Thursday, May 01, 2008

സൗരയൂഥത്തില്‍ ഒരു 'മലയാളി'കൂടി

സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹങ്ങളില്‍ (asteroids) ഒന്നിന്‌ ഇനി മലയാളിയുടെ പേര്‌. കൊല്ലം ശ്രീനാരായണ കോളേജിലെ സുവോളജി അധ്യാപകനും പരിസ്ഥിതി ഗവേഷകനുമായ ഡോ.സൈനുദ്ദീന്‍ പട്ടാഴിയുടെ പേരിലാണ്‌ ക്ഷുദ്രഗ്രഹം അറിയപ്പെടുക.

മലയാളിയുടെ പേര്‌ ക്ഷുദ്രഗ്രഹത്തിനിടുന്നത്‌ ഇത്‌ രണ്ടാം തവണയാണ്‌. തലശ്ശേരി സ്വദേശിയും പ്രമുഖ വാനശാസ്‌ത്രജ്ഞനുമായിരുന്ന ഡോ. എം.കെ.വി.ബാപ്പു എന്ന വേണു ബാപ്പു(വെയ്‌നു ബാപ്പു)വിന്റെ പേരില്‍ മുമ്പൊരു ക്ഷുദ്രഗ്രഹം നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്‌.

'5178 നമ്പര്‍ സിഡി4' എന്ന ക്ഷുദ്രഗ്രഹം ഇനി മുതല്‍ '5178 പട്ടാഴി' (5178 Pattazhy) എന്ന പേരിലാവും അറിയപ്പെടുക. യഥാര്‍ഥത്തില്‍ പത്തനാപുരം താലൂക്കിലെ പട്ടാഴി ഗ്രാമമാണ്‌, ഡോ.സൈനുദ്ദീനിലൂടെ ഖ്യാതി നേടിയിരിക്കുന്നത്‌. പരിസ്ഥിതിരംഗത്ത്‌ ഡോ.സൈനുദ്ദീന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയാണ്‌ ക്ഷുദ്രഗ്രഹത്തിന്‌ അദ്ദേഹത്തിന്റെ പേരിട്ടത്‌.

നെതര്‍ലന്‍ഡുകാരനായ ആര്‍. രാജമോഹനാണ്‌ 1989 ഫിബ്രവരി ഒന്നിന്‌ സിഡി4 എന്ന ക്ഷുദ്രഗ്രഹം കണ്ടെത്തിയത്‌. വിവിധ രംഗങ്ങളില്‍ പ്രശസ്‌തമായ നിലയില്‍ സേവനമനുഷ്‌ഠിക്കുന്ന ശാസ്‌ത്രജ്ഞരുടെ പേരുകളാണ്‌ നാസ ക്ഷുദ്രഗ്രഹങ്ങള്‍ക്ക്‌ നല്‍കാറ്‌. വര്‍ണമഴ, കൊതുകുകളുടെ ജൈവനിയന്ത്രണം, മൊബൈല്‍ ടവറുകള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, കാവുകളുടെ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ.സൈനുദ്ദീന്‍, ഒട്ടേറെ പഠനപ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളിലും ഇന്റര്‍നെറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇത്തരം വിവരങ്ങള്‍ ക്രോഡീകരിക്കുന്ന നാസയുടെ ജറ്റ്‌ പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (JPL)യും, അതിന്‌ മേല്‍നോട്ടം വഹിക്കുന്ന കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌)യുമാണ്‌ ക്ഷുദ്രഗ്രഹങ്ങളുടെ നാമകരണം നടത്തുന്നത്‌. ഇന്ത്യയില്‍നിന്ന്‌ ഒരു പരിസ്ഥിതി ഗവേഷകന്റെ പേര്‌ ക്ഷുദ്രഗ്രഹത്തിന്‌ ഇടുന്നത്‌ ആദ്യമായാണ്‌. ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ.സൈനുദ്ദീന്‍, കേരള പരിസ്ഥിതിഗവേഷക അസോസിയേഷന്‍ പ്രസിഡന്റ്‌ കൂടിയാണ്‌. ആരോഗ്യ വകുപ്പില്‍ ജീവനക്കാരിയായ സൗദാബീഗമാണ്‌ ഭാര്യ. കൊല്ലം കരിക്കോട്‌ ടി.കെ.എം.പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ഥികളായ നിഖില്‍, നിതിന്‍ എന്നിവര്‍ മക്കളും.

സൗരയൂഥത്തില്‍ ചൊവ്വായ്‌ക്കും വ്യാഴത്തിനുമിടയിലാണ്‌ ക്ഷുദ്രഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. 'മുഖ്യക്ഷുദ്രഗ്രഹ ബെല്‍ട്ട്‌'(Main Asteriod belt) എന്നാണ്‌ ഈ ഭാഗം അറിയപ്പെടുന്നത്‌. ലക്ഷക്കണക്കിന്‌ ക്ഷുദ്രഗ്രഹങ്ങള്‍ ആ സൗരയൂഥ ഭാഗത്തുണ്ട്‌. ഒരു കിലോമീറ്ററും അതില്‍ മുകളിലും വ്യാസമുള്ള ഏഴ്‌ ലക്ഷം മുതല്‍ 17 ലക്ഷം വരെ വസ്‌തുക്കള്‍ അവിടെ ഉണ്ടാകാമെന്നാണ്‌ സര്‍വെകള്‍ സൂചിപ്പിച്ചിട്ടുള്ളത്‌. നൂറുകിലോമീറ്ററിലേറെ വ്യാസമുള്ളവയുടെ എണ്ണം 200 വരും. സിറിസ്‌ (Ceres), 4 വിസ്‌ത (4 Vesta), 2 പല്ലാസ്‌ (2 Pallas), 10 ഹൈജിയ (10 Hygiea) എന്നിവയാണ്‌ ക്ഷുദ്രഗ്രഹങ്ങളിലെ ഭീമന്‍മാര്‍. ഇവയില്‍ തുടങ്ങുന്ന ക്ഷുദ്രഗ്രഹങ്ങളുടെ ബൃഹത്‌ പട്ടികയിലാണ്‌ 5178 പട്ടാഴിയും ഉള്‍പ്പെടുന്നത്‌. (കടപ്പാട്‌: മാതൃഭൂമി, മലയാള മനോരമ, നാസ, വിക്കിപീഡിയ).

2 comments:

Joseph Antony said...

'5178 നമ്പര്‍ സിഡി4' എന്ന ക്ഷുദ്രഗ്രഹം ഇനി മുതല്‍ '5178 പട്ടാഴി' (5178 ജമേേമ്വവ്യ) എന്ന പേരിലാവും അറിയപ്പെടുക. യഥാര്‍ഥത്തില്‍ പത്തനാപുരം താലൂക്കിലെ പട്ടാഴി ഗ്രാമമാണ്‌, ഡോ.സൈനുദ്ദീനിലൂടെ ഖ്യാതി നേടിയിരിക്കുന്നത്‌. പരിസ്ഥിതിരംഗത്ത്‌ ഡോ.സൈനുദ്ദീന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയാണ്‌ ക്ഷുദ്രഗ്രഹത്തിന്‌ അദ്ദേഹത്തിന്റെ പേരിട്ടത്‌.

നരേന്‍..!! (Sudeep Mp) said...

nandi vivarangalk....!!!