Tuesday, April 29, 2008
ലാനിനായും ആനകളുടെ മദംപൊട്ടലും
ശാന്തസമുദ്രമെവിടെ കിടക്കുന്നു, കേരളമെവിടെ സ്ഥിതിചെയ്യുന്നു എന്നാവാം ഇതെപ്പറ്റി ആദ്യം തോന്നുക. എന്നാല്‍, അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. 'സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സി'(SPCA)ലെ ആനവിദഗ്ധനായ ഡോ.ബി.അരവിന്ദ് പറയുന്നത് ശരിയാണെങ്കില്‍, ലാനിനായ്ക്കും ആനകളുടെ അസാധാരണമായ മദംപൊട്ടലിനും തമ്മില്‍ ബന്ധമുണ്ട്.
കാലാവസ്ഥാമാറ്റം ആനകളുടെ മദംപൊട്ടല്‍ സമയം മുന്നോട്ടാക്കിയതാണ്, ഇത്തവണ പല ഉത്സവങ്ങളും ദുരന്തത്തില്‍ കലാശിക്കാന്‍ കാരണമായതെന്ന് ഡോ.അരവിന്ദ് പറയുന്നു. കേളത്തില്‍ പെയ്ത അസാധാരണമായ വേനല്‍മഴ അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിപ്പിച്ചു. വര്‍ധിച്ച അന്തരീക്ഷഈര്‍പ്പവും കൊടുംചൂടും ചേര്‍ന്ന് ആനകള്‍ക്ക് മദമിളകാന്‍ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചുവത്രേ. (എന്താണ് ആനകളുടെ മദമിളകല്‍, ആനകളോടു നമ്മള് കാട്ടുന്ന ക്രൂരതയ്ക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു മികച്ച ലേഖനം അനോനി ആന്റണിയുടെ ബ്ലോഗിലുണ്ട്-ഇതു കാണുക). ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും അന്തരീക്ഷഈര്‍പ്പത്തിന്റെ തോത് 80 ശതമാനത്തിലേറെയായി; ചൂട് 35 ഡിഗ്രി സെല്സിയസിലുമധികവും. ആനകള്‍ക്ക് വര്‍ഷത്തില്‍ മൂന്നുമാസമാണ് മദംപൊട്ടല്‍ കാലയളവ്. കാലാവസ്ഥയിലെ മാറ്റം ഈ കാലയളവ് മുന്നോട്ടാക്കിയെന്നാണ് ഡോ.അരവിന്ദന്റെ നിഗമനം (ദ ഹിന്ദു, ഏപ്രില്‍ 27, 2008).
അസാധാരണമായ വേനല്‍മഴ ഏല്‍പ്പിച്ച ആഘാതത്തിന്റെ മുറിവുകള്‍ കേരളം നക്കിയുണക്കി വരുന്നതേയുള്ളു. ലോകമാകെ അരിക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴാണ്, കേരളത്തില്‍ വേനല്‍മഴയില്‍ നൂറുകണക്കിന് ഏക്കര്‍ വിളഞ്ഞ നെല്ല് പാടെ നശിച്ചത്. ഉണ്ടായത് കോടികളുടെ നഷ്ടം. എന്തുകൊണ്ട് ഇത്തരമൊരു കാലാവസ്ഥാ മാറ്റം കേരളത്തില്‍ ഇത്തവണ സംഭവിച്ചു എന്നു പരിശോധിക്കുമ്പോഴാണ് ലാനിനാ പ്രതിഭാസം പരിഗണനയിലെത്തുന്നത്. ഈ പ്രതിഭാസം ശാന്തസമുദ്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സമയമാണിത്.
ലാനിനാ ശക്തിപ്പെടുന്ന വര്‍ഷങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ മഴ, അതും കാലംതെറ്റി പെയ്യുക പതിവാണ്. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ശരാശരി ലഭിക്കുന്ന മഴ 1.8 സെന്റീമീറ്ററാണ്. ഇത്തവണ പക്ഷേ, അതിന്റെ ഏതാണ്ട് ആറിരട്ടി (10.3 സെന്റീമീറ്റര്‍) മഴ പെയ്തു. ഇതുപോലെ മറ്റൊരു റിക്കോഡ് വേനല്‍മഴ ദക്ഷിണേന്ത്യയില്‍ പെയ്തത് 1984-ലാണ്. അന്നും ലാനിനാ ശക്തിപ്പെട്ടിരുന്നു. കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് ആനകളെ അണിനിരത്തണോ എന്ന് ആലോചിക്കുന്നവര്‍ കാലാവസ്ഥയെക്കുറിച്ചുകൂടി കുറച്ച് അറിഞ്ഞിരിക്കുന്നുത് നന്നായിരിക്കും.('ലാനിനാ'യെക്കുറിച്ച് അറിയാന്‍ കാണുക: ഉറുമ്പുകള്‍ കാലാവസ്ഥ പ്രവചിക്കുമ്പോള്‍).
Monday, April 28, 2008
മനുഷ്യന് ആഫ്രിക്കയില്‍ സംഭവിച്ചത്
കോശങ്ങളില്‍ ഒരു പരിണാമസമസ്യപോലെയാണ് മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ (mitochondrial DNA) സ്ഥാനമുറപ്പിച്ചത്. പ്രാചീനമായ ഒരു ബാക്ടീരിയം പൂര്‍വികകോശങ്ങളുമായി സമന്വയിച്ചതിന്റെ ഫലമായി സസ്യങ്ങളിലും മനുഷ്യരുള്‍പ്പടെയുള്ള ജീവികളിലും കോശങ്ങളില്‍ അത് ആവിര്‍ഭവിച്ചു. പരിണാമം സംബന്ധിച്ച് ഇന്നുയരുന്ന പല സമസ്യകള്‍ക്കും ഉത്തരം നല്‍കുന്നതും മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ.തന്നെയാണ്. സമീപകാല പരിണാമമുദ്രകള്‍ ഈ ഡി.എന്‍.എ.യില്‍ വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട് എന്നതാണ് ഇതിന് കാരണം. മനുഷ്യരിലും മറ്റു ജീവികളിലും സസ്യങ്ങളിലും കോശത്തിനുള്ളില്‍ കോശമര്‍മത്തിന് വെളിയിലാണ് മൈറ്റോകോണ്‍ഡ്രിയയുടെ സ്ഥാനം. കോശങ്ങളിലെ 'പവര്‍ഹൗസാണത്. അവിടെ കാണപ്പെടുന്ന ജനിതകവസ്തുവാണ് മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ.
മനുഷ്യന് ഉള്‍പ്പടെ പല ജീവികളിലും മാതാവ് വഴിയാണ് മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ.തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. പിതാവിന്റെ ജീനുകള്‍ മൈറ്റോകോണ്‍ഡ്രിയയിലെ ജനിതകവസ്തുവുമായി സങ്കലിക്കാറില്ല. അതിനാല്‍, 'മനുഷ്യകുടുംബവൃക്ഷ' (human family tree)ത്തിന് രൂപം നല്കാന് ഈ ഡി.എന്‍.എ.സഹായിക്കുന്നു. കുടുംബവൃക്ഷത്തിന്റെ ശാഖകളും ഉപശാഖകളും ഇതിനകം വിശദമായി പഠിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരം പഠനങ്ങളുടെ ഫലമായാണ്, മനുഷ്യവര്‍ഗം 60,000 വര്‍ഷം മുമ്പാണ് ആഫ്രിക്കയില്‍നിന്ന് ഏഷ്യയിലേക്ക് വ്യാപിച്ചതെന്ന ബോധ്യത്തില്‍ ഗവേഷകര്‍ എത്തിയത്. 50,000 വര്‍ഷം മുമ്പ് ഓസ്ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ് യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ് അമേരിക്കയിലേക്കും മനുഷ്യന് വ്യാപിച്ചതായും അറിയാം.
എന്നാല്‍, രണ്ടുലക്ഷം വര്‍ഷം മുമ്പ് ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ് ' എന്ന മനുഷ്യന്, ഏഷ്യയിലേക്ക് ആദ്യകുടിയേറ്റം നടക്കുന്ന കാലം വരെ -ഏതാണ്ട് 1.4 ലക്ഷം വര്‍ഷക്കാലം-ആഫ്രിക്കയില്‍ എന്താണ് സംഭവിച്ചത്. മനുഷ്യന്റെ പ്രാചീനചരിത്രം എന്താണ് പറയുന്നത്. ലോകത്തെ ബാക്കിയെല്ലാ പ്രദേശത്തും കാണപ്പെടുന്നതിലുമധികം വൈവിധ്യം ആഫ്രിക്കയിലെ മനുഷ്യരില്‍ മാത്രം ഉള്ളതെന്തുകൊണ്ട്. ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, മനുഷ്യകുടിയേറ്റത്തിന്റെ ജനിതകവഴികള്‍ പഠിക്കുന്ന 'ജിനോഗ്രാഫിക് പ്രോജക്ട്' (Genographic Project) എന്ന ഗവേഷണപദ്ധതിവഴി മനുഷ്യന്റെ ആ പ്രാചീനചരിത്രം ഇപ്പോള്‍ ചുരുളഴിയുകയാണ്.
വാഷിങ്ടണ്‍ കേന്ദ്രമായി നടക്കുന്ന ജിനോഗ്രാഫിക് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയിലെ സ്പെന്‍സര്‍ വെല്‍സും ഹൈഫയില്‍ 'റാംബാം മെഡിക്കല്‍ സെന്ററി'ലെ ഡൊറോന്‍ ബെഹാറുമാണ്. ആഫ്രിക്കയിലെ ജനിതകവൈവിധ്യം എങ്ങനെ രൂപപ്പെട്ടു എന്നു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന 624 ആഫ്രിക്കക്കാരുടെ മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ. അവര്‍ വിശകലന വിധേയമാക്കി. മാത്രമല്ല, വിശാലമായ ബാഹ്യലോകത്തേക്ക് കാലൂന്നുംമുമ്പ് ആധുനികമനുഷ്യന് എങ്ങനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചു എന്നതിനെക്കുറിച്ചും ഈ ഗവേഷണം വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതായി 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഹ്യുമണ്‍ ജനറ്റിക്സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
പ്രാചീനമനുഷ്യന് ആഫ്രിക്കയില്‍ ശരിക്കും രണ്ട് വ്യത്യസ്ത വര്‍ഗങ്ങളായി മാറുന്ന തരത്തില്‍ ഒരവസരത്തില്‍ വേര്‍പിരിഞ്ഞെന്നും, ആ വേര്‍പിരിയല്‍ ഏതാണ്ട് ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നെന്നും, അതിനുശേഷം ഇരുവിഭാഗവും വീണ്ടും ഒന്നാവുകയായിരുന്നുവെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. കഠിനവരള്‍ച്ച മൂലം വടക്കുകിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ആഫ്രിക്കയിലുമായി വേര്‍പെട്ടുപോയ തായ്വഴികളാണ്, വ്യത്യസ്ത വര്‍ഗങ്ങളായി പരിണമിക്കുന്നതിന്റെ വക്കത്തെത്തിയതത്രേ. മാത്രമല്ല, പ്രതികൂല കാലാവസ്ഥ മൂലം ഒരുഘട്ടത്തില്‍ മനുഷ്യവര്‍ഗം ശരിക്കും വംശനാശത്തിന്റെ വക്കിലെത്തിയെന്നും പഠനം പറയുന്നു. അംഗസംഖ്യ വെറും 2000 എന്ന നിലയ്ക്കെത്തി. ശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ (Late Stone Age) വീണ്ടും ജനസംഖ്യ വര്‍ധിക്കുകയായിരുന്നുവത്രേ.
തെക്കന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന 'ഖോയി'(Khoi), 'സാന്‍' (San) വര്‍ഗക്കാരുടെ ഡി.എന്‍.എ.മാതൃകകളാണ് ഗവേഷകര്‍ പ്രത്യേക ശ്രദ്ധ നല്കി പഠിച്ചത്. കാടരിച്ചും വേട്ടയാടിയും കഴിയുന്ന ഈ വര്‍ഗക്കാരെ പുറംലോകമറിയുന്നത് 'ബുഷ്മെന്' (bushmen) എന്ന പേരിലാണ് (പ്രശസ്തമായ 'ഗോഡ് മസ്റ്റ് ബി ക്രേസി' എന്ന സിനിമ ഓര്‍ക്കുക). കാര്‍ഷികവൃത്തി തുടങ്ങുംമുമ്പുള്ള മനുഷ്യസംസ്ക്കാരത്തിന് ഏറ്റവും മികച്ച ഉദാഹരണമായാണ് പല നരവംശശാസ്ത്രജ്ഞരും ബുഷ്മെന് വിഭാഗങ്ങളുടെ ജീവിതത്തെ കാണുന്നത്.
കിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ട ഈ വര്‍ഗം 150,000 വര്‍ഷം മുമ്പ് രണ്ടായി പിരിഞ്ഞ്, ഒരു വിഭാഗം തെക്കന്‍ ആഫ്രിക്കയിലും മറ്റൊരു ഗ്രൂപ്പ് വടക്കുകിഴക്കന്‍ ആഫ്രിക്കയിലും കുടിയേറി. പിന്നീട് ഒരുലക്ഷം വര്‍ഷക്കാലം മനുഷ്യവര്‍ഗം ഇങ്ങനെ രണ്ടായി വേര്‍പിരിഞ്ഞു കഴിഞ്ഞുവെന്നാണ് ഡി.എന്‍.എ.യിലെ വ്യതികരണങ്ങള്‍ നല്കുന്ന സൂചനയെന്ന് ഡൊറോന്‍ ബെഹാര്‍ പറയുന്നു. `ഏതാണ്ട് 40,000 വര്‍ഷം മുമ്പ് ഇരുവിഭാഗവും വീണ്ടും ഒന്നായി. മനുഷ്യവര്‍ഗം ബാഹ്യലോകത്തേക്ക് കുടിയേറുന്ന കാലമായിരുന്നു അത്`. ഒരുലക്ഷം വര്‍ഷത്തോളം രണ്ടായി പിരിഞ്ഞുകഴിഞ്ഞ മനുഷ്യവര്‍ഗത്തിന്റെ ഒരു തായ്വഴിയില് പെട്ടവരാണ് ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും; ബുഷ്മെന് വിഭാഗത്തിലെ ഭൂരിപക്ഷംപേരും രണ്ടാമത്തെ തായ്വഴിയില് പെട്ടവരും.
എന്തുകൊണ്ട് മനുഷ്യന് ഒരുലക്ഷം വര്‍ഷക്കാലം വേര്‍പിരിഞ്ഞുപോയി എന്ന കാര്യം പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാവ്യതിയാനം അതിലൊരു മുഖ്യപങ്ക് വഹിച്ചിരിക്കാം എന്നാണ് കരുതുന്നത്. ആ കാലത്ത് കഠിനവരള്‍ച്ചയുടെ പിടിയിലായി ആഫ്രിക്കയുടെ കുറെ ഭാഗമെന്ന്, ഇപ്പോള്‍ മൊസാമ്പിക്കിലുള്ള മലാവി തടകത്തില്‍നിന്ന് ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നു. അത്തരം കാലാവസ്ഥാവ്യതിയാനമാകാം മനുഷ്യവര്‍ഗത്തെ രണ്ടായി വേര്‍തിരിക്കുന്ന സ്ഥിതിയിലേക്ക് തള്ളിവിട്ടതെന്ന് സ്പെന്‍സര്‍ വെല്‍സ് അറിയിക്കുന്നു. മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ അംഗസംഖ്യയും അക്കാലത്ത് അപകടകരമായി ശോഷിച്ചു-വെറും 2000 വരെയെത്തിയെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. കാലാവസ്ഥ മെച്ചമായതിനൊപ്പം ശിലായുഗത്തിന്റെ അവസാനകാലത്ത് പുതിയ ഉപകരണങ്ങളും സങ്കേതങ്ങളും സഹായത്തിനെത്തുകയും ചെയ്തതോടെയാണ്, വംശനാശത്തില്‍നിന്ന് മനുഷ്യന് കരകയറിയതും ആഫ്രിക്കയുടെ പുറത്തേക്ക് വ്യാപിക്കാന്‍ അവന് പ്രാപ്തനായതും.
മൈറ്റോകോണ്ഡ്രിയല് ജിനോം വിശകലനം ചെയ്യുക വഴി മനുഷ്യന്റെ പ്രാചീനചരിത്രം അറിയുക മാത്രമല്ല സാധിക്കുക. മനുഷ്യവര്‍ഗത്തിലെ വ്യത്യസ്ത വംശങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ഉത്ഭവം മനസിലാക്കാനും, ചില വര്‍ഗങ്ങള്‍ക്ക് ചില രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നത് അല്ലെങ്കില്‍ ബാധിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്റെ ജനിതക കാരണം കണ്ടെത്താനും, അതുവഴി പാര്‍ക്കിന്‍സണ്‍സ് രോഗം, അള്‍ഷൈമേഴ്സ് രോഗം, പ്രമേഹം തുടങ്ങി പാരമ്പര്യസ്വഭാവമുള്ള ഒട്ടേറെ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താനും ഇതു വഴിവെച്ചേക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
ആഫ്രിക്കയില്‍ മനുഷ്യന് രണ്ട് തായ്വഴിയായി ഒരുകാലത്ത് വേര്‍തിരിഞ്ഞെന്ന്, മുമ്പ് ബ്രിട്ടീഷ് ഗവേഷകന് പീറ്റര്‍ ഫോര്‍സ്റ്റര്‍ ഒരു പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കയ്ക്കു പുറത്ത് മനുഷ്യവര്‍ഗം നടത്തിയ കുടിയേറ്റങ്ങള്‍ പഠിക്കാനായി മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ.വിശകലനം ചെയ്തപ്പോഴാണ്, ആന്ഗ്ലിയ റസ്കിന് സര്‍വകലാശാലയിലെ ഗവേഷകനായ ഫോര്‍സ്റ്റര്‍ 1997-ല്‍ അത്തരമൊരു നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ നിഗമനത്തെ ജിനോഗ്രാഫിക് പ്രോജക്ട് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. (അവലംബം: നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി)
Sunday, April 27, 2008
ഹൃദയകോശങ്ങള്‍ പരീക്ഷണശാലയില്‍ സൃഷ്ടിച്ചു

Friday, April 25, 2008
കൃത്രിമപോഷകങ്ങള് ആയുസ്സ് കുറച്ചേക്കാം

ബീറ്റാ-കരോട്ടിന്‍, ജീവികം-എ, സി, ഇ, സെലിനിയം തുടങ്ങിയവ അധികമായി കഴിക്കുന്നതിന്റെ ഫലത്തെപ്പറ്റി നടന്ന, 67 പഠനറിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ നിഗമനത്തില്‍ എത്തിയത്. കൃത്രിമപോഷകങ്ങളെക്കുറിച്ച് ലോകമെങ്ങും നടന്ന 817 പഠനങ്ങളില്‍നിന്ന്, 67 എണ്ണം ഗവേഷകര്‍ വിശകലനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. അത്രയും പഠനങ്ങളില്‍ ഉള്‍പ്പെട്ട 2.33 ലക്ഷം പേരുടെ അനുഭവമാണ്, കൃത്രിമപോഷകങ്ങളുടെയും ജീവകങ്ങളുടെയും ഫലമെന്തെന്ന് വിലയിരുത്താന്‍ ഗവേഷകര്‍ അവലംബമാക്കിയത്.
പരിഗണനയര്ഹിച്ച 67 റിപ്പോര്‍ട്ടുകളില്‍നിന്ന് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 20 എണ്ണംകൂടി ഒഴിവാക്കി. അവശേഷിച്ച പഠനറിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തതില്‍നിന്ന് ഗവേഷകരെത്തിയ നിഗമനം അലോസരമുണ്ടാക്കുന്നതാണ്. ജീവകം-എ അധികമടങ്ങിയ കൃത്രിമഭക്ഷ്യവസ്തുക്കള് മരണസാധ്യ 16 ശതമാനം വര്‍ധിപ്പിക്കുമ്പോള്‍, ബീറ്റാ-കരോട്ടിന്റെ കാര്യത്തില്‍ ഈ വര്‍ധന ഏഴ് ശതമാനമാണ്. ജീവകം-ഇ യുടെ കാര്യത്തില്‍ ഈ വര്‍ധന നാലുശതമാണ്. എന്നാല്‍, ജീവകം-സി, സെലിനിയം എന്നിവയുടെ കാര്യത്തില്‍ മരണസാധ്യത കൂടുകയോ കുറയുകയോ ചെയ്തതായി കണ്ടില്ല-'കൊക്രേന്‍ കൊളാബൊറേഷന്'(Cochrane Collaboration) പുറത്തുവിട്ട അവലോകന റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം അധികഭക്ഷണങ്ങള് എന്തുകൊണ്ട് ഈ ഫലം വരുത്തുന്നു എന്നതിനെക്കുറിച്ച് വ്യക്തമല്ല. ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ ഇത്തരം കൃത്രിമഭക്ഷ്യവസ്തുക്കള് പ്രതികൂലമായി ബാധിക്കുന്നു എന്നാണ് ഊഹിക്കേണ്ടിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ബീറ്റാ-കരോട്ടിന്റെ കാര്യം ഉദാഹരണമായെടുക്കുക. ശരീരം കൊഴുപ്പ് ഉപയോഗിക്കുന്ന രീതി വ്യത്യാസപ്പെടുത്താന്‍ ഇതിനാകും. അതായിരിക്കാം പ്രതികൂലമാകുന്നത്-ഗവേഷകര്‍ കരുതുന്നു.
ശരീരത്തില്‍ അടിഞ്ഞുകൂടന്ന 'സ്വതന്ത്രറാഡിക്കലു'(free radicals)കളാണ് അര്‍ബുദം മുതല്‍ ഹൃദ്രോഗം വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് മുഖ്യകാരണം. സ്വതന്ത്രറാഡിക്കലുകളെ ഉന്മൂലനം ചെയ്യുന്ന 'നിരോക്സീകാരികളു'(antioxidents)ടെ കലവറയെന്ന പേരിലാണ് കൃത്രിമപോഷകാഹാരങ്ങള് മിക്കതും പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരം കൃത്രിമഭക്ഷ്യവസ്തുക്കളുടെ ആഗോളവിപണി എതാണ്ട് 250 കോടി ഡോളര്‍ (10,000 കോടിരൂപ) വരും.
കൃത്രിമപോഷകാഹാരങ്ങള് വലിയ വില നല്കി വാങ്ങിക്കഴിക്കുന്നതിലും ആരോഗ്യകരം, ആവശ്യത്തിന് പോഷകങ്ങളടങ്ങിയ പ്രകൃതിദത്തമായ സാധാരണഭക്ഷ്യവസ്തുക്കളെ ആശ്രയിക്കുന്നതാണെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച പ്രസ്താവന പറയുന്നു. നിരോക്സീകാരികളും പോഷകങ്ങളുമടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക, ആവശ്യത്തിന് വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പുകവലി ശീലം പാടെ ഉപേക്ഷിക്കുക-ആയുസ്സ് കൂട്ടാന്‍ ഇതാണ് നല്ല മാര്‍ഗമെന്ന് വിദഗ്ധര്‍ പറയുന്നു.
ജീവകങ്ങള്‍ -ഉറവിടം, ഫലം
1.ജീവകം-എ: മത്തിപോലെ നെയ്യുള്ള മത്സ്യങ്ങള്‍, മുട്ട, കരള്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെയും കണ്ണിന്റെയും ആരോഗ്യം സംരക്ഷിക്കാനും ബീജോത്പാദനത്തിനും ജീവകം-എ കൂടിയേ തീരൂ.
2.ജീവകം-സി: പഴങ്ങള്‍, പച്ചക്കറികള്‍. മുറിവുകള്‍ ഉണക്കാനും ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ജീവകം-സി ആവശ്യമാണ്.
3.ജീവകം-ഇ: സസ്യ എണ്ണകള്‍, പരിപ്പുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍. രക്തചംക്രമണം വര്‍ധിപ്പിക്കാനും പ്രായമേറിയവരെ ഊര്ജ്വൊലരായി നിലനിര്‍ത്താനും സഹായിക്കുന്നു.
4.ബീറ്റ-കരോട്ടിന്‍: കാരറ്റ് പോലെ ചുവപ്പുകലര്‍ന്ന നിറമുള്ള പച്ചക്കറികള്‍. കാഴ്ചശക്തി വര്‍ധിപ്പിക്കാനും മനസിന്റെ ഏകാഗ്രത നിലനിര്‍ത്താനും സഹായിക്കുന്നു.
5.സെലിനിയം: വെണ്ണ, പരിപ്പുവര്‍ഗങ്ങള്‍, കരള്‍, മത്സ്യം. ശരീരപ്രതിരോധസംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ സെലിനിയം സഹായകമാണ്.(കടപ്പാട്: കൊക്രേന്‍ കൊളാബൊറേഷന്, മാതൃഭൂമി)
Tuesday, April 22, 2008
എന്തുകൊണ്ട് ഭൂമി

മറ്റ് ഗ്രഹത്തിലേക്ക് ബഹിരാകാശപേടകങ്ങള്‍ അയയ്ക്കുമ്പോഴും, അന്യനക്ഷത്രസമൂഹങ്ങളിലേക്ക് ടെലസ്കോപ്പുകള്‍ തിരിക്കുമ്പോഴും, വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന നിഗൂഢഗ്രഹങ്ങളെ കണ്ടെത്തുമ്പോഴും മനുഷ്യന് ആവേശം കൊള്ളുന്നതിന് പിന്നിലുള്ളത് ഒരൊറ്റ സംഗതിയാണ്-അവിടെ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യം കണ്ടേക്കാം എന്ന പ്രതീക്ഷ. ഭൂമിയെപ്പോലൊരു ഗ്രഹം, മനുഷ്യരെപ്പോലുള്ള ജീവികള്‍...അനന്തവിഹായസ്സിലെ ധൂളീപടലങ്ങള്ക്കുള്ളില് നമ്മുടെ നോട്ടമെത്താനായി കാത്തിരിക്കുന്നുണ്ടാകാം! ദൗര്‍ഭാഗ്യവശാല്‍ ഇത്രകാലവും അങ്ങനെയൊന്ന് കണ്ടെത്താന്‍ നമുക്കായിട്ടില്ല, ഇനി കഴിയുമോ എന്ന് ഉറപ്പുമില്ല.
സൂര്യന് എന്ന ഇടത്തരം നക്ഷത്രത്തെ ചുറ്റുന്ന ഒരു സാധാരണഗ്രഹം മാത്രമായ ഭൂമി എന്തുകൊണ്ട് ജീവന്റെ അസാധാരണ വാസഗേഹമായി. ശുക്രനിലോ ചൊവ്വായിലോ മനുഷ്യനുണ്ടാകാതെ പോയത് എന്തുകൊണ്ട്? ഇവിടെയാണ് കാലത്തിന്റെയും ഉള്ളടക്കത്തിന്റെയും സ്ഥാനത്തിന്റെയുമൊക്കെ അസാധാരണ ചേരുവയാണ് ഭൂമിയെന്ന കാര്യം നമ്മള് ഓര്‍ക്കേണ്ടത്, ഭൂമിയെന്ന ഗ്രഹത്തിന്റെ അപൂര്‍വത എത്രയെന്നറിയേണ്ടത്. ശരിയായ സ്ഥാനത്ത്, കൃത്യമായ സമയത്ത്, അനുയോജ്യമായ ഉള്ളടക്കത്താല്‍ രൂപപ്പെട്ടതിനൊപ്പം, യോജിച്ച ഉപഗ്രഹം കൂടിയായപ്പോള്‍ ഭൂമിക്ക് ജീവന്റെ വാസഗേഹമാകാന്‍ യോഗ്യതയുണ്ടായി. സ്ഥാനം, കാലം, ചേരുവ ഇങ്ങനെ ഡസണ്‍കണക്കിന് അനുകൂലഘടകങ്ങളില്‍ ഏതെങ്കിലും തെറ്റിയിരുന്നെങ്കില്‍, ഭൂമിയുടെയും ഇവിടുത്തെ ജീവന്റെയും കഥ മറ്റൊന്നായേനെ.
യഥാര്‍ഥത്തില്‍ ജീവന് നിലനില്ക്കാന് അത്ര അനുകൂലമായ സ്ഥലമാണോ ഭൂമി. അല്ല എന്നതാണ് വാസ്തവം. സമുദ്രത്തിലെ ഏറ്റവും ആഴമുള്ള സ്ഥലം പരിഗണിക്കുക. അവിടം മുതല്‍ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിവരെ പരിഗണിച്ചാല്‍ ആകെ 20 കിലോമീറ്റര്‍ കനമേ വരൂ. ഭൂപ്രതലത്തില്‍ ജീവന് നിലനില്‍ക്കുന്നത് ഈ വെറും 20 കിലോമീറ്റര്‍ കനത്തിലുള്ള ഭാഗത്ത് മാത്രം. പ്രപഞ്ചത്തെയാകെ പരിഗണിച്ചാലും ജീവന് ഉണ്ടെന്ന് നമുക്ക് ഉറപ്പിച്ചു പറയാവുന്ന ഒരേയൊരു സ്ഥലവും ആ 20 കിലോമീറ്റര്‍ ഭാഗം മാത്രം!
ഏതാണ്ട് 40 കോടി വര്‍ഷം മുമ്പ് കടലില്‍നിന്ന് കരയ്ക്കെത്തി ഓക്സിജന്‍ ശ്വസിച്ചു ജീവിച്ചുതുടങ്ങിയ വര്‍ഗങ്ങളുടെ പിന്‍ഗാമികളാണ് മനുഷ്യന്. കരയിലെത്തിയ ജീവികള്‍ക്ക്, ഭൂമിയില്‍ ജീവന് അനുകൂലമായ സ്ഥലത്തിന്റെ 99.5 ശതമാനം സ്ഥലവും അതോടെ അന്യമായി. ജീവമണ്ഡലത്തിലെ മൊത്തം സ്ഥലം പരിശോധിച്ചാല്‍, കൂടുതല്‍ പ്രദേശവും അത്യുഷ്ണമോ അതിശൈത്യമോ മൂലം ജീവന് അനുകൂലമല്ല. മനുഷ്യന് ജീവിക്കാന്‍ പറ്റിയ സ്ഥലം കരയുടെ വെറും 12 ശതമാനം മാത്രമേ വരൂ. സമുദ്രമടക്കം ഭൗമോപരിതലം മുഴുവനെടുത്താല്‍ അത് നാലു ശതമാനമാകും.
ഇത്തരം പ്രതികൂലാവസ്ഥകളെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇവിടെ ജീവന് നിലനില്ക്കുന്നു എന്നതാണ് പ്രധാനം. അതാണ് ഭൂമിക്ക് അതിന്റെ അപൂര്‍വത നല്‍കുന്നത്. ആ അപൂര്‍വതയ്ക്കു പിന്നിലെ ഘടകങ്ങള്‍ ഏതെന്നു പരിശോധിച്ചാല്‍ ഒട്ടേറെ സംഗതികള്‍ ഒറ്റയടിക്ക് പരിഗണയ്ക്കെത്തും. അവയില്‍ ആദ്യഘടകം, ശരിയായ നക്ഷത്രത്തെ ഭൂമിക്ക് കിട്ടി എന്നതാണ്. സൂര്യന്റെ വലിപ്പം അല്‍പ്പംകൂടി ഏറിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. വലിപ്പം കൂടിയ നക്ഷത്രങ്ങളിലെ ഇന്ധനം വേഗം എരിഞ്ഞു തീരും. അത്തരം നക്ഷത്രങ്ങള്‍ വേഗം മരിക്കും. സൂര്യന്റെ ആയുസ്സ് ആയിരം കോടി വര്‍ഷമാണ്. എന്നാല്‍, നമ്മുടെ മാതൃനക്ഷത്രത്തിന് സൂര്യനെക്കാള്‍ പത്തിരട്ടി വലിപ്പമുണ്ടായിരുന്നെങ്കിലോ. അതിലെ ഇന്ധനം ഒരുകോടി വര്‍ഷംകൊണ്ട് എരിഞ്ഞു തീര്‍ന്നേനെ, നമ്മള് ഇവിടെ ഉണ്ടാകുമായിരുന്നില്ല.
ശരിയായ ഭ്രമണപഥത്തിലാണ്, അല്ലെങ്കില്‍ സ്ഥാനത്താണ് ഭൂമി സ്ഥിതിചെയ്യുന്നത് എന്നതാണ് ജീവന് അനുകൂലമായ മറ്റൊരു പ്രധാന ഘടകം. സൂര്യനില്‍നിന്നുള്ള അകലം അഞ്ചുശതമാനം അടുത്തോ, 15 ശതമാനം അകലെയോ ആയിരുന്നെങ്കില്‍ ഭൂമിയും മറ്റൊരു ശുക്രനോ ചൊവ്വയോ ആകുമായിരുന്നു. ശുക്രന്റെ കാര്യം പരിഗണിക്കുക. ഭൂമിയുടെ ഏതാണ്ട് അതേ ഉള്ളടക്കവും ഘടനയുമുള്ള ഗ്രഹമാണത്. വലിപ്പത്തിന്റെ കാര്യത്തിലും കാര്യമായ അന്തരമില്ല. പക്ഷേ, ശുക്രന് ഭൂമിയെക്കാള്‍ സൂര്യനോട് നാലുകോടി കിലോമീറ്റര്‍ അടുത്താണ് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍നിന്നുള്ള താപം ഭൂമിയിലെത്തുന്നതിന് രണ്ടുമിനിറ്റ് മുമ്പ് ശുക്രനിലെത്തുന്നു.
ആദ്യകാലത്ത് സ്വാഭാവികമായും ഭൂമിയെക്കാള്‍ താപനില ഏതാനും ഡിഗ്രി കൂടുതലായിരുന്നിരിക്കണം ശുക്രനില്‍. അന്നവിടെ സമുദ്രങ്ങളും ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ആ ഊഷ്മാവില്‍ സമുദ്രങ്ങള്‍ ബാഷ്പീകരിക്കപ്പെട്ടു. ഹൈഡ്രജന്‍ ആറ്റങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന് പുറത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. കാര്‍ബണുമായി ഓക്സിജന്‍ സംയോജിച്ച് അന്തരീക്ഷത്തില്‍ ഇീ2 നിറഞ്ഞിരിക്കും. ഹരിതഗൃഹവാതകമായ ഇഛ2ന്റെ അതിസാന്നിധ്യം മൂലം ഇന്ന് ശുക്രന്റെ അന്തരീക്ഷ താപനില 470 ഡിഗ്രിസെല്‍സിയസ് ആണ്. ജീവന് നിലനില്ക്കുക അസാധ്യം. സൂര്യനോട് രണ്ട് പ്രകാശമിനിറ്റുകള് അടുത്തായിരുന്നെങ്കില്‍ ഭൂമിക്കും സംഭവിക്കുമായിരുന്നത് ഇതാണ്. അകന്നാലോ, വിപരീതാവസ്ഥയാകും ഫലം; തണുത്തുറയും.
സ്ഥാനം മാത്രം ശരിയായാല്‍ പോര. അങ്ങനെയെങ്കില്‍ ചന്ദ്രനില്‍ വനങ്ങളും വന്യജീവികളും കാണേണ്ടതായിരുന്നു. ജീവന് നിലനില്ക്കാന് അനുയോജ്യമായ ഗ്രഹവുമായിരിക്കണം. ഉരുകിമറിയുന്ന ലാവയുള്ള അകക്കാമ്പാണ് ഭൂമിയുടേത്. അഗ്നിപര്‍വതങ്ങളും ഭൂകമ്പങ്ങളുമൊക്കെ ഇതുമൂലം ഉണ്ടാകുന്നുവെങ്കിലും, ഇത്തരമൊരു അകക്കാമ്പ് ഉണ്ടായതാണ് ഭൂമിയുടെ ഭാഗ്യം. അന്തരീക്ഷത്തെ പോഷിപ്പിക്കാന്‍ വാതകങ്ങള്‍ വമിക്കുന്നതും, പ്രാപഞ്ചിക കിരണങ്ങളില്‍നിന്ന് ഭൂമിയെ രക്ഷിക്കുന്ന കാന്തികമണ്ഡലം രൂപപ്പെട്ടിരിക്കുന്നതും, ഫലകചലനത്തിനുമൊക്കെ കാരണം ഈ അകക്കാമ്പാണ്.
ഫലകചലനത്തിന്റെ ഫലമായാണ് ഭൗമോപരിതലം കുന്നുകളും ഭൂഖണ്ഡങ്ങളും ഗര്ത്തങ്ങളുമൊക്കെയുള്ള സ്ഥലമായി പരിണമിച്ചത്. പ്രതലം കുറ്റമറ്റ വിധം നിരപ്പായിരുന്നെങ്കില്‍ ഭൂമി മുഴുവന്‍ നാലുകിലോമീറ്റര്‍ ആഴത്തില്‍ വെള്ളം മൂടിക്കിടക്കുമായിരുന്നു. ആ ജലലോകത്ത് ജീവന് ഉണ്ടായേക്കാം, പക്ഷേ മനുഷ്യന് ഉണ്ടാകുമായിരുന്നില്ല. ഭൗമാന്തരീക്ഷവും ഭൂമിയെ അനുകൂലമായ ഗ്രഹമാക്കുന്നു. ഭൂമിയിലെ ശരാശരി അന്തരീക്ഷ ഊഷ്മാവ് ഇപ്പോള്‍ 14 ഡിഗ്രി സെല്‍സിയസ് ആണ്. അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ ഭൂമിയുടെ പ്രതലഊഷ്മാവ് മൈനസ് 50 ഡിഗ്രി സെല്‍സിയസ് ആകുമായിരുന്നു. ആ താപനിലയില്‍ ഇന്നത്തെ ഭൂമി ഉണ്ടാകുമായിരുന്നില്ല.
ചന്ദ്രനെപ്പോലൊരു ഉപഗ്രഹകൂട്ടാളിയെ ഭൂമിക്ക് ലഭിച്ചിരുന്നില്ലെങ്കിലും കഥ മാറിയേനെ. കൃത്യമായ ഭ്രമണത്തിന് ഭൂമിയെ പ്രാപ്തമാക്കുന്നത് ചന്ദ്രന് ഭൂമിയ്ക്കുമേലും ഭൂമി ചന്ദ്രനു മേലും പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണബലമാണ്. സൗരയൂഥത്തില്‍ മാതൃഗ്രഹവുമായി താരതമ്യം ചെയ്താല്‍ ചന്ദ്രന്റെയത്ര വലിപ്പമുള്ള ഉപഗ്രഹം കണ്ടെത്തുക ബുദ്ധിമുട്ടാണ് (പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്റണ്‍ ആണ് അപവാദം). ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നില്‍ കൂടുതലുണ്ട് ചന്ദ്രന്റെ വ്യാസം. എന്നാല്‍, ചൊവ്വായുടെ ഉപഗ്രഹങ്ങളായ ഫോബോസിന്റെയും ഡീമോസിന്റെയും കാര്യം പരിഗണിക്കുക. അവയുടെ വ്യാസം വെറും പത്തുകിലോമീറ്റര്‍ വീതമേ വരൂ. മാതൃഗ്രഹത്തിന് മേല്‍ വലിയ സ്വാധീനമൊന്നും അവയ്ക്ക് ചെലുത്താനാകില്ല.
സമയവും സുപ്രധാനമാണ്. 460 കോടി വര്‍ഷം മുമ്പ് ഭൂമി പിറവിയെടുത്തു. അന്നുമുതല്‍ ശരിയായ സമയങ്ങളില്‍ അനുകൂലമായ രീതിയില്‍ ഉണ്ടായ പരശ്ശതം സംഭവങ്ങളുടെ പരമ്പരയാണ് ഇങ്ങേയറ്റത്ത് ഇന്നത്തെ നിലയ്ക്ക് ജീവന്റെ നിലനില്പ് ഭൂമിയില്‍ സാധ്യമാക്കിയത്. അതിനിടയിലുണ്ടായ ഏതെങ്കിലും സംഭവങ്ങള്‍ മറ്റൊരു രീതിയിലായിരുന്നെങ്കില്‍ കഥ മാറിയേനെ. ഉദാഹരണത്തിന് ഒരു ക്ഷുദ്രഗ്രഹം പതിച്ച് ദിനോസറുകള്‍ അന്യംനില്ക്കാതിരുന്നെങ്കില്, എന്താകുമായിരുന്നു സ്ഥിതി. അത്തരമൊരു ക്ഷുദ്രഗ്രഹം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഭൂമിയില്‍ പതിച്ചിരുന്നെങ്കിലോ. ജീവികള്‍ക്ക് വെള്ളത്തില്‍നിന്ന് കരയ്ക്കു കയറാന്‍ ആവശ്യമായ പരിണാമ ആനുകൂല്യം പ്രകൃതി നല്കാതിരുന്നെങ്കിലോ. അന്തരീക്ഷത്തിലെ രാസചേരുവ മറ്റൊന്നായിരുന്നെങ്കിലോ.
ഇങ്ങനെ എത്രയോ അസാധാരണ സംഭവങ്ങളുടെയും ആനുകൂല്യങ്ങളുടെയും സമ്മേളനഫലമായാണ് ഭൂമിയെന്ന ഗ്രഹം ജീവന്റെ വാസഗേഹമായി മാറിയത്. ഭൂമിയിലെ ജീവന്റെ യഥാര്‍ഥ മാനം ഇനിയും മനുഷ്യന് പൂര്‍ണമായി മനസിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. 36 ലക്ഷം മുതല്‍ പത്തുകോടിവരെ ജീവജാതികള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് കണക്ക്. അവയില്‍ ഇതുവരെ ശാസ്ത്രലോകത്തിന് കണ്ടെത്തി വിശദീകരിക്കാനും പേരിടാനും കഴിഞ്ഞത് വെറും 18 ലക്ഷം എണ്ണത്തിന് മാത്രമാണ്. അറിഞ്ഞതിലും എത്രയോ അധികം അറിയാനിരിക്കുന്നു.
ഭൂമിയെയും അതിലെ ജീവന്റെ വൈവിധ്യത്തെയും ശരിക്ക് അറിയും മുമ്പുതന്നെ ഭൂമി കൈവിട്ടുപോകുമോ എന്ന ആശങ്ക ഇന്ന് ശക്തമാണ്. അത്രമാത്രം ഭീഷണികള്‍ ഇന്ന് ഭൂമി നേരിടുന്നു. അവയില്‍ പലതിനും കാരണം മനുഷ്യന് തന്നെയാണ്. ജീവന്റെ കാര്യത്തില്‍ ഭൂമിയുടെ ഏകാന്തത മാറ്റാന്‍ ഇതുവരെ ഒരു നിരീക്ഷണത്തിനും ആയിട്ടില്ല എന്നകാര്യവും, ഭൂമി നേരിടുന്ന ഭീഷണികളും കൂട്ടിവായിക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വ്യക്തമാവുക. ഭൂമി നശിക്കുകയെന്നാല്‍, ജീവന് നശിക്കുകയെന്നു തന്നെയാണ് ഇന്നത്തെ നിലയ്ക്ക് അര്‍ഥം. ഭൂമി നേരിടുന്ന ഓരോ ഭീഷണിയും ജീവനു നേരെയുള്ള ഭീഷണിയാകുന്നു എന്നു സാരം. ആ ഭീഷണി ആണവായുധങ്ങളുടെ രൂപത്തിലായാലും, ആഗോളതാപനത്തിന്റെ പേരിലായാലും, ക്ഷുദ്രഗ്രഹപതനമായാലും സംഭവിക്കുന്ന കാര്യം വ്യത്യസ്തമല്ല.
(ബില്‍ ബ്രൈസന് രചിച്ച 'എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതിങ്', ടിം ഫ്ളാനറിയുടെ 'ദ വെതര്‍ മേക്കേഴ്സ്', 'വിക്കിപീഡിയ' തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങള്‍ ഈ രചനയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്) -ഭൗമദിനത്തോടനുബന്ധിച്ച് മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെ 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്.
Friday, April 18, 2008
ഇന്ത്യയില്‍ മാരക വൈറസ് പടരുന്നു-പഠനം
ചിലയിനം മധുരഫലങ്ങളിലൂടെയും വളര്‍ത്തുമൃഗങ്ങളിലൂടെയും ഇന്ത്യന്‍ഗ്രാമങ്ങളില്‍ മാരകവൈറസ് പടരുന്നതായി കണ്ടെത്തല്‍. വവ്വാലുകളില്‍ കാണപ്പെടുന്ന 'നിഫാവൈറസ്' ആണ് ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. വവ്വാല് കടിച്ച ഫലങ്ങള്‍ കഴിക്കുന്ന ഗ്രാമീര്ക്കാണ് വൈറസ്ബാധയേല്ക്കുന്നത്. പന്നികള്‍ പോലുള്ള വളര്‍ത്തുമൃഗങ്ങളിലൂടെയും വൈറസ് പടരുന്നതായി ഇതുസംബന്ധിച്ച പഠനം മുന്നറിയിപ്പു നല്കുന്നു.
നിഫാവൈറസ് ബാധിച്ചാല്‍ ഇന്‍ഫ്ളുവന്‍സയ്ക്കു തുല്യമായ ലക്ഷണങ്ങളാണ് ഉണ്ടാവുക. മസ്തിഷ്ക്കത്തെയും ശ്വാസകോശത്തെയും മാരമായി ബാധിക്കുന്നതിലാല്, രോഗിയുടെ ബോധം നഷ്ടമാവുകയും മരണം സംഭവിക്കുകയും ചെയ്യും. വൈറസ് ബാധിച്ചവരില്‍ 40 മുതല്‍ 100 ശതമാനം വരെയാണ് മരണനിരക്ക്. ഈ രോഗത്തിന് ഇതുവരെയും പ്രതിവിധി കണ്ടെത്തിയിട്ടില്ല.
വവ്വാല് കടിച്ച ഈന്തപ്പഴമാണ് ബംഗ്ലാദേശിലും ഉത്തരേന്ത്യയിലും ഗ്രാമീണര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതെന്ന്, ബംഗ്ലാദേശില്‍ 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഡയേറിയല്‍ ഡിസീസ് റിസര്‍ച്ചി'ന് കീഴിലുള്ള ധാക്ക ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. എഡിന്ബറോയില് അടുത്തയിടെ നടന്ന 'സൊസൈറ്റി ഫോര്‍ ജനറല്‍ മൈക്രോബയോളജി' സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
സമീപകാലത്ത് മൃഗലോകത്തുനിന്ന് മനുഷ്യരെ തേടിയെത്തിയഒട്ടേറെ മാരകവൈറസുകളുണ്ട്. സാര്‍സ്, പക്ഷിപ്പനി ഒക്കെ ഉദാഹരണം. അക്കൂട്ടത്തില്‍ ഒന്നാണ് നിഫാവൈറസും. വവ്വാലുകളില്‍ കാണപ്പെടുന്ന ഈ വൈറസ് മനുഷ്യരെ ബാധിക്കുന്നതായി ആദ്യം കണ്ടെത്തിയത് 1999-ലാണ്. സിംഗപ്പൂരിലും മലേഷ്യയിലുമാണ് രോഗബാധ ആദ്യം തിരിച്ചറിഞ്ഞത്. 2001-ന് ശേഷം ബംഗ്ലാദേശില്‍ മാത്രം ഏഴുതവണ നിഫാവൈറസ് പടര്‍ന്നു, ഒട്ടേറപ്പേര്‍ മരിച്ചു-പഠനത്തിന് നേതൃത്വം നല്കിയ ഡോ.ജഹാംഗീര്‍ ഹുസൈന് പറയുന്നു.
വൗവാലുകള്‍ കടിച്ച ഫലങ്ങള്‍ മനുഷ്യനോ മൃഗങ്ങളോ തിന്നുമ്പോള്‍, വൈറസ് അവയിലേക്ക് പകരുന്നു. പന്നികള്‍ക്ക് വൈറസ്ബാധയുണ്ടായാല്‍, അവയില്‍നിന്ന് ഈ രോഗാണു മനുഷ്യരിലെത്താം. പന്നികളില്‍നിന്ന് കര്‍ഷകരിലേക്ക് നിഫാവൈറസ് പടര്‍ന്ന ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൗവ്വാല്‍ കടിച്ച ഫലങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണ് വൈറസ് ബാധ തടയാന്‍ എളുപ്പമാര്‍ഗം. നമ്മുടെ നാട്ടിലും വൗവ്വാല്‍ കടിച്ച പേരയ്ക്കയും മാങ്ങയുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. അതത്ര സുരക്ഷിതമല്ല എന്നാണ് ഈ പഠനഫലം നല്കുന്ന മുന്നറിയിപ്പ്.(അവലംബം: സൊസൈറ്റി ഫോര്‍ ജനറല്‍ മൈക്രോബയോളജി സമ്മേളനത്തിന്റെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്: മാതൃഭൂമി)
'കാസ്സിനി-ഹൈജന്‍സ് ദൗത്യം' രണ്ടുവര്‍ഷം കൂടി
ശനിഗ്രഹത്തിന്റെയും അതിന്റെ ഉപഗ്രഹങ്ങളുടെയും നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ അയച്ച 'കാസ്സിനി-ഹൈജന്‍സ് ദൗത്യ'ത്തിന്റെ കാലാവധി രണ്ടുവര്‍ഷം കൂടി നീട്ടുന്നതായി നാസ പ്രഖ്യാപിച്ചു. 2004-ല്‍ ശനിയുടെ ഭ്രമണപഥത്തിലെത്തിയ ആ പേടകത്തിന്റെ സമയപരിധി 2008 ജൂലായില്‍ തീരേണ്ടതായിരുന്നു. പുതിയ തീരുമാനപ്രകാരം കുറഞ്ഞത് 60 തവണ കൂടി പേടകത്തിന് ശനിഗ്രഹത്തെ ചുറ്റാനാകും. ശനിയുടെ ഉപഗ്രഹങ്ങളെ ഇനിയും ഒട്ടേറെ തവണ നിരീക്ഷിക്കാനും കഴിയും.
പേടകം ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നതായി, നാസയുടെ 'ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി' (JPL)യില്‍ കാസ്സിനി-ഹൈജന്‍സ് ദൗത്യത്തിന്റെ പ്രോഗ്രാം മാനേജര്‍ ബോബ് മിച്ചെല്‍ അറിയിക്കുന്നു. ശനിയെക്കുറിച്ചും അതിന്റെ ഉപഗ്രഹങ്ങളായ ടൈറ്റന് (Titan), എന്‍സെലാഡസ് (Enceladus) തുടങ്ങിയവയെക്കുറിച്ചും മറ്റൊരു സ്രോതസ്സില്‍നിന്നും ഇതുവരെ ലഭിക്കാത്ര വിവരങ്ങളാണ് കാസ്സിനി-ഹൈജന്‍സ് ദൗത്യം ഭൂമിയിലെത്തിച്ചത്. ഭാവി പര്യവേക്ഷണ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയാവും പേടകം അടുത്ത രണ്ടുവര്‍ഷം കൊണ്ട് മുഖ്യമായും ചെയ്യുക.
നാസ(NASA)യുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയായ 'ഇസ'(ESA)യുടെയും സംയുക്ത സംരംഭമാണ് കാസ്സിനി-ഹൈജന്‍സ് ദൗത്യം. രണ്ട് വാഹനങ്ങളാണ് ദൗത്യത്തിലുണ്ടായിരുന്നത്; 'കാസ്സിനി'യും 'ഹൈജന്‍സും'. ഫ്ളോറിഡയില്‍ കേപ് കാനവെറലില്‍ നിന്ന് 1997 ഒക്ടോബര്‍ 15-ന് യാത്ര തിരിച്ച ദൗത്യം, 350 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് 2004 ജൂലായ് ഒന്നോടെ ശനിയുടെ ഭ്രമണപഥത്തിലെത്തി. ആ വര്‍ഷം ഡിസംബര്‍ 25-ന് കാസ്സിനിയില്‍ നിന്ന് വേര്‍പെട്ട ഹൈജന്‍സ് വാഹനം, 2005 ജനവരി 14-ന് ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ ഇടിച്ചിറങ്ങി, ഭൂമിയുടെ അപരനെന്നറിയപ്പെടുന്ന ആ ഉപഗ്രഹത്തിന്റെ അന്തരീക്ഷത്തെയും പ്രതലത്തെയും രാസഘടനയെയും കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ ഭൂമിയിലെത്തിച്ചു.
ശനിയുടെ ഉപഗ്രഹങ്ങളെ ആദ്യം നിരീക്ഷിച്ച ഇറ്റാലിയന്‍-ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനായ ജിയോവന്നി ഡൊമനിക്കോ കാസ്സിനിയുടെ പേരിലാണ് ആ ഇരട്ടദൗത്യത്തില്‍ നാസ നിര്‍മിച്ച 'കാസ്സിനി' വാഹനം അറിയപ്പെടുന്നത്; ഇസ നിര്‍മിച്ച 'ഹൈജന്‍സ്' വാഹനം, 1655-ല്‍ ടൈറ്റനെ കണ്ടെത്തിയ ഡച്ച് ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതജ്ഞനുമായ ക്രിസ്റ്റിയാന് ഹൈജന്‍സിന്റെ പേരിലും.
ശനിഗ്രഹത്തെ ചുറ്റി സഞ്ചരിക്കുന്ന ആദ്യദൗത്യമാണ് കാസ്സിനി-ഹൈജന്‍സ്; ആ ഗ്രഹത്തിന് സമീപമെത്തുന്ന നാലാമത്തേതും. ഗ്രഹവലയങ്ങളുടെ ത്രിമാനഘടനയും സ്വഭാവവും അടുത്തറിയുക, ശനിയുടെ ഉപഗ്രഹങ്ങളുടെ പ്രതലഘടനയും അവയുടെ ഗ്രഹചരിത്രവും മനസിലാക്കുക, ശനിയുടെ ഉപഗ്രഹമായ 'ഇയാപെട്ടസി' (Iapetus)ലെ തമോവസ്തുവിന്റെ ഉത്ഭവവും സ്വഭാവവും പഠനവിധേയമാക്കുക, ശനിയുടെ മാഗ്നറ്റോസ്ഫിയറിന്റെ ക്രിയാത്മക സ്വഭാവവും ഘടനയും കണ്ടെത്തുക, ടൈറ്റന്റെ അന്തരീക്ഷത്തിലെ മേഘങ്ങളുടെ വൈവിധ്യം മനസിലാക്കുക, ആ ഉപഗ്രഹത്തിന്റെ പ്രതലസ്വഭാവം അറിയുക തുടങ്ങി ഒട്ടേറെ സുപ്രധാന ലക്ഷ്യങ്ങളോടെയാണ് കാസ്സിനി-ഹൈജന്‍സ് ദൗത്യം വിക്ഷേപിച്ചത്. ഇതിനൊക്കെ ആവശ്യമായ എല്ലാ അത്യന്താധുനിക ഉപകരണങ്ങളും വാഹനങ്ങളിലുണ്ടായിരുന്നു.
ഹൈജന്‍സിന്റെ മാതൃവാഹനമായാണ് കാസ്സിനി പ്രവര്‍ത്തിച്ചത്. കാസ്സിനിക്ക് 2150 കിലോഗ്രാമും ഹൈജന്സിന് 350 കിലോഗ്രാമും ഭാരമുണ്ടായിരുന്നു. ശനിയുടെ ഭ്രമണപഥത്തില്‍ നിന്ന് കാസ്സിനി അയയ്ക്കുന്ന സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ (ഭ്രമണപഥത്തിലെ വ്യതിയാനം അനുസരിച്ച്) 68 മുതല്‍ 84 മിനിറ്റ് വരെ സമയം എടുക്കുന്നു. സൂര്യനില്‍ നിന്ന് ഭൂമിയെക്കാള്‍ വളരെ അകലെയാണ് ശനിയെന്നതിനാല്, സൗരോര്‍ജം കൊണ്ട് കാസ്സിനിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താനാകില്ല. അതിനാല്‍, മൂന്ന് 'റേഡിയോഐസോടോപ്പ് തെര്‍മോഇലക്ട്രിക് ജനറേറ്ററുകള്‍'(RTGs) ആണ് വാഹനത്തിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അതിനായി 32.8 കിലോഗ്രാം പ്ലൂട്ടോണിയം കാസ്സിനിയില്‍ ഉപയോഗിച്ചത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
1997-ല്‍ കാസ്സിനി-ഹൈജന്‍സ് ദൗത്യം പുറപ്പെടുന്ന സമയത്ത് ശനിയുടെ 18 ഉപഗ്രഹങ്ങള്‍ മാത്രമാണ് കണ്ടുപിടിച്ചിരുന്നത്. കാസ്സിനി വാഹനവും ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്കോപ്പുകളും ചേര്‍ന്ന് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 42 ഉപഗ്രഹങ്ങള്‍ കൂടി കണ്ടെത്തി. കാസ്സിനി വാഹനം 2007 മെയ് 30-ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് അറുപതാമത്തെ ഉപഗ്രഹത്തിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. 60 ഉപഗ്രഹങ്ങളില്‍ 48 എണ്ണത്തിനേ പേരിട്ടിട്ടുള്ളു. 34 ഉപഗ്രങ്ങള്‍ വെറും പത്തു കിലോമീറ്ററില്‍ താഴെ മാത്രം വ്യാസമുള്ളവയാണ്. ശനിയുടെ ഉപഗ്രഹങ്ങളില്‍ വെറും ഏഴെണ്ണം മാത്രമാണ് ഗുരുത്വാകര്‍ഷണത്താല്‍ സ്വയം ഗോളാകൃതി പ്രാപിക്കാന്‍ പോന്നത്ര പിണ്ഡമുള്ളവ.(അവലംബം: നാസ).
കാണുക: ശനിക്ക് അറുപതാം ഉപഗ്രഹം
Thursday, April 17, 2008
വരുന്നു സൂപ്പര്‍ ഐപ്പോഡുകള്‍

Monday, April 07, 2008
ഉറുമ്പുകള്‍ കാലാവസ്ഥ പ്രവചിക്കുമ്പോള്‍
മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയിലായിരുന്നു അത്. പാലക്കാട്ട് ഞാന്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ തുണിയിടുന്ന അയയില്‍ ഉറുമ്പുകള്‍ ജാഥയായി പ്രത്യക്ഷപ്പെട്ടു. പുറംഭിത്തിയുടെ ഭാഗത്തുനിന്നാണ് വരവ്. നാലുമീറ്റര്‍ നീളമുള്ള അയച്ചരടിന് മുകളിലൂടെ ഒരുതരം വേവലാതിയോടെ ധൃതിപിടിച്ച് പോകുന്ന അവയെല്ലാം വീട്ടിനുള്ളിലെ ഭിത്തിയിലെ ചെറുസുക്ഷിരത്തില്‍ അപ്രത്യക്ഷരാകുന്നു. അയയിലെ മുഷിഞ്ഞ തുണികളാകാം അവറ്റയെ ആകര്‍ഷിക്കുന്നതെന്ന് ആദ്യം കരുതി. വസ്ത്രങ്ങളെല്ലാം മാറ്റിയിട്ടു നോക്കി. എന്നിട്ടും ഉറുമ്പുകളുടെ തത്രപ്പാടിന് അയവില്ല. വീട്ടിനുള്ളിലേക്ക് വരുന്നവയുടെയെല്ലാം പക്കല്‍ ധാന്യശകലങ്ങളുണ്ട്. സുക്ഷിരത്തില്‍നിന്ന് തിരികെ ഇറങ്ങിപ്പോകുന്നവര്‍ കൈയുംവീശി പോകുന്നു. ഭക്ഷണം സംഭരിക്കുകയാണവിടെ. ധൃതിപിടിച്ചുള്ള ആ സംഭരണമഹാമഹം മൂന്നുദിവസം തുടര്‍ന്നു. നാലാംദിവസം ഒറ്റ ഉറുമ്പിനെയും കണ്ടില്ല. അയ ഒഴിഞ്ഞുകിട്ടി. വസ്ത്രങ്ങള്‍ വീണ്ടും അവിടെ സ്ഥാനംപിടിച്ചു.
കൊടുംചൂടിന്റെ ഏപ്രിലിനെ വരവേല്‍ക്കാന്‍ മാര്‍ച്ച് മാസം പ്രകൃതിയ തപപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഉറുമ്പുകള്‍ ഭക്ഷണം ശേഖരിക്കാന്‍ കാട്ടുന്ന ഈ ധൃതിയെപ്പറ്റി ഞാനാലോചിച്ചു. കോഴിക്കോട്ട് മുമ്പ് വാടകയ്ക്കു താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഉറുമ്പുനിരീക്ഷണം ചെറിയ തോതില്‍ നടത്തിയിരുന്നു (നല്ല രസമുള്ള ഏര്‍പ്പാടാണ്, അല്‍പ്പം അകന്നുനിന്ന് വേണം നിരീക്ഷണം എന്നുമാത്രം. ഉറുമ്പുകടി അത്ര സുഖമുള്ള ഏര്‍പ്പാടല്ലല്ലോ). വേനലില്‍ മഴയ്ക്ക് ഒരു സാധ്യതയുമില്ലാത്ത സമയത്ത് ഉറുമ്പുകള്‍ ഇങ്ങനെ ധൃതിപിടിച്ച് ധാന്യശേഖരണം നടത്തിയാല്‍, പെരുമഴ അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയായി അത് കണക്കാക്കാം. മൂന്നുവര്‍ഷം മുമ്പാണെന്ന് ഓര്മ, മെയ് ആദ്യവാരം വീട്ടിലാകെ ഉറുമ്പുകള്‍ പ്രത്യക്ഷപ്പെടുകയും കൈയില്‍ കിട്ടുന്നതൊക്കെ അരിക്കുകയും ചെയ്തതുകണ്ട് ഭാര്യ പൊറുതിമുട്ടി. ഉറുമ്പുകളുടെ തത്രപ്പാട് കണ്ടപ്പോള്‍ ഇടവപ്പാതി നേരത്തെ പെയ്യും എന്നതിന്റെ സൂചനയാകാം അതെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. ആ മെയ് 19-ന് മഴ തുടങ്ങി. അന്തംവിട്ടുപോയ കാലാവസ്ഥാ വകുപ്പിന്, പക്ഷേ, പെയ്യുന്നത് ഇടവപ്പാതിയാണെന്ന് സ്ഥിരീകരിക്കാന്‍ പിന്നെയും ഒരാഴ്ച വേണ്ടിവന്നു.
ഈ മാര്‍ച്ച് രണ്ടാംവാരത്തില്‍ ഉറുമ്പുകള്‍ മൂന്നുദിവസം പൊറുതിമുട്ടിച്ചതിന്റെ കാരണം മനസിലാക്കാന്‍ അധികനാള്‍ കാക്കേണ്ടി വന്നില്ല. ഇടവപ്പാതിയെ തോല്‍പ്പിക്കുംപോലുള്ള വേനല്‍മഴ, തുലാവര്‍ഷമെന്നു തോന്നുംവിധം ഇടിമിന്നലോടെ കേരളത്തില്‍ പെയ്തിറങ്ങി. കാലാവസ്ഥാവകുപ്പിന് ഒരു പ്രവചനത്തിനും ഇടകൊടുക്കാതെയായിരുന്നു വരവ്. കൊയ്ത്തിനായി കാത്തുകിടന്ന നെല്‍പ്പാടങ്ങള്‍ക്കും കാര്‍ഷികമേഖലയ്ക്കും മഴ ശരിക്കും ഇടിത്തീയായി. റിക്കോഡ് വേനല്‍മഴയായിരുന്നു ഇത്തവണത്തേത്. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴ 1.8 സെന്റീമീറ്ററാണ്. ഇത്തവണ പക്ഷേ, അതിന്റെ ഏതാണ്ട് ആറിരട്ടി മഴ (10.3 സെന്റീമീറ്റര്‍) പെയ്തു. തിരുവനന്തപുരം നഗരത്തില്‍ മാത്രം മാര്‍ച്ച് 23-ന് 24 മണിക്കൂറില്‍ പെയ്ത മഴയുടെ അളവ് 8.4 സെന്റീമീറ്ററാണ്. ഇതിന് മുമ്പ് മാര്‍ച്ചില്‍ ഇത്തരമൊരു കനത്തപെയ്ത്ത് 62 വര്‍ഷം മുമ്പാണുണ്ടായത്; 1946 മാര്‍ച്ച് 16-ന്. അന്ന് 24 മണിക്കൂര്‍കൊണ്ട് തലസ്ഥാനനഗരിയില്‍ എട്ടുസെന്റീമീറ്റര്‍ മഴ പെയ്തു. (ആര്.ലക്ഷ്മി നാരായണന്, മാതൃഭൂമി, 2008 മാര്‍ച്ച് 31).
അറബിക്കടലിലുണ്ടായ അസാധാരണമായ ന്യൂനമര്‍ദമാണ് കനത്ത വേനല്‍മഴയ്ക്ക് നിദാനമെന്ന് കാലാവസ്ഥാവകുപ്പ് പറയുന്നു. ശരിയാണ്. പക്ഷേ, എന്തുകൊണ്ട് ഇത്തരമൊരു ന്യൂനമര്‍ദം ഈ വേനലില്‍? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ്, 2007 ആഗസ്ത് മുതല്‍ ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചുവരുന്ന ഒരു തണുപ്പന്‍ കാലാവസ്ഥാപ്രതിഭാസം പരിഗണനയ്ക്കെത്തുന്നത്. കഴിഞ്ഞ 56 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത 'ലാനിനാ'(La Nina) പ്രതിഭാസം ശാന്തസമുദ്രമേഖലയില്‍ ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ശാന്തസമുദ്രോപരിതലത്തെ അകാരണമായി തണുപ്പിക്കുന്ന പ്രതിഭാസമാണിത്. ആറുമാസമായി ശാന്തസമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ശരാശരിയിലും 0.5 ഡിഗ്രി സെല്‍സിയസ് കുറവാണ് താപനില. ആഗോളകാലാവസ്ഥയാകെ തകിടം മറിക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണിത്. മഴപെയ്യേണ്ടിടത്ത് വരള്‍ച്ചയുണ്ടാകും. നല്ല വേനലും ചൂടും അനുഭവപ്പെടേണ്ട ഇടങ്ങളില്‍ മഞ്ഞും മഴയും നാശംവിതയ്ക്കും. കേരളത്തിലെ പെരുമഴയ്ക്കു പിന്നിലും ലാനിനായുടെ സ്വാധീനം ഉണ്ടെന്നു വേണം അനുമാനിക്കാന്‍. ലാനിനായുടെ സ്വാധീനഫലമായി ഈ വര്‍ഷം ആഗോളതാപനിലയില്‍ നേരിയ കുറവുണ്ടാകുമെന്ന് 'ലോക കാലാവസ്ഥാസംഘടന' (WMO)യുടെ മേധാവി മൈക്കല്‍ ജറൗഡ് കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. 2008-ന്റെ ആദ്യപകുതി മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കാലാവസ്ഥാ പ്രതിഭാസത്തിന്റെ തിക്തഫലങ്ങള്‍ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ അനുഭവിച്ചു തുടങ്ങിയതായും ജറൗഡ് പറഞ്ഞു. ഓസ്ട്രേലിയയില്‍ അടുത്തയിടെയുണ്ടായ പേമാരി ഉദാഹരണം.
അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്കും ഹിമക്കാറ്റിനും ചൈന ഇരയായതും ലാനിനാ മൂലമാണെന്നു വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ജനവരിയില്‍ മധ്യ-തെക്കന്‍ ചൈനയിലെ 19 പ്രവിശ്യകള്‍ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് ഇരയായി. അതുമൂലം ജനവരിയില്‍ മാത്രം രാജ്യത്ത് 60 പേര് മരിച്ചു. 18 ലക്ഷം പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു. സിവില്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഞ്ഞുവീഴ്ച ചൈനയിലുണ്ടാക്കിയത് 750 കോടി ഡോളറിന് (30,000 കോടിരൂപ) സമാനമായ നാശനഷ്ടമാണ്. (വേനല്‍മഴ മൂലമുണ്ടായ നാശനഷ്ടം നേരിടാന്‍ കേരളം കേന്ദ്രത്തോട് ചോദിച്ചത് 150 കോടിരൂപാ സഹായമെന്ന് ഏപ്രില്‍ ആറിന്റെ പത്രങ്ങള്‍).
എന്നുവെച്ചാല്‍, ശാന്തസമുദ്രത്തില്‍ ശക്തിപ്പെട്ട ആ കാലാവസ്ഥാ പ്രതിഭാസത്തിനും ചൈനയിലെ മഞ്ഞുവീഴ്ചയ്ക്കും എന്റെ മുറിയിലൂണ്ടായ ഉറുമ്പുശല്യത്തിനും തമ്മില്‍ ബന്ധമുണ്ടെന്നു സാരം. പെരുമഴ വരുന്നു എന്നത് ഉറുമ്പുകള്‍ നേരത്തെ മനസിലാക്കിയതിന്റെ പ്രതിഫലനമായിരുന്നു ഞാന്‍ മൂന്നുദിവസം കണ്ടതും നിരീക്ഷിച്ചതും.
'ചെറിയ പെണ്‍കുട്ടി'യും വലിയ പ്രശ്നങ്ങളും
'ലാനിനാ'യെന്നാല്‍ സ്പാനിഷ്ഭാഷയില്‍ 'ചെറിയ പെണ്‍കുട്ടി'യെന്നാണ് അര്‍ഥം. ഇത്തവണത്തേതുപോലെ മറ്റൊരു റിക്കോഡ് വേനല്‍മഴ ദക്ഷിണേന്ത്യയില്‍ പെയ്തത് 1984-ലാണ്. അത് മറ്റൊരു ലാനിനാക്കാലത്തായിരുന്നു. ആ ഫിബ്രവരി, മാര്‍ച്ച് കാലയളവില്‍ കേരളത്തില്‍ യഥാക്രമം 469 ശതമാനവും, 131 ശതമാനവും അധികം മഴ ലഭിച്ചു. അതിന്റെ പിറ്റേ വര്‍ഷമാണ് (1985) ശാന്തസമുദ്രത്തിലെ തണുപ്പന്‍ പ്രതിഭാസത്തിന് 'ലാനിനാ'യെന്ന് പേര് ലഭിച്ചത്. 'ചെറിയ പെണ്‍കുട്ടി'യെന്നാണ് പേരെങ്കിലും, ലോകത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷി ഈ പ്രതിഭാസത്തിനുണ്ട്. യഥാര്‍ഥത്തില്‍ ലാനിനാ എന്താണെന്ന് മനസിലാക്കണമെങ്കില്‍, ഇതിന്റെ വിപരീത പ്രതിഭാസമായ 'എല്‍നിനോ'(El Nino) എന്താണെന്നുകൂടി അറിയണം.
മൂന്നു മുതല്‍ ഏഴുവര്‍ഷംവരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ് എല്‍ നിനോ രൂപപ്പെടുക. 'എല്‍നിനോ സതേണ്‍ ഓസിലേഷന്‍'(ENSO) എന്നാണ് ഈ പ്രതിഭാസത്തിന്റെ പൂര്‍ണനാമം. ആഗോള കാലാവസ്ഥയാകെ തകിടം മറിക്കാന്‍ എല്‍ നിനോയ്ക്ക് കഴിയും. എല്‍ നിനോക്കാലത്ത് ഭൂമിയുടെ ചുറ്റളവിന്റെ അഞ്ചിലൊന്ന് വരുന്ന ഭാഗത്ത് (യൂറോപ്പ് ഭൂഖണ്ഡത്തിന്റത്ര വിസ്തൃതിയില്‍) ശാന്തസമുദ്രോപരിതലം അകാരണമായി ചൂടുപിടിക്കാനാരംഭിക്കും. മേഖലയില്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ (Trade winds) നിലയ്ക്കുകയോ ദുര്‍ബലമാവുകയോ ചെയ്യും. അതിന് പകരം, എതിര്‍ദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവര്‍ധിക്കും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, ആ കാറ്റിന്റെ തള്ളലിന് വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന് സമീപത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. അവിടെനിന്ന് മത്സ്യങ്ങള്‍ അപ്രത്യക്ഷമാകും.
അങ്ങനെ എല്‍നിനോയുടെ തിക്തഫലം ആദ്യം അനുഭവിക്കേണ്ടിവരിക പെറുവിലെ മുക്കുവരാണ്. ക്രിസ്മസ് കാലത്താണ് ഈ ചൂടന്‍പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍, 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന് സ്പാനിഷില്‍ അര്‍ത്ഥം വരുന്ന 'എല്‍നിനോ' എന്ന പേര് അതിന് നല്‍കിയത് പെറുവിലെ മുക്കുവരാണ്; പത്തൊന്‍പതാം നൂറ്റാണ്ടില്‍. 13000 വര്‍ഷം മുമ്പും എല്‍ നിനോ രൂപപ്പെട്ടിരുന്നു എന്നതിന് പെറുവിന്റെ തീരത്തുനിന്ന് ഭൗമശാസ്ത്രജ്ഞര്‍ക്ക് തെളിവു ലഭിച്ചിട്ടുണ്ട്. പക്ഷേ, ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍ നിനോ പ്രത്യക്ഷപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ എല്‍നിനോ എന്നറിയപ്പെടുന്നത് 1997-1998 കാലത്തേതാണ്. ലോകത്താകെ 2100 പേരുടെ മരണത്തിനും 3300 കോടി ഡോളറിന്റെ(148500കോടി രൂപ) നാശനഷ്ടങ്ങള്‍ക്കും ആ എല്‍നിനോ കാരണമായി.
ഇന്ത്യന്‍മണ്‍സൂണിന്റെയും താളംതെറ്റിക്കാന്‍ എല്‍നിനോയ്ക്കും ലാനിനായ്ക്കും കഴിയും. ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന പഠനറിപ്പോര്‍ട്ട് 2006 സപ്തംബര്‍ എട്ടിന് 'സയന്‍സ്' ഗവേഷണവാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
എല്‍നിനോയുടെ വിപരീത പ്രതിഭാസമാണ് ലാനിനാ അഥവാ ചെറിയ പെണ്‍കുട്ടി. എല്‍നിനോ ശമിച്ചുകഴിഞ്ഞാള്‍ ചില കാലത്ത് ലാനിനാ ശക്തിപ്രാപിക്കും. 2007-ല്‍ അത്ര ശക്തമല്ലാത്ത ഒരു എല്‍നിനോ രൂപപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ലാ നിനാ ശക്തിപ്രാപിച്ചിരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ആദ്യ ലാ നിനായാണിത്. ഇരുപതാം നൂറ്റാണ്ടില്‍ 23 തവണ എല്‍നിനോ പ്രത്യക്ഷപ്പെട്ടപ്പോള്‍, 15 തവണ ലാ നിനാ ശക്തിപ്രാപിച്ചു. എല്‍ നിനോക്കാലത്ത് പേമാരിയും ദുരിതവുമുണ്ടായിടത്ത് ലാനിനാക്കാലത്ത് കൊടിയ വരള്‍ച്ചയായിരിക്കും. അല്ലാത്തിടങ്ങളില്‍ നേരെ തിരിച്ചും.
എല്‍നിനോയും ലാനിനായും എന്തുകൊണ്ടുണ്ടാകുന്നു എന്നത് ശാസ്ത്രലോകത്തിന് ഇനിയും പിടികിട്ടാത്ത പ്രഹേളികയാണ്. ഒരുകാര്യം വാസ്തവമാണ്; ഈ പ്രതിഭാസങ്ങളുടെ തോതും ശക്തിയും വര്‍ധിച്ചത് സമീപകാലത്താണ്. ആഗോളതാപനത്തിന്റെ തോതു വര്‍ധിച്ചതും പോയ നൂറ്റാണ്ടിലാണ്. ഇത് യാദൃശ്ചികമല്ലെന്ന് ചില വിദഗ്ധര്‍ കരുതുന്നു. ആഗോളതാപനം മൂലം ഭൗമാന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഭൂമി സ്വന്തം നിലയ്ക്ക് അത് പുനക്രമീകരിക്കാന്‍ ശ്രമിക്കും. ഈ പുനക്രമീകരണമാണ് എല്‍നിനോയുടെയും ലാനിനായുടെയും രൂപത്തില്‍ നടക്കുന്നതെന്ന് കരുതുന്നവരുണ്ട്. അത് ശരിയാണെങ്കില്‍, ആഗോളതാപനം നേരിടുന്നതിലൂടെയേ ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പ്രഹരശേഷി കുറയ്ക്കാന്‍ കഴിയൂ.
'കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തിന് ഹാനികരം'
ഇതൊരു പിന്‍കുറിപ്പാണ്. ഇന്ന് ഏപ്രില്‍ ഏഴാണ്-'ലോകാരോഗ്യദിനം'. ഇത്തവണത്തെ വിഷയം 'കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തിനും നന്നല്ല' എന്നതാണ്. അസാധാരണമായ വേനല്‍മഴയ്ക്കിരയായ കേരളത്തില്‍ ഈ വിഷയത്തിനിപ്പോള്‍ വളരെ പ്രാധാന്യമുണ്ട്. ചൂടുകാലത്ത് മഴപെയ്യുന്നത് കൊതുകിന് പെരുകാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. ചൂടും ഈര്‍പ്പവും ഒന്നിച്ചു വര്‍ധിക്കുന്നത് വിവിധ രോഗാണുക്കള്‍ക്ക് പെരുകാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു. അങ്ങനെയെങ്കില്‍, കൃഷിനാശംകൊണ്ടു മാത്രം ഈ വേനല്‍മഴയുടെ കെടുതി സംസ്ഥാനത്ത് അവസാനിച്ചേക്കില്ല എന്നുവേണം കരുതാന്‍. ഡെങ്കിപ്പനി, കോളറ, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികളും നമ്മളെ കാത്തിരിക്കുകയല്ലേ എന്നാണ് ആശങ്ക.
രണ്ടുവര്‍ഷമേ ആയുള്ളു കേരളത്തില്‍ ചിക്കുന്‍ഗുനിയ പടരാന്‍ തുടങ്ങിയിട്ട്. ഇത്രകാലവും കാണാത്ത മഹാമാരികള്‍, പ്രത്യേകിച്ചും കൊതുകു പരത്തുന്നവ, പെട്ടന്ന് പ്രത്യക്ഷപ്പെടുന്നത്, കാലാവസ്ഥാവ്യതിയാനത്തിന്റെ ആദ്യസൂചനയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍, തെക്കന്‍കേരളത്തെ വേട്ടയാടിയ, ഇപ്പോള്‍ മലബാറില്‍ ആരംഭിച്ചിട്ടുള്ള ചിക്കുന്‍ഗുനിയ തീര്‍ച്ചയായും ഒരു സൂചനയാണ്, ആഗോളതാപനം കേരളത്തെ നേരിട്ടു ബാധിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നതിന്റെ. (അവലംബം:WMO,WHO,NOAA).
കാണുക: വരുന്നത് പെരുമഴക്കാലം
ഭൂമിക്കു പനി; കേരളത്തിനും
എല്‍ നിനോ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍
Sunday, April 06, 2008
ക്ഷയരോഗം നേരിടാന്‍ പുതിയ വഴി തെളിയുന്നു

മാസങ്ങളോളം നീളുന്ന ചികിത്സ ക്ഷയരോഗത്തിന് വേണ്ടിവരുന്നതിനും, രോഗാണുക്കള്‍ വേഗം പ്രതിരോധശേഷി നേടുന്നതിനും കാരണം ഇതാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. പുത്തന്‍ ഔഷധങ്ങള്‍ വികസിപ്പിക്കാനും രോഗം വേഗം ഭേദമാക്കാനും സഹായിക്കുന്നതാണ് പുതിയ ഗവേഷണം.
ലോകത്ത് പ്രതിവര്‍ഷം 20 ലക്ഷം പേരുടെ ജീവന് കവരുന്ന രോഗമാണ് ക്ഷയം. ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാഷ്ട്രങ്ങള്‍ക്കാണ് ഈ രോഗം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. കുറഞ്ഞത് ആറുമാസം മുടങ്ങാതെ കൃത്യമായി മരുന്നു കഴിച്ചാലേ രോഗശമനം സാധ്യമാകൂ. ഇപ്പോള്‍ ഉപയോഗത്തിലുള്ള ഔഷധങ്ങളോട് ക്ഷയരോഗാണുക്കള്‍ വളരെ വേഗം പ്രതിരോധശേഷി നേടുന്നു എന്നത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഭരണകൂടങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുന്നു.
ക്ഷയരോഗാണുക്കളുടെ ജീവചക്രത്തെക്കുറിച്ച് ശാസ്ത്രലോകത്തിന് പരിമിതമായ അറിവേയുള്ളു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആ നിലയ്ക്ക് പുതിയ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ടെന്ന്, 'പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് മെഡിസിന്' (PLOS Medicine) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ക്ഷയരോഗികളുടെ കഫത്തിലുള്ള ബാക്ടീരിയകളെ ലെയ്സെസ്റ്റര്‍ സര്‍വകലാശാല, ലണ്ടന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനവിധേയരാക്കിയത്.
പരീക്ഷണശാലയില്‍ ടെസ്റ്റ്ട്യൂബില്‍ വളര്‍ത്തുന്ന രോഗാണുക്കളെ അപേക്ഷിച്ച്, കഫത്തിലുള്ള ക്ഷയരോഗാണുക്കളില്‍ പലതും കൊഴുപ്പുകണങ്ങളുടെ സംരക്ഷിത കവചത്തിനുള്ളിലാണെന്ന് ഗവേഷകര്‍ കണ്ടു. കൊഴുപ്പിനുള്ളില്‍ കഴിയുന്ന അവ ഒരര്‍ഥത്തില്‍ സമാധിഘട്ടത്തിലാണ്. വളര്‍ച്ച നിലച്ച അവസ്ഥയിലുള്ള അത്തരം രോഗാണുക്കള്‍ക്ക് രോഗികളില്‍നിന്ന് മറ്റുള്ളവരിലേക്ക് പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച് പകരാന്‍ കഴിയും. പിന്നീട് അനുകൂല സാഹചര്യമെത്തുമ്പോള്‍ വളര്‍ച്ച പുനരാരംഭിച്ചാല്‍ മതി. ക്ഷയരോഗികള്‍ ദീര്‍ഘകാലം മരുന്നു കഴിക്കേണ്ടി വരുന്നതിന്റെ കാരണം ഇത് വ്യക്തമാക്കുന്നു.
മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് (Mycobacterium tuberculosis) എന്ന ബാക്ടീരിയമാണ് ക്ഷയരോഗ ഹേതു. രോഗം ബാധിച്ചയാള്‍ ചുമയ്ക്കുകയും തുമ്മുകയും മറ്റും ചെയ്യുമ്പോള്‍ വായുവിലൂടെ ഈ രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നു. നിര്‍ത്താതെയുള്ള ചുമയും ശരീരം മെലിയുന്നതുമൊക്കെ രോഗലക്ഷണങ്ങളാണ്. നെഞ്ചിന്റെ എക്സ്റേ, ക്ഷയരോഗനിര്‍ണയത്തിനുള്ള ടെസ്റ്റ് (tuberculin skin test), കഫപരിശോധന തുടങ്ങിയവയിലൂടെയാണ് രോഗനിര്‍ണയം.
കഫത്തിലെ രോഗാണുക്കളെല്ലാം ഔഷധപ്രയോഗത്താല്‍ നശിക്കുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. അത് ശരിയല്ലെന്ന് പുതിയ ഗവേഷണം വ്യക്തമാക്കി. ക്ഷയരോഗം പടരുന്നത് ചെറുക്കാനും, ചികിത്സ കാര്യക്ഷമമാക്കാനും പുതിയ മാര്‍ഗം തുറന്നു തരുന്നതാണ് ഈ കണ്ടെത്തലെന്ന്, ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫ. ബാരെര്‍ പറയുന്നു. കഫത്തിനുള്ളില്‍ സമാധിയില്‍ കണ്ടെത്തിയ ബാക്ടീരിയകളെ നേരിടാനായാല്‍, ക്ഷയരോഗ ചികിത്സയുടെ വേഗംകൂട്ടാനുള്ള മാര്‍ഗമാകുമത്-അദ്ദേഹം പറയുന്നു. സരക്ഷിത കൊഴുപ്പുകവചത്തെ ലക്ഷ്യമിട്ട് ബാക്ടീരിയകളെ നശിപ്പിക്കാന്‍ പാകത്തില്‍ പുതിയ ഔഷധങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യതയാണ് പുതിയ ഗവേഷണം നല്‍കുന്നതെന്ന്, ഗവേഷണസംഘത്തില്‍പെട്ട പ്രൊഫ.ഫിലിപ്പ് ബുച്ചര്‍ പറയുന്നു. (അവലംബം: PLOS Medicine, കടപ്പാട്: മാതൃഭൂമി).
Tuesday, April 01, 2008
ആര്‍ക്ടിക് ദ്വീപില്‍ ഒരു 'നോഹയുടെ പെട്ടകം'
വിത്തുഗുണം പത്തുഗുണം എന്നാണല്ലോ പറയാറ്. അങ്ങനെയെങ്കില്‍ വിത്തുബാങ്കിന് പത്തുബാങ്കിന്റെ ഗുണമുണ്ടാകും. പത്തല്ല, ആയിരം ബാങ്കിന്റെ മൂല്യമുള്ള ഒരു വിത്തുബാങ്ക് തയ്യാറാവുകയാണ് വിദൂര ആര്‍ക്ടിക്ക് ദ്വീപില്‍. ലോകമവസാനിച്ചാലും, ഭൂമുഖത്തെ വിത്തിനങ്ങള്‍ അവിടെ സുരക്ഷിതമായിരിക്കും. നോര്‍വെ വന്‍കരയില്‍നിന്ന് ആയിരം കിലോമീറ്റര്‍ വടക്ക്, ആര്‍ക്ടിക്കില്‍ നാലു ദ്വീപുകള്‍ ചേര്‍ന്നൊരു പ്രദേശമുണ്ട്; സ്വാല്‍ബാര്‍ഡ്. അതില്‍പെട്ട സ്പിറ്റ്സ്ബെര്‍ജന്‍ ദ്വീപിലെ പര്‍വതത്തില്‍ 130 മീറ്റര്‍ ഉള്ളിലൊരു 'നോഹയുടെ പെട്ടകം' ഒരുങ്ങുകയാണ്, ഭൂമുഖത്തെ വിളകളുടെയെല്ലാം വിത്തുകള്‍ക്കായി. പഴയനിയമത്തില്‍ പ്രളയം ഭൂമിയെ വിഴുങ്ങിയപ്പോള്‍ നോഹയുടെ പെട്ടകം എന്താണോ ചെയ്തത്, അതിന് സമാനമായൊരു ദൗത്യമാണ് 'സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാല്‍ട്ട്' (Svalbard Global Seed Vault) എന്ന വിത്തുപത്തായത്തിനുള്ളത്. ഏത് തരത്തിലുള്ള ദുരന്തം ഭൂമിയെ വേട്ടയാടിയാലും, അതുകഴിഞ്ഞ് കൃഷിയാരംഭിക്കാന്‍ പാകത്തില്‍ വിത്തുകള്‍ ആ പത്തായത്തില് സുരക്ഷിതമായിരിക്കും.
45 ലക്ഷം വിത്തുസാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാന്‍ പാകത്തിലുള്ള ഈ വിത്തുബാങ്കിന്റെ ചുമതല വഹിക്കുന്നത് 'ഗ്ലോബല്‍ ക്രോപ്പ് ഡൈവേഴ്സിറ്റി ട്രസ്റ്റ്' (GCDT) ആണ്. ഭൂമുഖത്തിപ്പോള്‍ നിലവിലുള്ള 1400-ലേറെ വിത്തുബാങ്കുകളുടെ സഹകരണത്തോടെ ദൗത്യം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഈ വിത്തുബാങ്ക് 90 ലക്ഷം ഡോളര്‍ (3.6 കോടി രൂപ) ചെലവില്‍ ലോകത്തിന് സമ്മാനമായി നിര്‍മിച്ചു നല്‍കുന്നത് നോര്‍വെ സര്‍ക്കാരും. ആര്‍ട്ടിക്കിലെ ഹിമമണ്ണിനടിയില് (permafrost) മൈനസ് 18 ഡിഗ്രിസെല്‍സിയസ് ഊഷ്മാവില്‍ സൂക്ഷിക്കുന്ന വിത്തുകള്‍ കുറഞ്ഞത് ആയിരം വര്‍ഷത്തേക്ക് കേടുകൂടാതെയിരിക്കും.
ലോകം നേരിടുന്ന ഭീഷണികളെക്കുറിച്ച് മനുഷ്യവര്‍ഗത്തിനുള്ള കടുത്ത ആശങ്കകളുടെ മൂര്‍ത്തരൂപമാണ് സ്വാല്‍ബാര്‍ഡ് വിത്തുപത്തായം. ആണവയുദ്ധത്താലോ, ആഗോളതാപനം മൂലമുള്ള പരിസ്ഥിതി നാശത്താലോ, ക്ഷുദ്രഗ്രഹപതനത്താലോ (ദിനോസറുകളെ ഉന്മൂലനം ചെയ്തതുപോലുള്ള) ഭൂമി ദുരന്തം നേരിടാം. അത്തരമൊരു ദുസ്ഥിതിയിലാണ് ഈ വിത്തുബാങ്ക് അനുഗ്രഹമായെത്തുക. മാനവരാശിക്കുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസിയാണ് ഈ വിത്തുബാങ്കെന്ന്, ജി.സി.ഡി.ടി.മേധാവി കാരി ഫോളെര് പറയുന്നു. `പുതിയ കാലാവസ്ഥാ ഘടകങ്ങളാണ് നമ്മള് നേരിടാന്‍ പോകുന്നത്. അതിന്റെ ഭാഗമായി പുതിയ കീടങ്ങളും പുതിയ രോഗങ്ങളും എത്തും'-അദ്ദേഹം പറയുന്നു. ഇന്ന് സൂക്ഷിച്ചു വെയ്ക്കുന്ന വിത്തുകളുടെ പ്രാധാന്യം അത്തരമൊരു ഘട്ടത്തിലാണ് മനസിലാകുക.
പരിസ്ഥിതിനാശവും നഗരവത്ക്കരണവും ലോകത്തെ ജൈവവൈവിധ്യത്തിനേല്‍പ്പിക്കുന്ന ആഘാതം ഏറ്റവും കൂടുതല്‍ താങ്ങേണ്ടി വരുന്നത് കൃഷിയിനങ്ങള്ക്കാണ്. വന്യജീവികള്‍ക്കുണ്ടാകുന്ന വംശനാശത്തെക്കുറിച്ച് നമ്മള് വേവലാതിപ്പെടുന്നു. എന്നാല്‍, വിത്തിനങ്ങള്‍ക്കു സംഭവിക്കുന്ന ഉന്മൂലനത്തെക്കുറിച്ച് പലരും അറിയുന്നു പോലുമില്ല. ഗോതമ്പിന്റെയും നെല്ലിന്റെയുമായി രണ്ടു ലക്ഷത്തോളം വ്യത്യസ്തയിനങ്ങള്‍ ലോകത്തുണ്ടെന്നാണ് കണക്ക്. പക്ഷേ, കാലാവസ്ഥാമാറ്റവും പുത്തന്‍ കൃഷിരീതികളുമൊക്കെ ഈ വൈവിധ്യത്തെ അനുദിനം ശോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് വിത്തിനങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ആ നിലയ്ക്ക് സ്വാല്‍ബാര്‍ഡ് വിത്തുബാങ്ക് ശരിക്കുമൊരു ഇന്‍ഷുറന്‍സ് പോളിസി തന്നെയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ നിര്‍മാണം തുടങ്ങിയ സ്വാല്‍ബാര്‍ഡ് വിത്തുബാങ്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫിബ്രവരി 26-നാണ് നടന്നത്. യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഷുസെ മാനുവല്‍ ബരോസോയുടെ സാന്നിധ്യത്തില്‍, പ്രസിദ്ധ ആഫ്രിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും നോബല്ജേതാവുമായ വാന്‍ഗാരി മാതായിയും നോര്‍വീജിയന്‍ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്റ്റെന്ബര്ഗും ചേര്‍ന്ന്, വിത്തുബാങ്കിന്റെ മൂന്ന് ശീതഅറകളിലൊന്നില് നെല്‍വിത്ത് പ്രതീകാത്മകമായ നിക്ഷേപിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. ഭൂഗര്ഭവിത്തുബാങ്ക് തണുപ്പിക്കുന്ന പ്രവര്‍ത്തനം കഴിഞ്ഞ നവംബറിലേ ആരംഭിച്ചിരുന്നു.
ഇന്ത്യയും സ്വാല്‍ബാര്‍ഡ് വിത്തുബാങ്ക് പദ്ധതിയില്‍ പങ്കാളിയാണ്. ആന്ധ്രാപ്രദേശിലെ 'ഇന്റര്‍നാഷണല്‍ ക്രോപ്പ്സ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ദ സെമി-ആരിഡ് ട്രോപ്പിക്സി' (ICRISAT)ന്റെ വിത്തുബാങ്കില്‍നിന്ന് 1.1 ലക്ഷം വിത്തുകള്‍ സ്വാല്‍ബാര്‍ഡിന് നല്‍കും. സ്വാല്‍ബാര്‍ഡ് വിത്തുബാങ്കിലേക്കുള്ള ആദ്യബാച്ച് വിത്തുകള്‍ ഫിബ്രവരി ആദ്യമാണ് എത്തിയത്; ആഫ്രിക്കയില്‍നിന്ന്. നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍' 36 ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച 7000 വിത്തു സാമ്പിളുകള്‍ 21 പെട്ടിയിലായി എത്തി.
ലോകത്തെ 21 പ്രമുഖ വിത്തുബാങ്കുകളില്നിന്നുള്ള വിത്തിനങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കപ്പെടുക. അവസാനഘട്ടമെത്തുമ്പോഴേക്കും, ബാക്കി ആയിരത്തിലേറെ വിത്തുബാങ്കുകളില്‍ നിന്നും സംഭാവനകള്‍ സ്വാല്ബാര്ഡിലെത്തും.ഓരോ വിത്തുസാമ്പിളിലും നൂറുകണക്കിന് വിത്തുകള്‍ ഉണ്ടാകും. അതിനാല്‍ സ്വാല്‍ബാര്‍ഡില്‍ ആകെ ശേഖരിക്കപ്പെടുന്ന 45 ലക്ഷം സാമ്പിളുകളില്‍ കുറഞ്ഞത് 200 കോടി വിത്തുകള്‍ കാണും.

ഒരുവിധപ്പെട്ട ഭീഷണികളൊന്നും ബാധിക്കാത്തത്ര സുരക്ഷിതമായ രീതിയിലാണ് സ്വാല്‍ബാര്‍ഡ് വിത്തുബാങ്ക് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് 130 മീറ്റര്‍ ഉയരത്തിലാണതിന്റെ സ്ഥാനം. അതിനാല്‍, ഭൂമിയിലെ ചൂടുകൂടി ഗ്രീന്‍ലന്‍ഡിലെയും ആര്‍ക്ടിക്കിലെയും മഞ്ഞുപാളികള്‍ മുഴുവന്‍ ഉരുകി സമുദ്രനിരപ്പുയര്ന്നാലും, അത് വിത്തുബാങ്കിനെ ബാധിക്കില്ല. ശീതീകരണ സംവിധാനം തകര്‍ന്നാലും പേടിക്കേണ്ടതില്ല; ആര്‍ക്ടിക്കിലെ ഹിമമണ്പാളികള്ക്കുള്ളിലായതിനാല് വിത്തുബാങ്കിലെ താപനില മൈനസ് 3.5 ഡിഗ്രിയില്‍ കൂടില്ല. ആ താപനിലയില്‍ വിത്തുകള്‍ സുരക്ഷിതമായിരിക്കും.
വിത്തുബാങ്കില്‍ ആരും സ്ഥിരമായി ഉണ്ടാകില്ല. മോഷന്‍ ഡിറ്റെക്ടറുകളുടെയും കാമറകളുടെയും സഹായത്തോടെ വിദൂര ജാഗ്രതാസംവിധാനം വിത്തുബാങ്കിനായി സജ്ജമായിരിക്കും. വിത്തുബാങ്കിന് നാലുവാതിലുകളുണ്ട്; അത്യന്താധുനിക രീതിയില്‍ ബന്തവസ്ഥാക്കിയവ. ഇലക്ട്രോണിക് താക്കോലുകളുടെ ബഹുഘട്ട പ്രയോഗത്തിലൂടെയേ വാതിലുകള്‍ തുറക്കാനാവൂ. ബെല്‍ജിയത്തെക്കാള്‍ വിസ്തൃതമായ സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹത്തില്‍ ആകെയുള്ളത് 2300 പേരാണ്. ഒരു കൃഷിയും ആ പ്രദേശത്ത് ഇല്ല. അതിനാല്‍, നാഗരികതയുടെ ഒരുവിധ ബാഹ്യശല്യവും വിത്തുബാങ്കിന് ഉണ്ടാകാന്‍ സാധ്യതയില്ല.(കടപ്പാട്: ഗ്ലോബല്‍ ക്രോപ്പ് ഡൈവേഴ്സിറ്റി ട്രസ്റ്റ്, ബി.ബി.സി)