
2013 ല്‍ സോഷ്യല്‍ മീഡിയ താരമാക്കിയ മലയാളിയെ മിക്കവര്‍ക്കുമറിയാം. പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കരയ്ക്കടുത്തുള്ള കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ ചന്ദ്രലേഖ. 'ചമയം' എന്ന സിനിമയില്‍ ചിത്ര പാടിയ 'രാജഹംസമേ....' എന്ന് തുടങ്ങുന്ന പ്രശസ്തഗാനം, മകന് ശ്രീറാമിനെയും ഒക്കത്തുവെച്ച് അനായാസമായി പാടുമ്പോള്‍, ദരിദ്രയായ ആ വീട്ടമ്മയോ, അത് മൊബൈലില്‍ റിക്കോര്‍ഡുചെയ്ത ഭര്‍ത്തൃസഹോദരന്‍ ദര്‍ശനോ ഓര്‍ത്തിരിക്കില്ല, ലോകമെങ്ങുമുള്ള മലയാളികള്‍ നിറഞ്ഞ മനസോടെ ഏറ്റെടുക്കാന്‍ പോകുന്ന ഗാനമായിരിക്കുമതെന്ന്.
വടശ്ശേരിക്കരയിലെ തേച്ചുമിനുക്കാത്ത അടുക്കള ചുമരിനുള്ളില്‍ അവസാനിക്കേണ്ടിയിരുന്ന ചന്ദ്രലേഖയുടെ ഗാനം 2012 ല്‍ ദര്ശന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തെങ്കിലും, 2013 ലെ മലയാളികളുടെ സോഷ്യല്‍ മീഡിയ ആഘോഷത്തിനായി കാലം കരുതിവെച്ച ഒന്നായി അത് പരിണമിക്കുകയായിരുന്നു.
ഫെയ്സ്ബുക്കില്‍ ആരോ അത് ഷെയര്‍ ചെയ്യുന്നതോടെയാണ്, ആ യൂട്യൂബ് വീഡിയോയുടെ നിയോഗം മാറ്റിയെഴുതപ്പെടുന്നത്. ചന്ദ്രലേഖയുടെ ഗാനം കാട്ടുതീ പോലെ ഫെയ്സ്ബുക്കില്‍ പടര്‍ന്നു. നിര്‍ധനയായ ആ വീട്ടമ്മ ഏവരുടെയും വേദനയും പ്രാര്‍ഥനയുമായി മാറി. സാക്ഷാല്‍ ചിത്ര തന്നെ അവരെ തേടിയെത്തി. ചലച്ചിത്ര പിന്നണിഗാന രംഗത്ത് ചന്ദ്രലേഖയെത്തേടി അവസരങ്ങളെത്തി.
ഫെയ്സ്ബുക്കും അജ്ഞാതരായ ആയിരക്കണക്കിന് ഫെയ്സ്ബുക്ക് മലയാളികളും ചേര്‍ന്ന് ചന്ദ്രലേഖയെന്ന വീട്ടമ്മയുടെ ശിരോലിഖിതം മാറ്റിയെഴുതുകയായിരുന്നു. മിലന് ജലീല്‍ നിര്‍മിച്ച് എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന 'ലൗ സ്റ്റോറി' എന്ന ചിത്രത്തിനായി ചന്ദ്രലേഖ ആലപിച്ച 'കണ്‍കളാലൊരു...' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ വന്‍ഹിറ്റാകുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

തീര്‍ച്ചയായും 2013 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളി ചന്ദ്രലേഖ തന്നെയായിരുന്നു. അങ്ങനെയെങ്കില്‍, 2014 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളിതാരം ആരായിരിക്കും!
അതിന് 2014 തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് തോന്നാം. ശരിയാണ്, തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, ഈ ലേഖകന്റെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വര്‍ഷത്തെ മലയാളി താരം അല്ലെങ്കില്‍ താരങ്ങള്‍ ഇതിനകം പിറന്നുകഴിഞ്ഞു. 'മാഹീത്തെ പെമ്പിള്ളേരാ'ണത്!!
വടക്കന്‍ മലബാര്‍ ശൈലിയില്‍ ആരോ പാടിയ പാട്ട്, പാലയാട് ക്യാമ്പസിലെ എല്‍ എല്‍ ബി സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ഥികളായ അസ്നി, റംലത്ത്, റാഷ എന്നീ മൂവര്‍സംഘം 'മാഹീത്തെ പെമ്പിള്ളേരെ കണ്ട്ക്കാ' എന്ന് റീമേക്ക് ചെയ്ത് വാട്ട്സ്ആപ്പ് വഴി പുറത്തിറക്കിയത് ആഷിക്ക് അബുവിന്റെ പുതിയ സിനിമയ്ക്കുള്ള വിഷയം വരെ ആയിരിക്കുന്നു.
വാട്ട്സ്ആപ്പിലൂടെ നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്തതോടെയാണ് 'മാഹീത്തെ പെമ്പിള്ളേര്' താരമായത്. ഇവിടെ ശ്രദ്ധിക്കുക, 2013 പോലെ പാട്ട് പാടിയ ആളല്ല താരമായത്, പകരം പാട്ടില്‍ പ്രതിഫലിക്കുന്ന പെണ്‍കരുത്താണ് താരപദവി നേടിയത്! 'മാഹീത്തെ പെമ്പിള്ളേരു'ടെ ഡസണ്‍ കണക്കിന് പാരഡികള്‍ യുട്യൂബിലും ഫെയ്സ്ബുക്കിലും ദിവസങ്ങള്‍ക്കകം നിറഞ്ഞത്, ആ പാട്ടിന് ലഭിച്ച വമ്പിച്ച പ്രതികരണത്തിന്റെ തെളിവായി.
ഇത്രകാലവും 'നാവില്ലാത്തവരുടെ ശബ്ദ'മെന്നാണ് മാധ്യമങ്ങള്‍ അറിയപ്പെട്ടിരുന്നതെങ്കില്‍, ആരാലുമറിയപ്പെടാതെ കിടക്കുന്ന തീപ്പൊരികള്‍ ആളിക്കത്തിക്കുന്ന അപ്രതീക്ഷിത ഊര്‍ജപ്രവാഹമായി നവമാധ്യമങ്ങള്‍ മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.
2013 ല്‍ നിന്ന് 2014 ലേക്കെത്തുമ്പോള്‍, മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണാവുന്ന ഒരു പ്രധാന മാറ്റം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്ന വ്യത്യാസമാണ്. 2013 ല്‍ ഫെയ്സ്ബുക്കാണ് ചന്ദ്രലേഖയെ താരമാക്കിയതെങ്കില്‍, 'മാഹീത്തെ പെമ്പിള്ളേര്' താരമായത് വാട്ട്സ്ആപ്പിലൂടെയാണ്.
ഒരര്‍ഥത്തില്‍ 2014 ല്‍ താരമായി മാറിയത് 'മാഹീത്തെ പെമ്പിള്ളേര്' മാത്രമല്ല; വാട്ട്സ്ആപ്പും (WhatsApp) കൂടിയാണ്. വാട്ട്സ്ആപ്പ് താരമായത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാരണത്താലാണെന്ന് മാത്രം. ടെക്ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ വാട്ട്സ്ആപ്പിനെ ഫെയ്സ്ബുക്ക് സ്വന്തമാക്കി. അങ്ങനെയാണ് വാട്ട്സ്ആപ്പിന് താരപദവി ലഭിച്ചത്.

കേള്‍ക്കുമ്പോള്‍ തലചുറ്റലുണ്ടാക്കാന്‍ പോന്നത്ര ഭീമമായൊരു തുക (1900 കോടി ഡോളര്‍, എന്നുവെച്ചാല്‍ 117800 കോടി രൂപ) നല്കി സ്വന്തമാക്കാന്‍ പോന്നത്ര വലിയ പ്രലോഭനമായി ഫെയ്സ്ബുക്കിന് വാട്ട്സ്ആപ്പ് മാറിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരുത്തരം 'മാഹീത്തെ പെമ്പിള്ളേര്' നല്‍കും!
1992 ല്‍ ആരംഭിച്ച മൊബൈല്‍ 'ഷോര്‍ട്ട് മെസേജ് സര്‍വീസ്' അഥവാ എസ് എം എസിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന വാട്ട്സ്ആപ്പ്, സോഷ്യല്‍ മെസേജിങ് രംഗത്ത് നടത്തുന്ന മുന്നേറ്റമാണ് ടെക്ലോകത്തെ പുതിയ താരമാക്കി അതിനെ മാറ്റിയത്.
2014 ജനവരിയില്‍ പുറത്തുവന്ന കണക്ക് പ്രകാരം, 45 കോടി അംഗങ്ങളുള്ള വാട്ട്സ്ആപ്പിലൂടെ ഒരു ദിവസം വിനിമയം ചെയ്യപ്പെടുന്നത് ശരാശരി 5000 കോടി സന്ദേശങ്ങളാണ്! ടെക്സ്റ്റും ഫോട്ടോയും വീഡിയോയും ഗ്രാഫിക്സുമൊക്കെ ഇതില്‍ പെടുന്നു. മാത്രമല്ല, ഓരോ മാസവും പത്തുലക്ഷം യൂസര്‍മാര്‍ വീതം വാട്ട്സ്ആപ്പില്‍ കൂടുതലായി ചേരുന്നു.
'സീക്രട്ട്' (Secret), 'കിക്' (Kik), 'വി ചാറ്റ്' (WeChat), 'ലൈന്‍' (Line), 'കകാവൊടോക്ക്' (KakaoTalk), 'സ്നേപ്പ്ചാറ്റ്' (Snapchat) എന്നിങ്ങനെ പാശ്ചാത്യലോകത്ത് സ്വാധീനമുള്ള സന്ദേശസര്‍വീസുകള്‍ പലതുമുണ്ടെങ്കിലും, അവയ്ക്കൊന്നും ജനപ്രീതിയുടെ കാര്യത്തില്‍ വാട്ട്സ്ആപ്പിന്റെ ഏഴയലത്ത് എത്താനായിട്ടില്ല. എന്തിന്, ഫെയ്സ്ബുക്കിന്റെ മെസേജ് സര്‍വീസായ മെസഞ്ചറിന് പോലും സോഷ്യല്‍ മെസേജിങ് രംഗത്ത് വാട്ട്സ്ആപ്പിന് വെല്ലുവിളിയാകാന്‍ സാധിച്ചില്ല.
യാഹൂവിലെ രണ്ട് മുന്‍ജീവനക്കാരായ ജാന്‍ കൗണ്, ബ്രിയാന്‍ ആക്ടണ് എന്നിവര്‍ ചേര്‍ന്ന് 2009 ല്‍ സ്ഥാപിച്ച വാട്ട്സ്ആപ്പ്, ആഗോളതലത്തില്‍ ഇത്രവലിയ സൂപ്പര്‍ഹിറ്റാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല.
ശരിക്കു പറഞ്ഞാല്‍, 2009 ജനവരിയില്‍ ജാന്‍ കൗണിന്റെ പക്കലെത്തിയ പുതിയ ഐഫോണില്‍നിന്നാണ് വാട്ട്സ്ആപ്പിന്റെ കഥ തുടങ്ങേണ്ടത്. അതിന് ഒന്‍പത് മാസംമുമ്പ് ആപ്പിള്‍ ആരംഭിച്ച ആപ്പ് സ്റ്റോര്‍, പുതിയൊരു തൊഴില്‍മേഖല സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ആ വിജയഗാഥയിലെ ആദ്യ മുന്നേറ്റ നിമിഷം. അതുപ്രകാരം പുതിയൊരു ആപ്പ് സൃഷ്ടിക്കാനും കമ്പനി സ്ഥാപിക്കാനും ബ്രിയാന്‍ ആക്ടണിനൊപ്പം ജാന്‍ കൗണ് നടത്തിയ നീക്കം, ടെക്ചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുകയായിരുന്നു.
'എക്സ്റ്റന്സിബിള് മെസേജിങ് ആന്‍ഡ് പ്രെസന്‍സ് പ്രോട്ടോക്കോളി' (XMPP) ന്റെ ഒരു കസ്റ്റമറൈസ് ചെയ്ത വേര്‍ഷനാണ് വാട്ട്സ്ആപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. യൂസര്‍നാമമായി നമ്മുടെ ഫോണ്‍ നമ്പറാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുക. ഐഫോണ്‍ ആപ്പ് ആയിട്ടാണ് ആദ്യം വാട്ട്സ്ആപ്പ് തുടങ്ങിയതെങ്കിലും, ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, വിന്‍ഡോസ് ഫോണ്‍ തുടങ്ങി എല്ലാ പ്രമുഖ മൊബൈല്‍ പ്ലാറ്റ്ഫോമിലും വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കും.
25 എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെ വെറും 55 ജീവനക്കാരുള്ള വാട്ട്സ്ആപ്പ് അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ച നേട്ടം ഏതര്‍ഥത്തിലും അതിശയിപ്പിക്കുന്നതാണ്. 1900 കോടി ഡോളര്‍ നല്കി വാട്ട്സ്ആപ്പിനെ ഏറ്റെടുക്കുന്നതായി 2014 ഫെബ്രുവരി 19 ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത് ആ അതിശയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍, വാട്ട്സ്ആപ്പ് സിഇഒ ജാന്‍ കൗണ് 680 കോടി ഡോളറും, സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ് 300 കോടി ഡോളറും സമ്പാദ്യമുള്ളവരായി മാറി. മുമ്പ് ജോലി നല്‍കാതെ ഫെയ്സ്ബുക്ക് തിരസ്ക്കരിച്ച വ്യക്തികൂടിയാണ് ആക്ടണ്. ആ നിലയ്ക്ക് വാട്ട്സ്ആപ്പ് ഫെയ്സ്ബുക്ക് ഏറ്റെടുത്തപ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറ്റപ്പെട്ടത്.
ടെക് ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ തുകയ്ക്കുള്ള രണ്ട് ഏറ്റെടുക്കലുകള്‍ നടത്തിയത് ഗൂഗിളും മൈക്രോസോഫ്റ്റുമാണ്. രണ്ടുവര്‍ഷംമുമ്പ് മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുത്തത് 1250 കോടി ഡോളര്‍ മുടക്കിയാണ് (അടുത്തയിടെ മോട്ടറോളയെ 291 കോടി ഡോളറിന് ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് ഗൂഗിള്‍ വിറ്റു). ഇന്റര്‍നെറ്റ് ടെലിഫോണി കമ്പനിയായ സ്കൈപ്പിനെ 850 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്വന്തം ചിറകിന് കീഴിലാക്കിയത്.
അതിനെയൊക്കെ കടത്തിവെട്ടി വന്‍തുക മുടക്കി വാട്ട്സ്ആപ്പിനെ എന്തുകൊണ്ട് ഫെയ്സ്ബുക്ക് ഏറ്റെടുത്തു എന്ന ചോദ്യം പ്രസക്തമാണ്. അതിനോട് ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്, ഫെയ്സ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സും ഇന്‍സ്റ്റഗ്രാമും യൂട്യൂബും പോലുള്ള സോഷ്യല്‍ മീഡിയ സര്‍വീസുകള്‍ക്കിടയ്ക്ക് വാട്ട്സ്ആപ്പ് പോലൊരു സ്വകാര്യ സന്ദേശ സര്‍വീസിന് എങ്ങനെ ഇത്രവലിയ വിജയമാകാന്‍ സാധിച്ചു എന്നകാര്യം.
അവിടെയാണ് വ്യക്തിപരമായ ആശയവിനിമയത്തിന് ഓരോരുത്തരുടെയും ജീവിതത്തിലുള്ള പ്രസക്തിയും പ്രാധാന്യവും കടന്നുവരുന്നത്. നിങ്ങള്‍ പുരപ്പുറത്തുകയറി വിളിച്ചുപറയുന്നതും, ഒരാളോട് നേരിട്ട് സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഫെയ്സ്ബുക്കിലെ പോസ്റ്റിങ് ശരിക്കും പുരപ്പുറത്തു കയറിയുള്ള അലമുറയിടീലാണ്. അതേസമയം, വാട്ട്സ്ആപ്പിലൂടെയുള്ളത് നേര്‍ക്കുനേരെയുള്ള കമ്മ്യൂണിക്കേഷനും.
ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകളുടെ അടിസ്ഥാന ദൗത്യം ആളുകളെ തമ്മില്‍ കണക്ട് ചെയ്യുകയെന്നതാണ്. ഫെയ്സ്ബുക്കില്‍ 500 സുഹൃത്തുക്കളുള്ള ഒരാള്‍ ഒരു പോസ്റ്റിടുമ്പോള്‍, ആ 500 പേര്‍ക്ക് മുന്നിലേക്കാണ് അതെത്തുന്നത്. അതില്‍ എത്രപേര്‍ എങ്ങനെയൊക്കെ അത് സ്വീകരിക്കുമെന്ന് പോസ്റ്റിടുന്നയാള്‍ക്ക് ഉറപ്പില്ല.
'ഡിജിറ്റല്‍ യുഗത്തിലെ ഇത്തരം കമ്മ്യൂണിക്കേഷന്‍ ഒരര്‍ഥത്തില്‍ തിരക്കേറിയ ഒരു തീയേറ്ററില്‍നിന്ന് വിളിച്ചുകൂവുന്ന അവസ്ഥയിലേക്ക് അധപതിച്ചിരിക്കുകയാണ്'-ഒരു വട്ട്സ്ആപ്പ് യൂസര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ. എന്നാല്‍, വാട്ട്സ്ആപ്പില്‍ അങ്ങനെയല്ല കാര്യങ്ങള്‍.
ബന്ധങ്ങളുടെ ദൃഢത ഊട്ടിയുറപ്പിക്കുംവിധമുള്ള വ്യക്തിപരമായ ആശയവിനിമയത്തിന്റെ ഭാവിസാധ്യത ശരിവെയ്ക്കുകയാണ്, വന്‍തുക മുടക്കി വാട്ട്സ്ആപ്പ് ഏറ്റെടുക്കുക വഴി ഫെയ്സ്ബുക്ക് ചെയ്തത്. (കടപ്പാട് : വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍, വിക്കിപീഡിയ)
- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം