങ്ങളായിരുന്നു അവ. ഭാരമേറിയ ലെഡ് അയണുകള്‍ (അയണുകളെന്നാല്‍ ചാര്‍ജുള്ള ആറ്റങ്ങള്‍) ഉപയോഗിച്ചുള്ള കൂട്ടിയിടിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
ഏതാണ്ട് 1370 കോടി വര്‍ഷം മുമ്പ് ഒരു പ്രാപഞ്ചിക കണത്തിനുണ്ടായ മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്നതാണ് ആധുനിക ശാസ്ത്രം പറയുന്നത്. പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളില്‍ ദ്രവ്യവും ഊര്‍ജവുമൊന്നും ഇന്നു കാണുന്ന നിലയിലായിരുന്നില്ല. അത്യുന്നതമായ താപനിലയിലും സാന്ദ്രതയിലും ദ്രവ്യകണങ്ങളും ബലകണങ്ങളും കൂട്ടിക്കുഴഞ്ഞ 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ'യാണ് പ്രപഞ്ചത്തിലുണ്ടായിരുന്നത്. ഓര്‍ക്കുക മഹാവിസ്‌ഫോടനം സംഭവിച്ച് ഏതാണ്ട് 0.00000000001 സെക്കന്‍ഡുകള്‍ കഴിഞ്ഞുള്ള അവസ്ഥയാണിത്.
ഈ അവസ്ഥ വളരെ ചെറിയ തോതിലാണെങ്കില്‍ പോലും പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയും പഠിക്കുകയും ചെയ്താല്‍, പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള താക്കോലാകുമതെന്ന് ഗവേഷകര്‍ കരുതുന്നു. പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങളിലൊന്നാണ് അതിബലം (Strong Force). ആറ്റങ്ങളിലെ ന്യൂക്ലിയസിനെ ഒന്നായി നിലനിര്‍ത്തുന്നതും, പ്രോട്ടോണുകളിലും ന്യൂട്രോണുകളിലും ക്വാര്‍ക്കുകളെ ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുന്നതും അതിബലമാണ്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ ബന്ധനമാണത്. ആ ബലത്തെക്കുറിച്ച് കൂടുതലറിയാന്‍ ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ സഹായിക്കും.
ന്യൂക്ലിയസിനെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത് മാത്രമല്ല, അതിന്റെ പിണ്ഡത്തില്‍ 98 ശതമാനത്തിന് നിദാനവും അതിബലമാണെന്ന് കരുതുന്നു. അതെന്തുകൊണ്ടെന്ന് മനസിലാക്കാനും ഈ പ്ലാസ്മ സഹായിക്കും.
ഭാരമേറിയ ലെഡ് അയണുകള്‍ തമ്മില്‍ ഉന്നതോര്‍ജനിലയില്‍ കൂട്ടിയിടിക്കുമ്പോള്‍ ഇതുവരെ സാധ്യമാകാത്തത്ര ഊര്‍ജനിലയും സാന്ദ്രതയും രൂപപ്പെടും. താപനില ഏതാണ്ട് പത്ത് ലക്ഷം കോടി ഡിഗ്രിയാകും. അത് സൂര്യന്റെ അകക്കാമ്പിലെ താപനിലയുടെ പത്തുലക്ഷം മടങ്ങാണ്! ഇത്രയും ഉയര്‍ന്ന ഊഷ്മാവില്‍ ആറ്റമിക ന്യൂക്ലിയസിലെ ഗ്ലുവോണ്‍ ബന്ധനം ഉരുകിയഴിയുകയും, ബലകണങ്ങളായ ഗ്ലുവോണുകളും ദ്രവ്യകണങ്ങളായ ക്വാര്‍ക്കുകളും കൂടിക്കുഴഞ്ഞ് 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' എന്ന ദ്രവ്യാവസ്ഥ രൂപപ്പെടുകയും ചെയ്യും. എന്നുവെച്ചാല്‍, പ്രപഞ്ചാരംഭത്തിന്റെ ഒരു ചെറുപതിപ്പ് പരീക്ഷണശാലയില്‍ രൂപപ്പെടും.
പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ ചിലപ്പോള്‍ ആ പ്രാചീനപ്ലാസ്മാവസ്ഥയില്‍ സ്വതന്ത്രമായ നിലയില്‍ പ്രത്യക്ഷപ്പെട്ടേക്കാം. എല്‍.എച്ച്.സി.യില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് തന്നെ, 'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കുക എന്നതാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍, പ്രപഞ്ചത്തിലെ ദ്രവ്യത്തെയും ബലങ്ങളെയും കൂട്ടിയിണക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് തെറ്റാണെന്നു വരും. ഭൗതികശാസ്ത്രം പുതിയ വഴികള്‍ തേടേണ്ടി വരും.
എല്‍.എച്ച്.സിയിലെ നാല് മുഖ്യ പരീക്ഷണങ്ങളിലൊന്നായ 'ആലീസി'ന്റെ ലക്ഷ്യം തന്നെ, ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ പ്രത്യേകതകള്‍ പഠിക്കുകയാണ്. ആലീസ് പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ഗവേഷകനാണ് ഡോ. ഇവാന്‍സ്. ആലീസില്‍ മാത്രമല്ല, 'അറ്റ്‌ലസ്', 'സി.എം.എസ്' പരീക്ഷണങ്ങളിലും ലെഡ് അയണ്‍ കൂട്ടിയിടികള്‍ രേഖപ്പെടുത്തിയതായി സേണിന്റെ സന്ദേശം പറയുന്നു. മിനി ബിഗ്ബാങുകള്‍ വിജയകരമായി തുടങ്ങിയെങ്കിലും, അതിന്റെ ഫലങ്ങള്‍ അറിയാന്‍ കാത്തിരിക്കേണ്ടി വരും. കാരണം, കണികാകൂട്ടിയിടിയിലുണ്ടാകുന്ന കാര്യങ്ങള്‍ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താന്‍ സമയം പിടിക്കും. (കടപ്പാട്: സേണ്‍)
കാണുക
സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ വിഖ്യാതഗ്രന്ഥമായ 'ഇന്റര്‍പ്രിട്ടേഷന്‍ ഓഫ് ഡ്രീംസ്' ('സ്വപ്‌നങ്ങളുടെ വ്യാഖ്യാനം') ജര്‍മനില്‍ പ്രസിദ്ധീകരിച്ചത് 1900 ലാണ്. വലിയ ബൗദ്ധികവിപ്ലവത്തിനും വിവാദത്തിനും വഴിമരുന്നിട്ടു ആ പുസ്തകം. സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കുകയെന്നത് അസാധ്യമായി പലരും കണ്ടു. എന്നാലിതാ, 110 വര്‍ഷത്തിന് ശേഷം സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും വ്യാഖ്യാനിക്കാനും ഇലക്ട്രോണിക് മാര്‍ഗം തെളിയുന്നു. അമേരിക്കന്‍ ഗവേഷകനായ ഡോ.മോറാന്‍ സെര്‍ഫ് ആണ് അത്തരമൊരു ഇലക്ട്രോണിക് യന്ത്രം രൂപപ്പെടുക്കുന്നത്!
മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ (അവ സ്വപ്‌നങ്ങളായാല്‍ പോലും) റിക്കോര്‍ഡ് ചെയ്യാനാകുമെന്ന് 'നേച്ചര്‍ മാഗസിന്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഡോ.സെര്‍ഫും കൂട്ടരും പറയുന്നു. സ്വപ്‌നങ്ങള്‍ വായിക്കുകയെന്നത് നമുക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്തുകൊണ്ട് നമ്മള്‍ സ്വപ്‌നം കാണുന്നു, എങ്ങനെ സ്വപ്‌നങ്ങള്‍ സാധ്യമാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു നീക്കം സഹായിക്കും-ഡോ.സെര്‍ഫ് ചൂണ്ടിക്കാട്ടുന്നു.
സ്വപ്‌നങ്ങള്‍ എന്നത് എന്നും മനുഷ്യരില്‍ ജിജ്ഞാസയും ആകാംക്ഷയും ഉണര്‍ത്തിയിരുന്നു. സ്വപ്‌നങ്ങളുടെ അര്‍ഥം വ്യാഖ്യാനിക്കാന്‍ മനുഷ്യന്‍ എക്കാലത്തും ശ്രമിച്ചിരുന്നു. പ്രാചീന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നത്, 'സ്വപ്‌നങ്ങളെന്നാല്‍ അവ ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍' എന്നാണ്. അബോധ മനസിന്റെ പ്രവര്‍ത്തനം മനസിലാക്കാനുള്ള ഒരുപാധി എന്ന നിലയ്ക്കാണ് ആധുനിക മനശാസ്ത്രം സ്വപ്‌നങ്ങളെ സമീപിക്കുന്നത്.
സ്വപ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചാലും, അവയെ മനസിലാക്കാന്‍ ഇത്രകാലവും ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. കണ്ട സ്വപ്‌നത്തെക്കുറിച്ച് ഉണരുമ്പോള്‍ ആളുകളോട് ചോദിച്ചറിയുക! അതിനൊരു മാറ്റം വരുത്താനുള്ള ശ്രമമാണ് ഡോ.സെര്‍ഫും കൂട്ടരും നടത്തുന്നത്. ആളുകളുടെ മസ്തിഷ്‌ക്കപ്രവര്‍ത്തനത്തിന്റെ ദൃശ്യവത്ക്കരണം, സ്വപ്‌നം സംബന്ധിച്ച ഓര്‍മകള്‍-ഇവ തമ്മിലൊരു ദൃഢീകരണം വരുത്തുക വഴി സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള സങ്കേതമാണ് അവര്‍ വികസിപ്പിക്കുന്നത്.
ഡോ. സെര്‍ഫിന്റെ അഭിപ്രായത്തില്‍, 'എന്തുകൊണ്ട് മനുഷ്യന്‍ സ്വപ്‌നം കാണുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല'. ഉത്തരം പറയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ചോദ്യം, എപ്പോഴാണ് നമ്മള്‍ സ്വപ്‌നം രൂപപ്പെടുത്തുന്നത് എന്നതാണ്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ്, സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള ശ്രമത്തിലൂടെ ഗവേഷകര്‍ ചെയ്യുന്നത്.
ചില വിചാരങ്ങള്‍ മനസിലുണരുമ്പോള്‍, മസ്തിഷ്‌ക്കത്തിലെ ചില പ്രത്യേക സിരാകോശങ്ങള്‍ (ന്യൂറോണുകള്‍) ഉത്തേജിക്കപ്പെടും. ഉദാഹരണത്തിന്, വോളണ്ടിയര്‍മാര്‍ മാര്‍ലിന്‍ മണ്‍ട്രോയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചില പ്രത്യേക സിരാകോശങ്ങള്‍ ഉണരുന്നത് ഡോ.സെര്‍ഫ് മനസിലാക്കി. പലതരം ദൃശ്യങ്ങള്‍ വോളണ്ടിയര്‍മാരെ കാണിച്ച് അവ മൂലം ഉത്തേജിക്കപ്പെടുന്ന ന്യൂറോണുകളേതെന്ന് മനസിലാക്കാന്‍ ഡോ.സെര്‍ഫിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ബില്‍ ക്ലിന്റണ്‍, ഹിലാരി ക്ലിന്റണ്‍ തുടങ്ങിയവരുടെയും ഒട്ടേറെ പ്രശസ്തരുടെയും, ഈഫല്‍ ടവര്‍ പോലുള്ള നിര്‍മിതികളുടെയുമൊക്കെ ദൃശ്യങ്ങള്‍ ഏത് ന്യൂറോണുകള്‍ക്കാണ് പ്രതികരണമുണ്ടാക്കുകയെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ക്കായി.
ഇത്തരമൊരു ദൃശ്യവത്ക്കരണവും അതിനുണ്ടാകുന്ന സിരാകോശ പ്രതികരണവും ഒന്ന് തിരിച്ചിട്ടു നോക്കുക. ഉറങ്ങുന്ന വേളയില്‍ ഒരു പ്രത്യേക സിരാകോശം ഉത്തേജിതമാകുന്നുവെങ്കില്‍, ആള് മാര്‍ലിന്‍ മണ്‍ട്രോയെ സ്വപ്‌നം കാണുകയാണോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞേക്കും. മസ്തിഷ്‌ക്കപ്രവര്‍ത്തനം ഈ വിധത്തില്‍ റിക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണം രൂപപ്പെടുത്താന്‍ ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. പക്ഷേ, അത്തരമൊരെണ്ണം സാധ്യം തന്നെയാണെന്ന് ഡോ.സെര്‍ഫ് വിശ്വസിക്കുന്നു.
സ്വപ്നയന്ത്രം രൂപപ്പെടുത്താനുള്ള ശ്രമവുമായി മുന്നോട്ട് പോകാന്‍ തന്നെ ഉറച്ചിരിക്കുകയാണ് അദ്ദേഹം. ഗവേഷണത്തിന്റെ അടുത്ത പടി, ഉറക്കത്തില്‍ വോളണ്ടിയര്‍മാരുടെ മസ്തിഷ്‌ക്ക പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ്. നിലവില്‍, തങ്ങള്‍ രൂപീകരിച്ചിട്ടുള്ള ഡേറ്റാബേസുമായി ഒത്തുപോകുന്ന ദൃശ്യങ്ങള്‍ മാത്രമേ ഗവേഷകര്‍ക്ക് മനസിലാക്കാനാകൂ. എന്നാല്‍, ആ ഡേറ്റാബേസ് കൂടുതല്‍ വികസിപ്പിക്കാനാകും.
ഡോ.സെര്‍ഫും കൂട്ടരും വികസിപ്പിക്കുന്ന സങ്കേതത്തിന്റെ പ്രധാന പരിമിതി, ന്യൂറോണ്‍ പ്രതികരണങ്ങള്‍ മനസിലാക്കാന്‍ തലച്ചോറിനകത്ത് ഇലക്ട്രോഡുകള്‍ സ്ഥാപിക്കണം എന്നതാണ്. ചികിത്സയുടെ ഭാഗമായി അത്തരം ഇലക്ട്രോഡുകള്‍ തലച്ചോറില്‍ സ്ഥാപിച്ച രോഗികളുടെ മസ്തിഷ്‌ക്ക പ്രതികരണമാണ് 'നേച്ചറി'ലെ പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്.
സംവേദക സങ്കേതങ്ങള്‍ (sensor technology) വികസിപ്പിക്കുന്നത് ഇന്നത്തെ നിലയ്ക്ക് തുടര്‍ന്നാല്‍, തലച്ചോറിനകത്ത് ഇലക്ട്രോഡുകള്‍ സ്ഥാപിക്കാതെ തന്നെ മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്ന് ഡോ.സെര്‍ഫ് വാദിക്കുന്നു. മാത്രമല്ല, അത്തരം സങ്കേതം ഒട്ടേറെ പുതിയ സാധ്യതകള്‍ മുന്നോട്ടു വെയ്ക്കുകയും ചെയ്യും.
കമ്പ്യൂട്ടറുകളുടെയോ യന്ത്രങ്ങളുടെയോ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങളായി മനുഷ്യവിചാരങ്ങള്‍ പരിവര്‍ത്തനം ചെയ്യാനും, അതുവഴി മസ്തിഷ്‌ക്കപ്രവര്‍ത്തനം മാപ്പുചെയ്യാനും മുമ്പും ശ്രമം നടന്നിട്ടുണ്ട്. പക്ഷേ, അത്തരം ശ്രമങ്ങളെല്ലാം പ്രധാനമായും, ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കഭാഗങ്ങള്‍ ഉന്നംവെച്ചാണ് നടന്നത്.
എന്നാല്‍, ഡോ.സെര്‍ഫിന്റെ രീതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. അമൂര്‍ത്തമായ വിചാരങ്ങള്‍ നിയന്ത്രിക്കുന്ന, മസ്തിഷ്‌ക്കത്തിന്റെ കുറെക്കൂടി ഉന്നതമായ ഭാഗങ്ങളിലെ, പ്രതികരണങ്ങള്‍ ദൃശ്യവത്ക്കരിക്കാനുദ്ദേശിച്ചുള്ളതാണ് ആ ശ്രമം.
എന്നാല്‍, ഇത്തരം പരിമിതമായ ദൃശ്യവത്ക്കരണം അക്കാദമിക താത്പര്യങ്ങള്‍ തൃപ്തിപ്പെടുത്താനല്ലാതെ പ്രായോഗികാര്‍ഥത്തില്‍ സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നതിലേക്ക് നയിക്കില്ലെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സ്വപ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധനുമായ ഡോ.റോഡ്രിക്ക് വണെര്‍ വിശ്വസിക്കുന്നു. (അവലംബം: നേച്ചര്‍)
ആദ്യം വസൂരി വൈറസ്. 1970 കളുടെ ഒടുക്കമായിരുന്നു അത് പൂര്‍ണമായും ഇല്ലാതായത്. മൂന്ന് പതിറ്റാണ്ട് കഴിയുന്ന വേളയില്‍ രണ്ടാമതൊരു വൈറസിനെക്കൂടി ഭൂമുഖത്തു നിന്ന് ഉന്‍മൂലനം ചെയ്തതായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നു. ഇത്തവണ 'റിന്‍ഡര്‍പെസ്റ്റ്' (rinderpest) വൈറസാണ് ചരിത്രമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് കന്നുകാലികളെ ബാധിക്കുക വഴി ക്ഷാമത്തിനും പട്ടിണിമരണത്തിനും കളമൊരുക്കിയിരുന്ന രോഗാണുവാണ് റിന്‍ഡര്‍പെസ്റ്റ്.
'കന്നുകാലി പ്ലേഗ്' (cattle plague) എന്നതിന് ജര്‍മനിലുള്ള വിളിപ്പേരാണ് റിന്‍ഡര്‍പെസ്റ്റ്. അഞ്ചാംപനി (measles) വരുത്തുന്നവയുടെ കുടുംബക്കാരാണെങ്കിലും, ഈ വൈറസ് മനുഷ്യനെ ബാധിക്കാറില്ല. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക മുതലായ മേഖലകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മാംസത്തിനും പാലിനും ഉഴവിനും ഭാരംവലിക്കാനുമുപയോഗിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് വന്‍ഭീഷണിയായിരുന്നു ഈ വൈറസ്.
റിന്‍ഡര്‍പെസ്റ്റ് ബാധിക്കുന്ന മാടുകള്‍ക്കിടയിലെ മരണനിരക്ക് 80 ശതമാനത്തിലേറെയാണ്. വസൂരിബാധ മൂലമുള്ള മനുഷ്യരിലെ മരണനിരക്കിനെക്കാള്‍ കൂടുതല്‍. ഇത്തരമൊരു വൈറസിനെ ഉന്‍മൂലനം ചെയ്യാന്‍ കഴിഞ്ഞത്, 'മനുഷ്യസമൂഹത്തിനാകെ അഭിമാനിക്കാന്‍ പോന്ന കാര്യമാണെ'ന്ന് അമേരിക്കന്‍ കാര്‍ഷികവകുപ്പിലെ ഡോ.വില്ല്യം ആര്‍. വൈറ്റ് 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു. 'വളരെക്കാലമായി സങ്കല്‍പ്പിനാവാത്തത്ര ദുരിതത്തിന് കാരണമായിട്ടുണ്ട് റിന്‍ഡര്‍പെസ്റ്റ്'-അദ്ദേഹം ഓര്‍മിപ്പിച്ചു.
റിന്‍ഡര്‍പെസ്റ്റ് വൈറസ് ബാധ ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2001 ല്‍ കെനിയയില്‍ നിന്നാണ്. കാര്‍ഷികമേഖലയില്‍ ഈ രോഗബാധയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള നടപടികള്‍ അവസാനിപ്പിക്കുന്നതായി, കഴിഞ്ഞയാഴ്ച അവസാനം യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന (എഫ്.എ.ഒ) പ്രഖ്യാപിച്ചു.
വൈറസിനെ ലോകത്തു നിന്ന് ഉന്‍മൂലനം ചെയ്തിരിക്കുന്നു എന്ന പ്രഖ്യാപനം ഔദ്യോഗികമായി 2011 മെയ് മാസത്തില്‍ നടക്കും. റിന്‍ഡര്‍പെസ്റ്റിനെ ലക്ഷ്യംവെച്ച് 1929 ല്‍ രൂപീകൃതമായ 'വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത്' (O.I.E എന്ന ചുരക്കപ്പേരിലാണിത് അറിയപ്പെടുന്നത്. സംഘടനയുടെ ഫ്രഞ്ചുനാമത്തിന്റെ ഇനിഷ്യലുകളാണിത്) ആണ് പ്രഖ്യാനം നടത്തുക.
'വെറ്റിറിനറി സയന്‍സിനെ സംബന്ധിച്ചിടത്തോളം ഇതൊരു ശ്രദ്ധേയമായ നേട്ടമാണ്. ഒട്ടേറെ രാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവുമാണിത്'-എഫ്.എ.ഒ. അതിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വൈറസ് ബാധ ലോകത്തൊരിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, റിന്‍ഡര്‍പെസ്റ്റ് വൈറസ് ഇപ്പോഴുമുണ്ട്. ഭാവിഗവേഷണത്തിനായി വിവിധ രാജ്യങ്ങളിലെ പരീക്ഷണശാലകളിലാണ് അവയുടെ സാമ്പിളുകള്‍ സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍, ഏതൊക്കെ പരീക്ഷണശാലകളില്‍ എത്രത്തോളം സാമ്പിളുകള്‍ സൂക്ഷിക്കപ്പെടണം എന്നകാര്യം തീരുമാനിക്കേണ്ട സംഗതിയാണ്. ലാബുകളിലെ അപകടം വഴിയോ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായോ വൈറസ് ബാധ വീണ്ടുമുണ്ടാകാന്‍, ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന ജീവനുള്ള മാതൃകകള്‍ കാരണമാകാമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു.
1980 ല്‍ വസൂരി ഉന്‍മൂലനം ചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചെങ്കിലും, വസൂരി വൈറസുകള്‍ ഇപ്പോഴും രണ്ടിടത്ത് ജീവനോടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട് - അമേരിക്കയില്‍ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സി.ഡി.സി) അത്‌ലാന്റയിലെ ലാബിലും, റഷ്യയില്‍ മോസ്‌കോയ്ക്ക് സമീപം കോല്‍ട്‌സൊവോയിലെ 'സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വെക്ടറിലും'.
1993 ഡിസംബര്‍ 30 നകം രണ്ടിടത്തും സൂക്ഷിച്ചിട്ടുള്ള വസൂരി വൈറസുകളെ വകവരുത്താന്‍, 1986 ല്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്‌തെങ്കിലും അത് നടന്നില്ല. സമയം 1999 ജൂണ്‍ 30 വരെ പിന്നീട് നീട്ടി. അവശേഷിക്കുന്ന വസൂരി വൈറസിനെ നശിപ്പിക്കുന്ന കാര്യത്തില്‍ 2002 ല്‍ ലോകാരോഗ്യ സംഘടന നയം മാറ്റി. ഭാവി ഗവേഷണങ്ങള്‍ക്കായി അവയെ ജീവനോടെ സൂക്ഷിക്കാന്‍ തീരുമാനിച്ചു.
അല്‍പ്പം ചരിത്രം
ഏഷ്യയിലാണ് റിന്‍ഡര്‍പെസ്റ്റ് വൈറസിന്റെ ഉത്ഭവമെന്ന് കരുതുന്നു. പ്രാചീനകാലത്തെ കന്നുകാലി കച്ചവടം വഴി അത് മറ്റ് ഭൂഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഈജിപ്തില്‍ ഈ രോഗബാധ 5000 വര്‍ഷം മുമ്പുണ്ടായതിന് തെളിവ് ലഭിച്ചിട്ടുണ്ട്. 90 വര്‍ഷം മുമ്പ് ബ്രസീലില്‍ ചെറിയ തരത്തിലുണ്ടായ രോഗബാധ ഉണ്ടായതൊഴിച്ചാല്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലോ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലോ റിന്‍ഡര്‍പെസ്റ്റ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആഫ്രിക്കയില്‍ ഈ കാലിരോഗം എത്തുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുക്കമാണ്. വന്‍നാശമാണ് ആഫ്രിക്കയില്‍ റിന്‍ഡര്‍പെസ്റ്റ് വരുത്തിയിട്ടുള്ളത്. കാലിവളര്‍ത്തല്‍ മാത്രം ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ ജനവിഭാഗങ്ങളുള്ള നാടാണ് ആഫ്രിക്ക. കാലികള്‍ കൂട്ടത്തോടെ നശിക്കുകയെന്നാല്‍, കൊടിയ ക്ഷാമമാണ് ഫലം. എഫ്.എ.ഒ.യുടെ കണക്ക് പ്രകാരം, ക്ഷാമം മൂത്ത് എത്യോപ്യയില്‍ മൂന്നിലൊന്ന് ഭാഗം ജനങ്ങള്‍ ഒരിക്കല്‍ മരിക്കാനിടയായത് റിന്‍ഡര്‍പെസ്റ്റ് ബാധയെത്തുടര്‍ന്നാണ്! നൈജീരിയയില്‍ 1980 കളില്‍ 200 കോടി ഡോളറിന്റെ നാശമാണ് ഈ വൈറസ് വരുത്തിയത്. വടക്കന്‍ പാകിസ്താനില്‍ 1994 ല്‍ അരലക്ഷം മാടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.
ആഫ്രിക്കയില്‍, ഇപ്പോള്‍ എത്യോപ്യ എന്നറിയപ്പെടുന്ന അബിസിനിയയിലാണ് വെറസ് ആദ്യം എത്തിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അബിസിനിയയെ അധീനതയിലാക്കാന്‍ ഇറ്റലി നടത്തിയ ശ്രമത്തിന്റെ ഭാഗമായി, ഇന്ത്യയില്‍ നിന്നുള്ള കന്നുകാലി ഇറക്കുമതിയിലൂടെയാണ് രോഗമെത്തിയതെന്ന് കരുതുന്നു. എന്നാല്‍, ഒരു തരം ജൈവയുദ്ധത്തിന്റെ മാതൃകയില്‍ മനപ്പൂര്‍വം ആ രോഗം ആഫ്രിക്കയിലെത്തിച്ചതാണെന്ന് കരുതുന്ന വിദഗ്ധരും ഉണ്ട്.
രോഗബാധ ശ്രദ്ധയില്‍ പെട്ടാല്‍ മാടുകളെ കൂട്ടത്തോടെ നശിപ്പിച്ചും, മാറ്റിപ്പാര്‍പ്പിച്ചും, ചില പ്രതിരോധ മരുന്നുകളുപയോഗിച്ചുമൊക്കെ കര്‍ഷകരും മൃഗഡോക്ടര്‍മാരും റിന്‍ഡര്‍പെസ്റ്റിനെ ചെറുക്കാന്‍ കാലങ്ങളായി ശ്രമിച്ചു. വാള്‍ട്ടര്‍ പ്ലോറൈറ്റ് എന്ന ബ്രിട്ടീഷ് ഗവേഷകനാണ് 1950-കളില്‍ അദ്ദേഹം ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് റിന്‍ഡര്‍പെസ്റ്റിനെതിരെ ഫലപ്രദമായ വാക്‌സിന്‍ രൂപപ്പെടുത്തുന്നത്.
രോഗം ഉന്‍മൂലനം ചെയ്യാനുള്ള ആഗോള ശ്രമം ഔദ്യോഗികമായി ആരംഭിക്കുന്നത് 1994 ല്‍. വാക്‌സിനേഷനും ജാഗ്രതയും തന്നെയായിരുന്നു അതിനുള്ള ആയുധങ്ങള്‍. ആ ശ്രമം ഫലവത്തായി എന്നതിന് തെളിവാണ്, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ലോകത്തൊരിടത്തും റിന്‍ഡര്‍പെസ്റ്റ് ബാധ ഉണ്ടായിട്ടില്ല എന്ന ശുഭവാര്‍ത്ത.
അങ്ങനെയെങ്കില്‍, രോഗം ഉന്‍മൂലനം ചെയ്ത കാര്യം പ്രഖ്യാപിക്കാന്‍ ഇത്ര വൈകിയതെന്ത് എന്ന് തോന്നാം. രോഗം ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കാന്‍ കുറച്ചു സമയമെടുക്കും. അതാണ്, പ്രഖ്യാപനം ഇതുവരെ വൈകാന്‍ കാരണം.
ലോകത്ത് ഏറ്റവുമൊടുവില്‍ സ്വാഭാവിക വസൂരി ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1977 ഒക്ടോബര്‍ 26 നാണ്. സൊമാലിയയിലെ മെര്‍ക്കയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അലി മൗ മാലിന്‍ എന്നയാള്‍ക്കായിരുന്നു രോഗബാധ. എന്നാല്‍, വസൂരി ഉന്‍മൂലനം ചെയ്തതായി പ്രഖ്യാപിക്കുന്നത് 1980 ലാണ്. രോഗം ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് ശാസ്ത്രലോകത്തിന് ഉറപ്പായത് അപ്പോഴാണ്. (അവലംബം: എഫ്.എ.ഒ., ന്യൂയോര്‍ക്ക് ടൈംസ്).
കാണുക
എക്‌സ്‌റേ യന്ത്രങ്ങള്‍ക്കു പകരം, കൊണ്ടുനടക്കാവുന്ന ഫൈബര്‍-ഓപ്ടിക്‌സ് ഉപകരണങ്ങള്‍ രോഗനിര്‍ണയത്തിന് ഉപയോഗിക്കാവുന്ന കാലം വരുന്നു. അവയില്‍ നിന്നുള്ള ലേസറുകളുടെ സഹായത്തോടെ ചെലവു കുറഞ്ഞ രീതിയില്‍ രോഗനിര്‍ണയം സാധ്യമാകും. അര്‍ബുദം, അസ്ഥിക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ കൃത്യതയോടെ വേഗം തിരിച്ചറിയാന്‍ കഴിയും. മെഡിക്കല്‍രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ പോകുന്ന ഇത്തരം സങ്കേതം അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ഗവേഷകര്‍ പറയുന്നു. 82 വര്‍ഷം മുമ്പ് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍ കണ്ടെത്തിയ പ്രതിഭാസത്തിന്റെ സഹായത്തോടെയാണ് പുതിയ സങ്കേതം രംഗത്തെത്തുന്നത്.
'രാമന്‍ പ്രഭാവം' എന്ന പ്രതിഭാസത്തിന്റെ പിന്തുണയോടെയുള്ള 'രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി' (Raman spectroscopy) സങ്കേതമാണ് രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ പോകുന്നത്. ശരീരത്തിനുള്ളിലെ രോഗാവസ്ഥകള്‍ മനസിലാക്കാന്‍ ഭാവിയില്‍ എക്‌സ്‌റേ വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, എക്‌സ്‌റേ കൊണ്ട് കഴിയാത്ത കാര്യങ്ങളും 'രാമന്‍' സങ്കേതം സാധ്യമാക്കും. സ്തനാര്‍ബുദം, ദന്തക്ഷയം, അസ്ഥിക്ഷയം തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ ഈ സങ്കേതം സഹായിക്കും. വേദനയുളവാക്കാത്ത ഇത്തരം ലേസര്‍ ഉപകരണങ്ങളായിരിക്കും ഭാവിയില്‍ ഡോക്ടര്‍മാരുടെ മുഖ്യ സഹായി.
തന്മാത്രകളില്‍ തട്ടി ചിതറിത്തെറിക്കുന്ന പ്രകാശത്തിന്റെ (ലേസറിന്റെ) തീവ്രതയും തരംഗദൈര്‍ഘ്യവും തിരിച്ചറിഞ്ഞ്, തന്മാത്രകളുടെ പ്രത്യേകത മനസിലാക്കുകയാണ് രാമന്‍ സ്‌പെക്ട്രോസ്‌കോപ്പിയില്‍ ചെയ്യുന്നത്. രാസവ്യവസായരംഗത്തും ഔഷധനിര്‍മാണ മേഖലയിലും ഇപ്പോള്‍ തന്നെ രാമന്‍ സങ്കേതം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മനുഷ്യശരീരത്തിലെ അസ്ഥികളെക്കുറിച്ച് പഠിക്കാന്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചത്, അമേരിക്കയില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഡോ. മൈക്കല്‍ മൊറീസ് ആണ്. രണ്ടുവര്‍ഷമായി അദ്ദേഹം ഈ സങ്കേതം ഉപയോഗിച്ച് പഠനം നടത്തുന്നു.
ഇതുവരെ മൃതശരീരങ്ങളിലാണ് ഡോ.മൊറീസ് പഠനം നടത്തിയത്. എന്നാല്‍, ജീവനുള്ള ശരീരങ്ങളിലും രാമന്‍ സങ്കേതം ഫലപ്രദമാകുമെന്ന് അദ്ദേഹം കരുതുന്നു. ''സെക്കന്‍ഡുകളേ വേണ്ടൂ പരിശോധനാഫലം ലഭിക്കാന്‍'. നിലവിലുള്ള പല രോഗനിര്‍ണയ സങ്കേതങ്ങളെയും ഒഴിവാക്കാന്‍ രാമന്‍ സങ്കേതം സഹായിക്കും. ഏറ്റവും വലിയ മെച്ചം എന്താണെന്നു ചോദിച്ചാല്‍, മുറിവുണ്ടാക്കാതെ സാധാരണയിലും വളരെ വേഗത്തില്‍, കൃത്യതയോടെ രോഗനിര്‍ണയം സാധ്യമാകും എന്നതാണെന്ന് അദ്ദേഹം പറഞ്ഞതായി ബി.ബി.സി.ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
രോഗിയായിരിക്കുമ്പോള്‍, അല്ലെങ്കില്‍ രോഗം ആരംഭിക്കുന്ന വേളയില്‍, ഒരാളുടെ ശരീരത്തിലെ കോശകലകളുടെ രാസപരമായ പ്രത്യേകതകള്‍ ആരോഗ്യമുള്ള സമയത്തെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും. പരിശോധിക്കപ്പെടുന്ന കോശകലകളുടെ പ്രത്യേകതയനുസരിച്ച് 'രാമന്‍ വര്‍ണ്ണരാജി' (രാമന്‍ സ്‌പെക്ട്രം)യും വ്യത്യാസപ്പെട്ടിരിക്കും-ഡോ.മൊറീസ് അറിയിക്കുന്നു. ''തന്മാത്രാതലത്തിലുള്ള ഒരു 'കൈമുദ്ര'യാണ് രാമന്‍ സങ്കേതം നല്‍കുക'. അത് മിനിറ്റുകള്‍ കൊണ്ട് പരിശോധിച്ച് രോഗാവസ്ഥ മനസിലാക്കാനാകും.
രക്തപരിശോധന വേണ്ട ചില സാഹചര്യങ്ങള്‍ പോലും രാമന്‍ സങ്കേതമുപയോഗിക്കുന്ന ലേസര്‍ കൊണ്ട് ഒഴിവാക്കാനായേക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന് കൊളസ്റ്ററോള്‍ പരിശോധിക്കാന്‍, കൈയില്‍ ത്വക്കിനടുത്ത് രക്തക്കുഴല്‍ വരുന്ന ഒരു സ്ഥലത്ത് ലേസര്‍ പ്രയോഗിച്ചാല്‍ മതിയാകും-ഡോ. മൊറീസ് പറയുന്നു. മമോഗ്രാഫിക്ക് പകരം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പുതിയ സങ്കേതം സഹായിക്കുമെന്നും ഗവേഷകര്‍ കരുതുന്നു. ചെറിയ ഡോസിലുള്ള എക്‌സ്‌റേ ഉപയോഗിച്ചാണ് മമോഗ്രാഫി നടത്തുന്നത്. ബ്രിട്ടനില്‍ ഡിഡ്‌കോട്ടിലെ റൂഥര്‍ഫോര്‍ഡ് അപ്ലെറ്റണ്‍ ലബോറട്ടറിയിലെയും ഗ്ലൂസെസ്റ്റര്‍ഷൈര്‍ റോയല്‍ ഹോസ്പിറ്റലിലെയും ഗവേഷകര്‍, സ്തനാര്‍ബുദ സൂചനകള്‍ മനസിലാക്കാന്‍ ഇപ്പോള്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിക്കുന്നുണ്ട്. (കടപ്പാട് : ബി.ബി.സി.ന്യൂസ്)
നിക്കോലേയ് വാവിലോവിന്റെ കഥ

ലോകത്തിന്റെ ക്ഷാമം തീര്‍ക്കാന്‍ വിത്തുകളുടെ ഉത്ഭവസ്ഥാനങ്ങള്‍ തേടി അഞ്ചു ഭൂഖണ്ഡങ്ങള്‍ താണ്ടിയ സോവിയറ്റ് ശാസ്ത്രജ്ഞനാണ് നിക്കോലേയ് വാവിലോവ്. കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായ ജനിതകവൈവിധ്യത്തില്‍ നിന്നു വേണം ഭക്ഷ്യക്ഷാമത്തിനുള്ള മറുമരുന്ന് കണ്ടെത്താനെന്ന് ഉറച്ചു വിശ്വസിച്ച പ്രതിഭാശാലി. ശാസ്ത്രത്തിന്റെ ശരിയായ പാതയില്‍ സഞ്ചരിക്കുകയും വ്യാജശാസ്ത്രത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്തതിന് സ്റ്റാലിന്‍ ഭരണകൂടം വധശിക്ഷക്കു വിധിച്ച് പട്ടിണിക്കിട്ടു കൊന്ന മഹാശാസ്ത്രജ്ഞന്‍. ലോകത്തിന്റെ ക്ഷാമം മാറ്റാന്‍ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദഹം തടവറയില്‍ വിശന്നു മരിച്ചു. വിത്തുകളുടെയും വിളകളുടെയും വൈവിധ്യം കാത്തുസൂക്ഷിക്കേണ്ടത്, ഭാവി തലമുറകളെ സംബന്ധിച്ച് എത്ര പ്രധാനപ്പെട്ടതാണെന്ന കാര്യം ഒരു പ്രവാചകനെപ്പോലെ വാവിലോവ് ചൂണ്ടിക്കാട്ടുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. പുതിയ നൂറ്റാണ്ടില്‍ ലോകം മറ്റൊരു ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കിടുന്ന അവസരത്തില്‍ വാവിലോവിന്റെ പ്രസക്തി ഏറുകയാണ്. ആന്താരാഷ്ട്ര ജൈവവൈവിധ്യവര്‍ഷമായി യു.എന്‍.പ്രഖ്യാപിച്ചിട്ടുള്ള 2010 ല്‍ വാവിലോവിനെ അനുസ്മരിക്കുന്നത് തീര്‍ച്ചയായും നമുക്ക് കൂടുതല്‍ ദിശാബോധം നല്‍കും. Post # 500
രക്തസാക്ഷികള്‍ നമുക്കെന്നും ആവേശമാണ്. രക്തസാക്ഷിത്വം ശാസ്ത്രത്തിന്റെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും. ശാസ്ത്രത്തിന് വേണ്ടി ത്യാഗമനുഷ്ഠിച്ചവരുടെയും അവഗണിക്കപ്പെട്ടവരുടെയും കഥ കേള്‍ക്കാന്‍, അതില്‍നിന്ന് പാഠങ്ങളുള്‍ക്കൊള്ളാന്‍ നമ്മള്‍ എപ്പോഴും താത്പര്യം കാട്ടുന്നു. ആധുനികശാസ്ത്രത്തിന് അടിത്തറ പാകിയ ഗലീലിയോ ഗലീലിയെ കത്തോലിക്കസഭ മതദ്രോഹവിചാരണ നടത്തി തടവറയിലടച്ച ചരിത്രം ലോകം ഇന്നും ചര്‍ച്ചചെയ്യുന്നത് അതുകൊണ്ടാണ്. കാര്യമായ ശാസ്ത്രസംഭാവനകള്‍ നല്‍കിയിട്ടില്ലെങ്കില്‍ കൂടി, സൂര്യകേന്ദ്രിതസിദ്ധാന്തം പ്രചരിപ്പിച്ചതിന്റെ പേരില്‍ 17-ാം നൂറ്റാണ്ടില്‍ കത്തോലിക്കസഭ ചുട്ടുകൊന്ന ഗിയോര്‍ഡാനോ ബ്രൂണോയെ ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ രക്തസാക്ഷികളിലൊരാളായി പലരും വിശേഷിപ്പിക്കുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍, അമേരിക്കന്‍ വ്യവസ്ഥാപിത ശാസ്ത്രമേഖലയോട് ഏറ്റുമുട്ടേണ്ടി വന്നിട്ടും തന്റെ ഗവേഷണവുമായി മുന്നോട്ടു പോവുകയും, ആഗോളതാപനം സംബന്ധിച്ച് ഏറ്റവും നിര്‍ണായക തെളിവ് ഹാജരാക്കുകയും ചെയ്ത ചാള്‍സ് കീലിങും, ജീവന്റെ തന്മാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യുടെ ഘടന ('ഡബിള്‍ ഹിലിക്‌സ്') കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും അവഗണിക്കപ്പെട്ട റോസ്‌ലിന്‍ഡ് ഫ്രാങ്ക്‌ലിനും, താന്‍കൂടി നടത്തിയ കണ്ടെത്തലുകളുടെ പേരില്‍ പലതവണ നോബല്‍ സമ്മാനം നല്‍കപ്പെട്ടിട്ടും തുടര്‍ച്ചയായി അവഗണനയേല്‍ക്കേണ്ടി വരുന്ന മലയാളിയായ ഇ.സി.ജി.സുദര്‍ശനുമൊക്കെ മറ്റൊരര്‍ഥത്തില്‍ ഈ പട്ടികയില്‍ ഇടംനേടിയവരാണ്.
അതേസമയം, ഇതിലൊന്നും സാധാരണഗതിയില്‍ ഉള്‍പ്പെടാതെ പോകുന്ന ഒരു പേരുണ്ട്-നിക്കോലേയ് ഇവാനോവിച്ച് വാവിലോവ്. ഇരുപതാം നൂറ്റാണ്ട് കണ്ടെ ഏറ്റവും സമുന്നതനായ കാര്‍ഷിക ജനിതകശാസ്ത്രജ്ഞന്‍! രണ്ടാം ഡാര്‍വീനിയന്‍ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നവഡാര്‍വിനിസ'ത്തിന്റെ പ്രയോക്താക്കളില്‍ പ്രമുഖന്‍. കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവകേന്ദ്രങ്ങള്‍ തേടി ഭൂഖണ്ഡങ്ങള്‍ താണ്ടിയ മഹാശാസ്ത്രജ്ഞന്‍. വിത്തുകളുടെ വൈവിധ്യം കാത്തുസൂക്ഷിക്കുകയും പഠിക്കുകയും ചെയ്യുക വഴി ക്ഷാമങ്ങള്‍ അകറ്റാമെന്ന് വിശ്വസിച്ചയാള്‍. അതിനായി ലോകത്തെ ആദ്യ വിത്തുബാങ്കിന് രൂപംനല്‍കിയ വ്യക്തി. യഥാര്‍ഥ ശാസ്ത്രത്തിനായി നിലകൊണ്ടതിന്റെ പേരില്‍, ജോസഫ് സ്റ്റാലിന്റെ ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുകയും പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്ത സോവിയറ്റ് ശാസ്ത്രജ്ഞരില്‍ ഏറ്റവും പ്രമുഖന്‍. ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ജീവിതകാലം മുഴുവന്‍ ദൂരങ്ങള്‍ താണ്ടിയ വാവിലോവ്, ഒടുവില്‍ തടവറയിലെ ഏകാന്തതയില്‍ വിശന്നു മരിച്ച ചരിത്രം പക്ഷേ, അധികമാര്‍ക്കും അറിയില്ല. ഈ ശാസ്ത്രജ്ഞന്‍ തന്റെ സമര്‍പ്പിത ജീവിതംകൊണ്ട് സൃഷ്ടിച്ച അടിത്തയ്ക്കു മേലാണ്, ലോകത്തിന്റെ വിളവിജ്ഞാനം ഇന്ന് നിലകൊള്ളുന്നതെന്നും അറിയാവുന്നവര്‍ ഏറെയില്ല. ഗലീലിയോയെയും ബ്രൂണയേയും നാഴികയ്ക്ക് നാല്പതുവട്ടം ഉരുവിട്ടു ശീലിച്ച നമ്മള്‍, വാവിലോവിനെ അറിഞ്ഞില്ല. സോവിയറ്റ് യൂണിയന്റെ കാലത്ത് മാക്‌സിം ഗോര്‍ക്കിയും മിഖായേല്‍ ഷോളോഖോവുമൊക്കെ യഥേഷ്ടം ശ്ലാഹിക്കപ്പെട്ടപ്പോള്‍, ഫയദോര്‍ ഡോസ്‌റ്റോയെവ്‌സ്‌കിയെപ്പോലുള്ള അപൂര്‍വ പ്രതിഭാധനന്‍മാര്‍ അവഗണിക്കപ്പെട്ടതുപോലെ!
സസ്യശാസ്ത്രം, കാര്‍ഷികശാസ്ത്രം, ജനിതകശാസ്ത്രം, സസ്യഭൂമിശാസ്ത്രം എന്നിവയുടെ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്ന ഒട്ടേറെ സുപ്രധാന സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ച ഗവേഷകനാണ് വാവിലോവ്. അതുവഴി കാര്‍ഷിക ജനിതകശാസ്ത്രത്തിന്റെ അടിത്തറയ്ക്ക് അദ്ദേഹം രൂപംനല്‍കി. ജീവപരിണാമത്തിന്റെ അടിസ്ഥാനം പ്രകൃതിനിര്‍ധാരണമാണെന്ന സിദ്ധാന്തം ചാള്‍സ് ഡാര്‍വിന്‍ 1859 ല്‍ അവതരിപ്പിച്ചെങ്കിലും, അരനൂറ്റാണ്ടിന് ശേഷം ജനിതകശാസ്ത്രത്തിന്റെ കടന്നുവരവോടെയാണ് പരിണാമസിദ്ധാന്തത്തിന് പുതുജീവന്‍ ലഭിക്കുന്നത്. ഡാര്‍വിന് ശേഷം ഡാര്‍വിനിസം യഥാര്‍ഥത്തില്‍ കരുത്താര്‍ജിച്ചത് ജനിതശാസ്ത്രത്തിന്റെ പിന്തുണയോടെയായിരുന്നു. പ്രകൃതിനിര്‍ധാരണം ആവശ്യപ്പെടുന്ന തരത്തില്‍ ജനിതകശാസ്ത്രവും പരിണാമവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഗ്രിഗര്‍ മെന്‍ഡലിന്റെ തത്വങ്ങള്‍ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പുതിയൊരു വിജ്ഞാനവിപ്ലവത്തിന് അത് തിരികൊളുത്തി. 'നവഡാര്‍വിനിസം' (neo-Darwinian synthesis) അഥവാ രണ്ടാം ഡാര്‍വീനിയന്‍ വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖരിലൊരാളാണ് സോവിയറ്റ് ശാസ്ത്രജ്ഞനായ വാവിലോവെന്ന് ഇന്ത്യന്‍ ഗവേഷകനായ വിദ്യാനന്ദ് നഞ്ചുന്‍ഡിയ പറയുന്നു (കറണ്ട് സയന്‍സ്, VOL. 63, 10&25 നവംബര്‍ 1992). പ്രകൃതിയില്‍ കാണപ്പെടുന്ന ജനിതകവകഭേദങ്ങള്‍ സംബന്ധിച്ച പഠനത്തിലൂടെയാണ് ഡാര്‍വീനിയന്‍ സിദ്ധാന്തത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് വാവിലോവ് ശക്തിപകര്‍ന്നത്.
വാവിലോവിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം എന്ന് വിലയിരുത്തപ്പെടുന്നത് 'വിളകളുടെ ഉത്ഭവകേന്ദ്രങ്ങള്‍' സംബന്ധിച്ച സിദ്ധാന്തമാണ്. ഭൂമുഖത്തെ അഞ്ച് പ്രാചീന പര്‍വതമേഖലകളില്‍ തദ്ദേശ സസ്യയിനങ്ങളില്‍ നിന്ന് മനുഷ്യന്‍ ചെടികളെ മെരുക്കി പുതിയ വിളകളാക്കിയെന്ന് വാവിലോവ് 1926 ല്‍ ('The Centres or Origin of Cultivated Plants') അഭിപ്രായപ്പെട്ടു. ആ സിദ്ധാന്തം പിന്നീട് രണ്ടു ഘട്ടങ്ങളിലായി പരിഷ്‌ക്കരിച്ച്, ഭൂമുഖത്തെ എട്ട് വൈവിധ്യകേന്ദ്രങ്ങളാണ് കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവസ്ഥാനങ്ങളെന്ന നിഗമനത്തില്‍ അദ്ദേഹമെത്തി. ലോകമെങ്ങും വിത്തുകളുടെ ഉത്ഭവസ്ഥാനങ്ങള്‍ തേടി നടത്തിയ ഐതിഹാസികമായ പര്യടനങ്ങളില്‍ നിന്നാണ് ഇത്തരമൊരു ഉള്‍ക്കാഴ്ച വാവിലോവ് നേടിയത്. പല സ്ഥലത്തും സ്വതന്ത്രമായ നിലയ്ക്ക് കൃഷി ആരംഭിക്കുകയാണുണ്ടായതെന്ന് തന്റെ പഠനങ്ങളിലൂടെ വാവിലോവിന് ബോധ്യമായി. ഓരോ വിളകള്‍ക്കും വിത്തിനും പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരികവും ജൈവികവുമായ ചരിത്രമുണ്ട്. അതിനാല്‍ ഓരോ വിത്തിനങ്ങളും അമൂല്യമാണ്. അത്തരം ഒട്ടേറെ വിത്തുകളും വിളകളും ഭീഷണിയിലാണെന്നും, കാര്‍ഷികമേഖലയില്‍ സംഭവിക്കുന്ന 'ജനിതകചോര്‍ച്ച' (genetic erosion) ചെറുക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ അവയില്‍ പലതും അപ്രത്യക്ഷമാകുമെന്നും വാവിലോവ് മനസിലാക്കി. (നിലവിലുള്ള വിത്തിനങ്ങള്‍ നഷ്ടപ്പെടുന്നതല്ലാതെ, പുതിയ ഒരു വിത്തോ വിളയോ സൃഷ്ടിക്കാന്‍ ആധുനിക മനുഷ്യന് കഴിഞ്ഞിട്ടില്ലെന്ന കാര്യം ഓര്‍ക്കുക). വംശനാശത്തിന്റെ പുതിയ കാലത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങും മുമ്പു തന്നെ പ്രവാചകനെപ്പോലെ അദ്ദേഹം ഇക്കാര്യം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവം തേടുന്നതിനൊപ്പം, അവയുടെ വന്യബന്ധുക്കളെക്കുറിച്ച് പഠിക്കുകയെന്നതും വാവിലോവിന്റെ താത്പര്യമായിരുന്നു. ജനിതകശാസ്ത്രത്തിന്റെ സഹായത്തോടെ ലോകത്തെവിടെയും, തണുപ്പിലും ചൂടിലും ചതുപ്പിലും വരണ്ട പ്രദേശത്തുമൊക്കെ വിളയുന്ന വിത്തുകള്‍ വികസിപ്പിക്കാന്‍ അത് സാഹായിക്കുമെന്ന് അദ്ദേഹം വാദിച്ചു, അതുവഴി ലോകത്തെ ക്ഷാമങ്ങളും പട്ടിണിയും മാറ്റാമെന്നും. 'മാനവരാശിക്ക് മുഴുവനും വേണ്ടിയുള്ള ദൗത്യം' എന്നാണ് അതിനെ വാവിലോവ് വിശേഷിപ്പിച്ചത് (ആനന്ദ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 സപ്തംബര്‍ 13-19).
ബാല്യം, വിദ്യാഭ്യാസം
മോസ്‌കോയ്ക്ക് 130 കിലോമീറ്റര്‍ വടക്കുള്ള ഇവാന്‍കോവോയില്‍ നിന്നാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ വാവിലോവ് കുടുംബം മോസ്‌കോയിലേക്ക് കുടിയേറിയത്. പട്ടിണിയും വറുതിയും നേരിട്ട തന്റെ പൂര്‍വികരെ അപേക്ഷിച്ച് നല്ല നിലയ്‌ക്കെത്താന്‍ ഇവാന്‍ വാവിലോവിനെ സഹായിച്ചത്, മോസ്‌കോയില്‍ ബിസിനസ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടാണ്. എന്നാല്‍, റഷ്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമായിരുന്നില്ല അത്. ഒരു വശത്ത് തുടരെ പ്രത്യക്ഷപ്പെടുന്ന ക്ഷാമങ്ങളും പട്ടിണിയും. മറുവശത്ത് സര്‍ ഭരണകൂടത്തിന്റെ ധൂര്‍ത്തും ധാരാളിത്തവും. റിയാസാന്‍ പ്രവിശ്യയിലെ ഗ്രാമാന്തരങ്ങളില്‍ പട്ടിണിയാല്‍ ഉഴറുന്നവരെ സഹായിക്കാന്‍ ലിയോ ടോള്‍സ്‌റ്റോയിയും മകളും ചേര്‍ന്ന സൂപ്പ് കിച്ചണുകള്‍ നടത്തിയിരുന്ന കാലം. റഷ്യന്‍ വിപ്ലവത്തിന്റെ വിത്തുകള്‍ വീണു തുടങ്ങുന്ന ആ കലുഷിതകാലത്താണ്, ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക ശാസ്ത്രജ്ഞന്റെ ജനനം. ഇവാന്‍ വാവിലോവിന്റെയും അലക്‌സാന്‍ഡ്ര മിഖായേലോവ്‌നയുടെയും മകനായി 1887 സപ്തംബര്‍ 25 ന് മോസ്‌കോയില്‍ നിക്കോലേയ് ഇവാനോവിച്ച് വാവിലോവ് (എന്‍.ഐ.വാവിലോവ്) ജനിച്ചു. ഇവാനും അലക്‌സാന്‍ഡ്രയ്ക്കും പിറന്ന ഏഴു മക്കളില്‍ മൂന്നുപേരും ചെറുപ്പത്തിലേ മരിച്ചു. അവശേഷിച്ചത് വാവിലോവ് ഉള്‍പ്പടെ നാലുപേര്‍. കുടുംബം താരതമ്യേന സുരക്ഷിതമായ അവസ്ഥയിലായിരുന്നെങ്കിലും, ക്ഷാമത്തിന്റെ ക്രൂരതയ്ക്ക് തന്റെ പല ബന്ധുക്കളും ഇരയാകുന്നത് വാവിലോവ് ചെറുപ്പത്തിലേ കണ്ടു. വാവിലോവിന് വെറും നാലുവയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, വോള്‍ഗയില്‍ നിന്നാരംഭിച്ച് മധ്യ റഷ്യയിലാകമാനം പടര്‍ന്ന കൊടിയ ക്ഷാമം ഏതാണ്ട് രണ്ടുകോടിയോളം പേരുടെ നിലനില്‍പ്പ് അപകടത്തിലാക്കി. 1891-1892 കാലത്തെ ആ വറുതിയില്‍ നാലുലക്ഷം പേരാണ് മരിച്ചത്. ക്ഷാമത്തിനെതിരെ ശാസ്ത്രത്തിന്റെ മാര്‍ഗം തേടാനും ലോകത്തെ ആദ്യത്തെ വിത്തുബാങ്കിന് രൂപംനല്‍കാനും പില്‍ക്കാലത്ത് ഈ ബാല്യകാലാനുഭവങ്ങള്‍ വാവിലോവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
കാലം അത്ര നന്നല്ലെങ്കിലും ഇവാന് ഒരുകാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ മക്കള്‍ക്കെല്ലാം മുന്തിയ വിദ്യാഭ്യാസം ലഭിക്കണം. അത് അദ്ദേഹം നിര്‍വഹിച്ചു. തന്റെ പാത പിന്തുടര്‍ന്ന് മക്കളും ബിസിനസ് രംഗത്ത് വരണം എന്നായിരുന്നു ആ പിതാവിന്റെ ആഗ്രഹം. അതുപക്ഷേ, നടന്നില്ല. നാലുപേരും ശാസ്ത്രത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. ശാസ്ത്രത്തിന്റെ വ്യത്യസ്തമായ ശാഖകളില്‍ ഓരോരുത്തരും പ്രാഗത്ഭ്യം കാട്ടി. വാവിലോവിന്റെ സഹോദരിമാരില്‍ ഒരാളായ അലെക്‌സാന്‍ഡ്രിയ പേരെടുത്ത ഡോക്ടറായി, മറ്റൊരു സഹോദരി ലിഡിയ അറിയപ്പെടുന്ന ബാക്ടീരിയോളജിസ്റ്റും. ഏക സഹോദരന്‍ സെര്‍ജിയുടെ മേഖല ഭൗതികശാസ്ത്രമായിരുന്നു. വാവിലോവ് കാര്‍ഷികശാസ്ത്രവും ജനിതകശാസ്ത്രവും തിരഞ്ഞെടുത്തു. 1906 ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, മോസ്‌കോയിലെ 'പെട്രോവ്‌സ്‌കി അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലാ'ണ് വാവിലോവ് ചേര്‍ന്നത്. റഷ്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം ഒരേസമയം ആവേശജനകവും വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകള്‍. ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമായിരുന്നു റഷ്യ. എന്നാല്‍, ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലും. റഷ്യയില്‍ ഒരു ഹെക്ടറില്‍ നിന്നുള്ള ഗോതമ്പുത്പാദനം, അമേരിക്കയെ അപേക്ഷിച്ച് മൂന്നില്‍ രണ്ടും, ഫ്രാന്‍സിനെ അപേക്ഷിച്ച് പകുതിയില്‍ താഴെയും, ജര്‍മനിയിലേതിന്റെ മൂന്നിലൊന്നും മാത്രമായിരുന്നു. വാവിലോവ് പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ട് വിടുമ്പോഴേക്കും, രാജ്യത്തെ ധാന്യോത്പാദനം അഞ്ചു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് മോശമായ അവസ്ഥയിലെത്തി. മറ്റൊരു ക്ഷാമത്തിന്റെ അലയൊലികള്‍ അകലെ നിന്നെത്തുന്നത് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഒരു കാര്‍ഷികശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം എത്ര വലിയ വെല്ലുവിളിയാണ് അത്തരമൊരു കാലഘട്ടം സമ്മാനിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഒരിനം ഫംഗസ് രോഗത്തെ (yellow rust) ചെറുക്കാന്‍ ശേഷിയുള്ള സങ്കരയിനം ഗോതമ്പ് രൂപപ്പെടുത്തുന്നതില്‍ ശാസ്ത്രലോകം വിജയിക്കുന്നത് 1905 ലാണ്. ഗ്രിഗര്‍ മെന്‍ഡല്‍ കണ്ടെത്തിയ ജനിതകനിയമങ്ങളുടെ സഹായത്തോടെ, ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനും കേംബ്രിഡ്ജ് സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിലെ ഗവേഷകനുമായിരുന്ന റോളന്‍ഡ് ബിഫിന്‍ ആയിരുന്നു ആ മുന്നേറ്റത്തിന് പിന്നില്‍. കാര്‍ഷികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആവേശജനകമായിരുന്നു, വിളപരിഷ്‌ക്കരണ രംഗത്ത് നാഴികക്കല്ലായി മാറിയ ആ മുന്നേറ്റം. രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെയുള്ള വിളകളുടെ പ്രതിരോധശേഷിയായിരുന്നു പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ടില്‍ വര്‍ഷങ്ങളോളം വാവിലോവിന്റെ പഠനവിഷയം. മേല്‍പ്പറഞ്ഞ മുന്നേറ്റം വിദ്യാര്‍ഥിയായ വാവിലോവിനെ ആഴത്തില്‍ സ്വാധീനിച്ചു. 1908 ല്‍ ബാച്ചിലേഴ്‌സ് പ്രബന്ധം വാവിലോവ് സമര്‍പ്പിച്ചു. മോസ്‌കോയുടെ പരിസരപ്രദേശത്ത് ശീതകാല വിളകളെ ഒച്ചുകള്‍ ആക്രമിക്കുന്നതിനെക്കുറിച്ചും, വിളകള്‍ അത് ചെറുക്കുന്നതിനെക്കുറിച്ചുമുള്ള പഠനമാണ് അതിനായി നടത്തിയത്. തൊട്ടടുത്ത വര്‍ഷം വാവിലോവിന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു ('On Darwinism and Experimental Morphology' എന്നായിരുന്നു പ്രബന്ധത്തിന്റെ പേര്). തന്റെ ഗവേഷണജീവതത്തിനിടെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന 350 ഓളം പ്രബന്ധങ്ങളുടെയും ലേഖനങ്ങളുടെയും ഗ്രന്ഥങ്ങളുടെയും തുടക്കമായിരുന്നു അത്. ഒച്ചുകളെക്കുറിച്ചുള്ള പഠനത്തിനാണ് വാവിലോവിന് ആദ്യ അവാര്‍ഡ് കിട്ടുന്നത്. പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ടില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്ന 1911 ലായിരുന്നു അത്. അതിനടുത്ത വര്‍ഷം വാവിലോവ് വിവാഹിതനായി. കാര്‍ഷിക വിദ്യാര്‍ഥിയായ ഇകതെരീന ആയിരുന്നു വധു. വിദേശത്ത് പോയി പഠനം നടത്താന്‍, പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ടില്‍ അവരുടെ അധ്യാപകനും അഭ്യുദയകാംക്ഷിയുമായിരുന്ന ഡിയോനാസസ് ലിയോപോഡോവിച്ച് റുഡ്‌സിന്‍കാസ് ചെറുപ്പക്കാരായ ആ ദമ്പതിമാരെ പ്രേരിപ്പിച്ചു. 1913 ല്‍ ഇരുവരും ഇംഗ്ലണ്ടിലേക്ക് യാത്രയായി.
ജനിതകശാസ്ത്രത്തിന്റെ ലോകം
ജനിതകശാസ്ത്രം അക്കാലത്ത് അതിന്റെ ബാല്യത്തിലായിരുന്നു. 'ജനറ്റിക്‌സ്' (genetics) എന്ന പദം പോലും 1905 ല്‍ മാത്രമാണ് ശാസ്ത്രസരണിയിലേക്ക് എത്തിയത്. ഗ്രിഗര്‍ മെന്‍ഡലിനെ 'കണ്ടെത്തുക' വഴി ജനിതകശാസ്ത്രപഠനത്തിന് ശരിയായ ദിശാബോധം നല്‍കുകയും ജീന്‍സഞ്ചയം (gene pool) എന്ന സങ്കല്‍പ്പം അവതരിപ്പിക്കുകയും ചെയ്ത വില്യം ബാറ്റെസണ്‍ ആണ് ജനറ്റിക്‌സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം അക്കാലത്ത് കേംബ്രിഡ്ജിലെ മെര്‍ട്ടണ്‍ കോളേജില്‍ 'ജോണ്‍ ഇന്നെസ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ ഡീന്‍ ആയിരുന്നു. ബാറ്റെസണിന് കീഴില്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലും, റീഡിങ് യൂണിവേഴ്‌സിറ്റിയിലുമായാണ് വാവിലോവും ഇകതെരീനയും 1913-14 കാലത്ത് പരിശീലനം നേടിയത്. അക്കാദമിക് രംഗത്ത് ബാറ്റെസണ്‍ വാവിലോവിനെ ഏറെ സ്വാധീനിച്ചു. ആ ദമ്പതിമാരും ബാറ്റെസണും തമ്മില്‍ ദീര്‍ഘകാല സൗഹൃദം ഉടലെടുത്തു. ഇംഗ്ലണ്ടിലുള്ള സമയത്ത് ഇടവേളകളില്‍ ഫ്രാന്‍സും ജര്‍മനിയും സന്ദര്‍ശിക്കാനും ഇരുവരും സമയം കണ്ടെത്തി. അക്കാലത്ത് ലോകത്തെ ഏറ്റവും വലിയ വിത്തുകമ്പനികളിലൊന്ന് ഫ്രാന്‍സിലെ വില്‍മോറിന്‍-ആന്‍ഡ്രിയൂസ് ആയിരുന്നു. ഫ്രാന്‍സിലെ കൃഷിയിടങ്ങള്‍ക്കായി മുന്തിയ വിത്തിനങ്ങള്‍ തിരഞ്ഞുപിടിക്കുന്നതില്‍ രണ്ടു നൂറ്റാണ്ടിന്റെ പരിചയമുള്ള ആ വിത്തുകമ്പനി ഫ്രാന്‍സില്‍ വാവിലോവ് സന്ദര്‍ശിച്ചു. ബാറ്റെസണിന്റെ സഹചാരിയും പ്രശസ്ത പരിണാമ ജനിതകശാസ്ത്രജ്ഞനുമായ ഏണസ്റ്റ് ഹേക്കലിനെ സന്ദര്‍ശിക്കുകയാണ് ജര്‍മനിയില്‍ വാവിലോവും ഇകതെരീനയും ചെയ്തത്. 1914 ല്‍ ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇരുവരും റഷ്യയിലേക്ക് മടങ്ങി.
പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ടില്‍ വെച്ചു തന്നെ പരമ്പരാഗത കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നതിലും കര്‍ഷകരുമായി ആശയവിനിമയം നടത്തുന്നതിലും വിത്തുകള്‍ ശേഖരിക്കുന്നതിലും വാവിലോവ് ഉത്സുകനായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള മടക്കയാത്രയില്‍ വിവിധ സ്‌റ്റോപ്പുകളില്‍ നിന്നായി അസംഖ്യം സസ്യയിനങ്ങളും വിത്തുകളും വാവിലോവ് സമ്പാദിച്ചു. 20 വയസ്സ് തികയുംമുമ്പു തന്നെ ലോകത്തെ ഏറ്റവും വലിയ വിത്തുബാങ്കിനായുള്ള പ്രവര്‍ത്തനം അദ്ദേഹം ആരംഭിച്ചിരുന്നു എന്നുസാരം. ഏത് വിത്തിനങ്ങള്‍ക്കാണ് കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാന്‍ കൂടുതല്‍ ശേഷിയുള്ളതെന്നറിയാന്‍ വിത്തുകളും വിളകളും ശേഖരിച്ച് പഠിച്ചാലേ സാധിക്കൂ. ഈ ബോധ്യമായിരുന്നു വാവിലോവിനെ മുന്നോട്ടു നയിച്ചത്. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ഒരു വിളയുടെ കഴിവ് അറിയാന്‍ അതിന്റെ സ്വാഭാവിക പരിസ്ഥിതിയും അവിടുത്തെ കാലാവസ്ഥയും മനസിലാക്കേണ്ടതുണ്ട്. മാത്രമല്ല, ഇക്കാര്യത്തില്‍ പ്രാചീനകര്‍ഷകര്‍ എന്താണ് ചെയ്തിരുന്നതെന്ന് അറിയുകയും പ്രധാനമാണ്. ഇത്തരത്തില്‍ സമഗ്രമായ ഒരു വീക്ഷണമാണ് വാവിലോവ് വളര്‍ത്തിയെടുത്തത്. വിത്തുകളുടെ ഉത്ഭവവും അവയുടെ വ്യാപനവും മനസിലാക്കുകയെന്നത് കേവലം ചരിത്ര ജിജ്ഞാസയകറ്റാനുള്ള ഉപാധിയായിരുന്നില്ല വാവിലോവിനെന്നര്‍ഥം. പരിണാമശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിത്തുകളെ മനസിലാക്കാനും, അതുവഴി പ്രതിരോധശേഷിയുള്ളവയെ തിരിച്ചറിയാനുമുള്ള അങ്ങേയറ്റം ശാസ്ത്രീയമായ പദ്ധതിയായിരുന്നു അത്. ലോകമെങ്ങും വിത്തുകളെ അവയുടെ ഉത്ഭവകേന്ദ്രങ്ങളില്‍ തേടാനും, കാര്‍ഷികസസ്യങ്ങളുടെ വന്യബന്ധുക്കളെക്കുറിച്ച് പഠിക്കാനുമുള്ള ബൗദ്ധിക ലൈസന്‍സ് വാവിലോവിനു ലഭിച്ചത് ഈ വീക്ഷണം വഴിയാണ്. ക്ഷാമത്തിന് പരിഹാരം പ്രകൃതിയില്‍ തന്നെ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അതാണ്.
ജര്‍മന്‍, ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകള്‍ പഠിക്കാന്‍ കാര്‍ഷിക വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വാവിലോവ് ശ്രമിച്ചിരുന്നു. പ്രത്യേകം ഇംഗ്ലീഷ് ക്ലാസുകളിലും പങ്കെടുത്തു. അതിനാല്‍, ലണ്ടനിലെത്തുമ്പോള്‍ ആശയവിനിമയം പ്രശ്‌നമേ ആയില്ല. മരിക്കുന്ന സമയമായപ്പോഴേക്കും ഏതാണ്ട് 15 ഭാഷകള്‍ വാവിലോവിന് വശമായിരുന്നു. ലോകപര്യടനത്തിനിടെ ഓരോ വിദൂരദേശത്തെയും ഭാഷകളില്‍ തദ്ദേശീയ വിത്തിനങ്ങളും മറ്റും എന്തുപേരു ചൊല്ലിയാണ് വിളിക്കുന്നതെന്ന് അദ്ദേഹം മനസിലാക്കി രേഖപ്പെടുത്തി സൂക്ഷിച്ചു. ഭാഷയെന്നത് കേവലമൊരു ആശയവിനിമയ ഉപാധിയായി മാത്രമായിരുന്നില്ല വാവിലോവിന്. ഭാഷാവൈവിധ്യം ഏറെയുള്ളിടത്ത് വിളവൈവിധ്യവും കൂടുതലാണെന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉദാഹരണത്തിന് ഇറ്റലിയുടെ വടക്കന്‍ പ്രദേശത്തും മധ്യഭാഗത്തും കാണപ്പെടുന്ന 551 ഇനം വിളകള്‍ക്ക് കര്‍ഷകര്‍ 10672 പ്രാദേശികനാമങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, 578 വിളയിനങ്ങളുള്ള കൊറിയയില്‍, അവയ്ക്ക് 497 പ്രാദേശിക നാമങ്ങളേ കണ്ടെത്താനാകൂ. സവിശേഷതയുള്ള വിളകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തദ്ദേശിയ പേരുകള്‍ ഉണ്ടാകുന്നതെന്ന് വാവിലോവ് ഊഹിച്ചു. കൂടുതല്‍ തദ്ദേശിയ പേരുകള്‍ വിളകള്‍ക്കുണ്ടെന്നു പറഞ്ഞാല്‍ അതിനര്‍ഥം, അത്ര നിശിതമായ തിരഞ്ഞെടുപ്പ് അവിടെ കര്‍ഷകര്‍ കാലങ്ങളായി നടത്തിയിട്ടുണ്ട് എന്നാണ്. ഇത്തരം വിഷയങ്ങള്‍ ഭാഷാ നരവംശശാസ്ത്രജ്ഞരുടെയും വംശീയജീവശാസ്ത്രജ്ഞരുടെയും (ethnobiologists) സജീവശ്രദ്ധയാകര്‍ഷിക്കുന്നതിനും എഴുപത് വര്‍ഷം മുമ്പായിരുന്നു ഈ മേഖലയില്‍ വാവിലോവിന്റെ അന്വേഷണങ്ങളെന്നോര്‍ക്കുക. പര്യടനവേളകളില്‍ ദിവസവും എത്ര വൈകിയാലും അന്നന്നത്തെ അന്വേഷണങ്ങളും കണ്ടെത്തലുകളും സൂക്ഷ്മവിശദാംശങ്ങളോടെ എഴുതി സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പുതിയ വിത്തിനങ്ങളോ വിത്തുകളുടെ വകഭേദങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍, അതിന്റെ സവിശേഷതകളും പ്രാദേശികനാമവും ഉള്‍പ്പടെ എല്ലാ വിവരങ്ങളും നോട്ടുബുക്കില്‍ എഴുതി സൂക്ഷിക്കും. രാത്രി വൈകും വരെ ക്ഷമയോടെ കുറിപ്പുകള്‍ തയ്യാറാക്കിയിരുന്ന വാവിലോവിന്റെ ചിത്രം സഹപ്രവര്‍ത്തകരുടെ മനസില്‍ മായാതെ കിടന്നു. പരമാവധി മൂന്നര മണിക്കൂറാണ് ദിവസവും അദ്ദേഹം ഉറങ്ങിയിരുന്നത്!
'ഇന്ത്യാനാ ജോണ്‍സ്'
കാര്‍ഷികസസ്യങ്ങളുടെ പ്രാചീന ഉത്ഭവകേന്ദ്രങ്ങള്‍ തേടി അഞ്ചു ഭൂഖണ്ഡങ്ങളില്‍ 64 രാജ്യങ്ങളിലായി 115 പഠനപര്യവേക്ഷണങ്ങള്‍ വാവിലോവ് സംഘടിപ്പിച്ചു. അവയില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് നടന്നത്. കുറെ പര്യടനങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സഹപ്രവര്‍ത്തകര്‍ നടത്തി. പ്രാചീന സംസ്‌കാരങ്ങള്‍ കരുത്താര്‍ജിച്ചത് നദീതടങ്ങളിലാണ്. എന്നാല്‍, മനുഷ്യന്‍ കാര്‍ഷികസസ്യങ്ങളെ മെരുക്കി വളര്‍ത്തിയിട്ടുണ്ടാവുക അത്തരം നദീതടങ്ങളിലാവില്ല എന്നായിരുന്നു വാവിലോവിന്റെ നിഗമനം. കാലാവസ്ഥാ വൈവിധ്യവും ദുര്‍ഘട ഭൂപ്രകൃതിയുമുള്ള പര്‍വതമേഖലകളിലെ പ്രാചീന കൃഷിയിടങ്ങളിലാണ് ആദിമവിത്തുകള്‍ തേടേണ്ടതെന്ന് വാവിലോവ് വിശ്വസിച്ചു. അഞ്ചു ഭൂഖണ്ഡങ്ങളിലെയും വിദൂരപര്‍വത പ്രദേശങ്ങളിലെ പ്രാചീനകൃഷിയിടങ്ങള്‍ വാവിലോവ് ലക്ഷ്യമാക്കിയത് അതുകൊണ്ടാണ്. പ്രതികൂലാവസ്ഥകളെ നേരിടേണ്ടതും, അതിനാല്‍ സ്വാഭാവികമായും അങ്ങേയറ്റം അപകടം നിറഞ്ഞതുമായിരുന്നു വാവിലോവ് നടത്തിയ ഓരോ പര്യടനങ്ങളും. അതും യാത്രാസൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ കാര്യമായി പുരോഗമിക്കാത്ത കാലത്ത്. 'ക്രിസ്‌റ്റെന്‍സന്‍ ഫണ്ടി'ന്റെ കെ.ബി.വില്‍സണ്‍ അഭിപ്രായപ്പെട്ടതുപോലെ, കോവര്‍കഴുതയായിരുന്നു വാവിലോവിന്റെ ഏറ്റവും പ്രധാനപ്പെട്ട 'ശാസ്ത്രീയോപകരണം'! ആഭ്യന്തരയുദ്ധങ്ങളെയും പ്രളയങ്ങളെയും കവര്‍ച്ചക്കാരെയും പോലീസിനെയും സ്ഥാപിത താത്പര്യക്കാരെയുമൊക്കെ അദ്ദേഹത്തിന് അതിജീവിക്കേണ്ടതുണ്ടായിരുന്നു. പലപ്പോഴും ജീവന്‍ പണയംവെച്ചുള്ള യാത്രകള്‍. വിത്തുകള്‍ക്ക് വേണ്ടി ഇത്രയും ത്യാഗമനുഷ്ഠിച്ച മറ്റൊരു മനുഷ്യന്‍ ചരിത്രത്തിലുണ്ടാകില്ല. ഒരര്‍ഥത്തില്‍ വാവിലോവ് മറ്റൊരു 'ഇന്ത്യാനാ ജോണ്‍സ്' ആയിരുന്നു, പ്രാചീന വിത്തിനങ്ങള്‍ തേടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത പര്യടനത്വര ബാധിച്ചയാള്‍.

വാവിലോവിന്റെ പര്യടനങ്ങളുടെ സ്വഭാവം മനസിലാക്കാന്‍, 1916 ല്‍ ഇരുപത്തിയൊന്‍പതാം വയസ്സില്‍ നടത്തിയ ആദ്യ പഠനയാത്ര തന്നെയാണ് മികച്ച ഉദാഹരണം. 'ലോകത്തിന്റെ മേല്‍ക്കൂര'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാമീര്‍ പീഠഭൂമിയിലേക്ക് (ഇപ്പോള്‍ താജിക്കിസ്താനിലാണ് ഈ സ്ഥലം) പ്രാചീന വിത്തുകള്‍ തേടിയുള്ള യാത്രയായിരുന്നു അത്. സര്‍ ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് മഹത്തായ ഒക്ടോബര്‍ വിപ്ലവം അടുത്തെത്തുന്ന സമയം. അതിര്‍ത്തിയില്‍ റഷ്യന്‍ പട്ടാളക്കാരെ പിടികൂടിയ രോഗത്തിന്റെ കാരണം തിരക്കി ഇറാനിലും പാമീര്‍ മേഖലയിലും പര്യടനം നടത്താന്‍ 1916-ല്‍ റഷ്യന്‍ കാര്‍ഷികമന്ത്രാലയം വാവിലോവിനോട് ആവശ്യപ്പെട്ടു. ഇറാന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക ക്യാമ്പില്‍ നടത്തിയ അന്വേഷണത്തില്‍, സൈനികര്‍ക്കുള്ള ഗോതമ്പില്‍ ഒരിനം വിഷപ്പുല്ലിന്റെ വിത്തുകള്‍ കലരുന്നുണ്ടെന്നും അതാണ് രോഗകാരണമെന്നും വാവിലോവ് കണ്ടെത്തി. ഔദ്യോഗിക ചുമതല ശരിക്കു പറഞ്ഞാല്‍ അതോടെ പൂര്‍ത്തിയായി. വാവിലോവിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനായ സൈനിക കമാന്‍ഡര്‍ അദ്ദേഹത്തിന് പേര്‍ഷ്യന്‍ കൃഷിയിടങ്ങളിലൂടെ യഥേഷ്ടം സഞ്ചരിച്ച് പഠനം നടത്താനുള്ള പിന്തുണ വാഗ്ദാനം ചെയ്തു. പക്ഷേ, പര്യടനത്തിന്റെ തുടക്കത്തില്‍ തന്നെ വാവിലോവും സംഘവും യുദ്ധമേഖലയില്‍ അകപ്പെടുകയും, ജര്‍മന്‍ ചാരനെന്ന് സംശയിച്ച് റഷ്യന്‍ സൈനികര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് തടവിലാക്കുകയും ചെയ്തു. ദിവസങ്ങളോളം ചോദ്യംചെയ്യലിന് ശേഷം, മോസ്‌കോയില്‍ നിന്നുള്ള നിര്‍ദേശം വന്ന ശേഷമാണ് വാവിലോവിനെ മോചിപ്പിച്ചത്. (പിന്നീടുള്ള യാത്രകളിലും വാവിലോവ് പല രാജ്യങ്ങളില്‍ വെച്ച് അറസ്റ്റിലായിട്ടുണ്ട്).
രോഗപ്രതിരോധ ശേഷിയുള്ള പേര്‍ഷ്യന്‍ ഗോതമ്പ് തേടിയായിരുന്നു പാമീറിലേക്കുള്ള ആ യാത്ര. വിത്തു ശേഖരണത്തില്‍ മുഴുകി കിഴക്കു ഭാഗത്തേക്ക് സഞ്ചരിച്ച വാവിലോവ് ഒട്ടേറെ ദുര്‍ഘടങ്ങള്‍ യാത്രയില്‍ നേരിട്ടു. ഒരി ക്കള്‍ കീര്‍ഗിസ് വഴികാട്ടികള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. മറ്റൊരവസരത്തില്‍ ഒരു ജനക്കൂട്ടം ആക്രമിക്കുകയും, വാവിലോവ് പ്രാദേശിക പോലീസിന്റെ പിടിയിലാവുകയും ചെയ്തു. കിര്‍ഗിസ്താനും മംഗോളിയയും ലക്ഷ്യമിട്ടെങ്കിലും, പോലീസ് പിടിയിലായതോടെ പരിപാടി മാറ്റി. മോചിതനായ വാവിലോവ് തെക്കോട്ട് നീങ്ങി പട്ടുപാതയിലൂടെ യാത്ര ചെയ്ത് 1916 ആഗസ്‌തോടെ മധ്യേഷ്യയില്‍ പാമീര്‍ പര്‍വതമേഖലയിലെത്തി. രണ്ടുമാസം ആ പ്രദേശത്ത് പര്യടനം നടത്തുകയും വിത്തുകള്‍ ശേഖരിക്കുകയും ചെയ്ത വാവിലോവിന് ഒരുകാര്യം ബോധ്യമായി. വിളകളുടെ പരിണാമത്തെ സംബന്ധിച്ചിടത്തോളം പ്രകൃതി ഒരുക്കിയിരിക്കുന്ന ശരിക്കുമൊരു പരീക്ഷണശാലയാണ് പാമീര്‍. അവിടെ വ്യത്യസ്ത വിതാനങ്ങളില്‍ വ്യത്യസ്ത വിളകള്‍ വളരുന്നത് അദ്ദേഹം നിരീക്ഷിച്ചു. ഓരോ സ്ഥലത്തെത്തുമ്പോഴും ബാരോമീറ്ററിന്റെ സഹായത്തോടെ അന്തരീക്ഷമര്‍ദം അളക്കുകയും, ആ വിതാനത്തില്‍ വളരുന്നത് ഏത് തരം വിളകളാണെന്ന് കൃത്യമായി മനസിലാക്കുകയും ചെയ്തു. ശൈത്യമേറിയ വരണ്ട റഷ്യന്‍ കൃഷിയിടങ്ങള്‍ക്ക് പാമീറിലെ ഉയര്‍ന്ന വിതാനങ്ങളില്‍ വളരുന്ന വിളകള്‍ യോജിച്ചതാകുമെന്ന് വാവിലോവ് കണ്ടു. മധ്യേഷ്യന്‍ മേഖലകളില്‍ പിന്നീടും പല തവണ അദ്ദേഹം പര്യവേക്ഷണങ്ങള്‍ നടത്തിയെങ്കിലും, പ്രതിരോധശേഷിയുള്ള പേര്‍ഷ്യന്‍ ഗോതമ്പ് കണ്ടെത്താനായില്ല. എന്നാല്‍, മറ്റനേകം വിളകളുടെ 1373 ഇനം വിത്തുകള്‍ മധ്യേഷ്യയില്‍ നിന്ന് ശേഖരിക്കാന്‍ അദ്ദേഹത്തിനായി. അവയില്‍ പയര്‍വര്‍ഗങ്ങളും പരിപ്പുകളുമായിരുന്നു കൂടുതല്‍. 
പ്രാചീന കാര്‍ഷികമേഖലകളും വിളകളുടെ ഉത്ഭവകേന്ദ്രങ്ങളും തേടി 1916 ല്‍ ആരംഭിച്ച വാവിലോവിന്റെ ലോകപര്യടനങ്ങള്‍, 1933 ല്‍ സ്റ്റാലിന്‍ ഭരണകൂടത്തിന്റെ വിലക്ക് വീഴും വരെ തുടര്‍ന്നു. യൂറോപ്പിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും രണ്ട് അമേരിക്കന്‍ വന്‍കരകളിലും ഈജിപ്ഷ്യന്‍ സംസ്‌കാരം ഉടലെടുത്ത വടക്കന്‍ ആഫ്രിക്കയിലും ലോകത്തെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് അയ്യായിരം വര്‍ഷം മുമ്പ് കാര്‍ഷികവൃത്തിയാരംഭിച്ച കിഴക്കന്‍ ആഫ്രിക്കന്‍ മേഖലയിലും മൊസോപൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ പശ്ചിമേഷ്യയിലും ഇറാനിലും മധ്യേഷ്യയില്‍ അഫ്ഗാനിസ്താനിലും അമൂല്യമായ ആപ്പിള്‍ വനങ്ങളുള്ള കസാഖ്‌സ്താനിലും ചൈനയിലും ജപ്പാനിലുമെല്ലാം വാവിലോവ് വിത്തുകളുടെ ആദിമകേന്ദ്രങ്ങള്‍ തേടി സഞ്ചരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നേമുക്കാല്‍ ലക്ഷത്തോളം വിത്തുകളും കിഴങ്ങുകളും ശേഖരിച്ചു. ലോകത്തെ ഏറ്റവും വലിയ വിത്തുബാങ്ക് രൂപപ്പെടുത്താന്‍ മാത്രമല്ല അവ ഉപയോഗിക്കപ്പെട്ടത്. 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അപ്ലൈഡ് ബോട്ടണി ആന്‍ഡ് ന്യൂ ക്രോപ്പ്‌സി'ന് കീഴിലെ നാനൂറോളം പരീക്ഷണകേന്ദ്രങ്ങളില്‍ ആ വിത്തിനങ്ങള്‍ നട്ടുവളര്‍ത്തി അവയുടെ സസ്യശാസ്ത്രപരവും ജനിതകവുമായ പ്രത്യേകതകള്‍ ശാസ്ത്രീയമായി വിലയിരുത്തപ്പെട്ടു. വാവിലോവിന് കീഴില്‍ 20,000 ഓളം കാര്‍ഷിക ഉദ്യോഗസ്ഥര്‍ അതിനായി പ്രവര്‍ത്തിച്ചു. ലെനിന്‍ നല്‍കിയ പിന്തുണയുടെ ബലത്തില്‍ വാവിലോവാണ്, ലോകത്ത് അതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും ബൃഹത്തായ ആ കാര്‍ഷിക ഗവേഷണപദ്ധതിക്ക് നേതൃത്വം നല്‍കിയത്. ഓരോ വിളയുടെയും ജനിതകസവിശേഷതകള്‍ മനസിലാക്കുക വഴി, കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ വിളവ് നല്‍കുന്ന, അതേസമയം രോഗപ്രതിരോധശേഷി കൂടുതലുള്ള മുന്തിയിനം വിത്തുകള്‍ കണ്ടെത്താനായിരുന്നു ശ്രമം. കാര്‍ഷിക ഗവേഷണത്തിനൊപ്പം ജനിതകഗവേഷണവും ശക്തിപ്പെട്ടു. ഡാര്‍വിന്‍ പറഞ്ഞുവെച്ച പ്രകൃതിനിര്‍ധാരണത്തിന്റെ ഉദാഹരണങ്ങള്‍ പ്രകൃതിയില്‍ എത്ര വേണമെങ്കിലുമുണ്ടെന്ന് വാവിലോവും സഹപ്രവര്‍ത്തകരും മനസിലാക്കി. സോവിയറ്റ് യൂണിയനില്‍ വാവിലോവിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിളപരീക്ഷണങ്ങള്‍ ലോകമെങ്ങും ശ്രദ്ധനേടി.
വാവിലോവിന്റെ പര്യടനങ്ങള്‍ മറ്റൊരര്‍ഥത്തിലും ചരിത്രത്തില്‍ ഇടംനേടുന്നുണ്ട്. അദ്ദേഹം എവിടെയെല്ലാം സന്ദര്‍ശിച്ചുവോ, അവിടെയെല്ലാം വിത്തുകള്‍ ഭാവിക്കുവേണ്ടി സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന സന്ദേശവും എത്തി. എത്യോപ്യയും കസാഖ്‌സ്താനും പോലെയുള്ള പ്രദേശങ്ങളില്‍ വിത്തുകളെയും അവയുടെ വൈവിധ്യത്തെയും കുറിച്ച് പഠിക്കാന്‍ വാവിലോവിന് പിന്‍ഗാമികളുണ്ടായി. ഒട്ടേറെ വിത്തുബാങ്കുകള്‍ രൂപപ്പെട്ടു. ഇന്ന് ലോകത്താകമാനം 1500 ഓളം വിത്തുബാങ്കുകളും വിത്തുശേഖരങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ആര്‍ട്ടിക്കില്‍ സ്ഥാപിച്ചിട്ടുള്ള സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് (Svalbard Global Seed Vault) ആണ്. വിത്തുകള്‍ സംരക്ഷിക്കാന്‍ ഇത്രയുമൊക്കെ ശ്രമങ്ങള്‍ നടന്നിട്ടും, ഒരു നൂറ്റാണ്ടിനിടെ വിളകളുടെ വൈവിധ്യം ആഗോളതലത്തില്‍ 75 ശതമാനവും നഷ്ടമായി എന്നാണ്, യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന (FAO)യുടെ വിലയിരുത്തല്‍. ഇപ്പോഴേ സംരക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ വിത്തുകളുണ്ടാകില്ല എന്ന വാവിലോവിന്റെ ആശങ്ക അതിന്റെ എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമായിരിക്കുന്നു എന്നുസാരം! വാവിലോവിന് കീഴില്‍ പരിശീലനം നടത്തിയവരാണ് പില്‍ക്കാലത്ത് കാര്‍ഷികജനിതകശാസ്ത്രത്തില്‍ ശ്രദ്ധേയരായ പലരും. ലോകത്തിന്റെ പല മേഖലകളിലും സ്വതന്ത്രമായ നിലയ്ക്കാണ് കാര്‍ഷികവൃത്തി രൂപപ്പെട്ടതെന്ന വാവിലോവിന്റെ അനുമാനം പില്‍ക്കാലത്ത് നടന്ന പഠനങ്ങള്‍ ശരിവെച്ചു. കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവസ്ഥാനങ്ങളെക്കുറിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അദ്ദേഹം രേഖപ്പെടുത്തിയ വസ്തുതകള്‍ പില്‍ക്കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ടെങ്കിലും, വാവിലോവ് പറഞ്ഞ പല കാര്യങ്ങളിലും കാതലായ മാറ്റമുണ്ടായില്ല.
ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത് സ്വതന്ത്രമായി കൃഷിയാരംഭിക്കുകയും സസ്യങ്ങളില്‍ നിന്ന് ഭക്ഷ്യവിളകളെ മെരുക്കിയെടുക്കുയും ചെയ്ത ഒന്‍പത് പ്രധാനകേന്ദ്രങ്ങള്‍ ഭൂമുഖത്തുണ്ടെന്നാണ്. പുരാവസ്തുഗവേഷകരുടെ അഭിപ്രായത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലെ എത്യോപ്യയാണ് അതില്‍ ഏറ്റവും പഴക്കമുള്ള കേന്ദ്രം. 15000 വര്‍ഷം മുമ്പ് അവിടെ മനുഷ്യന്‍ കാര്‍ഷികവൃത്തി തുടങ്ങി, മറ്റ് മേഖലകളിലേതിലും ഏതാണ്ട് 5000 വര്‍ഷം മുമ്പ്. പുരാതന ധാന്യവിളയായ ടെഫ് (teff), കാപ്പി എന്നിവ ആദ്യം കൃഷിചെയ്തു തുടങ്ങിയത് ഏത്യോപ്യയിലാണ്. ഏതാണ്ട് 10500 വര്‍ഷം മുമ്പ് കൃഷിയാരംഭിച്ച തെക്കുപടിഞ്ഞാറന്‍ ഏഷ്യ (ഫെര്‍ട്ടയ്ല്‍ ക്രെസന്റ് ഉള്‍പ്പെടുന്ന പുരാതന പ്രദേശം) ആണ് ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, ഒലിവ് തുടങ്ങിയവയുടെ 'ജന്മദേശം'. നെല്ലും മില്ലെറ്റും 9500 വര്‍ഷം മുമ്പ് ചൈനയിലും, കരിമ്പും വാഴയും 9000 വര്‍ഷം മുമ്പ് ന്യു ഗിനി മേഖലയിലും, ചോളം, ബീന്‍സ്, സ്‌ക്വാഷ് (squash) എന്നിവ മീസോഅമേരിക്ക എന്നറിയപ്പെടുന്ന മധ്യഅമേരിക്കയില്‍ 5500 വര്‍ഷം മുമ്പും കൃഷി ചെയ്യാനാരംഭിച്ചു. ഉരുളക്കിഴങ്ങ്, മരച്ചീനി എന്നിവ ആന്‍ഡീസ്, ആമസോണ്‍ പ്രദേശങ്ങളില്‍ 5500 വര്‍ഷം മുമ്പും, സൂര്യകാന്തിച്ചെടി കിഴക്കന്‍ യു.എസില്‍ 4500 വര്‍ഷം മുമ്പും പ്രത്യക്ഷപ്പെട്ടു. കൂവരക് (കേപ്പ), ആഫ്രിക്കന്‍ നെല്ല് എന്നിവ 7000 വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ സഹാറായ്ക്കും സുഡാനീസ് സാവന്നയ്ക്കുമിടയ്ക്കുള്ള സാഹില്‍ (sahel) പ്രദേശത്താണ് കൃഷിയാരംഭിച്ചത്. മധുരക്കിഴങ്ങ്, എണ്ണപ്പന എന്നിവ കൃഷിചെയ്യാന്‍ തുടങ്ങിയത് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ ഉഷ്ണമേഖലാ പ്രദേശത്തായിരുന്നു; 5000 വര്‍ഷം മുമ്പ്.
ലെനിന്റെ പ്രിയപ്പെട്ടവന്‍

വിത്തുകള്‍ തേടിയുള്ള ആദ്യപര്യടനം കഴിഞ്ഞ് വാവിലോവ് മടങ്ങിയെത്തിയത് 1917 ല്‍ സരാറ്റോവ് സര്‍വകലാശാലയിലെ കാര്‍ഷികശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസര്‍ സ്ഥാനം ഏറ്റെടുക്കാനായിരുന്നു. കാല്‍നൂറ്റാണ്ടിന് ശേഷം താന്‍ പട്ടിണി കിടന്നു മരിക്കേണ്ടിയിരുന്ന അതേ സരാറ്റോവില്‍ വെച്ചാണ്, 1918 നവംബര്‍ ഏഴിന് വാവിലോവിന്റെ പുത്രനായ ഒലിഗ് നിക്കോലേയ്‌വിച്ച് വാവിലോവ് പിറക്കുന്നത്. വാവിലോവിന്റെ ഒടുങ്ങാത്ത വിജ്ഞാനത്വരയും യാത്രകളും ഭാര്യ ഇകതെരീനയുമായുള്ള ബന്ധം ഉലച്ചു. പുത്രന്‍ പിറന്ന് ഏതാണ്ട് ഏഴു വര്‍ഷക്കാലം ഇകതെരീന ഭര്‍തൃഭവനത്തില്‍ കഴിഞ്ഞു. വാവിലോവ് തുര്‍ച്ചയായി പര്യടനങ്ങളിലായിരുന്നതിനാല്‍, ഏതാണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് അവര്‍ നയിച്ചത്. ആ ബന്ധത്തിന് അങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലായിരുന്നു. 1926 ല്‍ വാവിലോവുമായി വേര്‍പിരിഞ്ഞ് മകന്‍ ഒലിഗുമായി ഇകതെരീന ക്യാനഡയിലേക്ക് കുടിയേറി. വില്ല്യം ബാറ്റെസണ്‍ ആണ് അതിന് ഇകതെരീനയെ സഹായിച്ചത്! (പിതാവിനെപ്പോലെ സാഹസികനായിരുന്നു മകന്‍ ഒലിഗും. പര്‍വതമേഖലകളായിരുന്നു അവന്റെയും ഇഷ്ടസങ്കേതങ്ങള്‍. ശാസ്ത്രത്തിലും പര്‍വതാരോഹണത്തിലും തത്പരനായ ഒലിഗ് തിരികെ ജന്മനാട്ടിലെത്തുകയും, 1946 ഫിബ്രവരി നാലിന്, 27-ാം വയസ്സില്‍ റഷ്യയിലെ കാക്കാസസ് മേഖലയില്‍ പര്‍വതാരോഹണത്തിനിടെ മരിക്കുകയും ചെയ്തു. വാവിലോവ് തടവറയില്‍ മരിച്ച വിവരം പാശ്ചാത്യലോകം അറിയുന്ന ഏതാണ്ട് അതേ സമയത്തായിരുന്നു അത്!).
1921 വരെ വാവിലോവ് സരാറ്റോവില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു. വാവിലോവിന്റെ പഠന പര്യടനങ്ങള്‍ക്ക് ലെനിന്‍ എല്ലാ പിന്തുണയും നല്‍കി. റഷ്യന്‍ വിപ്ലവം നടന്ന് അധികം വൈകാതെ ലെനിന്‍ഗ്രാഡിലെ 'ഇന്‍സ്റ്റിട്ട്യൂട്ട് ഓപ് അപ്ലൈഡ് ബോട്ടണി ആന്‍ഡ് ന്യൂ ക്രോപ്പ്‌സി'ന്റെ ചെയര്‍മാനായി വാവിലോവ് നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ സമയം കൊണ്ടുതന്നെ ലോകപ്രശസ്ത സ്ഥാപനമായി അത് മാറി. 1926 വാവിലോവിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു വര്‍ഷമായിരുന്നു. കാര്‍ഷികരംഗത്തെ ഗവേഷണമികവിന് ലെനിന്‍ പുരസ്‌കാരം അദ്ദേഹം നേടുന്നതും, കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവകേന്ദ്രങ്ങള്‍ സംബന്ധിച്ച പ്രശസ്തമായ സിദ്ധാന്തം അവതരിപ്പിക്കുന്നതും, ആദ്യ ഭാര്യ ഇകതെരീനയുമായി വേര്‍പിരിയുന്നതും യെലിനയെ വിവാഹം കഴിക്കുന്നതും, ഇറ്റലിയിലെ പോ താഴ്‌വര പോലുള്ള സുപ്രധാന കാര്‍ഷികമേഖലകളില്‍ പര്യടനം നടത്തുന്നതുമൊക്കെ ആ വര്‍ഷമായിരുന്നു. 1922-1929 കാലത്ത് 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എക്‌സ്‌പെരിമെന്റല്‍ അഗ്രോണമി'യുടെ മേധാവിയും വാവിലോവ് ആയിരുന്നു. 1930 ല്‍ അത് 'വി.ഐ.ലെനിന്‍ ഓള്‍-യൂണിയന്‍ അക്കാദമി ഓഫ് അഗ്രിക്കള്‍ച്ചര്‍' ആയി മാറി. 1930-1935 കാലത്ത് അതിന്റെ ആദ്യ പ്രസിഡന്റായി വാവിലോവ് പ്രവര്‍ത്തിച്ചു. 1930 മുതല്‍ 1940 വരെ 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ജനറ്റിക്‌സി'ന്റെ ഡയറക്ടറും അദ്ദേഹം തന്നെയായിരുന്നു. 1931-1940 കാലത്ത് 'ഓള്‍-യൂണിയന്‍ ജ്യോഗ്രഫിക് സൊസൈറ്റി'യുടെ പ്രസിഡന്റും വാവിലോവ് സേവനമനുഷ്ടിച്ചു. കാര്‍ഷിക ഗവേഷണരംഗത്ത് ഏറ്റവും വലിയ സോവിയറ്റ് ശാസ്ത്രജ്ഞനായി അദ്ദേഹം അവരോധിക്കപ്പെട്ടതിന്റെ തെളിവുകളാണ് ഈ പദവികള്‍. പ്രത്യേയശാസ്ത്രപരമായ സംഘര്‍ഷങ്ങള്‍ വിജ്ഞാന വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കരുത് എന്ന അഭിപ്രായക്കാരനായിരുന്നു വാവിലോവ്. അതിനാല്‍, മുതലാളിത്ത രാഷ്ട്രമായ അമേരിക്കയില്‍ പോലും അദ്ദേഹത്തിന് സുഹൃത്തുക്കളായ ഒട്ടേറെ ശാസ്ത്രജ്ഞരുണ്ടായിരുന്നു.
1924 ല്‍ വഌഡിമിര്‍ ലെനിന്‍ അന്തരിച്ചു, ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയന്റെ പരമാധികാരിയായി ചുമതലയേറ്റു. അതോടെ, ലെനിനിന്റെ വലംകൈയായി പ്രവര്‍ത്തിച്ച പലരുടെയും അവസ്ഥ പരുങ്ങലിലായി. ലെവ് കമേനേവ്, ഗ്രിഗറി സിനോവ്യൂവ്, ലിയോണ്‍ ട്രോസ്‌കി എന്നിങ്ങനെയുള്ള വിപ്ലവനേതാക്കളുടെ അനുഭവമാണ് ഏറ്റവും നല്ല ഉദാഹരണം. സ്വാഭാവികമായും ആ പട്ടികയില്‍ ഇടംനേടാനായിരുന്നു വാവിലോവിന്റെയും വിധി. കര്‍ഷകരുടെ പരമ്പരാഗത കാര്‍ഷികവിജ്ഞാനം ബഹുമാനിച്ചുകൊണ്ടുള്ള ഒരു സമീപനരീതിയാണ് വാവിലോവ് വളര്‍ത്തിയെടുത്തത്. സ്റ്റാലിന്‍ നടപ്പാക്കിയ കാര്‍ഷികപരിഷ്‌ക്കാരങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല ആ സമീപനം. കര്‍ഷകരുടെ പക്കല്‍നിന്ന് കൃഷിയിടങ്ങള്‍ ബലമായി പിടിച്ചെടുത്ത് പൊതുസ്വത്താക്കി മാറ്റിക്കൊണ്ട് സ്ഥാപിച്ച കൂട്ടുകൃഷിയിടങ്ങള്‍ കര്‍ഷകരുടെ ഒരു വിധത്തിലുള്ള ക്രിയാത്മകതയെയും പ്രതിഫലിപ്പിച്ചിരുന്നില്ല. കൃഷിയെന്നത്, ഒരു ഫാക്ടറിയിലെ യാന്ത്രിക ഏര്‍പ്പാടുപോലെയായി പരിണമിച്ചു. സ്വാഭാവികമായും ധാന്യോത്പാദനം കുറഞ്ഞു. വിപ്ലവത്തിന് മുമ്പ് റഷ്യന്‍ കര്‍ഷകര്‍ വര്‍ഷംതോറും 16 ലക്ഷം മുതല്‍ 21 ലക്ഷം കിലോഗ്രാം ധാന്യം വരെ ഉത്പാദിപ്പിച്ചിരുന്നിടത്ത്, സ്റ്റാലിന്റെ പരിഷ്‌ക്കാരങ്ങളുടെ ഫലമായി അത് എട്ടു ലക്ഷം കിലോഗ്രാമായി ചുരുങ്ങി. കഠിനമായ വരള്‍ച്ച കൂടിയായതോടെ 1930 കളുടെ ആദ്യവര്‍ഷങ്ങളില്‍ വിപ്ലവാനന്തരമുള്ള ഏറ്റവും കൊടിയ ക്ഷാമത്തിന്റെ പിടിയിലായി സോവിയറ്റ് യൂണിയന്‍. 1934 ല്‍ ക്ഷാമത്തിന് അറുതിയാകുമ്പോഴേക്കും, സര്‍ക്കാരിന്റെ നയങ്ങളും പട്ടിണിയും മൂലം ലക്ഷക്കണക്കിന് കര്‍ഷകര്‍ രാജ്യംവിട്ടിരുന്നു. നാലു കോടി കര്‍ഷകര്‍ കൊടുംപട്ടിണിയിലായി. ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ പട്ടിണി മൂലം മരിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ തീരുമാനങ്ങളുടെ ഫലമായിരുന്നു ആ ക്ഷാമമെന്ന് അംഗീകരിക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ല. അദ്ദേഹം അതിനൊരു കാരണക്കാരനെ തിരഞ്ഞു. ലെനിന്റെ പ്രിയപ്പെട്ടവനും രാജ്യത്തെ കാര്‍ഷിക ഗവേഷണത്തിന് നേതൃത്വം കൊടുക്കുന്നയാളുമായ വാവിലോവ് അതിന് 'യോഗ്യനാ'യി പരിണമിച്ചു!
അവസാനത്തിന്റെ ആരംഭം

രാജ്യത്തിന് പുറത്തു പോകാന്‍ വാവിലോവിന് അവസാനമായി അനുവാദം ലഭിച്ചത് 1932 ലാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിത്തുകളെക്കുറിച്ച് പഠിക്കാനുള്ള യാത്ര ഏറെക്കാലമായി അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. 1931 അവസാനം വാവിലോവ് അവധിക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുണ്ടായിരുന്നു. എന്നാല്‍, അത് 50 ലക്ഷത്തോളം പേരുടെ ജീവനപഹരിക്കുന്ന തരത്തിലൊരു കൊടിയ ദുരന്തമാകുമെന്ന് വാവിലോവിനും ഊഹിക്കാനായില്ല. 1932-ല്‍ യാത്ര തിരിച്ച അദ്ദേഹം എട്ടു മാസംകൊണ്ട് ക്യൂബയുള്‍പ്പടെ 14 തെക്കെയമേരിക്കന്‍ രാജ്യങ്ങളില്‍ പര്യവേക്ഷണം നടത്തി വിത്തുകളെയും വിളകളെയും കുറിച്ച് പഠിച്ചു. യാത്ര തിരിക്കുന്നതിന് മുമ്പുതന്നെ സ്റ്റാലിന്റെ വിശ്വസ്തരുടെ പക്കല്‍ നിന്നും വാവിലോവിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങിയിരുന്നു. രാജ്യം ക്ഷാമത്തിന്റെ വറുതിയിലായിരിക്കുമ്പോള്‍ കാര്‍ഷിക ഗവേഷണത്തിന്റെ മേധാവി 'സ്ഥലങ്ങള്‍ കണ്ട് നടക്കുന്നത്' സ്വാഭാവികമായും വിമര്‍ശിക്കപ്പെട്ടു. വാവിലോവ് ലാറ്റിനമേരിക്കയില്‍ നിന്ന് തിരിച്ചെത്തും മുമ്പ് 'പീപ്പിള്‍സ് കമ്മിസരിയറ്റ് ഓഫ് ഇന്റേണല്‍ അഫയേഴ്‌സ്' (സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി.യുടെ മുന്‍ഗാമിയാണ് 'എന്‍.കെ.വി.ഡി.'യെന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ആ സംഘടന) അദ്ദേഹത്തിന്റെ പേരില്‍ ഒരു ഫയല്‍ തുറന്നു. ക്ഷാമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും വേഗം ഭക്ഷ്യസുരക്ഷ സാധ്യമാകുമോ എന്ന ചിന്ത സോവിയറ്റ് നേതാക്കളിലും ശാസ്ത്രജ്ഞരിലും അപ്പോഴേക്കും ശക്തിപ്പെട്ടു. എന്നാല്‍, വാവിലോവിനോ അദ്ദേഹം ശേഖരിച്ച വിത്തുകളുടെ വന്‍ശേഖരത്തിനോ പെട്ടന്നൊരു മാര്‍ഗം നല്‍കുക സാധ്യമായിരുന്നില്ല. ക്ഷാമങ്ങള്‍ ഇല്ലാതാക്കാനുള്ള ദീര്‍ഘകാല പദ്ധത ിയായിരുന്നു വാവിലോവിന്റെ പക്കലുള്ളത്.
ഇവിടെയാണ്, സ്റ്റാലിന്റെ പ്രിയങ്കരനായ ട്രോഫിം ലിസെങ്കോ രംഗത്തെത്തുന്നത്. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ കുറുക്കു വഴിയുണ്ടെന്ന് അവകാശപ്പെട്ട ലിസെങ്കോ, 1934 ആയപ്പോഴേക്കും സോവിയറ്റ് നാട്ടിലെ ഏറ്റവും സമുന്നതനായ കാര്‍ഷികശാസ്ത്രജ്ഞന്‍ എന്ന പദവി കരസ്ഥമാക്കി. വാവിലോവിനെ അപേക്ഷിച്ച് ലിസെങ്കോയ്ക്ക് അനുകൂലമായിരുന്നു സാഹചര്യങ്ങള്‍. കാര്യമായ ശാസ്ത്രഗവേഷണ പരിചയമില്ലെങ്കിലും, കര്‍ഷക പശ്ചാത്തലമുള്ള വ്യക്തിയായിരുന്നു ലിസെങ്കോ. വാവിലോവാണെങ്കിലോ സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളും. 'ശരിയായ ശാസ്ത്രം മാക്‌സിസം മാത്രം' എന്നാണ് ലിസെങ്കോ പറഞ്ഞിരുന്നത്. മാക്‌സിസത്തെ സേവിക്കാനുള്ളതാണ് ബാക്കി ശാസ്ത്രശാഖകളെല്ലാം! മുതലാളിത്ത രാജ്യങ്ങള്‍ അംഗീകരിക്കുന്ന ഡാര്‍വിനിസം തെറ്റാണെന്ന് ലിസെങ്കോ വാദിച്ചു. പ്രകൃതിനിര്‍ധാരണമല്ല ജീവപരിണാമത്തിന് നിദാനം. പരിസ്ഥിതികളുടെ സമ്മര്‍ദം മൂലം ആര്‍ജിക്കുന്ന ഗുണങ്ങളാണ് തലമുറയില്‍ നിന്ന് തലമുറയിലേക്ക് പകരുന്നത്. പരിണാമത്തിന് പിന്നില്‍ ആര്‍ജിതഗുണങ്ങളാണെന്ന സിദ്ധാന്തം പതിനെട്ടാം നൂറ്റാണ്ടില്‍ ജീന്‍ ബാപ്റ്റിസ്റ്റ് ലാമാര്‍ക്കാണ് അവതരിപ്പിച്ചത്. ഉദാഹരണത്തിന് ജിറാഫിന്റെ കാര്യമെടുക്കാം. പൊക്കമുള്ള മരങ്ങളില്‍ നിന്ന് ഭക്ഷണം തേടാന്‍ കഴുത്തു നീട്ടി നീട്ടിയാണ് ജിറാഫ് ഇപ്പോഴത്തെ നിലയ്‌ക്കെത്തിയത്. പരിസ്ഥിതിക്കനുസരിച്ച് ലഭിച്ച ഗുണം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ കഴുത്തു നീണ്ട ജിറാഫുണ്ടായി! ശാസ്ത്രലോകം അതിനകം തള്ളിക്കളഞ്ഞ ലാമര്‍ക്കിസം പക്ഷേ, സ്റ്റാലിന് കീഴില്‍ ശക്തിപ്പെട്ട പ്രത്യയശാസ്ത്രത്തിന് അനുകൂലമായ ഒന്നായിരുന്നു. 'ആര്‍ജിതഗുണങ്ങളുടെ സഹായമില്ലാതെ പരിണാമം സംഭവിക്കില്ല' എന്ന വാദത്തെക്കുറിച്ച് നോബല്‍ പുരസ്‌കാര ജേതാവ് ഹെര്‍മന്‍ മുള്ളര്‍ അക്കാലത്ത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്‍ഷിക സെക്രട്ടറിയോട് തിരക്കി. 'ന്യൂനപക്ഷങ്ങള്‍ ഭരണകക്ഷിയിലുള്ളവരെക്കാള്‍ ജനിതകമായി പിന്നിലാണ് എന്നാണോ ഇതില്‍നിന്ന് മനസിലാക്കേണ്ടത്' എന്നായിരുന്നു ചോദ്യം. അതിന് സെക്രട്ടറി പി.എന്‍.യാക്കോലേവ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു-'എല്ലാ അര്‍ഥത്തിലും വംശീയ ന്യൂനപക്ഷങ്ങള്‍ ഞങ്ങളെക്കാള്‍ പിന്നിലാണ്.....എന്നാല്‍, സോഷ്യലിസത്തിന്‍ കീഴില്‍ രണ്ടോ മൂന്നോ തലമുറ ജീവിച്ചുകഴിയുമ്പോള്‍, അവരുടെ ജീനുകളും പരിഷ്‌ക്കരിക്കപ്പെടും. എല്ലാവരും തുല്യരാകും'! (ഏതാണ്ട് ഒരേ കാലയളവില്‍ രണ്ട് ഏകാധിപതികള്‍ക്ക് -സ്റ്റാലിനും ഹിറ്റ്‌ലര്‍ക്കും- കീഴില്‍ ഡാര്‍വിനിസം എങ്ങനെയാണ് പരിഗണിക്കപ്പെട്ടത് എന്നകാര്യം കൗതുകമുണര്‍ത്തുന്നു. സ്റ്റാലിന്റെ മേല്‍നോട്ടത്തില്‍ ഡാര്‍വിനിസം നിരസിക്കപ്പെട്ടപ്പോള്‍, നാസി ആശയങ്ങള്‍ക്കനുസരിച്ച് സ്റ്റാലിന്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു. ഡാര്‍വിനിസത്തിന്റെ അന്തസത്ത തന്നെ സംശയിക്കപ്പെടാന്‍ ഹിറ്റ്‌ലറുടെ നടപടി വഴിവെച്ചു). 
ലിസെങ്കോയുടെ ആശയങ്ങള്‍ അംഗീകരിക്കാനോ ഡാര്‍വീനിയന്‍ തത്വങ്ങള്‍ തള്ളിക്കളയാനോ വാവിലോവ് തയ്യാറല്ലായില്ല. ലിസെങ്കോയുടേത് വ്യാജശാസ്ത്രമാണെന്ന് മറ്റാരേക്കാളും ബോധ്യമുള്ളത് വാവിലോവ് തന്നെയായിരുന്നു. ലിസെങ്കോ രംഗത്തെത്തിയതോടെ, വാവിലോവിന്റെ ഗവേഷണങ്ങള്‍ക്ക് സ്റ്റാലിന്‍ ഭരണകൂടത്തിന്റെ ചങ്ങല വീണു. വിദേശയാത്രകള്‍ വിലക്കപ്പെട്ടു. ലെനിന്‍ രൂപംനല്‍കുകയും, വാവിലോവ് നേതൃത്വം വഹിക്കുകയും ചെയ്ത വിശാലമായ സോവിയറ്റ് കാര്‍ഷികഗവേഷണ സംവിധാനം, എന്തുകൊണ്ട് ലക്ഷങ്ങള്‍ പട്ടിണിയാല്‍ മരിക്കുന്നത് തടഞ്ഞില്ല എന്നകാര്യം അന്വേഷിക്കാന്‍ പീപ്പിള്‍സ് കമ്മീഷന്‍ കൗണ്‍സിലിനെ സ്റ്റാലിന്‍ ചുമതലയേല്‍പ്പിച്ചു. 1934 മെയിലായിരുന്നു അത്. വാവിലോവിനെ കാത്തിരിക്കുന്ന അനിവാര്യമായ വിധിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയായി ആ നടപടി. വാവിലോവ് നേതൃത്വം നല്‍കുന്ന വിത്തുഗവേഷണം പാശ്ചാത്യ ഗവേഷകരെപ്പോലും അസൂയപ്പെടുത്തുന്ന കാര്യം സ്റ്റാലിന്‍ ഭരണകൂടം കണ്ടതായി നടിച്ചില്ല. കൗണ്‍സിലിലെ സഖാക്കള്‍ക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല, വാവിലോവ് മുന്നോട്ടുവെച്ച ശാസ്ത്രത്തിന്റെ വഴികളും ദീര്‍ഘകാല പദ്ധതികളും. ഭാവിയില്‍ ക്ഷാമങ്ങള്‍ ഒഴിവാക്കാന്‍ സോവിയറ്റ് കാര്‍ഷികഗവേഷണം പുനസംഘടിപ്പിക്കണമെന്ന് ശുപാര്‍ശയോടെ രണ്ടു മാസത്തിനുള്ളില്‍ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാവിലോവിന്റെ സമീപനം 'അങ്ങേയറ്റം അപര്യാപ്തം' എന്നാണ് കൗണ്‍സില്‍ വിലയിരുത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ വാവിലോവ് തരംതാഴ്ത്തപ്പെട്ടു. 1935 ല്‍ 'സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മറി'യിലെ സമുന്നത പദവിയില്‍ നിന്ന് അദ്ദേഹം പുറത്തായി. അതേസമയം, ലിസെങ്കോയ്ക്ക് സ്റ്റാലിന്റെ പ്രശംസ യഥേഷ്ടം ലഭിക്കുന്നുണ്ടായിരുന്നു.
1936 ആയപ്പോഴേക്കും സഞ്ചാരസ്വാതന്ത്ര്യം പോലും ഏതാണ്ട് നിക്ഷേധിക്കപ്പെട്ട അവസ്ഥയിലായി വാവിലോവ്. ലോകമെങ്ങും താന്‍ നടത്തിയ യാത്രകളിലെ വിവരങ്ങള്‍ മുഴുവന്‍ സമാഹരിച്ച് World Varietal Resources of Grain Crops എന്ന പേരിലുള്ള ബൃഹത്ഗ്രന്ഥത്തിന്റെ രചന വാവിലോവ് ആരംഭിച്ചു. സഹപ്രവര്‍ത്തകനായ കോസ്റ്റാന്റിന്‍ പാന്‍ഗെലോയ്ക്ക് വാവിലോവ് എഴുതി, 'വേഗം ജോലിയെടുക്കുക. കഴിയുന്നതും വേഗം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുക'. ആ തിടുക്കത്തിന് കാരണമുണ്ടായിരുന്നു, തങ്ങളുടെ സഹപ്രവര്‍ത്തകരായ ഒന്നര ഡസനോളം ജനിതകശാസ്ത്രജ്ഞര്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായ വിവരം വാവിലോവും പാന്‍ഗെലോയും നിസ്സഹായതയോടെ മനസിലാക്കിയിരുന്നു. ലിസെങ്കയോടുള്ള എതിര്‍പ്പായിരുന്നു അവരുടെ മേലുള്ള കുറ്റം. 1937 ല്‍ ഏഴാമത്തെ അന്താരാഷ്ട്ര ജനിതകശാസ്ത്ര കോണ്‍ഗ്രസ്സ് മോസ്‌കോയില്‍ സംഘടിപ്പിക്കാന്‍ വാവിലോവ് കുറെക്കാലമായി പ്രവര്‍ത്തിക്കുകയായിരുന്നു. പക്ഷേ, അത് അനുവദിക്കപ്പെട്ടില്ല. പകരം എഡിന്‍ബറോയിലാണ് സമ്മേളനം നടന്നത്. സമ്മേളനത്തിന്റെ ഓണററി പ്രസിഡന്റായി വാവിലോവ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, അതില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അനുവാദം നിഷേധിക്കപ്പെട്ടു. 1939 ഒടെ കാര്യങ്ങള്‍ വ്യക്തമായി. ജനിതകശാസ്ത്രത്തിന് സോവിയറ്റ് സര്‍ക്കാരിന്റെ പിന്തുണ ഇല്ല. 1939 മാര്‍ച്ച് മാസത്തില്‍ ഓള്‍ യൂണിയന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാന്റ് ബ്രീഡിങില്‍ വെച്ച് വാവിലോവ് ലിസെങ്കോയുമായി മുഖാമുഖം ഏറ്റുമുട്ടി. ആ സംഭവത്തിന് ശേഷം ഒരോ നിമിഷവും ഭയന്നാണ് വാവിലോവ് ജീവിച്ചത്.
തടവറയിലെ അന്ത്യം
ലിസെങ്കോയുമായുള്ള വിധിനിര്‍ണായകമായ ആ ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷമായി. വാവിലോവ് ഏത് നിമിഷവും അറസ്റ്റുചെയ്യപ്പെടാം എന്ന് അധികാരകേന്ദ്രങ്ങളിലുള്ളവര്‍ക്ക് അറിയാമായിരുന്നു. കൃഷിവകുപ്പിന്റെ ചുമതലയുള്ള പീപ്പിള്‍സ് കമ്മിസറിയറ്റിലെ വാവിലോവിന്റെ മുന്‍മേധാവി അദ്ദേഹത്തോട് പോളണ്ടിന്റെ അതിര്‍ത്തിയില്‍ യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കാര്‍പാത്യന്‍ പര്‍വമേഖലയില്‍ ഒരു പര്യവേക്ഷണത്തിന് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. 1940 ജൂലായ് 23 ന് വാവിലോവ് അതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കൈപ്പറ്റി. വീര്‍പ്പുമുട്ടലില്‍ നിന്ന് ആശ്വാസം നേടാനുള്ള ഏറ്റവും മുന്തിയ മാര്‍ഗം, വിത്തുകള്‍ തേടി വിദൂര പര്‍വതമേഖലയില്‍ അലയുകയാണെന്ന കാര്യം വാവിലോവിന് അറിയാമായിരുന്നു. അത്യുത്സാഹത്തോടെ അദ്ദേഹം യാത്രയ്ക്ക് സന്നാഹങ്ങള്‍ ഒരുക്കി. സംഘാംഗങ്ങളെ അദ്ദേഹം തന്നെ നിശ്ചയിച്ചു. ജൂലായ് 26 ന് കീവില്‍ യുക്രൈന്‍ അക്കാദമി ഓഫ് സയന്‍സസിലെത്തി അദ്ദേഹം സംഘാംഗങ്ങളുമായി സന്ധിച്ചു. സോവിയറ്റ് നിര്‍മിത സെഡാനില്‍ പര്‍വതമേഖലയിലേക്ക് യാത്രയായ ആ ശാസ്ത്രജ്ഞന്‍, പടിഞ്ഞാറന്‍ യുക്രൈനില്‍ കീവിനും ല്‌വോവിനുമിടയ്ക്കുള്ള പ്രദേശത്തെ കൃഷിയിടങ്ങളില്‍ വിത്തുകള്‍ തിരഞ്ഞ് സഞ്ചരിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട പ്രവര്‍ത്തനം അദ്ദേഹം അവസാനമായി ആസ്വദിക്കുകയായിരുന്നു. 1940 ആഗസ്ത് ആറിന് ചെര്‍ണോവ്‌സ്‌കിക്കും പോളണ്ട്-റുമാനിയ അതിര്‍ത്തിക്കുമിടയ്ക്ക് കാര്‍പാത്യന്‍ പര്‍വതനിരയുടെ ഏറ്റവും വിദൂരമായ കൃഷിയിടങ്ങളില്‍ വിത്തുകള്‍ തിരയുകയായിരുന്ന വാവിലോവിനെ തേടി ഒരു കറുത്ത സെഡാനെത്തി. ആ വാഹനത്തിലെത്തിയവര്‍, മോസ്‌കോയില്‍ അത്യാവശ്യമായി ഒരു മീറ്റിങിനെന്ന് പറഞ്ഞ് അദ്ദേഹത്തെ കൊണ്ടുപോയി. സഹപ്രവര്‍ത്തകരാരും പിന്നീട് വാവിലോവിനെ കണ്ടിട്ടില്ല.

അടുത്ത രണ്ടു വര്‍ഷക്കാലം വാവിലോവ് ആയിരക്കണക്കിന് മണിക്കൂറുകള്‍ ചോദ്യംചെയ്യലിന് വിധേയനായി. ദിവസവും നിന്ന നില്‍പ്പില്‍ പത്തു മുതല്‍ 13 മണിക്കൂര്‍ വരെയാണ് അധികൃതര്‍ അദ്ദേഹത്തെ ഭേദ്യം ചെയ്തത്. കാര്‍പാത്യന്‍ പര്‍വതമേഖലയില്‍ നിന്ന് പോളണ്ടിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു, ബ്രിട്ടന് വേണ്ടിയും സോവിയറ്റ് വിരുദ്ധ സംഘടനകള്‍ക്കു വേണ്ടിയും ചാരപ്രവര്‍ത്തനം നടത്തി, തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ അദ്ദേഹത്തിന് മേല്‍ ആരോപിക്കപ്പെട്ടു. ആവശ്യത്തിന് വിത്തുണ്ടാക്കാതിരിക്കക വഴി സോവിയറ്റ് കാര്‍ഷികമേഖലയെ 'മനപ്പൂര്‍വം' തകര്‍ത്തു എന്നതായിരുന്നു ഏറ്റവും ക്രൂരമായ ആരോപണം. 1931-32 കാലത്ത് ആവശ്യത്തിന് വിത്തില്ലാതെ വന്നതാണ് കഠിനമായ ക്ഷാമത്തിന് കാരണമായതെന്ന് കോടതി നിഗമനത്തിലെത്തി. എന്നുവെച്ചാല്‍, ഒടുവില്‍ സ്റ്റാലിന് ഒരു ബലിയാടിനെക്കിട്ടി എന്നര്‍ഥം. 1941 ജൂലായ് 9 ന് വിധി വന്നു, 'നിക്കോലേയ് വാവിലോവ് പരമാവധി ശിക്ഷ അര്‍ഹിക്കുന്നു-അയാളെ വെടിവെച്ചു കൊല്ലുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്യുക'. സോവിയറ്റ് സുപ്രീംകോടതിയുടെ മിലിട്ടറി കൊളിജിയം പുറപ്പെടുവിച്ച വിധി പക്ഷേ, എന്തുകൊണ്ടോ നടപ്പായില്ല. വാവിലോവിനെ വെടിവെച്ചു കൊന്നില്ല. പകരം, മോസ്‌കോയില്‍ നിന്ന് ഏതാണ്ട് 900 കിലോമീറ്റര്‍ അകലെ, രണ്ടു പതിറ്റാണ്ടു മുമ്പ് വാവിലോവ് അക്കാദമിക് പ്രവര്‍ത്തനം ആരംഭിച്ച സരാറ്റോവിലേക്ക് അദ്ദേഹത്തെ മാറ്റി. (റഷ്യയില്‍ ഭക്ഷ്യോത്പാദനം കൂട്ടാനുള്ള പ്രവര്‍ത്തനത്തില്‍ വാവിലോവ് ഏര്‍പ്പെട്ടിരിക്കുന്നതായി പത്രപ്രസ്താവന ഇറക്കാന്‍ അധികൃതര്‍ മറന്നില്ല). വാവിലോവിനെ വിട്ടയയ്ക്കാന്‍ സഹായിച്ചേക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹത്തിന് ബ്രിട്ടീഷ് റോയല്‍ സൊസൈറ്റി ഫെലോഷിപ്പ് നല്‍കപ്പെട്ടു.
സ്റ്റാലിന്റെ ക്രോധത്തിനിരയായി ജയിലിലടയ്ക്കപ്പെട്ട ഒട്ടേറെ സഹപ്രവര്‍ത്തകരെ സരാറ്റോവിലെ ജയിലില്‍ വാവിലോവ് കണ്ടുമുട്ടി. റഷ്യന്‍ പത്രപ്രവര്‍ത്തകനായ മാര്‍ക്ക് പൊപ്പോവ്‌സ്‌കി വിവരിച്ചിരിക്കുന്നതു പ്രകാരം, ജയിലില്‍ വാവിലോവ് സഹപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായിരുന്നു. കഴിയുമ്പോഴൊക്കെ അവരെ ആഹ്ലാദിപ്പിക്കാനും രസിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. തങ്ങളുടെ ദുര്‍വിധിയോര്‍ത്ത് വിലപിക്കുന്നതിന് പകരം ചരിത്രം, ജീവശാസ്ത്രം, തടിവ്യവസായം തുടങ്ങിയ വിഷയങ്ങളില്‍ ഒരു 'പ്രഭാഷണ പരമ്പര' തന്നെ വാവിലോവ് തടവറയില്‍ സംഘടിപ്പിച്ചു! ഒരോരുത്തരും ഊഴമിട്ട് പ്രഭാഷണം നടത്തണമായിരുന്നു. താഴ്ന്ന ശബ്ദത്തിലേ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളു. കാരണം, ശബ്ദം ജയില്‍വാര്‍ഡന്റെ ചെവിയിലെത്താന്‍ പാടില്ല. തങ്ങളെ വിട്ടയയ്ക്കും എന്ന് ഒരുവേള വാവിലോവ് പ്രതീക്ഷിച്ചു, വീണ്ടും ഗവേഷണത്തിലേര്‍പ്പെടാമെന്ന് അദ്ദേഹം ആശിച്ചു. എന്നാല്‍, 1942 ആയപ്പോഴേക്കും കാര്യങ്ങള്‍ വ്യക്തമായി. അദ്ദേഹത്തെ കുറെശ്ശെയായി പട്ടിണിക്കിട്ട് കൊല്ലാനാണ് പദ്ധതി. ഭക്ഷണം പിടിച്ചു പറിക്കുന്ന സ്വഭാവമുള്ള ഒരു മാനസിക രോഗിയെ വാവിലോവിന്റെ സെല്ലില്‍ അധികൃതര്‍ പാര്‍പ്പിച്ചത് യാദൃശ്ചികമായിട്ട് ആയിരുന്നില്ല! ആവശ്യത്തിന് ഭക്ഷണം കിട്ടാതെ വയറിളക്കവും നീരുവീക്കവും പിടിച്ച് എല്ലുംതോലുമായ വാവിലോവ്, 1943 ജനവരി 26 ന് തടവറയില്‍ അന്ത്യശ്വാസം വലിച്ചു. ലോകത്തിന്റെ വിശപ്പുമാറ്റാന്‍ മറ്റാരെക്കാളും കൂടുതല്‍ പരിശ്രമിച്ച ആ മഹാശാസ്ത്രജ്ഞന്‍ അങ്ങനെ വിടവാങ്ങി. 1945 ല്‍ സോവിയറ്റ് അക്കാദമി ഓഫ് സയന്‍സിന്റെ അംഗത്വ ലിസ്റ്റില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു.
വാവിലോവ് തടവറയില്‍ കഴിയുന്ന 1941 കാലത്താണ് നാസി സൈന്യം സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നത്. വാവിലോവും കൂട്ടരും സ്ഥാപിച്ച വിത്തുബാങ്ക് സ്ഥിതിചെയ്യുന്ന ലെനിന്‍ഗ്രാഡ് (പഴയ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്) നാലുവര്‍ഷക്കാലം നാസിപ്പടയുടെ ബ്ലോക്കേഡില്‍ പെട്ടു. നാസിപ്പട അവിടെയെത്തും മുമ്പ് ലെനിന്‍ഗ്രാഡില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഹെര്‍മിറ്റേജിലെ കലാസൃഷ്ടികളുടെ അമൂല്യശേഖരം അവിടെ നിന്ന് സോവിയറ്റ് അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എന്നാല്‍, ഹെര്‍മിറ്റേജിന് ഏതാനും ബ്ലോക്കുകള്‍ക്കപ്പുറത്ത് സെന്റ് ഐസക്‌സ് സ്‌ക്വയറില്‍ സ്ഥിതിചെയ്യുന്ന വിത്തുബാങ്കിലെ 3.8 ലക്ഷം അമൂല്യ വിത്തുകളുടെ കാര്യത്തില്‍ സ്റ്റാലിന്‍ ഭരണകൂടത്തിന് താത്പര്യം തോന്നിയില്ല. വാവിലോവ് ഉള്‍പ്പടെയുള്ള റഷ്യന്‍ ശാസ്ത്രജ്ഞര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ആ വിത്തുകള്‍ സംരക്ഷിക്കേണ്ട ചുമതല, ബ്ലോക്കേഡിന്റെ സമയത്ത് അവിടുണ്ടായിരുന്ന ശാസ്ത്രജ്ഞരുടേത് മാത്രമായി. വാവിലോവിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തകര്‍, അദ്ദേഹം സ്ഥാപിച്ച ആ വിത്തുബാങ്ക് സംരക്ഷിക്കാനായി ജീവന്‍ പണയംവെച്ച് പ്രവര്‍ത്തിച്ചു. 1944 ല്‍ ബ്ലോക്കേഡിന് അറുതിയാകുമ്പോഴേക്കും ലെനിന്‍ഗ്രാഡില്‍ ഏഴുലക്ഷം പേര്‍ ഭക്ഷണം കിട്ടാതെ വിശന്നു മരിച്ചിരുന്നു. വിശപ്പുകൊണ്ട് എന്തുംചെയ്യുന്ന സ്ഥിതിയിലുള്ള ജനങ്ങളില്‍ നിന്നും നാസപ്പടയില്‍ നിന്നുമാണ് ആ വിത്തുകളെ കാക്കുകയും ജീവിപ്പിക്കുകയും ചെയ്യേണ്ട കടമ ശാസ്ത്രജ്ഞരുടെ ചുമലില്‍ വീണത്. വാവിലോവിന്റെ ഏറ്റവും വിശ്വസ്തരായ ഏഴ് സഹപ്രവര്‍ത്തകര്‍ വിത്തുബാങ്ക് സംരക്ഷിക്കുന്നതിനിടെ വീണു മരിച്ചു. വിശന്നു മരിച്ചിട്ടും ആ വിത്തുകളൊന്നു പോലും ആഹാരമാക്കാന്‍ അവര്‍ തയ്യാറായില്ല. (900 കിലോമീറ്റര്‍ അകലെ സരാറ്റോവിലെ ജയിലില്‍ ആ വിത്തുബാങ്കിന്റെ സ്ഥാപകനും വിശന്നു മരിക്കുകയാണെന്ന് അന്നാരും അറിഞ്ഞില്ല). വാവിലോവിന്റെ സഹപ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്ത് സംരക്ഷിച്ച ആ വിത്തുബാങ്കാണ് ഇപ്പോള്‍ ആ മഹാശാസ്ത്രജ്ഞന്റെ ഏറ്റവും വലിയ സ്മാരകം; സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇപ്പോള്‍ VIR എന്ന ചുരുക്കപ്പേരില്‍ 'എന്‍.ഐ.വാവിലോവ് ഓള്‍-റഷ്യന്‍ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാന്റ് ഇന്‍ഡസ്ട്രി' പ്രവര്‍ത്തിക്കുന്നു.
പാടങ്ങളില്‍ വിളയുന്ന 'വാവിലോവ്'

1953 മാര്‍ച്ച് അഞ്ചിന് സ്റ്റാലിന്‍ യുഗം അവസാനിച്ചു. അതോടെ സോവിയറ്റ് നാടുകളില്‍ വാവിലോവിനോടുണ്ടായിരുന്ന എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു. എങ്കിലും ലിസെങ്കോയുടെ മേധാവിത്വം ഒരു പതിറ്റാണ്ടുകൂടി തുടര്‍ന്നു. സോവിയറ്റ് ശാസ്ത്രജ്ഞരുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് 1964 ലാണ് ലിസെങ്കോയിസത്തിന് അറുതിയുണ്ടാകുന്നത്. പക്ഷേ, അപ്പോഴേക്കും ലിസെങ്കോ വരുത്തിയ നാശം ചില്ലറയല്ലായിരുന്നു. വാവിലോവിന്റെ നേതൃത്വത്തില്‍ ലോകത്ത് ഏറ്റവും മികച്ച ജനിതകഗവേഷണം നടന്നിരുന്ന സ്ഥലം സോവിയറ്റ് യൂണിയനായിരുന്നു. ലിസെങ്കോ ആ ഗവേഷണങ്ങളെ പതിറ്റാണ്ടുകള്‍ പിന്നോട്ടു നയിച്ചു. പിന്നീട് ഒരുകാലത്തും ജനിതകഗവേഷണ രംഗത്ത് ശക്തിയാകാന്‍ സോവിയറ്റ് യൂണിയനോ റഷ്യയ്‌ക്കോ കഴിഞ്ഞില്ല. ലിസങ്കോയിസത്തിന് അറുതിയായതോടെ, വാവിലോവ് തുടങ്ങിവെച്ച വിളഗവേഷണവും മറ്റും ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. യു.എസ്.എസ്.ആര്‍. അക്കാദമി ഓഫ് സയന്‍സ് 1965 ല്‍ 'വാവിലോവ് അവാര്‍ഡും', 1968 ല്‍ 'വാവിലോവ് മെഡലും' ഏര്‍പ്പെടുത്തി. ഒട്ടേറെ പുസ്‌കങ്ങള്‍ വാവിലോവിന്റെ ജീവിതത്തെയും പഠനങ്ങളെയും കുറിച്ച് പുറത്തു വന്നു. വാവിലോവിന്റെ സ്മരണ ഇന്ന് റഷ്യന്‍ ശാസ്ത്രലോകത്തിന് ആവേശവും അഭിമാനവും സമ്മാനിക്കുന്നു. ആ മഹാശാസ്ത്രജ്ഞന്റെ പിന്തുടര്‍ച്ച നിലനില്‍ക്കുന്നത് പക്ഷേ, ഇത്തരം സ്മാരകങ്ങളില്‍ മാത്രമല്ല. റഷ്യയിലും മറ്റ് പലരാജ്യങ്ങളിലും ഇന്ന് ലക്ഷണങ്ങളുടെ വിശപ്പടക്കുന്ന കാര്‍ഷികവിളകളാണ് വാവിലോവിന്റെ യഥാര്‍ഥ സ്മാരകങ്ങള്‍.
1930 ല്‍ രണ്ടാം തവണ അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍, പടിഞ്ഞാറന്‍ ടെക്‌സാസിലെ ഊഷരപ്രദേശത്ത് വളരുന്ന ഒട്ടേറെ സൂര്യകാന്തിയിനങ്ങള്‍ വാവിലോവിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അമേരിക്കന്‍ വിത്തുഗവേഷകര്‍ തികച്ചും അവഗണിച്ചു കളഞ്ഞ ആ തദ്ദേശയിനങ്ങളില്‍ ഒരെണ്ണം 'Helianthus lenticularis' എന്നു ശാസ്ത്രീയനാമമുള്ള ഇനമായിരുന്നു. അതിന്റെ കുറെ വിത്തുകള്‍ വാവിലോവ് സ്വദേശത്തെത്തിച്ചു. കൂടുതല്‍ പാചകയെണ്ണ നല്‍കുന്ന സൂര്യകാന്തി വിത്ത് രൂപപ്പെടുത്താന്‍ ശ്രമത്തിലേര്‍പ്പെട്ടിരുന്ന വി.എസ്.പുസ്‌തോവൊയിറ്റ് ആ ടെക്‌സാസ് ഇനത്തെ, Helianthus annuus എന്ന തദ്ദേശയിനവുമായി സമ്മേളിപ്പിച്ച് മുന്തിയ സങ്കരയിനം സൂര്യകാന്തിക്ക് രൂപംനല്‍കാന്‍ ശ്രമിച്ചു. 30 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍, അപൂരിതകൊഴുപ്പുകളുടെ (polyunsaturated oils) കാര്യത്തില്‍ മറ്റ് സൂര്യകാന്തിയിനങ്ങളെ ബഹുദൂരം കടത്തിവെട്ടുന്ന ഒരു സങ്കരയിനം പുസ്‌തോവൊയിറ്റ് പുറത്തിറക്കി. സ്വാഭാവികമായും സോവിയറ്റ് യൂണിയനില്‍ ആ സൂര്യകാന്തിയിനം വ്യാപകമായി കൃഷിചെയ്തു. പോഷകാംശം കൂടിയ പാചകയെണ്ണയുടെ ലഭ്യതയാണ് അതുവഴി വര്‍ധിച്ചത്. 1972 ല്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച ഒരുസംഘം ടെക്‌സാസ് കര്‍ഷകര്‍ ക്രാസ്‌നോഡാര്‍ വിളപരീക്ഷണകേന്ദ്രത്തിലുമെത്തി. ആ മുന്തിയ സൂര്യകാന്തിയിനത്തിന്റെ കുറച്ച് വിത്തുകള്‍ പുസ്‌തോവൊയിറ്റിന്റെ മകള്‍ അവര്‍ക്ക് സമ്മാനിച്ചു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പടിഞ്ഞാറന്‍ ടെക്‌സാസില്‍ നിന്ന് വാവിലോവ് വിത്തുകള്‍ ശേഖരിച്ചതിന് സമീപത്ത്, ആ കര്‍ഷകര്‍ പുതിയയിനം സൂര്യകാന്തി കൃഷി ചെയ്തു. രാജ്യാതിര്‍ത്തികളും പ്രത്യേയശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളും ഭേദിച്ച് വാവിലോവിന്റെ സാന്നിധ്യം വ്യാപിക്കുന്നതിന് ഒരുദാഹരണം മാത്രമാണിത്. വിത്തുകളുടെ കാര്യത്തില്‍ മികച്ച വിളവ് നല്‍കുന്നതിനൊപ്പം, മുന്തിയ പോഷകഗുണവും വാവിലോവിന്റെ പരിഗണനയായിരുന്നു എന്നും ഈ ഉദാഹരണം വ്യക്തമാക്കുന്നു.
പട്ടിണിയും ക്ഷാമവും അവസാനിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് വാദിച്ചപ്പോള്‍, സ്റ്റാലിന്‍ ഭരണകൂടം അക്കാര്യം സമ്മതിച്ചുകൊടുത്തില്ലെങ്കിലും, വാവിലോവ് പറഞ്ഞത് എത്ര സത്യമായിരുന്നുവെന്ന് പില്‍ക്കാലത്ത് സോവിയറ്റ് യൂണിയന്‍ നന്ദിപൂര്‍വം മനസിലാക്കി. രണ്ടാംലോകമഹായുദ്ധം സോവിയറ്റ് യൂണിയനേല്‍പ്പിച്ച പ്രഹരവും, ജനിതകശാസ്ത്രത്തോട് സ്റ്റാലിന്‍ ഭരണകൂടം സ്വീകരിച്ച നിഷേധനിലപാടും മൂലം, വാവിലോവും കൂട്ടരും ലോകത്തുനിന്നെമ്പാടും ശേഖരിച്ച അമൂല്യമായ വിത്തിനങ്ങളില്‍ 75000 ഇനങ്ങള്‍ മാത്രമേ ശരിയായി വിലയിരുത്താനും പഠിക്കാനും സാധിച്ചുള്ളു. യുദ്ധം അവസാനിച്ചപ്പോഴേക്കും ആ വിത്തിനങ്ങളില്‍ ഒട്ടേറെയെണ്ണം ഉപയോഗശൂന്യമായിക്കഴിഞ്ഞിരുന്നു. എങ്കിലും ഒട്ടേറെ മുന്തിയ വിത്തിനങ്ങള്‍ക്ക് രൂപംനല്‍കാന്‍ സോവിയറ്റ് ശാസ്ത്രജ്ഞര്‍ക്കായി. വാവിലോവ് വിടവാങ്ങി കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും, അദ്ദേഹത്തിന്റെ വിത്തുശേഖരമുപയോഗിച്ച് രൂപപ്പെടുത്തിയ നാനൂറിലേറെ പുതിയ വിത്തിനങ്ങള്‍ റഷ്യയിലും കിഴക്കന്‍ യൂറോപ്പിലും മധ്യേഷ്യയിലും വ്യാപകമായി കൃഷിചെയ്യുന്ന സ്ഥിതിയായി. ആ മേഖലയെ വേട്ടയാടിക്കൊണ്ടിരുന്ന കൊടിയ ക്ഷാമങ്ങള്‍ പഴങ്കഥയായി. സോവിയറ്റ് ഭക്ഷ്യസുരക്ഷയില്‍ വാവിലോവിന്റെ സ്വാധീനമെത്രയെന്ന് വിലയിരുത്താന്‍ റഷ്യന്‍ ഭക്ഷ്യചരിത്രകാരനായ ജി.എ.ഗോലുബേവ് 1979 ല്‍ ഒരു ശ്രമം നടത്തുകയുണ്ടായി. അദ്ദേഹം കണ്ടെത്തിയ വസ്തുത ഇതായിരുന്നു : സോവിയറ്റ് യൂണിയനിലെ കൃഷിയിടങ്ങളില്‍ 80 ശതമാനം പ്രദേശത്തും കൃഷിചെയ്യുന്നത് VIR ലെ ശേഖരമുപയോഗിച്ച് രൂപപ്പെടുത്തിയ വിത്തിനങ്ങളാണ്. 'വാവിലോവ്' എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന ആ വിത്തിനങ്ങളുടെ സഹായത്തോടെ, 'യു.എസ്.എസ്.ആറിന് വര്‍ഷംതോറും 50 ലക്ഷം ടണ്ണിലേറെ ഭക്ഷ്യവസ്തുക്കള്‍ അധിക ഉത്പാദനം സാധ്യമാകുന്നു. അതുവഴി 100 കോടി റൂബിള്‍ കൂടുതല്‍ വരുമാനം നേടാനും സാധിക്കുന്നു'. ഇതിലും വലിയൊരു ശ്രദ്ധഞ്ജലി വാവിലോവിന് ലഭിക്കാനില്ല!
അവലംബം
1. Where Our food comes from - Retracing Nikolay Vavilov's Quest to End Famine(2009), Gary Paul Nabhan, Oisland Press, Washington
2.The significance of Vavilov's scientific expeditions and ideas for development and use of legume genetic resources, PGR Newsletter, Issue No.124, page 23 to 32
3. N.I.Vavilov, Martyr to Genetic Truth ; James F.Crow, Genetics, v.134(1), May 1993
4. ആനന്ദ്, വിത്തും ചുറ്റികയും-ശാസ്ത്രത്തിന്റെയും പ്രത്യേയശാസ്ത്രത്തിന്റെയും വഴികള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, സപ്തംബര്‍ 13, 2009
5. J.Donald Hughes, An environmental history of the world: humankind's changing role in the community of life, Volume 2 (Routledge, Oxford, 2002)
6. Dr. Gregory Moiseyevich Levin, Pomegranate Roads: A Soviet Botanist's Exile from Eden, Translate by Margaret Hopstein (Floreant Press, Forestville, 2006)
7.Biography of Nikolai I. Vavilov
8. Guns, Germs and Steel - A Short History of everybody for the last 13000 years (2005); Jared Diamond, Vintage Books, London
9. J.B.S.Haldane: His life and science; Vidyanand Nanjundiah, Current Science, VOL.63, 10&25 November 1992