Tuesday, August 14, 2007

കടലാസില്‍ വൈദ്യുതി സംഭരിക്കാം

ഊര്‍ജരംഗത്ത്‌ വിപ്ലവവുമായി മലയാളി ഗവേഷകര്‍ബാറ്ററിയുടെ പരിമിതികളില്ലാതെ കടലാസില്‍ വൈദ്യുതി സംഭരിച്ചു സൂക്ഷിക്കാനും, ബാറ്ററിക്കു പകരം ചാര്‍ജുചെയ്‌ത കടലാസ്‌ ഉപോയോഗിക്കാനും മാര്‍ഗ്ഗം തെളിയുന്നു. ഊര്‍ജസാങ്കേതിക രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ കണ്ടുപിടിത്തത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ രണ്ട്‌ മലയാളി ഗവേഷകര്‍. വിമാനങ്ങള്‍ക്കു മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുവരെ ഭാവിയില്‍ തുണയായേക്കാവുന്ന 'ബാറ്ററി കടലാസ്‌ ' യാഥാര്‍ത്ഥ്യമാകുന്നത്‌ നാനോ ടെക്‌നോളജിയുടെ സഹായത്തോടെയാണ്‌.

അമേരിക്കയില്‍ റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ പ്രൊഫസറായ കൊടുങ്ങല്ലൂര്‍ സ്വദേശി പുളിക്കല്‍ എം.അജയന്‍ നേതൃത്വം നല്‍കിയ സംഘമാണ്‌ ഈ മുന്നേറ്റം നടത്തിയത്‌. ഗവേഷകനായ കണ്ണൂര്‍ നടുവില്‍ സ്വദേശി ഡോ. ഷൈജുമോന്‍ എം. മാണിക്കോത്ത്‌ ഈ ഉത്‌പന്നം വികസിപ്പിച്ചതില്‍ മുഖ്യപങ്കു വഹിച്ചു. ഇന്ത്യക്കാരായ വിക്ടര്‍ പുഷ്‌പരാജ്‌, അശ്വനി കുമാര്‍, ശരവണബാബു മുരുകേശന്‍ തുടങ്ങിയവരും ഗവേഷക സംഘത്തിലുണ്ട്‌. കടലാസില്‍ കാര്‍ബണ്‍ നാനോട്യൂബുകള്‍ പതിപ്പിച്ചു നിര്‍മിച്ച ഇതിന്‌ പരമ്പരാഗത ബാറ്ററിയുടെ പരിമിതികളൊന്നുമില്ല. കാര്‍ബണ്‍ നാനോട്യൂബുകളുടെ സാന്നിധ്യം മൂലം കടലാസിന്‌ കറുത്ത നിറമായിരിക്കും എന്നു മാത്രം.

"കനം കുറവ്‌, ഭാരം കുറവ്‌, എങ്ങനെ വേണമെങ്കിലും വളയ്‌ക്കാം, തിരിക്കാം, മടക്കാം, മുറിക്കാം. ഏത്‌ രൂപകല്‍പ്പനയ്‌ക്കും വഴങ്ങും. ഭാവിയിലെ ഉപകരണങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഊര്‍ജ്ജസ്രോതസ്സായിരിക്കും ഇത്‌"-ടെലിഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഡോ. ഷൈജുമോന്‍ പറഞ്ഞു. കാര്‍ബണ്‍ നാനോട്യൂബുകള്‍ ഇതില്‍ ഇലക്ട്രോഡുകളായി പ്രവര്‍ത്തിക്കും. ജലംശമില്ലാത്ത അയണീകൃത ദ്രാവകമാണ്‌ ഇലക്ട്രോലൈറ്റ്‌. ജലംശം ഇല്ലാത്തതിനാല്‍ ഈ 'ബാറ്ററി' ഏത്‌ ഉയര്‍ന്ന ഊഷ്‌മാവിലും താഴ്‌ന്ന ഊഷ്‌മാവിലും പ്രവര്‍ത്തിക്കും.


"ഒരേ സമയം ലിഥിയം-അയണ്‍ ബാറ്ററിയായും, സൂപ്പര്‍ കപ്പാസിറ്ററായും പ്രവര്‍ത്തിക്കുന്ന തരത്തിലാണ്‌ ഈ ഉത്‌പന്നം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌"-ഡോ. ഷൈജുമോന്‍ അറിയിച്ചു. ഇലക്ട്രോലൈറ്റിന്റെ അസാന്നിധ്യത്തില്‍ മനുഷ്യ ശരീരത്തിലെ വിയര്‍പ്പും രക്തവുമൊക്കെ ബാറ്ററി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. "ഏറ്റവും വലിയ പ്രത്യേകത, സാധാരണ ബാറ്ററിയില്‍ കാണപ്പെടുന്ന അപകടകാരികളായ വിഷവസ്‌തുക്കളൊന്നും ഇതിലില്ല എന്നതാണ്‌. കടലാസിന്റെ ഘടകമായ സെല്ലുലോസ്‌ ആണ്‌ ഇതില്‍ 90 ശതമാനവും. കാര്‍ബണും വിഷവസ്‌തുവല്ല. ആ നിലയ്‌ക്ക്‌ തികച്ചും പരിസ്ഥിതിക്കിണങ്ങുന്ന ഊര്‍ജസംഭരണ മാര്‍ഗ്ഗമാണിത്‌"-ഡോ.ഷൈജുമോന്‍ പറഞ്ഞു.

വിഷവസ്‌തുക്കളില്ലാത്തതിനാല്‍ ശരീരത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും കൃത്രിമ അവയവങ്ങള്‍ക്കുമാകും 'ബാറ്ററി കടലാസ്‌' ഏറ്റവും വലിയ അനുഗ്രഹമാകുക. ഇത്തരം കടലാസ്‌ ബാറ്ററിയായി ഉപയോഗിച്ചാല്‍, സെല്‍ഫോണുകളുടെയും മറ്റും കനം എത്ര കുറയും എന്ന്‌ സങ്കല്‍പ്പിച്ചു നോക്കുക. കാറുകളുടെ വാതില്‍ തന്നെ ബാറ്ററിയായി പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഭാവിയില്‍ രൂപകല്‍പ്പന ചെയ്യാനാകും. ലാപ്‌ടോപ്പുകളും മറ്റും കടലാസ്‌ പോലെ കനംകുറഞ്ഞതാകും. സാധ്യതകളുടെ അപാരതയാണ്‌ ഈ ഊര്‍ജ സംഭരണമാര്‍ഗ്ഗം മുന്നോട്ടു വെക്കുന്നത്‌.

പക്ഷേ, പുതിയ ഉത്‌പന്നം വിപണിയിലെത്താന്‍ വര്‍ഷങ്ങള്‍ ഇനിയും കാക്കേണ്ടി വരും. കണ്ടുപിടിത്തത്തിന്റെ മാതൃകാവകാശത്തിന്‌ (പേറ്റന്റിന്‌) അപേക്ഷ നല്‍കിയതായി ഡോ.ഷൈജുമോന്‍ അറിയിച്ചു. കടലാസിന്റെ ഊര്‍ജസംഭരണ ക്ഷമത വര്‍ധിപ്പിക്കാനും, ഉത്‌പാദനത്തിന്‌ വിവിധ സങ്കേതങ്ങള്‍ ആവിഷ്‌ക്കരിക്കാനും ശ്രമം തുടങ്ങി കഴിഞ്ഞു. ഭാവിയില്‍ ഇത്തരം ബാറ്ററികടലാസ്‌ പത്രം പോലെ അച്ചടിച്ചിറക്കാന്‍ കഴിഞ്ഞേക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'(പി.എന്‍.എ.എസ്‌) ന്റെ പുതിയ ലക്കത്തില്‍ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കൊടുങ്ങല്ലൂരില്‍ പുളിക്കല്‍ കുടുംബത്തില്‍ അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ്‌ അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ്‌ പ്രൊഫ. അജയന്‍. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.ടെക്‌ നേടിയ അദ്ദേഹം ഇപ്പോള്‍ റെന്‍സ്സലേര്‍ പോളിടെക്‌നികില്‍ മെറ്റീരിയല്‍ സയന്‍സ്‌ അന്‍ഡ്‌ എഞ്ചിനിയറിങ്ങില്‍ ഹെന്‍ട്രി ബുര്‍ലേജ്‌ പ്രൊഫസറാണ്‌. നാനോകാര്‍ബണ്‍ ഗവേഷണത്തില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ള പ്രൊഫ. അജയന്‍, പോളിടെക്‌നിക്കിലെ 'കാര്‍ബണ്‍ നാനോമെറ്റീരിയല്‍സ്‌ റിസര്‍ച്ച്‌ ഗ്രൂപ്പി'ന്റെ മേധാവിയാണ്‌. ഈ ഗ്രൂപ്പാണ്‌ കടലാസില്‍ ബാറ്ററി സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചത്‌.

കണ്ണൂര്‍ നടുവില്‍ മാണിക്കോത്ത്‌ കുടുംബത്തിലെ ടി.പി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും അധ്യാപിക എം.എം. സുഭദ്രയുടെയും മകനാണ്‌ ഡോ. ഷൈജുമോന്‍. തളിപ്പറമ്പ്‌ സര്‍ സയ്യദ്‌ കോളേജില്‍ നിന്ന്‌ ഭൗതീകശാസ്‌ത്രത്തില്‍ ബിരുദവും തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ നിന്ന്‌ ബിരുദാന്തര ബിരുദവും നേടിയ ഷൈജുമോന്‍, മദ്രാസ്‌ ഐ.ഐ.ടി.യില്‍ നിന്ന്‌ കാര്‍ബണ്‍ നാനോടെക്‌നോളജിയില്‍ ഗവേഷണ ബിരുദം നേടിയ ശേഷമാണ്‌ അമേരിക്കയിലെത്തുന്നത്‌. പ്രഫുല്ലയാണ്‌ ഭാര്യ.പ്രൊഫ. അജയനും ഡോ.ഷൈജുമോനും സപ്‌തംബര്‍ ഒന്നു മുതല്‍ ടെക്‌സാസിലെ റൈസ്‌ യൂണിവേഴ്‌സിറ്റിയിലേക്ക്‌ പ്രവര്‍ത്തനം മാറ്റുകയാണ്‌.
(അവലംബം: റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, ഡോ.ഷൈജുമോന്‍ എം.മാണിക്കോത്തുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം. കടപ്പാട്‌: മാതൃഭൂമി)

Sunday, August 12, 2007

സ്‌തനാര്‍ബുദം തിരിച്ചറിയാന്‍ എം.ആര്‍.ഐ.സ്‌കാന്‍

സ്‌തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ എം.ആര്‍.ഐ.സ്‌കാന്‍ ഫലപ്രദമെന്ന്‌ കണ്ടെത്തല്‍. നിലവില്‍ രോഗനിര്‍ണയത്തിനുപയോഗിക്കുന്ന 'മാമോഗ്രാമു'കളെ അപേക്ഷിച്ച്‌ എം.ആര്‍.ഐ.സ്‌കാന്‍ ഇരട്ടി ഫലംചെയ്യുമെന്ന്‌ ബോണ്‍ സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞു.

മാരകമായ സ്‌തനാര്‍ബുദം അതിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തുക വഴി രോഗം വഷളാകാതെ തടയാനും രോഗിയുടെ ജീവന്‍ രക്ഷിക്കാനും കഴിയും. ലോകമെമ്പാടും ലക്ഷക്കണക്കിന്‌ സ്‌ത്രീകള്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നതാണ്‌ പുതിയ കണ്ടെത്തല്‍. നിലവില്‍ സ്‌തനാര്‍ബുദം തിരിച്ചറിയാന്‍ വൈദ്യസമൂഹം ആശ്രയിക്കുന്നത്‌ മുഖ്യമായും എക്‌സ്‌റേ അടിസ്ഥാനമാക്കിയുള്ള മാമോഗ്രാമുകളാണ്‌ (mammograms). ശിരസിലെ തകരാറുകള്‍ കണ്ടെത്തനാണ്‌ 'മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ ഇമേജിങ്‌ സ്‌കാനുകള്‍'(MRI scans) കൂടുതലായി ഉപയോഗിച്ചു വരുന്നത്‌. മാമോഗ്രാമുകളുടെ സഹായത്തോടെ പഠനവിധേയമാക്കിയവരില്‍ 56 ശതമാനം പേരുടെ സ്‌തനാര്‍ബുദം തിരിച്ചറിഞ്ഞപ്പോള്‍, എം.ആര്‍.ഐ.സ്‌കാന്‍ ഉപയോഗിച്ച്‌ 92 ശതമാനം പേരുടെ രോഗം കൃത്യമായി മനസിലാക്കാനായി എന്നത്‌ ഗവേഷകരെ അത്ഭുതപ്പെടുത്തി.

ബോണ്‍ സര്‍വകലാശാലയിലെ റേഡിയോളജിസ്‌റ്റ്‌ പ്രൊഫ. ക്രിസ്റ്റ്യന്‍ കുഹലിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട്‌, പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ലാന്‍സെറ്റി'ന്റെ പുതിയ ലക്കത്തിലാണുള്ളത്‌. 7319 സ്‌ത്രീകളെ അഞ്ചുവര്‍ഷക്കാലം പഠനവിധേയമാക്കിയാണ്‌ പുതിയ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌. സ്‌തനാര്‍ബുദത്തിന്റെ കാര്യത്തില്‍ മിക്ക കേസുകളിലും, സ്‌തനങ്ങളില്‍ ക്ഷീരനാളികള്‍ക്കുള്ളിലെ കോശങ്ങളിലാണ്‌ രോഗം ആദ്യം പ്രത്യക്ഷപ്പെടുക. 'ഡക്ടല്‍ കാര്‍സിനോമ ഇന്‍ സിടു'(ductal carcinoma in situ-DCIS) എന്നാണ്‌ രോഗം അറിയപ്പെടുന്നത്‌. മാരകമായി മാറുന്ന അര്‍ബുദമാണിത്‌. തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ രോഗത്തിന്റെ പുരോഗതി തടഞ്ഞ്‌ രോഗിയെ രക്ഷിക്കാനാകും.

അതിനുള്ള വഴിയാണ്‌ പുതിയ കണ്ടെത്തല്‍ തുറന്നു തന്നിരിക്കുന്നതെന്ന്‌ പഠന റിപ്പോര്‍ട്ട്‌ പറയുന്നു. "സ്‌തനാര്‍ബുദം നിര്‍ണയിക്കുന്ന കാര്യത്തില്‍ മാമോഗ്രാമിന്‌ പകരമുള്ള ഒന്നായല്ല എം.ആര്‍.ഐ.സ്‌കാനിനെ പരിഗണിക്കേണ്ടത്‌; കൂടുതല്‍ ഫലപ്രദമായ ഒന്നായാണ്‌''-ഈ ഗവേഷണ റിപ്പോര്‍ട്ട്‌ അവലോകനം ചെയ്‌ത നെതര്‍ലന്‍ഡിലെ റാഡ്‌ബൗണ്ട്‌ സര്‍വകലാശാലയിലെ ഡോ. കാര്‍ല ബോട്ടസും ഡോ. റിറ്റ്‌സെ മാനും ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ഫലപ്രദമായി രോഗം നിര്‍ണയിക്കാമെന്നു മാത്രമല്ല, രോഗനിര്‍ണയത്തില്‍ എം.ആര്‍.ഐ.സ്‌കാന്‍ ഉപയോഗിക്കുമ്പോള്‍ തെറ്റു പറ്റുന്നതിന്റെ തോത്‌ തുലോം കുറവാണെന്നും തങ്ങളുടെ പഠനത്തില്‍ വ്യക്തമായെന്ന്‌ പ്രൊഫ. കുഹല്‍ അറിയിച്ചു.

സ്‌തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്‌ക്രീനിങുകള്‍ക്ക്‌ സ്‌ത്രീകള്‍ വിധേയരാകേണ്ടതിന്റെ പ്രധാന്യം അടിവരയിട്ടുറപ്പിക്കുന്നു ഈ ഗവേഷണം. സ്‌തനാര്‍ബുദ സ്‌ക്രീനിങിന്‌ വിധേയരാകുന്ന സ്‌ത്രീകള്‍ക്കിടയില്‍ മരണനിരക്ക്‌ കുറവാണെന്ന്‌ കഴിഞ്ഞ വര്‍ഷം ഒരു ഗവേഷണ റിപ്പോര്‍ട്ട്‌ വ്യക്തമാക്കിയിരുന്നു. അത്തരം സ്‌ക്രീനിങിന്‌ ഇതുവരെ മാമോഗ്രാമുകള്‍ മാത്രമാണ്‌ ഡോക്ടര്‍മാര്‍ ആശ്രയിച്ചിരുന്നതെങ്കില്‍, എം.ആര്‍.ഐ.സ്‌കാനിങിന്റെ സഹായത്തോടെ സ്‌ക്രീനിങ്‌ കൂടുതല്‍ ഫലപ്രദമാക്കാനും കൂടുതല്‍ സ്‌ത്രീകളുടെ ജീവന്‍ രക്ഷിക്കാനും കഴിയുമെന്നാണ്‌ പുതിയ പഠനഫലം വ്യക്തമാക്കുന്നു. (അവലംബം: ബോണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി)

Saturday, August 11, 2007

പരിണാമകഥയ്‌ക്ക്‌ പുത്തന്‍ ഭേദഗതി

മനുഷ്യ പരിണാമത്തിന്റെ കഥ ഇനിയും പൂര്‍ത്തിയാട്ടില്ല. അറ്റുപോയ ഒട്ടേറെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബാക്കിയുണ്ട്‌. ആഫ്രിക്കയില്‍ നിന്നു ലഭിച്ച പുതിയ രണ്ട്‌ ഫോസിലുകള്‍ ശാസ്‌ത്രലോകത്തെ ബോധ്യപ്പെടുത്തുന്നത്‌ ഇതാണ്‌
കിഴക്കന്‍ ആഫ്രിക്കയിലെ റിഫ്‌ട്‌ താഴ്‌വരയില്‍ നിന്നു പുതിയതായി കണ്ടെത്തിയ രണ്ട്‌ ഫോസിലുകള്‍ മനുഷ്യ പരിണാമത്തിന്റെ കഥ മാറ്റിയെഴുതുന്നു. മനുഷ്യപൂര്‍വികാനായ 'ഹോമോ ഇറക്ടസ്‌' പരിണമിച്ചുണ്ടായത്‌ 'ഹോമോ ഹാബിലിസ്‌' എന്ന വര്‍ഗ്ഗത്തില്‍ നിന്നല്ല എന്നതാണ്‌ പരിണാമകഥയിലെ പുതിയ ഭേദഗതി. 'ഹോമോ ഇറക്ടസി'ന്‌ മനുഷ്യനോടുള്ളതിനെക്കാള്‍ സാദൃശ്യം ഗൊറില്ലകള്‍, ചിമ്പാന്‍സികള്‍ തുടങ്ങിയ കുരങ്ങുകളോടാണെന്നും പുതിയ കണ്ടെത്തല്‍ സൂചന നല്‍കുന്നു. ഇറക്ടസ്‌ വര്‍ഗ്ഗത്തിലെ സ്‌ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച്‌ വളരെ ചെറുതായിരുന്നെന്ന വസ്‌തുത നരവംശശാസ്‌ത്രജ്ഞരെ അമ്പരിപ്പിക്കുകയാണ്‌.
മനുഷ്യപരിണാമത്തിന്റെ 'കളിത്തൊട്ടില്‍' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ്‌ കിഴക്കന്‍ ആഫ്രിക്കയിലെ റിഫ്‌ട്‌ താഴ്‌വര. മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം സംബന്ധിച്ച ഏറ്റവും വിലപ്പെട്ട തെളിവുകള്‍ അവിടെ നിന്നാണ്‌ കണ്ടെടുത്തിട്ടുള്ളത്‌. ആ മേഖലയില്‍ കെനിയയിലെ തുര്‍ക്കാന തടാകത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന്‌ ഏഴുവര്‍ഷം മുമ്പു കണ്ടെത്തിയ രണ്ട്‌ വ്യത്യസ്‌ത ഫോസിലുകളാണ്‌ ഇപ്പോള്‍ പരിണാമത്തിന്‌ പുതിയ പാഠഭേദം ചാര്‍ത്തുന്നത്‌. ഒരു പെണ്‍ 'ഹോമോ ഇറക്ടസി'(Homo erectus)ന്റെ തലയോട്ടിയും, 'ഹോമോ ഹാബിലിസി'(Homo habilis)ന്റെ താടിയെല്ലിന്റെ ഭാഗവുമാണ്‌ അവിടെ നിന്ന്‌ ലഭിച്ചത്‌.
ഒരു പെണ്‍ ഹോമോ ഇറക്ടസിന്റെ ഫോസില്‍ ഗവേഷകലോകത്തിന്‌ ലഭിക്കുന്നത്‌ ആദ്യമായാണ്‌. ആധുനിക ഗൊറില്ലകള്‍, ചിമ്പാന്‍സികള്‍ തുടങ്ങിയ വാനരന്‍മാരുടെ കാര്യത്തില്‍ പെണ്‍വര്‍ഗ്ഗം ആണ്‍വര്‍ഗ്ഗത്തെ അപേക്ഷിച്ച്‌ ചെറുതാണ്‌. ഇതുപോലെ ആയിരുന്നിരിക്കാം ഹോമോ ഇറക്ടസിന്റെ കാര്യവും എന്ന്‌ ഗവേഷകര്‍ കരുതുന്നു. ഫ്രെഡറിക്‌ മാന്‍ഥിയാണ്‌ ഫോസിലുകള്‍ കണ്ടെത്തിയത്‌. അതെപ്പറ്റി നടന്ന ഗവേഷണത്തില്‍ പ്രശസ്‌ത ഗവേഷക മീവ്‌ ലീക്കിയും മകള്‍ ലൂയിസ്‌ ലീക്കിയും മുഖ്യപങ്ക്‌ വഹിച്ചു.
14.4 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ്‌ 'ഹാബിലി'സിന്റെ ഫോസിലെങ്കില്‍, 'ഇറക്ടസി'ന്റേത്‌ 15.5 ലക്ഷം പഴക്കമുള്ളതാണ്‌. ഇരുവര്‍ഗ്ഗങ്ങളും ഏതാണ്ട്‌ ഒരേ കാലഘട്ടത്തില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നു എന്നതിന്‌ തെളിവാണ്‌ ഈ ഫോസിലുകള്‍-'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. കുറഞ്ഞത്‌ അരലക്ഷം വര്‍ഷമെങ്കിലും ഇരുവര്‍ഗ്ഗങ്ങളും ആഫ്രിക്കയില്‍ ഒരുമിച്ചു കഴിഞ്ഞിരിക്കാം. ഹോമോ ഹാബിലസില്‍ നിന്ന്‌ ഹോമോ ഇറക്ടസും, അതില്‍ നിന്ന്‌ ഇപ്പോഴത്തെ മനുഷ്യവര്‍ഗ്ഗമായ 'ഹോമോ സാപ്പിയന്‍സും' പരിണമിച്ചുണ്ടായി എന്ന നിഗമനം ഇതോടെ അപ്രസക്തമാകുന്നു. ഹാബിലിസും ഇറക്ടസും പൊതുപൂര്‍വികനില്‍ നിന്നു വേര്‍പിരിഞ്ഞതാകാം എന്നേ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കരുതാനാവൂ എന്ന്‌ ഗവേഷകര്‍ പറയുന്നു.
ഇരുവര്‍ഗ്ഗവും ഒരേസമയം കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞെങ്കിലും, ഹാബിലിസ്‌ വര്‍ഗ്ഗം വനമേഖലയില്‍ സസ്യജന്യമായ ഭക്ഷ്യണം (പരിപ്പുകളും കിഴങ്ങുകളും) തേടിയും, ഇറക്ടസ്‌ വര്‍ഗ്ഗം പുല്‍മേടുകള്‍ നിറഞ്ഞ സാവന്നയില്‍ വേട്ടയാടിയും (മാംസം, കൊഴുപ്പ്‌ തുടങ്ങിയവ ഭക്ഷിച്ചും) കഴിഞ്ഞിരുന്നു എന്നാണ്‌ ഗവേഷകര്‍ കരുതുന്നത്‌. ആഫ്രിക്കയില്‍ നിന്ന്‌ ആദ്യമായി പുറംലോകത്തെത്തിയ മനുഷ്യപൂര്‍വികന്‍ ഹോമോ ഇറക്ടസ്‌ ആണ്‌. യൂറോപ്പ്‌, ചൈന എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ നിന്ന്‌ ഈ വര്‍ഗ്ഗത്തിന്റെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്‌.
പുതിയ കണ്ടെത്തല്‍ ചില ഭേദഗതി വരുത്തുന്നുവെങ്കിലും, മനുഷ്യ പരിണാമത്തിന്റെ യഥാര്‍ത്ഥ കഥയ്‌ക്ക്‌ വലിയ പരിക്കൊന്നും ഈ കണ്ടെത്തല്‍ മൂലമുണ്ടാകുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. ആഫ്രിക്കയിലെ റിഫ്‌ട്‌ താഴ്‌വരയില്‍ ഏതാണ്ട്‌ 50 ലക്ഷം വര്‍ഷം മുമ്പ്‌ പരിണമിച്ചുണ്ടായ മനുഷ്യ പൂര്‍വികന്‍ പിന്നീട്‌ ആഫ്രിക്കയ്‌ക്ക്‌ പുറത്ത്‌ കുടിയേറി ലോകം മുഴുവന്‍ വ്യാപിച്ചുവെന്നാണ്‌ പരിണാമ ചരിത്രം പറയുന്നത്‌. അതിന്‌ മാറ്റമൊന്നും വന്നിട്ടില്ല. "മനുഷ്യ പരിണാമത്തിന്റെ കഥ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല. അറ്റുപോയ ഒട്ടേറെ കണ്ണികള്‍ ബാക്കിയുണ്ടാവാം. കൂടുതല്‍ കണ്ടെത്തല്‍ നടത്തുമ്പോള്‍ കൂടുതല്‍ ചോദ്യങ്ങളും ഉയരും"-കെനിയന്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ഫാരാ ഐഡില്‍ പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല.(അവലംബം: 'നേച്ചര്‍' ഗവേഷണവാരിക)

Thursday, August 09, 2007

ഭീമന്‍ഗ്രഹം; കണ്ടെത്തിയില്‍ ഏറ്റവും വലുത്‌

മനുഷ്യന്‍ ഇന്നുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും വലിയ ഗ്രഹം സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തി. സൗരയൂഥത്തിലെ വ്യാഴഗ്രഹത്തെക്കാള്‍ 70 ശതമാനം വലിപ്പം കൂടുതലുള്ള ഗ്രഹഭീമനെയാണ്‌, ഭൂമിയില്‍നിന്ന്‌ 1435 പ്രകാശവര്‍ഷം അകലെ ഒരു നക്ഷത്രത്തിന്‌ സമീപം കണ്ടെത്തിയത്‌.

എന്നാല്‍, അതിന്‌ സാന്ദ്രത വളരെ കുറവാണ്‌. അതിനാല്‍ വ്യാഴത്തെക്കാള്‍ കുറഞ്ഞ പിണ്ഡമെയുള്ളു എന്ന്‌ 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

'ട്രാന്‍സ്‌അത്‌ലാന്റിക്‌ എക്‌സോപ്ലാനെറ്റ്‌ സര്‍വെ'(TrES) സംഘത്തില്‍ പെട്ട ഗ്രൂപ്പാണ്‌ 'TrES-4' എന്നു പേരിട്ടിട്ടുള്ള ഗ്രഹത്തെ തിരിച്ചറിഞ്ഞത്‌. 'GSC02620-00648' എന്ന നക്ഷത്രത്തെ പ്രദക്ഷണം വെയ്‌ക്കുന്ന ഗ്രഹമാണത്‌. മാതൃനക്ഷത്രത്തില്‍ നിന്ന്‌ 70 ലക്ഷം കിലോമീറ്റര്‍ അകലെയാണ്‌ ഗ്രഹത്തിന്റെ ഭ്രമണപഥം. അതിനാല്‍ കൊടുംചൂടാണ്‌ ഗ്രഹത്തിലെന്ന്‌ ഗവേഷകര്‍ കണക്കുകൂട്ടുന്നു; കുറഞ്ഞത്‌ 1327 ഡിഗ്രി സെല്‍സിയസ്‌ ഊഷ്‌മാവെങ്കിലും കാണും ഗ്രഹത്തില്‍!

വലിയ ഗ്രഹം മാത്രമല്ല, അത്‌ 'വാലുള്ള ഗ്രഹം' കൂടിയാകാന്‍ സാധ്യതയുണ്ടെന്ന്‌ ഗവേഷകര്‍ കരുതുന്നു. പിണ്ഡം കുറവായതിനാല്‍ ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണം ദുര്‍ബലമായിരിക്കും. അതുകൊണ്ട്‌ ഉപരിഅന്തരീക്ഷത്തിന്റെ കുറെഭാഗം വാലുപോലെ നീണ്ടുകാണാന്‍ സാധ്യതയുണ്ട്‌. "സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തുന്ന ഏറ്റവും വലിയ ഗ്രഹമാണിത്‌"-അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിലെ പ്രബന്ധത്തിന്റെ മുഖ്യരചയിതാവും അമേരിക്കയില്‍ ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകനുമായ ജോര്‍ജി മന്‍ഡുഷേവ്‌ അറിയിച്ചു.

ആ ഗ്രഹത്തിന്റെ വലിപ്പം ഇത്ര കൂടാന്‍ കാരണമെന്തെന്ന്‌, നിലവിലുള്ള സിദ്ധാന്തങ്ങള്‍ പ്രകാരം ഗവേഷകര്‍ക്ക്‌ വിശദീകരിക്കാനാകുന്നില്ല. ഇത്തരം ചൂടന്‍ വാതകഗ്രഹങ്ങളുടെ പിറവിയെക്കുറിച്ചും ഘടനയെക്കുറിച്ചും മനസിലാക്കുന്നത്‌, സൗരയൂഥത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും-കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(Caltech)യിലെ ഗവേഷകവിദ്യാര്‍ത്ഥിയായ ഫ്രാന്‍സിസ്‌ ഓഡൊനോവന്‍ പറയുന്നു.

ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ മാതൃനക്ഷത്രത്തിന്‌ നേരെ മുമ്പിലൂടെ ഗ്രഹം കടന്നു പോകുന്നതുകൊണ്ടാണ്‌ (സംതരണം സംഭവിക്കുന്നതിനാല്‍) അതിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്‌. സൗരയൂഥത്തിന്‌ വെളിയില്‍ മിക്ക ഗ്രഹങ്ങളും ഇത്തരം പരോക്ഷ നിരീക്ഷണപ്രക്രിയ വഴിയാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. TrES-4 ഗ്രഹം മാതൃനക്ഷത്രത്തിന്‌ മുന്നിലൂടെ കടന്നു പോകുമ്പോള്‍ നക്ഷത്രത്തിന്റെ ഒരു ശതമാനം പ്രകാശം തടസ്സപ്പെടുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. വെറും 3.55 ദിവസം കൂടുമ്പോള്‍ ഗ്രഹം ഒരു തവണ നക്ഷത്രത്തെ പ്രദിക്ഷണം ചെയ്യുന്നു.

ഇതുവരെ 244 ഗ്രഹങ്ങളെ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തിയിട്ടുണ്ട്‌. അവയില്‍ 40 എണ്ണം 2007-ലെ ആദ്യ ഏഴുമാസങ്ങളിലാണ്‌ കണ്ടെത്തിയത്‌. സ്വിസ്സ്‌ വാനശാസ്‌ത്രജ്ഞരായ മൈക്കല്‍ മേയര്‍, ഡിഡിയര്‍ ക്വേലോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ ആദ്യ ബാഹ്യഗ്രഹത്തെ കണ്ടെത്തിയ കാര്യം 1995-ലാണ്‌ സ്ഥിരീകരിച്ചതെന്നു കൂടി അറിയുമ്പോള്‍, ഈ രംഗത്ത്‌ എത്ര വലിയ മുന്നേറ്റമാണ്‌ ഒരു പതിറ്റാണ്ടുകൊണ്ട്‌ ഉണ്ടായതെന്ന്‌ മനസിലാക്കാം. (അവലംബം: അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍)

Thursday, August 02, 2007

ജിനോം മാറ്റിവെയ്‌ക്കാവുന്ന കാലം

ഒരു ജീവിയുടെ കോശത്തിലെ ജിനോം അതേപടി മറ്റൊരു ജീവിയിലേക്ക്‌ മാറ്റിവെക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരിക്കുന്നു. ഒരു ബാക്ടീരിയത്തെ കൃത്രിമമായി പരീക്ഷണശാലയില്‍ സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പുതിയൊരു നാഴിക്കക്കല്ലാണ്‌ ഈ വിജയം
ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്നത്‌ ഇന്ന്‌ അത്ഭുതമല്ല. ദിവസവും അത്തരം വാര്‍ത്തകള്‍ നമ്മുടെ കാതിലെത്തുന്നു. എന്നാല്‍, പുത്തന്‍ കാലം ഇതിനെയൊക്കെ കടത്തിവെട്ടുകയാണ്‌. മാറ്റിവെക്കല്‍ അതിന്റെ സൂക്ഷ്‌മതലത്തിലേക്ക്‌ കടന്നിരിക്കുന്നു; ശരിക്കു പറഞ്ഞാല്‍ തന്മാത്രാതലത്തിലേക്ക്‌. ഒരു ജീവിയുടെ പൂര്‍ണ ജനിതകസാരമായ 'ജിനോ'(genome) മും മാറ്റിവെക്കാവുന്ന കാലം എത്തിയിരിക്കുന്നു. ഒരു ബാക്ടീരിയത്തിന്റെ ജിനോം പൂര്‍ണമായി മാറ്റിവെക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്‌ അമേരിക്കയില്‍ മേരിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 'ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ' എന്ന സ്ഥാപനം. 'സയന്‍സ്‌' ഗവേഷണ വാരികയാണ്‌ ഈ വിജയത്തിന്റെ കഥ അടുത്തയിടെ പ്രസിദ്ധീകരിച്ചത്‌.

പരീക്ഷണശാലയില്‍ കൃത്രിമജിവിയെ സൃഷ്ടിക്കാനുള്ള നീക്കത്തില്‍ നിര്‍ണായക ചുവടുവെപ്പാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഡി.എന്‍.എ.തുണ്ടുകള്‍ കൂട്ടിയിണക്കി കൃത്രിമ ഡി.എന്‍.എ.യുണ്ടാക്കി പുതിയൊരു ബാക്ടീരയത്തെ സൃഷ്ടിക്കാന്‍ ശ്രമം തുടരുന്ന സ്ഥാപനമാണ്‌ 'ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌'. ഇതിനകം വിവാദമായിക്കഴിഞ്ഞ ഈ സംരംഭത്തിന്‌ പ്രശസ്‌ത ജനിതക ശാസ്‌ത്രജ്ഞന്‍ ജെ.ക്രെയ്‌ഗ്‌ വെന്റര്‍ നേതൃത്വം നല്‍കുന്നു.(കാണുക: ആദ്യകൃത്രിമജീവി ഒരുങ്ങുന്നു). ഇന്ധനങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ ശേഷിയുള്ള സൂക്ഷ്‌മജീവികളെ നിര്‍മിക്കുകയാണ്‌ ഈ സംരംഭത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും ക്രെയ്‌ഗ്‌ വെന്റര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. മാനവജിനോം കണ്ടുപിടിക്കുക വഴി ചരിത്രം സൃഷ്ടിച്ച ശാസ്‌ത്രജ്ഞനാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍.

ജനിതക സാങ്കേതികവിദ്യയില്‍ ഒട്ടേറെ മുന്നേറ്റങ്ങള്‍ പോയ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്‌. അന്യജീനുകളും ഡി.എന്‍.എ.ഭാഗങ്ങളും ഒരു ജീവിയുടെ ജിനോമില്‍ സന്നിവേശിപ്പിച്ച്‌ ഒട്ടേറെ ഗവേഷണങ്ങള്‍ നടന്നിട്ടുമുണ്ട്‌. എന്നാല്‍, ഒരു ജീവിയുടെ മുഴുവന്‍ ജിനോമും മറ്റൊരു ജീവിയിലേക്ക്‌ ഒന്നോടെ മാറ്റിവെക്കുന്നതില്‍ വിജയിക്കുന്നത്‌ ആദ്യമായാണ്‌. "ബയോളജിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഈ ഗവേഷണ പ്രബന്ധം ഒരു നാഴികക്കല്ലാണ്‌"-'സയന്‍സ്‌' വാരികയുടെ ഡെപ്യൂട്ടി എഡിറ്റര്‍ ബാര്‍ബര ജസ്‌നി, ക്രെയ്‌ഗ്‌ വെന്റര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തി.

ജനിതകമായി അത്ര വ്യത്യാസമില്ലാത്ത രണ്ട്‌ ബാക്ടീരിയങ്ങളെയാണ്‌ ജിനോം മാറ്റിവെയ്‌ക്കല്‍ പ്രക്രിയയ്‌ക്ക്‌ ക്രെയ്‌ഗ്‌ വെന്ററുടെ സംഘം തിരഞ്ഞെടുത്തത്‌. അതിലൊരെണ്ണത്തിന്റെ ഡി.എന്‍.എ.വേര്‍തിരിച്ചെടുത്തിട്ട്‌, ഒരു പ്രത്യേക ആന്റിബയോട്ടിക്കിനോട്‌ പ്രതിരോധശേഷി നേടാന്‍ സഹായിക്കുന്ന ഒരു ജീന്‍ അതില്‍ സന്നിവേശിപ്പിച്ചു. അങ്ങനെ പരിഷ്‌കരിച്ച ഡി.എന്‍.എ. രണ്ടാമത്തെ ബാക്ടീരിയത്തിന്റെ കോശഭിത്തിയിലൂടെ ഉള്ളില്‍ കടത്തി. എന്നിട്ട്‌, ആന്റിബയോട്ടിക്കിന്റെ സാന്നിധ്യത്തില്‍ അതിനെ കോശവിഭനം നടത്താന്‍ അനുവദിച്ചപ്പോള്‍ ആതിഥേയ കോശത്തിലെ ക്രോമസോമുകള്‍ നശിച്ചു. കോശത്തില്‍ അവശേഷിച്ചത്‌ അതിഥി ഡി.എന്‍.എ.മാത്രമായി. അതോടെ, ആതിഥേയ ബാക്ടീരിയത്തിന്റെ ജൈവഗുണങ്ങള്‍ അതിഥിയുടേതായി. "ശരിക്കും പ്രോട്ടീനിന്റെ സാകല്യം(repertoire) മുഴുവനായിത്തന്നെ മാറി"-ക്രെയ്‌ഗ്‌ വെന്റര്‍ അറിയിച്ചു.

കൃത്രിമ ബാക്ടീരിയത്തെ സൃഷ്ടിക്കാന്‍ ക്രെയ്‌ഗ്‌ വെന്റര്‍ നടത്തുന്ന ശ്രമങ്ങളില്‍ സുപ്രധാന വഴിത്തിരിവാണ്‌ ഈ ജിനോം മാറ്റിവെയ്‌ക്കല്‍. ഇതിനായി, മനുഷ്യന്റെ മൂത്രനാളിയിലും മറ്റും കാണപ്പെടുന്ന 'മൈകോപ്ലാസ്‌മ ജനിറ്റലിയം'(mycoplasma genitalium) എന്ന ബാക്ടീരിയത്തിന്റെ ജനിതകഘടന ഒരു പതിറ്റാണ്ടായി ഗവേഷകര്‍ പഠിച്ചു വരികയാണ്‌. ഡി.എന്‍.എ.തുണ്ടുകള്‍ തുന്നിച്ചേര്‍ത്ത്‌ പുതിയൊരു ജിനോം സൃഷ്ടിച്ച ശേഷം, അതുപയോഗിച്ച്‌ പുതിയൊരു ബാക്ടീരിയത്തെ സൃഷ്ടിക്കുകയെന്നതാണ്‌ ക്രെയ്‌ഗ്‌ വെന്ററും ഉദ്ദേശിക്കുന്നത്‌. ഡി.എന്‍.എ. ഒരു ബാക്ടീരിയത്തിനുള്ളിലേക്ക്‌ മാറ്റി വെയ്‌ക്കുകയെന്നത്‌, ഡി.എന്‍.എ.തുണ്ടുകള്‍ കൂട്ടിച്ചേര്‍ത്ത്‌ പുതിയൊരു ജിനോം സൃഷ്ടിക്കുന്നതു പോലെ പ്രധാനമാണ്‌. എന്നുവെച്ചാല്‍, ഒരു കൃത്രിമ ബാക്ടീരിയത്തെ സൃഷ്ടിക്കുന്നതില്‍ ആദ്യ കടമ്പയാണ്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും കടന്നിരിക്കുന്നതെന്നു സാരം.

പക്ഷേ, ഈ ജിനോം മാറ്റിവെക്കല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിന്‌ കൃത്യമായി ഉത്തരം നല്‍കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും, ആതിഥേയ കോശത്തിലെ ജിനോം എങ്ങനെ അപ്രത്യക്ഷമായി എന്നത്‌. ബാക്ടീരിയയിലാണ്‌ ഇത്‌ വിജയിച്ചത്‌. അതിനെക്കാള്‍ ഉയര്‍ന്ന ശ്രേണിയിലുള്ള ജീവികളുടെ കാര്യത്തില്‍ ഇത്‌ ശരിയാകുമോ എന്ന്‌ ഉറപ്പില്ല. ഏത്‌ കോശത്തിലും എത്തപ്പെടുന്ന അന്യവസ്‌തുക്കളെ നശിപ്പിച്ചു കളയാന്‍ കോശങ്ങള്‍ക്ക്‌ പ്രവണതയുണ്ട്‌. അതിനാല്‍, വ്യത്യസ്‌ത ജീവികളില്‍ ആതിഥേയ ഡി.എന്‍.എ.യെ നശിപ്പിക്കുന്ന രാസാഗ്നി തടുക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ഗവേഷകര്‍ കണ്ടുപിടിക്കേണ്ടി വരും. (കടപ്പാട്‌: സയന്‍സ്‌ ഗവേഷണ വാരിക)