സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ വിഖ്യാതഗ്രന്ഥമായ 'ഇന്റര്‍പ്രിട്ടേഷന്‍ ഓഫ് ഡ്രീംസ്' ('സ്വപ്നങ്ങളുടെ വ്യാഖ്യാനം') ജര്മനില് പ്രസിദ്ധീകരിച്ചത് 1900 ലാണ്. വലിയ ബൗദ്ധികവിപ്ലവത്തിനും വിവാദത്തിനും വഴിമരുന്നിട്ടു ആ പുസ്തകം. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുകയെന്നത് അസാധ്യമായി പലരും കണ്ടു. എന്നാലിതാ, 110 വര്‍ഷത്തിന് ശേഷം സ്വപ്നങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും വ്യാഖ്യാനിക്കാനും ഇലക്ട്രോണിക് മാര്‍ഗം തെളിയുന്നു. അമേരിക്കന്‍ ഗവേഷകനായ ഡോ.മോറാന്‍ സെര്‍ഫ് ആണ് അത്തരമൊരു ഇലക്ട്രോണിക് യന്ത്രം രൂപപ്പെടുക്കുന്നത്!
മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ (അവ സ്വപ്നങ്ങളായാല്‍ പോലും) റിക്കോര്‍ഡ് ചെയ്യാനാകുമെന്ന് 'നേച്ചര്‍ മാഗസിന്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഡോ.സെര്‍ഫും കൂട്ടരും പറയുന്നു. സ്വപ്നങ്ങള്‍ വായിക്കുകയെന്നത് നമുക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്തുകൊണ്ട് നമ്മള് സ്വപ്നം കാണുന്നു, എങ്ങനെ സ്വപ്നങ്ങള്‍ സാധ്യമാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു നീക്കം സഹായിക്കും-ഡോ.സെര്‍ഫ് ചൂണ്ടിക്കാട്ടുന്നു.
സ്വപ്നങ്ങള്‍ എന്നത് എന്നും മനുഷ്യരില്‍ ജിജ്ഞാസയും ആകാംക്ഷയും ഉണര്‍ത്തിയിരുന്നു. സ്വപ്നങ്ങളുടെ അര്‍ഥം വ്യാഖ്യാനിക്കാന്‍ മനുഷ്യന് എക്കാലത്തും ശ്രമിച്ചിരുന്നു. പ്രാചീന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നത്, 'സ്വപ്നങ്ങളെന്നാല്‍ അവ ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍' എന്നാണ്. അബോധ മനസിന്റെ പ്രവര്‍ത്തനം മനസിലാക്കാനുള്ള ഒരുപാധി എന്ന നിലയ്ക്കാണ് ആധുനിക മനശാസ്ത്രം സ്വപ്നങ്ങളെ സമീപിക്കുന്നത്.
സ്വപ്നങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചാലും, അവയെ മനസിലാക്കാന്‍ ഇത്രകാലവും ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. കണ്ട സ്വപ്നത്തെക്കുറിച്ച് ഉണരുമ്പോള്‍ ആളുകളോട് ചോദിച്ചറിയുക! അതിനൊരു മാറ്റം വരുത്താനുള്ള ശ്രമമാണ് ഡോ.സെര്‍ഫും കൂട്ടരും നടത്തുന്നത്. ആളുകളുടെ മസ്തിഷ്ക്കപ്രവര്‍ത്തനത്തിന്റെ ദൃശ്യവത്ക്കരണം, സ്വപ്നം സംബന്ധിച്ച ഓര്‍മകള്‍-ഇവ തമ്മിലൊരു ദൃഢീകരണം വരുത്തുക വഴി സ്വപ്നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള സങ്കേതമാണ് അവര്‍ വികസിപ്പിക്കുന്നത്.
ഡോ. സെര്‍ഫിന്റെ അഭിപ്രായത്തില്‍, 'എന്തുകൊണ്ട് മനുഷ്യന് സ്വപ്നം കാണുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല'. ഉത്തരം പറയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ചോദ്യം, എപ്പോഴാണ് നമ്മള് സ്വപ്നം രൂപപ്പെടുത്തുന്നത് എന്നതാണ്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ്, സ്വപ്നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള ശ്രമത്തിലൂടെ ഗവേഷകര്‍ ചെയ്യുന്നത്.
ചില വിചാരങ്ങള്‍ മനസിലുണരുമ്പോള്‍, മസ്തിഷ്ക്കത്തിലെ ചില പ്രത്യേക സിരാകോശങ്ങള്‍ (ന്യൂറോണുകള്‍) ഉത്തേജിക്കപ്പെടും. ഉദാഹരണത്തിന്, വോളണ്ടിയര്‍മാര്‍ മാര്‍ലിന്‍ മണ്‍ട്രോയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചില പ്രത്യേക സിരാകോശങ്ങള്‍ ഉണരുന്നത് ഡോ.സെര്‍ഫ് മനസിലാക്കി. പലതരം ദൃശ്യങ്ങള്‍ വോളണ്ടിയര്‍മാരെ കാണിച്ച് അവ മൂലം ഉത്തേജിക്കപ്പെടുന്ന ന്യൂറോണുകളേതെന്ന് മനസിലാക്കാന്‍ ഡോ.സെര്‍ഫിനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ബില്‍ ക്ലിന്റണ്, ഹിലാരി ക്ലിന്റണ് തുടങ്ങിയവരുടെയും ഒട്ടേറെ പ്രശസ്തരുടെയും, ഈഫല്‍ ടവര്‍ പോലുള്ള നിര്‍മിതികളുടെയുമൊക്കെ ദൃശ്യങ്ങള്‍ ഏത് ന്യൂറോണുകള്‍ക്കാണ് പ്രതികരണമുണ്ടാക്കുകയെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ക്കായി.
ഇത്തരമൊരു ദൃശ്യവത്ക്കരണവും അതിനുണ്ടാകുന്ന സിരാകോശ പ്രതികരണവും ഒന്ന് തിരിച്ചിട്ടു നോക്കുക. ഉറങ്ങുന്ന വേളയില്‍ ഒരു പ്രത്യേക സിരാകോശം ഉത്തേജിതമാകുന്നുവെങ്കില്‍, ആള് മാര്‍ലിന്‍ മണ്ട്രോയെ സ്വപ്നം കാണുകയാണോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞേക്കും. മസ്തിഷ്ക്കപ്രവര്‍ത്തനം ഈ വിധത്തില്‍ റിക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണം രൂപപ്പെടുത്താന്‍ ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. പക്ഷേ, അത്തരമൊരെണ്ണം സാധ്യം തന്നെയാണെന്ന് ഡോ.സെര്‍ഫ് വിശ്വസിക്കുന്നു.
സ്വപ്നയന്ത്രം രൂപപ്പെടുത്താനുള്ള ശ്രമവുമായി മുന്നോട്ട് പോകാന്‍ തന്നെ ഉറച്ചിരിക്കുകയാണ് അദ്ദേഹം. ഗവേഷണത്തിന്റെ അടുത്ത പടി, ഉറക്കത്തില്‍ വോളണ്ടിയര്‍മാരുടെ മസ്തിഷ്ക്ക പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ്. നിലവില്‍, തങ്ങള്‍ രൂപീകരിച്ചിട്ടുള്ള ഡേറ്റാബേസുമായി ഒത്തുപോകുന്ന ദൃശ്യങ്ങള്‍ മാത്രമേ ഗവേഷകര്‍ക്ക് മനസിലാക്കാനാകൂ. എന്നാല്‍, ആ ഡേറ്റാബേസ് കൂടുതല്‍ വികസിപ്പിക്കാനാകും.
ഡോ.സെര്‍ഫും കൂട്ടരും വികസിപ്പിക്കുന്ന സങ്കേതത്തിന്റെ പ്രധാന പരിമിതി, ന്യൂറോണ്‍ പ്രതികരണങ്ങള്‍ മനസിലാക്കാന്‍ തലച്ചോറിനകത്ത് ഇലക്ട്രോഡുകള്‍ സ്ഥാപിക്കണം എന്നതാണ്. ചികിത്സയുടെ ഭാഗമായി അത്തരം ഇലക്ട്രോഡുകള്‍ തലച്ചോറില്‍ സ്ഥാപിച്ച രോഗികളുടെ മസ്തിഷ്ക്ക പ്രതികരണമാണ് 'നേച്ചറി'ലെ പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്.
സംവേദക സങ്കേതങ്ങള്‍ (sensor technology) വികസിപ്പിക്കുന്നത് ഇന്നത്തെ നിലയ്ക്ക് തുടര്‍ന്നാല്‍, തലച്ചോറിനകത്ത് ഇലക്ട്രോഡുകള്‍ സ്ഥാപിക്കാതെ തന്നെ മസ്തിഷ്ക്ക പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്ന് ഡോ.സെര്‍ഫ് വാദിക്കുന്നു. മാത്രമല്ല, അത്തരം സങ്കേതം ഒട്ടേറെ പുതിയ സാധ്യതകള്‍ മുന്നോട്ടു വെയ്ക്കുകയും ചെയ്യും.
കമ്പ്യൂട്ടറുകളുടെയോ യന്ത്രങ്ങളുടെയോ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങളായി മനുഷ്യവിചാരങ്ങള്‍ പരിവര്‍ത്തനം ചെയ്യാനും, അതുവഴി മസ്തിഷ്ക്കപ്രവര്‍ത്തനം മാപ്പുചെയ്യാനും മുമ്പും ശ്രമം നടന്നിട്ടുണ്ട്. പക്ഷേ, അത്തരം ശ്രമങ്ങളെല്ലാം പ്രധാനമായും, ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗങ്ങള്‍ ഉന്നംവെച്ചാണ് നടന്നത്.
എന്നാല്‍, ഡോ.സെര്‍ഫിന്റെ രീതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. അമൂര്‍ത്തമായ വിചാരങ്ങള്‍ നിയന്ത്രിക്കുന്ന, മസ്തിഷ്ക്കത്തിന്റെ കുറെക്കൂടി ഉന്നതമായ ഭാഗങ്ങളിലെ, പ്രതികരണങ്ങള്‍ ദൃശ്യവത്ക്കരിക്കാനുദ്ദേശിച്ചുള്ളതാണ് ആ ശ്രമം.
എന്നാല്‍, ഇത്തരം പരിമിതമായ ദൃശ്യവത്ക്കരണം അക്കാദമിക താത്പര്യങ്ങള്‍ തൃപ്തിപ്പെടുത്താനല്ലാതെ പ്രായോഗികാര്‍ഥത്തില്‍ സ്വപ്നങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നതിലേക്ക് നയിക്കില്ലെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സ്വപ്നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധനുമായ ഡോ.റോഡ്രിക്ക് വണെര്‍ വിശ്വസിക്കുന്നു. (അവലംബം: നേച്ചര്‍)
ആദ്യം വസൂരി വൈറസ്. 1970 കളുടെ ഒടുക്കമായിരുന്നു അത് പൂര്‍ണമായും ഇല്ലാതായത്. മൂന്ന് പതിറ്റാണ്ട് കഴിയുന്ന വേളയില്‍ രണ്ടാമതൊരു വൈറസിനെക്കൂടി ഭൂമുഖത്തു നിന്ന് ഉന്മൂലനം ചെയ്തതായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നു. ഇത്തവണ 'റിന്‍ഡര്‍പെസ്റ്റ്' (rinderpest) വൈറസാണ് ചരിത്രമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് കന്നുകാലികളെ ബാധിക്കുക വഴി ക്ഷാമത്തിനും പട്ടിണിമരണത്തിനും കളമൊരുക്കിയിരുന്ന രോഗാണുവാണ് റിന്‍ഡര്‍പെസ്റ്റ്.
'കന്നുകാലി പ്ലേഗ്' (cattle plague) എന്നതിന് ജര്‍മനിലുള്ള വിളിപ്പേരാണ് റിന്‍ഡര്‍പെസ്റ്റ്. അഞ്ചാംപനി (measles) വരുത്തുന്നവയുടെ കുടുംബക്കാരാണെങ്കിലും, ഈ വൈറസ് മനുഷ്യനെ ബാധിക്കാറില്ല. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക മുതലായ മേഖലകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മാംസത്തിനും പാലിനും ഉഴവിനും ഭാരംവലിക്കാനുമുപയോഗിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് വന്‍ഭീഷണിയായിരുന്നു ഈ വൈറസ്.
റിന്‍ഡര്‍പെസ്റ്റ് ബാധിക്കുന്ന മാടുകള്‍ക്കിടയിലെ മരണനിരക്ക് 80 ശതമാനത്തിലേറെയാണ്. വസൂരിബാധ മൂലമുള്ള മനുഷ്യരിലെ മരണനിരക്കിനെക്കാള്‍ കൂടുതല്‍. ഇത്തരമൊരു വൈറസിനെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞത്, 'മനുഷ്യസമൂഹത്തിനാകെ അഭിമാനിക്കാന്‍ പോന്ന കാര്യമാണെ'ന്ന് അമേരിക്കന്‍ കാര്‍ഷികവകുപ്പിലെ ഡോ.വില്ല്യം ആര്. വൈറ്റ് 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു. 'വളരെക്കാലമായി സങ്കല്‍പ്പിനാവാത്തത്ര ദുരിതത്തിന് കാരണമായിട്ടുണ്ട് റിന്‍ഡര്‍പെസ്റ്റ്'-അദ്ദേഹം ഓര്‍മിപ്പിച്ചു.
റിന്‍ഡര്‍പെസ്റ്റ് വൈറസ് ബാധ ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2001 ല്‍ കെനിയയില്‍ നിന്നാണ്. കാര്‍ഷികമേഖലയില്‍ ഈ രോഗബാധയ്ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള നടപടികള്‍ അവസാനിപ്പിക്കുന്നതായി, കഴിഞ്ഞയാഴ്ച അവസാനം യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന (എഫ്.എ.ഒ) പ്രഖ്യാപിച്ചു.
വൈറസിനെ ലോകത്തു നിന്ന് ഉന്മൂലനം ചെയ്തിരിക്കുന്നു എന്ന പ്രഖ്യാപനം ഔദ്യോഗികമായി 2011 മെയ് മാസത്തില്‍ നടക്കും. റിന്‍ഡര്‍പെസ്റ്റിനെ ലക്ഷ്യംവെച്ച് 1929 ല്‍ രൂപീകൃതമായ 'വേള്‍ഡ് ഓര്ഗനൈസേഷന് ഫോര്‍ ആനിമല്‍ ഹെല്‍ത്ത്' (O.I.E എന്ന ചുരക്കപ്പേരിലാണിത് അറിയപ്പെടുന്നത്. സംഘടനയുടെ ഫ്രഞ്ചുനാമത്തിന്റെ ഇനിഷ്യലുകളാണിത്) ആണ് പ്രഖ്യാനം നടത്തുക.
'വെറ്റിറിനറി സയന്‍സിനെ സംബന്ധിച്ചിടത്തോളം ഇതൊരു ശ്രദ്ധേയമായ നേട്ടമാണ്. ഒട്ടേറെ രാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവുമാണിത്'-എഫ്.എ.ഒ. അതിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വൈറസ് ബാധ ലോകത്തൊരിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, റിന്‍ഡര്‍പെസ്റ്റ് വൈറസ് ഇപ്പോഴുമുണ്ട്. ഭാവിഗവേഷണത്തിനായി വിവിധ രാജ്യങ്ങളിലെ പരീക്ഷണശാലകളിലാണ് അവയുടെ സാമ്പിളുകള്‍ സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍, ഏതൊക്കെ പരീക്ഷണശാലകളില്‍ എത്രത്തോളം സാമ്പിളുകള്‍ സൂക്ഷിക്കപ്പെടണം എന്നകാര്യം തീരുമാനിക്കേണ്ട സംഗതിയാണ്. ലാബുകളിലെ അപകടം വഴിയോ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായോ വൈറസ് ബാധ വീണ്ടുമുണ്ടാകാന്‍, ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന ജീവനുള്ള മാതൃകകള്‍ കാരണമാകാമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു.
1980 ല്‍ വസൂരി ഉന്മൂലനം ചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചെങ്കിലും, വസൂരി വൈറസുകള്‍ ഇപ്പോഴും രണ്ടിടത്ത് ജീവനോടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട് - അമേരിക്കയില്‍ 'സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ (സി.ഡി.സി) അത്ലാന്റയിലെ ലാബിലും, റഷ്യയില്‍ മോസ്കോയ്ക്ക് സമീപം കോല്‍ട്സൊവോയിലെ 'സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി വെക്ടറിലും'.
1993 ഡിസംബര്‍ 30 നകം രണ്ടിടത്തും സൂക്ഷിച്ചിട്ടുള്ള വസൂരി വൈറസുകളെ വകവരുത്താന്‍, 1986 ല്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തെങ്കിലും അത് നടന്നില്ല. സമയം 1999 ജൂണ്‍ 30 വരെ പിന്നീട് നീട്ടി. അവശേഷിക്കുന്ന വസൂരി വൈറസിനെ നശിപ്പിക്കുന്ന കാര്യത്തില്‍ 2002 ല്‍ ലോകാരോഗ്യ സംഘടന നയം മാറ്റി. ഭാവി ഗവേഷണങ്ങള്‍ക്കായി അവയെ ജീവനോടെ സൂക്ഷിക്കാന്‍ തീരുമാനിച്ചു.
അല്‍പ്പം ചരിത്രം
ഏഷ്യയിലാണ് റിന്‍ഡര്‍പെസ്റ്റ് വൈറസിന്റെ ഉത്ഭവമെന്ന് കരുതുന്നു. പ്രാചീനകാലത്തെ കന്നുകാലി കച്ചവടം വഴി അത് മറ്റ് ഭൂഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഈജിപ്തില്‍ ഈ രോഗബാധ 5000 വര്‍ഷം മുമ്പുണ്ടായതിന് തെളിവ് ലഭിച്ചിട്ടുണ്ട്. 90 വര്‍ഷം മുമ്പ് ബ്രസീലില്‍ ചെറിയ തരത്തിലുണ്ടായ രോഗബാധ ഉണ്ടായതൊഴിച്ചാല്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലോ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലോ റിന്‍ഡര്‍പെസ്റ്റ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആഫ്രിക്കയില്‍ ഈ കാലിരോഗം എത്തുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുക്കമാണ്. വന്‍നാശമാണ് ആഫ്രിക്കയില്‍ റിന്‍ഡര്‍പെസ്റ്റ് വരുത്തിയിട്ടുള്ളത്. കാലിവളര്‍ത്തല്‍ മാത്രം ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ ജനവിഭാഗങ്ങളുള്ള നാടാണ് ആഫ്രിക്ക. കാലികള്‍ കൂട്ടത്തോടെ നശിക്കുകയെന്നാല്‍, കൊടിയ ക്ഷാമമാണ് ഫലം. എഫ്.എ.ഒ.യുടെ കണക്ക് പ്രകാരം, ക്ഷാമം മൂത്ത് എത്യോപ്യയില്‍ മൂന്നിലൊന്ന് ഭാഗം ജനങ്ങള്‍ ഒരിക്കല്‍ മരിക്കാനിടയായത് റിന്‍ഡര്‍പെസ്റ്റ് ബാധയെത്തുടര്‍ന്നാണ്! നൈജീരിയയില്‍ 1980 കളില്‍ 200 കോടി ഡോളറിന്റെ നാശമാണ് ഈ വൈറസ് വരുത്തിയത്. വടക്കന്‍ പാകിസ്താനില്‍ 1994 ല്‍ അരലക്ഷം മാടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.
ആഫ്രിക്കയില്‍, ഇപ്പോള്‍ എത്യോപ്യ എന്നറിയപ്പെടുന്ന അബിസിനിയയിലാണ് വെറസ് ആദ്യം എത്തിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അബിസിനിയയെ അധീനതയിലാക്കാന്‍ ഇറ്റലി നടത്തിയ ശ്രമത്തിന്റെ ഭാഗമായി, ഇന്ത്യയില്‍ നിന്നുള്ള കന്നുകാലി ഇറക്കുമതിയിലൂടെയാണ് രോഗമെത്തിയതെന്ന് കരുതുന്നു. എന്നാല്‍, ഒരു തരം ജൈവയുദ്ധത്തിന്റെ മാതൃകയില്‍ മനപ്പൂര്‍വം ആ രോഗം ആഫ്രിക്കയിലെത്തിച്ചതാണെന്ന് കരുതുന്ന വിദഗ്ധരും ഉണ്ട്.
രോഗബാധ ശ്രദ്ധയില്‍ പെട്ടാല്‍ മാടുകളെ കൂട്ടത്തോടെ നശിപ്പിച്ചും, മാറ്റിപ്പാര്‍പ്പിച്ചും, ചില പ്രതിരോധ മരുന്നുകളുപയോഗിച്ചുമൊക്കെ കര്‍ഷകരും മൃഗഡോക്ടര്‍മാരും റിന്‍ഡര്‍പെസ്റ്റിനെ ചെറുക്കാന്‍ കാലങ്ങളായി ശ്രമിച്ചു. വാള്‍ട്ടര്‍ പ്ലോറൈറ്റ് എന്ന ബ്രിട്ടീഷ് ഗവേഷകനാണ് 1950-കളില്‍ അദ്ദേഹം ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് റിന്‍ഡര്‍പെസ്റ്റിനെതിരെ ഫലപ്രദമായ വാക്സിന് രൂപപ്പെടുത്തുന്നത്.
രോഗം ഉന്മൂലനം ചെയ്യാനുള്ള ആഗോള ശ്രമം ഔദ്യോഗികമായി ആരംഭിക്കുന്നത് 1994 ല്‍. വാക്സിനേഷനും ജാഗ്രതയും തന്നെയായിരുന്നു അതിനുള്ള ആയുധങ്ങള്‍. ആ ശ്രമം ഫലവത്തായി എന്നതിന് തെളിവാണ്, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ലോകത്തൊരിടത്തും റിന്‍ഡര്‍പെസ്റ്റ് ബാധ ഉണ്ടായിട്ടില്ല എന്ന ശുഭവാര്‍ത്ത.
അങ്ങനെയെങ്കില്‍, രോഗം ഉന്മൂലനം ചെയ്ത കാര്യം പ്രഖ്യാപിക്കാന്‍ ഇത്ര വൈകിയതെന്ത് എന്ന് തോന്നാം. രോഗം ഉന്മൂലനം ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കാന്‍ കുറച്ചു സമയമെടുക്കും. അതാണ്, പ്രഖ്യാപനം ഇതുവരെ വൈകാന്‍ കാരണം.
ലോകത്ത് ഏറ്റവുമൊടുവില്‍ സ്വാഭാവിക വസൂരി ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1977 ഒക്ടോബര്‍ 26 നാണ്. സൊമാലിയയിലെ മെര്‍ക്കയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അലി മൗ മാലിന് എന്നയാള്‍ക്കായിരുന്നു രോഗബാധ. എന്നാല്‍, വസൂരി ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കുന്നത് 1980 ലാണ്. രോഗം ഉന്മൂലനം ചെയ്യപ്പെട്ടു എന്ന് ശാസ്ത്രലോകത്തിന് ഉറപ്പായത് അപ്പോഴാണ്. (അവലംബം: എഫ്.എ.ഒ., ന്യൂയോര്‍ക്ക് ടൈംസ്).