കേരള പ്രസ്സ് അക്കാദമിയുടെ 'മീഡിയ' ആഗസ്ത് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
കാലത്തിന് മുമ്പേ പിറക്കുന്ന ചില കണ്ടുപിടിത്തങ്ങളുണ്ട്. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാമെങ്കിലും ഭാവിയെ നിര്‍ണയിക്കുന്നത് ചിലപ്പോള്‍ അത്തരം മുന്നേറ്റങ്ങളാവും. ലേസറിന്റെ കണ്ടുപിടിത്തം അങ്ങനെയുള്ള ഒന്നായിരുന്നു.
1960 മെയ് 16 നാണ് ലേസര്‍ കണ്ടുപിടിക്കപ്പെട്ടത്. യു.എസില്‍ ഹ്യൂസ് റിസര്‍ച്ച് ലബോറട്ടറിയിലെ തിയോഡര്‍ മെയ്മന്‍ ഒരു റൂബിദണ്ഡിനെ ഉത്തേജിപ്പിച്ച് അതില്‍നിന്ന് അസാധാരണമാംവിധം നേര്‍ത്ത പ്രകാശധാര സൃഷ്ടിച്ചപ്പോള്‍, ആര്‍ക്കും അറിയുമായിരുന്നില്ല, ഭാവിയെ ഏതൊക്കെ തരത്തില്‍ ആ പുതിയ പ്രകാശം സ്വാധീനിക്കാന്‍ പോകുന്നുവെന്ന്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേസറിന് ഒരു പ്രായോഗിക ഉപയോഗവും ഉണ്ടായില്ല. മെയ്മനെ കാണുമ്പോള്‍ ചങ്ങാതിമാര്‍ കളിയാക്കാന്‍പോലും ഒരുമ്പെട്ടു: 'ആ, നിങ്ങളുടെ ലേസറൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ!'
കണ്ടുപിടിച്ച് 14 വര്‍ഷം കഴിഞ്ഞപ്പോള്‍ ലേസറിന് ആദ്യമായി ഒരു ഉപയോഗമുണ്ടായി - ബാര്‍കോഡ് റീഡര്‍ എന്ന നിലയില്‍. 1974 ല്‍ യു.എസില്‍ ഒഹായോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കൗണ്ടറില്‍ ലേസര്‍ റീഡറുപയോഗിച്ച് 'റിഗ്ഗീസ് ച്യൂയിങ്ഗം' പാക്കറ്റിന് മുകളിലെ ബാര്‍കോഡ് വായിച്ചു.....പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല; ലേസറിന് മാത്രമല്ല, ബാര്‍കോഡിനും.
ആധുനിക ജീവിതത്തെ ലേസര്‍ ഏതൊക്കെ തരത്തില്‍ പുനര്‍നിര്‍ണയിക്കുന്നുവെന്ന് വിവരിക്കുക അസാധ്യം. സര്‍വ്വവ്യാപി എന്ന വിശേഷണം പോലും അതിന് മതിയാകില്ല. സിഡിയും ഡിവിഡിയും ഓപ്ടിക്കല്‍ മൗസും വൈദ്യശാസ്ത്ര ഉപകരണങ്ങളും റിമോട്ട് കണ്ട്രോളും ഭൂമിയെ ചുറ്റുന്ന ഓപ്ടിക്കല്‍ ഫൈബറും, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത രംഗങ്ങളില്‍ ലേസര്‍ മനുഷ്യനെ സേവിക്കുന്നു.
ഇതിനകം ഒരു ഡസണിലേറെ നൊബേല്‍ പുരസ്ക്കാരങ്ങള്‍ ലേസറുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് നല്കപ്പെട്ടുവെന്ന് അറിയുമ്പോള്‍, അത് മെയ്മന്‍ എന്ന ഗവേഷകന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നേരിട്ട പരിഹാസത്തിനുള്ള മറുപടിയാകുന്നു.
ലേസറിന്റേതിന് സമാനമല്ലെങ്കിലും, അതിനോട് സാദൃശ്യമുള്ള കഥയാണ് കമ്പ്യൂട്ടര്‍ മൗസിന്റേതും. 1964 ല്‍ ഡഗ്ലസ് സി. എന്‍ഗെല്‍ബര്‍ട്ട് രൂപംനല്കിയ ആ ഉപകരണം പൊതുജനങ്ങളുടെ പക്കലെത്താന്‍ 20 വര്‍ഷമെടുത്തു. 1984 ല്‍ ആപ്പിള്‍ കമ്പ്യൂട്ടേഴ്സിന്റെ മകിന്റോഷിലൂടെയാണ് മൗസിന്റെ പ്രയോജനം ആദ്യമായി സാധാരണക്കാര്‍ അറിഞ്ഞത് (ആപ്പിളിന്റെ തന്നെ 'ലിസ' കമ്പ്യൂട്ടറില്‍ അത് ഉപയോഗിച്ചെങ്കിലും, ആ കമ്പ്യൂട്ടര്‍ ജനപ്രിയമായില്ല). ലോകത്തത്ത് കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ അഭിഭാജ്യഘടകമായി പിന്നീട് മൗസ് മാറിയതും, ലോഗിടെക് പോലുള്ള കമ്പനികളുടെ വളര്‍ച്ചയുടെ മുഖ്യഘടകമായി മൗസ് നിര്‍മാണം പരിണമിച്ചതും ചരിത്രം.
മകിന്റോഷ് രംഗത്തെത്തി 30 വര്‍ഷമാകുമ്പോള്‍, സ്മാര്‍ട്ട്ഫോണുകളും ടാബ്ലറ്റുകളും പോലുള്ള മള്‍ട്ടിടച്ച് ഉപകരണങ്ങളുടെ വന്‍പ്രളയത്തില്‍ മൗസിന്റെ പ്രധാന്യം അസ്തമിക്കുന്നതിനാണ് ലോകമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഒരര്‍ഥത്തില്‍ മൗസ് വിടവാങ്ങാനൊരുങ്ങുന്നു. കമ്പ്യൂട്ടര്‍ മൗസിന്റെ സൃഷ്ടാവ് എന്‍ഗെല്‍ബര്‍ട്ട് 2013 ജൂലായ് രണ്ടിന് വിടവാങ്ങിയത്, മൗസിന് മരണമണി മുഴങ്ങുന്നത് കണ്ടിട്ടാണ്.

ഇതിലെ കൗതുകജനകമായ സംഗതി, കമ്പ്യൂട്ടര്‍ മൗസിനെ ജനപ്രിയമാക്കിയതിന് കാര്‍മികത്വം വഹിച്ച അതേ വ്യക്തി തന്നെയാണ്, പേഴ്സണല്‍ കമ്പ്യൂട്ടിങ് മേഖലയില്‍ അതിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്തതും എന്നതാണ്. ആപ്പിള്‍ സ്ഥപകരിലൊരാളായ സ്റ്റീവ് ജോബ്സ് ആണ് ആ വ്യക്തി.
മകിന്റോഷ് പിസി വഴി ആദ്യമായി മൗസിന് നമ്മുടെ മേശപ്പുറത്ത് ആഭിജാത്യമായ ഇരിപ്പിടം സ്റ്റീവ് ഒരുക്കി. 23 വര്‍ഷങ്ങള്‍ക്ക് ശേഷം, 2007 ല്‍ പേഴ്സണല്‍ കമ്പ്യൂട്ടിങില്‍ മള്‍ട്ടിടച്ച്യുഗം ഉത്ഘാടനം ചെയ്തുകൊണ്ട് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍, സ്റ്റീവ് യഥാര്‍ഥത്തില്‍ ചെയ്തത് മൗസിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കലായിരുന്നു (ലാപ്ടോപ്പുകളില് മുമ്പ് തന്നെ മൗസിന് പകരം ടച്ച്പാഡുകളുണ്ടായിരുന്നു എങ്കിലും, മൗസിന്റെ പ്രധാന്യം കുറയാന്‍ തുടങ്ങിയത് മള്‍ട്ടിടച്ച് ഉപകരണങ്ങള്‍ ജനപ്രിയമായതോടെയാണ്).
ഒരു വെളിപാടിന്റെ കഥ
കമ്പ്യൂട്ടര്‍ മൗസിന്റെ വരവ് കാലത്തിന് മുമ്പേ ആയിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. യഥാര്‍ഥത്തില്‍ അത് യാദൃശ്ചികമായി സംഭവിച്ചതല്ല. എന്‍ഗെല്‍ബര്‍ട്ട് എന്ന ഗവേഷകന്റെ ദീര്‍ഘവീക്ഷണവും ജീവിതവീക്ഷണവുമാണ് മൗസിന്റെ സൃഷ്ടിക്ക് വഴിയൊരുക്കിയത്.
ശരിക്കും ഒരു 'വെളിപാടില്‍' നിന്നാണ് തുടങ്ങേണ്ടത്; മൗസിന്റെ കഥ മാത്രമല്ല, ഇന്റര്‍നെറ്റിന്റെയും ആധുനിക പേഴ്സണല്‍ കമ്പ്യൂട്ടിങിന്റെയുമൊക്കെ!
വിവാഹം നിശ്ചയിച്ചുകഴിഞ്ഞാല്‍ പിന്നെ കുറക്കാലം ആര്‍ക്കും മധുരസ്വപ്നങ്ങളുടേത് ആയിരിക്കുമെന്നാണ് പൊതുവെ കരുതാറ്. എന്നാല്‍, 1950 ല്‍ വിവാഹനിശ്ചയം കഴിഞ്ഞ എന്‍ഗെല്‍ബര്‍ട്ടിന്റെ അനുഭവം മറ്റൊന്നായിരുന്നു. മധുരസ്വപ്നങ്ങള്‍ക്ക് പകരം ഒരു വെളിപാടാണ് അദ്ദേഹത്തിനുണ്ടായത്! മനുഷ്യന്റെ ബൗദ്ധികശേഷിയുടെ അനുബന്ധമായി സാങ്കേതികവിദ്യയെ വികസിപ്പിക്കാന്‍ കഴിയേണ്ടതിന്റെ പ്രധാന്യമാണ് അതിലൂടെ ആ ഇരുപത്തിയഞ്ചുകാരന് ബോധ്യപ്പെട്ടത്! അത് ആ യുവാവിന്റെ ജീവിതലക്ഷ്യമാവുക മാത്രമല്ല, നെറ്റ്വര്‍ക്കിങ്, പേഴ്സണല്‍ കമ്പ്യൂട്ടിങ് തുടങ്ങിയ ഒട്ടേറെ മേഖലകളുടെ വികാസത്തിന് പ്രാരംഭം കുറിക്കുന്നതിലേക്ക് എത്തുകയും ചെയ്തു.
കാള്‍ എന്‍ഗെല്‍ബര്‍ട്ടിന്റെയും ഗ്ലാഡിസിന്റെയും മൂന്നുമക്കളിലൊരാളായി അമേരിക്കയില്‍ ഒറിഗണിലെ പോര്ട്ട്ലന്ഡില് 1925 ജനവരി 25 നാണ് എന്‍ഗെല്‍ബര്‍ട്ടിന്റെ ജനനം. പിതാവ് കാള്‍ ഒരു റേഡിയോ മെക്കാനിക്കായിരുന്നു.
രണ്ടാംലോകമഹായുദ്ധകാലത്ത് യു.എസ്.നാവികസേനയില്‍ രണ്ടുവര്‍ഷം റഡാര്‍ ടെക്നീഷ്യനായി പ്രവര്‍ത്തിക്കുന്നതിനിടെ, ഒരു ചെറുദ്വീപിലെ ലൈബ്രറിയില്‍നിന്ന് വെനവര്‍ ബുഷ് രചിച്ച 'As We May Think' എന്ന ലേഖനം എന്‍ഗെല്‍ബര്‍ട്ട് വായിക്കാനിടയായി. ആധുനിക വിവരസാങ്കേതികവിദ്യയുടെ ആധാരരേഖയെന്ന് ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്ന ആ ലേഖനത്തില്‍, 'മെമെക്സ്' ('Memex') എന്ന 'യൂണിവേഴ്സല്‍ ഇന്‍ഫര്‍മേഷന്‍ റിട്രീവല്‍ സിസ്റ്റ'ത്തെക്കുറിച്ചാണ് ബുഷ് വിവരിച്ചിരുന്നത്. ആ ആശയമാണ് എന്‍ഗെല്‍ബര്‍ട്ടിനെ പിന്നീട് തന്റെ 'വെളിപാടി'ലേക്ക് നയിച്ചത്.
നാവികസേനയിലെ രണ്ടുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ എന്‍ഗെല്‍ബര്‍ട്ട്, ഒറിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. 'നാസ'യുടെ മുന്‍ഗാമിയായ 'നാഷണല്‍ അഡൈ്വസറി കമ്മറ്റി ഓണ്‍ എയ്റോനോട്ടിക്സി'ന് (എന്‍.എ.സി.എ) കീഴില്‍ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ആമെസ് റിസര്‍ച്ച് സെന്ററിലാണ് അദ്ദേഹം ആദ്യം ജോലിക്ക് ചേര്‍ന്നത്. കുറച്ചുകാലം അവിടെ പ്രവര്‍ത്തിച്ച ശേഷം ബെര്‍ക്ക്ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പി.എച്ച്.ഡി.ക്ക് ചേര്‍ന്നു.
കമ്പ്യൂട്ടിങിന്റെ ബാല്യകാലമായിരുന്നു അത്. വലിയ മുറികളുടെ വലിപ്പമുള്ള കമ്പ്യൂട്ടറുകള്‍. വലിപ്പം അത്രയുമുണ്ടെങ്കിലും ഒരു സമയം ഒരാള്‍ക്കേ ഉപയോഗിക്കാന്‍ കഴയൂ എന്നതായിരുന്നു സ്ഥിതി. പഞ്ച്കാര്‍ഡുകളുമായുള്ള കെട്ടിമറിച്ചിലൂടെ വേണം കമ്പ്യൂട്ടറിന് വിവരങ്ങള്‍ നല്കാന്. എന്നിട്ട്, പ്രശ്നങ്ങളുടെ ഉത്തരം പ്രിന്റ് ഔട്ടായി കിട്ടാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പും! മനുഷ്യന് കമ്പ്യൂട്ടറുമായി നേരിട്ട് ഇടപെടല്‍ സാധ്യമാകുന്നതൊക്കെ അന്ന് സയന്‍സ് ഫിക്ഷന്റെ തലത്തിലുള്ള സംഗതിയായിരുന്നു.
അത്ര പ്രതീക്ഷാരഹിതമായ ഒരു കാലത്താണ്, കമ്പ്യൂട്ടറുകളുടെ വലിപ്പം കുറയുന്നതും, കമ്പ്യൂട്ടര്‍ ശൃംഖലകളിലൂടെ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതും, നേരിട്ട് ഇടപഴകാന്‍ കഴിയുന്ന വിധത്തില്‍ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ മനുഷ്യന്റെ ബൗദ്ധികശേഷിയുടെ വിപുലീകരണമായി പരിണമിക്കുന്നതുമൊക്കെ എന്‍ഗെല്‍ബര്‍ട്ട് എന്ന ഗവേഷകന്റെ സങ്കല്‍പ്പത്തില്‍ നിറയുന്നത്. അസാധാരണമായ ഉള്‍ക്കാഴ്ച്ചയായിരുന്നു അത്.
ഒരു പതിറ്റാണ്ട് കഴിഞ്ഞ് തന്റെ സങ്കല്‍പ്പങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ നിറംപകരാന്‍ ആ ഗവേഷകന് അവസരം കൈവന്നു. പില്ക്കാലത്ത് 'എസ്.ആര്.ഐ. ഇന്റര്‍നാഷണല്‍' (SRI International) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴില്‍ എന്‍ഗെല്‍ബര്‍ട്ടിന് ഒരു പരീക്ഷണ ഗവേഷണകേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞപ്പോഴായിരുന്നു അത്. 'ഓഗ്മെന്റേഷന് റിസര്‍ച്ച് സെന്റര്‍' അഥവാ എ.ആര്.സി. എന്നായിരുന്നു ആ കേന്ദ്രത്തിന്റെ പേര്. യു.എസ്.പ്രതിരോധ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ ആയിരുന്നു അതിന്റെ പ്രവര്‍ത്തനം. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റ് (ARPAnet) യാഥാര്‍ഥ്യമാക്കുന്നതില്‍ പങ്കുവഹിച്ച ഗവേഷണകേന്ദ്രങ്ങളിലൊന്ന് എ.ആര്.സി.ആയിരുന്നു.
'അവതരണങ്ങളുടെ മാതാവ്'
ഭാവിയുമായി മുഖാമുഖം നില്‍ക്കേണ്ട അവസ്ഥ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. 1968 ഡിസംബറില്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ ചേര്‍ന്ന 'ഫാള്‍ ജോയന്റ് കമ്പ്യൂട്ടര്‍ കോണ്‍ഫറന്‍സി'ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്ത ആയിരത്തിലേറെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്ക് അത്തരമൊരു സ്ഥിതിയുണ്ടായി. അവിടെ എന്‍ഗെല്‍ബര്‍ട്ട് നടത്തിയ ഒരു അവതരണം, കമ്പ്യൂട്ടര്‍ രംഗത്തെയാകെ പ്രകമ്പനം കൊള്ളിക്കാന്‍ പോന്നതായിരുന്നു.

'അവതരണങ്ങളുടെ മാതാവ്' ( 'the mother of all demos') എന്ന് ചരിത്രത്തില്‍ ഇടംനേടാന്‍ പോകുന്ന ആ അവതരണം വഴി, പേഴ്സണല്‍ കമ്പ്യൂട്ടിങിന്റെയും നെറ്റ്വര്‍ക്കിങിന്റെയും ഭാവിയെന്താണെന്ന് ആദ്യമായി ലോകം അറിഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട ആ അവതരണത്തില്‍ വിവരസാങ്കേതികവിദ്യയുടെ പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള മാസ്മരലോകം ചുരുള്‍നിവര്‍ന്നു!
സ്റ്റേജില്‍ ഒരു മൗസിനും കീബോര്‍ഡിനും മറ്റ് നിയന്ത്രണ സംവിധാനങ്ങള്‍ക്കും മുന്നിലിരുന്ന എന്‍ഗെല്‍ബര്‍ട്ട്, തനിക്ക് പിന്നിലെ 22 അടി പൊക്കത്തിലുള്ള വീഡിയോ സ്ക്രീനില്‍ ഭാവിയെങ്ങനെയാകുമെന്ന് സദസ്സിന് കാട്ടിക്കൊടുക്കുകയായിരുന്നു. ഇടപഴകാന്‍ സാധിക്കുന്ന തരത്തില്‍ നെറ്റ്വര്‍ക്കിങ് നടത്തുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ വിവരങ്ങള്‍ അതിവേഗം പങ്കിടാന്‍ കഴിയുന്നതിന്റെ സാധ്യതകളും, നാലുവര്‍ഷം മുമ്പ് എന്‍ഗെല്‍ബര്‍ട്ട് രൂപംനല്കിയ കമ്പ്യൂട്ടര്‍ മൗസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതെങ്ങനെയെന്നും, ടെക്സ്റ്റ് എഡിറ്റിങ്, വീഡിയോ കോണ്‍ഫറന്‍സിങ്, ഹൈപ്പര്‍ടെക്സ്റ്റ്, വിന്‍ഡോ സംവിധാനം തുടങ്ങിയവയുടെ രീതികളുമെല്ലാം ഒറ്റയടിക്ക് അവിടെ അവതരിപ്പിക്കപ്പെട്ടു!
'ഓണ്‍ലൈന്‍ സിസ്റ്റം' (oNLine System) അഥവാ എന്‍.എല്‍.എസ് (NLS) എന്നാണ് താന്‍ ആവിഷ്ക്കരിച്ച ആ കമ്പ്യൂട്ടര്‍ സംവിധാനത്തിന് എന്‍ഗെല്‍ബര്‍ട്ട് പേരിട്ടത്.
ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ തിരിച്ചുപോയത് ഭാവിയെ സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടുമായാണ്. എന്‍ഗെല്‍ബര്‍ട്ട് അന്നവിടെ അവതരിപ്പിച്ച ആശയങ്ങള്‍ അടുത്ത പതിറ്റാണ്ടില്‍ 'സിറോക്സി' (Xerox) ന്റെ 'പാലോ ഓള്‍ട്ടോ റിസര്‍ച്ച് സെന്ററിലും' (സിറോക്സ് പാര്‍ക്ക് - Xerox PARC), 'സ്റ്റാന്‍ഫഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറി'യിലും സ്ഫുടം ചെയ്യപ്പെട്ടു. 1980 കളില്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ആ ആശയങ്ങളെ വാണിജ്യവത്ക്കരിച്ചു. പേഴ്സണല്‍ കമ്പ്യൂട്ടിങിന്റെയും ഇന്റര്‍നെറ്റിന്റെയും ആധുനികയുഗം അങ്ങനെ ആരംഭിച്ചു.
1968 ലെ ആ പ്രസിദ്ധമായ അവതരണത്തില്‍ എന്‍ഗെല്‍ബര്‍ട്ട് തന്റെ ആവനാഴിയില്‍നിന്ന് പുറത്തെടുത്ത ആയുധങ്ങളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയത് 'മൗസ്' എന്ന് വിചിത്രനാമമുള്ള ആ ചെറുഉപകരണമായിരുന്നു. ചെറിയൊരു തടിപ്പെട്ടിയും അതിനുള്ളില്‍ ചില ചക്രങ്ങളും. അതുപയോഗിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനിലെ കേര്‍സറിനെ വരച്ചവരയില്‍ നിര്‍ത്താം! എന്നുവെച്ചാല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാം.
1964 ല്‍ ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോഴാണ് മൗസ് എന്ന ആശയം എന്‍ഗെല്‍ബര്‍ട്ടിന്റെ മനസില്‍ രൂപപ്പെടുന്നത്. തിരികെയെത്തിയ അദ്ദേഹം അതിന്റെ ഒരു സ്കെച്ച് എസ്.ആര്.ഐ.യിലെ എന്‍ജിനിയറായ വില്ല്യം ഇംഗ്ലീഷിനെ ഏല്‍പ്പിച്ചു. ഒരു പൈന്‍ തടിപ്പെട്ടിക്കുള്ളില്‍ ചക്രങ്ങള്‍ പിടിപ്പിച്ച തരത്തിലുള്ളതായിരുന്നു മൗസിന്റെ ആദ്യരൂപം.
മൗസിന്റെ ആദ്യമാതൃകകളില്‍ മൂന്ന് ബട്ടണുകളുണ്ടായിരുന്നു. ഫലപ്രദമായി മൗസ് ഉപയോഗിക്കാന്‍ പത്ത് ബട്ടണുകള്‍ വേണമെന്ന് എന്‍ഗെല്‍ബര്‍ട്ട് കരുതി. എന്നാല്‍, രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് തന്റെ മകിന്റോഷ് കമ്പ്യൂട്ടറില്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസി (GUI)ന്റെ ഭാഗമായി മൗസ് ഉള്‍പ്പെടുത്തിയപ്പോള്‍, സ്റ്റീവ് ജോബ്സ് അതിനെ ഒറ്റ ബട്ടനുള്ളതാക്കി മാറ്റി! ലാളിത്യമായിരുന്നല്ലോ സ്റ്റീവിന്റെ ആപ്തവാക്യം. ഒറ്റ ബട്ടനേ ഉള്ളൂവെങ്കില്‍, തെറ്റായ ബട്ടനില്‍ അമര്‍ത്താന്‍ ഇടവരില്ലെന്ന് സ്റ്റീവ് വാദിച്ചു.
എങ്ങനെയാണ് കമ്പ്യൂട്ടര്‍ മൗസിന് ആ പേര് ലഭിച്ചത്? ചരിത്രകാരന്മാര്ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഹാര്ഡ്വേര് എന്‍ജിനിയറായ റോജര്‍ ബേറ്റ്സിനെ ഉദ്ധരിച്ച് 'ന്യൂയോര്‍ക്ക് ടൈംസി'ലെ ജോണ്‍ മാര്‍ക്കോഫ് റിപ്പോര്‍ട്ട് ചെയ്ത സംഗതി ശ്രദ്ധേയമാണ്. എന്‍ഗെല്‍ബര്‍ട്ടിന്റെ സാന്നിധ്യത്തില്‍ തന്നെയാണത്രേ 'മൗസ്' എന്ന പേരുണ്ടായത്. കമ്പ്യൂട്ടര്‍ സ്ക്രീനിലെ കേര്‍സര്‍ (cursor) വിശേഷിപ്പിക്കപ്പെട്ടിരുന്നത് 'ക്യാറ്റ്' (CAT) എന്നാണ്. സ്വാഭാവികമായും അതിന്റെ മറുതല 'എലി' അഥവാ 'മൗസ്' എന്ന് വിളിക്കപ്പെട്ടു. പക്ഷേ, CAT ന്റെ പൂര്‍ണരൂപം ബേറ്റ്സിനും ഓര്‍മയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എന്‍ഗെല്‍ബര്‍ട്ട് സ്ഥാപിച്ച ഗവേഷണകേന്ദ്രമായ എ.ആര്.സി. 1970 കളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്‍.എല്‍.എസ്.സംവിധാനം 1977 ല്‍ 'ടൈംഷെയര്‍' (Tymshare) എന്ന കമ്പനിക്ക് വിറ്റു. ഒരു പതിറ്റാണ്ടിലേറെക്കാലം ആരാലും അറിയപ്പെടാതെ എന്‍ഗെല്‍ബര്‍ട്ട് ടൈംഷെയറില്‍ പ്രവര്‍ത്തിച്ചു. താന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ വിവരവിനിമയ വിപ്ലവത്തിന്റെ അടിത്തറയാകുന്നത് അദ്ദേഹം കാണുന്നുണ്ടായിരുന്നു.
എന്‍ഗെല്‍ബര്‍ട്ട് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി യു.എസ്.നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. കൂടാതെ ലെമെല്‍സണ്‍-എം.ഐ.ടി.പുരസ്കാരവും, ടൂറിങ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
ഒരു മനുഷ്യന്, രണ്ട് യുഗങ്ങള്‍
'സിറോക്സ് പാര്‍ക്കി'ലെ ഗവേഷകരാണ് 1970 കളുടെ അവസാനം ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് വികസിപ്പിച്ചത്. മൗസും കീബോര്‍ഡും ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ഇടപഴകാന്‍ അവസരമൊരുക്കുന്ന വിപ്ലവകരമായ മുന്നേറ്റമായിരുന്നു അത്. പക്ഷേ, ആ ആശയംകൊണ്ട് എന്തുചെയ്യണമെന്ന് സിറോക്സിന് രൂപമുണ്ടായിരുന്നില്ല.
1979 ല്‍ സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തില്‍ ഒരു ആപ്പിള്‍ സംഘം സിറോക്സ് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. അവിടെ വികസിപ്പിച്ചിരുന്ന പല നൂതന സംഗതികളും ആപ്പിള്‍സംഘം കണ്ടതില്‍, സ്റ്റീവിനെ സ്തംഭിതനാക്കിയത് ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ആയിരുന്നു. 'എന്റെ കണ്ണുകളെ മറച്ചിരുന്ന ഒരു മൂടുപടം മാറിയതുപോലെയായിരുന്നു അത്', ജീവചരിത്രകാരനായ വാര്‍ട്ടര്‍ ഇസാക്സനോട് പില്ക്കാലത്ത് സ്റ്റീവ് പറഞ്ഞു. 'കമ്പ്യൂട്ടിങിന്റെ ഭാവി എങ്ങനെയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ കണ്ടു'.

വ്യവസായിക ചരിത്രത്തിലെ ഏറ്റവും വലിയ 'കൊള്ള'യ്ക്കാണ് ആപ്പിള്‍സംഘത്തിന്റെ ആ സന്ദര്‍ശനം വഴിതെളിച്ചതെന്ന് ഇസാക്സണ്‍ പറയുന്നു. മകിന്റോഷിലേക്ക് സ്റ്റീവ് ജോബ്സ് എത്തിയതും, പേഴ്സണല്‍ കമ്പ്യൂട്ടിങിന്റെ മുഖമുദ്രയായി ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് മാറിയതും, കമ്പ്യൂട്ടര്‍ മൗസ് സര്‍വവ്യാപിയായതും പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ആ 'കൊള്ള'യെ സ്റ്റീവ് പിന്നീട് ന്യായീകരിച്ചിരുന്നത് ഈ വാചകം വഴിയാണ് : 'പിക്കാസൊ പറയുമായിരുന്നു - 'നല്ല കലാകാരന്മാര് അനുകരിക്കും, മഹത്തായ കലാകാരന്മാര് കവരും' എന്ന്. മഹത്തായ ആശയങ്ങള്‍ കവരുന്നതില്‍ ഞങ്ങളെന്നും നിര്‍ലജ്ജരായിരുന്നു!' (ഇതേ ആപ്പിളും സ്റ്റീവ് ജോബ്സുമാണ്, ഐഫോണിലെ ഫീച്ചറുകള്‍ മറ്റുള്ളവര്‍ മോഷ്ടിച്ചുവെന്ന ആക്ഷേപവുമായി പില്ക്കാലത്ത് പേറ്റന്റ് യുദ്ധം ആരംഭിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്).
അങ്ങനെ, പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ അനിവാര്യഘടകമായി മൗസ് മാറി. 1970 ലാണ് എന്‍ഗെല്‍ബര്‍ട്ട് മൗസിന്റെ പേറ്റന്റ് സ്വന്തമാക്കുന്നത്. ആ പേറ്റന്റിന് 17 വര്‍ഷമേ കാലാവധിയുണ്ടായിരുന്നുള്ളൂ. 1987 ആയപ്പോഴേക്കും മൗസ് ആര്‍ക്കുവേണമെങ്കിലും ഉണ്ടാക്കാമെന്നായി. കമ്പ്യൂട്ടിങ്രംഗത്ത് അത് സര്‍വ്വവ്യാപിയാകുന്നത് അതോടെയാണ്. അതുകൊണ്ടുതന്നെ, ആ കണ്ടുപിടിത്തം എന്‍ഗെല്‍ബര്‍ട്ടിന് സാമ്പത്തികമായി എന്തെങ്കിലും ഗുണം ചെയ്തില്ല.
മൗസിന് പകരം ടച്ച്പാഡുള്ള ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് 1990 കളില്‍ പ്രചാരം ലഭിച്ചു തുടങ്ങി (ആദ്യ ലാപ്ടോപ്പ് രൂപപ്പെടുത്തിയതും 'സിറോക്സ് പാര്‍ക്കി'ലാണ്, 1976 ല്‍. 'സിറോക്സ് നോട്ട് ടേക്കര്‍' (Xerox NoteTaker) എന്നായിരുന്നു അതിന്റെ പേര്). എങ്കിലും മൗസിന്റെ ഗരിമയ്ക്ക് വലിയ കോട്ടമൊന്നും തട്ടിയില്ല.
എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ സ്ഥിതി മാറി. സ്റ്റീവ് ജോബ്സിന്റെ മേല്‍നോട്ടത്തില്‍ ആപ്പിള്‍ അണിയിച്ചൊരുക്കി 2007 ല്‍ രംഗത്തെത്തിച്ച ഐഫോണ്‍, സ്മാര്‍ട്ട്ഫോണിന്റെ മാത്രമല്ല പേഴ്സണ്‍ കമ്പ്യൂട്ടിങിന്റെയും ശിരോലിഖിതം മാറ്റിവരയ്ക്കാന്‍ പോന്ന ഉപകരണമായിരുന്നു. ഏറ്റവും ശ്രദ്ധേയം, ഭൗതികമായ ഒരു കീപാഡ് അതിലില്ല എന്നതാണ്. പകരം മള്‍ച്ചിടച്ച് എന്ന സങ്കേതമാണ് അതിലുപയോഗിച്ചിരുന്നത്.
ടച്ച് സങ്കേതം മുമ്പ് തന്നെ പലരും പരീക്ഷിച്ചിരുന്നുവെങ്കിലും, അതിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് ഐഫോണാണ് ലോകത്തിന് കാട്ടിക്കൊടുത്തത്. അതേ സങ്കേതം ഉപയോഗിക്കുന്ന ഐപാഡ് എന്ന ടാബ്ലറ്റ് കമ്പ്യൂട്ടര്‍ 2010 ല്‍ ആപ്പിള്‍ അവതരിപ്പിച്ചതോടെ, ഒരുകാര്യം ബോധ്യമായി. പുതിയൊരു യുഗത്തിലേക്ക് പേഴ്സണല്‍ കമ്പ്യൂട്ടിങ് കടന്നിരിക്കുന്നു; മള്‍ട്ടിടച്ച് ഉപകരണങ്ങളുടെ യുഗത്തിലേക്ക്. എന്നുവെച്ചാല്‍, മൗസിന്റെ ആവശ്യമില്ലാത്ത കാലമാണ് വരുന്നത്!

കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ നിന്നാണ് ആപ്പിള്‍ മള്‍ട്ടിടച്ചിലേക്കെത്തിയ കഥ തുടങ്ങേണ്ടതെന്ന് ഇസാക്സണ്‍ വിവരിക്കുന്നു. മൈക്രോസോഫ്റ്റ് ഒരു ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്ന സമയം. അതിന്റെ ചുമതലയുള്ള എന്‍ജിനിയര്‍ വിവാഹം കഴിച്ചത് സ്റ്റീവിന്റെയും ഭാര്യ ലോറന്‍സിന്റെയും ഒരു സുഹൃത്തിനെയായിരുന്നു. ആ എന്‍ജിനിയര്‍ തന്റെ അമ്പതാം പിറന്നാള്‍ പാര്‍ട്ടിക്ക് സ്റ്റീവിനെയും കുടുംബത്തെയും ക്ഷണിച്ചു. ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും പാര്‍ട്ടിക്ക് എത്തിയിരുന്നു.
തന്റെ മേല്‍നോട്ടത്തില്‍ മൈക്രോസോഫ്റ്റ് നിര്‍മിക്കുന്ന ടാബ്ലറ്റിനെക്കുറിച്ച്, പാര്‍ട്ടി പുരോഗമിക്കവെ ആ എന്‍ജിനിയര്‍ വീമ്പിളക്കാന്‍ തുടങ്ങിയത് സ്റ്റീവിനെയും ബില്‍ ഗേറ്റ്സിനെയും ഒരേപോലെ അസ്വസ്ഥരാക്കി. കമ്പനിയുടെ ബൗദ്ധികരഹസ്യങ്ങള്‍ അയാള്‍ വെളിപ്പെടുത്തുന്നതിലായിരുന്നു ബില്‍ ഗേറ്റ്സിന്റെ വേവലാതി; അതും സ്റ്റീവിന്റെ മുന്നില്‍വെച്ച്!
സ്റ്റൈലസ് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ആ ടാബ്ലറ്റ് വന്നോട്ടെ, ആപ്പിളിന്റെ ലാപ്ടോപ്പ് ബിസിനസൊക്കെ പൂട്ടിക്കെട്ടുമെന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 'അവരത് തെറ്റായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് എനിക്ക് മനസിലായി. ആ ടാബ്ലറ്റിനൊരു സൈറ്റലസുണ്ട്. എന്നുവെച്ചാല്‍, നിങ്ങളുടെ കഥ കഴിഞ്ഞുവെന്നര്‍ഥം' - സ്റ്റീവ് പില്ക്കാലത്ത് പറഞ്ഞു. അസ്വസ്ഥമായ മനസോടെ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റീവ് സ്വയം പറഞ്ഞു : 'തുലഞ്ഞുപോട്ടെ, ഒരു ടാബ്ലറ്റ് എന്താണെന്ന് ഞങ്ങളയാള്‍ക്ക് കാട്ടിക്കൊടുക്കാന്‍ പോവുകയാണ്'.
പിറ്റേദിവസം ഓഫീസിലെത്തിയ സ്റ്റീവ് തന്റെ ടീമിന്റെ യോഗം വിളിച്ച് ഇങ്ങനെ അറിയിച്ചു : 'എനിക്കൊരു ടാബ്ലറ്റുണ്ടാക്കണം. അതിന് കീബോര്‍ഡോ, സ്റ്റൈലസോ ഉണ്ടാകരുത്'. ഇതെക്കുറിച്ച് സ്റ്റീവ് പിന്നീട് പറഞ്ഞത്, 'ദൈവം നിങ്ങള്‍ക്ക് (വിരലുകളുടെ രൂപത്തില്‍) പത്ത് സ്റ്റൈലസുകള്‍ തന്നിട്ടുള്ളപ്പോള്‍ പതിനൊന്നാമതൊരു സ്റ്റൈലസിന്റെ ആവശ്യമെന്ത്' എന്നാണ്! ആറുമാസംകൊണ്ട് ആപ്പിള്‍ ടീം ഒരു പ്രാഥമിക വര്‍ക്കിങ് മാതൃകയുണ്ടാക്കി. ആ പ്രോജക്ടിന്റെ ഭാഗമായാണ് മള്‍ച്ചിടച്ചും ഇടംനേടുന്നത്.
ഡെല്‍വേറില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഫിങ്കര്‍ വര്‍ക്ക്സ്' എന്ന ചെറുകമ്പനി അതിനകം മള്‍ട്ടിടച്ച് ട്രാക്ക്പാഡുകളുണ്ടാക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ചിരുന്നു. ഇരുചെവിയറിയാതെ 2005 ല്‍ ആ കമ്പനിയെയും അതിന്റെ പേറ്റന്റുകളും ആപ്പിള്‍ സ്വന്തമാക്കി.
ആ വര്‍ഷം തന്നെ പുതിയൊരു സ്മാര്‍ട്ട്ഫോണുണ്ടാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. ടാബ്ലറ്റ് പദ്ധതി തത്ക്കാലം നിര്‍ത്തിവെച്ചിട്ട് ഐഫോണ്‍ രൂപപ്പെടുത്തുന്നതില്‍ അടിയന്തര ശ്രദ്ധ നല്കി. ടാബ്ലറ്റിനായി വികസിപ്പിച്ച മള്‍ട്ടിടച്ച് സങ്കേതം ഐഫോണിലേക്ക് ചെക്കേറി. അങ്ങനെ 2007 ല്‍ ഐഫോണ്‍ രംഗത്തെത്തി. ഐഫോണിനു മുമ്പ് ആപ്പിള്‍ ആരംഭിച്ച ടാബ്ലറ്റ് പ്രോജക്ട് 2010 ല്‍ ഐപാഡിന്റെ രൂപത്തില്‍ പൂര്‍ത്തിയായി.
പേഴ്സണല്‍ കമ്പ്യൂട്ടിങിനെ മള്‍ട്ടിടച്ച് യുഗത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഐഫോണും ഐപാഡും ചെയ്തത്. മള്‍ച്ചിടച്ച് ഉപകരണങ്ങള്‍ സര്‍വ്വവ്യാപിയാകുന്നതാണ് പിന്നീട് കണ്ടത്. മൗസിന് വിടവാങ്ങാന്‍ സമയമാകുന്നു എന്നതിന്റെ സൂചനയായി ഇത് പലരും വിലയിരുത്തുന്നു.
(അവലംബം, കടപ്പാട് : 1. www.computerhistory.org; 2. Comupter Visionar Who Invented the Mouse, by John Markoff, NewYork Times, July3, 2013; 3. Steve Jobs (2011), by Walter Isaacson)