Wednesday, September 11, 2019

ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം ഒന്ന്

ഒരു ജിഎം വിരുദ്ധ പോരാളിയുടെ മാനസാന്തരത്തിന്റെ കഥയും ജനിതകവിളകളെ സംബന്ധിച്ച 25 വര്‍ഷത്തെ അനുഭവപാഠങ്ങളും 'ജനിതകവിളകള്‍: സത്യം മറ്റൊന്നാണോ?' എന്ന പേരില്‍, നാലു ലക്കങ്ങളായി (2019 ഓഗസ്റ്റ് 4, 11, 18, 25) മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചതില്‍ ആദ്യരണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ആദ്യഭാഗത്തിന്റെ ചിത്രീകരണം
 പരാജയപ്പെടാന്‍ വിധിക്കപ്പെട്ട ദൗത്യമായിരുന്നു അത്. പകല്‍ നേരത്ത് റോസിലിന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെത്തിയ മാര്‍ക് ലൈനാസ്, അവിടുത്തെ ലൈബ്രറിയില്‍ ചിലത് നോക്കാനെന്ന വ്യാജേന കറങ്ങി നടക്കുകയും തങ്ങള്‍ തട്ടിയെടുക്കാന്‍ ഉദ്ദേശിക്കുന്ന 'ഡോളി' എന്ന ചെമ്മരിയാട് എവിടെയാണുള്ളതെന്ന് ഏതാണ്ട് മനസിലാക്കുകയും ചെയ്തിരുന്നു. ലൈനാസ് ഉള്‍പ്പെട്ട നാലംഗ സംഘത്തിലെ ഒരു യുവതി, ടെക്‌സാസില്‍ നിന്നെത്തി വഴിതെറ്റിയ അമേരിക്കന്‍ ടൂറിസ്റ്റ് എന്ന വ്യാജേന ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പുറത്ത് ചുറ്റിക്കറങ്ങി ഡോളിയെ സൂക്ഷിച്ചിട്ടുള്ള ഷെഡ് ഏതാണെന്ന് മനസിലാക്കാന്‍ ശ്രമിച്ചു.

ഡോളി എവിടെയുണ്ടെന്ന് മനസിലാക്കിയ സംഘം, ഇന്‍സ്റ്റിട്ട്യൂട്ടിന് ഒന്നര കിലോമീറ്റര്‍ അകലെ അര്‍ധരാത്രി കഴിയുംവരെ ക്ഷമയോടെ കാത്തിരുന്നു. എന്നിട്ട് നാലുപേരും ലക്ഷ്യസ്ഥാനത്തേക്ക് തിടുക്കം കൂട്ടാതെ മുന്നേറി. ക്ലോണിങ് വഴി സൃഷ്ടിച്ച ലോകത്തെ ആദ്യ സസ്തനിയാണ് 'ഡോളി'യെന്ന ചെമ്മരിയാട്. അതിനെ തട്ടിയെടുക്കാന്‍ എത്തിയതാണ് അവര്‍! കഠിനശൈത്യം വകവെയ്ക്കാതെ, അല്‍പ്പവും തിടുക്കം കൂട്ടാതെ മുന്നേറുമ്പോള്‍, എതിരെ രണ്ടുപേര്‍ വരുന്നതു കണ്ട് അവര്‍ നടുങ്ങി. ഭാഗ്യത്തിന് അത് പോലീസ് ആയിരുന്നില്ല, വേട്ടക്കാരായിരുന്നു! ഒരു മണിക്കൂര്‍ കഴിഞ്ഞ് തണുത്തുവിറച്ച് അവര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെത്തുമ്പോള്‍, ഡോളിയെ സൂക്ഷിച്ചിട്ടുണ്ടെന്നു കരുതിയ ഷെഡ്ഡ് പൂട്ടിയിരിക്കുന്നു, മാത്രമല്ല അതില്‍ നിറയെ ആടുകളും! ക്ലോണ്‍ ചെയ്ത ആടിനെ മറ്റുള്ളവയില്‍ നിന്ന് തിരിച്ചറിയുക അസാധ്യം. ആ ദൗത്യത്തില്‍ തങ്ങള്‍ പരാജയപ്പെട്ടു എന്നവര്‍ക്ക് ബോധ്യമായി!

സ്‌കോട്ട്‌ലന്‍ഡില്‍ എഡിന്‍ബറോയിലെ റോസ്‌ലിന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഡോ. ഇയാന്‍ വില്‍മുട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം 1996 ജൂലായിലാണ് ഡോളിയെ ക്ലോണിങിലൂടെ 'സൃഷ്ടിച്ചത്'. 1997 ഫെബ്രുവരി 22-ന് അക്കാര്യം ലോകമറിഞ്ഞു. ലൈനാസും സംഘവും ഡോളിയെ തട്ടിയെടുക്കാന്‍ എഡിന്‍ബറോയിലെത്തിയത് 1998 മധ്യേ. ബ്രിട്ടനില്‍ ബയോടെക്‌നോളജിക്കും ജനിതക വളകള്‍ക്കും എതിരെ നിലകൊള്ളുന്ന പരിസ്ഥിതി ആക്ടിവിസ്റ്റുകളായിരുന്നു ആ ദൗത്യത്തിനെത്തിയ നാലുപേരും. 

 ഡോളിയും ഇയാന്‍ വില്‍മുട്ടും. Pic Credit: The Roslin Institute

ജനിതക പരിഷ്‌ക്കരണം വരുത്തിയ വിളകളെ (ജിഎം വിളകളെ) എതിര്‍ക്കുന്നത് ആക്ടിവിസ്റ്റുകളുടെ പ്രഖ്യാപിത നയമായിരുന്നു. അതിന്റെ പേരില്‍ 'മൊന്‍സാന്റോ' (Monsanto) എന്ന ബഹുരാഷ്ട്ര ഭീമന്‍ ആക്രമിക്കപ്പെടുന്നതും മനസിലാക്കാം. പക്ഷേ, എന്തുകൊണ്ട് ഡോളി? എന്തുകൊണ്ട് റോസിലിന്‍ ഇന്‍സ്റ്റിട്ട്യൂട്ട്? ആ സംഘത്തിലെ പ്രധാനിയായിരുന്ന ലൈനാസ് ആണ്, ഡോളിയെ തട്ടിയെടുക്കാന്‍ തങ്ങള്‍ ശ്രമിച്ച കാര്യം 15 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തിയത്. ലൈനാസ് പറയുന്നത് ഇങ്ങനെ: 'മൊന്‍സാന്റോയ്ക്ക് എതിരെയോ, വിളകളെ ജനിതക എന്‍ജിനിയറിങിന് വിധേയമാക്കുന്നതിന് എതിരെയോ മാത്രമായിരുന്നില്ല ഞങ്ങളുടെ പ്രതിഷേധം. ബയോടെക്‌നോളജി മേഖലയില്‍ ശാസ്ത്രഗവേഷണം വഴിയുണ്ടാകുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും ഞങ്ങള്‍ എതിരായിരുന്നു. പ്രത്യേകിച്ചും, പുനരുത്പാദനം പോലുള്ള ജൈവപ്രക്രിയകളെ ടെക്‌നോളജി ഉപയോഗിച്ച് നിയന്ത്രിക്കുക എന്ന ആശയത്തിന്'.

ഡോളിയെ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു എന്നത് ശരി തന്നെ. എന്നാല്‍, അതുപോലെ പരാജയമടയാന്‍ വിധിക്കപ്പെട്ടതായിരുന്നില്ല ജിഎം വിളകള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍. 1990-കളുടെ മധ്യേ ഗ്രീന്‍പീസ് പോലുള്ള സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനില്‍  ജിഎം വിരുദ്ധപ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോള്‍ ലൈനാസ് അതിന്റെ മുന്നണി പോരാളിയായി. സര്‍ക്കാര്‍ ലാബുകളും മറ്റ് സ്വകാര്യ ഗവേഷണഗ്രൂപ്പുകളും പരീക്ഷണാര്‍ഥം കൃഷിചെയ്യുന്ന ജിഎം ചോളവും മറ്റും രാത്രിയുടെ മറവിലെത്തി വെട്ടിനശിപ്പിക്കുന്ന 'വിധ്വംസക പ്രവര്‍ത്തന'ത്തിന് നേതൃത്വം നല്‍കിയവരില്‍ ലൈനാസുമുണ്ടായിരുന്നു.

ആരോഗ്യമുള്ള ചോളച്ചെടികളെയും മറ്റു വിളകളെയും വെട്ടിനശിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ, അവ ജനിതക വിളകളായിരുന്നു. ലൈനാസിന്റെ മനസില്‍ അവ പ്രകൃതിദത്തമായ സ്വാഭാവിക സസ്യങ്ങള്‍ ആയിരുന്നില്ല, കൃത്രിമമായി സൃഷ്ടിക്കപ്പെട്ടവ. ജീവിക്കുന്ന 'മലിനകാരി'. അതിനാല്‍ അവ ഉന്‍മൂലനം ചെയ്യപ്പെടണം. ചോളച്ചെടികളെ വെട്ടിവീഴ്ത്തുന്നതിന്റെ താളം ആ ചെറുപ്പക്കാരനായ ആക്ടിവിസ്റ്റിന് വലിയ ഉണര്‍വ് നല്‍കി!

ഗ്രീന്‍പീസ് പ്രവര്‍ത്തകനായ ജിം തോമസിന്റെ പക്കല്‍ നിന്നാണ് ജനിതകവിളകള്‍ എത്ര അപകടകാരികളാണെന്നും, മൊന്‍സാന്റോ (Monsanto) എന്ന കമ്പനി അത്തരം വിളകള്‍ സൃഷ്ടിക്കുക വഴി മനുഷ്യകുലത്തിന് എത്ര ഭീഷണി സൃഷ്ടിക്കുന്നു എന്നും ലൈനാസ് മനസിലാക്കുന്നത്. ജിഎം വിരുദ്ധരെ സംബന്ധിച്ചിടത്തോളം ഭീതിജനകമായ പേരായിരുന്നു 'മൊന്‍സാന്റോ' എന്നത്. 'നമ്മുടെ ഭക്ഷണത്തില്‍ വിഷംകലര്‍ത്താന്‍ സാത്താന്‍ സൃഷ്ടിച്ച കമ്പനി' എന്നാണ് ആ പേര് കേള്‍ക്കുമ്പോള്‍ തനിക്ക് തോന്നിയിരുന്നതെന്ന് ലൈനാസ് പറയുന്നു. ജനിതകവിളകളുടെ പേറ്റന്റ് സ്വന്തമാക്കുക വഴി, ആഗോള ഭക്ഷ്യവിതരണത്തില്‍ ആധിപത്യം നേടാനാണ് മൊന്‍സാന്റോ ശ്രമിക്കുന്നതെന്ന് ജിം തോമസ് ബോധവത്ക്കരിച്ചു. 

 ജനിതകവിളകളെ പാടങ്ങളില്‍ നശിപ്പിക്കുന്ന ആക്ടിവിസ്റ്റുകള്‍. Pic Credit: PA
ഗ്രീന്‍പീസിന്റെ ബോധവത്ക്കരണം ലൈനാസിനെ വല്ലാതെ സ്വാധീനിച്ചു. ഓക്‌സ്ഫഡില്‍ തന്റെ താമസസ്ഥലത്തുനിന്ന് 'കോര്‍പ്പറേറ്റ് വാച്ച്' ('Corporate Watch') എന്ന അക്ടിവിസ്റ്റ് പ്രസിദ്ധീകരണം ആ യുവാവ് ആരംഭിച്ചു. ഗ്രീന്‍പീസ് അതിനുള്ള സഹായങ്ങള്‍ ചെയ്തു. ലൈനാസ് താമസിക്കുന്നിടത്തു നിന്ന് 30 കിലോമീറ്റര്‍ അകലെയായിരുന്നു മൊന്‍സാന്റോയുടെ ബ്രിട്ടീഷ് ആസ്ഥാനം. ജനിതക എന്‍ജിനിയറിങ് വഴി 'ദൈവം കളിക്കുന്ന' ആ കോര്‍പ്പറേറ്റ് ഭീമന്റെ ഓഫീസ് ആക്രമിക്കാന്‍ ലൈനാസിന്റെ നേതൃത്വത്തില്‍ ആക്ടിവിസ്റ്റുകള്‍ തീരുമാനിച്ചു. 1997 ഏപ്രില്‍ 21-ന് ആ ആക്ഷന്‍പ്ലാന്‍ നടപ്പിലാക്കി.

പുതിയ നൂറ്റാണ്ട് ആയപ്പോഴേക്കും, ബ്രിട്ടനിലെ ഏതാണ്ടെല്ലാ ജനിതക പരീക്ഷണപദ്ധതികളും പരിസ്ഥിതി പ്രവര്‍ത്തകരുടെ ആക്രമണത്തിനും എതിര്‍പ്പിനും ഇരയായിരുന്നു. ജിഎം ചോളവും ഗോതമ്പും മാത്രമല്ല, എണ്ണക്കുരുക്കളും വൃക്ഷങ്ങളും വരെ കൃഷിയിടങ്ങളില്‍ നശിപ്പിക്കപ്പെട്ടു. ജനിതക പരീക്ഷണപദ്ധതികള്‍ ഒന്നൊന്നായി ഉപേക്ഷിക്കപ്പെട്ടു. ആ രംഗത്തുനിന്ന് പൊതുമേഖലാസ്ഥാപനങ്ങള്‍ മിക്കതും പിന്‍വാങ്ങി. മാധ്യമറിപ്പോര്‍ട്ടുകളും ജിഎം വിളകള്‍ക്കെതിരായിരുന്നു. താന്‍ ജിഎം ഭക്ഷണം കഴിക്കുന്നുണ്ടെന്നും, അത് സുരക്ഷിതമാണെന്നും പറഞ്ഞ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ 'ഡെയിലി മിറര്‍' പത്രം കാര്‍ട്ടൂണിലൂടെ ചിത്രീകരിച്ചത് 'ദി പ്രൈം മോണ്‍സ്റ്റര്‍' ('The Prime Monster') എന്നാണ്!

ബ്രിട്ടനില്‍ മാത്രമല്ല, ജിഎം വിരുദ്ധരെ പേടിച്ച് ലോകത്ത് മിക്കയിടത്തും പൊതുമേഖലാ ലാബുകളും യൂണിവേഴ്‌സിറ്റികളും ജിഎം ഗവേഷണം അവസാനിപ്പിച്ചപ്പോള്‍ മറ്റൊന്നു സംഭവിച്ചു. അത്തരം ഗവേഷണങ്ങളും പരീക്ഷണങ്ങളും മൊന്‍സാന്റോ പോലത്തെ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ മാത്രം കളിക്കളമായി മാറി. എന്നുവെച്ചാല്‍, മൊന്‍സാന്റോയെ എതിര്‍ക്കുക വഴി, ആ എതിര്‍പ്പിന്റെ ഭാഗമായി പൊതുമേഖലയെ ജിഎം രംഗത്തുനിന്ന് പിന്തിരിപ്പിക്കുക വഴി, ജിഎം വിരുദ്ധര്‍ യഥാര്‍ഥത്തില്‍ ചെയ്തത് ബയോടെക്‌നോളജി രംഗം മൊന്‍സാന്റോയ്ക്ക് (കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക്) മാത്രമായി താലത്തില്‍ വെച്ച് സമ്മാനിക്കലായിരുന്നു!

ശാസ്ത്രമോ അന്ധവിശ്വാസമോ!

പുതിയ നൂറ്റാണ്ട് ആകുമ്പോഴേക്കും, ബ്രിട്ടനില്‍ പേരുകേട്ട പരിസ്ഥിതി പ്രവര്‍ത്തകനും ജിഎം വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയുമായി ലൈനാസ് മാറിയിരുന്നു. പക്ഷേ, അപ്പോഴേക്കും താന്‍ ഉള്‍പ്പെട്ട പ്രക്ഷോഭങ്ങളില്‍ ആ ചെറുപ്പക്കാരന് സന്ദേഹം തോന്നിത്തുടങ്ങി. ജനിതകവിളകള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വിചാരിക്കും പോലെ അത്ര നിഷ്‌ക്കളങ്കമാണോ? പരിസ്ഥിതി സംരക്ഷിക്കാന്‍ ഇത്തരം പ്രചാരണം യഥാര്‍ഥത്തില്‍ സഹായിക്കുമോ? 'ദൈവത്തിന്റെ പണി' ഏറ്റെടുക്കാനുള്ള ശ്രമം ശാസ്ത്രജ്ഞര്‍ ഉപേക്ഷിക്കണമെന്ന ചാള്‍സ് രാജകുമാരന്റെ പ്രസിദ്ധമായ പ്രസ്താവന പോലും, തെല്ല് അലോസരത്തോടെയാണ് ലൈനാസ് കേട്ടത്. വിദ്യാലയങ്ങളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് എതിര്‍ക്കാന്‍ സൃഷ്ടിവാദികള്‍ നടത്തുന്ന പ്രചാരണത്തെ അനുസ്മരിപ്പിക്കുന്നതായി തോന്നി അത്!

ആക്ടിവിസ്റ്റ് എന്ന റോളില്‍ നിന്ന് ശാസ്ത്രമെഴുത്തുകാരന്‍ ആകുന്നതോടെയാണ് ലൈനാസിന്റെ വീക്ഷണം മാറാന്‍ തുടങ്ങിയത്. ആഗോളതാപനത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള ശ്രമത്തിലായിരുന്നു ലൈനാസ്. ഡാനിഷ് സ്ഥിതിവിവര ശാസ്ത്രജ്ഞന്‍ ബിജോണ്‍ ലോംബോര്‍ഗ് (Bjorn Lomborg) പ്രസിദ്ധീകരിച്ച 'ദി സ്‌കെപ്റ്റിക്കല്‍ എണ്‍വിരോണ്‍മെന്റലിസ്റ്റ്' (The Skeptical Environmentalist -1998) എന്ന ഗ്രന്ഥം 2001-ല്‍ ഇംഗ്ലീഷിലെത്തി. ആഗോളതാപനം പോലുള്ള സംഗതികള്‍ക്ക് ശാസ്ത്രീയഡേറ്റയുടെ പിന്തുണയില്ലെന്ന് വാദിക്കുന്ന ആ വിവാദഗ്രന്ഥം, ലൈനാസിനെ പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഷൂസിനുള്ളില്‍ പെട്ട ചരല്‍ക്കല്ലു പോലെ അനുഭവപ്പെട്ടു. പുസ്തകരചനയുടെ ഭാഗമായി അലാസ്‌കയില്‍ പോവുകയും, ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ അവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് നേരിട്ടു കാണുകയും ചെയ്ത ലൈനാസ്, ലോംബോര്‍ഗിനെതിരെ 2001 സെപ്റ്റംബര്‍ അഞ്ചിന് പരസ്യമായി പ്രതിഷേധിച്ചു (പിന്നീട് അതിന് മാപ്പുപറഞ്ഞു). ഒറ്റയ്ക്ക് നടത്തിയ ആ പ്രതിഷേധമായിരുന്നു, ആക്ടിവിസ്റ്റ് എന്ന നിലയ്ക്ക് ലൈനാസിന്റെ ആക്ഷന്‍ പരിപാടികളില്‍ ഒടുവിലത്തേത്!

ലോംബോര്‍ഗ് തന്റെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ രണ്ടായിരത്തിലേറെ റഫറന്‍സുകളും അനേകം ടേബിളുകളും ഗ്രാഫുമൊക്കെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ വാദമുഖങ്ങള്‍ 'ശാസ്ത്രത്തിന്റെ ഭാഗത്തു'നിന്ന് പൊളിച്ചടുക്കാന്‍ ലൈനാസ് ഉറച്ചു. അതിനായി ലൈബ്രറിയിലെത്തി പരതുമ്പോള്‍, 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്' (IPCC) പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ട് കൈയില്‍ പെട്ടു. യുണൈറ്റഡ് നേഷന്‍സ് എണ്‍വിരോണ്‍മെന്റ് പ്രോഗ്രാം (UNEP), ലോക കാലാവസ്ഥാ സംഘടന (WMO) എന്നിവ ചേര്‍ന്ന്, യു.എന്‍.പൊതുസഭയുടെ അംഗീകരത്തോടുകൂടി 1988-ല്‍ ആരംഭിച്ചതാണ് ഐ.പി.സി.സി. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രഗത്ഭ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ സംഗതികളില്‍ ശാസ്ത്രമേഖലയിലെ അവസാന വാക്കാണ് ഐ.പി.സി.സി.യുടെ അവലോകന റിപ്പോര്‍ട്ടുകള്‍.

 
 മാര്‍ക്ക് ലൈനാസ്


 അതില്‍ മുങ്ങിത്തപ്പുമ്പോള്‍ ലൈനാസിന് ഒരു തിരിച്ചറിവുണ്ടായി. അധികമാരും ശ്രദ്ധിക്കാത്ത, കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ടുള്ള ബന്ധം ഒറ്റ നോട്ടത്തില്‍ തോന്നുക പോലും ചെയ്യാത്ത, നൂറുകണക്കിന് ആധികാരിക ശാസ്ത്രഗവേഷണ റിപ്പോര്‍ട്ടുകളില്‍ (peer-reviewed articles) നിന്നുള്ള വിവരങ്ങളാണ്, കൃത്യമായ റഫറന്‍സോടുകൂടി അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഐ.പി.സി.സി. അംഗങ്ങള്‍ അവലംബിക്കുന്നത് (ഒരു പഠനമേഖലയിലെ വിദഗ്ധര്‍ തയ്യാറാക്കുകയും, അതേ മേഖലയിലെ മറ്റ് വിദഗ്ധര്‍ പുനരവലോകനം നടത്തി ആധികാരികമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ശേഷം ഗവേഷണജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്നവയാണ് പിയര്‍-റിവ്യൂഡ് റിപ്പോര്‍ട്ടുകള്‍). ഒരു സംഗതി ശാസ്ത്രീയമായി തെളിയിക്കാന്‍ ഇത്തരം ആധികാരിക പഠനങ്ങളുടെ പിന്തുണ വേണം. ആക്ടിവിസ്റ്റില്‍ നിന്ന് ശാസ്ത്രമെഴുത്തുകാരന്‍ എന്ന നിലയിലേക്ക് ആ യുവാവ് മാറുകയായിരുന്നു!

ലൈനാസ് തന്റെ ആദ്യഗ്രന്ഥമായ 'ഹൈ ടൈഡ്' (High Tide: How Climate Crisis is Engulfing Our Planet - 2004) പ്രസിദ്ധീകരിക്കുമ്പോള്‍, അതില്‍ 250-ലേറെ ആധികാരിക പഠനറിപ്പോര്‍ട്ടുകളുടെ റഫറന്‍സ് അഭിമാനപൂര്‍വ്വം നല്‍കി. വെറുമൊരു തിയറി എന്നതിലുപരി, ലോകത്ത് യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നായി ആഗോളതാപനത്തെ തെളിവുകള്‍ നിരത്തി അവതരിപ്പിക്കകായാണ് തന്റെ ഗ്രന്ഥത്തില്‍ ലൈനാസ് ചെയ്തത്. ലൈനാസ് എഴുതിയ രണ്ടാമത്തെ ഗ്രന്ഥം 'സിക്‌സ് ഡിഗ്രീസ്' (Six Degrees: Our Future on a Hotter Planet -2007) പറഞ്ഞത്, ഭൗമതാപനില ഉയരുമ്പോള്‍ ഭൂമിയിലെ കാലാവസ്ഥയ്ക്ക് എങ്ങനെ വ്യതിയാനം സംഭവിക്കും എന്നാണ്. അതുമായി ബന്ധപ്പെട്ട നൂറുകണക്കിന് ആധികാരിക പഠനങ്ങള്‍ ഒരുവര്‍ഷം മുഴുവന്‍ വിശകലനം ചെയ്താണ് തന്റെ നിഗമനങ്ങളില്‍ ഗ്രന്ഥകാരന്‍ എത്തിയത്. അഞ്ഞൂറിലേറെ പിയര്‍-റിവ്യൂഡ് പഠനങ്ങള്‍ റഫറന്‍സായി പുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ബ്രിട്ടനില്‍ ശാസ്ത്രരചനയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ 'റോയല്‍ സൊസൈറ്റി പ്രൈസ്' 2008-ല്‍ ആ ഗ്രന്ഥത്തിന് ലഭിച്ചു.

ബ്രിട്ടനിലെ ഏറ്റവും പെരുമയുള്ള ആ അവാര്‍ഡ് 2008 ജൂണ്‍ 16-ന് ഏറ്റുവാങ്ങി വെറും മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ലൈനസ് ഒരു കാപട്യക്കാരനാണെന്ന് തുറന്നു കാണിക്കപ്പെട്ടു!

സംഭവം ഇങ്ങനെയാണ്. 'ഗാര്‍ഡിയന്‍' പത്രത്തില്‍ നിന്നുള്ള ഫോണ്‍വിളിയോടെ ആയിരുന്നു തുടക്കം. ഏതോ ഒരു മന്ത്രി ജിഎം വിളകളെ പിന്തുണച്ചുകൊണ്ട് പ്രസ്താവനയിറക്കിയിരിക്കുന്നു. മന്ത്രിയുടെ വാദം തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ട് ഒരു ചെറുലേഖനം തയ്യാറാക്കാമോ എന്നായിരുന്നു അന്വേഷണം. ഉടന്‍ നല്‍കാമെന്ന് ലൈനാസ് മറുപടി നല്‍കി. ജിഎം വിളകളെ സംബന്ധിച്ച കാര്യങ്ങള്‍ മുഴുക്കെ തനിക്ക് അറിയാമല്ലോ. കൂടുതലൊന്നും ആലോചിക്കാതെ സ്ഥിരം വാദങ്ങള്‍ നിരത്തി ലേഖനം പെട്ടന്ന് കൊടുത്തു. ഗാര്‍ഡിയന്റെ വെബ്ബ്‌സൈറ്റില്‍ അന്നുതന്നെ അത് പ്രസിദ്ധീകരിച്ചു.

രാത്രിയില്‍ ലേഖനത്തിന് കീഴെ വന്ന വായനക്കാരുടെ കമന്റുകള്‍ നോക്കിയ ലൈനാസ് അമ്പരന്നു. 'യാതൊരു വിധത്തിലുമുള്ള ശാസ്ത്രജ്ഞാനവും ഇല്ലാതെ എഴുതപ്പെട്ടത്',  'ഇത് ഗ്രീന്‍പാര്‍ട്ടിയുടെ വെറും പ്രചാരണ സാഹിത്യം', ജിഎം വിളകള്‍ക്കെതിരെയുള്ള അക്രമം 'സൃഷ്ടിവാദത്തിന്റെ യൂറോപ്യന്‍ വകഭേദമാണ്' എന്നിങ്ങനെ ആയിരുന്നു കമന്റുകള്‍!

അക്കൂട്ടത്തില്‍ 'ഫോസില്‍' എന്ന പേരില്‍ ഒരാള്‍ ഇട്ട കമന്റ് വളരെ നിശിതമായിരുന്നു. 'ലൈനാസ്, ചിന്താശൂന്യത കൊണ്ടോ അല്ലാതെയോ, ജിഎം ടെക്‌നോളജിയെപ്പറ്റി ജനങ്ങളില്‍ മനപ്പൂര്‍വ്വം ഭീതിപരത്തുകയാണ്. ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ പരിഹസിക്കുന്ന സ്ഥിതിയിലേക്ക് യൂറോപ്പിലെ ജിഎം വിരുദ്ധപ്രസ്ഥാനം എത്തിച്ചേര്‍ന്നത് ഇങ്ങനെയാണ്. ഒരു ജീന്‍ (ജീനില്‍ കോഡു ചെയ്യപ്പെട്ട പ്രോട്ടീനും) എങ്ങനെയാണോ, അതങ്ങനെ തന്നെ പ്രവര്‍ത്തിക്കും എന്ന് അംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നു. തുടക്കത്തില്‍ അതൊരു വൈറസിലേതാണ് എന്നതും, പിന്നീടത് ഉരുളക്കിഴങ്ങിന്റെ ജീനോമില്‍ അവതരിപ്പിച്ചു എന്നതു കൊണ്ടും ആ ജീനിന് എന്തെങ്കിലും പൈശാചിക പരിവേഷമൊന്നും കിട്ടുന്നില്ല. ആകെ ഇതില്‍ പ്രസക്തമാകുന്നത് ഉരുളക്കിഴങ്ങിന്റെ ബയോകെമിസ്ട്രിയില്‍ എന്തു മാറ്റം വന്നു എന്നത് മാത്രമാണ്. അത് മിക്കവാറും ഹിതകരമായ (യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയാണ്) മാറ്റമാകും. മറ്റൊരു തരത്തില്‍ ഇത് വിലയിരുത്തുന്നത് വിലകുറഞ്ഞ മിസ്റ്റിസിസമോ അല്ലെങ്കില്‍ അന്ധവിശ്വാസമോ ആണ്'. ഇതാണ് ആ കമന്റിന്റെ ഏകദേശ പരിഭാഷ.

'ഫോസിലി'ന്റെ വാദത്തില്‍ കഴമ്പില്ലെന്ന് ആദ്യ വായനയില്‍ തോന്നി. കാരണം ജനിതക വിളകള്‍ക്കെതിരെയുള്ള വസ്തുതകള്‍ തനിക്ക് വ്യക്തമായി അറിവുള്ളതാണ്. ജിഎം വിളകള്‍ 'ജനിതക മലിനീകരണം' നടത്തും എന്നതില്‍ ലവലേശവും സംശയമില്ല! ഏന്തായാലും ശരി 'ഫോസിലി'നെ ഖണ്ഡിക്കാന്‍ ലൈനസ് തീരുമാനിച്ചു. അതിനുള്ള വിദ്യ തനിക്കറിയാം, ബിജോണ്‍ ലോംബോര്‍ഗിനെതിരെ പ്രയോഗിച്ച ആയുധം തന്നെ-ആധികാരിക ശാസ്ത്രപഠനങ്ങള്‍! അതിനായി പെട്ടന്നൊരു റിസര്‍ച്ച് നടത്താമെന്ന് തീരുമാനിച്ചു. അത്തരമൊരു സംഗതി മുമ്പുതന്നെ നടത്താത്തതില്‍ ചെറിയ കുറ്റബോധവും തോന്നി.

ജിഎം വിളകളുടെ ദോഷഫലങ്ങളെപ്പറ്റിയുള്ള ആധികാരിക പഠനറിപ്പോര്‍ട്ടുകള്‍ തേടി ലൈബ്രറിയിലെത്തി തിരച്ചില്‍ തുടങ്ങി. തിരച്ചില്‍ പുരോഗമിക്കുന്നതോടെ അമ്പരപ്പായി. ജനിതകവിളകള്‍ സ്വാഭാവിക വിളകളെയും ജൈവലോകത്തെയും മലിനീകരിക്കുന്നു എന്നതിന് അസംഖ്യം ഉദാഹരണങ്ങളുണ്ടെന്ന തന്റെ വാദത്തെ പിന്തുണയ്ക്കുന്ന ഒരു ആധികാരിക പഠനവും ഇല്ല! പരിസ്ഥിതി സംഘടനകളായ ഗ്രീന്‍പീസിന്റെയും, ഫ്രണ്ട്‌സ് ഓഫ് എര്‍ത്തിന്റെയുമൊക്കെ വെബ്ബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുള്ള അത്തരം വിവരങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്ന ആധികാരിക പഠനങ്ങളൊന്നും കണ്ടെത്താനാകുന്നില്ല! ഏതാണ്ട് ഒരു ഡസനോളം പഠനറിപ്പോര്‍ട്ടുകള്‍ ജിഎം മേഖലയെപ്പറ്റി ഉണ്ട്. പക്ഷേ, അവയെല്ലാം ജിഎം വിളകളും ജിഎം ഭക്ഷ്യവസ്തുക്കളും പ്രചരിപ്പിക്കപ്പെടും പോലെ അപകടകാരികളല്ല എന്ന് സ്ഥാപിക്കുന്നവയാണ്.

മുന്‍നിര ശാസ്ത്രസ്ഥാപനങ്ങളായ റോയല്‍ സൊസൈറ്റി, യു.എസ്.നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് (NAS) തുടങ്ങിയവ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള നിലപാട് എന്താണെന്നു പരിശോധിക്കാന്‍ ലൈനാസ് തീരുമാനിച്ചു. ആ പരിശോധന അമ്പരപ്പ് വര്‍ധിപ്പിച്ചു. ജിഎം ഫുഡ് അപകടകരമാണെന്ന വിധത്തില്‍ അവയും നിലപാടെടുത്തിട്ടില്ല. പകരം, മറ്റ് സ്വാഭാവിക ഭക്ഷ്യവസ്തുക്കളെപ്പോലെ സുരക്ഷിതമാണ് ജിഎം ഭക്ഷ്യവസ്തുക്കളും എന്നതാണ് ശാസ്ത്രസമൂഹത്തിന്റെ പൊതുവായ നിലപാട്!

പൊള്ളുന്ന കസേര

പ്രതീക്ഷിച്ചതു പോലെയല്ല കാര്യങ്ങളുടെ കിടപ്പെന്ന് മനസിലായതോടെ താനിരിക്കുന്ന കസേര പൊള്ളുന്നതുപോലെ ആ യുവ എഴുത്തുകാരന് അനുഭവപ്പെട്ടു. ഗ്രീന്‍പീസ് മാത്രമല്ല, മിക്കവാറും എല്ലാ പരിസ്ഥിതി സംഘടനകളും, പുരോഗമന സമൂഹം പൊതുവെയും, ജനിതകവിളകളും ജിഎം ഭക്ഷ്യവസ്തുക്കളും അപകടകരമാണെന്ന് പറയുമ്പോള്‍, ശാസ്ത്രസമൂഹം ആ വാദത്തെ പിന്തുണയ്ക്കുന്നില്ല! വല്ലാത്തൊരു വെളിപാടായിരുന്നു അത്.

ഇത്രകാലവും ഒപ്പംനിന്ന സുഹൃത്തുക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ഒരു വശത്ത്, ശാസ്ത്രനിഗമനം മറുവശത്ത്. താന്‍ എന്തു നിലപാട് സ്വീകരിക്കണം? ആഗോളതാപനത്തിന്റെ കാര്യത്തില്‍ കര്‍ക്കശമായ വിധത്തില്‍ ശാസ്ത്രത്തിനൊപ്പം നില്‍ക്കുക, ജിഎം ടെക്‌നോളജിയുടെ കാര്യത്തില്‍ ശാസ്ത്രത്തിന് പുറംതിരിഞ്ഞു നില്‍ക്കുക. ഇതല്ലേ ആത്മവഞ്ചന! താന്‍ രണ്ടു വള്ളത്തിലാണ് ഒരേസമയം കാലുകുത്തിയിരിക്കുന്നതെന്ന തിരിച്ചറിവ് ലൈനാസിനെ വല്ലാതെ ഉലച്ചു. ആശയക്കുഴപ്പത്തിന്റെയും ധര്‍മസങ്കടത്തിന്റെയും ദിനങ്ങള്‍. 'സുഹൃത്തുക്കളെ വഞ്ചിക്കണോ, മനസാക്ഷിയെ വഞ്ചിക്കണോ?' ഇതായി പ്രശ്‌നം!

ആഗോളതാപനത്തെ കുറിച്ച് 'ന്യൂ സ്റ്റേറ്റ്‌സ്മാന്‍' മാഗസിനില്‍ 2005-ല്‍ എഴുതുമ്പോള്‍, വൈദ്യുതിഉത്പാദനത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ എന്തുകൊണ്ട് ആണവനിലയങ്ങള്‍ പരിഗണിച്ചു കൂടാ, എന്നൊരു ചോദ്യം താന്‍ ഉന്നയിച്ചപ്പോഴുണ്ടായ ഭൂകമ്പം ലൈനാസ് ഓര്‍ത്തു. കാപട്യക്കാരനെന്നും, ആണവലോബിയില്‍ നിന്ന് പണം പറ്റുന്നവന്‍ എന്നുമൊക്കെ ആരോപിക്കപ്പെട്ടു. കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞതു പോലെയായി കാര്യങ്ങള്‍. സുഹൃത്തുക്കളും വായനക്കാരും വിമര്‍ശനങ്ങളുടെ പ്രളയം തന്നെ സൃഷ്ടിച്ചു. അത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കാന്‍, ജിഎം വിളകളെക്കുറിച്ചുള്ള സംഗതികള്‍ തല്‍ക്കാലം മനസിലൊതുക്കി. 


 സ്റ്റിവാര്‍ട്ട് ബ്രാന്‍ഡ്. Pic Crdit: Wikimedia Commons.
അമേരിക്കന്‍ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ ആചാര്യന്‍മാരില്‍ ഒരാളായ സ്റ്റിവാര്‍ട്ട് ബ്രാന്‍ഡ് (Stewart Brand) രചിച്ച 'ഹോള്‍ എര്‍ത്ത് ഡിസിപ്ലിന്‍' (Whole Earth Discipline - 2010) എന്ന ഗ്രന്ഥം ലൈനാസിന്റെ പക്കല്‍ നിരൂപണത്തിനെത്തുന്നത് പിന്നീടാണ്. 1960-കളില്‍ ഓരോ ഹിപ്പിയും വായിച്ചിരിക്കേണ്ടതെന്ന് കരുതിയ 'ഹോള്‍ എര്‍ത്ത് കാറ്റലോഗി'ന്റെ (Whole Earth Catalog) സൃഷ്ടാവായിരുന്നു ബ്രാന്‍ഡ്. 'അക്കാലത്തെ ഞങ്ങളുടെ ഗൂഗിള്‍' എന്നാണ് ആ കാറ്റലോഗിനെ സാക്ഷാല്‍ സ്റ്റീവ് ജോബ്‌സ് പില്‍ക്കാലത്ത് വിശേഷിപ്പിച്ചത്. അത്രയ്ക്ക് സ്വാധീനം ചെലുത്തിയ ബ്രാന്‍ഡ്, തന്റെ പുസ്തകത്തില്‍, 'പോയ കാലത്ത് പരിസ്ഥിതിവാദികള്‍ പല തെറ്റുകളും വരുത്തിയിട്ടുണ്ട്. അതില്‍ പ്രധാനം ജനിതക എന്‍ജീനിയറിങിനോട് കാട്ടിയ എതിര്‍പ്പാണ്' എന്നെഴുതിയത് വായിച്ച് ലൈനാസ് അത്ഭുതപ്പെട്ടു. ജീവിതകാലം മുഴുവന്‍ പരിസ്ഥിതിവാദിയായിരുന്ന ഒരു ആചാര്യന്‍ ഇങ്ങനെ എഴുതിയത് ലൈനാസിന് വലിയ ആത്മധൈര്യം നല്‍കി.

പുതിയ തിരിച്ചറിവുകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ അടുത്ത പുസ്തകം രചിക്കാനുള്ള ശ്രമം ലൈനാസ് ആരംഭിച്ചു. 'ദി ഗോഡ് സ്പീഷീസ്' (The God Species: How the Planet Can Survive the Age of Humans - 2011) ആയിരുന്നു ആ ഗ്രന്ഥം. വിവിധങ്ങളായ ഭൗമസംവിധാനങ്ങള്‍ മനുഷ്യ നിയന്ത്രണത്തിലാകുന്ന യുഗത്തിലേക്ക് ഭൂമി പ്രവേശിച്ചിരിക്കുകയാണെന്നും, ആ അധികാരം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കേണ്ടത് മനുഷ്യരാണെന്നും വാദിക്കുന്ന ഗ്രന്ഥമായിരുന്നു അത്.

ജിഎം ടെക്‌നോളജിയെ ശാസ്ത്രലോകം കാണുന്നത് എങ്ങനെ എന്നു മനസിലാക്കാനുള്ള ശ്രമം ലൈനാസ് തുടര്‍ന്നു. ജനിതക എന്‍ജിനീയറിങിന്റെ ഗുണഫലങ്ങളിലാണ് ശാസ്ത്രലോകത്തിന്റെ ഊന്നല്‍. മുമ്പത്തെ തന്റെ ധാരണയില്‍ നിന്ന് വിരുദ്ധമായി, ജിഎം വിളകള്‍ കൃഷിചെയ്യുമ്പോള്‍ രാസവളം, കീടനാശിനി, കളനാശിനി തുടങ്ങിയവയുടെ ഉപയോഗം കുറയുകയാണ് ചെയ്യുക. അത് കാര്‍ഷിക മേഖലയിലെ മലിനീകരണം കാര്യമായി കുറയ്ക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ശാസ്ത്രസംഘടനയാണ് 'അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ്' (AAAS). 1848-ല്‍ സ്ഥാപിതമായ അസോസിയേഷനില്‍ നിലവില്‍ 120,000-ലേറെ അംഗങ്ങളുണ്ട്. പ്രധാന ശാസ്ത്രവിഷയങ്ങളില്‍ അസോസിയേഷന്‍ എടുക്കുന്ന നിലപാടുകള്‍ ശാസ്ത്രസമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് 2006-ല്‍ പുറത്തിറക്കിയ പ്രസ്താവന ഉദാഹരണം. 'ശാസ്ത്രീയ തെളിവുകള്‍ വ്യക്തമാണ്: മനുഷ്യന്റെ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിനാകെ ഇത് വര്‍ധിച്ചുവരുന്ന ഭീഷണിയാണ്'-ഇതായിരുന്നു പ്രസ്താവന. ഒരു ആശയക്കുഴപ്പവുമില്ല. നിലപാട് വ്യക്തമാണ്, ശക്തവുമാണ്. ഇതിന് സമാനമായി 2012 ഒക്ടോബറില്‍ AAAS നേതൃത്വം ശക്തമായ മറ്റൊരു പ്രസ്താവന പുറപ്പെടുവിച്ചു. ഇത്തവണത്തെ വിഷയം ജിഎം വിളകളുടെ സുരക്ഷയായിരുന്നു. 'ശാസ്ത്രീയ തെളിവുകള്‍ വ്യക്തമാണ്: ബയോടെക്‌നോളജിയുടെ ഭാഗമായി ആധുനിക മോളിക്യുലാര്‍ വിദ്യകളുപയോഗിച്ചുള്ള വിളകളുടെ മെച്ചപ്പെടുത്തല്‍ സുരക്ഷിതമാണ്!' മറ്റ് വിദഗ്ധ സംഘടനകളും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യത്തിലാണെന്ന് AAAS ചൂണ്ടിക്കാട്ടി.

കാര്യങ്ങള്‍ ലൈനാസിന് പകല്‍ പോലെ വ്യക്തമായി. ജിഎം വിളകളുടെ കാര്യത്തിലെ ശാസ്ത്രീയ അഭിപ്രായഐക്യം തനിക്ക് നിഷേധിക്കാനാവില്ല. കാലവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ ശാസ്ത്രലോകം പറയുന്നത് മുഖവിലയ്‌ക്കെടുക്കുകയും, ജനിതക എന്‍ജിനിയറിങ്ങിന്റെ കാര്യത്തില്‍ അത് നിഷേധിക്കുകയും ചെയ്യുക എന്നത് പറ്റില്ല! തന്റെ മനസാക്ഷിയെ ഇനി വഞ്ചിക്കാനാവില്ല. പൊള്ളുന്ന കസേരയില്‍ നിന്ന് ഇരിപ്പു മാറ്റിയേ തീരൂ!

2013 ജനുവരി മൂന്നിന് നടന്ന ഓക്‌സ്ഫഡ് ഫാമിങ് കോണ്‍ഫറന്‍സില്‍ ലൈനാസും പ്രാസംഗികനായിരുന്നു. നൂറുകണക്കിന് ബ്രിട്ടീഷ് കര്‍ഷകരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അണിനിരന്ന ആ വേദിയില്‍ താന്‍ തയ്യാറാക്കിയ 5000 വാക്കുകളുള്ള മാപ്പപേക്ഷ ലൈനാസ് വായിച്ചു. '1990-കളുടെ മധ്യേ ജിഎം വിരുദ്ധ പ്രസ്ഥാനം ആരംഭിക്കാന്‍ സഹായിച്ചതിലും, പരിസ്ഥിതിക്ക് ഗുണം ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സാങ്കേതിക സാധ്യത തടസ്സപ്പെടുത്താന്‍ കൂട്ടുനിന്നതിലും ഞാന്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. ഒരു പരിസ്ഥിതി വാദി എന്ന നിലയ്ക്കും, ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ലോകത്തെ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയ്ക്കും, വിപരീതഫലം ഉളവാക്കുന്ന അത്തരമൊരു പാത ഞാന്‍ തിരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു. ഞാനതിലിപ്പോള്‍ പൂര്‍ണമായും ഖേദിക്കുന്നു', കര്‍ഷകരുടെ ആ സദസ്സിനോട് ലൈനാസ് പറഞ്ഞു. എന്തുകൊണ്ട് ഇപ്പോള്‍ ഇത്തരമൊരു നിലപാടിലേക്ക് താന്‍ എത്തി എന്നകാര്യം വിശദീകരിക്കാനും അദ്ദേഹം ശ്രമിച്ചു. 'അത് പ്രകടമായും ഒരു ശാസ്ത്രവിരുദ്ധ പ്രസ്ഥാനമായിരുന്നു. ശാസ്ത്രജ്ഞരും ലാബുകളും ജീവന്റെ അടിസ്ഥാന നിര്‍മാണഘടകങ്ങളെ പൈശാചികമായി വാര്‍ത്തെടുക്കുന്നതായി ഞങ്ങള്‍ സങ്കല്‍പ്പിച്ചു. അങ്ങനെയാണ് 'ഫ്രാങ്കെന്‍സ്റ്റീന്‍ ഫുഡ്' എന്ന ടാഗ് സൃഷ്ടിക്കപ്പെടുന്നത്. പ്രകൃതിദത്തമല്ലാത്ത സംഗതികള്‍ക്ക് ശാസ്ത്രത്തിന്റെ ശക്തി ഉപയോഗിക്കപ്പെടുമെന്ന അഗാധമായ ഭയം ആണ് ഇതിലേക്ക് ഞങ്ങളെ നയിച്ചത്. അന്നു പക്ഷേ, ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നില്ല, ഫ്രാങ്കെന്‍സ്റ്റീന്‍ ഭീകരജീവി യഥാര്‍ത്തില്‍ ജിഎം ടെക്‌നോളജിയല്ല, പകരം അതിനോടുള്ള ഞങ്ങളുടെ പ്രതികരണമായിരുന്നു എന്ന്!'

പ്രസംഗം പൂര്‍ത്തിയാക്കി തന്റെ ഇരിപ്പിടത്തില്‍ തിരികെ എത്തിയ ലൈനാസ്, ലാപ്‌ടോപ്പില്‍ നിന്ന് ആ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം തന്റെ ബ്ലോഗില്‍ അപ് ചെയ്തു. വല്ലാത്ത ഒരു ആശ്വാസമാണ് താന്‍ അനുഭവിച്ചതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. വൈകുന്നേരമാകുമ്പോഴേക്കും പ്രഭാഷണം വൈറലായി. ട്രാഫിക് താങ്ങാനാകാതെ സെര്‍വര്‍ ഡൗണ്‍ ആയി. പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ലൈനാസിന്റെ മാപ്പുപറച്ചില്‍ വാര്‍ത്തയാക്കി. വായനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവരുടെ മാതൃഭാഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യാന്‍ അനുവാദം ചോദിച്ചു. എത്രയോ ഭാഷകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലൈനാസിന്റെ പ്രഭാഷണം എത്തി!

ശാസ്ത്രത്തിന്റെ വിത്തുകള്‍

ബ്രിട്ടനിലെ കര്‍ഷകരോട് മാപ്പുചോദിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ പക്ഷത്തേക്ക് കൂറുമാറിയ ലൈനാസ്,  ജിഎം ടെക്‌നോളജിക്ക് ലോകത്ത് സംഭവിക്കുന്നത് എന്താണെന്ന് പഠിക്കാനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ വിനിയോഗിച്ചത്. 'ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍' അനുവദിച്ച ഫണ്ടുപയോഗിച്ച് യു.എസിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച 'അലിയന്‍സ് ഫോര്‍ സയന്‍സ്' (Alliance for Science) എന്ന കൂട്ടായ്മയാണ് 2017 വരെ ആഫ്രിക്കയിലും ഏഷ്യയിലും മറ്റിടങ്ങളിലും യാത്രചെയ്ത് പഠനം നടത്താന്‍ ലൈനാസിനെ പിന്തുണച്ചത്.

'ദീര്‍ഘകാലമായി ദുഷ്‌പ്പേരുള്ള മൊന്‍സാന്റോ എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര ഭീമന്‍, നമ്മളോട് പറയാതെ നമ്മുടെ ഭക്ഷണത്തില്‍ പുതിയ എന്തോ ഒന്ന് പരീക്ഷണാര്‍ഥം ചേര്‍ത്തിരിക്കുന്നു. വ്യത്യസ്ത സ്പീഷീസുകളുടെ ജീനുകള്‍ കൂട്ടിക്കലര്‍ത്തുമ്പോള്‍, അത് നിങ്ങള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ പ്രകൃതിവിരുദ്ധ സംഗതിയാകുന്നു. ഈ ജീനുകള്‍ മലിനീകരണത്തിന്റെ ജീവരൂപം പോലെ പടരും. പേടിസ്വപ്‌നത്തിനുള്ള വകയാണത്. ഇത്തരം ഭയം കാട്ടുതീ പോലെ പടര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം ജനിതകവിളകള്‍ യൂറോപ്പില്‍ നിരോധിക്കപ്പെട്ടു', 2013-ല്‍ കര്‍ഷകരോട് മാപ്പു പറഞ്ഞ വേളയില്‍ ജിഎം ടെക്‌നോളജിയെപ്പറ്റി താനുള്‍പ്പെട്ട ആക്ടിവിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് എന്താണെന്ന് ലൈനാസ് ചൂണ്ടിക്കാട്ടി. 'നമ്മുടെ ഭയാശങ്കകള്‍ ഗ്രീന്‍പീസും ഫ്രണ്ട്‌സ് ഓഫ് ദി എത്തും പോലുള്ള എന്‍ജിഒ-കള്‍ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ മേഖലകളിലേക്കും കയറ്റുമതി ചെയ്തു. അവിടെയെല്ലാം ജിഎം ടെക്‌നോളജി നിരോധിക്കപ്പെട്ടിരിക്കുകയാണ്', ലൈനാസ് ആ പ്രഭാഷണത്തില്‍ പറഞ്ഞു.

ഭയം മാത്രമല്ല, വിവിധ ഗവണ്‍മെന്റിതര സംഘടനകള്‍ക്ക് (എന്‍ ജി ഒ കള്‍ക്ക്) ആഫ്രിക്കയിലും ഏഷ്യയിലും ജിഎം വിരുദ്ധത പ്രചരിപ്പിക്കാനുള്ള ഫണ്ടും വലിയ തോതില്‍ യൂറോപ്പില്‍ നിന്നെത്തി. അങ്ങനെ, യൂറോപ്പിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ചെലവില്‍, ജിഎം വിരുദ്ധത എല്ലാ യുക്തിക്കും അപ്പുറം പ്രചരിപ്പിക്കുന്നത്, ലൈനാസ് അമ്പരപ്പോടെ കണ്ടു. ആഫ്രിക്കയില്‍ നിന്നുള്ള ജിഎം വിരുദ്ധ പ്രചാരണങ്ങളുടെ ചില സാമ്പിളുകള്‍ നോക്കുക: 'ബിറ്റി വഴുതന കഴിച്ചാല്‍ കര്‍ഷകരുടെ കുട്ടികള്‍ ശരീരം തളര്‍ന്ന് കിടപ്പിലാകും', 'ജനിതക പരിഷ്‌ക്കരണം വരുത്തിയ ചോളം കഴിച്ചാല്‍ നിങ്ങളുടെ കുട്ടികള്‍ നോര്‍മലാകില്ല. സ്വവര്‍ഗ്ഗരതിക്കാരാവും', 'നീളം കൂടിയ വാഴയ്ക്ക സൃഷ്ടിക്കാന്‍, ശാസ്ത്രജ്ഞര്‍ വാഴയില്‍ സര്‍പ്പത്തിന്റെ ജീന്‍ കടത്തിവിടുന്നു. പാമ്പിനെപ്പോലെ നീളമുള്ള വഴയ്ക്ക ആയിരിക്കും കിട്ടുക!' തങ്ങളുടെ പക്ഷം ജയിക്കാന്‍ മതവികാരം ഇളക്കാന്‍ പോലും ജിഎം വിരുദ്ധര്‍ മടിക്കുന്നില്ല. ഉദാഹരണത്തിന്, ഉഗാണ്ടയില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ അവര്‍ പ്രചരിപ്പിക്കുന്നത്, 'പന്നിയുടെ ജീനാണ് ജനിതകചോളം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നത്' എന്നാണ്. ഉഗാണ്ടയിലും മറ്റും സാധാരണക്കാര്‍ക്ക് അപ്രാപ്യമായ കമ്പ്യൂട്ടര്‍ വിദ്യകളുപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജഫോട്ടോകളും ജനിതക വിളകളെപ്പറ്റി ഭീതിപരത്താന്‍ ജിഎം വിരുദ്ധര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ജനിതക ചോളം കുട്ടികള്‍ കഴിച്ചാല്‍ അവരുടെ തല ചോളത്തിന്റെ ആകൃതിയാകുമെന്നാണ് മറ്റൊരു പ്രചാരണം!

ജനങ്ങളില്‍ വലിയൊരു വിഭാഗവും മാധ്യമങ്ങള്‍ പൊതുവെയും ജിഎം വിരുദ്ധത പങ്കുവെയ്ക്കുന്നുവെന്ന് കണ്ടതോടെ രാഷ്ട്രീയകക്ഷികളും അതില്‍ പങ്കുചേര്‍ന്നു. മിക്ക രാജ്യങ്ങളിലും ജനിതക ശാസ്ത്രജ്ഞര്‍ ജിഎം ഗവേഷണം നടത്തുന്നതിനു പോലും സര്‍ക്കാര്‍ വിലക്കാണ്. കര്‍ഷകര്‍ക്കും മറ്റ് സാധാരണ ജനങ്ങള്‍ക്കും വലിയ തോതില്‍ ഗുണം ചെയ്യേണ്ടിയിരുന്ന ഒരു ടെക്‌നോളജിയെ ഇന്നത്തെ നിലയ്‌ക്കെത്തിച്ചതില്‍ രാഷ്ട്രീയത്തിനും പങ്കുണ്ടെന്ന് ലൈനാസ് എഴുതുന്നു. 

'സീഡ്‌സ് ഓഫ് സയന്‍സ്'

മാനസാന്തരത്തിന് ശേഷം ജിഎം മേഖലയെക്കുറിച്ച് താന്‍ കണ്ടതും മനസിലാക്കിയതുമായ സംഗതികള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ലൈനാസ് പുറത്തിറക്കി. 'സീഡ്‌സ് ഓഫ് സയന്‍സ്' (Seeds of Science: Why we got it so wrong on GMOs -2018) എന്ന പേരില്‍. വളരെ വായനാക്ഷമതയോടെ, അതേസമയം ആധികാരികതയോടെ രചിക്കപ്പെട്ട ഈ പുസ്തകം, ജിഎം വിദ്യകളെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെ വായിച്ചിരിക്കേണ്ട ഒന്നാണ്. തൊണ്ണൂറുകളുടെ പകുതിയില്‍ താന്‍ ജിഎം വിരുദ്ധനായിരുന്ന കാലത്തെ 'ആക്ഷനുകള്‍' വിവരിച്ചുകൊണ്ടാണ് ഗ്രന്ഥം തുടങ്ങുന്നത് (അക്കൂട്ടത്തിലാണ് ഡോളിയെന്ന ചെമ്മരിയാടിനെ തട്ടിയെടുക്കാനുള്ള ശ്രമവും നടന്നത്). തന്റെ ആക്ഷനും മാനസാന്തരവും മാത്രമല്ല ഈ ഗ്രന്ഥത്തില്‍ ലൈനാസ് വിവരിക്കുന്നത്. ജനിതക എന്‍ജിനീയറിങിന്റെ ചരിത്രം, വെറുക്കപ്പെട്ട കമ്പനിയായ മൊന്‍സാന്റൊയുടെ നാള്‍വഴികള്‍, ജിഎം വിരുദ്ധ പ്രസ്ഥാനങ്ങളുടെ തുടക്കവും വളര്‍ച്ചയും, ജിഎം ഭക്ഷ്യവസ്തുക്കളെ വലിയൊരു വിഭാഗം ജനങ്ങള്‍ വെറുപ്പോടെയും ഭയത്തോടെയും കാണുന്നതിന്റെ സാമൂഹിക മനശാസ്ത്രം....തുടങ്ങിയ കാര്യങ്ങളെല്ലാം സമഗ്രമായി ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു.

തുടക്കം മണ്ണില്‍ നിന്ന്

ജനിതകപരിഷ്‌ക്കരണത്തിന്റെ ചരിത്രം തേടി പോയാല്‍ നമ്മളെത്തുക പതിനായിരം വര്‍ഷം പിന്നിലേക്കാവും. വിളകളെയും വളര്‍ത്തുമൃഗങ്ങളെയും മെരുക്കി മനുഷ്യന്‍ കാര്‍ഷികവൃത്തി തുടങ്ങിയിടത്താണ് കഥയുടെ തുടക്കം. കാര്‍ഷികവിളകളും വളര്‍ത്തുമൃഗങ്ങളും, പ്രകൃതിയില്‍ കാണപ്പെടുന്ന അവയുടെ വന്യബന്ധുക്കളെക്കാള്‍ മികച്ചതായി മാറിയത് പ്രാചീനകര്‍ഷകര്‍ അവയ്ക്കുമേല്‍ നടത്തിയ ജനിതകപരിഷ്‌ക്കരണം വഴിയാണ്. 

ഗ്രിഗര്‍ മെന്‍ഡല്‍

അതേസമയം, ആധുനിക ജനിതകശാസ്ത്രത്തിന്റെ തുടക്കം, നിലവില്‍ ചെക് റിപ്പബ്ലിക്കില്‍പെട്ട ബെര്‍ണോയിലെ ഒരു സന്യാസിമഠത്തിന്റെ കൃഷിയിടത്തില്‍ നിന്നാണ്; വൈദികനായ ഗ്രിഗര്‍ മെന്‍ഡല്‍ 1850-കളില്‍ പയര്‍ചെടികളില്‍ ആരംഭിച്ച പരീക്ഷണത്തില്‍ നിന്ന്. പാരമ്പര്യത്തിന്റെ ഘടകങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമമാണ് മെന്‍ഡല്‍ നടത്തിയത്. അദ്ദേഹം തിരിച്ചറിഞ്ഞ ജനിതകനിയമങ്ങളുടെ സഹായത്തോടെ ബ്രിട്ടീഷ് ഗവേഷകന്‍ റോളന്‍ഡ് ബിഫിന്‍, 1905-ല്‍ വലിയൊരു മുന്നേറ്റം നടത്തി. ഒരിനം ഫംഗസ് രോഗത്തെ (yellow rust) ചെറുക്കാന്‍ ശേഷിയുള്ള സങ്കരയിനം ഗോതമ്പ് രൂപപ്പെടുത്തി. വിളപരിഷ്‌ക്കരണ രംഗത്ത് നാഴികക്കല്ലായി മാറി ആ മുന്നേറ്റം. അരനൂറ്റാണ്ടിന് ശേഷം മെക്‌സിക്കോയില്‍ അമേരിക്കന്‍ കാര്‍ഷികശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബൊര്‍ലോഗ് അത്യുത്പാദന ശേഷിയുള്ള കുള്ളന്‍ ഗോതമ്പിനങ്ങള്‍ സൃഷ്ടിക്കാന്‍ അവലംബിച്ചതും ജനിതകപരിഷ്‌ക്കരണം തന്നെയാണ്. ഹരിതവിപ്ലവത്തിന്റെ പിതാവായ ബൊര്‍ലോഗ്, ജപ്പാനില്‍ നിന്നുള്ള പൊക്കംകുറഞ്ഞ ഗോതമ്പിന്റെ ജീനുകളുടെ സഹായത്തോടെയാണ് അത്യുത്പാദന ശേഷിയുള്ള പുതിയ സങ്കരയിനം ഗോതമ്പ് സൃഷ്ടിച്ചത്.

ജനിതകപരിഷ്‌ക്കരണം എന്നു കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നവര്‍ ഓര്‍ക്കേണ്ട വസ്തുതയാണ് മുകളില്‍ സൂചിപ്പിച്ചത്. ജനിതകപരിഷ്‌ക്കരണം നടത്തിയ ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ് ലോകമെങ്ങുമുള്ള ഭക്ഷണമേശമേല്‍ നിരക്കുന്നത്. അല്ലാതെ, പ്രകൃതിയില്‍ സ്വയമേവയുള്ള ഗോതമ്പും ചോളവും അരിയുമൊക്കെയേ താന്‍ കഴിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ ശരിക്കും കുടങ്ങിപ്പോകും, ഉറപ്പ്!

വിളപരിഷ്‌ക്കരണം എന്നത് ജനിതകപരിഷ്‌ക്കരണം തന്നെയെന്ന് ചുരുക്കം. പരമ്പരാഗത വിളപരിഷ്‌ക്കരണത്തിന്റെ പ്രധാന പോരായ്മ, പരസ്പരം പരാഗണം നടത്തി നമ്മള്‍ ആഗ്രഹിക്കുന്ന ഗുണം വിളകളില്‍ പ്രത്യക്ഷപ്പെടാന്‍ വര്‍ഷങ്ങളുടെ അധ്വാനം വേണം എന്നതാണ്. എങ്കിലും, പ്രതീക്ഷിക്കുന്ന ഗുണങ്ങള്‍ കിട്ടും എന്നതിന് വലിയ ഉറപ്പില്ല. ബൊര്‍ലോഗിന് മെക്‌സിക്കോയിലെ കൃഷിയിടങ്ങളില്‍ പത്തുവര്‍ഷം വിയര്‍പ്പൊഴുക്കേണ്ടി വന്നു, മെച്ചപ്പെട്ട സങ്കരയിനം ഗോതമ്പ് രൂപപ്പെടുത്താന്‍.

അതേസമയം, ആധുനിക വിളപരിഷ്‌ക്കരണത്തിന് സഹായിക്കുന്ന ജനിതക എന്‍ജിനിയറിങിന്റെ അടിസ്ഥാനം ജീനുകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പറ്റി അടിസ്ഥാനതലത്തിലുള്ള അറിവാണ്. ജീന്‍ശ്രേണികള്‍ മറ്റ് ജീവരൂപങ്ങളിലേക്ക് മാറ്റിവെയ്ക്കാന്‍ കഴിയുമെന്ന സ്ഥിതി വന്നതാണ്. 'കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ' എന്ന തരത്തിലുള്ള മാവേലേറ് ആയിരുന്നു പഴയ വിളപരിഷ്‌ക്കരണം എങ്കില്‍, അങ്ങേയറ്റം കൃത്യതയോടെ, വേഗത്തില്‍ നടത്താവുന്ന ഒന്നാണ് ജനിതക എന്‍ജിനീയറിങ് വഴിയുള്ള വിളപരിഷ്‌ക്കരണം.

ആധുനിക ജനിതക എന്‍ജിനിയറിങിന്റെ തുടക്കം ഏതെങ്കിലും ലാബില്‍ നിന്നല്ല, പ്രകൃതിയില്‍ നിന്നാണ്. ശരിക്കുപറഞ്ഞാല്‍ മണ്ണില്‍ നിന്ന്, മണ്ണില്‍ കാണപ്പെടുന്ന 'അഗ്രോബാക്ടീരിയം ടുമഫേസിയന്‍സ്' (Agrobacterium tumefaciens) എന്ന ബാക്ടീരിയത്തില്‍ നിന്ന്! ഈ സൂക്ഷ്മജീവി അതിന്റെ ജീനുകള്‍ സസ്യങ്ങളിലേക്ക് സംക്രമിപ്പിക്കുന്നു എന്ന കണ്ടെത്തലാണ് നാഴികക്കല്ലായത്. അമ്പരപ്പിക്കുന്ന ഒന്നായിരുന്നു ആ കണ്ടെത്തല്‍. ജീവലോകത്ത് പരസ്പരം ബന്ധമില്ലാത്ത രണ്ടു വ്യത്യസ്ത ജീവരൂപങ്ങളാണ് ബാക്ടീരിയവും സസ്യങ്ങളും. ഒരു ജീവിവര്‍ഗ്ഗം അതിന്റെ ജീനുകള്‍ സസ്യങ്ങളില്‍ സന്നിവേശിപ്പിക്കുന്നു എന്നു പറഞ്ഞാല്‍ എന്താണര്‍ഥം! പ്രകൃതി തന്നെ ജനിതക എന്‍ജിനിയറിങ് നടത്തുന്നു എന്നല്ലേ?

1970-കളില്‍ യൂറോപ്പിലും അമേരിക്കയിലും ഇക്കാര്യം പഠിക്കാന്‍ മത്സരിച്ച മൂന്നു വ്യത്യസ്ത ഗവേഷണസംഘങ്ങളാണ് ആധുനിക ജനിതക എന്‍ജിനിയറിങിനും, അതിന്റെ ഭാഗമായ ബയോടെക്‌നോളജിക്കും തുടക്കം കുറിച്ചത്.

ഏതാണ്ട് 140-ഓളം സസ്യങ്ങളില്‍ 'ഗാള്‍ രോഗം' (gall disease) വരുത്തുന്ന സൂക്ഷ്മജീവിയാണ് അഗ്രോബാക്ടീരിയം. സസ്യങ്ങളില്‍ ട്യൂമറുണ്ടാക്കുന്നതാണ് ഈ രോഗം. ജീവികളില്‍ ട്യൂമറിന് കാരണം ഡിഎന്‍എ മ്യൂട്ടേഷന്‍ (ജനിതക അപഭ്രംശം) ആണ്. സസ്യങ്ങളില്‍ അങ്ങനെയല്ല. അഗ്രോബാക്ടീരിയവുമായി ബന്ധപ്പെട്ടാണ് സസ്യങ്ങളില്‍ ട്യൂമറുണ്ടാകുന്നത്. അതിന്റെ രഹസ്യം തേടുന്നതിനിടെ, ബല്‍ജിയത്തില്‍ ഗെന്റ് സര്‍വകലാശാലയിലെ മാര്‍ക് വാന്‍ മോണ്ടഗ്യൂ (Marc Van Montagu), ജോസഫ് ഷെല്‍ (Jozef (Jeff) Schell) എന്നീ ഗവേഷകരാണ്, അഗ്രോബാക്ടീരിയം അതിന്റെ ജീനുകള്‍ സസ്യങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന കാര്യം കണ്ടെത്തിയത്. സസ്യങ്ങള്‍ പ്രകൃതിദത്തമായി തന്നെ ജനറ്റിക് എന്‍ജിനിയറിങിന് വിധേയമാകുന്നു എന്നതിന്റെ ആദ്യ തെളിവായി അത്! 

മാര്‍ക് വാന്‍ മോണ്ടഗ്യൂ, ജോസഫ് ഷെല്‍. Pic Credit: VIB Belgium | Wikimedia Commons.

ആധുനിക ജനിതക എന്‍ജിനിയറിങിന് അടിത്തറയിട്ട മറ്റൊരു മുന്നേറ്റം, 'പുനസംയോജിത ഡിഎന്‍എ' (recombinant DNA) സാധ്യമാണെന്നും, സാധാരണ ഡിഎന്‍എ പോലെ ഇത്തരം സങ്കര ഡിഎന്‍എ യും വിഭജിക്കുന്നു എന്നുമുള്ള കണ്ടെത്തലാണ്. രണ്ടു വ്യത്യസ്തയിനം വൈറസുകളുടെ (ഒരെണ്ണം കുരങ്ങുകളെ ബാധിക്കുന്നത്, രണ്ടാമത്തേത് സസ്യങ്ങളെ ബാധിക്കുന്നത്) ജനിതകദ്രവ്യം സയോജിപ്പിച്ച് സങ്കര ഡിഎന്‍എ സൃഷ്ടിക്കാമെന്ന്, 1971-ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ പോള്‍ ബര്‍ഗ് (Paul Berg) കണ്ടെത്തി. ആ മുന്നേറ്റത്തിന് 1980-ല്‍ രസതന്ത്ര നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. 


 പോള്‍ ബര്‍ഗ്. Pic Credit: Stanford University Archives.

ബര്‍ഗിന്റെ സഹപ്രവര്‍ത്തകനായിരുന്ന സ്റ്റാന്‍ലി കോഹന്‍ (Stanley Cohen), സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഹെര്‍ബര്‍ട്ട് ബോയറുടെ (Herbert Boyer) സഹകരണത്തോടെ ആ ഗവേഷണം മുന്നോട്ടു കൊണ്ടുപോയി. സാധാരണ ഡിഎന്‍എ വിഭജിക്കുംപോലെ സങ്കര ഡിഎന്‍എയും വിഭജിക്കുമെന്നു കണ്ടെത്തിയത് ഇരുവരും ചേര്‍ന്നാണ്. മാത്രമല്ല, ഒരിനം തവളയുടെ ജീന്‍ ഇ-കൊളായ്  (E. coli - Escherichia coli) ബാക്ടീരിയത്തില്‍ സന്നിവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുക വഴി, സ്പീഷീസുകളുടെ 'മതിലുകള്‍' ജനിതക എന്‍ജിനിയറിങ് വഴി ഭേദിക്കാന്‍ കഴിയുമെന്ന് കോഹനും ബോയറും തെളിയിച്ചു!

വലിയ മുന്നേറ്റമായിരുന്നു അത്. തവളയുടെ ജീന്‍ ബാക്ടീരിയയില്‍ പ്രവര്‍ത്തിക്കുമെങ്കില്‍, മനുഷ്യജീനിന് എന്തുകൊണ്ട് പറ്റില്ല! മനുഷ്യരിലെ ഇന്‍സുലിന്‍ ജീന്‍ ഇ-കൊളായ് ബാക്ടീരിയത്തില്‍ സന്നിവേശിപ്പിച്ച് ഇന്‍സുലിന്‍ നിര്‍മിക്കാനുള്ള ശ്രമം 1978-ല്‍ ബോയര്‍ ആരംഭിച്ചു. സങ്കര ഡിഎന്‍എ യുടെ സഹായത്തോടെ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ 1982-ല്‍ വിപണിയിലെത്തി. വാണിജ്യാടിസ്ഥാനത്തിലുള്ള ബയോടെക്‌നോളജിയുടെ പിറവിയായിരുന്നു അത്. 


സ്റ്റാന്‍ലി കോഹന്‍, ഹെര്‍ബര്‍ട്ട് ബോയര്‍. Pic Credit: MIT
അത്രകാലവും, പന്നികളിലും മറ്റും വളരെ ശ്രമകരമായാണ് ഇന്‍സുലിന്‍ നിര്‍മിച്ചിരുന്നത്. ജനിതക എന്‍ജിനിയറിങ് അതിന് പരിഹാരമുണ്ടാക്കി. ആദ്യം ബാക്ടീയയും പിന്നീട് യീസ്റ്റും 51 അമിനോ ആസിഡുകളുള്ള മനുഷ്യ ഇന്‍സുലിന്‍ 'കോശഫാക്ടറി'കളില്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബോയര്‍ ആണ് ആദ്യ ബയോടെക് കമ്പനിയായ 'ജീനെന്‍ടെക്' (Genentech) സ്ഥാപിച്ചത്.

ജനിതക എന്‍ജിനിയറിങിന് അടിത്തറയിട്ട കഥയിലെ മൂന്നാമത്തെ ഗവേഷകസംഘം, വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ബയോകെമിസ്റ്റായ മേരി-ഡെല്‍ ചില്‍ട്ടന്‍ (Mary-Dell Chilton) നേതൃത്വം നല്‍കുന്ന ഗ്രൂപ്പായിരുന്നു. പെട്ടന്ന് ഒന്നിനെയും വകവെച്ചു കൊടുക്കുന്ന കൂട്ടത്തിലായിരുന്നില്ല ചില്‍ട്ടന്‍. തനിക്ക് യോജിക്കാന്‍ കഴിയാത്തത് ആരോടും തുന്നടിക്കുന്ന പ്രകൃതക്കാരി. ജനിതക എന്‍ജിനിയറിങ് മേഖലയില്‍ ബല്‍ജിയം സംഘത്തിന്റെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ ചില്‍ട്ടന്‍ തയ്യാറായില്ല. അക്കാലത്ത് അത്‌ലാന്റിക്കിന് കുറുകെയുള്ള ഫോണ്‍വിളിയൊക്കെ അപൂര്‍വമാണ്. എന്നിട്ടും, ചില്‍ട്ടന്‍ ഒരു ദിവസം മോണ്ടഗ്യൂവിനെ ഫോണ്‍വിളിച്ച് ഇങ്ങനെ പ്രഖ്യാപിച്ചു: 'വിവരക്കേട്, തീര്‍ത്തും വിവരക്കേട്'. അഗ്രോബാക്ടീരിയത്തിന്റെ ജീനുകള്‍ സസ്യത്തിന്റെ ഡിഎന്‍എയില്‍ സ്ഥാപിക്കുക സാധ്യമല്ല, നിങ്ങളുടെ അവകാശവാദം തെറ്റാണെന്ന് താന്‍ തെളിയിക്കാന്‍ പോവുകയാണ്-ചില്‍ട്ടന്‍ വെല്ലുവിളിച്ചു!

വെറുതെ വെല്ലുവിളിക്കുകയല്ല ചെയ്തത്, ബല്‍ജിയംകാരുടെ നിഗമനം ശരിയല്ലെന്ന് തെളിയിക്കാന്‍ 1977-ല്‍ ചില്‍ട്ടന്റെ ലാബില്‍ വലിയ സന്നാഹത്തോടെയുള്ള ഗവേഷണം നടന്നു. പക്ഷേ, വിചാരിച്ച ഫലമല്ല ലഭിച്ചത്. ബാക്ടീരിയം അതിന്റെ ജനിതകദ്രവ്യം ആതിഥേയ സസ്യത്തില്‍ സന്നിവേശിപ്പിക്കുന്നു എന്നാണ് പരീക്ഷണത്തില്‍ കണ്ടത്. മാത്രമല്ല, ജനിതകദ്രവ്യത്തിന്റെ ഏത് ഭാഗമാണ് ബാക്ടീരിയം സസ്യത്തിലെത്തിക്കുന്നതെന്ന് കൃത്യമായി നിര്‍ണയിക്കാനും ചില്‍ട്ടന്റെ ടീമിന് കഴിഞ്ഞു. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നു പറയുംപോലെയായി കാര്യങ്ങള്‍! മോണ്ടഗ്യൂവിന്റെയും ഷെല്ലിന്റെയും കണ്ടെത്തല്‍ ശരിയാണെന്ന് ചില്‍ട്ടന്റെ ടീം അസന്നിഗ്ധമായി തെളിയിച്ചു!

 മേരി-ഡെല്‍ ചില്‍ട്ടന്‍. Pic Credit: Syngenta Biotechnology.
ബല്‍ജിയം ഗവേഷകരെയും ചില്‍ട്ടനെയും ശാസ്ത്രരംഗത്തുള്ളവര്‍ മാത്രമല്ല ശ്രദ്ധിച്ചത്. മൊന്‍സാന്റോ കമ്പനിയും അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുടര്‍ന്നിരുന്നു. പ്രത്യേകിച്ചും, മൊന്‍സാന്റോ എക്‌സിക്യുട്ടീവ് ഏണസ്റ്റ് യാവോറിസ്‌കി (Ernest Jaworski). കാലങ്ങളായി രാസവ്യവസായ രംഗത്തുള്ള കമ്പനി അതില്‍ നിന്ന് ചുവടുമാറ്റാന്‍ സമയമായി എന്നദ്ദേഹം വാദിച്ചു. കാര്‍ഷികവിളകളെ കേന്ദ്രീകരിച്ചുള്ള ഒരു ബയോളജി കമ്പനിയായി മൊന്‍സാന്റോ മാറണം എന്നതായിരുന്നു യാവോറിസ്‌കിയുടെ നിലപാട്. ജനിതക എന്‍ജിനിയറിങും ബയോടെക്‌നോളജിയും അതിന് അവസരമൊരുക്കുന്നതായി അദ്ദേഹത്തിന് ബോധ്യമായി. യാവോറിസ്‌കിയുടെ ക്ഷണം സ്വീകരിച്ച് മൊന്‍സാന്റോയുടെ ബയോടെക് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ 1979-ല്‍ ചില്‍ട്ടന്‍ എടുത്ത തീരുമാനം, ജനിതക എന്‍ജിനിയറിങിന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാന്‍ പോന്നതായിരുന്നു. ബെല്‍ജിയം ഗ്രൂപ്പില്‍ നിന്ന് ഷെല്ലിനെയും കണ്‍സള്‍ട്ടന്റായി കൂട്ടാന്‍ യാവോറിസ്‌കിക്ക് കഴിഞ്ഞു. ചുരുക്കി പറഞ്ഞാല്‍ 1980 ആകുമ്പോഴേക്കും, ജനറ്റിക് എന്‍ജിനിയറിങില്‍ ലോകത്തെ മുന്‍നിര ഗവേഷകര്‍ മൊന്‍സാന്റോയുടെ കുടക്കീഴിലായി!

ബയോടെക്‌നോളജി മേഖല പൂര്‍ണമായും വാണിജ്യവത്ക്കരിക്കാന്‍ പോന്ന സുപ്രധാനമായ ഒരു വിധി 1980-ല്‍ യു.എസ്.സുപ്രീംകോടതി പുറപ്പെടുവിച്ചു (Diamond vs Chakrabarty case). ലാബില്‍ വെച്ച് പുതിയ സൂക്ഷ്മജീവികളെ സൃഷ്ടിക്കുന്നതിന് യു.എസ്.പേറ്റന്റ് നിയമം പ്രകാരം സംരക്ഷണം ലഭിക്കുമെന്നായിരുന്നു വിധി. ഏറെ ചര്‍ച്ചകളും ആശങ്കകളും ഉയര്‍ത്തിയ ആ കോടതിവിധി, മൊന്‍സാന്റോ പോലുള്ള കോര്‍പ്പറേറ്റുകളെ ബയോടെക്‌നോളജിയുടെ രംഗത്ത് ഉറപ്പിച്ചു നില്‍ക്കാന്‍ സഹായിച്ചു!

'വെറുക്കപ്പെട്ട കമ്പനി!'


മധുരത്തില്‍ നിന്നു തുടങ്ങി മാരകവിഷങ്ങളിലേക്ക് എത്തിയ ചരിത്രമാണ് മൊന്‍സാന്റോയുടേത്. യു എസിലെ ഷിക്കാഗോയില്‍ ഒരു ഐറിഷ് കുടിയേറ്റ കുടുംബത്തില്‍ 1859-ല്‍ ജനിച്ച ജോണ്‍ ഫ്രാന്‍സിസ് ക്യൂനി (John Francis Queeny) ആണ് മൊന്‍സാന്റോ കമ്പനിയുടെ സ്ഥാപകന്‍. തന്റെ പക്കലുണ്ടായിരുന്ന 1500 ഡോളറും കടംവാങ്ങിയ 3500 ഡോളറും ചേര്‍ത്ത് മിസ്സോറിയിലെ സെന്റ് ലൂയിസില്‍ 1901-ല്‍ സ്ഥാപിച്ച ആ കെമിക്കല്‍ കമ്പനി, ക്യൂനിയെ സംബന്ധിച്ചിടത്തോളം ശരിക്കുമൊരു ഞാണിന്‍മേല്‍ കളിയായിരുന്നു.

പന്ത്രണ്ടാം വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഉപജീവനത്തിന് തെരുവിലിറങ്ങേണ്ടി വന്ന ക്യൂനിക്ക്, 1894-ല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ 'മെര്‍ക്ക് ആന്‍ഡ് കോ' (Merck& Co) യില്‍ സെയില്‍സ് മാനേജരായി ജോലി കിട്ടി. ആ വേളയിലാണ് സ്വന്തം കമ്പനി സ്ഥാപിച്ച് ഭാഗ്യം പരീക്ഷിക്കാന്‍ അയാള്‍ ശ്രമിച്ചത്. പുതിയ കമ്പനിക്ക് ക്യൂനിയുടെ പേരുപയോഗിക്കുന്നത്, ഉപഭോക്താക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന കാരണത്താല്‍ മെര്‍ക്ക് കമ്പനി മേധാവി വിലക്കി. അങ്ങനെയാണ് സ്പാനിഷ് പാരമ്പര്യമുള്ള തന്റെ ഭാര്യയുടെ പേര് പുതിയ കമ്പനിക്കിടാന്‍ ക്യൂനി തീരുമാനിച്ചത്. ഭാര്യയുടെ പേര് ഇതായിരുന്നു: മിസ്സ് ഓള്‍ഗ മെന്‍ഡസ് മൊന്‍സാന്റോ!

ജോണ്‍ ഫ്രാന്‍സിസ് ക്യൂനി

ക്യൂനിയുടെ ബിസിനസ് ആശയം ഇതായിരുന്നു: സമീപകാലത്ത് വികസിപ്പിച്ച 'സാക്കറിന്‍' (Saccharin) എന്ന സൂപ്പര്‍സ്വീറ്റിന്റെ കുത്തക ഒരു ജര്‍മന്‍ കമ്പനിക്കാണ്. അമേരിക്കയില്‍ ആ കുത്തക പൊളിക്കുക. കൃത്രിമ മധുരപാനീയങ്ങള്‍, കാന്‍ഡി നിര്‍മാണം തുടങ്ങിയ മേഖലകളില്‍ സാക്കറിന് വലിയ മാര്‍ക്കറ്റുണ്ടായിരുന്നു. സാക്കറിന്റെ ഉത്പാദനം യൂറോപ്പില്‍ നിന്ന് അഭ്യസിച്ച സ്വിസ്സ്-ജര്‍മന്‍ കെമിസ്റ്റ് ലൂയിസ് വിലോണ്‍ (Louis Veillon) മൊന്‍സാന്റോയിലെ ആദ്യ ജീവനക്കാരനായി. വറുതിയും അരിഷ്ടതയും നിറഞ്ഞ ആദ്യവര്‍ഷങ്ങള്‍. ചെലവു കുറയ്ക്കാന്‍ സെക്കന്‍ഡ് ഹാന്‍ഡ് ഉപകരണങ്ങളാണ് ഉപയോഗിച്ചത്. ഏന്നാലും കമ്പനി അതിജീവിച്ചു. 1915 ആകുമ്പോഴേക്കും മില്യണ്‍ ഡോളര്‍ കമ്പനിയായി മൊന്‍സാന്റോ വളര്‍ന്നു. ആരംഭിച്ച് 50 വര്‍ഷമാകുമ്പോഴേയ്ക്കും ബില്ല്യന്‍ ഡോളര്‍ കമ്പനിയുമായി!

മികച്ച രീതിയില്‍ കമ്പനി വളര്‍ച്ച നേടിയത് ക്യൂനിയുടെ മകന്‍ എഡ്ഗാര്‍ ചുമതലയേറ്റതോടെയാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്ലാസ്റ്റിക്കുകള്‍ എന്നിങ്ങനെ ഒട്ടേറെ രാസഉത്പന്നങ്ങള്‍ മൊന്‍സാന്റോ നിര്‍മിക്കാന്‍ തുടങ്ങി. കൃത്രിമ റബ്ബര്‍ ഉപയോഗിച്ച് സൈനിക ജീപ്പുകളുടെ ടയര്‍ നിര്‍മാണവും ആരംഭിച്ചു. രണ്ടാംലോകമഹായുദ്ധകാലത്ത് യൂറോപ്പിലും പെസഫിക് മേഖലയിലും യു.എസ്. സൈന്യം ഉപയോഗിച്ച ജീപ്പുകളുടെ ടയറുകള്‍ എത്തിയിരുന്നത് മൊന്‍സാന്റോയില്‍ നിന്നായിരുന്നു. ആറ്റംബോംബു നിര്‍മിക്കാനുള്ള അമേരിക്കന്‍ രഹസ്യപദ്ധതിയായ 'മാന്‍ഹാട്ടന്‍ പ്രോജക്ടി'നു വേണ്ടിയും മൊന്‍സാന്റോ പ്രവര്‍ത്തിച്ചു. ജപ്പാനിലെ നാഗസാക്കിയെ ഭസ്മമാക്കിയ അമേരിക്കന്‍ ആറ്റംബോംബിലെ പ്ലൂട്ടോണിയം നിര്‍മിക്കാന്‍ മൊന്‍സാന്റോയാണ് സഹായിച്ചത്.

1960-കളില്‍ 2,4-D (2,4 - Dichlorophenoxyacetic) എന്ന രാസവസ്തു 2,4,5-T (2,4,5-Trichlorophenoxyacetic acid) യുമായി ചേര്‍ത്തുള്ള കളനാശിനി നിര്‍മിക്കാന്‍ യു.എസ്. സര്‍ക്കാര്‍ ഒട്ടേറെ കമ്പനികളുമായി കരാറുണ്ടാക്കി. അതിലൊന്ന് മൊന്‍സാന്റോ ആയിരുന്നു. അമേരിക്കയിലെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാനായിരുന്നില്ല അത്. വിയറ്റ്‌നാം യുദ്ധത്തില്‍ പ്രയോഗിക്കാനായിരുന്നു. വലിയ വീപ്പകളില്‍ ഓറഞ്ച് നിറത്തിലുള്ള സ്ട്രിപ്പോടുകൂടി കയറ്റിയയച്ച ആ കളനാശിനിയുടെ കോഡുനാമം 'ഏജന്റ് ഓറഞ്ച്' (Agent Orange) എന്നായിരുന്നു! 

വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് തളിക്കുന്ന യു.എസ്.വിമാനങ്ങള്‍, 1966-ലെ ചിത്രം. Pic Credit: AP
വിയറ്റ്‌നാമില്‍ രൂക്ഷമായ പരിസ്ഥിതിപ്രശ്‌നമായി ഏജന്റ് ഓറഞ്ച് മാറി. യു.എസ്.നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് 2012-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ('Veterans and Agent Orange') പ്രകാരം, 1965 ഓഗസ്റ്റ് മുതല്‍ 1971 ഫെബ്രുവരി വരെ ഏതാണ്ട് 690 ലക്ഷം ലിറ്റര്‍ ഏജന്റ് ഓറഞ്ച് യു.എസ്.സേന വിയറ്റ്‌നാമില്‍ തളിച്ചു. വനവും കൃഷിയിടങ്ങളും കണ്ടല്‍ക്കാടുകളും ഒന്നും ഒഴിവാക്കിയില്ല. എവിടെയൊക്കെ തളിച്ചോ അവിടെയെല്ലാം പച്ചപ്പ് ഇല്ലാതായി. വനത്തില്‍ മറഞ്ഞിരുന്ന് ആക്രമണം നടത്തുന്ന വിയറ്റ്‌നാം പോരാളികള്‍ക്ക് മറ നഷ്ടപ്പെടാനുള്ള കുറുക്കുവഴി യു.എസ്.സേന കണ്ടത് ഏജന്റ് ഓറഞ്ചിലാണ്. 36 ലക്ഷം ഏക്കര്‍ സ്ഥലം വിഷലിപ്തമായി. 40 ലക്ഷം വിയ്റ്റ്‌നാംകാര്‍ ആ മാരക കളനാശിനിയുടെ ഫലം നേരിട്ടനുഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് 1980-കളില്‍ യുഎസ് വിയറ്റ്‌നാം വെറ്ററന്‍സ് നല്‍കിയ കേസില്‍ ഉള്‍പ്പെടുത്തിയ 19 കമ്പനികളിലൊന്ന് മൊന്‍സാന്റോ ആയിരുന്നു.

മൊന്‍സാന്റോ ഉള്‍പ്പടെയുള്ള കെമിക്കല്‍ കമ്പികള്‍ക്കെതിരെ 1960-കളിലും 1970-കളിലും വലിയ തോതില്‍ പൊതുജനാഭിപ്രായം ഉയര്‍ന്നു. തങ്ങളുടെ സല്‍പ്പേരും വിപണിയും പിടിച്ചുനിര്‍ത്താന്‍ കമ്പനികള്‍ക്ക് വല്ലാതെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. ഏജന്റ് ഓറഞ്ച് മാത്രമല്ല പ്രശ്‌നമായത്. ശാസ്ത്രഗവേഷകയായ റേച്ചല്‍ കാഴ്‌സണ്‍ 1962-ല്‍ പ്രസിദ്ധീകരിച്ച 'സൈലന്റ് സ്പ്രിങ്' (Silent Spring) എന്ന ഗ്രന്ഥവും കെമിക്കല്‍ വ്യവസായത്തിന് വന്‍ ആഘാതമുണ്ടാക്കി. 

 റേച്ചല്‍ കേഴ്‌സണ്‍, 1950-ലെ ചിത്രം. Pic Credit: Connecticut College.
യു.എസിലെ പെന്‍സില്‍വാനിയയില്‍ 1907 മെയ് 27-ന് ജനിച്ച കാഴ്‌സണ്‍, എഴുത്തുകാരിയാകാന്‍ ആഗ്രഹിച്ച് കോളേജില്‍ ചേര്‍ന്ന ശേഷം ബയോളജിയിലേക്ക് ചുവടുമാറ്റിയ വ്യക്തിയാണ്. പ്രകൃതിയുമായി ചെറുപ്പത്തിലേ ആഴത്തില്‍ ബന്ധമുണ്ടായിരുന്ന അവര്‍, മേരിലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അഞ്ചുവര്‍ഷം അധ്യാപനം നടത്തിയ ശേഷം മസാച്യൂസെറ്റ്‌സില്‍ വുഡ്‌സ് ഹോളിലെ 'മറൈന്‍ ബയോളജിക്കല്‍ ലബോറട്ടറി'യില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 'യു.എസ്.ബ്യൂറോ ഓഫ് ഫിഷറീസി'ല്‍ അക്വാട്ടിക് ബയോളജിസ്റ്റായി 1936-ല്‍ ജോലികിട്ടി. ശാസ്ത്രഗവേഷണത്തിനൊപ്പം എഴുത്തിനും അവര്‍ സയമം കണ്ടെത്തി. കാഴ്‌സണ്‍ രചിച്ച നാലു ശാസ്ത്രഗ്രന്ഥങ്ങളില്‍ ഒന്നായിരുന്നു 'ദി സീ എറൗണ്ട് അസ്' (The Sea Around Us - 1951). നാഷണല്‍ ബുക്ക് അവാര്‍ഡ് നേടിയ ആ ഗ്രന്ഥം വലിയ ജനപ്രീതിയാര്‍ജിച്ചു, 30 ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. നാലാമത്തെ പുസ്തകമായിരുന്നു 'സൈലന്റ് സ്പ്രിങ്'. 'ന്യൂയോര്‍ക്കര്‍' മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ശേഷം അത് പുസ്തകമായി പുറത്തിറക്കുകയായിരുന്നു.

അമേരിക്കയില്‍ കൃഷിക്കും കൊതുകുനിവാരണത്തിനും വന്‍തോതില്‍ ഉപയോഗിക്കുന്ന ഡിഡിറ്റി (DDT) പോലുള്ള രാസകീടനാശിനികള്‍ പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും വരുത്തുന്ന ദുരന്തമാണ്, ശാസ്ത്രീയ തെളിവുകളുടെ പിന്തുണയോടെ, അത്യന്തം ഹൃദയസ്പര്‍ശിയായി 'സൈലന്റ് സ്പ്രിങ്ങി'ല്‍ കാഴ്‌സണ്‍ വിവരിച്ചത്. ജീവലോകത്ത് കൃത്രിമ രാസകീടനാശിനികള്‍ വരുത്തുന്ന നാശം മാത്രമല്ല, വിവിധ പരിസ്ഥിതിവ്യൂഹങ്ങളിലെ സങ്കീര്‍ണതകളും പരസ്പരബന്ധങ്ങളും ആദ്യമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കാഴ്‌സണ് കഴിഞ്ഞു. 'പ്രകൃതി നിലനില്‍ക്കുന്നത് മനുഷ്യന്റെ സൗകര്യത്തിന് വേണ്ടി മാത്രമാണ്'-ഇതാണ് നമ്മുടെ ചിന്തയെന്നവര്‍ തുറന്നടിച്ചു!

പുതിയ പല കൃത്രിമ രാസസംയുക്തങ്ങളും അര്‍ബുദകാരികളാണെന്ന് കാഴ്‌സണ്‍ ഭയപ്പെട്ടു. അവര്‍ തന്നെ ഒരു അര്‍ബുദരോഗിയായിരുന്നു. തന്റെ ഗ്രന്ഥത്തിനെതിരെ വ്യവസായിക ലോകം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കാത്തുനില്‍ക്കാതെ, 1964 ജനുവരിയില്‍, വെറും 56 വയസ്സുള്ളപ്പോള്‍ അവര്‍ വിടവാങ്ങി. തന്റെ ഗ്രന്ഥം ലോകത്തെ മാറ്റാന്‍ പോകുകയാണെന്ന് കാഴ്‌സണ്‍ അറിഞ്ഞില്ല. 'സൈലന്റ് സ്പ്രിങ്' പുറത്തുവന്നതിന് ശേഷം ലോകം ഒരിക്കലും പഴയതുപോലെ ആയില്ല എന്നതാണ് വാസ്തവം! ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് നാന്ദി കുറിച്ചത് കാഴ്‌സന്റെ ആ ഗ്രന്ഥമാണെന്ന് പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടു.

രാസവ്യവസായ ലോബികള്‍ സര്‍വ്വസന്നാഹങ്ങളുമായി കാഴ്‌സന്റെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ രംഗത്തെത്തി. മൊന്‍സാന്റോ ഉള്‍പ്പടെയുള്ള കമ്പനികള്‍ അതിനുള്ള പി.ആര്‍.വര്‍ക്കിനു മാത്രം കോടികളൊഴുക്കി. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്കകം ഒരുകാര്യം വ്യക്തമായി. അധികാരികളും സാധാരണ ജനങ്ങളും മുഖവിലയ്‌ക്കെടുക്കുന്നത് രാസവ്യവസായ ലോബികളുടെ വാദങ്ങളെയല്ല, കാഴ്‌സണ്‍ ഉന്നയിച്ച പ്രശ്‌നങ്ങളെയാണ്! കാഴ്‌സണ്‍ പറഞ്ഞതില്‍ കഴമ്പുണ്ടോ എന്നറിയാന്‍, അന്നത്തെ യു.എസ്.പ്രസിഡണ്ട് ജോണ്‍ എഫ്.കെന്നഡി ഒരു വിദഗ്ധ കമ്മീഷനെ നിയമിച്ചു. ഒരു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍, കാഴ്‌സന്റെ വാദങ്ങള്‍ മിക്കതിതും കമ്മീഷന്‍ അംഗീകരിച്ചു. 1972-ല്‍ അമേരിക്ക ഡിഡിറ്റിയുടെ ഉപയോഗം നിരോധിച്ചു. കാഴ്‌സണ്‍ ഉയര്‍ത്തിവിട്ട ആശങ്കകളുടെ പ്രതികരണമെന്നോണം, നിക്‌സണ്‍ ഭരണകൂടം ഒരു പ്രധാന സര്‍ക്കാര്‍വകുപ്പായി 'യു.എസ്. എണ്‍വിരോണ്‍മെന്റല്‍ പ്രോട്ടക്ഷന്‍ ഏജന്‍സി'ക്ക് (EPA) രൂപംനല്‍കി. 1970 ഡിസംബര്‍ രണ്ടിന് അത് സ്ഥാപിതമായി. 

സൈലന്റ് സ്പ്രിങ്, ആദ്യപതിപ്പിന്റെ കവര്‍പേജ്.

ഏജന്റ് ഓറഞ്ച്, റേച്ചല്‍ കാഴ്‌സന്റെ ഗ്രന്ഥം-ഈ രണ്ടു വിവാദങ്ങളിലും പ്രതിസ്ഥാനത്തായ മൊന്‍സാന്റോ, 1970-കളില്‍ മറ്റൊരു പ്രതിസന്ധിയിലും പെട്ടു. മാരകരാസവസ്തുവായ പോളിക്ലോറിനേറ്റഡ് ബൈഫീനൈല്‍സ് (PCBs) നിര്‍മിക്കുന്ന പ്രധാന കമ്പനി എന്ന നിലയ്ക്കായിരുന്നു അത്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ മുതല്‍ പാചകത്തിനുള്ള പാത്രങ്ങളില്‍ വരെ ഉപയോഗിക്കാവുന്ന 'അത്ഭുത രാസവസ്തു' എന്ന് കരുതിയ അത് 1950-കളില്‍ 1960-കളിലും വലിയ തോതില്‍ ഉപയോഗിക്കപ്പെട്ടു. അവ ആരോഗ്യത്തിന് അത്യന്തം ദോഷകാരിയാണെന്ന് തെളിഞ്ഞതോടെ, 1977-ല്‍ യു.എസില്‍ നിരോധിച്ചു. അതോടെ അവയുടെ നിര്‍മാണം മൊന്‍സാന്റോ അവസാനിപ്പിച്ചു.

മാരക രാസവസ്തുക്കള്‍ നിര്‍മിച്ച കമ്പനിയെന്ന പേരില്‍ ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വന്നത് മൊന്‍സാന്റോ ആണ്. യൂറോപ്പിലും അമേരിക്കയിലുമുള്ള ഒട്ടേറെ കമ്പനികള്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നെങ്കിലും വിമര്‍ശനം മുഴുവന്‍ മൊന്‍സാന്റോയ്ക്ക് നേരെയായിരുന്നു. യു.എസ്.സേനയ്ക്ക് വിയറ്റ്‌നാം യുദ്ധകാലത്ത് ഏജന്റ് ഓറഞ്ചിനെക്കാളും പതിന്മടങ്ങ് അപകടകാരിയായ 'നാപാം' (Napalm) നിര്‍മിച്ചു നല്‍കിയിരുന്ന 'ഡൗ' (Dow) കമ്പനിക്ക് പോലും മൊന്‍സാന്റോയുടെ അത്ര കുപ്രസിദ്ധി ലഭിച്ചില്ല. 'ലോകത്തെ ഏറ്റവും പൈശാചികമായ കോര്‍പ്പറേഷന്‍' എന്ന വിശേഷണമാണ് മൊന്‍സാന്റോയെ കാത്തിരുന്നത്. 'ഏറ്റവും വെറുക്കപ്പെട്ട കമ്പനികളു'ടെ വാര്‍ഷിക പട്ടികയില്‍ മൊന്‍സാന്റോ സ്ഥിരമായി ആദ്യ അഞ്ചില്‍ വരാന്‍ തുടങ്ങി!

കാര്യങ്ങള്‍ ഇങ്ങനെ ആന്റിക്ലൈമാക്‌സിലേക്ക് എത്തിയതോടെ മൊന്‍സാന്റോ മേധാവികള്‍ക്ക് ഒരു കാര്യം ബോധ്യമായി. കെമിക്കല്‍ കമ്പനിയെന്ന നിലയ്ക്ക് മൊന്‍സാന്റോയ്ക്ക് ഇനി ഭാവിയില്ല! അങ്ങനെയാണ്, 1970-കളുടെ അവസാനം ഒരു ആധുനിക ബയോടെക് കമ്പനിയാകാന്‍ മൊന്‍സാന്റോ ശ്രമം തുടങ്ങിയത്.

റൗണ്ടപ്പും വിവാദവും

പുതിയൊരു കളനാശിനിക്കായി മൊന്‍സാന്റോ തിരച്ചില്‍ ആരംഭിക്കുന്നത് 1952-ലാണ്. പതിനേഴ് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍, 1969-ല്‍ പുതിയ ഏതാനും രാസസംയുക്തങ്ങള്‍ കമ്പനിയുടെ പക്കലെത്തി. ആ സംയുക്തങ്ങളെ കുറിച്ച് പഠിക്കാന്‍ ജോണ്‍ ഫ്രാന്‍സ് (John Franz) എന്ന കെമിസ്റ്റിനെ 1970-ല്‍ ചുമതലപ്പെടുത്തി. ഓര്‍ക്കുക, ബയോടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച് മൊന്‍സാന്റോ അന്ന് ചിന്തിച്ചു തുടങ്ങിയിട്ടില്ല.

ജലകാഠിന്യം നീക്കാന്‍ സഹായിക്കുന്ന ആ രാസവസ്തുക്കളില്‍ നിന്ന് പുതിയൊരെണ്ണത്തെ ഫ്രാന്‍സ് വിശ്ലേഷണം ചെയ്‌തെടുത്തു-'ഗ്ലൈഫോസേറ്റ്' (glyphosate) എന്നറിയപ്പെടുന്ന 'എന്‍-(ഫോസ്‌മോണോമീഥൈല്‍)ഗ്ലൈസിന്‍' (N-(phosphonomethyl)glycine). അത്രകാലവും ഉപയോഗിച്ച എല്ലാ കളനാശിനികളെയും കടത്തിവെട്ടുന്ന ഒന്നായിരുന്നു ആ രാസവസ്തു. സസ്യകലകളില്‍ അത്യാവശ്യം വേണ്ട ഒരു അമിനോആസിഡിന്റെ ഉത്പാദനം തടയുക വഴി, ചെടികളെ സമൂലം നശിപ്പിക്കാന്‍ ആ രാസവസ്തുവിന് കഴിഞ്ഞു! സസ്യങ്ങളെ മാത്രമേ ബാധിക്കൂ, ജീവജാലങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കാര്യമായ ഒരു ദോഷവും ഉണ്ടാക്കില്ല. മാത്രമല്ല, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം വഴി വേഗം വിഘടിച്ച് ഇല്ലാതാകുകയും ചെയ്യും. അതിനാല്‍, അന്ന് ഉപയോഗത്തിലുള്ള മറ്റ് കളനാശിനികളെ പോലെ പുതിയ രാസവസ്തു പരിസ്ഥിതിക്ക് കാര്യമായ ദോഷം വരുത്തില്ല. ശരിക്കു പറഞ്ഞാല്‍ 'കുറ്റമറ്റ ഒരു കളനാശിനി' ആയിരുന്നു അത്. 'നൂറ്റാണ്ടിലൊരിക്കല്‍ മാത്രമുള്ള കണ്ടെത്തല്‍' എന്ന് മൊന്‍സാന്റോ അതിനെ വിലയിരുത്തി.

പുതിയ കളനാശിനിക്ക് പേരിടാന്‍ മൊന്‍സാന്റോയിലെ സെക്രട്ടറിമാര്‍ക്കിടയില്‍ മത്സരം നടന്നു. 'റൗണ്ടപ്പ്' (Roundup) എന്ന പേര് നിര്‍ദ്ദേശിച്ച ഡോറ്റീ മിലിസ് ആണ് വിജയിച്ചത്. സമ്മാനത്തുകയായി 50 ഡോളര്‍ ലഭിച്ചു. ലക്ഷക്കണക്കിന് ഡോളര്‍ മുടക്കി 23 വര്‍ഷം നടത്തിയ അന്വേഷണങ്ങളുടെ ഫലമായി 1975-ല്‍ റൗണ്ടപ്പ് വിപണിയിലിറക്കി. അമേരിക്കന്‍ കര്‍ഷകര്‍ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

 റൗണ്ടപ്പ്, 1970-കളില്‍ മൊന്‍സാന്റോ പുറത്തിറക്കിയ കളനാശിനി. Pic Credit: pbs.org
കള നിയന്ത്രിക്കാന്‍ വളരെ ഫലപ്രദം എന്ന മികവ് തന്നെയായിരുന്നു റൗണ്ടപ്പിന്റെ ദൗര്‍ബല്യവും! കളയെ മാത്രമല്ല വിളയെയും അത് നശിപ്പിക്കും. അതുവരെയുള്ള കളനാശിനികളെല്ലാം, ഏതെങ്കിലും വിധത്തില്‍ സെലക്ടീവ് ആയിരുന്നു. 'അട്രാസീന്‍' (atrazine) ഉദാഹരണം. ചോളപ്പാടങ്ങളില്‍ കാണുന്ന വീതിയേറിയ ഇലകളുള്ള കളകളെ മാത്രമേ അത് നശിപ്പിക്കൂ. ചോളത്തെയും അതു പോലുള്ള പുല്ലിനങ്ങളെയും അത് ഉപദ്രവിക്കില്ല. ചോളം കൃഷിചെയ്യുന്നിടത്തെ മുഴുവന്‍ കളകളും ഇല്ലാതാക്കാന്‍ ഈ കളനാശിനിക്ക് സാധിക്കില്ല എന്നര്‍ഥം. പരമ്പരാഗതമായി ഉപയോഗത്തിലുള്ള ഒരു കളനാശിനിയും നൂറുശതമാനം വിജയമല്ല. എന്നുവെച്ചാല്‍, കളകളെ പൂര്‍ണമായി നശിപ്പിക്കുകയും വിളകളെ ഒഴിവാക്കുകയും ചെയ്യുന്നവ ആയിരുന്നില്ല അവയൊന്നും.

കെമിക്കല്‍ കമ്പനി എന്നതില്‍ നിന്ന് ബയോടെക് കമ്പനിയെന്ന നിലയിലേക്ക് പരിണമിക്കാന്‍ 1970-ളുടെ അവസാനത്തോടെ മൊന്‍സാന്റോ ശ്രമം തുടങ്ങിയ കാര്യം സൂചിപ്പിച്ചല്ലോ. മിസ്സോറിയിലെ സെന്റ് ലൂയിസില്‍ 210 ഏക്കര്‍ സ്ഥലത്ത് മൊന്‍സാന്റോയുടെ 'ലൈഫ് സയന്‍സസ് റിസര്‍ച്ച് സെന്റര്‍' പ്രവര്‍ത്തനം ആരംഭിച്ചു. അവിടെയാണ്, യാവോറിസ്‌കിയുടെ ക്ഷണം സ്വീകരിച്ച് ജനിതക എന്‍ജിനിയറിങ് രംഗത്തെ അതികായരായ ചില്‍ട്ടനും ഷെല്ലും കണ്‍സള്‍ട്ടന്റുമാരായി എത്തിയത്. 1990-ല്‍ 'ന്യൂയോര്‍ക്ക് ടൈംസി'ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം, ആ സെന്ററിന്റെ നാലു കെട്ടിടങ്ങളിലായി 250 ലബോറട്ടറികളുണ്ട്, അവയില്‍ 900 ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നു. വന്‍മുതല്‍മുടക്കാണ് ബയോടെക്‌നോളജി രംഗത്ത് മൊന്‍സാന്റോ നടത്തിയതെന്ന് സാരം.

പക്ഷേ, അതോടെ കമ്പനിയുടെ വരുമാനം കുറഞ്ഞു. 1980-കളില്‍ സാമ്പത്തിക നില പരുങ്ങലിലായി. ബയോടെക്‌നോളജി രംഗത്ത് നടത്തുന്ന നിക്ഷേപത്തില്‍ കുറച്ചെങ്കിലും തിരികെ കിട്ടാന്‍ ഒരു ഉത്പന്നം വിപണിയിലെത്തച്ചേ മതിയാകൂ എന്ന സമ്മര്‍ദ്ദം ശക്തമായി. അതിന്റെ ഫലമായിരുന്നു 'റൗണ്ടപ്പ് റെഡി' (Roundup Ready) എന്ന പാക്കേജ്. റൗണ്ടപ്പ് പ്രതിരോധിക്കാന്‍ പാകത്തില്‍ ജനിതക പരിഷ്‌ക്കരണം വരുത്തിയ വിത്തും, അത് കൃഷിചെയ്യുന്നിടത്ത് തളിക്കാനുള്ള റൗണ്ടപ്പ് കളനാശിനിയും അടങ്ങിയതായിരുന്നു പാക്കേജ്. മൊന്‍സാന്റോയുടെ ജിഎം വിത്തുകള്‍ കൃഷിചെയ്യുന്നിടത്ത് റൗണ്ടപ്പ് ധൈര്യമായി തളിക്കാം. വിള നശിക്കില്ല, കളകള്‍ ഒന്നില്ലാതെ നശിക്കും!

'റൗണ്ടപ്പ് റെഡി'യിലെ ജിഎം വിത്തുകള്‍ വികസിപ്പിക്കുക എളുപ്പമായിരുന്നില്ല. റൗണ്ടപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു ജീനിനായി ലോകം മുഴുക്കെ അന്വേഷണം നടന്നു. ഒടുവില്‍, മൊന്‍സാന്റോയുടെ റൗണ്ടപ്പ് നിര്‍മാണപ്ലാന്റിന് സമീപം വെള്ളം ശുദ്ധീകരിക്കുന്നിടത്ത് കാണപ്പെട്ട ഒരിനം 'അഗ്രോബാക്ടീരിയ'ത്തില്‍ നിന്നാണ് പ്രതിരോധ ജീന്‍ കണ്ടെത്തിയത്.

1996-ല്‍ റൗണ്ടപ്പ് റെഡി വിപണിയിലെത്തി. യു.എസ്.കര്‍ഷകര്‍ അതിനെ വേഗം സ്വീകരിച്ചു. മറ്റ് കളനാശിനികളെ പോലെ മണ്ണിനെയും വെള്ളത്തെയും അധികം മലിനമാക്കാത്തതിനാല്‍, പരിസ്ഥിതിയുടെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നതായിരുന്നു ആ ജനിതകവിദ്യ. എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകരും ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകളും അതിനെ കണ്ടത് അങ്ങനെയല്ല. ഏജന്റ് ഓറഞ്ചും പി.സി.ബി.കളും (PCBs) നിര്‍മിച്ച 'വെറുക്കപ്പെട്ട കമ്പനി', കര്‍ഷകരെ ചൂഷണം ചെയ്യാന്‍ വീണ്ടുമൊരു രാസആശ്രിതവിദ്യയുമായി എത്തിയിരിക്കുന്നു എന്നാണ് 'റൗണ്ടപ്പ് റെഡി' പാക്കേജ് വിലയിരുത്തപ്പെട്ടത്. കൃത്രിമരാസവസ്തുക്കളില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കാന്‍ ബയോടെക്‌നോളജി സഹായിക്കും എന്ന് പ്രചരിപ്പിക്കുകയും, അതേസമയം കളനാശിനിയില്‍ കര്‍ഷകരെ തളച്ചിടുകയും ചെയ്യുന്ന ജനിതകവിദ്യ ഇരട്ടത്താപ്പായും ചതിയായും പലരും കണ്ടു.

എവിടെ അന്തകവിത്തുകള്‍

റേച്ചല്‍ കാഴ്‌സണ്‍ 1962-ല്‍ പ്രസിദ്ധീകരിച്ച 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തെ എതിര്‍ക്കാന്‍ ചെലവിട്ട സമയത്തിന്റെ ഒരംശം, ആ പുസ്തകത്തിന്റെ 'ദി അദര്‍ റോഡ്' (The Other Road) എന്ന അവസാന അധ്യായം വായിച്ചു നോക്കാന്‍ മൊന്‍സാന്റോ മേധാവികള്‍ മാറ്റിവെച്ചെങ്കില്‍ കഥ മറ്റൊന്നായേനെ എന്ന് ലൈനാസ് അഭിപ്രായപ്പെടുന്നു. ഡിഡിറ്റി പോലുള്ള അപകടകാരികളായ രാസകീടനാശിനികള്‍ പ്രകൃതിക്ക് വരുത്തുന്ന ദോഷഫലങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ, കീടങ്ങളും രോഗങ്ങളും കാര്‍ഷികമേഖലയെ തളര്‍ത്തുന്നു എന്ന യാഥാര്‍ഥ്യം കാഴ്‌സണ്‍ മറന്നില്ല. രാസകീടനാശിനികള്‍ ഉപയോഗിക്കരുത്, ബാക്കിയെല്ലാം കര്‍ഷകരുടെ വിധിയെന്ന് പറഞ്ഞ് കൈകഴുകുന്ന ആളായിരുന്നില്ല കാഴ്‌സണ്‍. വളരെ യാഥാര്‍ഥ്യബോധമുള്ള ശാസ്ത്രഗവേഷകയായിരുന്നു അവര്‍. അതിന് തെളിവാണ്, പില്‍ക്കാലത്ത് 'ആധുനിക പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ ബൈബിള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിന്റെ അവസാന അധ്യായം.

കീടബാധ ഒരു യാഥാര്‍ഥ്യമാണ്. നിങ്ങള്‍ എത്ര പരിസ്ഥിതിബോധമുള്ള ആളായാലും ശരി, കീടങ്ങള്‍ക്കത് പ്രശ്‌നമല്ല! അപ്പോള്‍, കൃത്രമ രാസകീടനാശിനികള്‍ക്ക് പകരം, കീടങ്ങളെ അകറ്റാന്‍ ശാസ്ത്രത്തിന്റെ പക്കല്‍ എന്താണുള്ളത്? ഈ ചോദ്യത്തിന്റെ ഉത്തരമാണ്, അന്നത്തെ ശാസ്ത്രസാങ്കേതിക സാധ്യതകളെ മുന്‍നിര്‍ത്തി കാഴ്‌സണ്‍ അവതരിപ്പിച്ചത്. കീടങ്ങളെ കൂട്ടമായി വന്ധ്യംകരിച്ച് ഒരു പ്രദേശത്തുനിന്ന് അവയെ ഇല്ലാതാക്കുക എന്നതാണ് ചര്‍ച്ചചെയ്യപ്പെടുന്നു ഒരു മാര്‍ഗ്ഗം. കീടങ്ങളെ നശിപ്പിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളിലൊന്നായി ഗ്രന്ഥകാരി വളരെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന ഒരു ബാക്ടീരിയമുണ്ട്; 'ബാസിലസ് തുറിഞ്ചിയേന്‍സിസ്' (Bacillus thuringiensis). മണ്ണില്‍ കാണപ്പെടുന്ന ഈ സൂക്ഷ്മജീവിയെ ഉപയോഗിച്ചുണ്ടാക്കുന്ന 'ബാക്ടീരിയല്‍ കീടനാശിനി'കളാണ്, രാസകീടനാശിനികള്‍ക്ക് ബദലായി കാഴ്‌സണ്‍ ശുപാര്‍ശ ചെയ്യുന്നത്.

പട്ടുനൂല്‍പ്പുഴുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഒന്നാണ് 'സോട്ടോ രോഗം' (sotto disease). അതിന് കാരണക്കാരായ ബാക്ടീരിയത്തെ 1901-ല്‍ ജാപ്പനീസ് ഗവേഷകന്‍ ഷിഗെറ്റേന്‍ ഇഷിവാട്ടറി (Shigetane Ishiwatari) വേര്‍തിരിച്ചെടുത്തു. ആ സൂക്ഷ്മജീവിക്ക് 'ബാസിലസ് സോട്ടോ' (Bacillus sotto) എന്ന് പേരും നല്‍കി. ജര്‍മന്‍ പട്ടണമായ തുറിഞ്ചിയ (Thuringia) യില്‍ നിശാശലഭങ്ങളെ കൊല്ലുന്ന ബാക്ടീരിയത്തെ 1911-ല്‍ ഏണസ്റ്റ് ബര്‍ലിനെര്‍ (Ernst Berliner) വേര്‍തിരിച്ചെടുത്തു. ജാപ്പനീസ് ഗവേഷകന്‍ പത്തുവര്‍ഷം മുമ്പ് കണ്ടെത്തിയ സൂക്ഷ്മജീവിയെ പുനര്‍നിര്‍ണയം ചെയ്യുകയാണ് ബര്‍ലിനെര്‍ ചെയ്തത്. അദ്ദേഹം അതിന്, കണ്ടെത്തിയ സ്ഥലത്തിന്റെ പേരുചേര്‍ത്ത് 'ബാസിലസ് തുറിഞ്ചിയേന്‍സിസ്' എന്നു പേരുനല്‍കി. ആ പേരിലാണ് പിന്നീടത് അറിയപ്പെട്ടത്. ആ ബാക്ടീരിയം ഉത്പാദിപ്പിക്കുന്ന പ്രോട്ടീനാണ് കീടങ്ങള്‍ക്കും പുഴുക്കള്‍ക്കും മരണക്കെണിയാകുന്നത്. ഇക്കാര്യം വ്യക്തമായതോടെ, പാശ്ചാത്യരാജ്യങ്ങളിലെ കര്‍ഷകര്‍ 1920 മുതല്‍ തുറിഞ്ചിയേന്‍സിസിനെ കീടനാശിനിയായി ഉപയോഗിക്കാന്‍ തുടങ്ങി.

ഈ ബാക്ടീരിയത്തിന്റെ ചുരുക്കരൂപം പറഞ്ഞാല്‍ വായനക്കാര്‍ക്ക് എളുപ്പം മനസിലാകും. 'ബിറ്റി' (Bt) എന്നാണത്. 'ബിറ്റി പരുത്തി', 'ബിറ്റി വഴുതന' എന്നൊക്കെ ഓര്‍മവരുന്നില്ലേ. അതുതന്നെ സംഭവം. ആധുനിക ജിഎം വിരുദ്ധരുടെ എതിര്‍പ്പ് ഏറ്റവുമധികം നേരിടുന്ന ഈ ബാക്ടീരിയത്തിന്റെ കീടനശീകരണ സാധ്യതകളാണ് റേച്ചല്‍ കാഴ്‌സണ്‍ തന്റെ ഗ്രന്ഥത്തില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്നതെന്ന് ജിഎം വിരുദ്ധപ്രവര്‍ത്തകര്‍ ഓര്‍ക്കാറുണ്ടോ!

'ബിറ്റി ജൈവകീടനാശിനി' (Bt biopesticide) കാഴ്‌സണ്‍ വെറുതെ ശുപാര്‍ശ ചെയ്യുകയല്ല. അതിന്റെ ഗുണദോഷങ്ങള്‍ ഒരു ശാസ്ത്രകാരിയെന്ന നിലയ്ക്ക് വ്യക്തമായി മനസിലാക്കിയിട്ടാണ് അവര്‍ ഇതു ചെയ്യുന്നത്. 'സൈലന്റ് സ്പ്രിങി'ന്റെ അവസാന അധ്യായത്തില്‍ കാഴ്‌സണ്‍ ഇതെപ്പറ്റി പറയുന്നത് ചുരുക്കി വിവരിക്കാം. ബിറ്റി വരുന്നത് പ്രകൃതിയിലെ ജീവലോകത്തു നിന്നാണ്. ഏത് മാര്‍ഗത്തില്‍ ഉപയോഗിച്ചാലും അത് കീടങ്ങള്‍ക്ക് മാത്രമേ ദോഷം വരുത്തൂ. സസ്തനികള്‍ക്കും മത്സ്യങ്ങള്‍ക്കും അത് അല്‍പ്പവും ദോഷം വരുത്തുന്നില്ല. പൊടിയാക്കി വിതറുകയോ തളിക്കുകയോ ചെയ്യാം. രാസകീടനാശിനികളുടെ അപകടം കാഴ്‌സന്റെ ഗ്രന്ഥത്തിലൂടെയും മറ്റും തിരിച്ചറിഞ്ഞതോടെ, 1970-കളിലും 80-കളിലും പാശ്ചാത്യരാജ്യങ്ങളില്‍ ബിറ്റി ജൈവകീടനാശിനിയുടെ ഉപയോഗം ഏറെ വര്‍ധിച്ചു.

ബിറ്റി ജൈവകീടനാശിനി ഉപയോഗിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒരു വെല്ലുവിളി അവശേഷിച്ചു. തണ്ടുതുരപ്പന്‍ കീടങ്ങള്‍ സസ്യഭാഗങ്ങള്‍ തിന്നുമ്പോള്‍, അവയ്ക്കുള്ളില്‍ ഈ കീടനാശിനി എത്തിക്കുക എളുപ്പമല്ല എന്നതായിരുന്നു അത്. അതിന് പരിഹാരം വന്നത് ജനിതക എന്‍ജിനിയറിങ് വഴിയാണ്. കീടങ്ങളെ നശിപ്പിക്കുന്ന പ്രോട്ടീന് കാരണമായ ബിറ്റി ജീനിനെ, വിളകളുടെ ജീനോമില്‍ വിളക്കിച്ചേര്‍ക്കുക എന്നതായിരുന്നു വിദ്യ. കീടങ്ങളെ നശിപ്പിക്കുന്ന പ്രോട്ടീന്‍ സസ്യകലകളില്‍ തന്നെ പ്രത്യക്ഷപ്പെടും. ഏത് സസ്യഭാഗം തിന്നാലും കീടത്തിന്റെ കാര്യം തീരുമാനമാകും! അതേസമയം, അത് മനുഷ്യനോ മറ്റ് ജീവികള്‍ക്കോ ഒരു പ്രശ്‌നവും ഉണ്ടാക്കുകയുമില്ല. കീടനിയന്ത്രണത്തിനുള്ള വലിയ മുന്നേറ്റമായിരുന്നു അത്.

ഇതു സംബന്ധിച്ച ആദ്യവിജയമുണ്ടായത് പുകയില ചെടികളിലാണ്. കീടങ്ങള്‍ ആക്രമിക്കാത്ത ബിറ്റി പുകയിലയ്ക്ക് രൂപംനല്‍കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. 1987-ല്‍ 'നേച്ചര്‍' ജേര്‍ണലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആ വിജയഗാഥ രചിച്ചത്, ജനിതക എന്‍ജിനയറിങിന്റെ തുടക്കാരില്‍ പ്രമുഖനായ ബല്‍ജിയം ഗവേഷകന്‍ മാര്‍ക് വാന്‍ മോണ്ടഗ്യൂ നേതൃത്വം നല്‍കിയ ഗ്രൂപ്പാണ്. ഇതേ സംഗതി ചോളത്തിലും ഉരുളക്കിഴങ്ങിലും സാധ്യമാക്കുന്നതില്‍ പിന്നീട് മൊന്‍സാന്റോ വിജയിച്ചു. 

ബാസിലസ് തുറിഞ്ചിയേന്‍സിസ് (Bt) ബാക്ടീരിയം: Pic Credit: Scimat.
റൗണ്ടപ്പ് റെഡിയെക്കാളും പ്രാധാന്യം ബിറ്റി സങ്കേതത്തിന് നല്‍കാന്‍ 1990-കളില്‍ മൊന്‍സാന്റോ തീരുമാനിച്ചു. പക്ഷേ, മൊന്‍സാന്റോ ആദ്യം പുറത്തിറക്കിയത് സൊയാബീനിന്റെ റൗണ്ടപ്പ് റെഡി പാക്കേജാണ്. 1996-ലായിരുന്നു അത്. 'യീല്‍ഡ്ഗാര്‍ഡ്' (YieldGard) എന്ന പേരില്‍ ബിറ്റി ചോളം 1997-ല്‍ പുറത്തിറക്കി. ഒരു പതിറ്റാണ്ടു നീണ്ട വിവാദമാണ്, റൗണ്ടപ്പ് റെഡി സോയാബീന്‍ ഇളക്കിവിട്ടത്. ആ ബഹളത്തില്‍ ബിറ്റി സങ്കേതം മുങ്ങിപ്പോയി. 'റൗണ്ടപ്പ് റെഡി സൊയാബീന് പകരം, ബിറ്റി ചോളമാണ് മൊന്‍സാന്റോ ആദ്യം പുറത്തിറക്കിയിരുന്നത് എങ്കില്‍, ജനിതകവിളകളുടെ ഭാവി മറ്റൊന്നായേനെ'-ലൈനാസ് നിരീക്ഷിക്കുന്നു. 'ജൈവകര്‍ഷകര്‍ പോലും ബിറ്റി വിളകളെ ഏറ്റെടുക്കുമായിരുന്നു'.

റൗണ്ടപ്പ് റെഡി വഴി 'കര്‍ഷകരെ ചൂഷണം ചെയ്യാന്‍ രാസആശ്രിതവിദ്യ ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്‍' എന്ന ആക്ഷേപത്തിനൊപ്പം മറ്റൊരു വലിയ വിവാദവും 1990-കളുടെ അവസാനത്തോടെ മൊന്‍സാന്റോയെ വേട്ടയാടി. വിളവില്‍ ഒരു പങ്ക് അടുത്ത കൃഷിക്കുള്ള വിത്തായി മാറ്റിവെയ്ക്കുകയാണ് കര്‍ഷകരുടെ രീതി. ഇങ്ങനെ, വിത്തുപയോഗിക്കാനുള്ള കര്‍ഷകരുടെ പരമ്പരാഗത അവകാശത്തെ, ബയോടെക്‌നോളജിയുടെ സഹായത്തോടെ മൊന്‍സാന്റോ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വിവാദത്തിന്റെ കേന്ദ്രബിന്ദു. അതിനായി വന്ധ്യംകരിച്ച വിത്താണ് മൊന്‍സാന്റോ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്, അവയ്ക്ക് പുനരുത്പാദനശേഷിയില്ല എന്ന് ആരോപിക്കപ്പെട്ടു. മനുഷ്യന്‍ കാര്‍ഷികവൃത്തി ആരംഭിച്ച കാലം മുതല്‍ കര്‍ഷകന്‍ അനുഭവിച്ച അവകാശമാണ് ഇതുവഴി ഇല്ലാതാകുന്നത്. 'ടെര്‍മിനേറ്റര്‍ ടെക്‌നോളജി' (Terminator Technology) എന്ന് വിളിക്കപ്പെട്ട വിദ്യവഴിയാണ് മൊന്‍സാന്റോ ഇത് നിര്‍വഹിക്കുന്നത്. ഇങ്ങനെയുള്ള വിത്തുകള്‍ക്ക് 'അന്തകവിത്തുകള്‍' എന്നാണ് പേര്.

ജനിതക എന്‍ജിനിയറിങ് കര്‍ഷകര്‍ക്ക് എങ്ങനെ ദ്രോഹം ചെയ്യുന്നു എന്ന ചോദ്യത്തിന് ഏറ്റവും എളുപ്പമുള്ള ഉത്തരമായി അന്തകവിത്തുകള്‍ മാറി. ഗ്രീന്‍പീസ് പോലുള്ള യൂറോപ്യന്‍ പരിസ്ഥിതി സംഘടനകള്‍ ഈ പ്രചാരണം വ്യാപകമാക്കി. ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകള്‍ അന്തകവിത്തുകള്‍ക്കെതിരെ നടത്തിയ പ്രചാരണങ്ങള്‍ക്കോ, ഇതിനായി ചിലവാക്കിയ മാധ്യമ ഇടങ്ങള്‍ക്കോ കണക്കില്ല. മൊന്‍സാന്റോ ശരിക്കുമൊരു 'പൈശാചിക കമ്പനി'യായി ചിത്രീകരിക്കപ്പെട്ടതില്‍ അന്തകവിത്തുകള്‍ക്ക് വലിയ പങ്കുണ്ട്. ഈ കോലാഹലങ്ങള്‍ക്കിടെ, ഒരു സംഗതി മാത്രം ആരും അന്വേഷിച്ചില്ല-ലൈനാസ് ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു ടെക്‌നോളജി നിലവിലുണ്ടോ, മൊന്‍സാന്റോയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ഇത് വികസിപ്പിച്ചിട്ടുണ്ടോ?

1990-കളില്‍ ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ മൊന്‍സാന്റോ നടത്തി എന്നത് സത്യമാണ്. പ്രത്യുത്പാദനശേഷിയുള്ള വിത്തുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന 'ഡെല്‍റ്റ ആന്‍ഡ് പൈന്‍ ലാന്‍ഡ്' (Delta & Pine Land) എന്ന കമ്പനിയെ മൊന്‍സാന്റോ ഏറ്റെടുത്തതാണ് ഇങ്ങനെയൊരു അഭ്യൂഹത്തിന് ശക്തിപകര്‍ന്നത്. അനുചിതമായ ജനിതകമാറ്റം സംഭവിച്ചാല്‍ അത് വിളകളുടെ അടുത്ത തലമുറകളിലേക്ക് എത്തുന്നത് ചെറുക്കാനും, ബൗദ്ധികസ്വത്തവകാശം കൂടുതല്‍ മികച്ച രീതിയില്‍ സംരക്ഷിക്കാനും ഉദ്ദേശിച്ചാണ് ആ നീക്കം നടന്നത്. ലോകമാകെ പ്രതിഷേധം ശക്തമായതോടെ, ആ ടെക്‌നോളജി ഉപയോഗിക്കില്ല എന്ന് മൊന്‍സാന്റോ പ്രഖ്യാപിച്ചു. ലോകത്തൊരിടത്തും ആ ടെക്‌നോളജി ഉപയോഗിച്ചില്ല. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച 'ടെര്‍മിനേറ്റര്‍ ടെക്‌നോളജി' യഥാര്‍ഥത്തില്‍ ഒരിക്കലും രംഗത്തെത്തിയില്ല എന്നതാണ് സത്യം! ജിഎം വിളകളെക്കുറിച്ച് പ്രചരിക്കുന്ന മിക്ക മിത്തുകളെയും പോലെ, മറ്റൊരു മിത്ത് മാത്രമാണ് അന്തകവിത്തുകള്‍-ലൈനാസ് തന്റെ പുസ്തകത്തില്‍ പറയുന്നു.

****************

അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞരായ റേച്ചല്‍ ഷുര്‍മാന്‍, വില്യം മണ്‍ട്രോ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകമാണ് 'ഫൈറ്റിങ് ഫോര്‍ ദ ഫ്യൂച്ചര്‍ ഓഫ് ഫുഡ്' (Fighting for the Future of Food: Activists Versus Agribusiness in the Struggle over Biotechnology - 2010). ഗ്രന്ഥകര്‍ത്താക്കള്‍ ഈ പുസ്തകത്തില്‍ മൊന്‍സാന്റോയുടെ നിലപാടുകള്‍ പരിശോധിക്കുന്നുണ്ട്. കെമിക്കല്‍ ബിസിനസ് കുറയ്ക്കുകയും ബയോടെക്‌നോളജിക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുക വഴി മൊന്‍സാന്റോ അതിന്റെ ഭാവി വീക്ഷണം മാറ്റുകയായിരുന്നു. ജനിതകമാറ്റത്തിലൂടെ ഒരു കാര്‍ഷികവിളയ്ക്ക് കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാന്‍ ശേഷി ലഭിച്ചാല്‍, കൃഷിക്കുപയോഗിക്കുന്ന രാസവസ്തുക്കളുടെ പ്രാധാന്യം കുറയും, ഉപയോഗം പരിമിതപ്പെടും. കീടങ്ങളെ ചെറുക്കുന്ന ചോളം വിളയിക്കാന്‍ കീടനാശിനി ആവശ്യമില്ല, ഫംഗസിനെ ചെറുക്കുന്ന ചോളംകൃഷിക്ക് ഫംഗസ്‌നാശിനിയും ആവശ്യമില്ല. കൂടുതല്‍ വിളവ് കിട്ടിയാല്‍, കൃഷിക്ക് കുറച്ച് സ്ഥലം മതിയാകും. പ്രകൃതിയെ കൃഷിക്കായി കൂടുതല്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താം. നൈട്രജന്‍ ആഗിരണത്തിന് ശേഷി കൂടുതലുള്ള വിളകള്‍ക്ക് കൃത്രിമവളങ്ങളും അധികം ആവശ്യം വരില്ല. ഇത്തരം ടെക്‌നോളജികള്‍ വികസിപ്പിക്കുമ്പോള്‍, രാസവസ്തുക്കളുടെ വില്‍പ്പനയെ അപേക്ഷിച്ച്, ബൗദ്ധികസ്വത്തവകാശം വഴി വരുമാനമുണ്ടാക്കാം-ഇതായിരുന്നു മൊന്‍സാന്റോയുടെ കണക്കുകൂട്ടലെന്ന് ഈ പുസ്തകം പറയുന്നു.

ആ തന്ത്രം വിജയിച്ചില്ല. 'വെറുക്കപ്പെട്ട കമ്പനി'യായി തന്നെ മൊന്‍സാന്റോ തുടര്‍ന്നു. ജിഎം വിളകള്‍ക്കും ജിഎം വിദ്യകള്‍ക്കും എതിരെ ലോകമെങ്ങും അരങ്ങേറിയ രൂക്ഷമായ പ്രക്ഷോഭങ്ങളുടെ മുഖ്യലക്ഷ്യം മൊന്‍സാന്റോ ആയി. ബയോടെക്‌നോളജിയില്‍ ഭാവി കണ്ടെത്താന്‍ ശ്രമിച്ച ആ കമ്പനി, പുതിയ നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും വലിയ പ്രതിസന്ധിയിലായി. മൊന്‍സാന്റോയെ ജര്‍മന്‍ കമ്പനിയായ 'ബായെര്‍' (Bayer) ഏറ്റെടുക്കുന്ന കാര്യം 2016 സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അനുമതി നല്‍കിയതിന്റെ വെളിച്ചത്തില്‍ 2018 ജൂണ്‍ ഏഴിന് മൊന്‍സാന്റോ എന്ന കമ്പനി ഇല്ലാതായി, അത് ബായെറിന്റെ ഭാഗമായി! (അടുത്ത ലക്കത്തില്‍: ബിറ്റി പരുത്തിയും കര്‍ഷക ആത്മഹത്യയും).


* ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം രണ്ട്: ബിറ്റി പരുത്തിയും കര്‍ഷക ആത്മഹത്യയും: https://kurinjionline.blogspot.com/2019/09/blog-post_13.html

ജോസഫ് ആന്റണി | jamboori@gmail.com

(മാര്‍ക്ക് ലൈനാസ് രചിച്ച 'ദി സീഡ്‌സ് ഓഫ് സയന്‍സ്' (The Seeds of Science-2018) എന്ന ഗ്രന്ഥത്തെ അധികരിച്ച് എഴുതിയത്).

Reference -
* Seeds of Science: Why we got it so wrong on GMOs (2018). By Mark Lynas. Bloomsbury Sigma, London.
* Lecture to Oxford Farming Conference, By Mark Lynas, 3 January 2013.
* Silent Spring (1962) 2000. By Rachel Carson. Penguin Books, London.
* The past, present and future of crop genetic modification. By Nina V. Fedorff. New Biotechnology, Vol 27, No.5, November 2010.
* Cell factories for insulin production. By Nabih A Baeshen, et.al. Microb Cell Fact, Oct 2, 2014; 13: 141.


3 comments:

Joseph Antony said...

ബ്രിട്ടനില്‍ മാത്രമല്ല, ജിഎം വിരുദ്ധരെ പേടിച്ച് ലോകത്ത് മിക്കയിടത്തും പൊതുമേഖലാ ലാബുകളും യൂണിവേഴ്‌സിറ്റികളും ജിഎം ഗവേഷണം അവസാനിപ്പിച്ചപ്പോള്‍ മറ്റൊന്നു സംഭവിച്ചു. അത്തരം ഗവേഷണങ്ങളും പരീക്ഷണങ്ങളും മൊന്‍സാന്റോ പോലത്തെ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ മാത്രം കളിക്കളമായി മാറി. എന്നുവെച്ചാല്‍, മൊന്‍സാന്റോയെ എതിര്‍ക്കുക വഴി, ആ എതിര്‍പ്പിന്റെ ഭാഗമായി പൊതുമേഖലയെ ജിഎം രംഗത്തുനിന്ന് പിന്തിരിപ്പിക്കുക വഴി, ജിഎം വിരുദ്ധര്‍ യഥാര്‍ഥത്തില്‍ ചെയ്തത് ബയോടെക്‌നോളജി രംഗം മൊന്‍സാന്റോയ്ക്ക് (കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക്) മാത്രമായി താലത്തില്‍ വെച്ച് സമ്മാനിക്കലായിരുന്നു!

AjAy said...

Sir നല്ല ലേഖനം. ഇത് ബ്ലോഗിൽ ഇടുന്ന മുറക്ക് ഫേസ്ബുക്കിലും ഇടാമോ ? ഫേസ്ബുക്കിൽ ഇടുമ്പോൾ ഇത് വായനക്കാരുടെ വാളിൽ വരുന്നത് ഒരു ലേഖനവും മിസ്സ് ആകാതെ വായിക്കാൻ സഹായിക്കും.

AjAy said...

തങ്ങളുടെ വിളകളെ കൃഷി ചെയ്യുന്ന കർഷകർ അടുത്ത കൃഷി ഇറക്കുന്നത് വേണ്ടി ശേഖരിച്ച് vachittundo എന്ന് നോക്കാനും, വിത്തുകൾ മെത്തികുന്ന എന്ത്രത്തിൽ വിത്തുകൾ കുടുങ്ങി അവ മറ്റൊരു കർഷകന്റെ കൃഷി തോട്ടത്തിൽ എത്തിയാൽ അ ഇതപെട്ട കർഷകനെ വരെ കേസിൽ കുടുക്കാൻ ശ്രമിക്കുന്ന Monsanto yude kaykalum അത്ര വിശുദ്ധം അല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ ഇങ്ങനെ ഒരു നിയന്ത്രണം ഇല്ല എങ്കിൽ ഒരു company എന്ന്ന നിലയിൽ മുന്നോട്ട് പോകാൻ മോൺസന്റൊക്ക് സദ്ധിക്കില്ല എന്ന യാഥാർഥ്യം ഞാൻ മനസ്സിലാക്കുന്നു.