Tuesday, March 03, 2009

ലോകം വയര്‍ലെസ്സ്‌ ആകുന്നു

ലോകം കൂടുതല്‍ കൂടുതല്‍ വയര്‍ലെസ്സ്‌ ആവുകയാണ്‌. അതേസമയം, വിവരവിനിമയത്തില്‍ വിടവുകള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട പുതിയ യു.എന്‍.റിപ്പോര്‍ട്ടിലാണ്‌ കഥപറയുന്ന കണക്കുകളുള്ളത്‌.

ലോകത്ത്‌ ആറ്‌ വര്‍ഷത്തിനിടെ സെല്‍ഫോണ്‍ ഉപയോഗത്തില്‍ ഉണ്ടായ വര്‍ധന എത്രയെന്നോ; നാല്‌ മടങ്ങ്‌. ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങളില്‍ ഏറ്റവും ചൂടേറിയ വിപണനവസ്‌തുവായി സെല്‍ഫോണ്‍ മാറിയതാണ്‌ ഇത്തരമൊരു വര്‍ധനയ്‌ക്ക്‌ കാരണം. ലോകത്ത്‌ ഏതാണ്ട്‌ നാലിലൊന്ന്‌ ഭാഗം പേര്‍ കഴിഞ്ഞ വര്‍ഷം ഏതെങ്കിലുമൊരു സമയത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചിട്ടുണ്ട്‌. 2002-ലെ കാര്യം പരിഗണിച്ചാല്‍ ഇത്‌ പത്തിലൊന്നായിരുന്നു-വിവരസാങ്കേതികവിദ്യ (ഐ.ടി) യുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌.

ലോകം കൂടുതലായി വയര്‍ലെസ്സായിക്കൊണ്ടിരിക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌ പ്രാധാന്യത്തോടെ എടുത്തുകാട്ടുന്ന വസ്‌തുത. ലോകത്തിന്ന്‌ പത്തില്‍ ആറുപേര്‍ക്ക്‌ സെല്‍ഫോണുണ്ട്‌. വിവരസാങ്കേതികവിദ്യയെ സംബന്ധിച്ചിടത്തോളം ബഹുഭൂരിപക്ഷവും വിവരവിനിമയ ഉപാധിയായി തിരഞ്ഞെടുത്തിരിക്കുന്നത്‌ സെല്‍ഫോണ്‍ ആണെന്നാണ്‌ ഇതിനര്‍ഥം. 2008 അവസാനം ലോകത്തെ സെല്‍ഫോണ്‍ വരിക്കാരുടെ സംഖ്യ 410 കോടിയായിരുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. 2002-ല്‍ ഇത്‌ നൂറ്‌ കോടി മാത്രമായിരുന്നു.

അതേസമയം, സാധാരണ ലൈന്‍ വഴിയുള്ള ഫോണ്‍കണക്ഷനുകളുടെ എണ്ണം ഈ കാലയളവില്‍ 127 കോടിയില്‍നിന്ന്‌ നൂറുകോടിയായി ചുരുങ്ങി. സാധാരണ ഫോണുകളില്‍നിന്ന്‌ സെല്‍ഫോണുകളിലേക്ക്‌ ലോകം മാറിയിരിക്കുകയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ലോകത്തെ സെല്‍ഫോണ്‍ ഉപഭോക്താക്കളില്‍ മൂന്നില്‍രണ്ട്‌ ഭാഗവും ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാജ്യങ്ങളിലാണ്‌-യു.എന്നിന്‌ കീഴില്‍ ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പറയുന്നു.

ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്റെ കാര്യത്തിലും വര്‍ധന പ്രകടമാണ്‌. 2002-ല്‍ ലോകജനസംഖ്യയുടെ വെറും 11 ശതമാനം മാത്രമാണ്‌ ഇന്റര്‍നെറ്റ്‌ ഉപോയഗിച്ചതെങ്കില്‍, 2008-ല്‍ അത്‌ 23 ശതമാനമായി. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ആറ്‌ വര്‍ഷത്തിനിടെ ഇരട്ടിയായെന്ന്‌ സാരം. പക്ഷേ, ദരിദ്രരാജ്യങ്ങളുടെ കാര്യത്തില്‍ സെല്‍ഫോണ്‍ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ പ്രകടമല്ല. ഇക്കാര്യത്തില്‍ ദരിദ്രരാജ്യങ്ങള്‍ ഇപ്പോഴും പിന്നില്‍ തന്നെയാണ്‌. 2007-ല്‍ ആഫ്രിക്കയില്‍ ഇരുപതിലൊരാള്‍ മാത്രമാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചത്‌.

ബ്രോഡ്‌ബാന്‍ഡ്‌ കണക്ഷന്റെ കാര്യത്തില്‍ സമ്പന്നരാഷ്ട്രങ്ങളില്‍ ആറ്‌ വര്‍ഷത്തിനിടെ 20 മടങ്ങ്‌ വര്‍ധനയുണ്ടായപ്പോള്‍, ആഗോളകണക്കെടുത്താല്‍ വേഗത്തില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നത്‌ ഇരുപതില്‍ ഒരാള്‍ക്ക്‌ മാത്രമാണ്‌. മൊബൈല്‍ ബ്രോഡ്‌ബാന്റ്‌ കണക്ഷന്റെ കാര്യത്തിലും വര്‍ധനയുണ്ട്‌. ലോകത്തെ മൊത്തം ജനസംഖ്യയില്‍ മൂന്ന്‌ ശതമാനത്തിന്‌ ഇത്തരം കണക്ഷന്‍ ഇന്ന്‌ ലഭ്യമാണ്‌. വികസിത രാജ്യങ്ങളില്‍ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡിന്റെ കാര്യത്തില്‍ 14 ശതമാനം വര്‍ധനയുണ്ട്‌്‌.

ഇന്ത്യന്‍ സ്ഥാനം 118

വിവരവിനിമയം, വിവരസാങ്കേതികവിദ്യ, പ്രതിശീര്‍ഷ വരുമാനം, ജനസംഖ്യാനുപാതം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച്‌ ഒരോ രാജ്യവും ഐ.ടി. ഉപയോഗത്തിന്റെ കാര്യത്തില്‍ ഏത്‌ റാങ്കിലാണ്‌ എന്ന ഒരു താരതമ്യവും റിപ്പോര്‍ട്ടിലുണ്ട്‌. സ്വീഡനാണ്‌ ഒന്നാമത്‌. പ്രതിശീര്‍ഷവരുമാനം കുറവാണെങ്കിലും, ഐ.ടി.മേഖലയില്‍ ദക്ഷിണകൊറിയയാണ്‌ രണ്ടാം സ്ഥാനത്ത്‌. ഇക്കാര്യത്തില്‍ വളരെ ക്രിയാതമകമായ നയം ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ പിന്തുടരുന്നാണ്‌ ഈ മുന്നേറ്റത്തിന്‌ കാരണമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

മൂന്നാംസ്ഥാനം ഡെന്‍മാര്‍ക്കിനും നെതര്‍ലന്‍ഡ്‌സ്‌, ഐസ്‌ലന്‍ഡ്‌, നോര്‍വെ എന്നീ രാജ്യങ്ങള്‍ക്ക്‌ യഥാക്രമം നാല്‌, അഞ്ച്‌, ആറ്‌ സ്ഥാനങ്ങളുമാണ്‌. ചൈന എഴുപത്തിമൂന്നാം സ്ഥാനത്തും ഇന്ത്യ നൂറ്റിപതിനെട്ടാം സ്ഥാനത്തുമാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. 154 രാജ്യങ്ങളെ ഇത്തരത്തില്‍ റാങ്ക്‌ ചെയ്‌തതില്‍ അമേരിക്ക പതിനേഴാം സ്ഥാനത്താണ്‌, ഹോങ്കോങ്‌ പതിനൊന്നാംസ്ഥാനത്തും. മ്യാന്‍മറാണ്‌ ഏറ്റവും താഴെ. പട്ടാളഭരണത്തിന്‍ കീഴില്‍ കഴിയുന്ന മ്യാന്‍മറില്‍ അഞ്ചുവര്‍ഷ കാലയളവില്‍ ഇന്റര്‍നെറ്റ്‌ ബാന്‍ഡ്‌വിഡ്‌ത്തിന്റെ ലഭ്യത 90 ശതമാനം കുറയുകയാണ്‌ ചെയ്‌ത്‌.

സമ്പന്നരാഷ്ട്രങ്ങളും ദരിദ്രരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന 'ഡിജിറ്റല്‍ വിടവ്‌' (digital divide) 2002-ലേതുപോലെ 2007-ലും പ്രകടമാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ആഗോള സാമ്പത്തികമാന്ദ്യം വിവരവിനിമയരംഗത്തിന്റെ മുന്നേറ്റത്തെയും ബാധിച്ചേക്കാം. എന്നാല്‍, ചെറിയൊരു തളര്‍ച്ചയുണ്ടാകാം എന്നല്ലാതെ വിവരവിനിമയരംഗത്ത്‌ പിന്നോട്ടടിക്ക്‌ സാധ്യതയില്ലെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. നിലവില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നയാള്‍, സാമ്പത്തികമാന്ദ്യം എന്നു പറഞ്ഞ്‌ അത്‌ ഉപേക്ഷിക്കാന്‍ സാധ്യത കുറവാണല്ലോ.
(കടപ്പാട്‌: അസ്സോസിയേറ്റഡ്‌ പ്രസ്സ്‌).

അനുബന്ധം: ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ സംഖ്യ 453 ലക്ഷമാണെന്ന്‌ മറ്റൊരു പഠനം പറയുന്നു. അതില്‍ 420 ലക്ഷം പേരും നഗരവാസികളാണ്‌. ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യ (IAMAI)യും ഐ.എം.ആര്‍.ബി. ഇന്റര്‍നാഷണലും ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യമുള്ളത്‌. 30 നഗരകേന്ദ്രങ്ങളിലും നൂറ്‌ ഗ്രാമീണമേഖലയിലും ഉള്‍പ്പെടുന്ന 22,000 വീടുകളിലായി 90,000 വ്യക്തികളെയും ആയിരം ചെറുകിട ഇടത്തരം സ്ഥാപനങ്ങളെയും 500 സൈബര്‍കഫെകളെയും കേന്ദ്രീകരിച്ച്‌ നടന്ന വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഇന്ത്യന്‍ നഗരങ്ങളില്‍ 2007 സപ്‌തംബറില്‍ സജീവമായ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ 360 ലക്ഷം ആയിരുന്നത്‌ 2008 സപ്‌തംബര്‍ ആയപ്പോഴേക്കും 420 ലക്ഷമായി. ഒറ്റ വര്‍ഷംകൊണ്ടുണ്ടായ വര്‍ധന 13 ശതമാനം എന്നാണ്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നത്‌.

2 comments:

Joseph Antony said...

ലോകത്ത്‌ ആറ്‌ വര്‍ഷത്തിനിടെ സെല്‍ഫോണ്‍ ഉപയോഗത്തില്‍ ഉണ്ടായ വര്‍ധന എത്രയെന്നോ; നാല്‌ മടങ്ങ്‌. ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങളില്‍ ഏറ്റവും ചൂടേറിയ വിപണനവസ്‌തുവായി സെല്‍ഫോണ്‍ മാറിയതാണ്‌ ഇത്തരമൊരു വര്‍ധനയ്‌ക്ക്‌ കാരണം. ലോകത്ത്‌ ഏതാണ്ട്‌ നാലിലൊന്ന്‌ ഭാഗം പേര്‍ കഴിഞ്ഞ വര്‍ഷം ഏതെങ്കിലുമൊരു സമയത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചിട്ടുണ്ട്‌. 2002-ലെ കാര്യം പരിഗണിച്ചാല്‍ ഇത്‌ പത്തിലൊന്നായിരുന്നു-വിവരസാങ്കേതികവിദ്യ (ഐ.ടി) യുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.

ശ്രീ said...

പതിവു പോലെ നല്ല ലേഖനം, മാഷേ