Tuesday, June 24, 2008

ചൊവ്വായില്‍ മണ്ണ്‌ മാന്തി; മഞ്ഞ്‌ കണ്ടു

ചൊവ്വായില്‍ മഞ്ഞുകട്ടകളുടെ രൂപത്തില്‍ വെള്ളമുണ്ട്‌ എന്നതിന്‌ 'കുറ്റമറ്റ തെളിവ്‌' ലഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസാവസാനം അവിടെയിറങ്ങിയ 'ഫീനിക്‌സ്‌' പേടകമാണ്‌ ഈ കണ്ടെത്തല്‍ നടത്തിയത്‌. ചൊവ്വ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ ചുറ്റിസഞ്ചരിക്കുന്ന വേളയില്‍ 'മാഴ്‌സ്‌ ഒഡിസ്സി' (Mars Odyssey)യെന്ന ബഹിരാകാശ പേടകം, ആ ഗ്രഹത്തിന്റെ ധ്രുവമേഖലയില്‍ പ്രതലത്തിന്‌ താഴെ മഞ്ഞുപാളികളുടെ വന്‍ശേഖരമുള്ളതായി സൂചന നല്‍കിയിരുന്നു. 2002-ലായിരുന്നു അത്‌. ആറ്‌ വര്‍ഷത്തിന്‌ ശേഷം ഇപ്പോഴിതാ, ചൊവ്വയിലെ മണ്ണ്‌ മാന്തി 'മഞ്ഞുകട്ടകള്‍' കണ്ടെത്താനായിരിക്കുന്നു. ചൊവ്വായുടെ ധ്രുവമേഖലയിറങ്ങിയ നാസയുടെ 'ഫീനിക്‌സ്‌' എന്ന മുക്കാലി പേടകമാണ്‌ സുപ്രധാനമായ ഈ കണ്ടെത്തല്‍ നടത്തിയത്‌.

ചൊവ്വായില്‍ മഞ്ഞുകട്ടകളുടെ രൂപത്തില്‍ വെള്ളമുണ്ട്‌ എന്നതിന്‌ 'കുറ്റമറ്റ തെളിവ്‌' ലഭിച്ചിരിക്കുന്നു എന്ന്‌ ജൂണ്‍ 19-നാണ്‌, 'മാഴ്‌സ്‌ ഫീനിക്‌സ്‌ ലാന്‍ഡര്‍' ദൗത്യത്തിന്റെ മേധാവി പീറ്റര്‍ സ്‌മിത്ത്‌ പ്രസ്‌താവന വഴി ലോകത്തെ അറിയിച്ചത്‌. ഫീനിക്‌സിന്റെ യന്ത്രക്കരം മണ്ണുമാന്തിയുണ്ടാക്കിയ ചാലില്‍ വെളുത്തു തിളങ്ങുന്ന ചില കട്ടകള്‍ ഉള്ളതായി ജൂണ്‍ 15-ന്‌ ലഭിച്ച ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതില്‍ ചിലത്‌ ഉരുകിയതായി ജൂണ്‍ 19-ന്‌ എടുത്ത ചിത്രത്തില്‍ കണ്ടു. ഇതാണ്‌ ചൊവ്വായില്‍ വെള്ളമുണ്ട്‌ എന്നതിന്റെ പുതിയ തെളിവെന്ന്‌ ഗവേഷകര്‍ പറയുന്നു.

ഫീനിക്‌സിന്റെ യന്ത്രക്കരങ്ങള്‍ മാന്തിയെടുത്തത്‌ ലവണക്കട്ടകളാണോ എന്ന്‌ സംശയമുണ്ടായേക്കാം, എന്നാല്‍ ലവണക്കട്ടകള്‍ ഇത്തരത്തില്‍ ഉരുകി ബാഷ്‌പീകരിക്കപ്പെടില്ല-സ്‌മിത്ത്‌ അറിയിക്കുന്നു. അവ ഖനീഭവിച്ച കാര്‍ബണ്‍ഡയോക്‌്‌സയിഡ്‌ കട്ടകളാകാനും തരമില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. കാരണം, ജൂണ്‍ 15-ന്‌ തോണ്ടിയെടുത്ത കട്ടകള്‍ 19-ഓടെയാണ്‌ ഉരുകിത്തീര്‍ന്നത്‌. ചൊവ്വായിലെ കാലാവസ്ഥയും അന്തരീക്ഷതാപനിലയും അനുസരിച്ച്‌ കാര്‍ബണ്‍ഡയോക്‌സയിഡ്‌ കട്ടകള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ബാഷ്‌പീകരിക്കാതെ സ്ഥിതിചെയ്യാന്‍ സാധ്യമല്ല-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്‌ ജലം തന്നെയാണ്‌ മഞ്ഞുകട്ടയുടെ രൂപത്തില്‍ കാണപ്പെട്ടതെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ജീവന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം ജലമാണ്‌. ജലമുണ്ടെന്ന്‌ പറഞ്ഞാല്‍ അതിനര്‍ഥം, അവിടെ ജീവന്റെ അടിസ്ഥനഘടകം ഉണ്ടെന്നാണ്‌. തീര്‍ച്ചയായും ചൊവ്വയില്‍ ജീവന്‍ ഉണ്ടാകാനോ, ഒരുകാലത്ത്‌ ഉണ്ടായിരുന്നിരിക്കാനോ ഉളള സാധ്യതയാണ്‌ ജലത്തിന്റെ സാന്നിധ്യം മുന്നോട്ടു വെക്കുന്നത്‌. ചൊവ്വായില്‍ മഞ്ഞുകട്ട കണ്ടെത്തി എന്ന വാര്‍ത്തയുടെ പ്രാധാന്യവും അവിടെയാണ്‌. ചൊവ്വായുടെ ധ്രുവപ്രദേശം വാസയോഗ്യമാണോ എന്ന്‌ മനസിലാക്കാനാണ്‌ ഫീനിക്‌സിനെ അയച്ചിരിക്കുന്നത്‌. ചൊവ്വയിലെ മണ്ണ്‌ കുഴിച്ചു പരിശോധിക്കുന്നത്‌ ആദ്യമായാണ്‌.

2007 ആഗസ്‌ത്‌ നാലിന്‌ അമേരിക്കയില്‍ ഫ്‌ളോറിഡയിലെ കേപ്‌ കാനവെറല്‍ എയര്‍ഫോഴ്‌സ്‌ സ്‌റ്റേഷനില്‍നിന്ന്‌ ഡെല്‍റ്റ-2 റോക്കറ്റില്‍ വിക്ഷേപിച്ച ഫീനിക്‌സ്‌ പേടകം, കഴിഞ്ഞ മെയ്‌ 25-നാണ്‌ ചൊവ്വായില്‍ വിജയകരമായി ഇറങ്ങിയത്‌. 68 കോടി കിലോമീറ്റര്‍ പേടകം യാത്ര ചെയ്‌തു. മുമ്പ്‌ റദ്ദാക്കിയ രണ്ട്‌ ചൊവ്വദൗത്യങ്ങളുടെ ഉപകരണങ്ങളാണ്‌ ഫീനിക്‌സില്‍ മുഖ്യമായും നാസ ഉപയോഗിച്ചിരിക്കുന്നത്‌. യന്ത്രക്കരം ഉപയോഗിച്ച്‌ ചൊവ്വയിലെ മണ്ണ്‌ കുഴിച്ച്‌ മ്‌ഞ്ഞിന്റെയും ജലത്തിന്റെയും സാന്നിധ്യം മനസിലാക്കാനാണ്‌ ഫീനിക്‌സിനെ പ്രധാമായും ഉപയോഗിക്കുക. ആ നിലയ്‌ക്ക്‌ ഫീനിക്‌സ്‌ ഉജ്ജ്വല വിജയമാണ്‌ ഇപ്പോള്‍ തന്നെ നേടിയിരിക്കുന്നത്‌.(കടപ്പാട്‌: നാസ, നാഷണല്‍ ജ്യോഗ്രഫിഫ്‌ ന്യൂസ്‌).

4 comments:

Joseph Antony said...

ജീവന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം ജലമാണ്‌. ജലമുണ്ടെന്ന്‌ പറഞ്ഞാല്‍ അതിനര്‍ഥം, അവിടെ ജീവന്റെ അടിസ്ഥനഘടകം ഉണ്ടെന്നാണ്‌. തീര്‍ച്ചയായും ചൊവ്വയില്‍ ജീവന്‍ ഉണ്ടാകാനോ, ഒരുകാലത്ത്‌ ഉണ്ടായിരുന്നിരിക്കാനോ ഉളള സാധ്യതയാണ്‌ ജലത്തിന്റെ സാന്നിധ്യം മുന്നോട്ടു വെക്കുന്നത്‌. ചൊവ്വായില്‍ മഞ്ഞുകട്ട കണ്ടെത്തി എന്ന വാര്‍ത്തയുടെ പ്രാധാന്യവും അവിടെയാണ്‌.

മുക്കുവന്‍ said...

oru kochu koora vakkan sthalam avideyelum kitto aavo?

ശ്രീ said...

നല്ല വാര്‍ത്ത

മുസാഫിര്‍ said...

ഈ ശാസ്ത്രശാഖയിലെ വലിയൊരു ചുവട് വെപ്പാണല്ലോ ഇത്.ടി വി ന്യൂസില്‍ അറിഞ്ഞിരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി.