Friday, December 01, 2006

മീശമാര്‍ജ്ജാരന്‍ ഓര്‍ക്കുട്ടില്‍

ശാസ്ത്രവിഷയങ്ങളില്‍ നിന്ന്‌ ഇടയ്ക്കൊരു മാറ്റമാവാം. ഒരു ചെറിയ ഇടവേള. ഒരു മാറ്റം ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌ എന്ന്‌ പരസ്യവാക്യം. പഴഞ്ചൊല്ലുകളെക്കാള്‍ ഇക്കാലത്ത്‌ ആളുകളെ സ്വാധീനിക്കുക പരസ്യചൊല്ലുകളാണല്ലോ.മീശയെ പരിചയമില്ലത്തവര്‍ക്ക്‌ ഒരാമുഖം. മീശമാര്‍ജ്ജാരനും എലുമ്പനുമാണ്‌ കൂട്ട്‌; ഓസ്റ്റരിക്സും ഒബീലിക്സും പോലെ. എവിടെപ്പോയാലും അമിളി പറ്റുന്ന മലയാള സിനിമയിലെ ഹാസ്യതാരങ്ങളുടെ (അതോ മിമിക്രിതാരങ്ങളോ) പകര്‍പ്പുകളാണ്‌ മീശയും എലുമ്പനും.

ഒരു ദിവസം ഇരുവരും ബസില്‍ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ വെച്ച്‌ ഹാന്‍ഡ്ബാഗുമായി കയറിയ ഒരമ്മാവന്‍ മീശയുടെയും എലുമ്പന്റെയും അടുത്ത്‌ ഇരുപ്പുറപ്പിച്ചു. വിസ്തരിച്ചിരുന്ന ശേഷം അമ്മാവന്‍ മീശയെയും എലുമ്പനെയും സൂക്ഷിച്ചു നോക്കി. എന്നിട്ട്‌ കുശലത്തിലേക്കു കടന്നു.

'നിങ്ങള്‍ എവിടെ നിന്നു വരികയാ'.

'തിരുവനന്തപുരത്തു നിന്ന്‌'-മീശ പറഞ്ഞു.

'അങ്ങനെ പറയുന്നത്‌ ഭാഷാപരമായി തെറ്റാണ്‌'-മീശ എന്തോ വലിയ തെറ്റുചെയ്തു എന്ന രീതിയില്‍ അമ്മാവന്‍ ചൂണ്ടിക്കാട്ടി. എന്നിട്ട്‌ തുടര്‍ന്നു,'പറയുമ്പോള്‍ കര്‍ത്താവ്‌ കൂട്ടി പറയണം. എന്നുവെച്ചാല്‍, ഞങ്ങള്‍ തിരുവനന്തപുരത്തു നിന്ന്‌ വരികയാണ്‌, എന്നുവേണം പറയാന്‍'.

ദൈവമേ പുലിവാലായോ-എലുമ്പന്‍ മനസില്‍ സ്വയം പറഞ്ഞു, മീശയ്ക്കും അതുതന്നെ തോന്നി.

പിന്നീടുള്ള സംഭാഷണങ്ങള്‍ക്കെല്ലാം അമ്മാവനാണ്‌ മുന്‍കൈയെടുത്തതെങ്കിലും, ഓരോ തവണയും വിശദമായ വ്യാകരണപാഠങ്ങളുടെ പ്രഹരമേറ്റ്‌ മീശയും എലുമ്പനും പുളഞ്ഞു. എത്ര പറഞ്ഞിട്ടും ഇവറ്റകള്‍ വ്യാകരണനിബദ്ധമായി സംസാരിക്കുന്നില്ലെന്നായപ്പോള്‍, അമ്മാവന്‍ തീരുമാനിച്ചുറപ്പിച്ച മാതിരി ഉത്തവിട്ടു; "സംസാരിക്കുന്നെങ്കില്‍ കര്‍ത്താവ്‌ കൂട്ടി പറയണം, വയ്യെങ്കില്‍ മിണ്ടാതിരിന്നു കൊള്ളണം'.

അനുസരണയുള്ള കുട്ടികളെപ്പോലെ മീശയും എലുമ്പനും മിണ്ടാതിരുന്നു. കുറെ ദൂരം പോയപ്പോള്‍ ഒരു പോക്കറ്റടിക്കാരന്‍ ബാഗ്‌ അടിച്ചെടുത്ത സന്തോഷത്തില്‍ ബസില്‍ നിന്ന്‌ ചാടിയിറങ്ങി മറഞ്ഞു. അല്‍പ്പ ദൂരം കൂടിപ്പോയപ്പോഴാണ്‌ തന്റെ ബാഗ്‌ കൈയിലില്ല എന്ന്‌ അമ്മാവന്‍ നടുക്കത്തോടെ അറിഞ്ഞത്‌.

'അയ്യോ, എന്റെ ബാഗ്‌'-അമ്മാവന്റെ നിലവിളി കേട്ട എലുമ്പന്‍ പറഞ്ഞു, 'കുറച്ചു മുമ്പ്‌ ഒരാള്‍ അതെടുത്ത്‌ പുറത്തേക്ക്‌ പോകുന്നതു കണ്ടു'.

'ദ്രോഹികളേ, എന്നിട്ടു പറയാത്തതെന്താ'-അമ്മാവന്‍ കയര്‍ത്തു.

'ബാഗ്‌ കള്ളന്‍ എടുത്തുകൊണ്ട്‌ പോയി എന്നാണോ പറയേണ്ടത്‌, അതോ കള്ളന്‍ ബാഗുമെടുത്ത്‌ പോയി എന്നാണോ പറയേണ്ടതെന്ന്‌ അറിയാത്തതു കൊണ്ട്‌, 'കര്‍ത്താവിനെ'യോര്‍ത്ത്‌ മിണ്ടാതിരുന്നതാ'എലുമ്പന്‍ വിനയപൂര്‍വ്വം അറിയിച്ചു.

'ബാലഭൂമി'യിലെ സന്തോഷിന്റെ ഇത്തരം സൂപ്പര്‍ഹിറ്റ്‌ മീശകഥകളും സംഭാഷണങ്ങളും ദേവപ്രകാശിന്റെ മീശവരയും കൂടിച്ചേര്‍ന്നപ്പോള്‍, മീശയ്ക്ക്‌ ആരാധകര്‍ കൂടുക സ്വാഭാവികം മാത്രം. ആരാധന കൂടിയാലത്തെ പ്രശ്നം അതെവിടെ ചെന്ന്‌ അവസാനിക്കും എന്ന്‌ മുന്‍കൂട്ടി പറയാനാകില്ല എന്നതാണ്‌. അതുതന്നെ സംഭവിച്ചു. ഈ നവംബര്‍ അവസാന ആഴ്ച എനിക്ക്‌ ടി.പി.ഗായത്രിയില്‍ നിന്ന്‌ ഒരു ക്ഷണം കിട്ടി, ജി-മെയില്‍ വഴി; അവള്‍ സൃഷ്ടിച്ച ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റിയില്‍ അംഗമാകൂ എന്ന്‌.

കമ്പ്യൂട്ടര്‍ കണ്ടാല്‍ ഭയഭക്തിയോടെ തൊടാതെ മാറിനില്‍ക്കുമായിരുന്ന ഗായത്രി ഓര്‍ക്കുട്ടിലെത്തിയെന്നു മാത്രമല്ല, വഴിയെപോയ വയ്യാവേലികളെയൊക്കെ പിടിച്ച്‌ സുഹൃത്തുക്കളാക്കുകയും ചെയ്തു. എന്നിട്ടിപ്പോള്‍ സ്വന്തമായി ബിസിനസ്‌ സ്ഥാപനം തുടങ്ങുന്നതു പോല ഒരു കമ്മ്യൂണിറ്റിയുമോ എന്ന്‌ ആശ്ചര്യപ്പെട്ട്‌ ഞാന്‍ ചെന്നു നോക്കി. അതാ സാക്ഷാല്‍ 'മീശമാര്‍ജ്ജാരന്‍' കമ്മ്യൂണിറ്റിയായിരിക്കുന്നു. സൃഷ്ടാവ്‌ ഗായത്രി. വളരെ വേഗമായിരുന്നു മീശയുടെ ആരാധകരുടെ കടന്നു കയറ്റം. ഒറ്റദിവസം കൊണ്ട്‌ 24 പേര്‍. ദേവപ്രകാശ്‌ ചൂടായി; ആരോട്‌ ചോദിച്ചിട്ട്‌ നിങ്ങളൊക്കെ മീശയുടെ ആരാധകരായി എന്ന്‌.

ആന്റി മലബാര്‍

മീശ മാത്രമല്ല, ഓര്‍ക്കുട്ടിലെ കമ്മ്യൂണിറ്റികള്‍ക്ക്‌ അന്തമില്ല. ഓരോ നിമിഷവും ആര്‌ വേണമെങ്കിലും കമ്മ്യൂണിറ്റിയുണ്ടക്കിക്കളയും എന്നതാണ്‌ സ്ഥിതി. ഏതാനും വര്‍ഷം മുമ്പ്‌ പത്രപ്രവര്‍ത്തനം നടത്താനായി കോഴിക്കോട്ടെത്തിയ ഒരു തിരുവനന്തപുരം യുവാവിന്റെ കഥകേള്‍ക്കൂ. എന്നും വൈകുന്നേരം മാനാഞ്ചിറയില്‍ നിന്ന്‌ ബസ്‌ കയറി എരഞ്ഞിപ്പാലത്തെ തന്റെ ലോഡ്ജിലേക്ക്‌ ഈ യുവാവ്‌ പോവുക പതിവാണ്‌ (പോകാതെ തരമില്ല). സാധാരണഗതിയില്‍ ബസിന്റെ പിന്നിലെ സീറ്റിലാകും ഇരിക്കുക; സുഹൃത്തുക്കളാരെങ്കിലും കൂടെയുണ്ടാവുകയും ചെയ്യും.

ബസില്‍ ഇരുപ്പുറപ്പിച്ചാല്‍ ഉടന്‍ യുവാവ്‌ തുടങ്ങുകയായി, 'ഈ മലബാറുകാരൊന്നും ശരിയല്ല, എന്തു മലബാര്‍, ഏത്‌ മലബാര്‍, ഒരു കുഞ്ഞാലിക്കുട്ടി മാത്രമുണ്ടിവിടെ', എന്നിങ്ങനെ. വളരെ ഉച്ചത്തിലാണ്‌ അഭിപ്രായ പ്രകടനം. സ്വാഭാവികമായും ബസിലുള്ള പാവം മലബാറുകാര്‍ ഷോക്കടിച്ചതുപോലെ ഒന്നു പരുങ്ങും; എന്തു മറുപടി പറയണമെന്നറിയാതെ. ശുദ്ധഗതിക്കാരായതു കൊണ്ട്‌ അവര്‍ വിചാരിക്കും വിവരദോഷികള്‍ എന്തെല്ലാം പറയുന്നു, നമ്മള്‍ എന്തിന്‌ ചെവികൊടുക്കണം എന്ന്‌. എരഞ്ഞിപ്പാലത്ത്‌ ബസിറങ്ങും വരെ യുവാവ്‌ മലബാറുകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്‌ തുടരും.

മറ്റൊരു തെക്കന്‍ സുഹൃത്തുമായി ചേര്‍ന്ന്‌ ഈ യുവാവ്‌ ഒരു ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റി തുടങ്ങിയാല്‍ അതെന്തായിരുക്കും എന്ന്‌ ഊഹിക്കാമല്ലോ, 'ആന്റി മലബാര്‍'. രണ്ടുപേര്‍ മാത്രമേ മൂന്നാഴ്ചയായിട്ടും കമ്മ്യൂണിറ്റിയില്‍ ചേര്‍ന്നിട്ടുള്ളൂ.

എന്തുകൊണ്ട്‌ 'ആന്റിമലബാര്‍' എന്നകാര്യം കമ്മ്യൂണിറ്റിയുടെ പേജില്‍ വിശദീകരിക്കുന്നുണ്ട്‌. അതില്‍ ചില വരികള്‍ ഇവിടെ ചേര്‍ക്കാം.

'മലബാര്‍ ഒരു നരകമാണ്‌.
ഇവിടെ ചൂര മീനില്ല,
കൊള്ളാവുന്ന ഒരു തീയേറ്ററില്ല,
കണ്ണില്‍ കണ്ട എന്തിനെയും ഇവര്‍ പിടിച്ച്‌ ഉപ്പിലിടും; ലെഡും ജിലേബിയും വരെ!'. എങ്ങനെയുണ്ട്‌.

ജയിംസ്‌ വാട്സണും കള്ളും

കേരളത്തിലെ ഒട്ടുമുക്കാലും സ്കൂളുകളും കോളേജുകളും ഓര്‍ക്കുട്ടില്‍ വിര്‍ച്വല്‍ രൂപത്തില്‍ കമ്മ്യൂണിറ്റികളായി പുനര്‍ജനിച്ചു കഴിഞ്ഞു. വിദ്യാലയങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കൊള്ളാവുന്ന സാസ്കാരിക സ്ഥാപനങ്ങള്‍ കള്ളുഷാപ്പുകളാണ്‌. ക്ലാസ്മേറ്റ്സ്‌ കഴിഞ്ഞാല്‍ ഗ്ലാസ്മേറ്റ്സ്‌. 'കള്ളും കപ്പേം മത്തിക്കറിയും' എന്നാണ്‌ നവംബര്‍ 28-ന്‌ ഓര്‍ക്കുട്ടില്‍ രൂപപ്പെട്ട ഒരു കമ്മ്യൂണിറ്റിയുടെ പേര്‌. ഒരേ കള്ളുഷാപ്പില്‍ വന്നു പോയ കുടിയന്‍മാര്‍ക്ക്‌ ബന്ധപ്പെടാന്‍ ആ ഷാപ്പിന്റെ നമ്പറില്‍ ഒരു ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റി തുടങ്ങിയാല്‍ മതി. അത്‌ പിന്നെ എത്രവേണമെങ്കിലും വികസിപ്പിക്കാം.

ഡി.എന്‍.എ യ്ക്ക്‌ പിരിയന്‍ ഗോവണിയുടെ (ഡബിള്‍ ഹെലിക്സ്‌) ആകൃതിയാണെന്നു കണ്ടുപിടിച്ചത്‌ ജയിംസ്‌ വാട്സണും ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്നാണ്‌; 1953ല്‍ (മനുഷ്യന്‍ ആദ്യമായി എവറസ്റ്റുകൊടുമുടി കീഴടക്കിയതും ആ വര്‍ഷമായിരുന്നു). ഇവരില്‍ ജയിംസ്‌ വാട്സണ്‍ തിരുവനന്തപുരത്ത്‌ വന്നിട്ടുണ്ട്‌. അന്ന്‌ അദ്ദേഹത്തെ ഏറ്റവും അത്ഭുതപ്പെടുത്തിയത്‌ തെങ്ങിന്റെ കുലയില്‍ കലം വെച്ച്‌ എങ്ങനെ കള്ളെടുക്കാന്‍ കഴിയുന്നു എന്ന കാര്യമാണെന്ന്‌, വാട്സനെ കാണാന്‍ പോയ പത്രപ്രവര്‍ത്തകനായ ശശിധരന്‍ മങ്കത്തില്‍ പറയുന്നു.

കള്ളെന്നു വെച്ചാല്‍ സായ്പിന്‌ ഇത്ര അത്ഭുതകരമായ സംഗതിയായതിനാല്‍, താമസിയാതെ ഓര്‍ക്കുട്ടിലെ 'കള്ള്‌ കമ്മ്യൂണിറ്റി'കളെ കുറിച്ച്‌ പാശ്ചാത്യ സര്‍വകലാശാലകളിലെവിടെയെങ്കിലും ഗവേഷണം ആരംഭിച്ചേക്കാം. നല്ല ഗവേഷണമാണെങ്കില്‍ നോബല്‍ സമ്മാനം പോലും കിട്ടിക്കൂടെന്നില്ല. കള്ളുകമ്മ്യൂണിറ്റിക്കാരാകുന്നത്‌ നോബല്‍സമ്മാനവുമായി ബന്ധപ്പെട്ട കാര്യമാണെന്ന്‌ പക്ഷേ, ഏതെങ്കിലും കുടിയന്‌ നിശ്ചയമുണ്ടോ എന്നേ സംശയമുള്ളൂ.

ഓര്‍ക്കുട്ട്‌ അടയാളങ്ങളുടെ ലോകം

രോ കമ്മ്യൂണിറ്റി തുടങ്ങുമ്പോഴും, ഓര്‍ക്കുട്ടിന്റെ ഉടമസ്ഥരായ ഗൂഗിളിന്‌ കാശുണ്ടാക്കാന്‍ ഒരു പഴുതുകൂടി തുറന്നുകിട്ടുന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ഓര്‍ക്കുട്ടിലെ ഒരാളുടെയും പേജില്‍ 'സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ ' എന്ന പേരില്‍ പരസ്യം കാണാറില്ല. പക്ഷേ, കമ്മ്യൂണിറ്റി പേജില്‍ ഉണ്ട്‌. കമ്മ്യൂണിറ്റി പേജുകള്‍ വഴിയാണ്‌ ഗൂഗിള്‍ ഓര്‍ക്കുട്ടില്‍ നിന്ന്‌ പണമുണ്ടാക്കുന്നത്‌.

എന്തുകൊണ്ട്‌ ഓര്‍ക്കുട്ട്‌ എന്ന കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക്‌ ഇത്രയേറെ പ്രിയങ്കരമാകുന്നു. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഓര്‍ക്കുട്ട്‌ മാറുന്നതിന്‌ പിന്നിലെ രഹസ്യമെന്താണ്‌. ഒരു പക്ഷേ, ഇ-മെയിലിനു ശേഷം നെറ്റില്‍ ഇത്രമാത്രം സ്വീകരിക്കപ്പെട്ട സര്‍വീസുകള്‍ കുറവായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാം എന്നൊക്കെ പലരും പറയാറുണ്ട്‌; ഓര്‍ക്കുട്ടിന്റെ പ്രത്യേകതയായി. അത്‌ ശരിയുമാണ്‌. പക്ഷേ, അതുമാത്രമല്ല ഓര്‍ക്കുട്ടിന്റെ വിജയത്തിന്‌ കാരണം. ഒരാളെ ഒറ്റയടിക്ക്‌ പ്രശസ്തനാക്കുന്നു ഓര്‍ക്കുട്ട്‌. 50 സുഹൃത്തുക്കളെ ഒരാള്‍ക്ക്‌ നേടാന്‍ കഴിഞ്ഞാല്‍, അത്രയും പേര്‍ക്കിടയില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കാം. സുഹൃത്തുക്കളൊക്കെ തന്റെയൊപ്പമുണ്ടെന്ന്‌ ഒരു തോന്നലും മനസിലുദിക്കും.

പക്ഷേ, ഇതിനും അപ്പുറത്ത്‌ ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അടയാളങ്ങളിലൂടെയാണ്‌ ഒരാള്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്‌. അതുകൊണ്ടാണ്‌ നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറി പോലെ അയല്‍ക്കാരന്റെ സ്വീകരണമുറി കാണപ്പെടാത്തത്‌. നിങ്ങളുടെ മുറി അലങ്കരിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടവയായിരിക്കും. നിങ്ങളുടെ പേരായിരിക്കും അവിടെ വാതിലിന്‌ മുന്നിലുണ്ടാവുക. എന്നുവെച്ചാല്‍ നിങ്ങളെ സംബന്ധിച്ച ഒരു അടയാളസങ്കേതമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. നമ്മള്‍ ചെല്ലുന്നിടത്തൊക്കെ ഇത്തരം ഒരു അടയാളപ്പെടുത്തല്‍ സ്വാഭാവികം മാത്രം.

ഒരാള്‍ക്ക്‌ തന്റെ അടയാളസങ്കേതം ഒരു പത്യേക സുരക്ഷിതത്വം നല്‍കുന്നു, ആശ്വാസം നല്‍കുന്നു, സന്തോഷം നല്‍കുന്നു. ആ അടയാളങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കണമെന്നും മിക്കവരും ആഗ്രഹിക്കുന്നു.മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവികളുടെയും ആദിമജൈവചോദനയില്‍ ഈ അടയാളപ്പെടുത്തലിന്റെ പ്രേരണ അടങ്ങിയിട്ടുണ്ടെന്ന്‌ ഡെസ്മെണ്ട്‌ മൊറിസ്‌ 'ഹുമണ്‍ സൂ' എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്നു പോകുന്നതിനിടെ നായ വേലിക്കല്ല്‌ കണ്ടാല്‍ കാലു പൊന്തിച്ച്‌ മൂത്രമൊഴിക്കുന്നത്‌ ഈ ചോദനയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന്‌ അദ്ദേഹം പറയുന്നു. ആ ജീവി തന്റേതായ ഒരു അടയാളം അവിടെ സ്ഥാപിക്കുകയാണ്‌. സ്വന്തം ഫോട്ടോ എടുത്ത്‌ വേലിക്കല്ലില്‍ തൂക്കാന്‍ നായയ്ക്കാവില്ലല്ലോ.

ഈ ചോദന ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ മനുഷ്യന്‌ അവസരം തരുന്നു ഓര്‍ക്കുട്ട്‌. നിങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടചിത്രങ്ങള്‍, ഇഷ്ടചങ്ങാതികള്‍, ഇഷ്ടവാക്യങ്ങള്‍,... എല്ലാം അവിടെ അടയാളപ്പെടുത്താം. മറ്റുള്ളവര്‍ക്കു മുന്നില്‍. അടയാളങ്ങളുടെ ഒരു വിര്‍ച്വല്‍ലോകം.. ഒരു സുരക്ഷിത സങ്കേതം. ഓര്‍ക്കുട്ടിന്റെ ഉപജ്ഞേതാവ്‌ തുര്‍ക്കിക്കാരനായ ഓര്‍ക്കുട്‌ ബുയുക്കൊക്ടേന്‍ ആണ്‌. അദ്ദേഹം ഇതൊക്കെ ആലോചിച്ചാണോ ഓര്‍ക്കുട്‌ രൂപപ്പെടുത്തിയതെന്നറിയില്ല.

10 comments:

രാജ് said...

വളരെ നല്ല ലേഖനം. നെറ്റ് സാമൂഹികതയെ കുറിച്ചു പറയുമ്പോള്‍ ഒര്‍ക്കുട്ടിനെ കുറിച്ചും പറയണമെന്നായിട്ടുണ്ടു്. ആന്റി-മലബാര്‍ ഗ്രൂപ്പിന്റെ മോട്ടോ കൊള്ളാം, രസികന്‍ ;)

Tedy Kanjirathinkal said...

ലേഖനം നന്നായിട്ടുണ്ട് ജോസഫേ... ഒരു നെറ്റിസണ് നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ :-)

വേണു venu said...

ലേഖനം നന്നായിരിക്കുന്നു.ചിരിയും, അറിവും കലര്‍ന്ന നല്ല ലേഖനം.

വിഷ്ണു പ്രസാദ് said...

താങ്കളുടെ എല്ലാ ലേഖനങ്ങളും ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടാണ്.പലതും എനിക്കൊക്കെ വിവരം വെപ്പിക്കുന്നുണ്ട്.നന്ദി.

ദിവാസ്വപ്നം said...

like this post

Latheesh Mohan said...

ഓര്‍ക്കൂട്ട് വഴി സ്വന്തം ബ്ലോഗ് മാര്‍ക്കറ്റ് ചെയ്യാം എന്നൊരു അധിക ഗുണം കൂടിയുണ്ട്, ഇല്ലേ സാര്‍. പക്ഷേ കാര്യങ്ങള്‍ ഇത്രക്കൊക്കെ പുരോഗമിച്ചിട്ടും ഒരു കുപ്പി കള്ള് ഇ-മെയിലായി അയക്കാനുള്ള വിദ്യ ആരും കണ്ടെത്തുന്നില്ലല്ലോ എന്നതാണ് എന്‍റെയൊരു...

ടെക്നോളജി അത്രക്കങ്ങു വളര്‍ന്നു എന്നോന്നും ഞാന്‍ വെറുതെ അങ്ങു സമ്മതിക്കില്ല...

എന്തായാലും സംഭവം കലക്കി!!!

Anonymous said...

ഓര്‍കൂട്ടിന്‍റെ ജനപ്രീതിക്ക് കാരണം, ഓര്‍കൂട്ട് കമ്മ്യൂണിറ്റിയുടെ ബാക്ക്‌ബോണായി പ്രവര്‍ത്തിക്കുന്ന ബന്ധുത്വ തിയറിയാണെന്ന് തോന്നുന്നു. സിക്സ് ഡിഗ്രീസ് ഓഫ് സെപെരേഷന്‍* എന്ന് അറിയപ്പെടുന്ന ഈ ബന്ധുത്വ തിയറിയെപ്പെറ്റി മൂന്നുവരയില്‍ മേതില്‍ എഴുതിയിരുന്നു.


“Six degrees of separation” is the hypothesis that anyone on Earth can be connected to any other person on the planet through a chain of acquaintances with no more than five intermediaries എന്ന് വിക്കിപ്പീഡിയ.

Shanavas Madathil said...

good one

Unknown said...

വളരെ നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്തിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് ഞാന്‍ ഈ ലേഖനം വായിക്കാന്‍ ഇടയായത്. ബ്ലോഗിന്റെ പ്രസക്തിയും ഇത് തന്നെ..

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ഇഷ്ടപ്പെട്ടു.
:)
കാലിക്കോക്ക് കൊടുത്ത ലിങ്കാണെങ്കിലും ഞങ്ങക്കും വരാലോ.