Tuesday, February 27, 2007

ഡി.എന്‍.എ.ചിപ്പുകള്‍: ചികിത്സയുടെ ഭാവിമുഖം

ചികിത്സ വ്യക്തിഗതമാകുന്ന കാലത്തേക്കാണ്‌ വൈദ്യശാസ്‌ത്രം ചുവടുവെക്കുന്നത്‌. അതിന്‌ വേദിയൊരുക്കുന്നതോ ഡി.എന്‍.എ.ചിപ്പുകളും

ചോറ്‌ പാകമായോ എന്നു നോക്കുന്നത്‌ എങ്ങനെയാണ്‌. എല്ലാ ചോറും പരിശോധിച്ചിട്ടല്ല, മാതൃകയ്‌ക്ക്‌ ഏതാനും എണ്ണം നോക്കിയിട്ടാണ്‌. ഡി.എന്‍.എ.ചിപ്പുകളുടെ കാര്യവും ഇതിനോടുപമിക്കാം. മനുഷ്യ ഡി.എന്‍.എ.യിലെ 300 കോടിയിലേറെ രാസാക്ഷരങ്ങള്‍ മുഴുവന്‍ പരിശോധിച്ച്‌ ഒരാളുടെ ജനിതകസവിശേഷതകളും ജനിതകപ്രശ്‌നങ്ങളും കണ്ടെത്തുക അസാധ്യമാണ്‌. പകരം, ഒരു 'സൂക്ഷ്‌മജിനോംനിര' (DNA microarray) രൂപപ്പെടുത്തിയാല്‍, വളരെ വേഗം ജനിതകപ്രശ്‌നങ്ങളുടെ ഉള്ളിലേക്ക്‌ കടക്കാന്‍ വിദഗ്‌ധര്‍ക്ക്‌ കഴിയും. ഡി.എന്‍.എ.യുടെ ചെറിയൊരു ഭാഗമുപയോഗിച്ച്‌ സമഗ്രമായ ചിത്രം ലഭിക്കാനുള്ള മാര്‍ഗ്ഗമാണിത്‌. ഇത്തരം 'സൂക്ഷ്‌മജിനോംനിര'കളാണ്‌ ഡി.എന്‍.എ. ചിപ്പിലുള്ളത്‌. ചികിത്സ മുതല്‍ ഔഷധങ്ങള്‍ കണ്ടെത്താനും രോഗാണുക്കളെ കൃത്യമായി തിരിച്ചറിയാനും വരെ സമീപഭാവിയില്‍ ഡി.എന്‍.എ.ചിപ്പുകളാവും ആരോഗ്യവിദഗ്‌ധര്‍ക്ക്‌ കൂട്ടുണ്ടാവുക. വൈദ്യശാസ്‌ത്രത്തില്‍ ഭാവിസാധ്യതകളുടെ പര്യായം ഇത്തരം ചിപ്പുകളാണെന്ന്‌ പലരും കരുതുന്നു.

മാനവജിനോമിന്റെ കണ്ടെത്തല്‍ വൈദ്യശാസ്‌ത്രരംഗത്തു വരുത്തുമെന്ന്‌ പ്രവചിക്കപ്പെട്ട ഒരു മാറ്റം, ചികിത്സ വ്യക്തിഗതമാകും എന്നതാണ്‌. ഒരേ പേരിലാണ്‌ അറിയപ്പെടുന്നതെങ്കിലും ഒരു രോഗത്തിന്‌ ഒട്ടേറെ വകഭേദങ്ങളുണ്ടാകാം. ഉദാഹരണത്തിന്‌ രക്താര്‍ബുദത്തിന്റെ (ലുക്കേമിയ) കാര്യമെടുക്കുക. ഇതിന്‌ പല വകഭേദങ്ങളുണ്ട്‌. രോഗിയെ പിടികൂടിയിട്ടുള്ളത്‌ ഏത്‌ വകഭേദമാണെന്ന്‌ കൃത്യമായി തിരിച്ചറിയാനായില്ലെങ്കില്‍, ചികിത്സ ഫലിച്ചെന്നു വരില്ല. 'റോച്ചെ'യെന്ന ഔഷധകമ്പനി രൂപപ്പെടുത്തിയിട്ടുള്ള 'ആംപ്ലിചിപ്പ്‌'(AmpliChip) ഗണത്തിലെ ഡി.എന്‍.എ. ചിപ്പുകള്‍ക്ക്‌ 20 ലുക്കേമിയ വകഭേദങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ ശേഷിയുണ്ട്‌. 'അഫിമെട്രിക്‌സ്‌' എന്ന കമ്പനിയുമായി സഹകരിച്ച്‌ റോച്ചെ നിര്‍മിച്ച ആംപ്ലിചിപ്പുകള്‍ക്ക്‌ 2004-ലാണ്‌ യൂറോപ്യന്‍ അധികൃതര്‍ വിപണാനുമതി നല്‍കിയത്‌. ഇത്തരം ഡി.എന്‍.എ.ചിപ്പുകള്‍ ഡോക്ടറുടെ പണിയായുധത്തില്‍ ഉള്‍പ്പെടുന്നതോടെ, ചികിത്സയ്‌ക്ക്‌ പിഴവുപറ്റാനുള്ള സാധ്യത വളരെ കുറയും. ഏത്‌ മരുന്ന്‌ എത്ര ഡോസില്‍ നല്‍കിയാല്‍ രോഗശമനം സുഗമമാകുമെന്ന്‌ ഡോക്ടര്‍ക്ക്‌ കൃത്യമായി മനസിലാക്കാനാകും. ഒരു രോഗിക്ക്‌ നല്‍കിയ മരുന്നാകില്ല, അതേ രോഗത്തിന്‌ വേറൊരു രോഗിക്ക്‌ നല്‍കേണ്ടി വരിക. ഇതാണ്‌ വ്യക്തിഗത ചികിത്സ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ചികിത്സയില്‍ രോഗനിര്‍ണയം പോലെ പ്രധാനമാണ്‌, രോഗാണുക്കളെ തിരിച്ചറിയലും. പുതിയ രോഗാണുക്കളെ തിരിച്ചറിയാനും ഡി.എന്‍.എ.ചിപ്പുകള്‍ സഹായിക്കുമെന്ന്‌ 2003-ല്‍ ലോകം കണ്ടു. തെക്കുകിഴക്കന്‍ ഏഷ്യയിലാരംഭിച്ച്‌ ലോകമാകെ ഭീതിപരത്തിയ 'സാര്‍സ്‌'(സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം) വൈറസിനെ അന്ന്‌ തിരിച്ചറിഞ്ഞത്‌ ഡി.എന്‍.എ.ചിപ്പുകളിലുപയോഗിക്കുന്ന 'സൂക്ഷ്‌മജിനോംനിര'യുപയോഗിച്ചായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ.ജോ ഡിറിസിയാണ്‌ ഈ മാര്‍ഗ്ഗത്തിലൂടെ വൈറസിനെ തിരിച്ചറിഞ്ഞത്‌. ഫലപ്രദമായ ഔഷധങ്ങളുടെ കണ്ടെത്തലാണ്‌ ആരോഗ്യരംഗത്ത്‌ ഡി.എന്‍.എ.ചിപ്പുകള്‍ ഒരുക്കുന്ന മറ്റൊരു സാധ്യത. റോച്ചെ, മെര്‍ക്ക്‌, ഫൈസര്‍ തുടങ്ങി ലോകത്തെ വമ്പന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെല്ലാം പുതിയ ഔഷധങ്ങള്‍ കണ്ടെത്താനായി ഡി.എന്‍.എ.ചിപ്പുകളെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.

'മെര്‍ക്ക്‌' കമ്പനിയുടെ കാര്യമെടുക്കാം. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ജീന്‍പ്രഭാവം(gene expression) വിശകലനം ചെയ്യുന്നതില്‍ പ്രത്യേക പ്രാവിണ്യം നേടിയ 'റോസെറ്റ ഇന്‍ഫാര്‍മാറ്റിക്‌സ്‌' എന്ന സോഫ്‌ട്‌വേര്‍ കമ്പനിയെ 2001-ല്‍ മെര്‍ക്ക്‌ സ്വന്തമാക്കി. റോസെറ്റയുടെ സാങ്കേതികസഹായമുപയോഗിച്ച്‌, മെര്‍ക്ക്‌ കമ്പനിയിലെ ഗവേഷകരിപ്പോള്‍ പ്രതിവര്‍ഷം 40,000 'സൂക്ഷ്‌മജിനോംനിര' പരീക്ഷണങ്ങളാണ്‌ നടത്തുന്നത്‌. ആ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ മുഴുവന്‍ മെര്‍ക്ക്‌ കമ്പനിയുടെ ഡേറ്റാബേസില്‍ സൂക്ഷിക്കപ്പെടുന്നു. ഇത്തരം രണ്ടുലക്ഷം എന്‍ട്രികള്‍ ഇപ്പോള്‍ മെര്‍ക്കിന്റെ ഡേറ്റാബേസിലുണ്ട്‌. പുതിയ ഔഷധങ്ങള്‍ കണ്ടെത്താനുള്ള മെര്‍ക്കിന്റെ ശേഷി ഇതുമൂലം പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. നിലവില്‍ മെര്‍ക്ക്‌ ക്ലിനിക്കല്‍ പരീക്ഷണത്തിന്‌ വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഔഷധതന്മാത്രകളില്‍ 20 ശതമാനവും ഡി.എന്‍.എ.ചിപ്പുകളുടെ സഹായത്തോടെ കണ്ടെത്തിയതാണെന്ന്‌, കമ്പനിയുടെ എക്‌സിക്യുട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌മാരിലൊരാളായ സ്റ്റീഫന്‍ ഫ്രണ്ട്‌ അറിയിക്കുന്നു. മാത്രമല്ല, മാരകമായ പാര്‍ശ്വഫലങ്ങളുള്ള ഔഷധങ്ങളെ മുന്‍കൂട്ടിയറിയാനും, അതനുസരിച്ച്‌ ആവശ്യമായ ക്രമീകരണം വരുത്താനും പുതിയ സങ്കേതം സഹായിക്കും.

ഒരു കാലത്ത്‌ നവജാതശിശുക്കളില്‍ മാരകമായ പാര്‍ശ്വഫലങ്ങളുണ്ടാക്കിയതിന്റെ പേരില്‍ ഏറ്റവുമധികം വെറുക്കപ്പെട്ട മരുന്നാണ്‌ താലഡോമൈഡ്‌. 1961-ല്‍ അത്‌ നിരോധിക്കപ്പെട്ടു. എന്നാല്‍, അര്‍ബുദ ചികിത്സയില്‍ ഗുണംചെയ്യും എന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പരിമിതമായ തോതിലാണെങ്കില്‍ പോലും താലഡോമൈഡ്‌ തിരിച്ചുവരുന്ന കാഴ്‌ചയ്‌ക്ക്‌ ഇപ്പോള്‍ വൈദ്യശാസ്‌ത്രം സാക്ഷ്യം വഹിക്കുകയാണ്‌. താലഡോമൈഡിന്റെ ഈ ഗുണം അത്‌ നിരോധിച്ച കാലത്ത്‌ അറിയാമായിരുന്നില്ല. പലമരുന്നുകള്‍ക്കും ഇത്തരത്തില്‍ അറിയപ്പെടാത്ത ഗുണങ്ങളുണ്ട്‌. അത്‌ കണ്ടെത്തി നിലവിലുള്ള ഔഷധങ്ങളുടെ സാധ്യത വിപുലീകരിക്കാനാകും. ഇതാണ്‌ ഡി.എന്‍.എ.ചിപ്പുകള്‍ മുന്നോട്ടുവെയ്‌ക്കുന്ന മറ്റൊരു സാധ്യത. മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(എം.ഐ.ടി)യുടെ സഹകരണത്തോടെ, 'ബ്രോഡ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ' എന്ന അമേരിക്കന്‍ സ്ഥാപനം ഇത്തരമൊരു സംരംഭത്തിലാണ്‌. 'കണക്ടിവിറ്റി മാപ്പ്‌'(connectivity map) എന്ന പേരിലൊരു ഡേറ്റാബേസ്‌ ഉണ്ടാക്കുകയാണ്‌ ഈ സ്ഥാപനം. ഔഷധങ്ങള്‍, ജീനുകള്‍, രോഗങ്ങള്‍ ഇവ തമ്മിലുള്ള ബന്ധത്തെ ഭാഷാവത്‌ക്കരിച്ച്‌ ഡേറ്റാബേസിലാക്കിയ ശേഷം, ഇവ തമ്മിലുള്ള പരസ്‌പരബന്ധം പ്രത്യേക സോഫ്‌ട്‌വേറുകളുടെ സഹായത്തോടെ ചികഞ്ഞു കണ്ടെത്തുകയാണ്‌ ചെയ്യുക. നിലവിലുള്ള മരുന്നുകളുടെ അറിയപ്പെടാത്ത സാധ്യതകളും പ്രവര്‍ത്തനങ്ങളും ഇതിലൂടെ വെളിവാകും. അമേരിക്കയില്‍ അംഗീകാരം കിട്ടിയ മുഴുവന്‍ മരുന്നുകളും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍ണയം ചെയ്യാന്‍ കഴിയുമെന്നാണ്‌ ബ്രോഡ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ പ്രതീക്ഷിക്കുന്നു.

1980-കളുടെ അവസാനവര്‍ഷങ്ങളിലാണ്‌ ഡി.എന്‍.എ.ചിപ്പുകള്‍ വികസിപ്പിക്കാനുള്ള ഗൗരവമാര്‍ന്ന ശ്രമങ്ങള്‍ ആരംഭിച്ചത്‌. 1970-കളില്‍ ഡി.എന്‍.എ.വിശകലനവിദ്യ('സതേണ്‍ ബ്ലോട്ടിങ്‌ ')യുടെ കണ്ടുപിടിത്തത്തിലൂടെ പ്രശസ്‌തനായ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ എഡ്വിന്‍ സതേണ്‍ ആണ്‌, ആദ്യമായി 'സൂക്ഷ്‌മജിനോംനിര'യുടെ മാതൃകാവകാശ(പേറ്റന്റ്‌)ത്തിന്‌ അപേക്ഷ നല്‍കിയത്‌; 1988-ലായിരുന്നു അത്‌. എന്നാല്‍, ഡി.എന്‍.എ.ചിപ്പുകള്‍ വാണിജ്യയുഗത്തിലേക്ക്‌ കടക്കുന്നത്‌ സ്റ്റീഫന്‍ ഫോഡൊര്‍ എന്ന യുവശാസ്‌ത്രജ്ഞന്റെ രംഗപ്രവേശത്തോടേയാണ്‌. കമ്പ്യൂട്ടര്‍ചിപ്പുകള്‍ക്ക്‌ സമാനമായി ഫോട്ടോലിഥോഗ്രാഫിയുടെ സഹായത്തോടെ ജിനോംശ്രേണികളെ മൈക്രോചിപ്പുകളില്‍ സന്നിവേശിപ്പിക്കാനുള്ള സങ്കേതമാണ്‌ ഡോ.ഫോഡൊര്‍ കണ്ടെത്തിയത്‌. 1991-ല്‍ ഇതു സംബന്ധിച്ച്‌ ഡോ.ഫോഡൊറിന്റേതായി 'സയന്‍സ്‌' ഗവേഷണവാരികയില്‍ വന്ന മുഖലേഖനമാണ്‌ ഡി.എന്‍.എ.ചിപ്പുകളുടെ യുഗം ഉദ്‌ഘാടനം ചെയ്‌തതെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

ഏതാണ്ട്‌ അതേസമയത്തു തന്നെ സ്റ്റാന്‍ഫഡ്‌ സര്‍വകലാശാലയ്‌ക്കു കീഴിലെ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ പാട്രിക്‌ ബ്രൗണും അദ്ദേഹം റിക്രൂട്ട്‌ ചെയ്‌ത എഞ്ചിനിയറിങ്‌ വിദ്യാര്‍ത്ഥിയായ ഡാരി ഷാലോണും ചേര്‍ന്ന്‌ മൈക്രോസ്‌കോപ്പിലുപയോഗിക്കുന്ന ഗ്ലാസ്‌ സ്ലൈഡില്‍ സൂക്ഷ്‌മ ഡി.എന്‍.എ.ഭാഗങ്ങള്‍ കുത്തുകളുടെ രൂപത്തില്‍ സന്നിവേശിപ്പിച്ച്‌ 'സൂക്ഷ്‌മജിനോംനിര'കളുണ്ടാക്കാനുള്ള വിദ്യയും രൂപപ്പെടുത്തി. ഈ രണ്ട്‌ വിദ്യകളുമാണ്‌ ഡി.എന്‍.എ.ചിപ്പ്‌ വിപ്ലവത്തിന്റെ അടിത്തറ. 70 കോടി ഡോളറി(3200 കോടിരൂപ) ന്റെ വിപണിയാണ്‌ ഡി.എന്‍.എ ചിപ്പുകളുടേത്‌. ആഗോള ചിപ്പ്‌ വിപണിയില്‍ ഇപ്പോള്‍ വെറും ഒന്‍പത്‌ ശതമാനം മാത്രമാണ്‌ 'സൂക്ഷ്‌മജിനോംനിര'കളുടേത്‌. 2009 ആകുമ്പോഴേക്കും അത്‌ 45 ശതമാനമാകുമെന്നാണ്‌ ഈ രംഗം നിരീക്ഷിക്കുന്ന വിദഗ്‌ധര്‍ പ്രവചിക്കുന്നത്‌. മനുഷ്യജീവിതത്തില്‍ ഡി.എന്‍.എ.ചിപ്പുകള്‍ എത്ര വലിയ സ്ഥാനമാണ്‌ കൈയടക്കാന്‍ പോകുന്നതെന്ന്‌ വ്യക്തമാക്കുന്നു ഈ പ്രവചനം-2007 മാര്‍ച്ച്‌ ലക്കം 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ പ്രസിദ്ധീകരിച്ചത്‌-(കടപ്പാട്‌: ഇക്കണോമിസ്‌റ്റ്‌ വാരിക)
-ജോസഫ്‌ ആന്‍ണി

Saturday, February 24, 2007

ചൂടേറുന്നു; ഹിമാലയം ഉരുകുന്നു

ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റിലെ മഞ്ഞുപാളികള്‍ വേഗം ഉരുകുന്നതായി കണ്ടെത്തല്‍. ആഗോളതാപനം ഹിമാലയത്തെയും ഗുരുതരമായി ബാധിച്ചു തുടങ്ങിയതിന്റെ തെളിവാണിതെന്ന്‌ ഗവേഷകര്‍ പറയുന്നു. ഹിമാലയത്തിലെ മഞ്ഞുരുക്കം ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പ്രധാന നദികളെയെല്ലാം ബാധിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌.
ചൈന, ഫ്രാന്‍സ്‌, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പുതിയൊരു കാലാവസ്ഥാ സൂചകത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ്‌ ഹിമാലയം ഉരുകുന്ന കാര്യം വ്യക്തമായത്‌. എവറസ്റ്റ്‌ കൊടുമുടിയുടെ വടക്കേ ചരുവിലെ 'ഈസ്റ്റ്‌ റോങ്‌ബുക്‌' ഹിമപാളിയില്‍ മൂന്നിടത്ത്‌ തുരന്നായിരുന്നു ഗവേഷണം. സമുദ്രനിരപ്പില്‍ നിന്ന്‌ 6518 മീറ്റര്‍ ഉയരത്തിലായിരുന്നു പഠനം നടന്ന സ്ഥാനം. രണ്ടായിരം വര്‍ഷം കൊണ്ട്‌ രൂപപ്പെട്ട മഞ്ഞുപാളികള്‍ തുരന്ന സ്ഥലത്തുണ്ടായിരുന്നു. 2000, 2002 വര്‍ഷങ്ങളില്‍ നടത്തിയ ഈ പരീക്ഷണത്തിന്റെ വിശകലന റിപ്പോര്‍ട്ട്‌ ഇപ്പോഴാണ്‌ പുറത്തു വരുന്നത്‌.
മഞ്ഞുപാളിക്കുള്ളിലെ വാതകസാന്നിധ്യമാണ്‌ കാലാവസ്ഥാ വ്യതിയാനം മനസിലാക്കാനുള്ള പുതിയ സൂചകമായി ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌. മുമ്പ്‌ രൂപപ്പെട്ട മഞ്ഞുപാളികളെ അപേക്ഷിച്ച്‌ ഇരുപതാം നൂറ്റാണ്ടിലെ മഞ്ഞുപാളികളില്‍ വാതകസാന്നിധ്യം വളരെ കുറവാണെന്ന്‌ ഗവേഷകര്‍ കണ്ടു. സമീപകാലത്ത്‌ വേനലില്‍ മഞ്ഞുരുക്കത്തിന്റെ ആക്കം വര്‍ധിക്കുന്നതാണ്‌ വാതകസാന്നിധ്യം കുറയാനിടയാക്കുന്നത്‌. ആഗോളതാപനം മൂലം അന്തീരക്ഷ താപനില ഉയരാന്‍ തുടങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിലാണ്‌. ഉയരുന്ന താപനിലയാണ്‌, എവറസ്റ്റിലെ മഞ്ഞുപാളികളെയും സമീപകാലത്ത്‌ കൂടുതല്‍ ഉരുക്കുന്നതെന്ന നിഗമനത്തില്‍ ഗവേഷകരെത്തുകയായിരുന്നു.
ഹിമാനികളും അപ്രത്യക്ഷമാകുന്നു

ആഗോളതാപനം ഹിമാലയത്തിന്‌ വരുത്തുന്ന ഭീഷണിയിക്കുറിച്ചു പുറത്തു വന്ന ഏറ്റവും ഒടുവിലത്തെ പഠനമാണ്‌ മേല്‍ വിവരിച്ചത്‌. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ ഹിമാലയത്തിലെ ഹിമാനികള്‍ക്ക്‌ (glaciers) വന്നിട്ടുള്ള ശോഷണത്തെപ്പറ്റി മറ്റൊരു പഠനം ജനവരിയില്‍ പുറത്തുവരികയുണ്ടായി. പഴയ സര്‍വെ വിവരങ്ങളും, പുതിയ നിരീക്ഷണങ്ങളും താരതമ്യം ചെയ്‌തായിരുന്നു പഠനം. ഹിമാലയത്തിലെ ഹിമാനികള്‍ക്ക്‌ ഈ കാലയളവില്‍ അഞ്ചിലൊന്ന്‌ ശോഷണം സംഭവിച്ചുവെന്നാണ്‌ പഠനഫലം വ്യക്തമാക്കിയത്‌.

ഈ പ്രവണത തുടരുകയാണെങ്കില്‍ ഇന്ത്യയിലെ വടക്കന്‍ നദികളിലെല്ലാം അതിന്റെ പ്രതിഫലനമുണ്ടാകും. കുറഞ്ഞത്‌ 50 കോടിയാളുകളുടെ കുടിവെള്ളം മുട്ടുമെന്ന്‌ 'കറണ്ട്‌ സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അഹമ്മദാബാദില്‍ ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനി(ഐ.എസ്‌.ആര്‍.ഒ)ലെ അനില്‍ കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌. '1962 സര്‍വെ ഓഫ്‌ ഇന്ത്യ'യിലെ ഹിമാനി മാപ്പുകളും, റിമോട്ട്‌ സെന്‍സിങ്‌ ഉപഗ്രഹങ്ങള്‍ പുതുതായി പകര്‍ത്തിയ ഹിമാനിദൃശ്യങ്ങളും ഗവേഷകര്‍ താരതമ്യം ചെയ്‌തു നോക്കി.
ചെനൂബ്‌, പാര്‍ബതി, ബാസ്‌പ നദികളുടെ വൃഷ്ടിപ്രദേശങ്ങളിലെ 466 ഹിമാനികള്‍ 40 വര്‍ഷത്തിനിടെ പിന്‍വാങ്ങയിരിക്കുന്നു എന്നാണ്‌ കുല്‍ക്കര്‍ണിയും സംഘവും കണ്ടെത്തിത്‌. 1962-ല്‍ 2077 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ ഹിമാനികളുണ്ടായിരുന്ന ഈ മേഖലയില്‍, നിലവില്‍ അത്‌ 1628 ചതുരശ്ര കിലോമീറ്ററായി മാറിയിരിക്കുന്നു. കുറവ്‌ 21 ശതമാനം. ചെറുഹിമാനികളുടെ എണ്ണത്തിലുണ്ടായ കുറവ്‌ 38 ശതമാനം വരും. അതേസമയം ശോഷണം മൂലം ഹിമാനികളുടെ ശിഥിലീകരണം വര്‍ധിക്കുകയും ചെയ്‌തു.(കടപ്പാട്‌: കറണ്ട്‌ സയന്‍സ്‌, പി.ടി.ഐ)

Thursday, February 22, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-8: വരാഹമിഹിരന്‍

പ്രാചീന വിജ്ഞാനശാഖകളില്‍ അഗ്രഗണ്യനായിരുന്നെങ്കിലും, പ്രകൃത്യാധീതശക്തികളില്‍ കണ്ണടച്ചു വിശ്വസിച്ച വ്യക്തിയല്ല വരാഹമിഹിരന്‍
ഗുരുത്വാകര്‍ഷണം എന്താണെന്ന്‌ ഇന്ന്‌ എല്ലാവര്‍ക്കുമറിയാം. മുകളിലേക്ക്‌ എറിയുന്ന കല്ല്‌ താഴെ തിരികെയെത്താന്‍ അതാണ്‌ കാരണം. ഇത്തരമൊരു ധാരണപോലുമില്ലാത്ത കാലത്ത്‌, ഭൂമിയിലേക്ക്‌ വസ്‌തുക്കള്‍ പതിക്കുന്നതിന്‌ അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ട ശാസ്‌ത്രകാരനാണ്‌ വരാഹമിഹിരന്‍.
ഭാരതീയ ജ്യോതിശാസ്‌ത്രത്തിന്റെ കുലപതികളിലൊരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. വരാഹമിഹിരന്റെ `ബൃഹദ്‌സംഹിത'യെന്ന ഗ്രന്ഥം ജ്യോതിശാസ്‌ത്രം, ജ്യോതിഷം, ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ്‌. നൂറ്‌ അധ്യായങ്ങളിലായി 4000 ശ്ലോകങ്ങള്‍ ആ പ്രാചീനഗ്രന്ഥത്തിലുണ്ട്‌.
പ്രാചീന വിജ്ഞാനശാഖകളില്‍ അഗ്രഗണ്യനായിരുന്നെങ്കിലും വരാഹമിഹിരന്‍ പ്രകൃത്യാധീതശക്തികളില്‍ കണ്ണടച്ചു വിശ്വസിച്ചിരുന്ന വ്യക്തിയല്ല. ശരിക്കും ഒരു ശാസ്‌ത്രജ്ഞനായിരുന്നു അദ്ദേഹം.
വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊന്നായി പരാമര്‍ശിക്കപ്പെടുന്നു വരാഹമിഹിരന്‍. ഇറാനില്‍ നിന്ന്‌ ഇന്ത്യയിലേക്കു കുടിയേറിയ ആദിത്യദാസിന്റെ പുത്രനായിരുന്നു അദ്ദേഹം. എ.ഡി. 499 ല്‍ ജനിച്ച വരാഹമിഹിരന്‍ മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ്‌ താമസിച്ചത്‌.(വരാഹമിഹിരന്‍ ജനിച്ചത്‌ എ.ഡി. 505 -ല്‍ ആണെന്നും വാദമുണ്ട്‌).
സൂര്യദേവനെ പൂജിച്ചിരുന്ന പിതാവ്‌ ആദിത്യദാസാണ്‌ വരാഹമിഹിരനെ ജ്യോതിഷം അഭ്യസിപ്പിച്ചത്‌. ചെറുപ്പത്തില്‍ കുസുമപുരത്തെത്തി ആര്യഭടനുമായി നടത്തിയ കൂടിക്കാഴ്‌ച, ജ്യോതിഷവും ജ്യോതിശാസ്‌ത്രവും ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക്‌ വരാഹമിഹിരന്‌ സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നില്‍ക്കുന്ന ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന്‌ എതിരായിരുന്നു ഈ വിശ്വാസം.
`ഹോരാശാസ്‌ത്രം', `യോഗയാത്ര', `വിവാഹപടലം', `സാമസംഹിത', `വാതകന്യക' എന്നിവ വരാഹമിഹിരന്റെ കൃതികളാണ്‌. എ.ഡി.587-ല്‍ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രന്‍ പൃഥുയശ്ശസും ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌.

ക്ഷുദ്രഗ്രഹത്തിന്റെ ഗതിമാറ്റാന്‍ യു.എന്‍.


യുദ്ധവും പട്ടിണിയും ക്ഷാമവും വരള്‍ച്ചയുമൊക്ക മാത്രം ഇത്രകാലവും കൈകാര്യം ചെയ്‌തുപോന്ന ഐക്യരാഷ്ട്ര സഭ (യു.എന്‍) പുതിയൊരു ദൗത്യം ഏറ്റെടുക്കാന്‍ പോകുന്നു. വിനാശകാരിയായ ഏതെങ്കിലുമൊരു ക്ഷുദ്രഗ്രഹം (asteroid) വന്നിടിച്ച്‌ നശിക്കുന്നതില്‍ നിന്ന്‌ ഭൂമിയെ രക്ഷിക്കുക. അത്തരമൊരു ഭീഷണി ഭൂമി യഥാര്‍ത്ഥത്തില്‍ നേരിടുന്നുണ്ടോ? ഉണ്ടെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. അതിന്‌ പരിഹാരം കാണാന്‍ യു.എന്‍.ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കുറഞ്ഞത്‌ ഒരു ക്ഷുദ്രഗ്രഹമെങ്കിലും സമീപഭാവിയില്‍ ഭൂമിക്ക്‌ വന്‍ഭീഷണി സൃഷ്ടിക്കുമത്രേ. 2036 ഏപ്രില്‍ 13-ന്‌ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിയുമായി കൂട്ടിമുട്ടാമെന്ന്‌ 'അസോസിയേഷന്‍ ഓഫ്‌ സ്‌പേസ്‌ എക്‌സ്‌പ്ലോറേഴ്‌സ്‌' എന്ന സംഘടന മുന്നറിയിപ്പു നല്‍കുന്നു. അമേരിക്കയിലെയും റഷ്യയിലെയും മുന്‍ ബഹിരാകാശസഞ്ചാരികളാണ്‌ ഈ സംഘടനയിലെ അംഗങ്ങള്‍.
ഇംഗ്ലണ്ടിന്റെയത്ര വിസ്‌തൃതിയുള്ള ഒരു പ്രദേശത്തെ ഉന്‍മൂലനം ചെയ്യാന്‍ മാത്രം വലുതാണ്‌ 2036-ല്‍ ഭൂമി നേരിടാന്‍ പോകുന്ന ക്ഷുദ്രഗ്രഹമത്രേ. 'അപോഫിസ്‌'(Apophis) എന്നു പേരുള്ള ആ ക്ഷുദ്രഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത നാല്‌പത്തി അയ്യായിരത്തില്‍ ഒന്നു മാത്രമാണ്‌. പക്ഷേ, എന്നു കരുതി അതത്ര നിസ്സാരമായി തള്ളേണ്ട ഭീഷണിയല്ലെന്ന്‌ മുന്‍ ബഹിരാകാശ സഞ്ചാരികള്‍ പറയുന്നു.
ഭൂമിക്കു ഭീഷണിയാകുന്ന ഇത്തരം ക്ഷുദ്രഗ്രഹങ്ങളുടെ ഗതിതിരിച്ചുവിട്ട്‌ ഭൂമിയെ രക്ഷിക്കാനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി യു.എന്നിന്‌ കീഴില്‍ ഉണ്ടാക്കാനാണ്‌ മുന്‍ബഹിരാകാശ സഞ്ചാരികള്‍ ശ്രമിക്കുന്നത്‌. ഇതിനായി വിവിധ തുറയിലുള്ളവരുമായി രണ്ടുവര്‍ഷക്കാലം ചര്‍ച്ച നടത്തി ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്‌ അംഗീകാരത്തിനായി 2009-ല്‍ അവര്‍ യു.എന്നിന്‌ സമര്‍പ്പിക്കും.
"കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന നിലയ്‌ക്കാവണം നിങ്ങളുടെ നടപടികള്‍. എല്ലാം ഉറപ്പായ ശേഷം പ്രവര്‍ത്തിക്കാമെന്നു കരുതി കാത്തിരുന്നാല്‍, വളരെ വൈകിപ്പോകും"-'അപ്പോളോ 9'ലെ ബഹിരാകാശസഞ്ചാരിയായിരുന്ന ഡോ.റസ്സല്‍ ഷ്വവിക്കാര്‍റ്റ്‌ പറയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യു.എന്നിനാണ്‌ ഉത്തരവാദിത്വമുള്ളതെന്ന്‌ കരുതുന്നതായി അദ്ദേഹം പറഞ്ഞു.
ഭൂമിക്കു ഭീഷണിയാകുന്ന ക്ഷുദ്രഗ്രഹങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ 'നാസ'യോട്‌ അടുത്തയിടെ യു.എസ്‌.കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു. ഭൂമിക്കടുത്തുകൂടി കടന്നു പോകുന്ന ക്ഷുദ്രഗ്രഹങ്ങളെ 'നിയര്‍ എര്‍ത്ത്‌ ഒബ്‌ജക്ട്‌സ്‌ '(near-Earth objects, NEO) എന്നാണ്‌ വിളിക്കുക. അത്തരം 127 ക്ഷുദ്രഗ്രങ്ങളെ നാസ ഇപ്പോള്‍ നിരീക്ഷിച്ചു വരികയാണ്‌. 700 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളവയാണ്‌ നാസ നിരീക്ഷിക്കുന്ന ക്ഷുദ്രഗ്രഹങ്ങളെല്ലാം.
നാസ കൂടുതല്‍ ശ്രദ്ധചെലുത്തണം എന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടതോടെ, 70 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഇത്തരം വസ്‌തുക്കളെയെല്ലാം നിരീക്ഷിക്കാന്‍ പദ്ധതിയിടുകയാണ്‌ നാസ. അതിന്‌ കൂടുതള്‍ ശക്തമേറിയ ടെലിസ്‌കോപ്പുകള്‍ വേണ്ടിവരും. ഭൂമിക്കു ഭീഷണിയാകുന്ന 20,000 ക്ഷുദ്രഗ്രഹങ്ങള്‍ കൂടിയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ്‌ നാസയുടെ നിഗമനം.
ഭൂമിക്കു നേരെ വെടിയുണ്ടയുടെ വേഗത്തില്‍ ചീറിപാഞ്ഞുവരുന്ന ക്ഷുദ്രഗ്രഹങ്ങളെ നേരിടേണ്ടതെങ്ങനെയെന്ന്‌ ഹോളിവുഡ്ഡിനറിയാം; 'ആര്‍മഗഡോണ്‍', 'ഡീപ്‌ ഇംപാക്ട്‌' തുടങ്ങിയ സിനിമകളില്‍ അത്‌ നമ്മള്‍ കണ്ടതുമാണ്‌. പക്ഷേ, യു.എന്നിന്‌ ഇക്കാര്യം പുതുമയാണ്‌. ബഹിരാകാശസഞ്ചാരികളെ അയച്ച്‌ ക്ഷുദ്രഗ്രഹത്തില്‍ കയറ്റി ബോംബ്‌ വെച്ച്‌ തകര്‍ക്കാമെന്നാണ്‌ ഹോളിവുഡ്ഡ്‌ കാട്ടിത്തന്നത്‌.
ക്ഷുദ്രഗ്രഹത്തിലേക്ക്‌ ദൗത്യസംഘത്തെ അയയ്‌ക്കുന്നത്‌ സുരക്ഷിതമല്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. ആണവമിസൈലോ ഉപഗ്രഹമോ ഉപയോഗിച്ച്‌ അവയെ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്താവും ഫലമെന്നും പ്രവചിക്കാനാവില്ല. ആ നിലയ്‌ക്ക്‌ ഭൂമിക്കുനേരെ വരുന്ന ക്ഷുദ്രഗ്രഹങ്ങളുടെ ഗതിമാറ്റിവിടാനുള്ള ഏതെങ്കിലും മാര്‍ഗ്ഗമായിരിക്കും നല്ലതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.
ക്ഷുദ്രഗ്രഹത്തിനു സമീപത്തുകൂടി സഞ്ചരിച്ച്‌ ഗുരുത്വാകര്‍ഷണ ബലത്തിന്റെ ആനുകൂല്യം ഉപയോഗിച്ച്‌, അതിന്റെ സഞ്ചാരപാതയില്‍ വ്യത്യാസമുണ്ടാക്കി ഗതിമാറ്റിവിടാന്‍ കഴിവുള്ള 'ഗ്രാവിറ്റി ട്രാക്ടേഴ്‌സ്‌'(Gravity Tractors) ഉപയോഗിക്കുന്നതിനെയാണ്‌ വിദഗ്‌ധര്‍ അനുകൂലിക്കുന്നത്‌. കാണുക: ഒഴിഞ്ഞുപോയ കൂട്ടിയിടി, ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌ (കടപ്പാട്‌: എ.ബി.സി.ന്യൂസ്‌, റോയിട്ടേഴ്‌സ്‌)

Tuesday, February 20, 2007

ഉറുമ്പുകളെ രക്ഷിക്കാന്‍ 43 ലക്ഷം രൂപ

ഒരു ജീവിവര്‍ഗ്ഗം അസ്‌തമിക്കുക എന്നു പറഞ്ഞാല്‍, ഭൂമി അത്രകൂടി ദരിദ്രമാകുന്നു എന്നാണ്‌. ഈ തിരിച്ചറിവില്‍ നിന്നാണ്‌ പല സംരക്ഷണപ്രവര്‍ത്തനവും ഉടലെടുക്കുന്നത്‌. നിസ്സാരമെന്നു കരുതുന്ന ഒരിനം ഉറുമ്പിന്റെ സംരക്ഷണത്തിന്‌ ഒരു നൂതന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്‌ ബ്രിട്ടനില്‍

കുഞ്ഞുറുമ്പുകളാണെങ്കിലും അവയുടെ സംരക്ഷണം വന്‍പ്രശ്‌നമാണ്‌. ബ്രിട്ടനില്‍ നാശത്തിന്റെ വക്കിലെത്തിയ ഒരിനം ഉറുമ്പകളെ സംരക്ഷിക്കാന്‍ അനുവദിച്ചിട്ടുള്ള തുകയെത്രയെന്നോ, 50,000 പൗണ്ട്‌. എന്നുവെച്ചാല്‍ ഏതാണ്ട്‌ 43 ലക്ഷം രൂപ.

ഒരിനം ചുവപ്പന്‍ ഉറുമ്പുകളാണ്‌ ബ്രിട്ടനില്‍ അപൂര്‍വമായി മാറിയിരിക്കുന്നത്‌. ആവാസവ്യവസ്ഥയ്‌ക്കുണ്ടായ നാശം മൂലം അവയിപ്പോള്‍ ബ്രിട്ടനില്‍ സറിയെന്ന സ്ഥലത്തു മാത്രമായി ചുരുങ്ങിയിരിക്കുന്നു. അവയെ കൂട്ടില്‍ വളര്‍ത്തി പെരുപ്പിച്ച്‌ സങ്കേതങ്ങളില്‍ തുറന്നു വിടാനുള്ള പദ്ധതിയാണ്‌ ലണ്ടനില്‍ സുവോളജിക്കല്‍ സൊസൈറ്റിയിലെ ഗവേഷകര്‍ തയ്യാറാക്കിയിരിക്കുന്നത്‌. 'നാഷണല്‍ ഹെറിറ്റേജ്‌ ലോട്ടറി ഗ്രാന്റ്‌' ആണ്‌ പദ്ധതിക്ക്‌ ഫണ്ട്‌ അനുവദിച്ചത്‌.

ബ്രിട്ടനില്‍ തനതായി കാണപ്പെടുന്ന അപൂര്‍വ്വയിനം ഉറുമ്പാണ്‌ 'ഫോര്‍മിക്ക റൂഫിബാര്‍ബിസ്‌'(Formica rufibarbis). ബ്രിട്ടീഷ്‌ വന്‍കരയില്‍ ആ ഉറുമ്പകള്‍ സറിയിലെ ഒറ്റ കോളനിയിലേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളു. അകലെ സിലി ദ്വീപിലാണ്‌ വേറെ ചില കോളനികള്‍ കാണപ്പെടുന്നത്‌.

ഈ ഉറുമ്പുകളുടെ അസാധാരണത്വം ആണുറുമ്പുകളുടെയും പെണ്ണുറുമ്പുകളുടെയും വെവ്വേറെ കോളനികള്‍ കാണപ്പെടുന്നു എന്നതാണ്‌. സറിയില്‍ അവശേഷിക്കുന്ന കോളനി പെണ്ണുറുമ്പുകളുടേതാണ്‌-ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയിലെ എമിലി ബ്രെന്നന്‍ അറിയിക്കുന്നു. ആണുറുമ്പുകളുടെ ഏതാനും കോളനികള്‍ കൂടി ഉണ്ടായില്ലെങ്കില്‍, ബ്രിട്ടീഷ്‌ വന്‍കരയില്‍ ഉറമ്പുകള്‍ അന്യംനില്‍ക്കുമെന്നത്‌ വ്യക്തമാണ്‌-അവര്‍ അറിയിക്കുന്നു.

ഉറുമ്പുകളെ കൂട്ടില്‍ വളര്‍ത്താനാകുമോ എന്ന്‌ ഇപ്പോഴും വ്യക്തമല്ല. ഉറപ്പില്ലാത്ത ഒരു കാര്യത്തിനാണ്‌ ഗവേഷകര്‍ ഒരുങ്ങുന്നതെന്നു സാരം. സിലി ദ്വീപില്‍ നിന്ന്‌ ആണുറുമ്പുകളെയും, സറിയിലെ കോളനിയില്‍ നിന്നു കുറെ പെണ്ണുറുമ്പുകളെയും ഒരുമിച്ച്‌ വളര്‍ത്താനാണ്‌ ഗവേഷകര്‍ ശ്രമിക്കുന്നത്‌. അങ്ങനെ വംശോത്‌പാദനം സാധ്യമാക്കാമെന്നാണ്‌ പ്രതീക്ഷ.

ഈ ഉറുമ്പുവംശം നാശത്തിന്റെ വക്കിലെത്തിയതിന്‌ മുഖ്യകാരണം അവയുടെ ആവാസവ്യവസ്ഥകള്‍ നശിച്ചതാണ്‌. 'അടിമ-ഉത്‌പാദക ഉറുമ്പുകള്‍'(slave maker ants) എന്നയിനത്തിന്റെ അധിനിവേശമാണ്‌ മറ്റൊരു ഭീഷണി. ഇത്തരം ഉറുമ്പുകള്‍ ബ്രിട്ടനിലാകെ വ്യാപിക്കുകയാണ്‌. 'റൂഫിബാര്‍ബിസ്‌' ഉറുമ്പുകളുടെ കൂട്ടില്‍ നിന്ന്‌ ചെറുകുഞ്ഞുങ്ങളെ (പ്യൂപ്പകളെ) അവ സ്വന്തം കൂടുകളിലേക്ക്‌ ചുമന്നുകൊണ്ടുപോകും. എന്നിട്ട്‌ അവയെ അടിമ-ഉത്‌പാദക ഉറുമ്പുകളായി വളര്‍ത്തും-എമിലി ബ്രെന്നന്‍ പറയുന്നു.

'നാച്ചുറല്‍ ഇംഗ്ലണ്ട്‌' എന്ന സംഘടനയ്‌ക്കും രണ്ട്‌ വൈല്‍ഡ്‌ലൈഫ്‌ ട്രസ്റ്റുകള്‍ക്കും ഉറുമ്പുസംരക്ഷണ പദ്ധതിയില്‍ പങ്കാളിത്വമുണ്ട്‌. കൃത്രിമമായി വളര്‍ത്തിയെടുത്ത 40 ഉറുമ്പുകോളനികളെ വീതം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വര്‍ഷം തോറും സ്ഥാപിക്കാനാണ്‌ പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്‌. അടുത്ത വര്‍ഷം ഈ പ്രവര്‍ത്തനം ആരംഭിക്കും. (കടപ്പാട്‌: ബിബിസ്‌ ന്യൂസ്‌)

Friday, February 16, 2007

തൊലിയില്‍ നിന്ന്‌ എലി!


ചര്‍മകോശങ്ങളില്‍ നിന്ന്‌ കേടുവന്ന ശരീരഭാഗങ്ങള്‍ വളര്‍ത്തിയെടുക്കാവുന്ന കാലമാണോ വരുന്നത്‌? എങ്കില്‍ പ്രമേഹവും അല്‍ഷൈമേഴ്‌സുമൊക്കെ വൈദ്യശാസ്‌ത്രത്തിന്‌ മുന്നില്‍ കീഴടങ്ങുന്ന കാലമാവുമത്‌. തൊലിയിലെ കോശത്തില്‍ നിന്ന്‌ ക്ലോണിങിലൂടെ എലിയെ സൃഷ്ടിക്കാനായത്‌ വലിയ സാധ്യതകളാണ്‌ വൈദ്യശാസ്‌ത്രത്തിന്‌ മുന്നില്‍ തുറക്കുന്നത്‌

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. പക്ഷേ, സത്യമാണ്‌. തൊലിയില്‍ നിന്ന്‌ ശാസ്‌ത്രജ്ഞര്‍ എലിയെ സൃഷ്ടിച്ചിരിക്കുന്നു. ക്ലോണിങ്‌ മേഖലയില്‍ മറ്റൊരു വിജയം. ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ വര്‍ഷങ്ങളോളം നടത്തിയ തപസ്യയാണ്‌ എലിയുടെ രൂപത്തില്‍ വിജയം കണ്ടിരിക്കുന്നത്‌. ചിലയിനം ചര്‍മ്മകോശങ്ങള്‍ വിത്തുകോശങ്ങളു(stem cells)ടെ സ്വഭാവം കാട്ടുന്നുവെന്ന കണ്ടെത്തലില്‍ നിന്നാണ്‌ ഈ വിജയകഥയുടെ തുടക്കം. ചികിത്സാര്‍ത്ഥമുള്ള ക്ലോണിങ്‌(തെറാപ്യൂട്ടിക്‌ ക്ലോണിങ്‌) രംഗത്ത്‌ സാധ്യതകളുടെ നവലോകം തുറക്കുകയാണ്‌ ഈ ഗവേഷണം.
റോക്ക്‌ഫെല്ലര്‍ സര്‍വകലാശാല, ഹൊവാര്‍ഡ്‌ ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്‌ ചര്‍മവിത്തുകോശങ്ങളില്‍(skin stem cells) നിന്ന്‌ എലിയെ സൃഷ്ടിച്ചത്‌. ഇലയ്‌ന്‍ ഫുച്‌സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. തൊലിപ്പുറത്തെ രോമകൂപങ്ങളില്‍ ഒരിനം കോശങ്ങള്‍ കാണപ്പെടുന്നു. 'കെരാറ്റിനോസൈറ്റ്‌ ' (keratinocyte) എന്നാണവയുടെ പേര്‌. ഇവയ്‌ക്ക്‌ സാധാരണ ചര്‍മകോശങ്ങള്‍, രോമകൂപങ്ങള്‍, സ്‌നേഹഗ്രന്ഥികള്‍ എന്നിങ്ങനെ വിവിധ കോശഭാഗങ്ങളായി മാറാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ കണ്ടു.
ഇതാണ്‌ വിത്തുകോശങ്ങളുടെയും സവിശേഷത. ശരീരത്തിലെ വിവിധയിനം കോശഭാഗങ്ങളായി രൂപപ്പെടാന്‍(അല്ലെങ്കില്‍ രൂപപ്പെടുത്താന്‍) കഴിയുന്നവയാണ്‌ വിത്തുകോശങ്ങള്‍. കെരാറ്റിനോസൈറ്റ്‌ കോശങ്ങളുടെ ഈ സവിശേഷത ഇതുവരെയും വെളിപ്പെട്ടിരുന്നില്ല. ഇക്കാര്യം വ്യക്തമായപ്പോഴാണ്‌ ഈ ചര്‍മകോശങ്ങളുപയോഗിച്ച്‌ 'മര്‍മ മാറ്റം'(nucleus transfer) എന്ന ക്ലോണിങ്‌ സങ്കേതത്തിലൂടെ എലിയെ സൃഷ്ടിക്കാന്‍ ഗവേഷകര്‍ തുനിഞ്ഞതെന്ന്‌, 'പ്രൊസിഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.
ലൈംഗീക പ്രക്രിയയിലൂടെയല്ലാതെ ഒരു ജീവിയുടെ തനിപ്പകര്‍പ്പ്‌ സൃഷ്ടിക്കാനുള്ള ജൈവസങ്കേതമാണ്‌ ക്ലോണിങ്‌. മരച്ചീന്‌ കമ്പ്‌ മുറിച്ച്‌ നട്ടാല്‍ പുതിയ മരച്ചീനി മുളച്ചു വരാറില്ലേ. അതിന്‌ തുല്യമായി ജിവികളെ സൃഷ്ടിക്കുന്നതിനുള്ള വിദ്യയാണിത്‌. സാധാരണഗതിയില്‍ ലൈംഗീക പ്രക്രിയ വഴിയാണ്‌ പുതിയ സന്തതികള്‍ പിറക്കുന്നത്‌. എന്നാല്‍, ലൈംഗീകപ്രക്രിയ ക്ലോണിങിന്റെ കാര്യത്തില്‍ ആവശ്യമില്ല. ക്ലോണിങിലൂടെ പിറക്കുന്ന സന്തതിയെ ക്ലോണ്‍ എന്നു പറയുന്നു. തത്വത്തില്‍ ഏത്‌ ശരീരകോശമുപയോഗിച്ചും ക്ലോണിങ്‌ നടത്തി പുതിയ സന്തതിയെ സൃഷ്ടിക്കാം. പക്ഷേ, അതിനുള്ള വൈദഗ്‌ധ്യം ഗവേഷകര്‍ ആര്‍ജിച്ചിട്ടില്ല.
പത്തുവര്‍ഷം മുമ്പ്‌ ക്ലോണിങിലൂടെ ആദ്യസസ്‌തനിയെ സൃഷ്ടിക്കുന്നതില്‍ ശാസ്‌ത്രലോകം വിജയിച്ചതായിരുന്നു, ക്ലോണിങ്‌ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവ്‌. സ്‌കോട്ട്‌ലന്‍ഡില്‍ റോസ്‌ലിന്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ ഇയാന്‍ വില്‍മുട്ടും സംഘവും ഡോളിയെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ചതായിരുന്നു ആ വഴിത്തിരിവ്‌. ഒരു ആടിന്റെ അകിടിലെ കോശമുപയോഗിച്ചാണ്‌ ഡോളിക്ക്‌ ജന്മം നല്‍കിയത്‌. അതിന്‌ ശേഷം ഒട്ടേറെ മൃഗങ്ങളെ ക്ലോണിങിലൂടെ സൃഷ്ടിക്കുന്നതില്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ വിജയിച്ചു. ആ വിജയങ്ങളൊക്കെ തിരഞ്ഞെടുത്ത ചില പ്രത്യേക കോശങ്ങളുപയോഗിച്ചുള്ള ക്ലോണിങ്‌ വഴിയായിരുന്നു.
എന്നാല്‍, ചര്‍മകോശങ്ങളുപയോഗിച്ച്‌ ക്ലോണിങ്‌ നടത്താനാകുമെന്നു വരുന്നത്‌ ആദ്യമായാണ്‌. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്‌ ചര്‍മം. ആ നിലയ്‌ക്ക്‌ ചര്‍മവിത്തുകോശങ്ങള്‍ സുലഭവുമാണ്‌. അതാണ്‌ ഇത്തരം ക്ലോണിങിന്റെ സാധ്യത അപാരമാക്കുന്നത്‌. എലിയുടെ അണ്ഡത്തില്‍ നിന്ന്‌ മര്‍മം(nucleus) നീക്കം ചെയ്‌ത ശേഷം, കെരാറ്റിനോസൈറ്റ്‌ വിത്തുകോശത്തിന്റെ മര്‍മം അവിടെ സ്ഥാപിച്ച്‌ യോജിപ്പിച്ച്‌ ഭ്രൂണകോശമാക്കി, ഒരു എലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്‌ വളര്‍ത്തിയെടുക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌.
പക്ഷേ, ചര്‍മവിത്തുകോശങ്ങളുപയോഗിച്ച്‌ 'മര്‍മ മാറ്റ' വിദ്യയിലൂടെ ക്ലോണിങ്‌ നടത്തിയപ്പോള്‍ വിജയശതമാനം വളരെ കുറവായിരുന്ന കാര്യം ഗവേഷകര്‍ സമ്മതിക്കുന്നു. പെണ്ണെലികളുടെ ചര്‍മകോശമുപയോഗിച്ചപ്പോള്‍ വിജയശതമാനം വെറും 1.6 മാത്രമായിരുന്നു; അതേസമയം ആണെലികളുടെ കോശമുപയോഗിച്ചപ്പോള്‍ അത്‌ 5.4 ശതമാനമായി. പുതിയ വിദ്യ കുറ്റമറ്റതാകണമെങ്കില്‍ ഏറെ മുന്നേറേണ്ടതുണ്ട്‌ എന്നു സാരം.
ഈ ഗവേഷണത്തിന്റെ പ്രാധാന്യം മറ്റൊരു തരത്തിലാണെന്ന്‌ ഇലയ്‌ന്‍ ഫുച്‌സ്‌ അഭിപ്രായപ്പെടുന്നു. ചര്‍മകോശങ്ങളെ ക്ലോണ്‍ ചെയ്‌ത്‌ എലികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍, ചര്‍മകോശങ്ങളെ ഭ്രൂണവിത്തുകോശങ്ങളാ(embryonic stem cells)ക്കി മാറ്റാനും കഴിയും. ഭ്രൂണവിത്തുകോശങ്ങളെ ശരീരത്തിലെ ഏതിനം കോശഭാഗങ്ങളായി വേണമെങ്കിലും രൂപപ്പെടുത്താന്‍ കഴിയും. അങ്ങനെയായാല്‍ വൈദ്യശാസ്‌ത്രത്തിന്‌ വലിയ അനുഗ്രഹമാകും അത്‌. പ്രമേഹവും അല്‍ഷൈമേഴ്‌സും പോലെ ഇനിയും ചികിത്സ കണ്ടെത്താത്ത പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അത്‌ വഴിതുറക്കും.
ഒരു ഉദാഹരണം പരിഗണിക്കാം. പ്രമേഹം ബാധിച്ചയാളുടെ കാര്യമെടുക്കുക. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്‌പാദകരായ ബീറ്റാകോശങ്ങളുടെ നാശമാണ്‌ പ്രമേഹം വരുത്തുന്നത്‌. എന്നാല്‍, രോഗിയുടെ ചര്‍മത്തില്‍ നിന്നെടുക്കുന്ന കോശങ്ങളെ ഭ്രൂണവിത്തുകോശങ്ങളാക്കി മാറ്റുകയും, അവയെ വളര്‍ത്തി രോഗിയുടെ തന്നെ ബീറ്റാകോശങ്ങള്‍ രൂപപ്പെടുത്താനും കഴിഞ്ഞാലോ. ആ കോശങ്ങള്‍ പാന്‍ക്രിയാസില്‍ സന്നിവേശിപ്പിച്ച്‌ ഇന്‍സുലിന്‍ ഉത്‌പാദനം പുനരാരംഭിക്കാന്‍ കഴിയും. പ്രമേഹം ചികിത്സയില്ലാത്ത രോഗമല്ലാതാകുമെന്നു സാരം.
കേടുവന്ന അവയവം മാറ്റിവെയ്‌ക്കേണ്ടി വരുന്നവര്‍ക്കും ഈ രീതി ഏറെ സഹായകമാവും. അവയവമാറ്റത്തിലെ ഇനിയും പരിഹരിക്കാത്ത വെല്ലുവിളി, അന്യ അവയവങ്ങളെ ശരീരം തിരസ്‌കരിക്കും എന്നതാണ്‌. എന്നാല്‍, സ്വന്തം തെലിയില്‍ നിന്നുള്ള കോശമുപയോഗിച്ചുണ്ടാക്കുന്ന ഭ്രൂണവിത്തുകോശങ്ങളെ ആവശ്യത്തിനുള്ള അവയവമാക്കി വളര്‍ത്തിയെടുത്തതാണെങ്കിലോ, അത്‌ സ്വന്തം കോശമുപയോഗിച്ചുള്ളതാകയാല്‍ തിരസ്‌കരണത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. സൃഷ്ടിച്ചത്‌ എലിയെയാണെങ്കിലും, മനുഷ്യരെ സംബന്ധിച്ച്‌ വലിയ പ്രാധാന്യമുള്ളതാണ്‌ ഈ ഗവേഷണം എന്നു സാരം.(അവലംബം: 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌', റോക്ക്‌ഫെല്ലര്‍ സര്‍വകലാശാലയുടെ പത്രക്കുറിപ്പ്‌)

Thursday, February 15, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍ -7: ധന്വന്തരി

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ധന്വന്തരി. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുര്‍വേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി(അഷ്‌ടാംഗം) വിഭജിച്ചു.

സുശ്രുതന്‍, ഔപധേനവന്‍, ഔരദ്രന്‍, പൗഷ്‌കലാവതന്‍, കരവീര്യന്‍, ഗോപുര രക്ഷിതന്‍, വൈതരണന്‍, ഭോജന്‍, നിമി, കങ്കായണന്‍, ഗാര്‍ഗ്യന്‍, ഗാലവന്‍ എന്നിവര്‍ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.

വിവിധതരം ശസ്‌ത്രക്രിയയെപ്പറ്റിയും ധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂര്‍ച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങള്‍ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയില്‍ നിന്ന്‌ മനസിലാക്കാം.

സ്‌കന്ദ-ഗരുഡ-മാര്‍ക്കണ്ഡേയ പുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാല്‍, വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.

എ.ഡി. നാലാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയെയാണ്‌ പില്‍ക്കാലത്ത്‌ ധന്വന്തരിയെന്ന പേരില്‍ പ്രശസ്‌തയാര്‍ജ്ജിച്ചതെന്നു കരുതുന്നു.

ധന്വന്തരി നിഘണ്ടു, ചികിത്സാദര്‍ശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.

Sunday, February 11, 2007

പോളിയോപ്രതിരോധം: ഒരു അമേരിക്കന്‍ പാഠം


ലോകത്ത്‌ കഴിഞ്ഞവര്‍ഷം പോളിയോ ബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ നാലു രാജ്യങ്ങളില്‍ നിന്നു മാത്രമാണ്‌; ഇന്ത്യ, പാകിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന്‌. ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നതില്‍ പള്‍സ്‌പോളിയോയ്‌ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക്‌ അഭിമാനം തോന്നുന്നുണ്ടാകുമോ! പോളയോ പ്രതിരോധ നടപടിക്കെതിരെ വാളോങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു പാഠം അമേരിക്കയില്‍ നിന്ന്‌

പോളിയോപ്രതിരോധനടപടികളെ സംശയദൃഷ്ടിയോടെയും ആശങ്കയോടെയും കാണുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട്‌. കുട്ടികള്‍ക്ക്‌ പോളിയോ തുള്ളമരുന്ന്‌ ഇത്രയേറെ തവണ കൊടുക്കാമോ എന്നതാണ്‌ മിക്കരക്ഷിതാക്കളുടെയും ആശങ്ക. അതിനവരെ കുറ്റം പറഞ്ഞുകൂട. കുഞ്ഞുങ്ങള്‍ക്ക്‌ വീണ്ടും വീണ്ടും തുള്ളിമരുന്നു കൊടുക്കേണ്ടി വന്നപ്പോള്‍ ഈ ലേഖകന്‍ പോലും വിദഗ്‌ധാഭിപ്രായം ആരാഞ്ഞിട്ടുണ്ട്‌. രക്ഷിതാക്കളുടെ ആശങ്ക മുതലെടുത്ത്‌ ചില കപടവൈദ്യന്‍മാര്‍ പേരുംപെരുമയും നേടാന്‍ ഈ അവസരം ഉപയോഗിക്കുന്നത്‌, സമകാലിക കേരളത്തിലെ ഒരു പതിവുകാഴ്‌ചയാണ്‌.

ഏതാനും മാസം മുമ്പ്‌ കോഴിക്കോട്ട്‌ ഒരു പള്‍സ്‌പോളിയോ വിരുദ്ധസെമിനാര്‍ ഇത്തരക്കാര്‍ സംഘടിപ്പിച്ചപ്പോള്‍, അതില്‍ സാക്ഷാല്‍ ഡോ.സുകുമാര്‍ അഴീക്കോടു പോലും പ്രസംഗിച്ചു. പോളിയോ പ്രതിരോധത്തെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ കഴിവുള്ള ഡോക്ടറാണോ സുകുമാര്‍ അഴീക്കോടെന്ന്‌ പോലും ചിന്തിക്കാതെ മാധ്യമങ്ങള്‍ അദ്ദേഹം തട്ടിവിട്ടതെല്ലാം വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്‌തു. (ഇതിന്‌ സമാനമായ മറ്റൊരു 'വിപ്ലവപ്രവര്‍ത്തനം' ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്‌ പ്രൊഫ. എം.എന്‍.വിജയന്റെ ഭാഗത്തുനിന്നാണ്‌. മജീദിന്റെ 'ഫെയര്‍ഫാര്‍മ' ഉത്‌പാദിപ്പിക്കുന്ന മരുന്നിന്‌ എയ്‌ഡ്‌സ്‌ ഭേദമാക്കാന്‍ കഴിയുമെന്ന്‌ സര്‍ട്ടിഫൈ ചെയ്യലാണ്‌ പ്രൊഫ.വിജയന്റെ ഇപ്പോഴത്തെ മുഖ്യവിപ്ലവപ്രവര്‍ത്തനം).

ആഫ്രിക്കയില്‍ നൈജീരിയയിലെ ഇസ്‌ലാമികമതപണ്ഡിതന്‍മാര്‍ പോളിയോ പ്രതിരോധപ്രവര്‍ത്തനത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചുവെന്ന വാര്‍ത്ത വന്ന ഏതാണ്ട്‌ അതേസമയത്തു തന്നെയാണ്‌, പള്‍സ്‌പോളിയോ പാടില്ലെന്ന്‌ ആഹ്വാനം ചെയ്‌തുകൊണ്ട്‌ സുകുമാര്‍ അഴീക്കോട്‌ പ്രസംഗിച്ചതും എന്നത്‌ യാദൃശ്ചികമാകാം. സാമ്രാജ്യത്വ ഗൂഢാലോചനയെന്നാരോപിച്ചാണ്‌ നൈജീരിയയിലെ മതമൗലീകവാദികള്‍ പള്‍സ്‌പോളിയ്‌ക്കെതിരെ വാളോങ്ങിയത്‌. മുസ്‌ലീങ്ങളെ വന്ധ്യംകരിച്ച്‌ ഭൂമുഖത്തുനിന്ന്‌ ഉന്‍മൂലനം ചെയ്യാന്‍ അമേരിക്ക ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിയാണത്രേ പള്‍സ്‌പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം! പള്‍സ്‌പോളിയോയ്‌ക്കെതിരെ ശക്തമായ പ്രസ്‌താവനയിറക്കി അത്‌ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുകവഴി ഒരര്‍ത്ഥത്തില്‍ നൈജീരിയയിലെ മതമൗലീകവാദികളുടെ തലത്തിലേക്ക്‌ നമ്മുടെ സാംസ്‌കാരികനായകന്‍മാരും ഉയരുന്നത്‌ നമ്മള്‍ കാണേണ്ടിവരുന്നു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ലിത്‌. പ്രശ്‌നങ്ങളെ ശാസ്‌ത്രീയമായി സമീപിക്കുന്നതിന്‌ പകരം, അശാസ്‌ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കാന്‍ പാടുണ്ടോ എന്നതാണ്‌. പള്‍സ്‌പോളിയോ പോലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക്‌ അവരുടേതായ ന്യായം കാണും. പക്ഷേ, ഒരു കാര്യത്തില്‍ മറുപടി നല്‍കാന്‍ അത്തരക്കാര്‍ ബാധ്യസ്ഥരാണ്‌. എന്തുകൊണ്ട്‌ ഇപ്പോള്‍ പോളിയോബാധ നമ്മുടെ നാട്ടില്‍ (കേരളത്തില്‍) തീരെയില്ലാതായി എന്ന്‌. മൂന്നു വയസ്സില്‍ പോളിയോബാധയുണ്ടായി ഇടതുവശം തളര്‍ന്നുപോയ വ്യക്തിയാണ്‌ ഈ ലേഖകന്‍. പോളിയോബാധിച്ചിട്ടും എണീറ്റുനടക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവാന്‍മാരില്‍ ഒരാള്‍. അന്ന്‌ ഒപ്പം പോളിയോ ബാധിച്ച മറ്റു രണ്ടുകുട്ടികളില്‍ ഒരാള്‍ ഇപ്പോഴും ക്രച്ചസിന്റെ സഹായത്തോടെയാണ്‌ നടക്കുന്നത്‌. മറ്റൊരാള്‍ പെണ്‍കുട്ടിയായിരുന്നു. അരയ്‌ക്കു കീഴെ പൂര്‍ണമായും തളര്‍ന്നു പോയ ആ കുട്ടി ഇന്ന്‌ ജീവിച്ചിരിപ്പില്ല.

എഴുപതുകളുടെ പകുതിവരെയുള്ള കാലത്ത്‌ പോളിയോബാധ മൂലം വികലാംഗരായ എത്ര കുട്ടികളാണ്‌ കേരളത്തിലെ ഓരോ സ്‌കൂളുകളിലും പഠിച്ചിരുന്നത്‌. ഇന്ന്‌ സ്‌കൂളുകളിലും കേരളത്തിന്റെ നാട്ടിന്‍പുറങ്ങളിലും ഏന്തിയും ഇടഞ്ഞും നടക്കുന്ന ഹതഭാഗ്യരെ അധികം കണ്ടുമുട്ടാനാകുന്നില്ലെങ്കില്‍ അതിന്‌ കാരണം മറ്റൊന്നുമല്ല, പോളിയോ പ്രതിരോധനടപടികളുടെ വിജയം തന്നെയാണ്‌. അതല്ല, മറ്റെന്തെങ്കിലുമാണെങ്കില്‍ അക്കാര്യം പറഞ്ഞുതരാന്‍, പള്‍സ്‌പോളിയോയ്‌ക്കെതിരെ സെമിനാറും പ്രചാരണവും സംഘടിക്കുന്നവര്‍ക്ക്‌ ബാധ്യതയുണ്ട്‌. ശാസ്‌ത്രത്തിന്റെ എല്ലാ ആനുകൂല്യവും അനുഭവിച്ചിട്ട്‌, സ്വന്തം കുട്ടികള്‍ക്കുപോലും പോളിയോയും മസൂരിയും പോലുള്ള പകര്‍ച്ചവ്യാധികള്‍ വരുന്നില്ലെങ്കില്‍, അതിന്‌ നന്ദി പറയേണ്ട മഹത്തായ ഒരു മുന്നേറ്റത്തെ കൊഞ്ഞനംകുത്തുന്നതിന്റെ പേരല്ലേ ആത്മവഞ്ചന. ആത്മവഞ്ചനയ്‌ക്ക്‌ നല്ല മാര്‍ക്കറ്റായി കേരളം മാറുന്നതിന്റെ ലക്ഷണമാണ്‌, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടെ കൂട്ടാന്‍ സാംസ്‌കാരിക നായകന്‍മാരെപ്പോലും കിട്ടുന്നു എന്നത്‌.

അമേരിക്കയില്‍ കഴിഞ്ഞ അരനൂറ്റാണ്ടു കാലം നടന്ന പോളിയോ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രത്തെ സംബന്ധിച്ച്‌ അടുത്തയിടെ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട്‌ വായിച്ചപ്പോഴാണ്‌ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കുറിക്കാന്‍ തോന്നിയത്‌. അരനൂറ്റാണ്ടുകാലത്തെ പോളിയോ പ്രതിരോധപ്രവര്‍ത്തനം കൊണ്ട്‌ അമേരിക്കയ്‌ക്ക്‌ എന്തു നേട്ടമുണ്ടായി എന്നാണ്‌ ഹാര്‍വാഡ്‌ സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്തിലെ കിംബെര്‍ലി തോംപ്‌സണും സംഘവും പരിശോധിച്ചത്‌. ഏതാണ്ട്‌ 18000 കോടി ഡോളറിന്റെ (എട്ടുലക്ഷംകോടിരൂപ) നേട്ടം പോളിയോ പ്രതിരോധപ്രവര്‍ത്തനം കൊണ്ടുമാത്രം ആ രാജ്യത്തിന്‌ ഉണ്ടായത്രേ. ഭീതി, വേദന തുടങ്ങിയവ ഒഴിവാക്കാന്‍ കഴിഞ്ഞതുകൊണ്ടുള്ള നേട്ടം ഇതില്‍ ഉള്‍പ്പെടുന്നില്ല. പോളിയോ തടഞ്ഞതു മൂലം ചികിത്സ, വികലാംഗത്വം മൂലമുള്ള പ്രശ്‌നങ്ങള്‍, അകാലമരണം ഇതൊക്കെ ഒഴിവാക്കാനായതുകൊണ്ടുള്ള നേട്ടമാണ്‌ മേല്‍പ്പറഞ്ഞതെന്ന്‌, 2006-ലെ 'റിസ്‌ക്‌ അനാലിസിസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

1955 മുതല്‍ 2005 വരെ അമേരിക്കയില്‍ പോളിയോ വാക്‌സിനേഷന്‌ വേണ്ടി മുടക്കേണ്ടി വന്ന തുക പക്ഷേ, 3500കോടി ഡോളര്‍ (ഒരുലക്ഷംകോടിരൂപ) മാത്രമാണ്‌. 170 കോടി വാക്‌സിനേഷനാണ്‌ അമേരിക്കയില്‍ ആകെ നല്‍കിയിട്ടുള്ളതെന്ന്‌ ഗവേഷകര്‍ കണക്കുകൂട്ടുന്നു. അതുവഴി 11 ലക്ഷംപേര്‍ക്ക്‌ പോളിയോബാധയുണ്ടാകുന്നതും, 1.6 ലക്ഷം പേര്‍ മരിക്കുന്നതും തടയാന്‍ കഴിഞ്ഞു. ഇത്രയും പേരുടെ അകാലമരണം മൂലം സമൂഹത്തിനുണ്ടാകുമായിരുന്ന നഷ്ടവും, ലക്ഷക്കണക്കിനാളുകളെ ചികിത്സിക്കേണ്ടിവരുന്നതിന്റെ ചെലവും ഒഴിവാക്കാന്‍ കഴിഞ്ഞത്‌ വാക്‌സിനേഷന്‍ മൂലമാണ്‌. അമേരിക്കയില്‍ ഏറ്റവും ഒടുവില്‍ പോളിയോബാധ പ്രത്യക്ഷപ്പെട്ടത്‌ 1979-ലാണ്‌. പക്ഷേ, ഭൂമുഖത്തുനിന്ന്‌ പൂര്‍ണമായും പോളിയോവൈറസിനെ തുടച്ചുനീക്കാന്‍ കഴിയാത്തതിനാല്‍ അമേരിക്കയില്‍ കുട്ടികള്‍ക്ക്‌ ഇപ്പോഴും പോളിയോ വാക്‌സിന്‍ നല്‍കുന്നു.

'ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനിഷ്യേറ്റീവി'ന്റെ ഡയറക്ടര്‍ ഡോ.ബ്രൂസ്‌ ഐല്‍വാഡ്‌ നല്‍കുന്ന കണക്കുപ്രകാരം, 1988-ല്‍ ആഗോളതലത്തില്‍ 3.5 ലക്ഷം പോളിയോബാധ റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കില്‍ 2006 ആയപ്പോഴേക്കും അത്‌ വെറും 2000 കേസുകളായി ചുരുക്കാന്‍ പോളിയോ ഇമ്മ്യുണൈസേഷന്‍ കൊണ്ട്‌ കഴിഞ്ഞു. പോളിയോബാധ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ നാലു രാജ്യങ്ങളില്‍ നിന്നു മാത്രമാണ്‌; അഫ്‌ഗാനിസ്‌താന്‍, ഇന്ത്യ, നൈജീരിയ, പാകിസ്‌താന്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രം. ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത്‌ അഭിമാനിക്കാന്‍ വകനല്‍കുന്നുണ്ടാകുമോ, പള്‍സ്‌പോളിയോയ്‌ക്കെതിരെ വാളോങ്ങുന്നവര്‍ക്ക്‌. അതിന്റെ പ്രതിഫലനമാകുമോ അവര്‍ സംഘടിപ്പിക്കുന്ന സെമിനാറുകളും പോസ്‌റ്റര്‍ പ്രദര്‍ശനങ്ങളും മറ്റും!
-ജോസഫ്‌ ആന്റണി

അനുബന്ധം:

പള്‍സ്‌പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയുടെ രണ്ടാംഘട്ടം ഇന്ന്‌ (2006 ഫിബ്രവരി 11) കേരളത്തില്‍ നടക്കുകയാണ്‌. അഞ്ചുവയസില്‍ താഴെയുള്ള 30 ലക്ഷം കുട്ടികള്‍ക്ക്‌ തുള്ളിമരുന്നു നല്‍കാനുള്ള യജ്ഞമാണത്‌. 23,370 ബൂത്തുകളും 48,000 ആരോഗ്യപ്രവര്‍ത്തകരും യജ്ഞത്തില്‍ പങ്കുചേരുമെന്ന്‌ ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

ഈ അവസരത്തില്‍ ഒരു റിപ്പോര്‍ട്ട്‌ 'മലയാള മനോരമ'(ഫിബ്രവരി11) യില്‍ നിന്ന്‌-

പോളിയോ തളര്‍ന്നു, ഡോക്ടര്‍ അനൂപിനു മുന്നില്‍

എടപ്പാള്‍(മലപ്പുറം): ജനിച്ച്‌ ആറാം മാസത്തില്‍ ശരീരത്തെ തളര്‍ത്തിയ പോളിയോയില്‍ നിന്നു വിമുക്തി അസാധ്യമാണെന്നു തിരിച്ചറിഞ്ഞ പ്രായത്തില്‍ അനൂപ്‌ ഒരു തീരുമാനമെടുത്തു: പോളിയോയ്‌ക്കെതിരെ തനിക്കാവുന്നതു ചെയ്യണം.
അനൂപിന്റെ ദൃഢനിശ്ചയത്തിന്‌ മുന്നില്‍ രോഗത്തിന്‌ കീഴടങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. എംബിബിഎസും സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും നേടിയ അനൂപ്‌ സ്വന്തം നാടായ മാറഞ്ചേരിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രണ്ടുമാസം മുമ്പ്‌ ചുമതലയേറ്റു.
ക്രച്ചസിന്റെ സഹായത്തോടെയാണ്‌ നടപ്പെങ്കിലും പെരുമ്പടപ്പ്‌ ബ്ലോക്കിന്‌ കീഴിലെ ഏഴു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും പള്‍സ്‌ പോളിയോ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയാണിപ്പോള്‍ ഡോ.പി.എന്‍.അനൂപ്‌.
ആറാംമാസത്തില്‍ അനൂപിന്റെ രണ്ടുകാലുകളുടെയും ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളം ശരീരം തളര്‍ന്നു കിടപ്പിലായി.ചേന്ദമംഗലം എല്‍പി സ്‌കൂളിലും തിരുവനന്തപുരത്തെ പോളിയോഹോം സ്‌പെഷല്‍ സ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ എംബിബിഎസും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്ന്‌ സൈക്യാട്രിയില്‍ ബിരുദാനന്തരബിരുദവും നേടി.
ഷൊര്‍ണൂരില്‍ രണ്ടുവര്‍ഷം ന്യൂറോളജി ലക്‌ചററായി സേവനമനുഷ്‌ഠിച്ച ശേഷം രണ്ടുമാസം മുന്‍പാണ്‌ ജന്‍മനാടായ മാറഞ്ചേരിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്‌. ഇപ്പോള്‍ ബ്ലോക്ക്‌ മെഡിക്കല്‍ ഓഫീസറുടെ ചുമതലകൂടിയുണ്ട്‌.
വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും രോഗത്തിന്റെ തീവ്രതയെക്കുറിച്ച്‌ അജ്ഞരാണെന്ന്‌ അനൂപ്‌ പറയുന്നു. പോളിയോയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ സ്വന്തം ജീവിതം കൊണ്ട്‌ മാതൃകയാകുകയാണ്‌ ഈ ഡോക്ടര്‍.

മറ്റൊരു റിപ്പോര്‍ട്ട്‌ The Hindu (ഫിബ്രവരി 11)വില്‍ നിന്ന്‌-
Supply of safe drinking water and conventional mass immunisation programmes are the most cost-effective weapons in the battle against diseases in developing countries, said David Bates, a neurologist based in the United Kingdom who is on a short visit to Kozhikode.
Professor of Clinical Neurology at the University of Newcastle upon Tyne in the U.K., Dr.David Bates said immunisation campaigns such as the Pulse Polio programme now in Kerala were of more value than modern hig-tech diagnosis and programmes aimed at providing large-scale effective healthcare.

''It is particularly true in developing countries'', said Dr. Bates, who was here to speak on 'Coma' at a continuing medical education programme on neuro-muscular diseases organised jointly by the Calicut Neurological Society and the Indian Medical Association's Academy of Medical Specialties.




Friday, February 09, 2007

പല്ലിനെ രക്ഷിക്കന്‍ 'അണു'ബോംബ്‌


വരുന്നത്‌ മിത്രങ്ങളാണോ ശത്രുക്കളാണോ എന്ന്‌ ആദ്യം തിരിച്ചറിയുക. മിത്രങ്ങളാണെങ്കില്‍ അവരെ ഉപദ്രവിക്കാതെ വിടുക; ശത്രുക്കളാണെങ്കില്‍ ബോംബിട്ട്‌ തകര്‍ക്കുക. ഇത്‌ യുദ്ധതന്ത്രം. പല്ലുകളില്‍ തുളവീഴ്‌ത്തുന്ന ബാക്ടീരിയകളെ നേരിടാന്‍ ശരിക്കും ഇതേതന്ത്രം സ്വീകരിച്ചിരിക്കുകയാണ്‌ ഒരു സംഘം അമേരിക്കന്‍ ഗവേഷകര്‍. ദന്തദ്രവീകരണത്തിന്‌ കാരണമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ രാസപരമായി നിയന്ത്രിക്കപ്പെടുന്ന ഒരു 'സൂക്ഷ്‌മാണുബോംബ്‌ ' തന്നെ വികസിപ്പിച്ചിരിക്കുന്നു അവര്‍.


ഏതാണ്ട്‌ എഴുന്നൂറോളം ഇനം ബാക്ടീരിയകള്‍ നമ്മുടെ വായ്‌ക്കുള്ളില്‍ കുടിയേറിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. അവയില്‍ നല്ലവരും ശത്രുക്കളുമുണ്ട്‌. പല്ലിനെ ദ്രവിപ്പിക്കുകയും തുളവീഴ്‌ത്തുകയും ചെയ്യുന്ന രോഗാണുക്കള്‍ക്കെതിരെ സാധാരണ ഔഷധങ്ങള്‍ പ്രയോഗിക്കുമ്പോള്‍, ഉപകാരികളായ മറ്റ്‌ ബാക്ടീരിയകളും കൂട്ടത്തോടെ നശിക്കും. ഈ പ്രശ്‌നം ഒഴിവാക്കിയാണ്‌ പുതിയ ചികിത്സ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന്‌, 'ആന്റിമൈക്രോബിയല്‍ ഏജന്റ്‌സ്‌ ആന്‍ഡ്‌ കീമോതെറാപ്പി'യെന്ന ഗവേഷണപ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട പഠനറിപ്പോര്‍ട്ട്‌ പറയുന്നു.
'സ്‌പെസിഫിക്കലി ടാര്‍ജറ്റഡ്‌ ആന്റിമൈക്രോബിയല്‍ പെപ്‌റ്റൈഡ്‌സി'ന്റെ ചുരുക്കപ്പേരായ 'സ്റ്റാമ്പ്‌ ' എന്നാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചിട്ടുള്ള ചികിത്സാരീതിക്ക്‌ പേരിട്ടിട്ടുള്ളത്‌. സാധാരണ സ്റ്റാമ്പുകളുടേതുപോലെ, ഈ ചികിത്സയ്‌ക്കും രണ്ട്‌ വശമുണ്ട്‌. ശത്രുബാക്ടീരിയയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്‌ ഒരു വശം; അതിന്‌ ബാക്ടീരിയയുടെ ജനിതകമുദ്ര പതിഞ്ഞിട്ടുള്ള ഫിറോമോണ്‍ സഹായിക്കുന്നു. രണ്ടാമത്തെ വശം ഒരു ചെറു'സൂക്ഷ്‌മാണുബോംബാ'ണ്‌. രാസപരമായി ഈ ബോംബ്‌ ശത്രുക്കളെ മാത്രമേ നശിപ്പിക്കൂ. വളരെ നല്ല ഫലമാണ്‌ പരീക്ഷണശാലയില്‍ 'സ്റ്റാമ്പ്‌ ' നല്‍കിയതെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

വായ്‌ക്കുള്ളില്‍ കാണപ്പെടുന്ന നൂറുകണക്കിന്‌ ബാക്ടീരിയകളെ ഗ്രൂപ്പുകളായി വളര്‍ത്തിയെടുത്ത ഒരു ജൈവപാട (ബയോഫിലിം) ഉപയോഗിച്ചാണ്‌ പുതിയ ചികിത്സാമാര്‍ഗ്ഗം പരീക്ഷിച്ചത്‌. പല്ലുകളില്‍ തുളവീഴ്‌ത്തുന്ന 'സ്റ്റെപ്‌റ്റോകോക്കസ്‌ മ്യൂട്ടാന്‍സ്‌ '(എസ്‌.മ്യൂട്ടാന്‍സ്‌) എന്നയിനം ബാക്ടിയകളെ വെറും 30 സെക്കന്‍ഡ്‌ കൊണ്ട്‌ 'സ്റ്റാമ്പ്‌ ' വകവരുത്തി. മറ്റ്‌ സൂക്ഷ്‌മജീവികള്‍ക്കൊന്നും കുഴപ്പമുണ്ടായതുമില്ല. ടൂത്ത്‌പേസ്റ്റിനൊപ്പമോ, മൗത്ത്‌വാഷിനൊപ്പമോ 'സ്‌റ്റാമ്പ്‌ ' സന്നിവേശിപ്പിച്ച്‌ ചികിത്സ നടത്താന്‍ കഴിയുമെന്ന്‌, ഗവേഷകനായ ഡോ.വെനിയുവാന്‍ ഷി പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയ്‌ക്കു കീഴിലെ ലോസ്‌ ആഞ്‌ജിലസ്‌ സ്‌കൂള്‍ ഓഫ്‌ ദന്തിസ്‌ട്രിയിലെ ഗവേകനാണ്‌ ഷി.

പല്ലില്‍ തുളവീഴ്‌ത്തുന്ന എസ്‌.മ്യൂട്ടാന്‍സ്‌ ബാക്ടീരിയയുടെ പൂര്‍ണ ഡി.എന്‍.എ.സാരം ഇന്ന്‌ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. അതുപയോഗിച്ചാണ്‌ രോഗാണുവിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഫിറോമോണിനാവശ്യമായ 21 രാസമുദ്രകള്‍ തിരഞ്ഞെടുത്തതെന്ന്‌, പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ, കാലഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. റാന്‍ഡല്‍ ഇക്കെര്‍ക്ക്‌ അറിയിക്കുന്നു. ആ നിര്‍ദ്ദേശങ്ങളുടെ സാഹായത്തോടെയാണ്‌ 'സ്‌റ്റാമ്പ്‌ ' വികസിപ്പിച്ചത്‌. ആറ്‌ പേരില്‍ നിന്നു ശേഖരിച്ച ഉമിനീര്‍ ഉപയോഗിച്ച്‌ വായ്‌ക്കുള്ളിലെ നൂറുകണക്കിന്‌ ബാക്ടീരിയകള്‍ അടങ്ങിയ ജൈവപാട രൂപപ്പെടുത്തി. പല്ലുകളെ ദ്രവിപ്പിക്കുന്ന മറ്റ്‌ ബാക്ടീരിയകളുടെ ഡി.എന്‍.എ.സാരം വെളിവാകുന്നതനുസരിച്ച്‌ അവയെ തിരഞ്ഞുപിടിച്ച്‌ നശിപ്പിക്കാനും പുതിയ മാര്‍ഗ്ഗം സഹായിക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. (കടപ്പാട്‌: മാതൃഭൂമി)

Tuesday, February 06, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-6: പതഞ്‌ജലി

കലുഷിതമായ മനസിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. 'മഹാഭാഷ്യ'മെന്ന ഭാഷാവ്യാകരണ ഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌

ധുനികലോകത്തെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ള ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ്‌ യോഗ. മനസ്സിനും ശരീരത്തിനും സ്വാസ്ഥ്യം നല്‍കാനുള്ള യോഗയുടെ കഴിവില്‍ ഇന്നാര്‍ക്കും സംശയമില്ല. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വര്‍ധിച്ചു വരുന്ന മാനസികപരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാന്‍ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌. ഈ പശ്ചാത്തലത്തില്‍, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍ തന്നെ, സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ വേറൊരു ഭാഗത്ത്‌ ഊര്‍ജ്ജിതമാണ്‌. പെരുപ്പിച്ചു കാട്ടുന്ന ഫലങ്ങളും അതിശയോക്തികളും ഗുണത്തെക്കാളേറെ ദോഷമാണ്‌ ചെയ്യുകയെന്ന സാമാന്യതത്വം എല്ലാവരും ഓര്‍മിക്കുന്നത്‌ നന്ന്‌.

ഉപനിഷത്തുകളിലും അഥര്‍വവേദത്തിലും `യോഗ'യെപ്പറ്റി പരാമര്‍ശമുണ്ട്‌. എന്നാല്‍, സ്വാസ്ഥ്യം നല്‍കുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാര്‍ഗ്ഗമായി യോഗ ആദ്യം അവതരിപ്പിക്കപ്പെടുന്നത്‌ ബി.സി.രണ്ടാം നൂറ്റാണ്ടിലാണ്‌. പതഞ്‌ജലി മഹര്‍ഷിയാണ്‌ അതിന്‌ കാരണമായത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ശരീരത്തിലെ നാഡികളെയും `നാഡീ'കേന്ദ്രങ്ങളായ `ചക്ര'ങ്ങളെയും ഉദ്ദീപിപ്പിച്ചാല്‍, മറഞ്ഞിരിക്കുന്ന ഊര്‍ജമായ `കുണ്ഡലിനി'യെ സ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന്‌ പ്രകൃത്യാതീത ശക്തിയാര്‍ജ്ജിക്കാം എന്ന്‌ പതഞ്‌ജലി വാദിച്ചു. കലുഷിതമായ മനസിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗമാണ്‌ പതഞ്‌ജലി ആവിഷ്‌ക്കരിച്ചത്‌. അദ്ദേഹം രൂപംനല്‍കിയ 195 യോഗസൂത്രങ്ങള്‍ പില്‍ക്കാലത്ത്‌ 'പതഞ്‌ജലിയോഗ'യെന്ന പേരില്‍ പ്രശസ്‌തമായി.

യോഗാചാര്യന്‍ മാത്രമായിരുന്നില്ല പതഞ്‌ജലി. ഭാഷാപാണ്ഡിത്യത്തിന്റെ കാര്യത്തിലും ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. പാണിനീയസൂത്രങ്ങള്‍ വിശദീകരിക്കുന്ന 'ചൂര്‍ണി'യെന്ന ഗ്രന്ഥം രചിച്ചയാളാണ്‌ പതഞ്‌ജലിയെന്ന,്‌ ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങിന്റെ (എ.ഡി.691) കുറിപ്പുകളില്‍ കാണുന്നു. പാണിനീയസൂത്രങ്ങള്‍ക്കും കാത്യായന വാര്‍ത്തികത്തിനുമുള്ള വ്യഖ്യാനമായ 'മഹാഭാഷ്യ'ത്തിന്റെ മറ്റൊരു പേരാണ്‌ 'ചൂര്‍ണി'. വ്യാകരണ സമ്പ്രദായങ്ങള്‍ ഒന്‍പതെന്നാണ്‌ കണക്കാക്കുന്നത്‌; ആദ്യത്തേത്‌ ഐന്ദ്രവും അവസാനത്തേത്‌ പാണിനീയവും. 'മഹാഭാഷ്യ'ത്തിലാണ്‌ ഐന്ദ്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ പരാമര്‍ശമുള്ളത്‌. നാഗശ്രേഷ്‌ഠനായ ആദിശേഷന്റെ അവതാരമാണ്‌ പതഞ്‌ജലിയെന്ന്‌ രാമഭദ്രദീക്ഷിതരുടെ പതഞ്‌ജലീചരിതത്തില്‍ പറയുന്നു.

മിക്ക പൗരാണിക ഭാരതീയപ്രതിഭകളെയും പോലെ പതഞ്‌ജലിയുടെ ജീവിതകാലം സംബന്ധിച്ചും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്‌. ബി.സി.185-ല്‍ ചിദംബരത്ത്‌ ജനിച്ച അദ്ദേഹം പാടലീപുത്രത്തിലാണ്‌ ഏറെക്കാലം ജീവിച്ചിരുന്നതെന്നു കരുതുന്നു. അതല്ല ഗോനര്‍ദത്തിലാണ്‌ പതഞ്‌ജലി ജനിച്ചതെന്നും പക്ഷമുണ്ട്‌. പുഷ്യമിത്രന്റെ കാലത്ത്‌ രണ്ട്‌ അശ്വമേധയാഗങ്ങളില്‍ മുഖ്യപുരോഹിതന്‍ അദ്ദേഹമായിരുന്നു എന്നു ചില രേഖകള്‍ സൂചിപ്പിക്കുന്നു. കുറെക്കാലം കശ്‌മീരിലും ജീവിച്ച അദ്ദേഹം, ബി.സി.149-ലാണ്‌ മരിച്ചതെന്ന്‌ ഒരു വിഭാഗം പണ്ഡിതര്‍ വാദിക്കുന്നു. ഭാഷാപണ്ഡിതനായ പതഞ്‌ജലിയും യോഗാചാര്യനും രണ്ടു പേരാണെന്നു വാദിക്കുന്ന ചരിത്രവിദഗ്‌ധരുമുണ്ട്‌.

Saturday, February 03, 2007

ഭീമന്‍പൂവിന്റെ കുഞ്ഞന്‍തുടക്കം

തീരെ ചെറിയ പൂക്കളുടെ കുടുംബത്തില്‍ നിന്നാണത്രേ ലോകത്തെ ഏറ്റവും വലിയ പൂവിന്റെ വരവ്‌. പരിണാമത്തിനിടെ 'റഫ്‌ളേഷ്യ'യെന്ന പൂവ്‌ 79 മടങ്ങ്‌ വലുതായെന്നാണ്‌ ഗവേഷകരെത്തിയ അമ്പരപ്പിക്കുന്ന നിഗമനം. മനുഷ്യനാണ്‌ ഇത്തരമൊരു പരിണാമം സംഭവിച്ചതെങ്കില്‍, നമുക്കോരോരുത്തര്‍ക്കും ഇപ്പോള്‍ ഗിസയിലെ പിരമെഡിനെക്കാള്‍ ഉയരമുണ്ടാകുമായിരുന്നു

ഭൂമുഖത്തെ ഏറ്റവുംവലിയ പുഷ്‌പമായ 'റഫ്‌ളേഷ്യ' (Rafflesia)യുടെ ലിഖിതചരിത്രം തുടങ്ങുന്നത്‌ 180 വര്‍ഷംമുമ്പ്‌ സുമാത്രയിലെ മഴക്കാടുകളില്‍ നിന്നാണ്‌. അന്ന്‌ ഈസ്റ്റിന്ത്യാകമ്പനിയുടെ ഗവര്‍ണറായിരുന്ന സര്‍ സ്റ്റാംഫോര്‍ഡ്‌ റഫിള്‍സും പ്രകൃതിശാസ്‌ത്രജ്ഞനായ ജോസഫ്‌ ആര്‍നോള്‍ഡും ചേര്‍ന്നു സുമാത്രന്‍കാടുകളില്‍ നടത്തിയ പര്യവേക്ഷത്തിനിടെയാണ്‌, അവിശ്വസനീയമെന്നു കരുതാവുന്നത്ര വലുപ്പമുള്ള ആ പൂവിനെ ആദ്യമായി കണ്ടത്‌. ആ പര്യവേക്ഷണവേളയില്‍ തന്നെ മലമ്പനി പിടിച്ച്‌ ആര്‍നോള്‍ഡ്‌ മരിച്ചു. മരിക്കുംമുമ്പ്‌ അദ്ദേഹം അസാധാരണമായ ആ പൂവിനെപ്പറ്റി ഇങ്ങനെ എഴുതി: "സസ്യലോകത്തെ ഏറ്റവും പെരുത്തദൂര്‍ത്താണ്‌ ഈ ചെടി. നിങ്ങളോട്‌ സത്യംപറയട്ടെ, ഞാന്‍ ഒറ്റയ്‌ക്കായിരുന്നെങ്കില്‍, സാക്ഷികളാരുമില്ലായിരുന്നെങ്കില്‍, ഈ ചെടിയുടെ വലുപ്പത്തെക്കുറിച്ച്‌ പറയാന്‍ ഞാന്‍ ഭയക്കുമായിരുന്നു. ഞാന്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്‌ത സര്‍വ്വ ചെടികളെയും ഇത്‌ അതിലംഘിക്കുന്നു".

ആര്‍നോള്‍ഡിനെ ഭയപ്പെടുത്തിയ ആ പുഷ്‌പത്തിന്റെ 'റഫ്‌ളേഷ്യ'യെന്ന നാമം സര്‍ റഫിള്‍സിന്റെ പേരില്‍നിന്നാണ്‌ വന്നത്‌. അസാധാരണമായ ഒരു ചെടിയാണത്‌; ചെടിയെന്നു പറയുന്നത്‌ പൂര്‍ണമായി ശരിയല്ല, പൂവെന്നു പറയണം. വെറും പൂവല്ല, പരാന്നഭോജി(parasite). സസ്യലോകത്തെ പരാന്നഭോജികളുടെ റാണി. മുന്തിരിവര്‍ഗ്ഗത്തില്‍പെട്ട വള്ളിച്ചെടിയിലാണ്‌ റഫ്‌ളേഷ്യ വളരുന്നത്‌. പൂവിന്റെ മൊട്ടിന്‌ ബാസ്‌കറ്റ്‌ബോളിന്റ വലുപ്പം! പൂര്‍ണമായി വിടരുമ്പോള്‍ പൂവിന്‌ ഒരു മീറ്ററോളം വ്യാസവും ഏഴുകിലോഗ്രാം ഭാരവും. കടുംചുവപ്പ്‌ നിറം. അഴുകുന്ന മാംസത്തിന്റെ ഗന്ധമാണ്‌ റഫ്‌ളേഷ്യക്ക്‌. ശരിക്കുള്ള ശവംനാറിപ്പൂവ്‌. പരാഗണത്തിന്‌ ചെറുപ്രാണികളെ ആകര്‍ഷിക്കുന്നത്‌ ഈ ദുര്‍ഗന്ധം വഴിയാണ്‌. ചിലപ്പോള്‍ പ്രാണികളെ ആകര്‍ഷിക്കാന്‍ പൂവ്‌ ചെറിയ അളവില്‍ താപം പുറപ്പെടുവിക്കുകയും ചെയ്യും.

കണ്ടെത്തിയിട്ട്‌ രണ്ടുനൂറ്റാണ്ടാകുന്നുവെങ്കിലും, റഫ്‌ളേഷ്യയുടെ കാര്യത്തില്‍ ഗവേഷകലോകം വല്ലാത്തൊരു പ്രതിസന്ധിയിലായിരുന്നു; അതിനെ ഏത്‌ സസ്യകുടുംബത്തില്‍ പെടുത്തണമെന്നറിയാതെ. പരാന്നഭോജിയാണെന്നത്‌ പോകട്ടെ, സാധാരണ സസ്യങ്ങളുടെ ഒരു ഘടനയും അതിനില്ല. ഇലയില്ല, തണ്ടില്ല, വേരില്ല. മാത്രമല്ല, പരാന്നഭോജനം നടത്തുന്ന ആതിഥേയസസ്യമായ വള്ളിച്ചെടിയുടെ ജനിതകദ്രവ്യത്തില്‍ കുറെ ഭാഗവും ഈ ചെടിയിലുണ്ടാകും. ഇതിന്റെ കുലം നിശ്ചയിക്കാന്‍ വര്‍ഷങ്ങളായി ഗവേഷകര്‍ നടത്തിവന്ന ശ്രമങ്ങളൊക്കെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍മൂലം പരാജയപ്പെട്ടു. പരാജയങ്ങളുടെ കഥയിപ്പോള്‍ അവസാനിക്കുകയാണ്‌. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ റഫ്‌ളേഷ്യയുടെ കുടുംബമേതെന്ന്‌ തിരിച്ചറിയാന്‍ ഗവേഷക്ക്‌ കഴിഞ്ഞിരിക്കുന്നു. ഡി.എന്‍.എ.യിലെ ചില സവിശേഷസൂചനകളുപയോഗിച്ചാണ്‌ ഇത്‌ സാധിച്ചത്‌. റബ്ബറും മരച്ചീനിയും ഉള്‍പ്പെടുന്ന 'യൂഫോര്‍ബിയാസിയേ'(Euphorbiaceae) കുടുംബത്തിലാണത്രേ റഫ്‌ളേഷ്യയുടെയും സ്ഥാനം! വളരെ ചെറിയ പൂക്കളുള്ള ഈ സസ്യകുടുംബത്തില്‍ നിന്നാണത്രേ ഈ പുഷ്‌പഭീമന്‍ പരിണമിച്ചുണ്ടായത്‌.

വളരെ കഷ്ടപ്പെട്ടിട്ടാണെങ്കില്‍കൂടി റഫ്‌ളേഷ്യയ്‌ക്ക്‌ കുടുംബമുണ്ടാക്കിക്കൊടുത്തത്‌ ഹാര്‍വാഡ്‌സര്‍വകലാശാലയിലെ ഗവേഷകനായ ചാള്‍സ്‌ സി. ഡേവിസും സംഘവുമാണ്‌. യൂഫോര്‍ബിയാസിയേ കുടുംബത്തിലാണ്‌ ആ ഭീമന്‍പൂവ്‌ പെടുന്നതെന്ന അറിവ്‌ തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന്‌, ഡോ.ഡേവിസ്‌ പറയുന്നു. 460 ലക്ഷം വര്‍ഷംകൊണ്ട്‌ പൂവിന്റെ വലിപ്പം 79 മടങ്ങ്‌ വര്‍ധിച്ചുവെന്നാണ്‌ ഗവേഷകരെത്തിയ നിഗമനം. ഇതും അമ്പരിപ്പിക്കുന്ന വസ്‌തുതയാണ്‌. മനുഷ്യന്റെ കാര്യത്തിലാണ്‌ ഇത്തരമൊരു പരിണാമവ്യതിയാനം സംഭവിച്ചതെങ്കില്‍, സാധാരണ മനുഷ്യര്‍ക്കിപ്പോള്‍ കുറഞ്ഞത്‌ 146 മീറ്റര്‍ ഉയരം കാണുമായിരുന്നു; ഗിസയിലെ ഭീമന്‍പിരമിഡിന്റെയത്രം പൊക്കം! ചെറുപൂവുകളുള്ള ചെടികളുടെ കുടുംബക്കാരില്‍ നിന്ന്‌ ഇത്ര വലിയൊരു ഭീമന്‍ എങ്ങനെ പരിണമിച്ചു എന്നകാര്യം പഠിക്കേണ്ടിയിരിക്കുന്നുവെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

പാരമ്പര്യം നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന ചില ജീനുകളുണ്ട്‌. അത്തരം ജീനുകള്‍ റഫ്‌ളേഷ്യയിലില്ല എന്നതാണ്‌ അതിന്റെ കുടുംബം കണ്ടെത്താന്‍ തടസ്സമായത്‌. ചെടിയുടെ ജിനോമിലേക്ക്‌ കൂടുതല്‍ ആഴത്തില്‍ ഗവേഷകര്‍ക്ക്‌ മൂങ്ങാംകുഴിയിടേണ്ടിവന്നു പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍. ഒരു ജിവിയുടെയോ സസ്യത്തിന്റെയോ ആകെ ജനിതകസാരത്തെയാണ്‌ ജിനോം(Genome) എന്ന്‌ വിളിക്കുക. റഫ്‌ളേഷ്യയുടെ ജിനോമിലെ 11,500 രാസാക്ഷരജോഡികളെ ഗവേഷകര്‍ വിശകലനത്തിന്‌ വിധേയമാക്കി. സമീപകാലത്ത്‌ ജിനോംസങ്കേതങ്ങളിലുണ്ടായ മുന്നേറ്റമാണ്‌ ഇത്തരമൊരു കാര്യം സാധ്യമാക്കിയത്‌. ഏതാനും മില്ലിമീറ്റര്‍ മാത്രം വ്യാസമുള്ള പുഷ്‌പങ്ങളുടെ കുടുംബത്തിലാണ്‌ ഈ ഭീമന്‍ പെടുന്നതെന്ന്‌ അങ്ങനെയാണ്‌ ഗവേഷകര്‍ നിഗമനത്തിലെത്തിയത്‌. സസ്യകുടുംബത്തില്‍ റഫ്‌ളേഷ്യയെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുപോലും ചില ഗവേഷകര്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസം പുതിയ ഗവേഷണത്തോടെ തിരുത്തപ്പെടുകയാണ്‌.(ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്‌: സയന്‍സ്‌, ഹാര്‍വാഡ്‌ സര്‍വകലാശാലയുടെ പത്രക്കുറിപ്പ്‌)

Friday, February 02, 2007

ആഗോളതാപനം: പ്രതിസ്ഥാനത്ത്‌ മനുഷ്യന്‍ തന്നെ

ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി ഭീഷണിയെന്തെന്ന ചോദ്യത്തിന്‌ ഇനി ഒറ്റ ഉത്തരമേയുണ്ടാകൂ-ആഗോളതാപനം. ഭൂമിയെ തപിപ്പിക്കുന്നത്‌ മനുഷ്യന്‍ തന്നെയെന്ന്‌ അടിവരയിടുന്ന റിപ്പോര്‍ട്ട്‌ 2500 ശാസ്‌ത്രജ്ഞര്‍ ചേര്‍ന്ന്‌ പുറത്തിറക്കിയിരിക്കുന്നു. ഭൂമിയെ രക്ഷിക്കാനുള്ള വാതായനങ്ങള്‍ വളരെ വേഗം അടയുകയാണ്‌

ന്ദേഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇനി പഴുതില്ല. ആഗോളതാപനം മനുഷ്യസൃഷ്ടി തന്നെ. ഇക്കാര്യം അടിവരയിടുന്ന റിപ്പോര്‍ട്ട്‌, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കുന്ന ലോകത്തെ ഏറ്റവും വലിയ ശാസ്‌ത്രസംഘം പുറത്തിറക്കി. യു.എന്നിന്‌ കീഴിലുള്ള 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ '(ഐ.പി.സി.സി) ആണ്‌, ലോകം നേരുടുന്ന ഭീഷണി എത്രയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ പാരീസില്‍ വെള്ളിയാഴ്‌ച(ഫിബ്രവരി രണ്ടിന്‌) പുറത്തിറക്കിയത്‌.

അരനൂറ്റാണ്ടിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ധനയ്‌ക്ക്‌ 90 ശതമാനവും കാരണം മനുഷ്യന്റെ ചെയ്‌തിയാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൗമതാപനിലയില്‍ 1.8 മുതല്‍ നാലു ഡിഗ്രിസെല്‍സിയസ്‌(3.2 മുതല്‍ 7.2 ഫാരന്‍ഹെയ്‌റ്റ്‌ വരെ) വര്‍ധനയുണ്ടാകുമെന്നും ഐ.പി.സി.സി റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു. കാലവസ്ഥാ വ്യതിയാനം മൂലം രൂക്ഷമായ പ്രളയവും കൊടിയ വരള്‍ച്ചയും നാശകാരികളായ ചുഴലിക്കൊടുങ്കാറ്റുകളും വരുംവര്‍ഷങ്ങളില്‍ ലോകത്തെ കൂടുതല്‍ വേട്ടയാടും. ധ്രുവങ്ങളിലെയും മലകളിലെയും ഹിമപാളികള്‍ ഉരുകുകയും സമുദ്രനിരപ്പ്‌ ഉയരുകയും ചെയ്യുമെന്ന്‌ റിപ്പോര്‍ട്ട്‌ പ്രവചിക്കുന്നു.

130 രാജ്യങ്ങളില്‍ നിന്നുള്ള 2500 പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ അടങ്ങിയ സമിതിയാണ്‌ ഐ.പി.സി.സി. ഇന്ത്യക്കാരനായ ഡോ.രാജേന്ദ്ര പച്ചൂരിയാണ്‌ ചെയര്‍മാന്‍. 1988-ല്‍ നിലവില്‍ വന്ന ശേഷം ഐ.പി.സി.സി. പ്രസിദ്ധീകരിക്കുന്ന നാലാം റിപ്പോര്‍ട്ടിന്റെ ആദ്യഭാഗമാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌.

2001-ല്‍ പ്രസിദ്ധീകരിച്ച മൂന്നാം റിപ്പോര്‍ട്ടില്‍ ആഗോളതാപനം മനുഷ്യനിര്‍മിതിയാകാന്‍ 66 ശതമാനം സാധ്യതയാണ്‌ കല്‍പ്പിക്കപ്പെട്ടിരുന്നത്‌. അതാണിപ്പോള്‍ 90 ശതമാനമായി മാറിയിരിക്കുന്നത്‌.2001-ലെ റിപ്പോര്‍ട്ടില്‍ ഈ നൂറ്റാണ്ടില്‍ സമുദ്രനിരപ്പ്‌ ഒന്‍പതു മുതല്‍ 88 സെന്റിമീറ്റര്‍ വരെ ഉയരാം എന്നാണുണ്ടായിരുന്നത്‌. പുതിയ റിപ്പോര്‍ട്ടില്‍ ആ പ്രവചനം 28 മുതല്‍ 43 സെന്റിമീറ്റര്‍ എന്നാക്കി പുതുക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയാകുമ്പോഴേക്കും വേനലില്‍ ആര്‍ട്ടിക്‌ പ്രദേശത്ത്‌ മഞ്ഞുപാളികള്‍ ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നും പുതിയ റിപ്പോര്‍ട്ട്‌ പറയുന്നു. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ്‌ നഗരത്തെ തകര്‍ത്തെറിഞ്ഞ 'കത്രീന' പോലുള്ള ചുഴലിക്കൊടുങ്കാറ്റുകളുടെയും പേമാരിയുടെയും വരവ്‌ വര്‍ധിക്കുകയും ചെയ്യും.

ആഗോളതാപനം മനുഷ്യസൃഷ്ടിയല്ലെന്നും ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി കൂടുതല്‍ കൂടുതല്‍ വര്‍ധിക്കുന്നതിന്‌ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമില്ലെന്നു വാദിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്‌ പുതിയ യു.എന്‍.റിപ്പോര്‍ട്ട്‌. നാലംറിപ്പോര്‍ട്ടിന്റെ ആദ്യഭാഗമാണിപ്പോള്‍ പുറത്തു വന്നത്‌. രണ്ടാംഭാഗം ഏപ്രിലില്‍ ബ്രസ്സല്‍സിലും, മൂന്നാംഭാഗം മെയില്‍ ബങ്കോക്കിലും അവസാനഭാഗം നവംബറില്‍ സ്‌പെയിനിലെ വാലെന്‍സിയയിലും പുറത്തിറക്കും.

ആഗോളതാപന ഭീഷണിയെക്കുറിച്ച്‌ ഓര്‍മിക്കിപ്പിക്കാന്‍ വ്യാഴാഴ്‌ച രാത്രി ഫ്രാന്‍സ്‌ ഉള്‍പ്പടെ യൂറോപ്പിന്റെ ചില പ്രദേശങ്ങള്‍ അഞ്ചുമിനുറ്റ്‌ നേരം കൂരിരുട്ടിലാണ്ടു. പ്രശസ്‌തമായ ഈഫല്‍ഗേപുരവും അഞ്ചുമിനുറ്റ്‌ സമയം ഇരുട്ടിന്റെ പിടിയിലായി.

ആഗോളതാപന ഭീഷണി നേരിടാന്‍ ഒരു 'ഹരിതവിപ്ലവം' ആരംഭിക്കാന്‍, പുതിയ ഐ.പി.സി.സി. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഫ്രഞ്ചു പ്രസിഡന്‍ങ്‌ ഷാക്‌ ഷിറാക്‌ ആഹ്വാനം ചെയ്‌തു. 50 രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതിമന്ത്രിമാരുടെയും ശാസ്‌ത്രജ്ഞരുടെയും സമ്മേളനം പാരീസില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. കാലാവസ്ഥാ വ്യതിയാനം പിടിവിട്ടുപോകുന്ന അവസ്ഥയാണ്‌ അധികം വൈകാതെ ഉണ്ടാകാന്‍ പോകുന്നത്‌. തിരിച്ചുപോക്കു സാധ്യമല്ലാത്ത ഒരു അത്യാപത്തിന്റെ വക്കത്താണ്‌ നമ്മള്‍-ഷിറാക്‌ ഓര്‍മിപ്പിച്ചു. ഈ അടിയന്തരാവസ്ഥയില്‍ അര്‍ധമനസ്സോടെയുള്ള നടപടികളല്ല വേണ്ടത്‌, ഒരു വിപ്ലവം തന്നെയാണ്‌- അദ്ദേഹം പറഞ്ഞു.

അപകടകരമാം വിധമുള്ള കാലാവസ്ഥാവ്യതിയാനം ഒഴിവാക്കാനുള്ള വാതായനങ്ങള്‍ വിചാരിച്ചതിലും വേഗം അടയുന്നുവെന്നാണ്‌, യു.എന്‍.സമിതിയുടെ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നതെന്ന്‌ ബ്രിട്ടീഷ്‌ പരിസ്ഥിതി സെക്രട്ടറി ഡേവിഡ്‌ മിലിബാന്‍ഡ്‌ അഭിപ്രായപ്പെട്ടു.

കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തിലെത്തുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണം. പെട്രോളിയവും കല്‍ക്കരിയും പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗമാണ്‌ ഈ വാതകവ്യാപനത്തിന്‌ ഇടയാക്കുന്നത്‌. ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നത്‌ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി കൈക്കൊള്ളണമെന്ന്‌, പുതിയ ഐ.പി.സി.സി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഗ്രീന്‍പീസ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ എര്‍ത്ത്‌, ഡബ്ല്യു.ഡബ്ല്യു.എഫ്‌ തുടങ്ങിയ പരിസ്ഥിതിസംഘടനകള്‍ ആഹ്വാനം ചെയ്‌തു.

അതിനിടെ, യു.എന്‍.കാലാവസ്ഥാ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതിലും രൂക്ഷമാണ്‌ കാര്യങ്ങളെന്ന്‌ വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട്‌ മറ്റൊരു സംഘം ശാസ്‌ത്രജ്ഞര്‍ വെള്ളിയാഴ്‌ച 'സയന്‍സ്‌' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ചു. അന്തരീക്ഷതാപനിലയിലെ വര്‍ധനയും സമുദ്രനിരപ്പ്‌ ഉയരുന്നതും ഐ.പി.സി.സി 2001-ല്‍ പ്രവചിച്ചതിലും കൂടുതലാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

ജര്‍മനിയില്‍ 'പോട്ട്‌സ്‌ഡാം ഇന്‍സ്‌റ്റിട്യൂട്ട്‌ ഫോര്‍ ക്ലൈമറ്റ്‌ ഇംപാക്ട്‌ റിസര്‍ച്ചി'ലെ ഗവേഷകനായ സ്റ്റീഫന്‍ റാംസ്റ്റോര്‍ഫിന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റേതാണ്‌ റിപ്പോര്‍ട്ട്‌. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും പഠനസംഘത്തില്‍ ഉള്‍പ്പെടുന്നു.(അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍)

അര്‍ധരാത്രിയിലേക്ക്‌ അഞ്ചുമിനിറ്റ്‌ മാത്രം


ആണവായുധങ്ങള്‍ക്കു മേലാണ്‌ ലോകം അടയിരിക്കുന്നത്‌. ഒപ്പം ആഗോളതാപനവും. സര്‍വനാശത്തിലേക്ക്‌ നാഗരികതയ്‌ക്കിന്‌ വെറും അഞ്ചുമിനുറ്റ്‌ മാത്രമെന്ന്‌ 'അന്ത്യദിനഘടികാരം' മുന്നറിയിപ്പു നല്‍കുന്നു

ശീതയുദ്ധത്തിന്റെ നിഴലിലല്ല ഇന്നു ലോകം. ആണവമിസൈലുകള്‍ പരസ്‌പരം തൊടുത്തുവിടാന്‍ വെമ്പുന്ന രണ്ട്‌ വന്‍ശക്തികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിയിരുന്ന കാലം ലോകം പിന്നിട്ടുകഴിഞ്ഞു. നിരായുധീകരണത്തെക്കുറിച്ച്‌ പറയാനാണ്‌ എല്ലാവര്‍ക്കും ഇഷ്ടം. സമാധാനസ്വപ്‌നങ്ങള്‍ അടവെച്ചിരിക്കുകയാണ്‌ വിരിയാന്‍. എല്ലാം സുരക്ഷിതമാണെന്ന തോന്നല്‍. പക്ഷേ, ലോകത്തിന്റെ സമാധാനസ്വപ്‌നങ്ങള്‍ അടയിരിക്കുന്നത്‌ എന്തിന്‌ മേലാണെന്ന്‌ കണ്ണുതുറന്നു ചുറ്റുമൊന്നു നോക്കൂ. എന്താണ്‌ കാണുന്നത്‌. 26,000 ആണവായുധങ്ങള്‍ക്കു മേലല്ലേ ഈ അടയിരിപ്പ്‌!

കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആണവശക്തിയാകാന്‍ വെമ്പുന്നു. ഇന്ത്യയ്‌ക്കും പാകിസ്‌താനും പിന്നാലെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിക്കഴിഞ്ഞു. ഇറാന്‍ അതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്‌. കണ്ണടച്ച്‌ പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ഇസ്രായേല്‍ സ്വന്തം ആവനാഴിയില്‍ ഇരുന്നൂറോളം ആണവായുധങ്ങള്‍ കരുതിവെച്ചിരിക്കുന്നു. സ്വന്തം കൈയില്‍ പതിനായിരത്തിലേറെ ആണവായുധം സ്റ്റോക്കുള്ള അമേരിക്ക ഇപ്പോഴും വര്‍ഷംതോറും 3500 കോടി ഡോളറോളം(1.6 ലക്ഷം കോടി രൂപ) ആണവായുധ ഗവേഷണത്തിന്‌ ചെലവിടുന്നു. റഷ്യയും ചില്ലറക്കാരല്ല, ശീതയുദ്ധകാലത്ത്‌ നിര്‍മിച്ച 5830 ആണവപോര്‍മുനകളും തോളിലേന്തിയാണ്‌ ആ രാജ്യത്തിന്റെ നില്‍പ്പ്‌. ബ്രിട്ടന്‍(ആണവായുധങ്ങളുടെ എണ്ണം 200), ഫ്രാന്‍സ്‌(350), ചൈന(130) തുടങ്ങിയവരും മോശക്കാരല്ല.

ആണവായുധങ്ങള്‍ക്കുമേല്‍ അടയിരുന്നാല്‍ വിരിയുന്നത്‌ സമാധാനമാവില്ല, സര്‍വനാശമാകും. എല്ലാമൊടുങ്ങുന്ന ആണവശിശിരം. നാഗരികതയുടെ ദിനം അവസാനിക്കുന്ന അര്‍ധരാത്രിയാവും ആണവശിശിരത്തിലൂടെ ലോകത്തിന്‌ മേല്‍ പതിക്കുക. ഇന്നത്തെ നിലയ്‌ക്ക്‌ 'അന്ത്യദിനഘടികാര'(Doomsday Clock)ത്തില്‍ അര്‍ധരാത്രിയിലേക്ക്‌ എത്ര സമയമുണ്ട്‌. വെറും അഞ്ചുമിനിറ്റ്‌ മാത്രമെന്ന്‌ ലോകത്തെ പ്രമുഖശാസ്‌ത്രജ്ഞര്‍ പറയുന്നു! അത്തരമൊരു ഘടികാരമുണ്ടോ? സംശയിക്കേണ്ട, ഉണ്ട്‌. കഴിഞ്ഞ 60 വര്‍ഷമായി അങ്ങനെയൊരു ക്ലോക്ക്‌ ശാസ്‌ത്രലോകം കൈവശം സൂക്ഷിക്കുകയാണ്‌. ലോകം നേരിടുന്ന ഭീഷണികള്‍ക്കനുസരിച്ച്‌ അതിന്റെ സൂചിയില്‍ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സര്‍വനാശത്തിന്‌ അവശേഷിക്കുന്ന സമയമാണ്‌ ലോകത്തിനുള്ള മുന്നറിയിപ്പായി 'അന്ത്യദിനഘടികാര'ത്തില്‍ ക്രമീകരിക്കപ്പെടുക.


ലോകം നേരിടുന്ന പുതിയ ഭീഷണികളുടെ വെളിച്ചത്തില്‍ കഴിഞ്ഞ ജനവരി 17-ന്‌ 'അന്ത്യദിനഘടികാര'ത്തിലെ സൂചി രണ്ടുമിനുറ്റ്‌ കൂടി അര്‍ധരാത്രിയിലേക്ക്‌ നീക്കി ക്രമീകരിക്കപ്പെട്ടു. ഘടികാരത്തില്‍ ഇപ്പോള്‍ അര്‍ധരാത്രിയിലേക്കുള്ള ദൂരം വെറും അഞ്ചു മിനുറ്റ്‌ മാത്രം! ഘടികാരസൂചിയുടെ മാറ്റത്തിന്‌ ഇത്തവണ ആണവഭീഷണി മാത്രമല്ല അടിസ്ഥാനമായത്‌; ആഗോളതാപനവും മാനദണ്ഡമായി. ആദ്യമായാണ്‌ ആഗോളതാപനം 'അന്ത്യദിനഘടികാര'സൂചിയുടെ പുനക്രമീകരത്തിന്‌ മാനദണ്ഡമാകുന്നത്‌. ആണവഭീഷണി കഴിഞ്ഞാല്‍, ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനവും അതു വരുത്തുന്ന കാലാവസ്ഥാ വ്യതിയാനവുമാണെന്ന കാഴ്‌ചപ്പാടാണ്‌ ഇതിന്‌ നിദാനമായത്‌. 2001 സപ്‌തംബര്‍ 11-ന്‌ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2002-ലാണ്‌ ഇതിനു മുമ്പ്‌ ഘടികാരസൂചി ക്രമീകരിക്കപ്പെട്ടത്‌. അന്ന്‌ രണ്ടുമിനിറ്റുകൂടി അര്‍ധരാത്രിയിലേക്ക്‌ സൂചി അടുപ്പിച്ചു. അര്‍ധരാത്രിയിലേക്കുള്ള ദൂരം ഏഴു മിനുറ്റായി.

ലോകം നേരിടുന്ന കടുത്ത ഭീഷണികളുടെ രൂക്ഷത ഭരണാധികാരികളെയും നേതാക്കളെയും ബോധ്യപ്പെടുത്താനുള്ള ഒരു പ്രതീകാത്മക ഏര്‍പ്പാടാണ്‌ 'അന്ത്യദിനഘടികാരം'. 1947-ല്‍ അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്‌. ആദ്യ അമേരിക്കന്‍ആറ്റംബോംബ്‌ നിര്‍മ്മിച്ച സംഘത്തില്‍ പ്രവര്‍ത്തിച്ച ശാസ്‌ത്രജ്ഞര്‍ 1945-ല്‍ തുടങ്ങിയ ഒരു പ്രസിദ്ധീകരണമുണ്ട്‌: 'ബുള്ളറ്റിന്‍ ഓഫ്‌ ദ ആറ്റമിക്‌ സയന്റിസ്റ്റ്‌സ്‌ '. ആ പ്രസിദ്ധീകരണത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളാണ്‌ 1947-ല്‍ 'അന്ത്യദിനഘടികാര'ത്തിന്‌ രൂപം നല്‍കുന്നത്‌. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താന്‍ ചുമതലയുള്ള സംഘത്തില്‍ ഇപ്പോള്‍ ലോകപ്രശസ്‌തരായ ഒട്ടേറെ ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെടുന്നു. ജനവരി 17-ന്‌ ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അര്‍ധരാത്രിയോട്‌ അടുപ്പിച്ചുവെന്ന്‌ ലണ്ടനില്‍ പ്രഖ്യാപിച്ചത്‌ വിഖ്യാത ശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങാണ്‌.

1945 ആഗസ്‌ത്‌ ആറിന്‌ ജപ്പാനിലെ ഹിരോഷിമയില്‍ 'ലിറ്റില്‍ബോയി'യെന്ന ആറ്റംബോംബിട്ടുകൊണ്ട്‌ അമേരിക്ക ആണവയുഗം ഉത്‌ഘാടനം ചെയ്‌തു. മൂന്നുദിവസത്തിന്‌ ശേഷം നാഗസാക്കിയില്‍ 'ഫാറ്റ്‌മാന്‍' എന്ന ബോംബുകൂടി അമേരിക്കയിട്ടു. പത്തുമുതല്‍ 20 കിലോടണ്‍ സ്‌ഫോടനശേഷിയുള്ള ബോംബുകളായിരുന്നു അവ. രണ്ടിടത്തും കൂടി രണ്ടുലക്ഷത്തോളം പേരാണ്‌ ഒറ്റയടിക്ക്‌ മരിച്ചത്‌. ആണവയുഗം പിച്ചവെച്ചു തുടങ്ങിയ അക്കാലത്തെ ബോംബുകളുടെ കഥയാണിത്‌. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ബോംബുകളുടെ സംഹാരശേഷിയെത്രയാകും. ലോകത്ത്‌ സൂക്ഷിച്ചിട്ടുള്ള 26000 ആണവായുധങ്ങള്‍ക്ക്‌ ലോകത്തെ എത്രതവണ ചുട്ടുകരിക്കാനാകും. എന്നിട്ടും കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ക്കായി വെമ്പുന്നു. ഭീകരര്‍ ആണവായുധം നേടാന്‍ തക്കംപാര്‍ക്കുന്നു. ആരും ജയിക്കാത്ത യുദ്ധങ്ങള്‍ക്കായാണ്‌ ഈ ആവേശം എന്നോര്‍ക്കുക.

സര്‍വനാശത്തിലേക്കുള്ള ദൂരമളക്കുന്ന ഘടികാരത്തിന്റെ പ്രസക്തി ഇവിടെയാണ്‌. ലോകത്തെ രാഷ്ട്രീയവും വംശീയവുമായ മാറ്റങ്ങള്‍ക്കും ചലനങ്ങള്‍ക്കുമനുസരിച്ചാണ്‌ അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെടുക. 1947-ല്‍ ഘടികാരം നിലവില്‍ വന്നപ്പോള്‍ അതിന്റെ സൂചി അര്‍ധരാത്രിയില്‍ നിന്ന്‌ ഏഴുമിനുറ്റ്‌ അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ക്കനുസരിച്ച്‌ 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു. 1949-ല്‍ സോവിയറ്റ്‌ യൂണിയന്‍ ആദ്യ ആറ്റംബോംബ്‌ പരീക്ഷിച്ച വേളയില്‍ ഘടികാരസൂചി മൂന്ന്‌ മിനുറ്റ്‌ മുന്നോട്ട്‌ നീക്കപ്പെട്ടു; അര്‍ധരാത്രിയില്‍ നിന്നുള്ള അകലം വെറും നാലു മിനുറ്റായി.

ഒന്‍പത്‌ മാസത്തെ ഇടവേളയ്‌ക്കിടയില്‍ അമേരിക്കയും സോവിയറ്റ്‌ യൂണിയനും തെര്‍മോന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ നടത്തിയ 1953-ലാണ്‌ അന്ത്യദിനഘടികാരസൂചി അര്‍ധരാത്രിയിലേക്ക്‌ ഏറ്റവും കൂടുതല്‍ അടുത്തത്‌. അര്‍ധരാത്രിയിലേക്കുള്ള അകലം അന്ന്‌ വെറും ഒരു മിനുറ്റു മാത്രമായി. 1991-ല്‍ റഷ്യയും അമേരിക്കയും തന്ത്രപ്രധാന ആയുധങ്ങള്‍ കുറയ്‌ക്കാനുള്ള ഉടമ്പടി (Strategic Arms Reduction Treaty) ഒപ്പുവെച്ചപ്പോഴാണ്‌ ഘടികാരസൂചി അര്‍ധരാത്രിയില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ അകന്നത്‌. അന്ന്‌ 17 മിനുറ്റ്‌ പുനക്രമീകരിക്കപ്പെട്ടു. 1974-ല്‍ 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന കോഡുനാമത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. അന്ത്യദിനഘടികാരസൂചി ഒന്‍പതു മിനുറ്റ്‌ മാറ്റി; അര്‍ധരാത്രിയിലേക്കുള്ള ദൂരം വെറും മൂന്നു മിനുറ്റായി.

അന്ത്യദിനഘടികാരസൂചി മുമ്പ്‌ 17 തവണ പുനക്രമീകരിക്കപ്പെട്ടപ്പോഴും, ആയുധപന്തയത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെയായിരുന്നു മാനദണ്ഡം. ഇത്തവണ ആദ്യമായി അതിന്‌ വ്യത്യാസമുണ്ടായിരിക്കുന്നു. ആഗോളതാപനം കൂടി സര്‍വനാശകാരികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. ഇത്‌ വളരെ അര്‍ത്ഥവത്താണ്‌. ഈ ഉള്‍പ്പെടുത്തല്‍ അല്‍പ്പം വൈകിപ്പോയില്ലേ എന്നേ പലര്‍ക്കും സന്ദേഹമുള്ളു. കാര്‍ബണ്‍ഡയോക്‌സയിഡ്‌(CO2) പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണം. ഇത്തരം വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നതിന്‌ മുഖ്യകാരണം കല്‍ക്കരി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ്‌. 2005-ല്‍ മാത്രം CO2-ന്റെ സാന്ദ്രത അന്തരീക്ഷത്തില്‍ അരശതമാനം ഏറിയെന്ന്‌ യു.എന്നിന്‌ കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന'(WMO) നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. CO2-ന്റെ അളവ്‌ അന്തരീക്ഷത്തില്‍ ഏറുന്നതിനനുസരിച്ച്‌ താപനില വര്‍ധിക്കും.

ഭൗമാന്തരീക്ഷത്തില്‍ പതിനായിരം തന്മാത്രയില്‍ ഒന്നു മാത്രമാണ്‌ CO2. എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസാണ്‌. അന്തരീക്ഷത്തില്‍ CO2 ന്റെ സാന്ദ്രത ഒരു ശതമാനമായാല്‍ ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെല്‍സിയസാകും എന്ന്‌ കണക്കാക്കപ്പെടുന്നു. ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമാകും. CO2 ന്റെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത്‌ വളരെ ഗൗരവത്തില്‍ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വ്യവസായികവിപ്ലവം തുടങ്ങിയ 1800-ന്‌ മുമ്പ്‌ അന്തരീക്ഷ CO2-ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു. അത്‌ 586 ഗിഗാടണ്‍ (billion tonnes) CO2-ന്‌ തുല്യമാണ്‌. ഇന്ന്‌ 379.1 പി.പി.എം. ആയി; 790 ഗിഗാടണ്ണിന്‌ തുല്യം. 2100 ആകുമ്പോഴേയ്‌ക്കും CO2 -ന്റെ സാന്ദ്രത 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1100 ഗിഗാടണ്‍ CO2 -ന്‌ തുല്യമാകും അത്‌.

ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ താപനില 3 ഡിഗ്രിസെല്‍സിയസ്‌ വരെ ഉയരാമെന്നാണ്‌ യു.എന്നിന്‌ കീഴിലുള്ള 'ഇന്റര്‍ഗവണ്‍മെന്റര്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ചെയിഞ്ച്‌'(IPCC) നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍. വന്‍പ്രത്യാഘാതമാണ്‌ ഭൂമിയില്‍ ഇതു വരുത്തുക. ആവാസവ്യവസ്ഥകള്‍ നശിക്കും, കാലാവസ്ഥ തകിടം മറിയും, ധ്രുവങ്ങളിലെയും മഞ്ഞുമലകളിലെയും ഹിമപാളികള്‍ ഉരുകി കടലില്‍ ചേരുന്നതിനാല്‍ സമുദ്രനിരപ്പ്‌ ഉയരും, ലോകത്തെ പ്രമുഖനഗരങ്ങളെല്ലാം കടല്‍ത്തീരത്തായതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ കിടപ്പാടം നഷ്ടപ്പെടും. ഇതൊക്കെ ആഗോളതാപനം മുന്നോട്ടുവെക്കുന്ന ഭീഷണികള്‍ ചിലതുമാത്രം.

ആഗോളതാപനം തടയാന്‍ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തടഞ്ഞേ മതിയാകൂ. ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുന്ന അമേരിക്കയ്‌ക്കാണ്‌ ഇതിനുള്ള മുഖ്യ ഉത്തരവാദിത്വം. പക്ഷേ, അമേരിക്ക ഒരു വശത്ത്‌ ആണവായുധങ്ങള്‍ കുന്നുകൂട്ടുമ്പോള്‍, മറുവശത്ത്‌ ആഗോളതാപനം തടയാനുള്ള ശ്രമങ്ങളോട്‌ തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവം പുലര്‍ത്തുകയും ചെയ്യുന്നു. പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷ്‌ അധികാരത്തിലേറി ആദ്യം ചെയ്‌ത നടപടി, ആഗോളതാപനം തടയാനുദ്ദേശിച്ച്‌ യു.എന്നിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ക്യോട്ടോഉടമ്പടിയില്‍ നിന്ന്‌ അമേരിക്ക പിന്‍മാറുന്നു എന്ന്‌ പ്രഖ്യാപിക്കലാണ്‌. അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്ക്‌ ഉടമ്പടി എതിരായിരുന്നു എന്നതാണ്‌ അതിന്‌ കാരണമായി പറഞ്ഞത്‌. അമേരിക്കയുടെ താത്‌പര്യം ലോകതാത്‌പര്യങ്ങള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ എതിരായി വരുന്ന സമയത്ത്‌, അതിനോടുള്ള വ്യക്തമായ പ്രതികരണം കൂടിയാണ്‌ ഇത്തവണത്തെ അന്ത്യദിനഘടികാരസൂചിയുടെ ചലനവും അത്‌ നല്‍കുന്ന മുന്നറിയിപ്പും.(കടപ്പാട്‌: റോയിട്ടേഴ്‌സ്‌, ടിം ഫ്‌ളാനെറി രചിച്ച 'ദ വെതര്‍ മേക്കേഴ്‌സ്‌', വിക്കിപീഡിയ, അസോസിയേഷന്‍ ഓഫ്‌ അമേരിക്കന്‍ സയന്റിസ്റ്റ്‌സ്‌-എ.എ.എസ്‌)