Tuesday, February 27, 2007

ഡി.എന്‍.എ.ചിപ്പുകള്‍: ചികിത്സയുടെ ഭാവിമുഖം

ചികിത്സ വ്യക്തിഗതമാകുന്ന കാലത്തേക്കാണ്‌ വൈദ്യശാസ്‌ത്രം ചുവടുവെക്കുന്നത്‌. അതിന്‌ വേദിയൊരുക്കുന്നതോ ഡി.എന്‍.എ.ചിപ്പുകളും

ചോറ്‌ പാകമായോ എന്നു നോക്കുന്നത്‌ എങ്ങനെയാണ്‌. എല്ലാ ചോറും പരിശോധിച്ചിട്ടല്ല, മാതൃകയ്‌ക്ക്‌ ഏതാനും എണ്ണം നോക്കിയിട്ടാണ്‌. ഡി.എന്‍.എ.ചിപ്പുകളുടെ കാര്യവും ഇതിനോടുപമിക്കാം. മനുഷ്യ ഡി.എന്‍.എ.യിലെ 300 കോടിയിലേറെ രാസാക്ഷരങ്ങള്‍ മുഴുവന്‍ പരിശോധിച്ച്‌ ഒരാളുടെ ജനിതകസവിശേഷതകളും ജനിതകപ്രശ്‌നങ്ങളും കണ്ടെത്തുക അസാധ്യമാണ്‌. പകരം, ഒരു 'സൂക്ഷ്‌മജിനോംനിര' (DNA microarray) രൂപപ്പെടുത്തിയാല്‍, വളരെ വേഗം ജനിതകപ്രശ്‌നങ്ങളുടെ ഉള്ളിലേക്ക്‌ കടക്കാന്‍ വിദഗ്‌ധര്‍ക്ക്‌ കഴിയും. ഡി.എന്‍.എ.യുടെ ചെറിയൊരു ഭാഗമുപയോഗിച്ച്‌ സമഗ്രമായ ചിത്രം ലഭിക്കാനുള്ള മാര്‍ഗ്ഗമാണിത്‌. ഇത്തരം 'സൂക്ഷ്‌മജിനോംനിര'കളാണ്‌ ഡി.എന്‍.എ. ചിപ്പിലുള്ളത്‌. ചികിത്സ മുതല്‍ ഔഷധങ്ങള്‍ കണ്ടെത്താനും രോഗാണുക്കളെ കൃത്യമായി തിരിച്ചറിയാനും വരെ സമീപഭാവിയില്‍ ഡി.എന്‍.എ.ചിപ്പുകളാവും ആരോഗ്യവിദഗ്‌ധര്‍ക്ക്‌ കൂട്ടുണ്ടാവുക. വൈദ്യശാസ്‌ത്രത്തില്‍ ഭാവിസാധ്യതകളുടെ പര്യായം ഇത്തരം ചിപ്പുകളാണെന്ന്‌ പലരും കരുതുന്നു.

മാനവജിനോമിന്റെ കണ്ടെത്തല്‍ വൈദ്യശാസ്‌ത്രരംഗത്തു വരുത്തുമെന്ന്‌ പ്രവചിക്കപ്പെട്ട ഒരു മാറ്റം, ചികിത്സ വ്യക്തിഗതമാകും എന്നതാണ്‌. ഒരേ പേരിലാണ്‌ അറിയപ്പെടുന്നതെങ്കിലും ഒരു രോഗത്തിന്‌ ഒട്ടേറെ വകഭേദങ്ങളുണ്ടാകാം. ഉദാഹരണത്തിന്‌ രക്താര്‍ബുദത്തിന്റെ (ലുക്കേമിയ) കാര്യമെടുക്കുക. ഇതിന്‌ പല വകഭേദങ്ങളുണ്ട്‌. രോഗിയെ പിടികൂടിയിട്ടുള്ളത്‌ ഏത്‌ വകഭേദമാണെന്ന്‌ കൃത്യമായി തിരിച്ചറിയാനായില്ലെങ്കില്‍, ചികിത്സ ഫലിച്ചെന്നു വരില്ല. 'റോച്ചെ'യെന്ന ഔഷധകമ്പനി രൂപപ്പെടുത്തിയിട്ടുള്ള 'ആംപ്ലിചിപ്പ്‌'(AmpliChip) ഗണത്തിലെ ഡി.എന്‍.എ. ചിപ്പുകള്‍ക്ക്‌ 20 ലുക്കേമിയ വകഭേദങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ ശേഷിയുണ്ട്‌. 'അഫിമെട്രിക്‌സ്‌' എന്ന കമ്പനിയുമായി സഹകരിച്ച്‌ റോച്ചെ നിര്‍മിച്ച ആംപ്ലിചിപ്പുകള്‍ക്ക്‌ 2004-ലാണ്‌ യൂറോപ്യന്‍ അധികൃതര്‍ വിപണാനുമതി നല്‍കിയത്‌. ഇത്തരം ഡി.എന്‍.എ.ചിപ്പുകള്‍ ഡോക്ടറുടെ പണിയായുധത്തില്‍ ഉള്‍പ്പെടുന്നതോടെ, ചികിത്സയ്‌ക്ക്‌ പിഴവുപറ്റാനുള്ള സാധ്യത വളരെ കുറയും. ഏത്‌ മരുന്ന്‌ എത്ര ഡോസില്‍ നല്‍കിയാല്‍ രോഗശമനം സുഗമമാകുമെന്ന്‌ ഡോക്ടര്‍ക്ക്‌ കൃത്യമായി മനസിലാക്കാനാകും. ഒരു രോഗിക്ക്‌ നല്‍കിയ മരുന്നാകില്ല, അതേ രോഗത്തിന്‌ വേറൊരു രോഗിക്ക്‌ നല്‍കേണ്ടി വരിക. ഇതാണ്‌ വ്യക്തിഗത ചികിത്സ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ചികിത്സയില്‍ രോഗനിര്‍ണയം പോലെ പ്രധാനമാണ്‌, രോഗാണുക്കളെ തിരിച്ചറിയലും. പുതിയ രോഗാണുക്കളെ തിരിച്ചറിയാനും ഡി.എന്‍.എ.ചിപ്പുകള്‍ സഹായിക്കുമെന്ന്‌ 2003-ല്‍ ലോകം കണ്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലാരംഭിച്ച്‌ ലോകമാകെ ഭീതിപരത്തിയ 'സാര്‍സ്‌'(സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം) വൈറസിനെ അന്ന്‌ തിരിച്ചറിഞ്ഞത്‌ ഡി.എന്‍.എ.ചിപ്പുകളിലുപയോഗിക്കുന്ന 'സൂക്ഷ്‌മജിനോംനിര'യുപയോഗിച്ചായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ.ജോ ഡിറിസിയാണ്‌ ഈ മാര്‍ഗ്ഗത്തിലൂടെ വൈറസിനെ തിരിച്ചറിഞ്ഞത്‌. ഫലപ്രദമായ ഔഷധങ്ങളുടെ കണ്ടെത്തലാണ്‌ ആരോഗ്യരംഗത്ത്‌ ഡി.എന്‍.എ.ചിപ്പുകള്‍ ഒരുക്കുന്ന മറ്റൊരു സാധ്യത. റോച്ചെ, മെര്‍ക്ക്‌, ഫൈസര്‍ തുടങ്ങി ലോകത്തെ വമ്പന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെല്ലാം പുതിയ ഔഷധങ്ങള്‍ കണ്ടെത്താനായി ഡി.എന്‍.എ.ചിപ്പുകളെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.

'മെര്‍ക്ക്‌' കമ്പനിയുടെ കാര്യമെടുക്കാം. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ജീന്‍പ്രഭാവം(gene expression) വിശകലനം ചെയ്യുന്നതില്‍ പ്രത്യേക പ്രാവിണ്യം നേടിയ 'റോസെറ്റ ഇന്‍ഫാര്‍മാറ്റിക്‌സ്‌' എന്ന സോഫ്‌ട്‌വേര്‍ കമ്പനിയെ 2001-ല്‍ മെര്‍ക്ക്‌ സ്വന്തമാക്കി. റോസെറ്റയുടെ സാങ്കേതികസഹായമുപയോഗിച്ച്‌, മെര്‍ക്ക്‌ കമ്പനിയിലെ ഗവേഷകരിപ്പോള്‍ പ്രതിവര്‍ഷം 40,000 'സൂക്ഷ്‌മജിനോംനിര' പരീക്ഷണങ്ങളാണ്‌ നടത്തുന്നത്‌. ആ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ മുഴുവന്‍ മെര്‍ക്ക്‌ കമ്പനിയുടെ ഡേറ്റാബേസില്‍ സൂക്ഷിക്കപ്പെടുന്നു. ഇത്തരം രണ്ടുലക്ഷം എന്‍ട്രികള്‍ ഇപ്പോള്‍ മെര്‍ക്കിന്റെ ഡേറ്റാബേസിലുണ്ട്‌. പുതിയ ഔഷധങ്ങള്‍ കണ്ടെത്താനുള്ള മെര്‍ക്കിന്റെ ശേഷി ഇതുമൂലം പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. നിലവില്‍ മെര്‍ക്ക്‌ ക്ലിനിക്കല്‍ പരീക്ഷണത്തിന്‌ വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഔഷധതന്മാത്രകളില്‍ 20 ശതമാനവും ഡി.എന്‍.എ.ചിപ്പുകളുടെ സഹായത്തോടെ കണ്ടെത്തിയതാണെന്ന്‌, കമ്പനിയുടെ എക്‌സിക്യുട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌മാരിലൊരാളായ സ്റ്റീഫന്‍ ഫ്രണ്ട്‌ അറിയിക്കുന്നു. മാത്രമല്ല, മാരകമായ പാര്‍ശ്വഫലങ്ങളുള്ള ഔഷധങ്ങളെ മുന്‍കൂട്ടിയറിയാനും, അതനുസരിച്ച്‌ ആവശ്യമായ ക്രമീകരണം വരുത്താനും പുതിയ സങ്കേതം സഹായിക്കും.

ഒരു കാലത്ത്‌ നവജാതശിശുക്കളില്‍ മാരകമായ പാര്‍ശ്വഫലങ്ങളുണ്ടാക്കിയതിന്റെ പേരില്‍ ഏറ്റവുമധികം വെറുക്കപ്പെട്ട മരുന്നാണ്‌ താലഡോമൈഡ്‌. 1961-ല്‍ അത്‌ നിരോധിക്കപ്പെട്ടു. എന്നാല്‍, അര്‍ബുദ ചികിത്സയില്‍ ഗുണംചെയ്യും എന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പരിമിതമായ തോതിലാണെങ്കില്‍ പോലും താലഡോമൈഡ്‌ തിരിച്ചുവരുന്ന കാഴ്‌ചയ്‌ക്ക്‌ ഇപ്പോള്‍ വൈദ്യശാസ്‌ത്രം സാക്ഷ്യം വഹിക്കുകയാണ്‌. താലഡോമൈഡിന്റെ ഈ ഗുണം അത്‌ നിരോധിച്ച കാലത്ത്‌ അറിയാമായിരുന്നില്ല. പലമരുന്നുകള്‍ക്കും ഇത്തരത്തില്‍ അറിയപ്പെടാത്ത ഗുണങ്ങളുണ്ട്‌. അത്‌ കണ്ടെത്തി നിലവിലുള്ള ഔഷധങ്ങളുടെ സാധ്യത വിപുലീകരിക്കാനാകും. ഇതാണ്‌ ഡി.എന്‍.എ.ചിപ്പുകള്‍ മുന്നോട്ടുവെയ്‌ക്കുന്ന മറ്റൊരു സാധ്യത. മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(എം.ഐ.ടി)യുടെ സഹകരണത്തോടെ, 'ബ്രോഡ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ' എന്ന അമേരിക്കന്‍ സ്ഥാപനം ഇത്തരമൊരു സംരംഭത്തിലാണ്‌. 'കണക്ടിവിറ്റി മാപ്പ്‌'(connectivity map) എന്ന പേരിലൊരു ഡേറ്റാബേസ്‌ ഉണ്ടാക്കുകയാണ്‌ ഈ സ്ഥാപനം. ഔഷധങ്ങള്‍, ജീനുകള്‍, രോഗങ്ങള്‍ ഇവ തമ്മിലുള്ള ബന്ധത്തെ ഭാഷാവത്‌ക്കരിച്ച്‌ ഡേറ്റാബേസിലാക്കിയ ശേഷം, ഇവ തമ്മിലുള്ള പരസ്‌പരബന്ധം പ്രത്യേക സോഫ്‌ട്‌വേറുകളുടെ സഹായത്തോടെ ചികഞ്ഞു കണ്ടെത്തുകയാണ്‌ ചെയ്യുക. നിലവിലുള്ള മരുന്നുകളുടെ അറിയപ്പെടാത്ത സാധ്യതകളും പ്രവര്‍ത്തനങ്ങളും ഇതിലൂടെ വെളിവാകും. അമേരിക്കയില്‍ അംഗീകാരം കിട്ടിയ മുഴുവന്‍ മരുന്നുകളും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍ണയം ചെയ്യാന്‍ കഴിയുമെന്നാണ്‌ ബ്രോഡ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ പ്രതീക്ഷിക്കുന്നു.

1980-കളുടെ അവസാനവര്‍ഷങ്ങളിലാണ്‌ ഡി.എന്‍.എ.ചിപ്പുകള്‍ വികസിപ്പിക്കാനുള്ള ഗൗരവമാര്‍ന്ന ശ്രമങ്ങള്‍ ആരംഭിച്ചത്‌. 1970-കളില്‍ ഡി.എന്‍.എ.വിശകലനവിദ്യ('സതേണ്‍ ബ്ലോട്ടിങ്‌ ')യുടെ കണ്ടുപിടിത്തത്തിലൂടെ പ്രശസ്‌തനായ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ എഡ്വിന്‍ സതേണ്‍ ആണ്‌, ആദ്യമായി 'സൂക്ഷ്‌മജിനോംനിര'യുടെ മാതൃകാവകാശ(പേറ്റന്റ്‌)ത്തിന്‌ അപേക്ഷ നല്‍കിയത്‌; 1988-ലായിരുന്നു അത്‌. എന്നാല്‍, ഡി.എന്‍.എ.ചിപ്പുകള്‍ വാണിജ്യയുഗത്തിലേക്ക്‌ കടക്കുന്നത്‌ സ്റ്റീഫന്‍ ഫോഡൊര്‍ എന്ന യുവശാസ്‌ത്രജ്ഞന്റെ രംഗപ്രവേശത്തോടേയാണ്‌. കമ്പ്യൂട്ടര്‍ചിപ്പുകള്‍ക്ക്‌ സമാനമായി ഫോട്ടോലിഥോഗ്രാഫിയുടെ സഹായത്തോടെ ജിനോംശ്രേണികളെ മൈക്രോചിപ്പുകളില്‍ സന്നിവേശിപ്പിക്കാനുള്ള സങ്കേതമാണ്‌ ഡോ.ഫോഡൊര്‍ കണ്ടെത്തിയത്‌. 1991-ല്‍ ഇതു സംബന്ധിച്ച്‌ ഡോ.ഫോഡൊറിന്റേതായി 'സയന്‍സ്‌' ഗവേഷണവാരികയില്‍ വന്ന മുഖലേഖനമാണ്‌ ഡി.എന്‍.എ.ചിപ്പുകളുടെ യുഗം ഉദ്‌ഘാടനം ചെയ്‌തതെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

ഏതാണ്ട്‌ അതേസമയത്തു തന്നെ സ്റ്റാന്‍ഫഡ്‌ സര്‍വകലാശാലയ്‌ക്കു കീഴിലെ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ പാട്രിക്‌ ബ്രൗണും അദ്ദേഹം റിക്രൂട്ട്‌ ചെയ്‌ത എഞ്ചിനിയറിങ്‌ വിദ്യാര്‍ത്ഥിയായ ഡാരി ഷാലോണും ചേര്‍ന്ന്‌ മൈക്രോസ്‌കോപ്പിലുപയോഗിക്കുന്ന ഗ്ലാസ്‌ സ്ലൈഡില്‍ സൂക്ഷ്‌മ ഡി.എന്‍.എ.ഭാഗങ്ങള്‍ കുത്തുകളുടെ രൂപത്തില്‍ സന്നിവേശിപ്പിച്ച്‌ 'സൂക്ഷ്‌മജിനോംനിര'കളുണ്ടാക്കാനുള്ള വിദ്യയും രൂപപ്പെടുത്തി. ഈ രണ്ട്‌ വിദ്യകളുമാണ്‌ ഡി.എന്‍.എ.ചിപ്പ്‌ വിപ്ലവത്തിന്റെ അടിത്തറ. 70 കോടി ഡോളറി(3200 കോടിരൂപ) ന്റെ വിപണിയാണ്‌ ഡി.എന്‍.എ ചിപ്പുകളുടേത്‌. ആഗോള ചിപ്പ്‌ വിപണിയില്‍ ഇപ്പോള്‍ വെറും ഒന്‍പത്‌ ശതമാനം മാത്രമാണ്‌ 'സൂക്ഷ്‌മജിനോംനിര'കളുടേത്‌. 2009 ആകുമ്പോഴേക്കും അത്‌ 45 ശതമാനമാകുമെന്നാണ്‌ ഈ രംഗം നിരീക്ഷിക്കുന്ന വിദഗ്‌ധര്‍ പ്രവചിക്കുന്നത്‌. മനുഷ്യജീവിതത്തില്‍ ഡി.എന്‍.എ.ചിപ്പുകള്‍ എത്ര വലിയ സ്ഥാനമാണ്‌ കൈയടക്കാന്‍ പോകുന്നതെന്ന്‌ വ്യക്തമാക്കുന്നു ഈ പ്രവചനം-2007 മാര്‍ച്ച്‌ ലക്കം 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ പ്രസിദ്ധീകരിച്ചത്‌-(കടപ്പാട്‌: ഇക്കണോമിസ്‌റ്റ്‌ വാരിക)
-ജോസഫ്‌ ആന്‍ണി

Saturday, February 24, 2007

ചൂടേറുന്നു; ഹിമാലയം ഉരുകുന്നു

ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റിലെ മഞ്ഞുപാളികള്‍ വേഗം ഉരുകുന്നതായി കണ്ടെത്തല്‍. ആഗോളതാപനം ഹിമാലയത്തെയും ഗുരുതരമായി ബാധിച്ചു തുടങ്ങിയതിന്റെ തെളിവാണിതെന്ന്‌ ഗവേഷകര്‍ പറയുന്നു. ഹിമാലയത്തിലെ മഞ്ഞുരുക്കം ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന നദികളെയെല്ലാം ബാധിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌.
ചൈന, ഫ്രാന്‍സ്‌, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പുതിയൊരു കാലാവസ്ഥാ സൂചകത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ്‌ ഹിമാലയം ഉരുകുന്ന കാര്യം വ്യക്തമായത്‌. എവറസ്റ്റ്‌ കൊടുമുടിയുടെ വടക്കേ ചരുവിലെ 'ഈസ്റ്റ്‌ റോങ്‌ബുക്‌' ഹിമപാളിയില്‍ മൂന്നിടത്ത്‌ തുരന്നായിരുന്നു ഗവേഷണം. സമുദ്രനിരപ്പില്‍ നിന്ന്‌ 6518 മീറ്റര്‍ ഉയരത്തിലായിരുന്നു പഠനം നടന്ന സ്ഥാനം. രണ്ടായിരം വര്‍ഷം കൊണ്ട്‌ രൂപപ്പെട്ട മഞ്ഞുപാളികള്‍ തുരന്ന സ്ഥലത്തുണ്ടായിരുന്നു. 2000, 2002 വര്‍ഷങ്ങളില്‍ നടത്തിയ ഈ പരീക്ഷണത്തിന്റെ വിശകലന റിപ്പോര്‍ട്ട്‌ ഇപ്പോഴാണ്‌ പുറത്തു വരുന്നത്‌.
മഞ്ഞുപാളിക്കുള്ളിലെ വാതകസാന്നിധ്യമാണ്‌ കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനുള്ള പുതിയ സൂചകമായി ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌. മുമ്പ്‌ രൂപപ്പെട്ട മഞ്ഞുപാളികളെ അപേക്ഷിച്ച്‌ ഇരുപതാം നൂറ്റാണ്ടിലെ മഞ്ഞുപാളികളില്‍ വാതകസാന്നിധ്യം വളരെ കുറവാണെന്ന്‌ ഗവേഷകര്‍ കണ്ടു. സമീപകാലത്ത്‌ വേനലില്‍ മഞ്ഞുരുക്കത്തിന്റെ ആക്കം വര്‍ധിക്കുന്നതാണ്‌ വാതകസാന്നിധ്യം കുറയാനിടയാക്കുന്നത്‌. ആഗോളതാപനം മൂലം അന്തീരക്ഷ താപനില ഉയരാന്‍ തുടങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിലാണ്‌. ഉയരുന്ന താപനിലയാണ്‌, എവറസ്റ്റിലെ മഞ്ഞുപാളികളെയും സമീപകാലത്ത്‌ കൂടുതല്‍ ഉരുക്കുന്നതെന്ന നിഗമനത്തില്‍ ഗവേഷകരെത്തുകയായിരുന്നു.
ഹിമാനികളും അപ്രത്യക്ഷമാകുന്നു

ആഗോളതാപനം ഹിമാലയത്തിന്‌ വരുത്തുന്ന ഭീഷണിയിക്കുറിച്ചു പുറത്തു വന്ന ഏറ്റവും ഒടുവിലത്തെ പഠനമാണ്‌ മേല്‍ വിവരിച്ചത്‌. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ ഹിമാലയത്തിലെ ഹിമാനികള്‍ക്ക്‌ (glaciers) വന്നിട്ടുള്ള ശോഷണത്തെപ്പറ്റി മറ്റൊരു പഠനം ജനവരിയില്‍ പുറത്തുവരികയുണ്ടായി. പഴയ സര്‍വെ വിവരങ്ങളും, പുതിയ നിരീക്ഷണങ്ങളും താരതമ്യം ചെയ്‌തായിരുന്നു പഠനം. ഹിമാലയത്തിലെ ഹിമാനികള്‍ക്ക്‌ ഈ കാലയളവില്‍ അഞ്ചിലൊന്ന്‌ ശോഷണം സംഭവിച്ചുവെന്നാണ്‌ പഠനഫലം വ്യക്തമാക്കിയത്‌.

ഈ പ്രവണത തുടരുകയാണെങ്കില്‍ ഇന്ത്യയിലെ വടക്കന്‍ നദികളിലെല്ലാം അതിന്റെ പ്രതിഫലനമുണ്ടാകും. കുറഞ്ഞത്‌ 50 കോടിയാളുകളുടെ കുടിവെള്ളം മുട്ടുമെന്ന്‌ 'കറണ്ട്‌ സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അഹമ്മദാബാദില്‍ ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനി(ഐ.എസ്‌.ആര്‍.ഒ)ലെ അനില്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌. '1962 സര്‍വെ ഓഫ്‌ ഇന്ത്യ'യിലെ ഹിമാനി മാപ്പുകളും, റിമോട്ട്‌ സെന്‍സിങ്‌ ഉപഗ്രഹങ്ങള്‍ പുതുതായി പകര്‍ത്തിയ ഹിമാനിദൃശ്യങ്ങളും ഗവേഷകര്‍ താരതമ്യം ചെയ്‌തു നോക്കി.
ചെനൂബ്‌, പാര്‍ബതി, ബാസ്‌പ നദികളുടെ വൃഷ്ടിപ്രദേശങ്ങളിലെ 466 ഹിമാനികള്‍ 40 വര്‍ഷത്തിനിടെ പിന്‍വാങ്ങയിരിക്കുന്നു എന്നാണ്‌ കുല്‍ക്കര്‍ണിയും സംഘവും കണ്ടെത്തിത്‌. 1962-ല്‍ 2077 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ ഹിമാനികളുണ്ടായിരുന്ന ഈ മേഖലയില്‍, നിലവില്‍ അത്‌ 1628 ചതുരശ്ര കിലോമീറ്ററായി മാറിയിരിക്കുന്നു. കുറവ്‌ 21 ശതമാനം. ചെറുഹിമാനികളുടെ എണ്ണത്തിലുണ്ടായ കുറവ്‌ 38 ശതമാനം വരും. അതേസമയം ശോഷണം മൂലം ഹിമാനികളുടെ ശിഥിലീകരണം വര്‍ധിക്കുകയും ചെയ്‌തു.(കടപ്പാട്‌: കറണ്ട്‌ സയന്‍സ്‌, പി.ടി.ഐ)

Thursday, February 22, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-8: വരാഹമിഹിരന്‍

പ്രാചീന വിജ്ഞാനശാഖകളില്‍ അഗ്രഗണ്യനായിരുന്നെങ്കിലും, പ്രകൃത്യാധീതശക്തികളില്‍ കണ്ണടച്ചു വിശ്വസിച്ച വ്യക്തിയല്ല വരാഹമിഹിരന്‍
ഗുരുത്വാകര്‍ഷണം എന്താണെന്ന്‌ ഇന്ന്‌ എല്ലാവര്‍ക്കുമറിയാം. മുകളിലേക്ക്‌ എറിയുന്ന കല്ല്‌ താഴെ തിരികെയെത്താന്‍ അതാണ്‌ കാരണം. ഇത്തരമൊരു ധാരണപോലുമില്ലാത്ത കാലത്ത്‌, ഭൂമിയിലേക്ക്‌ വസ്‌തുക്കള്‍ പതിക്കുന്നതിന്‌ അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ട ശാസ്‌ത്രകാരനാണ്‌ വരാഹമിഹിരന്‍.
ഭാരതീയ ജ്യോതിശാസ്‌ത്രത്തിന്റെ കുലപതികളിലൊരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. വരാഹമിഹിരന്റെ `ബൃഹദ്‌സംഹിത'യെന്ന ഗ്രന്ഥം ജ്യോതിശാസ്‌ത്രം, ജ്യോതിഷം, ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ്‌. നൂറ്‌ അധ്യായങ്ങളിലായി 4000 ശ്ലോകങ്ങള്‍ ആ പ്രാചീനഗ്രന്ഥത്തിലുണ്ട്‌.
പ്രാചീന വിജ്ഞാനശാഖകളില്‍ അഗ്രഗണ്യനായിരുന്നെങ്കിലും വരാഹമിഹിരന്‍ പ്രകൃത്യാധീതശക്തികളില്‍ കണ്ണടച്ചു വിശ്വസിച്ചിരുന്ന വ്യക്തിയല്ല. ശരിക്കും ഒരു ശാസ്‌ത്രജ്ഞനായിരുന്നു അദ്ദേഹം.
വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊന്നായി പരാമര്‍ശിക്കപ്പെടുന്നു വരാഹമിഹിരന്‍. ഇറാനില്‍ നിന്ന്‌ ഇന്ത്യയിലേക്കു കുടിയേറിയ ആദിത്യദാസിന്റെ പുത്രനായിരുന്നു അദ്ദേഹം. എ.ഡി. 499 ല്‍ ജനിച്ച വരാഹമിഹിരന്‍ മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ്‌ താമസിച്ചത്‌.(വരാഹമിഹിരന്‍ ജനിച്ചത്‌ എ.ഡി. 505 -ല്‍ ആണെന്നും വാദമുണ്ട്‌).
സൂര്യദേവനെ പൂജിച്ചിരുന്ന പിതാവ്‌ ആദിത്യദാസാണ്‌ വരാഹമിഹിരനെ ജ്യോതിഷം അഭ്യസിപ്പിച്ചത്‌. ചെറുപ്പത്തില്‍ കുസുമപുരത്തെത്തി ആര്യഭടനുമായി നടത്തിയ കൂടിക്കാഴ്‌ച, ജ്യോതിഷവും ജ്യോതിശാസ്‌ത്രവും ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക്‌ വരാഹമിഹിരന്‌ സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നില്‍ക്കുന്ന ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന്‌ എതിരായിരുന്നു ഈ വിശ്വാസം.
`ഹോരാശാസ്‌ത്രം', `യോഗയാത്ര', `വിവാഹപടലം', `സാമസംഹിത', `വാതകന്യക' എന്നിവ വരാഹമിഹിരന്റെ കൃതികളാണ്‌. എ.ഡി.587-ല്‍ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രന്‍ പൃഥുയശ്ശസും ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.

ക്ഷുദ്രഗ്രഹത്തിന്റെ ഗതിമാറ്റാന്‍ യു.എന്‍.


യുദ്ധവും പട്ടിണിയും ക്ഷാമവും വരള്‍ച്ചയുമൊക്ക മാത്രം ഇത്രകാലവും കൈകാര്യം ചെയ്‌തുപോന്ന ഐക്യരാഷ്ട്ര സഭ (യു.എന്‍) പുതിയൊരു ദൗത്യം ഏറ്റെടുക്കാന്‍ പോകുന്നു. വിനാശകാരിയായ ഏതെങ്കിലുമൊരു ക്ഷുദ്രഗ്രഹം (asteroid) വന്നിടിച്ച്‌ നശിക്കുന്നതില്‍ നിന്ന്‌ ഭൂമിയെ രക്ഷിക്കുക. അത്തരമൊരു ഭീഷണി ഭൂമി യഥാര്‍ത്ഥത്തില്‍ നേരിടുന്നുണ്ടോ? ഉണ്ടെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. അതിന്‌ പരിഹാരം കാണാന്‍ യു.എന്‍.ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കുറഞ്ഞത്‌ ഒരു ക്ഷുദ്രഗ്രഹമെങ്കിലും സമീപഭാവിയില്‍ ഭൂമിക്ക്‌ വന്‍ഭീഷണി സൃഷ്ടിക്കുമത്രേ. 2036 ഏപ്രില്‍ 13-ന്‌ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിയുമായി കൂട്ടിമുട്ടാമെന്ന്‌ 'അസോസിയേഷന്‍ ഓഫ്‌ സ്‌പേസ്‌ എക്‌സ്‌പ്ലോറേഴ്‌സ്‌' എന്ന സംഘടന മുന്നറിയിപ്പു നല്‍കുന്നു. അമേരിക്കയിലെയും റഷ്യയിലെയും മുന്‍ ബഹിരാകാശസഞ്ചാരികളാണ്‌ ഈ സംഘടനയിലെ അംഗങ്ങള്‍.
ഇംഗ്ലണ്ടിന്റെയത്ര വിസ്‌തൃതിയുള്ള ഒരു പ്രദേശത്തെ ഉന്‍മൂലനം ചെയ്യാന്‍ മാത്രം വലുതാണ്‌ 2036-ല്‍ ഭൂമി നേരിടാന്‍ പോകുന്ന ക്ഷുദ്രഗ്രഹമത്രേ. 'അപോഫിസ്‌'(Apophis) എന്നു പേരുള്ള ആ ക്ഷുദ്രഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നാല്‌പത്തി അയ്യായിരത്തില്‍ ഒന്നു മാത്രമാണ്‌. പക്ഷേ, എന്നു കരുതി അതത്ര നിസ്സാരമായി തള്ളേണ്ട ഭീഷണിയല്ലെന്ന്‌ മുന്‍ ബഹിരാകാശ സഞ്ചാരികള്‍ പറയുന്നു.
ഭൂമിക്കു ഭീഷണിയാകുന്ന ഇത്തരം ക്ഷുദ്രഗ്രഹങ്ങളുടെ ഗതിതിരിച്ചുവിട്ട്‌ ഭൂമിയെ രക്ഷിക്കാനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി യു.എന്നിന്‌ കീഴില്‍ ഉണ്ടാക്കാനാണ്‌ മുന്‍ബഹിരാകാശ സഞ്ചാരികള്‍ ശ്രമിക്കുന്നത്‌. ഇതിനായി വിവിധ തുറയിലുള്ളവരുമായി രണ്ടുവര്‍ഷക്കാലം ചര്‍ച്ച നടത്തി ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്‌ അംഗീകാരത്തിനായി 2009-ല്‍ അവര്‍ യു.എന്നിന്‌ സമര്‍പ്പിക്കും.
"കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന നിലയ്‌ക്കാവണം നിങ്ങളുടെ നടപടികള്‍. എല്ലാം ഉറപ്പായ ശേഷം പ്രവര്‍ത്തിക്കാമെന്നു കരുതി കാത്തിരുന്നാല്‍, വളരെ വൈകിപ്പോകും"-'അപ്പോളോ 9'ലെ ബഹിരാകാശസഞ്ചാരിയായിരുന്ന ഡോ.റസ്സല്‍ ഷ്വവിക്കാര്‍റ്റ്‌ പറയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യു.എന്നിനാണ്‌ ഉത്തരവാദിത്വമുള്ളതെന്ന്‌ കരുതുന്നതായി അദ്ദേഹം പറഞ്ഞു.
ഭൂമിക്കു ഭീഷണിയാകുന്ന ക്ഷുദ്രഗ്രഹങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ 'നാസ'യോട്‌ അടുത്തയിടെ യു.എസ്‌.കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു. ഭൂമിക്കടുത്തുകൂടി കടന്നു പോകുന്ന ക്ഷുദ്രഗ്രഹങ്ങളെ 'നിയര്‍ എര്‍ത്ത്‌ ഒബ്‌ജക്ട്‌സ്‌ '(near-Earth objects, NEO) എന്നാണ്‌ വിളിക്കുക. അത്തരം 127 ക്ഷുദ്രഗ്രങ്ങളെ നാസ ഇപ്പോള്‍ നിരീക്ഷിച്ചു വരികയാണ്‌. 700 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളവയാണ്‌ നാസ നിരീക്ഷിക്കുന്ന ക്ഷുദ്രഗ്രഹങ്ങളെല്ലാം.
നാസ കൂടുതല്‍ ശ്രദ്ധചെലുത്തണം എന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടതോടെ, 70 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഇത്തരം വസ്‌തുക്കളെയെല്ലാം നിരീക്ഷിക്കാന്‍ പദ്ധതിയിടുകയാണ്‌ നാസ. അതിന്‌ കൂടുതള്‍ ശക്തമേറിയ ടെലിസ്‌കോപ്പുകള്‍ വേണ്ടിവരും. ഭൂമിക്കു ഭീഷണിയാകുന്ന 20,000 ക്ഷുദ്രഗ്രഹങ്ങള്‍ കൂടിയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ്‌ നാസയുടെ നിഗമനം.
ഭൂമിക്കു നേരെ വെടിയുണ്ടയുടെ വേഗത്തില്‍ ചീറിപാഞ്ഞുവരുന്ന ക്ഷുദ്രഗ്രഹങ്ങളെ നേരിടേണ്ടതെങ്ങനെയെന്ന്‌ ഹോളിവുഡ്ഡിനറിയാം; 'ആര്‍മഗഡോണ്‍', 'ഡീപ്‌ ഇംപാക്ട്‌' തുടങ്ങിയ സിനിമകളില്‍ അത്‌ നമ്മള്‍ കണ്ടതുമാണ്‌. പക്ഷേ, യു.എന്നിന്‌ ഇക്കാര്യം പുതുമയാണ്‌. ബഹിരാകാശസഞ്ചാരികളെ അയച്ച്‌ ക്ഷുദ്രഗ്രഹത്തില്‍ കയറ്റി ബോംബ്‌ വെച്ച്‌ തകര്‍ക്കാമെന്നാണ്‌ ഹോളിവുഡ്ഡ്‌ കാട്ടിത്തന്നത്‌.
ക്ഷുദ്രഗ്രഹത്തിലേക്ക്‌ ദൗത്യസംഘത്തെ അയയ്‌ക്കുന്നത്‌ സുരക്ഷിതമല്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. ആണവമിസൈലോ ഉപഗ്രഹമോ ഉപയോഗിച്ച്‌ അവയെ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്താവും ഫലമെന്നും പ്രവചിക്കാനാവില്ല. ആ നിലയ്‌ക്ക്‌ ഭൂമിക്കുനേരെ വരുന്ന ക്ഷുദ്രഗ്രഹങ്ങളുടെ ഗതിമാറ്റിവിടാനുള്ള ഏതെങ്കിലും മാര്‍ഗ്ഗമായിരിക്കും നല്ലതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.
ക്ഷുദ്രഗ്രഹത്തിനു സമീപത്തുകൂടി സഞ്ചരിച്ച്‌ ഗുരുത്വാകര്‍ഷണ ബലത്തിന്റെ ആനുകൂല്യം ഉപയോഗിച്ച്‌, അതിന്റെ സഞ്ചാരപാതയില്‍ വ്യത്യാസമുണ്ടാക്കി ഗതിമാറ്റിവിടാന്‍ കഴിവുള്ള 'ഗ്രാവിറ്റി ട്രാക്ടേഴ്‌സ്‌'(Gravity Tractors) ഉപയോഗിക്കുന്നതിനെയാണ്‌ വിദഗ്‌ധര്‍ അനുകൂലിക്കുന്നത്‌. കാണുക: ഒഴിഞ്ഞുപോയ കൂട്ടിയിടി, ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌ (കടപ്പാട്‌: എ.ബി.സി.ന്യൂസ്‌, റോയിട്ടേഴ്‌സ്‌)

Tuesday, February 20, 2007

ഉറുമ്പുകളെ രക്ഷിക്കാന്‍ 43 ലക്ഷം രൂപ

ഒരു ജീവിവര്‍ഗ്ഗം അസ്‌തമിക്കുക എന്നു പറഞ്ഞാല്‍, ഭൂമി അത്രകൂടി ദരിദ്രമാകുന്നു എന്നാണ്‌. ഈ തിരിച്ചറിവില്‍ നിന്നാണ്‌ പല സംരക്ഷണപ്രവര്‍ത്തനവും ഉടലെടുക്കുന്നത്‌. നിസ്സാരമെന്നു കരുതുന്ന ഒരിനം ഉറുമ്പിന്റെ സംരക്ഷണത്തിന്‌ ഒരു നൂതന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്‌ ബ്രിട്ടനില്‍

കുഞ്ഞുറുമ്പുകളാണെങ്കിലും അവയുടെ സംരക്ഷണം വന്‍പ്രശ്‌നമാണ്‌. ബ്രിട്ടനില്‍ നാശത്തിന്റെ വക്കിലെത്തിയ ഒരിനം ഉറുമ്പകളെ സംരക്ഷിക്കാന്‍ അനുവദിച്ചിട്ടുള്ള തുകയെത്രയെന്നോ, 50,000 പൗണ്ട്‌. എന്നുവെച്ചാല്‍ ഏതാണ്ട്‌ 43 ലക്ഷം രൂപ.

ഒരിനം ചുവപ്പന്‍ ഉറുമ്പുകളാണ്‌ ബ്രിട്ടനില്‍ അപൂര്‍വമായി മാറിയിരിക്കുന്നത്‌. ആവാസവ്യവസ്ഥയ്‌ക്കുണ്ടായ നാശം മൂലം അവയിപ്പോള്‍ ബ്രിട്ടനില്‍ സറിയെന്ന സ്ഥലത്തു മാത്രമായി ചുരുങ്ങിയിരിക്കുന്നു. അവയെ കൂട്ടില്‍ വളര്‍ത്തി പെരുപ്പിച്ച്‌ സങ്കേതങ്ങളില്‍ തുറന്നു വിടാനുള്ള പദ്ധതിയാണ്‌ ലണ്ടനില്‍ സുവോളജിക്കല്‍ സൊസൈറ്റിയിലെ ഗവേഷകര്‍ തയ്യാറാക്കിയിരിക്കുന്നത്‌. 'നാഷണല്‍ ഹെറിറ്റേജ്‌ ലോട്ടറി ഗ്രാന്റ്‌' ആണ്‌ പദ്ധതിക്ക്‌ ഫണ്ട്‌ അനുവദിച്ചത്‌.

ബ്രിട്ടനില്‍ തനതായി കാണപ്പെടുന്ന അപൂര്‍വ്വയിനം ഉറുമ്പാണ്‌ 'ഫോര്‍മിക്ക റൂഫിബാര്‍ബിസ്‌'(Formica rufibarbis). ബ്രിട്ടീഷ്‌ വന്‍കരയില്‍ ആ ഉറുമ്പകള്‍ സറിയിലെ ഒറ്റ കോളനിയിലേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളു. അകലെ സിലി ദ്വീപിലാണ്‌ വേറെ ചില കോളനികള്‍ കാണപ്പെടുന്നത്‌.

ഈ ഉറുമ്പുകളുടെ അസാധാരണത്വം ആണുറുമ്പുകളുടെയും പെണ്ണുറുമ്പുകളുടെയും വെവ്വേറെ കോളനികള്‍ കാണപ്പെടുന്നു എന്നതാണ്‌. സറിയില്‍ അവശേഷിക്കുന്ന കോളനി പെണ്ണുറുമ്പുകളുടേതാണ്‌-ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയിലെ എമിലി ബ്രെന്നന്‍ അറിയിക്കുന്നു. ആണുറുമ്പുകളുടെ ഏതാനും കോളനികള്‍ കൂടി ഉണ്ടായില്ലെങ്കില്‍, ബ്രിട്ടീഷ്‌ വന്‍കരയില്‍ ഉറമ്പുകള്‍ അന്യംനില്‍ക്കുമെന്നത്‌ വ്യക്തമാണ്‌-അവര്‍ അറിയിക്കുന്നു.

ഉറുമ്പുകളെ കൂട്ടില്‍ വളര്‍ത്താനാകുമോ എന്ന്‌ ഇപ്പോഴും വ്യക്തമല്ല. ഉറപ്പില്ലാത്ത ഒരു കാര്യത്തിനാണ്‌ ഗവേഷകര്‍ ഒരുങ്ങുന്നതെന്നു സാരം. സിലി ദ്വീപില്‍ നിന്ന്‌ ആണുറുമ്പുകളെയും, സറിയിലെ കോളനിയില്‍ നിന്നു കുറെ പെണ്ണുറുമ്പുകളെയും ഒരുമിച്ച്‌ വളര്‍ത്താനാണ്‌ ഗവേഷകര്‍ ശ്രമിക്കുന്നത്‌. അങ്ങനെ വംശോത്‌പാദനം സാധ്യമാക്കാമെന്നാണ്‌ പ്രതീക്ഷ.

ഈ ഉറുമ്പുവംശം നാശത്തിന്റെ വക്കിലെത്തിയതിന്‌ മുഖ്യകാരണം അവയുടെ ആവാസവ്യവസ്ഥകള്‍ നശിച്ചതാണ്‌. 'അടിമ-ഉത്‌പാദക ഉറുമ്പുകള്‍'(slave maker ants) എന്നയിനത്തിന്റെ അധിനിവേശമാണ്‌ മറ്റൊരു ഭീഷണി. ഇത്തരം ഉറുമ്പുകള്‍ ബ്രിട്ടനിലാകെ വ്യാപിക്കുകയാണ്‌. 'റൂഫിബാര്‍ബിസ്‌' ഉറുമ്പുകളുടെ കൂട്ടില്‍ നിന്ന്‌ ചെറുകുഞ്ഞുങ്ങളെ (പ്യൂപ്പകളെ) അവ സ്വന്തം കൂടുകളിലേക്ക്‌ ചുമന്നുകൊണ്ടുപോകും. എന്നിട്ട്‌ അവയെ അടിമ-ഉത്‌പാദക ഉറുമ്പുകളായി വളര്‍ത്തും-എമിലി ബ്രെന്നന്‍ പറയുന്നു.

'നാച്ചുറല്‍ ഇംഗ്ലണ്ട്‌' എന്ന സംഘടനയ്‌ക്കും രണ്ട്‌ വൈല്‍ഡ്‌ലൈഫ്‌ ട്രസ്റ്റുകള്‍ക്കും ഉറുമ്പുസംരക്ഷണ പദ്ധതിയില്‍ പങ്കാളിത്വമുണ്ട്‌. കൃത്രിമമായി വളര്‍ത്തിയെടുത്ത 40 ഉറുമ്പുകോളനികളെ വീതം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വര്‍ഷം തോറും സ്ഥാപിക്കാനാണ്‌ പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്‌. അടുത്ത വര്‍ഷം ഈ പ്രവര്‍ത്തനം ആരംഭിക്കും. (കടപ്പാട്‌: ബിബിസ്‌ ന്യൂസ്‌)