
പതിനെട്ട് രാജ്യങ്ങളില്‍ 18 സമയങ്ങളില്‍ അതാത് രാജ്യത്തെ ഭരണാധികാരികളും ഗവേഷകരും ചേര്‍ന്ന് നടത്തിയ വിചിത്രമായ ഒരു പ്രഖ്യാപനത്തിന് 2000 ജൂണ്‍ 26 -ന് ലോകം സാക്ഷിയായി. പ്രഖാപനം തുടങ്ങിയത് ജപ്പാനില്‍ നിന്നാണ് (അവിടെയാണല്ലോ ആദ്യം പകലെത്തുക). സമയരേഖകള്‍ പിന്നിട്ട് മുന്നേറിയ പ്രഖ്യാപനം ഒടുവില്‍ അമേരിക്കയില്‍ അവസാനിച്ചു. എല്ലാം രാജ്യങ്ങളും നടത്തിയത് ഒരേ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമായിരുന്നു-മനുഷ്യന്റെ ജനിതകസാരം (മാനവജിനോം) കണ്ടെത്തുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന്! മനുഷ്യചരിത്രത്തില്‍ ആദ്യമായിട്ടാകണം ഒരു ശാസ്ത്രമുന്നേറ്റം ഇത്തരത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത്.
അമേരിക്ക നേതൃത്വം നല്കിയ പൊതുമേഖലാ സംരംഭമായ 'മാനവജിനോം പദ്ധതി'യില്‍ അംഗങ്ങളായിരുന്നു ആ 18 രാജ്യങ്ങളും. ആ രാജ്യങ്ങളിലെ ആയിരത്തിലേറെ പ്രഗത്ഭമതികളുടെ പത്തുവര്‍ഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമായിരുന്നു ആ കണ്ടെത്തല്‍. മാനവജിനോം കണ്ടെത്താന്‍ ആ പൊതുമേഖലാ പദ്ധതിയോട് മത്സരിച്ച, ജെ.ക്രെയ്ഗ് വെന്റര്‍ നേതൃത്വം നല്കുന്ന 'സെലേറ ജിനോമിക്സ്' എന്ന സ്വകാര്യകമ്പനിയും തങ്ങള്‍ വിജയിച്ചതായുള്ള പ്രഖ്യാപനം ഒപ്പം നടത്തി. 'ജീവന്റെ പുസ്തകം' എന്ന് ഡി.എന്‍.എ.യെ വിശേഷിപ്പിക്കാമെങ്കില്‍, 300 കോടിയിലേറെ രാസാക്ഷരങ്ങളുള്ള ആ ഗ്രന്ഥം വായനയ്ക്ക് തയ്യാറായിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.
1953-ല്‍ ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്സണും ചേര്‍ന്ന് ഡി.എന്‍.എ.ഘടന കണ്ടെത്തിയതു മുതല്‍ ആരംഭിച്ച ആകാംക്ഷയാണ്, 2000 ജൂണ്‍ 26-ന് പുതിയ ഘട്ടത്തിലേക്ക് കടന്നത്. ഏതൊരു ജീവിയുടെയും ജീവല്‍പ്രവര്‍ത്തനങ്ങളുടെയാകെ ആധാരം അതിന്റെ കോശത്തില്‍ സ്ഥിതി ചെയ്യുന്ന ഡി.എന്‍.എ.തന്മാത്രയാണ്. ജീവല്‍പ്രവര്‍ത്തനം സംബന്ധിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും ഡി.എന്‍.എ.യില്‍ രാസാക്ഷരങ്ങളാല്‍ കുറിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ ഡി.എന്‍.എ.യില്‍ അത്തരം 300 കോടിയിലേറെ രാസാക്ഷരമാണുള്ളത്. അവ മുഴുവന്‍ വായിക്കാന്‍ പാകത്തില്‍ ഉരുക്കഴിച്ചെടുക്കുകയാണ് ജിനോംപദ്ധതി ചെയ്തത്.
അന്താരാഷ്ട്ര സംരംഭമായി 1990 ഒക്ടോബറില്‍ ആരംഭിച്ച ജിനോം പദ്ധതിയും, ആ സംരംഭത്തോട് മത്സരിച്ച് 1998-ല്‍ രംഗത്തെത്തിയ സെലേറ ജിനോമിക്സും 2000 ജൂണ്‍ 26 ന് മാനവജിനോമിന്റെ ആദ്യകരടാണ് പുറത്തു വിട്ടത്. മനുഷ്യന് സംസാരിക്കുന്ന നാലായിരത്തിലേറെ ഭാഷകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു ഭാഷ ശാസ്ത്രത്തിന്റെ സരണിയിലേക്ക് അന്ന് കടന്നുവന്നു. 'ജീവന്റെ രചനയ്ക്ക് ദൈവമുപയോഗിച്ച ഭാഷയാണ് മനുഷ്യന് കരഗതമായിരിക്കുന്നതെ'ന്ന് ഒരു ഉപഗ്രഹ വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് വിശേഷിപ്പിച്ചു.
ജിനോംരൂപരേഖയുടെ കരട് വായിക്കാന്‍ നടന്ന ശ്രമത്തിന്റെ ആദ്യഫലം 2001 ഫിബ്രവരി 12 ന് പുറത്തുവന്നു. അപ്പോഴും അതില്‍ പൂരിപ്പിക്കപ്പെടാത്ത ഭാഗങ്ങളുണ്ടായിരുന്നു. അവയെല്ലം വായിച്ചെടുത്ത് 99.99 ശതമാനവും പിഴവ് മാറ്റി സംശുദ്ധമായ ജിനോംമാപ്പ് തയ്യാറായതായത് 2003-ലാണ്. മനുഷ്യ ഡി.എന്‍.എ.യിലെ 310 കോടി രാസാക്ഷരങ്ങളെയും പൂര്‍ണമായി വായിച്ചെടുക്കുന്നതില്‍ വിജയിച്ചത് അപ്പോഴാണ്. 35,000 ഓളം ജീനുകളാണ് മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ മുഴുവന്‍ ജൈവരാസ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതെന്നും വെളിവായി. അതോടെ, മാനവജിനോം പദ്ധതിക്ക് തിരിശ്ശീല വീഴുന്നതായി, പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഫ്രാന്‍സിസ് കോളിന്‍സ് 2003 ഏപ്രിലില്‍ 15ന് പ്രഖ്യാപിച്ചു.
സാധ്യതകളുടെ അപാര ലോകമാണ് മാനവജിനോമിന്റെ കണ്ടെത്തല്‍ മുന്നോട്ടു വെച്ചത്. ചികിത്സാരംഗത്തും ഔഷധനിര്‍മാണത്തിലും ജീവശാസ്ത്ര ഗവേഷണത്തിലും വന്മാറ്റങ്ങള്ക്ക് ജിനോം കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടു. വ്യക്തിഗതമാകുന്ന ചികിത്സ, തന്മാത്രതലത്തില്‍ തന്നെ നേരിടാന്‍ പാകത്തില്‍ മെരുങ്ങുന്ന രോഗങ്ങള്‍, ആയിരക്കണക്കിന് പുതിയ ഔഷധലക്ഷ്യങ്ങള്‍ ഒക്കെ പ്രവചിക്കപ്പെട്ടു. അതേസമയം, സ്വാകാര്യസ്ഥാപനങ്ങള്‍ മനുഷ്യജീനുകളുടെ പേറ്റന്റുകള്‍ സ്വന്തമാക്കുക വഴിയുണ്ടാകുന്ന വെല്ലുവിളികളും, ജനിതകതകരാറുകള്‍ മുളയിലേ അറിയാന്‍ കഴിയുക വഴി ഇന്‍ഷുറന്‍സ്, പ്രൊഫഷണല്‍ രംഗങ്ങളില്‍ കടന്നുവന്നേക്കാവുന്ന വിവേചനങ്ങളും പുതിയ നൈതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും പ്രവചിക്കപ്പെട്ടു.
പത്തുവര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍ ആ നിലയ്ക്ക് സംഭവിച്ചിട്ടില്ല, ഉടനെയെങ്ങും സംഭവിക്കുമെന്ന് കരുതാനും വയ്യ എന്ന് പറയേണ്ടി വരും. പക്ഷേ, മറ്റു ചിലത് സംഭവിച്ചു. ഇനി തിരിച്ചുപോകാനാകാത്ത വിധം ജീവശാസ്ത്രഗവേഷണരംഗം മാറി. മനുഷ്യന്റെ മാത്രമല്ല, ഒട്ടേറെ മറ്റ് ജീവികളുടെയും ജിനോം ഈ പത്തുവര്‍ഷത്തിനിടെ വെളിവായി. മനുഷ്യനുമായി മറ്റ് ജീവികളുടെ ജനിതകവ്യത്യാസം താരതമ്യം ചെയ്യാനും, ജീവല്‍ പരിണാമത്തിന്റെ ആഴങ്ങളിലേക്ക് നമ്മുടെ നോട്ടമെത്താനും ജിനോം വിവരങ്ങള്‍ ഇന്ന് സഹായിക്കുന്നു.
13 വര്‍ഷവും130 കോടി ഡോളര്‍ മുതല്‍ മുടക്കും ആയിരക്കണക്കിന് ഗവേഷകരുടെ അധ്വാനവും വേണ്ടി വന്നു മാനവജിനോം കണ്ടെത്താനെങ്കില്‍, ഇന്ന് ചെറിയ സമയംകൊണ്ട് ചുരുങ്ങിയ ചിലവില്‍ മാനവജിനോം മുഴുവന്‍ കൈയിലെത്തുന്ന സങ്കേതങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഭാവിയില്‍ ജീവശാസ്ത്രത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നവര്‍, ജിനോമിന് മുമ്പും പിമ്പും എന്ന് ആ ചരിത്രത്തെ രണ്ടായി തിരിച്ചേക്കുമെന്നതാണ് സ്ഥിതി (ജിനോമിന് ശേഷമുള്ള കാലത്തെ biology 2.0 എന്നാണ് 'ദി ഇക്കണോമിസ്റ്റ്' വാരിക വിശേഷിപ്പിക്കുന്നത്).
മനുഷ്യന് വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ടതു മുതല്‍ ലോകമെങ്ങും വ്യാപിച്ചതിന്റെ കുടിയേറ്റ ചരിത്രം ഇന്ന് ശാസ്ത്രലോകം മനസിലാക്കുന്നത്, ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ജിനോം വായിച്ചാണ്. മനുഷ്യന്റെ ഏറ്റവുമടുത്ത ജനിതകബന്ധുവായ നിയാണ്ടെര്‍ത്തലുകളുടെ പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജിനോം വായിച്ചെടുത്ത് ശാസ്ത്രം പുതിയ ഇതിഹാസം രചിച്ചത് അടുത്തയിടെയാണ്. മനുഷ്യനെ 'മനുഷ്യനാക്കുന്ന' ഘടകം എന്തെന്നറിയാനാണ് ഇത്തരം ഗവേഷണങ്ങള്‍ സഹായിക്കുക. കാലത്തിലൂടെ പിന്നിലേക്കു പോകാന്‍ ജിനോം ഇന്ന് നമ്മളെ സഹായിക്കുന്നുവെന്ന് സാരം.
ജിനോം കണ്ടെത്തല്‍ ഏത് തരത്തിലാണ് ശാസ്ത്രലോകത്തെ സ്വാധീനിക്കുന്നതെന്ന് മനസിലാക്കാന്‍ അടുത്തയിടെ പുറത്തുവന്ന മറ്റൊരു മുന്നേറ്റം സഹായിക്കും. മാനവജിനോം കണ്ടെത്തിയതിന് നേതൃത്വം നല്കിയവരിലൊരാളായ ജെ.ക്രെയ്ഗ് വെന്ററിന്റെ നേതൃത്വത്തിലുള്ള സംഘം ചരിത്രത്തിലാദ്യമായി കൃത്രിമമായി രൂപപ്പെടുത്തിയ ജിനോം ഉപയോഗിച്ച് ഒരു ബാക്ടീരയത്തിന് രൂപം നല്കിയ കാര്യമാണത്. ലോകത്തെയാകെ അമ്പരപ്പിച്ച ആ കണ്ടെത്തല്‍, 'പുതിയൊരിനം ജീവന്' തുടക്കമിട്ടിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ജീവപരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം വഴി നിയന്ത്രിക്കപ്പെടുന്നതാണ് 380 കോടി വര്‍ഷത്തെ ഭൂമിയിലെ ജീവന്റെ ചരിത്രമെങ്കില്‍, ക്രെയ്ഗ് വെന്റര്‍ രൂപം നല്കിയ ജീവരൂപം അത്തരത്തില്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല!
പുതിയ ജീവരൂപങ്ങളെ വരെ സൃഷ്ടിക്കാന്‍ പാകത്തിലാണ് ജിനോംയുഗം എത്തി നില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ 2000 ജൂണ്‍ 26-ന് അവസാനിച്ചത്, മാനവജിനോം കണ്ടെത്താനുള്ള മത്സരം മാത്രമായിരുന്നു. അല്ലാതെ അതൊരു അന്ത്യമല്ലായിരുന്നു, ശരിക്കും തുടക്കമായിരുന്നു-പുതിയ സാധ്യതകളുടെയും പുതിയ വെല്ലുവിളികളുടെയും.