Sunday, July 29, 2007

വിഷവാതകത്തിന്‌ പ്രതിവിധി അട്ടിന്‍പാലില്‍ നിന്ന്‌

മാരകമായ വിഷവാതകങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ ജനിതകപരിഷ്‌ക്കരണം നടത്തിയ ആടുകളുടെ പാലില്‍ നിന്ന്‌ ഔഷധമെത്തുന്നു.

സാരിന്‍ (sarin), വി.എക്‌സ്‌ (VX) തുടങ്ങി അങ്ങേയറ്റം അപകടകാരികളായ വിഷവാതകങ്ങളില്‍ നിന്നു പ്രതിരോധം നേടാന്‍ സഹായിക്കുന്ന അപൂര്‍വ ഔഷധമാണ്‌ ആട്ടിന്‍പാലില്‍ നിന്ന്‌ സൃഷ്ടിക്കുന്നത്‌. യുദ്ധമേഖലകളിലും ഭീകരാക്രമണവേളയിലും ഈ ഔഷധം അനുഗ്രഹമായേക്കും. രാസായുധങ്ങള്‍ക്കെതിരെയുള്ള വലിയൊരു മുന്നേറ്റമാണിത്‌.

സാരിന്‍ പോലുള്ള വിഷവാതകങ്ങള്‍ 'ഓര്‍ഗാനോഫോസ്‌ഫേറ്റുകള്‍' (organophosphates) എന്നാണ്‌ അറിയപ്പെടുന്നത്‌. ഇത്തരം രാസവസ്‌തുക്കളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള 15 കിലോഗ്രാമോളം മരുന്ന്‌ ആട്ടിന്‍പാലില്‍ നിന്ന്‌ ഇതിനകം നിര്‍മിച്ചു കഴിഞ്ഞതായി 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'(PNAS)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പറയുന്നു.'ഫാംഅഥിന്‍' (PharmAthene) എന്ന അമേരിക്കന്‍ കമ്പനിയാണ്‌ ഇതിന്‌ പിന്നില്‍. 'ബ്യുട്ടൈറില്‍കോളിനെസ്‌റ്റിറാസ്‌'(butyrylcholinesterase) എന്ന രാസഘടകമാണ്‌ 'പ്രൊട്ടെക്‌സിയ'(Protexia) എന്ന്‌ താത്‌ക്കാലിക നാമം നല്‍കിയിട്ടുള്ള ഈ ഔഷധത്തിന്റെ ഉള്ളടക്കം.

യുദ്ധക്കളങ്ങളില്‍ വിഷവാതക ഭീഷണി നേരിടുന്ന സൈനികരെ ഉദ്ദേശിച്ച്‌ യു.എസ്‌.പ്രതിരോധ വകുപ്പാണ്‌ ഗവേഷണത്തിന്‌ ഫണ്ട്‌ നല്‍കുന്നത്‌. ഭീകരാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ഔഷധം പ്രയോജനപ്പെടുത്താനാകും. മനുഷ്യ ശരീരത്തില്‍ നാമമാത്രമായ തോതില്‍ അടങ്ങിയിട്ടുള്ള ഒരു രാസാഗ്നി (എന്‍സൈം)യാണ്‌ 'ബ്യുട്ടൈറില്‍കോളിനെസ്‌റ്റിറാസ്‌'. രക്തത്തില്‍ നിന്ന്‌ ഇത്‌ വേര്‍തിരിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും കാര്യമായി വിജയിച്ചിട്ടില്ല.
"ഉത്‌പാദിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള രാസവസ്‌തുവാണിത്‌"-ഫാംഅഥിനിലെ ഗവേഷകനായ ഡോ.സൊളമന്‍ ലാന്‍ഗെര്‍മാന്‍ അറിയിക്കുന്നു. പ്രാണികളെ ഉപയോഗിച്ചും യീസ്‌റ്റില്‍ നിന്നും ബാക്ടീരിയത്തില്‍ നിന്നുമൊക്കെ ഉത്‌പാദിപ്പിക്കാന്‍ കഠിന ശ്രമം തന്നെ നടന്നിട്ടുണ്ടെങ്കിലും, മില്ലിഗ്രാം നിരക്കിലല്ലാതെ ഈ രാസവസ്‌തു വേര്‍തിരിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ജനിതകപരിഷ്‌ക്കരണം നടത്തിയ ആടിന്റെ പാലില്‍ നിന്ന്‌ ഔഷധം വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ നിര്‍മിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്‌-ഡോ.ലാന്‍ഗെര്‍മാന്‍ പറയുന്നു. വിവിധങ്ങളായ 'ഓര്‍ഗാനോഫോസ്‌ഫേറ്റ്‌' വാതകങ്ങള്‍ക്കെതിരെ ഈ ഔഷധം ഫലംചെയ്യും.

മനുഷ്യരില്‍ 'ബ്യുട്ടൈറില്‍കോളിനെസ്‌റ്റിറാസി'ന്‌ കാരണമായ ജീന്‍ ആടിന്റെ ഭ്രൂണത്തില്‍ ഒരു 'വാഹകഏജന്റി' (vector)ന്റെ സഹായത്തോടെ സന്നിവേശിപ്പിക്കുകയാണ്‌ ചെയ്യുന്ന്‌. അങ്ങനെയുണ്ടാകുന്ന ആടിന്റെ പാലില്‍ ഈ രാസവസ്‌തു വന്‍തോതില്‍ അടങ്ങിയിട്ടുണ്ടാകും. ചില ജനിതക നിയന്ത്രണഘടകങ്ങളുടെ സഹായത്തോടെ, ആടിന്റെ പാലില്‍ എത്ര ഔഷധം ഉത്‌പാദിപ്പിക്കണമെന്ന കാര്യം ക്രമീകരിക്കാനും ഗവേഷകര്‍ക്ക്‌ കഴിഞ്ഞുവെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. മാത്രമല്ല, ആടിന്റെ മറ്റ്‌ ശരീരകലകളെ അപേക്ഷിച്ച്‌ പാലില്‍ ഇത്‌ കൂടുതല്‍ ഉണ്ടാക്കാനും സാധിച്ചു.

രക്തത്തില്‍ ദീര്‍ഘനേരം സാന്നിധ്യമുണ്ടാകും എന്നതാണ്‌ പരീക്ഷണഘട്ടത്തിലുള്ള ഈ ഔഷധത്തിന്റെ മെച്ചം. അതിനാല്‍, രാസായുധ ഭീഷണിയുണ്ടെങ്കില്‍ മുന്‍കൂറായി ഇത്‌ കഴിച്ച്‌ ശരീരത്തെ സജ്ജമാക്കാനാകും. വിഷവാതകമേറ്റതിന്‌ ശേഷം ഇത്‌ കഴിച്ചാലും പ്രയോജനം ചെയ്യും-ഡോ.ലാന്‍ഗെര്‍മാന്‍ അറിയിക്കുന്നു. സാരിന്‍ പോലുള്ള നെര്‍വ്‌ഗ്യാസു(nerve gas)കള്‍ക്കെതിരെ 'അട്രോപിന്‍' (atropine), '2-പാം'(2-PAM) എന്നീ മരുന്നുകള്‍ ഒരുമിച്ച്‌ ഉപയോഗിക്കുകയാണ്‌ നിലവില്‍ ചെയ്യുന്നത്‌. ഇവയുടെ സാന്നിധ്യം രക്തത്തില്‍ നിന്ന്‌ വേഗം മറയും. അതിനാല്‍, വിഷവാതക പ്രയോഗത്തെ അതിജീവിച്ചാലും സൈനികര്‍ക്ക്‌ കാര്യമായ സിരാതകരാര്‍(neurological damage) സംഭവിച്ചിട്ടുണ്ടാകും. ആ പ്രശ്‌നത്തിന്‌ പുതിയ ഔഷധം പ്രതിവിധിയാകുന്നു.(അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, കടപ്പാട്‌: മാതൃഭൂമി)

Friday, July 27, 2007

സമയമെന്ന വ്യാമോഹം

സമയമെന്ന പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താന്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍ ശ്രമപ്പെട്ടിട്ടുള്ളത്‌. നൂറ്റാണ്ടുകളായി എത്രയോ ദാര്‍ശനികന്മാരുടെ മുഖ്യചിന്താവിഷയം അതായിരുന്നു. ശാസ്‌ത്രത്തിന്റെ ചരിത്രം തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ നടന്ന അന്വേഷണങ്ങളായിരുന്നു
മയം മൂന്നു പൊയ്‌ക്കാലുള്ള ഒരു വിചിത്ര ജീവിയെപ്പോലെയാണ്‌. ഭൂതകാലത്തിന്റെ കാരുണ്യരഹിതമായ ഭൂമികയിലാണ്‌ അത്‌ ഒരു കാല്‍ വെച്ചിരിക്കുന്നത്‌. വര്‍ത്തമാനത്തിന്റെ വ്യാമോഹങ്ങളില്‍ രണ്ടാമത്തേതും, ഭാവിയുടെ അവ്യക്തതകളിലും അനിശ്ചിതങ്ങളിലും മൂന്നാമത്തെ കാലും ഊന്നിയാണ്‌ അതിന്റെ നില്‍പ്പ്‌. സെക്കന്‍ഡും മണിക്കൂറും ദിവസവുമൊക്കെയായി സമയത്തെ മുറിച്ചു സൗകര്യപ്പെടുത്താന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, അതിനെയൊക്കെ പരാജയപ്പെടുത്തി സമയം നീങ്ങിക്കൊണ്ടിരിക്കും; നമുക്കിഷ്‌ടമായാലും ഇല്ലെങ്കിലും. ശരാശരി ആയുസ്സുള്ള വ്യക്തിയാണ്‌ നിങ്ങളെങ്കില്‍, ഏതാണ്ട്‌ 650,000 മണിക്കൂര്‍ നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ജീവിച്ച്‌ മറയാം. അതില്‍ കൂടുതല്‍ സമയവുമായി ഏറ്റുമുട്ടാന്‍ മനുഷ്യനെന്ന നിലയ്‌ക്ക്‌ നിങ്ങള്‍ക്ക്‌ കഴിയില്ല.

സമയമെന്ന പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താന്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍ ശ്രമപ്പെട്ടിട്ടുള്ളത്‌. നൂറ്റാണ്ടുകളായി എത്രയോ ദാര്‍ശനികന്മാരുടെ മുഖ്യചിന്താവിഷയം അതായിരുന്നു. ശാസ്‌ത്രത്തിന്റെ ചരിത്രം തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ നടന്ന അന്വേഷണങ്ങളായിരുന്നു. ഭൂമിയുടെ പ്രായമോ പ്രപഞ്ചത്തിന്റെ ആയുസ്സോ ഒക്കെ അടുത്തയിടെ മാത്രം മനുഷ്യന്‍ അറിഞ്ഞെടുത്ത വസ്‌തുതകളാണ്‌. പ്രപഞ്ചത്തിന്റെ പിറവിയെയും വികാസത്തെയും വിധിയെയും പറ്റി സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയില്‍, വിഖ്യാത ശാസ്‌ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌ എണ്‍പതുകളില്‍ രചിച്ച പുസ്‌തകത്തിന്റെ പേര്‌ `എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം'(കാലത്തിന്റെ ഒരു ഹൃസ്വചരിത്രം) എന്നായത്‌ യാദൃശ്ചികമല്ല.

1865 ഏപ്രില്‍ 15-ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ എബ്രഹാം ലിങ്കണ്‍ വധിക്കപ്പെട്ട കാര്യം `റോയിട്ടേഴ്‌സി'ന്റെ ലേഖകന്‍ അയച്ച റിപ്പോര്‍ട്ടിലൂടെ പുറംലോകം (അന്ന്‌ പുറംലോകം എന്നതിനര്‍ത്ഥം യൂറോപ്പ്‌ എന്നായിരുന്നു) അറിഞ്ഞത്‌ ഒരു മാസം കഴിഞ്ഞാണ്‌. റിപ്പോര്‍ട്ടുമായി കപ്പല്‍ അത്‌ലാന്റിക്‌ കടന്നെത്താന്‍ അത്രയും സമയമെടുത്തു. അത്തരമൊരു `വൈകല്‍' ഇന്നില്ല. തത്സമയമാണിപ്പോള്‍ കാര്യങ്ങള്‍. കാലത്തിന്റെ ഭൂമിശാസ്‌ത്രപരമായ അതിരുകള്‍ മായ്‌ച്ചുകളയാന്‍ സാങ്കേതിക മുന്നേറ്റം മനുഷ്യനെ സഹായിച്ചു. മറ്റെല്ലാ ജീവികളും സമയത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെടുമ്പോള്‍, മനുഷ്യന്‍ മാത്രം അതിനെ പരിമിതമായ തോതിലെങ്കിലും അതിജീവിക്കാന്‍ ശ്രമിച്ച്‌ വിജയം നേടിയിരിക്കുന്നു. ഭൂമിയില്‍ മനുഷ്യന്‍ നേടിയ ആധിപത്യത്തിന്റെ മുഖ്യലക്ഷണം തന്നെ അവന്‌ സമയത്തെ മെരുക്കാന്‍ കഴിഞ്ഞതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.

അഞ്ഞൂറ്‌ കോടി വര്‍ഷം പ്രായമുള്ള ഇടത്തരം നക്ഷത്രമായ സൂര്യനെ ചുറ്റുന്ന, ഏതാണ്ട്‌ 460 കോടി വര്‍ഷം പഴക്കമുള്ള ഗ്രഹമാണ്‌ ഭൂമി. ജീവന്‍ നിലനില്‍ക്കുന്ന ഗ്രഹമെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഏകസ്ഥലം. പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന സുപ്രധാന ചോദ്യത്തിന്റെ ഉത്തരം, എത്രകാലമായി മനുഷ്യന്‍ ഭൂമിയില്‍ ആധിപത്യം നേടിയിട്ടെന്ന ചോദ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഭൂമിയുടെ പ്രായമായ 460 കോടി വര്‍ഷത്തെ കേവലമൊരു ദിവസമായി സങ്കല്‍പ്പിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന കാര്യം 'എ ഷോര്‍ട്ട്‌ ഹിസ്‌റ്ററി ഓഫ്‌ നിയര്‍ലി എവരിതിങ്‌' എന്ന ഗ്രന്ഥത്തില്‍ ബില്‍ ബ്രൈസന്‍ വിവരിച്ചിട്ടുണ്ട്‌. രാത്രി പന്ത്രണ്ടു മുതല്‍ അടുത്ത രാത്രി പന്ത്രണ്ടു മണി വരെ നീളുന്ന സമയം. അങ്ങനെയെങ്കില്‍ പുലര്‍ച്ചെ നാലുമണിക്ക്‌ ഭൂമുഖത്ത്‌ ജീവന്റെ ആദ്യനാളങ്ങള്‍ പ്രത്യക്ഷപ്പെട്ടു; അങ്ങേയറ്റം ലളിതമായ ഏകകോശ ജീവികളുടെ ആഭിര്‍ഭാവത്തോടെ. ജീവന്റെ ചരിത്രം അവിടെയാണ്‌ തുടങ്ങുന്നത്‌. പിന്നീട്‌ 16 മണിക്കൂര്‍ നേരത്തേക്ക്‌ (വൈകുന്നേരം 8.30 വരെ) വലിയ മാറ്റമൊന്നുമുണ്ടായില്ല. അപ്പോഴേക്കും ദിവസത്തിന്റെ ആറില്‍ അഞ്ചു ഭാഗവും കഴിഞ്ഞിരുന്നു. ആ സമയം വരെ ഭൂമി സൂക്ഷ്‌മജീവികളുടെ മാത്രം ഗ്രഹമായിരുന്നു.

അവശേഷിച്ചിരുന്ന നാലുമണിക്കൂറിനുള്ളിലാണ്‌ ബാക്കിയെല്ലാം സംഭവിച്ചത്‌. രാത്രി 8.30-ന്‌ ആദ്യ സമുദ്രസസ്യങ്ങള്‍ ആവര്‍ഭവിച്ചു. 20 മിനിറ്റിന്‌ ശേഷം ആദ്യ ജല്ലിഫിഷുകള്‍ പ്രത്യക്ഷപ്പെട്ടു. സങ്കീര്‍ണ്ണജീവികളുടെ പ്രാചീനരൂപങ്ങളായ ട്രിലോബൈറ്റുകള്‍ (trilobites) 9.04-ഓടെ രംഗത്തെത്തി. ഏതാണ്ട്‌ അതേസമയത്തു തന്നെ പ്രത്യേക ആകൃതികളോടുകൂടിയ ജീവികളും ഉടലെടുത്തു തുടങ്ങി. രാത്രി പത്തുമണിക്കു തൊട്ടുമുമ്പായി കരയില്‍ വളരുന്ന സസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദിവസം തീരാന്‍ കഷ്‌ടിച്ച്‌ രണ്ടു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കരയിലെ ആദ്യജീവികള്‍ പ്രത്യക്ഷപ്പെട്ടു. 10.24 -ഓടെ ഭൂമുഖത്തു മുഴുവന്‍ വന്‍ കാര്‍ബോണിഫെറസ്‌ കാടുകള്‍(Carboniferous forests) നിറഞ്ഞു. ഇന്ന്‌ നമുക്കു ലഭിക്കുന്ന കല്‍ക്കരി മുഴുവന്‍ ആ കാടുകളുടെ അവശിഷ്‌ടമാണ്‌. ആ സമയത്തു തന്നെ ചിറകുള്ള ആദ്യപ്രാണികളും രംഗത്തെത്തി. ഡിനോസറുകള്‍ ആധിപത്യം സ്ഥാപിക്കുന്നത്‌ 11 മണിക്ക്‌ അല്‍പ്പം മുമ്പാണ്‌. മണിക്കൂറിന്റെ മൂന്നിലൊന്നു സമയമേ അവയുടെ ആധിപത്യം നീണ്ടുള്ളൂ. അതോടെ നാമാവശേഷമായി. ദിവസം തീരാന്‍ 21 മിനിറ്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍ ഡിനോസറുകള്‍ പൂര്‍ണമായി അരങ്ങൊഴിഞ്ഞു. സസ്‌തനികളുടെ യുഗം അപ്പോഴാണ്‌ ആരംഭിക്കുന്നത്‌. അര്‍ധരാത്രിക്ക്‌ വെറും ഒരു മിനിറ്റും 17 സെക്കന്റും അവശേഷിക്കുമ്പോഴാണ്‌ മനുഷ്യന്റെ രംഗപ്രവേശം! ഒരു മനുഷ്യായുസ്‌ എന്നുവെച്ചാല്‍ ഇതില്‍ ഒരു സെക്കന്റിന്റെ എത്ര നിസ്സാരമായ അംശമായിരിക്കും എന്നു ചിന്തിച്ചു നോക്കുക.

ഇത്‌ ഭൂമിയുടെ കാര്യം. പ്രപഞ്ചത്തിന്റെ കാര്യത്തില്‍ കഥ ആരംഭിക്കുന്നത്‌ 1370 കോടി വര്‍ഷം മുമ്പെന്നാണ്‌ ഏറ്റവുമൊടുവില്‍ ശാസ്‌ത്രലോകം എത്തിയിരിക്കുന്ന നിഗമനം. തുടക്കം ഒരു കണത്തില്‍ നിന്നായിരുന്നു. അതിന്‌ സംഭവിച്ച മഹാവിസ്‌ഫോടനത്തിന്റെ(Big bang) ഫലമാണ്‌ പ്രപഞ്ചം എന്നതാണ്‌, പ്രപഞ്ചസൃഷ്‌ടിയെപ്പറ്റിയുള്ള പ്രബല സിദ്ധാന്തം. മഹാവിസ്‌ഫോടനത്തോടെയാണ്‌ സമയമുള്‍പ്പടെ നമുക്ക്‌ അനുഭവേദ്യമായ എല്ലാറ്റിന്റെയും ആരംഭം. കെട്ടുകഥയെക്കാള്‍ വിചിത്രമെന്നു തോന്നാവുന്ന ഈ സിദ്ധാന്തത്തിന്‌ വേണ്ടുവോളം തെളിവുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു എന്നറിയുക. പ്രപഞ്ചം ഇതിനകം പിന്നിട്ട 1370 കോടിവര്‍ഷത്തില്‍ ഏറ്റവും നിര്‍ണ്ണായകമെന്നു പറയാവുന്ന സമയം, പക്ഷേ മഹാവിസ്‌ഫോടനം കഴിഞ്ഞുള്ള ആദ്യ സെക്കന്‍ഡിന്റെ ആദ്യഭാഗമായിരുന്നു എന്നറിയുമ്പോഴാണ്‌ സമയത്തിന്റെ അതിസൂക്ഷ്‌മാംശത്തിന്റെ സ്വാധീനം പ്രപഞ്ചത്തെ എങ്ങനെ രൂപപ്പെടുത്തി എന്നു മനസിലാവുക.

പ്രപഞ്ചത്തിലെ ബലങ്ങളും ദ്രവ്യവും മറ്റ്‌ ഭൗതീകഗുണങ്ങളുമെല്ലാം ഉരുത്തിരിയാന്‍ കാരണമായത്‌, ആദ്യ സെക്കന്റിന്റെ ആദ്യഭാഗത്ത്‌ സംഭവിച്ച `മഹാവികാസ'മെന്നു തന്നെ പറയാവുന്ന 'മഹാവികാസം' (Inflation) ആയിരുന്നു എന്നാണ്‌ കരുതുന്നത്‌. 'മഹാവികാസ സിദ്ധാന്തം' എന്നറിയപ്പെടുന്ന ഈ നിഗമനം മുന്നോട്ടുവെച്ചത്‌ അലന്‍ ഗുഥ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌; 1979-ല്‍. ആദ്യസെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊരംശം സമയം കൊണ്ടാണ്‌ ആ 'മഹാവികാസം' നടന്നതെന്ന്‌ അലന്‍ ഗുഥ്‌ സമര്‍ത്ഥിച്ചു. ആ സമയം കൊണ്ട്‌ ഒരു പ്രാപഞ്ചിക കണികയില്‍ നിന്ന്‌ കൈക്കുള്ളില്‍ ഒതുങ്ങുന്ന വലുപ്പത്തില്‍, ഒരുപക്ഷേ 10,000,000,000,000,000,000,000,000 മടങ്ങ്‌ വലുപ്പത്തിലേക്ക്‌ പ്രപഞ്ചം വളര്‍ന്നു! ആ സ്ഥിതിയില്‍ നിന്നാണ്‌ ഇപ്പോള്‍ നൂറ്‌ ബില്ല്യണ്‍ (ഒരു ബില്ല്യണ്‍ = നൂറു കോടി) പ്രകാശവര്‍ഷം വിസ്‌തൃതിയുള്ള ഒന്നായി പ്രപഞ്ചം മാറിയത്‌.തലചുറ്റലുണ്ടാക്കുന്ന കണക്കുകളാണിവ. അതിവിടെ നിര്‍ത്താം. ഇനി സമയത്തിന്റെ മറ്റൊരു വശം പരിഗണിച്ചു നോക്കാം. ഇന്ന്‌, ഇന്നലെ, നാളെ എന്നൊക്കെ ക്ലിപ്‌തമായി നിര്‍ണ്ണയിക്കാവുന്ന ഒന്നാണോ സമയം.

ഭൂമിയില്‍ നിന്ന്‌ നൂറ്‌ പ്രകാശവര്‍ഷമകലെ (ഒരു പ്രകാശവര്‍ഷമെന്നത്‌ പ്രകാശം സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ എന്ന തോതില്‍ ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ്‌. ഇത്‌ ഏതാണ്ട്‌ 9.5 ലക്ഷം കോടി കിലോമീറ്റര്‍ വരും) സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെ 2005-ല്‍ നിരീക്ഷിക്കുന്ന വ്യക്തി എന്താണ്‌ യഥാര്‍ത്ഥത്തില്‍ കാണുന്നത്‌? ഏതൊരു വസ്‌തുവിലെയും പ്രകാശം നോക്കുന്നയാളുടെ കണ്ണിലെത്തുമ്പോഴാണ്‌ കാഴ്‌ച സാധ്യമാവുക. അതനുസരിച്ചാണെങ്കില്‍, മേല്‍പ്പറഞ്ഞ നക്ഷത്രത്തെ 2005-ല്‍ കാണുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ദര്‍ശിക്കുന്നത്‌ 1905-ലെ നക്ഷത്രത്തെയാണ്‌. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയില്‍ തന്റെ വിഖ്യാതമായ വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്നതേയുള്ളൂ അപ്പോള്‍. ആ നക്ഷത്രത്തിന്റെ `ഇന്നത്തെ' കാഴ്‌ച കിട്ടണമെങ്കിലോ. നിങ്ങള്‍ നൂറുവര്‍ഷം കാത്തിരിക്കണം. അപ്പോള്‍ ഭൂതകാലത്തെ ഏതോ മായക്കാഴ്‌ചയാണോ ആ നക്ഷത്രത്തെ നോക്കിയയാള്‍ കണ്ടത്‌. ഇപ്പോഴത്തെ കാഴ്‌ചയെന്നത്‌ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു അനിശ്ചിതത്വമാണോ?

സമയമെന്നത്‌ കൃത്യതയാര്‍ന്ന ഒന്നാണെന്ന ധാരണ തിരുത്തിയെഴുതിയത്‌ ഐന്‍സ്റ്റയിന്‍ ആണ്‌. സമയമെന്നത്‌ ആപേക്ഷികമാണെന്നും അത്‌ നിരീക്ഷിക്കുന്നയാളെ ആശ്രയിച്ചാണ്‌ അനുഭവപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി തന്നു. സ്ഥലകാലങ്ങളുടെ അഴിയാചുഴിയില്‍ മുങ്ങിനീന്താനാണ്‌ പ്രപഞ്ചത്തിന്റെ വിധിയെന്ന്‌ ഐന്‍സ്റ്റയിന്‍ നിഗമനത്തിലെത്തി. അതുകൊണ്ടു തന്നെ ``സമയമെന്നത്‌ ഒരു വ്യാമോഹം മാത്രമാണെ''ന്ന്‌ പറയാന്‍ ഏറ്റവു അര്‍ഹതയുള്ള വ്യക്തിയും ഐന്‍സ്റ്റയിന്‍ തന്നെയായിരുന്നു.(2005 നവംബര്‍ 12-ന്റെ 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്‌).

Thursday, July 26, 2007

ശനിക്ക്‌ അറുപതാം ഉപഗ്രഹം

ശനിയുടെ ഉപഗ്രഹപട്ടിക അവസാനിക്കുന്നില്ല. അറുമതാമതൊരു ഉപഗ്രഹം കൂടി കണ്ടെത്തിയിരിക്കുകയാണ്‌ വാനശാസ്‌ത്രജ്ഞര്‍.
'കാസ്സിനി' ബഹിരാകാശ പേടകമെടുത്ത ഗ്രഹചിത്രങ്ങളില്‍ നിന്നാണ്‌ പുതിയ ഉപഗ്രഹത്തെ തിരിച്ചറിഞ്ഞത്‌. പ്രഥമിക കണക്കുകൂട്ടലുകള്‍ പ്രകാരം ഇത്‌ ചെറിയൊരു ഉപഗ്രഹമാണ്‌; രണ്ട്‌ കിലോമീറ്ററേ വിസ്‌താരമുള്ളു. ശനിയുടെ മറ്റ്‌ രണ്ട്‌ ഉപഗ്രഹങ്ങളായ 'മെഥോണ്‍'(Methone), 'പല്ലെണ്‍'(Pallene) എന്നിവയ്‌ക്കു ഇടയിലാണ്‌ പുതിയതായി കണ്ടെത്തിയ, പേരിടാത്ത ഉപഗ്രഹത്തിന്റെ സ്ഥാനം. പാറയും മഞ്ഞുപാളികളുമാണ്‌ ഇതിലുള്ളതെന്നു കരുതുന്നു.

കാസ്സിനി ഇമേജിങ്‌ ടീമാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. കാസ്സിനി വാഹനം 2007 മെയ്‌ 30-ന്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ അറുപതാം ഉപഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക്‌ തുണവുകയായിരുന്നു. "അങ്ങേയറ്റം മങ്ങിയ ഒരു വസ്‌തുവിന്റെ സാന്നിധ്യമാണ്‌ ആദ്യം കണ്ടത്‌"-ഇമേജിങ്‌ ടീമിലെ അംഗവും യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ ലണ്ടനിലെ ഗവേഷകനുമായ പ്രൊഫ.കാള്‍ മുറെയ്‌ അറിയിക്കുന്നു. ആ സൂചനയുടെ വെളിച്ചത്തില്‍ കാസ്സിനിയെടുത്ത ചിത്രങ്ങളിലൂടെ ശ്രമകരമായ ഒരു പര്യവേക്ഷണം തന്നെ നടത്തേണ്ടി വന്നു ഉപഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍- അദ്ദേഹം അറിയിക്കുന്നു. ശനിക്ക്‌ ഇനിയും ഉപഗ്രഹങ്ങള്‍ കണ്ടെത്താന്‍ ബാക്കിയുണ്ട്‌ എന്നാണിത്‌ വ്യക്തമാക്കുന്നത്‌.

ശനിഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും അടുത്തറിയാനായി 1997-ലാണ്‌ 'കാസ്സിനി-ഹൈജന്‍സ്‌' (Cassini-Huygens) ദൗത്യം യാത്ര തിരിച്ചത്‌. അമേരിക്കന്‍ സ്‌പേസ്‌ ഏജന്‍സിയായ 'നാസ'(NASA), യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ 'ഇസ'(Esa), ഇറ്റാലിയന്‍ സ്‌പേസ്‌ ഏജന്‍സിയായ 'എ.എസ്‌.ഐ'(ASI) എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ആ ദൗത്യം. 2004-ല്‍ ദൗത്യവാഹനം ശനിക്കു സമീപമെത്തി. 2005 ആദ്യം ഹൈജന്‍സ്‌ വാഹനം വേര്‍പെട്ട്‌, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ 'ടൈറ്റാനി'(Titan)ല്‍ പതിച്ചു. സൗരയൂഥത്തില്‍ ഭൂമിയുടെ അപരനെന്നറിയപ്പെടുന്ന ടൈറ്റാന്റെ രഹസ്യങ്ങളറിയുക എന്നതായിരുന്നു ഹൈജന്‍സ്‌ വാഹനത്തിന്റെ ലക്ഷ്യം.

ബ്രീട്ടനില്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ഫെസിലിറ്റീസ്‌ കൗണ്‍സില്‍ (STFC) ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ പ്രൊഫ. കെയ്‌ത്ത്‌ മാസന്‍ അറിയിക്കുന്നതു പ്രകാരം, 1997-ല്‍ കാസ്സിനി-ഹൈജന്‍സ്‌ ദൗത്യം പുറപ്പെടുന്ന സമയത്ത്‌ ശനിയുടെ 18 ഉപഗ്രഹങ്ങളെക്കുറിച്ച്‌ മാത്രമേ അറിവുണ്ടായിരുന്നുള്ളു. കാസ്സിനി വാഹനവും ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പുകളും ചേര്‍ന്ന്‌ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 48 ഉപഗ്രഹങ്ങള്‍ കൂടി കണ്ടെത്തി. കണ്ടെത്തിയ 60 ഉപഗ്രഹങ്ങളില്‍ 48 എണ്ണത്തിനേ പേരിട്ടിട്ടുള്ളു. അറുപതില്‍ 34 ഉപഗ്രങ്ങള്‍ വെറും പത്തു കിലോമീറ്ററില്‍ താഴെ മാത്രം വ്യാസമുള്ളവയാണ്‌. ശനിയുടെ ഉപഗ്രഹങ്ങളില്‍ ഏഴെണ്ണം മാത്രമാണ്‌ ഗുരുത്വാകര്‍ഷണത്താല്‍ ഗോളാകൃതി പ്രാപിക്കാന്‍ മാത്രം പിണ്ഡമുള്ളവ.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, വിക്കിപീഡിയ).

Sunday, July 22, 2007

ശരീരഭാരം മിതപ്പെടുത്തി ആയുസ്സ്‌ വര്‍ധിപ്പിക്കാം

ശരീരഭാരം മിതപ്പെടുത്തിയാല്‍ ആയുസ്സ്‌ വര്‍ധിപ്പിക്കാമെന്ന്‌ പഠനഫലം. ശരീരഭാരം കുറഞ്ഞിരിക്കുമ്പോള്‍ മസ്‌തിഷ്‌ക്കത്തിലേക്കു ഇന്‍സുലിന്‍ എത്തുന്നത്‌ പരിമിതപ്പെടും. ഇതാണ്‌ ആയുസ്സ്‌ വര്‍ധിക്കാനിടയാക്കുന്നതെന്ന്‌ അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കി. മിതമായ ഭക്ഷണക്രമത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതാണ്‌ ഈ പഠനഫലമെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു.

പൊണ്ണത്തടിയും അമിത ശരീരഭാരവും പ്രമേഹവും രക്താതിസമ്മര്‍ദ്ദവും പോലുള്ള ഒട്ടേറെ പ്രശ്‌നങ്ങളിലേക്കുള്ള എളുപ്പവഴിയാണെന്ന്‌ വൈദ്യശാസ്‌ത്രം ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്‌. അതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്‌ ഹൊവാര്‍ഡ്‌ ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. മൊറിസ്‌ വൈറ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനം. പുതിയ ലക്കം'സയന്‍സ്‌' ഗവേഷണ വാരികയാണ്‌ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.

ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കുന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ശരീരത്തില്‍ മിതപ്പെടുത്തിയാല്‍ ആയുസ്സ്‌ കൂടുമെന്ന്‌, പഴയീച്ചയിലും വിരകളിലും മുമ്പ്‌ നടത്തിയ പരീക്ഷണങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുള്ള പരീക്ഷണമാണ്‌ ഡോ.വൈറ്റും സംഘവും നടത്തിയത്‌. ഇതിനായി ഇന്‍സുലിന്‍ സൂചകങ്ങള്‍ മസ്‌തിഷ്‌കത്തിലെത്തിക്കുന്ന 'ഐ.ആര്‍.എസ്‌.2'(IRS2) എന്ന പ്രോട്ടീനിന്റെ പ്രവര്‍ത്തനം ഗവേഷകര്‍ സൂക്ഷ്‌മായി പരിശോധിച്ചു. എലികളില്‍ ഈ പ്രോട്ടീനിന്റെ അളവ്‌ പകുതിയായി കുറച്ചപ്പോള്‍ അവയുടെ ആയുസ്സ്‌ 18 ശതമാനം വര്‍ധിച്ചതായി കണ്ടു. ഈ

പ്രോട്ടീനിന്റെ അളവ്‌ പകുതി മാത്രം ഉത്‌പാദിപ്പിക്കുന്ന എലികളെ ജനിതക എഞ്ചിനയറിങ്ങ്‌ വഴി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. അര്‍ബുദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൊക്കെ ഇവയ്‌ക്ക്‌ കുറച്ചേ ഉണ്ടായുള്ളൂ. അതാണ്‌ ആയുസ്സ്‌ വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന്‌ ഗവേഷകര്‍ കരുതുന്നു. വ്യായാമം, മിതഭക്ഷണം, ആരോഗ്യകരമായ ശരീരഭാരം-ഇവയും ഇന്‍സുലിന്‍ മസ്‌തിഷ്‌കത്തില്‍ കൂടുതലായി എത്തുന്നത്‌ ചെറുക്കും; ആയുസ്സ്‌ വര്‍ധിക്കും.

'ഐ.ആര്‍.എസ്‌.2' പ്രോട്ടീനിന്റെ പ്രവര്‍ത്തനം മിതപ്പെടുത്താന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ രൂപപ്പെടുത്തുക വഴി, പൊണ്ണത്തടയുള്ളവര്‍ക്കു പോലും ഭാവിയില്‍ ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഈ ഗവേഷണഫലം സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. പൊണ്ണത്തടിക്കും വര്‍ധിച്ച ഇന്‍സുലിന്‍ തോതിനും പ്രജ്ഞാനാശ(ഡിമെന്‍ഷ്യ) വുമായി ബന്ധമുണ്ടെന്ന്‌ കണ്ടിട്ടുണ്ട്‌. ഐ.ആര്‍.എസ്‌.2 പ്രോട്ടിനിന്റെ സാന്നിധ്യം കുറച്ച്‌ ഇന്‍സുലിന്‍ തോത്‌ പരിമിതപ്പെടുത്തി ഡിമെന്‍ഷ്യക്ക്‌ പരിഹാരം കാണാന്‍ കഴിയുമോ എന്ന്‌ അന്വേഷിക്കാനും ഈ ഗവേഷണം പ്രേരണ നല്‍കിയേക്കും.(അവലംബം: സയന്‍സ്‌ ഗവേഷണ വാരിക, കടപ്പാട്‌: മാതൃഭൂമി).

Friday, July 20, 2007

ബ്രിട്ടന്‍ എങ്ങനെ ദ്വീപായി; ഉത്തരവുമായി ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍

യൂറോപ്പില്‍ നിന്ന്‌ വേര്‍പെട്ട്‌ ഒരു ദ്വീപായി ബ്രിട്ടന്‍ നിലകൊള്ളുന്നതെന്തുകൊണ്ട്‌. ഒട്ടേറെ നിഗമനങ്ങള്‍ ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെങ്കിലും, വേണ്ടത്ര തെളിവുകളില്ലാതെ അവയൊക്കെ അസ്‌തമിക്കുകയാണുണ്ടായത്‌. എന്നാല്‍, സഞ്‌ജീവ്‌ ഗുപ്‌തയെന്ന ഇന്ത്യന്‍ ഗവേഷകന്‍ ഈ പ്രശ്‌നത്തിന്‌ ഉത്തരം കണ്ടെത്തയിരിക്കുന്നു, തെളിവുകളുടെ പിന്‍ബലത്തോടെ. പ്രാചീനകാലത്തെ മഹാപ്രളയമാണത്രെ ബ്രിട്ടനെ അടര്‍ത്തി മാറ്റി ദ്വീപാക്കിയത്‌

വിഖ്യാത ദാര്‍ശനികനും ഗണിതശാസ്‌ത്രജ്ഞനുമായിരുന്ന ബര്‍ട്രാന്റ്‌ റസ്സല്‍ തന്റെ ആത്മകഥയില്‍ കുട്ടിക്കാലത്തെ ഒരു സംഭവം വിവരിച്ചിട്ടുണ്ട്‌. ബ്രിട്ടനിലെ കുലീന പ്രഭുകുടുംബത്തില്‍ ജനിച്ച റസ്സല്‍ ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ളപ്പോള്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടിലൂടെ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. ആ കുട്ടിയുടെ അനുഭവസീമയ്‌ക്കു പുറത്തുള്ള അജ്ഞാത ഭൂമികളിലൂടെ തീവണ്ടി സഞ്ചാരം തുടര്‍ന്നു. തങ്ങള്‍ ഏറെസമയം യാത്ര ചെയ്‌തതായി അവന്‌ തോന്നി.

കുറെ കഴിഞ്ഞപ്പോള്‍ താന്‍ രാജ്യാതിര്‍ത്തി പിന്നിട്ട്‌ മറ്റേതോ നാട്ടിലെത്തിയതായി കുട്ടി കരുതാന്‍ തുടങ്ങി. അത്‌ ഒരത്ഭുതമായി ആ കുഞ്ഞുമനസ്സിനെ കീഴടക്കിയപ്പോള്‍, "നമ്മള്‍ വേറെ ഏതോ രാജ്യത്തെത്തി അല്ലേ" എന്ന്‌ അവന്‍ ഉറക്കെ ചോദിച്ചു. ആ ചോദ്യം കേട്ട, തീവണ്ടി മുറിയില്‍ കൂടെ യാത്രചെയ്‌തിരുന്ന മുതിര്‍ന്ന സ്‌ത്രീകള്‍ തന്നെ ദയനീയമായി നോക്കിയ കാര്യം ജീവിതത്തിലൊരിക്കലും റസ്സലിന്‌ മറക്കാനായില്ല. മുതിര്‍ന്ന ഒരു സ്‌ത്രീ വളരെ അനുകമ്പ കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു: "കഷ്ടം, നമ്മുടെ രാജ്യം ഒരു ദ്വീപാണെന്ന കാര്യം ഈ കുട്ടിക്ക്‌ അറിയില്ലല്ലോ"!

ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന ആ കുട്ടി പോലും അല്‍പ്പസമയത്തേക്ക്‌ സ്വന്തം രാജ്യം ഒരു ദ്വീപാണെന്നു മറന്നുപോയി. ഭൂമിശാസ്‌ത്രം അങ്ങനെയാണ്‌. ചിലപ്പോള്‍ നമ്മള്‍ അത്‌ മറക്കും. ഒരുകാലത്ത്‌ ലോകത്തെയാകെ കോളനിയാക്കി അടക്കി ഭരിച്ച ബ്രിട്ടന്‍ ഒരു ദ്വീപാണെന്ന്‌ പലരും കരുതാറില്ല എന്നതാണ്‌ വാസ്‌തവം. എന്നു പറഞ്ഞ്‌ സത്യം സത്യമല്ലാതാകുന്നില്ല. യൂറോപ്യന്‍ വന്‍കരയില്‍ നിന്ന്‌ അല്‍പ്പം മാറി നാലുവശവും കടലിനാല്‍ ചുറ്റപ്പെട്ടാണ്‌ ബ്രിട്ടന്റെ കിടപ്പ്‌. എന്തുകൊണ്ട്‌ ബ്രിട്ടന്‍ യൂറോപ്പില്‍നിന്ന്‌ വേര്‍പെട്ടു നില്‍ക്കുന്നു എന്നത്‌ ഭൗമശാസ്‌ത്രജ്ഞരെ ഏറെക്കാലമായി അലോസരപ്പെടുത്തുന്ന ചോദ്യമാണ്‌. ആര്‍ക്കും ഇതിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍, ഈ പ്രശ്‌നത്തിന്‌ തൃപ്‌തികരമായ വിശദീകരണവുമായി എത്തിയിരിക്കുകയാണ്‌ സഞ്‌ജീവ്‌ ഗുപ്‌തയെന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍. പ്രാചീനകാലത്തുണ്ടായ വന്‍പ്രളയമാണ്‌ ബ്രിട്ടനെ ദ്വീപാക്കി മാറ്റിയതത്രേ. ഇക്കാര്യം സ്ഥിരീകരിക്കാനാവശ്യമായ തെളിവും അദ്ദേഹം നിരത്തുന്നു. ലണ്ടനില്‍ ഇംപീരിയല്‍ കോളേജിലെ ഗവേഷകനാണ്‌ ഡോ. ഗുപ്‌ത. അദ്ദേഹവും സഹപ്രവര്‍ത്തകരും നടത്തിയ സോണാര്‍ പഠനമാണ്‌, ബ്രിട്ടനെ സംബന്ധിച്ച്‌ സുപ്രധാനമായ ഭൗമശാസ്‌ത്രരഹസ്യം വെളിവാക്കിയത്‌. ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടില്‍ ആഴത്തില്‍ അവശേഷിക്കുന്ന ചില പാടുകള്‍ സോണാര്‍ ദൃശ്യങ്ങളില്‍ നിന്ന്‌ അവര്‍ കണ്ടെത്തി. പൊടുന്നനെ വന്‍തോതില്‍ വെള്ളം ഒഴുകിയതിന്റെ ഫലമായാണ്‌ ആ പാടുകളുണ്ടായതെന്ന്‌ 'നേച്ചര്‍' ഗവേഷണ വാരിക പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്‌ പറയുന്നു.

ഇപ്പോള്‍ 'നോര്‍ത്ത്‌ സീ'(North Sea) എന്നറിയപ്പെടുന്ന സ്ഥലമുള്‍പ്പെടുന്ന പ്രാചീന തടകത്തില്‍ നിന്നാകണം ഇങ്ങനെയൊരു പെരുവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഭൂകമ്പം പോലുള്ള ഏതോ ഭൗമപ്രതിഭാസം മൂലം തടാകത്തിന്റെ ഭിത്തി തകര്‍ന്നാകാം അത്‌ സംഭവിച്ചത്‌. സമീപകാല ഭൗമചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണത്‌. "ഇത്തരമൊരു സംഭവമോ, സംഭവപരമ്പരയോ ആകാം ബ്രിട്ടീഷ്‌ ചരിത്രത്തിന്റെ ഗതിമാറ്റിയത്‌"-ഡോ.ഗുപ്‌ത പറയുന്നു. "ആ മഹാപ്രളയം സംഭവിച്ചില്ലായിരുന്നെങ്കില്‍, ബ്രിട്ടന്‍ യൂറോപ്പിന്റെ ഉപദ്വീപായി നിലകൊണ്ടേനെ. 'ചാനല്‍ ടണലി' (Channel Tunnel)ന്റെ ഒരാവശ്യവും വരില്ലായിരുന്നു. പ്രളയത്തിന്‌ മുമ്പ്‌ ആദിമ മനുഷ്യര്‍ ചെയ്‌തിരുന്നതുപോലെ, ആര്‍ക്കും ഫ്രാന്‍സില്‍ നിന്ന്‌ നടന്ന്‌ ബ്രിട്ടനിലെത്താമായിരുന്നു."

പ്രളയത്തിന്റെ ഫലമായാണ്‌ ബ്രിട്ടന്‍ ദ്വീപായി മാറിയതെന്ന വാദം പുതിയതല്ല. 1985-ല്‍ ഒരു ഗവേഷണ പ്രബന്ധത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പ്രാചീന പ്രളയത്തിന്റെ ഫലമാണ്‌ ഇംഗ്ലീഷ്‌ ചാനല്‍ എന്നാണ്‌ ആ പ്രബന്ധം വാദിച്ചത്‌. എന്നാല്‍, അതിന്‌ മതിയായ തെളിവ്‌ അന്നില്ലായിരുന്നു. ആധുനിക ത്രിമാനവിശകലന സംവിധാനങ്ങളുടെ സഹായത്തോടെ, 24 വര്‍ഷത്തെ ഉന്നത റസല്യൂഷനിലുള്ള സോണാര്‍ ദൃശ്യങ്ങള്‍ വിശകലനം ചെയ്‌ത ഡോ.ഗുപ്‌തയും കൂട്ടരുമാണ്‌ ഇക്കാര്യത്തില്‍ വിജയം കണ്ടത്‌. മാത്രമല്ല, 1878 മുതല്‍ നിലനില്‍ക്കുന്ന മറ്റൊരു വാദഗതിക്കും സ്ഥിരീകരണമായി പുതിയ ഗവേഷണം. ഇപ്പോള്‍ നോര്‍ത്ത്‌ സീ സ്ഥിതിചെയ്യുന്നിടത്ത്‌ പ്രാചീനകാലത്ത്‌ ഒരു ഭീമന്‍ തടാകം നിലനിന്നിരിക്കാനുള്ള സാധ്യതയാണത്‌.

മരുഭൂമിയിലെ ശിലാരൂപീകരണത്തെക്കുറിച്ചു പഠിക്കാന്‍ തന്റെ ഗവേഷണ ജീവിതത്തില്‍ അധിക സമയവും മാറ്റിവെച്ച ഡോ.ഗുപ്‌ത, ഒരിക്കലും ബ്രിട്ടനെങ്ങനെ ദ്വീപായി എന്നു പഠിക്കേണ്ടി വരുമെന്ന്‌ കരുതിയിരുന്നില്ല. ഈ പ്രശ്‌നം സംബന്ധിച്ച വിവിധ അനുമാനങ്ങളടങ്ങിയ ഒരു പുസ്‌തകം 2003-ല്‍ പുറത്തുവന്നതാണ്‌ അദ്ദേഹത്തെ ഈ വിഷയത്തിലേക്ക്‌ ആകര്‍ഷിച്ചത്‌. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താനാകുമെന്ന്‌ അദ്ദേഹം കരുതി. ഇതു സംബന്ധിച്ച്‌ ജിയോഫിസിസ്റ്റ്‌ ജെന്നി കൊളിയറുമായും, ആന്‍ഡി പാമര്‍ ഫെല്‍ഗേറ്റുമായും അദ്ദേഹം ചര്‍ച്ച നടത്തി. സമുദ്രത്തിന്റെ അടിത്തട്ട്‌ മാപ്പ്‌ ചെയ്യുന്നതില്‍ വൈദഗ്‌ധ്യം നേടിയയാളാണ്‌ കൊളിയര്‍.

പക്ഷേ, ഏത്‌ സങ്കേതമുപയോഗിച്ചും ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിനെക്കുറിച്ച്‌ വ്യക്തമായ ഡേറ്റ ശേഖരിക്കണമെങ്കില്‍ ഒരു ബോട്ടില്‍ തകൃതിയായി അതുവഴി സഞ്ചരിച്ചേ തീരൂ. ലോകത്തേറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ അവിടെ അങ്ങനെ സഞ്ചരിക്കുക അസാധ്യം. അതിന്‌ പരിഹാരം നിര്‍ദ്ദേശിച്ചത്‌ യു.കെ.ഹൈഡ്രോഗ്രാഫിക്‌ ഓഫീസിലെ ഗ്രെയേം പോട്ടറാണ്‌. കപ്പലുകള്‍ക്ക്‌ സുരക്ഷിതമായി കടന്നു പോകാനായി 24 വര്‍ഷമായി പോട്ടറുടെ ഓഫീസ്‌ ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ട്‌ സോണാര്‍ സര്‍വെയ്‌ക്ക്‌ വിധേയമാക്കുന്നുണ്ട്‌. ആ ഡേറ്റായ്‌ക്കൊപ്പം, ഡോ.ഗുപ്‌തയ്‌ക്കും സംഘത്തിനും, ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിന്റെ ആദ്യ ഭൂപടവും പോട്ടര്‍ നല്‍കി. ആ ഡേറ്റായാണ്‌ ത്രിമാന വിശകലനസംവിധാനങ്ങളുപയോഗിച്ച്‌ ഗുപ്‌തയുടെ സംഘം പഠിച്ചത്‌.

പെരുവെള്ളപ്പാച്ചില്‍ കൊണ്ട്‌ മാത്രം രൂപപ്പെടാവുന്ന സവിശേഷ ഘടനകള്‍ ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിലെ ചുണ്ണാമ്പുകല്ല്‌ പ്രതലത്തില്‍ ഡോ.ഗുപ്‌തയും സംഘവും തിരിച്ചറിഞ്ഞു. പ്രളയത്തിന്റെ പാരമ്യതയില്‍ വെള്ളപ്പാച്ചില്‍ മാസങ്ങളോളം നീണ്ടുനിന്നിരിക്കണം. സെക്കന്‍ഡില്‍ പത്തുലക്ഷം ഘനമീറ്റര്‍ വെള്ളം എന്ന തോതിലാകണം ഒഴുകിയിരിക്കുക (മിസിസ്സിപ്പി നദിയിലെ ജലപ്രവാഹത്തിന്റെ നൂറുമടങ്ങ്‌ വരുമിത്‌). നാലുലക്ഷം വര്‍ഷം മുമ്പുണ്ടായ ആദ്യപ്രളയത്തില്‍ പ്രാചീന തടാകത്തെ തടഞ്ഞുനിര്‍ത്തിയിരുന്ന ഡോവര്‍ കരയിടുക്കിലെ ഭിത്തി തകര്‍ന്നിരിക്കണം. തെക്കുപടിഞ്ഞാറ്‌ ഭാഗത്തേക്കുള്ള വെള്ളപ്പാച്ചിലില്‍ ഇംഗ്ലീഷ്‌ കനാലിന്റെ ആദ്യരൂപമുണ്ടാവുകയും, ബ്രിട്ടന്‍ വന്‍കരയില്‍നിന്ന്‌ വേര്‍പെടാന്‍ തുടങ്ങുകയും ചെയ്‌തു. 1.8 ലക്ഷം വര്‍ഷത്തിനു മുമ്പുണ്ടായ മറ്റൊരു മഹാപ്രളയത്തില്‍ ബ്രിട്ടന്‍ പൂര്‍ണമായും വന്‍കരയില്‍ നിന്ന്‌ വേര്‍പെട്ടുവെന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

പ്രളയത്തിനിടയാക്കിയ ശുദ്ധജല തടാകം, ഹിമയുഗത്തില്‍ ഉത്തരധ്രുവത്തില്‍ നിന്നെത്തിയ മഞ്ഞുപാളികളാല്‍ ആയിരക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ രൂപപ്പെട്ടതാകാമെന്നാണ്‌ നിഗമനം. ഇപ്പോള്‍ നോര്‍ത്ത്‌ സീയെന്നറിയപ്പെടുന്ന കടലിന്റെ തെക്കന്‍ പ്രദേശത്താകണം ആ തടാകം രൂപപ്പെട്ടിരിക്കുക. റിനെ, തെംസ്‌, മറ്റ്‌ യൂറോപ്യന്‍ നദികളുടെ പ്രാചീനരൂപങ്ങളൊക്കെ ഈ തടാകത്തിലേക്ക്‌ വന്‍തോതില്‍ വെള്ളമൊഴുക്കിക്കൊണ്ടിരുന്നു. 640 കിലോമീറ്റര്‍ വിസ്‌തൃതിയുണ്ടായിരുന്ന ആ പ്രാചീന തടാകം കിഴക്കന്‍ ഇംഗ്ലണ്ട്‌ മുതല്‍ നെതര്‍ലന്‍ഡിലേക്കും ജര്‍മനിയിലേക്കും വ്യാപിച്ചു കിടന്നു. തടാകത്തെ തടുത്തുനിര്‍ത്തിയിരുന്ന ഡോവര്‍ കരയിടുക്ക്‌ ഭൂകമ്പത്തിലോ മറ്റോ തകര്‍ന്നപ്പോള്‍ ആ മഹാപ്രളയമുണ്ടാവുകയായിരുന്നു; ഇംഗ്ലണ്ടിന്റെ ഭൗമചരിത്രവും ഭാവിസംസ്‌കാരവും മാറ്റിമറിക്കാന്‍.

കഴിഞ്ഞ അഞ്ചുലക്ഷം വര്‍ഷത്തിനിടെ ബ്രിട്ടന്റെ നാച്ചുറല്‍ ഹിസ്റ്ററി, യൂറോപ്പിന്റെ ഇതരഭാഗങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി രൂപപ്പെടുന്നതില്‍ ഇംഗ്ലീഷ്‌ ചാനല്‍ ഒരു മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന്‌ ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില മൃഗങ്ങളെ മാത്രം ബ്രിട്ടനിലേക്ക്‌ കടത്തി വിടുകയും മറ്റുള്ളവയെ തടയുകയും വഴി, ശരിക്കൊരു അരിപ്പ പൊലെയാണത്രേ ചാനല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്‌. ബ്രിട്ടന്‍ ഇന്ന്‌ എന്താണോ, അത്‌ ആ രൂപത്തിലായതില്‍ ഇംഗ്ലീഷ്‌ ചാനലിന്‌ കാര്യമായ പങ്കുണ്ടെന്നു സാരം.

ഡോ.ഗുപ്‌തയുടെ പഠനത്തിന്റെ പ്രാധാന്യം ഭൂമിയില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന്‌ 'നേച്ചര്‍' വാരിക പറയുന്നു. ചൊവ്വാഗ്രഹത്തില്‍ പോലും ഇത്തരം പഠനരീതി പ്രയോജനപ്പെടുത്താമത്രേ. ചൊവ്വായില്‍ ജലമൊഴുകിയതിന്റെയും പ്രളയമുണ്ടായതിന്റെയും അവശേഷിപ്പുകള്‍ പോയ വര്‍ഷങ്ങളില്‍ വിവിധ ബഹിരാകാശ പേടകങ്ങള്‍ കണ്ടെത്തുകയുണ്ടായി. ആ പ്രതിഭാസം അടുത്തറിയാന്‍ പുതിയ പഠനരീതി സഹായിച്ചേക്കും. (അവലംബം: നേച്ചര്‍ ഗവേഷണ വാരിക)