
സാരിന് (sarin), വി.എക്സ് (VX) തുടങ്ങി അങ്ങേയറ്റം അപകടകാരികളായ വിഷവാതകങ്ങളില്‍ നിന്നു പ്രതിരോധം നേടാന്‍ സഹായിക്കുന്ന അപൂര്‍വ ഔഷധമാണ് ആട്ടിന്‍പാലില്‍ നിന്ന് സൃഷ്ടിക്കുന്നത്. യുദ്ധമേഖലകളിലും ഭീകരാക്രമണവേളയിലും ഈ ഔഷധം അനുഗ്രഹമായേക്കും. രാസായുധങ്ങള്‍ക്കെതിരെയുള്ള വലിയൊരു മുന്നേറ്റമാണിത്.
സാരിന് പോലുള്ള വിഷവാതകങ്ങള്‍ 'ഓര്‍ഗാനോഫോസ്ഫേറ്റുകള്‍' (organophosphates) എന്നാണ് അറിയപ്പെടുന്നത്. ഇത്തരം രാസവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള 15 കിലോഗ്രാമോളം മരുന്ന് ആട്ടിന്‍പാലില്‍ നിന്ന് ഇതിനകം നിര്‍മിച്ചു കഴിഞ്ഞതായി 'പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'(PNAS)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പറയുന്നു.'ഫാംഅഥിന്‍' (PharmAthene) എന്ന അമേരിക്കന്‍ കമ്പനിയാണ് ഇതിന് പിന്നില്‍. 'ബ്യുട്ടൈറില്‍കോളിനെസ്റ്റിറാസ്'(butyrylcholinesterase) എന്ന രാസഘടകമാണ് 'പ്രൊട്ടെക്സിയ'(Protexia) എന്ന് താത്ക്കാലിക നാമം നല്‍കിയിട്ടുള്ള ഈ ഔഷധത്തിന്റെ ഉള്ളടക്കം.
യുദ്ധക്കളങ്ങളില്‍ വിഷവാതക ഭീഷണി നേരിടുന്ന സൈനികരെ ഉദ്ദേശിച്ച് യു.എസ്.പ്രതിരോധ വകുപ്പാണ് ഗവേഷണത്തിന് ഫണ്ട് നല്‍കുന്നത്. ഭീകരാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ഔഷധം പ്രയോജനപ്പെടുത്താനാകും. മനുഷ്യ ശരീരത്തില്‍ നാമമാത്രമായ തോതില്‍ അടങ്ങിയിട്ടുള്ള ഒരു രാസാഗ്നി (എന്‍സൈം)യാണ് 'ബ്യുട്ടൈറില്‍കോളിനെസ്റ്റിറാസ്'. രക്തത്തില്‍ നിന്ന് ഇത് വേര്‍തിരിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും കാര്യമായി വിജയിച്ചിട്ടില്ല.

മനുഷ്യരില്‍ 'ബ്യുട്ടൈറില്‍കോളിനെസ്റ്റിറാസി'ന് കാരണമായ ജീന്‍ ആടിന്റെ ഭ്രൂണത്തില്‍ ഒരു 'വാഹകഏജന്റി' (vector)ന്റെ സഹായത്തോടെ സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്ന്. അങ്ങനെയുണ്ടാകുന്ന ആടിന്റെ പാലില്‍ ഈ രാസവസ്തു വന്‍തോതില്‍ അടങ്ങിയിട്ടുണ്ടാകും. ചില ജനിതക നിയന്ത്രണഘടകങ്ങളുടെ സഹായത്തോടെ, ആടിന്റെ പാലില്‍ എത്ര ഔഷധം ഉത്പാദിപ്പിക്കണമെന്ന കാര്യം ക്രമീകരിക്കാനും ഗവേഷകര്‍ക്ക് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, ആടിന്റെ മറ്റ് ശരീരകലകളെ അപേക്ഷിച്ച് പാലില്‍ ഇത് കൂടുതല്‍ ഉണ്ടാക്കാനും സാധിച്ചു.
രക്തത്തില്‍ ദീര്‍ഘനേരം സാന്നിധ്യമുണ്ടാകും എന്നതാണ് പരീക്ഷണഘട്ടത്തിലുള്ള ഈ ഔഷധത്തിന്റെ മെച്ചം. അതിനാല്‍, രാസായുധ ഭീഷണിയുണ്ടെങ്കില്‍ മുന്‍കൂറായി ഇത് കഴിച്ച് ശരീരത്തെ സജ്ജമാക്കാനാകും. വിഷവാതകമേറ്റതിന് ശേഷം ഇത് കഴിച്ചാലും പ്രയോജനം ചെയ്യും-ഡോ.ലാന്‍ഗെര്‍മാന്‍ അറിയിക്കുന്നു. സാരിന് പോലുള്ള നെര്‍വ്ഗ്യാസു(nerve gas)കള്‍ക്കെതിരെ 'അട്രോപിന്‍' (atropine), '2-പാം'(2-PAM) എന്നീ മരുന്നുകള്‍ ഒരുമിച്ച് ഉപയോഗിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇവയുടെ സാന്നിധ്യം രക്തത്തില്‍ നിന്ന് വേഗം മറയും. അതിനാല്‍, വിഷവാതക പ്രയോഗത്തെ അതിജീവിച്ചാലും സൈനികര്‍ക്ക് കാര്യമായ സിരാതകരാര്‍(neurological damage) സംഭവിച്ചിട്ടുണ്ടാകും. ആ പ്രശ്നത്തിന് പുതിയ ഔഷധം പ്രതിവിധിയാകുന്നു.(അവലംബം: പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, കടപ്പാട്: മാതൃഭൂമി)