Monday, September 17, 2012

കമ്മ്യൂണിസ്റ്റ് പച്ച മുതല്‍ കോണ്‍ഗ്രസ്സ് പച്ച വരെ


ഈ ലേഖനം മുമ്പ്  'മാതൃഭൂമി ഓണ്‍ലൈനി'ല്‍
പ്രസിദ്ധീകരിച്ചതാണ്. 
 ഇതിന്റെ ഇന്‍ഫര്‍മേഷന്‍ മൂല്യം കണക്കിലെടുത്ത് ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്. 


1990-കളുടെ ആദ്യ പകുതിയാലാണ്, കേരളത്തിലെ തേനീച്ചകര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു. ഏതോ അജ്ഞാതകാരണത്താല്‍ തേനീച്ച മുഴുവന്‍ ചത്തടിഞ്ഞു. ലോണെടുത്തും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് മുന്നില്‍ വഴിമുട്ടി. കണ്ണൂരിലെ മലയോര മേഖലയിലാണ് ഏറ്റവും വലിയ പ്രഹരമേറ്റത്. കൂടുതല്‍ തേന്‍ ലഭിക്കും എന്നവകാശപ്പെട്ട്, ഇറ്റലിയില്‍നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഒരിനം തേനീച്ചയ്‌ക്കൊപ്പം ഇവിടെയെത്തിയ മാരകവൈറസാണ്, നാടന്‍ തേനീച്ചകളുടെ അന്തകനായതെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. മറ്റൊരു കാര്യംകൂടി താമസിയാതെ മനസിലായി, കേരളത്തില്‍ വളര്‍ത്തുതേനീച്ചകര്‍ മാത്രമല്ല, കാട്ടിലെ തേനീച്ചയ്ക്കും കൂട്ടനാശം സംഭവിച്ചിരിക്കുന്നു. ഇടുക്കിയിലും തെക്കന്‍ കേരളത്തിലും കാട്ടില്‍നിന്ന് തേന്‍ ശേഖരിച്ച് ജീവിക്കുന്ന ആദിവാദികളുടെ ജീവിതം അവതാളത്തിലായി.

ഇനി വേറൊരു സംഭവം. 2001-ല്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടര്‍ന്നുപിടിച്ചത് ബ്രിട്ടനില്‍ വന്‍പ്രത്യാഘാതം സൃഷ്ടിച്ചു. കാലിവ്യവസായം തകര്‍ച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. പൊതുതിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഒട്ടേറെ കായിക-വിനോദ പരിപാടികള്‍ റദ്ദാക്കി. 1600 കോടി ഡോളര്‍ (80,000 കോടി രൂപ) നഷ്ടം ആ മൃഗരോഗം ബ്രട്ടന് വരുത്തിയെന്നാണ് കണക്ക്. രോഗത്തിന്റെ വേരുകള്‍ തേടിപ്പോയ ഗവേഷകര്‍ എത്തിയത് പക്ഷേ, ഇന്ത്യയിലാണ്-ഉത്തര്‍ പ്രദേശില്‍!

തൊണ്ണൂറുകളില്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത ആടുകളിലൂടെ ഇവിടെനിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവില്‍ ബ്രിട്ടനിലെത്തി നാശംവിതച്ചത്.

അന്യജീവജാതികള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിന് ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇത്തരം ഭീഷണിയാണ് ജൈവഅധിനിവേശം (Bioinvasion) എന്ന് അറിയപ്പെടുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നങ്ങളിലൊന്നായി ജൈവഅധിനിവേശം മാറിയിരിക്കുന്നു.

ഇറ്റാലിയന്‍ വൈറസിനെപ്പോലെ, ആഫ്രിക്കന്‍ പായലും അക്കേഷ്യയും പാര്‍ത്തനീയവും ആഫ്രിക്കന്‍ മുഷിയും തിലാപ്പിയ മത്സ്യവുമൊക്കെ മറ്റുരാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തി ഇവിടുത്തെ കൃഷിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണിസൃഷ്ടിക്കുന്ന ഇനങ്ങളാണ്. കേരളമുള്‍പ്പടെ ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ കൊതുക് ചിക്കുന്‍ഗുനിയ ഉള്‍പ്പടെ 21-ഓളം മാരക വൈറസുകളുടെ വാഹകരാണ്.

ആഗോളതലത്തില്‍ അധിനിവേശ ജീവജാതികള്‍ വരുത്തുന്ന വിളനാശവും, വനത്തിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും, ഇവ നിയന്ത്രിക്കാന്‍ വേണ്ടിവരുന്ന ചെലവും, അധിനിവേശം നടത്തുന്ന രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശവുമെല്ലാം കണക്കാക്കിയാല്‍ പ്രതിവര്‍ഷം ഒരുപക്ഷേ, ഒരുലക്ഷം കോടി ഡോളറിന്റെ വരെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. ഗതാഗതത്തിലുണ്ടായ വര്‍ധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി 'വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' പറയുന്നു. ആഗോളവത്ക്കരണമാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതിയെന്ന് സാരം.

ജൈവഅധിനിവേശം കേരളത്തില്‍
ജൈവഅധിനിവേശത്തില്‍ നിന്ന് കേരളവും മുക്തമല്ല. കമ്മ്യൂണിസ്റ്റ് പച്ച മുതല്‍ കോണ്‍ഗ്രസ്സ് പച്ച വരെ നീളുന്നു കേരളത്തിലെ അധിനിവേശ ഇനങ്ങളുടെ പട്ടിക. അതിലെ ചില പ്രധാന ഇനങ്ങള്‍ ചുവടെ :

1. ആഫ്രിക്കന്‍ പായല്‍ (African Payal - Salvinia molesta)


കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മിന്നല്‍വേഗത്തില്‍ പടര്‍ന്നു വ്യാപിക്കുന്ന ജലസസ്യമാണിത്. കേരളം പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുക വഴിയും, ജലോപരിതലത്തില്‍ തിങ്ങിക്കൂടി വളരുന്നതിനാല്‍ സൂര്യപ്രകാശം തടയുന്നതിനാലും, വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കടുത്ത ഭീഷണിയാണ് ഈ സസ്യം.

പേര് ആഫ്രിക്കന്‍ പായല്‍ എന്നാണെങ്കിലും, ഇതിന്റെ സ്വദേശം തെക്കുകിഴക്കന്‍ ബ്രസ്സീലും വടക്കന്‍ അര്‍ജന്റീനയുമാണ്. 1940-കളിലാണ് ഇത് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല നീര്‍പ്രദേശങ്ങള്‍ക്കും ആഫ്രിക്കന്‍ പായല്‍ ഭീഷണിയാണ്. ഏറ്റവുമൊടുവില്‍ ഈ ജലസസ്യം കടന്നുകൂടിയ പ്രദേശം അമേരിക്കന്‍ ഐക്യനാടുകളാണ്. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളില്‍ വളര്‍ത്തി വില്‍ക്കാനും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കന്‍ പായല്‍ കൊണ്ടുവന്നത്. പക്ഷേ, അതൊടുവില്‍ വലിയൊരു പ്രശ്‌നമായി മാറുകയായിരുന്നു.

2. തിലാപ്പിയ (Mozambique Tilapia-Oreochromis mossambicus)
ഉള്‍നാടന്‍ ശുദ്ധജലാശയങ്ങളില്‍ വളരെ വേഗം പെരുകുന്ന തിലാപ്പിയ എന്ന മത്സ്യയിനം കേരളീയര്‍ക്ക് സുപരിചിതമാണ്. സംസ്ഥാനത്തെ ശുദ്ധജല മത്സ്യസമ്പത്തിന് ഏറ്റവുമധികം പരിക്കേല്‍പ്പിച്ച ജീവിയാണ് തിലാപ്പിയ എന്ന് പക്ഷേ, പലര്‍ക്കും അറിയില്ല. നമ്മുടെ നാടന്‍ മത്സ്യയിനങ്ങള്‍ എത്രയെണ്ണം തിലാപ്പിയ മൂലം വംശനാശം നേരിട്ടു എന്നതിന് വ്യക്തമായ കണക്കില്ല. ഒരുകാര്യം വാസ്തവമാണ്, തിലാപ്പിയ എത്തുന്ന ജലാശയങ്ങളിലും നീരൊഴുക്കുകളിലും മറ്റ് മത്സ്യയിനങ്ങളൊന്നും അധികകാലം അവശേഷിക്കാറില്ല. നമ്മുടെ തടാകങ്ങളിലും പുഴകളിലും നിന്ന് അത്തരത്തില്‍ എത്രയോ സ്വാദിഷ്ടമായ മത്സ്യങ്ങള്‍ തിലാപ്പിയ മൂലം ഇല്ലാതായിക്കഴിഞ്ഞു.

മത്സ്യകൃഷി (അക്വാകള്‍ച്ചര്‍) യുടെ ഭാഗമായി ലോകത്താകമാനം എത്തിയ തിലാപ്പിയ, തെക്കന്‍ആഫ്രിക്കന്‍ സ്വദേശിയാണ്. ഉഷ്ണമേഖലാ പ്രദേശത്തെ മിക്ക പ്രദേശത്തും തിലാപ്പിയ എത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എത്തുന്ന ഇടങ്ങളില്‍ വളരെ വേഗം ആധിപത്യമുറപ്പിക്കുന്ന ഈ മത്സ്യം, കണ്ണില്‍കാണുന്ന എന്തും തിന്നുതീര്‍ക്കും. മറ്റ് മത്സ്യങ്ങള്‍ക്ക് അതിനാല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വരുന്നു. അങ്ങനെയാണ് തദ്ദേശ മത്സ്യയിനങ്ങള്‍ക്ക് തിലാപ്പിയ ഭീഷണിയാകുന്നത്. യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന തിലോപ്പിയയെ 'ജൈവമലിനകാരി' (biopollutant) എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

3. അക്കേഷ്യ (Acacia mearnsii)
ചതുപ്പുകള്‍ വറ്റിക്കാനും, വിറകിനും, തരിശുഭൂമിയില്‍ വനവല്‍ക്കരണം നടത്താനുമൊക്കെ സഹായിക്കുന്ന വൃക്ഷം എന്ന നിലയില്‍ നമ്മുടെ നാട്ടിലും എത്തിയതാണ് അക്കേഷ്യ. പല ഇനങ്ങളില്‍ പെട്ട ഇവ നമ്മുടെ നാട്ടിലുണ്ട്. നല്ല ലക്ഷ്യംവെച്ച് ഇവിടെ അവതരിപ്പിച്ച അക്കേഷ്യ പക്ഷേ, തദ്ദേശ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്‍ഭീഷണിയാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഇന്ന് കേരളത്തില്‍ വനമേഖലകള്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും പുല്ലിനങ്ങള്‍ക്കും കടുത്ത ഭീഷണിയാണ് അക്കേഷ്യ.

ബ്ലാക്ക്‌വാറ്റില്‍ ഉള്‍പ്പടെയുള്ളവ അക്കേഷ്യയെന്ന് സാധാരണ അറിയപ്പെടുന്നു. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരാന്‍ ശേഷിയുള്ള അക്കേഷ്യയിനങ്ങള്‍, മണ്ണില്‍നിന്ന് വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. അതിനാല്‍ അക്കേഷ്യകൃഷി ജലക്ഷാമത്തിനും കാരണമാകാറുണ്ട്. അക്കേഷ്യ പൂക്കുമ്പോള്‍ വായുവില്‍ പൊടി കലര്‍ന്ന് പരിസരവാസികള്‍ക്ക് അലര്‍ജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാകുന്ന സംഭവങ്ങളും സാധാരണമാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഈ സസ്യം ഇന്ന് ലോകത്ത് മിക്ക രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസില്‍, ഏറ്റവും ദോഷകാരികളായ നൂറ് അധിനിവേശയിനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം അക്കേഷ്യയ്ക്കാണ്.

4. ആഫിക്കന്‍ ഭീമന്‍ ഒച്ച് (Giant African Snail-Achatina fulica)
ഉഷ്ണമേഖല പ്രദേശത്തെ വിളകള്‍ക്കും കൃഷിക്കും സസ്യവൈവിധ്യത്തിനും കടുത്ത ഭീഷണിയായിട്ടുള്ള അധിനിവേശ ജീവിയാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ച്. വിളകള്‍ക്ക് മാത്രമല്ല, പല ദ്വീപ് പ്രദേശങ്ങളിലും തദ്ദേശയിനം ഒച്ചുകള്‍ക്കും ഇവ കടുത്ത ഭീഷണിയാണ്. കേരളത്തിലും ചില പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നത് പരിസ്ഥിതി, ആരോഗ്യ, ശുചിത്വ പ്രശ്‌നമായി മാറിയിട്ടുണ്ട്. കൃഷിയിടങ്ങളിലും തീരപ്രദേശങ്ങളിലും സ്വാഭാവിക വനങ്ങളിലും കൃത്രിമവനങ്ങളിലും നഗരപ്രദേശങ്ങളിലും ചതുപ്പുകളിലുമെല്ലാം ഈ ജീവികള്‍ വേഗം പെരുകുന്നു. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസില്‍ പെടുത്തിയിട്ടുള്ള ഏറ്റവും ദോഷകാരികളായ നൂറ് അധിനിവേശയിനങ്ങളില്‍ രണ്ടാംസ്ഥാനമാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ചിന്.

കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയായ ഈ ജീവിക്ക് ചില ഔഷധഗുണങ്ങളുള്ളതായി കണ്ടിട്ടുണ്ട്. ഒരു പ്രോട്ടീന്‍ ഉറവിടവുമാണിത്. ആ നിലയ്ക്ക് ഗവേഷണലക്ഷ്യങ്ങള്‍ക്കായി ലോകത്ത് പലഭാഗത്തും ഈ ജിവിയെ എത്തിക്കുകയായിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ യാദൃശ്ചികമായും ഇവ പലയിടത്തും എത്തി. അധിനിവേശം നടന്നിടത്തുനിന്ന് ആസൂത്രിതമായ നടപടികള്‍ വഴി ഈ ജീവിയെ ഒഴിവാക്കിയ സംഭവങ്ങള്‍ ഉണ്ട്. വടക്കേയമേരിക്കയിലെ ടെക്‌സാസ്, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് എന്നിവ കൃത്യമായ നടപടികള്‍ വഴി ഒച്ചുഭീഷണി ഇല്ലാതാക്കിയ പ്രദേശങ്ങളാണ്.

5. ടൈഗര്‍ കൊതുക് (Asian Tiger Mosquito - Aedes albopictus)
ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ വൈറസ്, ഡങ്കിപ്പനി തുടങ്ങി ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ പരത്തുന്ന ടൈഗര്‍ കൊതുക് മനുഷ്യര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന അധിനിവേശ ജീവിവര്‍ഗമാണ്. കേരളവും ഈ കൊതുക് പരത്തുന്ന രോഗങ്ങളുടെ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയായ ഈ കൊതുക്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. 1967-ലാണ് ടൈഗര്‍ കൊതുകുകള്‍ ഏഷ്യയില്‍ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ ആഗോളതാപനം മൂലം കൂടുതല്‍ രാജ്യങ്ങള്‍ ടൈഗര്‍ കൊതുകുകള്‍ക്ക് പെരുകാന്‍ അനുയോജ്യമായ മേഖലകളായി മാറി.

6. മണ്ഡരി (Coconut Mite - Aceria guerreronis)
കേരളംപോലെ നാളികേര കൃഷിക്ക് പ്രധാന്യമുള്ള നാടിന്റെ നട്ടെല്ലൊടിക്കാന്‍ പോന്ന ഒന്നാണ് മണ്ഡരിബാധ. മണ്ഡരിയെന്ന കീടം കേരളത്തെ സംബന്ധിച്ചിടത്തോളം ഉറക്കം കെടുത്തുന്ന ഒരു അധിനിവേശ ജീവിയാണ്. മെക്‌സിക്കന്‍ സ്വദേശിയെന്ന് കരുതുന്ന ഈ കീടം, ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.

7. കോണ്‍ഗ്രസ്സ് പച്ച അഥവാ പാര്‍ത്തീനിയം (Congress grssa - Parthenium hysterophorus)

മധ്യഅമേരിക്കന്‍ സ്വദേശിയായ ഈ കള 1950-കളില്‍ അമേരിക്കയില്‍നിന്നുള്ള ഗോതമ്പ് ഇറക്കുമതിയുടെ ഭാഗമായാണ് നമ്മുടെ നാട്ടില്‍ എത്തിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, തയ്‌വാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ കള വലിയൊരു പരിസ്ഥിതി-ആരോഗ്യ ഭീഷണിയായി മാറിയിട്ടുണ്ട്. കൃഷിക്ക് വന്‍ഭീഷണി സൃഷ്ടിക്കുന്ന ഇത്, മനുഷ്യരില്‍ അലര്‍ജിക്കും കാരണമാകാറുണ്ട്. കോണ്‍ഗ്രസ്സ് പച്ച തിന്നുന്ന മാടുകളുടെ മാംസം മലിനമാകാറുണ്ട്. വളരെ വേഗം വളര്‍ന്ന് പടരാനുള്ള കഴിവാണ് ഈ സസ്യം ഭീഷണിയാകാന്‍ കാരണം. ശരാശരി കോണ്‍ഗ്രസ്സ് പച്ച 15,000 മുതല്‍ ഒരുലക്ഷം വരെ വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു. സസ്യത്തിന് വേഗം മറ്റിടങ്ങളിലേക്ക് പടരാന്‍ ഇത് അനുകൂല അവസരമൊരുക്കുന്നു.

8. കമ്മ്യൂണിസ്റ്റ് പച്ച (Siam Weed - Chromolaena odorata)


മറ്റ് സസ്യയിനങ്ങള്‍ക്ക് ഇടം നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. തെക്കേയമേരിക്കയും മധ്യയമേരിക്കയും സ്വദേശമായ ഈ സസ്യം, ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യയിനം ഭീഷണിയാണ്.

9. ആഫിക്കന്‍ മുഷു (African Catfish-Clarias gariepinus)
കേരളം ഉള്‍പ്പടെ ഒട്ടേറെ മേഖലകളില്‍ ശുദ്ധജല മത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറുന്ന മറ്റൊരു അധിനിവേശയിനമാണ് ആഫ്രിക്കന്‍ മുഷു. കൃത്രിമ മത്സ്യകൃഷിക്ക് വേണ്ടി ലോകം മുഴുവന്‍ എത്തിയ ഈ മത്സ്യം, അധിനിവേശ മത്സ്യം എന്ന നിലയ്ക്ക് ഇപ്പോള്‍ പലയിടത്തും വന്‍പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.


10. പാണ്ടി തൊട്ടാവാടി (Giant False Sensitive Plant - Mimosa dipltoricha)

കേരളത്തിലും ഭീഷണി സൃഷ്ടിക്കുന്ന മറ്റൊരു അധിനിവേശ സസ്യമാണിത്. വളരെ വേഗം വളര്‍ന്ന് പെരുകി മറ്റ് സസ്യങ്ങള്‍ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമൊരുക്കുന്ന കളയാണ് പാണ്ടിത്തൊട്ടാവാടി. രണ്ട് മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഈ സസ്യം ബ്രസീല്‍ സ്വദേശിയാണ്. വളര്‍ന്ന് തുടങ്ങുമ്പോഴേ നശിപ്പിക്കുകയാണ് ഇതിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വേണ്ടത്. നാഷണല്‍ പാര്‍ക്കുകളിലും വന്യജീവിസങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളര്‍ന്ന് പരക്കുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.


11. ധൃതരാഷ്ട്ര പച്ച (Mile a minute - Mikania macrantha)
ചെക്ക് സസ്യശാസ്ത്രജ്ഞന്‍ ജോഹാന്‍ ക്രിസ്റ്റിയന്‍ മില്‍ക്കാന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വളക്കൂറും ഈര്‍പ്പവും ജൈവാവശിഷ്ടങ്ങളുമുള്ള മണ്ണില്‍ ഭ്രാന്തമായ രീതിയില്‍ വളര്‍ന്നുപടരുന്ന സസ്യമാണിത്. കൃഷിയിടങ്ങളിലും കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ വേഗം വ്യാപിക്കുന്ന ഈഅധിനിവേശസസ്യം കേരളത്തിലെ ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയായിട്ടുള്ള സസ്യജാതിയാണ്. കാറ്റിലൂടെയും വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചും വിത്തുവിതരണം നടത്തുന്ന ഈ സസ്യം, പല രാജ്യങ്ങളിലും വളരെയേറെ പ്രശ്‌നകാരിയായ കളയാണ്.

തെക്കേയമേരിക്കയും മധ്യ അമേരിക്കയുമാണ് ഇതിന്റെ ജന്മദേശം. രണ്ടാംലോകമഹായുദ്ധകാലത്ത് വ്യോമതാവളങ്ങള്‍ ശത്രുദൃഷ്ടിയില്‍നിന്ന് മറച്ചു വെയ്ക്കാന്‍ സസ്യത്തെ വളര്‍ത്തിയിരുന്നു. അങ്ങനെയാണ് ഇന്ത്യയിലും ഈ കളയെത്തിയത്. ഇന്ത്യയില്‍ തേയിലകൃഷിക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് കളകളില്‍ ഒന്നാണ് ഇപ്പോള്‍ ധൃതരാഷ്ട്ര പച്ച.


12. കുളവാഴ (Water Hyacinth- Eichhornia crassipes)
ജലാശയങ്ങളിലും നീര്‍പ്രദേശങ്ങളിലും കാണപ്പെടുന്ന ഏറ്റവും പ്രശ്‌നകാരിയായ അധിനിവേശ സസ്യങ്ങളിലൊന്നാണ് കുളവാഴ. വേഗം വളര്‍ന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. അതിനാല്‍, കുളങ്ങളിലും മറ്റും അലങ്കാരസസ്യമായി വളര്‍ത്താന്‍ മനുഷ്യന്‍ തന്നെ മിക്കയിടത്തും എത്തിച്ചതാണ് ഈ സസ്യത്തെ. വെറും 12 ദിനംകൊണ്ട് രണ്ടുമടങ്ങ് പ്രദേശത്ത് വ്യാപിക്കാന്‍ ശേഷിയുള്ള കുളവാഴ, നീരൊഴുക്ക് തടയുകയും ബോട്ട് സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ നീര്‍കള വളരുന്ന സ്ഥലത്ത് നീന്തലും മത്സ്യബന്ധനവും അസാധ്യമാകുന്നു. വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാല്‍, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങള്‍ക്ക് കുളവാഴ ഭീഷണിയാകുന്നു. തെക്കേയമേരിക്കയിലെ ആമസോണ്‍ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളില്‍ ഈ കള ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.

13. ഗാംബൂസിയ (Mosquito Fish-Gambusia affinis)


അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ പ്രദേശത്തും മെക്‌സിക്കോയിലും കാണപ്പെട്ടിരുന്ന ഈ മത്സ്യത്തെ, കഴിഞ്ഞ നൂറ്റാണ്ടില്‍ കൊതുക് നശീകരണത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിച്ചതാണ്. അധിനിവേശ ഇനമായി ഇത് നാടന്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊതുകുകളുടെ മുട്ട മാത്രമല്ല, നാടന്‍ മത്സ്യയിനങ്ങളുടെയും മുട്ട തിന്നു നശിപ്പിക്കുന്ന ഗാംബൂസിയ മത്സ്യം, ലോകമെമ്പാടും ഒട്ടേറെ മത്സ്യയിനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയുയര്‍ത്തിക്കഴിഞ്ഞു.  കേരളത്തിലും ഈ മത്സ്യം ഭീഷണിയാണ്. ഒരിക്കല്‍ ഒരിടത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് ഇതിനെ ഒഴിവാക്കുക അസാധ്യമാണ്. അതിനാല്‍, പുതിയ ഇടങ്ങളില്‍ ഈ മത്സ്യത്തെ എത്തിക്കാതെ തടയുകയാണ് ഉചിതം.

14. അരിപ്പൂ/കൊങ്ങിണി (Spanish Flag-Lantana camara)


തെക്കേയമേരിക്കന്‍ സ്വദേശിയായ ഈ സസ്യയിനം കേരളം ഉള്‍പ്പടെ ലോകത്തിന്റെ വിവിധ മേഖലകളില്‍ കളയായി പടര്‍ന്നിട്ടുള്ള അധിനിവേശയിനമാണ്. കൊങ്ങിണിച്ചെടിയുടെ 650 വ്യത്യസ്ത ഇനങ്ങള്‍ അറുപതോളം രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒറ്റയ്ക്കും കൂട്ടമായും വളര്‍ന്നു പരക്കുന്ന ഇവ, പ്രാദേശിക ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയാണ്.

(കടപ്പാട്: സുവേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസ്, യു.എന്‍, വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്)

Sunday, September 09, 2012

ശാസ്ത്രം കാത്തിരിക്കുന്നത് പുതിയ ന്യൂട്ടനെ!


The 4% Universe
by Richard Panek
Oneworld Publications, Oxford, 2011

പ്രപഞ്ചവികാസത്തിന്റെ തോത് എത്രകണ്ട് കുറയുന്നു എന്നറിയാന്‍ തുടങ്ങിയ അന്വേഷണം. വിദൂര സൂപ്പര്‍നോവകളെ നിരീക്ഷിച്ച് അതിനുള്ള ഉത്തരം കണ്ടെത്താന്‍ 1980 കളുടെ അവസാനം രണ്ട് ഗവേഷണസംഘങ്ങള്‍ പരസ്പരം മത്സരിച്ച് ആരംഭിച്ച പഠനം. സൂപ്പര്‍നോവകളെയാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചതെങ്കിലും, പ്രതിയോഗികളായ ഇരുസംഘങ്ങളുടെയും പ്രവര്‍ത്തനരീതിയും പഠനമാര്‍ഗവും, ഉപയോഗിച്ച ഗണിതസങ്കേതങ്ങളുമെല്ലാം വ്യത്യസ്തമായിരുന്നു.

എതിര്‍ഗ്രൂപ്പിന്റെ കണ്ടെത്തലിനെ നിരസിക്കുന്ന ഫലം ലഭിക്കാനാണ് ഓരോ സംഘവും കഠിനമായി ശ്രമിച്ചത്. അതിനവര്‍ സാക്ഷാല്‍ ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ വരെ സഹായം തേടി. വര്‍ഷങ്ങള്‍ നീണ്ട നീരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും മത്സരത്തിനുമൊടുവില്‍ 1998 ല്‍ ഇരുഗ്രൂപ്പും തങ്ങളുടെ കണ്ടെത്തല്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.

രണ്ടു സംഘങ്ങളുടെയും കണ്ടെത്തല്‍ പക്ഷേ, ഒന്നായിരുന്നു -പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു! ഗുരുത്വാകര്‍ഷബലത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരു നിഗൂഢശക്തിയാണ് പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിന് കാരണം. ആ നിഗൂഢശക്തിക്ക് 'ശ്യാമോര്‍ജം' (dark energy) എന്ന് പിന്നീട് പേര് നല്‍കപ്പെട്ടു.

പ്രപഞ്ചവികാസത്തിന്റെ തോത് കുറയുന്നത് മനസിലാക്കാന്‍ തുടങ്ങിയ ഗവേഷണം, ഒടുവില്‍ നേരെ വിപരീതമായ കണ്ടെത്തലില്‍ എത്തി.

ആ കണ്ടെത്തലിന്,  എതിര്‍സംഘങ്ങളിലൊന്നിന് നേതൃത്വം നല്‍കിയ സോള്‍ പേള്‍മ്യൂട്ടറും, രണ്ടാമത്തെ ഗ്രൂപ്പിന് നേതൃത്വം നല്‍കിയ ബ്രിയാന്‍ ഷിമിഡ്റ്റിനും, ഷിമിഡ്റ്റിന്റെ സംഘത്തിലെ ആദം റീസും 2011 ലെ ഭൗതികശാസ്ത്ര നൊബേല്‍ പങ്കിട്ടു.

ശ്യാമോര്‍ജത്തിന്റെ കണ്ടെത്തലോടെ പ്രപഞ്ചത്തെ സംബന്ധിച്ച് ഒരു സുപ്രധാന ബോധ്യത്തിലേക്ക് ശാസ്ത്രലോകമെത്തി. നമ്മുക്ക് അനുഭവേദ്യമാകുന്ന, അല്ലെങ്കില്‍ നമുക്ക് നേരിട്ടു നിരീക്ഷിക്കാനാകുന്ന പ്രപഞ്ചമെന്നത്, യഥാര്‍ഥ പ്രപഞ്ചത്തിന്റെ വെറും നാലുശതമാനമേ വരൂ!

പ്രപഞ്ചത്തില്‍ വെറും നാലുശതമാനം ഭാഗത്തിന്റെ 'അവകാശ'മേ നമുക്കുള്ളൂ. 96 ശതമാനവും 'അദൃശ്യ' (dark)മാണ്. 23 ശതമാനം 'ശ്യാമദ്രവ്യം' (dark matter) എന്ന അഞ്ജാതരൂപത്തിലും, 73 ശതമാനം ശ്യാമോര്‍ജമായും.

സൂപ്പര്‍നോവ സര്‍വ്വേകളുടെ ഫലം 1998 ല്‍ പേള്‍മ്യൂട്ടറിന്റെയും ഷിമിഡ്റ്റിന്റെയും സംഘങ്ങള്‍ അവതരിപ്പിച്ചതോടെ, പ്രപഞ്ചപഠനം പുതിയൊരു യുഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

ഗലീലയയില്‍ തുടങ്ങി ന്യൂട്ടനിലൂടെ അടിത്തറ പാകി, ഐന്‍സ്റ്റൈനിലൂടെ പരിഷ്‌ക്കരിക്കപ്പെട്ട പ്രപഞ്ചമല്ല 1998 ല്‍ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതൊരു പുതിയ പ്രപഞ്ചമായിരുന്നു.

പുതിയ നൂറ്റാണ്ടിന് പുതിയ പ്രപഞ്ചത്തെ സമ്മാനിച്ച ആ കണ്ടെത്തലിന്റെ ഉദ്വേഗഭരിതമായ കഥ പറയുന്ന പുസ്തകമാണ് റിച്ചാര്‍ഡ് പാനക് രചിച്ച 'The 4% Universe'. ശരിക്കുമൊരു ക്രൈംത്രില്ലറിന് യോജിച്ച ആഖ്യാനരീതി പിന്തുടരുന്ന ഈ പുസ്തകത്തിലൂടെ, പ്രപഞ്ചപഠനത്തിന്റെ ആധുനിക ചരിത്രമാണ് ചുരുള്‍നിവരുന്നത്.

'പ്രാപഞ്ചിക സൂക്ഷ്മവികിരണ പശ്ചാത്തലം' (Cosmic Microwave Background-CMB) കണ്ടുപിടിക്കപ്പെട്ട 1965 മുതല്‍ ഗ്രന്ഥം ആരംഭിക്കുന്നു. ഏത് ശാസ്ത്രമെഴുത്തുകാരിലും അസൂയയുളവാക്കാന്‍ പോന്നത്ര അസാധാരണമായ കൈയൊതുക്കവും, അതുല്യമായ രചനാവൈഭവവും പാനകിനുണ്ട്.

മത്സരവും നിരാശയും പ്രതീക്ഷയും ഉത്ക്കണ്ഠയും ആവേശവും ചതിയും പാരവെയ്പ്പുമൊക്കെ നിറഞ്ഞ ഒരു ചരിത്രമാണ് ഈ പുസ്തകത്തില്‍ ചുരുള്‍ നിവരുന്നത്. പ്രപഞ്ചപഠനത്തിന്റെ കാണാപ്പുറങ്ങള്‍ മനസിലാക്കാന്‍ വായനക്കാരെ ഖനികള്‍ക്കുള്ളിലെ ഉത്ക്കണ്ഠകളിലേക്കും, ദക്ഷിണധ്രുവത്തിലെ തണുത്തുറഞ്ഞ വേവലാതികളിലേക്കും ഗ്രന്ഥകാരന്‍ നയിക്കുന്നു.

ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ടും, അതേസമയം സംഭവങ്ങളുടെ വിശദാംശങ്ങള്‍ അല്‍പ്പവും വിട്ടുപോകാതെയുമാണ് ഗ്രന്ഥകാരന്‍ മുന്നോട്ടു നീങ്ങുന്നത്. വായനക്കാരന് ശാസ്ത്രവസ്തുതകള്‍ ഇതില്‍ ഭാരമാകുന്നതേയില്ല. അനായാസം അവ വിശദീകരിക്കപ്പെടുന്നു.

പുതിയ പ്രപഞ്ചത്തെ മനസിലാക്കാന്‍ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തമോ ഐന്‍സ്‌റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമോ, അതല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ ഭൗതികശാസ്ത്രവിപ്ലവം വഴി ഉരുത്തിരിഞ്ഞ ക്വാണ്ടംഭൗതികമോ മാത്രം പോരെന്ന് പാനക് പറയുന്നു.

പുതിയ പ്രപഞ്ചത്തിന് പുതിയ സിദ്ധാന്തങ്ങളും ഗണിതസങ്കേതങ്ങളും ഉരുത്തിരിയണം. പതിനേഴാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ഭൗതികപ്രപഞ്ചത്തെ വിശദീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ മാത്രമല്ല, അതിനാവശ്യമായ ഗണിതവും കണ്ടെത്തിയ ഐസക് ന്യൂട്ടനെപ്പോലൊരാളെയാണ് ഇപ്പോള്‍ ശാസ്ത്രലോകം കാക്കുന്നതെന്ന് പാനക് നിരീക്ഷിക്കുന്നു.

പുതിയൊരു ഐന്‍സ്റ്റൈനെയല്ല, പുതിയൊരു ന്യൂട്ടനെയാണ് ശാസ്ത്രത്തിനിന്ന് ആവശ്യം.

പാനകിന്റെ വാക്കുകള്‍ കേള്‍ക്കുക : 'What science needed now wasn't the next Einstein but the next Newton - someone (or someones, or some collaboration, or some generations-long cathedral of a theory) to codify the maths of this new universe. To unite the physics of the very big with the physics of the very small, just as Newton had united the physics of the celestial with the physics of the terrestrial.'

ശരിക്കുപറഞ്ഞാല്‍ പാനക് 2000 ല്‍ പ്രസിദ്ധീകരിച്ച ടെലസ്‌കോപ്പിന്റെ കഥയുടെ (Seeing and Believing - The Story of Telescope, or How We Found Our Place in the Universe. Fourth Estate, London) തുടര്‍ച്ചയാണ് പുതിയ പുസ്തകം.

മറ്റൊരു ശ്രദ്ധേയമായ ഗ്രന്ഥം പാനകിന്റേതായി പുറത്തുവന്നത് 2004 ലാണ്. The Invisible Century - Einstein, Freud, and the Search for Hidden Universes (Viking, New York) എന്ന ആ ഗ്രന്ഥം, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പരസ്പരം നേരില്‍ കണ്ടിട്ടുള്ള ഐന്‍സ്റ്റൈന്‍, സിഗ്മണ്ട് ഫ്രോയിഡ് എന്നിവരുടെ സംഭാവനകള്‍, ഇരുപതാംനൂറ്റാണ്ടിലെ ബൗദ്ധീകപ്രപഞ്ചത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് പറയുന്നത്.

Monday, September 03, 2012

മൊബൈല്‍ അധിനിവേശം


കൈവെള്ളയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണിലെ സംഗതികള്‍ മുഴുവന്‍ വലിച്ചുപുറത്തിടാന്‍ കഴിഞ്ഞാല്‍ എന്തൊക്കെയാവും മുന്നിലെത്തുക. ആലോചിച്ചിട്ടുണ്ടോ. അങ്ങനെയൊരു സംഗതി സാധ്യമായാല്‍, മനുഷ്യന്‍ ഇന്നുവരെ സാക്ഷിയായിട്ടുള്ള ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാകും സംഭവിക്കുക.......കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ 2012 ആഗസ്ത്‌  ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്


രണ്ടുവര്‍ഷം മുമ്പാണ് ഈ ലേഖകന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കുന്നത്; സാംസങിന്റെ ഗാലക്‌സി പരമ്പരയില്‍പെട്ട ഒരെണ്ണം. അതുവരെ നോക്കിയയുടെ 1100 മോഡല്‍ ഉപയോഗിച്ച് സന്തുഷ്ടജീവിതം നയിച്ചുപോരികയായിരുന്നു.

'ഓ, വിളിക്കാനുള്ളതല്ലേ ഫോണ്‍, അതിന് സ്മാര്‍ട്ട്‌ഫോണൊന്നും വേണ്ട'-ചില സുഹൃത്തുക്കള്‍ പറഞ്ഞു. 'ഇതിനെന്താ ഇത്ര പ്രത്യേകത, വിളിക്കുന്നയാളുടെ നമ്പറ് തന്നെയല്ലേ ഇതിലും കിട്ടൂ'-അവര്‍ ചോദിച്ചു.

മൊബൈല്‍ ഫോണ്‍ എന്നാല്‍, വെറും ഫോണ്‍ മാത്രമാണെന്ന ചിന്ത പലരെയും വിട്ടുപോയിട്ടില്ല എന്നതിന് തെളിവായിരുന്നു ഇത്തരം അഭിപ്രായപ്രകടനങ്ങള്‍. പല രാജ്യത്തും ആപ്പിളിന്റെ ഐഫോണ്‍ ഉയര്‍ത്തുന്ന തരംഗമോ, ആന്‍ഡ്രോയിഡ് ഫോണുകള്‍ കൈവരിക്കുന്ന മുന്നേറ്റമോ അവര്‍ അറിഞ്ഞതായി തോന്നിയില്ല.

വിളിക്കാന്‍ മാത്രമുള്ള ഉപകരണമാണോ ഇന്ന് മൊബൈല്‍ഫോണ്‍?  കീശയില്‍ കിടക്കുന്ന ആ ഉപകരണം യഥാര്‍ഥത്തില്‍ എന്താണ്? എന്തൊക്കെയാണ് അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്?

കൈവെള്ളയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണിലെ സംഗതികള്‍ മുഴുവന്‍ വലിച്ചുപുറത്തിടാന്‍ കഴിഞ്ഞാല്‍ എന്തൊക്കെയാവും മുന്നിലെത്തുക. ആലോചിച്ചിട്ടുണ്ടോ. അങ്ങനെയൊരു സംഗതി സാധ്യമായാല്‍, മനുഷ്യന്‍ ഇന്നുവരെ സാക്ഷിയായിട്ടുള്ള ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാകും സംഭവിക്കുക.

ഇതു കേള്‍ക്കുമ്പോള്‍ ചിലര്‍ നെറ്റി ചുളിച്ചേക്കാം, അത്രയ്ക്കുണ്ടോ എന്ന് തോന്നിയേക്കാം. ശരി, കീശയില്‍നിന്ന് ഫോണെടുത്ത് മുന്നില്‍ വെയ്ക്കുക. ഒരു കടലാസും പെന്‍സിലും എടുക്കുക. മുന്നിലിരിക്കുന്ന ആ ഉപകരണത്തിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് ഒരു പട്ടിക തയ്യാറാക്കി നോക്കുക.

ആ പട്ടിക ഏതാണ്ട് ഇങ്ങനെയുണ്ടാകും -

ക്യാമറ
ടെലിവിഷന്‍
റേഡിയോ
സൗണ്ട് റിക്കോര്‍ഡര്‍
മ്യൂസിക് പ്ലെയര്‍
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍
ഫോട്ടോവ്യൂവര്‍
ഫോട്ടോ എഡിറ്റര്‍
വീഡിയോ ക്യാമറ
വീഡിയോ പ്ലെയര്‍
ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍
കാല്‍ക്കുലേറ്റര്‍
കലണ്ടര്‍
ക്ലോക്ക്
അലാറാം
കോംപസ്
ജി.പി.എസ്.നാവിഗേറ്റര്‍
മെമ്മറിസ്റ്റിക്ക്
നോട്ടുബുക്ക്
ബാങ്കിങ് ഉപകരണം
ഇലക്ട്രോണിക് 'ക്രഡിറ്റ്കാര്‍ഡ്'

.............പട്ടിക ഇങ്ങനെ നീളും.

ഒടുവില്‍ ഇതുകൂടി ചേര്‍ക്കാം : ഈ ഉപകരണംകൊണ്ട് ഫോണ്‍ വിളിക്കുകയുമാകാം!

ഒരു ഇടത്തരം ഭവനത്തില്‍ സ്ഥാനംപിടിക്കുന്ന, ടെലിവിഷന്‍, മ്യൂസിക് പ്ലെയര്‍ എന്നിങ്ങനെയുള്ള എത്രയെത്ര ഉപകരണങ്ങളാണ് കൈവെള്ളയിലൊതുങ്ങുന്ന ചെറുഉപകരണത്തിനുള്ളിലേക്ക് ഒറ്റയടിക്ക് കുടിയേറിയത്!

ആധുനികലോകം സാക്ഷിയാകുന്ന ഏറ്റവും വലിയ സാങ്കേതികവിപ്ലവം അരങ്ങേറുന്നത് നമ്മുടെ പോക്കറ്റിനുള്ളിലാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ല.

1876 ല്‍ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ അമേരിക്കയില്‍ പേറ്റന്റ് നേടുന്നതോടെയാണ് ടെലിഫോണ്‍ യുഗത്തിന്റെ ആരംഭം. ഒരു കമ്മ്യൂണിക്കേഷന്‍ ഉപാധി എന്ന നിലയ്ക്കായിരുന്നു ഫോണിന്റെ പ്രസക്തി.

ഏതാണ്ട് ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ ടെലിഫോണിന് ഒരു പിന്‍ഗാമി എത്തി -മൊബൈല്‍ ഫോണ്‍.

സെല്ലുലാര്‍ ഫോണ്‍, സെല്‍ഫോണ്‍, ഹാന്‍ഡ്‌ഫോണ്‍ എന്നൊക്കെ പേരു വിളിക്കപ്പെട്ട മൊബൈല്‍ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 1973 ലാണ്. മോട്ടറോളയിലെ ഡോ.മാര്‍ട്ടിന്‍ കൂപ്പറായിരുന്നു അവതാരകന്‍.

1983 ല്‍ മൊബൈല്‍ ഫോണ്‍ ആദ്യമായി (അമേരിക്കന്‍) വിപണിയിലെത്തി. 'മോട്ടറോള ഡൈന ടി.എ.സി 8000എക്‌സ്' (Motorola Dyna TAC 8000x) ആയിരുന്നു ഉപഭോക്താക്കളുടെ പക്കലെത്തിയ ആദ്യ മൊബൈല്‍ ഫോണ്‍.

കൈയില്‍ കൊണ്ടുനടക്കാം, കൂടുതല്‍ സൗകര്യപ്രദം -ഇതായിരുന്നു മൊബൈല്‍ഫോണിന്റെ സവിശേഷത. എന്നാല്‍, ഉപയോഗം സാധാരണഫോണിന്റേത് തന്നെയായിരുന്നു.

വെറുമൊരു കമ്മ്യൂണിക്കേഷന്‍ ഉപാധി എന്ന നിലയ്ക്ക് മാത്രം ഒരു നൂറ്റാണ്ടിലേറെ നിലനിന്ന ഫോണിനാണ്, സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ വിപ്ലവകരമായ മാറ്റം സംഭവിച്ചത്. കമ്മ്യൂണിക്കേഷന്‍ എന്നത് ഫോണിന്റെ മറ്റനേകം സാധ്യതകളില്‍ ഒന്നു മാത്രമായി ചുരുങ്ങി.

പോക്കറ്റിനുള്ളിലെ മാറ്റം
2007 ജനവരി 9 ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോണ്‍ സെന്ററില്‍ ആദ്യമായി ഐഫോണ്‍ അവതരിപ്പിക്കുന്ന വേളയില്‍, അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ഇങ്ങനെ പറഞ്ഞു : 'ഒന്നല്ല മൂന്ന് ഉപകരണങ്ങളാണ് ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്നത്-ഒരു ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍, ഒരു മൊബൈല്‍ ഫോണ്‍, ഒരു ഐപോഡ് (മ്യൂസിക് പ്ലെയര്‍)'.

ഇത്രയും പറഞ്ഞ് സദസിലുള്ളവരെ അമ്പരിപ്പിച്ച ശേഷം, തന്റെ തനത് ശൈലയില്‍ മാസ്മരശക്തിയുള്ള ആ ചെറുചിരിയോടെ സ്റ്റീവ് തുടര്‍ന്നു : 'മൂന്ന് ഉപകരണങ്ങളെന്നാല്‍ മൂന്നല്ല, ഒന്നാണ് - പേര് 'ഐഫോണ്‍'!'

സദസ്സിന്റെ നീണ്ട കരഘോഷത്തിന് മുന്നില്‍ സ്റ്റീവ് നിശബ്ധനായി.

മോസ്‌കോണ്‍ സെന്ററിനെ അക്ഷരാര്‍ഥത്തില്‍ പ്രകമ്പനം കൊള്ളിച്ച ആ കരഘോഷം യഥാര്‍ഥത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന്റെ ഉദയം തന്നെയായിരുന്നു. എത്ര ഉത്സാഹത്തിമിര്‍പ്പോടെയാണ് സ്മാര്‍ട്ട്‌ഫോണിനെ ലോകം വരവേല്‍ക്കാന്‍ പോകുന്നതെന്നതിന്റെ സൂചനയായി അത്.

ഒന്നല്ല മൂന്ന് ഉപകരണം എന്ന് സ്റ്റീവ് പറഞ്ഞതിലെ പ്രതീകാത്മകതകൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും. മൂന്നെന്ന് സ്റ്റീവ് പറഞ്ഞത് എത്രയാണെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണിന്ന്.

ഇതുപറയുമ്പോള്‍ തോന്നാം സ്റ്റീവും ആപ്പിളുമാണ് സ്മാര്‍ട്ട്‌ഫോണ്‍ കണ്ടുപിടിച്ചതെന്ന്. അല്ല. ആദ്യസ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി 13 വര്‍ഷം കഴിയുമ്പോഴാണ് ആപ്പിള്‍ ഐഫോണിന്റെ വരവ്. പക്ഷേ, സ്മാര്‍ട്ട്‌ഫോണ്‍ എന്നാല്‍ എങ്ങനെയിരിക്കണം, എന്തൊക്കെ സാധ്യതകള്‍ അതിനുണ്ടെന്ന് ലോകത്തിന് കാട്ടിക്കൊടുത്തത് സ്റ്റീവും ആപ്പിളും ചേര്‍ന്നാണ്.

രണ്ടാംതലമുറ സെല്ലുലാര്‍ സങ്കേതം (2ജി) ഫിന്‍ലന്‍ഡില്‍ അവതരിപ്പിക്കപ്പെടുന്നത് 1991 ലാണ്. ഏതാണ്ട് അതേ സമയത്തു തന്നെ, മൊബൈല്‍ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളെക്കുറിച്ചുള്ള ആശയങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്താന്‍ പക്ഷേ, പിന്നെയും മൂന്നുവര്‍ഷം വേണ്ടിയിരുന്നു. 1994 ല്‍ പുറത്തുവന്ന 'ഐ.ബി.എം.സിമോണ്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേറ്റര്‍' ആണ് വിപണിയിലിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. സാധാരണ 'ഫീച്ചര്‍ഫോണുകളെ' അപേക്ഷിച്ച് സ്മാര്‍ട്ടായ ഇത്തരം ഫോണുകളെ സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്‌സണ്‍ 1997 ല്‍ 'സ്മാര്‍ട്ട്‌ഫോണ്‍' എന്ന് പേരിട്ടുവിളിച്ചു.

ടച്ച്‌സ്‌ക്രീനോടുകൂടിയ 'എറിക്‌സണ്‍ ആര്‍380 സ്മാര്‍ട്ട്‌ഫോണ്‍' 2000 ല്‍ വിപണിയിലെത്തി. ഒരു മൊബൈല്‍ കമ്പ്യൂട്ടിങ് ഓപ്പറേറ്റിങ് സിസ്റ്റം ആദ്യമുപയോഗിച്ച ഫോണ്‍ അതായിരുന്നു. സിമ്പിയന്‍ ഒഎസ് ആയിരുന്നു അതിലുപയോഗിച്ചിരുന്നത്.

ഒറ്റ ഉപകരണത്തിന് മാത്രം സംഭവിക്കുന്ന പരിഷ്‌ക്കരണംകൊണ്ട് മൊബൈല്‍ വിപ്ലവം സാധ്യമാകുമായിരുന്നില്ല. മറ്റനേകം സങ്കേതങ്ങളുടെ വളര്‍ച്ചയും അതിന് വേണ്ടിയിരുന്നു.

വയര്‍ലെസ് സങ്കേതം, ഇന്റര്‍നേറ്റ്, വേള്‍ഡ് വൈഡ് വെബ്ബ്, പേഴ്‌സണല്‍ കമ്പ്യൂട്ടിങ്, ഡിറ്റല്‍ ഇമേജിങ് വിദ്യ, ബാറ്ററി സങ്കേതങ്ങള്‍, ഊര്‍ജക്ഷമതയേറിയ ചിപ്പുകള്‍, മള്‍ട്ടിടച്ച് സങ്കേതം...എന്നിങ്ങനെ ഒട്ടേറെ മേഖലകളിലുണ്ടായ വ്യത്യസ്തമായ സാങ്കേതിക മുന്നേറ്റങ്ങള്‍ സമ്മേളിക്കുന്ന ഇടമായി മൊബൈല്‍ മാറി.

അതിന്റെ മൂര്‍ത്തീഭാവമായിരുന്നു 1997 ല്‍ രംഗത്തെത്തിയ ഐഫോണ്‍. യഥാര്‍ഥ സ്മാര്‍ട്ട്‌ഫോണ്‍ യുഗം അതോടെ ആരംഭിച്ചു.

അതിനടുത്ത വര്‍ഷം, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണും (എച്ച്.ടി.സി.ഡ്രീം-2008) വിപണിയിലെത്തി. ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണും രംഗത്തെത്തിയിരിക്കുന്നു.

ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുമുള്ള ആപ്ലിക്കേഷന്‍ (ആപ്‌സ്) നിര്‍മാണവും വില്‍പ്പനയും തന്നെ ഇന്ന് വലിയൊരു വിപണിയാണ്.
അഞ്ചുലക്ഷത്തിലേറെ ഐഫോണ്‍ ആപ്ലിക്കേഷനുകളും ആറുലക്ഷത്തോളം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും നിലവില്‍ ലഭ്യമാണെന്നറിയുമ്പോള്‍, ആ രംഗം നേടുന്ന വളര്‍ച്ച വ്യക്തമാകും.

മൊബൈല്‍ വിപ്ലവം
മൊബൈല്‍ ഫോണിന്റെ വളര്‍ച്ചയും അത് നേടിയ സ്വീകാര്യതയും അമ്പരപ്പിക്കുന്നതാണ്. 1982 ലെ കാര്യം ആലോചിക്കുക. അന്ന് ലോകജനസംഖ്യ 460 കോടി. മൊബൈല്‍ വരിക്കാരുടെ സംഖ്യ -പൂജ്യം.

2012 ലെ കണക്ക് നോക്കുക. ലോകജനസംഖ്യ 700 കോടി. മൊബൈല്‍ വരിക്കാരുടെ സംഖ്യ - 600 കോടി! ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കാണിത്.

രണ്ടായിരാമാണ്ടില്‍ നൂറുകോടിയില്‍ താഴെ മാത്രമായിരുന്നു ലോകത്ത് മൊബൈല്‍ വരിക്കാരെങ്കില്‍, ഇന്ന് ലോകജനസംഖ്യയുടെ 75 ശതമാനത്തിന്റെയും പക്കല്‍ മൊബൈലുണ്ട്. വൈകാതെ അത് ലോകജനസംഖ്യയെ തന്നെ കടത്തിവെട്ടും!

ലാന്‍ഡ് ഫോണിന് ഒരു നൂറ്റാണ്ടുകൊണ്ട് സാധിച്ച കാര്യം, മൊബൈലിന് വെറും 20 വര്‍ഷംകൊണ്ട് കൈവരിക്കാനായി. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ 'യന്ത്ര'മായി മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് മാറിയിരിക്കുന്നു.

മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് ആദ്യം സാക്ഷിയായ അമേരിക്കയുടെ കാര്യമെടുക്കുക. അഞ്ചുശതമാനത്തില്‍ നിന്ന് 50 ശതമാനം അമേരിക്കന്‍ ഭവനങ്ങളിലേക്ക് ടെലിഫോണ്‍ ലൈനുകളെത്താന്‍ 45 വര്‍ഷമെടുത്തു. അത്രയും ഉപഭോക്താക്കളിലേക്ക് മൊബൈല്‍ ഫോണെത്താന്‍ വെറും ഏഴ് വര്‍ഷമേ വേണ്ടിവന്നുള്ളൂ.

സാധാരണ മൊബൈലിനെ കടത്തിവെട്ടുന്ന നിലയ്ക്കാണ് സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ച. അഞ്ചില്‍ നിന്ന് 40 ശതമാനത്തിലേക്ക് എത്താന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിവന്നത് വെറും അഞ്ച് വര്‍ഷം മാത്രം!

2012 ന്റെ ആദ്യപാദത്തില്‍ ലോകത്താകമാനം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളില്‍ 36 ശതമാനവും സ്മാര്‍ട്ട്‌ഫോണുകളായിരുന്നുവെന്ന് വിപണിവിശകലന സ്ഥാപനമായ ഐ.ഡി.സി.പറയുന്നു. ഈ കണക്കുകള്‍ വ്യക്തമാക്കുന്ന സംഗതി, ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പ്രചാരവും സ്വീകാര്യതയും നേടിയ സാങ്കേതികവിദ്യയായി മൊബൈലും സ്മാര്‍ട്ട്‌ഫോണും മാറുന്നു എന്നാണ്.

സാധാരണ ഫോണ്‍ ഒരു മള്‍ട്ടിമീഡിയ ഉപകരണമായി പരിണമിച്ചതിനൊപ്പം, അവയുടെ കമ്പ്യൂട്ടിങ് കരുത്ത് കൂടുകയും വില കുറയുകയും ചെയ്തു. മൊബൈലിനും സ്മാര്‍ട്ട്‌ഫോണിനും ഇത്ര വലിയ സ്വീകാര്യതയും പ്രചാരവും ലഭിച്ചതിന് പിന്നില്‍ ഇതൊരു പ്രധാന ഘടകമാണ്.

മറ്റൊരു ഘടകം കൂടിയുണ്ട്. അത് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍സ് യൂണിയന്‍ (ഐ.റ്റി.യു) പുറത്തുവിട്ട കണക്കു പ്രകാരം, ലോകജനസംഖ്യയില്‍ 90 ശതമാനവും ഇന്ന് 2ജി നെറ്റ്‌വര്‍ക്കിന്റെ പരിധിയിലാണ്,  45 ശതമാനം 3ജി നെറ്റ്‌വര്‍ക്കിന്റെ പരിധിയിലും.

സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന തരത്തിലാണ് മൊബൈല്‍ വിപ്ലവം മുന്നേറുന്നതെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ആശയവിനിമയം, വിനോദം, വിദ്യാഭ്യാസം, പണമിടപാടുകള്‍, തൊഴില്‍മേഖലകള്‍ എന്നിവയിലൊക്കെ മൊബൈലുകളും സ്മാര്‍ട്ട്‌ഫോണുകളും വലിയ സ്വാധീനം ചെലുത്തുന്നു.

ഉപജീവനമാര്‍ഗങ്ങള്‍ മാത്രമല്ല, പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും, ആശയവിനിമയത്തിന്റെ പരമ്പരാഗത രീതികള്‍ മാറ്റിമറിക്കാനും മൊബൈല്‍ വിപ്ലവം വഴിയൊരുക്കുന്നു.

അതുവഴി, കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാനും, സാമ്പത്തിക പുരോഗതിക്ക് തന്നെ ആക്കംകൂട്ടാനും വഴിയൊരുക്കുന്ന ഒന്നായി മൊബൈല്‍ വിപ്ലവം മാറിയിരിക്കുന്നു. ഏകാധിപത്യ ഭരണകൂടങ്ങളെ മറിച്ചിടാന്‍ മൊബൈലൊരുക്കുന്ന സാധ്യതകള്‍ സാധാരണക്കാര്‍ക്ക് കരുത്തേകുന്നു.

ചരിത്രത്തില്‍ മറ്റൊരു സാങ്കേതികവിദ്യയ്ക്കും ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഒരേ സമയം സ്വീധീനം ചെലുത്താനോ അടയാളം സ്ഥാപിക്കാനാ കഴിഞ്ഞിട്ടില്ല എന്നകാര്യം ഓര്‍ക്കുക. ലോകം ശരിക്കുമൊരു മൊബൈല്‍ അധിനിവേശത്തിന്റെ പിടിയിലാണെന്ന് സാരം.

(അവലംബം : Maximizing Mobile, World Bank 2012 Report; Wikipedia)

Friday, August 10, 2012

മനുഷ്യപരിണാമകഥയില്‍ പുതിയ വര്‍ഗം



മനുഷ്യന്റെ നേര്‍പൂര്‍വികന്‍ എന്ന് കരുതിയിരുന്ന വര്‍ഗം 18 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന 'ഹോമോ ഇറക്ടസ്' (Homo erectus) ആണ്. 50 വര്‍ഷം മുമ്പ് 'ഹോമോ ഹാബിലിസ്' (Homo habilis) എന്നൊരു പ്രാചീന മനുഷ്യയിനത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ഇപ്പോഴിതാ, 'ഹോമോ റുഡോള്‍ഫിന്‍സിസ്' (Homo rudolfensis) എന്നൊരു പൂര്‍വിക മനുഷ്യവര്‍ഗത്തെക്കൂടി കണ്ടെത്തിയിരിക്കുന്നു.

ആഫ്രിക്കയില്‍ വടക്കന്‍ കെനിയയില്‍നിന്ന് ലഭിച്ച 17.8 -19.5 ലക്ഷം വര്‍ഷം പഴക്കമുള്ള മൂന്നു വ്യത്യസ്ത ഫോസിലുകളാണ് പുതിയ വര്‍ഗത്തെക്കുറിച്ചുള്ള തെളിവായത്. 1972 ല്‍ ലഭിച്ച ഒരു പ്രാചീന തലയോട്ടി, എച്ച്.റുഡോള്‍ഫിന്‍സിസിന്റേതായിരുന്നു എന്ന് കരുതിയിരുന്നു. അക്കാര്യമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോ.മീവ് ലീക്കിയുടെ (തുര്‍ക്കാന ബേസിന്‍ ഇന്‍സ്റ്റിട്ട്യൂട്ട്, നെയ്‌റോബി) നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ നിഗമനത്തിലെത്തിയത്.

ഏതെങ്കിലും പ്രാചീന വര്‍ഗത്തില്‍ നിന്ന് മനുഷ്യന്‍ നേരിട്ട് പരിണമിച്ചുണ്ടാവുകയായിരുന്നില്ല എന്നാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. മനുഷ്യപരിണാമം രേഖീയമായ ഒരു പ്രക്രിയ (linear evolution) ആയിരുന്നില്ല എന്നാണ് ഇതിനര്‍ഥം. 'നമ്മുടെ പൂര്‍വകാലം വൈവിധ്യമാര്‍ന്ന ഒന്നായിരുന്നു'-ഡോ.ലീക്കി പറയുന്നു.

മനുഷ്യന്റെ പൂര്‍വികരെന്ന് കരുതാവുന്ന മൂന്ന് വ്യത്യസ്ത പ്രചീനയിനങ്ങള്‍ ഒരേസമയം ആഫ്രിക്കയില്‍ നിലനിന്നിരുന്നുവെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന.

'മറ്റ് ജീവജാതികള്‍ രൂപപ്പെട്ട അതേ പരിണാമവഴികള്‍ തന്നെയാണ് മനുഷ്യന്റെ കാര്യത്തിലുമെന്ന് ഇത് വ്യക്തമാക്കുന്നു'-ഡോ.ലീക്കി പറയുന്നു. 'പരിഷ്‌ക്കരിച്ചയിനം ശിലായുധങ്ങള്‍ ഉണ്ടാക്കുന്ന കാലംവരെ മനുഷ്യരെ സംബന്ധിച്ച്, മറ്റു ജീവിവര്‍ഗങ്ങളെ അപേക്ഷിച്ച്, വലിയ സവിശേഷതയൊന്നും അവകാശപ്പെടാന്‍ ഇല്ലായിരുന്നു' (അവലംബം: നേച്ചര്‍).

Wednesday, August 01, 2012

പരിഷ്‌ക്കരിക്കപ്പെടുന്ന യാഥാര്‍ഥ്യം


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂലായ് 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
കഴിഞ്ഞ ഏപ്രില്‍ നാലിന് പോസ്റ്റ് ചെയ്യപ്പെട്ട ആ വീഡിയോ ഇതെഴുതുന്ന സമയംവരെ 1.6 കോടിയിലേറെ തവണ യുട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു. 'പ്രോജക്ട് ഗ്ലാസ്' എന്ന് പേരിട്ട ഗൂഗിളിന്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പിന്റെ ഭാഗമായിരുന്നു ആ വീഡിയോ. ഗൂഗിളിന്റെ രഹസ്യലാബായ 'ഗൂഗിള്‍ എക്‌സി'ലാണ് ആ പദ്ധതി ചുരുളഴിയുന്നതെന്നും അറിയിപ്പിലുണ്ടായിരുന്നു.

'പ്രോജക്ട് ഗ്ലാസ്: വണ്‍ ഡേ....' എന്ന തലവാചകത്തോടെ ഗൂഗിള്‍ അവതരിപ്പിച്ച വീഡിയോയുടെ രണ്ടര മിനിറ്റ് നീളുന്ന ഉള്ളടക്കം താരതമ്യേന ലളിതമാണ്. സമീപഭാവിയില്‍ ഒരാളുടെ ദിവസം എങ്ങനെയാകാം എന്ന് കാട്ടിത്തരുന്ന അതിലെ നായകന്‍ വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. പകരം, അയാള്‍ കാണുന്ന ലോകമാണ് വീഡിയോയിലുള്ളത്.

വീഡിയോ തുടങ്ങുന്നു..............രാവിലെ കട്ടിലില്‍നിന്ന് മൂരിനിവര്‍ന്നെഴുന്നേല്‍ക്കുന്ന നായകന് മുന്നില്‍, സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ പോലെ അന്തരീക്ഷത്തില്‍ തെളിയുന്ന ഐക്കണുകള്‍. അവ സുതാര്യമാണ്, മുന്നിലുള്ള ഒന്നിനെയും മറയ്ക്കുന്നില്ല. അധികം വൈകാതെ അവ ദൃഷ്ടിപഥത്തില്‍നിന്ന് മായുന്നു.

ജഗ്ഗില്‍നിന്ന് കാപ്പി പകര്‍ന്ന് കുടിക്കാന്‍ തുടങ്ങുമ്പോഴേക്കും, ക്ലോക്കിന്റെ ഐക്കണും അതിനോട് ചേര്‍ന്ന് 'see Jess Tonight' എന്ന ഓര്‍മപ്പെടുത്തലും പ്രത്യക്ഷപ്പെടുന്നു. കാപ്പികുടി കഴിഞ്ഞ് ജനാലയിലൂടെ പുറത്ത് നഗരത്തിലേക്ക് നോക്കുമ്പോള്‍, കാലാവസ്ഥാ വിവരം മുന്നില്‍ പ്രത്യക്ഷപ്പെടുന്നു-പുറത്ത് താപനില 58 ഡിഗ്രി, സൂര്യപ്രകാശമുള്ള ദിനം, മഴയ്ക്ക് സാധ്യത പത്തുശതമാനം.

പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ 'Wanna meet up today?' എന്ന അന്വേഷണവുമായി ഒരു സുഹൃത്തിന്റെ മുഖം ഐക്കണായി ദൃഷ്ടിപഥത്തിന്റെ ഒരു കോണില്‍ പ്രത്യക്ഷപ്പെടുന്നു. 'ശരി, സ്ട്രാന്‍ഡ് ബുക്‌സിന് മുന്നില്‍ രണ്ടുമണിക്ക് കാണാം' എന്ന് നായകന്‍ പറയുന്നു. അത് മറുപടിയായി അയയ്ക്കപ്പെട്ടു എന്ന അറിയിപ്പ് നൊടിയിടയില്‍ മുന്നില്‍ തെളിഞ്ഞുമാഞ്ഞു.

ബാഗും താക്കോലുമെടുത്ത് പുറത്ത് റോഡിലെത്തി സബ്‌വേയിലേക്ക് തിരിഞ്ഞപ്പോള്‍ അറിയിപ്പ് മുന്നില്‍ തെളിയുന്നു: 'Subway service Suspended'. പകരം നടക്കേണ്ട വഴി ഒരു മാപ്പിന്റെ രൂപത്തില്‍ ദൃഷ്ടിപഥത്തിലെത്തുന്നു. ഒരു ബുക്ക്‌ഷോപ്പിലേക്ക് കടക്കുമ്പോള്‍ 'Strand Books' എന്ന് മുന്നിലെത്തി. മ്യൂസിക് വിഭാഗം എവിടെയാണെന്ന് നായകന്‍ ചോദിക്കുമ്പോള്‍ അത് വ്യക്തമാക്കുന്ന കടയുടെ മാപ്പ് പ്രത്യക്ഷപ്പെടുന്നു.

പുസ്തകങ്ങള്‍ പരതുന്നതിനിടെ പോള്‍ എന്ന സുഹൃത്തിന്റെ ഐക്കണ്‍ ചിത്രത്തോടൊപ്പം. അയാള്‍ സ്ട്രാന്‍ഡ് ബുക്‌സില്‍ നിന്ന് 402 അടി അകലെയുണ്ട് എന്ന അറിയിപ്പ് എത്തി. നായകന്‍ പുറത്തിറങ്ങി സുഹൃത്തുമായി കൂടിക്കാഴ്ച നടത്തുന്നു.

സുഹൃത്ത് പിരിഞ്ഞ ശേഷം നടത്തം തുടരുമ്പോള്‍, റോഡരികില്‍ കണ്ട ഒരു ദൃശ്യം നല്ലൊരു ഫോട്ടോയ്ക്കുള്ള വിഷയമാണല്ലോ എന്ന് നായകന് തോന്നുന്നു. ഇതിന്റെ ഫോട്ടോയെടുക്കാം എന്ന് പറയുമ്പോള്‍  മുന്നിലുള്ള ദൃശ്യം ഫ്രെയിമിലാവുകയും, എടുത്ത ഫോട്ടോ നൊടിയിടയില്‍ ഗൂഗിള്‍ പ്ലസിലെ സര്‍ക്കിളുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു.

കെട്ടിടത്തിന്റെ പടികള്‍ കയറി മുകളിലെത്തുമ്പോഴാണ് ജെസീക്കയെന്നൊരു സുഹൃത്ത് സംസാരിക്കാനാഗ്രഹിക്കുന്നു എന്ന അറിയിപ്പ് മുന്നിലെത്തുന്നത്. അനുവാദം കൊടുത്തയുടന്‍, ജസീക്കയുടെ മുഖം ദൃഷ്ടിപഥത്തിന്റെ താഴെഭാഗത്തായി ചെറിയൊരു ചതുരത്തില്‍ പ്രത്യക്ഷപ്പെടുകയും സംസാരം തുടങ്ങുകയും ചെയ്യുന്നു.....ജസീക്കയെ ആഹ്ലാദിപ്പിക്കാന്‍ നായകന്‍ ഒരു വാദ്യോപകരണം മീട്ടിത്തുടങ്ങുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.

...........ഭാവിയിലെ ഒരു ദിനം ഇങ്ങനെയാണ് അവതരിപ്പിക്കപ്പെടുന്നത്.

ഭൗതികലോകത്തിന് മേല്‍ വെര്‍ച്വല്‍റിയാലിറ്റി പതിപ്പിച്ചുവെച്ചുള്ള ഈ പുതിയ ലോകം എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് വീഡിയോയിലില്ല. എന്നാല്‍, ഗൂഗിളിന്റെ അറിയിപ്പില്‍ കണ്ണടപോലെ തലയില്‍ ധരിക്കാവുന്ന ഒരുപകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയൊരിനം കണ്ണടയാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്ന് ഇതില്‍നിന്ന് സൂചന ലഭിക്കുന്നു. 'പ്രോജക്ട് ഗ്ലാസ്' എന്ന പേര് യാദൃശ്ചികമല്ലെന്ന് സാരം.
                                                                         ------
വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകമായിരുന്നു ഇതുവരെ നമുക്ക് പരിചിതം. കമ്പ്യൂട്ടര്‍ സ്‌ക്രീനുകളിലൂടെയും ടെലിവിഷനിലൂടെയും മൊബൈല്‍സ്‌ക്രീനിലൂടെയുമൊക്കെ വെര്‍ച്വല്‍ ലോകത്തേക്ക് നമ്മള്‍ പ്രവേശിക്കുന്നു. ആ അപരലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന സങ്കേതങ്ങളെ ഇന്റര്‍ഫേസ് അഥവാ സമ്പര്‍ക്കമുഖം എന്ന് നമ്മള്‍ പേരിട്ടുവിളിച്ചു.

ഡിജിറ്റല്‍ലോകത്ത് നമുക്ക് പരിചിതമായ ആ യാഥാര്‍ഥ്യം പരിവര്‍ത്തനം ചെയ്യപ്പെടാന്‍ പോകുന്നു എന്ന പ്രഖ്യാപനമായിരുന്നു'പ്രോജക്ട് ഗ്ലാസ്'  എന്ന പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പ്. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ടെലിവിഷനുമൊക്കെ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകളത്രയും ഭൗതികലോകത്തേക്ക് പ്രതിഷ്ഠിക്കുംവിധം പുതിയൊരു യാഥാര്‍ഥ്യം ഭാവിയെ ഉറ്റുനോക്കുകയാണ്. 'ഓഗ്മെന്റഡ് റിയാലിറ്റി' (Augmented reality) എന്നാണതിന്റെ പേര്.

പ്രതീതിയാഥാര്‍ഥ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ലോകം നിങ്ങളുടേതും, കമ്പ്യൂട്ടറിലെ ഡിജിറ്റല്‍ലോകം അതിന്റേയുമാണ്. ഭൗതികലോകത്തിനും ഡിജിറ്റല്‍ലോകത്തിനും കൃത്യമായ അതിര്‍വരമ്പുണ്ട്. സമ്പര്‍ക്കമുഖത്തിലൂടെ ആ അതിര്‍ത്തി ഭേദിക്കാന്‍ നമുക്ക് സാധിക്കുന്നു എന്നുമാത്രം.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഇവിടെ ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിര്‍ത്തി കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. ഭൗതികലോകത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് ഡിജിറ്റല്‍ലോകം കടുന്നുകയറുന്നുവെന്നോ, ഡിജിറ്റല്‍ലോകത്തിനുള്ളിലേക്ക് ഭൗതികലോകത്തെ പ്രതിഷ്ഠിക്കുന്നുവെന്നോ പറയാവുന്ന അവസ്ഥ.

യാഥാര്‍ഥ്യത്തെ പരിഷ്‌ക്കരിക്കുകയാണ് ഓഗ്മെന്റഡ് റിയാലിറ്റി ചെയ്യുന്നത്. കമ്പ്യൂട്ടറിന് മുന്നിലോ സ്മാര്‍ട്ട്‌ഫോണിലോ മാത്രം ഇത്രകാലവും സാധ്യമായിരുന്ന കാര്യങ്ങളത്രയും, അല്ലെങ്കില്‍ അതില്‍ കൂടുതലും, അവയില്ലാതെ ശബ്ദനിര്‍ദേശങ്ങള്‍ക്കൊണ്ടോ, അംഗവിക്ഷേപങ്ങള്‍കൊണ്ടോ, നേത്രചലനങ്ങള്‍ക്കൊണ്ടോ, ഒരുപക്ഷേ വെറും മനോവ്യാപാരങ്ങള്‍ക്കൊണ്ടോ സാധ്യമാകുന്ന അവസ്ഥ.

ഏതായാലും ഒന്നു വ്യക്തം. യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി. അതിനാല്‍ നമുക്കതിനെ 'സമീപയാഥാര്‍ഥ്യം' എന്ന് വിളിക്കാം. 'പ്രതീതിയാഥാര്‍ഥ്യ'ത്തില്‍ നിന്ന് ലോകം 'സമീപയാഥാര്‍ഥ്യ'ത്തിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്ന് സാരം.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ കണ്ണട


രണ്ടര മാസം മുമ്പ് ഇപ്‌സണ്‍ (Epson) കമ്പനി ഇറക്കിയ കണ്ണടയുടെ പ്രത്യേക, കണ്ണട എന്തിനാണോ ഉപയോഗിക്കാറ് അതിനുള്ളതല്ല ആ ഉപകരണം എന്നതായിരുന്നു. കണ്ണിനെ സംരക്ഷിക്കാനോ കാഴ്ചശക്തി വര്‍ധിപ്പിക്കാനോ ഉള്ളതല്ല 'മൂവിറിയോ ബിടി-100' (Movierio BT-100) എന്ന കണ്ണട. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിമീഡിയ കണ്ണടയാണത്. അതുപയോഗിച്ച് വീഡിയോ കാണാം, ത്രീഡി ദൃശ്യങ്ങള്‍ ആസ്വദിക്കാം, വേണമെങ്കില്‍ വെബ്ബ് ബ്രൗസിങും നടത്താം!

ഇത്രകാലവും നമ്മള്‍ വീഡിയോ കണ്ടിരുന്നത് ടെലിവിഷന്‍ സ്‌ക്രീനിലോ കമ്പ്യൂട്ടറിലോ മൊബൈലിലോ ഒക്കെയാണ്. ഏതാണ്ട് 700 ഡോളര്‍ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ ലഭ്യമായ മൂവിറോയോ കണ്ണട ധരിച്ചാല്‍, അത്തരം പൊല്ലാപ്പൊന്നുമില്ലാതെ വീഡിയോ ആസ്വദിക്കാം.

ഈ കണ്ണടയിലെ 'പികോ പ്രൊജക്ടറുകള്‍' അഥവാ മൊബൈല്‍ പ്രൊജക്ടറുകള്‍, 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള വെര്‍ച്വല്‍ ഡിസ്‌പ്ലേയാണ് കണ്ണിന് മുന്നില്‍ സൃഷ്ടിക്കുക. സുതാര്യമായ ആ ഡിസ്‌പ്ലെ മുന്നിലുള്ള മറ്റു കാഴ്ച്ചകളെ മറയ്ക്കുന്നില്ല. വൈഫൈ കണക്ടിവിറ്റിയുമുണ്ട് ഈ മള്‍ട്ടിമീഡിയ കണ്ണടയില്‍. വീഡിയോ ഇതില്‍ ശേഖരിച്ച് സൂക്ഷിക്കാനും തടസ്സമില്ല. ആറുമണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്. ഇയര്‍ബഡുകള്‍ ഡോള്‍ബി ശബ്ദസംവിധാനം കൂടി ഒരുക്കുന്നതോടെ, ദൃശ്യാനുഭവത്തിന്റെ ആസ്വാദ്യത പതിന്മടങ്ങ് വര്‍ധിക്കുന്നു.

പത്തുവര്‍ഷംമുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐപോഡ് എന്ന മ്യൂസിക് പ്ലെയര്‍ എങ്ങനെയാണോ സംഗീതാസ്വാദനത്തിന്റെ ശിരോലിഖിതം മാറ്റിയെഴുതിയത്, അതിന് സമാനമായ രീതിയില്‍ വീഡിയോ ആസ്വാദനത്തിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് കഴിഞ്ഞേക്കും.

'സമീപയാഥാര്‍ഥ്യ'ത്തിന്റെ സാധ്യതയാണ് ഈ മള്‍ട്ടിമീഡിയ കണ്ണടയില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് സാധ്യമാക്കാന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് തുണയ്‌ക്കെത്തുന്നു എന്നുമാത്രം.

ഇത്തരം സാധ്യകളുപയോഗിക്കുന്ന ആദ്യ മള്‍ട്ടിമീഡിയ കണ്ണടയല്ല ഇപ്‌സണ്‍ കമ്പനിയുടേത്. ഇതിന് സമാനമായ (ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നില്ല എങ്കിലും) അരഡസണിലേറെ ഉപകരണങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ത്രിമാനദൃശ്യങ്ങളുടെ മാസ്മരലോകം കണ്‍മുന്നിലൊരുക്കാന്‍ സഹായിക്കുന്ന 'സോണി എച്ച്എംഇസഡ് ടി1' (Sony HMZ T1), ഹൈഡെഫിനിഷന്‍ വീഡിയോ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന 'സിലിക്കണ്‍ മൈക്രോ ഡിസ്‌പ്ലെ എസ്ടി 1080' (Silicon Micro Display ST 1080), ഗെയിം കണിക്കാന്‍ ഉപയോഗിക്കാവുന്ന 'വുസിക്‌സ് സ്റ്റാര്‍ 1200' (Vuzix Star 1200) തുടങ്ങിയവ ഉദാഹരണം.

ഇത്തരം ഉപകരണങ്ങള്‍ക്കെല്ലാം അവയുടേതായ പരിമിതികളുണ്ട്. ചിലത് വീഡിയോ കാണാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ, മറ്റ് ചിലത് ഗെയിം കളിക്കാന്‍ മാത്രമുള്ളതാണ്....മാത്രമല്ല, ഇത് ധരിച്ച് നടക്കാന്‍ സാധിക്കില്ല. എവിടെയെങ്കിലും ഇരുന്നു മാത്രമേ 'സമീപയാഥാര്‍ഥ്യ'ത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാനാകൂ. ഇത്തരം പരിമിതികളെല്ലാം ഒഴിവാക്കി, മനുഷ്യജീവിതത്തെ സമീപയാഥാര്‍ഥ്യത്തിലേക്ക് പറിച്ചുനടാനാണ് ഗൂഗിള്‍ അതിന്റെ പ്രോജക്ട് ഗ്ലാസ് പദ്ധതി വഴി ശ്രമിക്കുന്നത്.

തിരിഞ്ഞുനോക്കുമ്പോള്‍

'വെര്‍ച്വല്‍ റിയാലിറ്റി' എന്ന് കമ്പ്യൂട്ടര്‍നിര്‍മിതലോകം അറിയപ്പെടാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റ് മിരോന്‍ ക്രൂഗെര്‍
1970 കളില്‍ 'ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി' (artificial reality) എന്ന് പേരിട്ടുവിളിച്ച  'കൃത്രിമ യാഥാര്‍ഥ്യ'ത്തിന് പുതിയ പേര് വീണത് 1980 കളുടെ അവസാനമാണ്. 'വെര്‍ച്വല്‍ കമ്മ്യൂണി' എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കി യു.എസ്.കമ്പ്യൂട്ടര്‍ സയന്റിസ്റ്റായ ജാറോണ്‍ ലാനിയറാണ് 1989 ല്‍ 'വെര്‍ച്വല്‍ റിയാലിറ്റി' എന്ന പ്രയോഗം നടത്തുന്നത്.

1990 കളില്‍ വേല്‍ഡ് വൈഡ് വെബ്ബ് (www) പുതിയ വിജ്ഞാനവിപ്ലവം സൃഷ്ടിക്കാനാരംഭിച്ചതോടെ, ലോകം ശരിക്കും വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ സാധ്യതകളിലേക്ക് പ്രവേശിച്ചു.

പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്ന് ലോകമിപ്പോള്‍ സമീപയാഥാര്‍ഥ്യ (ഓഗ്മെന്റഡ് റിയാലിറ്റി)ത്തിന്റെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന് നിരീക്ഷിക്കുമ്പോള്‍ ഉണ്ടാകാവുന്ന ഒരു തെറ്റിദ്ധാരണ, പുതിയ സങ്കല്‍പ്പമാണ് സമീപയാഥാര്‍ഥ്യം എന്നതാണ്. അത് ശരിയല്ല. 'ദി വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓസ്' മുതലായ ബാലസാഹിത്യകൃതികളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ എഴുത്തുകാരന്‍ ഫ്രാന്‍ക് ബാവും 1901 ല്‍ തന്നെ ഇത്തരമൊരു സങ്കല്‍പ്പം അവതരിപ്പിച്ചതായി, ഇതുസംബന്ധിച്ച വിക്കിപീഡിയ ലേഖനം സൂചിപ്പിക്കുന്നു.

ടെലിവിഷന്‍, ലാപ്‌ടോപ്പുകള്‍, വയര്‍ലെസ്സ് ടെലിഫോണ്‍ തുടങ്ങി, അന്നത്തെ ലോകത്ത് അപരിചിതമായിരുന്ന ഒട്ടേറെ സംഗതികളെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവെച്ച ആ എഴുത്തുകാരന്‍, യഥാര്‍ഥ ജീവിതത്തിന് മേല്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ വഴി ഡേറ്റ സന്നിവേശിപ്പിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള ആശയവും അവതരിപ്പിക്കുകയുണ്ടായി.

തലയില്‍ ധരിക്കാവുന്ന (head-mounted) ഡിസ്‌പ്ലെ വഴി വെര്‍ച്വല്‍ ലോകത്തേക്കൊരു വാതായനം തുറക്കാനുള്ള വിദ്യ 1966 ല്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞതാണ് സമീപയാഥാര്‍ഥ്യത്തിന്റെ നാള്‍വഴിയിലെ ശ്രദ്ധേയമായ ഒരു മുന്നേറ്റം. അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധനും ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തില്‍ പങ്കുവഹിച്ചയാളുമായ ഇവാന്‍ സുതര്‍ലന്‍ഡ് ആയിരുന്നു ആ മുന്നേറ്റത്തിന് പിന്നില്‍.

ഈ രംഗത്ത് 1975 ല്‍ മറ്റൊരു വഴിത്തിരിവുണ്ടായി. വെര്‍ച്വല്‍ വസ്തുക്കളുമായി ഇടപഴകാന്‍ യൂസര്‍മാര്‍ക്ക് ആദ്യമായി സാധിച്ചു. വെര്‍ച്ചല്‍ ലോകത്തിന് 'ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി' എന്ന് പേരിട്ടുവിളിച്ച മിരോന്‍ ക്രൂഗെര്‍ രൂപപ്പെടുത്തിയ 'Videoplace' ആണ് അതിനവസരം സൃഷ്ടിച്ചത്.

എന്നാല്‍, സമീപയാഥാര്‍ഥ്യത്തിന് 'ഓഗ്മെന്റഡ് റിയാലിറ്റി' പേര് ലഭിക്കുന്നത് 1990 ലാണ്. ബോയിങ് കമ്പനി അതിന്റെ ജീവനക്കാര്‍ക്ക് വിമാനത്തിലെ കേബിളുകള്‍ ഘടിപ്പിക്കാന്‍ വെര്‍ച്വല്‍ സംവിധാനമുണ്ടാക്കുന്ന വേളയില്‍ തോമസ് പ്രിസ്റ്റണ്‍ കോഡലാണ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. വെര്‍ച്വല്‍ റിയാലിറ്റി എന്ന പ്രയോഗം സൃഷ്ടിക്കപ്പെട്ടതിന്റെ പിറ്റേവര്‍ഷം ഓഗ്മെന്റഡ് റിയാലിറ്റി എന്ന പേരും രംഗത്തെത്തിയെന്ന് ഇതില്‍നിന്ന് മനിസിലാക്കാം. എന്നാല്‍, ആ പുതിയ യാഥാര്‍ഥ്യത്തിലേക്ക് ലോകം ചുവടുവെയ്ക്കാന്‍ തുടങ്ങുന്നത് ഇപ്പോഴാണെന്ന് മാത്രം.

കരുത്തേറിയ സ്മാര്‍ട്ട്‌ഫോണുകളും കാര്യക്ഷമതകൂടിയ പ്രോജക്ടറുകളും മികവുറ്റ വീഡിയോഗ്രാഫിക് സങ്കേതങ്ങളും തടസ്സമില്ലാത്ത വയര്‍ലെസ്സ് കണക്ടിവിറ്റിയും ജിപിഎസ് സങ്കേതങ്ങളും മാപ്പിങ് സര്‍വീസുകളുമൊക്കെ പുതിയ യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കാന്‍ നമ്മളെ സഹായിക്കുന്നു.

'ആറാമിന്ദ്രിയം' കാട്ടിത്തന്ന അത്ഭുതം

'സമീപയാഥാര്‍ഥ്യ'ത്തിന്റെ യഥാര്‍ഥ സാധ്യതകള്‍ എത്രയാണെന്ന് ലോകം അമ്പരപ്പോടെയും ആകാംക്ഷയോടെയും അറിഞ്ഞ ചില നിമിഷങ്ങളുണ്ട്. അതിലൊന്നായിരുന്നു കാനഡയില്‍ 'യൂണിവേഴ്‌സിറ്റി ഓഫ് കാള്‍ഗരി ഫാക്കല്‍റ്റി ഓഫ് മെഡിസി'ന് കീഴിലുള്ള 'സണ്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ജിനോമിക്‌സി'ലെ ഗവേഷകര്‍ രൂപപ്പെടുത്തിയ മനുഷ്യശരീരത്തിന്റെ ദൃശ്യസംവിധാനം. 2007 ജൂണില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു.

രോഗിയുടെ ശരീരത്തിലേക്ക് ഊളിയിട്ട് രോഗബാധിതഭാഗങ്ങള്‍ അടുത്തു പരിശോധിക്കാനും, 'ട്രയല്‍' ചെയ്തു നോക്കിയ ശേഷം ശസ്ത്രക്രിയ പിഴവു കൂടാതെ നടത്താനും ഡോക്ടര്‍മാര്‍ക്ക് അവസരമൊരുക്കുന്ന തരത്തില്‍, മനുഷ്യശരീരത്തിന്റെ ചതുര്‍മാന (4ഡി) ദൃശ്യസംവിധാനമാണ് ക്രിസ്റ്റോഫ് സെന്‍സറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സൃഷ്ടിച്ചത്. ശരീരഭാഗങ്ങളുടെ ആയിരക്കണക്കിന് വിശദാംശങ്ങള്‍ സന്നിവേശിപ്പിച്ചാണ്, 'ഗുഹാമനുഷ്യന്‍'(CAVEman) എന്നു പേരിട്ട ആ ചതുര്‍മാനചിത്രത്തിന് രൂപംനല്‍കിയത്. ഒരു ബൂത്തില്‍ ത്രിഡി കണ്ണടയുപയോഗിച്ച് 'ഗുഹാമനുഷ്യനെ' നിരീക്ഷിക്കാം. ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വീതിയിലും മുന്നില്‍ തെളിഞ്ഞു കാണും.

മാഗ്‌നറ്റിക് റെസണന്‍സ് ഇമേജുകള്‍, സിഎടി സ്‌കാനുകള്‍, എക്‌സ്‌റേകള്‍ തുടങ്ങി വിവിധ രോഗനിര്‍ണയ ഉപാധികള്‍ വഴി ലഭിക്കുന്ന രോഗിയുടെ ആന്തരശരീരഭാഗത്തിന്റെ വ്യത്യസ്ത ദൃശ്യങ്ങള്‍ ദൃശ്യപാളികളാക്കി സന്നിവേശിപ്പിച്ച്, ശരീരത്തിനുള്ളിലെ കാഴ്ചകളുടെ പ്രതീതിയാഥാര്‍ത്ഥ്യം സൃഷ്ടിക്കുകയാണ് 'ഗുഹാമനുഷ്യനി'ല്‍ ചെയ്തത്. ആന്തരാവയവങ്ങളുടെ ഉയര്‍ന്ന റസല്യൂഷനിലുള്ള ദൃശ്യങ്ങള്‍ ശരീരത്തിന്റെ സമഗ്രതയില്‍ അനായാസം ഡോക്ടര്‍മാരുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. രോഗനിര്‍ണയത്തിലും ചികിത്സയിലും ശസ്ത്രക്രിയയിലും വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട പദ്ധതിയാണിത്.

ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിരുകള്‍ മായ്ക്കാന്‍ പുതിയ കാലത്തിന് കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു 'ഗുഹാമനുഷ്യന്‍'. എന്നാല്‍, ആ അതിര്‍ത്തിലംഘനം ഏതറ്റംവരെയാകാം എന്ന് ലോകത്തിന് കാട്ടിത്തന്നത് ഗുജറാത്ത് സ്വദേശിയും അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ യുവഗവേഷകനുമായ പ്രണവ് മിസ്ട്രിയാണ്. 2009 ല്‍ കാലിഫോര്‍ണിയയിലെ മോന്റെറിയില്‍ നടന്ന TED (Technology, Entertainment and Design) കോണ്‍ഫറന്‍സില്‍ താന്‍ രൂപംനല്‍കിയ 'സമീപയഥാര്‍ഥ്യ'സങ്കേതമായ 'സിക്‌സ്ത് സെന്‍സ്' ('ആറാമിന്ദ്രിയം') പ്രണവ് മിസ്ട്രി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.

ശരീരത്തില്‍ ധരിക്കാവുന്ന, ധരിക്കുന്നയാളുടെ അംഗവിക്ഷേപങ്ങളെ പിന്തുടര്‍ന്ന് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന, കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമാണ് സിക്‌സ്ത്‌സെന്‍സ്. ചുറ്റുമുള്ള സംഗതികള്‍ ഡിജിറ്റല്‍വിവരങ്ങളായി തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനം.

വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട് വായുവില്‍ വരയ്ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇമെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട് കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച് തെളിയുന്നത് എത്ര അത്ഭുതകരമായിരിക്കും. ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത് കണ്ണിന് മുന്നില്‍ വെറുമൊരു ചതുരഫ്രെയിം ഉണ്ടാക്കിയാല്‍ മതി, മുന്നിലുള്ള ദൃശ്യത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ പകര്‍ത്താം എന്ന് വന്നാലോ. നിങ്ങളുടെ ഫ്‌ളൈറ്റ് വൈകുന്നതിന്റെ കാരണം, കൈയിലുള്ള ബോര്‍ഡിങ് പാസില്‍ തന്നെ തെളിഞ്ഞുവരുമെങ്കിലോ!

ഇത്തരം സാധ്യതകളാണ് സിക്‌സ്ത് സെന്‍സ് മുന്നോട്ടുവെയ്ക്കുന്നത്.ചെറുക്യാമറയും പ്രൊജക്ടറും ചെര്‍ന്ന ചെറിയൊരു ഉപകരണമാണ് ഈ സങ്കേതത്തിലുള്‍പ്പെട്ടിട്ടുള്ളത്. കഴുത്തില്‍ അണിയാവുന്ന അതിന് ഒരു സിഗരറ്റ് പാക്കറ്റിന്റെ വലിപ്പമേയുള്ളു. ക്യാമറ ശരിക്കുമൊരു ഡിജിറ്റല്‍ നേത്രമായി പ്രവര്‍ത്തിക്കും. ഉപയോഗിക്കുന്നയാള്‍ കാണുന്നതെല്ലാം ക്യാമറയും കാണും. ഉപയോഗിക്കുന്നയാളുടെ കൈകളിലെ പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ചലനം ക്യാമറ സൂക്ഷ്മായി പിന്തുടരും.

ഒരാള്‍ എന്തുമായി ഇടപഴകുന്നു എന്നുമാത്രമല്ല, എങ്ങനെ ഇടപഴകുന്നു എന്നു മനസിലാക്കുകയാണ് സിക്‌സ്ത്‌സെന്‍സ് ചെയ്യുക. ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന് അനുയോജ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സിക്‌സ്ത്‌സെന്‍സിലെ സോഫ്ട്‌വേര്‍ ഇന്റര്‍നെറ്റില്‍ പരതും. അപ്പോഴാണ് ഉപകരണത്തിലെ പ്രൊജക്ടര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുക. 'നിങ്ങള്‍ക്ക് മുന്നിലെ ഏത് പ്രതലവും ഇടപഴകാന്‍ പാകത്തിലുള്ളതാക്കി (interactive) മാറ്റാന്‍ കഴിയും', ഇതെപ്പറ്റി പ്രണവ് മിസ്ട്രി പറഞ്ഞതിങ്ങനെയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ വരുത്തുന്ന വിപ്ലവം

ഗ്രാഫിക്കുകളും ശബ്ദങ്ങളും പ്രതികരണങ്ങളുമെല്ലാം യഥാര്‍ഥ ചുറ്റുപാടിലേക്ക് തത്സമയം സന്നിവേശിപ്പിച്ചാണ് സമീപയാഥാര്‍ഥ്യം സൃഷ്ടിക്കപ്പെടുന്നത്. ഒരു സ്‌ക്രീനിന്റെ അല്ലെങ്കില്‍ പ്രത്യേക ചട്ടക്കൂടുള്ള സമ്പര്‍ക്കമുഖത്തിന്റെ ആവശ്യം ഇതിലില്ല. ദൃശ്യപഥത്തില്‍ തന്നെ കമ്പ്യൂട്ടര്‍സൃഷ്ടികളായ ഘടകങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെയാണ് 'സമീപയാഥാര്‍ഥ്യ' സങ്കേതങ്ങളുടെ ആവിര്‍ഭാവത്തിന് ആവേഗം വര്‍ധിച്ചത്. ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും രംഗം കൈയടക്കിയതോടെ, സമീപയാഥാര്‍ഥ്യം ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതി എന്ന നില മാറി. അത് യാഥാര്‍ഥ്യമാകാന്‍ തുടങ്ങി. സമീപയാഥാര്‍ഥ്യത്തിന്റെ സാധ്യതകളുപയോഗിക്കുന്ന എത്രയോ ആപ്ലിക്കേഷനുകള്‍ (apps) ഇപ്പോള്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.

നെതര്‍ലന്‍ഡ്‌സില്‍ ഐഫോണും ആന്‍ഡ്രോയിഡ് ഫോണും ഉപയോഗിക്കുന്നവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് 'ലായര്‍' (Layar). ഫോണിലെ ക്യാമറയും ജിപിഎസ് സാധ്യതകളും ഉപയോഗിച്ച് ചുറ്റുപാടുമുള്ള വിവരങ്ങള്‍ മനസിലാക്കാനും, സമീപപ്രദേശത്തെ റെസ്റ്റോറണ്ടുകളെയും മറ്റ് സ്ഥാപനങ്ങളെയും കുറിച്ച് വിവരങ്ങള്‍ ഫോണില്‍ കാണിക്കാനും ലായര്‍ ആപ്ലിക്കേഷന് സാധിക്കും.

ഒരു കെട്ടിടത്തിന് നേരെ ഫോണ്‍ പിടിച്ചാല്‍, ആ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെക്കുറിച്ചുള്ള വിവങ്ങള്‍ ലായര്‍ മുന്നിലെത്തിക്കും. ഫ് ളിക്കര്‍ പോലുള്ള സര്‍വീസുകളില്‍ നിന്ന് ഫോട്ടോകള്‍ കണ്ടെത്താനും, വിക്കിപീഡിയയില്‍ നിന്ന് ചരിത്രം മനസിലാക്കി സ്‌ക്രീനിലെത്തിക്കാനും അതിന് സാധിക്കും.

2009 ആഗസ്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ യെല്‍പ് (Yelp) ആപ്ലിക്കേഷനുള്ളില്‍ ഒരു 'ഈസ്റ്റര്‍ മുട്ട' മറഞ്ഞിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. റെസ്റ്റോറണ്ടുകളും മറ്റ് ബിസിനസുകളെയും സംബന്ധിച്ച യൂസര്‍ റിവ്യൂകളുടെ പേരിലാണ് യെല്‍പ് അറിയപ്പെട്ടിരുന്നത്. 'മൊണോക്കിള്‍' (Monocle) എന്ന 'സമീപയാഥാര്‍ഥ്യ' ഘടകമാണ് യെല്‍പില്‍ കണ്ടത്.

യെല്‍പ് ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്ത ശേഷം ഐഫോണ്‍ ത്രിജിഎസ് മൂന്നു തവണ കുലുക്കിയാല്‍ 'മോണോക്കിള്‍' പ്രവര്‍ത്തനക്ഷമമാകും. ഫോണിലെ ജിപിഎസും കോംപസും ഉപയോഗിച്ച് സമീപപ്രദേശത്തെ റെസ്റ്റോറണ്ടുകളുടെ വിവരങ്ങളും അവയുടെ റേറ്റിങുകളും വിലയിരുത്തലുകളുമെല്ലാം സ്‌ക്രീനിലെത്തിക്കാന്‍ മോണോക്കിള്‍ സഹായിക്കും.

റീട്ടെയില്‍ വ്യാപാരത്തെ 'സമീപയാഥാര്‍ഥ്യ' സങ്കേതങ്ങള്‍ എങ്ങനെ സമീപഭാവിയില്‍ തന്നെ അടിമുടി മാറ്റാന്‍ പോകുന്നു എന്നകാര്യം അടുത്തയിടെയാണ് സോഷ്യല്‍മീഡിയ സൈറ്റായ 'മാഷബിള്‍' റിപ്പോര്‍ട്ട് ചെയ്തത്. കടയില്‍ പോയി വസ്ത്രം തിരഞ്ഞെടുത്ത് ശരീരത്തിന് പാകമാണോ എന്നറിയാന്‍ ധരിച്ചുനോക്കുന്ന രീതി അവസാനിക്കാന്‍ പോകുന്നു. പകരം, വീട്ടിലിരുന്നു തന്നെ ഉത്പന്നം 'ധരിച്ചുനോക്കി' പാകമറിയാനാണത്രെ സങ്കേതം വരുന്നത്. ബ്രിട്ടനിലും മറ്റും ഇപ്പോള്‍ തന്നെ പുതിയ സാധ്യത പരീക്ഷിക്കപ്പെട്ടു തുടങ്ങിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം പുതിയ സാധ്യതകള്‍ ദിനംപ്രതിയെന്നോണം പ്രത്യക്ഷപ്പെടുകയാണ്. അറിയാതെ പുതിയ ലോകത്തേക്ക് നമ്മള്‍ ചുവടുവെച്ചുകൊണ്ടിരിക്കുകയാണെന്ന് സാരം.

(ചിത്രങ്ങള്‍ കടപ്പാട് : പ്രണബ് മിസ്ട്രി, ഗൂഗിള്‍. അവലംബം: 1. How Augmented Reality Works; 2. A Survey of Augmented Reality, by Ronald T. Azuma; 3. How Augmented Reality Is Shaping the Future of Retail; 4. Sixthsense; 5. Augmented reality: it's like real life, but better)