
ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി) ന്റെ രണ്ട് ഭാഗങ്ങളിലൂടെ കണികാധാരകള്‍ കടത്തിവിട്ടു. ജനീവയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പടുകൂറ്റന്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം 2008 സപ്തംബറില്‍ നിര്‍ത്തിവെച്ച ശേഷം ആദ്യമായാണ് അതിലൂടെ കണികകള്‍ സഞ്ചരിക്കുന്നത്.
സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ഹാഡ്രോണ്‍ കൊളൈഡറിന് 27 കിലോമീറ്റര്‍ ചുറ്റളവുണ്ട്. അത്രയും നീളമുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ധാരകളെ പരസ്പരം കൂട്ടിയിടിപ്പിച്ച്, അതില്‍ നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുക.
പ്രപഞ്ചാരംഭത്തിന് തൊട്ടടുത്ത നിമിഷങ്ങളെ ഇത്തരത്തില്‍ പുനര്‍നിര്‍മിക്കുക വഴി, പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയും ഉള്ളടക്കവും മനസിലാക്കാന്‍ കണികാപരീക്ഷണം വഴി കഴിയുമെന്നാണ് പ്രതീക്ഷ. ഒപ്പം, പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ ഹാഡ്രോണ്‍ കൊളൈഡറില്‍ പ്രത്യക്ഷപ്പെടുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
കണികാധാരകളെ കുറഞ്ഞ തോതിലാണെങ്കിലും കടത്തിവിടാന്‍ കഴിഞ്ഞതിനെ 'നാഴികക്കല്ലെ'ന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഹാഡ്രോണ്‍ കൊളൈഡറിലെ 27 കിലോമീറ്റര്‍ ടണലിലൂടെ നവംബറില്‍ കണികാധാരകള്‍ പൂര്‍ണതോതില്‍ സഞ്ചരിച്ചേക്കും.
പരീക്ഷണം തുടങ്ങുന്നതിന്റെ ഭാഗമായി ഹൈഡ്രോണ്‍ കൊളൈഡറിനെ അത്യഗാധശൈത്യത്തിലെത്തിക്കുന്ന നടപടി സേണ്‍ അധികൃതര്‍ രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. അതിനെ തുടര്‍ന്ന് ഒക്ടോബര്‍ 23, 25 തിയതികളില്‍ ഹാഡ്രോണ്‍ കൊളൈഡറിന്റെ രണ്ട് ഭാഗങ്ങളില്‍ പ്രോട്ടോണ്‍ ധാരകളും ലെഡ് അയണ്‍ധാരകളും കടത്തിവിടുകയായിരുന്നു.
ഏതാണ്ട് മൂന്നര കിലോമീറ്റര്‍ നീളം വീതമുള്ള ഭാഗങ്ങളിലൂടെയാണ് കണികാധാരകള്‍ സഞ്ചരിച്ചത്. നൂറ് പികോസെക്കന്‍ഡ് (ഒരു പികോസെക്കന്‍ഡ് എന്നാല്‍, ഒരു സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊരംശത്തിന്റെ പത്തുലക്ഷത്തിലൊരംശം) നേരത്തേക്ക് കണികകള്‍ എല്‍.എച്ച്.സി.യിലൂടെ സഞ്ചരിച്ചു.
ഏതാണ്ട് 450 ബില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് വീതമുള്ളവയായിരുന്നു കണികാധാരകള്‍. ഹാഡ്രോണ്‍ കൊളൈഡറില്‍ ഉദ്ദേശിക്കുന്ന യഥാര്‍ഥ പരീക്ഷണത്തില്‍ കണികകള്‍ കൈവരിക്കുന്ന ഊര്‍ജനിലയുടെ ചെറിയൊരംശമേ വരൂ ഇത്.
കൊളൈഡറിന്റെ 27 കിലോമീറ്റര്‍ നീളത്തില്‍ സഞ്ചരിക്കുന്ന കണികകളുടെ ഊര്‍ജനില ആദ്യഘട്ടത്തില്‍ 3.5 ട്രില്യണ്‍ വോള്‍ട്ട് ആക്കുകയാണ് ലക്ഷ്യം. 2011-ഓടെ അത് യഥാര്‍ഥ ലക്ഷ്യമായ ഏഴ് ട്രില്യണ്‍ വോള്‍ട്ടിലെത്തിക്കാമെന്നാണ് പ്രതീക്ഷ. (കടപ്പാട്: ബി.ബി.സി.ന്യൂസ്)
കാണുക