Friday, September 26, 2008

ഹൃദയാഘാതത്തിന്റെ തീവ്രത കുറയ്‌ക്കുന്ന രാസാഗ്നി

ആഘാതവേളയില്‍ ഹൃദയപേശികള്‍ക്ക്‌ നാശമുണ്ടാകുന്നതിന്റെ തീവ്രത കുറയ്‌ക്കാന്‍ സഹായിക്കുന്ന സുപ്രധാന രാസാഗ്നി അമേരിക്കന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ഭാവിയില്‍ ഹൃദ്രോഗചികിത്സയുടെ ആണിക്കല്ലായി മാറിയേക്കാവുന്ന കണ്ടെത്തലാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഹൃദയാഘാതത്തിനെതിരെ പുതിയ ചികിത്സാമാര്‍ഗങ്ങള്‍ വികസിപ്പിക്കാനും, ഓപ്പണ്‍ഹാര്‍ട്ട്‌ സര്‍ജറി പോലുള്ള ഘട്ടങ്ങളില്‍ ഹൃദയത്തിന്‌ അപകടം സംഭവിക്കാതെ നോക്കാനും പുതിയ കണ്ടെത്തല്‍ തുണയായേക്കും.

ആഘാതവേളയില്‍ രക്തചംക്രമണം പരിമതപ്പെടുന്നതാണ്‌, ഹൃദയപേശികളിലെ കോശങ്ങളുടെ കൂട്ടനാശത്തിനിരയാക്കുന്നത്‌. ആ നാശത്തിന്റെ തോത്‌ പരിമിതപ്പെടുത്താനും ഹൃദയാഘാത തീവ്രത കുറയ്‌ക്കാനും സഹായിക്കുന്ന രാസാഗ്നിയും, തന്മാത്രാതലത്തില്‍ അതിന്റെ പ്രവര്‍ത്തനവുമാണ്‌ ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌. മദ്യത്തിന്റെ സാന്നിധ്യത്തില്‍ ഉദ്ദീപിപ്പിക്കപ്പെടുന്ന ഒരിനം രാസാഗ്നിയുടെ പ്രവര്‍ത്തനം പരിശോധിച്ചപ്പോഴാണ്‌ ഹൃദയാഘാതത്തിനെതിരെ അത്‌ നല്ലൊരു ആയുധമാണെന്ന്‌ ഗവേഷകര്‍ക്ക്‌ ബോധ്യമായതെന്ന്‌, 'സയന്‍സ്‌' ഗവേഷണവാരിക റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്‌റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ പ്രൊഫ. ദാരിയ മോച്ച്‌ലി റോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌. ഇന്‍ഡ്യാന സര്‍വകലാശാലയിലെ ഗവേഷകരും സംഘത്തിലുണ്ടായിരുന്നു. ശരീരത്തില്‍നിന്ന്‌ മദ്യം നീക്കംചെയ്യാന്‍ സഹായിക്കുന്ന 'എ.എല്‍.ഡി.എച്ച്‌.2' എന്ന രാസാഗ്നിയാണ്‌, ഹൃദയാഘാത തീവ്രത കുറയ്‌ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്‌. ഈ രാസാഗ്നിയെ ഉദ്ദീപിപ്പിക്കുന്നതിന്‌ സഹായിക്കുന്ന മറ്റേതെങ്കിലും ഘടകമുണ്ടോ എന്ന അന്വേഷണം അവസാനിച്ചത്‌, 'അല്‍ഡ-1' എന്ന തന്മാത്രയിലാണ്‌.

എലികളില്‍ അല്‍ഡ-1 കൊണ്ട്‌ എ.എല്‍.ഡി.എച്ച്‌.2 രാസാഗ്നിയെ ഉദ്ദീപിപ്പിച്ച്‌ നടത്തിയ പരീക്ഷണത്തില്‍, ഹൃദയാഘാതത്തിന്റെ തീവ്രത 60 ശതമാനം കുറഞ്ഞതായി ഗവേഷകര്‍ കണ്ടു. അല്‍ഡ-1 എന്നത്‌ ചെറിയൊരു തന്മാത്രയാണ്‌. അതിനാല്‍, ഔഷധ ഉപയോഗങ്ങള്‍ക്ക്‌ അത്‌ ഏറെ യോജിച്ചതാണെന്ന്‌ പ്രൊഫ. മോച്ച്‌ലി റോസ്‌ അഭിപ്രായപ്പെടുന്നു. ഒട്ടേറെ ഔഷധ സാധ്യതകള്‍ ഈ തന്മാത്രയ്‌ക്കുണ്ടെന്ന്‌ അവര്‍ കരുതുന്നു. ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കോശനാശം മൂലമുണ്ടാകുന്ന ചര്‍മതകരാറുകള്‍ ചികിത്സിക്കാനും സിരാകോശ അപചയം മൂലമുണ്ടാകുന്ന അള്‍ഷൈമേഴ്‌സ്‌ പോലുള്ള രോഗങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനും പുതിയ സാധ്യത ഉപയോഗിക്കാനാകുമോ എന്നും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്‌.

സ്വതന്ത്ര റാഡിക്കലുകള്‍ അടിഞ്ഞുകൂടിയാണ്‌ കോശനാശം സംഭവിക്കുന്നത്‌. ശരീരത്തില്‍ നടക്കുന്ന നിരോക്‌സീകരണ പ്രക്രിയയിലൂടെ അത്തരം നാശം ചെറുക്കപ്പെടുന്നു. നിരോക്‌സീകരണത്തിന്‌ സാധ്യത കുറയുമ്പോള്‍ നാശത്തിന്റെ തോത്‌ വര്‍ധിക്കും. ഹൃദയാഘാതത്തിന്റെ ഫലമായി ഹൃദയപേശികളില്‍ സംഭവിക്കുന്നതും അതാണ്‌. നിരോക്‌സീകരണ പ്രക്രിയയെ സഹായിച്ച്‌ നാശം പരിമിതപ്പെടുത്തുന്ന തന്മാത്രാ സംവിധാനമാണ്‌, പ്രൊഫ. മോച്ച്‌ലി റോസും സംഘവും കണ്ടെത്തിയത്‌. എന്നാല്‍, എലികളിലേ പരീക്ഷണം നടന്നിട്ടുള്ളൂ. പുതിയ സാധ്യത മനുഷ്യരിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്ന്‌ ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.

(അവലംബം: സയന്‍സ്‌ ഗവേഷണവാരിക, ഇന്‍ഡ്യാന സര്‍വകലാശാലയുടെയും സ്റ്റാന്‍ഫഡ്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിന്റെയും വാര്‍ത്താക്കുറിപ്പുകള്‍, കടപ്പാട്‌: മാതൃഭൂമി)

3 comments:

Joseph Antony said...

ആഘാതവേളയില്‍ രക്തചംക്രമണം പരിമതപ്പെടുന്നതാണ്‌, ഹൃദയപേശികളിലെ കോശങ്ങളുടെ കൂട്ടനാശത്തിനിരയാക്കുന്നത്‌. ആ നാശത്തിന്റെ തോത്‌ പരിമിതപ്പെടുത്താനും ഹൃദയാഘാത തീവ്രത കുറയ്‌ക്കാനും സഹായിക്കുന്ന രാസാഗ്നിയും, തന്മാത്രാതലത്തില്‍ അതിന്റെ പ്രവര്‍ത്തനവുമാണ്‌ ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌.

ഒരു “ദേശാഭിമാനി” said...

പരീക്ഷണങ്ങൾ സഫലങ്ങളാകട്ടെ!

SHYAM said...

എന്തൊക്കെ വന്നാലും എലികള്‍ക്ക് കിടക്കപൊറുതി ഇല്ല്ല !!!