Tuesday, January 30, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-5: ആര്യഭടന്‍

Science History

ജ്യോതിശാസ്‌ത്രത്തിലും ഗണിതശാസ്‌ത്രത്തിലും നിലവിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയ വ്യക്തിയാണ്‌ ആര്യഭടന്‍. പക്ഷേ, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്ന്‌ ആര്യഭടനും നിരൂപിച്ചു

ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടില്‍ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞന്‍ ഒരുപക്ഷേ ആര്യഭടനാകണം. കവികള്‍ വാഴ്‌ത്തുംപോലെ ചന്ദ്രന്‍ പ്രകാശം പരത്തുന്ന ഗോളമല്ല, പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആര്യഭടന്‍ തന്നെയാണ്‌ ആദ്യം പറഞ്ഞത്‌. ജ്യോതിശാസ്‌ത്രത്തിലും ഗണിതശാസ്‌ത്രത്തിലും നിലവിലുണ്ടായിരുന്ന ഒട്ടേറെ സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതിയ പ്രതിഭയാണ്‌ ആര്യഭടന്‍. `ആര്യഭടീയം' ആണ്‌ അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതി.

കേരളീയനാണ്‌ ആര്യഭടന്‍ എന്ന്‌ കരുതപ്പെടുന്നു. `അശ്‌മകം' എന്ന സ്ഥലത്ത്‌ എ.ഡി. 476-ല്‍ അദ്ദേഹം ജനിച്ചു (`അശ്‌മകം' ഇന്നത്തെ കൊടുങ്ങല്ലൂരാണെന്നൊരു വാദമുണ്ട്‌). ചെറുപ്പത്തിലേ ഗണിതത്തില്‍ തത്‌പരനായ അദ്ദേഹം നളന്ദ സര്‍വകലാശാലയിലെ പഠനത്തിനായി കുസുമപുരത്തെത്തി. ശിഷ്‌ട ജീവിതം അവിടെത്തന്നെയാണ്‌ കഴിച്ചുകൂട്ടിയത്‌. എ.ഡി. 499-ല്‍ `ആര്യഭടീയം' രചിച്ചു. അന്ന്‌ പ്രായം 23 വയസ്‌. പിന്നീട്‌ അദ്ദേഹം നളന്ദ സര്‍വകലാശാലയുടെ കുലപതി (വൈസ്‌ ചാന്‍സലര്‍) യായതായി കരുതുന്നു. `ആര്യഭടീയ'ത്തിന്‌ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരന്‍ ഒന്നാമന്‍ എ.ഡി. 629-ല്‍ രചിച്ച `മഹാഭാസ്‌കരീയം' ആണ്‌ ഏറ്റവും പ്രശസ്‌തം. ഭാരതത്തില്‍ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കുന്നത്‌.

ജ്യോതിശാസ്‌ത്രത്തില്‍ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ ആര്യഭടനും സങ്കല്‍പ്പിച്ചു. ഗണിതശാസ്‌ത്രത്തിലും ആര്യഭടന്‍ കാര്യമായ സംഭാവന നല്‍കി. `പൈ'യുടെ മൂല്യം ഏതാണ്ട്‌ 3.1416 എന്നദ്ദേഹം കണക്കാക്കി. ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈല്‍ ആണെന്നു കണക്കുകൂട്ടി. വര്‍ഗമൂലവും ഘനമൂലവും നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗ്ഗം അദ്ദേഹത്തിന്‌ വശമായിരുന്നു. 100,000,000,000 പോലുള്ള വലിയ സംഖ്യകള്‍ക്കു പകരം ആദ്യമായി വാക്കുകള്‍ ഉപയോഗിച്ചത്‌ അദ്ദേഹമാണ്‌.

ബീജഗണിതത്തിലെ പല നിയമങ്ങള്‍ക്കും രൂപം നല്‍കിയതും, ത്രികോണമിതിയിലെ 'സൈന്‍' പട്ടിക തയ്യാറാക്കുന്ന രീതി വികസിപ്പിച്ചതും ആര്യഭടന്‍ തന്നെ. ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടു തന്നെയാണ്‌, 1975 ഏപ്രില്‍ 19-ന്‌ സ്വന്തമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോള്‍ അതിന്‌ `ആര്യഭട'യെന്ന്‌ പേര്‌ നല്‍കിയത്‌.

2 comments:

Joseph Antony said...

'ഭാരതീയശാസ്‌ത്രജ്ഞര്‍' എന്ന പരമ്പരയില്‍ ഈ ലക്കം ആര്യഭടനെക്കുറിച്ച്‌

ആവനാഴി said...

നന്നായിരിക്കുന്നു. ഇത്തരം ഉദ്യമങ്ങള്‍ പ്രശംസാര്‍ഹമാണു അനിവാര്യവും.

ആര്യഭടീയത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ കൂടി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമെന്നു പ്രത്യാശിക്കുന്നു.

അഭിനന്ദനങ്ങള്‍

ആവനാഴി