Tuesday, October 02, 2007

ബഹിരാകാശയുഗം പിറന്നിട്ട്‌ അരനൂറ്റാണ്ട്‌

സോവിയറ്റ്‌ യൂണിയന്‍ 'സ്‌പുട്‌നിക്ക്‌' വിക്ഷേപിച്ചതോടെയാണ്‌ ബഹിരാകാശയുഗത്തിലേക്ക്‌ മനുഷ്യന്‍ പാദമൂന്നിയത്‌. ഇന്ന്‌ ഈ രംഗം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം മാറിയിരിക്കുന്നു. ചൊവ്വായിലേക്ക്‌ ആളെ അയയ്‌ക്കാന്‍ ആലോചന നടക്കുന്നു. ബഹിരാകാശ ടൂറിസവും തുടങ്ങിയിരിക്കുന്നു. എല്ലാം ആരംഭിച്ചത്‌ സ്‌പുട്‌നിക്കിന്റെ വിക്ഷപണത്തോട. ആ ചരിത്ര മുഹൂര്‍ത്തത്തിന്‌ ഒക്ടോബര്‍ നാലില്‍ അമ്പതു വര്‍ഷം തികയുന്നു.

ബഹിരാകാശം മനുഷ്യനെ എന്നും മോഹിപ്പിച്ചിരുന്നു. അവിടെ പോകാന്‍. എന്താണ്‌ ആ മായാലോകത്ത്‌ ഉള്ളതെന്ന്‌ മനസിലാക്കാന്‍. മനുഷ്യവര്‍ഗ്ഗത്തിന്റെ ബാല്യം മുതല്‍ ഇത്തരമൊരു ജിജ്ഞാസയും കൗതുകവും നിലനിന്നിരുന്നു. എന്നാല്‍, ആ അജ്ഞാതലോകത്തേക്ക്‌ മനുഷ്യന്‌ എത്തിപ്പിടിക്കാന്‍ സാധിച്ചിട്ട്‌ അരനൂറ്റാണ്ട്‌ തികയുന്നതേയുള്ളു. 1957 ഒക്ടോബര്‍ നാലിന്‌ 'സ്‌പുട്‌നിക്‌' പേടകം ഭ്രമണപഥത്തിലെത്തിയതോയാണ്‌ പുത്തന്‍ യുഗത്തിന്റെ തുടക്കം. സോവിയറ്റ്‌ യൂണയന്‍ വിക്ഷേപിച്ച ആ ഗോളാകൃതിയിലുള്ള പേടകമാണ്‌ ബഹിരാകാശത്തെത്തുന്ന ആദ്യ മനുഷ്യനിര്‍മിത ഉപഗ്രഹം.

റോക്കറ്റുകള്‍ വികസിപ്പിച്ചുകൊണ്ടാണ്‌ മനുഷ്യന്‍ ബഹിരാകാശ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചത്‌. ഭൂമിയുടെ ഗുരുത്വാകര്‍ഷബലം അതിജീവിച്ച്‌ മുകളിലെത്താനായിരുന്നു അത്‌. പിന്നീട്‌ ഉപഗ്രഹങ്ങള്‍; അതിനു പിന്നാലെ മനുഷ്യനെ തന്നെ ബഹിരാകാശത്തെത്തിച്ചു. ഭൂമിയെപ്പറ്റിയും പ്രപഞ്ചത്തെക്കുറിച്ചും നിലവിലുള്ള ധാരണകളില്‍ വലിയൊരു പങ്ക്‌ ബഹിരാകാശ പര്യവേക്ഷണത്തിലൂടെ മനുഷ്യന്‌ ലഭിച്ചതാണ്‌. ഒടുവില്‍ ഗോളാന്തര യാത്രയും മനുഷ്യന്‌ സാധ്യമായി. 12 പേര്‍ ചന്ദ്രനില്‍ പോയി വന്നു. ഇന്നിപ്പോള്‍ ചൊവ്വായിലേക്ക്‌ മനുഷ്യനെ അയയ്‌ക്കാനുള്ള ആലോചന തുടങ്ങിയിരിക്കുന്നു. 2035-ഓടെ മനുഷ്യന്‍ ചൊവ്വാപ്രതലത്തിലിറങ്ങുമെന്നാണ്‌ നാസ അധികൃതര്‍ പ്രവചിച്ചിട്ടുള്ളത്‌.

തുടക്കം റോക്കറ്റില്‍ നിന്നായിരുന്നുവെന്ന്‌ സൂചിപ്പിച്ചല്ലോ. ബഹിരാകാശത്തെത്താന്‍ ബഹുഘട്ട റോക്കറ്റ്‌ എന്ന ആശയം ആദ്യം മുന്നോട്ടു വെയ്‌ക്കുന്നത്‌ എഡ്വാര്‍ഡോവിച്ച്‌ ടിസിയോല്‍ക്കോവിസ്‌ക്കി (1857-1935) ആണ്‌. അവയില്‍ ദ്രാവക ഓക്‌സിജനും ഹൈഡ്രജനും ഇന്ധനമായി ഉപയോഗിക്കാമെന്ന്‌ നിര്‍ദ്ദേശിക്കുന്നതും അദ്ദേഹമായിരുന്നു. ദ്രാവക ഓക്‌സിജനും പെട്രോളും ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റുകള്‍ റോബര്‍ട്ട്‌ ഹച്ചിങ്‌സ്‌ ഗോദ്ദാര്‍ഡ്‌ (1882-1945) ആദ്യമായി നിര്‍മിച്ചു. 1937-ല്‍ അത്തരമൊരു റോക്കറ്റ്‌ ഭൂമിക്ക്‌ മുകളില്‍ രണ്ടര കിലോമീറ്റര്‍ ദൂരം വരെ എത്തുകയും ചെയ്‌തു. ഹെര്‍മാന്‍ ഒബെര്‍ത്ത്‌ (1894-1990) ആണ്‌ റോക്കറ്റ്‌ വിക്ഷേപണം സംബന്ധിച്ച സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്‌. ജര്‍മനിയുടെ V2 റോക്കറ്റുകള്‍ ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിവയാണ്‌. രണ്ടാംലോക മഹായുദ്ധകാലത്ത്‌ വേണ്‍ഹര്‍ മാഗ്നസ്‌ വോന്‍ ബ്രോന്‍ (1912-1977) V2 റോക്കറ്റുകളെ കുറ്റമറ്റ രീതിയില്‍ രൂപകല്‍പ്പന ചെയ്‌തു.


അമേരിക്കന്‍ ഭൗതീകശാസ്‌ത്രജ്ഞനായ ജയിംസ്‌ വാന്‍ അലന്‍ ആണ്‌, സൂര്യനില്‍ നിന്നെത്തുന്ന ചാര്‍ജുള്ള കണങ്ങളെ അന്തരീക്ഷത്തിന്റെ ഭൗമകാന്തിക മണ്ഡലം തടഞ്ഞു നിര്‍ത്തുന്ന ഒരു അതിര്‍ത്തി പ്രദേശം ഉണ്ടെന്ന്‌ കണ്ടത്തുന്നത്‌. ആ പ്രദേശത്തിന്‌ 'വാന്‍ അലന്‍ ബെല്‍റ്റ്‌സ്‌' എന്നാണ്‌ പേര്‌. അന്തരീക്ഷത്തിലെ മാഗ്നെറ്റോസ്‌ഫിയര്‍ ആണത്‌. 1958-ല്‍ ഭ്രമണപഥത്തിലെത്തിയ ആദ്യ അമേരിക്കന്‍ ഉപഗ്രഹമായ 'എക്‌സ്‌പ്ലോറര്‍ 1'- ലെ ഗിയ്‌ഗര്‍ കൗണ്ടറുകളുപയോഗിച്ചു നടത്തിയ പഠനത്തിലാണ്‌ 'വാന്‍ അലന്‍ ബെല്‍റ്റ്‌സ്‌' കണ്ടെത്തിയത്‌. ആ കണ്ടെത്തല്‍ ഭാവി ബഹിരാകാശ പര്യടനത്തില്‍ നിര്‍ണായകമായി മാറി.

ആദ്യ ഉപഗ്രഹം സോവിയറ്റ്‌ യൂണിയന്റെ 'സ്‌പുട്‌നിക്ക്‌ -1' ആണ്‌. 84 കിലോഗ്രാം ഭാരമുണ്ടായിരുന്ന സ്‌പുട്‌നിക്കിന്‌. സ്‌പുട്‌നിക്ക്‌ വിക്ഷേപിച്ചിട്ട്‌ ഇപ്പോള്‍ അരനൂറ്റാണ്ട്‌ തികയുന്നു. പ്രശസ്‌ത സോവിയറ്റ്‌ റോക്കറ്റ്‌ എഞ്ചിനിയറായിരുന്ന സെര്‍ജി പാവോല്‍വിച്ച്‌ കൊറോലെവ്‌ (1907-1966) ആയിരുന്നു സ്‌പുട്‌നിക്ക്‌ വിക്ഷേപിക്കാനുള്ള റോക്കറ്റ്‌ യന്ത്രം രൂപകല്‍പ്പന ചെയ്‌തത്‌. ദ്രാവകഇന്ധനമാണ്‌ അതില്‍ ഉപയോഗിച്ചത്‌. 1961-ല്‍ ബഹിരാകാശത്ത്‌ ആദ്യമായി മനുഷ്യനെ (യൂറി ഗഗാറിന്‍) എത്തിക്കാനുള്ള ബഹിരാകാശ വാഹനം വിക്ഷേപിച്ചതും അദ്ദേഹം രൂപപ്പെടുത്തിയ റോക്കിലാണ്‌. മാത്രമല്ല, ശുക്രനില്‍ ആദ്യമിറങ്ങിയ മനുഷ്യനിര്‍മിത വാഹനമായ, സോവിയറ്റ്‌ യൂണിയന്റെ 'വെനെറ-3'(Venera 3) വിക്ഷേപിച്ചതും കൊറോലെവ്‌ നിര്‍മിച്ച റോക്കറ്റിലായിരുന്നു.

ശീതയുദ്ധകാലത്ത്‌ അമേരിക്കയും സോവിയറ്റു യൂണിയനും തമ്മില്‍ നടന്ന കിടമത്സരം ബഹിരാകാശ മേഖലയിലാണ്‌ ഏറെ പ്രതിഫലിച്ചത്‌. ചന്ദ്രപര്യവേക്ഷണത്തിന്‌ സോവിയറ്റ്‌ യൂണിയന്‍ 'ലൂണാ പ്രോഗ്രാ'മുമായി രംഗത്തെത്തിയപ്പോള്‍, അമേരിക്ക 'റേഞ്ചര്‍ പ്രോഗ്രാം' യാഥാര്‍ഥ്യമാക്കി. പിന്നീട്‌ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള അപ്പോളോ പ്രോഗ്രാം അമേരിക്ക തുടങ്ങി. അപ്പോളോ 11-ലെ യാത്രികനായ നീല്‍ ആംസ്‌ട്രോങ്‌ 1969 ജൂലായ്‌ 20-ന്‌ ചന്ദ്രപ്രതലത്തില്‍ കലുകുത്തുന്ന ആദ്യ മനുഷ്യനായി. രണ്ടാംലോക മഹായുദ്ധത്തിന്‌ ശേഷം അമേരിക്കയിലെത്തിയ ജര്‍മന്‍ റോക്കറ്റ്‌ വിദഗ്‌ധന്‍ വോന്‍ ബ്രോനിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌, അപ്പോളോ പ്രോഗ്രാമിന്‌ ആവശ്യമായ 'സാറ്റേണ്‍ വി റോക്കറ്റ്‌ ' രൂപകല്‍പ്പന ചെയ്‌തത്‌. ഭൂമിയുടെ പലായനപ്രവേഗം അതിജീവിച്ച്‌ 40 ടണ്‍ ഭാരം വിക്ഷേപിക്കാനുള്ള കരുത്ത്‌ ആ റോക്കറ്റിനുണ്ടായിരുന്നു. ചന്ദ്രനില്‍ 12 അമേരിക്കക്കാര്‍ പോയി വന്നു. ചന്ദ്രനെക്കുറിച്ചും ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുമുള്ള അറിവ്‌ പതിന്മടങ്ങ്‌ വര്‍ധിക്കാന്‍ ആ യാത്രകള്‍ സഹായകമായി.

1960-കളില്‍ ഒട്ടേറെ അമേരിക്കക്കാരും റഷ്യക്കാരും ബഹിരാകാശത്ത്‌ ഭൂമിയെ വലംവെച്ചു. ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ജോണ്‍ എച്ച്‌. ഗ്ലിന്‍ ആണ്‌; 1962-ല്‍. അദ്ദേഹം 1998-ല്‍ വീണ്ടും ബഹിരാകാശയാത്ര നടത്തി ചരിത്രം സൃഷ്ടിച്ചു. രണ്ടാമത്തെ യാത്രയില്‍ ഏറ്റവും പ്രായമേറിയ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയെന്ന പദവിയാണ്‌ അദ്ദേഹം കരസ്ഥമാക്കിയത്‌. 1963-ല്‍ സോവിയറ്റ്‌ യൂണിയന്റെ വാലന്റീന തെരഷ്‌ക്കോവ ബഹിരാകാശത്തെത്തുന്ന ആദ്യ വനിതയായി. 1965 മാര്‍ച്ചില്‍ മനുഷ്യന്‍ ആദ്യമായി ബഹിരാകാശത്തു നടന്നു; സോവിയറ്റ്‌ യൂണിയന്റെ 'വോസ്‌ഖോഡ്‌-2' വാഹനത്തില്‍ പോയ അലെക്‌സി ലിയോനോവാണ്‌ ആദ്യമായി ബഹിരാകാശനടത്തം യാഥാര്‍ഥ്യമാക്കിയത്‌. മൂന്നു മാസത്തിന്‌ ശേഷം അമേരിക്കക്കാരനായ എഡ്വേര്‍ഡ്‌ എച്ച്‌. വൈറ്റും ബഹിരാകാശത്തു നടന്നു. മനുഷ്യന്‌ കുറഞ്ഞത്‌ രണ്ടാഴ്‌ചക്കാലം ബഹിരാകാശത്ത്‌ കഴിയാനാകുമെന്ന്‌ ആദ്യമായി തെളിയിച്ചത്‌ അമേരിക്കയുടെ ജമിനി ദൗത്യങ്ങളാണ്‌; 1965, 1966 വര്‍ഷങ്ങളില്‍.

1960-കളില്‍ ബഹിരാകാശ പര്യവേക്ഷണ രംഗത്തുണ്ടായ മറ്റൊരു മുന്നേറ്റം പോളാര്‍ ഉപഗ്രഹങ്ങളുടെ കടന്നു വരവാണ്‌. ഭൗമാന്തരീക്ഷത്തെക്കുറിച്ചും, ഭൗമപ്രതലത്തെക്കുറിച്ചുമൊക്കെ ഉപഗ്രഹങ്ങളില്‍ നിന്നു വിവരങ്ങള്‍ ലഭിക്കുമെന്ന സ്ഥിതിവന്നു. മേഘങ്ങളെ നിരീക്ഷിക്കാന്‍ അയച്ച 'ടിറോസ്‌' ഉപഗ്രഹങ്ങള്‍ കാലാവസ്ഥാ പ്രവചനം അനായാസമാക്കി. 1972-ല്‍ 'ലാന്‍സാറ്റ്‌-1' രംഗത്ത്‌ എത്തിയതോടെയാണ്‌ ഭൗമപ്രതലത്തിന്റെ റിമോട്ട്‌ സെന്‍സിങ്‌ ആരംഭിച്ചത്‌. 1999 സപ്‌തംബറില്‍ വിക്ഷേപിച്ച 'ഐക്കൊന്‍സ്‌' ഉപഗ്രഹത്തിന്റെ സഹായത്തോടെ, ഭൗമപ്രതലത്തിലെ ഒരു മീറ്റര്‍ വലിപ്പമുള്ള വസ്‌തുക്കളുടെ വരെ വ്യക്തമായ ചിത്രമെടുക്കാം എന്ന സ്ഥിതിവന്നു. ഭൂസ്ഥിരഭ്രമണപഥത്തിന്റെ കണ്ടെത്തല്‍, വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ കടന്നു വരവിന്‌ ഇടയാക്കി. ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളിലൊന്ന്‌ 1963 ജൂലായില്‍ ഭ്രമണപഥത്തിലെത്തിച്ച 'സിന്‍കോം 2' ആയിരുന്നു.

1970-കളില്‍ സൗരയൂഥത്തിന്റെ വിദൂരഭാഗങ്ങളെ അടുത്തറിയാനായി ശ്രമം. അമേരിക്കയുടെ നാസ അതിനായി മറീനര്‍, പയനീയര്‍, വിക്കിങ്‌, വൊയേജര്‍ ദൗത്യങ്ങള്‍ അയച്ചു. സോവിയറ്റ്‌ യൂണിയന്‍ ചൊവ്വായിലും ശുക്രനിലും വിശദമായ പര്യവേക്ഷണങ്ങള്‍ നടത്തി. സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും ആധുനിക മനുഷ്യന്റെ വിജ്ഞാനമണ്ഡലം വികസിച്ചത്‌ ഇത്തരം പര്യവേക്ഷണങ്ങള്‍ വഴിയാണ്‌. എഴുപതുകളുടെ തുടക്കത്തില്‍ തന്നെയാണ്‌ അമേരിക്ക 'സ്‌കൈലാബ്‌' എന്ന ബഹിരാകാശ പരീക്ഷണശാലയും ഭ്രമണപഥത്തിലെത്തിച്ചത്‌. 1973-ല്‍ ഒട്ടേറെ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ സ്‌കൈലാബില്‍ പ്രവര്‍ത്തിച്ച്‌ അനുഭവസമ്പത്ത്‌ വര്‍ധിപ്പിച്ചു. സല്യൂട്ട്‌, കോസ്‌മോസ്‌ സ്‌പേസ്‌ക്രാഫ്‌ട്‌ എന്നിവയ്‌ക്കു ശേഷം 1986-ല്‍ സോവിയറ്റ്‌ യൂണിയന്‍ 'മിര്‍' ബഹിരാകാശ നിലയം ഭ്രമണപഥത്തിലെത്തിച്ചു. ഒട്ടേറെ ബഹിരാകാശ പരീക്ഷണങ്ങള്‍ അതില്‍ നടന്നു.

യു.എസ്‌.സ്‌പേസ്‌ഷട്ടില്‍ പ്രോഗ്രാം ആരംഭിക്കുന്നത്‌ 1981-ലാണ്‌. ബഹിരാകാശത്തെത്തി അവിടുത്ത ദൗത്യം പൂര്‍ത്തിയായ ശേഷം തിരിച്ച്‌ ഭൂമിയിലിറക്കാവുന്ന വാഹനങ്ങളാണ്‌ സ്‌പേസ്‌ഷട്ടിലുകള്‍. ഉപഗ്രഹങ്ങളെയും മറ്റും ഇത്തരം ഷട്ടിലുകളില്‍ ബഹിരകാശത്തെത്തിക്കാനാവും. ഭ്രമണപഥത്തിലെത്തി അവിടെ വെച്ച്‌ പരീക്ഷണങ്ങള്‍ നടത്താനും കഴിയും. ഒരോ സ്‌പേസ്‌ഷട്ടില്‍ യാത്രയും കുറഞ്ഞത്‌ പത്തുദിവസം വരെ നീളുന്നവയാണ്‌. യൂറോപ്യന്‍ സ്‌പേസ്‌ലാബ്‌ പോലുള്ള പരീക്ഷണശാലകളെയും വഹിക്കാന്‍ പിന്നീട്‌ ഷട്ടിലുകള്‍ക്ക്‌ കഴിഞ്ഞു. അത്തരമൊരു സ്‌പേസ്‌ലാബില്‍ 1983-ല്‍ പരീക്ഷണത്തിന്‌ പോയ യുല്‍ഫ്‌ മെര്‍ബോര്‍ഡാ ആണ്‌ ആദ്യ യൂറോപ്യന്‍ അസ്‌ട്രോണട്ട്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും കൂടാതെ, യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും ജപ്പാനും ഇന്ത്യയും തങ്ങളുടേതായ ബഹിരാകാശ പരിപാടികള്‍ 1960-കള്‍ മുതല്‍ വികസിപ്പിച്ചു. സ്‌പേസ്‌ ടെലിസ്‌കോപ്പുകളും പ്രപഞ്ചത്തെ സസൂക്ഷ്‌മം നിരീക്ഷിച്ചു കൊണ്ട്‌ ഭ്രമണപഥത്തിലുണ്ട്‌.

സോവിയറ്റ്‌ വാഹനത്തില്‍ 1984-ല്‍ പോയ രാകേഷ്‌ ശര്‍മയാണ്‌ ബഹിരാകാശ യാത്ര നടത്തി ആദ്യ ഇന്ത്യക്കാരന്‍. ആ ബഹുമതി നേടിയ ആദ്യ ഇന്ത്യന്‍ വംശജ കല്‍പ്പന ചൗളയാണ്‌. നാസയുടെ യാത്രികയായിരുന്നു അവര്‍ 2003 ഫിബ്രവരി ഒന്നിന്‌ നാസയുടെ കൊളംബിയ ബഹിരാകാശ വാഹനം തകര്‍ന്നു മരിച്ച ഏഴ്‌ അസ്‌ട്രോനോട്ടുകളില്‍ ഒരാള്‍ കല്‍പ്പനയായിരുന്നു. സുനിത വില്യംസ്‌ ആണ്‌ ഏറ്റവുമൊടുവില്‍ ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യന്‍ വംശജ. അവരും നായുടെ യാത്രികയാണ്‌. 195 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ്‌ ചരിത്രം സൃഷ്ടിച്ച സുനിത 2007 ജൂണ്‍ 24-നാണ്‌ തിരികെ ഭൂമിയിലെത്തിയത്‌. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗവും കുതിപ്പിന്റെ പാതയിലാണ്‌. 2007 ജനവരി 22-ന്‌ ആദ്യമായി ഒരു ബഹിരാകാശ പേടകത്തെ സ്‌പേസിലെത്തിച്ചു തിരിച്ചു കൊണ്ടുവരിക വഴി (സ്‌പേസ്‌ കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ്‌-SRE-1), ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്‌.ആര്‍.ഒ. ഒരു നിര്‍ണയാക മുന്നേറ്റം കൂടി നടത്തി. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ 'ചന്ദ്രയാന്‍' അടുത്ത വര്‍ഷം യാത്രയാകുകയാണ്‌.

ഒറ്റപ്പെട്ട ശ്രമങ്ങള്‍ക്കു പകരം കൂട്ടായ സംരംഭങ്ങളാണ്‌ ബഹിരാകാശ പര്യവേക്ഷണത്തിന്‌ ആവശ്യമെന്ന കാഴ്‌ചപ്പാട്‌ വര്‍ധിച്ചു വരികയാണ്‌ ഇപ്പോള്‍. ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വായിലേക്കും യാത്ര ചെയ്യാനുള്ള ഇടത്താവളം എന്നു വിശേഷിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) അത്തരമൊരു കൂട്ടായ സംരംഭമാണ്‌. ശാസ്‌ത്രസംബന്ധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ വിക്ഷേപിക്കുന്ന ചെറു ഉപഗ്രഹങ്ങളും, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകള്‍ക്കുള്ള വാണിജ്യ ഉപഗ്രങ്ങള്‍ ഒക്കെ ഇന്ന്‌ സര്‍വസാധാരണമായിരിക്കുന്നു. താഴ്‌ന്ന വിതാനത്തില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹക്കൂട്ടങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ്‌ വിനിമയം അനായാസമാക്കുന്ന സംവിധാനം ഭാവിയില്‍ ഉരുത്തിരിഞ്ഞേക്കാം. ബഹിരാകാശ യാത്രയെന്നതു വളരെ ചെലവു കുറഞ്ഞ ഒന്നായി മാറിയേക്കാം. ബഹിരാകാശ ടൂറിസമെന്ന ആശയത്തിന്‌ ഇപ്പോള്‍ തന്നെ പ്രചാരം വര്‍ധിക്കുകയും, അത്‌ യാഥാര്‍ഥ്യമാകുകയും ചെയ്‌തിരിക്കുകയാണ്‌

.(അവലംബം: കേംബ്രിഡ്‌ജ്‌ ഡിക്ഷ്‌ണറി ഓഫ്‌ സയന്റിസ്റ്റ്‌സ്‌, സയന്‍സ്‌ ഗവേഷണവാരിക, വിക്കിപീഡിയ, നാസ)

1 comment:

Joseph Antony said...

ബഹിരാകാശ പര്യവേക്ഷണം മനുഷ്യന്റെ വിജ്ഞാന മണ്ഡലത്തെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം മാറ്റിയിരിക്കുന്നു. 84 നാലു കിലോഗ്രാം ഭാരമുള്ള, ഗോളാകൃതിയിലുള്ള, അങ്ങേയറ്റം അനാകര്‍ഷകമായ ഒരു പേടകത്തിന്റെ വിക്ഷേപണത്തോടെയായിരുന്നു ബഹിരാകാശയുഗത്തിന്റെ പിറവി. സോവിയറ്റ്‌ യൂണിയന്‍ 'സ്‌പുട്‌നിക്ക്‌-1' ഭ്രമണപഥത്തിലെത്തിച്ചിട്ട്‌ ഈ ഓക്ടോബര്‍ നാലിന്‌ അരനൂറ്റാണ്ട്‌ തികയുന്നു. ഈയവസരത്തില്‍ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലൂടെ ഒരു ചെറുപര്യടനം.