Wednesday, January 27, 2010

ചടഞ്ഞുകൂടിയിരിക്കാതെ, പ്രായത്തെ നേരിടൂ

പുതിയ കാര്യമല്ല ഇത്, ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന സംഗതി. മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കാതെ ശരീരം ഊര്‍ജസ്വൊലമാക്കുക. വ്യായാമം, ചെറിയ ജോലികള്‍ അങ്ങനെ പല രീതിയില്‍ ശരീരം പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തുക.....പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇതിലും മുന്തിയ മാര്‍ഗമില്ല.

ഇക്കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ടുറപ്പിക്കുകയാണ് 'ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനി'ന്റെ പുതിയലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടുകള്‍. സന്ധിവാതം (ആര്‍ത്രൈറ്റിസ്), വീഴ്ച മൂലമുള്ള പ്രശ്‌നങ്ങള്‍, ഒടിവും ചതവും, ഹൃദ്രോഹം, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദബാധ, പ്രമേഹം, പൊണ്ണത്തടി -തുടങ്ങി വാര്‍ധക്യത്തില്‍ മനുഷ്യന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്ന മിക്ക പ്രശ്‌നങ്ങളും മിതപ്പെടുത്താന്‍ വ്യായാമം സഹായിക്കും.

ദീര്‍ഘായുസ്സ് മാത്രമല്ല വ്യായാമത്തിന്റെ ഫലം, മറ്റുള്ളവരെ ആശ്രയിക്കുന്നതിന്റെ തോത് കുറയ്ക്കാനും വാര്‍ധക്യദുരിതങ്ങള്‍ ഒഴിവാക്കാനും അത് സഹായിക്കുമെന്ന് വ്യക്തമാക്കുന്ന നാല് പഠനങ്ങളാണ് 'ആര്‍ക്കൈവ്‌സി'ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനറിപ്പോര്‍ട്ടുകളുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ-

1. മുമ്പ് ചെയ്യുന്ന വ്യായാമം വാര്‍ധക്യകാലത്തെ ആരോഗ്യത്തിന്റെ അടിത്തറയാകും. മധ്യവയസില്‍ വ്യായാമം ചെയ്തിരുന്ന, 70 കഴിഞ്ഞ സ്ത്രീകള്‍ പൊതുവെ സാമാന്യം നല്ല ആരോഗ്യവതികളായിരിക്കും. 13,535 സ്ത്രീകള്‍ ഉള്‍പ്പെട്ട 'നഴ്‌സസ് ഹെല്‍ത്ത് സ്റ്റഡി'യുടെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഹാര്‍വാഡിലെ ക്വി സണ്‍ നേതൃത്വം നല്‍കിയ പഠനത്തിലാണ് ഈ സൂചന.

എന്തൊക്കെ ശാരീരിക പ്രവര്‍ത്തനങ്ങളും വ്യായാമങ്ങളുമാണ് തങ്ങള്‍ നടത്തുന്നതെന്ന് 1986-ല്‍ വെളിപ്പെടുത്തിയ സ്ത്രീകളുടെ അവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം, 1995 മുതല്‍ 2001 വരെ പരിശോധിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. പഠനത്തിന്റെ തുടക്കത്തില്‍ അവരുടെ ശരാശരി വയസ്് 60 ആയിരുന്നു. അതില്‍ എഴുപതോ അതില്‍ക്കൂടുതലോ പ്രായം വരെ ജീവിച്ചിരുന്നവരുടെ കാര്യം പരിശോധിച്ചപ്പോള്‍, പഠനാരംഭത്തില്‍ വ്യായാമം സ്ഥിരമായി ചെയിതിരുന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും 70 കഴിഞ്ഞിട്ടും മാരകമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായോ ഇന്ദ്രിയഗോചരമായ കഴിവുകള്‍ ക്ഷിയിച്ചതായോ കണ്ടില്ല.

'ആയുസ്സ് നീട്ടാന്‍ മാത്രമല്ല വ്യായാമം സഹായിക്കുക, വാര്‍ധക്യത്തിലെ വിജയകരമായ അതിജീവനം കൂടി അത് സാധ്യമാക്കും' -ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

2. നടത്തം പോലുള്ള കഠിനമല്ലാത്ത എയ്‌റോബിക് വ്യായാമങ്ങളാണ് പ്രായമായവര്‍ക്ക് പൊതുവെ നിര്‍ദേശിക്കപ്പെടാറുള്ളത്. എന്നാല്‍, ഭാരദ്വഹനം പോലെ അല്‍പ്പം കഠിനമായ വ്യായാമമുറകള്‍ (resistance training) പ്രായമായ സ്ത്രീകളില്‍ ഇന്ദ്രിയഗോചരമായ കഴിവുകള്‍ വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. (ഡോക്ടറുടെ ശരിയായ നിരീക്ഷണത്തിലും ഉപദേശത്തിലുമല്ലാതെ കഠിനമായ വ്യായാമമുറകള്‍ക്ക് ആരും മുതിരരുത്). കാനഡയില്‍ വാന്‍കൂവറില്‍ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ തെരെസ ലിയു-അമ്പ്രോസും സംഘവും നടത്തിയ പഠനത്തിലാണ് ഈ ഫലം കണ്ടത്.

65-75 വയസ്സ് പ്രായമുള്ള 155 സ്ത്രീകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. ഇത്രയും പേരെ മൂന്ന് ഗ്രൂപ്പായി തിരിച്ച ശേഷം, ഒരു ഗ്രൂപ്പ് ആഴ്ചയില്‍ ഒരു തവണ വീതവും, രണ്ടാമത്തെ ഗ്രൂപ്പ് ആഴ്ചയില്‍ രണ്ട് പ്രാവശ്യം വീതവും വ്യായാമത്തില്‍ ഏര്‍പ്പെട്ടു. മൂന്നാമത്തെ ഗ്രൂപ്പ് വ്യായാമം ഒഴിവാക്കി. (2008-ല്‍ പുറത്തുവന്ന വ്യായാമമുറകളുടെ മാര്‍ഗരേഖയില്‍ പ്രായമായവര്‍ക്ക് വിധിച്ചിട്ടുള്ള വ്യായാമ മുറകളാണ് പഠനത്തില്‍ പങ്കാളികളായ രണ്ട് ഗ്രൂപ്പുകളും നടത്തിയതെന്ന് ഗവേഷകര്‍ പറയുന്നു).

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യ രണ്ടു ഗ്രൂപ്പിലും പെട്ടവര്‍ക്ക്, ശ്രദ്ധകേന്ദ്രീകരിക്കുക തുടങ്ങിയ ബൗദ്ധീക കാര്യങ്ങളില്‍ കഴിവ് വര്‍ധിച്ചതായി കണ്ടു. അക്കാര്യം മനസിലാക്കാനുള്ള ടെസ്റ്റുകളില്‍ അവരുടെ സ്‌കോര്‍ മുമ്പത്തേക്കാളും വര്‍ധിച്ചു. മാത്രമല്ല, അവരുടെ പേശീപ്രവര്‍ത്തനം ക്രമേണ കാര്യക്ഷമമാവുകയും ചെയ്തു. 'കഠിനമായ വ്യായാമ മുറകള്‍ മുതിര്‍ന്നവര്‍ക്ക് സാധാരണഗതിയില്‍ ശുപാര്‍ശ ചെയ്യാറില്ല. എന്നാല്‍, ചികിത്സയുടെ ഭാഗമായി ഇത് ഗുണം ചെയ്യുമെന്ന സൂചനയാണ് ഈ പഠനം നല്‍കുന്നത്'-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

3. പ്രായമായവരില്‍ ഓര്‍മക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വ്യായാമം സഹായിച്ചേക്കും. ജര്‍മനിയില്‍ തെക്കന്‍ ബവേറിയ മേഖലയില്‍ നിന്നുള്ള, 55 വയസ്സ് പിന്നിട്ട 3903 പെരെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ് ഈ സൂചന നല്‍കിയത്. 2001 മുതല്‍ 2003 വരെ രണ്ടു വര്‍ഷമായിരുന്നു പഠനം. മ്യൂണിക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ തോര്‍ലീഫ് ഇറ്റ്ജന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

പഠനം തുടങ്ങുമ്പോള്‍ 3903 പേരില്‍ 418 പേര്‍ക്ക് (10.7 ശതമാനം) ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. പഠനം കഴിഞ്ഞപ്പോള്‍, ബാക്കിയുള്ള 3485 ല്‍ 207 പേര്‍ക്ക് (5.9 ശതമാനം) പ്രശ്‌നം ബാധിച്ചിട്ടുള്ളതായി കണ്ടു. പക്ഷേ, അതിന്റെ വിതരണമാണ് ഗവേഷകരെ ആകര്‍ഷിച്ചത്.

തീര്‍ത്തും വ്യായാമം ചെയ്യാത്തവരും മിതവ്യായാമം ചെയ്യുന്നവരും നല്ലരീതിയില്‍ വ്യായാമം ചെയ്യുന്നവരും ഉണ്ടായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തവരില്‍. ഇതില്‍ ആദ്യകൂട്ടര്‍ക്കിടയില്‍ (തീര്‍ത്തും വ്യായാമം ചെയ്യാത്തവര്‍) പുതിയതായി ഓര്‍മക്കുറവ് ബാധിച്ചവരുടെ തോത് 13.9 ശതമാനമായിരുന്നു. രണ്ടാമത്തെ കൂട്ടരില്‍ ഇത് 6.7 ശതമാനവും മൂന്നാമത്തെ കൂട്ടരില്‍ 5.1 ശതമാനവുമായിരുന്നു. ഇതാണ് ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ വ്യായാമം സഹായിച്ചേക്കുമെന്ന് പറയാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.

4. പ്രായമായ സ്ത്രീകളില്‍ അസ്ഥിസാന്ദ്രത വര്‍ധിപ്പിക്കാനും വീഴ്ച കുറയ്ക്കാനും വ്യായാമം സഹായിച്ചേക്കും. ജര്‍മനിയില്‍ ഫ്രിഡ്രിക്-അലക്‌സാണ്ടര്‍ യൂണിവേഴ്‌സിറ്റി ഓഫ് എര്‍ലാന്‍ഗന്‍-ന്യൂറന്‍ബര്‍ഗിലെ ഗവേഷകനായ വൂള്‍ഫ്ഗാങ് കെംലറിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. 65-ന് മേല്‍ പ്രായമുള്ള സ്ത്രീകളെ 18 മാസക്കാലം പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

246 സ്ത്രീകള്‍ പഠനത്തില്‍ ഉള്‍പ്പെട്ടു, അതില്‍ 227 പേര്‍ അത് പൂര്‍ത്തിയാക്കി. പകുതിപ്പേര്‍ ആഴ്ചയില്‍ നാലു ദിവസം എന്ന കണക്കിന് വ്യായാമത്തിലേര്‍പ്പെട്ടു. ബാക്കിയുള്ളവര്‍ സ്വാന്തനപ്രവര്‍ത്തനങ്ങൡാണ് ഏര്‍പ്പെട്ടത്. ആദ്യഗ്രൂപ്പിന്റെ ഇടുപ്പെല്ലിന്റെയും നട്ടെല്ലിന്റെയും സാന്ദ്രത വ്യായാമം വഴി വര്‍ധിച്ചതായി പഠനത്തിനൊടുവില്‍ വ്യക്തമായി. മാത്രമല്ല, വീഴ്ച കൊണ്ടുള്ള പ്രശ്‌നങ്ങള്‍, മറ്റേ ഗ്രൂപ്പിനെ അപേക്ഷിച്ച് 66 ശതമാനം കുറവായിരുന്നു ഇവര്‍ക്ക്. സ്വാഭാവികമായും ഒടിവ് മുതലായ പ്രശ്‌നങ്ങള്‍ അത്രയും കുറഞ്ഞു. (അവലംബം: ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍)

4 comments:

Joseph Antony said...

പുതിയ കാര്യമല്ല ഇത്, ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന സംഗതി. മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കാതെ ശരീരം ഊര്‍ജസ്വൊലമാക്കുക. വ്യായാമം, ചെറിയ ജോലികള്‍ അങ്ങനെ പല രീതിയില്‍ ശരീരം പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തുക.....പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇതിലും മുന്തിയ മാര്‍ഗമില്ല. ഇക്കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ടുറപ്പിക്കുകയാണ് 'ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനി'ന്റെ പുതിയലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടുകള്‍.

ശ്രീ said...

നല്ലൊരു ലേഖനം മാഷേ.

ഈ ബ്ലോഗ് മാതൃഭൂമി ബ്ലോഗന ശ്രദ്ധിച്ചിട്ടില്ലേ?

നന്ദന said...

ഇപ്പഴേ കുറച്ച് നടത്തം ശീലമാക്കാം
പ്രായമായാൽ രക്ഷപ്പെടാമല്ലോ

Sriletha Pillai said...

മാഷേ, ഇതു വളരെ കാലികം തന്നയാണ്‌,പ്രത്യേകിച്ചും വയസ്സരുടെ നാടായി മാറുന്ന കേരളത്തില്‍. ഈയടുത്ത ദിവസങ്ങളില്‍ ചില സന്ദര്‍ശനങ്ങള്‍ക്കിടയില്‍ "വയസ്സായതിന്റെ പ്രശ്‌നങ്ങള്‍ പലതുണ്ട്‌ മക്കളേ " എന്ന്‌ പലരില്‍നിന്നും കേള്‍ക്കാനിടയായി. പക്ഷേ, ഇതു ശരിയായ രീതിയില്‍ മനസ്സിലാക്കുന്ന വന്ദ്യവയോധികരും അവരെ പരിചരിക്കുന്ന അടുത്ത തലമുറയില്‍പ്പെട്ടവരും കുറവാണ്‌.ഫലമോ, വീര്‍പ്പുമുട്ടുന്ന കുടുംബങ്ങള്‍.ഞാനും ഇതല്ലെങ്കിലും ഇവരുടെ പ്രശ്‌നങ്ങള്‍ വരുണ്‍ വീടുവിട്ടു പോയി , അമ്മിഞ്ഞപ്പാലിന്‍ മധുരം മറന്നുവോ നമ്മള്‍ തുടങ്ങി ചിലതില്‍ എഴുതിയിട്ടുണ്ട്‌. വയസ്സായ ഒരാളുടെ വ്യൂ പോയിന്റിലൂടെ ഒരു കഥ എഴുതണമെന്ന്‌ ഒരത്യാഗ്രഹവുമുണ്ട്‌.

ഒന്നു കൂടി.കുറിഞ്ഞിപ്പൂവുകളെ വളരെ സ്‌നേഹിച്ചിരുന്ന ഒരു വന്ദ്യവയോധികനെ അറിയാം.താങ്കളുടെ ബ്ലോഗിന്റെ പേരാണ്‌ എന്നെ അതോര്‍മ്മിപ്പിച്ചത്‌.

വളരെ നല്ല, കാലികപ്രസക്തിയുള്ള പോസ്‌റ്റ്‌.ഇനിയും കാണാം.