തിരുവനന്തപുരം ജില്ലയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് കോട്ടുക്കോണം മാങ്ങ ജീവിതത്തിന്റെ ഭാഗമാണ്. കൊതിയൂറുന്ന മധുരവും നല്ല നാരും നിറവുമുള്ള മാങ്ങ. ഫെബ്രുവരിയോടെ പൂവിടും ഏപ്രിലില്‍ കായ്ക്കും മെയ് ആദ്യവാരം മുതല്‍ മൂത്ത മാങ്ങ കിട്ടിത്തുടങ്ങും. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുനിന്ന് അമ്പൂരിക്ക് പോകുമ്പോള്‍, പതിവുപോലെ തച്ചോട്ടുകാവ്-മഞ്ചാടി-അന്തിയൂര്‍ക്കോണം എന്ന പതിവ് റൂട്ടിലൂടെയായിരുന്നു യാത്ര. ആ കട്ട് റോഡില്‍ രണ്ട് സംഗതിയാണ് പതിവ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. നല്ല ചായയും നാടന്‍ പലഹാരങ്ങളും കിട്ടുന്ന ഏതാനും ചെറിയ ചായക്കടകള്‍. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയ്ക്കും മറ്റും പോകുന്ന പതിവ് സഞ്ചാരികള്‍ അവിടെ വണ്ടി നിര്‍ത്തി ചായകുടിച്ചേ പോകൂ. രണ്ടാമത്തേത്, ഏപ്രില്‍-മെയ് ആകുമ്പോള്‍ പരിസരത്തെ കോട്ടുക്കോണം മാവുകളില്‍ നിന്ന് പറിച്ച് വൈക്കോലും പാലയിലയും വെച്ച് പഴുപ്പിച്ച വര്‍ണാഭമായ കോട്ടുക്കോണം മാങ്ങകള്‍. അവധിക്കാലത്ത് നാട്ടില്‍നിന്ന് പോരുമ്പോള്‍ അവിടെ നിന്നാണ് കോട്ടുക്കോണം മാങ്ങാപ്പഴം വാങ്ങുക. ഇത്തവണ അതിലേ പോകുമ്പോള്‍ പല സ്ഥലത്തും നല്ല നിറമുള്ള കോട്ടുക്കോണം മാങ്ങ വില്ക്കാന് വെച്ചിരിക്കുന്നു. മൂക്കാത്ത മാങ്ങയാകും പുകയിട്ട് പഴുപ്പിച്ച് നിറംവെച്ചതാകാമെന്ന് ആദ്യം സംശയിച്ചു. പക്ഷേ, ചോദിച്ചപ്പോള്‍ അവര്‍ അത് മൂത്തതാണെന്ന് ആണയിച്ച് പറഞ്ഞു. കിലോയ്ക്ക് 160 രൂപ. വില കൂടുതലാണെന്ന് തോന്നിയെങ്കിലും, ഈ സമയത്ത് നല്ല കോട്ടുക്കോണം മാങ്ങ കിട്ടാന്‍ ഇത്രയും കാശ് അധികമല്ലെന്ന് തോന്നി. മാങ്ങയും വാങ്ങി യാത്ര തുടരുമ്പോഴാണ് അസ്വസ്ഥതയോടെ ഒരു ചിന്ത മനസില്‍ കടന്നു കൂടിയത്. എന്തുകൊണ്ട് കോട്ടുക്കോണം മാങ്ങ ഫെബ്രുവരിയില്‍ മൂക്കുന്നു? കാലംതെറ്റുന്നത് കാലവര്‍ഷത്തിന് മാത്രമല്ല....കാലാവസ്ഥാ വ്യതിയാനം മാങ്ങയുടെ രൂപത്തിലും പ്രത്യക്ഷപ്പെടാം!
ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്‍ഷംമുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്
ചരിത്രത്തിന്റെ മൂല്യം അറിയുന്നവര്‍ക്കേ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഇടുക്കി ജില്ലയില്‍ മറയൂരിലെ ശിലായുഗസ്മാരകങ്ങളായ മുനിയറകള്‍ പൊളിച്ച് നശിപ്പിച്ചെന്ന വാര്‍ത്ത വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, നമുക്ക് ചരിത്രത്തിന്റെ മൂല്യമോ ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യമോ അറിയില്ല എന്നത് തന്നെ! ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്‍ഷംമുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിയുടെ നഗ്നമായ ലംഘനവും കൂടിയാണ്. മറയൂരില്‍ മുരുകന്‍മലയിലെ അവശേഷിക്കുന്ന മുനിയറകളാണ് സമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ഈ സ്മാരകങ്ങള്‍ കേരളത്തിന്റെ പ്രാചീനചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് മനസിലാക്കുമ്പോഴേ, മുനിയറകള്‍ നശിപ്പിക്കുന്നവരുടെ ചെയ്തി എത്ര ഹീനമാണെന്ന് മനസിലാകൂ. ഇവിടെ നിലനിന്ന ശിലായുഗസംസ്ക്കാരത്തിന്റെ ശേഷിപ്പുകളാണ് മറയൂര്‍ മുനിയറകള്‍. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ 'മഹാശിലായുഗ'ത്തിലെ ( Megalithic Age ) ആളുകളെ മറവുചെയ്ത കല്ലറകളാണ് ഇവയെന്ന് പുരാവസ്തുശാസ്ത്രജ്ഞര് പറയുന്നു. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം.
കേരളത്തിന് ഒരു ശിലായുഗചരിത്രം അവകാശപ്പെടാനില്ലെന്ന് ഒരു നൂറ്റാണ്ട് മുമ്പ് വാദിച്ച പണ്ഡിതാണ് റോബര്‍ട്ട് ബ്രൂസ്ഫുട്. അത്തരം നിഗമനങ്ങള്‍ തിരുത്തിയെഴുതിയതില്‍ മറയൂരിലെ ശിലായുഗ സ്മാരകങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. 1974 ലാണ് മറയൂര്‍ മുനിയറകളെക്കുറിച്ചും അവിടുത്തെ പ്രാചീന ഗുഹാചിത്രങ്ങളെക്കുറിച്ചും ശാസ്ത്രീയപഠനം നടക്കുന്നത്. പില്ക്കാലത്ത് സംസ്ഥാന സൂപ്രണ്ടിങ് ആര്ക്കയോളിസ്റ്റായി വിരമിച്ച ഡോ.എസ്.പത്മനാഭന് തമ്പിയായിരുന്നു അതിന് പിന്നില്‍. ആ പഠനം കേരളചരിത്രത്തെ 1500 വര്‍ഷം പിന്നോട്ട് കൊണ്ടുപയോതായി, ഒരിക്കല്‍ അഭിമുഖത്തില്‍ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു. മറയൂരിലെ മുനിയറകള്‍ എ.ഡി.200 നും ബി.സി.1000 നും ഇടയില്‍ ആ താഴ്വരയില് നിലനിന്ന മനുഷ്യസംസ്ക്കാരത്തിന്റെ തെളിവുകളാണെന്നാണ് ഡോ.പത്മനാഭന് തമ്പി എത്തിയ നിഗമനം. ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1976 ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു. സംരക്ഷിത സ്മാരകങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ യഥാര്‍ഥ സ്വഭാവം മുരുകന്മയലില് നശിപ്പിച്ച മുനിയറകളുടെ ദൃശ്യം വ്യക്തമാക്കി തരുന്നു. ഒരര്‍ഥത്തില്‍ ഈ അമൂല്യസ്മാരകങ്ങള്‍ പല വിധത്തില്‍ ഇത്രകാലവും നശിപ്പിക്കുക തന്നെയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നൂറുകണക്കിന് മുനിയറകള്‍ മറയൂരിലുണ്ടായിരുന്നത്, വിരലിലെണ്ണാവുന്ന അത്രയുമായി ചുരുങ്ങിയത് അതിന് തെളിവാണ്. വീടുവെയ്ക്കാനും മതിലുകെട്ടാനുമൊക്കെ മുനിയറകള്‍ വ്യാപകമായി പൊളിച്ചുകൊണ്ടുപോയിട്ടുണ്ട്.
ഇതൊന്നും കൂടാതെ, പാമ്പാറിന് തീരത്ത് മുറിയറകള് സ്ഥിതിചെയ്യുന്ന ആനപ്പാറ ഖനനം ചെയ്യാനും നീക്കംനടന്നു. 1990 കളുടെ ആദ്യപകുതിയിലായിരുന്നു അത്. അന്നത്തെ പ്രബലനായ ഒരു സംസ്ഥാനമന്ത്രിയുടെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ് പാറപൊട്ടിക്കാന്‍ തുടങ്ങിയത്. അത് വാര്‍ത്തയായപ്പോള്‍ കൊച്ചിയിലെ നിയമവേദി മുനിയറകള്‍ സംരക്ഷിക്കാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് പത്തുവര്‍ഷത്തേക്ക് ഖനനത്തിന് അനുമതി നല്‍കിയെങ്കിലും, അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് പി.ഷണ്മുഖവുമടങ്ങിയ ഡിവിഷന് ബഞ്ച്, 1995 നവംബര്‍ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രഖ്യാപനമുണ്ടായിട്ടും, ഹൈക്കോടതിയുടെ വിധി വന്നിട്ടും മറയൂരിലെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്ന ഖേദകരമായ വസ്തുതയ്ക്ക് തെളിവാണ് മുനിയറകള്‍ നേരിട്ട ദുര്‍വിധി. ആരും നോക്കാനോ സംരക്ഷിക്കാനോ ഇല്ലാതെ വിട്ടാല്‍ ഏത് സ്മാരകത്തിനും ഇതൊക്കെ തന്നെ സംഭവിക്കും എന്നതാണ് വാസ്തവം. (മറയൂര്‍ മുനിയറകളുടെ 2006 ലെടുത്ത ചിത്രങ്ങളാണ് ആദ്യത്തെ രണ്ട് ചിത്രങ്ങള്‍. സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച മുറിയറ മൂന്നാമത്തെ ചിത്രത്തില്‍). by ജോസഫ് ആന്റണി * 2017 ജനുവരി 24 ന് 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ പ്രസിദ്ധീകരിച്ചത്
ആധുനിക നാഗരികതയുടെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്നോളജി വിപ്ലവത്തിന് തിരികൊളുത്തുകയാണ് ഐഫോണ്‍ ചെയ്തത്. യന്ത്രങ്ങളും മനുഷ്യനും തമ്മിലുള്ള ഇടപഴകലിന്റെ ചരിത്രവഴികളെ അത് മാറ്റിയെഴുതി. ബട്ടണുകളും ലിവറുകളും അപ്രസക്തമായി, പകരമവിടെ വിരല്‍സ്പര്‍ശം ഇടംപിടിച്ചു.
pic1 - സ്റ്റീവ് ജോബ്സ് 2007 ജനുവരി 9 ന് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍. ചിത്രം കടപ്പാട്: Getty Images
സാന്‍ ഫ്രാന്‍സിസ്കോയിലെ മോസ്കോന്‍ സെന്ററില്‍ നടന്ന ഐഫോണ്‍ അവതരണത്തിനിടെ മൊബൈല്‍ഫോണിന് തങ്ങള്‍ 'പുനര്ജന്മം നല്കാന് പോകുന്നു'വെന്ന് സ്റ്റീവ് ജോബ്സ് തന്റെ സ്വസിഗ്ധമായ ശൈലിയില്‍ ചടുലതയോടെ പ്രസ്താവിക്കുമ്പോള്‍, ആ സദസ്സിലുണ്ടായിരുന്ന അധികമാര്‍ക്കും എന്താണ് യഥാര്‍ഥത്തില്‍ അദ്ദേഹം അര്‍ഥമാക്കിയതെന്ന് മനസിലായിക്കാണില്ല. മക്വേള്‍ഡ് സമ്മേളനത്തിനിടെ 2007 ജനുവരി 9 നായിരുന്നു ഐഫോണ്‍ അവതരണം. പത്തുവര്‍ഷം തികയുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകും, സ്റ്റീവ് അന്ന് നടത്തിയ പ്രഖ്യാപനത്തിന്റെ ശരിയായ അര്‍ഥം ഇതായിരുന്നു: 'ഞങ്ങള്‍ ലോകത്തെ സ്മാര്‍ട്ടാക്കാന്‍ പോകുന്നു!' ഐഫോണ്‍ ആരംഭിച്ച വിപ്ലവം വഴി സംഭവിച്ചത് മറ്റൊന്നായിരുന്നില്ല, അക്ഷരാര്‍ഥത്തില്‍ ലോകം സ്മാര്‍ട്ടായി! അത് വെറുതെ സംഭവിച്ചതല്ല. ആധുനിക നാഗരികതയുടെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്നോളജി വിപ്ലവത്തിന് തിരികൊളുത്തുക വഴിയാണ് ഐഫോണ്‍ അത് സാധിച്ചത്. യന്ത്രങ്ങളും മനുഷ്യനുമായുള്ള ഇടപഴകലിന്റെ ചരിത്രവഴികളെ ഐഫോണ്‍ മാറ്റിയെഴുതി. ബട്ടണുകളും ലിവറുകളും അപ്രസക്തമായി. പകരം, വിരല്‍സ്പര്‍ശം ഇടംപിടിച്ചു. ടെക്നോളജി എഴുത്തുകാരനായ ഫ്രെഡ് വോഗല്‍സ്റ്റീനിന്റെ അഭിപ്രായമനുസരിച്ച്, 'ഐഫോണ്‍ ശരിക്കുമൊരു ഫോണായിരുന്നില്ല. ഫോണ്‍ വിളിക്കാന്‍ കഴിയുന്ന ആദ്യത്തെ മുഖ്യധാരാ പോക്കറ്റ് കമ്പ്യൂട്ടറായിരുന്നു'. പേഴ്സണല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍യുഗം ഉദ്ഘാടനം ചെയ്ത മാന്ത്രിക ഉപകരണം. 2007 ജനുവരിയില്‍ അവതരിപ്പിച്ചെങ്കിലും ആ വര്‍ഷം ജൂണ്‍ 29 നാണ് ഉപയോക്താക്കളുടെ കൈകളില്‍ ആദ്യ ഐഫോണ്‍ എത്തിയത്. അന്ന് തുടങ്ങിയ യാത്ര ഇപ്പോള്‍ ഐഫോണ്‍ 7 ലെത്തി നില്ക്കുന്നു. ശരിക്കുള്ള കീബോര്‍ഡില്ലാതെ ടച്ച്സ്ക്രീന്‍ മാത്രമുള്ള ഐഫോണ്‍, വില്‍പ്പനയ്ക്കെത്തുംമുമ്പ് തന്നെ ചത്തുകഴിഞ്ഞുവെന്ന് പ്രവചിച്ച ടെക് വിദഗ്ധരുണ്ടായിരുന്നു. അത്തരം എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഐഫോണിന്റെ വിജയഗാഥയ്ക്കാണ് കഴിഞ്ഞ പത്തുവര്‍ഷം ലോകം സാക്ഷ്യംവഹിച്ചത്. വിപണിയിലെത്തി ആദ്യ ആറുമാസംകൊണ്ട് 37 ലക്ഷം ഐഫോണുകള്‍ വിറ്റു. 2016 ജൂലായില്‍ വില്‍പ്പന ഒരു ബില്യണ്‍ (100 കോടി) മറികടന്നു. ചരിത്രത്തിലെ ഏറ്റവും വിജയകരവും ലാഭകരവുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉത്പന്നമായി ഇന്ന് ഐഫോണ്‍ വിലയിരുത്തപ്പെടുന്നു. ഇതൊരു വെറുംവാക്കല്ല. വില്ക്കപ്പെട്ട എണ്ണം, നേടിക്കൊടുത്ത ലാഭം, ആഗോളതലത്തില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം, തയ്യാറാക്കപ്പെട്ട ആപ്പുകളുടെ എണ്ണം-ഇതെല്ലാം പരിഗണിക്കുമ്പോള്‍, ഐഫോണിന് അധികം സമാന്തരങ്ങള്‍ കണ്‍സ്യൂമര്‍ ചരിത്രത്തില്‍ കണ്ടെന്ന് വരില്ല. ഐഫോണ്‍ വഴി ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട് വിപ്ലവം, ആപ്പിള്‍ അധികൃതരുടെ ഇഷ്ടത്തോടെയല്ലെങ്കിലും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് കൂടി പിന്തുടര്‍ന്നതോടെ, ഇതുവരെ ദര്‍ശിക്കാത്ത സാധ്യതകളിലേക്ക് ചുവടുവെയ്ക്കാന്‍ മനുഷ്യവര്‍ഗത്തിന് അവസരമൊരുങ്ങി. മാധ്യമങ്ങളെയും സാമ്പത്തികക്രയവിക്രയങ്ങളെയും മുതല്‍ മനുഷ്യബന്ധങ്ങളെ വരെ സ്മാര്‍ട്ട്ഫോണുകള്‍ പുനര്‍നിര്‍ണയിക്കുന്ന ഒരു ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന നിര്‍ണായക ഘടകങ്ങളിലൊന്നായി സ്മാര്‍ട്ട്ഫോണും മൊബൈല്‍ കമ്പ്യൂട്ടിങും മാറിക്കഴിഞ്ഞു. ഇതിനൊക്കെ ഏറ്റവുമധികം നമ്മള് കടപ്പെട്ടിരിക്കുന്നത് സ്റ്റീവ് ജോബ്സ് എന്ന ക്രാന്തദര്‍ശിയോടാണ്. ഇക്കാര്യത്തില്‍ അത്ഭുതകരമായ സംഗതി എന്താണെന്ന് ചോദിച്ചാല്‍, ഐഫോണ്‍ സൃഷ്ടിക്കാനായി സ്റ്റീവും ആപ്പിളും പുതിയതായി ഒന്നും കണ്ടുപിടിച്ചില്ല എന്നതാണ്. നിലവിലുണ്ടായിരുന്ന ടെക്നോളജികളെ, ഐഫോണിന് പാകത്തില്‍ പരുവപ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'സിരി' ( Siri ) എന്ന വെര്‍ച്വല്‍ സഹായിയെക്കൂടി ഐഫോണില്‍ കുടിയിരുത്താന്‍ വഴിയൊരുക്കിയിട്ടായിരുന്നു സ്റ്റീവിന്റെ അന്ത്യം. 'ഭാവി കണ്ടുപിടിച്ച മനുഷ്യന്' എന്ന് സ്റ്റീവിനെ വിശേഷിപ്പിക്കാറുണ്ട്. വീടുകളിലേക്ക് പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ പ്രവേശനത്തിന് വഴിയൊരുക്കിക്കൊണ്ട് 1984 ല്‍ മകിന്റോഷ് കമ്പ്യൂട്ടര്‍ വികസിപ്പിച്ചപ്പോഴും, വ്യക്തിഗത വിനോദത്തിന്റെ പതിവ് വഴികളെ ഐപോഡ് ( iPod ) എന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ വഴി 2001 ല്‍ പുനര്‍നിര്‍വചിക്കുമ്പോഴും സ്റ്റീവ് ചെയ്തത് ഭാവിയെ നിര്‍ണയിക്കുക തന്നെയായിരുന്നു. ഐഫോണിന്റെ കാര്യത്തില്‍ ഭാവിയെ കണ്ടെത്തുകയല്ല, വിപ്ലവകരമായി മാറ്റിമറിക്കുകയാണ് സ്റ്റീവ് ചെയ്തത്. ഐപാഡില്‍നിന്നുണ്ടായ ഐഫോണ്‍ 2007 ലാണ് ഐഫോണ്‍ അവതരിപ്പിച്ചത്, 2010 ല്‍ ടാബ്ലറ്റ് കമ്പ്യൂട്ടറായ ഐപാഡും എത്തി. ടാബ്ലറ്റ് യുഗത്തിന് നാന്ദികുറിക്കുകയായിരുന്നു സ്റ്റീവും ആപ്പിളും ഐപാഡ് വഴി.
Pic2. ആദ്യ ഐഫോണ്‍
ഏവരും കരുതിയത് ഐഫോണിന്റെ പിന്‍ഗാമിയാണ് ഐപാഡ് എന്നാണ്. എന്നാല്‍ അത് ശരിയല്ലെന്നും, ഐപാഡില്‍ നിന്നാണ് ഐഫോണ്‍ പിറവിയെടുത്തതെന്നും 2011 ല്‍ സ്റ്റീവിന്റെ ഔദ്യോഗിക ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഐസാക്സണ് വിവരിച്ചത് തെല്ലൊരു അമ്പരപ്പോടെയാണ് ലോകം വായിച്ചത്. 2010 ല്‍ പുറത്തിറങ്ങിയ ഐപാഡ് എന്ന ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെ ബീജാവാപം നടന്നത് 2002ല്‍ എന്നാണ് ഐസാക്സണ് വെളിപ്പെടുത്തിയത്. അന്ന് മൈക്രോസോഫ്റ്റില്‍ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എഞ്ചിനിയറുടെ അമ്പതാംപിറന്നാള്‍ ആഘോഷത്തിന് പത്നി ലൊറീനൊപ്പം സ്റ്റീവ് പങ്കെടുക്കുകയുണ്ടായി. അതില്‍ നിന്നാണ് തുടക്കം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും ആ ചടങ്ങിനെത്തിയിരുന്നു. പിറന്നാള്‍ ചടങ്ങ് പുരോഗമിച്ചു. മദ്യലഹരിയില്‍ ആ എഞ്ചിനിയര്‍ മൈക്രോസോഫ്റ്റില്‍ തന്റെ കാര്‍മികത്വത്തില്‍ നിര്‍മിക്കുന്ന ടാബ്ലറ്റിനെപ്പറ്റി ആവര്‍ത്തിച്ച് ബഠായി പറയാന്‍ തുടങ്ങിയത് സ്റ്റീവിനെ വല്ലാതെ അലോസരപ്പെടുത്തി. സ്റ്റൈലസോടുകൂടി എത്താന്‍ പോകുന്ന ആ ടാബ്ലറ്റ് വലിയ സംഭവമായിരിക്കുമെന്നും ആപ്പിളിന്റെ കമ്പ്യൂട്ടര്‍ ബിസിനസ് അത് പൂട്ടിക്കുമെന്നൊക്കെ അയാള്‍ തട്ടിമൂളിച്ചു. സ്വാഭാവികമായും ബില്‍ ഗേറ്റ്സും അസ്വസ്ഥനായി. പിറ്റേ ദിവസം ഓഫീസിലെത്തിയ സ്റ്റീവ് ആപ്പിളിലെ തന്റെ വിശ്വസ്തരെ വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു: 'എനിക്കൊരു ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വേണം. പക്ഷേ, അതിന് കീബോര്‍ഡും പാടില്ല, സ്റ്റൈലസും പാടില്ല'. ആറുമാസമെടുത്തു ശരിക്കുമൊരു പ്രോട്ടോടൈപ്പ് രൂപപ്പെടുത്താന്‍. കീബോര്‍ഡും സ്റ്റൈലസുമില്ലാത്ത ടാബിനായുള്ള ആപ്പിള്‍ എഞ്ചിനിയര്‍മാരുടെയും, ആപ്പിളിന്റെ സ്റ്റാര്‍ ഡിസൈനര്‍ ജോണി ഐവിന്റെയും ശ്രമമാണ് പിന്നീട് ഐഫോണില്‍ ഇടംപിടിച്ച മള്‍ട്ടിടച്ച് അടക്കമുള്ള നൂതനസങ്കേതങ്ങളിലേക്ക് നയിച്ചത്. ഡിജിറ്റല്‍ മ്യൂസിക് പ്ലെയറായ ഐപോഡ് ( iPod ) ആപ്പിള്‍ പുറത്തിറക്കിയത് 2001 ലാണെന്ന് സൂചിപ്പിച്ചല്ലോ. 2005 ആയപ്പോഴേക്കും പാശ്ചാത്യരാജ്യങ്ങളില്‍ ഐപാഡ് ശരിക്കും സര്‍വ്വവ്യാപിയായി മാറി. 2005 ല്‍ മാത്രം 200 ലക്ഷം ഐപാഡുകളാണ് ലോകമെങ്ങും വിറ്റത്. കമ്പനിയുടെ ആ വര്‍ഷത്തെ ലാഭത്തില്‍ 45 ശതമാനം എത്തിയത് ആളുകള്‍ പോക്കറ്റിലിട്ടു നടക്കുന്ന ആ കുഞ്ഞന്‍ ഗാഡ്ജറ്റില്‍ നിന്നായിരുന്നു. സ്റ്റീവല്ലാതെ മാറ്റേത് കമ്പനി മേധാവിയായാലും ലാഭത്തിന്റെ ആ സുഖലോലുപതയില്‍ അലസനായി പോകുമായിരുന്നു. ഐപോഡിന്റെ അത്ഭുതകരമായ ആ വില്‍പ്പന സ്റ്റീവിന് പക്ഷേ, ആശങ്കയാണ് സമ്മാനിച്ചതെന്ന് ഐസാക്സണ് പറയുന്നു. ആ സമയമായപ്പോഴേക്കും മൊബൈല്‍ ഫോണ്‍ വ്യാപകമായി തുടങ്ങിയിരുന്നു. മൊബൈല്‍ ഫോണുകളില്‍ ക്യാമറ ഇടംപിടിച്ചപ്പോള്‍, ഡിജിറ്റല്‍ ക്യാമറ വിപണി നേരിട്ട തിരിച്ചടി സ്റ്റീവ് ശ്രദ്ധിച്ചു. മൊബൈല്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഹാന്‍ഡ്സെറ്റുകളില്‍ മ്യൂസിക് പ്ലെയറുകളും ഉള്‍പ്പെടുത്താന്‍ ആരംഭിച്ചിരുന്നു. എല്ലാവരുടെയും കൈയില്‍ മൊബൈലെത്തിയാല്‍ ഐപോഡിന് പിന്നെന്ത് പ്രസക്തി-ഇതായിരുന്നു സ്റ്റീവിന്റെ ചിന്ത. അങ്ങനെയാണ് മൊബൈല്‍ ഫോണ്‍ രംഗത്ത് കൈവെയ്ക്കാന്‍ ആപ്പിള്‍ ഒരുങ്ങിയത്. മോട്ടറോളയുമായി കൈകോര്‍ക്കാന്‍ നടന്ന ശ്രമം തുടക്കത്തില്‍ തന്നെ പരാജയമായി. അതിന് ശേഷമാണ് സ്വന്തമായി മൊബൈല്‍ഫോണ്‍ നിര്‍മിക്കാന്‍ നീക്കമാരംഭിക്കുന്നത്. തുടക്കത്തില്‍ ഐപോഡിലേതു മാതിരി സ്ക്രോള്‍വീലിനായിരുന്നു പരിഗണന. ക്രമേണ അത് മള്ച്ച്ടച്ച് സങ്കേതത്തിലേക്കെത്തി. മള്‍ട്ടിടച്ച് സങ്കേതങ്ങള്‍ വികസിപ്പിക്കുന്ന 'ഫിംഗര്‍വര്‍ക്ക്സ്' എന്ന കമ്പനിയെ ആപ്പിള്‍ ഇരുചെവിയറിയാതെ സ്വന്തമാക്കി. ഐപാഡ് വികസനം നിര്‍ത്തിവെച്ചു, പകരം ഐഫോണിനായി മുന്‍ഗണന. ഐഫോണിലെ ഓരോ ഘടകത്തിലും സ്റ്റീവിന്റെ ശ്രദ്ധയെത്തി. സ്റ്റീവിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് എഞ്ചിനിയര്‍മാരുടെ വര്‍ഷങ്ങളുടെ ശ്രമം വേണ്ടിവന്നു ഐഫോണ്‍ യാഥാര്‍ഥ്യമാകാന്‍. ഏറ്റവുമൊടുവിലത്തെ വെല്ലുവിളി സ്ക്രീന്‍ നിര്‍മിക്കലായിരുന്നു. സ്ക്രീനും ഒറ്റ ബട്ടനും മാത്രമുള്ള ഉപകരണമാണ് ഐഫോണ്‍. സ്ക്രീനില്‍ വിരലുരയ്ക്കുമ്പോള്‍ പോറലേല്‍ക്കരുത്. അതെങ്ങനെ സാധിക്കും, അതിന് എന്തുതരം ഗ്ലാസ് ഉപയോഗിക്കും. ലോകമെങ്ങും അന്വേഷണം നടന്നു. ഒടുവില്‍ അമേരിക്കയില്‍ തന്നെയുള്ള 'കോര്‍ണിങ് ഗ്ലാസ്' എന്ന കമ്പനയിലും, അവര്‍ 1960 കളില്‍ വികസിപ്പിച്ച് ആവശ്യക്കാരില്ലാതെ ഉപേക്ഷിച്ച 'ഗൊറില്ല ഗ്ലാസി'ലും സ്റ്റീവ് എത്തി. 'ഗൊറില്ല ഗ്ലാസ്' വീണ്ടും നിര്‍മിക്കുക എന്നത് അസാധ്യമെന്നാണ് ഏവരും കരുതിയത്. സ്റ്റീവ് മുന്‍കൈ എടുത്തപ്പോള്‍ അസാധ്യമായത് സംഭവിച്ചു. കെന്റക്കിയിലെ ഹാരിസ്ബര്‍ഗില്‍ കോര്‍ണിങ് കമ്പനി പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു, ഐഫോണിനുള്ള ഗൊറില്ല ഗ്ലാസ് വന്‍തോതില്‍ നിര്‍മിക്കാനാരംഭിച്ചു. കോര്‍ണിങ് കമ്പനി മേധാവി വെന്‍ഡല്‍ വീക്ക്സിനെ കാണാന്‍ ഐസാക്സണ് അദ്ദേഹത്തിന്റെ ഓഫീസിലെത്തുമ്പോള്‍, വീക്ക്സ് തന്റെ മേശപ്പുറത്ത് ഒറ്റ മൊമെന്റോ മാത്രമാണ് വെച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധിച്ചു. ഐഫോണ്‍ അവതരിപ്പിച്ച 2007 ജനുവരി 9 ന് രാവിലെ സ്റ്റീവ് അയച്ച ഒരു ഫാക്സ് സന്ദേശം ഫ്രെയിംചെയ്തതായിരുന്നു അത്. സന്ദേശം ഇതായിരുന്നു: 'We couldn't have done it without you'. 2007 ജനുവരി 9 ന് സ്റ്റീവ് ജോബ്സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചതിന്റെ വീഡിയോ ആണ് ചുവടെ-
ഐഫോണിനെ ഐഫോണാക്കിയത് എന്താണ് ഐഫോണിനെ യഥാര്‍ഥത്തില്‍ ഐഫോണാക്കുന്നത്. തീര്‍ച്ചയായും ജോണി ഐവ് സമ്മാനിച്ച അത്യാകര്‍ഷകമായ രൂപകല്‍പ്പന തന്നെ. മനംമയക്കുന്ന ഡിസൈന്‍ കൂടാതെ, മാന്ത്രികമായ യൂസര്‍ ഇന്റര്‍ഫേസ്, സോഫ്റ്റ്വേറും ഹാര്‍ഡുവേറുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ മികവ്. ഇതൊക്കെ ഒരു യൂസര്‍ പറയും. ഇതിന്റെയൊക്കെ ക്രെഡിറ്റ് സ്റ്റീവിനും അദ്ദേഹത്തിന്റെ ടീമിനും തന്നെ. എന്നാല്‍, ഈ ആകര്‍ഷണീയതയ്ക്ക് കീഴെ മറ്റ് ചില നിര്‍ണായക ഘടകങ്ങളാണ് ഐഫോണ്‍ ഉള്‍പ്പടെ ഏത് സ്മാര്‍ട്ട്ഫോണിനെയും സ്മാര്‍ട്ടാക്കുന്നത്. സ്മാര്‍ട്ട്ഫോണുകളിലുള്ളത് 12 നിര്‍ണായക ടെക്നോളജികളാണെന്ന് എക്കണോമിസ്റ്റായ മരിയാന മസുകാറ്റോ പറയുന്നു. അവ ഇതാണ്: 1. തീരെ ചെറിയ മൈക്രോപ്രോസസര്‍, 2. മെമ്മറി ചിപ്പുകള്‍, 3. ഖരാവസ്ഥയിലുള്ള ഹാര്‍ഡ് ഡ്രൈവുകള്‍, 4. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ, 5. ലിഥിയം-അധിഷ്ഠിതമായ ബാറ്ററികള്‍. ഇവയൊക്കെ സ്മാര്‍ട്ട്ഫോണില്‍ ഹാര്‍ഡ്വേറിന്റെ ഭാഗമാണ്. നെറ്റ്വര്‍ക്കുകളും സോഫ്റ്റ്വേറുകളുമായി ബന്ധപ്പെട്ടതാണ് ഇനി ചിലത്. അവയില്‍ 6. ഫാസ്റ്റ്-ഫൂരിയേ ട്രാന്‍സ്ഫോം ആല്‍ഗരിതങ്ങള്‍ (ശബ്ദം, ദൃശ്യപ്രകാശം, റേഡിയോ തരംഗങ്ങള്‍ തുടങ്ങിയവയുടെ അനലോഗ് സിഗ്നലുകളെ ഡിജിറ്റല്‍ സിഗ്നലുകളാക്കി പരിവര്‍ത്തനം ചെയ്യുന്ന ഗണിതസമീകരണങ്ങള്‍). 7. ഇന്റര്‍നെറ്റ് (ഇന്റര്‍നെറ്റില്ലെങ്കില്‍ ഒരു ഫോണും സ്മാര്‍ട്ട്ഫോണ്‍ ആകില്ല), 8. HTTP and HTML (ഇന്റര്‍നെറ്റിന്റെ ഉപയോഗം അനായാസമാക്കുന്ന വേള്‍ഡ് വൈഡ് വെബ്ബിനായുള്ള പ്രോട്ടോക്കോളും ലാംഗ്വേജും), 9. സെല്ലുലാര്‍ നെറ്റ്വര്ക്കുകള് (ഇതില്ലെങ്കില്‍ നിങ്ങളുടെ ഹാന്‍ഡ്സെറ്റ് സ്മാര്ട്ടായിരിക്കും, പക്ഷേ ഫോണാകില്ല), 10. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്). 11. ടച്ച്സ്ക്രീന്‍, 12. സിരി (ശബ്ദസഹായത്തോടെ സഹായിക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റ്. ഐഫോണില്‍ സിരിയാണുള്ളതെങ്കില്‍, ആന്‍ഡ്രോയ്ഡില്‍ 'ഗൂഗിള്‍ നൗവും', വിന്‍ഡോസ് ഫോണില്‍ 'കോര്‍ട്ടാന'യുമാണുള്ളത്). ഐഫോണ്‍ ഉള്‍പ്പടെ ഏത് സ്മാര്‍ട്ട്ഫോണിലും മേല്‍സൂചിപ്പിച്ച 12 ടെക്നോളജികള്‍ നിര്‍ണായകമാണ്. ഇനി ആലോചിക്കുക, ഇതില്‍ എത്രയെണ്ണം ഐഫോണിന്റെ സൃഷ്ടാവായ സ്റ്റീവ് ജോബ്സ് വികസിപ്പിച്ചിട്ടുണ്ട്. ഒന്നും ഇല്ല. ടിം ഹാഫോര്‍ഡ് ബിബിസിയിലെഴുതിയത് പ്രകാരമാണെങ്കില്‍, ഐഫോണിനെ സ്മാര്‍ട്ടാക്കിയ സുപ്രധാനമായ 12 ടെക്നോളജികളില്‍ മിക്കതും യു.എസ്.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വികസിപ്പിച്ചവയാണ്. ഇതില്‍ ചില ടെക്നോളജികള്‍ വികസിപ്പിച്ചവരെ മാത്രമേ ലോകത്തിന് അറിയൂ. ഉദാഹരണം ടിം ബേണേഴ്സ്-ലീ എന്ന ബ്രീട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍. യൂറോപ്യന്‍ കണികാശാലയായ സേണില്‍ (CERN) പ്രവര്‍ത്തിക്കുമ്പോഴാണ് ബേണേഴ്സ്-ലീ 1980 കളുടെ അവസാനം വേല്‍ഡ് വൈഡ് വെബ്ബ് തയ്യാറാക്കുന്നത്. ഇന്റര്‍നെറ്റിനെ സാധാരണക്കാരിലേക്കെത്തിച്ചത് വെബ്ബാണ്. ഇനി ഇന്റര്‍നെറ്റിന്റെ കാര്യമെടുത്താലോ, അത് 1960 കളില്‍ യു.എസ്.പ്രതിരോധ വകുപ്പിന് കീഴില്‍ നിലവില്‍ വന്ന 'അഡ്വാന്‍ഡ് റിസര്‍ച്ച് പ്രോജക്ട്സ് ഏജന്‍സി' ( ARPA ) ആണ് വികസിപ്പിച്ചത്. 'അര്‍പാനെറ്റ്' ( ARPANet ) എന്നായിരുന്നു ആദ്യത്തെ പേര്. അര്‍പാനെറ്റ് 1980 കളുടെ ആദ്യപകുതിയില്‍ ഇന്റര്‍നെറ്റായി മാറി.
Pic3 - ഐഫോണിന് മുമ്പുണ്ടായിരുന്ന മൊബൈലുകള്‍
പുതുതലമുറ ഐഫോണുകളിലെ ഗ്ലാമര്‍ ആപ്പായ 'സിരി' വരുന്നതും യു.എസ്.പ്രതിരോധ വകുപ്പില്‍ നിന്നുതന്നെ. ആദ്യ ഐഫോണ്‍ ഇറങ്ങുന്നതിന് ഏഴ് വര്‍ഷം മുമ്പ് 2000 ല്‍ ആരംഭിച്ച യു.എസ്.ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്സ് ഏജന്‍സി ( Darpa ) കമ്മീഷന് ചെയ്തതു പ്രകാരം സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ആണ് 'സിരി'യുടെ ടെക്നോളജി വികസിപ്പിച്ചത്. യുദ്ധമേഖലയില്‍ സൈനികരെ സഹായിക്കാനുള്ള വെര്‍ച്വല്‍ സഹായി എന്ന മട്ടിലാണ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആ ടെക്നോളജി രൂപപ്പെടുത്തിയത്. 20 സര്‍വ്വകലാശാലകള്‍ അതില്‍ സഹകരിച്ചു, നൂറുകണക്കിന് ഗവേഷകരും. ഏഴ് വര്‍ഷം കഴിഞ്ഞ് ആ ടെക്നോളജിക്ക് കൊമേഴ്സിയല്‍ ഉപയോഗം കണ്ടെത്താനായി 'സിരി ഇന്‍കോര്‍പ്പറേറ്റഡ്' എന്ന സ്ഥാപനം നിലവില്‍ വന്നു. അതിനെ 2010 ല്‍ സ്റ്റീവ് ജോബ്സ് ഇരുചെവിയറിയാതെ, ഇതുവരെ വെളിപ്പെടുത്തിയില്ലാത്ത തുക നല്കി ആപ്പിളിന്റെ ഭാഗമാക്കി. അങ്ങനെ സിരി ഐഫോണിലെത്തി. ഐഫോണിനെ സ്മാര്‍ട്ടാക്കുന്ന മറ്റ് ടെക്നോളജികളൊന്നും രൂപപ്പെടുത്തിയത് ഇത്രയും പ്രശസ്തരല്ല. ഉദാഹരണത്തിന് 'ഫാസ്റ്റ്-ഫൂരിയേ ട്രാന്‍സ്ഫോം ആല്‍ഗരിതങ്ങള്‍'. അനലോഗ് സിഗ്നലുകളുടെ സഹായത്തോടെ പ്രവര്‍ത്തിച്ചുവന്ന ടെലിഫോണ്‍, ടെലിവിഷന്‍, ഗ്രാമഫോണ്‍ തുടങ്ങിയവയില്‍ നിന്ന് ഐഫോണ്‍ അടക്കമുള്ള കമ്പ്യൂട്ടറുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ ലോകത്തേക്ക് മാറാന്‍ സഹായിച്ച വലിയൊരു കൂട്ടം ആല്‍ഗരിതങ്ങളാണിവ. അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന് ജോണ്‍ തുക്കിക്ക് യു.എസ്.സൈനിക ആവശ്യത്തിനുള്ള ആലോചനയ്ക്കിടെയാണ്, ഇത്തരം ആല്‍ഗരിതങ്ങളില്‍ ഏറ്റവും പ്രചാരമേറിയ ഒന്ന് രൂപീകരിക്കാനുള്ള ഉള്‍ക്കാഴ്ച ലഭിച്ചത്. ഇനി ടച്ച്സ്ക്രീനിന്റെ കാര്യം. ടച്ച്സ്ക്രീനില്ലെങ്കില്‍ സ്മാര്‍ട്ട്ഫോണുകള്‍ സ്മാര്‍ട്ടാകില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. ഇ എ ജോണ്സണ് എന്ന എഞ്ചിനിയറാണ് ടച്ച്സ്ക്രീന്‍ കണ്ടുപിടിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ റോയല്‍ റഡാര്‍ എസ്റ്റാബ്ലിഷ്മെന്റില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇതിനുള്ള പ്രാഥമിക ഗവേഷണം അദ്ദേഹം നടത്തിയത്. അതാണ് പിന്നീട് കൂടുതല്‍ വികസിപ്പിച്ച് 'ഫിംഗര്‍വര്‍ക്ക്സ്' എന്ന കമ്പനിയാകുന്നതും, ആപ്പിള്‍ അതിനെ വാങ്ങുന്നതും. ലിഥിയം-അധിഷ്ഠിത ബാറ്ററികള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ലിക്വിഡ് ക്രിസ്റ്റല്‍ ഡിപ്ലേസ്, അര്‍ധചാലകങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തിലൊക്കെ ഇതുപോലുള്ള കഥകള്‍ ഏറെയുണ്ട് പറയാന്‍. ഏതായാലും അമേരിക്കന്‍ പ്രതിരോധ വകുപ്പോ, യൂറോപ്യന്‍ കണികപരീക്ഷണശാലയോ ഐഫോണ്‍ നിര്‍മിച്ചില്ല. അതിന് സ്റ്റീവ് ജോബ്സ് വേണ്ടിവന്നു. കമ്മ്യൂണിക്കേഷന്‍, വിനോദം, മാധ്യമരംഗം, ആരോഗ്യപരിപാലനം, സോഷ്യല്‍ നെറ്റ്വര്‍ക്കിങ്, സാമ്പത്തികം, വികസനം...ഇങ്ങനെ ഏത് മേഖലയെടുത്താലും സ്മാര്‍ട്ട്ഫോണുകള്‍ ഒഴിവാക്കാനാകാത്ത ഘടകമായി ഇന്ന് മാറിയിരിക്കുന്നു......ഇതെല്ലാം ആരംഭിച്ചത് പത്തുവര്‍ഷം മുമ്പാണ്. ഒരു പതിറ്റാണ്ടുകൊണ്ട് ലോകത്തെ സ്മാര്‍ട്ടാക്കുന്ന മാന്ത്രികവിദ്യയാണ് ഐഫോണ്‍ കാട്ടിത്തന്നത്!
(അവലംബം, കടപ്പാട്: 1. Steve Jobs (2011), by Walter Isaacson; 2. Dogfight - How Apple and Google went to war and started a Revolution (2013), by Fred Vogelstein; 3. Becoming Steve Jobs (2015), by Brent Schilender and Rick Tetzeli; 4. The iPhone at 10: How the smartphone became so smart, by Tim Harford, BBC News, Dec 26, 2016; 5. Wikipedia). by ജോസഫ് ആന്റണി
* 2017 ജനുവരി 6ന് 'മാതൃഭൂമി ഓണ്‍ലൈന്‍' ടെക്നോളജി സെഷനില്‍ പ്രസിദ്ധീകരിച്ച ലേഖനം
ഇടുക്കിയില്‍ മാങ്കുളത്തേക്കുള്ള യാത്രാമധ്യേ വൈകുന്നേരം നാലുമണിക്കടുത്ത സമയത്താണ് അടിമാലി ബസ്റ്റാന്ഡിലെത്തുന്നത്. കോഴിക്കോട്ട് നിന്ന് യാത്രതിരിച്ച ഞാനും, തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട അനുജന് ആന്റണിയും മൂവാറ്റുപുഴ വെച്ച് ഉച്ചകഴിഞ്ഞപ്പോള്‍ സന്ധിക്കുകയും, അവിടെ നിന്ന് ഒരുമിച്ച് അടിമാലിയിലെത്തുകയുമാണ് ചെയ്തത്. അടിമാലി എനിക്ക് പുതിയ സ്ഥലമല്ല. രണ്ട് പതിറ്റാണ്ട് മുമ്പ്, ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകളില്‍ പ്രധാന താവളം അടിമാലിയായിരുന്നു. നേര്യമംഗലത്തുനിന്ന് അടിമാലിയിലേക്കെത്തുമ്പോള് ഇടതുവശത്ത് വലിയൊരു പര്വ്വതക്കെട്ടാണ്. അടിമാലി ജംഗ്ഷനില്‍ നിന്നുള്ള ഒരു ചരല്‍പ്പാത വഴി ആ പര്‍വ്വതക്കെട്ട് താണ്ടി, കഠിനമായ കയറ്റവുമിറക്കവും രണ്ടര മണിക്കൂര്‍ പിന്നിട്ടാല്‍, 'നൂറാങ്കരക്കുടി' എന്ന മുതുവാക്കോളനിയിലെത്താമെന്നും, രണ്ടുപതിറ്റാണ്ടുമുമ്പ് അവിടെ നിന്ന് എന്റെ സുഹൃത്തായ അയ്യാവു സ്വാമിയുടെ മലയാളവും തമിഴും കലര്‍ന്ന കവിതകള്‍ നിറഞ്ഞ കത്തുകള്‍ ഇടയ്ക്കിടെ എനിക്ക് കിട്ടിയിരുന്നുവെന്നും അനുജന് ആന്റണിയോട് അടിമാലിയിലെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു. അടിമാലി ബസ്റ്റാന്‍ഡില്‍ നിന്ന് 4.45 ന് മാങ്കുളം ബസ്സുണ്ട്, നാലുമണിക്ക് അത് ബസ്റ്റാന്ഡിലെത്തുംകൃത്യമായ ഇന്‍ഫര്‍മേഷന്‍ മുന്‍കൂട്ടി കിട്ടിയിരുന്നതിനാല്‍, അവിടെ എത്തിയതും എന്‍ക്വയറിയിലെത്തി മാങ്കുളത്തേക്കുള്ള ബസ്സ് വന്നോ എന്ന് ഞങ്ങള്‍ തിരക്കി. ടിപ്പിക്കല്‍ ഇടുക്കി സ്ലാങില്‍ അവിടെയിരുന്ന ചേട്ടന് ഇങ്ങനെ പറഞ്ഞു: 'ലവ് ബേര്‍ഡ്സ് നാലുമണിക്കെത്തും. നാലേമുക്കാലിന് പോകും'. 'ആര്, ലവ് ബേര്‍ഡ്സോ' അനുജന് ആന്റണിക്ക് കൗതുകമടക്കാനായില്ല. 'അതെ, ലവ് ബേര്‍ഡ്സ്....മാങ്കുളത്തിനുള്ള ബസ്സ്', അടുത്തുനിന്ന കണ്ടക്ടര്‍ ഞങ്ങളോട് പറഞ്ഞു. ലവ് ബേര്‍ഡ്സ് എവിടെയാണ് പിടിച്ചിടുക എന്നന്വേഷിച്ചിട്ട് ആ ഭാഗത്ത് തന്ത്രപരമായി നിലയുറപ്പിക്കാനും, പ്രണയപക്ഷികള്‍ വന്നാലുടന്‍ അതിനുള്ളില്‍ കയറിപ്പറ്റാനും യുദ്ധകാലാടിസ്ഥാനത്തില്‍ ഞങ്ങള്‍ പദ്ധതി തയ്യാറാക്കി. കാട്ടാക്കട നിന്ന് പണ്ട് വൈകുന്നേരത്തെ മായം ബസ്സ് പിടിക്കുന്ന ഞങ്ങള്‍ക്ക് 'ഇതൊക്കെ പുല്ലാണ്' മനസിലോര്‍ത്തു. പദ്ധതിയുടെ ഭാഗമായി നാലുമണിക്കു മുമ്പ് ചായകുടിച്ച് തയ്യാറായി. കേരളത്തില്‍ മറ്റേത് ബസ് സ്റ്റാന്‍ഡിലും കിട്ടുന്നതിലും വലുപ്പമുള്ള വടയും പഴക്കേക്കും പഴമ്പൊരിയുമൊക്കെ നിരത്തിവെച്ചിരിക്കുന്ന കടകളാണ് അടിമാലി ബസ്റ്റാന്ഡിലേതെന്ന് ആദ്യ നിരീക്ഷണത്തില്‍ തന്നെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ചായ കുടിച്ചു, കടി തിന്നു. ലോട്ടറി വില്ക്കാന് വന്ന ചേട്ടനുമായി നോട്ട് റദ്ദാക്കലിനെപ്പറ്റി കുറച്ചു സമയം ബൗദ്ധികചര്‍ച്ചകള്‍ നടത്തി. അപ്പോഴേക്കും നാലുമണിയായി; ലവ് ബേര്‍ഡ്സ് വന്നു. ഇടിച്ചുകയറി സീറ്റ് പിടിച്ചു. 'നാലേ മുക്കാലിനേ ഇത് പുറപ്പെടൂ, ആറ് മണിയാകും മാങ്കുളത്തെത്തുമ്പോള്', അപ്പുറത്തെ സീറ്റില്‍ ഇടംപിടിച്ച പെണ്‍കുട്ടി അല്‍പ്പം നാണത്തോടെ അറിയിച്ചു. അപ്പോള്‍ രണ്ടുമണിക്കൂര്‍ ഇതിനകത്തിരിക്കണംഞാനോര്ത്തു. മുക്കാല്‍ മണിക്കൂര്‍ ലവ് ബേര്‍ഡ്സ് അവിടെ പിടിച്ചിട്ടതിനിടെ, നോട്ട് നിരോധനത്തെപ്പറ്റി ചര്‍ച്ചനടത്തിയ ലോട്ടറി ചേട്ടന് വീണ്ടും ബസ്സിനുള്ളിലെത്തി, എന്നെയും അനുജനെയും കണ്ടതോടെ തെല്ല് പരുങ്ങി. മൂപ്പരോട് ഞാന്‍ പറഞ്ഞു: 'നിങ്ങളെപ്പോലെ നോട്ട് നിരോധത്തെ എതിര്‍ക്കുന്നവരെ കണ്ടെത്താന്‍ നിയോഗിച്ച റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരാണ് ഞങ്ങളെന്ന് ഇനിയും മനസിലായില്ലേ'. അതുകേട്ടതും മൂപ്പര് സ്ഥലം വിട്ടു. അപ്പുറത്തെ സീറ്റിലെ പെണ്‍കുട്ടി ഇത് കേട്ട് നിര്‍ത്താതെ ചിരിച്ചു. ബസ്സ് അടിമാലിയില്‍ നിന്ന് പുറപ്പെടാന്‍ പിന്നെയും അരമണിക്കൂര്‍ ബാക്കി. പെട്ടന്ന് മൈക്കിലൂടെ അനൗണ്‍സ്മെന്റ് കേട്ടു: 'വനജ സ്റ്റാന്‍ഡ് വിട്ട് പോകണം'. സംഭവം സത്യമായിരുന്നു. നോക്കുമ്പോള്‍ ഒരു യുവതി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്കു നടക്കുന്നു. 'അതായിരിക്കും വനജ', അനുജന് പറഞ്ഞു! അങ്ങനെയിരിക്കുമ്പോഴാണ് തമിഴ്നാട്ടിലെ ബസ്സുകളെക്കുറിച്ച് ഞാനോര്‍ത്തത്. അവിടെ ഒരു ബസ്സില്‍ നിങ്ങള്‍ രണ്ടുമണിക്കൂര്‍ ഇരിക്കേണ്ടി വന്നാല്‍, 'വനജ സ്റ്റാന്‍ഡ് വിട്ട് പോകുന്നത്' ശ്രദ്ധിക്കാനൊന്നും സമയം കിട്ടില്ല. ബസ്സിന്റെ മുന്‍പിലായി രണ്ടുവശത്തും ഓരോ ടിവി കാണും. അതിലേതെങ്കിലും സൂപ്പര്‍ഹിറ്റ് മൂവി ഫുള്‍ വോള്യത്തില്‍ ഓടുന്നുണ്ടാകും. രണ്ടല്ല, നാല് മണിക്കൂറായാലും യാത്രക്കാര്‍ അറിയില്ല. പോണ്ടിച്ചേരിയില്‍ നിന്ന് തഞ്ചാവൂരിലേക്ക് ഒരിക്കല്‍ യാത്ര ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ വിജയിന്റെ ഒരു സിനിമയും, തിരികെ വരുമ്പോള്‍ ഇപ്പോഴും എനിക്ക് പേരറിയാത്ത ഒരു ആക്ഷന്‍ ഹീറോയുടെ സിനിമയും പൂര്‍ണമായും കണ്ടകാര്യം ഓര്‍ക്കുന്നു. കേരളത്തിലെ പ്രൈവറ്റ് ബസ്സുകാര് എന്നാണ് ഇതുപോലെ പുരോഗമിക്കുക!
കോഴിക്കോട്ടുനിന്ന് ഇന്റര്‍സിറ്റിയില്‍ ആലുവായ്ക്കുള്ള യാത്രയ്ക്കിടയിലാണ് ആലിക്കോയയെ പരിചയപ്പെട്ടത്. കോഴിക്കോട് നഗര പരിസരത്തെ അരീക്കാട് സ്വദേശി. 18 വര്‍ഷം മുമ്പ് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് വിരമിച്ചു. സ്വദേശത്തെ അനാഥാലയത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അതിന്റെ ആവശ്യത്തിന് സഹപ്രവര്‍ത്തകനൊപ്പം തൃശ്ശൂരിന് പോവുകയായിരുന്നു ഞാന്‍ കാണുമ്പോള്‍ അദ്ദേഹം. തീവണ്ടി ഫറൂഖ് വിടുമ്പോള്‍ അദ്ദേഹം അടുത്ത സീറ്റിലിരുന്ന എന്നോട് സംസാരം തുടങ്ങി. അവിടെ റെയില്‍വെ സ്റ്റേഷന് പരിസരത്ത് വളരുന്ന ഒരിനം മരത്തെക്കുറിച്ചായിരുന്നു വിവരണം. തിരൂരിനും ഫറൂഖിനുമിടയ്ക്കേ അത്തരം മരം കാണപ്പെടുന്നുള്ളൂ എന്ന മൂപ്പരുടെ നിരീക്ഷണം കേട്ടപ്പോഴാണ്, ഞാനത് ശ്രദ്ധിച്ചത്. ഞങ്ങള്‍ അമ്പൂരിയിലൊക്കെ മൊട്ടല്‍ എന്ന് വിളിക്കുന്ന മരത്തിനോട് സാമ്യമുള്ള ഒന്ന് (അതോ സംഭവം മൊട്ടല്‍ മരം തന്നെയോ എന്നും സംശയം തോന്നി). വിറകിനാണ് ഞങ്ങളത് കാര്യമായി ഉപയോഗിക്കുന്നത്. നന്നായി ഉണങ്ങാത്ത മൊട്ടല്‍ പോലും അടുപ്പിലെത്തിയാല് നിന്ന് കത്തും. പിന്നീട് സംഭാഷണം ഇത്തവണ മഴ കുറഞ്ഞതിനെക്കുറിച്ചായി...അവിടുന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വയല്‍നികത്തല്‍ തുടങ്ങിയ വിഷയങ്ങളും കടന്നുവന്നു. 'ഞാന്‍ അധികം സംസാരിക്കുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണേ', ഇടയ്ക്ക് മൂപ്പര് ഇങ്ങനെ എന്നോട് അപേക്ഷിക്കുന്നുമുണ്ട്. 'എനിക്ക് ആരോടെങ്കുലുമൊക്കെ സംസാരിച്ചിരിക്കണം സര്, അതെന്റെ ശീലമാണ്....ഇതിപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് സര്. എനിക്കെത്ര സന്തോഷമുണ്ടെന്നോ' - വേണ്ടാ, വേണ്ടാന്ന് പറഞ്ഞിട്ടും പുള്ളിക്കാരന് സര് വിളി തുടരുകയാണ്. പൊതുവെ മറ്റുള്ളവരെ കത്തിവെച്ച് ബോറടിപ്പിക്കുന്നയാള് എന്നൊരു ദുഷ്പ്പേര് എന്നെപ്പറ്റി സഹപ്രവര്ത്തകര്ക്കിടയിലുണ്ട്. എന്റെ സ്വഭാവം വെച്ച് അതിനവരെ കുറ്റംപറയാനും പറ്റില്ല. എങ്കിലും, പ്രായം കൂടുതലുള്ളവരുമായി സംസാരിക്കുമ്പോള്‍ കഴിയുന്നതും അവരെക്കൊണ്ട് കൂടുതല്‍ സംസാരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്: നമ്മളെക്കാള്‍ അനുഭവപരിചയമുള്ളവര്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നത് പല കാര്യങ്ങളെക്കുറിച്ചും നമ്മുക്കുള്ള ധാരണ വര്‍ധിപ്പിക്കാനും, ധാരണ പുതുക്കാനും അത് സഹായിച്ചേക്കും എന്നത് ഒരു കാരണം. രണ്ടാമത്തേത്, കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണ് പ്രായമേറിയവര്‍. അവരെ ആരും ശ്രദ്ധിക്കുന്നില്ല, അവര്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല എന്നൊരു തോന്നല്‍ അവര്‍ക്ക് ശക്തമായുണ്ട്. അതിന്റെ ആത്മവിശ്വാസക്കുറവും ഉണ്ടാകും. ആ വ്യഥയ്ക്ക് ചെറിയ മറുമരുന്നാണ്, അവര്‍ പറയുമ്പോള്‍ നമ്മള് കേട്ടിരിക്കുക എന്നത്. അത് ഒരു തരത്തില്‍ അവരെ ആദരിക്കുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു (ചിലരുടെ വര്‍ത്തമാനം സഹിക്കാനാവില്ല എന്നത് വേറെ കാര്യം). അപൂര്‍വ്വമായി ഒറ്റയ്ക്ക് കിട്ടുമ്പോള്‍ അമ്മയോട് ഞാന്‍ പഴയകാര്യങ്ങള്‍ ചോദിക്കാറുണ്ട്. നല്ല വ്യക്തതയോടെ, അമ്മ അതെല്ലാം വിവരിക്കും, ഞാന്‍ കേട്ടിരിക്കും. അമ്മ നന്നേ ചെറുപ്പമായിരിക്കുമ്പോഴാണ് അവരുടെ കുടുംബം അമ്പൂരിക്കടുത്ത് മായത്ത് കുടിയേറുന്നത്. അക്കാലത്തെ കാര്യങ്ങളെകുറിച്ച് എനിക്കുള്ളതില്‍ 90 ശതമാനം വിവരങ്ങളും അമ്മയുടെ സംസാരത്തില്‍ നിന്ന് പകര്‍ന്ന് കിട്ടിയിട്ടുള്ളതാണ്. ആലിക്കോയയെപ്പോലെ യാത്രയ്ക്കിടെ പരിചയപ്പെട്ടിട്ടുള്ള ചിലര്‍ ജീവിതത്തിന്റെ ഭാഗമായ അനുഭവവും ഉണ്ട്. അതില്‍ വയനാട് പെരിക്കല്ലൂര്‍ സ്വദേശി ചിന്നമ്മ അമ്മച്ചിയെക്കുറിച്ചും (, പാലക്കാട് ചേര്‍പ്പുളശ്ശേരി സ്വദേശി സേതുമാധവനെക്കുറിച്ചും ( മുമ്പ് ഞാന്‍ ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു. 'സംസാരിക്കാതെ മനുഷ്യന്മാര്ക്ക് എങ്ങനെ കഴിയാനൊക്കും എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്', ആലിക്കോയ സംസാരം തുടര്‍ന്നു. 'എന്റെ വീട്ടിനടുത്ത് ഒരു ഡോക്ടറുണ്ട്. മൂപ്പരും ഭാര്യയും മാത്രമേയുള്ളൂ. രണ്ടുപേര്‍ക്കും കുറച്ച് പ്രായമുണ്ട്. വീടിന്റെ മുകളിലത്തെ നിലയിലാണ് അവര്‍ താമസം. ഡോക്ടര്‍ പോയാല്‍ പിന്നെ പകല്‍ മുഴുക്കെ ആ സ്ത്രീ ഒറ്റയ്ക്കാണവിടെ. ആരോടും സംസാരിക്കാതെ അവരെങ്ങനെ കഴിയുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്'. 'അവര്‍ ആരോടും സംസാരിക്കുന്നില്ല എന്നത് ആലിക്കോയ മാഷിന്റെ തോന്നലായിരിക്കും. അവര്‍ക്ക് ഫോണില്‍ മക്കളുമായും ബന്ധുക്കളുമായും സംസാരിക്കാമല്ലോ....', ഞാന്‍ പറഞ്ഞു. 'അതെ ശരിയാരിക്കാം. മൊബൈലൊക്കെ വന്നതോടെ കാര്യങ്ങള്‍ മാറിയില്ലേ'. ട്രെയിന്‍ തൃശ്ശൂരെത്താറായപ്പോഴേക്കും ഞങ്ങള്‍ ഫോണ്‍ നമ്പറുകള്‍ കൈമാറി. സെല്‍ഫിയും എടുത്തു. 'വിളിക്കാം', എന്ന് വാക്കുപറഞ്ഞ് പിരിഞ്ഞു. ആര്‍ക്കറിയാം, എന്തൊക്കെ യാദൃശ്ചികതകള്‍ നമ്മളെ ആരുടെയൊക്കെ സുഹൃത്തുക്കളാക്കുമെന്ന്!