Monday, February 02, 2009

അര്‍ബുദത്തിനെതിരെ കോശങ്ങളെ 'പരിശീലിപ്പിക്കാം'

അര്‍ബുദട്യൂമറുകള്‍ നശിപ്പിക്കാന്‍ പാകത്തില്‍ പ്രതിരോധകോശങ്ങളെ ശരീരത്തിനുള്ളില്‍ വെച്ചുതന്നെ പരിശീലിപ്പിക്കാന്‍ മാര്‍ഗം തെളിയുന്നു.

പ്രത്യേകമായി തയ്യാറാക്കിയ ഒരിനം പോളിമര്‍ ഇംപ്ലാന്റ്‌ ഉപയോഗിച്ച്‌ ഇത്‌ സാധിക്കുമെന്ന്‌ ഹാര്‍വാഡ്‌ സര്‍വകലാശാലിയിലെ ഗവേഷകരാണ്‌ കണ്ടെത്തിയത്‌. ഇത്തരം ഇംപ്ലാന്റുകള്‍ പരീക്ഷിച്ച എലികള്‍ക്ക്‌ മാരകമായ ഒരിനം അര്‍ബുദത്തിനെതിരെ 90 ശതമാനം അതിജീവനശേഷി കൈവന്നതായി കണ്ടു. മനുഷ്യരിലും ഈ ഫലം ആവര്‍ത്തിക്കാനായാല്‍ അര്‍ബുദത്തിനെതിരെ ശക്തമായ ഒരായുധമായി പുതിയ സങ്കേതം മാറുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

ശരീരപ്രതിരോധത്തെ കബളിപ്പിച്ച്‌ മറഞ്ഞിരിക്കുകയെന്നത്‌ അര്‍ബുദത്തിന്റ സവിശേഷതയാണ്‌. അര്‍ബുദം നേരിടുന്നതില്‍ പ്രധാന പ്രതിബന്ധവും ഇതാണ്‌. അര്‍ബുദത്തിന്റെ ഈ സവിശേഷത നിഷ്‌ഫലമാക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നാണ്‌ 'ഇമ്മ്യൂണോതെറാപ്പി'യെന്ന നൂതനസമീപനം. ഇമ്മ്യൂണോതെറാപ്പിയുടെ ചുവടുപിടിച്ചാണ്‌ ട്യൂമര്‍കോശങ്ങള്‍ തിരിച്ചറിഞ്ഞ്‌ നശിപ്പിക്കാനായി, പ്രതിരോധകോശങ്ങളെ ആകര്‍ഷിച്ച്‌ ഉത്തേജിപ്പിക്കുന്ന പോളിമര്‍ ഇംപ്ലാന്റ്‌ ഹാര്‍വാഡ്‌ സംഘം രൂപപ്പെടുത്തിയത്‌. കീമോതെറാപ്പി പോലുള്ള പരമ്പരാഗത ചികിത്സാരീതികളുടെ തോതും തീവ്രതയും ഇതുവഴി കുറയ്‌ക്കാനാകും. പ്രതിരോധവൈകല്യരോഗങ്ങളായ ടൈപ്പ്‌ ഒന്ന്‌ പ്രമേഹം (ജുവനൈല്‍ പ്രമേഹം), ആമവാതം (റുമാറ്റോയിഡ്‌ ആര്‍ത്രൈറ്റിസ്‌) തുടങ്ങിയവയ്‌ക്കെതിരെയും പുതിയ മാര്‍ഗം പ്രയോഗിക്കാനാകും എന്ന്‌ 'നേച്ചര്‍ മെറ്റീരിയല്‍സ്‌' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

അര്‍ബുദത്തിനെതിരെ നിലവില്‍ ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി അതീവ സങ്കീര്‍ണമാണ്‌. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ അതത്ര വിജയിക്കുന്നതായും കണ്ടിട്ടില്ല-പുതിയ മാര്‍ഗം വികസിപ്പിച്ച സംഘത്തിന്‌ നേതൃത്വം നല്‍കിയ ഡോ.ഡേവിഡ്‌ മൂനി പറയുന്നു. നിലവിലുള്ള ഇമ്മ്യൂണോതെറാപ്പിയില്‍ രോഗിയുടെ ശരീരത്തില്‍നിന്ന്‌ ഡെന്‍ഡ്രിക്‌ കോശങ്ങള്‍ (dendritic cells) എന്ന പ്രതിരോധകോശങ്ങളെ ആദ്യം വേര്‍തിരിച്ചെടുക്കണം. അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ആന്റിജനുമായി ശരീരത്തിന്‌ വെളിയില്‍വെച്ച്‌ അതിനെ സമ്പര്‍ക്കത്തില്‍ വിട്ട്‌ പ്രതിരോധപ്രതികരണം ഉണ്ടാക്കണം. അങ്ങനെ പരുവപ്പെടുത്തിയ കോശങ്ങള്‍ വീണ്ടും രോഗിയില്‍ കുത്തിവെയ്‌ക്കണം. അവ ലസികാഗ്രന്ഥികളിലെത്തി അവിടെവെച്ച്‌, മറ്റൊരിനം പ്രതിരോധകോശങ്ങളായ ടി-കോശങ്ങളെ (T cells) ഉത്തേജിപ്പിക്കണം. അത്തരം ടി-കോശങ്ങള്‍ ട്യൂമറിനെ ആക്രമിച്ച്‌ നശിപ്പിക്കണം.

ഡെന്‍ഡ്രിക്‌ കോശങ്ങള്‍ വളരെ അസ്ഥിരമാണ്‌ എന്നതാണ്‌ സാധാരണ ഇമ്മ്യൂണോതെറാപ്പിയിലെ ഏറ്റവും വലിയ പ്രശ്‌നം. `മാറ്റിവെയ്‌ക്കുമ്പോഴേക്കും ആ കോശങ്ങള്‍ നശിച്ചിരിക്കും. മാത്രമല്ല, തിരികെ കുത്തിവെച്ചാല്‍ തന്നെ അവയുടെ പ്രവര്‍ത്തനത്തില്‍ പരിമിതമായ നിയന്ത്രണമേ നമുക്ക്‌ ലഭിക്കൂ`-ഡോ. മൂനി പറയുന്നു. ഇമ്മ്യൂണോതെറാപ്പിയില്‍ ശരീരത്തിന്‌ വെളിയില്‍വെച്ച്‌ നടത്തേണ്ട സങ്കീര്‍ണപ്രക്രിയകളെല്ലാം ശരീരത്തിനുള്ളില്‍ വെച്ചുതന്നെ നിര്‍വഹിക്കാനാകുന്നു എന്നതാണ്‌ ഡോ.മൂനിയും സംഘവും വികസിപ്പിച്ച പോളിമര്‍ ഇംപ്ലാന്റിന്റെ പ്രത്യേകത. ഇതിനുപയോഗിക്കുന്ന പോളിമര്‍ ജൈവവിഘടനത്തിന്‌ വിധേയമാകും എന്നതിനാല്‍ അത്‌ ശരീരത്തിനുള്ളില്‍ ഘടിപ്പിക്കുന്നതുകൊണ്ട്‌ മറ്റ്‌ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നുമില്ല.

സ്‌പോഞ്ചുപോലെ സൂക്ഷ്‌മസുക്ഷിരങ്ങളുള്ള ഒന്നാണ്‌ ഡോ. മൂനി വികസിപ്പിച്ച പോളിമര്‍ ഇംപ്ലാന്റ്‌. ശരീരത്തിനുള്ളിലെത്തിക്കഴിഞ്ഞാല്‍ അത്‌ ഡെന്‍ഡ്രിക്‌ കോശങ്ങളെ ഒരു രാസസൂചകം വഴി ആകര്‍ഷിക്കുന്നു. അടുത്തെത്തുന്ന കോശങ്ങള്‍ പോളിമറിലെ സുക്ഷിരങ്ങളില്‍ തത്‌ക്കാലത്തേക്ക്‌ തങ്ങും. അവിടെവെച്ചാണ്‌ അര്‍ബുദത്തിനെതിരെ 'പരിശീലനം' നടക്കുന്നത്‌. അതിന്‌ പോളിമറില്‍ രണ്ട്‌ സൂചകങ്ങങ്ങള്‍ (സിഗ്നലുകള്‍) ഉണ്ട്‌. ഏത്‌ അര്‍ബുദത്തിനെതിരെയാണോ സജ്ജമാകേണ്ടത്‌, അതുമായി ബന്ധപ്പെട്ട ആന്റിജന്‍ സൂചകമാണ്‌ ഒന്ന്‌. ബാക്ടീരിയയുടെ ഡി.എന്‍.എ.യുടെ തുണ്ടുകളാണ്‌ രണ്ടാമത്തെ സൂചകം. ഡി.എന്‍.എ.തുണ്ടുകളുടെ സാന്നിധ്യം പ്രതിരോധകോശങ്ങളെ ശക്തിയായി ഉത്തേജിപ്പിക്കും. `അണുബാധയ്‌ക്ക്‌ നടുവിലാണെന്ന` തോന്നല്‍ കോശങ്ങളിലുണ്ടാക്കാന്‍ ഇതിടയാക്കും-ഡോ.മൂനി വിശദീകരിക്കുന്നു.

ട്യൂമര്‍കോശങ്ങളെ തിരഞ്ഞുപിടിച്ച്‌ ശക്തമായി ആക്രമിക്കാന്‍ പ്രതിരോധസംവിധാനത്തിന്‌ ഇത്‌ പ്രേരണ നല്‍കും. പ്രതിരോധസംവിധാത്തില്‍നിന്ന്‌ മറഞ്ഞിരിക്കാന്‍ അര്‍ബുദകോശങ്ങള്‍ക്ക്‌ സാധിക്കാതെ വരും. എലികളുടെ തൊലിക്കടിയിലാണ്‌ പോളിമര്‍ ഇംപ്ലാന്റുകള്‍ സ്ഥാപിച്ച്‌ ഗവേഷകര്‍ പരീക്ഷിച്ചത്‌. ത്വക്കിനെ ബാധിക്കുന്ന മെലനോമയെന്ന മാരക അര്‍ബുദത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആന്റിജനാണ്‌ കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ഇംപ്ലാന്റില്‍ ഉണ്ടായിരുന്നത്‌. ആ അര്‍ബുദത്തിനെതിരെയുള്ള അതിജീവനം 90 ശതമാനം വരെ വര്‍ധിച്ചതായി പരീക്ഷണങ്ങളില്‍ കണ്ടു. `കോശ സാങ്കേതികവിദ്യയും മെറ്റീരിയല്‍സ്‌ സയന്‍സും തമ്മിലുള്ള ചേതോഹരമായ കൂടിച്ചേരലാണ്‌` ഡോ.മൂനിയുടെ ഗവേഷണമെന്ന്‌, ഔഷധ പ്രയോഗത്തിനായുള്ള പോളിമറുകള്‍ വികസിപ്പിക്കുന്നതില്‍ ആചാര്യനായ എം.ഐ.ടി.ഗവേഷകന്‍ ഡോ.റോബര്‍ട്ട്‌ ലാങര്‍ അഭിപ്രായപ്പെട്ടു.

എലികളില്‍ വിജയിച്ച മാര്‍ഗം കുറച്ചുകൂടി വലിയ മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷമാകും മനുഷ്യരില്‍ പ്രയോഗിക്കുക. പക്ഷേ, ഒരുകാര്യം ഇനിയും വ്യക്തമാകാനുണ്ട്‌. ദീര്‍ഘനാളത്തേക്ക്‌ ഈ ചികിത്സ പ്രായോഗികമാകുമോ എന്നകാര്യം. ഇത്തരം ഇംപ്ലാന്റുകള്‍ ഉപയോഗിച്ചാല്‍, മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ കഴിഞ്ഞ്‌ ശരീരത്തിന്റെ പ്രതിരോധകോശങ്ങള്‍ക്ക്‌ അര്‍ബുദത്തെ തിരിച്ചറിഞ്ഞ്‌ നശിപ്പിക്കാന്‍ കഴിയുമോ എന്നത്‌ ഇനിയും വ്യക്തമായിട്ടില്ല. ഒരിക്കല്‍ ശരീരം ശത്രുവിനെ തിരിച്ചറിയാന്‍ പഠിച്ചാല്‍, പിന്നീടും അതിന്‌ കഴിയണം. ഇക്കാര്യം വിശദമായി പഠിക്കാനുള്ള ശ്രമത്തിലാണ്‌ ഗവേഷകരിപ്പോള്‍.
(അവലംബം: നേച്ചര്‍ മെറ്റീരിയല്‍സ്‌, കടപ്പാട്‌: മാതൃഭൂമി).

1 comment:

Joseph Antony said...

ഇമ്മ്യൂണോതെറാപ്പിയില്‍ ശരീരത്തിന്‌ വെളിയില്‍വെച്ച്‌ നടത്തേണ്ട സങ്കീര്‍ണപ്രക്രിയകളെല്ലാം ശരീരത്തിനുള്ളില്‍ വെച്ചുതന്നെ നിര്‍വഹിക്കാനാകുന്നു എന്നതാണ്‌ ഡോ.മൂനിയും സംഘവും വികസിപ്പിച്ച പോളിമര്‍ ഇംപ്ലാന്റിന്റെ പ്രത്യേകത. എലികളുടെ തൊലിക്കടിയിലാണ്‌ പോളിമര്‍ ഇംപ്ലാന്റുകള്‍ സ്ഥാപിച്ച്‌ ഗവേഷകര്‍ പരീക്ഷിച്ചത്‌. ത്വക്കിനെ ബാധിക്കുന്ന മെലനോമയെന്ന മാരക അര്‍ബുദത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആന്റിജനാണ്‌ കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ഇംപ്ലാന്റില്‍ ഉണ്ടായിരുന്നത്‌. ആ അര്‍ബുദത്തിനെതിരെയുള്ള അതിജീവനം 90 ശതമാനം വരെ വര്‍ധിച്ചതായി പരീക്ഷണങ്ങളില്‍ കണ്ടു.