Sunday, January 28, 2007

മറയൂര്‍ മുനിയറകള്‍

കേരളത്തിന്‌ ഒരു ശിലായുഗസംസ്‌കാരം അവകാശപ്പെടാനില്ലെന്നു വാദിച്ച ചരിത്രപണ്ഡിതരുണ്ട്‌. അത്തരക്കാര്‍ക്കുള്ള മറുപടിയാണ്‌ മറയൂരിലെ മുനിയറകള്‍. കേരളചരിത്രത്തെ 1500 വര്‍ഷം പിന്നോട്ടു നയിച്ചത്‌ മുനിയറകളെ സംബന്ധിച്ച പഠനമാണ്‌


ഴുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ അടുത്തയിടെ വീണ്ടും മറയൂര്‍ താഴ്‌വരയില്‍ പോയത്‌. മുമ്പ്‌ മറയൂര്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോകളുടെ നെഗറ്റീവ്‌ നശിച്ചുപോയി. അതിനാല്‍, അവിടുത്ത മുനിയറകളുടെ കുറെ ചിത്രങ്ങളെടുക്കണം, താഴ്‌വര ഒന്നുകൂടി അടുത്തു കാണണം. ഇതായിരുന്നു മനസില്‍. കാന്തല്ലൂര്‍ സന്ദര്‍ശനം കഴിഞ്ഞ്‌, ചുരമിറങ്ങുന്ന ജീപ്പിന്റെ അമ്പരപ്പിക്കുന്ന ബാലന്‍സ്‌ മനസിലുണര്‍ത്തിയ ഭീതി വിട്ടുമാറാതെ, മറയൂര്‍ ഹൈസ്‌കൂളിന്റെ കോംപൗണ്ടിലൂടെ മുനിയറകള്‍ സ്ഥിതിചെയ്യുന്ന ഉയരത്തിലുള്ള പാറപ്പരപ്പിലേക്ക്‌ നടന്നു.

ചൂടില്ലാത്ത വെയില്‍. സ്‌കൂളില്‍ ഉച്ചയ്‌ക്കത്തെ ഇടവേള. കുട്ടികള്‍ കലമ്പല്‍കൂട്ടുന്നു. സ്‌കൂള്‍ കോംപൗണ്ടില്‍ ഒരു അപരിചിതനെ കണ്ടതിന്റെ കൗതുകം പലരുടെയും മുഖത്ത്‌. മുറ്റം മുറിച്ചുകടന്ന്‌, സ്‌കൂളിന്‌ പിന്നിലെ മുനിയറകളുടെ ലോകത്തേക്ക്‌ കടന്നു. ഇടിഞ്ഞുപൊളിഞ്ഞു നാശമായ ഒന്നുരണ്ടു മുനിയറകളാണ്‌ സന്ദര്‍ശകനെ അവിടെ ആദ്യം സ്വാഗതം ചെയ്യുക. പാറപ്പുറത്തെ കട്ടിയില്ലാത്ത മണ്ണില്‍ ദര്‍ഭക്കാടുകളും പോതപ്പുല്ലുമെല്ലാം ആളുയരത്തില്‍ വളര്‍ന്ന്‌ മുനിയറകള്‍ക്ക്‌ വല്ലാത്തൊരു ദൃശ്യഭംഗി നല്‍കുന്നു. കൂടുതല്‍ മുനിയറകള്‍ അങ്ങുമുകളില്‍ വിസ്‌താരമേറിയ പാറയുടെ മുകള്‍തട്ടിലാണ്‌.

ആദ്യം കണ്ട ഇടിഞ്ഞുപൊളിഞ്ഞ മുനിയറയുടെ ചിത്രമെടുക്കാന്‍ ക്യാമറ ശരിയാക്കുമ്പോള്‍, പിന്നില്‍ നിന്ന്‌ സംഘം ചേര്‍ന്നൊരു ചോദ്യം, "ഞങ്ങടെ ഫോട്ടോ കൂടിയെടുക്കാമോ". സ്‌കൂള്‍ യൂണിഫോമില്‍ നാലു കുട്ടികള്‍; സ്‌കൂള്‍ കോംപൗണ്ട്‌ കടന്നു പോരുമ്പോള്‍ പിന്നാലെ കൂടിയതാണ്‌. "പിന്നെന്താ"എന്നു പറഞ്ഞ്‌ അവരുടെ നേരെ ക്യാമറ തിരിച്ചു. നാലുപേരും പെട്ടന്ന്‌ പോസുചെയ്‌തു. "ഞാനൊന്നു ചിരിച്ചോട്ടെ", ഒരുത്തന്റെ കമന്റ്‌. ക്യാമറയുടെ എല്‍.സി.ഡി.മോണിറ്ററില്‍ ചിത്രം കാണാന്‍ നാലുപേരും എന്റെ ചുറ്റും കൂടി. അങ്ങനെ ഞങ്ങള്‍ പരിചയമായി. എല്ലാവരും ഒന്‍പതാംക്ലാസിലെ മറയൂര്‍ഗ്രാമക്കാര്‍.


സംസാരിച്ചു വന്നപ്പോള്‍ അവര്‍ക്കറിയണം, എന്തിനാണ്‌ ഈ 'ഗുഹ'യുടെ ചിത്രമെടുക്കുന്നതെന്ന്‌. 'ഗുഹ'യോ, അത്ഭുതം തോന്നി. "അതെ, പഞ്ചപാണ്ഡവന്‍മാര്‍ ഒളിച്ചിരുന്ന ഗുഹയല്ലേ ഇത്‌"-അവരിലൊരാള്‍ ഗൗരവത്തില്‍ ചോദിച്ചു. ഒരാള്‍ പൊക്കമില്ലാത്ത ഈ കല്ലറയ്‌ക്കാണോ ഗുഹയെന്നു പറയുന്നത്‌. പാണ്ഡവന്‍മാര്‍ ഇതിനുള്ളില്‍ കൂനിക്കൂടി ഇരുന്നിട്ടുണ്ടെന്നാണോ നിങ്ങള്‍ പറയുന്നത്‌, വില്ലാളിവീരന്‍മാരായ പാണ്ഡവര്‍ക്ക്‌ നടുവു വേദനിച്ചിട്ടുണ്ടാകില്ലേ-ഞാന്‍ ചോദിച്ചു. "അങ്ങനെയാണല്ലോ എല്ലാവരും പറയുന്നത്‌", അവര്‍ തര്‍ക്കിച്ചു. ആ പാറപ്പരപ്പില്‍ വെച്ച്‌ ശരിക്കും ചരിത്രപരമായ ഒരു ചര്‍ച്ചയിലേക്ക്‌ ഞങ്ങള്‍ പ്രവേശിക്കുകയായിരുന്നു.

ചരിത്രം പഠിപ്പിക്കുന്ന ടീച്ചര്‍ നിങ്ങളോട്‌ ഈ മുനിയറകളെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ലേ-ഞാന്‍ ചോദിച്ചു. "ഓ, പുസ്‌തകത്തിലുള്ളതുതന്നെ പറയാന്‍ സമയം തികയുന്നില്ല, അപ്പോളാ"-കുട്ടികളിലൊരാള്‍ പ്രതികരിച്ചു. ആ വാക്കുകളില്‍ നിന്ന്‌ കാര്യങ്ങള്‍ വ്യക്തമാണ്‌. അവരുടെ ബോധത്തില്‍ ഈ മുനിയറകള്‍ പഞ്ചപാണ്ഡവന്‍മാര്‍ ഒളിച്ചിരുന്നതോ, അല്ലെങ്കില്‍ മുനികള്‍ തപസ്സുചെയ്‌തിരുന്നതോ ആയ വെറും കല്ലറകളായി അവശേഷിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഇവ യഥാര്‍ത്ഥത്തില്‍ എന്താണെന്ന്‌ ആ കുട്ടികള്‍ക്ക്‌ ആരും പറഞ്ഞുകൊടുത്തിട്ടില്ല. അങ്ങകലെയുള്ള താജ്‌മഹല്‍ എന്താണെന്ന്‌ അവര്‍ക്ക്‌ അറിയാമായിരിക്കും, അല്ലെങ്കില്‍ കമ്പോഡിയയിലെ ആങ്കോര്‍വാട്ട്‌ എന്താണെന്ന്‌, ഗിസയിലെ പിരമിഡ്‌,... പക്ഷേ, സ്വന്തം കണ്‍മുന്നില്‍ കാണുന്ന ഈ സ്‌മാരകങ്ങള്‍ എന്താണെന്ന്‌ അവര്‍ക്കറിയില്ല!

ഞങ്ങള്‍ നില്‍ക്കുന്നതിന്‌ താഴെ കുറെയകലെ, പ്രാചീനമായ പാറവിടവിലൂടെ പാമ്പാര്‍ ഒഴുകുന്നത്‌ കാണാം. കേരളത്തില്‍ 44 പുഴകളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ്‌ കിഴക്കോട്ടൊഴുകുന്നത്‌. ആ മൂന്നിലൊരെണ്ണമാണ്‌ പാമ്പാര്‍ (കബനിനദിയും ഭവാനിപ്പുഴയും ബാക്കിയുള്ളവ). പാമ്പാറിലെ തെങ്കാശിനാഥന്‍ ഗുഹാക്ഷേത്ര പരിസരം ഞങ്ങള്‍ക്ക്‌ താഴെയായി കാണാം. മറയൂരില്‍ പഞ്ചപാണ്ഡവന്‍മാരുടെ ഐതീഹ്യം മുനിയറകള്‍ കൊണ്ട്‌ തീരുന്നില്ല. തെങ്കാശിനാഥന്‍ ക്ഷേത്രം നിര്‍മിച്ചതും പഞ്ചപാണ്ഡവന്‍മാരാണത്രേ. ആ ഗുഹാക്ഷേത്രത്തില്‍ നിന്ന്‌ മധുരയ്‌ക്കും പളനിക്കും ഭൂമിക്കടിയിലൂടെ രഹസ്യവഴിയുണ്ടെന്ന്‌ പലരും വിശ്വസിക്കുന്നു.

എവിടെനിന്ന്‌ വരുന്നുവെന്ന്‌ നിശ്ചയിക്കാനൊക്കാത്ത ഒരു കാറ്റ്‌ ഞങ്ങളെ വലംവെച്ച്‌ കടന്നുപോകുന്നു. ചുറ്റിനും സൗമ്യസാമീപ്യമായി നില്‍ക്കുന്ന പശ്ചിമഘട്ട ഗിരിനിരകളുടെ ചുവടുവരെ വ്യാപിക്കുന്ന താഴ്‌വര നട്ടുച്ചയ്‌ക്കും ഇരുണ്ടുകിടക്കുന്നു. ആകാശം പതിവുപോലെ മൂടിക്കെട്ടിയിരിക്കുകയാണ്‌. മഴനിഴല്‍പ്രദേശമാണല്ലോ മറയൂരെന്ന ചിന്ത പെട്ടന്നെന്റെ മനസിലെത്തി. ഇടുക്കിജില്ലയില്‍ മൂന്നാറില്‍ നിന്ന്‌ അമ്പതുകിലോമീറ്ററോളം വടക്കുകിഴക്ക്‌ യാത്രചെയ്‌താലെത്താവുന്ന ഈ താഴ്‌വരയില്‍ വിചിത്രമായ കാലാവസ്ഥയാണ്‌. കേരളത്തില്‍ മഴപെയ്യുന്ന കാലത്തെല്ലാം ഇവിടെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. മഴപെയ്യില്ല, മഴപെയ്യാന്‍ പോകുന്നു എന്ന തോന്നല്‍ മാത്രം. സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കുമെല്ലാം, സൂര്യപ്രകാശത്തിന്റെ കുറവുമൂലം വളര്‍ച്ച മന്ദഗതിയിലാകും. കേരളത്തില്‍ ചന്ദനക്കാടുകളുള്ള ഒരേയൊരു സ്ഥലമായി മറയൂര്‍ മാറാനുള്ള കാരണവും ഒരുപക്ഷേ, ഈ സവിശേഷ കാലാവസ്ഥയായിരിക്കുമെന്ന്‌ പലരും കരുതുന്നു.

"പാണ്ഡവന്‍മാര്‍ ഒളിച്ചിരുന്നതല്ലെങ്കില്‍ പിന്നെ ഈ കല്ലറകളെന്താണ്‌"-കുട്ടികളിലൊരാള്‍ ചോദിച്ചു. കേരളത്തിന്‌ ഒരു ശിലായുഗചരിത്രം അവകാശപ്പെടാനില്ലെന്ന റോബര്‍ട്ട്‌ ബ്രൂസ്‌ ഫുടിന്റെ ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനത്തെ തകര്‍ത്തെറിയാന്‍ കേരളത്തിലെ പുരാവസ്‌തുഗവേഷകരെ സഹായിച്ച സ്‌മാരകള്‍ക്കു മുന്നിലാണ്‌ നമ്മള്‍ നില്‍ക്കുന്നതെന്ന്‌ പറഞ്ഞാല്‍ ഈ കുട്ടികള്‍ അതെങ്ങനെയെടുക്കും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗ(Megalithic Age)ത്തിന്റെ അവശേഷിപ്പാണീ കല്ലറകള്‍. ഇരുമ്പു കണ്ടുപിടിച്ചവരുടെ ബാക്കിപത്രം. "ഒന്നുമാത്രം ഓര്‍ത്തുവെക്കുക, നിങ്ങളുടെ സ്‌കൂളിരിക്കുന്നത്‌ ഒരു പുരാതന സെമിത്തേരിക്ക്‌ അരികിലാണ്‌. ആയിരത്തിലേറെ വര്‍ഷംമുമ്പ്‌ മനുഷ്യരെ സംസ്‌ക്കരിച്ച കല്ലറാകളാണിവ"-ഞാനവരെ അറിയിച്ചു. വിശ്വാസം വരാത്തപോലെ അവര്‍ പരസ്‌പരം നോക്കി. പെട്ടന്ന്‌ സ്‌കൂളില്‍ മണിമുഴങ്ങി. "വീണ്ടും കാണാം", എന്നു പറഞ്ഞ്‌ അവര്‍ പിന്തിരിഞ്ഞോടി.

പാറയുടെ ചെങ്കുത്തായ ചെരുവിലൂടെ മുകളിലേക്കു കയറുന്തോറും അങ്ങുതാഴെ സ്‌കൂള്‍ ചെറുതായി വന്നു. സ്‌കൂളിലെ ശബ്ദം അകന്നകന്നു പോയി. താഴ്‌വര ഒന്നുകൂടി വിസ്‌തൃതമായതുപോലെ. കാറ്റ്‌ ശക്തിയായി വീശിയിട്ടും, വെയിലിന്‌ ചൂടില്ലാഞ്ഞിട്ടും വിയര്‍ത്തു. ബാഗില്‍ നിന്ന്‌ വെള്ളമെടുത്ത്‌ രണ്ടിറക്കു കുടിച്ചിട്ട്‌ കയറ്റം തുടര്‍ന്നു. മുകളിലെത്തുമ്പോള്‍ മറ്റൊരു ലോകം തുറക്കുകയാണ്‌. ഒരുവശത്ത്‌ കാന്തല്ലൂര്‍മലനിരകള്‍ കോട്ടപോലെ നില്‍ക്കുന്നു, മറുവശത്ത്‌ ആനമുടിയുള്‍പ്പെടുന്ന ഇരവികുളം നാഷണല്‍പാര്‍ക്കിലെ ദുര്‍ഗമമായ കൊടുമുടികള്‍. മറ്റൊരു ഭാഗത്ത്‌ ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പര്‍വതക്കെട്ടുകള്‍. നാലുവശവും കൊടുമുടികളാല്‍ ചുറ്റപ്പെട്ട്‌ മറഞ്ഞുപോയ ഈ താഴ്‌വരയുടെ പേര്‌ 'മറഞ്ഞിരിക്കുന്ന ഊര്‌' എന്നായതില്‍ അത്ഭുതമില്ല. കരിമ്പിന്‍ തോട്ടങ്ങളായിരുന്നു മുമ്പിവിടെ വരുമ്പോള്‍ താഴ്‌വരയുടെ ഏറിയ ഭാഗത്തും. ഇപ്പോള്‍ കരിമ്പിന്‍തൊട്ടങ്ങളെ തെങ്ങിന്‍തോപ്പുകള്‍ കൈയേറിയിരിക്കുന്നു.

താഴ്‌വരയുടെ ഏതാണ്ടൊരു ചെറുരൂപം തന്നെയല്ലേ മുനിയറകള്‍, കൗതുകപൂര്‍വ്വം ഓര്‍ത്തു. നാലുവശത്തും കല്‍പ്പാളികള്‍ വെച്ച്‌ മറച്ചിരിക്കുന്നു. മുകളില്‍ വലിയൊരു മൂടിക്കല്ല്‌. "നന്തങ്ങാടികളും കുടക്കല്ലുകളും മുനിയറകളുമെല്ലാം മഹാശിലായുഗത്തിന്റെ സ്‌മാരകങ്ങളാണ്‌ "-പുരവസ്‌തുഗവേഷകനായ ഡോ.എസ്‌.പത്മനാഭന്‍തമ്പി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പറഞ്ഞ വാക്കുകള്‍ മനസിലെത്തി. 1974-ലാണ്‌ മറയൂരിലെ ശിലായുഗസ്‌മാരകങ്ങളെക്കുറിച്ച്‌ ഡോ. തമ്പി പഠനം ആരംഭിക്കുന്നത്‌. ആ പഠനം കേരളചരിത്രത്തെ 1500 വര്‍ഷം പിന്നോട്ടു നയിച്ചു. "എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ്‌ മുനിയറകളും മറയൂരിലെ ഗുഹാചിത്രങ്ങളും"-ഡോ.തമ്പി പറഞ്ഞ വാക്കുകള്‍ വീണ്ടും ഓര്‍മവന്നു.

1976-ല്‍ സംസ്ഥാന പുരാവസ്‌തുവകുപ്പ്‌ മറയൂര്‍ മുനിയറകളെ സംരക്ഷിതസ്‌മാരകങ്ങളായി പ്രഖ്യാപിച്ചു. പക്ഷേ, ചരിത്രത്തിന്റെ വിലയറിയാത്ത നാട്ടില്‍ സംഭവിക്കുന്നത്‌ മുനിയറകള്‍ക്കും സംഭവിച്ചു. 1993-ല്‍ അന്നത്തെ ഭരണകക്ഷിയിലെ പ്രമുഖരിലൊരാളുടെ ബംഗ്ലൂരിലെ ബിനാമിക്കമ്പനി പാമ്പാറിന്‍ തീരത്തെ ഈ പാറ ഖനനം ചെയ്യാനാരംഭിച്ചു. റവന്യൂവകുപ്പ്‌ അതിന്‌ അനുമതിയും നല്‍കി. ഗ്രാമവാസികളുടെ എതിര്‍പ്പ്‌ അവഗണിച്ചുകൊണ്ട്‌ ബ്ലാസ്റ്റിങ്‌ വഴി പാറപൊട്ടിക്കാനാരംഭിച്ചപ്പോള്‍ അത്‌ വാര്‍ത്തയായി. അങ്ങനെയാണ്‌ കൊച്ചിയിലെ നിയമവേദി മുനിയറകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കുന്നത്‌.

കേസ്‌ പരിഗണിച്ച സംഗിള്‍ബഞ്ച്‌ പത്തുവര്‍ഷത്തേക്ക്‌ ഖനനത്തിന്‌ അനുമതി നല്‍കി. എന്നാല്‍, അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ്‌ കെ.ടി.തോമസ്സും ജസ്‌റ്റിസ്‌ പി.ഷണ്‍മുഖവുമടങ്ങിയ ഡിവിഷന്‍ബഞ്ച്‌ ഖനനം നിരോധിച്ചുകൊണ്ട്‌ 1995 നവംബര്‍ ആദ്യം വിധി പ്രസ്‌താവിച്ചു. ഗ്രാനൈറ്റ്‌ ഖനനം പാടില്ലെന്നു മാത്രമല്ല, മറയൂരിലെ പ്രാചീനസ്‌മാരകങ്ങളെ ദേശീയസ്‌മാരകമായി പ്രഖ്യാപിച്ച്‌ സംരക്ഷിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന്‌ നിര്‍ദ്ദേശവും നല്‍കി.

കോടതിയുടെ ഇടപെടല്‍ അന്നുണ്ടായിരുന്നില്ലെങ്കില്‍, ഒരു കമ്പനിയുടെ ടേണോവറിന്റെ കണക്കിലേക്ക്‌ ഈ പാറപ്പരപ്പും ശിലായുഗസ്‌മാരകങ്ങളും ചെന്നുപെടുമായിരുന്നു. പക്ഷേ, ഖനനം മുടങ്ങിയെല്ലെങ്കിലും മറ്റൊന്ന്‌ ഇവിടെ സംഭവിക്കുന്നതിന്റെ ലക്ഷണം കാണാം. പാറപ്പരപ്പിന്റെ തെക്കേയറ്റത്ത്‌ ഒരു കുരിശ്‌. കുറച്ച്‌ വടക്കോട്ട്‌ മാറി ത്രിശൂലങ്ങള്‍. ശിലായുഗമനുഷ്യരുടെ അന്ത്യവിശ്രമസ്ഥാനത്ത്‌ ആധുനിക മനുഷ്യന്റെ അല്‍പ്പത്വം ആധിപത്യം സ്ഥാപിക്കുന്നതിന്റെ തെളിവുകള്‍. പ്രാചീനസ്‌മരകങ്ങള്‍ക്കു മുകളില്‍ പോലും സങ്കുചിതത്വം വേരാഴ്‌ത്തുമ്പോള്‍ ആരെയാണ്‌ നമ്മല്‍ കുറ്റപ്പെടുത്തുക. ആ സങ്കുചിതത്വത്തിന്‌ ഇരയാകത്തക്കവിധം, സ്വന്തം സ്‌കൂളിന്‌ പിന്നിലെ ചരിത്രസ്‌മാരകങ്ങള്‍ പോലും എന്തെന്ന്‌ മനസിലാക്കാന്‍ അനുവദിക്കാതെ ഒരു തലമുറയെ നമ്മള്‍ വളര്‍ത്തി പരുവപ്പെടുത്തുകയും ചെയ്യുന്നു.
മറയൂര്‍ താഴ്‌വരയുടെ ദൃശ്യം


മറയൂര്‍ ഹൈക്കൂള്‍മുറ്റത്തെ ക്ലാസ്‌

5 comments:

Joseph Antony said...

മറയൂര്‍ മുനിയറകള്‍ പഞ്ചപാണ്ഡവന്‍മാര്‍ ഒളിച്ചിരുന്ന 'ഗുഹ'കളാണെന്ന്‌ പുതിയ തലമുറയില്‍പെട്ട പലരും കരുതുന്നു. യാഥാര്‍ത്ഥ്യം പക്ഷേ, അതില്‍ നിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌.

ഉത്സവം : Ulsavam said...

നമുക്ക് നമ്മുടെ ചരിത്രം ചികഞ്ഞു പോകാനോ, ചരിത്രസ്മാരകങ്ങള്‍ സംരക്ഷികാനോ താല്പര്യം ഇല്ല്ലല്ലോ‍. അഥവാ എന്തെങ്കിലും കാലത്തെ അതിജീവിച്ച് നില്‍പ്പുണ്ടെങ്കില്‍ അത് തല്ലിതകര്‍ക്കാനോ, അല്ലെങ്കില്‍ ഐതീഹ്യങ്ങളോട് ചേര്‍ത്ത് കെട്ടാനോ അല്ലേ ശ്രമിയ്ക്കൂ.അത് തന്നെ മുനിയറകള്‍ക്കും സംഭവിച്ചു, അല്ലെങ്കില്‍ സംഭവിയ്ക്കുന്നു...
ലേഖനം വളരെ നന്നായിരിയ്ക്കുന്നു.

ബയാന്‍ said...

സ്വതന്ത്രമായ ഒരു ചരിത്രബോധം നമുക്കുണ്ടായിരുന്നെങ്കില്‍- കുറഞ്ഞതു ഇത്തരം ചരിത്ര സ്മാരകങ്ങള്‍ സംരക്ഷികപ്പെടുന്നില്ലതു തന്നെ, പുതിയതലമുറയോടു ചെയ്യുന്ന നീതി കേടാണു. എന്തും ഇവിടെ കോടതിയില്‍ കയറ്റിയാലേ ഒരു തീരുമാനമാകൂ എന്നതു നമ്മുടെ തന്നെ ഒരു ദുരന്തമായിരിക്കുന്നു.

ചിത്രങ്ങളില്‍ കാണുന്നില്ലെ, എല്ലാം അങ്ങിനെ നശിക്കാനായി ഇട്ടിരിക്കുന്നു, എല്ലാം നല്ല വൃത്തിയും വെടുപ്പുമാക്കി, സന്ദര്‍ശകര്‍ക്കു കണാന്‍ വരാന്‍ പറ്റുന്ന രീതിലാക്കി ഇതൊക്കെ സംരക്ഷിക്കാന്‍ ഇനിയും കോടതി കയറേണ്ടിവരുമോ.
UNESCO യ്കു റഫര്‍ ചെയ്താല്‍,ചിലപ്പോള്‍ അവരു അതിനെക്കുറിച്ചു പഠിച്ചു, അതൊരു ചരിത്ര സ്മാരകമാക്കുമായിരിക്കും.

അനന്തരം said...

താങ്കള്‍ പോകുന്നുണ്ടെന്നറിഞ്ഞാല്‍ തീര്‍ച്ചയായും ഒപ്പം കൂടിയേനെ... അനൂപ്

അനൂപ് അമ്പലപ്പുഴ said...

Athe mashe, Engane avide pokam ennu koodi paranjal nannayirunnu........