
ഒരു വിഷുദിനത്തില്‍ ആദ്യമായി പരിചയപ്പെട്ട തവളയെക്കുറിച്ചുള്ള സ്മരണ. അല്ലാതെ വിഷുവിനും 'മണവാട്ടിത്തവള'യ്ക്കും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല
പത്തുവര്‍ഷം മുമ്പത്തെ വിഷുദിനത്തിലാണ് ഈ തവളയെ ആദ്യമായി പരിചയപ്പെടുന്നത്. വെറുതെ പരിചയപ്പെടുകയായിരുന്നില്ല, ആര്.വി.എം.ദിവാകരന്റെ നരുവമ്പ്രത്തുള്ള വീട്ടിലെ അടുക്കളയില്‍ കഞ്ഞിവെയ്ക്കാന്‍ കോരിവെച്ചിരുന്ന വെള്ളത്തില്‍ നിന്ന്, ദിവാകരന്റെ അമ്മ (ഞങ്ങള്‍ ടീച്ചറെന്നു വിളിക്കുന്ന വി.എം.ലീലാഭായി) സ്പൂണ്‍ കൊണ്ട് ആ സുന്ദരിയെ കോരി പുറത്തേക്കു വിടുകയായിരുന്നു! ഒറ്റച്ചാട്ടം, ജനാലപ്പടിയിലുടെ അടുക്കളയുടെ മൂലയില്‍ അവള് മറഞ്ഞു. പല ജീവിയെയും കണ്ടിട്ടുണ്ട്; പക്ഷേ, കഞ്ഞിക്കുള്ള വെള്ളം ആവാസവ്യവസ്ഥയാക്കുന്ന ഒരെണ്ണത്തിനെ ജീവിതത്തിലാദ്യമായി കാണുകയായിരുന്നു! "ഭാഗ്യം, ഒന്നല്ലേയുള്ളൂ, ബാക്കി 26 പേരും വീടിന്റെ മറ്റേതെങ്കിലും കോണുകളില്‍ കാണും"-എന്റെ മുഖത്തെ അമ്പരപ്പു കണ്ടപ്പോള്‍ ടീച്ചര്‍ ആത്മഗതം പോലെ പറഞ്ഞു.
കാര്യം എനിക്ക് അത്രയ്ക്കങ്ങോട്ട് പിടികിട്ടിയിട്ടില്ല എന്നു മനസിലായപ്പോള്‍, ദിവാകരന്റെ സഹോദരി ദീപ സഹായത്തിനെത്തി. "ജോസഫേട്ടാ, ഞങ്ങളുടെ വീട്ടില്‍ ഞങ്ങളെപ്പോലെ തന്നെ തികഞ്ഞ അവകാശത്തോടെ താമസിക്കുന്ന ഒരു വര്‍ഗ്ഗമാണ് ഈ തവളകള്‍. 'മണവാട്ടിത്തവള' എന്ന് ഞങ്ങളിതിനെ വിളിക്കും. താങ്കളെപ്പോലൊരു പരിസ്ഥിതിസ്നേഹിക്ക് താത്പര്യമുണ്ടായേക്കാവുന്ന തവളയാണിത്"-ദീപയുടെ വാക്കിലെ ദുരൂഹതയുടെ പുകമറയും അടുപ്പിലെ പുകയും കൂടിയായപ്പോള്‍ ഞാന്‍ സ്വയം പുകഞ്ഞു പുറത്തു ചാടി. ദിവാകരനെത്തേടിപ്പിടിച്ചു, കാര്യത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. സ്വതസിദ്ധമായ രീതിയില്‍ അവന് ഒന്ന് ഇളകിയിരുന്നു. എന്നിട്ടു പറഞ്ഞു, "മണവാട്ടിത്തവളയോ, ഇവിടെ മിക്ക വീടുകളിലും ഇത്തരം തവളകള്‍ സ്ഥിരംതാമസക്കാരാണ്".
വീടിന്റെ ഇരുട്ടും വെളിച്ചവും കലര്‍ന്ന ഒരു മുറിയിലേക്ക് ദിവാകരന് എന്നെ കൂട്ടിക്കൊണ്ടു പോയി. മുറിയിലെ കട്ടിലിന്റെ തലയ്ക്കല്‍ ചാരിവെച്ചിരുന്ന തലയിണ എടുത്തമാറ്റി. അവിടെയതാ, ഞാന്‍ കണ്ണുതിരുമ്മി അരണ്ട വെളിച്ചത്തില്‍ ഒന്നുകൂടി നോക്കി, ആറ് മണവാട്ടിത്തവളകള്‍ കൂട്ടമായിരിക്കുന്നു; കമ്മറ്റി കൂടും പോലെ! "സാധാരണ തവളകളെപ്പോലെ അറപ്പുളവാക്കുന്നവയല്ല ഇവ"-ഒരു 'മണവാട്ടി'യെ കൈയിലെടുത്തുകൊണ്ട് ദിവാകരന് പറഞ്ഞു. "കൈ നീട്ടൂ"-അവന് ആവശ്യപ്പെട്ടു. നീട്ടിയ കൈയിലേക്ക് ആ മണവാട്ടിയെ വെച്ചുതന്നപ്പോള്‍ ഒരു തണുപ്പ്. മനസില്‍ അല്‍പ്പം അറപ്പ് കടന്നുകൂടിയോ? വെളിച്ചത്തിലേക്കു കൈമാറ്റി 'മണവാട്ടിയെ' ശരിക്കും കണ്ടതോടെ അതു മാറി. കുഞ്ഞിക്കണ്ണുകള്‍ കൊണ്ട് ആ തവളയെന്നെ നോക്കി. നിഷ്കളങ്കമായ തണുത്ത നോട്ടം. സത്യം പറയാമല്ലോ, ഉള്ളില്‍ ഒരു വാത്സല്യം മുളയിട്ടു.
ചെറിയൊരു തവള. ഏതാനും സെന്റീമീറ്റര്‍ നീളം. ''ഇതിന് പരമാവധി ഇത്രയും വലിപ്പമേ ഉണ്ടാകൂ"-ദിവാകരന് പറഞ്ഞു. ശരീരത്തിന്റെ മുകള്ഭാഗം മുതല്‍ താഴെ വരെ ഇഷ്ടികയുടെ നിറത്തിലൊരു ഭാഗം. അതിന് മുകളില്‍ കറുത്ത നിറവും, മഞ്ഞപ്പൊട്ടുകളും. ശരീരത്തിന്റെ അടിഭാഗം മഞ്ഞകലര്ന്ന വെള്ളനിറം. സുന്ദരി, ഞാന്‍ മനസില്‍ പറഞ്ഞു. "അണിഞ്ഞൊരുങ്ങിയ ഒരു മണവാട്ടിയെപ്പോലെയില്ലേ, അതാണ് ഈ പേരിന് പിന്നില്‍"-ദിവാകരന് വിശദീകരിച്ചു. വീട്ടിനുള്ളില്‍ ചെറുപ്രാണികളും കൊതുകുകളും വളരാന്‍ ഇവര്‍ സമ്മതിക്കില്ല; എല്ലാറ്റിനെയും പിടിച്ച് തിന്നും, ദിവാകരന് അറിയിച്ചു. മണവാട്ടി വീടുകളില്‍ ഒരു ഉപകാരിയാണ്. അതിനാല്‍, ആരും മണവാട്ടിയെ ഉപദ്രവിക്കാറില്ല. വടക്കന്‍ കേരളം അത്ര പരിചയമില്ലാത്ത എനിക്ക് മുന്നില്‍ അത്ഭുതത്തിന്റെ പുതിയൊരു ലോകം തുറക്കുകയായിരുന്നു.
വിഷുവിന് ഓഫീസ് അവധിയായതിനാല്‍, കോഴിക്കോട്ടുനിന്ന് ദിവാകരനൊപ്പം രാവിലെ നരുവമ്പ്രത്തെത്തിയതായിരുന്നു ഞാന്‍. തീവണ്ടിയില്‍ കണ്ണൂര്‍ കടന്ന് പഴയങ്ങാടിയില്‍ ഇറങ്ങിയ ഞങ്ങള്‍ മാടായിപ്പാറയുടെ കിഴക്കേ ചെരുവിന് താഴെ വരെ ബസ്സിലെത്തി അവിടെ നിന്ന് നരുവമ്പ്രത്തിന് നടന്നു. ഏതാണ്ട് ഇരുപത് മിനിറ്റ് നടന്നു കാണും. അതിനിടെ, ദിവാകരന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുള്ള ഒട്ടേറെപ്പേര്‍ റോഡില്‍ വെച്ചും കടവരാന്തകളില്‍ നിന്നുമൊക്കെ ദിവാകരനെയും ചിലപ്പോള്‍ എന്നെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. 'ഹോ, എന്തു വായനാശീലമുള്ള മനുഷ്യര്‍' എന്ന് എന്നെക്കൊണ്ട് മനസില്‍ പറയിക്കുക പോലും ചെയ്തു ചിലര്‍. 'ആരാ കൂടെയുള്ളത്', എന്ന് എന്റെ ലേശം മുടന്തിയുള്ള നടത്തം കണ്ട് സഹതാപം തോന്നി ചിലര്‍ ചോദിച്ചപ്പോഴൊക്കെ, 'അറിയില്ലേ, ജോസഫ് ആന്റണി, ഞങ്ങളൊരുമിച്ചാ ജോലിചെയ്യുന്നത്', എന്ന് ദിവാകരന് വളരെ ഭവ്യതയോടെ അവരോട് പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
വിഷുവിന് വീട്ടില്‍ വരുന്ന അതിഥിയെക്കുറിച്ച് ദിവാകരന് നേരത്തെ തന്നെ ടീച്ചറെയും അച്ഛനെയും ദീപയെയും ഒക്കെ അറിയിച്ചിരുന്നു. എന്റെ താത്പര്യങ്ങളെക്കുറിച്ചും നല്ല വിവരണം നല്‍കിയിരുന്നു എന്നു വേണം ഊഹിക്കാന്‍. അതായിരിക്കണം, അവരുടെ വീട്ടിനും പറമ്പിനും തൊട്ടപ്പുറത്ത്, ദേശാടനപക്ഷികള്‍ കൂടുകൂട്ടുന്ന ആ കാടിനെക്കുറിച്ച് വിശദമായി വിവരിക്കാന്‍ ദീപയെ പ്രേരിപ്പിച്ചത്. പകല്‍ പോലും കീരി, കുറുക്കന് തുടങ്ങിയ ജീവികള്‍ പരസ്യമായി ഇറങ്ങി നടക്കുന്ന കാടാണത്. പുരയിടത്തിന്റെ പേരില്‍ കോടതിയില്‍ കേസ് നടക്കുന്നതു കൊണ്ടാണ്, അതിങ്ങനെ കാടുകയറി വന്യജീവി സങ്കേതമായി മാറിയിരിക്കുന്നത്. കോടതികള്‍ വിചാരിച്ചെങ്കിള്‍ കേരളത്തില്‍ എത്രമാത്രം വനം വര്‍ധിക്കുമായിരുന്നുവെന്ന് ഞാന്‍ മനസിലോര്‍ത്തു. പോരുംമുമ്പ് ഒരു കീരിയും മൂന്നു മക്കളും കാടിന് നടുവിലെ ഇടവഴി മുറിച്ച് കടന്നു പോകുന്നതിന് സാക്ഷിയാകാനും എനിക്കു കഴിഞ്ഞു. കോഴിക്കോട്ട്, ഞങ്ങള്‍ താമസിക്കുന്ന കോളനിയില്‍ പാര്‍പ്പുറപ്പിച്ചിട്ടുള്ള കീരിയുടെയും നാലുമക്കളുടെയും കണ്ണൂരുള്ള ബന്ധുക്കളായിരിക്കാം ഇതെന്ന് ഞാന്‍ മനസില്‍ കുറിച്ചു.
പരിസ്ഥിതി മാത്രമല്ല, പാചകത്തിലും താത്പര്യമുണ്ടെന്ന് ഞാന്‍ ടീച്ചറോട് പറഞ്ഞു. നെയ്യാര്‍ഡാമില്‍ നിന്ന് വലകെട്ടി കിട്ടുന്ന കട്ല മത്സ്യങ്ങളെ കറിവെയ്ക്കുന്നതിന്റെ പാചകവിധി വിവരിച്ചപ്പോള്‍, തങ്ങള്‍ വെജിറ്റേറിയനായതിന്റെ സങ്കടം ടീച്ചറുടെ മുഖത്ത് തെളിഞ്ഞു (ഈ പാചകതാത്പര്യമാണ് എന്നെ ലക്ഷ്മി നായരുടെ ഒരു ഫാനാക്കിയത്. എന്റെ ഭാര്യ പക്ഷേ, ഇക്കാര്യം അങ്ങോട്ട് സമ്മതിച്ചു തരില്ല). കണ്ണൂരിലെ വിഷു വിഭവങ്ങളെക്കുറിച്ചും, ഓലന്‍ തുടങ്ങിയവ ഉണ്ടാക്കുന്നതിനെക്കുറിച്ചും ടീച്ചര്‍ എനിക്ക് ചെറിയൊരു ക്ലാസ് തരുന്ന വേളയിലാണ്, മണവാട്ടിത്തവള കഞ്ഞിക്കലത്തിലേക്ക് ഡൈവ് ചെയ്തെത്തിയതും, എന്റെ സജീവശ്രദ്ധ ആകര്‍ഷിച്ചതും.
ദിവാകരന് നല്കിയ വിവരണങ്ങള്‍ക്കു ശേഷവും ചില സംശയങ്ങള്‍ ബാക്കി നിന്നു. ഊണു തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു ടീച്ചറിനോട് ഇടയ്ക്ക് ഞാന്‍ ചോദിച്ചു, " 27 തവളകള്‍ ഇവിടെയുണ്ടെന്ന് എങ്ങനെയാ അറിഞ്ഞത്?''"അതൊരു ന്യായമായ ചോദ്യമാണ്"-ടീച്ചര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. പകല്‍ നേരത്തു മാത്രമേ ഇവരെല്ലാം വീട്ടിലുണ്ടാകൂ. സൂര്യന് താണുകഴിഞ്ഞാല്‍ ഒറ്റയെണ്ണത്തിനെ കാണില്ല, എല്ലാവരും പുറത്തുപോകും. രാത്രി മുഴുവന്‍ പറമ്പിലായിരിക്കും.
"രാവിലെ, പത്രം എടുക്കാന്‍ കതകു തുറക്കുമ്പോള്‍, എല്ലാവരും വാതലിന് മുന്നില്‍ ധര്‍ണയിരിക്കുന്നതു കാണാം"-ടീച്ചര്‍ ഒരത്ഭുതവും കൂടാതെ അത്ഭുതകരമായ ആ സംഗതി വിവരിച്ചു. "വാതില്‍പ്പിടിക്കു താഴെ കാത്തിരിക്കുന്നവര്‍ എത്രപേരുണ്ടെന്ന് ഞാന്‍ പലപ്പോഴും എണ്ണിനോക്കിയിട്ടുണ്ട്, ഇവിടെ 27 മണവാട്ടികള്‍ താമസമുണ്ടെന്ന് അങ്ങനെയാണ് വ്യക്തമായത്". ടീച്ചര്‍ വാതില്‍ തുറന്നു കഴിഞ്ഞാല്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന മണവാട്ടികള്‍ ഓരോരുത്തരും വീട്ടിനുള്ളിലേക്ക് ചാട്ടുളി പോല ഒറ്റ ചാട്ടമാണ്. "പകലത്തെ ഡ്യൂട്ടിക്ക്"-ഞാന്‍ മനസിലോര്‍ത്തു. പിന്‍വാതിലിലൂടെ വരാറില്ലേ, സംശയം തീരുന്നില്ല. "ഇല്ല"-ടീച്ചര്‍ അസന്നിഗ്ദമായി പറഞ്ഞു. "ആദ്യം തുറക്കുന്നത് മുമ്പിലത്തെ വാതിലല്ലേ, അവിടയേ കാത്തു നില്‍ക്കാറുള്ളൂ". സാധാരണഗതില്‍ ഈ തവളകളെ ആരും വീട്ടിനുള്ളില്‍ ഉപദ്രവിക്കാറില്ല, ദിവാകരന് അറിയിച്ചു. അടുക്കളയില്‍ വെച്ചിരിക്കുന്ന വെള്ളത്തില്‍ ചിലപ്പോള്‍ വന്നു ചാടും. അതിലത്ര അറപ്പൊന്നും ആരും പ്രകടിപ്പിക്കാറില്ല, സ്പൂണോ തവിയോ കൊണ്ട് കോരി പുറത്തു വിടും.
ജാഫര്‍ പാലോട്ടിന്റെ വീട് മാടായിപ്പാറയുടെ ചുവട്ടിലാണ്. പ്രകൃതിസ്നേഹിയും ഗവേഷകനുമായ അദ്ദേഹത്തെ പിറ്റെ ദിവസം തിരികെ പോരും വഴി ഞങ്ങള്‍ സന്ദര്‍ശിച്ചു. കുശലത്തിനിടെ, ഞാന്‍ മണവാട്ടിത്തവളയുടെ വിഷയം എടുത്തിട്ടു. "ഇവിടെയൊന്നും ആര്‍ക്കും മണവാട്ടിത്തവള അത്ര അത്ഭുതമല്ല"-ജാഫര്‍ പറഞ്ഞു. "കേരളത്തില്‍ ഭാരതപ്പുഴയ്ക്ക് വടക്കേ ഇവയെ കാണൂ, ഏറിവന്നാല്‍ മംഗലാപുരം വരെ". ശരിക്കും എന്‍ഡമിക്ക് (ഭൂപരിമിതം) ആയ ജീവിവര്‍ഗ്ഗമാണിത്. "അതിന്റെ ശാസ്ത്രീയനാമം എന്തു മനോഹരമാണെന്നോ"-ജാഫര്‍ പറഞ്ഞു. "റാണ മലബാറിക്ക (Rana malabarica)". ശരിക്കും സുന്ദരം, രാജകീയ പ്രൗഡി. Fungoid Frog എന്നിതിനെ ഇംഗ്ലീഷില്‍ വിളിക്കും. ഇവയ്ക്ക് അമ്മായിത്തവള, നിസ്ക്കാരത്തവള, തെയ്യംതവള എന്നൊക്കെ മലബാറില്‍ പേരുണ്ട്. മുട്ടയിടാന്‍ മാത്രമേ വെള്ളത്തിലിറങ്ങൂ. രണ്ടുമാസമാകുമ്പോഴേക്കും പൂര്‍ണവളര്‍ച്ചയെത്തി കരയ്ക്കു കയറും.
ഒരു വീട്ടില്‍ താമസമുറപ്പിച്ച 'മണവാട്ടി'കളെ അവിടെ നിന്ന് ഒഴിവാക്കുക എളുപ്പമല്ല, ജാഫര്‍ അറിയിച്ചു. ജാഫറിന്റെ സ്വന്തം അനുഭവം തന്നെയുണ്ട് അതിന് തെളിവായി. ജാഫറിന്റെ വീട്ടില്‍ സുഖവാസം നടത്തിയിരുന്ന 14 തവളകളുണ്ടായിരുന്നു. ചിലയവസരങ്ങളില്‍ ഭക്ഷണം വിളമ്പി വെയ്ക്കുന്ന നേരത്ത് ഇവരില്‍ ചിലര്‍ ഒരു രസത്തിന് ഡൈനിങ് ടേബിളിന് മുകളിലേക്ക് ചാടിയെത്തും. ഒരിക്കല്‍ അച്ചാര്‍ പാത്രത്തില്‍ ഒരു മണവാട്ടി വീണു. ഉമ്മയ്ക്ക് ആകെ വിഷമമായി. ഉമ്മയുടെ പരാതി തീര്‍ക്കാന്‍ ജാഫര്‍ വീട്ടിലുള്ള 14 മണവാട്ടികളെയും പിടിച്ച് ടിന്നിലടച്ച് ബൈക്കില്‍ മൂന്നു കിലോമീറ്റര്‍ അകലെ കൊണ്ടുപോയി ഒരു കാട്ടില്‍ തുറന്നു വിട്ടിട്ട് സമാധാനമായി തിരിച്ചു പോന്നു.
പിറ്റേ ദിവസം രാവിലെ ഉമ്മ വാതില്‍ തുറക്കുമ്പോള്‍ നോക്കി, ഒറ്റ മണവാട്ടിയും ഇല്ല; ഉമ്മയ്ക്ക് ആശ്വാസമായി. തൊട്ടടുത്ത ദിവസങ്ങളും അങ്ങനെ കടന്നു പോയി. പക്ഷേ, അഞ്ചാംദിവസം കതകുതുറക്കുമ്പോള്‍ ആ ഹൃദയഭേദകമായ കാഴ്ച കണ്ടു, വീട്ടില്‍ നിന്ന് പോയ പതിനാല് മണവാട്ടികള്‍ക്കൊപ്പം ഏഴുപേര്‍ കൂടി സംഘടിച്ച് 21 പേര് ഉമ്മറപ്പടിയ്ക്കു താഴെ കാവല്‍!
കഴിഞ്ഞ ദുഖവെള്ളിയാഴ്ച (2007 ഏപ്രില്‍ ആറ്) ഞാനും കുടുംബവും കണ്ണൂരില്‍ പേരാവൂരിനടുത്ത് മണത്തണയുള്ള ചേച്ചിയുടെ വീട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തലശ്ശേരി കഴിഞ്ഞപ്പോള്‍ മുതല്‍ കാറ്റിന്റെ സ്വഭാവം മാറി. പൊള്ളുന്ന കാറ്റാണ് ബസ്സിനുള്ളിലേക്ക് വീശുന്നത്. ഒരു അഗ്നികുണ്ഡം ഉണ്ടാക്കി അതിനടുത്തു നിന്നാലത്തെ അവസ്ഥ. ചൂട് അസാധാരണമായി വര്‍ധിച്ചിരിക്കുന്നു. പാലയ്ക്കാടും കണ്ണൂരും കൊടുംചൂടിന്റെ കാര്യത്തില്‍ തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. അപ്പോള്‍ മനസിലേക്ക് ഉയര്‍ന്നു വന്നത്, പത്തുവര്‍ഷം മുമ്പ് ദിവാകരന് എന്റെ കൈയിലേക്ക് വെച്ചുതന്ന ആ 'മണവാട്ടി'യുടെ നോട്ടമായിരുന്നു.
ആഗോളതാപനഫലമായി ഭൂമിക്ക് ചൂടുപിടിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് സമീപവര്‍ഷങ്ങളില്‍ വായിച്ച വാര്‍ത്തകളിലൊരെണ്ണം, തളവകളാണ് ഉയരുന്ന ചൂടിന്റെ ആദ്യഇരകള്‍ എന്നായിരുന്നു. അന്നത് വായിച്ചപ്പോള്‍ എനിക്ക് 'മണവാട്ടിത്തവള'കളെ ഓര്മ വന്ന കാര്യം, ചൂടുകാറ്റിന്റെ അസ്വസ്ഥതയില്‍ വീണ്ടുമോര്‍ത്തു.
കണ്ണൂര്‍കാരനായ സഹപ്രവര്ത്തകന് എ.കെ.സജീവനോട് കഴിഞ്ഞ ദിവസം വെറുതെ ചോദിച്ചു, ചേട്ടന്റെ വീട്ടില്‍ മണവാട്ടിത്തവളയുണ്ടോ എന്ന്. "ഉണ്ട്, രണ്ടെണ്ണം"-അദ്ദേഹം അറിയിച്ചു. "വീട്ടിലെ കുളിമുറിയിലാണ് അവ കഴിയുന്നത്. കോണ്‍ക്രീറ്റ് വീടല്ലേ, മറ്റെവിടെയാ അവയ്ക്ക് ജീവിക്കാനൊക്കുക". ഉത്തരം വ്യക്തം. പക്ഷേ, ഞാനത് വിശ്വസിക്കുന്നില്ല. 27 മണവാട്ടിത്തവളകള്‍ സുഖമായി പാര്‍ക്കുന്ന വീടുകള്‍ കണ്ണൂരില്‍ ഇപ്പോഴും ധാരളമുണ്ടെന്ന് കരുതാനാണ് എനിക്കിഷ്ടം (ചിത്രങ്ങള്‍ക്ക് കടപ്പാട്: India Nature Watch) -ജോസഫ് ആന്റണി
(Note: ഡോ.ആര്.വി.എം.ദിവാകരന് ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ ലക്ചററാണ്. ആര്.വി.എം.ദീപ തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളില്‍ അധ്യാപിക. ഡോ.ജാഫര്‍ പാലോട്ട്, സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (ZSI)യുടെ കോഴിക്കോട് റീജിണല്‍ ഓഫീസില്‍ ഗവേഷകന്.)