Thursday, December 07, 2006

ഇന്ത്യയില്‍ ബ്ലോഗുകള്‍ക്ക്‌ നിയന്ത്രണം വരുന്നു

ബ്ലോഗുകളെയും വ്യക്തിഗത സൈറ്റുകളെയും നിയന്ത്രിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം അഭിപ്രായസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാകില്ലേ എന്ന്‌ ആശങ്കയുയരുന്നു

ന്റര്‍നെറ്റ്‌ സര്‍വസ്വതന്ത്രമാണെന്ന വിചാരം ഇനി വേണ്ട; കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. വ്യക്തിഗത വെബ്സൈറ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ സങ്കേതം നടപ്പാക്കാന്‍ പോവുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ദേശീയസുരക്ഷയ്ക്ക്‌ ഭീഷണിയായ സൈറ്റുകളെയും ബ്ലോഗുകളെയും നിയന്ത്രിക്കാനാണ്‌ ഈ സംവിധാനമെന്ന്‌ അധികാരകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. പക്ഷേ, അതൊടുവില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാവില്ലേ എന്ന ആശങ്ക ശക്തമാണ്‌.

രാജ്യത്തെ അന്താരാഷ്ട്ര ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ സമ്പ്രദായം നടപ്പാക്കുക വഴിയാണ്‌, രാഷ്ട്രസുരക്ഷയ്ക്കു ഭീഷണിയായ സൈറ്റുകളെയും ബ്ലോഗുകളെയും അധികൃതര്‍ തടയുക. ഇന്ത്യയിലാകെ എട്ട്‌ ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളാണ്‌ ഉള്ളത്‌; അഞ്ചെണ്ണം വി.എസ്‌.എന്‍.എല്ലി(VSNL)നും രണ്ടെണ്ണം റിലയന്‍സിനും ഒന്ന്‌ ഭാരതി എയര്‍ടെല്ലിനും. ഈ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ നടത്താനുള്ള സാങ്കേതിക സംവിധാനമാണ്‌ ടെലകോം വകുപ്പ്‌ (DoT) ഏര്‍പ്പെടുത്താന്‍ പോകുന്നത്‌.

ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ നടപ്പാക്കിയാല്‍, വെബ്സൈറ്റുകളെ ഉപ-ഡൊമെയ്ന്‍ തലത്തില്‍ നിയന്ത്രിക്കാനാകും. എന്തെങ്കിലും കാരണത്താല്‍ വെബ്സൈറ്റുകള്‍ നിയന്ത്രിക്കേണ്ടിവരുമ്പോള്‍ ഇത്രകാലവും അതിന്റെ ബാധ്യത വന്നുചേരുക 'ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ ദാതാക്കളു'(Internet Service Providers-ISPs) ടെ മേലായിരുന്നു. എന്നാല്‍, പുതിയ രീതി നടപ്പില്‍ വരുന്നതോടെ ആ തലവേദന ഇവര്‍ക്ക്‌ ഒഴിവാകും.

കഴിഞ്ഞ ജൂലായിലുണ്ടായ മുംബൈ സ്ഫോടനങ്ങള്‍ക്കു ശേഷം 18 ബ്ലോഗുകളും വെബ്സൈറ്റുകളും ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ ദാതാക്കളുടെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. സര്‍വീസ്‌ ദാതാക്കള്‍ക്ക്‌ ഉപ-ഡൊമെയ്ന്‍ തലത്തില്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ സങ്കേതമില്ല. അതിനാല്‍ അവര്‍ ഡൊമെയ്ന്‍ തലത്തില്‍ അത്‌ ചെയ്യാന്‍ നിര്‍ബന്ധിതരാകും. നൂറുകണക്കിന്‌ വെബ്സൈറ്റുകളും ബ്ലോഗുകളും കിട്ടാതെ ഉപഭോക്താക്കള്‍ വലയുകയാവും ഫലം. എന്നാല്‍, പുതിയ സംവിധാനം വഴി ഈ പ്രശ്നം ഒഴിവാക്കപ്പെടുമെന്ന്‌ അധികൃതര്‍ കരുതുന്നു.

ബ്ലോഗുകളുടെ നിയന്ത്രണത്തിന്‌ ദേശീയസുരക്ഷയാണ്‌ ഇപ്പോള്‍ കാരണം പറയുന്നതെങ്കിലും, അധികാരികള്‍ക്ക്‌ ഇത്‌ ഏത്‌ ദിശയിലേക്കും നീട്ടാം എന്നതാണ്‌ ഇത്തരം സംവിധാനങ്ങളുടെ പ്രശ്നം. ബ്ലോഗുകള്‍ വഴി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ, അഴിമതി തുറന്നു കാട്ടാന്‍ ശ്രമിക്കുന്നവരെയൊക്കെ നിശബ്ദരാക്കാന്‍ ഇതേ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. അഭിപ്രായസ്വാതന്ത്ര്യമായിരിക്കും അനിവാര്യമായ അത്യാഹിതം(കടപ്പാട്‌: The Economic Times).

Monday, December 04, 2006

ലോകം കടലിനും മരുഭൂമിക്കും മധ്യേ

ഒരുവശത്ത്‌ വളരുന്ന മരുഭൂമികള്‍. മറുവശത്ത്‌ ഉയരുന്ന കടല്‍ നിരപ്പ്‌. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിലയില്‍ ഭൂമി ഭീഷണി നേരിടുകയാണ്‌; മനുഷ്യന്റെ ചെയ്തികള്‍ മൂലം

ടലിനും ചെകുത്താനും മധ്യേ എന്നത്‌ 'കടലിനും മരുഭൂമിക്കും മധ്യേ' എന്ന്‌ തിരുത്താന്‍ സമയമാകുന്നു. വളരുന്ന മരുഭൂമികളും ഉയരുന്ന സമുദ്രവും ചേര്‍ന്ന്‌ കരയെ ഭീതിജനകമാം വിധം ഞെരുക്കികൊണ്ടിരിക്കുകയാണെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഒരുവശത്ത്‌ കര ശോഷിക്കുമ്പോള്‍ തന്നെ മറുവശത്ത്‌ ജനസംഖ്യ ക്രമാതീതമായി പെരുകുകയും ചെയ്യുന്നു; വര്‍ഷം തോറും 700 ലക്ഷം പേര്‍ എന്ന തോതില്‍. ഈ പ്രവണത ഭൂമി നേരിടുന്ന വെല്ലുവിളിയുടെ യഥാര്‍ത്ഥ ചിത്രം കാട്ടിത്തരുന്നു.

ഈ വെല്ലുവിളി പക്ഷേ, മനുഷ്യന്റെ സൃഷ്ടിയാണ്‌. പുല്‍മേടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത്‌ മരുഭൂവത്ക്കരണത്തിന്റെ ആക്കം കൂട്ടുമ്പോള്‍, ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണ്‌ ഉയരുന്ന സമുദ്രനിരപ്പ്‌. പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങള്‍(പ്രത്യേകിച്ചും കാര്‍ബണ്‍ഡയോക്സയിഡ്‌) കൂടുതല്‍ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ ഇടയാക്കുന്നത്‌. രണ്ടിടത്തും മുഖ്യപ്രതി മനുഷ്യന്‍ തന്നെയാണ്‌.

കടലിനും മരുഭൂമിക്കും മധ്യേ അകപ്പെട്ട കരയുടെ സ്ഥിതി മനസിലാക്കാന്‍ ചൈനയുടെയും നൈജീരിയയുടെയും ഉദാഹരണം സഹായിക്കുമെന്ന്‌ 'എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ടി'(Earth Policy Institute)ന്റെ റിപ്പോര്‍ട്ട്‌ പറയുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളാണ്‌ ഇവ രണ്ടും. മരുവത്ക്കരണത്തിന്റെ കഠിനഭീഷണിയിലാണിപ്പോള്‍ ചൈന. 1950-1975 കാലത്ത്‌ പ്രതിവര്‍ഷം 1560 ചതുരശ്രകിലോമീറ്റര്‍ എന്ന കണക്കിനാണ്‌ മരുവത്ക്കരണം നടന്നത്‌. 2000 ആയപ്പോഴേക്കും ഇത്‌ ഇരട്ടിയിലേറെയായി.

മധ്യവടക്കന്‍ ചൈനയിലെ രണ്ട്‌ മരുഭൂമികള്‍ വര്‍ഷം തോറും വളര്‍ന്ന്‌ ഇപ്പോള്‍ ഒന്നാകാന്‍ പോവുകയാണെന്ന്‌ ഉപഗ്രഹ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നര്‍ മംഗോളിയ മുതല്‍ ഗാന്‍സു പ്രവിശ്യ വരെ വ്യാപിച്ചു കിടക്കുന്ന മരുഭൂമിയാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ഇതിലും ഗുരുതരമാണ്‌. ഷിന്‍ജിയാങ്ങ്‌ പ്രവിശ്യയില്‍ താക്ലിമാകാന്‍, കുംടാഗ്‌ മരുഭൂമികള്‍ വികസിച്ച്‌ ലയിക്കാറായിരിക്കുന്നു. ഗോബി മരുഭൂമിയാണെങ്കില്‍ അനുദിനം വളര്‍ന്ന്‌ കിഴക്ക്‌ ബെയ്ജിങ്ങിന്‌ 241 കിലോമീറ്റര്‍ അകലെ വരെയെത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തും പടിഞ്ഞാറന്‍ മേഖലയിലും മണല്‍ക്കാടുകളുടെ വളര്‍ച്ച മൂലം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കുറഞ്ഞത്‌ 24,000 ഗ്രാമങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഉപേക്ഷിക്കപ്പെട്ടതായി ചൈനീസ്‌ ഗവേഷകര്‍ അറിയിക്കുന്നു.

ചൈന മാത്രമല്ല, മധ്യേഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്താന്‍, കാസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്കമെനിസ്താന്‍, യു.എസ്‌.എബെകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം മരുഭൂവത്ക്കരണത്തിന്റെ തിക്തഫലം ഏറിയോ കുറഞ്ഞോ അനുഭവിച്ചുകൊണ്ടിരിക്കുയാണെന്ന്‌ എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ട്‌ പറയുന്നു. ഒരു കാലത്ത്‌ സോവിയറ്റ്‌ യൂണിയന്റെ 'കന്യാഭൂമി പദ്ധതി'(Soviet Virgin Land Project) യുടെ ആസ്ഥാനമായിരുന്ന കസാഖ്സ്താന്‍, 1980-ന്‌ ശേഷം അതിന്റെ വിളഭൂമിയുടെ പകുതിയും മരുവത്ക്കരണം മൂലം ഉപേക്ഷിക്കേണ്ടി വന്നു.

അഫ്ഗാനിസ്താനിലെ രജിസ്താന്‍ മരുഭൂമി(Registan Desert) പടിഞ്ഞാറേയ്ക്ക്‌ വളര്‍ന്ന്‌ കൃഷിഭൂമി കാര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്‌. നൂറോളം ഗ്രാമങ്ങള്‍ മണല്‍ക്കാറ്റില്‍ മുങ്ങിപ്പോയതായി യു.എന്നിന്റെ പരിസ്ഥിതി പ്രോഗ്രാമായ യു.എന്‍.ഇ.പി. റിപ്പോര്‍ട്ടു ചെയ്യുന്നു. റോഡുകളില്‍ ചിലസ്ഥലങ്ങളില്‍ 15 മീറ്റര്‍ കനത്തില്‍ മണല്‍ മൂടിയിരിക്കുകയാണെത്രേ. മേഖലയിലെ ജനങ്ങള്‍ പുറംലോകത്തെത്താന്‍ വേറെ വഴി കണ്ടെത്തേണ്ട സ്ഥിതിയിലാണിപ്പോള്‍. ഇറാനിലെ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ 2002-ലെ മണല്‍ക്കാറ്റില്‍ 124 ഗ്രാമങ്ങളാണ്‌ മുങ്ങിപ്പോയത്‌. ഗ്രാമീണര്‍ക്ക്‌ വേറെ വാസസ്ഥലം തേടേണ്ട സ്ഥിതിയായി.

ആഫ്രിക്കയില്‍ സഹാറ മരുഭൂമി മൂന്നു രാജ്യങ്ങളിലെ (മൊറോക്കോ, ടുണീഷ്യ, അല്‍ജീരിയ) ജനങ്ങളെ വടക്കോട്ട്‌ തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്‌. സഹാറയുടെ വളര്‍ച്ച തടുക്കാനുള്ള ശ്രമങ്ങളൊന്നും കാര്യമായ ഫലം ചെയ്തിട്ടില്ല. ഗതികെട്ട അല്‍ജീരിയ അവരുടെ കൃഷിയിടങ്ങളും കൃഷിരീതികളും വരെ മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. നൈജീരിയയ്ക്ക്‌ 1355 ചതുരശ്ര മെയില്‍ കൃഷിഭൂമിയും മേച്ചില്‍പുറങ്ങളും വര്‍ഷം തോറും നഷ്ടപ്പെടുന്നു എന്നാണ്‌ കണക്ക്‌. വടക്കേയമേരിക്കയില്‍ മെക്സിക്കോയും ബ്രസീലുമാണ്‌ മരുവത്ക്കരണത്തിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യങ്ങള്‍. മെക്സിക്കോയില്‍ വര്‍ഷം തോറും ഏഴുലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടമാകാന്‍ മരുവത്ക്കരണം കാരണമാകുന്നു എന്നാണ്‌ കണക്ക്‌.

മരുഭൂവത്ക്കരണത്തിന്റെ മറുവശമാണ്‌ ഉയരുന്ന സമുദ്രനിരപ്പ്‌. ഭാവിയില്‍ ഏറ്റവുമധികം പേരെ ബാധിക്കാന്‍ പോകുന്ന പ്രശ്നമാകുമിത്‌. കാരണം, ഭൂമുഖത്തെ ജനങ്ങളില്‍ നല്ലൊരു ശതമാനം താഴ്‌ന്ന വിതാനങ്ങളില്‍ കടല്‍ക്കരയിലാണ്‌ കഴിയുന്നത്‌. ആഗോളതാപനത്തിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടില്‍ സമുദ്രവിതാനം 15 സെന്റിമീറ്റര്‍ ഉയര്‍ന്നു എന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. പുതിയ നൂറ്റാണ്ടില്‍ അന്തരീക്ഷ താപനില റിക്കോര്‍ഡ്‌ വേഗത്തില്‍ ഉയരുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഓരോവര്‍ഷം കഴിയുന്തോറും അന്തരീക്ഷത്തിലെ ഹരിതഗ്രഹ വാതകവ്യാപനത്തിന്റെ തോത്‌ വര്‍ധിക്കുന്നത്‌ ഇതിന്റെ സൂചനയാണ്‌.

സ്വാഭാവികമായും അന്തരീക്ഷതാപനില വര്‍ധിക്കുമ്പോള്‍ കടല്‍നിരപ്പ്‌ ഉയരും. രണ്ടുതരത്തിലാണ്‌ താപം വര്‍ധിക്കുമ്പോള്‍ ഇതു സംഭവിക്കുക. ചൂടുകൂടുമ്പോള്‍ കടലിലെ ജലം വികസിക്കുന്നത്‌ (thermal expansion) സമുദ്രനിരപ്പ്‌ ഉയരാനിടയാക്കും. അന്തരീക്ഷതാപനില ഉയരുമ്പോള്‍ ധ്രുവപ്രദേശങ്ങളിലെയും പര്‍വ്വതശിഖരങ്ങളിലെയും മഞ്ഞുപാളികള്‍ ഉരുകി കടലില്‍ ചേരുന്നതു കൊണ്ടും ജലനിരപ്പ്‌ ഉയരും. ഗ്രീന്‍ലന്‍ഡ്‌ മഞ്ഞുപാളി ഉരുകുന്നതിന്റെ തോത്‌ സമീപവര്‍ഷങ്ങളില്‍ വര്‍ധിച്ചത്‌ ശാസ്ത്രജ്ഞര്‍ കടുത്ത ആശങ്കയോടെയാണ്‌ കാണുന്നത്‌. ചില സ്ഥലങ്ങളില്‍ ഒന്നര കിലോമീറ്ററിലേറെ കനമുള്ള ആ മഞ്ഞുപാളി പൂര്‍ണമായി ഉരുകാനിടയായാല്‍ ആഗോളതലത്തില്‍ സമുദ്രവിതാനം ഏഴുമീറ്ററോളം ഉയരും.

സമുദ്രവിതാനം വെറും ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ തന്നെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്‌ അത്‌ താങ്ങാവുന്നതില്‍ അപ്പുറമായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ബംഗ്ലാദേശില്‍ മാത്രം 300 ലക്ഷം ജനങ്ങള്‍ക്ക്‌ കിടപ്പാടം നഷ്ടമാകും. അവര്‍ സ്വന്തം രാജ്യത്തോ അയല്‍ രാജ്യങ്ങളിലോ അഭയാര്‍ത്ഥികളാകുന്ന സ്ഥിതിയുണ്ടാകും. ലണ്ടന്‍, അലെക്സാഡ്രിയ, ബാങ്കോക്ക്‌ ഉള്‍പ്പടെ നൂറുകണക്കിന്‌ നഗരങ്ങള്‍ ഭാഗികമായി വെള്ളത്തിലാകും. ഇത്‌ സമുദ്രവിതാനം ഒരുമീറ്റര്‍ ഉയരുമ്പോഴത്തെ സ്ഥിതി. അപ്പോള്‍ ഗ്രീന്‍ലന്‍ഡ്‌ മഞ്ഞുപാളി അപ്പാടെ ഉരുകിയാലോ? മരുഭൂവത്ക്കരണവും ആഗോളതാപനവും തടയാന്‍ അടിയന്തരമായി നടപടികളെടുത്തില്ലെങ്കില്‍, സമീപ ഭാവിയില്‍ തന്നെ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്നാണ്‌ 'എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ട്‌ 'നല്‍കുന്ന മുന്നറിയിപ്പ്‌.
-ജോസഫ്‌ ആന്റണി

നിവര്‍ന്നിരിക്കുന്നത്‌ നട്ടെല്ലിന്‌ നന്നല്ല

ഇരിപ്പിനെപ്പറ്റി നമ്മള്‍ ധരിച്ചിട്ടുള്ള പല സംഗതികളും തിരുത്താന്‍ സമയമായെന്ന്‌ പുതിയൊരു പഠനം പറയുന്നു. പിന്നോട്ട്‌ ചാഞ്ഞ്‌ ആയാസരഹിതമായുള്ള ഇരിപ്പാണ്‌ നടുവേദന പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമത്രേ.

രിപ്പാണ്‌ നടുവേദയ്ക്ക്‌ മുഖ്യകാരണം; ഡിസ്ക്‌ തകരാറുകള്‍ക്കും. ഇക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ ദിവസവും ദീര്‍ഘനേരം ഇരിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ മിക്കവരും. ഓഫീസിലും കമ്പ്യൂട്ടറിന്‌ മുന്നിലും ടിവി കാണാനുമൊക്കെയായി മണിക്കൂറുകളോളം ഇരിക്കുന്നു. അങ്ങനെ ഇരിക്കേണ്ടിവരുമ്പോഴും കുത്തനെ നിവര്‍ന്നിരിക്കരുതെന്ന്‌ പുതിയൊരു പഠനം പറയുന്നു. കസേരയില്‍ ലംബമായി ഇരിക്കുമ്പോഴാണത്രേ നട്ടെല്ലിലെ ഡിസ്കുകള്‍ക്ക്‌ ഏറ്റവുമധികം സമ്മര്‍ദ്ദം ഏല്‍ക്കുന്നത്‌. പുറകോട്ട്‌ അല്‍പ്പം ചാഞ്ഞ്‌ ആയാസരഹിതമായി ഇരിക്കുക, അതാണ്‌ നല്ലത്‌.

സ്കോട്ട്ലന്‍ഡിലെയും കാനഡയിലെയും ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. 'മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ ഇമേജിങ്‌ ' അഥവാ എം.ആര്‍.ഐ.യുടെ പുതിയൊരു വകഭേദമുപയോഗിച്ചായിരുന്നു പഠനം. ഇരിക്കുമ്പോള്‍ ഒരാളുടെ നട്ടെല്ലിന്റെ കിഴ്ഭാഗത്ത്‌ എവിടെയൊക്കെ ഏതൊക്കെ രീതിയില്‍ സമ്മര്‍ദ്ദമേല്‍ക്കുന്നു എന്നാണ്‌ പരിശോധിച്ചത്‌. സ്കോട്ട്ലന്‍ഡില്‍ അബെര്‍ഡീനിലെ വുഡെന്‍ഡ്‌ ഹോസ്പിറ്റലില്‍ 22 സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടന്ന പഠനത്തിന്റെ ഫലം, വടക്കേയമേരിക്കന്‍ റേഡിയോളജിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. പഠനഫലം പറയുന്നത്‌ ഇതാണ്‌-ഇരിക്കുമ്പോള്‍ 135 ഡിഗ്രി പിന്നിലേക്ക്‌ ചാഞ്ഞിരിക്കുക.

സാധാരണ സ്കാനിങ്ങിന്‌ രോഗി നിശ്ചലമായി കിടക്കണം. പക്ഷേ, ഈ പഠനത്തില്‍ പങ്കെടുത്തവര്‍ മൂന്നു വ്യത്യസ്ഥരീതിയില്‍ ഇരിക്കുമ്പോള്‍ സ്കാനിങ്‌ നടത്തി; വീഡിയോ ഗെയിം കളിക്കാന്‍ ഇരിക്കുന്ന മാതിരി കസേരയില്‍ മുമ്പോട്ടു ചാഞ്ഞിരിക്കുമ്പോഴും, കുത്തനെ നിവര്‍ന്നിരിക്കുമ്പോഴും(90 ഡിഗ്രിയില്‍), പിന്നോട്ട്‌ സുഖകരമായി ചാഞ്ഞിരിക്കുമ്പോഴും(135 ഡിഗ്രിയില്‍). എം.ആര്‍.ഐ ഉപയോഗിച്ച്‌ നട്ടെല്ലിലെ ഡിസ്കുകളുടെ ഈ ഓരോ ഘട്ടത്തിലുമുള്ള സ്ഥാനവും ചെരിവും ഉയരവുമെല്ലാം ഗവേഷകര്‍ അളന്നു തിട്ടപ്പെടുത്തി.

കുത്തനെ നിവര്‍ന്നരിക്കുന്ന ആളുടെ ഡിസ്കുകള്‍ക്കാണ്‌ പ്രകടമായ സമ്മര്‍ദ്ദമേല്‍ക്കുന്നതായി കണ്ടതെന്ന്‌, പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ. വസീം ബഷിര്‍ അറിയിക്കുന്നു. കാനഡയില്‍ ആല്‍ബെര്‍ട്ട ഹോസ്പിറ്റല്‍ യൂണിവേഴ്സിറ്റിക്കു കീഴിലെ റേഡിയോളജി ആന്‍ഡ്‌ ഡയഗ്നോസ്റ്റിക്‌ ഇമേജിങ്‌ വകുപ്പിലെ ഗവേഷകാനാണ്‌ ഡോ.ബഷീര്‍. മുന്നോട്ടു ചാഞ്ഞിരിക്കുമ്പോള്‍, നട്ടെല്ലിന്റെ കീഴ്ഭാഗത്തെ ഡിസ്കുകള്‍ കൂടുതല്‍ ഞെരുങ്ങുന്നതായും കണ്ടു. തുടര്‍ച്ചയായി ഇരിക്കേണ്ടി വരുന്നവര്‍ ശരിയായ രീതിയിലല്ല ഇരിക്കുന്നതെങ്കില്‍ കാലക്രമേണ ഡിസ്ക്‌ തേയ്മാനം, ഡിസ്ക്‌ പ്രൊലോപ്സിസ്‌ തുടങ്ങിയവ പിടികൂടുകയും നടുവേദന ഒഴിയാബാധയാവുകയും ചെയ്യും. ആ നിലയ്ക്ക്‌ പ്രാധാന്യമര്‍ഹിക്കുന്ന പഠനമാണിതെന്ന്‌ ഗവേഷകര്‍ പറയുന്നു.

പക്ഷേ, ഈ പഠനഫലം അപ്പടി അംഗീകരിക്കുന്നത്‌ ഗുണം ചെയ്യില്ല എന്നു കരുതുന്ന വിദഗ്ധരുമുണ്ട്‌. പിന്നിലേക്ക്‌ അല്‍പ്പം ചാഞ്ഞിരിക്കുന്നതു തന്നെയാണ്‌ നന്ന്‌. പക്ഷേ, 135 ഡിഗ്രി വേണ്ട എന്ന്‌ 'ബാക്ക്‌ കീയര്‍' എന്ന സന്നദ്ധ സംഘടനയിലെ ലെവെന്റ്‌ കാഗ്ലര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയുള്ള ഇരിപ്പ്‌ പിന്നിലേക്ക്‌ കൂടുതല്‍ ചായാനുള്ള പ്രവണതയുണ്ടാക്കുകയും, ഇരിപ്പ്‌ സുഖകരമല്ലാതാക്കുകയും ചെയ്യും. അതിനാല്‍, പിന്നിലേക്ക്‌ 120 ഡിഗ്രി ചാഞ്ഞുള്ള ഇരിപ്പാണ്‌ ഏറ്റവും അനുയോജ്യം-കാഗ്ലര്‍ പറയുന്നു (മാതൃഭൂമി ദിനപ്പത്രം, 2006 ഡിസംബര്‍ 3).

Friday, December 01, 2006

മീശമാര്‍ജ്ജാരന്‍ ഓര്‍ക്കുട്ടില്‍

ശാസ്ത്രവിഷയങ്ങളില്‍ നിന്ന്‌ ഇടയ്ക്കൊരു മാറ്റമാവാം. ഒരു ചെറിയ ഇടവേള. ഒരു മാറ്റം ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌ എന്ന്‌ പരസ്യവാക്യം. പഴഞ്ചൊല്ലുകളെക്കാള്‍ ഇക്കാലത്ത്‌ ആളുകളെ സ്വാധീനിക്കുക പരസ്യചൊല്ലുകളാണല്ലോ.



മീശയെ പരിചയമില്ലത്തവര്‍ക്ക്‌ ഒരാമുഖം. മീശമാര്‍ജ്ജാരനും എലുമ്പനുമാണ്‌ കൂട്ട്‌; ഓസ്റ്റരിക്സും ഒബീലിക്സും പോലെ. എവിടെപ്പോയാലും അമിളി പറ്റുന്ന മലയാള സിനിമയിലെ ഹാസ്യതാരങ്ങളുടെ (അതോ മിമിക്രിതാരങ്ങളോ) പകര്‍പ്പുകളാണ്‌ മീശയും എലുമ്പനും.

ഒരു ദിവസം ഇരുവരും ബസില്‍ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ വെച്ച്‌ ഹാന്‍ഡ്ബാഗുമായി കയറിയ ഒരമ്മാവന്‍ മീശയുടെയും എലുമ്പന്റെയും അടുത്ത്‌ ഇരുപ്പുറപ്പിച്ചു. വിസ്തരിച്ചിരുന്ന ശേഷം അമ്മാവന്‍ മീശയെയും എലുമ്പനെയും സൂക്ഷിച്ചു നോക്കി. എന്നിട്ട്‌ കുശലത്തിലേക്കു കടന്നു.

'നിങ്ങള്‍ എവിടെ നിന്നു വരികയാ'.

'തിരുവനന്തപുരത്തു നിന്ന്‌'-മീശ പറഞ്ഞു.

'അങ്ങനെ പറയുന്നത്‌ ഭാഷാപരമായി തെറ്റാണ്‌'-മീശ എന്തോ വലിയ തെറ്റുചെയ്തു എന്ന രീതിയില്‍ അമ്മാവന്‍ ചൂണ്ടിക്കാട്ടി. എന്നിട്ട്‌ തുടര്‍ന്നു,'പറയുമ്പോള്‍ കര്‍ത്താവ്‌ കൂട്ടി പറയണം. എന്നുവെച്ചാല്‍, ഞങ്ങള്‍ തിരുവനന്തപുരത്തു നിന്ന്‌ വരികയാണ്‌, എന്നുവേണം പറയാന്‍'.

ദൈവമേ പുലിവാലായോ-എലുമ്പന്‍ മനസില്‍ സ്വയം പറഞ്ഞു, മീശയ്ക്കും അതുതന്നെ തോന്നി.

പിന്നീടുള്ള സംഭാഷണങ്ങള്‍ക്കെല്ലാം അമ്മാവനാണ്‌ മുന്‍കൈയെടുത്തതെങ്കിലും, ഓരോ തവണയും വിശദമായ വ്യാകരണപാഠങ്ങളുടെ പ്രഹരമേറ്റ്‌ മീശയും എലുമ്പനും പുളഞ്ഞു. എത്ര പറഞ്ഞിട്ടും ഇവറ്റകള്‍ വ്യാകരണനിബദ്ധമായി സംസാരിക്കുന്നില്ലെന്നായപ്പോള്‍, അമ്മാവന്‍ തീരുമാനിച്ചുറപ്പിച്ച മാതിരി ഉത്തവിട്ടു; "സംസാരിക്കുന്നെങ്കില്‍ കര്‍ത്താവ്‌ കൂട്ടി പറയണം, വയ്യെങ്കില്‍ മിണ്ടാതിരിന്നു കൊള്ളണം'.

അനുസരണയുള്ള കുട്ടികളെപ്പോലെ മീശയും എലുമ്പനും മിണ്ടാതിരുന്നു. കുറെ ദൂരം പോയപ്പോള്‍ ഒരു പോക്കറ്റടിക്കാരന്‍ ബാഗ്‌ അടിച്ചെടുത്ത സന്തോഷത്തില്‍ ബസില്‍ നിന്ന്‌ ചാടിയിറങ്ങി മറഞ്ഞു. അല്‍പ്പ ദൂരം കൂടിപ്പോയപ്പോഴാണ്‌ തന്റെ ബാഗ്‌ കൈയിലില്ല എന്ന്‌ അമ്മാവന്‍ നടുക്കത്തോടെ അറിഞ്ഞത്‌.

'അയ്യോ, എന്റെ ബാഗ്‌'-അമ്മാവന്റെ നിലവിളി കേട്ട എലുമ്പന്‍ പറഞ്ഞു, 'കുറച്ചു മുമ്പ്‌ ഒരാള്‍ അതെടുത്ത്‌ പുറത്തേക്ക്‌ പോകുന്നതു കണ്ടു'.

'ദ്രോഹികളേ, എന്നിട്ടു പറയാത്തതെന്താ'-അമ്മാവന്‍ കയര്‍ത്തു.

'ബാഗ്‌ കള്ളന്‍ എടുത്തുകൊണ്ട്‌ പോയി എന്നാണോ പറയേണ്ടത്‌, അതോ കള്ളന്‍ ബാഗുമെടുത്ത്‌ പോയി എന്നാണോ പറയേണ്ടതെന്ന്‌ അറിയാത്തതു കൊണ്ട്‌, 'കര്‍ത്താവിനെ'യോര്‍ത്ത്‌ മിണ്ടാതിരുന്നതാ'എലുമ്പന്‍ വിനയപൂര്‍വ്വം അറിയിച്ചു.

'ബാലഭൂമി'യിലെ സന്തോഷിന്റെ ഇത്തരം സൂപ്പര്‍ഹിറ്റ്‌ മീശകഥകളും സംഭാഷണങ്ങളും ദേവപ്രകാശിന്റെ മീശവരയും കൂടിച്ചേര്‍ന്നപ്പോള്‍, മീശയ്ക്ക്‌ ആരാധകര്‍ കൂടുക സ്വാഭാവികം മാത്രം. ആരാധന കൂടിയാലത്തെ പ്രശ്നം അതെവിടെ ചെന്ന്‌ അവസാനിക്കും എന്ന്‌ മുന്‍കൂട്ടി പറയാനാകില്ല എന്നതാണ്‌. അതുതന്നെ സംഭവിച്ചു. ഈ നവംബര്‍ അവസാന ആഴ്ച എനിക്ക്‌ ടി.പി.ഗായത്രിയില്‍ നിന്ന്‌ ഒരു ക്ഷണം കിട്ടി, ജി-മെയില്‍ വഴി; അവള്‍ സൃഷ്ടിച്ച ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റിയില്‍ അംഗമാകൂ എന്ന്‌.

കമ്പ്യൂട്ടര്‍ കണ്ടാല്‍ ഭയഭക്തിയോടെ തൊടാതെ മാറിനില്‍ക്കുമായിരുന്ന ഗായത്രി ഓര്‍ക്കുട്ടിലെത്തിയെന്നു മാത്രമല്ല, വഴിയെപോയ വയ്യാവേലികളെയൊക്കെ പിടിച്ച്‌ സുഹൃത്തുക്കളാക്കുകയും ചെയ്തു. എന്നിട്ടിപ്പോള്‍ സ്വന്തമായി ബിസിനസ്‌ സ്ഥാപനം തുടങ്ങുന്നതു പോല ഒരു കമ്മ്യൂണിറ്റിയുമോ എന്ന്‌ ആശ്ചര്യപ്പെട്ട്‌ ഞാന്‍ ചെന്നു നോക്കി. അതാ സാക്ഷാല്‍ 'മീശമാര്‍ജ്ജാരന്‍' കമ്മ്യൂണിറ്റിയായിരിക്കുന്നു. സൃഷ്ടാവ്‌ ഗായത്രി. വളരെ വേഗമായിരുന്നു മീശയുടെ ആരാധകരുടെ കടന്നു കയറ്റം. ഒറ്റദിവസം കൊണ്ട്‌ 24 പേര്‍. ദേവപ്രകാശ്‌ ചൂടായി; ആരോട്‌ ചോദിച്ചിട്ട്‌ നിങ്ങളൊക്കെ മീശയുടെ ആരാധകരായി എന്ന്‌.

ആന്റി മലബാര്‍

മീശ മാത്രമല്ല, ഓര്‍ക്കുട്ടിലെ കമ്മ്യൂണിറ്റികള്‍ക്ക്‌ അന്തമില്ല. ഓരോ നിമിഷവും ആര്‌ വേണമെങ്കിലും കമ്മ്യൂണിറ്റിയുണ്ടക്കിക്കളയും എന്നതാണ്‌ സ്ഥിതി. ഏതാനും വര്‍ഷം മുമ്പ്‌ പത്രപ്രവര്‍ത്തനം നടത്താനായി കോഴിക്കോട്ടെത്തിയ ഒരു തിരുവനന്തപുരം യുവാവിന്റെ കഥകേള്‍ക്കൂ. എന്നും വൈകുന്നേരം മാനാഞ്ചിറയില്‍ നിന്ന്‌ ബസ്‌ കയറി എരഞ്ഞിപ്പാലത്തെ തന്റെ ലോഡ്ജിലേക്ക്‌ ഈ യുവാവ്‌ പോവുക പതിവാണ്‌ (പോകാതെ തരമില്ല). സാധാരണഗതിയില്‍ ബസിന്റെ പിന്നിലെ സീറ്റിലാകും ഇരിക്കുക; സുഹൃത്തുക്കളാരെങ്കിലും കൂടെയുണ്ടാവുകയും ചെയ്യും.

ബസില്‍ ഇരുപ്പുറപ്പിച്ചാല്‍ ഉടന്‍ യുവാവ്‌ തുടങ്ങുകയായി, 'ഈ മലബാറുകാരൊന്നും ശരിയല്ല, എന്തു മലബാര്‍, ഏത്‌ മലബാര്‍, ഒരു കുഞ്ഞാലിക്കുട്ടി മാത്രമുണ്ടിവിടെ', എന്നിങ്ങനെ. വളരെ ഉച്ചത്തിലാണ്‌ അഭിപ്രായ പ്രകടനം. സ്വാഭാവികമായും ബസിലുള്ള പാവം മലബാറുകാര്‍ ഷോക്കടിച്ചതുപോലെ ഒന്നു പരുങ്ങും; എന്തു മറുപടി പറയണമെന്നറിയാതെ. ശുദ്ധഗതിക്കാരായതു കൊണ്ട്‌ അവര്‍ വിചാരിക്കും വിവരദോഷികള്‍ എന്തെല്ലാം പറയുന്നു, നമ്മള്‍ എന്തിന്‌ ചെവികൊടുക്കണം എന്ന്‌. എരഞ്ഞിപ്പാലത്ത്‌ ബസിറങ്ങും വരെ യുവാവ്‌ മലബാറുകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്‌ തുടരും.

മറ്റൊരു തെക്കന്‍ സുഹൃത്തുമായി ചേര്‍ന്ന്‌ ഈ യുവാവ്‌ ഒരു ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റി തുടങ്ങിയാല്‍ അതെന്തായിരുക്കും എന്ന്‌ ഊഹിക്കാമല്ലോ, 'ആന്റി മലബാര്‍'. രണ്ടുപേര്‍ മാത്രമേ മൂന്നാഴ്ചയായിട്ടും കമ്മ്യൂണിറ്റിയില്‍ ചേര്‍ന്നിട്ടുള്ളൂ.

എന്തുകൊണ്ട്‌ 'ആന്റിമലബാര്‍' എന്നകാര്യം കമ്മ്യൂണിറ്റിയുടെ പേജില്‍ വിശദീകരിക്കുന്നുണ്ട്‌. അതില്‍ ചില വരികള്‍ ഇവിടെ ചേര്‍ക്കാം.

'മലബാര്‍ ഒരു നരകമാണ്‌.
ഇവിടെ ചൂര മീനില്ല,
കൊള്ളാവുന്ന ഒരു തീയേറ്ററില്ല,
കണ്ണില്‍ കണ്ട എന്തിനെയും ഇവര്‍ പിടിച്ച്‌ ഉപ്പിലിടും; ലെഡും ജിലേബിയും വരെ!'. എങ്ങനെയുണ്ട്‌.

ജയിംസ്‌ വാട്സണും കള്ളും

കേരളത്തിലെ ഒട്ടുമുക്കാലും സ്കൂളുകളും കോളേജുകളും ഓര്‍ക്കുട്ടില്‍ വിര്‍ച്വല്‍ രൂപത്തില്‍ കമ്മ്യൂണിറ്റികളായി പുനര്‍ജനിച്ചു കഴിഞ്ഞു. വിദ്യാലയങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കൊള്ളാവുന്ന സാസ്കാരിക സ്ഥാപനങ്ങള്‍ കള്ളുഷാപ്പുകളാണ്‌. ക്ലാസ്മേറ്റ്സ്‌ കഴിഞ്ഞാല്‍ ഗ്ലാസ്മേറ്റ്സ്‌. 'കള്ളും കപ്പേം മത്തിക്കറിയും' എന്നാണ്‌ നവംബര്‍ 28-ന്‌ ഓര്‍ക്കുട്ടില്‍ രൂപപ്പെട്ട ഒരു കമ്മ്യൂണിറ്റിയുടെ പേര്‌. ഒരേ കള്ളുഷാപ്പില്‍ വന്നു പോയ കുടിയന്‍മാര്‍ക്ക്‌ ബന്ധപ്പെടാന്‍ ആ ഷാപ്പിന്റെ നമ്പറില്‍ ഒരു ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റി തുടങ്ങിയാല്‍ മതി. അത്‌ പിന്നെ എത്രവേണമെങ്കിലും വികസിപ്പിക്കാം.

ഡി.എന്‍.എ യ്ക്ക്‌ പിരിയന്‍ ഗോവണിയുടെ (ഡബിള്‍ ഹെലിക്സ്‌) ആകൃതിയാണെന്നു കണ്ടുപിടിച്ചത്‌ ജയിംസ്‌ വാട്സണും ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്നാണ്‌; 1953ല്‍ (മനുഷ്യന്‍ ആദ്യമായി എവറസ്റ്റുകൊടുമുടി കീഴടക്കിയതും ആ വര്‍ഷമായിരുന്നു). ഇവരില്‍ ജയിംസ്‌ വാട്സണ്‍ തിരുവനന്തപുരത്ത്‌ വന്നിട്ടുണ്ട്‌. അന്ന്‌ അദ്ദേഹത്തെ ഏറ്റവും അത്ഭുതപ്പെടുത്തിയത്‌ തെങ്ങിന്റെ കുലയില്‍ കലം വെച്ച്‌ എങ്ങനെ കള്ളെടുക്കാന്‍ കഴിയുന്നു എന്ന കാര്യമാണെന്ന്‌, വാട്സനെ കാണാന്‍ പോയ പത്രപ്രവര്‍ത്തകനായ ശശിധരന്‍ മങ്കത്തില്‍ പറയുന്നു.

കള്ളെന്നു വെച്ചാല്‍ സായ്പിന്‌ ഇത്ര അത്ഭുതകരമായ സംഗതിയായതിനാല്‍, താമസിയാതെ ഓര്‍ക്കുട്ടിലെ 'കള്ള്‌ കമ്മ്യൂണിറ്റി'കളെ കുറിച്ച്‌ പാശ്ചാത്യ സര്‍വകലാശാലകളിലെവിടെയെങ്കിലും ഗവേഷണം ആരംഭിച്ചേക്കാം. നല്ല ഗവേഷണമാണെങ്കില്‍ നോബല്‍ സമ്മാനം പോലും കിട്ടിക്കൂടെന്നില്ല. കള്ളുകമ്മ്യൂണിറ്റിക്കാരാകുന്നത്‌ നോബല്‍സമ്മാനവുമായി ബന്ധപ്പെട്ട കാര്യമാണെന്ന്‌ പക്ഷേ, ഏതെങ്കിലും കുടിയന്‌ നിശ്ചയമുണ്ടോ എന്നേ സംശയമുള്ളൂ.

ഓര്‍ക്കുട്ട്‌ അടയാളങ്ങളുടെ ലോകം

രോ കമ്മ്യൂണിറ്റി തുടങ്ങുമ്പോഴും, ഓര്‍ക്കുട്ടിന്റെ ഉടമസ്ഥരായ ഗൂഗിളിന്‌ കാശുണ്ടാക്കാന്‍ ഒരു പഴുതുകൂടി തുറന്നുകിട്ടുന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ഓര്‍ക്കുട്ടിലെ ഒരാളുടെയും പേജില്‍ 'സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ ' എന്ന പേരില്‍ പരസ്യം കാണാറില്ല. പക്ഷേ, കമ്മ്യൂണിറ്റി പേജില്‍ ഉണ്ട്‌. കമ്മ്യൂണിറ്റി പേജുകള്‍ വഴിയാണ്‌ ഗൂഗിള്‍ ഓര്‍ക്കുട്ടില്‍ നിന്ന്‌ പണമുണ്ടാക്കുന്നത്‌.

എന്തുകൊണ്ട്‌ ഓര്‍ക്കുട്ട്‌ എന്ന കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക്‌ ഇത്രയേറെ പ്രിയങ്കരമാകുന്നു. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഓര്‍ക്കുട്ട്‌ മാറുന്നതിന്‌ പിന്നിലെ രഹസ്യമെന്താണ്‌. ഒരു പക്ഷേ, ഇ-മെയിലിനു ശേഷം നെറ്റില്‍ ഇത്രമാത്രം സ്വീകരിക്കപ്പെട്ട സര്‍വീസുകള്‍ കുറവായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാം എന്നൊക്കെ പലരും പറയാറുണ്ട്‌; ഓര്‍ക്കുട്ടിന്റെ പ്രത്യേകതയായി. അത്‌ ശരിയുമാണ്‌. പക്ഷേ, അതുമാത്രമല്ല ഓര്‍ക്കുട്ടിന്റെ വിജയത്തിന്‌ കാരണം. ഒരാളെ ഒറ്റയടിക്ക്‌ പ്രശസ്തനാക്കുന്നു ഓര്‍ക്കുട്ട്‌. 50 സുഹൃത്തുക്കളെ ഒരാള്‍ക്ക്‌ നേടാന്‍ കഴിഞ്ഞാല്‍, അത്രയും പേര്‍ക്കിടയില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കാം. സുഹൃത്തുക്കളൊക്കെ തന്റെയൊപ്പമുണ്ടെന്ന്‌ ഒരു തോന്നലും മനസിലുദിക്കും.

പക്ഷേ, ഇതിനും അപ്പുറത്ത്‌ ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അടയാളങ്ങളിലൂടെയാണ്‌ ഒരാള്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്‌. അതുകൊണ്ടാണ്‌ നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറി പോലെ അയല്‍ക്കാരന്റെ സ്വീകരണമുറി കാണപ്പെടാത്തത്‌. നിങ്ങളുടെ മുറി അലങ്കരിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടവയായിരിക്കും. നിങ്ങളുടെ പേരായിരിക്കും അവിടെ വാതിലിന്‌ മുന്നിലുണ്ടാവുക. എന്നുവെച്ചാല്‍ നിങ്ങളെ സംബന്ധിച്ച ഒരു അടയാളസങ്കേതമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. നമ്മള്‍ ചെല്ലുന്നിടത്തൊക്കെ ഇത്തരം ഒരു അടയാളപ്പെടുത്തല്‍ സ്വാഭാവികം മാത്രം.

ഒരാള്‍ക്ക്‌ തന്റെ അടയാളസങ്കേതം ഒരു പത്യേക സുരക്ഷിതത്വം നല്‍കുന്നു, ആശ്വാസം നല്‍കുന്നു, സന്തോഷം നല്‍കുന്നു. ആ അടയാളങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കണമെന്നും മിക്കവരും ആഗ്രഹിക്കുന്നു.മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവികളുടെയും ആദിമജൈവചോദനയില്‍ ഈ അടയാളപ്പെടുത്തലിന്റെ പ്രേരണ അടങ്ങിയിട്ടുണ്ടെന്ന്‌ ഡെസ്മെണ്ട്‌ മൊറിസ്‌ 'ഹുമണ്‍ സൂ' എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്നു പോകുന്നതിനിടെ നായ വേലിക്കല്ല്‌ കണ്ടാല്‍ കാലു പൊന്തിച്ച്‌ മൂത്രമൊഴിക്കുന്നത്‌ ഈ ചോദനയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന്‌ അദ്ദേഹം പറയുന്നു. ആ ജീവി തന്റേതായ ഒരു അടയാളം അവിടെ സ്ഥാപിക്കുകയാണ്‌. സ്വന്തം ഫോട്ടോ എടുത്ത്‌ വേലിക്കല്ലില്‍ തൂക്കാന്‍ നായയ്ക്കാവില്ലല്ലോ.

ഈ ചോദന ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ മനുഷ്യന്‌ അവസരം തരുന്നു ഓര്‍ക്കുട്ട്‌. നിങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടചിത്രങ്ങള്‍, ഇഷ്ടചങ്ങാതികള്‍, ഇഷ്ടവാക്യങ്ങള്‍,... എല്ലാം അവിടെ അടയാളപ്പെടുത്താം. മറ്റുള്ളവര്‍ക്കു മുന്നില്‍. അടയാളങ്ങളുടെ ഒരു വിര്‍ച്വല്‍ലോകം.. ഒരു സുരക്ഷിത സങ്കേതം. ഓര്‍ക്കുട്ടിന്റെ ഉപജ്ഞേതാവ്‌ തുര്‍ക്കിക്കാരനായ ഓര്‍ക്കുട്‌ ബുയുക്കൊക്ടേന്‍ ആണ്‌. അദ്ദേഹം ഇതൊക്കെ ആലോചിച്ചാണോ ഓര്‍ക്കുട്‌ രൂപപ്പെടുത്തിയതെന്നറിയില്ല.

700 കോടി സ്പാം മെയിലുകള്‍, നവംബറില്‍ മാത്രം

ശല്യമെയിലുകളുടെ പ്രളയമാണ്‌ നെറ്റില്‍. ഇ-മെയില്‍ സെര്‍വറുകളെ അവ ശ്വാസം മുട്ടിക്കുന്നു.കമ്പ്യൂട്ടറുകളില്‍ അനാവശ്യ ചവറുകള്‍ വന്നു നിറയുന്നു. ലോകത്താകെ ഇപ്പോള്‍ വിനിമയം ചെയ്യപ്പെടുന്ന പത്ത്‌ ഇ-മെയിലുകളില്‍ ഒന്‍പതും ശല്യമെയിലുകളാണ്‌

നവംബറില്‍ മാത്രം ഇന്റര്‍നെറ്റ്‌ വഴി ലോകത്താകമാനം എത്തിയ ശല്യമെയിലുകളുടെ(spam mails) എണ്ണമെത്രയെന്നോ; 700 കോടി! കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച്‌ ഇത്‌ മൂന്നിരട്ടിയായെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെറ്റിലൂടെ ഹൈജാക്ക്‌ ചെയ്ത കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ക്രിമിനല്‍ സംഘങ്ങളാണ്‌ ഈ സ്പാംപ്രളയത്തിനു ചുക്കാന്‍ പിടിക്കുന്നത്‌.

ലോകത്ത്‌ ഇപ്പോള്‍ വിനിമയം ചെയ്യപ്പെടുന്ന പത്ത്‌ ഇ-മെയിലുകളില്‍ ഒന്‍പതും ശല്യമെയിലുകളാണെന്ന്‌, അമേരിക്കന്‍ ഇന്റര്‍നെറ്റ്‌ സുരക്ഷാകമ്പനിയായ 'പോസ്റ്റിനി'(Postini) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ക്രിസ്മസ്‌ സീസണ്‍ ആയതോടെ നെറ്റില്‍ ശല്യമെയിലുകളുടെ എണ്ണം അസാധാരണമായി പെരുകിയിരിക്കുകയാണ്‌.

വ്യാജവയാഗ്ര, ലോണുകള്‍, രതിസഹായ ഉപകരണങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ്‌ മിക്ക ശല്യമെയിലുകളും. ഇ-മെയില്‍ സംവിധാനങ്ങളും സെര്‍വറുകളും അമിതഭാരം കൊണ്ട്‌ വീര്‍പ്പുമുട്ടാന്‍ ശല്യമെയിലുകളുടെ പ്രളയം കാരണമാകുന്നതായി, പോസ്റ്റിനിയുടെ വൈസ്‌ പ്രസിഡന്റുമാരിലൊരാളായ ഡാന്‍ ഡ്രക്കര്‍ പറയുന്നു.

ജൂണില്‍ 250 കോടി ശല്യമെയിലുകള്‍ നെറ്റിലൂടെ ഒഴുകിയെങ്കില്‍, നവംബറില്‍ അത്‌ 700 കോടിയായി-പോസ്റ്റിനിയുടെ കണക്ക്‌ ഇതാണ്‌. കഴിഞ്ഞ രണ്ടുമാസം കൊണ്ടുമാത്രം ബ്രിട്ടനില്‍ ശല്യമെയിലുകളുടെ വരവ്‌ 50 ശതമാനമാണ്‌ വര്‍ധിച്ചതെന്ന്‌ 'സര്‍ഫ്കണ്‍ട്രോള്‍'(Surfcontrol) എന്ന ഇന്റര്‍നെറ്റ്‌ സുരക്ഷാകമ്പനി അറിയിക്കുന്നു.

ശല്യമെയിലുകളുടെ മുഖ്യഉറവിടം യു.എസ്‌, ചൈന, പോളണ്ട്‌ എന്നീ രാജ്യങ്ങളാണെന്നാണ്‌ 'മാര്‍ഷല്‍'(Marshal) എന്ന സുരക്ഷാകമ്പനി കണ്ടെത്തിയിട്ടുള്ളത്‌. 80 ശതമാനം ശല്യമെയിലുകള്‍ക്കും പിന്നില്‍ ഏതാണ്ട്‌ ഇരുന്നൂറോളം ക്രിമിനല്‍ സംഘങ്ങളാണത്രേ പ്രവര്‍ത്തിക്കുന്നത്‌. ഇ-മെയിലുകള്‍ അയയ്ക്കാന്‍ പാകത്തില്‍ ലക്ഷക്കണക്കിന്‌ കമ്പ്യൂട്ടറുകളെ നെറ്റിലൂടെ ഹൈജാക്ക്‌ ചെയ്യാന്‍ സഹായിക്കുന്ന നിയമവിരുദ്ധ പ്രോഗ്രാമുകളാണ്‌, സ്പാം പ്രളയത്തിലെ യഥാര്‍ത്ഥ പ്രതിയെന്ന്‌ വിദഗ്ധര്‍ പറയുന്നു.

ഇപ്രകാരം ഹൈജാക്ക്‌ ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളുടെ ശൃംഗല ഉപയോഗിച്ചാണ്‌ ശല്യമെയിലുകളുടെ അനന്തമായ പ്രവാഹം ക്രിമിനല്‍ സംഘങ്ങള്‍ സൃഷ്ടിക്കുന്നത്‌. ആ ശൃംഗലയ്ക്ക്‌ 'സോംബീ നെറ്റ്‌വര്‍ക്ക്സ്‌ '(zombie networks) എന്നാണ്‌ പേര്‌. 'ബോട്ട്നെറ്റ്സ്‌ '(botnets) എന്നും ഇവ അറിയപ്പെടുന്നു. ബോട്ട്നെറ്റുകള്‍ക്ക്‌ ഒരുലക്ഷത്തോളം കമ്പൂട്ടറുകളെ(അവയുടെ ഉടമസ്ഥരുടെ അറിവില്ലാതെ) ഒറ്റയടിക്ക്‌ അതിന്റെ ശൃംഗലയില്‍ കൊണ്ടുവരാനാകും.(അവലംബം: Reuters)