കുട്ടികളുണ്ടാകാതെ നിരാശരായ ദമ്പതിമാര്‍ക്ക് ദിവസവുമുള്ള സെക്‌സ് മറുമരുന്നാകുമോ? ഇതൊക്കെയാണോ കുഞ്ഞിക്കാല് കാണാനുള്ള മരുന്നെന്ന് ചിലര്‍ അത്ഭുതംകൂറിയേക്കാം. അത്ഭുതപ്പെടേണ്ട, സംഭവത്തിന് അല്‍പ്പം ശാസ്‌ത്രീയ അടിത്തറയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ബീജങ്ങളുടെ ഗുണമേന്‍മ വര്‍ധിക്കാനും അതുവഴി ഗര്‍ഭധാരണത്തിന് സാധ്യത വര്‍ധിക്കാനും ദിവസവുമുള്ള രതി സഹായിക്കുമത്രേ.
ദിവസവും ഈ 'സാഹസ'ത്തിന് ബുദ്ധിമുട്ടുള്ള ദമ്പതിമാര്‍ രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ബന്ധപ്പെടാനാണ് ഗവേഷകര്‍ ഉപദേശിക്കുന്നത്. സ്‌ത്രീകളില്‍ അണ്ഡപുഷ്ടിയുണ്ടാകുന്ന ദിവസങ്ങളില്‍ മാത്രം ദിവസവും ബന്ധപ്പെടുകയെന്നതും കുഞ്ഞിക്കാല് കാണാനുള്ള സാധ്യത വര്‍ധിപ്പിക്കുമത്രേ. 118 പുരുഷന്‍മാരെ ഉള്‍പ്പെടുത്തി, സിഡ്‌നി ഐ.വി.എഫ്. എന്ന സ്ഥാപനത്തിലെ ഡോ. ഡേവിഡ് ഗ്രീനിങിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കൗതുകകരമായി ഈ വസ്‌തുത വ്യക്തമായത്.
ഒരാഴ്‌ച തുടര്‍ച്ചയായി ദിവസവും സ്‌ഖലനത്തിന് വിധേയരായ പുരുഷന്‍മാരുടെ ബീജങ്ങളില്‍ ഡി.എന്‍.എ. തകരാര്‍ കാര്യമായി കുറഞ്ഞെന്ന് ഗവേഷകര്‍ കണ്ടു. തകരാര്‍ പറ്റിയ ബീജമാണ് ഗര്‍ഭധാരണത്തിന് പലപ്പോഴും തടസ്സമാകുന്നത്; 'യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യുമണ്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ് എമ്പ്രയോളജി' സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പഠനറിപ്പോര്‍ട്ട് പറയുന്നു. പഠനത്തില്‍ പങ്കെടുത്ത പത്തില്‍ എട്ടുപേരിലും, ഒരാഴ്‌ചകൊണ്ട് ബിജത്തിലെ ഡി.എന്‍.എ. തകരാര്‍ 12 ശതമാനം കുറഞ്ഞതായി ഡോ. ഗ്രീനിങ് സമ്മേളനത്തെ അറിയിച്ചു.
ദിവസവുമുള്ള സ്‌ഖലനം പക്ഷേ, ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കും. പഠനത്തില്‍ പങ്കെടുത്തവരില്‍ ഒരാഴ്‌ചകൊണ്ട് ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം 18 കോടിയില്‍ നിന്ന് ഏഴ് കോടിയായി കുറഞ്ഞു. എങ്കിലും അത് സാധാരണ 'പുനരുത്‌പാദന പരിധി'ക്ക് താഴെ പോയില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ബീജങ്ങളുടെ ഡി.എന്‍.എ. തകരാര്‍ കുറയുക മാത്രമല്ല, ഏഴ് ദിവസംകൊണ്ട് ബീജകോശങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വൊലമായതായും കണ്ടു. ഇതും ഗര്‍ഭധാരണത്തിന് സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
പുരുഷന്റെ ലൈംഗീകഗ്രന്ഥിയില്‍ ബീജകോശങ്ങള്‍ അധിക ദിവസം കഴിയേണ്ടി വരുന്നതാണ് തകരാറിന് ഇടയാക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. ചൂടുള്ള അന്തരീക്ഷത്തില്‍ ഏറെ ദിവസം കഴിയേണ്ടിവരുമ്പോള്‍ ബീജങ്ങളുടെ ഗുണമേന്‍മ കുറയും. മാത്രവുമല്ല, ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സ്വതന്ത്ര റാഡിക്കലുകള്‍ ബീജങ്ങളെ ആക്രമിച്ച് അവയുടെ ഡി.എന്‍.എ.യ്‌ക്ക് തകരാറുണ്ടാക്കുകയും ചെയ്യും. ഇത്തരം ബീജങ്ങള്‍ ഗര്‍ഭധാരണത്തിലേക്ക് നയിക്കണമെന്നില്ല.
ബീജങ്ങള്‍ അധിക ദിവസം ശരീരത്തില്‍ കഴിയാതിരിക്കുകയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എളുപ്പ മാര്‍ഗം. അവിടെയാണ് ദിവസവുമുള്ള സെക്‌സിന്റെ പ്രാധാന്യമെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യുത്‌പാദന പ്രശ്‌നങ്ങളില്ലാത്ത പുരുഷന്‍മാരിലും ഈ പഠനത്തിന്റെ ഫലം ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡോ.ഗ്രീനിങ് പറയുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
അതേസമയം, ദിവസവുമുള്ള സെക്‌സ് ഏറെ നാള്‍ തുടര്‍ന്നാല്‍ ബീജങ്ങളുടെ എണ്ണം കുറയുകയും അതുതന്നെ വന്ധ്യതയ്‌ക്ക് പ്രശ്‌നമാവുകയും ചെയ്യാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌ത്രീകളില്‍ അണ്ഡധാരണമുണ്ടാകുന്ന ദിവസങ്ങളില്‍ കൂടുതല്‍ സെക്‌സ്- അതാണ് അഭികാമ്യമത്രേ. ദിവസവുമുള്ള സ്‌ഖലനം ബീജങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന കണ്ടെത്തല്‍ നല്ലതു തന്നെ, പക്ഷേ ഇക്കാര്യം എല്ലാ പുരുഷന്മാരിലും ശരിയായിക്കൊള്ളണമെന്നില്ല എന്നാണ് ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ഡോ. അലന്‍ പേസി അഭിപ്രായപ്പെടുന്നത്.
ഉറുമ്പുകളുടെ ഒരു മെഗാകോളനി ലോകമാകെ വ്യാപിച്ചിരിക്കുന്നതായി കണ്ടെത്തല്‍. ജീവലോകത്ത് ഇതിന് സമാനമായുള്ളത് മനുഷ്യസമൂഹം മാത്രമെന്ന് ഗവേഷകര്‍!
വന്‍കരകളിലാകെ പടര്‍ന്ന് വ്യാപിക്കുന്ന ഒരു കോളനിയെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. അത്തരമൊരു കോളനിയിലെ അംഗങ്ങള്‍ മനുഷ്യര്‍ തന്നെയാകും എന്ന് ആരും എളുപ്പം ഉറപ്പിക്കും. അത് സത്യമാണ്. എന്നാല്‍, മനുഷ്യര്‍ക്ക് മാത്രമേ ഇത്തരമൊരു ആഗോള കോളനിയുള്ളു എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഉറുമ്പുകള്‍ക്കും ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഒരു മെഗാകോളനി ഉണ്ടത്രേ! യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കോടാനുകോടി 'അര്‍ജന്റൈന്‍ ഉറുമ്പകള്‍' (Argentine ants) യഥാര്‍ഥത്തില്‍ ഒറ്റ കോളനിയിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഒരുകാലത്ത് തെക്കെ അമേരിക്കയില്‍ മാത്രം കാണപ്പെട്ടിരുന്നവയാണ്, 'ലിനെപിതെമ ഹ്യുമൈല്‍' (Linepithema humile) എന്ന ശാസ്‌ത്രീയ നാമമുള്ള അര്‍ജന്റൈന്‍ ഉറുമ്പുകള്‍. മനുഷ്യരാണ് അവയെ ഇതര ഭൂഖണ്ഡങ്ങളിലെത്തിച്ചത്. ഇന്ന് അന്റാര്‍ട്ടിക്ക ഒഴികെ മറ്റെല്ലാ പ്രദേശത്തും ഇത്തരം കറുത്ത ഉറുമ്പുകള്‍ കാണപ്പെടുന്നു. ശരിക്കുള്ള ജൈവഅധിനിവേശമാണ് ഈ ഉറുമ്പുകള്‍ ലോകമാകെ നടത്തിയത്. ഓരോയിടത്തും വലിയ കോളനികളായി കഴിയുന്ന ഈ ജീവികള്‍, ഇന്ന് തദ്ദേശീയമായ ജീവികള്‍ക്കും വിളകള്‍ക്കും വന്‍ഭീഷണി സൃഷ്ടിക്കുന്ന കീടമാണ്.
യൂറോപ്പില്‍ മെഡിറ്റനേറിയന്‍ തീരത്താകെ വ്യാപിച്ചു കിടക്കുന്ന അര്‍ജന്റൈന്‍ ഉറുമ്പുകോളനിയുടെ നീളം 6000 കിലോമീറ്ററാണ്. അതേസമയം, അമേരിക്കയില്‍ 'കാലിഫോര്‍ണിയന്‍ ലാര്‍ജ്' എന്ന പേരില്‍ അറിയപ്പെടുന്ന ഉറുമ്പ് കോളനിക്ക് 900 കിലോമീറ്ററാണ് നീളം. ജപ്പാനില്‍ പടിഞ്ഞാറന്‍ തീരത്തും ഇതുപോലെ ഒരു ഭീമന്‍ കോളനിയുണ്ട്. ഈ ഉറുമ്പ് കോളനികളെല്ലാം വ്യത്യസ്‌തമെന്നാണ് ശാസ്‌ത്രലോകം ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, അത് സത്യമല്ലത്രേ. ഒരേ കോളനിയില്‍ പെട്ടവരെപ്പോലെയാണ് ഇവയിലെല്ലാമുള്ള ഉറുമ്പുകള്‍ പെരുമാറുന്നതത്രേ!
ടോക്യോ സര്‍വകലാശാലയിലെ ഇരികി സുനാമുറെയുടെ നേതൃത്വത്തില്‍ ജപ്പാനിലെയും സ്‌പെയിനിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്, ഉലകംചുറ്റും ഉറുമ്പുകോളനി കണ്ടെത്തിയതെന്ന് 'ഇന്‍സെക്‌റ്റ് സോസിയോക്‌സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പിലും ജപ്പാനിലും കാലിഫോര്‍ണിയയിലുമുള്ള ഉറുമ്പുകള്‍ ഒരേ രാസസിഗ്നലുകളാണ് പുറപ്പെടുവിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടു. അവയുടെ ക്യുട്ടിക്കിളുകളിലെ ഹൈഡ്രോകാര്‍ബണുകളുടെ പ്രൊഫൈല്‍ അസാധാരണമാം വിധം സമാനമാണ്.
സാധാരണഗതിയില്‍ രണ്ട് കോളനികളിലെ ഓരോ ഉറുമ്പിനെ വീതം ഒരുമിച്ച് വിട്ടാല്‍ അവ പരസ്‌പരം പോരടിക്കുകയാണ് പതിവ്. എന്നാല്‍, യൂറോപ്പിലും അമേരിക്കയും ജപ്പാനിലും കാണപ്പെടുന്ന അര്‍ജന്റൈന്‍ ഉറുമ്പുകളെ ഇത്തരത്തില്‍ പരീക്ഷിച്ചപ്പോള്‍, പോരടിക്കുന്നതിന് പകരം അവ ചങ്ങാതിമാരെപ്പോലെയാണ് പെരുമാറുന്നതെന്ന് ഗവേഷകര്‍ കണ്ടു. അവ സ്‌നേഹപൂര്‍വം ആന്റീനകള്‍ പരസ്‌പരം ഉരുമ്മുകയും ഒരിക്കലും പരസ്‌പരം ഏറ്റുമുട്ടാതിരിക്കുകയും ചെയ്‌തു. അവ ഓരോന്നും മഹാസമുദ്രങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട കോളനികളില്‍ നിന്നാണ് വരുന്നതെങ്കിലും ഒരേ കോളനിയില്‍ നിന്നുള്ള അംഗങ്ങള്‍ എന്ന വിധമാണ് പെരുമാറിയത്.
ഉറുമ്പുകളുടെ ഈ അസാധാരണ പെരുമാറ്റത്തിന് ഒറ്റ വിശദീകരണമേ ഗവേഷകര്‍ക്കുള്ളു. ആ ഉറുമ്പുകള്‍ മൂന്ന് സൂപ്പര്‍ കോളനികളില്‍ നിന്നുള്ളവയല്ല, അവയെല്ലാം ഒറ്റ മെഗാകോളനിയിലെ അംഗങ്ങളാണ്-ജനിതകമായി പരസ്‌പരം ബന്ധമുള്ളവ. പരസ്‌പരം ബന്ധപ്പെടുമ്പോള്‍, രാസപരമായി അവയ്‌ക്ക് മനസിലാക്കാന്‍ സാധിക്കുന്നു. "മനുഷ്യരുടെ കാര്യം മാത്രമേ ഇതിന് സമാനമായി ചൂണ്ടിക്കാട്ടാന്‍ കഴിയൂ. മാത്രമല്ല, ഉറുമ്പുകളെ വിവിധ ഭൂഖണ്ഡങ്ങളില്‍ എത്തിക്കുക വഴി മനുഷ്യന്‍ തന്നെയാണ് ഈ മെഗാകോളനി സൃഷ്ടിച്ചതും"-റിപ്പോര്‍ട്ട് പറയുന്നു. (കടപ്പാട്: ബി.ബി.സി.ന്യൂസ്).
കാണുക
യൂറോപ്പ് വിക്ഷേപിച്ച ഹെര്‍ഷല്‍ സ്‌പേസ് ടെലിസ്‌കോപ്പില്‍ നിന്ന് അപൂര്‍വദൃശ്യങ്ങള്‍ ഭൂമിയിലെത്തി തുടങ്ങി. 'വിള്‍പൂള്‍ ഗാലക്‌സി' (Whirlpool Galaxy) എന്നറിയപ്പെടുന്ന എം51 വാര്‍ത്തുള ഗാലക്‌സിയുടെ അസാധാരണ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൃശ്യമാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) പുറത്ത് വിട്ടിരിക്കുന്നത്.
നാസയുടെ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് എടുത്ത ചിത്രവുമായി, ഹെര്‍ഷല്‍ പകര്‍ത്തിയ ദൃശ്യം സന്നിവേശിപ്പിച്ചാണ് മുകളിലുള്ള ഗാലക്‌സി ചിത്രം തയ്യാറാക്കിയത്. ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തിലുമുള്ള വിവരങ്ങള്‍ ഇവിടെ സമ്മേളിച്ചിരിക്കുന്നു. എം51 ഗാലക്‌സിയില്‍ പുതിയ നക്ഷത്രങ്ങള്‍ രൂപപ്പെടുന്ന തണുത്തുറഞ്ഞ, ധൂളീപടലങ്ങള്‍ നിറഞ്ഞ, വാതക മേഖലകള്‍ ചിത്രത്തില്‍ വ്യക്തമായി കാണാം. ഭൂമിയില്‍നിന്ന് 350 ലക്ഷം പ്രകാശവര്‍ഷം അകലെയാണ് എം51 ഗാലക്‌സി സ്ഥിതിചെയ്യുന്നത്.
"അത്ഭുതകരമായ ദൃശ്യമാണിത്. (ഹെര്‍ഷല്‍ ടെലിസ്‌കോപ്പില്‍നിന്ന്) നമുക്ക് ലഭിക്കാന്‍ പോകുന്ന ദൃശ്യങ്ങളുടെ റസല്യൂഷന്‍ എന്തായിരിക്കുമെന്നതിനെപ്പറ്റി ഒരു രൂപം നല്‍കുന്നതാണ് ഈ ചിത്രം"-ഇസയിലെ സയന്‍സ് ആന്‍ഡ് റോബോട്ടിക് എക്‌സപ്ലൊറേഷന്‍ വിഭാഗത്തിന്റെ മേധാവി പ്രൊഫ. ഡേവിഡ് സൗത്ത്‌വുഡ് പറയുന്നു. "ചുവന്നനിറത്തില്‍ കാണുന്ന മേഖലകളിലാണ് നക്ഷ്‌ത്രങ്ങള്‍ രൂപംകൊള്ളുന്നത്".
പ്രപഞ്ചത്തെ ഇന്‍ഫ്രാറെഡ് രൂപത്തില്‍ നിരീക്ഷിക്കാന്‍ പാകത്തില്‍ നിര്‍മിച്ചിട്ടുള്ള സ്‌പേസ് ടെലിസ്‌കോപ്പാണ് ഹെര്‍ഷല്‍. കഴിഞ്ഞ മെയ് 14-ന് വിക്ഷേപിച്ച ടെലിസ്‌കോപ്പ് ഇനിയും പൂര്‍ണമായും കമ്മിഷന്‍ ചെയ്‌തിട്ടില്ല. ബഹിരാകാശത്ത് എത്തിയിട്ടുള്ള ഏറ്റവും വലിയ ഇന്‍ഫ്രാറെഡ് ദര്‍പ്പണമാണ് ഹെര്‍ഷലിലേത്. വൈദ്യുദകാന്തിക സ്‌പെക്ട്രത്തില്‍ 55 മുതല്‍ 672 മൈക്രോണ്‍ വരെ തരംഗദൈര്‍ഘ്യമാണ് ഹെര്‍ഷലിന്റെ പരിധി. അതിനാല്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് നിരീക്ഷിക്കുന്ന ദൃശ്യപ്രകാശ പരിധി ഹെര്‍ഷലിന്റെ നിരീക്ഷണത്തില്‍ പെടില്ല. (കടപ്പാട്: ഇസ).
സംഗീതത്തെ മനുഷ്യന്‍ പ്രണയിച്ച് തുടങ്ങിയത് എന്നാണ്. കൃത്യമായ ഉത്തരം പറയാനാകില്ല. കാറ്റിലുലഞ്ഞ മുളംതണ്ടില്‍ നിന്നൊരു പുല്ലാങ്കഴലുണ്ടാക്കി പണ്ടെന്നോ അവന്‍ സംഗീതത്തെ കൂടെ കൂട്ടിയിരിക്കാം എന്നാണ് കാവ്യഭാവന. പക്ഷേ, ഭാവനയ്‌ക്കും അപ്പുറത്താണ് കാര്യങ്ങളെന്ന് പുരാവസ്‌തു ഗവേഷകര്‍ പറയുന്നു. 35,000 വര്‍ഷംമുമ്പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് അവര്‍.
അതിപ്രാചീനകാലത്ത് നിര്‍മിക്കപ്പെട്ട മൂന്ന് ഫ്‌ളൂട്ടുകളാണ് തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ഹോഹ്‌ലെ ഫെല്‍സില്‍ നിന്ന് ലഭിച്ചത്. മനുഷ്യവര്‍ഗം യൂറോപ്പില്‍ താമസമുറപ്പിക്കുന്ന കാലത്തേതാണ് സംഗീതോപകരണങ്ങള്‍. മൂന്ന് ഫ്‌ളൂട്ടുകളാണ് ലഭിച്ചത്. അതില്‍ ഏറ്റവും നന്നായി സൂക്ഷിക്കപ്പെട്ടിരുന്ന ഉപകരണത്തിന് 20 സെന്റീമീറ്റര്‍ നീളമുണ്ട്. കഴുകന്റെ ചിറകെല്ലില്‍നിന്നുണ്ടാക്കിയ അതില്‍ അഞ്ച് സുക്ഷിരങ്ങളുണ്ട്. ആനക്കൊമ്പുകളുപയോഗിച്ച് നിര്‍മിച്ചതാണ് (മാമൊത്തുകളുടെ കൊമ്പാണെന്ന് കരുതുന്നു) മറ്റ് രണ്ടെണ്ണം. ആ പ്രാചീന ഉപകരണങ്ങളെ മലയാളത്തില്‍ 'പുല്ലാങ്കുഴല്‍' എന്നാണോ 'എല്ലാങ്കുഴല്‍' എന്നാണോ വിളിക്കേണ്ടത്.
ജര്‍മനിയില്‍ ടുബിന്‍ഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് 'നേച്ചര്‍' മാഗസിനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിപ്രാചീനകാലത്ത് തന്നെ മനുഷ്യന്‍ ശരിക്കുമൊരു സംഗീതപ്രേമിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് കണ്ടെത്തല്‍. ജര്‍മനിയിലെ ഇതേ മേഖലയില്‍നിന്ന് കണ്ടെത്തുന്ന ഫ്‌ളൂട്ടുകളുടെ എണ്ണം, ഇപ്പോഴത്തെ കണ്ടെത്തലോടെ എട്ടായി. അതില്‍ നാലെണ്ണം മാമൊത്തുകളുടെ കൊമ്പുകൊണ്ടും നാലെണ്ണം പക്ഷികളുടെ എല്ലുകൊണ്ടുമാണ് നിര്‍മിച്ചിട്ടുള്ളത്.
ആഫ്രിക്കയില്‍നിന്ന് കുടിയേറിയ പ്രാചീന മനുഷ്യന്‍, യൂറോപ്പിലാകെ വ്യാപിക്കാന്‍ ആരംഭിക്കുന്നത് 40,000 വര്‍ഷം മുമ്പാണ്. ആ കാലത്ത് തന്നെ സംഗീതം പ്രചാരത്തിലുണ്ടായിരുന്നു എന്നാണ് മനസിലാക്കേണ്ടത് എന്ന് ടുബിന്‍ഗന്‍ സര്‍വകലാശാലയിലെ പ്രൊഫ. നിക്കോളാസ് കോണ്‍റാഡ് പറയുന്നു. "അന്നേ സംഗീതം മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നത് വ്യകതമാണ്". ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന സാധാരണ സാഹചര്യങ്ങളില്‍ -മതപരമായ കാര്യങ്ങള്‍ക്കും വിനോദോപാധിയായും- അന്നേ മനുഷ്യന്‍ സംഗീതം ഉപയോഗിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.
അതിപുരാതന കാലത്തേ സംഗീതം എത്ര പ്രചാരത്തില്‍ എത്തിയിരുന്നു എന്ന് മാത്രമല്ല പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നത്, മനുഷ്യന്റെ ക്രിയാത്മക സത്ത അന്നേ എത്ര ശക്തമായിരുന്നു എന്നും ഇത് വ്യക്തമാക്കുന്നു. ചിത്രകലയുടെ പ്രാചീനരൂപങ്ങളും അക്കാലത്ത് മനുഷ്യന്‍ സൃഷ്ടിച്ചിരുന്നു എന്നും തെളിവ് ലഭിച്ചിട്ടുണ്ട്. പലതരം ആഭരണങ്ങളും അന്ന് രൂപപ്പെടുത്തിയിരുന്നു. മനുഷ്യന്റെ ക്രിയാത്മകതയ്‌ക്ക് ശക്തമായ അടിത്തറ അക്കാലത്ത് തന്നെ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു എന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.
നിയാണ്ടെര്‍ത്തല്‍ മനുഷ്യരില്‍ നിന്ന് ആധുനിക മനുഷ്യനെ വേര്‍തിരിക്കുന്ന ഒന്നായി വേണമെങ്കില്‍ സംഗീതത്തിന്റെ പ്രചാരത്തെ കാണാമെന്ന് ഗവേഷകര്‍ പറയുന്നു. സാംസ്‌കാരികമായി വളരെ യാഥാസ്ഥിതികസ്വഭാവം പുലര്‍ത്തിയിരുന്ന, ഒറ്റപ്പെട്ട സമൂഹങ്ങളായി കഴിഞ്ഞിരുന്ന, വര്‍ഗമാണ് നിയാണ്ടെര്‍ത്തല്‍ മനുഷ്യന്‍. അതേസമയം, സാമൂഹികബന്ധം ശക്തിപ്പെടുത്താനും അതുവഴി ഒരുപക്ഷേ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കാനും ആധുനിക മനുഷ്യനെ സംഗീതം സഹായിച്ചിരിക്കാം എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ലണ്ടനില്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനും, മനുഷ്യവര്‍ഗത്തിന്റെ ഉത്ഭവം സംബന്ധിച്ച വിഷയത്തില്‍ വിദഗ്‌ധനുമായ പ്രൊഫ. ക്രിസ് സ്‌ട്രിങറും ഈ അനുമാനം ശരിവെയ്‌ക്കുന്നു. ഇത്തരം ഫ്‌ളൂട്ടുകള്‍ രൂപപ്പെടുത്താന്‍ പോന്ന ഇന്ദ്രിയഗോചരമായ മേന്‍മകള്‍ 40,000 വര്‍ഷംമുമ്പ് തന്നെ മനുഷ്യന്‍ സ്വായത്തമാക്കിയിരുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ഥം, ആധുനിക മനുഷ്യന്റെ പരിണാമചരിത്രം അതിനും എത്രയോ പിന്നോട്ട് പോയേക്കം എന്നാണ്-അദ്ദേഹം പറയുന്നു. 50,000 വര്‍ഷം മുമ്പ് ആഫ്രിക്കയിലേക്കാണ് ആ ചരിത്രം നീളുന്നത്. "പക്ഷേ അതിന്റെ തെളിവുകള്‍ നമുക്ക് ഇനിയും കിട്ടിയിട്ടല്ല എന്നുമാത്രം".(അവലംബം: നേച്ചര്‍ ഗവേഷണവാരിക).
ഭൗമാന്തരീക്ഷത്തില്‍ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ഡയോക്‌സയിഡ് സാന്ദ്രത ഇപ്പോള്‍. ആഗോളതാപനവും ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഹിമയുഗങ്ങള്‍ക്ക് വഴിതെളിച്ച ഘടകങ്ങള്‍ തേടുന്നതിനിടെയാണ് ഗവേഷകര്‍ ആഗോളതാപനമെന്ന വിപത്ത് തിരിച്ചറിഞ്ഞത്. പ്രാചീനകാലത്ത് അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് (CO2) കുറഞ്ഞതാകാം, അന്തരീക്ഷ താപനില താഴാനും ഹിമയുഗങ്ങള്‍ക്ക് വഴിതെളിച്ചതും എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍, എട്ടരലക്ഷം വര്‍ഷംമുമ്പ് കഠിനമായ ഹിമയുഗത്തിന് കാരണമായത് കാര്‍ബണ്‍ഡയോക്‌സയിഡിന്റെ കുറവല്ലെന്ന് പുതിയൊരു പഠനം പറയുന്നു. കടലിന്നടിയിലെ പ്ലാങ്‌ടണ്‍ അവശിഷ്ടങ്ങളെ വിശകലനംചെയ്‌ത് 21 ലക്ഷം വര്‍ഷത്തെ അന്തരീക്ഷനില പരിശോധിച്ച ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്-പുതിയ ലക്കം 'സയന്‍സ്' ഗവേഷണവാരിക റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്ലാങ്‌ടണുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലെ CO2-ന്റെ സാന്ദ്രത നിര്‍ണയിക്കുകയാണ്, ലമൊന്റ്-ഡോഹെര്‍ത്തി എര്‍ത്ത് ഒബ്‌സര്‍വേറ്ററിയിലെ ജിയോകെമിസ്‌റ്റായ ബാര്‍ബെല്‍ ഹോനിഷും സംഘവും ചെയ്‌തത്. പരിശോധനയ്‌ക്ക് വിധേയമായ കാലഘട്ടത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹിമയുഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചതുപോലെ അന്തരീക്ഷത്തില്‍ CO2 -ന്റെ സാന്ദ്രത താണില്ല. അതിനാല്‍, എ്‌ട്ടരലക്ഷം വര്‍ഷംമുമ്പ് ഭൂമിയെ ഗ്രസിച്ച കഠിന ഹിമയുഗത്തിന് കാരണം, ഭൂമിയുടെ ഭ്രമണപഥത്തില്‍ ചാക്രികമായി സംഭവിക്കുന്ന ഭ്രംശം ആകണം എന്നേ കരുതാനാകൂ എന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.
അതേസയമം, 21 ലക്ഷം വര്‍ഷത്തിനിടെ താപനില ഉയര്‍ന്ന വേളയിലെല്ലാം അന്തരീക്ഷത്തില്‍ CO2-ന്റെ സാന്ദ്രത വര്‍ധിച്ചിരുന്നു എന്ന് പഠനം പറയുന്നു. നിലവിലുള്ള സ്ഥിതി മാറ്റി നിര്‍ത്തിയാല്‍, ഈ കാലത്തിനിടെ ഏറ്റവും ഉയര്‍ന്ന CO2 സാന്ദ്രത 280 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആയിരുന്നു. ഇപ്പോള്‍, പക്ഷേ അത് 385 പി.പി.എം. ആണ്; 38 ശതമാനം കൂടുതല്‍. ഹരിതഗൃഹവാതകങ്ങള്‍ക്കും അന്തരീക്ഷതാപനിലയിലെ വര്‍ധയ്‌ക്കും നേരിട്ട് ബന്ധമുണ്ടെന്ന് മാത്രമല്ല, കഴിഞ്ഞ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും വലിയ താപനത്തിനാണ് ഭൂമി ഇപ്പോള്‍ ഇരയാകുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു.
ആഫ്രിക്കന്‍ തീരത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഏകകോശ പ്ലാങ്‌ടണുകളുടെ തോടില്‍ അടങ്ങിയിട്ടുള്ള ബോറോണ്‍ (boron) ഐസോടോപ്പുകളുടെ അനുപാതം കണക്കാക്കി, ആ ജീവി നിലനിന്ന കാലത്ത് അന്തരീക്ഷത്തില്‍ CO2 -ന്റെ സാന്ദ്രത എത്രയായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. ലമൊന്റ്-ഡോഹെര്‍ത്തി എര്‍ത്ത് ഒബ്‌സര്‍വേറ്ററിയിലെയും ക്വീന്‍സ് കോളേജിലെയും ഗവേഷകനായ ഗാരി ഹെമ്മിങ് കഴിഞ്ഞ പതിറ്റാണ്ടില്‍ വികസിപ്പിച്ച ഈ 'ബോറാണ്‍ ഐസോടോപ്പ് സങ്കേതം' ഉപയോഗിച്ചാണ്, ലക്ഷക്കണക്കിന് വര്‍ഷങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയത്. ധ്രുവപ്രദേശത്തെ മഞ്ഞുപാളികള്‍ തുരക്കുമ്പോള്‍ ലഭിക്കുന്ന സാമ്പിളുകളാണ് അന്തരീക്ഷത്തില്‍ CO2 സാന്ദ്രത എത്രയായിരുന്നു എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗം. പക്ഷേ, അതുവഴി എട്ടുലക്ഷം വര്‍ഷത്തെ ചരിത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളു. അതിലും വളരെ പിന്നിലേക്ക് പോകാന്‍ പുതിയ പഠനം വഴി ഗവേഷകര്‍ക്കായി.
ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഹിമയുഗങ്ങള്‍ മുമ്പ് പലതവണ ഭൂമിയെ ഗ്രസിച്ചിട്ടുണ്ട്. ഏതാണ്ട് എട്ടര ലക്ഷം വര്‍ഷംമുമ്പ് പ്രത്യക്ഷപ്പെട്ട ഹിമയുഗത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും വളരെ കൂടുതലായിരുന്നു. അന്തരീക്ഷത്തിലെ CO2 അസാധാരണമായി കുറഞ്ഞതാണ് ആ ഹിമയുഗത്തിന് കാരണമെന്ന് ഗവേഷകര്‍ കരുതി. എന്നാല്‍, ആ സമയത്തെല്ലാം CO2 നില ഏതാണ്ട് സ്ഥിരമായിരുന്നുവെന്നും, അതിനാല്‍ ഹിമയുഗത്തിന് കാരണം ഹരിതഗൃഹവാതകവ്യാപനം കുറഞ്ഞതാണ് എന്ന് കരുതാനാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. "കഴിഞ്ഞ 200 ലക്ഷം വര്‍ഷത്തിനിടെ അന്തരീക്ഷത്തില്‍ CO2 സാന്ദ്രത കാര്യമായി വ്യത്യാസപ്പെട്ടിട്ടില്ലെന്ന് മുന്‍പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്"-ബാര്‍ബെല്‍ ഹോനിഷ് പറയുന്നു. "ഹിമയുഗത്തിന് മുഖ്യകാരണം CO2 ആയിരുന്നില്ലെന്നാണ് ഈ പഠനവും പറയുന്നത്. എന്നാല്‍ ഹരിതഗൃഹവാതകങ്ങളും ആഗോളകാലാവസ്ഥയും തമ്മില്‍ വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങളുടെ ഡേറ്റ വ്യക്തമാക്കുന്നു".
ഭൂമിയും സൂര്യനും തമ്മില്‍
സാധാരണഗതില്‍ 41000 വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഭൂമി ഓരോ ഹിമയുഗങ്ങള്‍ക്ക് വിധേയമാവുക. എന്നാല്‍, ഏതാണ്ട് എട്ടരലക്ഷം വര്‍ഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഹിമയുഗം അങ്ങനെ അവസാനിച്ചില്ല. അത് ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നു. ആ പെരുംഹിമയുഗത്തിന് കാരണം അന്തരീക്ഷത്തില്‍ CO2 കുറഞ്ഞതല്ലെങ്കില്‍, പിന്നെ ഗവേഷകര്‍ക്ക് ആശ്രയം മിലുറ്റിന്‍ മിലാന്‍കോവിച്ച് എന്ന സെര്‍ബിയന്‍ വംശജനായ എന്‍ജിനിയര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അവതരിപ്പിച്ച കണക്കുകളാണ്. ഹിമയുഗങ്ങള്‍ക്ക് കാരണം തിരയുന്നതിലായിരുന്നു അദ്ദേഹത്തിനും താത്‌പര്യം. അതിനായി, ഭൗമകാലാവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്ന മൂന്ന് ചാക്രികഘടകങ്ങള്‍ (Milankovich's cycles) അദ്ദേഹം നിര്‍ണയിച്ചു.

അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥവുമായി ബന്ധപ്പെട്ടതാണ്. ഭൗമഭ്രമണപഥത്തിന് വാര്‍ത്തുളാകൃതിയാണുള്ളത്. ഒരുലക്ഷം വര്‍ഷം വരുന്ന കാലയളവില്‍ ഭ്രമണപഥത്തിന്റെ ആകൃതിയില്‍ ചെറിയ വ്യതിയാനമുണ്ടാകും. സൂര്യനില്‍നിന്ന് ഭൂമിയിലെത്തുന്ന ഊര്‍ജത്തിന്റെ അളവ് വ്യത്യാസപ്പെടും, ഒപ്പം കാലാവസ്ഥയിലും. നിലവില്‍ ഭൂമിയുടെ ഭ്രമണപഥം അത്ര അധികം വാര്‍ത്തുളമല്ല. അതിനാല്‍, ഭൂമിയിലെത്തുന്ന വികിരണോര്‍ജത്തില്‍, ജനവരിയ്‌ക്കും ജൂലായ്‌ക്കുമിടയ്‌ക്ക് വെറും ആറ് ശതമാനത്തിന്റെ വ്യത്യാസമേയുള്ളു. വാര്‍ത്തുളാകൃതി വര്‍ധിക്കുമ്പോള്‍ പക്ഷേ, ഈ വ്യത്യാസം 20 മുതല്‍ 30 ശതമാനം വരെയെത്തും. ഭൂമിയിലെത്തുന്ന സൗരോര്‍ജത്തിന്റെ അളവ് വ്യത്യപ്പെടാന്‍ ഇടയാക്കുന്ന ഏക ചാക്രികഘടകം ഇതാണ്.
മിലാന്‍കോവിച്ച് നിര്‍ണയിച്ച രണ്ടാമത്തെ ഘടകം 42,000 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിലുണ്ടാകുന്ന നേരിയ വ്യതിയാനം അടിസ്ഥാനമാക്കിയുള്ളതാണ്. അച്ചുതണ്ടിന്റെ ചെരിവ് 21.8 ഡിഗ്രിയില്‍ നിന്ന് 24.4 ഡിഗ്രിയാകുന്നു. സൂര്യപ്രകാശം ഭൂമിയില്‍ ഏത് ഭാഗത്ത് വീഴുന്നു എന്നതിലാണ് ഈ ചാക്രികഘടകം മാറ്റമുണ്ടാക്കുക. നിലവില്‍ ഭൗമഅച്ചുതണ്ടിന്റെ ചെരിവ് ഏതാണ്ട് അതിന്റെ മധ്യത്തിലാണ്. മൂന്നാമത്തെ ഘടകമാണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞത്. 22,000 വര്‍ഷം കൂടുമ്പോള്‍, ഭൂമിയുടെ അച്ചുതണ്ടിന് സംഭവിക്കുന്ന ചെറിയൊരു ആന്തോളനമാണ് അതിന് കാരണം. ഭൂമിയുടെ അച്ചുതണ്ട് ധ്രുവനക്ഷത്രത്തിന് നേരെ തിരിഞ്ഞിരിക്കുന്നതിന് പകരം, വേഗ നക്ഷത്രത്തിന് നേരെയാകുന്നു. ഭൂമിയില്‍ ധ്രുതുക്കളുടെ താളംതെറ്റാന്‍ ഇതിടയാക്കുന്നു. മഞ്ഞുകാലവും വേനലും കഠിനമാകുന്നു.
ഭൂപ്രതലത്തിലെ ഫലകങ്ങളിലുണ്ടായ ചലനം മൂലം ഭൂഖണ്ഡങ്ങള്‍ ധ്രുവങ്ങള്‍ക്ക് അരികിലേക്ക് നീങ്ങിയപ്പോഴാണ്, മിലോന്‍കോവിച്ച് പ്രവചിച്ച ചാക്രികഘടകങ്ങള്‍ ഭൂമിയില്‍ ഹിമയുഗങ്ങള്‍ കൊണ്ടുവന്നത്. എട്ടരലക്ഷം വര്‍ഷം മുമ്പ് ദൈര്‍ഘ്യമേറിയ ഹിമയുഗം സമ്മാനിച്ചതിന് കാരണം, ഭൂമിയുടെ ഭ്രമണപഥത്തില്‍ വന്ന വ്യതിയാനവും അതുവഴി സൂര്യനില്‍നിന്നുള്ള ഊര്‍ജം കുറഞ്ഞതുമാണ് എന്നുവേണം കരുതാന്‍. 1941-ല്‍ മിലോന്‍കോവിച്ച് പ്രസിദ്ധീകരിച്ച പഠനം ശരിയാണെന്ന് വീണ്ടും തെളിയുന്നു എന്നുസാരം. (അവലംബം: 'സയന്‍സ്' ഗവേഷണവാരിക, കൊളംബിയ സര്‍വകലാശാലയ്‌ക്കു കീഴിലെ എര്‍ത്ത് ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്, The Weather Makers, by Tim Flannery).