Saturday, June 29, 2013

വോയജര്‍ പുതിയ ലോകത്തേക്ക്; ശാസ്ത്രവും

 

 സൂര്യന്റെ സ്വാധീനമുള്ള ലോകമേ ഇത്രകാലവും മനുഷ്യന് പരിചിതമായിരുന്നുള്ളൂ. ഇപ്പോള്‍ മനുഷ്യനിര്‍മിതമായ രണ്ട് വാഹനങ്ങള്‍ സൂര്യന്റെ അധികാര പരിധിയില്‍നിന്ന് പുറത്ത് കടക്കുകയാണ്. ഭൂമിയില്‍നിന്ന് പുറപ്പെട്ട് 36 വര്‍ഷംകൊണ്ട് സൗരയൂഥം താണ്ടിയ വോയജര്‍ പേടകങ്ങളാണ് സൂര്യന്റെ സ്വാധീനത്തില്‍നിന്ന് മുക്തമായി സൗരയൂഥത്തിന് വെളിയിലേക്ക് സഞ്ചരിക്കുന്നത്.

നക്ഷത്രാന്തരലോകത്തേക്കാണ് ഇനി വോയജര്‍ പേടകങ്ങളുടെ ( Voyager 1, Voyager 2 ) യാത്ര; നക്ഷത്രങ്ങളും പ്രാപഞ്ചികധൂളികളും നിറഞ്ഞ യഥാര്‍ഥ 'സ്‌പേസി'ലേക്ക്. മനുഷ്യനിര്‍മിതമായ ഏതെങ്കിലുമൊരു വാഹനം സൗരയൂഥം താണ്ടുന്നത് ആദ്യമായാണ്. ഇനിയും പത്തുവര്‍ഷത്തേക്ക് കൂടി ബാറ്ററി ആയുസ്സുള്ള വോയജര്‍ പേടകങ്ങള്‍ നമുക്ക് എത്തിച്ചു തരാന്‍ പോകുന്നത്, മനുഷ്യന്‍ ഇതുവരെ നേരിട്ടറിയാത്ത ലോകത്തെ വിശേഷങ്ങളാകും. ശാസ്ത്രം പുതിയ ലോകത്തേക്ക് ചുവടുവെയ്ക്കുന്നു എന്നര്‍ഥം.

ഭൂമിയില്‍നിന്ന് 1849 കോടി കിലോമീറ്റര്‍ അകലെയാണിപ്പോള്‍ വോയജര്‍ ഒന്ന് പേടകം.സൂര്യനില്‍നിന്നെത്തുന്ന ചാര്‍ജുള്ള കണങ്ങളുടെ പ്രവാഹം കഴിഞ്ഞ ജൂലായ് മാസത്തോടെ നാമമാത്രമായി മാറിയെന്നാണ് ആ പേടകത്തില്‍ നിന്നുള്ള സൂചന. ഇതിനര്‍ഥം സൗരയൂഥവുമായുള്ള എല്ലാ ബന്ധവും അത് ഉടന്‍ വേര്‍പെടുത്തുമെന്നാണ്.

വോയജര്‍ പേടകങ്ങള്‍ സൗരയൂഥം കടന്നോ എന്നകാര്യം തിരിച്ചറിയുക, കരുതിയതിലും ദുഷ്‌ക്കരമാണെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങള്‍ കൊക്കൂണ്‍ പോലെ സൗരയൂഥത്തെ പൊതിഞ്ഞുനില്‍ക്കുന്ന അതിര്‍ത്തിമേഖലയുണ്ട്. ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ കണങ്ങളില്‍നിന്ന് സൗരയൂഥത്തിലെ ഗ്രഹങ്ങളെ സംരക്ഷിക്കുന്നത് 'ഹീലിയോസ്ഫിയര്‍' ( Heliosphere ) എന്നറിയപ്പെടുന്ന ആ അതിര്‍ത്തിമേഖലയാണ്. ഇപ്പോള്‍ ആ അതിര്‍ത്തിയുടെ വക്കത്താണ് വോയജര്‍ ഒന്ന് എന്നാണ് ഗവേഷകരുടെ നിഗമനം.

ഇക്കാര്യത്തെ അനുകൂലിക്കുന്ന രണ്ട് തെളിവുകള്‍ ഗവേഷകരുടെ പക്കലുണ്ട്. സൗരവാതകങ്ങളുടെ ( Solar wind ) തോത് തീരെ കുറഞ്ഞതായി വോയജര്‍ ഒന്നിലെ 'ലോ എനര്‍ജി പാര്‍ട്ടിക്കിള്‍ ഇന്‍സ്ട്രുമെന്റ്' 2004 ഡിസംബറില്‍ രേഖപ്പെടുത്തി. സൗരയൂഥത്തിന്റെ അതിര്‍ത്തി മേഖലയിലാണ് പേടകമെന്ന് അത് സൂചന നല്‍കി. 2012 ജൂലായ്, ആഗസ്ത് ആയപ്പോഴേക്കും സൗരക്കാറ്റ് തീരെയില്ലാത്ത അവസ്ഥയായി. മാത്രമല്ല, ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ്ജ കണങ്ങളുടെ സാന്നിധ്യം വോയജര്‍ ഒന്ന് കൂടുതലായി രേഖപ്പെടുത്താനും തുടങ്ങി.


ഇത് വ്യക്തമായ സൂചനയാണെങ്കിലും, വോയജര്‍ ഒന്ന് സൗരയൂഥം കടന്നു എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ ഗവേഷകര്‍ ഇനിയും തുനിഞ്ഞിട്ടില്ല. അതിന്റെ കാരണം, ആ പേടകത്തിലെ മാഗ്നെറ്റോമീറ്ററില്‍ നിന്നെത്തേണ്ട ഒരു സുപ്രധാന സിഗ്നല്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ്. സൂര്യന്റെ സ്വാധീനംമൂലം മാഗ്നെറ്റോമീറ്ററില്‍ കാന്തികമണ്ഡലത്തിന്റെ ദിശ കിഴക്ക്-പടിഞ്ഞാറാണ്. നക്ഷത്രാന്തര മണ്ഡലത്തില്‍ കടക്കുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകും. അങ്ങനെ സംഭവിച്ചതായി സൂചന ലഭിച്ചിട്ടില്ല, അതാണ് പ്രശ്‌നം.

'പുറത്തെത്തിയതിന്റെ സൂചനകളാണ് നമ്മള്‍ കാണുന്നത്, യഥാര്‍ഥത്തില്‍ പുറത്തെത്തിയിട്ടില്ലെങ്കിലും' - വോയജര്‍ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റും, കഴിഞ്ഞ 36 വര്‍ഷമായി ആ വാഹനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഗവേഷകനുമായ എഡ് സ്റ്റോണ്‍ 'നേച്ചറി'നോട് പറഞ്ഞു. 'കാന്തികമണ്ഡലം പറയുന്നത് നമ്മളിനിയും പുറത്തെത്തിയിട്ടില്ല എന്നാണ്'. ഏതായാലും അതിനിനി അധികം കാക്കേണ്ടി വരില്ലെന്ന് സ്റ്റോണ്‍ സമ്മതിക്കുന്നു. മണിക്കൂറില്‍ 60,000 കിലോമീറ്ററിലേറെ വേഗത്തില്‍ നമ്മളില്‍നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ് വോയജര്‍ പേടകങ്ങള്‍.

പത്ത് നിരീക്ഷണോപകരണങ്ങള്‍ വീതമാണ് വോയജര്‍ പേടകങ്ങളിലുണ്ടായിരുന്നത്. അതില്‍ അഞ്ചെണ്ണം വോയജര്‍ രണ്ടിലും, നാലെണ്ണം വോയജര്‍ ഒന്നിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഉപകരണങ്ങളില്‍നിന്നാണ് പുതിയ ലോകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ശാസ്ത്രത്തിന് ലഭിക്കേണ്ടത്.

36 വര്‍ഷത്തിനിപ്പുറം ശാസ്ത്രത്തെ പുതിയ ലോകത്തേക്ക് കൈപ്പിടിച്ച് നയിക്കാന്‍ വോയജര്‍ ഒരുങ്ങുമ്പോള്‍, ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ അയച്ച വെറും അഞ്ചുവര്‍ഷത്തെ ദൗത്യം മാത്രമായിരുന്നു അത്. എല്ലാ പ്രതീക്ഷകളും മറികടന്ന് മാനവചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യമായി വോയജര്‍ പരിണമിക്കുമ്പോള്‍, കഴിഞ്ഞ നാല് പതിറ്റാണ്ടായി എഡ് സ്റ്റോണ്‍ എന്ന ഗവേഷകന്‍ അതിന്റെ അമരത്തുണ്ടായിരുന്നു.

അതിശയകരം എന്നേ ഇത് വിശേഷിപ്പിക്കാനാകൂ; വൊയേജറിനെയും എഡ് സ്റ്റോണിന്റെ പ്രവര്‍ത്തനത്തെയും.

36 വര്‍ഷം; 44 നോട്ട്ബുക്കുകള്‍

കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യില്‍ എഡ് സ്‌റ്റോണിന്റെ ഓഫീസ് മുറിയിലെ അലമാരയില്‍ 44 നോട്ട്ബുക്കുകള്‍ വൃത്തിയായി അടുക്കിവെച്ചിട്ടുണ്ട്. എല്ലാംകൂടി അരമീറ്റര്‍ പൊക്കം വരുന്ന ഒരടുക്ക്. ആ നോട്ട്ബുക്കുകളിലാണ് വോയജര്‍ പേടകങ്ങളുടെ 36 വര്‍ഷത്തെ അത്ഭുതയാത്രയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്.

മനുഷ്യചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ യാത്രയുടെ നാള്‍വഴികള്‍ ആ നോട്ട്ബുക്കുകളിലാണ് കണ്ടെത്താനാവുക. വോയജറിന്റെ യാത്രയും 77 കാരനായ എഡ് സ്റ്റോണിന്റെ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ ജീവിതവും എങ്ങനെ ഒരേ നൂലില്‍ കൊരുത്തിട്ട കഥകളായി എന്ന് ആ നോട്ട്ബുക്കുകള്‍ പറഞ്ഞുതരും.


1977 ല്‍ വോയജര്‍ പേടകങ്ങള്‍ ഭൂമിയില്‍നിന്ന് യാത്രയാകുമ്പോള്‍, ബഹിരാകാശയുഗത്തിന് ഇരുപത് വയസ്സ് തികഞ്ഞിരുന്നില്ല. ലോകം ശീതയുദ്ധത്തിന്റെ പാരമ്യത്തിലായിരുന്നു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ അവസാനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.

നാസയുടെ കാര്‍മികത്വത്തില്‍ ഫ്‌ളോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് 1977 ആഗസ്ത് 20 ന് വോയജര്‍ രണ്ട് പേടകവും, സപ്തംബര്‍ 5 ന് വോയജര്‍ ഒന്ന് പേടകവും (രണ്ടും വിക്ഷേപിച്ചത് ടൈറ്റന്‍-സെന്റോര്‍ റോക്കറ്റില്‍) യാത്രയാകുമ്പോള്‍, ആ ദൗത്യം 1981 ല്‍ അവസാനിക്കേണ്ടവ എന്ന് ഏവരും കരുതി. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ അടുത്തറിയുകയായിരുന്നു രണ്ട് പേടകങ്ങളുടെയും ലക്ഷ്യം.

വോയജര്‍ വിക്ഷേപണത്തിന് 1977 തിരഞ്ഞെടുക്കാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങള്‍ സവിശേഷ സ്ഥാനങ്ങളിലെത്തുന്നത് മൂലം, 175 വര്‍ഷം കൂടുമ്പോള്‍ മാത്രമുണ്ടാകുന്ന ഒരു ആനുകൂല്യം ലഭിക്കുന്ന സമയമായിരുന്നു അത്. ഗുരുത്വാകര്‍ഷണ ബലം അനുകൂലമാക്കി ബഹിരാകാശ വാഹനങ്ങള്‍ക്ക് അവയുടെ വേഗം അസാധാരണമാം വിധം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നായിരുന്നു ആ ആനുകൂല്യം.

'ഗുരുത്വാകര്‍ഷണ സഹായ സങ്കേതം' ( gravtiy assist technique ) എന്നാണ് അതിന് പേര്. 1965 ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൈക്കല്‍ മിനോവിക്കും ഗാരി ഫഌന്‍ഡ്രോയും കണ്ടെത്തിയ ആ സങ്കേതം വോയജര്‍ പേടകങ്ങള്‍ ശരിക്കും പ്രയോജനപ്പെടുത്തി. ഭൂമിയില്‍നിന്ന് യാത്ര തിരിച്ചപ്പോഴത്തെ വേഗത്തിലാണെങ്കില്‍, വോയജര്‍ രണ്ടിന് നെപ്ട്യൂണിന്റെ സമീപമെത്താന്‍ കുറഞ്ഞത് 30 വര്‍ഷം വേണ്ടിവരുമായിരുന്നു. എന്നാല്‍ ഗുരുത്വാകര്‍ഷണ സങ്കേതം തുണയേകിയപ്പോള്‍ അത് 12 വര്‍ഷമായി ചുരുങ്ങി!

ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയില്‍ വോയജര്‍ എന്നെങ്കിലും പെട്ടാല്‍, ഭൂമിയെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന സമാനമായ സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡുകളുമാണ് വോയജര്‍ പേടകങ്ങള്‍ യാത്ര തുടരുന്നത്. 12 ഇഞ്ച് വരുന്ന ആ റിക്കോര്‍ഡ് കാള്‍ സാഗന്റെ ആശയമായിരുന്നു. സ്വര്‍ണ്ണം പൂശിയ ആ ചെമ്പ് ഡിസ്‌കുകളില്‍ ഭൂമിയുടെ കഥ കൂടാതെ, 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും ആലേഖനം ചെയ്തിട്ടുണ്ട്.

ഭൂമിയില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ആ ദൗത്യത്തിന്റെ പേര് വോയജര്‍ എന്നായിരുന്നില്ല. മറീനര്‍ പ്രോഗ്രാമിന്റെ ഭാഗമായി 'മറീനര്‍ 11', 'മറീനര്‍ 12' എന്നിങ്ങനെയാണ് പേര് നല്‍കപ്പെട്ടത്. പിന്നീടത് 'മറീനര്‍ ജൂപ്പിറ്റര്‍-സാറ്റേണ്‍' എന്ന പ്രത്യേക ദൗത്യമാക്കി. വിക്ഷേപണം കഴിഞ്ഞ് വ്യാഴത്തിലേക്കുള്ള യാത്രാവേളയില്‍ വൊയേജര്‍ ഒന്ന്, വൊയേജര്‍ രണ്ട് എന്ന് പേര് മാറ്റുകയായിരുന്നു.

ആ പേര് ശാസ്ത്രചരിത്രത്തില്‍ ഇതിനകം സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. കാരണം അത്ര അത്ഭുതകരമായ കണ്ടുപിടിത്തങ്ങളാണ് വോയജര്‍ നടത്തിയത്.

അഗ്നിപര്‍വ്വതവും കൊടുങ്കാറ്റും

വൊയേജറിന്റെ കണ്ടെത്തലുകള്‍ ഒന്നല്ല പല തവണ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ആ ദൗത്യത്തെപ്പറ്റി നാസ രേഖപ്പെടുത്തുന്നത് ഇങ്ങനെ: 'ഇതുവരെയുള്ളതില്‍ ശാസ്ത്രീയമായി ഏറ്റവുമധികം ഫലംനല്‍കിയ ദൗത്യം - അതാണ് വോയജര്‍'.

വ്യാഴം, ശനി ഗ്രഹങ്ങള്‍ക്ക് സമീപത്ത് സഞ്ചരിച്ച് അവയെക്കുറിച്ച് പഠിച്ച രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് വോയജര്‍. യുറാനസിന്റെയും നെപ്ട്യൂണിന്റെയും സമീപത്തെത്തി വോയജര്‍ പേടകങ്ങള്‍ മാത്രമേ ഇതുവരെ നിരീക്ഷണം നടത്തിയിട്ടുള്ളൂ. ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയുടെ അന്തരീക്ഷത്തെക്കുറിച്ച് ആദ്യമായി വിശദപഠനം നടത്തിയതും അവ തന്നെ.

ബഹിരാകാശ യാത്രയ്ക്കിടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഒട്ടേറെ ദൃശ്യങ്ങള്‍ വോയജര്‍ പകര്‍ത്തി. കൂടാതെ, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളുടെ 23 പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്തു. സൗരയൂഥത്തെക്കുറിച്ച് അതുവരെ മനുഷ്യനറിയാത്ത വിവരങ്ങളുടെ ഒരു പ്രവാഹം തന്നെ വോയജറില്‍നിന്നുണ്ടായി.

വിവരങ്ങളുടെ കുത്തൊഴുക്ക് ആരംഭിക്കുന്നത് 1979 ലാണ്. വ്യാഴത്തിനടുത്തെത്തിയ വോയജര്‍ ഒന്നാണ് അതിന് തുടക്കമിട്ടത്, വോയജര്‍ രണ്ട് അത് പിന്തുടര്‍ന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ തടാകങ്ങളുണ്ടാകാമെന്നും, ജിവന്റെ സാന്നിധ്യമുണ്ടാകാമെന്നും ആദ്യസൂചന വോയജറാണ് നല്‍കുന്നത്.

അടുത്ത ഊഴം ശനിയുടേതായിരുന്നു. 1980-81 കാലത്ത് ഇരുപേടകങ്ങളും ശനിയെക്കുറിച്ച് പഠിച്ചു. ശനിയുടെ ഒട്ടേറെ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചു. ശനിയുടെ വലയത്തെക്കുറിച്ച് അന്നുവരെ അറിയാത്ത ഒട്ടേറെ രഹസ്യങ്ങള്‍ മനുഷ്യനറിഞ്ഞു.

ശനിയുടെ പഠനത്തിന് ശേഷം പ്രോജക്ട് സയന്റിസ്റ്റ് എഡ് സ്‌റ്റോണും സഹപ്രവര്‍ത്തകരും നിര്‍ണായകമായ ഒരു തീരുമാനമെടുത്തു. സൗരയൂഥത്തിലെ ഗ്രഹത്തട്ടില്‍ ( plane of the planets ) നിന്ന് വോയജര്‍ ഒന്നിന്റെ ദിശ തിരിച്ചുവിടുക; അതിനെ സൗരയൂഥത്തിന് വെളിയില്‍ നക്ഷത്രാന്തരമേഖലയിലേക്ക് പറഞ്ഞയയ്ക്കുക! അതേസയമയം, വോയജര്‍ രണ്ടിനെ യുറാനസും നെപ്ട്യൂണും നിരീക്ഷിക്കാന്‍ വിടുക.

1986 ല്‍ വോയജര്‍ രണ്ട് യുറാനസിന് സമീപമെത്തി. രണ്ട് പുതിയ വലയങ്ങള്‍ യുറാനസിനുള്ളതായി അത് കണ്ടെത്തി. യുറാനസിന്റെ പത്ത് ഉപഗ്രഹങ്ങളെക്കുറിച്ചും ശാസ്ത്രലോകമറിഞ്ഞു. 1989 ല്‍ ആ പേടകം നെപ്ട്യൂണിന് പരിസരത്തെത്തി നീരീക്ഷണം നടത്തി. എത്ര ഭീകരമായ അന്തരീക്ഷമാണ് നെപ്ട്യൂണിനുള്ളതെന്ന് കണ്ട് ശാസ്ത്രലോകം നടുങ്ങി.

ശാസ്ത്രലോകത്തെ പല പ്രാവശ്യം വോയജര്‍ നടുക്കിയിട്ടുണ്ട്. അതില്‍ ചിലത് ചുവടെ -

* വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോ (Io) വില്‍ സജീവമായ അഗ്നിപര്‍വതങ്ങളുണ്ടെന്ന കണ്ടെത്തല്‍. ആ അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള പൊടിയും പുകയും എവറസ്റ്റ് കൊടുമുടിയുടെ 30 മടങ്ങ് പൊകത്തില്‍ ഉയരുന്നുവെന്ന് വോയജര്‍ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തി. സൗരയൂഥത്തില്‍ ഭൂമിയിലല്ലാതെ സജീവ അഗ്നിപര്‍വതങ്ങള്‍ മറ്റിടങ്ങളിലുണ്ടെന്ന കണ്ടെത്തല്‍ അവിശ്വസനീയതയോടെയാണ് ശാസ്ത്രലോകം കേട്ടത്.

* ശനിയുടെ വലയങ്ങളില്‍ ആയിരക്കണക്കിന് ഹിമധൂളികളും ചെറുവസ്തുക്കളുമുണ്ടെന്നതായിരുന്നു വോയജര്‍ നടത്തിയ അമ്പരപ്പിക്കുന്ന മറ്റൊരു കണ്ടെത്തല്‍.

* യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ കാന്തികധ്രുവങ്ങള്‍ ഗ്രഹമധ്യരേഖയ്ക്ക് അരികിലാണെന്നതും തീര്‍ച്ചയായും അവിശ്വസനീയമായി തോന്നാം.

* സൗരയൂഥത്തില്‍ ഏറ്റവും സങ്കീര്‍ണ ഗ്രഹപ്രതലമുള്ളത് യുറാനസിന്റെ ചെറു ഉപഗ്രഹമായ മിരാന്‍ഡയ്ക്കാണെന്നതും അത്തരത്തിലുള്ള മറ്റൊരു കണ്ടെത്തലായിരുന്നു.

* സൗരയൂഥത്തില്‍ ഏറ്റവും വേഗത്തില്‍ കാറ്റ് വീശുന്നത് ഭൂമിയിലല്ല, നെപ്ട്യൂണിലാണെന്ന് 1989 ല്‍ വൊയേജര്‍ രണ്ടാണ് കണ്ടെത്തിയത് - മണിക്കൂറില്‍ 2,100 കിലോമീറ്റര്‍ വേഗത്തില്‍!


1989 ല്‍ വോയജര്‍ രണ്ട് നെപ്ട്യൂണിന് സമീപമെത്തി നിരീക്ഷണം നടത്തിയതോടെ, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കുക എന്ന ദൗത്യം പൂര്‍ത്തിയായി. അപ്പോഴേക്കും എന്‍സൈക്ലോപ്പീഡയയുടെ 6000 പതിപ്പുകള്‍ക്ക് ആവശ്യമായത്ര വിവരങ്ങള്‍ ആ പേടകങ്ങള്‍ ഭൂമിയിലേക്ക് അയച്ചിരുന്നു.

പ്രതീക്ഷിച്ചതിന്റെ 200 ശതമാനം ശാസ്ത്രവിവരങ്ങള്‍ വോയജര്‍ ഭൂമിയിലെത്തിച്ചു എന്നാണ് എഡ് സ്‌റ്റോണ്‍ ആഹ്ലാദപൂര്‍വ്വം സൂചിപ്പിക്കാറുള്ളത്. 'നമ്മള്‍ സങ്കല്‍പ്പിക്കുമായിരുന്നതിലും എത്രയോ അധികം വിവരങ്ങള്‍ നമ്മള്‍ അതില്‍ നിന്ന് പഠിച്ചുകഴിഞ്ഞു!'

പുതിയ തുടക്കം

'പിടിച്ചതിനെക്കാള്‍ വലുതാണ് അളയിലുള്ളത്' എന്ന ചൊല്ല് അനുസ്മരിപ്പിക്കുന്നതാണ് വോയേജറിന്റെ ചരിത്രം. വെറും അഞ്ചുവര്‍ഷം ആയുസ്സ് നിശ്ചയിച്ച ദൗത്യം ഇപ്പോള്‍ 36 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നു. സൗരയൂഥത്തെക്കുറിച്ചുള്ള ഒട്ടേറെ ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ പോന്ന കണ്ടെത്തലുകള്‍ ആ പേടകം നടത്തി. ഇപ്പോള്‍ അവ സൗരയൂഥത്തിന് വെളിയിലേക്കെത്തുന്നു. ഇനി പുതിയ ലോകത്തുനിന്നുള്ള വിവരങ്ങളാണ് നമുക്ക് കാക്കാനുള്ളത്.

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ (അസ്‌ട്രോണമിക്കല്‍ യൂണിറ്റ്) 124 മടങ്ങാണ്, നിലവില്‍ ഭൂമിയും വോയജര്‍ ഒന്നും തമ്മിലുള്ള അകലം. ഇപ്പോള്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത വസ്തുവാണ് വോയജര്‍ ഒന്ന്. സൂര്യനില്‍നിന്ന്, സൂര്യനും പ്ലൂട്ടോയും തമ്മിലുള്ളതിന്റെ മൂന്നു മടങ്ങ് അകലത്തിലാണ് ആ പേടകം. ഭൂമിയും വോയജര്‍ രണ്ടും തമ്മിലിപ്പോള്‍ 1513 കോടി കിലോമീറ്ററാണ് അകലം; 152 അസ്‌ട്രോണമിക്കല്‍ യൂണിറ്റ്!

നക്ഷത്രാന്തരലോകം ശാസ്ത്രത്തിന് ശരിക്കും പുതുമയാണ്. അങ്ങോട്ട് പൂര്‍ണ്ണമായി കടക്കുന്നതോടെ, സമീപ നക്ഷത്രങ്ങള്‍ക്കിടയിലെ കാന്തികമണ്ഡലത്തിന്റെ ശക്തിയളക്കാന്‍ വോയജറിലെ മാഗ്നെറ്റോമീറ്ററിന് സാധിക്കും. അത്തരമൊരു സംഗതി ആദ്യമായാണ് ശാസ്ത്രത്തിന് കഴിയുന്നത്. മാത്രമല്ല, ഹീലിയോസ്ഫിയര്‍ കടന്ന് സൗരയൂഥത്തിലേക്ക് എത്താന്‍ ശേഷിയില്ലാത്ത ഗാലക്റ്റിക് കോസ്മിക് കിരണങ്ങളെ ( Galactic cosmic rays ) നിരീക്ഷിക്കാന്‍ പേടകത്തിലെ കണികാ ഡിറ്റക്റ്ററിന് കഴിയും. യഥാര്‍ഥ 'സ്‌പേസ്' എന്താണെന്ന് അടുത്തറിയാന്‍ ഗവേഷകര്‍ക്ക് ആദ്യമായി അവസരം ലഭിക്കും.

വോയജര്‍ പേടകങ്ങള്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് സൗരയൂഥത്തിന് ഗോളാകൃതിയല്ല, അണ്ഡാകൃതിയാണുള്ളതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. സൗരയൂഥത്തെ കൊക്കൂണ്‍ പോലെ പൊതിഞ്ഞു നില്‍ക്കുന്ന ഹീലിയോസ്ഫിയറിന്റെ ആകൃതി കണക്കാക്കി 2008 ല്‍ ഇത്തരമൊരു നിഗമനത്തില്‍ ശാസ്ത്രലോകം എത്തുകയായിരുന്നു.


ഹീലിയോസ്ഫിയറില്‍നിന്ന് വോയജര്‍ ഇപ്പോള്‍ പുറത്തുകടക്കുമ്പോള്‍ ആകാംക്ഷപോലെ തന്നെ ഉത്ക്കണ്ഠയും ഗവേഷകരെ പിടികൂടുന്നുണ്ട്. ആ പേടകങ്ങള്‍ വളരെ വേഗം ഭൂമിയില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നതിനാല്‍, അവയില്‍നിന്നുള്ള സിഗ്നലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഗവേഷകരെ അലട്ടുന്ന പ്രശ്‌നം.

ഭൂമിയില്‍നിന്ന് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന സിഗ്നലുകള്‍ക്ക് നിലവില്‍ വോയജര്‍ ഒന്നിലെത്താന്‍ 17 മണിക്കൂറിലേറെ സമയം വേണം! പേടകമയയ്ക്കുന്ന സിഗ്നല്‍ ഭൂമിയിലെത്താനും വേണം അത്രയും സമയം. എന്നുവെച്ചാല്‍, അങ്ങോട്ടൊരു സന്ദേശമയച്ചാല്‍ മറുപടിക്ക് 34 മണിക്കൂര്‍ കാക്കണം.

വൊയേജര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ഭീമന്‍ ആന്റിനകളുടെ ഒരു ആഗോള ശൃംഖല തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു- ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ( Deep Space Network ) എന്ന പേരില്‍. വൊയേജര്‍ ദൗത്യത്തിന് ആന്റിന സമയത്തില്‍ വിലയേറിയ പത്തു മണിക്കൂര്‍ വീതം ദിവസവും ലഭിക്കുകയും ചെയ്യുന്നു. വോയജറിന്റെ പുതിയലോകത്തേക്കുള്ള പ്രവേശനത്തിന് ശാസ്ത്രലോകം അത്ര പ്രാധാന്യമാണ് നല്‍കുന്നത്.

പ്ലൂട്ടോണിയം 238 'റേഡിയോ ഐസോടോപ്പ് തെര്‍മല്‍ ജനറേറ്ററുകളാ'ണ് ഇരു പേടകങ്ങള്‍ക്കും ഊര്‍ജം പകരുന്നത്. തുടക്കത്തില്‍ 315 വാട്ട് ആയിരുന്നു ശേഷി. റേഡിയോ ആക്ടീവ് അപചയം മൂലം ഓരോ വര്‍ഷവും നാല് വാട്ട് വീതം ശേഷി കുറയുന്നു. വോജയര്‍ രണ്ടില്‍ അഞ്ചും വോജയര്‍ ഒന്നില്‍ നാലും ഉപകരണങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഊര്‍ജലഭ്യത 2020 ഓടെ പരിമിതമാകുമ്പോള്‍, ഉപകരണങ്ങളില്‍ പലതും നിര്‍ത്തേണ്ടി വരും.

2025 ഓടെ പ്ലൂട്ടോണിയത്തിന് പൂര്‍ണമായും അപചയം സംഭവിക്കുകയും വോയജര്‍ പേടകങ്ങള്‍, നിര്‍ജീവമായ ലോഹപേടകങ്ങള്‍ മാത്രമായി നക്ഷത്രാന്തരലോകത്തിലൂടെ പ്രയാണം തുടരും.

സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായി യാത്ര തുടരുക - അതാണ് വൊയേജര്‍ പേടകങ്ങളുടെ വിധി. 40,000 വര്‍ഷം കൊണ്ട് വൊയേജര്‍ ഒന്ന്, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍ രണ്ട് വാഹനം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും.. അതൊന്നും പക്ഷേ, ഭൂമിയില്‍ അറിയില്ലെന്ന് മാത്രം!

(വിവരങ്ങള്‍ക്ക് കടപ്പാട് : 1. Outward Bound, by Alexandra Witze. Nature, Vol. 497, 23 May 2013; 2. Voyager Site- - Jet Propulsion Laboratory; 3. How Voyager Works, by Ed Grabianowski; 4. ബഹിരാകാശ ദൗത്യങ്ങള്‍-1 : വോയജര്‍. കുറിഞ്ഞി ഓണ്‍ലൈന്‍; ചിത്രങ്ങള്‍ കടപ്പാട് : Space.com; NASA)

- മാതൃഭൂമി തൊഴില്‍വാര്‍ത്ത ഹരിശ്രീ, ജൂണ്‍ 29, 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

Monday, June 10, 2013

ചിക്കന്‍ പോക്‌സിന് നൊബേല്‍ നേടിയ ചികിത്സ

 
ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റിട്ടപ്പോള്‍, അതിന്റെ പ്രതികരണങ്ങള്‍ക്കിടെ 'ചിക്കന്‍പോക്‌സിന് ഹോമിയോയിലേ മരുന്നുള്ളൂ' എന്നൊരാള്‍ ആണയിട്ട് പറഞ്ഞു. മോഡേണ്‍ മെഡിസിനില്‍ Aciclovir എന്ന ഫലപ്രദമായ വൈറസ് പ്രതിരോധ ഔഷധം ലോകമെങ്ങും ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊരു പുതിയ അറിവാണെന്ന് അദ്ദേഹം പറഞ്ഞു....ഇതാണ് ഈ കുറിപ്പെഴുതാനുള്ള പശ്ചാത്തലം.

2009 ഓഗസ്തിലാണ് എന്റെ കുടുംബത്തിലെല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് പിടിച്ചത്. ആദ്യം എന്റെ ഊഴമായിരുന്നു. കഠിനമായ പനിക്കൊപ്പം, കൈത്തണ്ടയിലും മറ്റും വെള്ളംനിറഞ്ഞ ചെറുകുമിളകള്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍, സുഹൃത്തായ ഒരു ഗൈനക്കോളജിസ്റ്റിനെ വിളിച്ച് കാര്യം പറഞ്ഞു. ലക്ഷണം കേട്ടിട്ട് ഇത് ചിക്കന്‍പോക്‌സാകാനാണ് സാധ്യത എന്നവര്‍ അറിയിച്ചു; ഒരു ഡോക്ടറെ അന്നുതന്നെ കണ്‍സള്‍ട്ട് ചെയ്യാനും ഉപദേശിച്ചു.

'ചിക്കന്‍പോക്‌സാണെങ്കില്‍ അസൈക്ലോവിര്‍  (Aciclovir) എന്നൊരു മരുന്നുണ്ട്, അത് കഴിച്ചാല്‍ മതി. പ്രായമുള്ള ഡോക്ടര്‍മാര്‍ അത് ചിലപ്പോള്‍ എഴുതാന്‍ മടിക്കും. അവരോട് അക്കാര്യം സൂചിപ്പിച്ചാല്‍ മതി' - അവര്‍ പറഞ്ഞു.

അടുത്തൊരു ഡോക്ടറെ കണ്ടു. പ്രായമുള്ള ഒരു ലേഡി. സംഗതി ചിക്കന്‍ പോക്‌സാണെന്ന് അവര്‍ സ്ഥിരീകരിച്ചു. പക്ഷേ, മരുന്നെഴുതാന്‍ അവര്‍ കൂട്ടാക്കിയില്ലേ. 'ഇതിന് മരുന്നില്ലേ ഡോക്ടര്‍' - ഞാന്‍ തിരക്കി. 'മരുന്ന് വേണോ'- എന്ന് ചോദിച്ചിട്ട് അവരെനിക്ക് മനസില്ലാമനസോടെ അസൈക്ലോവിര്‍  കുറിച്ചുതന്നു! കരിക്കിന്‍ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം (ഉപ്പിടാത്തതല്ല) തുടങ്ങിയവ ധാരാളം കഴിക്കുക. എണ്ണയില്‍ വറുത്തത് ഒഴികെ സാധാരണ ഭക്ഷണമെല്ലാം കഴിക്കാം. വിശ്രമം കൂടിയേ തീരൂ. രണ്ടുമൂന്നു ദിവസം കഴിയുമ്പോള്‍ രോഗം മാറിയെന്ന് കരുതി, ഡ്യൂട്ടിക്കൊന്നും പോകരുത്. രണ്ടാഴ്ച്ച കര്‍ക്കശമായ വിശ്രമം കൂടിയേ തീരൂ - ഡോക്ടര്‍ നിര്‍ദേശം നല്‍കി.

(ഒരു കാരണവശാലും ഡോക്ടറുടെ അനുവാദമില്ലാതെ, ഈ മരുന്നിനൊപ്പം ആസ്പിരിന്‍ കഴിക്കരുതെന്ന് ഗൂഗിള്‍ പ്ലസില്‍ ഈ പോസ്റ്റിന് ഒരാള്‍ കമന്റിട്ടു)

എനിക്ക് സംശയമായി. ചിക്കന്‍പോക്‌സ് വന്നാല്‍ ഉപ്പിടാതെയുള്ള കഞ്ഞിയും കുടിച്ച്, വേദനയും ചൊറിച്ചിലുമകറ്റാന്‍ കഴിയാതെ വിധിയെ ശപിച്ച് കഴിയുന്നതിന് പകരം, നല്ലമുറയ്ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കുകയോ! സംശയനിവാരണത്തിന് ഗൈനക്കോളജിസ്റ്റ് സുഹൃത്തിനെ വീണ്ടും വിളിച്ചു. 'ഒരു പ്രശ്‌നവുമില്ല. ഭക്ഷണം കഴിക്കാതെ ചിക്കന്‍പോക്‌സ് ചികിത്സിച്ച കാലമെല്ലാം കഴിഞ്ഞുപോയി. മാത്രമല്ല, ഈ മരുന്ന് ഞങ്ങള്‍ ഗര്‍ഭിണികള്‍ക്ക് പോലും പ്രിസ്‌ക്രൈബ് ചെയ്യുന്നതാണ്, അത്രയ്ക്ക് സുരക്ഷിതമാണ്'-അവര്‍ പറഞ്ഞു.

ചുരുക്കി പറയാമല്ലോ, കുടംപുളിയിട്ടുവെച്ച മീന്‍കറി, അവിയല്‍, സാമ്പാര്‍, തോരന്‍, പുളിശ്ശേരി ഒക്കെ ഞങ്ങളുടെ ചിക്കന്‍പോക്‌സ് ചികിത്സയുടെ ഭാഗമായി! ശരീരത്തിന് ചൊറിച്ചിലില്ല, കുമിളകള്‍ അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ മായാന്‍ തുടങ്ങി, തലയുടെ കനം മാത്രം കുറച്ചുദിവസം നീണ്ടുനിന്നു.

(ഏറ്റവും വിചിത്രമായി തോന്നിയത്, അടുപ്പമുണ്ടായിരുന്ന ചിലര്‍ ഞങ്ങളെ ഫോണ്‍ ചെയ്യുന്നത് പോലും നിര്‍ത്തി എന്നതാണ്. ഫോണിലൂടെ ചിക്കന്‍പോക്‌സ് വൈറസ് പകരുമോ എന്നുപോലും ഞങ്ങള്‍ക്ക് സംശയമായി!)

പത്തുദിവസം കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ ഒറ്റ പാട് പോലും അവശേഷിച്ചുമില്ല! ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും അതേ ചികിത്സ ആവര്‍ത്തിച്ചു. ആര്‍ക്കും ശരീരത്തില്‍ പാടൊന്നും അവശേഷിച്ചില്ല.

കുറച്ചുദിവസം കഴിഞ്ഞ് ഞാനും ഭാര്യയും വഴിയില്‍വെച്ച് ഒരു സുഹൃത്തിനെ കണ്ടു; ബാങ്കില്‍ ജോലി നോക്കുന്ന ഒരു സ്ത്രീ. അവരുടെ മുഖംനിറയെ പുള്ളിക്കുത്ത്. സാമാന്യം സൗന്ദര്യമുള്ള ആ സ്ത്രീയ്ക്ക് മനോവിഷമം ബാധിച്ചിരിക്കുന്നത് ഞങ്ങള്‍ കണ്ടു. 'ചിക്കന്‍പോക്‌സ് വന്നിട്ട് ചികിത്സിച്ചില്ലേ' -ഭാര്യ ചോദിച്ചു. 'ചികിത്സിച്ചു, പാടുകള്‍ മാറിക്കോളുമെന്നാ ഡോക്ടര്‍ പറഞ്ഞത്' -അവര്‍ അറിയിച്ചു. 'എത്രനാളായി രോഗം ഭേദമായിട്ട്' - ഞാന്‍ തിരക്കി. ഒരുമാസം കഴിഞ്ഞെന്നവര്‍ പറഞ്ഞു. 'ഞങ്ങള്‍ക്കും എല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് വന്നിരുന്നു, രണ്ടാഴ്ച്ച കഴിഞ്ഞതേയുള്ളൂ' -ഭാര്യ അവരോട് പറഞ്ഞു. ആ സ്ത്രീ അവിശ്വസനീയതയോടെ എന്റെയും ഭാര്യയുടെയും മുഖത്ത് മാറിമാറി നോക്കി.

യാത്രപറയുന്ന വേളയില്‍ അവരോട് ഞാന്‍ ചോദിച്ചു : 'ഏത് ഡോക്ടറെയാ കണ്ടത്'. 'ഒരു ഹോമിയോ ഡോക്ടറെ'. അവരുടെ മുഖത്ത് നിറഞ്ഞിരിക്കുന്ന പാടുകളുടെ രഹസ്യം ആ മറുപടിയില്‍ ഉണ്ടായിരുന്നു!

ഏതാനും മാസംമുമ്പ് പാലക്കാട്ടെ ഒരു സഹപ്രവര്‍ത്തകന്‍ ട്രെയിനിങിന് വന്നപ്പോള്‍, അദ്ദേഹത്തിന്റെ മുഖംനിറയെ ചിക്കന്‍പോക്‌സ് വന്നതിന്റെ പാടുകള്‍. 'എത്രനാളായി വന്നിട്ട്, നിങ്ങള്‍ ചികിത്സിച്ചില്ലേ. എങ്കില്‍ പാടുണ്ടാകുമായിരുന്നില്ലല്ലോ'- ഞാന്‍ ചോദിച്ചു. ചികിത്സിച്ചു, മരുന്നൊക്കെ കൃത്യമായി കഴിച്ചു. പാട് മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 'അലോപ്പതിയല്ല, ഹോമിയോ ഡോക്ടറെയാ ഞാന്‍ കണ്ടത്'.

ഇവിടെ പരാമര്‍ശിച്ച രണ്ടുപേരില്‍ ഒരാള്‍ ബാങ്ക് ഓഫീസര്‍, മറ്റൊരാള്‍ എഞ്ചിനിയര്‍.

'വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മരുന്നാണ് അസൈക്ലോവിര്‍' - ഈ പോസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംശയനിവാരണത്തിന് വിളിച്ചപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബി.പത്മകുമാര്‍ ടെലിഫോണിലൂടെ അറിയിച്ചു. 'താരതമ്യേന സുരക്ഷിതമായ ഔഷധം. എല്ലാത്തരം ആളുകള്‍ക്കും ഈ മരുന്ന് ഞങ്ങള്‍ പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്, എന്തെങ്കിലും പാര്‍ശ്വഫലം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല' - അദ്ദേഹം അറിയിച്ചു.

'തുടക്കത്തില്‍ തന്നെ ഈ മരുന്ന് കഴിച്ചു തുടങ്ങിയാല്‍, രോഗതീവ്രത (severity) 70-80 ശതമാനം വരെ കുറയ്ക്കാന്‍ ഇത് സഹായിക്കും' - ഡോ.പത്മകുമാര്‍ അറിയിച്ചു. പരീക്ഷാ സമയത്ത് കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടാല്‍ ഉടന്‍ ഈ മരുന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം നല്‍കിയാല്‍ മിക്കവാറും പരീക്ഷ മുടങ്ങില്ലെന്നും അദ്ദേഹം പറയുന്നു.

പിന്‍കുറിപ്പ്  -

1. ആന്റിവൈറല്‍ തെറാപ്പിയുടെ ചരിത്രത്തില്‍ ഒരു പുത്തന്‍ യുഗപ്പിറവി കുറിച്ച മരുന്നാണ് അസൈക്ലോവിര്‍. കരീബിയന്‍ മേഖലയില്‍ കാണപ്പെടുന്ന ഒരിനം സ്‌പോഞ്ചിന്റെ (Cryptotethya crypta) ജനിതകദ്രവ്യമാണ് ഈ മരുന്നിന് അടിസ്ഥാനം. അസൈക്ലോവിര്‍  വികസിപ്പിച്ചതിനും കൂടിയാണ് ജെട്രൂഡ് ബി. എലിയോണ്‍ എന്ന ഫാര്‍മക്കോളജിസ്റ്റ് 1988 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്. എന്നുവെച്ചാല്‍, ആധുനിക മെഡിസിനില്‍  ചിക്കന്‍ പോക്‌സിനുള്ളത് നൊബേല്‍ പുരസ്‌കാരം നേടിയ ചികിത്സയാണെന്ന് സാരം! (കടപ്പാട് : വിക്കിപീഡിയ).

2. മരുന്ന് കഴിച്ച് ചിക്കന്‍ പോക്‌സ് മാറ്റിയാല്‍ വിണ്ടും വരാന്‍ സാധ്യത കൂടില്ലേ എന്നത് പൊതുവെ ഉയരുന്ന ഒരു സംശയമാണ്. ഇക്കാര്യത്തിന് ഒരു ഡോക്ടര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്. ചിക്കന്‍ പോക്‌സ് ഒരിക്കല്‍ വരുന്നവര്‍ക്ക് ശരീരത്തില്‍ അതിനെതിരെ സ്ഥിരമായി പ്രതിരോധം ലഭിക്കും. അതിനാല്‍ രണ്ടാമത് വരിക വിരളമാണ്. പക്ഷേ, ചുരുക്കം ചിലര്‍ക്ക് ഹെര്‍പ്പിസിന്റെ രൂപത്തില്‍ വീണ്ടും വരാറുണ്ട്. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും അങ്ങനെ സംഭവിക്കാം.

വൈറസ് ബാധിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് രോഗം പോകുന്ന ഘട്ടത്തിലാണ് പനിയും ദേഹത്തെ പാടുമെല്ലാം പ്രത്യക്ഷപ്പെടുക. അപ്പോഴാണ് സാധാരണഗതില്‍ മരുന്നും കഴിക്കുക. എന്നുവെച്ചാല്‍, ദിവസങ്ങളോളം ശരീരപ്രതിരോധ സംവിധാനവും ചിക്കന്‍ പോക്‌സ് വൈറസും തമ്മിലുള്ള ഗുസ്തി നടന്നിരിക്കും. രോഗപ്രതിരോധ ശേഷി അപ്പോഴേക്കും ശരീരം നേടിയിട്ടുമുണ്ടാകും. രോഗം പോകുന്ന ഘട്ടത്തിലെ അസ്വസ്ഥതകളും ദുരിതങ്ങളും കുറയ്ക്കാനാണ് മരുന്ന് സഹായിക്കുക. അതിനാല്‍, മരുന്ന് കഴിക്കുന്നതും, രോഗം വീണ്ടും വരാനുള്ള സാധ്യതയും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല.

Thursday, June 06, 2013

പ്രിന്റ് ചെയ്‌തെടുക്കാവുന്ന തോക്കുകള്‍

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂണ്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

'ഒരു തോക്ക് അച്ചടിച്ചുണ്ടാക്കാന്‍ പോകുന്നു'വെന്ന് 'ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' എന്ന യു.എസ്.കമ്പനി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കുമ്പോള്‍, പലരും അതിനെ ഒരു കറുത്ത തമാശയായേ കണ്ടുള്ളൂ. ഇതിനകം പല കാരണങ്ങളാല്‍ വിവാദം സൃഷ്ടിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു കമ്പനിയുടെയും അതിന്റെ 25-കാരനായ മേധാവിയുടെയും വാര്‍ത്തയിലിടം നേടാനുള്ള മറ്റൊരു വിഫലശ്രമമായി അത് വിലയിരുത്തപ്പെട്ടു.

എന്നാല്‍, കഴിഞ്ഞ മെയ് ആദ്യവാരം ടെക്‌സാസില്‍ ഓസ്റ്റിനിലെ ഊഷര പ്രദേശത്ത് വെച്ച് വെളുത്ത പ്ലാസ്റ്റിക് കളിപ്പാട്ടം പോലൊരു തോക്കില്‍നിന്ന് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ് മേധാവി കോഡി വില്‍സണ്‍ വെടിയുതിര്‍ത്തപ്പോള്‍, തോക്കുസംസ്‌ക്കാരം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് നേരെയുള്ള മറ്റൊരു നിറയൊഴിക്കലായി അത്.

താന്‍ വെടിവെയ്ക്കാനുപയോഗിച്ച തോക്കിലെ ('ലിബറേറ്റര്‍' എന്നാണ് തോക്കിന്റെ പേര്) തിരയൊഴികെ ബാക്കിയെല്ലാം ഒരു ത്രീഡി പ്രിന്ററിന്റെ സഹായത്തോടെ 'അച്ചടിച്ചെടുത്തതാ'ണെന്ന് കോഡി വില്‍സണ്‍ പറഞ്ഞു. 'ഈബേ' വഴി 8000 ഡോളറിന് വാങ്ങിയ ത്രീഡി പ്രിന്ററാണ്, തോക്കിന്റെ വിവിധ ഭാഗങ്ങള്‍ രൂപപ്പെടുത്താന്‍ ഉപയോഗിച്ചത്. മാത്രമല്ല, തോക്ക് നിര്‍മിക്കാനുപയോഗിച്ച കമ്പ്യൂട്ടര്‍ രൂപരേഖ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ ഓണ്‍ലൈനില്‍ സൗജന്യമായി നല്‍കുന്നതായും വില്‍സണ്‍ പ്രഖ്യാപിച്ചു.

ആര്‍ക്ക് വേണമെങ്കിലും ലോകത്തെവിടെയിരുന്നും ഇന്റര്‍നെറ്റില്‍നിന്ന് ആ ഡിസൈന്‍ ഡൗണ്‍ലോഡ് ചെയ്ത് ത്രീഡി പ്രിന്ററുപയോഗിച്ച് തോക്ക് നിര്‍മിക്കാം!

അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് കടുംനിറം ചാര്‍ത്തിക്കൊണ്ട്, വെറും അഞ്ചുദിവസംകൊണ്ട് തോക്കിന്റെ രൂപരേഖ ഒരുലക്ഷം തവണ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. സ്വാഭാവികമായും യു.എസ്.ഭരണകൂടം ഇടപെട്ടു. തോക്കിന്റെ ഡിസൈന്‍ ഇന്റര്‍നെറ്റില്‍നിന്ന് നീക്കംചെയ്യാന്‍ ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിനോട് അധികൃതര്‍ ആവശ്യപ്പെട്ടു.


തോക്കുകളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സമൂഹവും സര്‍ക്കാരും പുലര്‍ത്തുന്ന ആശങ്കകള്‍ അവിടെ നില്‍ക്കട്ടെ. ഈ സംഭവത്തില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു സംഗതിയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതിവിടെ വിവരിച്ചത്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംഗതി തോക്ക് 'പ്രിന്റ് ചെയ്‌തെടുക്കാന്‍' കഴിഞ്ഞു എന്നതാണ്. രണ്ടാമത്തെ കാര്യം വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു ത്രീഡി പ്രിന്റര്‍ ആണ് തോക്ക് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഓണ്‍ലൈനില്‍ ലഭ്യമായ രൂപരേഖ ഡൗണ്‍ലോഡ് ചെയ്ത് ഒരുപകരണം നിര്‍മിക്കാന്‍ (ത്രീഡി പ്രിന്റര്‍ ഉണ്ടെങ്കില്‍) ആര്‍ക്ക് വേണമെങ്കിലും കഴിയും എന്നതാണ് മൂന്നാമത്തെ സംഗതി.

തോക്കായതുകൊണ്ട് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിന്റെ നീക്കം സ്വാഭാവികമായും വിവാദവും ഉത്ക്കണ്ഠയും സൃഷ്ടിച്ചു. എന്നാല്‍, നിങ്ങളുടെ പാദത്തിന് യോജിക്കുന്ന ഷൂസാണ് ഇത്തരത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതെങ്കിലോ, അല്ലെങ്കില്‍ അടുക്കളയിലെ ഒരു ഉപകരണം, അതുമല്ലെങ്കില്‍ സൈക്കിളിന്റെ കേടായ സീറ്റ്.......എത്ര അമ്പരപ്പിക്കുന്ന സംഗതിയാകും അതല്ലേ!

ചിലര്‍ക്കെങ്കിലും ഇത് കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാകും എന്നത് വാസ്തവമാണ്. പക്ഷേ, സംഭവം സത്യമാണ്. കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ പാശ്ചാത്യലോകത്ത് പുതിയൊരു നിര്‍മാണപ്രക്രിയ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ള ഉപകരണത്തിന്റെ രൂപരേഖ കാശുകൊടുത്തോ, അതല്ലെങ്കില്‍ സൗജന്യമായോ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക. എന്നിട്ട് ആ രൂപരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക (ആവശ്യമെങ്കില്‍). അതിന് ശേഷം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ത്രീഡി പ്രിന്ററുപയോഗിച്ച് ഉപകരണം 'പ്രിന്റ് ചെയ്‌തെടുക്കുക'.

ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. എങ്കില്‍ല്‍, കേള്‍ക്കുക : നിലവില്‍ ആയിരത്തിലേറെ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ത്രീഡി രൂപരേഖകള്‍ ലഭ്യമാണ്. ത്രീഡി പ്രിന്ററുപയോഗിച്ച് അവ നിര്‍മിക്കുകയുമാകാം. ആഭരണങ്ങളും പാദരക്ഷകളും അടുക്കള സാധനങ്ങളും വാഹനങ്ങളുടെ പരീക്ഷണ മാതൃകകളും കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെയും മാതൃകകള്‍ ഒക്കെ അതില്‍ പെടുന്നു.

പുതിയ നിര്‍മാണവിദ്യ

'ഒരു ഡിജിറ്റല്‍ മാതൃകയെ അടിസ്ഥാനമാക്കി ഏത് ആകൃതിയിലുള്ള ത്രീമാന രൂപവും ഉപകരണവും നിര്‍മിക്കാനുള്ള പ്രക്രിയ'യെന്നാണ് ത്രീഡി പ്രിന്റിങിനെ വിക്കിപീഡിയ വിശദീകരിക്കുന്നത്.

കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ടെക്‌സ്റ്റ് ഫയലുകളും ചിത്രങ്ങളും സാധാരണ ടെസ്‌ക് ടോപ്പ് പ്രിന്ററുകള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന രീതിയുണ്ടല്ലോ. അതിന് ഏതാണ്ട് സമാനമാണ് ത്രീഡി പ്രിന്റിങ്. ഇവിടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഡിജിറ്റല്‍ രൂപരേഖ ഉപയോഗിച്ച് ത്രിമാനരൂപങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന വ്യത്യാസമേയുള്ളൂ.


നിര്‍മിക്കേണ്ട ഉപകരണത്തിന്റെ അല്ലെങ്കില്‍ മാതൃകയുടെ രൂപരേഖ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക എന്നതാണ് ത്രിമാന പ്രിന്റിങിന്റെ ആദ്യപടി. എന്നിട്ട്, ത്രീഡി പ്രിന്ററിലെ 'പ്രിന്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍മാണം തുടങ്ങുകയായി. പ്ലാസ്റ്റിക്ക്, ലോഹങ്ങള്‍ തുടങ്ങിയവയുടെ പൗഡറാണ് ത്രീഡി പ്രിന്റിങിലെ 'മഷി'. ആ മഷിയുപയോഗിച്ച് ഒരു സമയത്ത് ഒരു പാളി (layer) എന്ന തോതിലാണ് നിര്‍മാണം പുരോഗമിക്കുക. ഇങ്ങനെ പാളികള്‍ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രക്രിയയായതിനാല്‍, 'അഡിറ്റീവ് മാനുഫാക്ച്ചറിങ്' (Additive manufacturing) എന്ന് ത്രീഡി പ്രിന്റിങ് അറിയപ്പെടുന്നു (ഓരോ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനാല്‍ പെട്ടന്ന് നിര്‍മാണം പൂര്‍ത്തിയാകില്ല എന്നതാണ് ത്രീഡി പ്രിന്റിങിന്റെ ഒരു പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നത്).

മഷിയായി ഉപയോഗിക്കുന്ന പൗഡറിനെ ലേസറിന്റെ സഹായത്തോടെ ചൂടാക്കി ഉരുക്കി ഘനീഭവിപ്പിച്ച്, അതിസൂക്ഷ്മമായ രീതിയില്‍ രൂപരേഖയിലെ അതേ ത്രിമാന ആകൃതി സൃഷ്ടിക്കാന്‍ സാധിക്കുന്നു. പ്രായോഗികമായി ത്രിമാനരൂപമാക്കാന്‍ ബുദ്ധിമുട്ടുള്ള ഏത് ആകൃതിയും ത്രിമാന പ്രിന്റിങിന്റെ സഹായത്തോടെ സൃഷ്ടിക്കാന്‍ കഴിയും.

ഉപകരണമോ മാതൃകയോ വ്യത്യാസപ്പെടുന്നതുകൊണ്ട് ഉത്പാദന പ്രക്രിയ അപ്പാടെ മാറ്റേണ്ട സ്ഥിതി ഇല്ല. ഇതില്‍ പ്രിന്റര്‍ ഒന്നു മതി, ഡിജിറ്റല്‍ രൂപരേഖ മാത്രം മാറിയാല്‍ മതി!

ഉപകരണങ്ങളുടെ നിര്‍മാണം (മാനുഫ്ക്ച്ചറിങ്) എന്നത് നിലവില്‍ വലിയ മുതല്‍ മുടക്കുള്ള ഒന്നാണ്; ഫാക്ടറികള്‍ വേണം, മാനവവിഭവശേഷി കാര്യമായി വേണം, ഏറെ ഘടകവസ്തുക്കള്‍ പാഴാവുകയും ചെയ്യും. ഭാവിയില്‍ അത്തരം ഫാക്ടറികള്‍ ചിലപ്പോള്‍ വേണ്ടി വരില്ല. കാരണം, നിങ്ങള്‍ക്കാവശ്യമായ ഉപകരണത്തിന്റെ രൂപരേഖ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച് (കാശുകൊടുത്തോ അല്ലാതെയോ) അതുമായി അടുത്തുള്ള ത്രീഡി പ്രിന്റിങ് കേന്ദ്രത്തിലെത്തി സാധനം പ്രിന്റ് ചെയ്‌തെടുക്കാം. അല്ലെങ്കില്‍, സ്വന്തം വീട്ടിലെ ത്രീഡി പ്രിന്ററില്‍ അത് നിര്‍മിക്കാം. ഘടകവസ്തുക്കള്‍ തീരെ പാഴാകില്ല എന്നതാണ് ഈ ഉത്പാദനത്തിന്റെ പ്രത്യേകത. അതുകൊണ്ട് മലിനീകരണവും വളരെ കുറവായിരിക്കും.

ഉത്പാദനരംഗത്തെ പ്രതാപം അമേരിക്കയ്ക്ക് വീണ്ടെടുക്കാന്‍ സഹായിക്കുന്നതെന്ന് പ്രസിഡന്റ് ബാരക് ഒബാമ വിശേഷിപ്പിച്ച സങ്കേതമാണ് ത്രീഡി പ്രിന്റിങ്. അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ത്രീഡി പ്രിന്റിങ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഈ സങ്കേതത്തിന്റെ സാധ്യത ആദ്യം മനസിലാക്കിയ കിഴക്കന്‍ രാജ്യം ചൈനയാകണം. ചൈനയില്‍ ത്രീഡി പ്രിന്ററുകള്‍ മാത്രമുള്ള ഫാക്ടറികള്‍ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചൈനീസ് നിര്‍മിത കളിപ്പാട്ടങ്ങളില്‍ ഒരു ചെറിയ പങ്കെങ്കിലും ഇപ്പോള്‍ ത്രീഡി പ്രിന്റിങിന്റെ സാഹായത്തോടെ നിര്‍മിക്കുന്നവയാണ്.

പഴയ വിദ്യ; പുതിയ സാധ്യത

മൊബൈല്‍ ഫോണുകളുടെ ചരിത്രം തുടങ്ങുന്നത് 1970 കളിലാണ്. എന്നാല്‍, ലോകമൊരു മൊബൈല്‍ വിപ്ലവത്തിന്റെ പിടിയില്‍ പെടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും. ഇതിന് ഏറെക്കുറെ സമമാണ് ത്രീഡി പ്രിന്റിങ് സങ്കേതത്തിന്റെ ചരിത്രവും.

1970 കള്‍ മുതല്‍ ത്രീഡി പ്രിന്റിങ് രംഗത്തുണ്ട്. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ത്രിമാന മാതൃകകള്‍ നിര്‍മിക്കാനാണ് ഇത് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. വന്‍കിട കമ്പനികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ മാത്രമേ ത്രിമാന പ്രിന്റിങ് സങ്കേതം ഉപയോഗിക്കാനുള്ള ത്രാണി ഉണ്ടായിരുന്നുള്ളൂ. ത്രീഡി പ്രിന്ററുകള്‍ക്ക് അത്ര ഭീമമായ ചെലവ് വേണ്ടിയിരുന്നു. അതുകൊണ്ട് ത്രിമാന പ്രിന്റിങ് അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല.

എന്നാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വരവോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. ചെലവു കുറഞ്ഞ ത്രീഡി പ്രിന്ററുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. മാത്രമല്ല, ത്രിമാന ഉപകരണങ്ങളുടെ ഡിജിറ്റല്‍ മാതൃകകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മികച്ച സോഫ്റ്റ്‌വേറുകളും രംഗത്തെത്തി. ഓണ്‍ലൈന്‍ വഴി അത്തരം ഡിജിറ്റല്‍ ഡിസൈന്‍ കൈമാറുന്നതും എളുപ്പമായി.

പാശ്ചാത്യലോകത്ത് വ്യാപകമായി വിപണനം ചെയ്യപ്പെട്ട ആദ്യ ത്രീഡി പ്രിന്റര്‍ 2012 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. 'മേക്കര്‍ബോട്ട് റിപ്ലിക്കേറ്റര്‍ 2' (MakerBot Replicator 2) എന്ന ആ പ്രിന്ററിന്റെ വില 2,200 ഡോളര്‍ (1.18 ലക്ഷം രൂപ) ആയിരുന്നു. ഇതത്ര വലിയ വിലയാണെന്ന് കരുതുന്നവര്‍ ഓര്‍ക്കുക : 1983 ല്‍ എച്ച് പി വിപണിയിലെത്തിച്ച ആദ്യ ഡെസ്‌ക് ടോപ്പ് പ്രിന്ററിന്റെ വില 12,800 ഡോളര്‍ ആയിരുന്നു!


എങ്കിലും സാധാരണക്കാര്‍ക്ക് ഇപ്പോഴും ത്രീഡി പ്രിന്റര്‍ താങ്ങാന്‍ പറ്റുന്നതിലും വിലയേറിയതാണ്. ഭാവിയില്‍ ഈ സ്ഥിതി മാറിക്കൂടെന്നില്ല. ഡിജിറ്റല്‍ രംഗത്തെ ഏത് ഉപകരണത്തിന്റെ കഥയെടുത്താലും ചരിത്രം അതാണ് പറയുന്നത്. പത്തുവര്‍ഷം മുമ്പ് വലിയ വില കൊടുത്ത് വാങ്ങേണ്ടിയിരുന്ന ഡിജിറ്റല്‍ ക്യാമറകളുടെ വില ഇപ്പോള്‍ എത്ര താണിരിക്കുന്നുവെന്ന കാര്യം ഉദാഹരണം.

വാഹനങ്ങളുടെ എഞ്ചിനുകള്‍, വിമാനത്തിന്റെ ചിറകുകള്‍ തുടങ്ങിയവ സങ്കീര്‍ണ ത്രീമാനരൂപങ്ങളാണ്. ഇതുപോലുള്ളവയുടെ പരീക്ഷണ മാതൃകകള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ത്രീഡി പ്രിന്റിങ് പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ മാസങ്ങളെടുക്കുന്ന വലിയ പണച്ചെലവുള്ള ഇത്തരം മാതൃകാ നിര്‍മാണങ്ങള്‍ ആഴ്ചകള്‍ക്കൊണ്ട്, അധികം ചെലവില്ലാതെ പൂര്‍ത്തിയാക്കാന്‍ ത്രീഡി പ്രിന്റിങ് വഴി കഴിയും.

മാതൃകകള്‍ മാത്രമല്ല, പൂര്‍ണതോതിലുള്ള ഒട്ടേറെ ഉത്പന്നങ്ങളും ത്രീഡി പ്രിന്റിങ് വഴി നിര്‍മിക്കപ്പെടുന്നുണ്ട്. നിലവില്‍ ത്രീഡി പ്രിന്റിങിലൂടെ ഉണ്ടാക്കുന്നവയില്‍ 20 ശതമാനം മാത്രമാണ് പൂര്‍ണതോതിലുള്ള ഉത്പന്നങ്ങള്‍. 2020 ആകുമ്പോഴേക്കും അത് 50 ശതമാനമാകുമെന്ന്, ഈ രംഗത്തെക്കുറിച്ച് പഠിക്കുന്ന ടെറി വോലേഴ്‌സ് കുറച്ചുനാള്‍ മുമ്പ് 'ദി എക്കണോമിസ്റ്റി'നോട് പറയുകയുണ്ടായി.

ആഭരണവ്യവസായം, വിദ്യാഭ്യാസം, മെഡിക്കല്‍, ഡെന്റല്‍ വ്യവസായങ്ങള്‍, സിവില്‍ എന്‍ജിനിയറിങ് തുടങ്ങി, ഫോസിലുകളുടെ മാതൃക നിര്‍മാണം തുടങ്ങി അസംഖ്യം മേഖലകളില്‍ ത്രിമാന പ്രിന്റിങിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വിദ്യ ഉപയോഗിച്ച് കൃത്രിമ അവയവങ്ങളും ശരീരഭാഗങ്ങളും വരെ നിര്‍മിക്കാന്‍ ശ്രമം നടന്നു വരുന്നു.

ത്രീഡി പ്രിന്റിങിന്റെ സാധ്യതകളെക്കുറിച്ച് 'ദി എക്കണോമിസ്റ്റ്' നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. 1750 ല്‍ ആവിയന്ത്രം ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍, അല്ലെങ്കില്‍ 1450 ല്‍ അച്ചടിയന്ത്രം രംഗത്തെത്തിയപ്പോള്‍, അതുമല്ലെങ്കില്‍ 1950 ല്‍ ട്രാന്‍സിസ്റ്റര്‍ വന്നപ്പോള്‍ - അവയുടെ ഭാവി സാധ്യതകള്‍ വേണ്ടവിധം മനസിലാക്കാന്‍ അധികമാര്‍ക്കും കഴിഞ്ഞിട്ടുണ്ടാകില്ല. അതുപോലെയാണ് ത്രിമാന പ്രിന്റിങിന്റെ കാര്യവും. ഭാവിയുടെ വിദ്യയാണത്, ഭാവിയെ അടിമുടി മാറ്റാന്‍ സഹായിച്ചേക്കാവുന്ന സാങ്കേതികവിദ്യ.

(അവലംബം, കടപ്പാട് : 1. BBC News; 2. Wikipedia; 3. The Printed World, The Economist, Feb 10, 2011; 4. A new brick in the Great Wall, The Economist, April 27, 2013; 5. A 3-D Printed Gun, MIT Technology Review, May 3, 2013)

Saturday, June 01, 2013

തേങ്ങാക്കള്ളന്‍ !


ഉടമസ്ഥനറിയാതെ തെങ്ങില്‍ കയറുക, തേങ്ങാ പറിച്ചിടുക. കയറിയതുപോലെ താഴെയിറങ്ങി തേങ്ങാ ചകിരി പൊളിച്ച്, ചിരട്ട പൊട്ടിച്ച് ആസ്വദിച്ച് തിന്നുക. 'തേങ്ങാക്കള്ളന്‍' എന്ന് വിളിക്കാന്‍ ഇതില്‍ക്കൂടുതല്‍ കാരണം വേണോ!

കള്ളനാണെങ്കിലും അവനെ കണ്ടാല്‍ ആരും ഒന്നു ബഹുമാനിക്കും, അല്ലെങ്കില്‍ അന്ധാളിക്കും. ഇത്ര വിശിഷ്ടമായ സൃഷ്ടികള്‍ ഭൂമുഖത്തുണ്ടോ എന്ന് അത്ഭുതപ്പെടും.

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കക്ഷി ഒരിനം ഞണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഞണ്ടായ 'തേങ്ങാ ഞണ്ട്' അഥവാ 'കോക്കനട്ട് ക്രാബ്' ( Coconut crab ). ഇവന് വേറെയും വിളിപ്പേരുണ്ട് - 'കള്ളന്‍ ഞണ്ട്' ( Robber Crab ), 'തേങ്ങാക്കള്ളന്‍' ( Palm Theif ) എന്നിങ്ങനെ (ശാസ്ത്രീയ നാമവും കേട്ടോളൂ - Birgus latro).


അവന്‍ കൈകള്‍ വിരിച്ചുവെച്ചാല്‍ ഏതാണ്ട് ഒരു മീറ്ററിലേറെ നീളം വരും. ശരീരഭാരം നാല് കിലോഗ്രാം വരെ. കരയില്‍ കാണുന്ന ഏറ്റവും വലിയ 'ആര്‍ത്രോപോഡ്' ( arthropod ) ആണ് തേങ്ങാ ഞണ്ട്. ഈ ഞണ്ടിന് വെള്ളത്തില്‍ കഴിയാനാകില്ല (മുട്ടവിരിഞ്ഞ് ലാര്‍വ ഘട്ടത്തില്‍ കടല്‍വെള്ളത്തിലാണ് കഴിയുക എങ്കിലും).

'തെങ്ങില്‍നിന്ന് തേങ്ങാ പറിച്ചിട്ട് താഴെയിറങ്ങി ഇവന്‍ തേങ്ങയുടെ ചകിരി പൊളിക്കുന്നത് ഒരു കാഴ്ച്ചയാണ്' - തേങ്ങാ ഞണ്ടിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നേരിട്ട് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള പ്രശസ്ത കടലാമ വിദഗ്ധന്‍ സതീഷ് ഭാസ്‌ക്കര്‍ പറയുന്നു.


ആന്‍ഡമാനിലെ ആള്‍പ്പാര്‍പ്പില്ലാത്ത സൗത്ത് സെന്റിനല്‍ ദ്വീപ് തേങ്ങാ ഞണ്ടുകളുടെ ഒരു താവളമാണ്. അവിടെ കടലാമകളെ തേടി പോയപ്പോഴെല്ലാം സതീഷ് ഭാസ്‌ക്കര്‍ ഈ ഞണ്ടുകളെയും നിരീക്ഷിച്ചിട്ടുണ്ട്. 'തേങ്ങയുടെ തൊണ്ടിലെ ചകിരിനാരുകള്‍ ഒന്നൊന്നായി തന്റെ ബലിഷ്ഠമായ നറുക്കകാല്‍കൊണ്ട് പറിച്ചെടുക്കും, ഒടുവില്‍ ചിരട്ടയും അറുത്തു മുറിച്ച് തേങ്ങാ തിന്നും'-അദ്ദേഹം വിവരിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും ശാന്തസമുദ്രത്തിലെയും ദ്വീപുകളാണ് ഈ ഭീമന്‍ ഞണ്ടുകളുടെ വാസഗേഹം (ഇതോടൊപ്പമുള്ള മാപ്പ് കാണുക). ഒരിടത്ത് അവ കാണപ്പെടാനുള്ള പ്രധാന ഉപാധി, അവിടെ തെങ്ങുണ്ടാകണം എന്നതാണ്.

തന്റെ വിഖ്യാതമായ ബീഗിള്‍ യാത്രയ്ക്കിടെ സാക്ഷാല്‍ ചാള്‍സ് ഡാര്‍വിനെയും ഈ ഞണ്ടുകള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഭാഗമായ കീലിങ് ദ്വീപില്‍ വെച്ച് ഈ ഞണ്ടുകളെ കണാനിടവന്നപ്പോള്‍ അവയെ 'ഭീകരസത്വങ്ങളെ'ന്നാണ് ഡാര്‍വിന്‍ വിശേഷിപ്പിച്ചത്.

തേങ്ങായിട്ട് തിന്നുമെങ്കിലും, തേങ്ങ മാത്രമല്ല ഈ ഞണ്ടുകളുടെ ഭക്ഷണം. കായ്കളും കനികളും ഉണങ്ങി വീഴുന്ന മരത്തിന്റെ ദ്രവിച്ച ഭാഗങ്ങളും ചത്ത ജീവികളുമൊക്കെ ഇവ ഭക്ഷണമാക്കും. കാഴ്ച്ച അത്ര മികച്ചതല്ലെങ്കിലും, തേങ്ങാ ഞണ്ടുകള്‍ക്ക് മണംപിടിക്കാനുള്ള കഴിവ് അസാധാരണമാണ്. ഭക്ഷണം കണ്ടെത്തുന്നത് മണംപിടിച്ചാണ്.


'അതിന്റെ ഇറുക്കുകാലിന്റെ ശക്തി അപാരമാണ്. ഒരിക്കല്‍ അതൊന്ന് പരീക്ഷിച്ചറിയാനുള്ള അവസരം എനിക്കുണ്ടായി'-സതീഷ് ഭാസ്‌ക്കര്‍ ഓര്‍ക്കുന്നു.

തെക്കന്‍ നിക്കോബാര്‍ ദ്വീപുകളിലൊന്നില്‍ നിന്ന് ഒരു തേങ്ങാ ഞണ്ടിനെ പിടികൂടി, 'സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ'യുടെ പോര്‍ട്ട് ബ്ലെയറിലെ ഓഫീസിലെത്തിക്കാന്‍ സതീഷ് ഭാസ്‌ക്കര്‍ തീരുമാനിച്ചു. കപ്പലില്‍ അതിനെയുംകൊണ്ട് കയറിയപ്പോള്‍, അതിന്റെ ഇറുക്കുകാലിന്റെ ശക്തി നോക്കണമെന്നായി സഹയാത്രികര്‍. 'ഒരു അലുമിനിയം കമ്പി വെച്ചുകൊടുത്തപ്പോള്‍, ഇറുക്കുകാല്‍ കൊണ്ട് ഒറ്റ പിടിത്തമേ വേണ്ടിവന്നുള്ളൂ, കമ്പി നിഷ്പ്രയാസം മുറിഞ്ഞു.'

തേങ്ങാ ഞണ്ടിന് അതിന്റെ പെരുങ്കാല്‍കൊണ്ട് 28 കിലോഗ്രാം ഭാരം വരെ പൊക്കിയെടുക്കാന്‍ കഴിയുമെന്ന് വരുമ്പോള്‍, അതിന്റെ ശക്തി എത്രയെന്ന് ആലോചിച്ചു നോക്കുക.


സംഭവം ഗംഭീരമാണെങ്കിലും ഈ ജീവിവര്‍ഗത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. ഇത്രയും വലിപ്പമുള്ളതിനാല്‍, സ്വാദിഷ്ടമായ ഞണ്ടിറച്ചി ആഗ്രഹിക്കുന്നവര്‍ക്ക് തേങ്ങാ ഞണ്ടൊരു വിരുന്നാണ്. ഞണ്ടിറച്ചിക്കായി ഇവയെ കൊന്നൊടുക്കിയതിന് കണക്കില്ല.

ഒരു ജീവിയെ കണക്കില്ലാതെ കൊന്നൊടുക്കിയാല്‍ എന്തുസംഭവിക്കുമോ, അത് തേങ്ങാ ഞണ്ടിന്റെ കാര്യത്തിലുമുണ്ടായി. വംശനാശം നേരിടുന്ന ജീവിയെന്ന നിലയ്ക്ക് ഐ.യു.സി.എന്നിന്റെ ചുവപ്പ് പട്ടികയിലാണ് തേങ്ങാ ഞണ്ടിന്റെ ഇപ്പോഴത്തെ സ്ഥാനം. കൃത്യമായി എത്രയെണ്ണം ഭൂമുഖത്ത് അവശേഷിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും ഐ.യു.സി.എന്‍.പറയുന്നു.

(ചിത്രങ്ങള്‍ക്ക് കടപ്പാട് :  Environmental Graffiti Site. തേങ്ങാ ഞണ്ടുകളെപ്പറ്റി കൂടുതല്‍ അറിയാനും വീഡിയോകള്‍ കാണാനും :  ARKive Site )