Sunday, September 23, 2007

അര്‍ബുദം ചെറുക്കാന്‍ കോശമാറ്റ രീതി

അന്യശരീരത്തില്‍ നിന്നുള്ള പ്രതിരോധകോശങ്ങള്‍ ഉപയോഗിച്ച്‌ അര്‍ബുദം ചെറുക്കാന്‍ വഴിതെളിയുന്നതായി റിപ്പോര്‍ട്ട്‌. ചിലരുടെ ശരീരത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേകയിനം പ്രതിരോധകോശത്തിന്‌ അര്‍ബുദം നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന കണ്ടെത്തല്‍ പുത്തന്‍ പ്രതീക്ഷയാവുകയാണ്‌. ഭാവിയില്‍ ഇത്തരം കോശങ്ങള്‍ മാറ്റിവെച്ച്‌ അര്‍ബുദരോഗികള്‍ക്ക്‌ മുക്തി നേടാന്‍ കഴിഞ്ഞേക്കും.

മനുഷ്യശരീരത്തിലെ 'ഗ്രാനുലോസൈറ്റുകള്‍' (granulocytes) എന്നയിനം പ്രതിരോധ കോശങ്ങള്‍ക്കാണ്‌ അര്‍ബുദ നശീകരണ ശേഷിയുള്ളതായി കണ്ടെത്തിയിരിക്കുന്നത്‌. ബാക്ടീരിയ ബാധയുണ്ടാകുമ്പോള്‍ അത്‌ അമര്‍ച്ച ചെയ്യാന്‍ മുഖ്യപങ്കു വഹിക്കുന്ന പ്രതിരോധകോശങ്ങളാണ്‌ ഗ്രാനുലോസൈറ്റുകള്‍. ഇവയ്‌ക്ക്‌ അര്‍ബുദ പ്രതിരോധത്തില്‍ ചെറിയ പങ്കേയുള്ളു എന്നാണ്‌ ഇത്രകാലവും കരുതിയിരുന്നത്‌. ആ സങ്കല്‍പ്പം തിരുത്താന്‍ സമയമായെന്ന്‌ 'ന്യൂ സയന്റിസ്‌റ്റ്‌' വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

നോര്‍ത്ത്‌ കരോലിനയില്‍ വേക്ക്‌ ഫോറസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ മെഡിസിനിലെ ഡോ.ഷെങ്‌ ക്യുയിയും സംഘവുമാണ്‌ പഠനം നടത്തിയത്‌. അണുബാധ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്ന പ്രതിരോധകോശങ്ങള്‍, അര്‍ബുദത്തെ ചെറുക്കാനും സഹായിക്കുന്നു എന്നകാര്യം പുതിയ അറിവല്ല. പക്ഷേ, അര്‍ബുദത്തിന്റെ കാര്യത്തില്‍ അത്ര വലിയ പങ്കില്ലെന്നു ഇതുവരെ കരുതിയ ഒരിനം പ്രതിരോധകോശങ്ങള്‍ക്ക്‌ രക്ഷകനാകാന്‍ കഴിയുമെന്നാണ്‌ പുതിയ പഠനം സൂചിപ്പിക്കുന്നത്‌.

നൂറു സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നുള്ള രക്തമുപയോഗിച്ച്‌ ഓരോരുത്തരുടെയും ഗ്രാനുലോസൈറ്റ്‌ കോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയാണ്‌ പഠനത്തിന്റെ ഭാഗമായി ചെയ്‌തത്‌. എന്നിട്ട്‌, അവ ഓരോന്നും പരീക്ഷണശാലയില്‍ ഗര്‍ഭാശയ അര്‍ബുദകോശങ്ങളുമായി കലര്‍ത്തി. ചിലരുടെ ഗ്രാനുലോസൈറ്റ്‌ കോശങ്ങള്‍ 97 ശതമാനം അര്‍ബുദ കോശങ്ങളെയും നശിപ്പിച്ചതായി ഡോ.ക്യുയിയും സംഘവും കണ്ടു. എന്നാല്‍, മറ്റു ചിലരുടെ ഗ്രാനുലോസൈറ്റ്‌ കോശങ്ങള്‍ കാര്യമായി ഫലം ചെയ്‌തില്ല. മാത്രമല്ല, ശൈത്യകാലത്ത്‌ ഈ കോശങ്ങള്‍ (ആരുടെ ശരീരത്തില്‍ നിന്നുള്ളതായാലും) അര്‍ബുദം നശിപ്പിക്കുന്നില്ലെന്നും വ്യക്തമായി.

എലികളില്‍ ഈ മാര്‍ഗ്ഗം പരീക്ഷിച്ചപ്പോള്‍, അര്‍ബുദ പ്രതിരോധശേഷിയുള്ള ഗ്രാനുലോസൈറ്റ്‌ കോശങ്ങള്‍ ഉപയോഗിച്ച്‌ രോഗം ഭേദമാക്കാന്‍ കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ ഈ രീതി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുമെന്ന്‌ ഡോ.ക്യുയി അറിയിച്ചു. ഇത്തരം കോശങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഇവ സുലഭമാണെന്നതാണ്‌. എന്നാല്‍, പ്രതിരോധ കോശങ്ങള്‍ മാറ്റിവെച്ചുള്ള ചികിത്സ അപകടം വരുത്തുമെന്ന്‌ വാദിക്കുന്ന വിദഗ്‌ധരും കുറവല്ല. പുതിയൊരു ശരീരത്തില്‍ പ്രതിരോധ കോശങ്ങള്‍ എത്തുമ്പോള്‍, ആ ശരീരം അന്യവസ്‌തുവെന്നു കരുതി ആക്രമിക്കപ്പെട്ടു എന്നു വരാമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.(അവലംബം: ന്യൂ സയന്റിസ്‌റ്റ്‌, കടപ്പാട്‌: മാതൃഭൂമി)

2 comments:

Joseph Antony said...

അന്യശരീരത്തില്‍ നിന്നുള്ള ചില പ്രത്യേകയിനം പ്രതിരോധകോശങ്ങള്‍ക്ക്‌ അര്‍ബുദം നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന്‌ കണ്ടെത്തല്‍. അര്‍ബുദ ചികിത്സയില്‍ വഴിത്തിരിവായേക്കാവുന്നതാണ്‌ ഈ കണ്ടെത്തലെന്ന്‌ വിലയിരുത്തപ്പെടുന്നു.

കല്യാണിക്കുട്ടി said...

Very informative.....