Friday, November 14, 2008

വിദൂര ഗ്രഹങ്ങളുടെ ആദ്യദൃശ്യങ്ങള്‍

സൗരയൂഥത്തിന്‌ പുറത്തുള്ള ഗ്രഹങ്ങളിലും ഗ്രഹസംവിധാനങ്ങളിലും നേരിട്ട്‌ നോട്ടമെത്തുന്നു. ദൃശ്യപ്രകാശത്തില്‍ ആദ്യമായെടുത്ത വിദൂരഗ്രഹത്തിന്റെ ചിത്രവും, മറ്റൊരു നക്ഷത്രത്തിലെ ഗ്രഹസംവിധാനത്തിന്റെ നേരിട്ടുള്ള ദൃശ്യവും വാനനിരീക്ഷണ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാകുന്നു.

ഭൂമിയെപ്പോലെ മറ്റെവിടെയെങ്കിലും ഒരു ഗ്രഹം, അല്‍പ്പം പച്ചപ്പ്‌, ഏതെങ്കിലും രൂപത്തില്‍ ജീവന്‍. മനുഷ്യന്‍ ഏറെക്കാലമായി തേടിക്കൊണ്ടിരിക്കുകയാണ്‌ ഇക്കാര്യം. സൂര്യനെപ്പോലെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഇത്തരമൊരു ഗ്രഹം മനുഷ്യന്റെ അന്വേഷണ കൗതുകത്തിന്റെ അതിര്‍ത്തി രേഖയാണ്‌. അതുകൊണ്ടാണ്‌ അന്യനക്ഷത്രങ്ങളുടെ പരിസരത്തേക്ക്‌ വാനശാസ്‌ത്രജ്ഞര്‍ ടെലസ്‌കോപ്പ്‌ തിരിക്കുന്നത്‌.

സൗരയൂഥത്തിന്‌ വെളിയില്‍ മറ്റു ഗ്രഹങ്ങളെ കണ്ടെത്താന്‍ മനുഷ്യന്‍ നൂറ്റാണ്ടുകളായി ശ്രമിക്കുന്നുവെങ്കിലും തൊണ്ണൂറുകളിലാണ്‌ ഇക്കാര്യത്തില്‍ ആദ്യവിജയം നേടുന്നത്‌. ഈ നവംബര്‍ വരെ ഇത്തരം 322 അന്യഗ്രഹങ്ങളെ കണ്ടെത്തിയെന്നാണ്‌ കണക്ക്‌. വിദൂര നക്ഷത്രങ്ങളുടെ ചുറ്റും പ്രദക്ഷിണം വെയ്‌ക്കുന്ന ഈ ഗ്രഹങ്ങളെ നേരിട്ടു നിരീക്ഷിക്കാനുള്ള സാങ്കേതിക വൈദഗ്‌ധ്യം മനുഷ്യന്‍ ആര്‍ജിച്ചിട്ടില്ലാത്തതിനാല്‍, ഇവയൊക്കെ പരോക്ഷ നിരീക്ഷണമാര്‍ഗങ്ങളുടെ ഫലമായാണ്‌ കണ്ടുപിടിക്കപ്പെട്ടത്‌.

പക്ഷേ, അത്‌ ഇതുവരെയുള്ള കഥ. ആദ്യമായി സൗരയൂഥേതര ഗ്രഹത്തെയും ഗ്രഹസംവിധാനത്തെയും നേരിട്ടു നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ പുതിയ ലക്കം 'സയന്‍സ്‌' ഗവേഷണ വാരിക പ്രസിദ്ധീകരിച്ചിരിക്കുന്നു. വാനശാസ്‌ത്ര ചരിത്രത്തിലെ പുതിയ നാഴികക്കല്ല്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ മുന്നേറ്റത്തിന്‌ പിന്നില്‍ രണ്ട്‌ വ്യത്യസ്‌ത ഗവേഷകസംഘങ്ങളാണ്‌ പ്രവര്‍ത്തിച്ചത്‌.

വിദൂര ഗ്രഹസംവിധാനം കണ്‍മുന്നില്‍

ജെമിനി നോര്‍ത്ത്‌ ടെലസ്‌കോപ്പ്‌, കെക്ക്‌ ഒബ്‌സര്‍വേറ്ററി എന്നിവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ്‌, ചരിത്രത്തിലാദ്യമായി ഒരു വിദൂര നക്ഷത്രത്തിന്‌ ചുറ്റുമുള്ള മൂന്നു ഗ്രഹങ്ങളെ ഗവേഷകര്‍ക്ക്‌ നേരിട്ടു നിരീക്ഷിക്കാനായത്‌. കാനഡയില്‍ ഹെര്‍സ്‌ബെര്‍ഗ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ അസ്‌ട്രോഫിസിക്‌സിലെ ക്രിസ്റ്റ്യന്‍ മരോയിസ്‌ നേതൃത്വം നല്‍കിയ അന്താരാഷ്ട്രസംഘമാണ്‌ നിരീക്ഷണം നടത്തിയത്‌.

സൗരയൂഥത്തിന്‌ വെളിയില്‍ ഒരു സാധാരണ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹകുടുംബത്തിന്റെ നേരിട്ടുള്ള ദൃശ്യം ലഭിക്കുന്നത്‌ ആദ്യമായാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. 2007 ഒക്ടോബര്‍ 17-ന്‌ ലഭിച്ച നിരീക്ഷണ വിവരങ്ങള്‍ പ്രകാരം നക്ഷത്ര പരിസരത്ത്‌ രണ്ട്‌ ഗ്രഹങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. പിന്നീട്‌, 2007 ഒക്ടോബര്‍ 25-നും 2008-ലെ വേനല്‍ക്കാലത്തും നടത്തിയ നിരീക്ഷണത്തിലാണ്‌ മൂന്നാമതൊരു ഗ്രഹം കൂടി ഉണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ഈ ഗ്രഹസംവിധാനത്തിന്റെ ഇന്‍ഫ്രാറെഡ്‌ ദൃശ്യങ്ങളാണ്‌ ഗവേഷകര്‍ പകര്‍ത്തിയത്‌.

ഭൂമിയില്‍നിന്ന്‌ 130 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന, അധികം പ്രായമില്ലാത്ത ഭീമന്‍ നക്ഷത്രമായ HR 8799-ന്റെ ഗ്രഹസംവിധാനമാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്‌. ഗ്രഹങ്ങള്‍ അത്ര പ്രായമുള്ളവയല്ല എന്നാണ്‌ അനുമാനം. ആറു കോടി വര്‍ഷം മുമ്പാണ്‌ അവ രൂപപ്പെട്ടതെന്ന്‌ കരുതുന്നു. (ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമാണെന്നോര്‍ക്കുക). പക്ഷേ, വലിപ്പം കൂടുതലാണ്‌. നമ്മുടെ വ്യാഴത്തിന്റെ ഏഴ്‌ മൂതല്‍ പത്ത്‌ മടങ്ങുവരെയുള്ളവയാണ്‌ അവ.

ഗ്രഹസംവിധാനത്തിന്റെ പുറംമേഖലയിലാണ്‌ ഗ്രഹങ്ങളുടെ സ്ഥാനം. സൗരയൂഥത്തിന്റെ കണക്കനുസരിച്ച്‌, ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ (അസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌) 25, 40, 70 മടങ്ങ്‌ വരും ആ ഗ്രഹങ്ങളും മാതൃനക്ഷത്രവും തമ്മിലുള്ള അകലം. ഏറ്റവും അകലെയുള്ള ഗ്രഹം സ്ഥിതിചെയ്യുന്നത്‌ ധൂളീപടലങ്ങളും അവശിഷ്ടങ്ങളും നിറഞ്ഞ ഒരു ബെല്‍റ്റിലാണ്‌. സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള കിയ്‌പ്പര്‍ ബെല്‍റ്റിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ അത്‌.

HR 8799 സൂര്യന്റെ ഒന്നര ഇരട്ടി പിണ്ഡമുള്ള നക്ഷത്രമാണ്‌. പക്ഷേ, സൂര്യനെക്കാള്‍ അഞ്ചുമടങ്ങ്‌ അധികമാണ്‌ പ്രകാശതീവ്രത, സൂര്യനെക്കാള്‍ ചെറുപ്പവുമാണ്‌. പൊടിപടലങ്ങളുടെ ഒരു ഭീമന്‍ വലയം ആ നക്ഷത്രത്തെ ചുറ്റുന്നുണ്ട്‌. ഗവേഷണത്തില്‍ പങ്കാളിയായിരുന്ന ബെര്‍ക്ക്‌ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ബെന്‍ സുക്കെര്‍മാന്റെ അഭിപ്രായത്തില്‍, ഭൂമിയില്‍നിന്ന്‌ 300 പ്രകാശവര്‍ഷ പരിധിക്കുള്ളില്‍ ഏതെങ്കിലുമൊരു നക്ഷത്രത്തിന്‌ ചുറ്റുമുള്ള ഏറ്റവും ഭീമന്‍ പൊടിപടലവലയമാണത്‌.

ഹബ്ബിള്‍ ടെലസ്‌കോപ്പ്‌ നേരിട്ടു കണ്ടു

മുകളില്‍ പറഞ്ഞത്‌ നേരിട്ടു കണ്ട ആദ്യ അന്യഗ്രഹകുടുംബത്തിന്റെ കാര്യമാണെങ്കില്‍, ഇനിയൊരു വിദൂര ഗ്രഹത്തിന്റെ കാര്യമാണ്‌ പറയാനുള്ളത്‌. ഗ്രഹകുടുംബത്തെ ഇന്‍ഫ്രാറെഡ്‌ പ്രകാശത്തിലാണ്‌ നീരീക്ഷിച്ചതെങ്കില്‍, ഗ്രഹത്തെ നിരീക്ഷിച്ചത്‌ ദൃശ്യപ്രകാശത്തില്‍ തന്നെയാണ്‌. ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ സഹായത്തോടെ, ബെര്‍ക്ക്‌ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പോള്‍ കലാസ്‌ ആണ്‌ ചരിത്രത്തിലാദ്യമായി, സൗരയൂഥത്തിന്‌ വെളിയില്‍ ഒരു ഗ്രഹത്തിന്റെ ദൃശ്യപ്രകാശ ചിത്രം പകര്‍ത്തിയത്‌. വര്‍ഷങ്ങളുടെ ശ്രമകരമായ നിരീക്ഷണം വേണ്ടി വന്നു അദ്ദേഹത്തിന്‌ പക്ഷേ, ഈ ചരിത്രനേട്ടം കൈവരിക്കാന്‍.

ഭൂമിയില്‍നിന്ന്‌ വെറും 25 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന 'ഫോമാല്‍ഹോറ്റ്‌' (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന്റെ നേരിട്ടുള്ള ദൃശ്യമാണ്‌ കലാസ്‌ പകര്‍ത്തിയത്‌. വ്യാഴഗ്രഹത്തിന്റെ ഏതാണ്ട്‌ അതേ വലിപ്പമുള്ള ഗ്രഹമാണതെന്നാണ്‌ അനുമാനം. വ്യാഴഗ്രഹത്തിന്‌ അതിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു എന്ന്‌ കരുതുപോലൈാരു വലയവും വിദൂരഗ്രഹത്തിനുണ്ട്‌. 'ഫോമാല്‍ഹോറ്റ്‌ ബി'യെന്ന്‌ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഗ്രഹത്തിന്റെ സാന്നിധ്യം 2005-ല്‍ തന്നെ പ്രവചിക്കപ്പെട്ടിരുന്നതാണ്‌. പക്ഷേ, നേരിട്ടുള്ള തെളിവ്‌ ലഭിക്കുന്നത്‌ ഇപ്പോഴാണെന്നു മാത്രം.

മാതൃനക്ഷത്രത്തിന്‌ ചുറ്റുമുള്ള പൊടിപടലവലയവും ഗ്രഹവും തമ്മിലുള്ള പ്രതിക്രിയയില്‍നിന്നാണ്‌ ഗ്രഹത്തിന്റെ സാന്നിധ്യം ആദ്യം പ്രവചിക്കപ്പെട്ടത്‌. ഗ്രഹത്തെ നേരിട്ട്‌ നിരീക്ഷിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ 'സയന്‍സ്‌' വാരികയില്‍ പ്രസിദ്ധീകരിച്ചതിനൊപ്പം, പൊടിപടലവലയവും ഗ്രഹവും തമ്മിലുള്ള പ്രതിക്രിയ സംബന്ധിച്ച ഒരു ഗവേഷണ പ്രബന്ധം 'ദി അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍' കലാസും സംഘവും പ്രസിദ്ധീകരിക്കുന്നുണ്ട്‌.

ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ കലാസ്‌ ബിരുദവിദ്യാര്‍ഥിയായിരുന്ന വേളയില്‍ തുടങ്ങിയതാണ്‌ ഫോമാല്‍ഹോറ്റ്‌ നക്ഷത്രത്തെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനം. നക്ഷത്രത്തിന്റെ ചുറ്റും സ്ഥിതിചെയ്യുന്ന പൊടിപടലവലയമായിരുന്നു വിഷയം. 2004-ലാണ്‌ ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പിലെ 'അഡ്വാസ്‌ഡ്‌ ക്യാമറ ഫോര്‍ സര്‍വേസി'ന്റെ സഹായത്തോടെ നിരീക്ഷണം തുടങ്ങിയത്‌. അതാണിപ്പോള്‍ ഫലപ്രാപ്‌തിയിലെത്തിയത്‌. "കഴിഞ്ഞ മെയ്‌ അവസാനം, ഫോമാല്‍ഹോറ്റ്‌ ബി അതിന്റെ മാതൃനക്ഷത്രത്തെ പ്രദക്ഷിണം വെയ്‌ക്കുന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഞാനൊരു ഹൃദയാഘാതത്തിന്റെ വക്കത്തെത്തി"-കലാസ്‌ പറയുന്നു. വലിയ കണ്ടെത്തലുകള്‍ നടത്തുന്നവര്‍ ചിലപ്പോള്‍ വലിയ ഞെട്ടലോടയാകാം അത്‌ തിരിച്ചറിയുന്നത്‌.
(അവലംബം: സയന്‍സ്‌, ജെമിനി ഒബ്‌സര്‍വേറ്ററി, ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവയുടെ വാര്‍ത്താക്കുറിപ്പ്‌)

കാണുക: സൗരയൂഥത്തിന്‌ വെളിയില്‍ 28 പുതിയ ഗ്രഹങ്ങള്‍

Tuesday, November 11, 2008

മസ്‌തിഷ്‌ക്കത്തിലെ വര്‍ണപ്രപഞ്ചം

മസ്‌തിഷ്‌ക്കത്തിന്റെ വ്യത്യസ്‌തമായ ദൃശ്യഭൂമികയിലേക്ക്‌ പ്രവേശിക്കാന്‍ പുതിയൊരു ഇമേജിങ്‌ സങ്കേതം വഴി തുറക്കുന്നു. 'ഡിഫ്യൂഷന്‍ സ്‌പെക്ട്രം ഇമേജിങ്‌' (Diffusion spectrum imaging) എന്നാണ്‌ പുതിയ സങ്കേതത്തിന്റെ പേര്‌. മസാച്യൂസെറ്റ്‌സ്‌ ജനറല്‍ ഹോസ്‌പിറ്റലിലെ ന്യൂറോസയന്റിസ്‌റ്റ്‌ വാന്‍ വിഡീന്‍ ആണ്‌ പുതിയ ഇമേജിങ്‌ രീതി വികസിപ്പിച്ചെടുത്തത്‌. 'മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ ഇമേജിങ്‌' (MRI) ഡേറ്റയുടെ നൂതന രീതിയിലുള്ള വിശകലനമാണ്‌ പുത്തന്‍ സങ്കേതത്തില്‍ നടക്കുക. കോശങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ വിനിമയം ചെയ്യുന്ന നാഡീനാരുകളെ മാപ്പ്‌ ചെയ്യാന്‍ ഗവേഷകര്‍ക്ക്‌ ഇത്‌ അവസരമൊരുക്കുന്നു. സങ്കീര്‍ണ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെ സൂക്ഷ്‌മമായി മനസിലാക്കാനും സിരാരോഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ ഉള്‍ക്കാഴ്‌ച ലഭിക്കാനും പുതിയ മാര്‍ഗം സഹായിക്കും.

പുതിയ സങ്കേതമുപയോഗിച്ച്‌ ദൃശ്യരൂപം നല്‍കിയ ജീവനുള്ള വ്യക്തിയുടെ മസ്‌തിഷ്‌ക്കത്തിന്റെ പൂര്‍ണരൂപമാണ്‌ മുകളില്‍. എന്നാല്‍, നാഡീനാരുകളില്‍ ഒരു വിഭാഗത്തെ മാത്രം ചിത്രീകരിച്ചതാണ്‌ താഴത്തെ ദൃശ്യം. ഇരു ദൃശ്യങ്ങളിലും മധ്യത്തിലും താഴെയുമായി കാണപ്പെടുന്ന ചുവന്ന നാരുകള്‍, മസ്‌തിഷ്‌ക്കത്തിന്റെ ഇരുപകുതികളെയും ബന്ധിപ്പിക്കുന്ന 'കോര്‍പ്പസ്‌ കൊളോസ'ത്തിന്റെ ഭാഗമാണ്‌.

നേരിട്ടു ദൃശ്യവത്‌ക്കരിക്കാന്‍ കഴിയാത്തത്ര സൂക്ഷ്‌മങ്ങളാണ്‌ നാഡീനാരുകള്‍. അതിനാല്‍, അവയിലൂടെയുള്ള ജലതന്മാത്രകളുടെ വിസരണം അളന്നാണ്‌ ദൃശ്യവത്‌ക്കരണം നടത്തുന്നത്‌. അതിനായി ഗവേഷകര്‍ എം.ആര്‍.ഐ. ദൃശ്യങ്ങളെ 'വോക്‌സലുകള്‍' (voxels) അഥവാ ത്രിമാന പിക്‌സലുകള്‍ ആയി വിഭജിക്കുന്നു. അതിന്‌ ശേഷം, ഓരോ വോക്‌സലിലും എല്ലാ ദിശയിലും ജലം എത്ര വേഗത്തില്‍ വ്യാപിക്കുന്നു എന്ന്‌ കണക്കാക്കുന്നു. ആ ഡേറ്റയാണ്‌ ചുവടെയുള്ള ആദ്യ ദൃശ്യങ്ങളില്‍ കടലമണികള്‍ പോലെ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നത്‌. ഓരോന്നിന്റെയും ആകൃതിയില്‍നിന്ന്‌ വ്യത്യസ്‌ത നാഡീനാരുകളുടെ (ചുവപ്പും നീലവും വരകള്‍) ആ പോയന്റിലുള്ള പാത ഏതൊക്കെയാണെന്ന്‌ ഗവേഷകര്‍ പരോക്ഷമായി ഗണിച്ചെടുക്കുന്നു. അതനുസരിച്ച്‌ രൂപം നല്‍കിയ ചിത്രമാണ്‌ ചുവടെയുള്ള മൂന്നാമത്തേത്‌.



മസ്‌തിഷ്‌ക്കത്തിലെ പ്രത്യേക സര്‍ക്കീട്ടുകളെക്കുറിച്ചു മാത്രം പഠിക്കാനും പുതിയ സങ്കേതം സഹായിക്കും. പഠനവിധേയമാക്കേണ്ട നാഡീനാരുകളെ മാത്രം വേര്‍തിരിച്ചു ചിത്രീകരിക്കാന്‍ കഴിയും. മനുഷ്യരില്‍ വൈകാരികമായ അനുഭവങ്ങള്‍, ഓര്‍മശക്തി എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കീട്ടുകളുടെ ദൃശ്യവത്‌ക്കരണമാണ്‌ ചുവടെ.

ഒരു കുരങ്ങിന്റെ തലച്ചോറിന്റെ ദൃശ്യം പുതിയ സങ്കേതത്തില്‍ പകര്‍ത്തിയതാണ്‌ ചുവടെ. നാഡീനാരുകളില്‍ ഒരു വിഭാഗത്തെ മാത്രം ചിത്രീകരിച്ചതാണ്‌ ചുവടെയുള്ള രണ്ടാമത്തെ ദൃശ്യം.


(മസാച്യൂസെറ്റ്‌സ്‌ ജനറല്‍ ഹോസ്‌പിറ്റലിന്‌ കീഴില്‍ 'മാര്‍ട്ടിനോസ്‌ സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഇമേജിങി'ലെ വാന്‍ വിഡീന്‍, റോപെങ്‌ വാങ്‌, ജെറേമി സ്‌കമാഹ്‌മാന്‍, ഗ്വാങ്‌പിങ്‌ ഡായ്‌ എന്നിവര്‍ പകര്‍ത്തിയതാണ്‌ ഇവിടെ ഉപയോഗിച്ച ദൃശ്യങ്ങള്‍. കടപ്പാട്‌: ടെക്‌നോളജി റിവ്യൂ)

Sunday, November 09, 2008

മണ്‍സൂണ്‍ രചിച്ച 'ശിരോലിഖിതം'

സാമ്രാജ്യങ്ങള്‍ അസ്‌തമിച്ചതിന്റെ ചരിത്രം ചൈനയിലെ ഒരു ഗുഹയില്‍, മണ്‍സൂണ്‍ അവശേഷിപ്പിച്ച ലവണനിക്ഷേപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥാമാറ്റം എത്ര വലിയ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടവരുത്താം എന്ന്‌ സൂചിപ്പിക്കുന്ന ഒരു ഗവേഷണം.

കഴിഞ്ഞ രണ്ട്‌ സഹസ്രാബ്ദത്തിനിടെ ചൈനയിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞതിന്‌ കാലവര്‍ഷവുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തല്‍. മണ്‍സൂണ്‍ ദുര്‍ബലമായ കാലയളവിലാണ്‌ ചില രാജവംശങ്ങള്‍ ക്ഷയിക്കുകയും ഭരണത്തില്‍നിന്ന്‌ പുറത്താകുകയും ചെയ്‌തതത്രേ. ചൈനയിലെ ഒരു ഗുഹയില്‍ ചുണ്ണാമ്പകല്‍പ്പുറ്റില്‍ (stalagmite) ഉറഞ്ഞുകൂടിയിരുന്ന 1810 വര്‍ഷത്തെ മണ്‍സൂണ്‍ ചരിത്രമാണ്‌ ഈ വിവരം വെളിപ്പെടുത്തുന്നത്‌.

ചൈനയിലെ ടാങ്‌, യുവാന്‍, മിങ്‌ രാജവംശങ്ങള്‍ ക്ഷയിച്ച കാലത്തെല്ലാം മണ്‍സൂണ്‍ പരാജയപ്പെട്ടിരുന്നു എന്ന്‌ ഗവേഷകര്‍ കണ്ടെത്തിയതായി 'സയന്‍സ്‌' ഗവേഷണവാരികയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഗാന്‍സു പ്രവിശ്യയിലെ വാങ്‌ഷിയാങ്‌ ഗുഹയില്‍ കണ്ടെത്തിയ 118 മില്ലീമീറ്റര്‍ നീളമുള്ള ചുണ്ണാമ്പുകല്‍പ്പുറ്റാണ്‌, ഗവേഷകര്‍ക്ക്‌ ഈ ചരിത്രസത്യം ബോധ്യപ്പെടുത്തിക്കൊടുത്തത്‌.

മുഖ്യമായും കാല്‍സ്യംകാര്‍ബണേറ്റ്‌ കൊണ്ട്‌ രൂപപ്പെടുന്നതാണ്‌ ചുണ്ണാമ്പുകല്‍പ്പുറ്റ്‌. ഗുഹകളുടെ മേല്‍ത്തട്ടില്‍നിന്ന്‌ ഇറ്റുവീഴുന്ന വെള്ളത്തിലെ ലവണാംശങ്ങള്‍ ഉറച്ചു കട്ടപിടിച്ചുണ്ടാകുന്നതാണ്‌ ഇത്തരം പുറ്റുകള്‍. സമുദ്രനിരപ്പില്‍നിന്ന്‌ 1200 മീറ്റര്‍ ഉയരത്തിലാണ്‌ വാങ്‌ഷിയാങ്‌ ഗുഹ സ്ഥിതിചെയ്യുന്നത്‌. ഊഷര മേഖലയാണത്‌. വാര്‍ഷിക വര്‍ഷപാതം ശരാശരി 480 മില്ലീമീറ്റര്‍ മാത്രം. അതില്‍ 80 ശതമാനവും മെയ്‌-സപ്‌തംബര്‍ കാലയളവിലാണ്‌ ലഭിക്കുന്നത്‌.

പ്രായമായ തടികള്‍ക്കുള്ളിലെ വാര്‍ഷികവലയങ്ങള്‍ പോലുള്ള ഒന്നാണ്‌, ആ പുറ്റില്‍ ഗവേഷകരെ കാത്തിരുന്നത്‌. 1810 വര്‍ഷത്തെ വര്‍ഷപാതത്തിന്റെ കൃത്യമായ തോത്‌, ആ ചുണ്ണാമ്പുകല്‍പ്പുറ്റില്‍ ഓരോ വര്‍ഷവും ഉറഞ്ഞുകൂടിയ ലവണത്തിന്റെ അളവില്‍നിന്ന്‌ കണ്ടെത്താനായി. ചൈനയില്‍ ലാന്‍ഷൗ സര്‍വകലാശാലയിലെ പിങ്‌ഷോങ്‌ ഷാങും സംഘവുമാണ്‌, ആ ചുണ്ണാമ്പുകല്‍പുറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ചൈനയിലെ വര്‍ഷപാതനിരക്ക്‌ സംബന്ധിച്ച ചരിത്രരേഖകളുമായി താരതമ്യം ചെയ്‌തത്‌.

ഉത്തരാര്‍ധഗോളത്തില്‍ മണ്‍സൂണിന്റെ രണ്ടായിരത്തോളം വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ ഗവേഷകര്‍ക്ക്‌ മുന്നില്‍ തെളിഞ്ഞു വരികയായിരുന്നു. താപനിലയിലെ വ്യതിയാനങ്ങളും ചെറുഹിമയുഗവും സൗരോര്‍ജത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുമൊക്കെ എത്രമാത്രം സ്വാധീനം മഴയുടെ മേല്‍ ചെലുത്തിയെന്നതിന്റെ സൂചനയാണ്‌ ഗവേഷകര്‍ക്ക്‌ ലഭിച്ചത്‌. കഴിഞ്ഞ 50 വര്‍ഷത്തിനിടെ, ഹരിതഗൃഹവാതക പ്രഭാവം മൂലം സംഭവിച്ച ആഗോളതാപനത്തിന്റെ വര്‍ധനയെക്കുറിച്ചും വ്യക്തമായ സൂചന ആ ചുണ്ണാമ്പുകല്‍പ്പുറ്റില്‍ കാണപ്പെടുന്നതായി ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു.

ചുണ്ണാമ്പുകള്‍പ്പുറ്റിലെ ഓക്‌സിജന്‍ ഉള്ളടക്കത്തിലുള്ള ചെറുവ്യതിയാനങ്ങള്‍, ഗുഹയുടെ പരിസരത്തെ മഴയുടെ തോതിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യമാണ്‌ ഗവേഷകര്‍ അവലംബിച്ചത്‌. മാത്രമല്ല, ചുണ്ണാമ്പുകല്‍പ്പുറ്റില്‍ അടങ്ങിയിട്ടുള്ള തോറിയം, യുറേനിയം തുടങ്ങിയ റേഡിയോആക്ടീവ്‌ മൂലകങ്ങളുടെ സഹായത്തോടെ അതിലെ അടരുകളുടെ കാലഗണന (ശരാശരി രണ്ടര വര്‍ഷം എന്ന കണക്കിന്‌) നടത്താനും കഴിഞ്ഞു.

നൂറ്റാണ്ടുകളോളം ചൈന ഭരിച്ച അഞ്ച്‌ പ്രമുഖ രാജവംശങ്ങളില്‍ മൂന്നെണ്ണത്തിന്റെയും-ടാങ്‌, യുവാന്‍, മിങ്‌ എന്നിവയുടെ- പതനത്തിന്‌ കാലാവസ്ഥ മുഖ്യ പങ്കുവഹിച്ചതയാണ്‌ ഗവേഷകര്‍ എത്തിയ അനുമാനം. `ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള മണ്‍സൂണ്‍ വാതകങ്ങള്‍ എത്ര ശക്തമാണോ, അതിനനുസരിച്ച്‌ ചൈനയുടെ വടക്കുപടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ കൂടുതല്‍ മഴ ലഭിക്കും`- പഠനത്തില്‍ പങ്കാളിയായിരുന്ന അമേരിക്കയില്‍ മിന്നിസോട്ട സര്‍വകലാശാലയിലെ ഹായ്‌ ചെങ്‌ പറയുന്നു.

കൂടുതല്‍ മഴ കിട്ടിയാല്‍ അതിനനുസരിച്ച്‌ കൂടുതല്‍ നെല്ല്‌ വിളയും. ജനസംഖ്യയും സമൂഹിക സുരക്ഷിതത്വവും വര്‍ധിക്കും. ഭരണകൂടങ്ങള്‍ ശക്തമായി നിലനില്‍ക്കും. മഴ കുറയുമ്പോള്‍ സംഗതികള്‍ വിപരീത ദിശയിലാകും. അരക്ഷിതാവസ്ഥ ഏറും, ഭരണകൂടങ്ങള്‍ നിലംപൊത്തും. ചൈനയിലെ രാജവംശങ്ങള്‍ ക്ഷയിക്കാന്‍ ചരിത്രപരമായ മറ്റ്‌ കാരണങ്ങളും ഉണ്ടായിരുന്നെങ്കിലും, കാലാവസ്ഥ ഒരു മുഖ്യപങ്ക്‌ വഹിച്ചുവെന്നാണ്‌ തങ്ങള്‍ കരുതുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു.

850 എ.ഡി.ക്കും 940 എ.ഡി.ക്കും മധ്യേയുള്ള കാലം പരിഗണിക്കുക. മണ്‍സൂണ്‍ ദുര്‍ബലമായതിനെ തുടര്‍ന്ന്‌ കൊടുംവരള്‍ച്ച നേരിട്ട ആ കാലം ചൈനയിലെ ടാങ്‌ രാജവംശത്തെ മാത്രമല്ല അസ്‌തമിപ്പിച്ചത്‌, ഭൂഗോളത്തിന്റെ മറുവശത്ത്‌ അമേരിക്കയില്‍ മായന്‍ സംസ്‌ക്കാരത്തിന്‌ ക്ഷയം സംഭവിച്ചതും ആ കാലയളവില്‍ തന്നെയാണ്‌-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ചെറിയ തോതിലാണ്‌ അനുഭവപ്പെടുകയെങ്കിലും, കാലാവസ്ഥിയിലെ മാറ്റം വന്‍ പ്രത്യാഘാതമാണ്‌ ഉണ്ടാക്കുകയെന്നാണ്‌ ഈ ഗവേഷണം നല്‍കുന്ന മുന്നറിയിപ്പ്‌.
(അവലംബം: സയന്‍സ്‌ ഗവേഷണവാരിക).

Sunday, November 02, 2008

മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുന്നു-പഠനം

അജിനോമോട്ടോ കൊണ്ട്‌ സ്വാദ്‌ വര്‍ധിപ്പിച്ച പഴകിയ മാംസവും, വേവാത്ത മാംസവുമൊക്കെ കഴിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ്‌ ഡോ. അജിത്‌ വര്‍ക്കിയുടെ കണ്ടെത്തല്‍.

മാംസാഹാരം ശരീരത്തിന്‌ അത്ര നന്നല്ല എന്നതിന്‌ ഒരു തെളിവ്‌ കൂടി. മാട്ടിറച്ചിയും ആട്ടിറച്ചിയും മറ്റും കഴിക്കുമ്പോള്‍ മനുഷ്യശരീരത്തിലെത്തുന്ന അന്യതന്മാത്ര, ഒരിനം മാരകരോഗാണുവിന്‌ ശരീരത്തെ ആക്രമിക്കാന്‍ അവസരമൊരുക്കുമത്രേ. അപകടകരമായ ഭക്ഷ്യവിഷബാധയ്‌ക്ക്‌ ഇത്‌ കാരണമാകും. ഒരര്‍ഥത്തില്‍ ശരീരത്തെ ഒറ്റിക്കൊടുക്കുന്നതിന്‌ തുല്യമാണിത്‌. മലയാളി ഗവേഷകന്‍ ഡോ. അജിത്‌ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷണസംഘമാണ്‌ ഈ കണ്ടെത്തലിന്‌ പിന്നില്‍.

ഇറച്ചിയിലൂടെയും മറ്റും ശരീരത്തിലെത്തുന്ന ഒരിനം പഞ്ചസാര തന്മാത്രയുടെ സഹായത്തോടെ ബാക്ടീരിയയ്‌ക്ക്‌ ഭക്ഷ്യവിഷബാധ സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌. 'നേച്ചര്‍' ഗവേഷണവാരികയുടെ പുതിയ ലക്കത്തിലാണ്‌, അമേരിക്കയിലെ സാന്‍ ഡിയേഗോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (യു.സി.എസ്‌.ഡി) ഗവേഷകനായ ഡോ. അജിത്‌ വര്‍ക്കിയുടെയും സംഘത്തിന്റെയും ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ശരിയായി വേവാത്ത മാംസവും പഴകിയ മാംസവും പാലുത്‌പന്നങ്ങളും ഉപയോഗിക്കുന്നത്‌ മാരകമായ ഫലമുണ്ടാക്കാമെന്ന്‌ ഈ പഠനം മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍, പഴങ്ങള്‍ പച്ചക്കറികള്‍ മുതലായവയില്‍ ഇത്തരം പഞ്ചസാര തന്മാത്രകളുടെ സാന്നിധ്യം വളരെ കുറവാണ്‌.

മനുഷ്യരിലില്‍ കാണപ്പെടാത്ത ഒന്നാണ്‌ 'എന്‍-ഗ്ലൈക്കോലൈല്‍ന്യൂറാമിനിക്‌ ആസിഡ്‌' (N-glycolylneuraminic acid -Neu5Gc) എന്ന പഞ്ചസാര തന്മാത്ര. മറ്റ്‌ ജീവികളില്‍ ഈ തന്മാത്ര സുലഭമായുണ്ട്‌. മാംസാഹാരം വഴി ഇത്‌ മനുഷ്യ ശരീരത്തിലെത്തുന്നു. മാരകമായ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കുന്ന 'സബ്‌ടിലേസ്‌ സൈറ്റോടോക്‌സിന്‍' (subtilase cytotoxin) എന്ന വിഷവസ്‌തു ഉത്‌പാദിപ്പിക്കാന്‍ ഒരിനം ഇ-കോളി ബാക്ടീരിയയ്‌ക്ക്‌ ഈ തന്മാത്ര അവസരമൊരുക്കുന്നു എന്നാണ്‌ ഇപ്പോഴത്തെ കണ്ടെത്തല്‍. രക്തത്തോടുകൂടിയ കഠിന വയറിളക്കത്തിന്‌ ഈ വിഷവസ്‌തു കാരണമാകും.

ഹീമോലിറ്റിക്ക്‌ യുറേമിക്‌ സിന്‍ഡ്രോം (HUS) എന്ന്‌ ഈ മാരകരോഗം, 'ഹാംബര്‍ഗര്‍ രോഗം' എന്നും അറിയപ്പെടുന്നു. കേടുവന്ന ഇറച്ചി കഴിക്കുന്നവരില്‍ ഉണ്ടാകുന്ന അസുഖമായതിനാലാണ്‌ ഈ പേര്‌. `ശരീരം ആഗിരണം ചെയ്യുന്ന ആ പഞ്ചസാര തന്മാത്രകള്‍, ഇ-കോളി ബാക്ടീരിയ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുവിന്റെ പ്രവര്‍ത്തന ലക്ഷ്യമാവുകയാണ്‌ സംഭവിക്കുന്നത്‌'-ഡോ. അജിത്‌ വര്‍ക്കി പറയുന്നു.

മനുഷ്യരിലില്ലാത്തതും മറ്റ്‌ ജീവികളില്‍ കാണപ്പെടുന്നതുമായ ആ സവിശേഷ പഞ്ചസാര തന്മാത്രയെക്കുറിച്ച്‌ വര്‍ഷങ്ങളായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ശാസ്‌ത്രജ്ഞനാണ്‌ ഡോ. അജിത്‌ വര്‍ക്കി. മനുഷ്യപരിണാമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍, ഏതാണ്ട്‌ 30 ലക്ഷം വര്‍ഷം മുമ്പാണ്‌ ആ തന്മാത്രയ്‌ക്ക്‌ കാരണമായ ജീന്‍ മനുഷ്യന്‌ നഷ്ടമായതെന്ന്‌ അദ്ദേഹവും സഹപ്രവര്‍ത്തകരും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടെത്തിയിരുന്നു. ചില അസുഖങ്ങള്‍ മനുഷ്യരെ മാത്രം ബാധിക്കുന്നതിനും, മറ്റു ജീവികള്‍ക്ക്‌ പ്രശ്‌മുണ്ടാക്കാത്തതിനും ഒരു കാരണം ആ പഞ്ചസാര തന്മാത്രയുടെ അഭാവമാണെന്ന്‌ കരുതുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന പല സവിശേഷതകള്‍ക്കും (മസ്‌തിഷ്‌ക്ക വലിപ്പം ഉദാഹരണം) കാരണം ആ ജീന്‍ നഷ്ടമാണെന്നും വാദമുണ്ട്‌.

മാംസവും പാലുത്‌പന്നങ്ങളും കഴിക്കുമ്പോള്‍ Neu5Gc എന്ന തന്മാത്ര മനുഷ്യന്റെ കോശപാളികള്‍ ആഗിരണം ചെയ്യുന്നതായി അഞ്ചുവര്‍ഷം മുമ്പ്‌ ഡോ. അജിത്‌ വര്‍ക്കി കണ്ടെത്തുകയുണ്ടായി. രക്തധമനികളിലും കുടലിലുമുള്ള കോശങ്ങളുടെ പ്രതലത്തിലാണ്‌ ഈ തന്മാത്ര കുടിയേറുകയെന്നും തെളിയുകയുണ്ടായി. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ പ്രതികരണമുണ്ടാക്കാന്‍ ഈ തന്മാത്രകള്‍ക്കു കഴിയും. അതിന്റെ ഫലമായി കോശപാളികളില്‍ നീര്‍ക്കെട്ടുണ്ടാകാറുമുണ്ട്‌.

യു.സി.എസ്‌.ഡി.യിലെ 'ഗ്ലൈക്കോബയോളജി റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിങ്‌ സെന്ററി'ന്റെ സഹമേധാവിയായ ഡോ. അജിത്‌ വര്‍ക്കിയുടെ കുടുംബവേരുകള്‍ കേരളത്തിലാണ്‌. മാവേലിക്കര ആലിന്റെ തെക്കേതില്‍ കുടുംബത്തിലെ അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എ. എം. വര്‍ക്കിയുടെ മകന്‍ മാത്യു വര്‍ക്കിയാണ്‌ ഡോ. അജിത്‌ വര്‍ക്കിയുടെ പിതാവ്‌. പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ പോത്തന്‍ ജോസഫിന്റെ മകള്‍ അന്ന വര്‍ക്കിയാണ്‌ മാതാവ്‌. വെല്ലൂര്‍ മെഡിക്കല്‍കോളേജില്‍ നിന്ന്‌ മെഡിസിനില്‍ ബിരുദമെടുത്ത അജിത്‌ വര്‍ക്കി, സെന്റ്‌ ലൂയിസിലെ വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ്‌ കാലിഫോണിയ സര്‍വകലാശാലയില്‍ ചേര്‍ന്നത്‌. ഭാര്യ ഡോ. നിസ്സി വര്‍ക്കിയും ഇതേ സര്‍വകലാശാലയില്‍ ഗവേഷകയാണ്‌. പുതിയ കണ്ടെത്തല്‍ നടത്തിയ സംഘത്തില്‍ ഡോ. നിസ്സിയും അംഗമായിരുന്നു.
(അവലംബം: നേച്ചര്‍, കാലിഫോര്‍ണിയ സര്‍വകലാശാല-സാന്‍ ഡിയേഗോയുടെ വാര്‍ത്താക്കുറിപ്പ്‌. കടപ്പാട്‌: മാതൃഭൂമി)

Saturday, November 01, 2008

സുനാമി: ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസം

2004-ല്‍ ഏഷ്യയിലാകെ ദുരന്തം വിതച്ച സുനാമി, ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച കൊടുംദുരന്തമല്ലെന്ന്‌ ഗവേഷകര്‍. കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണത്രേ, ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സുനാമി.

സുമാത്രയ്‌ക്കു സമീപം 2004 ഡിസംബര്‍ 26-നുണ്ടായ സമുദ്രഭൂകമ്പത്തിന്റെയും, അതേത്തുടര്‍ന്ന്‌ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാശം വിതച്ച സുനാമിയുടെയും നടുക്കം ഇപ്പോഴും ശരിക്ക്‌ മാറിയിട്ടില്ല. 30 മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിച്ച മരണത്തിരകള്‍ ആഞ്ഞടിച്ചു. ഏതാണ്ട്‌ രണ്ടേകാല്‍ ലക്ഷം പേരാണ്‌ ആ ദുരന്തത്തില്‍ മരിച്ചത്‌. ഇന്ത്യയുള്‍പ്പടെ മേഖലയിലെ 11 രാജ്യങ്ങളെ സുനാമി നേരിട്ടു ബാധിച്ചു.

9.1 നും 9.3 നും മധ്യേ തീവ്രതയുള്ള സമുദ്രഭൂകമ്പമാണ്‌, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുനാമികളിലൊന്നിന്‌ നിമിത്തമായത്‌. എന്നാല്‍, 2004-ലേത്‌ മേഖലയില്‍ ഇത്തരത്തിലുണ്ടായ ആദ്യ സുനാമി ദുരന്തമല്ലത്രെ. മുമ്പും ഇതുപോലെ ഭീമന്‍ സുനാമിദുരന്തം ഇന്ത്യന്‍ മഹാസമുദ്ര മേഖല നേരിട്ടിട്ടുള്ളതായി പുതിയൊരു ഗവേഷണം പറയുന്നു. ഏതാണ്ട്‌ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണ്‌ ഏഷ്യന്‍ സുനാമിയെന്നാണ്‌ ഗവേഷണം നല്‍കുന്ന സൂചന.

ഇന്‍ഡൊനീഷ്യയില്‍ സുമാത്രയിലെയും തായ്‌ലന്‍ഡിലെയും തീരപ്രദേശത്ത്‌ അടിഞ്ഞുകൂടിയ മണല്‍പ്പാളികള്‍ പരിശോധിച്ച അന്താരാഷ്ട്ര ഗവേഷകരാണ്‌, മുമ്പും മേഖലയില്‍ സുനാമി ദുരന്തമുണ്ടായിട്ടുണ്ട്‌ എന്ന്‌ കണ്ടെത്തിയത്‌. 600-700 വര്‍ഷം മുമ്പ്‌്‌ മേഖല 2004-ലേത്‌ പോലൊരു ദുരന്തത്തിന്‌ ഇരയായെന്ന്‌, 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഏതാണ്ട്‌ അതേ ഇടവേളയ്‌ക്ക്‌ മുമ്പ്‌ മറ്റൊന്ന്‌ ഉണ്ടായതിന്റെയും തെളിവ്‌ ഗവേഷകര്‍ക്ക്‌ ലഭിച്ചു. ഭാവി ദുരന്തങ്ങള്‍ പ്രവചിക്കാന്‍ തുണയായേക്കാവുന്ന പഠനമാണിത്‌.

ഭൂകമ്പത്തിന്‌ ശേഷം സംഹാരശക്തിയോടെ കരയിലേക്ക്‌ അടിച്ചു കയറുന്ന തിരമാലകള്‍, തീരത്തുനിന്ന്‌ ഉള്ളിലേക്ക്‌ വന്‍തോതില്‍ മണല്‍ എത്തിക്കും. സുനാമി എത്ര വലുതാണോ അത്രയും ഉള്ളിലേക്ക്‌ മണല്‍ എത്തിയിട്ടുണ്ടാകും. കാറ്റ്‌ മൂലമോ ഒഴുക്കുവെള്ളത്തിന്റെ സഹായത്താലോ മണല്‍ എത്താത്ത സ്ഥലത്ത്‌ കാണപ്പെടുന്ന ഇത്തരം അവശിഷ്ടങ്ങള്‍ ചരിത്രരേഖ തന്നെയാണ്‌. ലോകത്തെവിടെയും മുമ്പുണ്ടായ സുനാമികളെക്കുറിച്ച്‌ പഠിക്കാന്‍ തീരപ്രദേശത്തെ മണലിന്റെ ഇത്തരം അടരുകളാണ്‌ സഹായകമാകുന്നത്‌.

രണ്ട്‌ അന്താരാഷ്ട്രസംഘങ്ങളാണ്‌ ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ പഴയ സുനാമികളെക്കുറിച്ച്‌ പഠിച്ചത്‌. തായ്‌ലന്‍ഡില്‍ ചുലലോംഗ്‌കോണ്‍ സര്‍വകലാശാലയിലെ കരുവാവുന്‍ ജാന്‍കായേവിന്റെ നേതൃത്വത്തിലുള്ള സംഘവും, പിറ്റ്‌സ്‌ബര്‍ഗ്‌ സര്‍വകലാശാലയിലെ കാട്രിന്‍ മൊനികെയുടെ നേതൃത്വത്തിലുള്ള സംഘവും. ഇതില്‍ ആദ്യ ഗ്രൂപ്പ്‌ തായ്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഫാര തോങ്‌ ദ്വീപിലെ 150 കേന്ദ്രങ്ങള്‍ പരിശോധിച്ചു. കാട്രിന്റെ നേതൃത്വത്തിലുള്ള സംഘം, സുമാത്രയിലെ ആച്ചേയ്‌ മേഖലയിലെ നൂറിടങ്ങളില്‍ നിന്ന്‌ തെളിവ്‌ ശേഖരിച്ചു.

ഇരുകൂട്ടരും പഠനം നടത്തിയ പ്രദേശങ്ങളില്‍ മേല്‍മണ്ണിനടിയില്‍ ഒരു പ്രത്യേക മണല്‍പ്പാളി ഉള്ളതായി കണ്ടു. 2004-ലെ സുനാമിയുടെ ഫലമായി രൂപപ്പെട്ട മണല്‍പ്പാളിയോട്‌ സദൃശ്യമുള്ളതായിരുന്നു അത്‌. റേഡിയോ കാര്‍ബണ്‍ സങ്കേതത്തിന്റെ സഹായത്തോടെ, മണ്ണിനടിയിലെ ആ മണല്‍പ്പാളിയുടെ പ്രായം എത്രയെന്ന്‌ അവര്‍ ഉത്തരം തേടി. രണ്ടു സംഘത്തിനും കിട്ടിയത്‌ ഏതാണ്ട്‌ ഒരേ ഉത്തരമായിരുന്നു: 600-700 വര്‍ഷം പഴക്കം.

ആ പഴയ പാളിയെക്കാള്‍ ആഴത്തില്‍ മറ്റൊരു മണല്‍പ്പാളിയുടെ കൂടി തെളിവ്‌ ഡോ. മൊനികെയ്‌ക്കും സംഘത്തിനും ലഭിച്ചു. അതിന്‌ പഴക്കം ഏതാണ്ട്‌ 1200 വര്‍ഷമായിരുന്നു. മേഖലയില്‍ വന്‍സുനാമികള്‍ ഏതാണ്ട്‌ 600 വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണിത്‌. 2004-ലേതുപോലെ, കരയില്‍ വളരെ ഉള്ളിലുള്ള സ്ഥലങ്ങളിലാണ്‌, പഴയ മണല്‍പ്പാളികളും കാണപ്പെട്ടത്‌. അതിനാല്‍, പഴയവയും ശക്തമായ സുനാമികളായിരുന്നു എന്നാണ്‌ മനസിലാക്കേണ്ടത്‌.

തായ്‌ സംഘത്തിന്‌ 1200 വര്‍ഷം പഴക്കമുള്ള മണല്‍പ്പാളിയെക്കുറിച്ച്‌ ചില സൂചനകളേ ലഭിച്ചുള്ളു. എന്നാല്‍, 2000 വര്‍ഷം മുമ്പുണ്ടായ മറ്റൊരു മണല്‍പ്പാളിയെപ്പറ്റി വളരെ വ്യക്തമായ തെളിവ്‌ കണ്ടെത്താന്‍ അവര്‍ക്കായി. ഭൂകമ്പപ്രവചനം ഇപ്പോഴും മനുഷ്യന്‌ അസാധ്യമാണ്‌. സമുദ്രഭൂകമ്പം എപ്പോഴും സുനാമി ഉണ്ടാക്കിക്കൊള്ളണമെന്നില്ല. എങ്കിലും, പുതിയ ഗവേഷണം നല്‍കുന്ന സൂചന, ഉടനെയൊന്നും ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ മറ്റൊരു സുനാമിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌. (അവലംബം: നേച്ചര്‍)