Monday, November 30, 2009

കണികാപരീക്ഷണം: എല്‍.എച്ച്.സി.ക്ക് റിക്കോര്‍ഡ്

ജനീവയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി), ഭൂമുഖത്തെ ഏറ്റവും കരുത്തേറിയ കണികാത്വരകമെന്ന നിലയില്‍ റിക്കോര്‍ഡ് സ്ഥാപിച്ചു.

എല്‍.എച്ച്.സി.യില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണ്‍ധാരകളുടെ ഊര്‍ജനില, നവംബര്‍ 30-ന് പുലര്‍ച്ചെ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (1.18 TeV) ആയി ഉയര്‍ത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഏതെങ്കിലുമൊരു കണികാത്വരകം ഇതുവരെ കൈവരിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയാണിത്.

അമേരിക്കയില്‍ ഷിക്കാഗോയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫെര്‍മി ലാബിലെ 'ടെവട്രോണ്‍' കണികത്വരകം 2001 മുതല്‍ കൈയടക്കി വെച്ചിരിക്കുന്ന 0.98 ട്രില്യണ്‍ വോള്‍ട്ട് എന്ന റിക്കോഡാണ് എല്‍.എച്ച്.സി. മറികടന്നത്.

ഭൂമുഖത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുനരാരംഭിച്ചിട്ട് വെറും പത്തു ദിവസമാകുമ്പോഴാണ് എല്‍.എച്ച്.സി. പുതിയ നാഴികക്കല്ല് സ്ഥാപിക്കുന്നത്. 2008 സപ്തംബര്‍ 10-ന് ആരംഭിച്ച കണികാപരീക്ഷണം, തകരാര്‍ മൂലം ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. 14 മാസത്തെ അറ്റകുറ്റ പണികള്‍ക്ക് ശേഷം കഴിഞ്ഞ നവംബര്‍ 20-നാണ് പരീക്ഷണം പുനരാരംഭിച്ചത്. നവംബര്‍ 23-ന് എല്‍.എച്ച്.സി.യിലെ ആദ്യ കണികാകൂട്ടിയിടി നടന്നു.

കഴിഞ്ഞ ദിവസം വരെ എല്‍.എച്ച്.സി.യുടെ ഊര്‍ജനില 450 ബില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടായിരുന്നു. അതാണ് 1.18 ട്രില്യണ്‍ വോള്‍ട്ടായി ഉയര്‍ത്തുന്നതില്‍ വിജയിച്ചത്.

എത്ര അനായാസമായാണ് എല്‍.എച്ച്.സി.യുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നതായി, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി' (CERN) ന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയര്‍ പറഞ്ഞു. എല്‍.എച്ച്.സിയുടെ ചുമതല സേണിനാണ്.

ക്രിസ്മസ് സമയമാകുമ്പോഴേക്കും സാധ്യമാക്കാന്‍ കരുതിയ ഊര്‍ജനിലയാണ് നവംബറില്‍ തന്നെ കൈവരിച്ചിരിച്ചത്. ഇത് എല്‍.എച്ച്.സി.യുടെ നടത്തിപ്പുകാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

2010 പകുതിയാകുമ്പോഴേക്കും ഊര്‍ജനില 3.5 ട്രില്യണ്‍ വോള്‍ട്ട് (കണികാകൂട്ടിയിടി നടക്കുമ്പോള്‍ ആകെ ഊര്‍ജനില ഏഴ് ട്രില്യണ്‍ വോള്‍ട്ട്) ആയി ഉയര്‍ത്താനാകും എന്ന് കരുതുന്നു. മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്ന കാറിന്റെ ഊര്‍ജനിലയാണിത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയിലാണ് 27 കിലോമീറ്റര്‍ ചുറ്റളവുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ളത്.

ഉന്നത ഊര്‍ജനില കൈവരിക്കുന്ന പ്രോട്ടോണ്‍കണികകളെ ഏതാണ്ട് പ്രകാശത്തിന്റെ വേഗത്തില്‍ എതിര്‍ ദിശയില്‍ കടത്തിവിട്ട് കൊളൈഡറിലെ നാല് സ്ഥാനങ്ങളില്‍ വെച്ച് കൂട്ടിയിടിപ്പിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യുക.

എല്‍.എച്ച്.സി.യുടെ ഭാഗമായ ആയിരക്കണക്കിന് അതിചാലക കാന്തങ്ങളാണ്, പ്രോട്ടോണ്‍ ധാരകളെ വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതും ത്വരിപ്പിച്ച് പ്രകാശവേഗത്തിനടുത്ത് എത്തിക്കുന്നതും.

മനുഷ്യന് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയില്‍ നടക്കുന്ന കണികാകൂട്ടിയുടെ ഫലമായി പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷ.

പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കണികാപരീക്ഷണം നല്‍കുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. ഒപ്പം പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ('ദൈവകണം') അസ്തിത്വം തെളിയിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

എല്‍.എച്ച്.സി.യില്‍ നവംബര്‍ 23-ന് നടന്ന ആദ്യ കണികാകൂട്ടിയിടി താരതമ്യേന ദുര്‍ബലമായിരുന്നു. കൊളൈഡറിലെ 'കത്തീഡ്രലുകള്‍' എന്നറിയപ്പെടുന്ന നാല് ഡിറ്റക്ടര്‍ ചേംബറുകളിലും കൂട്ടിയിടി നടന്നു. ഊര്‍ജനിലയുടെ കാര്യത്തില്‍ മാത്രമല്ല, കണികാധാരയുടെ വലിപ്പവും ആദ്യ കൂട്ടിയിടിയില്‍ കുറവായിരുന്നുവെന്ന് റോള്‍ഫ് ഹ്യുയര്‍ അറിയിച്ചു.

ആദ്യകൂട്ടിയിടിക്കുപയോഗിച്ച 'പൈലറ്റ് ധാര'കളിലെ കണികകളുടെ എണ്ണം ഒരു ബില്യണ്‍ (നൂറുകോടി) മാത്രമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാല്‍ എല്‍.എച്ച്.സി.യിലെ കണികാധാരകളില്‍ മൂന്നു ലക്ഷം ബില്യണ്‍ കണികകള്‍ വീതമുണ്ടാകും.

15 വര്‍ഷം വരെ നീളുന്ന പരീക്ഷണമാണ് എല്‍.എച്ച്.സി.യില്‍ ആരംഭിച്ചിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിക്കണക്കിന് ഗവേഷകര്‍ ഇതിനായി കൈകോര്‍ത്തിരിക്കുന്നു. ഭൗതികശാസ്ത്രത്തിന്റെ പുത്തന്‍ യുഗം പിറക്കുക ഈ കണികാപരീക്ഷണം വഴിയാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

എല്‍.എച്ച്.സി. ചരിത്രം: ഒറ്റ നോട്ടത്തില്‍
  • 1994 - സേണ്‍ കൗണ്‍സില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു.
  • 1999 - എല്‍.എച്ച്.സി.യുടെ നിര്‍മാണം ആരംഭിക്കുന്നു.
  • 2008 സപ്തംബര്‍ 10 - എല്‍.എച്ച്.സി.യുടെ പ്രവര്‍ത്തനം തുടങ്ങുന്നു.
  • 2008 സപ്തംബര്‍ 19 - തകരാര്‍ മൂലം കണികാപരീക്ഷണം നിര്‍ത്തിവയ്ക്കുന്നു.
  • 2009 നവംബര്‍ 3 - എല്‍.എച്ച്.സി.യുടെ വൈദ്യുതനിയന്ത്രണ സംവിധാനത്തില്‍, പക്ഷിയുടെ വായില്‍ നിന്ന് അപ്പക്കഷണം വീണ് ഷോര്‍ട്ട് സര്‍ക്കീട്ട് ഉണ്ടാകുന്നു, വൈദ്യുതിവിതരണം തകരാറിലായി.
  • 2009 നവംബര്‍ 20 - 14 മാസത്തിന് ശേഷം കണികാപരീക്ഷണം പുനരാരംഭിക്കുന്നു.
  • 2009 നവംബര്‍ 23 - എല്‍.എച്ച്.സി.യില്‍ ആദ്യമായി കണികാകൂട്ടിയിടി നടന്നു.
  • 2009 നവംബര്‍ 29 - എല്‍.എച്ച്.സി. റിക്കോര്‍ഡ് ഊര്‍ജനില (1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട്) കൈവരിച്ചു.
(അവംബം: സേണ്‍)

കാണുക

ആധുനിക ജ്യോതിശാസ്ത്രത്തിന് 400

1609 നവംബര്‍ 30ന് പാദുവയില്‍ അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്‍ശനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു.

ടെലസ്‌കോപ്പ് അന്ന് ചന്ദ്രന് നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്ക്കാനും സ്‌കെച്ച് ചെയ്യാനും തുടങ്ങി.......അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ് മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട് ചാരഗ്ലാസിന് പരിണാമം സംഭവിച്ചു. ലോകം മാറാന്‍ തുടങ്ങിയത് ആ രാത്രിയാണ്.

ആധുനിക ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച ആ സംഭവത്തിന്റെ നാനൂറാം വാര്‍ഷികമാണിന്ന്.

Tuesday, November 24, 2009

ജീവന്റെ പുസ്തകം

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ബൗദ്ധികവിപ്ലവത്തിനാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം നാന്ദികുറിച്ചത്. 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിലൂടെയാണ് ആ സിദ്ധാന്തം ലോകത്തിന് മുന്നിലെത്തിയത്. ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറ പാകിയ ആ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഇന്ന് (നവംബര്‍ 24) 150 വര്‍ഷം തികയുന്നു.

മണ്ണിരകളില്‍ സജീവതാത്പര്യമുള്ള ഗ്രാമീണ വൈദികന്‍ ആകേണ്ടിയിരുന്ന ഒരു മനുഷ്യന്‍ തന്റെ അമ്പതാമത്തെ വയസ്സില്‍ ഒരു പുസ്തകമെഴുതി. താനുദ്ദേശിച്ച ഗ്രന്ഥത്തിന്റെ 'സംഗ്രഹം' മാത്രമെന്ന് ഗ്രന്ഥകാരന്‍ വിശേഷിപ്പിച്ച ആ പുസ്തകം, 1859 നവംബര്‍ 24-ന് ബ്രിട്ടീഷ് പ്രസാധകനായ ജോണ്‍ മുറേയ് പ്രസിദ്ധീകരിച്ചു. 15 ഷില്ലിങ് ആയിരുന്നു വില. ആദ്യപതിപ്പായി അച്ചടിച്ച 1250 കോപ്പിയും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു. അന്നു തുടങ്ങിയ വില്‍പ്പന ഇപ്പോഴും തുടരുന്നു. 'ജീവജാതികളുടെ ഉത്ഭവം' (The Origin of Species by Means of Natural Selection) എന്ന ആ പുസ്തകത്തിന് ലോകത്തൊരിടത്തും ആവശ്യക്കാര്‍ തീര്‍ന്നിട്ടില്ല. ആ ഗ്രന്ഥത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഗ്രന്ഥകാരനായ ചാള്‍സ് ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവുമാണ് 2009.

ഹൃസ്വമായ മുഖവുരയും 14 അധ്യായങ്ങളുമുള്ള ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം, ശാസ്ത്രചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ജീവലോകത്തിന്റെ അടിസ്ഥാന ചാലകശക്തിയായ 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' ആണ് ആ ഗ്രന്ഥത്തില്‍ ഡാര്‍വിന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുവരെ ജീവലോകമെന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അത്ഭുതമായിരുന്നു. മനുഷ്യേതരശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നായി പ്രകൃതിയെ കരുതിയിരുന്നു. എന്നാല്‍, ഡാര്‍വിന്റെ സിദ്ധാന്തത്തോടെ, ജീവലോകത്തിന്റെ നിലനില്‍പ്പിനും പരിണാമത്തിനും അത്തരം ഒരു ശക്തിയുടെയും ആവശ്യമില്ല എന്നുവന്നു. പ്രകൃതിയെ നിയന്ത്രിക്കുന്നത് പ്രകൃതിയുടെ തന്നെ നിയമങ്ങളാണെന്നു ഡാര്‍വിന്‍ വ്യക്തമാക്കി. 'രണ്ടാം ഡാര്‍വിന്‍' എന്ന് വിശേപ്പിക്കപ്പെട്ടിട്ടുള്ള ഏണസ്റ്റ് മെയറുടെ വാക്കുകള്‍ കടമെടുത്താല്‍, ഏകാംഗ സൈന്യത്തെപ്പോലെ 'ശാസ്ത്രത്തെ ഒറ്റയടിക്ക് മതനിരപേക്ഷമാക്കി മാറ്റുകയാണ് ഡാര്‍വിന്‍ ചെയ്തത്'.

സ്വാഭാവികമായും ഡാര്‍വിന്റെ സിദ്ധാന്തം വലിയ വിവാദവും സൃഷ്ടിച്ചു. ജീവപരിണാമം സംബന്ധിച്ച് ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു വശത്ത് ശാസ്ത്രീയമായ തെളിവുകള്‍ ഏറുമ്പോള്‍ തന്നെ, മറുവശത്ത് പരിണാമ സിദ്ധാന്തത്തോടുള്ള എതിര്‍പ്പ് വര്‍ധിക്കുന്ന വിചിത്രദൃശ്യത്തിനാണ് ലോകമിന്ന് സാക്ഷ്യംവഹിക്കുന്നത്. പ്രപഞ്ചാരംഭത്തെ സംബന്ധിച്ച 'മഹാവിസ്‌ഫോടന സിദ്ധാന്തം' പോലുള്ളവ കാര്യമായ തെളിവൊന്നും ലഭിക്കുംമുമ്പ് തന്നെ അംഗീകരിക്കാന്‍ തയ്യാറായവര്‍ പോലും, ഡാര്‍വിന്റെ സിദ്ധാന്തം ശരിയെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. സൃഷ്ടിവാദം എന്ന പേരില്‍ ആദ്യകാലത്തും, പിന്നീട്് ബൗദ്ധീകരൂപകല്‍പ്പനാവാദം എന്ന പേരിലും പരിണാമ സിദ്ധാന്തത്തോടുള്ള എതിര്‍പ്പ് ഇപ്പോഴും തുടരുന്നു.

മുന്‍പേ പറന്ന പ്രതിഭ

പരിണാമ സങ്കല്‍പ്പം യഥാര്‍ഥത്തില്‍ ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച ഒന്നല്ല, പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്. ഡാര്‍വിന്റെ മുത്തച്ഛനായ ഇറാസ്മസ് ഡാര്‍വിന്‍ പരിണാമം സംബന്ധിച്ച് ശ്രദ്ധേയമായ ചില ആശയങ്ങള്‍ ആവിഷ്‌ക്കരിച്ച വ്യക്തിയായിരുന്നു. ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന് ശക്തമായ ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്. പരിണാമ പ്രക്രിയയ്ക്ക് തൃപ്തികരമായ ഒരു ശാസ്ത്രീയ വിശദീകരണം ആദ്യമായി നല്‍കിയത് ഡാര്‍വിനാണ്. ശാസ്ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന് നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ് ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം.

എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയില്‍ ഗുണപരമായ മാറ്റങ്ങള്‍ തലമുറകളിലൂടെ സംരക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ് പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന് കാരണം. രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ ഒരു നിശ്ചിത പരിസ്ഥിതിക്ക് ഏറ്റവും അനുഗുണമായവയ്ക്കാണ് അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,് ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച് പുതിയ ജീവജാതികള്‍ (സ്പീഷിസുകള്‍) ആയി മാറുന്നു. ഇതാണ് പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച് പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്മജിവരൂപങ്ങളിലെത്തും. സൂക്ഷ്മരൂപങ്ങളില്‍ നിന്ന് പരിണാമം പ്രാപിച്ചാണ് ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.

ഒന്നര നൂറ്റാണ്ട് മുമ്പ് ഇത്തരമൊരു സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നത് അസാധാരണമായ ധൈര്യവും ആത്മവിശ്വാസവും ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കാരണം, ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കപ്പെടാന്‍ നിര്‍ണായകമായ മൂന്ന് സംഗതികളുടെ പിന്തുണ കൂടിയേ തീരൂ - ഭൂമിയുടെ പ്രായം, ഫോസില്‍ തെളിവുകള്‍, പാരമ്പര്യം നിര്‍ണയിക്കുന്ന ഘടകം. ഡാര്‍വിന്റെ കാലത്ത് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചും കാര്യമായ ധാരണ ശാസ്ത്രലോകത്തിനുണ്ടായിരുന്നില്ല. വളരെ ദൈര്‍ഘ്യമേറിയ കാലളവു കൊണ്ടേ ഡാര്‍വിന്‍ പറഞ്ഞ പരിണാമപ്രക്രിയ സാധ്യമാകൂ. ഡാര്‍വിന്‍ ജനിക്കുന്ന കാലത്ത് ഭൂമിയുടെ പ്രായമെന്ന് കരുതിയിരുന്നത് വെറും ആറായിരത്തില്‍പരം വര്‍ഷമാണ്. ഭൂമിക്ക് കോടിക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് വ്യക്തമാകുന്നത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്. ഫോസിലുകളുടെ കാര്യവും വ്യത്യസ്തമല്ല. പരിമിതമായ ഫോസിലുകളേ ഡാര്‍വിന്റെ കാലത്ത് കണ്ടെത്തിയിരുന്നുള്ളു. പരിണാമസിദ്ധാനന്തത്തിന് പിന്തുണ നല്‍കുന്ന തെളിവുകളായി കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്തുന്നത് പില്‍ക്കാലത്താണ്.

തലമുറകളിലേക്ക് പാരമ്പര്യഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ഡാര്‍വിന് ഒരു രൂപവും ഉണ്ടായിരുന്നില്ല. (പാരമ്പര്യഗുണങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഗ്രിഗര്‍ മെന്റല്‍ അന്ന് പയര്‍ച്ചെടികള്‍ ഉപയോഗിച്ച് പഠനം തുടങ്ങിയിരുന്നെങ്കിലും, ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ആ പഠനത്തിന്റെ പ്രാധാന്യവും പരിണാമപ്രക്രിയയുമായി അതിനുള്ള ബന്ധവും ശാസ്ത്രലോകത്തിന് മനസിലാക്കാനായത്). ജീന്‍ എന്ന പ്രയോഗം പോലും ഇരുപതാംനൂറ്റാണ്ടിന്റെ സംഭാവനയാണ്. ഈ മൂന്ന് ഘടകങ്ങളില്‍ ഭൂമിയുടെ പ്രായം കൃത്യമായി നിര്‍ണയിച്ചതും ഡി.എന്‍.എ.ഘടന കണ്ടെത്തിയതും 1953-ല്‍ തന്നെയെന്നത് കൗതുകമുണര്‍ത്തുന്നു. ക്ലെയര്‍ പാറ്റേഴ്‌സണ്‍ ആണ് ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമെന്ന് കൃത്യമായി ഗണിച്ചത്. ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന് ഡി.എന്‍.എ.ഘടന കണ്ടെത്തി. ഈ കണ്ടെത്തലുകളോടെയാണ് ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ യഥാര്‍ഥ മാനങ്ങള്‍ എന്തൊക്കെയെന്ന് ലോകം മനസിലാക്കി തുടങ്ങിയത്. ഏതര്‍ഥത്തിലും മുന്‍പേ പറന്ന പ്രതിഭയാണ് ഡാര്‍വിന്‍ എന്ന് സാരം.

ബീഗിള്‍ പര്യടനം

മേല്‍പ്പറഞ്ഞ നിര്‍ണായക വസ്തുതകള്‍ അറിയുംമുമ്പ് പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിക്കാന്‍ ഡാര്‍വിനെ പ്രാപ്തനാക്കിയത്, ജീവലോകത്തെക്കുറിച്ച് അദ്ദേഹത്തിന് ലഭിച്ച അസാധാരണമായ ഉള്‍ക്കാഴ്ചയാണ്. ഡോക്ടറായ റോബര്‍ട്ട് ഡാര്‍വിന്റെ രണ്ടാമത്തെ മകനായി 1809 ഫിബ്രവരി 12-ന് ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയില്‍ ജനിച്ച ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന് ചെറുപ്പത്തിലേ താത്പര്യം പ്രകൃതിനിരീക്ഷണത്തിലായിരുന്നു. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്ന പിതാവിന്റെ താത്പര്യം മാനിച്ച് എഡിന്‍ബറോയില്‍ ഡാര്‍വിന്‍ കുറെക്കാലം വൈദ്യശാസ്ത്രം പഠിച്ചു. എന്നാല്‍, ശത്രക്രിയകള്‍ പേടിസ്വപ്‌നമായതോടെ ആ രംഗം വിടേണ്ടി വന്നു. ഡാര്‍വിനെ വൈദികനാക്കാം എന്ന് വീട്ടുകാര്‍ തീരുമാനിച്ചത് അങ്ങനെയാണ്. പ്രകൃതിപഠനത്തിലുള്ള ഡാര്‍വിന്റെ താത്പര്യം അതിന് യോജിച്ച് പോകുന്നതായിരുന്നു. അക്കാലത്തെ പ്രമുഖ നാച്ചുറലിസ്റ്റുകളില്‍ മിക്കവരും വൈദികപഠനം പൂര്‍ത്തിയാക്കിയവരായിരുന്നു. വീട്ടുകാരുടെ താത്പര്യം സഫലമായിരുന്നുവെങ്കില്‍ ഒരു ഗ്രാമീണ വൈദികനായി ഒടുങ്ങുമായിരുന്നു ഡാര്‍വിന്റെ ജീവിതം.

എന്നാല്‍, അദ്ദേഹത്തിന് കാലം കരുതിവെച്ചിരുന്നത് മറ്റൊരു സുപ്രധാന ദൗത്യമാണ്. കേംബ്രിഡ്ജിലെ ക്രൈറ്റ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഡാര്‍വിന് തന്റെയൊരു അധ്യാപകന്‍ വഴി, നാവികസേനയുടെ സര്‍വേ കപ്പലായ 'എച്ച്.എം.എസ്.ബീഗിളില്‍ തെക്കേയമേരിക്കന്‍ തീരത്ത് പര്യടനം നടത്താന്‍ ക്ഷണം ലഭിച്ചു. 1831 ഡിസംബറില്‍ 'ബീഗിള്‍' അതിന്റെ യാത്രയാരംഭിച്ചു. ക്യാപ്ടന്‍ റോബര്‍ട്ട് ഫിറ്റ്‌സ്‌റോയിയുടെ പ്രാതല്‍ പങ്കാളിയായിരുന്ന ഡാര്‍വിന് അന്ന് പ്രായം 22 വയസ്സ്. പാറ്റഗോണിയ തീരങ്ങള്‍ സര്‍വെ ചെയ്തും മഗല്ലന്‍ കടലിടുക്ക് കടന്നും ബീഗിള്‍ യാത്ര തുടര്‍ന്നു. അതിനിടെ, ആ തീരപ്രദേശങ്ങളിലും പരിസരത്തെ ദ്വീപുകളിലും പര്യവേക്ഷണം നടത്താനും, അവിടുത്ത ജീവജാതികളെ നിരീക്ഷിക്കാനും, സാമ്പിളുകള്‍ ശേഖരിക്കാനും ഡാര്‍വിന് ധാരാളം അവസരം കിട്ടി.

വെറുമൊരു പര്യവേക്ഷകനായിരുന്നില്ല ഡാര്‍വിന്‍. അടങ്ങാത്ത ജിജ്ഞാസയും അസാധാരണ നിരീക്ഷണശേഷിയുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. തന്റെ ശ്രദ്ധയില്‍പെട്ട ഒന്നിനെയും ഡാര്‍വിന്‍ അവഗണിച്ചില്ല. സുദീര്‍ഘമായ ആ യാത്രയില്‍ കണ്ട ഓരോ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ മനസില്‍ എണ്ണമറ്റ ചോദ്യങ്ങള്‍ ഉയര്‍ന്നു. തൊട്ടടുത്ത വന്‍കരയില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായ ജീവിവര്‍ഗങ്ങള്‍ എന്തുകൊണ്ട് ദ്വീപുകളില്‍ കാണപ്പെടുന്നു? ഒരേ പ്രദേശത്തു തന്നെ വ്യത്യസ്ത ദ്വീപുകളിലെ ഒരേ വര്‍ഗത്തില്‍ പെട്ട ജീവികള്‍ക്ക് ശാരീരികമായ വ്യത്യാസം എന്തുകൊണ്ട്? എങ്ങനെയാണ് ജീവജാതികള്‍ ഉത്ഭവിക്കുന്നത്? പാറ്റഗോണിയയിലെ ഫോസിലുകള്‍ക്ക്, ഇപ്പോള്‍ നിലനില്‍ക്കുന്ന ജീവികളുമായി സാമ്യം വന്നതെന്തുകൊണ്ട്? പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാനും അവയ്ക്ക് ശാസ്ത്രീയമായി മറുപടി കണ്ടെത്താനുമുള്ള അസാധാരണ കഴിവാണ് മൗലികതയുള്ള ആശയങ്ങളിലേക്ക് ഡാര്‍വിനെ നയിച്ചത്.

'ബീഗിള്‍ പര്യടനം' കഴിഞ്ഞ് 1836 ഒക്ടോബറില്‍ ഡാര്‍വിന്‍ ഇംഗ്ലണ്ടില്‍ തിരച്ചെത്തി. അഞ്ചുവര്‍ഷവും രണ്ട് ദിവസവും നീണ്ട ആ ഐതിഹാസിക പര്യടനം അവസാനിക്കുമ്പോള്‍ ഡാര്‍വിന്റെ പക്കല്‍ 368 പേജ് ജന്തുശാസ്ത്രകുറിപ്പുകളും 1383 പേജ് ഭൗമശാസ്ത്രക്കുറിപ്പുകളും 770 പേജ് നിറയുന്ന ഡയറിയും ഉണ്ടായിരുന്നു. ഒപ്പം ഭരണികളില്‍ ചാരായത്തില്‍ സൂക്ഷിച്ച 1529 ജീവികളും ഉണക്കി സൂക്ഷിച്ച 3907 സാമ്പിളുകളും ഫോസിലുകളുടെ വലിയൊരു ശേഖരവും. ഒരായുഷ്‌ക്കാലത്തേക്ക് വേണ്ട ഊര്‍ജ്ജവും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും ഡാര്‍വിന് നേടിക്കൊടുത്തത് ആ കപ്പല്‍യാത്രയാണ്.

ഡാര്‍വിന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പിന്നീട് ഇംഗ്ലണ്ടിന് പുറത്ത് പോയിട്ടില്ല. താന്‍ ശേഖരിച്ചു കൊണ്ടുവന്ന സാമ്പിളുകളും ഫോസിലുകളും ശാസ്ത്രീയമായി പഠിക്കാനും അതെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനുമായി അദ്ദേഹം പില്‍ക്കാല ജീവിതം മാറ്റിവെച്ചു. ബീഗിള്‍യാത്ര കഴിഞ്ഞ് വന്ന് ആദ്യകാലത്ത് പ്രസിദ്ധീകരിച്ചവയില്‍ പലതും ഭൗമശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ഒപ്പം എമ്മയെ ജീവിതസഖിയാക്കി. ലണ്ടന് സമീപമുള്ള ഡാണ്‍ ഹൗസ് വാങ്ങി താമസം അങ്ങോട്ട് മാറ്റി. 1882 ഏപ്രില്‍ 19-ന് എഴുപത്തിമൂന്നാം വയസ്സില്‍ മരിക്കുംവരെയും ഡാര്‍വിന്‍ അവിടെയാണ് കഴിഞ്ഞത്. ലോകത്തെ പിടിച്ചു കുലുക്കിയ തന്റെ പുസ്തകങ്ങളും പ്രബന്ധങ്ങളും ഡാര്‍വിന്‍ രചിച്ചതും ആ വസതിയില്‍ വെച്ചാണ്.

പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം

ബീഗിള്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തനിക്ക്, ജീവപരിണാമത്തിന്റെ ശാസ്ത്രീയ അടിത്തറ കുടികൊള്ളുന്നത് 'പ്രകൃതിനിര്‍ധാരണ' (നാച്ചുറല്‍ സെലക്ഷന്‍) ത്തിലാണെന്ന ഉള്‍ക്കാഴ്ച പിറ്റേ വര്‍ഷം തന്നെയുണ്ടായി എന്ന് ഡാര്‍വിന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരിണാമസിദ്ധാന്തത്തിന്റെ 35-പേജ് വരുന്ന രൂപരേഖ 1842 ആയപ്പോഴേക്കും അദ്ദേഹം പൂര്‍ത്തിയാക്കി. അത് 1844-ഓടെ 189 പേജുള്ള സ്‌കെച്ചാക്കി രൂപപ്പെടുത്തിയെങ്കിലും, 'ജീവജാതികളുടെ ഉത്ഭവം' എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിക്കുന്നതും പരിണാമസിദ്ധാന്തം ലോകത്തിന് മുന്നിലെത്തുന്നതും 1859-ല്‍ മാത്രമാണ്. എന്തുകൊണ്ട് പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം ഡാര്‍വിന്‍ രണ്ട് പതിറ്റാണ്ട് വൈകിച്ചു എന്നത് ഇന്നും വിവാദവിഷയമാണ്. സഭയുടെ എതിര്‍പ്പ് ഭയന്നിട്ടാണെന്നൊക്കെ മുമ്പ് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, അത്തരത്തിലുള്ള ഭയം ഡാര്‍വിന് ഇല്ലായിരുന്നു എന്ന് പുതിയ ചില ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു (കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം).

തന്റെ സിദ്ധാന്തം എതിര്‍ക്കപ്പെടുമെന്ന് ഡാര്‍വിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതിനാല്‍, താന്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാനുള്ള മുഴുവന്‍ തെളിവും സമാഹരിച്ച് വേണം പരിണാസിദ്ധാന്തം പ്രസിദ്ധീകരിക്കാനെന്ന് ഡാര്‍വിന്‍ തീരുമാനിച്ചിരുന്നു. അതിനായി തെളിവുകള്‍ ശേഖരിക്കാനും ആരംഭിക്കുകയുണ്ടായി. പക്ഷേ, അതിനിടെയാണ് പ്രകൃതിനിര്‍ധാരണം അടിസ്ഥാനമായുള്ള ജീവപരിണാമം എന്ന ആശയം ആല്‍ഫ്രഡ് റസ്സല്‍ വാലസ് കണ്ടെത്തുന്നത്. വാലസ് അക്കാലത്ത് മലായ് ദ്വീപുകളില്‍ പര്യടനം നടത്തുകയായിരുന്നു. ഡാര്‍വിന്റെ ആരാധകന്‍ കൂടിയായ വാലസ് തന്റെ ആശയത്തെപ്പറ്റിയുള്ള അഭിപ്രായമറിയാന്‍ ഡാര്‍വിന് 1858-ല്‍ കത്തയച്ചു. ഡാര്‍വിന്‍ മുമ്പേ തന്നെ ഈ സിദ്ധാന്തം ആവിഷ്‌ക്കരിച്ച കാര്യം അറിയാവുന്ന ചാള്‍സ് ലയല്‍ പോലുള്ള സുഹൃത്തുക്കളുടെ ഉപദേശപ്രകാരം, 'ജീവജാതികളുടെ ഉത്ഭവം' വേഗമെഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യമൊക്കെ ഡാര്‍വിന്‍ തന്നെ പുസ്തകത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്. അതാണ്, താന്‍ എഴുതാന്‍ ഉദ്ദേശിച്ച പുസ്തകത്തിന്റെ സംഗ്രഹം മാത്രമാണ് 'ജീവജാതികളുടെ ഉത്ഭവം' എന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത്.

വാലസിനോട് ഡാര്‍വിന്‍ നീതികാട്ടിയില്ല എന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, വാലസ് അങ്ങനെ കരുതിയിരുന്നില്ല. ഡാര്‍വിന്റെ ആര്‍ജവത്വത്തില്‍ അദ്ദേഹത്തിന് തികഞ്ഞ വിശ്വാസമായിരുന്നു. പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കുന്നത് കൂടുതല്‍ വൈകാതിരിക്കാന്‍ തനൊരു നിമിത്തമായി എന്നു മാത്രമേ വാലസ് പിന്നീട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുള്ളു. എന്നാല്‍, പ്രകൃതിനിര്‍ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തെ പില്‍ക്കാലത്ത് ഡാര്‍വിന്‍/വാലസ് സിദ്ധാന്തമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

പരിണാമം കണ്‍മുമ്പില്‍

ഒന്നര നൂറ്റാണ്ടുകൊണ്ട് എല്ലാ വിവാദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച് ശാസ്ത്രത്തിലെ ഏറ്റവും വലിയ ചാലകശക്തിയായി ഡാര്‍വിന്റെ സിദ്ധാന്തം മാറിയതിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ഡി.എന്‍.എ.സങ്കേതങ്ങളുടെ കടന്നുവരവോടെ, ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ തന്മാത്രാതലത്തില്‍ തന്നെ മനസിലാക്കാനും, പരിണാമത്തിന്റെ ജനിതകവഴികള്‍ നേരിട്ടറിയാനും ഇപ്പോള്‍ ശാസ്ത്രലോകത്തിന് കഴിയുന്നു. ഇതുവരെ സാധിക്കാത്ത തരത്തില്‍ പരിണാമ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഗവേഷകര്‍ക്ക് ഇപ്പോള്‍ കഴിയുന്നു. പുതിയ സാഹചര്യങ്ങളുമായി യോജിച്ചു പോകത്തക്ക വിധത്തില്‍, ഗുണപരമായ മാറ്റങ്ങള്‍ സംരക്ഷിക്കപ്പെടുകയും തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും, അക്കാര്യം അതിജീവനത്തിന്റെ ആണിക്കല്ലായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് നേരിട്ട് മനസിലാക്കാന്‍ സാഹായിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ ഇപ്പോള്‍ ഗവേഷകലോകത്തിന് മുന്നിലുണ്ട്.

ക്രൊയേഷ്യന്‍ തീരത്തെ രണ്ട് ചെറുദ്വീപുകളാണ് പോഡ് കോപിസ്റ്റി, പോഡ് മര്‍ക്കാറു എന്നിവ. പോഡ് കോപിസ്റ്റിയില്‍ പണ്ട് മുതലേ ഒരിനം മെഡിറ്റനേറിയന്‍ പല്ലികള്‍ വാസമുണ്ട്; പൊഡാര്‍സിസ് സികുല (Podarcis sicula) എന്ന് ശാസ്ത്രീയനാമം. പ്രാണികളെ തിന്ന് ജീവിക്കുന്ന ഇവയില്‍ അഞ്ച് ജോഡികളെ 1971-ല്‍ പരീക്ഷണാര്‍ഥം പോഡ് മര്‍ക്കാറു ദ്വീപില്‍ എത്തിച്ച് തുറുന്നുവിട്ടു. 37 വര്‍ഷത്തിന് ശേഷം, 2008-ല്‍ ബെല്‍ജിയത്തിലെ അന്തോണി ഹെരല്‍ ഉള്‍പ്പെടെയുള്ള ഗവേഷകസംഘം, ആ ദ്വീപുകള്‍ സന്ദര്‍ശിച്ച് പല്ലികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നിരീക്ഷിച്ചപ്പോള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. പോഡ് കോപിസ്റ്റിയിലെ പല്ലികള്‍ പഴയതുപോലെ തന്നെ പ്രാണികളെ തിന്ന് കഴിയുന്നു. എന്നാല്‍, പോഡ് മര്‍ക്കാറുവിലെ പല്ലികളുടെ സംഖ്യ പെരുകിയതിനൊപ്പം, അവ പ്രാണികളെ തിന്നുന്നതിന് പകരം സസ്യഭുക്കുകളായി പരിണമിച്ചിരിക്കുന്നു, പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. സസ്യഭുക്കുകള്‍ക്ക് ആവശ്യമായ തരത്തില്‍ കീഴ്ത്താടിയെല്ലിന്റെ കനവും തലയുടെ വലിപ്പവും പൊക്കവും, അവയുടെ പൂര്‍വികരെക്കാളും വര്‍ധിച്ചിരിക്കുന്നു!

ആ പല്ലികളുടെ ആയുസ്സ് ശരാശരി രണ്ട് വര്‍ഷമാണ്. അതുപ്രകാരം 18 തലമുറയ്ക്കിടയിലാണ് ഇത്തരമൊരു മാറ്റം. എന്നാല്‍, 44,000 തലമുറ കൊണ്ട് എന്തൊക്കെ സംഭവിക്കാം. അത് നേരിട്ടറിയാന്‍ പാകത്തില്‍ ഒരു പരീക്ഷണം ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബാക്ടീരിയോളജിസ്റ്റ് റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ലാബില്‍ 1988 മുതല്‍ പ്രത്യേക സാഹചര്യത്തില്‍ സൂക്ഷിക്കുന്ന എസ്‌ചെരിഷ്യ കോളി (ഇ.കോളി) ബാക്ടീരിയം ഇപ്പോള്‍ 44,000 തലമുറ പിന്നിട്ടു കഴിഞ്ഞു. മനുഷ്യന്റെ തോതു വെച്ചാണെങ്കില്‍, ഇത്രയും തലമുറയെന്നാല്‍ പത്തുലക്ഷം വര്‍ഷത്തെ ചരിത്രമാകും. പത്തുലക്ഷം വര്‍ഷം മുമ്പെന്നു പറഞ്ഞാല്‍, നരവംശം ഹോമോ ഇറക്ടസ് ആയിരുന്ന കാലം! മറ്റ് ജീവികളെ അപേക്ഷിച്ച് ബാക്ടിരിയത്തിനുള്ള പ്രത്യേകത, ഒരു പ്രത്യേക സമയബിന്ദുവില്‍ വെച്ച് ശീതീകരിച്ച് അവയുടെ ജീവല്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാം എന്നതാണ്. കുറെക്കാലം കഴിഞ്ഞ് അതിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. അങ്ങനെ ജീവനുള്ള ഫോസിലായി അതിനെ പിന്‍തലമുറകളുമായി താരതമ്യം ചെയ്യാന്‍ കഴിയും.

ഒരേ ബാകീരിയത്തിന്റെ 12 ഗ്രൂപ്പുകളെയാണ് ഡോ.ലെന്‍സ്‌കിയും സഹപ്രവര്‍ത്തകരും സൂക്ഷിക്കുന്നത്. പൊതുപൂര്‍വികനില്‍ നിന്ന് രൂപമെടുത്ത 12 ഗോത്രങ്ങള്‍! വെറും പന്ത്രണ്ട് ഫഌസ്‌കുകളിലായി അവയെ സൂക്ഷിക്കുകയല്ല ചെയ്യുന്നത്. ഓരോ ഫഌസ്‌കില്‍ നിന്നും ദിവസവും കുറച്ച് ബാക്ടീരയത്തെ പുതിയൊരു ഫഌസ്‌കിലേക്ക് മാറ്റും. അത്തരത്തില്‍ ഇപ്പോള്‍ ഓരോ ബാക്ടീരിയം കൈവഴിയും 7000 ഫഌസ്‌ക് പിന്നിട്ടു കഴിഞ്ഞു. പ്രകൃതിനിര്‍ധാരണം തങ്ങള്‍ നേരിട്ട് കാണുകയാണെന്ന് ഡോ.ലെന്‍സ്‌കി വെളിപ്പെടുത്തുന്നു. ഈ സവിശേഷ പരീക്ഷണത്തെക്കുറിച്ച് ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 18-ന് 'സയന്‍സ്' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍, എങ്ങനെയാണ് പ്രകൃതിനിര്‍ധാരണം ബാക്ടീരിയത്തിന്റെ ജിനോമിനെ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നാണ് ലെന്‍സ്‌കിയും കൂട്ടരും വിവരിക്കുന്നത്.

21 വര്‍ഷം മുമ്പ് പരീക്ഷണം തുടങ്ങിയ സമയത്തെ അപേക്ഷിച്ച് ബാക്ടീരിയത്തിന് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതാണ് ഡോ.ലെന്‍സ്‌കിയും സംഘവും കണ്ടത്. പൂര്‍വികരെ അപേക്ഷിച്ച് വലിപ്പം ഇരട്ടിയായിരിക്കുന്നു. വിഭജനം വഴി അടുത്ത തലമുറയ്ക്ക് ജന്‍മം കൊടുക്കുന്ന പ്രക്രിയയ്ക്ക് 70 ശതമാനം വേഗം വര്‍ധിച്ചിരിക്കുന്നു. ഈ മാറ്റങ്ങള്‍ സംഭവിച്ചത് തികച്ചും സ്വാഭാവികമായ ജനിതകവ്യതികരണവും അത് തലമുറകളിലേക്ക് പകര്‍ത്താനുള്ള പ്രകൃതിനിര്‍ധാരണ സമ്മര്‍ദവും മൂലമാണെന്ന് ഗവേഷകര്‍ കണ്ടു. ജിനോം പഠനത്തിന്റെ ചെലവ് ഇപ്പോള്‍ കുറഞ്ഞതുകൊണ്ട്, പരീക്ഷണത്തിന്റെ പ്രത്യേകഘട്ടങ്ങളില്‍ തണുപ്പിച്ച് സൂക്ഷിച്ച 'ഫോസിലു'കളുടെ ജിനോമുമായി താരതമ്യം ചെയ്ത്, പുതിയ ജനിതകമാറ്റങ്ങള്‍ കൃത്യമായി മനസിലാക്കാനും കഴിയുന്നു. ഡാര്‍വിന്‍ പറഞ്ഞത് ശരിയെന്ന് നേരിട്ട് തെളിയിക്കുന്ന ഇത്തരമൊരു പരീക്ഷണം ഇതിന് മുമ്പ് നടന്നിട്ടില്ല.

പ്രകൃതിനിര്‍ധാരണം വഴിയുള്ള മാറ്റം കണ്‍മുന്നില്‍ വെളിപ്പെടുന്ന വേറെയും ഉദാഹണങ്ങളുണ്ട്. നെബ്രാസ്‌കയിലെ മണല്‍പ്പരപ്പില്‍ കാണപ്പെടുന്ന ഒരിനം എലികളുടെ രോമക്കുപ്പായത്തിന്, ഏതാനും കിലോമീറ്റര്‍ അകലെ കാണപ്പെടുന്ന അതേ വര്‍ഗത്തില്‍പെട്ട എലികളുടേതിനെക്കാളും മങ്ങിയ നിറം എങ്ങനെ ഉണ്ടായി എന്നന്വേഷിച്ച ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫ. ഹോപി ഹൊയേക്‌സ്ത്രയും കൂട്ടരും കണ്ടത്, 'അഗോറ്റി' (Agouti) യെന്ന ജീനാണ് അതിന് കാരണം എന്നാണ്. 4000 വര്‍ഷം മുമ്പ് മാത്രമാണ് (എന്നുവെച്ചാല്‍ 8000 തലമുറ മുമ്പ്), മണല്‍പ്പരപ്പിലുള്ള എലികളില്‍ ആ ജീന്‍ പ്രത്യക്ഷപ്പെട്ടതെന്നും ഗവേഷകര്‍ കണ്ടു. ആ മണല്‍പ്പരപ്പിന് 8000 വര്‍ഷം പഴക്കമേയുള്ളു എന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യം വ്യക്തമാകുന്നു. മണല്‍പ്പരപ്പില്‍ മറ്റ് ജീവികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ രോമക്കുപ്പായത്തിന് അതിനനുസരിച്ചുള്ള നിറം വേണം. അതിജീവനത്തെ അത് വളരെ സഹായിക്കും. അതിനായി പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് എലികളുടെ നിറംമാറ്റം (കാണുക: പരിണാമം കണ്‍മുന്നില്‍).

'ജീവജാതികളുടെ ഉത്ഭവ'ത്തിലൂടെ ഡാര്‍വിന്‍ അവതരിപ്പിച്ച കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ പാകത്തില്‍ ഇന്ന് ശാസ്ത്രം മാറിയിരിക്കുന്നു എന്നാണ് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നത് (കാണുക: ശരിയെന്ന് തെളിയുന്നത് ഡാര്‍വിന്‍)

ശാസ്ത്രത്തിന്റെ ചാലകശക്തി

ആധുനികശാസ്ത്രത്തിന്റെ ഒട്ടേറെ ശാഖകള്‍ക്ക് ഇന്ന് പരിണാമസിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെയല്ലാതെ നിലനില്‍പ്പില്ല. ജീവശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും സര്‍വകോണുകളിലും ഡാര്‍വിന്റെ സിദ്ധാന്തം സ്വാധീനം ചെലുത്തുന്നു. നരവംശശാസ്ത്രം, കാര്‍ഷികശാസ്ത്രം എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഒട്ടേറെ ശാഖകളില്‍ ഇന്ന് നടക്കുന്ന മുന്നേറ്റങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഡാര്‍വിന്‍ മുന്നോട്ടുവെച്ച ആശയങ്ങളാണ്. അതു മാത്രമല്ല, രാഷ്ട്രീയത്തിലും കലകളിലും എന്തിന് സോഫ്ട്‌വേര്‍ നിര്‍മാണത്തില്‍പ്പോലും പരിണാമസിദ്ധാന്തം പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുന്നു. ഡാര്‍വിനെയും പരിണാമസിദ്ധാന്തത്തെയും തള്ളിക്കളയുന്നവര്‍ ഈ ആധുനിക മുന്നേറ്റങ്ങളെയാണ് യഥാര്‍ഥത്തില്‍ തിരസ്‌കരിക്കുന്നത് (കാണുക: സമാനതകളില്ലാതെ ഡാര്‍വിന്‍).

എന്നിട്ടും ലോകത്ത് പല രാജ്യങ്ങളിലും പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരുടെ സംഖ്യ അവിശ്വസനിയമാംവിധം കുറവാണ്. അമേരിക്ക ഉദാഹരണമായെടുക്കാം. കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഗാലപ്പ് പോളില്‍ വെളിവായ വസ്തുത, 'ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് മനുഷ്യന്‍ ഇന്നത്തെ രൂപത്തില്‍ പരിണമിച്ചെന്ന്' വിശ്വസിക്കുന്നവരുടെ സംഖ്യ വെറും 14 ശതമാനം മാത്രമെന്നാണ്, 1982-ല്‍ ഇത് ഒന്‍പത് ശതമാനമായിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതെ രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തപ്പെടുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ സ്ഥിതി മോശമാണെങ്കില്‍, ഐസ്‌ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിണാമസിദ്ധാന്തത്തിന് വന്‍സ്വീകാര്യതയാണുള്ളത്.

ദൈവത്തിലുള്ള വിശ്വാസവും പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും കാലിഫോര്‍ണിയയില്‍ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസ്റ്റായ ഫില്‍ സുക്കെര്‍മാനും നടത്തിയ പഠനം സൂചിപ്പിക്കുന്നത്, അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളിലാണ് ഡാര്‍വിന്റെ സിദ്ധാന്തത്തിന് സ്വീകാര്യത കുറവെന്നാണ്. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഡാര്‍വിനെ തിരസ്‌ക്കരിക്കുന്നതിന്റെ കാരണം തേടുന്നവര്‍ക്കു പോലും, അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളാണ് സഹായത്തിനെത്തുന്നത് എന്നതാണ് സ്ഥിതി.

-2009 നവംബര്‍ 22-ന് 'മാതൃഭൂമി വാരാന്തപ്പതിപ്പ്' പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം

അവലംബം
1. Charles Darwin, The Origin of Species (Reprinted in Penguin Classics, 1985)
2. Richard Dawkins,
The Greatest Show on Earth-The Evidence for Evolution (Bantam Press, London, 2009)
3. Ernst Mayr,
What Evolution is (Basic Books, New York, 2001)
4.Gary Stix,
Darwin's Living Legacy-Evolutionary Theory 150 Years Later (Scientific American, Dec.15, 2008)
5. David Quammen,
Darwin's First Clues; Matt Ridley, Modern Darwins (National Geographic, Feb.2009)

Monday, November 16, 2009

ചന്ദ്രനില്‍ വലിയ തോതില്‍ ജലസാന്നിധ്യം

'അമേരിക്കന്‍ ബോംബിങ്' ലക്ഷ്യം കണ്ടു

ഇന്ത്യയുടെ 'ചന്ദ്രയാന്‍-ഒന്ന്' ആ സുപ്രധാന കണ്ടെത്തല്‍ നടത്തിയിട്ട് അധികമായിട്ടില്ല, അതിനകം ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റി കൂടുതല്‍ തെളിവുകള്‍ കിട്ടിയിരിക്കുന്നു. ചന്ദ്രപ്രതലത്തില്‍ നേരിയ തോതില്‍ ജലാംശം ഉണ്ടെന്നാണ് ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) തിരിച്ചറിഞ്ഞതെങ്കില്‍, ഭൂമിയുടെ ഉപഗ്രഹത്തിന്റെ ധ്രുവങ്ങളില്‍ വലിയ അളവില്‍ ജലമുണ്ടെന്നാണ് നാസയുടെ 'എല്‍-ക്രോസ്' ദൗത്യം നല്‍കുന്ന വിവരം. ചന്ദ്രന്റെ ധ്രുവങ്ങളില്‍ മഞ്ഞുപാളികളുടെ രൂപത്തില്‍ വെള്ളമുണ്ടാകാം എന്ന സംശയത്തിന് നിവാരണമായിരിക്കുകയാണ് ഇതോടെ.

കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇരുള്‍മൂടിയ ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങിയ 'ലൂണാര്‍ ക്രാറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റ്‌ലൈറ്റ്' (എല്‍ക്രോസ്) പേടകമാണ് അവിടെ വന്‍തോതില്‍ വെള്ളമുണ്ട് എന്നതിന് തെളിവ് നല്‍കിയിരിക്കുന്നത്. തണുത്തുറഞ്ഞ കേബിയസ് ഗര്‍ത്തത്തില്‍ എല്‍ക്രോസ് ദൗത്യത്തിന്റെ ഭാഗമായ സെന്റോര്‍ റോക്കറ്റ് ഇടിച്ചിറങ്ങിയപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ ധൂളീപടലങ്ങളില്‍ ഹിമധൂളികളുമുണ്ടായിരുന്നു.

'ചന്ദ്രനില്‍ വലിയ അളവില്‍ വെള്ളമുണ്ടെന്നാണ് ഞങ്ങള്‍ കണ്ടെത്തയിരിക്കുന്നത്', എല്‍ക്രോസില്‍ നിന്നുള്ള വിവരങ്ങള്‍ അറിയിച്ചുകൊണ്ട്, പേടകത്തിന്റെ മുഖ്യഗവേഷകനായ അന്തോണി കൊലാപ്രീറ്റ് പറഞ്ഞു. 'ചന്ദ്രനില്‍ അമേരിക്കയുടെ ബോബാക്രമണം' എന്നാണ് എല്‍ക്രോസ് പരീക്ഷണത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 2200 കിലോഗ്രാം ഭാരമുള്ള സെന്റോര്‍ റോക്കറ്റ് ആദ്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്ന രീതിയിലായിരുന്നു പരീക്ഷണം. ഇടിയുടെ ആഘാതത്തില്‍ വന്‍തോതില്‍ ധൂളീപടലങ്ങള്‍ ഉയരുമ്പോള്‍, പിന്നാലെ പതിക്കുന്ന എല്‍ക്രോസ് പേടകം അതെക്കുറിച്ച് പഠനം നടത്തുകയായിരുന്നു ലക്ഷ്യം.

റോക്കറ്റ് പതിക്കുന്ന സ്ഥലത്ത് മഞ്ഞുപാളികളുണ്ടെങ്കില്‍ ഇടിയുടെ ആഘാതത്തില്‍ ഹിമധൂളികളും മുകളിലേക്ക് ഉയരും. സ്വാഭാവികമായും പിന്നാലെയെത്തുന്ന പേടകത്തിലെ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്ററിന് അത് മനസിലാക്കാന്‍ കഴിയും. റോക്കറ്റ് പതിക്കുമ്പോള്‍ അതിന്റെ ആഘാതത്തില്‍ പത്തു കിലോമീറ്റര്‍ ഉയരത്തില്‍ ധൂളീപടലങ്ങള്‍ ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഭൂമിയിലുള്ള ടെലിസ്‌കോപ്പുകള്‍ക്കു കൂടി ചന്ദ്രനില്‍ അത് നിരീക്ഷിക്കാനാകും എന്നും കരുതിയിരുന്നു. എന്നാല്‍, 1.6 കിലോമീറ്റര്‍ ഉയരത്തില്‍ മാത്രമേ ധൂളീപടലങ്ങള്‍ ഉയര്‍ന്നുള്ളു.

റോക്കറ്റിടിയുടെ ശക്തിയില്‍ ഉയര്‍ന്നു പൊങ്ങിയ ധൂളീപടലങ്ങളില്‍ എല്‍-ക്രോസിലെ ഉപകരണത്തിന് മഞ്ഞുകണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞു. ഹൈഡ്രോക്‌സില്‍ (HO) തന്മാത്രകളുടെ സാന്നിധ്യം മനസിലാക്കാന്‍ ആള്‍ട്രാവയലറ്റ്-വിസിബിള്‍ സ്‌പെക്ട്രോമീറ്ററും സഹായിച്ചു. ജലസാന്നിധ്യത്തിന്റെ രാസമുദ്രയുമായി യോജിക്കുന്ന വര്‍ണരാജി എല്‍-ക്രോസ് ഡേറ്റയില്‍ നിന്ന് ലഭിച്ചതായി ഡോ. കൊലാപ്രീറ്റ് അറിയിക്കുന്നു.

നൂറ് കിലോഗ്രാമിലേറെ വെള്ളത്തിന്റെ സാന്നിധ്യം എല്‍ക്രോസ് ഡേറ്റയില്‍ നിന്ന് ഗവേഷകര്‍ക്ക് മനസിലാക്കാനായി. സെന്റോര്‍ റോക്കറ്റ് ഇടിച്ചിറങ്ങിയ സ്ഥലത്ത് രൂപപ്പെട്ട 20-30 മീറ്റര്‍ വിസ്താരമുള്ള ഗര്‍ത്തത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയതാണ് അത്രയും ഹിമധൂളീപടലം. ഇപ്പോഴത്തേത് പ്രാഥമിക കണക്കുകള്‍ മാത്രമാണെന്നും, വെള്ളത്തിന്റെ കൃത്യമായ അളവും മറ്റ് കാര്യങ്ങളും മനസിലാക്കാന്‍ കൂടുതല്‍ പഠനം വേണമെന്നും ഗവേഷകര്‍ അറിയിച്ചു.

'ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, എല്‍-ക്രോസ് പരീക്ഷണം ഒരു സ്ഥലത്തെ ജലസാന്നിധ്യമാണ് പരിശോധിച്ചത് എന്നതാണ്'-പരീക്ഷണത്തിന് നേതൃത്വം വഹിക്കുന്നവരില്‍ ഒരാളായ ബ്രൗണ്‍ സര്‍വകലാശാലയിലെ പീറ്റര്‍ ഷൂള്‍സ് പറഞ്ഞു. 'ഒരു സ്ഥലത്ത് ഇത്രയും വെള്ളമുണ്ടെങ്കില്‍, ഇത്തരം വേറെയും സ്ഥലങ്ങള്‍ അതിനടുത്ത് കണ്ടത്താന്‍ സാധ്യതയുണ്ട്'.

ഭൂമിയിലെ ഏത് മരുഭൂമിയെക്കാളും ഊഷരമായ ഒന്നായാണ് ചന്ദ്രപ്രതലം കാണപ്പെടുന്നത്. എന്നാല്‍, ചന്ദ്രനില്‍ സ്ഥിരമായി നിഴല്‍ വീണുകിടക്കുന്ന ഗര്‍ത്തങ്ങളുണ്ട്. ഒരിക്കലും സൂര്യപ്രകാശമേല്‍ക്കാത്ത ആ സ്ഥലങ്ങളില്‍, അതിശീതാവസ്ഥയില്‍ തണുത്തുറഞ്ഞ രീതിയില്‍ വെള്ളമുണ്ടാകാം എന്നത്, ഗവേഷകരുടെ ഏറെക്കാലമായുള്ള അനുമാനമാണ്. അത് തെറ്റിയില്ല എന്നാണ് എല്‍ക്രോസ് നല്‍കിയ വിവരം തെളിയിക്കുന്നത്.

ഉപയോഗിക്കാന്‍ പാകത്തിലുള്ള വെള്ളമാണ് ചന്ദ്രന്റെ ധ്രുവങ്ങളിലേതെങ്കില്‍, ഭാവിയില്‍ മനുഷ്യന്റെ ഗോളാന്തരപര്യടനങ്ങള്‍ക്ക് സഹായകമായ ഒന്നാകും അത്. 'ചന്ദ്രനിലേത് കുടിവെള്ളമായി ഉപയോഗിക്കാന്‍ കഴിയും'-നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളുടെ മുഖ്യഗവേഷകന്‍ മൈക്ക് വാര്‍ഗോ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ആ വെള്ളം വിഘടിപ്പിച്ചാല്‍ ജീവവായുവും ലഭിക്കും, അദ്ദേഹം പറയുന്നു. വെള്ളത്തിന്റെ ഘടകങ്ങള്‍ ഓക്‌സിജനും ഹൈഡ്രജനുമാകയാല്‍, അതിനെ റോക്കറ്റ് ഇന്ധമാക്കി മാറ്റാനും ചിലപ്പോള്‍ സാധിച്ചേക്കും.

1972-ലാണ് ഏറ്റവും ഒടുവില്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയത്. അപ്പോളോ ദൗത്യത്തിന് ശേഷം ഇതുവരെ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ല. 2020-ഓടെ വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനാണ് നാസയുടെ പരിപാടി. അത്തരം ഭാവി ദൗത്യങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താനാകുന്നതാണ് ചന്ദ്രനിലെ ജലസാന്നിധ്യം.

ഇന്ത്യയുടെ ചന്ദ്രയാന്‍-ഒന്ന് ഉള്‍പ്പടെ മൂന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ചന്ദ്രപ്രതലത്തില്‍ നേരിയ കനത്തില്‍ വെള്ളമുണ്ടെന്ന വിവരം പുറത്തു വന്നത് സപ്തംബറിലാണ്. സൂര്യനില്‍ നിന്നുള്ള ഹൈഡ്രജന്‍ അയണുകളാണ് ഈ ജലസാന്നിധ്യം ഉണ്ടാക്കുന്നതിന് കാരണമെന്നും, അങ്ങനെയുണ്ടാകുന്ന വെള്ളം കാലങ്ങളായി ധ്രുവങ്ങളിലേക്ക് കുടിയേറിയിരിക്കാമെന്നും ഗവേഷകര്‍ അനുമാനിച്ചിരുന്നു. ഒപ്പം ധൂമകേതുക്കള്‍ പതിച്ചും ചന്ദ്രപ്രതലത്തില്‍ വെള്ളമെത്തുന്നുണ്ട്.

ചന്ദ്രന്റെ നിഴല്‍ വീണ ധ്രുവഗര്‍ത്തങ്ങളില്‍ അതിശീതാവസ്ഥയാണുള്ളത്. എല്‍ക്രോസ് ഇടിച്ചിറങ്ങിയ കേബിയസ് ഗര്‍ത്തത്തില്‍ താപനില മൈനസ് 230 ഡിഗ്രി സെല്‍സിയസ് ആണ്. തണുത്തുറഞ്ഞ് ഇരുള്‍മൂടിയ അത്തരം ഗര്‍ത്തങ്ങള്‍ക്ക് ചന്ദ്രന്റെ മാത്രമല്ല സൗരയൂഥത്തിന്റെയും ചരിത്രം പറയാനായേക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

2009 ജൂണ്‍ 18-നാണ് എല്‍ക്രോസ്, ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍ഒ) എന്നീ ദൗത്യങ്ങളെ ഒരുമിച്ച് നാസ വിക്ഷേപിച്ചത്. എല്‍.ആര്‍.ഒ. ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ച് നിരീക്ഷണം തുടരുകയാണ്. (അവലംബം: നാസ)

കാണുക

Tuesday, November 03, 2009

17,000 ജീവിവര്‍ഗങ്ങള്‍ വംശനാശഭീഷണിയില്‍

പതിമൂന്ന് വര്‍ഷം മുമ്പു വരെ അത്തരമൊരു ജീവി ഭൂമിയിലുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു ആഫ്രിക്കന്‍ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ആ ചെറുജീവികള്‍ നിലനില്‍ക്കുന്ന കാര്യം 1996-ലാണ് ലോകമറിയുന്നത്. വെറും ആറ് വര്‍ഷം മുമ്പുവരെ അവയുടെ അംഗസംഖ്യ ആയിരക്കണക്കിനുണ്ടായിരുന്നു. 'കിഹാന്‍സി സ്‌പ്രേ തവള' എന്ന ആ വര്‍ഗം ഇന്ന് ചില മൃഗശാലകളിലല്ലാതെ മറ്റൊരിടത്തും നിലനില്‍ക്കുന്നില്ല. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) പുറത്തിറക്കിയ പുതിയ ചുവപ്പു പട്ടികയില്‍ അവയുടെ സ്ഥാനം 'വന്യതയില്‍ വംശനാശം സംഭവിച്ച' ജീവികള്‍ക്കൊപ്പമാണ്.

ചുവപ്പ് പട്ടിക പ്രകാരം വംശനാശം നേരിടുന്ന 17291 ജീവിവര്‍ഗങ്ങളുടെ പ്രതിനിധിയാണ് കിഹാന്‍സി തവള. ഭൂമുഖത്തെ ജീവിവര്‍ഗങ്ങളില്‍ മൂന്നിലൊന്ന് ഭാഗം നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെന്ന് ചുവപ്പ് പട്ടിക പറയുന്നു. 47,677 ജീവിവര്‍ഗങ്ങളുടെ അവസ്ഥ ചുവപ്പ് പട്ടിക പരിശോധിച്ചിട്ടുള്ളതിലാണ് 17,291 എണ്ണം വംശനാശ ഭീഷണിയിലാണെന്ന് വ്യക്തമായത്. അവയില്‍ സസ്തനികളും (21 ശതമാനം) ഉഭയജീവികളും (30 ശതമാനം), സസ്യയിനങ്ങളും (70 ശതമാനം) അകശേരുക്കളും (35 ശതമാനം) ഉള്‍പ്പെടുന്നു.

ഗുരുതരമായ ഭീഷണി നേരിടുന്ന 16,928 ജീവികളാണ് കഴിഞ്ഞ വര്‍ഷത്തെ ചുവപ്പ് പട്ടികയിലുണ്ടായിരുന്നത്. പുതിയതായി 2800 ജീവികളാണ്, ഇതില്‍ സ്ഥാനം നേടിയിട്ടുള്ളത്. മഡഗാസ്‌കറിലെ മല എലി (പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ട ഏക സസ്തനി)യും ഫിലിപ്പീന്‍സില്‍ വെല്ലത്തില്‍ സഞ്ചരിക്കുന്ന പല്ലിയും പനാമയിലെ മരത്തവളയും പുതിയതായി ചുവപ്പ് പട്ടികയില്‍ പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ആവാസവ്യവസ്ഥകളുടെ നാശം ഉള്‍പ്പെടെ ജീവിവര്‍ഗങ്ങള്‍ നേരിടുന്ന മുഖ്യഭീഷണികള്‍ നേരിടാന്‍ വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്നാണ്, ചുവപ്പു പട്ടികയിലെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മുക്കാല്‍ ഇഞ്ച് നീളം മാത്രമുള്ള കിഹാന്‍സി തവള
(Nectophyrnoides asperginis), ടാന്‍സാനിയയിലെ കിഹാന്‍സി വെള്ളച്ചാട്ടത്തിന്റെ പരിസരത്താണ് കാണപ്പെട്ടിരുന്നത്. 2003 ജൂണില്‍ പോലും അവയുടെ അംഗസംഖ്യ 21,000 ഉണ്ടായിരുന്നു എന്നാണ് കണക്ക്.

എന്നാല്‍, ആ വെള്ളച്ചാട്ടത്തിന് മേല്‍ഭാഗത്ത് ടാന്‍സാനിയന്‍ അധികൃതര്‍ അണക്കെട്ട് നിര്‍മിക്കാന്‍ തുടങ്ങിയതോടെ ആ തവളവര്‍ഗത്തിന്റെ കഷ്ടകാലം തുടങ്ങി. 2000-ലാണ് അണക്കെട്ട് നിര്‍മാണം ആരംഭിച്ചത്. അതോടെ വെള്ളച്ചാട്ടത്തിലെ ജലലഭ്യത 90 ശതമാനം കുറഞ്ഞു.

തവളകള്‍ക്കായി വെള്ളം സ്‌പ്രേ ചെയ്യാന്‍ ഒരുക്കിയ സംവിധാനം 2003-ഓടെ തകരാറിലായി. ഒപ്പം അണക്കെട്ടില്‍ തടഞ്ഞു നിര്‍ത്തിയിരുന്ന മലിനജലം തുറന്നു വിട്ടതും ആ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിനെ കഠിനമായി ബാധിച്ചു. കൂനിന്മേല്‍ കുരുപോലെ ഒരു ഫംഗസ് രോഗം കൂടി എത്തിയതോടെ, എന്നന്നേയ്ക്കുമായി അവയുടെ കരച്ചില്‍ ആ പരിസരത്ത് ഇല്ലാതായി.

ഗൗരവമാര്‍ന്ന ഒരു വംശനാശ പ്രതിസന്ധി രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ ഏറുകയാണ് - ഐ.യു.സി.എന്നിന്റെ ഡയറക്ടര്‍ ജേന്‍ സ്മാര്‍ട്ട് പറഞ്ഞു. 2010 ആകുമ്പോഴേക്കും വംശനാശഭീഷണി കുറയ്ക്കണം എന്ന അന്താരാഷ്ട്ര ധാരണ ഫലവത്താകില്ല എന്നാണ് ഒടുവിലത്തെ വിശകലനം വ്യക്തമാക്കുന്നത്- അവര്‍ ഓര്‍മിപ്പിച്ചു.

ഭൂമിയിലെ ജീവിവര്‍ഗങ്ങളുടെ അവസ്ഥ സംബന്ധിച്ച ഏറ്റവും ആധികാരികമായ ഒന്നാണ് ചുവപ്പു പട്ടിക. ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് ഗവേഷകരുടെ പ്രവര്‍ത്തനഫലമായാണ് ഈ പട്ടിക സൂക്ഷിക്കുന്നത്.

ഭൂമുഖത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്നത് ഉഭയജീവികളാണാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. അറിയപ്പെടുന്ന 6285 ഇനം ഉഭയജീവികളില്‍ 1895 എണ്ണം ഭീഷണിയിലാണ്. അതില്‍ തന്നെ 39 ഇനങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി എന്നാണ് സൂചന. കൂടാതെ 484 ഇനങ്ങള്‍ ഗുരുതരമായ ഭീഷണിയുടെ നിഴലിലാണ്.

ശുദ്ധജല മത്സ്യങ്ങളാണ് കനത്ത ഭീഷണി നേരിടുന്ന മറ്റൊരു വര്‍ഗം. പഠനവിധേയമായ 3120 ഇനം ശുദ്ധജല മത്സ്യങ്ങളില്‍ 1147 ഇനവും ഇനി ഏറെനാള്‍ ഭൂമുഖത്ത് ഉണ്ടാകില്ല.

'താരതമ്യേന ചെറിയൊരു വിഭാഗം ജീവികള്‍ കടുത്ത ഭീഷണി നേരിടുന്ന സ്ഥിതിയില്‍ നിന്ന്, നമ്മുടെ ആയുഷ്‌ക്കാലത്ത് തന്നെ, ആവാസവ്യവസ്ഥകള്‍ ഒന്നോടെ തകര്‍ന്നടിയുന്ന അവസ്ഥ സംജാതമായിരിക്കുന്നു'-സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനി (ഇസഡ്.എസ്.എല്‍) ലെ പ്രൊഫ. ജോനാതന്‍ ബെയ്ല്ലി പറയുന്നു.

2010 'അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷ'മായി ആചരിക്കാന്‍ തയ്യാറെടുപ്പ് നടക്കുന്ന വേളയിലാണ്, ഭൂമുഖത്തെ ജീവലോകം നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. (കടപ്പാട്: ഐ.യു.സി.എന്‍).

കാണുക

Monday, November 02, 2009

ഭൂമിയുടെ ജലചക്ര രഹസ്യം തേടി

ഭൗമജലചക്രത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'സ്‌മോസ്' ഉപഗ്രഹം യാത്രയായി. ഭൂമിയില്‍ വിവിധ അവസ്ഥകളില്‍ കാണപ്പെടുന്ന ജലത്തിന്റെ വിതരണവും സ്വാധീനവും സംബന്ധിച്ച് പുതിയ ഉള്‍ക്കാഴ്ച രൂപപ്പെടുത്താന്‍ ഈ ഉപഗ്രഹത്തിന്റെ നിരീക്ഷണം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഭൗമോപരിതലത്തിലെ മണ്ണില്‍ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ അളവും, സമുദ്രങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ലവണങ്ങളുടെ തോതും മനസിലാക്കാന്‍ സഹായിക്കുന്ന ആഗോളമാപ്പ് ആദ്യമായി ഈ ഉപഗ്രഹം തയ്യാറാക്കും.

കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യമാക്കാനും, വെള്ളപ്പൊക്കം മുതലായ പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഉപഗ്രഹം കണ്ടെത്തുന്ന വിവരങ്ങള്‍ സഹായിക്കും. 'ദി സോയില്‍ മോയ്ച്ചര്‍ ആന്‍ഡ് ഓഷ്യന്‍ സലയ്‌നിറ്റി' എന്നതിന്റെ ചുരുക്കപ്പേരാണ് സ്‌മോസ്.

റഷ്യയിലെ പ്ലിസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് സ്‌മോസ് ഉപഗ്രഹം വിക്ഷേപിച്ചത്. കുറഞ്ഞത് മൂന്ന് വര്‍ഷക്കാലം സ്‌മോസ് ഭൂമിയെ നിരീക്ഷിക്കുമെന്നാണ് പ്രതീക്ഷ.

ആകെ ഒറ്റ ഉപകരണമേയുള്ള ഈ ഉപഗ്രഹത്തില്‍-'മിറാസ്' എന്ന പേരിലറിയപ്പെടുന്ന ഒരു ഇന്റര്‍ഫെറോമെട്രിക് റേഡിയോമീറ്റര്‍ മാത്രം. മണ്ണിലെ ജലാംശത്തിന്റെ വ്യത്യാസവും കടല്‍ജലത്തിലെ ലവണവ്യതിയാനവും അളക്കുക ഈ ഉപകരണമാണ്. ഭൗമോപരിതലത്തില്‍ നിന്ന് പ്രതിഫലിച്ചെത്തുന്ന മൈക്രോവേവ് തരംഗങ്ങളുടെ സഹായത്തോടെയാണ് മിറാസിന്റെ നിരീക്ഷണം.


ഭൗമപര്യവേക്ഷണ പരിപാടിയുടെ ഭാഗമായുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഉപഗ്രഹങ്ങളില്‍ ഒന്നാണ് സ്‌മോസ്. എട്ട് ഉപഗ്രഹങ്ങളാണ് ഈ പരിപാടിയിലുള്ളത്. അവയില്‍ ആദ്യ ഉപഗ്രഹമായ 'ഗോസ്' (Goce) മുമ്പ് തന്നെ ഭ്രമണപഥത്തിലെത്തിയിരുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലങ്ങളിലുണ്ടാകുന്ന സൂക്ഷ്മവ്യതിയാനങ്ങള്‍ രേഖപ്പെടുത്തുകയാണ് ഗോസ് ഉപഗ്രഹത്തിന്റെ ദൗത്യം.

ഇതില്‍ രണ്ടാമത്തെ ഉപഗ്രഹമാണ് സ്‌മോസ് (Smos). ഈ പരമ്പരയില്‍ മൂന്നാമത്തെ ഉപഗ്രഹമായ 'ക്രയോസാറ്റ-2്' (Cryosat) അടുത്ത ഫിബ്രവരിയില്‍ വിക്ഷേപിക്കും. ഭൗമോപരിതലത്തിലെ ഹിമാവരണത്തിന്റെ സ്ഥിതിയാണ് ഈ ഉപഗ്രഹം പഠനവിധേയമാക്കുക.

ലേസറുകളുടെ സഹായത്തോടെ കാറ്റിന്റെ കണക്കെടുപ്പ് നടത്താനുള്ള ഇയോലസ് (Aeolus), ഭൂമിയുടെ കാന്തികമണ്ഡലം മാപ്പ് ചെയ്യാനുള്ള ഉപഗ്രഹത്രയമായ സ്വാം (Swarm), മേഘങ്ങളുടെ സ്വാധീനം മനസിലാക്കാനുള്ള എര്‍ത്ത്‌കെയര്‍ (Earthcare) എന്നിവയാണ് ഭൗമപര്യവേക്ഷണ പരമ്പരയിലെ മറ്റ് മൂന്ന് ഉപഗ്രഹങ്ങള്‍. ഇനി രണ്ടെണ്ണം കൂടി ഈ പരമ്പരയിലുണ്ട്. അവയുടെ തിരഞ്ഞെടുപ്പും ലക്ഷ്യങ്ങളും പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളു.

ഏതാണ്ട് 46.5 കോടി ഡോളര്‍ (2200 കോടി രൂപ) ആണ് സ്‌മോസ് പദ്ധതിയുടെ ചെലവ്. ഫ്രാന്‍സും സ്‌പെയിനുമാണ് പദ്ധതിക്കായി മുന്‍കൈയെടുത്ത രാജ്യങ്ങള്‍. ഉപഗ്രഹത്തിലെ നിരീക്ഷണോപകരണം ശരിക്കു പ്രവര്‍ത്തിച്ചാല്‍ രണ്ടു വര്‍ഷം കൂടി അതിന്റെ കാലാവധി നീട്ടാനാകുമെന്ന്, ഇ.എസ്.എ. യിലെ മിഷന്‍ മാനേജര്‍ ഡോ.സുസന്നെ മെക്‌ലെന്‍ബര്‍ഗ് പറയുന്നു. (അവലംബം: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി)