Thursday, June 08, 2017

രണ്ടായിരം വര്‍ഷം പഴക്കമുള്ള കമ്പ്യൂട്ടര്‍

 മനുഷ്യചരിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തിയ കണ്ടുപിടുത്തമാണ് ആന്റിക്യത്തേറ മെക്കാനിസം എന്ന പ്രാചീന ഗ്രീക്ക് ഉപകരണത്തിന്റേത്. 1600 കളില്‍ യൂറോപ്പ് ആര്‍ജിച്ച സാങ്കേതിക മുന്നേറ്റം, അതിനും ഒന്നര സഹസ്രാബ്ധം മുമ്പ് ഗ്രീക്കുകാര്‍ കൈവരിച്ചിരുന്നു എന്നാണ് അത് തെളിയിക്കുന്നത്

Pic1. ആന്റിക്യത്തേറ മെക്കാനിസം. ചിത്രം കടപ്പാട്: വിക്കിപീഡിയ

പുരാവസ്തുശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളിലൊന്ന് രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു കമ്പ്യൂട്ടറാണ്. ഗ്രീക്കുകാരുടെ സംഭാവനയായ ആ ഉപകരണം കടലിന്നടിയില്‍ നിന്ന് കണ്ടെത്തിയിട്ട് കഴിഞ്ഞയാഴ്ച 115 വര്‍ഷം തികഞ്ഞു. അതു പ്രമാണിച്ച് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡിലാണ് 'ആന്റിക്യത്തേറ മെക്കാനിസം' എന്ന ആ പ്രാചീന നിര്‍മിതിയെ വീണ്ടും ചര്‍ച്ചകളില്‍ കൊണ്ടുവന്നത്. സൂര്യചന്ദ്രന്‍മാരും ഗ്രഹങ്ങളുമുള്‍പ്പെട്ട ആകാശഗോളങ്ങളുടെ ചലനം അന്നത്തെ അറിവനുസരിച്ച് കൃത്യമായി പ്രവചിക്കാനും ഗ്രഹണസമയങ്ങള്‍ നിര്‍ണയിക്കാനും ഒളിംപിക്‌സ് പോലുള്ള ആഘോഷങ്ങളുടെ സമയമറിയാനും ഉപയോഗിച്ചിരുന്ന ആ പുരാതന ഉപകരണം ഇന്നും ശാസ്ത്രലോകത്തെ അമ്പരിപ്പിക്കുകയാണ്. 

ഡോക്യുമെന്ററി നിര്‍മാതാവും ഗണിതവിദഗ്ധനുമായ ടോണി ഫ്രീത്ത് 'സയന്റിഫിക് അമേരിക്കനി'ല്‍ എഴുതിയ ലേഖനത്തില്‍ (ഡിസം.2009) പറഞ്ഞു: 'മെഡിറ്റനേറിയന്‍ സമുദ്രത്തിന്റെ ഒരു പ്രത്യേകഭാഗത്ത് വീശിയ രണ്ട് കൊടുങ്കാറ്റുകളാണ് ആന്റിക്യത്തേറ മെക്കാനിസമെന്ന പുരാതനവിസ്മയത്തെ ലോകത്തിന് നല്‍കിയത്'. ശരിയാണ്. പക്ഷേ, ആ കൊടുങ്കാറ്റുകള്‍ക്കിടയിലെ സമയദൂരം രണ്ടായിരം വര്‍ഷങ്ങളായിരുന്നു എന്നുമാത്രം! ആള്‍പ്പാര്‍പ്പില്ലാത്ത ഗ്രീക്ക് ദ്വീപായ ആന്റിക്യത്തേറയിലെ ഉള്‍ക്കടലിലാണ് രണ്ടു കൊടുങ്കാറ്റുകളും വീശിയത്. 

Pic2. ഗ്രീക്ക് വന്‍കരയ്ക്കും ക്രീറ്റ് ദ്വീപിനും ഇടയിലാണ് ആന്റിക്യത്തേറ ദ്വീപ്

ബി.സി.ഒന്നാം നൂറ്റാണ്ടിലടിച്ച ആദ്യകൊടുങ്കാറ്റില്‍ ഗ്രീക്കില്‍ നിന്നുള്ള റോമന്‍ കച്ചവടക്കപ്പല്‍ അവിടെ മുങ്ങി. രണ്ടാമത്തെ കൊടുങ്കാറ്റടിച്ചത് 1900 ലെ ഈസ്റ്റര്‍ വേളയിലാണ്. കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഒരുകൂട്ടം ഗ്രീക്ക് മുക്കുവര്‍ ആന്റിക്യത്തേറ ദ്വീപില്‍ അഭയം തേടി. കടലില്‍ മുങ്ങി സ്‌പോഞ്ച് ശേഖരിച്ചിരുന്ന അവര്‍, കാറ്റൊടുങ്ങിയപ്പോള്‍ സമീപത്തെ ഉള്‍ക്കടലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങി. ഒരു കപ്പലിന്റെ അവശിഷങ്ങളാണ് കടലിന്നടിയില്‍ അവര്‍ കണ്ടത്. അക്കാര്യം അവര്‍ അധികൃതരെ അറിയിച്ചു. 

ഏതാനും മാസങ്ങള്‍ക്ക് ശേഷം അധികൃതരുടെ അകമ്പടിയോടെ ആ മുക്കുവര്‍ ആന്റിക്യത്തേറയില്‍ തിരിച്ചെത്തി കടലിന്നടിയില്‍ നിന്ന് പുരാതന അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ തുടങ്ങി. ആ ദൗത്യം ഒന്‍പത് മാസം നീണ്ടു. വെങ്കലത്തിലും ഗ്ലാസിലുമുള്ള അപൂര്‍വ്വ നിര്‍മിതികളും കളിമണ്‍ പാത്രങ്ങളും ആഭരണങ്ങളുമൊക്കെയായിരുന്നു അതില്‍ കൂടുതലും. 

അക്കൂട്ടത്തില്‍ ബുക്കിന്റെ വലുപ്പമുള്ള ഒരു വെങ്കല നിര്‍മിതിയുണ്ടായിരുന്നു. ചുണ്ണാമ്പ് അവശിഷ്ടങ്ങള്‍ കൊണ്ട് പൊതിഞ്ഞ്, എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ആ വസ്തു തുടക്കത്തില്‍ അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം അത് പൊട്ടിയടര്‍ന്നു. അതിനുള്ളിലെ സംഗതികള്‍ കണ്ടവര്‍ അമ്പരന്നു. ദ്രവിച്ചുതുടങ്ങിയ അസംഖ്യം പല്‍ച്ചക്രങ്ങളും ശാസ്ത്രീയമായി അടയാളപ്പെടുത്തിയ ഫലകവും ഗ്രീക്ക്ഭാഷയിലുള്ള ആലേഖനങ്ങളും! പല്‍ച്ചക്രങ്ങളുപയോഗിച്ച് പ്രാകൃതമായ ചില വസ്തുക്കള്‍ ഉണ്ടാക്കിയിരുന്നു എന്നല്ലാതെ, ഇത്ര സങ്കീര്‍ണമായ ഒരു ശാസ്ത്രീയോപകരണം പ്രാചീന ഗ്രീക്കുകാര്‍ നിര്‍മിച്ചു എന്നത് പുരാവസ്തുശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. ആ യന്ത്രത്തിന് അവര്‍ 'ആന്റിക്യത്തേറ മെക്കാനിസം' (Antikythera mechanism) എന്ന് പേരിട്ടു. അതിന്റെ മൂന്ന് പ്രധാനഭാഗങ്ങള്‍ ഇപ്പോള്‍ ഏഥന്‍സില്‍ ഗ്രീക്ക് നാഷണല്‍ ആര്‍ക്കയോളജിക്കല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Pic3. ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പിന്‍ഭാഗം. കടപ്പാട്: വിക്കപീഡിയ

കപ്പലിന്റെ ഗതിനിയന്ത്രിക്കാനുള്ള നാവിക ഉപകരണമെന്നാണ് അതെന്ന് തുടക്കത്തില്‍ ഏവരും കരുതി. ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പ്രധാന്യം ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ജര്‍മന്‍കാരനായ ആല്‍ബര്‍ട്ട് റേഹം ആണ്. അതൊരു ജ്യോതിശാസ്ത്ര കാല്‍ക്കുലേറ്ററാണെന്ന് 1905ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും ആ ഉപകരണത്തെപ്പറ്റിയുള്ള ആദ്യധാരണകള്‍ കിട്ടാന്‍ പിന്നെയും കാലമെടുത്തു. 1959ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വ്വകാലാശാലയിലെ സയന്‍സ് ഹിസ്റ്റോറിയന്‍ ഡെറിക് ഡി സോള പ്രൈസ് ആണ് വിശദമായ ഗവേഷണത്തിനൊടുവില്‍ അക്കാര്യം കണ്ടെത്തിയത്. സങ്കീര്‍ണമായ ഒരു ജ്യോതിശാസ്ത്രഘടികാരമാണ് ആന്റിക്യത്തേറ മെക്കാനിസമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചു. 

പ്രാചീനകാലത്ത് അറിവുണ്ടായിരുന്ന അഞ്ച് ഗ്രഹങ്ങളായ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവയുടെയും സൂര്യന്റെയും ചന്ദ്രന്റെയുംചലനങ്ങള്‍ പിന്തുടരാനും, നക്ഷത്രങ്ങളുടെ സ്ഥാനം നിര്‍ണിയിക്കാനും ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു ആ ഉപകരണം. അതിന് മുന്നിലും പിന്നിലും രണ്ട് ഡയലുകളുള്ള കാര്യം പ്രൈസ് മനസിലാക്കി. പലക ചട്ടക്കൂടിനുള്ളില്‍ സ്ഥാപിച്ച പരസ്പരബന്ധിതമായി കൃത്യമായി തിരിയുന്ന ഡസണ്‍കണക്കിന് പല്‍ച്ചക്രങ്ങളാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന്റെ കാതല്‍. വശത്ത് സ്ഥാപിച്ചിട്ടുള്ള പിടി തിരിക്കുമ്പോള്‍, പല്‍ച്ചക്രങ്ങള്‍ കറങ്ങുകയും, ഡയലുകളില്‍ സ്ഥാപിച്ചിട്ടുള്ള സൂചികള്‍ ചലിക്കുകയും ചെയ്യും. മുന്‍ഭാഗത്തുള്ള ഡയല്‍ വാര്‍ഷിക കലണ്ടറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പിടി തിരിച്ച് മുന്‍വശത്തെ സൂചി ഡയലിലെ 365 ദിവസത്തില്‍ ഏതില്‍ വേണമെങ്കിലും കൊണ്ടുനിര്‍ത്താം. അങ്ങനെ ക്രമീകരിക്കുമ്പോള്‍, മറ്റ് പല്‍ച്ചക്രങ്ങളെല്ലാം അതിനനുസരിച്ച് കറങ്ങി ആ ദിവസവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ സൂചിപ്പിക്കും. മുന്‍ഭാഗത്ത് തന്നെ രണ്ടാമതൊരു ഡയലും പ്രൈസ് കണ്ടെത്തി. രാശിചക്രത്തിലെ 12 നക്ഷത്രരാശികളും ചേര്‍ന്ന് 360 ഡിഗ്രി അടയാളപ്പെടുത്തിയതായിരുന്നു അത്. 

ശ്രമകരമായ കണക്കുകൂട്ടലുകള്‍ നടത്താനുപയോഗിക്കുന്ന ആധുനിക അനലോഗ് കമ്പ്യൂട്ടര്‍ പോലൊരു ഉപകരണമായിരുന്നു ആന്റിക്യത്തേറ മെക്കാനിസമെന്ന് റൈസ് എഴുതി. ആധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ ഒന്നുകളും പൂജ്യങ്ങളുമുള്ള ഡിജിറ്റല്‍ കോഡുകളായാണ് എഴുതാറ്. എന്നാല്‍, ആന്റിക്യത്തേറ മെക്കാനിസത്തില്‍ കോഡുകള്‍ എഴുതപ്പെട്ടിരിക്കുന്നത് ഗണിത അനുപാതങ്ങളില്‍ അതിലെ പല്‍ച്ചക്രങ്ങളിലാണ്. 

Pic4. ഗ്രീക്ക് ദ്വീപായ ആന്റിക്യത്തേറ

റൈസിന്റെ കണ്ടെത്തല്‍ പൂര്‍ണമായിരുന്നില്ല. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ആ പുരാതന ഗ്രീക്ക് യന്ത്രത്തിന്റെ രഹസ്യങ്ങള്‍ തേടി ഗവേഷണം തുടര്‍ന്നു. അതിനിടെ, അത് അന്യഗ്രഹജീവികളുടെ വാഹനത്തില്‍ നിന്ന് ഭൂമിയില്‍ വീണ യന്ത്രമാണെന്ന്  എറിക് വോണ്‍ ദാനികനെപ്പോലുള്ള എഴുത്തുകാര്‍ അഭിപ്രായപ്പെട്ടെങ്കിലും, മുഖ്യധാരാ ശാസ്ത്രസമൂഹം അത്തരം വാദങ്ങള്‍ തള്ളിക്കളഞ്ഞു. എക്‌സ്‌റേ സങ്കേതങ്ങളുടെ സഹായത്തോടെ പില്‍ക്കാലത്ത് നടന്ന പഠനങ്ങള്‍ ആന്റിക്യത്തേറ മെക്കാനിസത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. 

Pic5. ഡെറിക് ഡി സോള പ്രൈസ്. ചിത്രം: വിക്കിമീഡിയ കോമണ്‍സ്


ആ ഉപകരണം പ്രവര്‍ത്തിപ്പിക്കേണ്ടതെങ്ങനെ എന്ന് അതില്‍ തന്നെ പ്രാചീനഗ്രീക്ക് ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യം 2000 ന് ശേഷം നടന്ന ആധുനിക കമ്പ്യൂട്ടര്‍ ടോമോഗ്രാഫിക് പഠനങ്ങളില്‍ തെളിഞ്ഞു. 2006ല്‍ വെയ്ല്‍സില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ മൈക്ക് എഡ്മണ്ട്‌സും സംഘവും ആ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആന്റിക്യത്തേറ മെക്കാനിസത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലോകമറിഞ്ഞു. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത് ഗ്രീക്കുകാര്‍ ഭാവി പ്രവചിക്കാനുപയോഗിച്ചിരുന്ന യന്ത്രമാണ് അതെന്നാണ്. ഏതായാലും ഒരു സംഗതി എല്ലാ ഗവേഷകരും സമ്മതിക്കുന്നു, 1600 കളില്‍ യൂറോപ്പ് ആര്‍ജിച്ച സാങ്കേതിക മുന്നേറ്റം, അതിനും ഒന്നര സഹസ്രാബ്ധം മുമ്പ് ഗ്രീക്കുകാര്‍ കൈവരിച്ചിരുന്നു എന്നാണ് ആന്റിക്യത്തേറ മെക്കാനിസം തെളിയിക്കുന്നത് എന്നകാര്യം! മനുഷ്യചരിത്രത്തെ സംബന്ധിച്ച കാഴ്ചപ്പാടില്‍ തന്നെ ഇത് മാറ്റം വരുത്തി. 

Pic6. ജ്യോതിശാസ്ത്ര ഘടികാരമായാണ് ആന്റിക്യത്തേറ മെക്കാനിസം പ്രാചീനഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നത്. കടപ്പാട്: സയന്റിഫിക് അമേരിക്കന്‍

ആര്, എവിടെയാണീ യന്ത്രം നിര്‍മിച്ചത്. ഇതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പല ചരിത്രകാരന്‍മാരും കരുതുന്നത് പ്രാചീനഗ്രീല്‍ സിസിലിയിലെ സിറാക്യൂസ് പട്ടണത്തിലാണ് ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പിറവി എന്നാണ്. 'യുറീക്കാ' ഫെയിം ആര്‍ക്കിമെഡീസിന്റെ നാടാണത്. 

Pic7. ആര്‍ക്കിമെഡീസ്
റോമന്‍ സൈന്യം സിറാക്യൂസ് പട്ടണം ആക്രമിച്ചപ്പോള്‍ ആര്‍ക്കിമെഡീസ് കൊല്ലപ്പെട്ട കാര്യവും, അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ജ്യോതിശ്ശാസ്ത്ര ഉപകരണം റോമന്‍ ജനറല്‍ മാര്‍സിലസ്സ് കൈക്കലാക്കിയതും ചിലര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതായിരുന്നോ ആന്റിക്യത്തേറ മെക്കാനിസം? ഉറപ്പില്ല. ആര്‍ക്കിമെഡീസ് മരിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം നിര്‍മിക്കപ്പെട്ടതാണ് കടലില്‍ നിന്ന് കണ്ടുകിട്ടിയ യന്ത്രമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. എന്നിരുന്നാലും, 'യുറീക്കാ മനുഷ്യന്‍' നിര്‍മിച്ച ഉപകരണത്തിന്റെ വഴി പിന്തുടര്‍ന്ന് രൂപംനല്‍കിയതാകാം അതെന്നാണ് ചരിത്രകാരന്‍മാരുടെ അനുമാനം.

'ഇത്തരമൊരു ഉപകരണം വേറൊരിടത്തും സൂക്ഷിക്കപ്പെട്ടിട്ടില്ല. പ്രാചീന ശാസ്ത്രരേഖകളിലൊന്നും ഇതുമായി താരതമ്യം ചെയ്യാവുന്ന ഒന്നിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ല', 1959ല്‍ പ്രൈസ് എഴുതി: 'പ്രാചീന ഗ്രീക്കുകാര്‍ അവരുടെ മഹത്തായ സംസ്‌ക്കാരത്തിന്റെ പതനത്തിന് തൊട്ടുമുമ്പ്, ചിന്തകളില്‍ മാത്രമല്ല, ശാസ്ത്രസാങ്കേതികവിദ്യകളുടെ കാര്യത്തിലും നമ്മുടെ കാലത്തിന് തൊട്ടടുത്ത് എത്തിയിരുന്നു എന്നകാര്യം ഒരുപക്ഷേ നമുക്കല്‍പ്പം പരിഭ്രാന്തിയുളവാക്കുന്ന സംഗതിയാകാം'. പ്രൈസിന്റെ ചിന്തയെ അല്‍പ്പം വലിച്ചുനീട്ടിയാലോ. 2000 വര്‍ഷം മുമ്പ് ഗ്രീക്ക് സംസ്‌ക്കാരം തകരാതിരുന്നെങ്കില്‍, ആയിരം വര്‍ഷം മുമ്പ് ചിലപ്പോഴവര്‍ വിമാനം പറത്തില്ലായിരുന്നോ! ഇത്തരം കാര്യങ്ങള്‍ നമ്മുടെ വന്യഭാവനയ്ക്ക് വിടാം, അല്ലാതെ നിവൃത്തിയില്ല. 

അവലംബം -
1. 'The Antikythera mechanism is a 2,000-year-old computer', by  Brian Resnick. vox.com, May 17, 2017
2. 'Decoding the Antikythera Mechanism, the First Computer', by  Jo Marchant. SMITHSONIAN MAGAZINE, FEBRUARY 2015
3. 'Decoding an Ancient Computer', by Tony Freeth. Scientific American, December 2009
- ജോസഫ് ആന്റണി 

* 2017 മെയ് 23ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

No comments: