Thursday, January 07, 2010

'പൈ'ക്ക് പുതിയ റിക്കോര്‍ഡ്

'പൈ' - ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥിരാങ്കങ്ങളിലൊന്ന്. പ്രാചീന ഗണിതവിദഗ്ധര്‍ മുതല്‍ ആധുനികര്‍ വരെ അതിന്റെ മൂല്യം കൃത്യമായി ഗണിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ഓരോ ശ്രമവും പൈയുടെ നീളം കൂട്ടുന്നതല്ലാതെ ആരും അവസാനം കണ്ടിട്ടില്ല.

3.141592653589793238462643383279502..........എന്നിങ്ങനെ നീണ്ടുപോകുന്ന പൈയുടെ മൂല്യം 2.7 ലക്ഷം കോടി സ്ഥാനങ്ങള്‍ വരെ കണക്കാക്കി ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്‍ പുതിയ റിക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. നിലവിലുള്ളതിലും 12300 കോടി സ്ഥാനങ്ങള്‍ കൂടുതല്‍ കണക്കാക്കിയ ഫാബ്രിസ് ബെല്ലാര്‍ഡ് ആണ് റിക്കോര്‍ഡിന് ഉടമയായത്.

വെറുമൊരു ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ 131 ദിവസങ്ങള്‍ കൊണ്ട് പൈയുടെ മൂല്യം 2.7 ലക്ഷം കോടി സ്ഥാനം വരെ കണക്കുകൂട്ടാനും അത് പുനപ്പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്താനും ബെല്ലാര്‍ഡിന് കഴിഞ്ഞു.

ഒരു ടെറാബൈറ്റ് ശേഷിയുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌ക് വേണ്ടിവന്നു, പൈയുടെ ഇത്രയും സ്ഥാനം വരെയുള്ള മൂല്യം സംഭരിച്ച് സൂക്ഷിക്കാന്‍. ബെല്ലാര്‍ഡ് കണ്ടെത്തിയ പൈയുടെ മൂല്യം, സെക്കന്‍ഡില്‍ ഒരു സംഖ്യ എന്ന കണക്കിന് വായിച്ചാല്‍ അത് പൂര്‍ത്തിയാക്കാന്‍ 49,000 വര്‍ഷം വേണ്ടി വരും.

പൈയുടെ മൂല്യം 2.6 ലക്ഷം കോടി സ്ഥാനങ്ങള്‍ വരെ ഗണിച്ചതാണ് മുമ്പത്തെ റിക്കോര്‍ഡ്. ജപ്പാനില്‍ ടിസുകുവ യൂണിവേഴ്‌സിറ്റിയിലെ ഡെയ്‌സുകെ തകാഹഷിയാണ് 2009 ആഗസ്തില്‍ ആ റിക്കോര്‍ഡ് സ്ഥാപിച്ചത്.

എന്നാല്‍, ബെല്ലാര്‍ഡ് ഉപയോഗിച്ചതിലും 2000 മടങ്ങ് വേഗവും വളരെയേറെ ചെലവുമേറിയ സൂപ്പര്‍കമ്പ്യൂട്ടറാണ് തകാഹഷി ഉപയോഗിച്ചത്. സൂപ്പര്‍കമ്പ്യൂട്ടര്‍ ഉപയോഗിച്ചതിനാല്‍ വെറും 29 മണിക്കൂര്‍ കൊണ്ട് കണക്കുകൂട്ടല്‍ പൂര്‍ത്തിയാക്കാന്‍ പക്ഷേ, ജപ്പാന്‍ ഗവേഷകന് കഴിഞ്ഞു.

പൈയുടെ മൂല്യം ഇത്തരത്തില്‍ കണ്ടെത്തിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പക്ഷേ, അതിനുവേണ്ടി താന്‍ വികസിപ്പിച്ച കമ്പ്യൂട്ടര്‍ സങ്കേതത്തിന് പുതിയ ഉപയോഗങ്ങള്‍ കണ്ടെത്താനാകും എന്നാണ് ബെല്ലാര്‍ഡിന്റെ വിശ്വാസം.
(കടപ്പാട്: ബി.ബി.സി)

4 comments:

Joseph Antony said...

'പൈ' - ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥിരാങ്കങ്ങളിലൊന്ന്. പ്രാചീന ഗണിതവിദഗ്ധര്‍ മുതല്‍ ആധുനികര്‍ വരെ അതിന്റെ മൂല്യം കൃത്യമായി ഗണിക്കാന്‍ കിണഞ്ഞു ശ്രമിച്ചു്. ഓരോ ശ്രമവും പൈയുടെ നീളം കൂട്ടുന്നതല്ലാതെ ആരും അവസാനം കണ്ടിട്ടില്ല.

3.141592653589793238462643383279502..........എന്നിങ്ങനെ നീണ്ടുപോകുന്ന പൈയുടെ മൂല്യം 2.7 ലക്ഷം കോടി സ്ഥാനങ്ങള്‍ വരെ കണക്കാക്കി ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്‍ പുതിയ റിക്കോര്‍ഡ് സ്ഥാപിരിക്കുന്നു.

Martin Tom said...

vERY INFORMATIVE + tHANK U

നന്ദന said...

good

മാണിക്യം said...

നന്ദി ..
ഒരു നേട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്ക്.
സാധാരണ കമ്പൂട്ടറ് കൊണ്ടും ഈവക കണ്ടെത്തുലുകളില്‍ എത്താമെന്ന് മറ്റുള്ളവര്‍ക്ക്
പ്രചോദനം ആവും എന്നത് പൈ യുടെ മൂലത്തിനു മുകളില്‍ എത്തുന്ന വസ്തുത.