Saturday, March 01, 2014

ഇന്ത്യ പോളിയോ വിമുക്തം - ചൊവ്വാദൗത്യത്തെക്കാള്‍ മഹത്തായ വിജയം

മൂന്നര വയസ്സുള്ളപ്പോഴാണ് എനിക്ക് പോളിയോ ബാധിച്ചത്. ഇടതുവശം പാടെ തളര്‍ന്നു. അന്ന് വളരെയേറെ ത്യാഗങ്ങള്‍ സഹിച്ച് എന്റെ വീട്ടുകാര്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ എന്നെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചു. കിഴിയിടീലുമൊക്കെ കൊണ്ടാകണം, 59-ാം ദിവസം ഞാന്‍ സ്വന്തംകാലില്‍ എണീറ്റു നടന്നു. ഇന്നും നടക്കുന്നു...!

ശരിക്കു പറഞ്ഞാല്‍ പോളിയോ (അക്കാലത്ത് ഇളംപിള്ളവാതം എന്ന് നാട്ടുമൊഴി) വന്നിട്ട് എണീറ്റ് നടക്കാന്‍ പറ്റിയെന്നത് ചെറിയ കാര്യമല്ലെന്ന് പിന്നീടെനിക്ക് മനസിലായി. അക്കാലത്ത് വൈകുന്നേരം അമ്പൂരി സ്‌കൂള്‍ വിടുമ്പോള്‍ മുടന്തിയും ഇഴഞ്ഞും വടിയൂന്നിയുമൊക്കെ അരഡസനോളം ദൗര്‍ഭാഗ്യര്‍ സ്‌കൂളിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് വന്നിരുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും. കേരളത്തിലെ ഏത് സ്‌കൂളിന് മുന്നില്‍ നിന്നാലും, പോളിയോ മൂലം അംഗവൈകല്യം വന്ന കുട്ടികളെ കാണാമായിരുന്നു അക്കാലത്ത്.

ജോനാസ് സാല്‍ക്ക് എന്ന മഹാനായ ശാസ്ത്രജ്ഞന്‍ 1950 കളുടെ അവസാനം കണ്ടുപിടിച്ച പോളിയോ പ്രതിരോധ മരുന്ന് നമ്മുടെ നാട്ടില്‍ പ്രചാരത്തിലെത്തിയ ശേഷമാണ്, ദുഖപൂര്‍ണമായ ആ കാഴ്ചയ്ക്ക് ശമനമുണ്ടാകുന്നത്. ഇന്ന് കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നില്‍ പോലും പോളിയോ മൂലം വികലാംഗനായ അല്ലെങ്കില്‍ വികലാംഗയായ ഒരു വിദ്യാര്‍ഥിയുമില്ല. അതിന് നമ്മള്‍ നന്ദി പറയേണ്ടത്, പോളിയോ പ്രതിരോധ പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കിയ ശാസ്ത്രത്തിനോടും, അത് പ്രാവര്‍ത്തികമാക്കിയ ആരോഗ്യപ്രവര്‍ത്തകരോടുമാണ്.

2011 ജനവരി 13 നാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തത്. (പശ്ചിമ ബംഗാളിലെ റുഷയെന്ന ആ കുട്ടിയുടെ ചിത്രമാണ് ഇതോടൊപ്പം). ഇപ്പോള്‍ ഇന്ത്യ പോളിയോ വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ചരിത്രത്തില്‍ വസൂരിയോട് മനുഷ്യന്‍ നടത്തിയ പോരാട്ടത്തിന് സമമായിരുന്നു പോളിയോയുടെ കാര്യത്തിലും നടന്നത്. വസൂരിയുടെ കാര്യത്തിലെന്ന പോലെ, പല കോണുകളില്‍നിന്നും എതിര്‍പ്പുയര്‍ന്നു. മുന്‍വിധികള്‍ കൊണ്ട് ഇതിനെ എതിര്‍ത്തവരുണ്ട്, അജ്ഞതമൂലം വേറെ ചിലര്‍ എതിര്‍ത്തു...ആ എതിര്‍പ്പുകളെ മറികടന്നാണ് പോളിയോ നിര്‍മാര്‍ജന യജ്ഞം ഇന്ത്യയില്‍ വിജയിച്ചിരിക്കുന്നത്....ഒരുപക്ഷേ, ചൊവ്വാദൗത്യത്തെക്കാളും നമുക്ക് അഭിമാനിക്കാവുന്ന നേട്ടം.
(ഈ വിഷയത്തില്‍ ഡോ. എം .മുരളീധരന്‍ എഴുതിയ ലേഖനം വായിക്കുക :http://goo.gl/OpaQEX )

#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

2 comments:

Joseph Antony said...

2011 ജനവരി 13 നാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തത്. (പശ്ചിമ ബംഗാളിലെ റുഷയെന്ന ആ കുട്ടിയുടെ ചിത്രമാണ് ഇതോടൊപ്പം). ഇപ്പോള്‍ ഇന്ത്യ പോളിയോ വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു.

Rajeeve Chelanat said...

ഒരു അത്യാവശ്യ കാര്യത്തിനു വേണ്ടി താങ്കളെ ഒന്നു ബുദ്ധിമുട്ടിക്കണം എന്നു വന്നിരിക്കുന്നു. ഇമെയിലോ മറ്റെന്തെങ്കിലും ബന്ധപ്പെടാനുള്ള നമ്പറോ ഉണ്ടെങ്കില്‍ ഒന്ന് അയച്ചുതരിക. അത്യാവശ്യമാണ്‌. എന്റെ പേര്‌ രാജീവ് ചേലനാട്ട്. ഒരു പഴയ ബ്ലോഗനാണ്‌. എന്റെ ഇമെയില്‍ rajeeve.chelanat@gmail.com