മനുഷ്യ പരിണാമത്തിന്റെ കഥ ഇനിയും പൂര്‍ത്തിയാട്ടില്ല. അറ്റുപോയ ഒട്ടേറെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബാക്കിയുണ്ട്. ആഫ്രിക്കയില്‍ നിന്നു ലഭിച്ച പുതിയ രണ്ട് ഫോസിലുകള്‍ ശാസ്‌ത്രലോകത്തെ ബോധ്യപ്പെടുത്തുന്നത് ഇതാണ്
കിഴക്കന്‍ ആഫ്രിക്കയിലെ റിഫ്‌ട് താഴ്‌വരയില്‍ നിന്നു പുതിയതായി കണ്ടെത്തിയ രണ്ട് ഫോസിലുകള്‍ മനുഷ്യ പരിണാമത്തിന്റെ കഥ മാറ്റിയെഴുതുന്നു. മനുഷ്യപൂര്‍വികാനായ 'ഹോമോ ഇറക്ടസ്' പരിണമിച്ചുണ്ടായത് 'ഹോമോ ഹാബിലിസ്' എന്ന വര്‍ഗ്ഗത്തില്‍ നിന്നല്ല എന്നതാണ് പരിണാമകഥയിലെ പുതിയ ഭേദഗതി. 'ഹോമോ ഇറക്ടസി'ന് മനുഷ്യനോടുള്ളതിനെക്കാള്‍ സാദൃശ്യം ഗൊറില്ലകള്‍, ചിമ്പാന്‍സികള്‍ തുടങ്ങിയ കുരങ്ങുകളോടാണെന്നും പുതിയ കണ്ടെത്തല്‍ സൂചന നല്‍കുന്നു. ഇറക്ടസ് വര്‍ഗ്ഗത്തിലെ സ്‌ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് വളരെ ചെറുതായിരുന്നെന്ന വസ്‌തുത നരവംശശാസ്‌ത്രജ്ഞരെ അമ്പരിപ്പിക്കുകയാണ്.
മനുഷ്യപരിണാമത്തിന്റെ 'കളിത്തൊട്ടില്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് കിഴക്കന്‍ ആഫ്രിക്കയിലെ റിഫ്‌ട് താഴ്‌വര. മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം സംബന്ധിച്ച ഏറ്റവും വിലപ്പെട്ട തെളിവുകള്‍ അവിടെ നിന്നാണ് കണ്ടെടുത്തിട്ടുള്ളത്. ആ മേഖലയില്‍ കെനിയയിലെ തുര്‍ക്കാന തടാകത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് ഏഴുവര്‍ഷം മുമ്പു കണ്ടെത്തിയ രണ്ട് വ്യത്യസ്‌ത ഫോസിലുകളാണ് ഇപ്പോള്‍ പരിണാമത്തിന് പുതിയ പാഠഭേദം ചാര്‍ത്തുന്നത്. ഒരു പെണ്‍ 'ഹോമോ ഇറക്ടസി'(Homo erectus)ന്റെ തലയോട്ടിയും, 'ഹോമോ ഹാബിലിസി'(Homo habilis)ന്റെ താടിയെല്ലിന്റെ ഭാഗവുമാണ് അവിടെ നിന്ന് ലഭിച്ചത്.
ഒരു പെണ്‍ ഹോമോ ഇറക്ടസിന്റെ ഫോസില്‍ ഗവേഷകലോകത്തിന് ലഭിക്കുന്നത് ആദ്യമായാണ്. ആധുനിക ഗൊറില്ലകള്‍, ചിമ്പാന്‍സികള്‍ തുടങ്ങിയ വാനരന്‍മാരുടെ കാര്യത്തില്‍ പെണ്‍വര്‍ഗ്ഗം ആണ്‍വര്‍ഗ്ഗത്തെ അപേക്ഷിച്ച് ചെറുതാണ്. ഇതുപോലെ ആയിരുന്നിരിക്കാം ഹോമോ ഇറക്ടസിന്റെ കാര്യവും എന്ന് ഗവേഷകര്‍ കരുതുന്നു. ഫ്രെഡറിക് മാന്‍ഥിയാണ് ഫോസിലുകള്‍ കണ്ടെത്തിയത്. അതെപ്പറ്റി നടന്ന ഗവേഷണത്തില്‍ പ്രശസ്‌ത ഗവേഷക മീവ് ലീക്കിയും മകള്‍ ലൂയിസ് ലീക്കിയും മുഖ്യപങ്ക് വഹിച്ചു.

14.4 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ് 'ഹാബിലി'സിന്റെ ഫോസിലെങ്കില്‍, 'ഇറക്ടസി'ന്റേത് 15.5 ലക്ഷം പഴക്കമുള്ളതാണ്. ഇരുവര്‍ഗ്ഗങ്ങളും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നു എന്നതിന് തെളിവാണ് ഈ ഫോസിലുകള്‍-'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞത് അരലക്ഷം വര്‍ഷമെങ്കിലും ഇരുവര്‍ഗ്ഗങ്ങളും ആഫ്രിക്കയില്‍ ഒരുമിച്ചു കഴിഞ്ഞിരിക്കാം. ഹോമോ ഹാബിലസില്‍ നിന്ന് ഹോമോ ഇറക്ടസും, അതില്‍ നിന്ന് ഇപ്പോഴത്തെ മനുഷ്യവര്‍ഗ്ഗമായ 'ഹോമോ സാപ്പിയന്‍സും' പരിണമിച്ചുണ്ടായി എന്ന നിഗമനം ഇതോടെ അപ്രസക്തമാകുന്നു. ഹാബിലിസും ഇറക്ടസും പൊതുപൂര്‍വികനില്‍ നിന്നു വേര്‍പിരിഞ്ഞതാകാം എന്നേ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കരുതാനാവൂ എന്ന് ഗവേഷകര്‍ പറയുന്നു.
ഇരുവര്‍ഗ്ഗവും ഒരേസമയം കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞെങ്കിലും, ഹാബിലിസ് വര്‍ഗ്ഗം വനമേഖലയില്‍ സസ്യജന്യമായ ഭക്ഷ്യണം (പരിപ്പുകളും കിഴങ്ങുകളും) തേടിയും, ഇറക്ടസ് വര്‍ഗ്ഗം പുല്‍മേടുകള്‍ നിറഞ്ഞ സാവന്നയില്‍ വേട്ടയാടിയും (മാംസം, കൊഴുപ്പ് തുടങ്ങിയവ ഭക്ഷിച്ചും) കഴിഞ്ഞിരുന്നു എന്നാണ് ഗവേഷകര്‍ കരുതുന്നത്. ആഫ്രിക്കയില്‍ നിന്ന് ആദ്യമായി പുറംലോകത്തെത്തിയ മനുഷ്യപൂര്‍വികന്‍ ഹോമോ ഇറക്ടസ് ആണ്. യൂറോപ്പ്, ചൈന എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ നിന്ന് ഈ വര്‍ഗ്ഗത്തിന്റെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്.
പുതിയ കണ്ടെത്തല്‍ ചില ഭേദഗതി വരുത്തുന്നുവെങ്കിലും, മനുഷ്യ പരിണാമത്തിന്റെ യഥാര്‍ത്ഥ കഥയ്‌ക്ക് വലിയ പരിക്കൊന്നും ഈ കണ്ടെത്തല്‍ മൂലമുണ്ടാകുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ആഫ്രിക്കയിലെ റിഫ്‌ട് താഴ്‌വരയില്‍ ഏതാണ്ട് 50 ലക്ഷം വര്‍ഷം മുമ്പ് പരിണമിച്ചുണ്ടായ മനുഷ്യ പൂര്‍വികന്‍ പിന്നീട് ആഫ്രിക്കയ്‌ക്ക് പുറത്ത് കുടിയേറി ലോകം മുഴുവന്‍ വ്യാപിച്ചുവെന്നാണ് പരിണാമ ചരിത്രം പറയുന്നത്. അതിന് മാറ്റമൊന്നും വന്നിട്ടില്ല. "മനുഷ്യ പരിണാമത്തിന്റെ കഥ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല. അറ്റുപോയ ഒട്ടേറെ കണ്ണികള്‍ ബാക്കിയുണ്ടാവാം. കൂടുതല്‍ കണ്ടെത്തല്‍ നടത്തുമ്പോള്‍ കൂടുതല്‍ ചോദ്യങ്ങളും ഉയരും"-കെനിയന്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ഫാരാ ഐഡില്‍ പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല.(അവലംബം: 'നേച്ചര്‍' ഗവേഷണവാരിക)