Thursday, January 21, 2010

പരിണാമം കാലില്‍ നിന്ന് കൈയിലേക്ക്

മനുഷ്യപരിണാമത്തില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടം ഏതായിരിക്കാം. തീര്‍ച്ചയായും മനുഷ്യന്റെ പൂര്‍വികന്‍ ഇരുകാലുകളില്‍ നിവര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയ കാലം തന്നെയാകണം, ഒപ്പം കൈകള്‍കൊണ്ട് ഉപകരണങ്ങള്‍ നിര്‍മിക്കാനും പ്രയോഗിക്കാനും തുടങ്ങിയ സമയവും.

എന്നുവെച്ചാല്‍, ഉപകരണങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തില്‍ കൈകള്‍ രൂപപ്പെട്ടതിന്, മനുഷ്യനെ മനുഷ്യനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന് സാരം. കൈകളുടെ പരിണാമം ഇനിയും ശാസ്ത്രലോകത്തിന് വ്യക്തമായി പടികിട്ടാത്ത സമസ്യയാണ്.

ആ സമസ്യയ്ക്ക് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം കനേഡിയന്‍ ഗവേഷകര്‍. പരിണാമത്തിന്റെ നിര്‍ണായക ഘട്ടത്തില്‍, ശിലായുധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനും പാകത്തില്‍ മനുഷ്യന്റെ കരങ്ങള്‍ രൂപപ്പെട്ടത്, പാദങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെ പാര്‍ശ്വഫലമായിട്ടാണത്ര!

ഇരുകാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ പാകത്തില്‍ മനുഷ്യപാദങ്ങള്‍ രൂപപ്പെട്ടത്, ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കാന്‍ വേണ്ട രീതിയില്‍ കൈകളും വിരലുകളും പരിണമിക്കുന്നതിന് കാരണമായി. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നര്‍ഥം. 'ഇവലൂഷന്‍' ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാദങ്ങളിലും കൈകളിലും സംഭവിച്ച മാറ്റങ്ങള്‍ എത്തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാന്‍ ഒരു പ്രത്യേക ഗണിതസമീകരണം ആണ് ഗവേഷകര്‍ ഉപയോഗിച്ചത്. ചില ഗവേഷകര്‍ ഈ സമീപനത്തെ അനുകൂലിക്കുന്നില്ലെങ്കിലും, വളരെ താത്പര്യജനകവും പ്രചോദനം നല്‍കുന്നതുമായ പഠനമാണിതെന്ന് മറ്റ് ഗവേഷകര്‍ പറയുന്നു.

'ശരിക്കു പറഞ്ഞാല്‍ ഈ പഠനം ഡാര്‍വിന്റെ 'ദി ഡിസെന്റ് ഓഫ് മാന്‍' (The Descent of Man) എന്ന ഗ്രന്ഥത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്'-പഠനത്തിന് നേതൃത്വം നല്‍കിയ കാള്‍ഗരി സര്‍വകലാശാലയിലെ കാംപ്‌ബെല്‍ റോലിയന്‍ പറയുന്നു.

ഉപകരണങ്ങളുടെ ഉപയോഗവും ഇരുകാലിലുള്ള സഞ്ചാരവും തമ്മില്‍ ബന്ധമുണ്ടെന്ന് ആദ്യം അഭിപ്രായപ്പെട്ടവരില്‍ ഒരാള്‍ ഡാര്‍വിനാണ്. മനുഷ്യവര്‍ഗം ഇരുകാലികളായതോടെ കൈകള്‍ സ്വതന്ത്രമായി, അവയ്ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് അനുസൃതമായി പരിണമിക്കാന്‍ കഴിഞ്ഞു എന്നായിരുന്നു ഡാര്‍വിന്റെ അഭിപ്രായം.

എന്നാല്‍, 'ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത് അതുരണ്ടും - ഇരുകാലിലെ നടത്തവും കൈകളുടെ രൂപപ്പെടലും - ഒരേ മറ്റത്തിന്റെ രണ്ട് വശങ്ങളാണ് എന്നാണ്, ഒരു മാറ്റത്തിന്റെ പാര്‍ശ്വഫലം എന്ന നിലയ്ക്കാണ് അടുത്ത മാറ്റം സംഭവിച്ചത്'- റോലിയന്‍ അറിയിക്കുന്നു.

മനുഷ്യന്റെയും, മനുഷ്യന്റെ ജനിതകബന്ധുക്കളായി അറിയപ്പെടുന്ന ചിമ്പാന്‍സികളുടെയും കൈകളിലെയും കാലിലെയും അളവുകളുടെ താരതമ്യമാണ്, പ്രത്യേക ഗണിതസമീകരണം ഉപയോഗിച്ച് ഡോ. റോലിയനും കൂട്ടരും നടത്തിയത്.

മനുഷ്യന്റെ പൂര്‍വികവംശങ്ങളുടെ പാദങ്ങളും കൈകളും എങ്ങനെയിരുന്നു, പിന്നീട് എന്തുമാറ്റം വന്നു എന്നറിയാനായിരുന്നു ശ്രമം. കൈകാലുകളിലെ സമാനഭാഗങ്ങള്‍ തമ്മില്‍ അന്വോന്യബന്ധിതമാണെന്ന് അളവുകള്‍ വ്യക്തമാക്കി.

ഉദാഹരണത്തിന്, 'നിങ്ങളുടെ പാദത്തില്‍ നീളമേറിയ പെരുവിരള്‍ ഉണ്ടെങ്കില്‍, കൈയിലെ തള്ളവിരലും നീളമേറിയതായിരിക്കും'- ഡോ.റോലിയന്‍ വിശദീകരിക്കുന്നു.

പെരുവിരലും തള്ളവിരലും തമ്മില്‍ ശക്തമായ ഇത്തരമൊരു അന്വോന്യബന്ധമുള്ളതിന് കാരണം, അവ രണ്ടിന്റെയും രൂപപ്പെടലിന് കാരണമായ ജനിതക രൂപരേഖ തുല്യമായതാകണം എന്നതായിരിക്കാം. എന്നുവെച്ചാല്‍, ആ രൂപരേഖയിലെ ചെറിയ മാറ്റങ്ങള്‍ കാലിനെയും കരത്തെയും സമാന്തരമായി ബാധിക്കുമെന്നര്‍ഥം.

ശരീര അളവുകളുടെ സഹായത്തോടെ, പരിണാമ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന ഗണിതസമീകരണം രൂപപ്പെടുത്തുകയാണ് ഗവേഷകര്‍ ചെയ്തത്. കാലും കൈയും നേരിടേണ്ടി വന്ന പരിണാമ സമ്മര്‍ദങ്ങളെ ഈ ഗണിതസമീകരണത്തിനുള്ളില്‍ സന്നിവേശിപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.

പരിണാമത്തിലെ ചെറിയ മാറ്റങ്ങള്‍ കൈയിലും കാലിലും എന്ത് ഫലമാണ് ഉണ്ടാക്കുകയെന്ന് ഇതുവഴി പരിശോധിക്കാനായി. അപ്പോഴാണ് കാലിലെ മാറ്റങ്ങള്‍ കൈയിലും പ്രതിഫലിക്കുന്നു എന്ന് മനസിലായത്.

കാലിന് സംഭവിച്ച പരിണാമത്തിന്റെ പാര്‍ശ്വഫലമാണ് കൈയിലുണ്ടായെന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത് ഈ കണ്ടെത്തലാണ്.
(അവലംബം: Evolution)

3 comments:

Joseph Antony said...

ഉപകരണങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തില്‍ കൈകള്‍ രൂപപ്പെട്ടതിന്, മനുഷ്യനെ മനുഷ്യനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന് സാരം. കൈകളുടെ പരിണാമം ഇനിയും ശാസ്ത്രലോകത്തിന് വ്യക്തമായി പടികിട്ടാത്ത സമസ്യയാണ്. ആ സമസ്യയ്ക്ക് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം കനേഡിയന്‍ ഗവേഷകര്‍. പരിണാമത്തിന്റെ നിര്‍ണായക ഘട്ടത്തില്‍, ശിലായുധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനും പാകത്തില്‍ മനുഷ്യന്റെ കരങ്ങള്‍ രൂപപ്പെട്ടത്, പാദങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെ പാര്‍ശ്വഫലമായിട്ടാണത്ര!

vasanthalathika said...

ചിന്തോദ്ദീപകമായ ലേഖനം.നന്ദി.

sainualuva said...

Thanks for the information.......