Thursday, May 10, 2007

ഭൂമിക്കടിയില്‍ ഒരു വനം!

ഭൂമിക്കടിയില്‍ ഒരു വനമെന്നത്‌ അസംബന്ധമായി തോന്നാം. എന്നാല്‍, 30 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍വനം അമേരിക്കയിലെ ഒരു കല്‍ക്കരി ഖനിക്കുള്ളില്‍ നിന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌. പ്രാചീന സസ്യങ്ങളെക്കുറിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന കണ്ടുപിടിത്തമാണിത്‌

പാതളത്തിലെ വനത്തെക്കുറിച്ചും ജീവികളെക്കുറിച്ചുമൊക്കെ കഥകളിലാണുള്ളത്‌. ഭൂമിക്കടിയില്‍ ഒരു യഥാര്‍ത്ഥവനം കണ്ടെത്തിയെന്നു പറഞ്ഞാല്‍ അസംഭാവ്യമായി തോന്നാം. എന്നാല്‍, അമേരിക്കയില്‍ ഭൂമിക്കടിയില്‍ നൂറുകണക്കിന്‌ മീറ്ററുകള്‍ താഴെ വിശാലമായ ഒരു വനം കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. ഒരു പ്രശ്‌നം മാത്രം, അതൊരു ഫോസിലീകരിക്കപ്പെട്ട വനമാണ്‌; ഉഷ്‌ണമേഖലാ ഫോസില്‍വനം (fossil rainforest). ഇല്ലിനോയിസിലെ ഒരു കല്‍ക്കരി ഖനിക്കുള്ളില്‍ കണ്ടെത്തിയ ഭൂഗര്‍ഭവനത്തിന്‌ 30 കോടി വര്‍ഷം പഴക്കമുണ്ട്‌. പ്രാചീന സസ്യങ്ങളെക്കുറിച്ചും അക്കാലത്തെ ജൈവവൈവിധ്യത്തെപ്പറ്റിയും പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്ന കണ്ടെത്താലാണ്‌ അമേരിക്കയിലെയും യൂറോപ്പിലെയും ഭൗമഗവേഷകര്‍ നടത്തിയിരിക്കുന്നത്‌.

ആയിരം ഹെക്ടര്‍ (പത്തു ചതുരശ്ര കിലോമീറ്റര്‍) പ്രദേശത്ത്‌ വ്യാപിച്ചു കിടക്കുന്ന ആ ഭൂഗര്‍ഭവനം, ഇതുവരെ മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ 'ഫോസില്‍വന'മാണ്‌. "ഇളംകല്‍ക്കരി (peat)യുടെ രൂപത്തിലുള്ള ഈ വ്യൂഹം ശരിക്കും വൈവിധ്യമാര്‍ന്നതും ചലാത്മകവുമായ ഒന്നാണ്‌. അതുകൊണ്ടു തന്നെ ഈ കണ്ടെത്തല്‍ വളരെ അര്‍ത്ഥവത്തുമാണ്‌"-ഗവേഷണ സംഘത്തിലുണ്ടായിരുന്ന പ്രൊഫ. ആഡ്രൂ സ്‌കോട്ട്‌ പറയുന്നു. പ്രാചീനസസ്യങ്ങളെക്കുറിച്ചു പഠനം നടത്തുന്ന അദ്ദേഹം(palaeobotanist), ലണ്ടനില്‍ റോയല്‍ ഹോലോവെ സര്‍വകലാശാലയിലെ ഗവേഷകനാണ്‌.

ഭൂമുഖത്ത്‌ ഇളംകല്‍ക്കരിയുടെ രൂപപ്പെടല്‍ അതിന്റെ പാരമ്യത്തിലെത്തിയത്‌ 23-33 കോടി വര്‍ഷം മുമ്പായിരുന്നു. ആ സമയത്താണ്‌ ഇല്ലിനോയിസിലെ ഭൂഗര്‍ഭവനവും രൂപപ്പെട്ടതെന്നു കരുതുന്നു. കല്‍ക്കരിയുടെ രൂപപ്പെടലിനെപ്പറ്റി ആഴത്തില്‍ പഠിക്കാനും പ്രാചീന സസ്യജാതികളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നതായി 'ജിയോളജി' ജേര്‍ണലിലെ റിപ്പോര്‍ട്ട്‌ പറയുന്നു. 30 കോടി വര്‍ഷം മുമ്പ്‌ വന്‍ഭൂകമ്പത്തിന്റെ ഭാഗമായി നൂറുകണക്കിന്‌ മീറ്റര്‍ ഭൂമിക്കടിയിലായിപ്പോയ വനം, ഫോസില്‍ ആയി മാറുകയാണുണ്ടായതെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ഇല്ലിനോയിസിലെ കല്‍ക്കരി ഖനിക്കുള്ളിലെ കണ്ടെത്തല്‍ അത്ഭുതകരമായ അനുഭവമായിരുന്നുവെന്ന്‌, ഗവേഷണസംഘത്തിലെ അംഗവും ബ്രിസ്‌റ്റൊള്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ.ഹൊവാര്‍ഡ്‌ ഫാല്‍ക്കന്‍-ലാങ്‌ പറയുന്നു. "ഒരു കവചിത വാഹനത്തില്‍ ഖനിക്കുള്ളിലേക്ക്‌ ഞങ്ങള്‍ പോയി. നൂറുകണക്കിന്‌ മീറ്റര്‍ അടിയിലെത്തി. ഒരു കല്‍ക്കരി പാളിക്കു മുകളിലാണ്‌ ഫോസില്‍ വനം സ്ഥിതിചെയ്യുന്നത്‌"-ഡോ.ഫാല്‍ക്കന്‍-ലാങ്‌ അറിയിക്കുന്നു. കല്‍ക്കരി ഖനനം ചെയ്‌തു നീക്കിയിരുന്നതിനാല്‍, ആ തുരങ്കത്തിന്റെ മേല്‍ത്തട്ടിലെ പ്രതലത്തില്‍ ഇലകളും ചില്ലകളുമായി ഫോസില്‍ വനം ഗവേഷകര്‍ക്കു മുന്നില്‍ വരച്ചവെച്ചതു പോലെ പ്രത്യക്ഷപ്പെടുകയായിരുന്നു.

"ഖനിക്കുള്ളിലെ ഇടനാഴികളിലൂടെ കിലോമീറ്ററുകള്‍ ഞങ്ങള്‍ സഞ്ചരിച്ചു"-ഡോ. ഫാല്‍ക്കന്‍-ലാങ്‌ അറിയിക്കുന്നു. എല്ലായിടത്തും മേല്‍ത്തട്ടില്‍ ഫോസില്‍ വനം കാത്തുകിടക്കുന്നുണ്ടായിരുന്നു. ഖനിയിലെ വിളക്കല്ലാതെ വേറൊരു പര്യവക്ഷണ സംവിധാനവും വേണ്ടിവന്നില്ല, ഗവേഷകര്‍ക്ക്‌ ഫോസില്‍ വനത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍. സമ്പന്നമായ ഒരു പരിസ്ഥിതിവ്യൂഹത്തിന്റെ തെളിവാണ്‌ അവിടെ കണ്ടത്‌. നാലുമീറ്റര്‍ ഉയരമുള്ള പന്നല്‍ച്ചെടികള്‍ മുതല്‍ 40 മീറ്ററിലേറെ പൊക്കമുള്ള ക്ലബ്‌ മോസുകള്‍ വരെ ആ ഭൂഗര്‍ഭവനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

നിലവില്‍ ഇത്തരമൊരു പരിസ്ഥിതിവ്യൂഹം ഭൂമുഖത്ത്‌ ഇല്ല. അതുകൊണ്ടു തന്നെ ഈ കണ്ടെത്തല്‍ പ്രാചീന സസ്യലോകത്തെക്കുറിച്ച്‌ വളരെ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു-ഡോ.ഫാല്‍ക്കന്‍-ലാങ്‌ പറഞ്ഞു. ഭൂമി അതിന്റെ ഗര്‍ഭത്തില്‍ കാത്തുസൂക്ഷിച്ചിരുന്ന ഈ പ്രാചീന സസ്യലോകത്തെ കൂടുതല്‍ മനസിലാക്കാനുള്ള ശ്രമം ഗവേഷകര്‍ തുടരുകയാണ്‌. അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായി ഭൂമിക്കടിയില്‍ പെട്ടുപോയ പ്രാചീനവനം അടുത്തയിടെ ഒരുസംഘം ചെക്ക്‌ ഗവേഷകര്‍ കണ്ടെത്തി മാപ്പ്‌ ചെയ്‌തിരുന്നു. ഇല്ലിനോയിസില്‍ കണ്ടെത്തിയ വനത്തിന്റെ അത്ര തന്നെ പഴക്കമുള്ളതാണ്‌ ചെക്ക്‌സംഘം കണ്ടെത്തിയ വനവും. ഈ രണ്ട്‌ കണ്ടെത്തലും പ്രാചീനസസ്യലോകത്തെക്കുറിച്ച്‌ വിലപ്പെട്ട അറിവുകള്‍ ശാസ്‌ത്രത്തിന്‌ നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്‌ (അവലംബം: 'ജിയോളജി').

8 comments:

Joseph Antony said...

എന്തെല്ലാം അത്ഭുതങ്ങള്‍ ഭൂമി അതിന്റെ ഗര്‍ഭത്തില്‍ നമുക്കായി കാത്തുവെച്ചിരിക്കുന്നു. ഭൂകമ്പത്തിന്റെ ഫലമായി പ്രാചീനകാലത്ത്‌ മണ്ണിനടിയില്‍ പെട്ടുപോയ ഒരു വനത്തെ ഫോസില്‍ രൂപത്തില്‍ കണ്ടെത്തിയിരിക്കുയാണ്‌ അമേരിക്കയില്‍ നിന്ന്‌. ആ കണ്ടെത്തലിനെപ്പറ്റി..

ഗുപ്തന്‍ said...

ജോസഫ് മാഷേ..

ഇവിടുത്തെ പോസ്റ്റില്‍ മറുപടി ഇടാന്‍ മടിക്കാണിച്ചിട്ടുള്ളത് എപ്പോഴും ഒരേകാര്യം എഴുതേണ്ടിവരും എന്നുള്ളതുകൊണ്ടാണ്.

എപ്പോഴും അറിവിന്റെ ഒരു പുതിയ മുഖം താങ്കള്‍ പരിചയപ്പെടുത്തുന്നു. അല്ലെങ്കില്‍ മറന്നുതുടങ്ങിയതു പലതും ഓര്‍മ്മപ്പെടുത്തുന്നു. നന്ദി

വേണു venu said...

വീണ്ടും അറിയാത്ത ലോകത്തിലെ രത്ന ഖനികള്‍‍ താങ്കള്‍‍ കാണിച്ചു തരുന്നു. ഇനിയും ഇനിയും അറിവിന്‍റെ ലോകങ്ങള്‍‍ പകര്‍ന്നു് തരാന്‍‍ താങ്കള്‍‍ക്കു് കഴിയുമാറാകട്ടെ....

G.MANU said...

Arivinte lokathekku nayikkunna ee bloginu aayiram nandi

oru blogger said...

മാഷെ..ഈ മാതിരി കണ്ടുപിടുത്തങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു ദൂഷ്യവശവുമുണ്ടായിരിക്കാം...
ഉദാഹരണത്തിനു, ഫോസില്‍ ഫ്യൂവലിന്റെ ലഭ്യതയെക്കുറിച്ച് നല്ല ജ്ഞാനം ഉള്ളതുകൊണ്ടാണെന്നു പറയുന്നു ഓട്ടോമോബൈല്‍ കമ്പനികള്‍ അന്തരീക്ഷമലിനീകരണവും മറ്റും കുറക്കുന്ന ഇലെക്ട്രിക് എഞ്ചിനുകളുടെ ഗവേഷണം നിര്‍ത്തിയതെന്നു എവിടെയോ വായിച്ചു..

കെ.പി said...

അടുത്തിടെയാണ് കുറിഞ്ഞി വായിക്കാന്‍ തുടങ്ങിയത്. പതുക്കെ പഴയതെല്ലാം വായിച്ച് തീര്‍ക്കണം. അറിവിന്റെ ഒരു ലോകം മലയാളത്തില്‍ തുറന്ന് വക്കുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും. തുടര്‍ന്നും ഇവിടെ പോസ്റ്റ്കള്‍ തേടി എത്തും.

രാജേഷ്.

മുല്ലപ്പൂ said...

നല്ല ലേഖനം.എല്ലാ പൊസ്റ്റുകളും.
ഇത് കേട്ടിട്ട് അദ്ഭുതവും തോന്നുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

തുടര്‍ ഗവേഷണങ്ങള്‍ നല്‍കാന്‍ പോകുന്ന അറിവുകള്‍ക്കായി കാത്തിരിക്കുക. അല്ലേ.