
ഇപ്പോഴിതാ, വൊയേജര്‍-1 സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിടുന്നതായി ഭൂമിയില്‍ സൂചന ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 1740 കോടി കിലോമീറ്റര്‍ അകലെയുള്ള അതിന്റെ ഇനിയുള്ള യാത്ര, സൗരയൂഥത്തിന് സമീപത്തെ നക്ഷത്രാന്തര മേഖലയിലൂടെയാകും! നിലവില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത പേടകമാണ് വൊയേജര്‍-1.
സൗരകണങ്ങളുടെ പ്രവാഹത്തിന് വ്യത്യാസം വന്നിരിക്കുന്നതായി വൊയേജര്‍-1 നിരീക്ഷിച്ചതാണ്, ആ പേടകം സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. സൂര്യനില്‍ നിന്നുള്ള കണങ്ങള്‍ ഇപ്പോള്‍ ആ പേടകത്തെ കടന്ന് മുന്നോട്ട് സഞ്ചരിക്കുന്നില്ല. പകരം, സൗരകണങ്ങള്‍ വശങ്ങളിലെക്ക് ചിതറിപ്പോവുകയാണ്. ഇതിനര്‍ഥം, സൗരയൂഥത്തിന്റെ അതിര്‍ത്തി വൊയേജര്‍-1 കടക്കുന്നു എന്നാണ്.
സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനം അവസാനിക്കുന്നിടം വരെയുള്ള മേഖലയാണ് ഹിലിയോസ്ഫിയര്‍ (heliosphere). ആ ഭാഗത്ത് സൗരവാതകങ്ങള്‍ (solar wind) ഒരു കുമിളപോലെ സൗരയൂഥമേഖലയെ പൊതിഞ്ഞിട്ടുണ്ടാകും. അതിനപ്പുറത്ത് ആകാശഗംഗയുടെ ഇതര ഭാഗങ്ങളാണ് സ്വാധീനം ചെലുത്തുക. സൂര്യന്റെ സ്വാധീനം അവസാനിക്കുയും, ബാഹ്യലോകത്തിന്റെ സ്വാധീനം പ്രകടമാകുകയും ചെയ്യുന്ന അതിര്‍ത്തിക്ക് 'ടെര്‍മിനേഷന്‍ ഷോക്ക്' (termination shock) എന്നാണ് പേര്.
ടെര്‍മിനേഷന്‍ ഷോക്ക് എന്ന അതിര്‍ത്തിരേഖക്കും, നക്ഷത്രാന്തരലോകത്തിന്റെ പൂര്‍ണ സ്വാധീനമുള്ള മേഖലയ്ക്കുമിടിയില്‍ ഹിലിയോഷീത്ത് (heliosheath) എന്നൊരു പ്രദേശമുണ്ട്. വൊയേജര്‍-1 ഇപ്പോള്‍ ഹിലോയോസ്ഹീത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ആ പ്രദേശത്തിന്റെ അതിര്‍ത്തിയാണ് 'ഹിലിയോപാസ്'(Heliopause).
വൊയേജര്‍ കൈവരിക്കുന്ന പുതിയ ഉയരങ്ങളെ വര്‍ണിക്കാന്‍ പ്രൊജക്ട് സയന്റിസ്റ്റ് എഡ്വേര്‍ഡ് സ്റ്റോണിന് വാക്കുകളില്ല. 'ബഹിരാകാശ യുഗത്തിന് വെറും 20 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് വൊയേജര്‍ വിക്ഷേപിക്കുന്നത്. ആ ദൗത്യം ഇത്രകാലവും തുടരുമെന്ന് ഊഹിക്കാന്‍ പോലും അന്ന് സാധിക്കുമായിരുന്നില്ല'-അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന് സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

റേഡിയോ ആക്ടീവ് ഊര്‍ജം ഉപയോഗിക്കുന്നതിനാല്‍, വൊയേജര്‍ പേടകങ്ങള്‍ക്ക് ഊര്‍ജ പ്രതിസന്ധി നേരിട്ടില്ല. മാത്രവുമല്ല, അവയിലെ ഉപകരണങ്ങളെല്ലാം പ്രതീക്ഷയ്ക്കപ്പുറത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ അയയ്ക്കുന്നത് തുടരകയും ചെയ്തു. വളരെ അകലെ ആയതിനാല്‍ ഇപ്പോള്‍ വൊയേജിര്‍ പേടകങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ 16 മണിക്കൂര്‍ വേണം!
വൊയേജര്‍-1 ല്‍ 'ലോ എനര്‍ജി ചാര്‍ജ്ഡ് പാര്‍ട്ടിക്കിള്‍ ഇന്‍സ്ട്രുമെന്റ്' എന്നൊരു ഉപകരണമുണ്ട്. സൗരവാതകത്തിന്റെ പ്രവേഗം നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഉപകരണമാണത്. ഇപ്പോള്‍ സഞ്ചരിക്കുന്ന സ്ഥലത്ത് സൗരവാതകത്തിന്റെ പ്രവേഗം പൂജ്യമായി മാറിയിക്കുന്നു എന്നാണ് വൊയേജര്‍-1 നല്കുന്ന വിവരം. അതിനര്‍ഥം സൗരവാതക പ്രവാഹം നിലച്ചിരിക്കുന്നു. അതിര്‍ത്തി കടക്കുകയാണ് പേടകം.
ഹിലിയോഷീത്തില്‍ പ്രവേശിച്ചിരിക്കുന്ന വൊയേജര്‍-1 സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ഹിലിയോപാസിലേക്ക് നീങ്ങുന്നത്. ഏതാനും വര്‍ഷത്തിനകം അവിടവും പേടകം പിന്നിടും. പിന്നെ നക്ഷത്രങ്ങളുടെ ലോകം. സൂര്യന്റെ മാതൃഗാലക്സിയായ ആകാശഗംഗയിലൂടെ അനന്തമായ യാത്ര.
40,000 വര്‍ഷം കൊണ്ട് വൊയേജര്‍-1, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍-2 പേടകം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും.
ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയില്‍ വൊജേയറെത്തിയാല്‍, ഭൂമിയെക്കുറിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡുകളും അവയില്‍ അടക്കം ചെയ്തിട്ടുണ്ട്. 12 ഇഞ്ച് വരുന്ന ആ റിക്കോര്‍ഡ്, കാള്‍ സാഗന്റെ ആശയമാണ്. 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. (അവലംബം: നാസ)
- വൊയേജറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ ചുവടെ









കാണുക
ബഹിരാകാശദൗത്യങ്ങള്‍-1 : വൊയേജര്‍